2016, നവംബർ 17, വ്യാഴാഴ്‌ച

നോട്ടു നിരോധനം - അർദ്ധസത്യങ്ങളും യാഥാർഥ്യവും:- (ഭാഗം - 3) - കള്ളപ്പണം മഹാശ്ചര്യം!

മോഡി മഹാരാജാവിന്റെ അർദ്ധരാത്രി വിളംബരത്തിന്റെ ഏറ്റവും വലിയ അവകാശവാദം കള്ളപ്പണം ഇല്ലാതാക്കാൻ കറൻസിനോട്ട് നിരോധനം അനിവാര്യമാണ് എന്നതാണ്. ഈ വിളംബരത്തിന്റെ തൊട്ടുപിറകെ, ഇതാ ഇൻഡ്യാ മഹാരാജ്യത്ത് നിന്നും കള്ളപ്പണം മുഴുവൻ ഇല്ലാതാകാൻ പോകുന്നു, നാളെ മുതൽ കള്ളപ്പണക്കാർ പട്ടിണിയിലായി ബംഗാളികളുടെ കൂടെ കൂലിപ്പണിയെടുക്കേണ്ടി വരും മുതലായ യമണ്ടൻ വാദങ്ങളുമായി സംഘികൾ സോഷ്യൽ മീഡിയയിൽ സജീവമായി. ഈ തുഗ്ലക്ക് പരിഷ്കാരത്തെ അനുകൂലിയ്ക്കുന്നവരെല്ലാം പറയുന്നതും കള്ളപ്പണത്തിന്റെ കഥകളാണ്. നമുക്ക് ഇനി പരിശോധിയ്ക്കാൻ ഉള്ളത് ഇതിലെ വസ്തുതകളാണ്.
എന്താണ് കള്ളപ്പണം? ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞാൽ, സർക്കാരിന് നികുതി കൊടുക്കാത്തതിനാൽ രേഖകൾ ഇല്ലാത്ത പണം. കള്ളനോട്ട് പോലെയല്ല കള്ളപ്പണം. അത് റിസർവ്വ് ബാങ്ക് തന്നെ അടിച്ചിറക്കിയ കറൻസി തന്നെയാണ്. അത് ഒരാൾ അദ്ധ്വാനിച്ചു സമ്പാദിച്ചതാകാം, അഴിമതി നടത്തി സമ്പാദിച്ചതാകാം, സ്ഥലമോ വസ്തുക്കളോ മറ്റോ വിറ്റ് സമ്പാദിച്ചതാകാം .... ടാക്സ് എന്ന പേരിൽ സർക്കാരിനുള്ള വിഹിതം നൽകിയില്ല എന്നത് കൊണ്ട് മാത്രമാണ്, അത് കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമാകുന്നത്. കള്ളപ്പണത്തെ ടാക്സ് അടപ്പിച്ച് നിയമാനുസൃതമായ പണമാക്കി മാറ്റാൻ പ്രേരിപ്പിയ്ക്കുക എന്നതാണ് ഒരു സർക്കാരിന് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം.
ഉയർന്ന കറൻസി നോട്ടു നിരോധനം മൂലം, 500, 1000 രൂപ നോട്ടായി കള്ളപ്പണം സൂക്ഷിച്ചിരിയ്ക്കുന്നവർക്ക് അത് വിലയില്ലാതാകും എന്നതാണ് മോഡി വിളംബരത്തിന്റെ കള്ളപ്പണഎക്കോണമിയുടെ കാതൽ. കേൾക്കുമ്പോൾ വളരെ ലോജിക്കായി തോന്നും. എന്നാൽ കള്ളപ്പണത്തെ തടയാൻ ഇത് എത്ര ഫലപ്രദമാണ് എന്ന് ചിന്തിയ്ക്കുമ്പോൾ ഈ നീക്കത്തിന്റെ പൊള്ളത്തരം മനസിലാക്കാം.
ആദ്യമായി മനസ്സിലാക്കേണ്ടത്, ഇന്ത്യയിൽ കറൻസിനോട്ടായി സൂക്ഷിച്ചിരിയ്ക്കുന്ന കള്ളപ്പണത്തിന്റെ അളവ് വളരെ തുശ്ചമാണ്.
1978ൽ ജനതാ സർക്കാർ ഉയർന്ന കറൻസി നോട്ടുകൾ നിരോധിച്ചതിനെപ്പറ്റി, അന്നത്തെ റിസർവ്വ് ബാങ്ക് ഗവർണർ ആയിരുന്ന ഐ ജി പട്ടേല്, പിന്നീട് അദ്ദേഹത്തിന്റെ Glimpses of Indian Economic Policy: an insider’s View എന്ന പുസ്തകത്തില് പറഞ്ഞത് ഇങ്ങനെയാണ്. “കള്ളപ്പണം ആരും അധിക കാലം നോട്ടുകളായി സൂക്ഷിക്കുകയില്ല, കള്ളപ്പണം ചാക്കില്കെട്ടി തലയിണക്കടിയിലും പെട്ടിയിലും സൂക്ഷിക്കുന്നുവെന്നത് ഒരു മിഥ്യാധാരണയാണ്. അങ്ങനെ സൂക്ഷിക്കപ്പെടുന്നത് യഥാര്ത്ഥ കള്ളപ്പണത്തിന്റെ വളരെ ചെറിയ അളവു മാത്രമാണ്.”
ഇതേ അഭിപ്രായം മുൻറിസർവ്വ് ബാങ്ക് ഗവർണ്ണർ രഘുറാം രാജനും പറഞ്ഞിട്ടുണ്ട്.നോട്ടുപിന്വലിച്ചാല് അതിനെ അതിജീവിക്കാന് കള്ളപ്പണക്കാര് തന്ത്രങ്ങള് മെനയുമെന്നാണ് അന്നദ്ദേഹം പറഞ്ഞത്. അതിനാല് കള്ളപ്പണം വെളിപ്പെടുത്തുന്നതിന് വെളിപ്പെടുത്തുന്നതിന് നികുതി ആനുകൂല്യങ്ങള് നല്കണമെന്നും കണക്കില്പ്പെടാത്ത ഇടപാടുകള് കണ്ടെത്തുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. 2012 ലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻഷ്യൽ മാനേജ്മെന്റ് റിപ്പോർട്ടിൽ വ്യക്തമായി ഈ വസ്തുത പറയുന്നുണ്ട്.
റിയൽ എസ്റ്റേറ്റ്, കെട്ടിടങ്ങൾ,ഭൂമി,സ്വർണ്ണം, വെള്ളി, വജ്രം ആഭരണങ്ങൾ, ഷെയർ മാർക്കറ്റ്, വിദേശനിക്ഷേപം, ബിസിനസ്സ് സ്വത്തുക്കൾ എന്നിവയിലാണ് തൊണ്ണൂറുശതമാനം പേരും കള്ളപ്പണം സൂക്ഷിയ്ക്കുന്നത്. ദീർഘകാലം സൂക്ഷിയ്ക്കുന്നതിലെ അസൗകര്യം, ഇൻകംടാക്സ് റെയ്ഡിനോടുള്ള ഭയം, മോഷ്ടാക്കളുടെ ശല്യം എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ടും കള്ളപ്പണം കറൻസിയായി സൂക്ഷിയ്ക്കുന്ന റിസ്ക്ക് എടുക്കാൻ ഭൂരിപക്ഷം കള്ളപ്പണക്കാരും തയ്യാറാകില്ല. ബില്യണുകളും, കോടികളും കൊണ്ട് അമ്മാനമാടുന്ന വൻകിടകള്ളപ്പണക്കാരുടെ അനധികൃതസമ്പാദ്യം വിദേശബാങ്കുകളിലും, സ്വിസ്സ് അക്കൗണ്ടുകളിലും സുരക്ഷിതമായി വിശ്രമിയ്ക്കുന്നു. അങ്ങനെ കള്ളപണമുള്ള 165 ഇന്ത്യക്കാരുടെ ലിസ്റ്റ് മോഡി സർക്കാരിന്റെ മേശവലിപ്പിൽ വിശ്രമിയ്ക്കാൻ തുടങ്ങിയിട്ട് രണ്ടു വർഷം കഴിഞ്ഞു. ആ പേരുകൾ പരസ്യമാക്കാനോ, ആ കള്ളപ്പണം പിടിച്ചെടുത്ത് ഇന്ത്യയിൽ കൊണ്ട് വരാനോ ഇന്നുവരെ വിരൽ പോലും അനക്കാത്ത സർക്കാരാണ് ഇതെന്നും ഓർക്കണം. മോഡിയുടെ പരിഷ്കാരത്തെ ഈ വൻകിട കള്ളപ്പണക്കാരെല്ലാം ഒരുപോലെ പരസ്യമായി പിന്തുണയ്ക്കുന്നു എന്നത് ഏറ്റവും വലിയ തമാശയുമാണ്.
സ്വിസ്സ് ബാങ്ക്, കെയ്മാൻ ഐലന്റ്, ഫോറിൻ ഡയറക്റ്റ് ഇൻവെസ്റ്റ്മെന്റ് (FDI) എന്നീ കള്ളപ്പണത്തെ വെളുപ്പിക്കയും സൂക്ഷിക്കയും ചെയ്യുന്ന ഏർപ്പാടിലാണ് ഇന്ത്യയിലെ കള്ളപ്പണമുള്ള ഉപരിവർഗ്ഗം കുറേ വർഷങ്ങളായി ഏർപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലെ കള്ളപ്പണത്തിന്റെ മഹാഭൂരിഭാഗം ഇവരുടെ പക്കലാണ്.
മധ്യവർഗ്ഗത്തിൽ പെടുന്ന കള്ളപ്പണക്കാർ ഭൂമിയിലും, സ്വര്ണത്തിലും, ബിസിനസ്സിലുമായി ചിലവാക്കുന്നതിനാൽ കറൻസി നോട്ട് നിരോധനം അവരെയും വലുതായി ബാധിച്ചിട്ടില്ല. കറൻസിയായ കൈയ്യിൽ ഉള്ള പണം തങ്ങളുടെ തൊഴിലാളികൾക്ക് മുൻകൂർ ശമ്പളം നൽകിയും, ബിനാമികൾ വഴി നോട്ടുകൾ മാറിയും അവർ ഈ താത്കാലിക പ്രതിസന്ധിയെ സുഖമായി തരണം ചെയ്യുന്നുണ്ട്.
ഈ നീക്കം ഏറ്റവും കൂടുതൽ ബാധിയ്ക്കുന്നത്, ചെറിയ ലോക്കൽ കള്ളപ്പണക്കാരെയാണ്. തങ്ങളുടെ വയലുകൾ വിൽക്കുമ്പോൾ ആധാരത്തിൽ തുക കുറച്ചു കാണിച്ച്, ടാക്സ് ഇനത്തിൽ അൽപം ലാഭം ഉണ്ടാക്കാൻ ശ്രമിച്ച കർഷകർ വരെ ഈ 'കള്ളപ്പണക്കാരുടെ' ലിസ്റ്റിൽ ഉണ്ട്. നിയമനടപടികൾ പേടിച്ച് കള്ളപ്പണം സ്വയം വെളിപ്പെടുത്താൻ തയ്യാറാകാത്തതിനാൽ, വലിയ നഷ്ടങ്ങൾ ഇല്ലാതെ എങ്ങനെയും കറൻസി മാറാൻ, ഇപ്പോൾ അവരാണ് ഏറ്റവും കൂടുതൽ ശ്രമിയ്ക്കുന്നതും.
രണ്ടു മാസത്തെ കാലാവധിയും, പുതിയ 2000 രൂപ നോട്ടും ഇത്തരം കള്ളപ്പണക്കാർക്ക് ഒരു അനുഗ്രഹമാണ്. ചാക്കില് കെട്ടി സൂക്ഷിക്കുന്നവര്ക്ക് 1000 ത്തേക്കാള് 2000 ആണു കൂടുതല് സൗകര്യം. 500 രൂപയുടെ ആറ് നോട്ട് സാധാരണക്കാരന് നൽകി, അവരെക്കൊണ്ട് പുതിയ 2000 രൂപ നോട്ടു തിരികെ വാങ്ങുന്ന സംഘങ്ങൾ മുതൽ ജൻധൻ യോജനയുടെ സീറോ ബാലൻസ് അക്കൗണ്ടിൽ പാൻ കാർഡ് ഇല്ലാതെ 49,950 രൂപ നിക്ഷേപിയ്ക്കുന്ന കമ്മീഷൻ സംഘങ്ങൾ വരെ ഇപ്പോൾ നാട്ടിൽ സജീവമാണ്. നോട്ടു മാറുന്ന ഹവാല സംഘങ്ങളുടെ കമ്മീഷൻ റേറ്റ് കൂട്ടാൻ ഈ പരിഷ്ക്കാരം ഉപകരിച്ചു എന്നത് മാത്രമാണ് ഫലം.
ഇന്ത്യൻ സാമ്പത്തികവ്യവസ്ഥയിൽ നിലവിലുള്ള കള്ളപ്പണം ഏകദേശം 35 ലക്ഷം കോടി വരുമെന്നാണ് ലോകബാങ്ക് കണക്ക്. അതിന്റെ പത്തു ശതമാനം പോലും വരില്ല 500, 1000 രൂപ കറൻസി നോട്ടുകളായി സൂക്ഷിരിയ്ക്കുന്ന കള്ളപ്പണം. മേൽപറഞ്ഞ പല വഴികളിലൂടെ സ്വന്തം പണം രക്ഷിയ്ക്കാൻ കള്ളപ്പണക്കാർക്ക് അവസരമുള്ളപ്പോൾ, രണ്ടു മാസത്തിനുള്ളിൽ ഈ ചെറിയ ശതമാനം കള്ളപ്പണം മുഴുവൻ പോലും ഇല്ലായ്മ ചെയ്യാൻ കഴിയില്ല എന്ന് സാമാന്യബുദ്ധിയുള്ള ആർക്കും മനസ്സിലാകും. കൂടി വന്നാൽ ആകെ കള്ളപ്പണത്തിന്റെ 6% ഇല്ലാതാക്കാൻ കഴിയും എന്ന് പ്രതീക്ഷിയ്ക്കാം. ഡിസംബർ 30 കഴിഞ്ഞ്, ഇപ്പോഴത്തെ പരിഷ്കാരത്തിന്റെ ഓളം മാറിയാൽ, കള്ളപ്പണം വീണ്ടും പഴയ പോലെയാകാൻ പ്രയാസമുണ്ടാവില്ല.
500, 1000 രൂപ നോട്ടുകളുടെ നിരോധനം ഇന്ത്യയിലെ കള്ളപ്പണത്തിന്റെ വളരെ ചെറിയൊരു ഭാഗത്തെ മാത്രമേ താത്കാലികമായി എങ്കിലും ബാധിയ്ക്കുകയുള്ളൂ. കള്ളപ്പണം എന്ന മഞ്ഞുമലയുടെ തുമ്പിനെ സ്പർശിയ്ക്കാനേ ഈ നീക്കം കൊണ്ട് കഴിയൂ എന്ന് വ്യക്തം.
കള്ളപ്പണത്തെ നേരിടാനുള്ള മാർഗ്ഗങ്ങൾ എന്താണ്?
ഒരു രോഗത്തെ ചികിത്സിയ്ക്കുന്നത് അതിന്റെ മൂലകാരണത്തെ കണ്ടെത്തിയാവണം. അല്ലാതെ രോഗലക്ഷണങ്ങളെ ചികിത്സിച്ചല്ല. കള്ളപ്പണം എന്നത് നമ്മുടെ സമൂഹത്തെ ബാധിച്ച ഒരു രോഗമാണ്. അതിന്റെ മൂലകാരണങ്ങളെ കണ്ടെത്തി ചികിത്സിയ്ക്കാതെ, നോട്ടുനിരോധനം പോലുള്ള പൗഡർ പൂശൽ നടപടികൾ ഈ പ്രശ്നം ഇല്ലാതാക്കാൻ ഉതകില്ല.
അഴിമതി, സ്വാർത്ഥത, സാമൂഹികബോധത്തിന്റെ മൂല്യച്യുതി, സാമ്പത്തികഅസമത്വങ്ങൾ എന്നിവയാണ് കള്ളപ്പണത്തിന്റെ മൂലകാരണങ്ങൾ.
നികുതി നൽകുക എന്നത് തന്റെ സാമൂഹികബാധ്യതയാണ് എന്ന് ഓരോ പൗരനും തോന്നുന്ന വിധത്തിൽ, വ്യക്തിപരമായ മൂല്യങ്ങൾ വളർത്താൻ പരാജയപ്പെട്ട സമൂഹമാണ് നമ്മുടേത്. അറിഞ്ഞോ, അറിയാതെയോ നിയമലംഘനം നമ്മുടെ സാമൂഹികജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട് എന്ന് പറയാം. പൊതുവഴിയിൽ മൂത്രം ഒഴിയ്ക്കാനും, പോലീസ് ചെക്കിങ് ഇല്ലെങ്കിൽ ഹെൽമെറ്റ് ധരിയ്ക്കാതിരിയ്ക്കാനും, സർക്കാർ ഓഫീസിൽ സ്വന്തം കാര്യങ്ങൾ വേഗം നടക്കാൻ പ്യൂണിന് വരെ കൈമടക്ക് നൽകാനും യാതൊരു മനഃസാക്ഷിക്കുത്തും അനുഭവപ്പെടാത്ത സമൂഹമാണ് നമ്മുടേത്. വ്യക്തിപരമായ ധാർമികത, സാമൂഹിക മൂല്യങ്ങൾ (മതപരമായവ അല്ല) എന്നിവയൊക്കെ വളർത്തുന്നതിൽ നമ്മുടെ വിദ്യാഭ്യാസസമ്പ്രദായം പരാജയപ്പെട്ടു എന്ന് പറയാം.
നികുതി വെട്ടിയ്ക്കാൻ ഒരു പൗരനെ പ്രേരിപ്പിയ്ക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ്? ആദ്യമായി പറയേണ്ടത് നികുതി ഘടനയുടെ കൂടിയ ശതമാനമാണ്. ഇന്ത്യയിൽ 10%, 20%, 30% എന്നിങ്ങനെയാണ് ഇൻകംടാക്സ് നിരക്കുകൾ. അതായത് സ്വന്തം രക്തം വിയർപ്പാക്കി സമ്പാദിച്ച 100 രൂപയിൽ 30 രൂപ സർക്കാരിന് കൊടുക്കണം. ഈ പൈസ കൊണ്ടാണ് സർക്കാരിന്റെ ദൈനംദിന കാര്യങ്ങൾ നടത്തുന്നതും, നരേന്ദ്രമോഡിയെപ്പോലുള്ള രാഷ്ട്രീയക്കാർ കോടികൾ ചിലവഴിച്ച് ലോകം മുഴുവൻ ചുറ്റുന്നതും ഒക്കെ നടക്കുന്നത്. പകരം സർക്കാർ നൽകുന്നത് പൊള്ളയായ വാഗ്ദാനങ്ങളും സാമൂഹിക സുരക്ഷ ഇല്ലായ്മയുമാണ് എന്നും, ഇത് അനീതിയാണ് എന്നുമൊരു തോന്നൽ ജനങ്ങളിൽ ഉണ്ടായാൽ അത് നികുതിവെട്ടിപ്പിന് അനുകൂലമായ ഒരു മനോഭാവം വളർത്തും.
നികുതി നിരക്കുകൾ കുറയ്ക്കുക എന്നത് കള്ളപ്പണത്തെ കുറയ്ക്കാൻ വലിയൊരു അളവ് വരെ സഹായിയ്ക്കും എന്ന് സാമ്പത്തികശാസ്ത്രം പറയുന്നു. ഒപ്പം സർക്കാർ സാമൂഹ്യസുരക്ഷാപദ്ധതികളിൽ കൂടുതൽ പണം ചിലവഴിച്ച് ജനങ്ങളുടെ വിശ്വാസം നേടണം. താൻ നൽകുന്ന നികുതി ന്യായീകരിയ്ക്കത്തക്കതാണ് എന്നൊരു വിശ്വാസം ജനങ്ങൾക്ക് ഉണ്ടാകുന്നത് കൂടുതൽ നികുതിപിരിവിന് സഹായിയ്ക്കും എന്ന് മാത്രമല്ല, നികുതി ഇളവ് മൂല൦ വരുമാനത്തിൽ വരുന്ന കുറവിനെ ഇല്ലായ്മ ചെയ്യും എന്നതും വസ്തുതയാണ്. (യു.എ.ഇ, ഖത്തർ മുതലായ ഗൾഫ് രാജ്യങ്ങളടക്കം തങ്ങളുടെ പൗരന്മാരിൽ നിന്നും ഇൻകംടാക്സേ ഈടാക്കാത്ത രാജ്യങ്ങളും ലോകത്തുണ്ട് എന്നോർക്കണം.
അഴിമതി കള്ളപ്പണത്തിന്റെ ഏറ്റവും വലിയ കാരണമാണ്. പ്രത്യേകിച്ചും വൻകിട, കോർപ്പറേറ്റ് മേഖലയിൽ. ഒരാൾക്ക് അഴിമതി മൂലം ലഭിയ്ക്കുന്ന പണം, അതിന്റെ നിയമപ്രകാരമായ സ്രോതസ്സ് കാണിയ്ക്കാൻ കഴിയാത്തതിനാൽ മുഴുവൻ കള്ളപ്പണമായി മാറ്റാതെ വഴിയില്ല. അഴിമതിയ്ക്കെതിരെ ശക്തമായ നടപടികളും, പിടിയ്ക്കപ്പെട്ടാൽ ജയിൽ ശിക്ഷയ്ക്ക് ഒപ്പം അഴിമതി വഴി നേടിയ പണത്തിന്റെ രണ്ടിരട്ടി തിരികെ സർക്കാരിലേക്ക് അടയ്ക്കണമെന്ന വിധത്തിലുള്ള നിയമനിർമ്മാണങ്ങളും അനിവാര്യമാണ്.
വിദേശരാജ്യത്ത് കള്ളപ്പണം നിക്ഷേപിയ്ക്കുന്നത് തടയാൻ അന്താരാഷ്ട്ര കരാറുകളും, നിയമനിർമ്മാണവും അനിവാര്യമാണ്. ഒപ്പം FDI വഴിവരുന്ന നിക്ഷേപങ്ങളിലെ ഓഫ്ഷോർ കമ്പനികളുടെ സുതാര്യതയ്ക്ക് വേണ്ടിയുള്ള നിയമങ്ങൾ നിർമ്മിയ്ക്കുകയും, രാഷ്ട്രത്തിനകത്തെ കോര്പ്പറേറ്റ് നിയമങ്ങൾ സാമൂഹ്യക്ഷേമം കണക്കാക്കി നവീകരിയ്ക്കുകയും ചെയ്യണം. കള്ളപ്പണവും നിയന്ത്രിയ്ക്കുന്ന വൻകിടകൾക്കെതിരെ നടപടികൾ എടുക്കാതെ കള്ളപ്പണം നിയന്ത്രിയ്ക്കാം എന്ന് കരുതുന്നത് മൂഢത്തരമാണ്. വേര് വെട്ടാതെ കളകളെ നശിപ്പിയ്ക്കാൻ കഴിയില്ലെന്ന് സാധാരണ കർഷകന് പോലും അറിയാം..
പക്ഷെ കള്ളപ്പണക്കാരായ കോർപറേറ്റുകളും, അവർ പിന്താങ്ങുന്ന രാഷ്ട്രീയക്കാരും ഏറെയുള്ള നമ്മുടെ രാജ്യത്ത് അത് നടക്കുന്നില്ല എന്നത് സത്യം. മറിച്ച് അത്തരക്കാരെ സഹായിയ്ക്കാനാണ് മോഡി സർക്കാർ എന്നും ശ്രമിച്ചത്. വിദേശബാങ്കുകളിൽ നിക്ഷേപമുള്ള കള്ളപ്പണക്കാരുടെ വിവരം മറച്ചു വെച്ചതും, പരിസ്ഥിതിയെ നശിപ്പിച്ചതിന് അദാനി കമ്പനിയുടെമേൽ കഴിഞ്ഞ സർക്കാർ ചുമത്തിയ 200 കോടി രൂപയുടെ പിഴ ഒഴിവാക്കി കൊടുത്തതും, നാഷണൽ ബാങ്കുകളിൽ നിന്നും കോടികൾ ലോൺ എടുത്തിട്ട് പൈസ തിരികെ നൽകാതെ വിദേശരാജ്യത്തേയ്ക്ക് കടക്കാൻ വിജയ് മല്യയ്ക്ക് ഡിപ്ലോമാറ്റിക്ക് പാസ്സ്പോർട്ട് നൽകി സഹായിച്ചതും, വോഡാഫോണ് കമ്പനി ഇന്ത്യയില് ഉണ്ടാക്കിയ ലാഭത്തിനു 20000 കോടി രൂപയുടെ നികുതി ഒഴിവാക്കികൊടുത്തതും, കോർപ്പറേറ്റുകൾ ബാങ്കുകൾക്ക് നൽകാനുള്ള കിട്ടാക്കടം തിരികെ പിടിയ്ക്കാൻ ശക്തമായ നടപടി എടുത്ത റിസർവ്വ് ബാങ്ക് ഗവർണ്ണർ രഘുറാം രാജനെ രായ്ക്കുരായ്മാനം പറഞ്ഞു വിട്ട്, മുകേഷ് അംബാനിയുടെ മുൻതൊഴിലാളിയായ ഉർജിത് പട്ടേലിനെ ആ കസേരയിൽ ഇരുത്തിയതും നരേന്ദ്രമോഡി സർക്കാർ തന്നെയാണ്.`
മുൻപ് മോഡി സർക്കാർ, സ്രോതസ്സ് വെളിപ്പെടുത്താതെ, കള്ളപ്പണം ടാക്സ് അടച്ച് വെളുപ്പിയ്ക്കാൻ ഒരു ഇളവ് അനുവദിച്ചിരുന്നു. ആ സമയത്താണ്, ഒരു മാസത്തിനുള്ളിൽ 500, 1000 നോട്ടുകൾ പിൻവലിയ്ക്കും എന്നൊരു വിളംബരം ഇറക്കിയിരുന്നു എന്ന് കരുതുക. എങ്കിൽ കള്ളപ്പണക്കാർ ഭൂരിപക്ഷവും ആ പദ്ധതിയുമായി സഹകരിയ്ക്കുകയും, അന്ന് ലഭിച്ചതിനേക്കാൾ മൂന്നു മടങ്ങു തുക ടാക്സ് ഇനത്തിൽ സർക്കാരിന് ലഭിയ്ക്കുകയും ചെയ്തേനെ. സാധാരണ ജനങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ, കള്ളപ്പണത്തിന്റ വലിയൊരു ശതമാനം തിരിച്ചു പിടിയ്ക്കാൻ അത് സഹായിയ്ക്കുകയും ചെയ്തേനെ.
അപ്പോൾ സംഘികൾ മറ്റൊരു ന്യായം ഉന്നയിയ്ക്കും. മുൻകൂട്ടി സമയം കൊടുത്താൽ, കള്ളപ്പണമൊക്കെ സ്വർണ്ണവും ഭൂമിയുമൊക്കെ വാങ്ങി ചിലവാക്കില്ലേ എന്ന്. അതിന് ഒരുത്തരമേ ഉള്ളൂ..
സ്വർണ്ണം ആയാലും ഭൂമി ആയാലും അതെല്ലാം വിവിധ നികുതികൾ (സെയിൽസ് ടാക്സ്, പ്രോപ്പർട്ടി ടാക്സ് etc) നൽകേണ്ട ഇടപാടുകൾ തന്നെയാണ്. ഒരു നിശ്ചിത തുകയ്ക്ക് മുകളിലുള്ള ഭൂമി കൈമാറ്റങ്ങൾക്കും, സ്വർണ്ണം വാങ്ങുന്നതിനും, പാൻകാർഡും, ആധാർ കാർഡും നിര്ബന്ധമാക്കിയാൽ അതെല്ലാം രേഖകളിൽ എത്തും. ഇപ്പോൾ പൊതുജനങ്ങളോട് ബാങ്കിലുള്ള പണത്തിന്റെ പേരിൽ കാണിയ്ക്കുന്ന പരാക്രമങ്ങൾ, അപ്പോൾ അത്തരം ഇടപാടുകളിൽ മാത്രം കാണിച്ചാൽ, അതെല്ലാം നിയന്ത്രിയ്ക്കാൻ പറ്റും. കള്ളപ്പണമില്ലാത്ത സാധാരണക്കാരുടെ ജീവിതം വഴി മുട്ടിയ്ക്കേണ്ട ആവശ്യവുമില്ല.
മുൻപും സർക്കാരുകൾ പഴയ നോട്ട് പിൻവലിച്ചു പുതിയവ ഇറക്കിയിട്ടുണ്ട്. സാധാരണജനങ്ങൾക്ക് അതൊരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല. എന്നാൽ യാതൊരു തയ്യാറെടുപ്പും ഇല്ലാതെ, നരേന്ദ്രമോഡി, ഈ "മസാലസിനിമ മോഡൽ" വിളംബര൦ നടത്തിയത്, ജനങ്ങളിൽ പരിഭ്രാന്തി ഉണ്ടാക്കി പണവുമായി ബാങ്കുകളിലെയ്ക്ക് അവരെ ഓടിയ്ക്കുക എന്ന ഉദ്ദേശത്തോടെയല്ലേ എന്ന് സംശയിച്ചാൽ തെറ്റില്ല.
ഇത് വരെയുള്ള വിശകലനത്തിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. കള്ളനോട്ടോ, കള്ളപ്പണമോ അല്ല മോദിയുടെ ഈ അർദ്ധരാത്രി വിളംബരത്തിന്റെ ശരിയായ ലക്ഷ്യം. മറിച്ച് ബാങ്കുകളിൽ കോർപറേറ്റുകൾ വരുത്തിയ കിട്ടാക്കടം സൃഷ്ടിച്ച നഷ്ടത്തെ നാട്ടുകാരുടെ നിയമാനുസ്രതമായ പണം ഉപയോഗിച്ച് മറികടന്ന്, വീണ്ടും കോർപ്പറേറ്റുകൾക്ക് ബിസിനസ്സിനു പണം ലഭ്യമാക്കുക. അതിനുള്ള മറ മാത്രമാണ് കള്ളപ്പണം ഇല്ലാതാകാൻ പോകുന്നേ എന്നുള്ള പ്രചാരം. അല്ലെങ്കിൽ ജനസംഖ്യയുടെ ഒരു ശതമാനം പോലും വരാത്ത കള്ളപ്പണക്കാരെ പിടിയ്ക്കാൻ തലയ്ക്ക് വെളിവുള്ള ഒരു ഭരണാധികാരിയും തൊണ്ണൂറു ശതമാനം ജനങ്ങളെയും ദുരിതത്തിലാക്കില്ല.
കോര്പറേറ്റുകൾക്ക് വേണ്ടി, ഇന്ന് നിങ്ങളുടെ വിരലിൽ മഷി പുരട്ടുന്നവർ, നാളെ നിങ്ങളുടെ തല മൊട്ടയടിച്ചാലും അത്ഭുതമില്ല.
(തുടരും)
=======================
References
1)https://www.theguardian.com/commentisfree/2016/nov/15/corrupt-rich-india-modi-500-1000-rupee-note?CMP=share_btn_fb
2) http://www.hindustantimes.com/india-news/cash-has-only-6-share-in-black-money-seizures-reveals-income-tax-data/story-JfFuTiJYtxKwJQhz2ApxlL.html
3)http://www.dailyo.in/politics/demonetisation-black-money-2g-bjp-modi-nehru-rss-coal-scam/story/1/14056.html
4)http://economictimes.indiatimes.com/news/economy/policy/indias-new-strike-against-black-money-backfires/articleshow/55452196.cms
5)http://www.huffingtonpost.in/2016/11/09/heres-what-raghuram-rajan-thinks-of-currency-demonetisation/
====================
നോട്ടു നിരോധനം - അർദ്ധസത്യങ്ങളും യാഥാർഥ്യവും….
Part 1
http://njan-digambaran.blogspot.com/2016/11/1.html
Part 2
http://njan-digambaran.blogspot.com/2016/11/2.html
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ