2016, ഡിസംബർ 18, ഞായറാഴ്‌ച

ദേശീയഗാനത്തെ അപമാനിച്ചത് ആര്?


ഇന്ത്യയുടെ ദേശീയഗാനം ഇപ്പോൾ വീണ്ടും വിവാദത്തിൽപ്പെട്ടിരിയ്ക്കുകയാണ്. ഭരണകൂടത്തിന്റെ അടിച്ചേൽപ്പിയ്ക്കലുകളുടെ പട്ടികയിൽ ഒന്നായി ജനം അതിനെ കാണാൻ തുടങ്ങിയിരിയ്ക്കുന്നു. കാരണം സുപ്രീം കോടതിയിലെ ചില ശുംഭന്മാരുടെ ഒരു വിധിയും.
രാജ്യത്തിലെ എല്ലാ സിനിമ തീയറ്ററുകളിലും ദേശീയഗാനം നിർബന്ധമായും കേൾപ്പിയ്ക്കണമെന്നും, അത് കേൾക്കുന്ന എല്ലാവരും എഴുന്നേറ്റു നിൽക്കണമെന്നും, അങ്ങനെ ചെയ്യാത്തവരെ അറസ്റ്റ് ചെയ്ത് നിയമനടപടികൾ എടുക്കണമെന്നും ചില ജഡ്ജി ഏമാന്മാർക്ക് പെട്ടെന്ന് വെളിപാടുണ്ടായതിൻറെ അന്തരഫലമാണ് രാജ്യത്തിന്റെ ദേശീയഗാനത്തെ ഈ ദയനീയമായ അവസ്ഥയിൽ എത്തിച്ചിരിയ്ക്കുന്നത്.
ഈ വിധി ഇന്ത്യൻ ജനാധിപത്യത്തിനും, നിയമങ്ങൾക്കും, ജുഡീഷ്യൽ കീഴ്വഴക്കങ്ങൾക്കും എതിരാണെന്ന് അൽപമെങ്കിലും നിയമപരിജ്ഞാനമുള്ള സാമാന്യബോധമുള്ള ആളുകൾക്ക് വ്യക്തമായ ബോധമുണ്ട്. എങ്കിലും "രാജ്യദ്രോഹി" എന്ന വിളിപ്പേര് കിട്ടുമോ എന്ന ഭയവും, സംഘികളുടെ "പാകിസ്ഥാൻ വിസ" വാങ്ങാനുള്ള മടിയും കാരണം അത് പുറത്തു പറയാൻ അവർ അറയ്ക്കുമ്പോൾ, മടിയേതുമില്ലാതെ ദിഗംബരൻ ഉറക്കെ പറയുന്നു - "ഈ കോടതി വിധിയെ എതിർത്തു തോൽപ്പിയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ നമ്മളൊന്നും "ഇന്ത്യക്കാർ" എന്ന വിളിപ്പേരിന് അർഹരല്ല".
എന്ത് കൊണ്ടാണ് ഈ കോടതി വിധിയെ വിമർശിയ്ക്കേണ്ടത് ...
കാരണം ഒന്ന്:
ഈ വിധി ഇന്ത്യൻ ദേശീയഗാനത്തെ അപമാനിയ്ക്കുന്നതാണ്
നിങ്ങൾ നിങ്ങളുടെ അമ്മയെ ബഹുമാനിയ്ക്കാറുണ്ടോ? അതിനെന്താ സംശയം എന്ന് മറുപടി.
കാമസൂത്രയോ, സണ്ണി ലിയോണിന്റെ ചൂടുള്ള രംഗങ്ങൾ ഉള്ള സിനിമയോ കാണാൻ തീയറ്ററിൽ പോകുമ്പോൾ സ്വന്തം അമ്മയെ കൂടെ കൊണ്ടുപോകാറുണ്ടോ എന്നാണ് ചോദ്യം എങ്കിലോ?
ദേഷ്യം കൊണ്ട് നിങ്ങളുടെ മുഖം ചുവക്കുന്നത് എനിയ്ക്ക് കാണാം. കാരണം അമ്മയെ ബഹുമാനിയ്ക്കാൻ സിനിമ തീയറ്ററിന്റെ ആവശ്യമില്ല എന്ന സാമാന്യബോധം!
ഇന്ത്യൻ ദേശീയഗാനം പവിത്രമായി കാണുന്നവരാണ് ഇന്ത്യൻ ജനത. സ്വാതന്ത്ര്യ ദിനത്തിൽ, റിപ്പബ്ലിക് ദിനത്തിൽ, സ്ക്കൂൾ അസ്സംബ്ലിയിൽ എന്ന് വേണ്ട എവിടെയും മനസ്സിൽ അഭിമാനത്തോടെയും ആദരവോടെയും മാത്രമാണ് ഇന്ത്യൻ ജനത ദേശീയഗാനത്തെ ശ്രവിച്ചിട്ടുള്ളത്.
സിനിമ തീയറ്റർ എന്നത് ഹോട്ടൽ, ലോഡ്ജ്, ഷോപ്പിംഗ് മാളുകൾ, അഡ്വെഞ്ചർ പാർക്കുകൾ, സർക്കസ്, ബ്യൂട്ടിപാർലർ എന്നിവയൊക്കെപ്പോലെ ഒരു സർവീസ് മേഖലയാണ്. സിനിമ എന്ന വിനോദം വിൽക്കുന്ന കച്ചവടസ്ഥാപനങ്ങൾ. അവിടെ വരുന്ന ജനങ്ങൾ ആഗ്രഹിയ്ക്കുന്നതും മാനസികവിനോദമാണ്. അത് ചിലപ്പോൾ ക്രൈംആക്ഷന് ചിത്രങ്ങൾ നൽകുന്ന വയലൻസ് ആകാം, അശ്ലീലചിത്രങ്ങൾ നൽകുന്ന ലൈംഗികഉണർവ്വാകാം, കോമഡി ചിത്രങ്ങൾ നൽകുന്ന ചിരിയാകാം, ചില ചിത്രങ്ങൾ നൽകുന്ന ദു:ഖമോ, ദേശഭക്തിയോ, ദേഷ്യമോ, തത്വചിന്തയോ ഒക്കെയാകാം.
എന്തുമാകട്ടെ. അവിടെ നടക്കുന്നത് സിനിമയുടെ വിൽപന മാത്രമാണ്.
അത്തരം ഒരു കച്ചവടസ്ഥലത്ത്, പവിത്രമായ ഇന്ത്യയുടെ ദേശീയഗാനം ആലപിയ്ക്കുന്നത് നിർബന്ധപൂർവ്വം അടിച്ചേൽപ്പിയ്ക്കുമ്പോൾ, ആ ജഡ്ജിമാർ ശരിയ്ക്കും നമ്മുടെ പ്രിയപ്പെട്ട ആ ഗാനത്തെ അവഹേളിയ്ക്കുകയാണ് ചെയ്യുന്നത്.
വിശിഷ്ടഅവസരങ്ങളിൽ പാടാനുള്ളതാണ് ദേശീയഗാനം. കക്കൂസിൽ ഇരുന്ന് ആരും അത് പാടാറില്ല.
കാരണം രണ്ട്:
നിലവിലുള്ള ഇന്ത്യൻ നിയമങ്ങൾക്ക് വിരുദ്ധമാണ്
ഔദ്യോഗികചടങ്ങുകളിലും, സവിശേഷ അവസരങ്ങളിലും, പ്രത്യേക പൊതുപരിപാടികളിലും ഒക്കെ കൃത്യമായ നിയമവിധേയമായി ആലപിയ്ക്കേണ്ട ഒന്നാണ് ദേശീയഗാനം. ദേശീയഗാനം അപ്പോഴൊക്കെ ആലപിയ്ക്കണം, എങ്ങനെ ആലപിയ്ക്കണം, തുടങ്ങി എല്ലാ കാര്യങ്ങളും വിശദമായി നിയമങ്ങളിലും, സർക്കാർ മാർഗ്ഗനിർദ്ദേശങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. (The prevention of insults to National Honour Act, 1971)
എന്നാൽ സിനിമ തീയറ്ററുകൾ ഇന്നു വരെ ഈ ലിസ്റ്റിൽ വന്നിട്ടില്ല. (സുപ്രീംകോടതിയിൽ ഈ വങ്കൻ വിധിയിലല്ലാതെ) ദേശീയഗാനം സിനിമാ ഹാളുകളിൽ കേൾപ്പിക്കണമെന്ന് ഒരു നിയമവും നിഷ്കർഷിക്കുന്നില്ല.
കരൺ ജോഹറിന്റെ ഹിന്ദി സിനിമ ദേശീയഗാനം കേൾപ്പിക്കുന്നുവെന്ന കാരണത്താൽ, നിരോധിച്ചുകൊണ്ട് ജസ്റ്റിസ്.ദീപക് മിശ്ര 13 വർഷം മുൻപ് മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയായിരുക്കെ ഇട്ട വിധിന്യായം ചോദ്യം ചെയ്ത് കരൺ ജോഹർ സുപ്രീംകോടതിയെ സമീപിച്ച കേസിൽ, ജസ്റ്റിസ് വി.എൻ.ഖരേ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച്, ദീപക് മിശ്രയുടെ വിധി റദ്ദാക്കുകയും, സിനിമാഹാളിൽ ദേശീയഗാനം പാടുമ്പോൾ എഴുന്നേറ്റു നിൽക്കേണ്ടതില്ല എന്ന് വിധിക്കുകയും ചെയ്തിട്ടുണ്ട്. അത് അന്തിമവിധിയാണ്.
അതേ കേസിലെ അന്ന് പരാജയപ്പെട്ട ഹരജിക്കാരൻ ശ്യാം നാരായൺ ചൗക്സി 13 വർഷത്തിനു ശേഷം ജസ്റ്റിസ്.ദീപക് മിശ്രയുടെ കോടതിയിൽ അതേ ആവശ്യം ഉന്നയിക്കുകയും ഈ വിവാദ ഇടക്കാല വിധിയിലൂടെ ജസ്റ്റിസ്.ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അതനുവദിക്കുകയും ചെയ്തു.
ഒരു വിഷയത്തിൽ ഒരു അന്തിമവിധിയും, അതിനു തീർത്തും വിപരീതമായ ഒരു ഇടക്കാലവിധിയും ഉള്ളപ്പോൾ, നാം പൗരന്മാർ നേരത്തേയുള്ള അന്തിമവിധി അനുസരിക്കാൻ ബാദ്ധ്യസ്ഥരാണെന്നും ഇടക്കാലവിധി ആ കേസിലെ കക്ഷികൾക്ക് മാത്രമായി പരിമിതപ്പെടുത്തിക്കാണുകയോ അവഗണിക്കുകയോ ചെയ്യാവുന്നതാണെന്നുമാണ് നിയമതത്വം.
ഇത്തരം നിയമവിരുദ്ധ വിധികൾ അനുസരണ അർഹിക്കുന്നില്ലാത്തവിധം അവഗണിക്കാവുന്നതാണെന്ന് ജസ്റ്റിസ്.വി.ആർ കൃഷ്ണയ്യർ അടങ്ങിയ 3 അംഗ ബെഞ്ച് നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണ്.
ദീപക് മിശ്ര എങ്ങനെ അദ്ദേഹത്തിന്റെ തന്നെ നേരത്തത്തെ കേസ് നിയമവിരുദ്ധമായി വീണ്ടും വാദം കേട്ടു എന്ന വലിയ ചോദ്യം ബാക്കി നിൽക്കുന്നുണ്ട്.
ദേശീയഗാനം ആലപിയ്ക്കപ്പെടുമ്പോൾ കേൾവിക്കാൾ പരിശുദ്ധമായ മനസ്സോടെയും, ശ്രദ്ധയോടെയും, ഏകാഗ്രതയോടെയും എഴുന്നേറ്റു നിൽക്കണമെന്നും, തടസ്സങ്ങളില്ലാതെ അത് ആലപിയ്ക്കപ്പെടണമെന്നും നിയമം അനുശാസിയ്ക്കുന്നു.
സിനിമ കാണാൻ വരുന്നവർ ഈ മാനസികഅവസ്ഥയിൽ അല്ല വരുന്നത്. നിയമലംഘനത്തിനും, അതുവഴി ദേശീയഗാനം അപമാനിയ്ക്കപ്പെടാനും ആണ് ഇത് വഴിയൊരുക്കുന്നത്. സിനിമ തുടങ്ങാൻ വൈകിയാൽ കൂകുന്ന സാധാരണക്കാരനും, അശ്ലീലസിനിമ കാണാൻ വരുന്ന ഞരമ്പ് രോഗിയും ഒക്കെ മനസ്സിൽ ദേശഭക്തി നിറയട്ടെ എന്നാണ് ജഡ്ജിഎമ്മാന് തോന്നിയതെങ്കിൽ, ആ നിഷ്കളങ്കതയ്ക്ക് നല്ല നമസ്കാരം.
കാരണം മൂന്ന്:
ജുഡീഷ്യൽ കീഴ്വഴക്കങ്ങൾക്ക് എതിരാണ്
ഇന്ത്യൻ ജനാധിപത്യ സംവിധാനത്തിൽ നിയമങ്ങൾ നിർമ്മിയ്ക്കാനുള്ള അവകാശം പാർലമെന്റിനും, ജനങ്ങളാൽ തെരഞ്ഞെടുക്കുന്ന ഭരണകൂടങ്ങൾക്കുമാണ് ഉള്ളത്. ജുഡിഷ്യറിയ്ക്ക് നിയമങ്ങൾ നിർമ്മിയ്ക്കാൻ അവകാശമില്ല. നിലവിലുള്ള നിയമങ്ങൾക്കനുസരിച്ച് കേസുകളെ വിലയിരുത്തി തീരുമാനമെടുക്കാനും, നിയമങ്ങളെ വ്യാഖ്യാനിയ്ക്കാനും മാത്രമാണ് അവർക്ക് അവകാശമുള്ളത്.
എന്നാൽ സിനിമ ഹാളിൽ ദേശീയഗാനം പാടണമെന്ന് നിലവിൽ ഒരു നിയമവും നമ്മുടെ രാജ്യത്ത് നിലവിലില്ലാത്തതിനാൽ, ഈ ഉത്തരവ് വഴി പുതിയ ഒരു നിയമനിർമ്മാണത്തിനാണ് ആ ജഡ്ജിമാർ ശ്രമിച്ചിരിയ്ക്കുന്നത്. ജുഡീഷ്യറിയുടെ അധികാരപരിധിയ്ക്ക് പുറത്തുള്ള ആ നീക്കം നിയമവിരുദ്ധവും, ജുഡീഷ്യൽ കീഴ്വഴക്കങ്ങൾക്ക് എതിരുമാണ്.
ഇത്തരം ജുഡീഷ്യൽ വിജിലന്റിസം മുളയിലേ നുള്ളികളഞ്ഞില്ലെങ്കിൽ അത് ഇന്ത്യൻ ജനാധിപത്യത്തിന് തന്നെ അപകടകരമാണ്.
കാരണം നാല്:
ജനാധിപത്യത്തിന്റെ അന്ത:സത്തയെ ഹനിയ്ക്കുന്നതാണ്.
ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അത് മനുഷ്യാവകാശങ്ങൾക്ക് നൽകുന്ന പ്രത്യേക പരിഗണനയാണ്. ഇന്ത്യൻ ഭരണഘടന നൽകുന്ന അവകാശങ്ങൾക്കൊപ്പം, അത് പൗരന്മാരോട് ആവശ്യപ്പെടുന്ന ചില മൗലിക ഉത്തരവാദിത്വങ്ങൾ ഉണ്ട്. ഇന്ത്യൻ ദേശീയഗാനത്തെ ആദരിയ്ക്കുക എന്നത് അത്തരം ഒരു ഉത്തരവാദിത്വമാണ്.
എന്നാൽ ഒരിയ്ക്കലും ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് മേൽ ഈ ഉത്തരവാദിത്വങ്ങൾ ബലമായി അടിച്ചേൽപ്പിയ്ക്കാൻ ശ്രമിച്ചിട്ടില്ല. ദേശഭക്തി എന്നത് പരസ്യമായി പ്രകടിപ്പിയ്ക്കണമെന്നും, ഇല്ലെങ്കിൽ നിങ്ങൾ ശിക്ഷാർഹർ ആണെന്നും ഇന്ത്യൻ ഭരണഘടന അനുശാസിയ്ക്കുന്നില്ല.
ദേശീയഗാനം ചൊല്ലുന്നത് യഹോവ സാക്ഷികൾ എന്ന വിഭാഗക്കാരുടെ വിശ്വാസങ്ങൾക്ക് എതിരാകയാൽ, അതിനു നിർബന്ധിക്കരുതെന്നും, നിർബന്ധിച്ചല്ല ദേശഭക്തിയുണ്ടാക്കേണ്ടതെന്നും, ബിജോയ് ഇമ്മാനുവലും സ്റ്റേറ്റും തമ്മിലെ കേസിൽ സുപ്രീംകോടതി വിധിച്ചു. സഹനമാണ് നമ്മുടെ കീഴ്വഴക്കമെന്നും, സഹനമാണ് നാം പഠിപ്പിക്കുന്നതെന്നും, സഹനമാണ് ഭരണഘടന ഉദ്ഘോഷിക്കുന്നതെന്നും അത് നമ്മളായിട്ട് വെള്ളം ചേർക്കരുതെന്നും ബഹു സുപ്രീംകോടതി അഭിപ്രായപ്പെടുന്നുണ്ട്.
അതേ സുപ്രീം കോടതിയിൽ തന്നെയാണ് ഇന്ന് ജസ്റ്റിസ്.ദീപക് മിശ്രയെപ്പോലുള്ള ജഡ്ജിമാർ ഇമ്മാതിരി വിലകുറഞ്ഞ വിധികൾ പുറപ്പെടുവിയ്ക്കുന്നത് എന്നത്, നമ്മുടെ നാടിന്റെ ഭാഗ്യദോഷം.
കാരണം അഞ്ച്:
ഈ വിധിയ്ക്കു പിന്നിൽ വ്യക്തമായ രാഷ്ട്രീയലക്ഷ്യങ്ങൾ ഉണ്ട്
നോട്ടു നിരോധനത്തിന്റെ അനന്തരഫലങ്ങൾ മോഡി സർക്കാരിനെ വേട്ടയാടാൻ തുടങ്ങുകയും, പകരം സംവിധാനങ്ങളുടെ അപര്യാപ്തത മൂലം ജനങ്ങൾക്കിടയിൽ പ്രതിഷേധം വളരുകയും ചെയ്യുന്ന ഒരു സമയത്താണ് ഈ കേസിൽ ഇത്തരമൊരു വിധി ഉണ്ടായത് എന്നത് വളരെ ശ്രദ്ധേയമാണ്.
വ്യക്തമായ സംഘപരിവാർ ചായ്വുള്ള ഒരാൾ നൽകിയ പൊതുതാത്പര്യഹർജി, ഹൈകോടതിയിൽ മുൻപ് അനുകൂലവിധി പ്രഖ്യാപിച്ച ഇപ്പോഴത്തെ സുപ്രീംകോടതി ജഡ്ജിയുടെ മുന്നിൽ വരുന്നതും, ജനാധിപത്യ, നിയമ കീഴ്വഴക്കങ്ങളെ ലംഘിച്ച് ഒരു ഇടക്കാലഉത്തരവ് ധൃതി പിടിച്ച് ഉണ്ടാകുന്നതും ഒക്കെ യാദൃച്ഛികം അല്ല.
എന്തിനാണ് സിനിമ തീയറ്ററുകളിൽ മാത്രമായി ദേശീയഗാനം ഇങ്ങനെ അടിച്ചേൽപ്പിയ്ക്കുന്നു എന്നതിന് ഉത്തരമില്ല. ഇന്ത്യയിലെ കോടതികളിൽ കൂടി ഇങ്ങനെ ദേശീയഗാനം ദിവസേന പാടി ആദരിക്കണമെന്നാവശ്യപ്പെട്ട് ചിലർ സമർപ്പിച്ച ഹരജികൾ തള്ളിക്കൊണ്ട് "അത്രയ്ക്ക് കാറ്റു വേണ്ട" എന്ന മട്ടിലാണ് സുപ്രീംകോടതി പ്രതികരിച്ചത് എന്നതാണ് രസകരം.
ഏറ്റവും വലിയ അപകടം "മോങ്ങാനിരുന്ന നായുടെ തലയിൽ തേങ്ങ വീണത്" പോലെ, ഈ കോടതിവിധി സംഘി മതഭ്രാന്തരുടെ ഏറ്റവും വലിയ ആയുധമായി മാറും എന്നതാണ്. തങ്ങൾക്ക് ശത്രുത ഉള്ളവരെ ദ്രോഹിയ്ക്കാൻ ബീഫിന് പുറമേ ദേശീയഗാനത്തെക്കൂടി കിട്ടിയ സന്തോഷം സംഘികൾ പലയിടത്തും പ്രകടിപ്പിച്ചു വരുന്നു.
ഗോവയിലെ എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ സലിൽ ചതുർവേദിയ്ക്ക് മുൻപുണ്ടായ ഉണ്ടായ അനുഭവം ഓർക്കുക. പനജിയിലെ ഒരു തീയറ്ററിൽ ദേശീയഗാനം കാണിച്ചപ്പോൾ എഴുന്നേറ്റില്ല എന്ന പേരിൽ ചിലർ അദ്ദേഹത്തെ മർദ്ദിച്ച് അവശനാക്കി. അരയ്ക്കു താഴെ തളർന്ന ഒരു വികലാംഗനായിരുന്നു അദ്ദേഹം എന്ന സത്യം, "ദേശഭക്തരായ" ആ അക്രമികൾക്ക് മർദ്ദനം നടത്തുന്നതിൽ യാതൊരു തടസ്സവുമായിരുന്നില്ല. അംഗവൈകല്യം വകവയ്ക്കാതെ, വികലാംഗ ടെന്നീസ് അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പലപ്രാവശ്യം പങ്കെടുത്ത് രാജ്യത്തിന്റെ അഭിമാനം ഉയർത്തിയ ഒരു കായികതാരമായിരുന്നു സലിൽ ചതുർവേദി എന്നതാണ് ഏറ്റവും വേദനിപ്പിയ്ക്കുന്ന സത്യം.
അന്ന് പ്രതികരണമാരാഞ്ഞ മാധ്യമങ്ങളോട് അദ്ദേഹം ചോദിച്ച ഒരു ചോദ്യമുണ്ട്.
"എന്റെ രാജ്യസ്നേഹത്തിന് വിലയിടാൻ മറ്റുള്ളവർക്ക് എന്താണാവകാശം?"
വാൽകഷ്ണം:
"എന്തരടേ ശിവാ, 'ജനഗണമന'യെ മാറ്റി 'വന്ദേമാതര'ത്തെ ദേശീയഗാനം ആക്കണമെന്ന് പറഞ്ഞു നടന്ന ആർ.എസ്.എസ്സുകാർക്കൊക്കെ, ഇപ്പോൾ ആ പാട്ടിനോട് ഭയങ്കരസ്നേഹം!
"എന്തരു പറയാനാ അണ്ണാ... നാട്ടുകാരെ തല്ലാൻ കോടതി തന്നെ ചാൻസ് കൊടുക്കുമ്പോൾ പിന്നെ സ്നേഹിയ്ക്കാതിരിയ്ക്കാൻ പറ്റോ?"
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ