2016, നവംബർ 20, ഞായറാഴ്‌ച

നോട്ടു നിരോധനം - അർദ്ധസത്യങ്ങളും യാഥാർഥ്യവും….(Part 4) - കറൻസിരഹിത സമ്പത്ത് വ്യവസ്ഥ എന്ന 'പേറ്റിഎം' സ്വപ്നം..

നരേന്ദ്രമോഡിയുടെ അർദ്ധരാത്രി വിളംബരം വഴി ഏറ്റവും അധികം നേട്ടം ഉണ്ടാക്കിയത് ആര് എന്ന ചോദ്യത്തിന് ഒറ്റഉത്തരമേ ഉള്ളൂ. പണം ഇലക്ട്രോണിക്ക് രീതിയിൽ കൈകാര്യം ചെയ്യുന്നതും ട്രാൻസ്ഫർ നടത്തുന്നതുമായ കാർഡ് കമ്പനികളും,ഓൺലൈൻ വെബ്സൈറ്റുകളും, മൊബൈൽ പണം കൈമാറ്റം ചെയ്യുന്ന കമ്പനികളും, .
മോഡിയുടെ 'തുഗ്ലക്ക്' പരിഷ്കാരത്തെ വാഴ്ത്താനും, പ്രചരിപ്പിയ്ക്കാനും സംഘികളെക്കാൾ ആവേശം കാണിച്ചതും 'പേറ്റിഎം' പോലുള്ള ഇത്തരം കമ്പനികളാണ്. 'പേറ്റിഎം' കമ്പനിയാകട്ടെ നരേന്ദ്ര മോഡിയുടെ പടമുള്ള സ്വന്തം പരസ്യങ്ങൾ കൊണ്ട് ദിനപത്രങ്ങൾ നിറച്ചാണ് ഈ പ്രഖ്യാപനത്തെ വരവേറ്റത്. റിലയൻസ് ജിയോയ്ക്ക് ശേഷം മോഡി, ബ്രാൻഡ് അംബാസിഡറാകുന്ന രണ്ടാമത്തെ പരസ്യമായിരുന്നു 'പേറ്റിഎം' കമ്പനിയുടേത്.
മോഡിയുടെ മണ്ടത്തനത്തെ ന്യായീകരിയ്ക്കാൻ സംഘികൾ പറഞ്ഞു നടക്കുന്ന ഏറ്റവും വലിയ ന്യായങ്ങളിൽ ഒന്ന്, ഇത് ഇന്ത്യയിൽ ക്യാഷ്ലെസ്സ് (cashless) ഇക്കോണമി കൊണ്ടു വരാനുള്ള ഏറ്റവും വലിയ നീക്കമാണ് എന്നാണ്. ഇലക്ട്രോണിക് ക്യാഷ് ട്രാൻസാക്ഷന് മാത്രമാണ് ഭാവി എന്നുള്ള പ്രവചനങ്ങളും, ഇന്ത്യ ഉടനെ അത്തരം ഒരു സാമ്പത്തിക വ്യവസ്ഥയിലേയ്ക്ക് പോകാൻ പോകുന്നു എന്നുള്ള സംഘിതള്ളുകളും, സോഷ്യൽ മീഡിയയിൽ നിറയാൻ കാരണം ഈ പ്രചാരണമാണ്.
സാമ്പത്തികശാസ്ത്രമേഖലയുമായോ, ഇന്ത്യയിലെ സാമൂഹികയാഥാർഥ്യങ്ങളുമായോ പുലബന്ധം പോലുമില്ലാത്ത രാഷ്ട്രീയതീരുമാനമാണ് മോഡി എടുത്തത് എന്നതിന്റെ ഏറ്ററ്വും വലിയ തെളിവാണ് ഈ ക്യാഷ്ലെസ്സ് ഇക്കോണമി വാദങ്ങൾ. 130 കോടി ഇന്ത്യക്കാരിൽ എത്ര ശതമാനം പേർക്കാണ് ഇലക്ട്രോണിക് ക്യാഷ് ട്രാൻസാക്ഷന് നടത്താൻ കഴിയുക എന്ന കണക്കുകൾ പരിശോധിച്ചാൽ മതിയാകും ഈ വാദങ്ങളുടെ പൊള്ളത്തരം മനസ്സിലാക്കാൻ.
ബാങ്ക് ഓഫ് ഇന്റർനാഷണൽ സെറ്റിൽമെന്റ് (BIS) നൽകിയ കണക്കുകൾ പരിശോധിച്ചാൽ, ഇന്ത്യയിൽ നടക്കുന്ന സാമ്പത്തിക ഇടപാടുകളിൽ വെറും 11% മാത്രമാണ് ഇലക്ട്രോണിക്ക് ക്യാഷ്ലെസ്സ് ഇടപാടുകൾ എന്ന് മനസിലാക്കാം. ഈ വിഷയത്തിൽ ലോകരാജ്യങ്ങളിൽ വളരെ പുറകിലാണ് ഇന്ത്യ.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇലക്ട്രോണിക് ട്രാൻസ്ഫർ നടക്കുന്നത് ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചാണ്. എന്നാൽ ഡെബിറ്റ് കാർഡുകൾ ഉള്ളവരുടെ എണ്ണവും ഇന്ത്യയിൽ അന്താരാഷ്ട്രനിലവാരത്തെക്കാൾ താഴെയാണ്.
ജനസംഖ്യയ്ക്കനുസരിച്ചുള്ള എ.ടി.എമ്മുകളുടെ എണ്ണം നിരാശാജനകമാണ്. നഗരങ്ങളിൽ ഒരു സ്ക്വയർ കിലോമീറ്ററിന് ഉള്ളിൽ ആറോളം എ.ടി.എം ഉണ്ടെങ്കിൽ, ഗ്രാമപ്രദേശങ്ങളിൽ ഇത് വെറും ആറ് സ്ക്വയർ കിലോമീറ്ററിന് ഉള്ളിൽ ഒരു എ.ടി.എം എന്ന നിരക്കിലാണ്. ക്രെഡിറ്റ് കാർഡുകൾ, മൊബൈൽ മണി ട്രാൻസാക്ഷൻ എന്നിവ നടത്തുന്നവരുടെ എണ്ണത്തിലും ഇന്ത്യ വളരെ പുറകിലാണെന്ന് കണക്കുകൾ കാണിയ്ക്കുന്നു.
ഇന്ത്യയിൽ ആകെ 138,626 ബാങ്ക് ബ്രാഞ്ചുകൾ ആണ് ഉള്ളത്. ഇതിൽ 33 ശതമാനം ബ്രാഞ്ചുകളും മഹാനഗരങ്ങളിലും, തിരക്കേറിയ പട്ടണങ്ങളിലുമാണ്. ചെറുകിടപട്ടണങ്ങൾ, ടൌൺഷിപ്പുകൾ, തിരക്കേറിയ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ 40% ബ്രാഞ്ചുകൾ ഉള്ളപ്പോൾ, ഉൾനാടൻ ഗ്രാമങ്ങളിൽ വെറും 26% ബ്രാഞ്ചുകൾ ആണുള്ളത്. ഇന്ത്യൻ ജനസംഖ്യയുടെ 70% ആളുകളും ഗ്രാമങ്ങളിൽ താമസിയ്ക്കുന്നവരാണ് എന്ന വസ്തുത ഈയവസരത്തിൽ ഓർക്കേണ്ടതുണ്ട്.
32 ശതമാനം ഇന്ത്യക്കാർ മാത്രമാണ് ബാങ്കിങ് സൗകര്യങ്ങൾ ഉപയോഗിയ്ക്കുന്നത് എന്നാണ് കണക്കുകൾ കാണിയ്ക്കുന്നത്. പ്രധാനമന്ത്രി ജൻധൻ യോജന എന്ന പദ്ധതിപ്രകാരം പുതുതായി ഉണ്ടാക്കിയ 24 കോടി ബാങ്ക് അക്കൗണ്ടുകൾ കൂടി കണക്കിലെടുത്താൽ, ഇന്ത്യയിലെ 53% ആളുകൾക്ക് ബാങ്ക് അക്കൗണ്ടുകൾ ഉണ്ടെന്ന് പറയാമെങ്കിലും, അതിൽ 25% അക്കൗണ്ടുകളും ക്രയവിക്രയം നടക്കാത്ത നിഷ്ക്രിയ അക്കൗണ്ടുകൾ ആണ്.
ഇന്ത്യയിൽ ഇലക്ട്രോണിക്ക് മണിയെ അടിസ്ഥാനമാക്കിയ സാമ്പത്തികവ്യവസ്ഥ എത്രത്തോളം സുരക്ഷിതമാണ് എന്നതും ഒരു വലിയ ചോദ്യമാണ്. ചില സമകാലീന സംഭവവികാസങ്ങൾ അതിന് അടിവരയിടുന്നു.
ഇക്കഴിഞ്ഞ ഒക്ടോബർ മാസത്തിൽ ഇന്ത്യയിൽ ഡെബിറ്റ് കാർഡുകളുടെ ഡാറ്റ ചോർത്തപ്പെട്ട സംഭവം വൻവിവാദമായിരുന്നു. എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ, ആക്സിസ് ബാങ്ക്, എസ് ബാങ്ക് എന്നിങ്ങനെയുള്ള എല്ലാ പ്രധാനബാങ്കുകളിൽ എല്ലാം കൂടി 3.2 മില്യൺ ഡെബിറ്റ് കാർഡുകളുടെ വിവരങ്ങളാണ് ചൈനീസ് ഹാക്കർമാർ ചോർത്തിയത്. ഒടുവിൽ സാമ്പത്തികമന്ത്രാലയം തന്നെ നേരിട്ട് ഇടപെടുകയും, ബാങ്കുകൾ ഇത്തരം കാർഡുകൾ ഉപഭോക്താക്കളിൽ നിന്നും തിരികെ വാങ്ങി പകരം കാർഡുകൾ നൽകി. എസ്.ബി.ഐ മാത്രം ആറു ലക്ഷം ഡെബിറ്റ് കാർഡുകളാണ് മാറ്റി നൽകിയത്.
ഈ സംഭവം നമ്മുടെ ഇലക്ട്രോണിക്ക് ബാങ്കിങ് സിസ്റ്റത്തിന്റെ സുരക്ഷയെ തന്നെ ചോദ്യം ചെയ്യുന്നു. അയൽരാജ്യത്തെ ഹാക്കർമാർക്ക് നമ്മുടെ ഇലക്ട്രോണിക്ക് ബാങ്കിങ് ഓപ്പറേഷനുകളെ തട്ടിയെടുക്കാൻ കഴിഞ്ഞാൽ, അത് നമ്മുടെ സമ്പത്ത് വ്യവസ്ഥയിൽ ഉണ്ടാക്കാവുന്ന സ്വാധീനം കള്ളനോട്ടുകളേക്കാൾ ഗുരുതരമായിരിയ്ക്കും.
പൂർണ്ണമായും സുരക്ഷിതവും, ഫലപ്രദവുമായ ക്യാഷ്ലെസ്സ് എക്കോണമി എന്ന ലക്ഷ്യത്തിൽ എത്താൻ ഇന്ത്യയ്ക്ക് ദശകങ്ങൾ വേണ്ടി വരും എന്ന് സാരം.
ഒരു കാർഡ് സ്വൈപ്പിങ് മെഷീൻ വാങ്ങി, മാസവാടക നൽകി, ഇലക്ട്രോണിക്ക് രൂപ ഇടപാട് നടത്താൻ ഉള്ള സാമ്പത്തികസ്ഥിതി ഇന്ത്യയിലെ ഒരു തട്ടുകടക്കാരനോ, വഴിവക്കിലിരുന്ന് പച്ചക്കറി വിൽക്കുന്ന ചെറുകിട കച്ചവടക്കാരനോ പോലുള്ളവർക്ക് ഒരിയ്ക്കലും കഴിയില്ല എന്ന് മനസ്സിലാക്കാൻ സാമ്പത്തികശാസ്ത്രത്തിൽ ബിരുദമെടുക്കേണ്ട ആവശ്യമില്ല. 500, 1000 കറൻസി പിൻവലിച്ചപ്പോൾ, ഭൂരിപക്ഷം വരുന്ന സാധാരണക്കാരായ കച്ചവടക്കാർ പട്ടിണിയിലായതും, റിലയൻസ്, ബിർല മുതലായ കുത്തക മുതലാളിമാരുടെ സൂപ്പർമാർക്കറ്റുകളിൽ വ്യാപാരം കൊഴുത്തതും യാദൃച്ഛികമല്ല.
മുതലാളിത്തം മാർക്കറ്റിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ എന്ത് മാർഗ്ഗവും സ്വീകരിയ്ക്കും എന്നതിന് ചരിത്രം തന്നെ തെളിവാണ്.
മോഡിയുടെ 'പരിഷ്കാരം' മൂലം വിസ, മാസ്റ്റർകാർഡ്, പേറ്റിഎം മുതലായ കമ്പനികൾ നേടാൻ പോകുന്ന കോടികളുടെ ലാഭത്തിന്റെ കമ്മീഷൻ, ആരുടെയൊക്കെ പോക്കറ്റിൽ എത്തുമെന്ന്, നമുക്കൂഹിയ്ക്കാം.
========
References
1)https://dbie.rbi.org.in/DBIE/dbie.rbi?site=publications#!3
2)http://www.bbc.com/news/world-asia-india-37725187
=============
നോട്ടു നിരോധനം - അർദ്ധസത്യങ്ങളും യാഥാർഥ്യവും….
Part 1 http://njan-digambaran.blogspot.com/2016/11/1.html
Part 2 http://njan-digambaran.blogspot.com/2016/11/2.html
Part 3 http://njan-digambaran.blogspot.com/2016/11/3.html
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ