2017, ജൂൺ 3, ശനിയാഴ്‌ച

വിപ്ലവം കുരിശിന്റെയും നോട്ടെണ്ണൽ മെഷീന്റെയും രൂപത്തിൽ....

ശരിയാണ്..
കേരള കൊണ്ഗ്രെസ്സ് ആണ് സി.പി.ഐയേക്കാൾ നല്ല കമ്മ്യുണിസ്റ്റ് പാർട്ടി.
സി.പി.എമ്മിന് ചേർന്ന പങ്കാളി.
മാർക്സിനു ശേഷം ഉണ്ടായ ഏറ്റവും വലിയ കമ്മ്യുണിസ്റ്റ് ചിന്തകനാണ് കെ.എം.മാണി സാർ...
അദ്ദേഹം മാർക്സിന്റെ അദ്ധ്വാനവർഗ്ഗ സിദ്ധാന്തത്തിന് തിരുത്തൽ നിർദ്ദേശിച്ച മഹാപണ്ഡിതനാണ്..
പൊതുപ്രവർത്തനത്തിൽ അഴിമതിയുടെ കറ പുരളാത്ത വിശുദ്ധനാണ്.
അദ്ദേഹത്തെയും അദ്ദേഹത്തിന്റെ മതേതര പാർട്ടിയെയും എതിർക്കുന്ന സി.പി.ഐക്കാരെ വർഗ്ഗ വഞ്ചകർ എന്നല്ല, രാജ്യദോഹികൾ എന്ന് തന്നെ വിളിയ്ക്കണം..
എന്ന്
സി.പി.എം ന്യായീകരണ തൊഴിലാളി..

2017, ജൂൺ 1, വ്യാഴാഴ്‌ച

ബീഫും ക്യൂബയും പിന്നെ സംഘികളും….

ക്യൂബയിൽ ഗോവധ നിരോധനം നിലവിലില്ല.
ഗോവധം ധാരാളം നടക്കുന്നുണ്ട്. കൊല്ലുന്നതു സർക്കാരാണ് എന്ന വ്യത്യാസം മാത്രം.
ക്യൂബൻ നിയമപ്രകാരം പശുവിനെ അറുക്കാനും ബീഫ് ഉൽപ്പാദിപ്പിയ്ക്കാനും വിൽക്കാനുമുള്ള കുത്തക അവകാശം സർക്കാരിന് മാത്രമാണ് ഉള്ളത്. സർക്കാർ നേരിട്ട് നടത്തുന്ന അറവുശാലകളിൽ മാത്രമാണ് പശുക്കളെ അറുക്കുന്നത്.
ക്യൂബക്കാർക്ക് സ്വന്തം വീട്ടിൽ വളർത്തുന്ന പശുവിനെ ഇറച്ചിയ്ക്കായി അറുക്കാം; പക്ഷെ അതിനും മൃഗസംരക്ഷണവകുപ്പിന്റെ അനുമതിപത്രം വേണം മാത്രം.
(നമ്മുടെ നാട്ടിൽ സ്വന്തം വീട്ടിൽ വളർന്ന ചന്ദനം, തേക്ക് മുതലായ മുറിയ്ക്കാൻ വനംവകുപ്പിന്റെ അനുമതി വേണം. അത് പോലൊരു നിയമം.)
ഈ നിയമം കൊണ്ട് വന്നത് പശുവിനെ ക്യൂബക്കാർ ഗോമാതാവായി പുണ്യമൃഗമായി കരുതുന്നത് കൊണ്ടോ, മതപരമായ കാരണങ്ങളാലോ അല്ല.,
ബീഫിന്റെ ദ്വർലഭ്യം മൂലം ഉണ്ടായ ബ്ലാക്ക് മാർക്കറ്റിനെ നേരിടാനാണ് സർക്കാർ ഈ നിയന്ത്രണം കൊണ്ടുവന്നത്.
എന്ത് കൊണ്ട് ഈ നിയമം കൊണ്ടുവരേണ്ടി വന്നു എന്നറിയണമെങ്കിൽ ക്യൂബയുടെ സാമ്പത്തികചരിത്രത്തിലേക്ക് പോകണം.
ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയുടെ കാര്യത്തിൽ വളരെയധികം ബുദ്ധിമുട്ടുന്ന ഒരു കൺസ്യൂമർ രാജ്യമാണ് ക്യൂബ. കരിമ്പാണ് രാജ്യത്തെ പ്രധാനകൃഷിയും, സാമ്പത്തികസ്രോതസ്സും. മറ്റു ഭക്ഷ്യവസ്തുക്കളുടെ കൃഷിയും, മൃഗങ്ങളെ വളർത്തലും വളരെ കുറവാണ്. മാംസത്തിനായി പന്നികളെയും, കോഴികളെയുമാണ് കൂടുതലും അവർ വളർത്തുന്നത്.
അതിനാൽ കാർഷിക ഉൽപ്പന്നങ്ങൾക്കും, ബീഫിനുമായി മറ്റു രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയെ ആശ്രയിച്ചാണ് ക്യൂബയുടെ നിലനിൽപ്പ് തന്നെ.
കമ്മ്യുണിസ്റ്റ് ഭരണം വന്നതിനു കൊണ്ട് അമേരിക്കയും മുതലാളിത്ത രാജ്യങ്ങളും ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധം കാരണം പഞ്ചസാരയുടെ കയറ്റുമതിയും, ഭക്ഷ്യസാധനങ്ങളുടെ ഇറക്കുമതിയും അസാധ്യമായി തീർന്നിരുന്നു.
ക്യൂബ ഒരു ഭക്ഷ്യപ്രതിസന്ധിയിലേയ്ക്ക് പോകുന്ന ഘട്ടമെത്തിയപ്പോൾ, അന്ന് ഒരു രക്ഷകനെത്തി.
സോവിയറ്റ് യൂണിയൻ….. ലോകത്തിലെ ഏറ്റവും വലിയ രാജ്യം.
ഉപരോധങ്ങളെ അവഗണിച്ചു കൊണ്ട്, ക്യൂബയിൽ നിന്നും പഞ്ചസാര വാങ്ങി, പകരം ഭക്ഷ്യവസ്തുക്കൾ നൽകി സോവിയറ്റ് യൂണിയൻ അവരെ രക്ഷിച്ചു.
ക്യൂബ സാമ്പത്തികസ്ഥിരത നേടിയ ആ കാലത്ത് ബീഫ് വൻതോതിൽ ഇറക്കുമതി ചെയ്തിരുന്നത് കൊണ്ട് ഗോവധത്തിന് യാതൊരു നിരോധനവും ഇല്ലായിരുന്നു.
സോവിയറ്റ് യൂണിയന്റെ പതനം ക്യൂബയിൽ വീണ്ടും സാമ്പത്തികപ്രശ്നങ്ങൾ ഉണ്ടാക്കി. ഇറക്കുമതി ബീഫ് കിട്ടാതെയായി. പണത്തിനായി സ്വന്തം പശുക്കളെ ബ്ളാക്ക് മാർക്കറ്റിൽ കൂടിയ വിലയ്ക്ക് വിൽക്കുന്ന സമ്പ്രദായം വ്യാപിച്ചു. സ്വദേശത്തുള്ള പശുക്കളുടെ എണ്ണത്തിൽ വൻതോതിൽ കുറവ് വരാൻ തുടങ്ങി. അതോടെയാണ് ക്യൂബൻ സർക്കാർ, അനുമതിയില്ലാതെയുള്ള ഗോവധം നിരോധിച്ചു ഉത്തരവിറക്കിയത്. സർക്കാർ നടത്തുന്ന അറവുശാലകളിലും, ഹോട്ടലുകളിലും മാത്രമാണ് ബീഫ് കിട്ടുക.
ഇപ്പോൾ വിദേശത്ത് നിന്നും കൂടിയ ബ്രീഡ് പശുക്കളെ ഇറക്കി വളർത്തി, ബീഫ് ക്ഷാമം പരിഹരിയ്ക്കാനുള്ള ശ്രമത്തിലാണ് ക്യൂബൻ സർക്കാർ.
പശുവിന്റെ ദേഹത്ത് ദൈവം കയറിത്താമസിയ്ക്കുന്നതു കൊണ്ട് ഗോവധം പാടില്ല എന്ന് വിലപിയ്ക്കുന്ന സംഘികൾ, ക്യൂബയിൽ ഗോവധം നിരോധിച്ചില്ലേ എന്ന് ചോദിയ്ക്കുന്നതിന് പിന്നിലെ വിവരക്കേട് ഇപ്പോൾ മനസ്സിലായില്ലേ..