2016, നവംബർ 15, ചൊവ്വാഴ്ച

നോട്ടു നിരോധനം - അർദ്ധസത്യങ്ങളും യാഥാർഥ്യവും:- [(ഭാഗം - 2) - കള്ളനോട്ടിന്റെ ദേശഭക്തി ചരിതം.]

മോഡിയുടെ നോട്ട് നിരോധനത്തിന്റെ ഒന്നാമത്തെ കാരണമായി പറഞ്ഞിരിയ്ക്കുന്നത്, പാകിസ്ഥാൻ ഇറക്കിയ കള്ളനോട്ട് ഇല്ലാതാക്കാൻ ഈ നീക്കം അനിവാര്യമാണ് എന്നാണ്. ‘പാകിസ്ഥാൻ കള്ളനോട്ടടിച്ചു വിതരണം നടത്തുന്നത് കാരണമാണ് ഇന്ത്യൻ സാമ്പത്തിക സുരക്ഷ താറുമാറാകുന്നത് ’ എന്നും, ഇപ്പോൾ നരേന്ദ്ര മോഡി ഉഗ്രനൊരു ‘സർജിക്കൽ സ്ട്രൈക്കിലൂടെ’ അത് പൊളിച്ചെന്നും ആണ് സംഘഭക്തരുടെ പ്രധാനവാദം. ഈ വാദങ്ങളുടെ യാഥാർഥ്യം പരിശോധിച്ച്, ഇന്ത്യയിലെ കള്ളനോട്ട് ശൃംഖല തടയാൻ ഈ പരിഷ്കാരം എത്രത്തോളം ഉപകരിയ്ക്കും എന്നാണ് അടുത്തതായി നാം പരിശോധിയ്ക്കുന്നത്.
കള്ളനോട്ട് എന്നത് എല്ലാ രാജ്യങ്ങൾക്കും തലവേദനയായ ഒരു വിഷയമാണ്. മനുഷ്യൻ കറൻസി ഉപയോഗിയ്ക്കാൻ തുടങ്ങിയ കാലം മുതൽ തന്നെ കള്ളനോട്ടുകളും നിലവിലുണ്ട്. മയക്കുമരുന്ന്, ആയുധവ്യാപാരം എന്നിവ പോലെ ലോകമെങ്ങും വ്യാപിച്ച ഒരു അധോലോകബിസിനസ്സ് ആണ് കള്ളനോട്ട് കച്ചവടവും. ഏറ്റവും സുരക്ഷാമാനദണ്ഡങ്ങൾ പുലർത്തുന്ന അമേരിക്ക, ബ്രിട്ടൻ, യൂറോപ്പിലെ വികസിത രാജ്യങ്ങൾ എന്നിവിടെ പോലും കള്ളനോട്ട് സാമ്രാജ്യം വിപുലമാണ്. അപ്പോൾ പിന്നെ വികസിതമല്ലാത്ത ഇന്ത്യ, പാകിസ്ഥാൻ, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളുടെ സ്ഥിതി പറയണ്ടല്ലോ.
എപ്പോഴും കള്ളനോട്ട് മാഫിയ കൂടിയ വിലയുള്ള നോട്ടുകൾ അച്ചടിയ്ക്കാനാണ് ശ്രമിയ്ക്കുന്നത്. അഞ്ചു രൂപ നോട്ടിന്റെ കള്ളനോട്ട് ഉണ്ടാക്കാൻ വരുന്ന ചിലവിൽ അൽപം കൂടുതൽ മാത്രമേ 500 രൂപ നോട്ടിന്റെ കള്ളനോട്ടടിയ്ക്കാൻ വേണ്ടി വരുള്ളൂ എന്ന് വന്നാൽ, അഞ്ഞൂറിന്റെ പുറകെ പോകുന്നതല്ലേ ലാഭം. അത് കൊണ്ട് തന്നെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കള്ളനോട്ടുകൾ 100, 500, 1000 എന്നീ വിലയുള്ള നോട്ടുകളിലാണ് അച്ചടിയ്ക്കുന്നത്. ഇന്ത്യയ്ക്കുള്ളിലെ അധോലോകസംഘങ്ങളും, പാകിസ്ഥാൻ പിന്തുണയോടെ പ്രവർത്തിയ്ക്കുന്ന ഭീകരസംഘടനകളുമാണ് ഇന്ത്യൻ മാർക്കറ്റിലെ കള്ളനോട്ടിന്റെ പ്രധാന കച്ചവടക്കാർ.
ഇന്ത്യയിലെ സാമ്പത്തികക്രയവിക്രയത്തിൽ കള്ളനോട്ടുകളുടെ അളവെന്താണ് എന്നതാണ് അടുത്ത പ്രധാന ചോദ്യം. ശരിയായ കണക്ക് സർക്കാരിന്റെ കൈയ്യിൽ പോലുമില്ല എന്നതാണ് സത്യം. റിസർവ്വ് ബാങ്കിന്റെ കണക്കനുസരിച്ച് ബാങ്കിങ് മേഖലയിൽ 2015-2016 കാലഘട്ടത്തിൽ കണ്ടെത്തിയ കള്ളനോട്ടിന്റെ കണക്ക് ഇപ്രകാരമാണ്.
ആകെ കണ്ടെത്തിയ നോട്ടുകളുടെ എണ്ണം - 6.5 ലക്ഷം; അതിൽ 500, 1000 രൂപ നോട്ടുകളുടെ എണ്ണം - 4 ലക്ഷം; 100 രൂപ നോട്ടുകളുടെ എണ്ണം - 2 ലക്ഷം; മറ്റുള്ളവ - 0.5 ലക്ഷം
കണ്ടെത്തിയ നോട്ടുകളുടെ കണക്കായതിനാൽ വിതരണത്തിലുള്ളവ ഇതിന്റെ എത്രയെങ്കിലും മടങ്ങ് കൂടുതലാകാം. എങ്കിലും ആകെയുള്ള കള്ളനോട്ടിന്റെ 62% ആണ് 500, 1000 രൂപ നോട്ടുകളുടെ എണ്ണം എന്ന് കണക്കു കൂട്ടുന്നതിൽ തെറ്റില്ല. 30% ആണ് 100 രൂപ നോട്ടുകളുടെ എണ്ണം. അപ്പോൾ, കള്ളനോട്ട് പൂർണ്ണമായും ഇല്ലായ്മ ചെയ്യാനാണ് 500, 1000 രൂപ നോട്ടുകൾ പിൻവലിച്ചതെങ്കിൽ, 30%വരുന്ന നൂറു രൂപ കള്ളനോട്ടുകൾ ഇപ്പോഴും വിതരണത്തിലുണ്ട് എന്ന സത്യം മുന്നിലുണ്ട്.
എല്ലാ രാജ്യങ്ങളും കള്ളനോട്ടിനെ നേരിടാൻ പല നടപടികളും എടുക്കാറുണ്ട്. നോട്ടിലെ സുരക്ഷാസംവിധാനങ്ങൾ വർദ്ധിപ്പിച്ച്, തത്തുല്യമായ കള്ളനോട്ട് അടിയ്ക്കുന്നത് പ്രയാസകരമായി മാറ്റുക എന്നതാണ് ഏറ്റവും പ്രധാനമായ നടപടി. അപ്പോൾ കള്ളനോട്ടും യഥാർത്ഥ നോട്ടും കണ്ടാൽ പെട്ടെന്ന് തിരിച്ചറിയാൻ കഴിയും. ലോകത്തെ രാജ്യങ്ങളെല്ലാം ഇത്തരത്തിൽ, അനുകരിയ്ക്കാനാകാത്ത വിധം നോട്ടിലെ സുരക്ഷാ സംവിധാനങ്ങൾ വർദ്ധിപ്പിയ്ക്കാൻ ഗവേഷണം നടത്താനും നടപ്പിലാക്കാനും കോടിക്കണക്കിന് രൂപ ചിലവഴിയ്ക്കുന്നുണ്ട്. ഇതിൽ ഏറ്റവും വിജയിച്ചിട്ടുള്ളത് ആസ്ത്രേലിയയാണ്. ലോകത്താദ്യമായി പോളിമർ കറൻസി അച്ചടിച്ച് ഇറക്കിയാണ് അവർ കള്ളനോട്ടിനെ നേരിട്ടത്. ലോകത്തിലെ 26 രാജ്യങ്ങൾ അവരുടെ സാങ്കേതികവിദ്യ ഇപ്പോൾ ഉപയോഗിയ്ക്കുന്നുണ്ട്.
നിലവിലുള്ള കറൻസി നോട്ടിനെ ഓരോ മിനിമം നിശ്ചിത കാലാവധിയിലും മാറ്റി പുതിയ സുരക്ഷാസംവിധാനങ്ങൾ ഉള്ള പകരം നോട്ട് ഇറക്കുക എന്നത് ലോകരാജ്യങ്ങളിൽ എങ്ങും സാധാരണപ്രക്രിയയാണ്. അവിടെയൊന്നും ജനങ്ങൾക്ക് പുതിയ നോട്ടിനായി ആഴ്ചകളോളം ക്യൂ നിൽക്കേണ്ടി വന്നിട്ടില്ല എന്നത് വേറെ കാര്യം.
ഈ അർദ്ധരാത്രി പരിഷ്കാരം 500, 1000 നോട്ടുകളുടെ കള്ളനോട്ടിനെ വെറും പേപ്പറാക്കി മാറ്റും എന്നത് ശരിയാണ്. എന്നാൽ ഈ നടപടി കള്ളനോട്ട് സമ്പ്രദായത്തെ ഇല്ലായ്മ ചെയ്യും എന്നൊക്കെ പറയുന്നത് സ്വപ്നലോകത്ത് ജീവിയ്ക്കുന്നവർ മാത്രമാണ്.
നൂറും, മറ്റു കുറഞ്ഞ നോട്ടുകളുടെയും കള്ളനോട്ടുകൾ ഇപ്പോഴും പ്രചാരത്തിൽ ഉണ്ടെന്ന് മാത്രമല്ല, നോട്ടുമാറ്റൽ മൂലം ജനങ്ങൾ അനുഭവിയ്ക്കുന്ന പരിഭ്രാന്തി മുതലെടുത്ത് ഇത്തരം ചില്ലറ കള്ളനോട്ടുകൾക്ക് വൻപ്രചാരം ലഭിയ്ക്കുന്ന സാഹചര്യവും ഇന്നുണ്ട്.
സർക്കാർ നൽകിയ പുതിയ 2000 രൂപ നോട്ടും കൈയ്യിൽ വെച്ച്, ദൈനംദിനകാര്യങ്ങൾക്ക് എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുന്ന ആളുകളെ സമീപിച്ച്, ചില്ലറ കള്ളനോട്ടുകൾ നൽകി കബളിപ്പിയ്ക്കാൻ കള്ളനോട്ടു മാഫിയയ്ക്ക് എളുപ്പമാണ്. മാർക്കറ്റിൽ ചില്ലറ കള്ളനോട്ടുകൾ എത്ര വ്യാപിച്ചു എന്ന് ഈ പരിഷ്കാരത്തിന്റെ അലകൾ അടങ്ങുമ്പോൾ മനസ്സിലാകും.
പുതിയ 2000 രൂപ നോട്ട് ഇറക്കിയ സർക്കാരിന്റെ നടപടിയാണ് ഏറ്റവും സംശയാസ്പദം. സാമ്പത്തികമേഖലയിൽ കള്ളനോട്ടിന്റെ സ്വാധീനം കുറയ്ക്കാനായി തങ്ങളുടെ കറൻസിയുടെ ഏറ്റവും വലിയ തുക ചെറുതാക്കാനാണ് സാധാരണ രാജ്യങ്ങൾ ശ്രമിയ്ക്കുന്നത്. മുൻപ് പറഞ്ഞ പോലെ, അച്ചടിയ്ക്കുന്ന നോട്ടിന്റെ വില കുറയും തോറും കള്ളനോട്ട് കച്ചവടത്തിലെ ലാഭം കുറയും എന്ന സാമ്പത്തികശാസ്ത്രം കൊണ്ടാണത്. അമേരിക്കൻ ഡോളറിന്റെ ഏറ്റവും വലിയ നോട്ട് 100 ഡോളർ ആണ്. 1978ൽ മൊറാജി ദേശായി സർക്കാർ 5000, 10000 രൂപയുടെ നോട്ടുകൾ ഉൾപ്പെടെ 100 രൂപയ്ക്കു മുകളിലുള്ള നോട്ടുകൾ നിരോധിച്ചു. എന്നാൽ പിന്നീട് ഈ പരിഷ്കാരം പരാജയപ്പെട്ടപ്പോൾ, 1987 ലെ സർക്കാർ 500, 1000 മുതലായ നോട്ടുകൾ കൊണ്ട് വന്നു. അപ്പോഴും 5000, 10000 രൂപയുടെ നോട്ടുകൾ ഇറക്കിയില്ല എന്നത് ഈ കാരണം കൊണ്ടാണ്.
2000 രൂപ നോട്ട് കള്ളനോട്ട് മാഫിയയെ സംബന്ധിച്ചിടത്തോളം ഒരു ചാകരയാണ്. മുൻപ് 1000 രൂപ ഇറക്കിയ സ്ഥാനത്ത് 2000 രൂപയുടെ നോട്ട് അടിയ്ക്കുമ്പോൾ, അവരുടെ ലാഭം ഇരട്ടിയാവുകയാണ് ചെയ്യുക. ചുരുക്കി പറഞ്ഞാൽ, കള്ളനോട്ടിനെ ഇല്ലാതാക്കാൻ വേണ്ടി എന്ന് പറഞ്ഞ് കൊണ്ടുവന്ന പരിഷ്കാരം കള്ളനോട്ട് മാഫിയയെ സഹായിയ്ക്കുന്നതായി മാറി.
2000 രൂപ നോട്ട് കൊണ്ട് വന്നതിന് പിന്നിലുള്ള സാമ്പത്തികശാസ്ത്രം വിവരിയ്ക്കാൻ സംഘപരിവാർ കേന്ദ്രങ്ങൾക്ക് പോലും കഴിഞ്ഞില്ല എന്നതാണ് സത്യം. അത് ഉയർത്താനിടയുള്ള ചോദ്യങ്ങൾ മറികടക്കാനാണ് പുതിയ 2000 രൂപ നോട്ടിൽ നാനോ ചിപ്പ് ഉണ്ടെന്നും, അത് ജി.പി.എസ് വഴി സാറ്റലൈറ്റിന്റെ സഹായത്തോടെ കണ്ടെത്താനാകും എന്നൊക്കെയുള്ള കഥകൾ സംഘികൾ പ്രചരിപ്പിച്ചത്. എന്നാൽ മുൻപുള്ള നോട്ടുകൾക്കുള്ള സുരക്ഷാസംവിധാനങ്ങളേ പുതിയ നോട്ടിനുമുള്ളൂ എന്ന സത്യം റിസർവ്വ് ബാങ്ക് ഉദ്യോഗസ്ഥരും കേന്ദ്രധനമന്ത്രിയും പുറത്തു വിട്ടപ്പോഴാണ് ആ നുണ പൊളിഞ്ഞത്.
കള്ളനോട്ടു മാഫിയയുടെ ഏറ്റവും വലിയ ആയുധം അതിന്റെ ശക്തമായ വിതരണ ശൃംഖലയാണ്. ആ ശ്രംഖല തകർക്കാത്ത കാലത്തോളം, ഓരോ മാസവും കറൻസി നോട്ടു മാറ്റിയാലും, കള്ളനോട്ട് എന്ന വിപത്തിനെ തടയാൻ ഒരു സർക്കാരിനും കഴിയില്ല. പക്ഷെ, ആ മേഖലയിൽ മോഡി സർക്കാർ ഒരു വൻപരാജയമാണ്.
ഏതു സാമാന്യബോധമുള്ള പൗരനും അറിയാവുന്ന ഈ സത്യം മുന്നിലുണ്ടായിട്ടും, എന്ത് കൊണ്ട് മോഡി സർക്കാർ 2000 രൂപ നോട്ട് കൊണ്ടു വന്നു എന്ന് ചോദിച്ചാൽ ഒറ്റഉത്തരമേ ഉള്ളൂ. അർദ്ധരാത്രിയിലെ വിളംബരം നടത്താൻ വേണ്ടി ചെയ്യേണ്ടി വന്ന കടുംകൈ ആണത്. അത് എന്തെന്ന് വിശദമാക്കാം.
റിസർവ്വ് ബാങ്കിന്റെ കണക്കനുസരിച്ച് ഇന്ത്യയിൽ ആകെ വിതരണം ചെയ്യപ്പെട്ട കറൻസി നോട്ടുകളുടെ 86% നോട്ടുകളും 500, 1000 എന്നിവയുടെ നോട്ടുകളാണ്.ഒറ്റദിവസം കൊണ്ട് ഇവ മാർക്കറ്റിൽ നിന്നും പിൻവലിച്ചാൽ, പകരം നൽകാൻ ചില്ലറ നോട്ടുകൾ അടിച്ചിറക്കാൻ മാസങ്ങൾ വേണ്ടി വരും. അതേ സമയം കൂടിയ വിലയ്ക്കുള്ള നോട്ടായാൽ അത്രയും സമയം വേണ്ട. അത് കൊണ്ടാണ് 2000 രൂപ നോട്ട് അവതരിച്ചത്.
ചുരുക്കി പറഞ്ഞാൽ അർദ്ധരാത്രിയിലെ മോഡി നാടകത്തിന് ഇന്ത്യ കൊടുക്കേണ്ടി വന്ന വിലകളിലൊന്നാണ് 2000 രൂപ നോട്ട്.
കള്ളപ്പണക്കാർക്കും 2000ത്തിന്റെ നോട്ട് വലിയൊരു അനുഗ്രഹമാണ്. അത് എങ്ങനെയെന്ന് അടുത്ത പോസ്റ്റിൽ പറയാം.
അപ്പോൾ ചോദ്യം വരുന്നത് ഇതാണ്. കള്ളനോട്ട് നിരോധിയ്ക്കൽ, കള്ളപ്പണം തടയൽ എന്നിവയായിരുന്നു ഈ പരിഷ്കാരത്തിന്റെ അന്തിമലക്ഷ്യമെങ്കിൽ, എന്തിനാണ് 2000 രൂപയുടെ നോട്ട് ഇറക്കിയത്?
സ്വന്തം ഭരണപരാജയങ്ങൾ മറച്ചു വെയ്ക്കാനായി അർദ്ധരാത്രിയിലെ ദേശസ്നേഹഡ്രാമ നടത്താനും, അംബാനി അദാനി മുതലായ മുതലാളിമാരുടെ കിട്ടാക്കടം മൂലം പ്രതിസന്ധിയിലായ ബാങ്കുകളെ സാധാരണക്കാരന്റെ വിയർപ്പ് കലർന്ന പണം കൊണ്ട് രക്ഷിയ്ക്കുക, എന്നിട്ട് വീണ്ടും മുതലാളിമാർക്ക് കടം കൊടുക്കുക എന്നീ ലക്ഷ്യങ്ങൾ നേടാനും വേണ്ടി മാത്രമാണ്, ഈ പരിഷ്കാരങ്ങൾ ഉണ്ടായതെന്ന് സംശയം തോന്നുന്നതും അത് കൊണ്ട് തന്നെയാണ്.
ജനങ്ങളെ ദ്രോഹിയ്ക്കുന്നതോ, കബളിപ്പിയ്ക്കുന്നതോ ആയ ഏതു നടപടികൾ എടുത്താലും അതിന് മറയിടാൻ മോഡി സർക്കാർ ഉപയോഗിയ്ക്കുന്ന ഏറ്റവും വലിയ ആയുധം "ദേശസ്നേഹം" എന്ന വാക്കാണ്. അതിൽ പുട്ടിന് പീരയിടുന്ന പോലെ "പാകിസ്ഥാൻ"എന്നൊരു വാക്ക് കൂടി ചേർത്താൽ കാര്യം എളുപ്പമാണ്. അത് നന്നായി അറിയാവുന്നത് കൊണ്ടാണ് ഈ പരിഷ്‌കാരത്തെ എതിർക്കുന്നവരെയും, സംശയത്തോടെ നോക്കുന്നവരെയും ദേശദ്രോഹികൾ എന്ന വിളിയുമായി സംഘപരിവാരം നേരിടുന്നത്. അങ്ങനെ പാകിസ്ഥാന്റെ ചിലവിൽ തനിയ്ക്ക് പ്രിയപ്പെട്ട അംബാനിയെയും, അദാനിയേയും ഒക്കെ രക്ഷിയ്ക്കാൻ മോഡിയ്ക്ക് എളുപ്പവുമാണ്.
(തുടരും...)
=====================
Reference
1) https://en.wikipedia.org/wiki/Counterfeit_money
2)https://www.rbi.org.in/scripts/PublicationsView.aspx?id=14947
നോട്ടു നിരോധനം - അർദ്ധസത്യങ്ങളും യാഥാർഥ്യവും... [ഭാഗം – 1 - അണിയറക്കഥകൾ]
മുഴുവൻ ലേഖനം വായിയ്ക്കാൻ ഈ ലിങ്കിൽ പോകുക.
http://njan-digambaran.blogspot.com/2016/11/1.html
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ