2016, നവംബർ 13, ഞായറാഴ്‌ച

നോട്ടു നിരോധനം - അർദ്ധസത്യങ്ങളും യാഥാർഥ്യവും:- (ഭാഗം - 1) - അണിയറക്കഥകൾ

മോഡി സർക്കാരിന്റെ 'പരിഷ്ക്കാരമായ' 500, 1000 രൂപയുടെ നോട്ടുകളുടെ അപ്രതീക്ഷിതനിരോധനം, ഇന്ത്യൻ സമൂഹത്തെ ഏറെക്കുറെ നിശ്ചലാവസ്ഥയിലാക്കിയിരിയ്ക്കുകയാണ്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദപ്രതിവാദങ്ങൾ അരങ്ങു തകർക്കുകയാണല്ലോ. ഈ വിഷയത്തിൽ ലഭ്യമായ വസ്തുതകളും കണക്കുകളും ചരിത്രവും വിശകലനം ചെയ്യാനും, ഈ പരിഷ്കാരത്തിന്റെ ഗുണദോഷഫലങ്ങൾ വിലയിരുത്താനും ഉള്ള ഒരു ശ്രമമാണ് ഈ ലേഖനം.
എന്ത് കൊണ്ട് നോട്ട് നിരോധനം?
“ഉണ്ടിരുന്ന നായർക്ക് പെട്ടെന്ന് വിളി വന്ന പോലെ” ഒരു അർദ്ധരാത്രിയ്ക്ക് നോട്ടുകൾ നിരോധിയ്ക്കാൻ മോഡി സർക്കാർ തീരുമാനിച്ചതിന് പിന്നിലെ വസ്തുതയെന്ത് എന്നാദ്യം വിലയിരുത്താം. ഈ നീക്കത്തിന് പിന്നിൽ ഉള്ള കാരണമായി സർക്കാരും, മോഡി അനുകൂലികളും നിരത്തുന്നത് ഈ വാദങ്ങളാണ്.
1) ഇന്ത്യയിൽ വ്യാപകമായ കള്ളനോട്ട് ഇല്ലാതാക്കാനുള്ള മാർഗ്ഗമാണ് ഇത്. 2) നോട്ടായി സൂക്ഷിച്ചു വെച്ചിരിയ്ക്കുന്ന കള്ളപ്പണം ഇല്ലായ്മ ചെയ്യാനുള്ള ഏറ്റവും എളുപ്പമുള്ള മാർഗ്ഗമാണ് ഇത്. 3) കറൻസിയിൽ അധിഷ്ഠിതമായ നമ്മുടെ സാമ്പത്തികവ്യവസ്ഥയെ, ഇലക്ട്രിക് ട്രാൻസ്ഫർ അധിഷ്ഠിതമായ ഡിജിറ്റൽ സാമ്പത്തികവ്യവസ്ഥയിലേയ്ക്ക് മാറ്റാനുള്ള പ്രധാന ചുവടുവെയ്പ്പാണ് ഇത്.
ശരിയ്ക്കും ഇതായിരുന്നോ ഇത്ര തിരക്ക് പിടിച്ച ഈ തീരുമാനത്തിന് കാരണം? അല്ലെന്നാണ് വസ്തുതകൾ പറയുന്നത്. മറിച്ച് ഇത്തരം ഒരു കടുംകൈ കാട്ടാൻ സർക്കാർ നിർബന്ധിതമായി എന്ന് വേണം പറയാൻ.
നോട്ടുറദ്ധാക്കൽ നടപടികളിലേക്ക് നയിച്ച സംഭവവികാസങ്ങൾക്ക് തുടക്കം കുറിച്ചത് കഴിഞ്ഞ വർഷം ഡിസംബറിൽ നടന്ന ഒരു സംഭവമാണ്. ഇന്ത്യയിൽ കറൻസി നോട്ടുകൾ അച്ചടിയ്ക്കുന്നത് നാല് പ്രസ്സുകളിലാണ്. മധ്യപ്രദേശിലെ ദേവസ്, മഹാരാഷ്ട്രയിലെ നാസിക്, കർണാടകയിലെ മൈസൂർ, ബംഗാളിലെ സാൽബോണി എന്നിവിടങ്ങളിലാണ് ഈ പ്രസ്സുകൾ ഉള്ളത്. ഇതിൽ നാസിക്കിലെ പ്രസ്സിൽ അച്ചടിച്ച നോട്ടുകളിൽ വലിയൊരു വീഴ്ച സംഭവിച്ചു. അവിടെ അച്ചടിച്ച 30 കോടി 1000 രൂപ നോട്ടുകൾ അച്ചടിയുടെ അപാകത മൂലം, സെക്യൂരിറ്റി ത്രെഡ് ഇല്ലാതെയാണ് പുറത്തു വന്നത്. എന്നാൽ അച്ചടിച്ച നോട്ടുകളെ പരിശോധിയ്ക്കുന്ന വിഭാഗം, ഈ തെറ്റ് തിരിച്ചറിയാൻ വൈകിയത് മൂലം ഇതിൽ 20 കോടി നോട്ടുകൾ വിതരണത്തിനായി അയയ്ക്കുകയും ചെയ്തു. അതിനാൽ ബാങ്കുകളിലും എ.ടി.എം മെഷീനുകളിലും ഈ തെറ്റായി അച്ചടിച്ച നോട്ടുകൾ വൻതോതിൽ എത്തുകയുണ്ടായി.
വൈകിയെങ്കിലും ഈ തെറ്റ് കണ്ടുപിടിച്ച റിസർവ്വ് ബാങ്ക് അധികൃതർ , ഉത്തരവാദികളായ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. റിസർവ്വ് ബാങ്ക് ഉടൻ തന്നെ ഇത്തരം നോട്ടുകൾ പിൻവലിയ്ക്കാൻ ഉത്തരവിടുകയും, ബാങ്കുകളിൽ നിന്നും നോട്ടുകൾ തിരികെ വിളിയ്ക്കുകയും ചെയ്തു. എന്നാൽ അപ്പോഴേയ്ക്കും 10 കോടിയോളം നോട്ടുകൾ ജനങ്ങളുടെ പക്കൽ എത്തികഴിഞ്ഞിരുന്നു. ജനങ്ങൾ ഇത്തരം നോട്ടുകളുമായി വന്നാൽ കള്ളനോട്ട് എന്ന് പറഞ്ഞ് അവരെ ബുദ്ധിമുട്ടിയ്ക്കാതെ, ആ നോട്ടുകൾ വാങ്ങി പകരം നല്ല നോട്ടുകൾ നൽകണമെന്നും റിസർവ്വ് ബാങ്ക് ഉത്തരവിൽ പറഞ്ഞിരുന്നു.
മാർക്കറ്റിൽ എത്തിയ ഇത്തരം കേടായ നോട്ടുകൾ പതുക്കെപ്പതുക്കെയെങ്കിലും നീക്കം ചെയ്യുന്ന പ്രക്രിയ തുടരുന്ന സമയത്താണ്, പത്താൻകോട്ട് ആക്രമണം നടക്കുന്നതും പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഏറ്റവും വഷളാവുകയും ചെയുന്നത്. ഇന്ത്യയിലേയ്ക്ക് ഭീകരസംഘടനകൾക്ക് ഫണ്ടിങ്ങിനായി കൂടുതൽ കള്ളനോട്ടുകൾ പാകിസ്ഥാനിൽ നിന്നും വരുമെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകി. അതോടെ റിസർവ്വ് ബാങ്കും കേന്ദ്രസർക്കാരും ഒരു ആശയക്കുഴപ്പത്തിലായി. കാരണം കള്ളനോട്ടും നല്ല നോട്ടും തമ്മിൽ തിരിച്ചറിയാനുള്ള ഏറ്റവും വലിയ മാർഗ്ഗമാണ് നോട്ടിലെ സെക്യൂരിറ്റി ത്രെഡ്. ആ ത്രെഡില്ലാത്ത കേടായ നോട്ടുകൾ മാർക്കറ്റിൽ സുലഭമായി ഉള്ളപ്പോൾ, ഇത്തരം കള്ളനോട്ടുകൾ കൂടി വന്നാൽ എങ്ങനെ അവയെ തിരിച്ചറിഞ്ഞു നടപടി എടുക്കും എന്നത് ബാങ്കുകൾക്ക് മുന്നിലെ വലിയ ചോദ്യമായി.
അതിനു ഒരു പരിഹാരമേ ഉള്ളൂ. പഴയ നോട്ടുകൾ പിൻവലിച്ച് പുതിയ നല്ല നോട്ടുകൾ ഇറക്കുക. തങ്ങൾക്ക് പറ്റിയ അബദ്ധത്തെ ഒരു അവസരമാക്കി മാറ്റാൻ, അതിന് ഒരു കള്ളപ്പണവേട്ടയുടെ ധീരപരിവേഷം നൽകുക.. അതിനുള്ള ശ്രമം റിസർവ്വ് ബാങ്കും, കേന്ദ്രസാമ്പത്തിക മന്ത്രാലയവും ആലോചിച്ചു തുടങ്ങിയത് പത്തു മാസങ്ങൾക്ക് മുൻപാണ്.
1978 ലെ ജനതാ സര്ക്കാര് 1000, 5000, 10000 രൂപാ നോട്ടുകള് നിരോധിച്ചിരുന്നു. കള്ളപ്പണവും കള്ളനോട്ടും തടയാന് എന്ന് പറഞ്ഞായിരുന്നു അന്നും ഇത് ചെയ്തത് 38 വര്ഷത്തിനുശേഷവും അതേ രോഗത്തിന് അതേ ചികിത്സ തന്നെ വീണ്ടും ചെയ്യേണ്ടി വരുന്നത് എന്തു കൊണ്ടെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.
മുന്നൊരുക്കങ്ങൾ
ഇത്തരം ഒരു നടപടി മൂലം തങ്ങൾക്ക് "പ്രിയപ്പെട്ടവർക്ക്' ഒരു ദോഷവും വരരുതെന്ന് പൂർണ്ണമായും ഉറപ്പ് വരുത്തിയിട്ടാണ് മോഡി സർക്കാർ മുന്നോട്ടു പോയത്.
മോഡി സർക്കാർ അധികാരത്തിൽ വന്ന ശേഷം 2015 മേയിൽ, ഇന്ത്യയിൽ നിന്നും വിദേശത്തേയ്ക്ക് അയക്കാവുന്ന പണത്തിന്റെ തോത് ഇരട്ടിയായി വർദ്ധിപ്പിച്ചിരുന്നു. ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം (LRS) എന്ന പേരിലെ ഈ പദ്ധതിപ്രകാരം വ്യക്തമായ വെളിപ്പെടുത്തലുകൾ ഇല്ലാതെ, വിവിധ വ്യക്തിപരമായ ആവശ്യങ്ങൾക്കായി, 2,50,000 ഡോളർ വരെ വിദേശത്തെയ്ക്ക് അയയ്ക്കാം എന്ന നില വന്നു. അതോടെ വിദേശത്തേയ്ക്ക് കടത്തുന്ന പണത്തിന്റെ അളവിൽ ഒരു കുതിച്ചുചാട്ടം തന്നെ നടന്നു. 2016 സാമ്പത്തികവർഷം 4.6 ബില്യൺ ഡോളറാണ് ഈ പദ്ധതിപ്രകാരം നാട് കടന്നത്.
ഈ കാലത്തു തന്നെ, മോഡിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ മുകേഷ് അംബാനി റീലിയൻസ് ജിയോ തുടങ്ങിയതും, ബാബാ രാംദേവ് പതഞ്ജലി വ്യവസായ സാമ്രാജ്യം വിപുലീകരിച്ചതും ഒക്കെ നോട്ടു പിൻവലിയ്ക്കലിന്റെ അനന്തസാധ്യതകളെ ഉപയോഗപ്പടുത്താനായിരുന്നു എന്നതും ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ്.
നോട്ടു പിൻവലിയ്ക്കൽ പ്രഖാപിയ്ക്കുന്നതിന്റെ മുൻപ് തന്നെ വൻതുകയ്ക്കുള്ള 500, 1000 രൂപ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിയ്ക്കാൻ ബി.ജി.പി നേതാക്കൾക്കും, അടുപ്പക്കാർക്കും അവസരം ഒരുക്കി കൊടുത്തതിന്റെ വാർത്തകളും ഇപ്പോൾ പുറത്തു വരുന്നുണ്ട്. ബംഗാളിലെ ബി.ജെ. പി സംസ്ഥാനഘടകം മോഡിയുടെ പ്രഖ്യാപനത്തിന് മണിക്കൂറുകൾക്ക് മുൻപ്, ഒരു കോടിയിലധികം വിലയുള്ള 500, 1000 രൂപ നോട്ടുകൾ, ഇന്ത്യന് ബാങ്കിന്റെ കൊല്ക്കത്ത സെന്ട്രല് അവന്യൂ ബ്രാഞ്ചിലെ 554510034, 6365251388 എന്നീ അക്കൗണ്ട് നമ്പറുകളിൽ നിക്ഷേപിച്ച വാർത്ത തന്നെ ഒരു ഉദാഹരണം.
എസ്.ബി.ഐ, പഞ്ചാബ് നാഷണൽ ബാങ്ക് അടക്കമുള്ള ബാങ്കുകളിൽ കഴിഞ്ഞ സാമ്പത്തിക അർദ്ധവാര്ഷികത്തിൽ ഡെപ്പോസിറ്റുകളുടെ വലിയ ഒരു കുതിച്ചു ചട്ടം കാണുകയുണ്ടായി. മോഡിയുടെ അർദ്ധരാത്രി വിളംബരത്തിന് ആറുമാസം മുൻപ്, ഒരു ശതമാനത്തിന് താഴെയായിരുന്ന നിക്ഷേപങ്ങൾ, പെട്ടെന്ന് നാല് ശതമാനവും കടന്ന് വളർന്നത് എങ്ങനെയെന്ന് ബാങ്ക് അധികൃതർക്ക് പോലും വിശദീകരിയ്ക്കാൻ കഴിയുന്നില്ല. നോട്ടുനിരോധനത്തിന്റെ വാർത്ത, മോഡിയുടെ വേണ്ടപ്പെട്ടവരെയൊക്കെ മുൻകൂട്ടി അറിയിച്ചിരുന്നു എന്ന സംശയത്തെ ഇത് ബലപ്പെടുത്തുന്നു.
എന്നാൽ ഈ മുന്നൊരുക്കം, ആവശ്യമുള്ള പകരം നോട്ടുകൾ അച്ചടിയ്ക്കുന്നതിലോ, പുതിയ നോട്ടുകൾ വയ്ക്കാനായി എ.ടി.എം മെഷീനുകൾ സെറ്റ് ചെയ്യാനോ, നോട്ടുകൾ മാറ്റി നൽകാൻ ഉള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാനോ സർക്കാരിന് കഴിഞ്ഞില്ല. അതാണ് ഇപ്പോൾ സാധാരണജനങ്ങൾ അനുഭവിയ്ക്കുന്ന ബുദ്ധിമുട്ടുകൾക്ക് മൂലകാരണം.
നോട്ടു നിരോധിയ്ക്കലിന് പിന്നിൽ മറ്റൊരു രഹസ്യലക്ഷ്യവും ഉണ്ടായിരുന്നു.
കിട്ടാക്കടം മൂലം വലയുന്ന ബാങ്കുകളുടെ സാമ്പത്തികപ്രതിസന്ധി തരണം ചെയ്യാൻ, ജനങ്ങൾ ബാങ്കുകളിൽ ഡെപ്പോസിറ്റ് ചെയ്യുന്ന തുക വർദ്ധിപ്പിയ്ക്കുക. കറൻസി റദ്ധാക്കുമ്പോൾ ജനങ്ങൾ ഉള്ള പണം മുഴുവൻ കൊണ്ട് ബാങ്കിൽ ഇടുമെന്നതിനാൽ ഇത് എളുപ്പമാണ്. ഈ നീക്കത്തിന് വലിയൊരു കാരണമുണ്ട്.
ഇന്ത്യയിൽ ബാങ്കുകൾക്ക് കിട്ടാക്കടം 6 ലക്ഷം കോടി രൂപയാണെന്നാണ് കണക്കുകൾ പറയുന്നത്. ഇന്ത്യയിലെ വൻകിട വ്യവസായികൾക്കും മുതലാളിമാർക്കും ബാങ്കുകൾ നൽകി തിരികെ ലഭിയ്ക്കാത്ത ലോണാണ് ഈ കിട്ടാക്കടം എന്ന് പറയുന്നത്. മുകേഷ് അംബാനി മുതൽ വിജയ് മല്യ വരെയുള്ള മുതലാളിമാർ ബാങ്കുകൾക്ക് തിരികെ നൽകാനുള്ള തുകയാണിത്. രഘുറാം രാജൻ റിസർവ്വ് ബാങ്ക് ഗവർണ്ണർ ആയപ്പോൾ മുതൽ ഇത്തരം കിട്ടാക്കടം തരാനുള്ളവർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു വരികയായിരുന്നു. ഒടുവിൽ ഈ വർഷം മാർച്ചിൽ, ഇങ്ങനെ കിട്ടാക്കടം തരാനുള്ള മുതലാളിമാരുടെ പൂർണ്ണമായ ലിസ്റ്റ് പബ്ലിക്ക് ആയി പ്രസിദ്ധീകരിച്ച്‌, നിയമനടപടികൾ ആരംഭിയ്ക്കാൻ അദ്ദേഹം ശ്രമം തുടങ്ങി. ഈ കിട്ടാക്കടത്തിന്റെ പകുതിയെങ്കിലും തിരികെ കിട്ടിയാൽ ബാങ്കുകൾ നിലവിലുള്ള സാമ്പത്തികപ്രതിസന്ധി തരണം കടക്കും എന്നായിരുന്നു രഘുറാം രാജന്റെ കണക്കുകൂട്ടൽ.
അപകടം മണത്ത കോർപ്പറേറ്റ് ലോകം ശക്തമായ എതിർനീക്കം തുടങ്ങി. ഉടനെ തന്നെ നരേന്ദ്രമോഡി ഈ വിഷയത്തിൽ നേരിട്ട് ഇടപെടുകയും, രഘുറാം രാജനെ റിസർവ്വ് ബാങ്ക് ഗവർണ്ണർ സ്ഥാനത്ത് നിന്നും നീക്കി, അംബാനിയുടെ റീലിയൻസ് കമ്പനിയുടെ മുൻഉദ്യോഗസ്ഥനും, റിസർവ്വ് ബാങ്ക് ഡെപ്യൂട്ടി ഗവർണ്ണറുമായ ഉർജിത് പട്ടേലിനെ ആ സ്ഥാനത്ത് നിയമിയ്ക്കുകയും ചെയ്തു. ഉർജിത് പട്ടേൽ ആയിരുന്നു, മുതലാളിമാരെ ശല്യപ്പെടുത്താതെ, 500, 1000 കറൻസി നോട്ടുകൾ നിരോധിച്ച്, ജനങ്ങളുടെ പണം ബാങ്കുകളിലേക്ക് ഒഴുക്കി നേട്ടം ഉണ്ടാക്കാം എന്ന ആശയത്തിന്റെ മുഖ്യസൂത്രധാരൻ.
പ്രഖ്യാപനത്തിന് ശേഷം ഈ പരിഷ്കാരത്തെ അനുകൂലിച്ചാണ് ആദ്യപ്രതികരണങ്ങൾ ഇന്ത്യൻ സമൂഹത്തിൽ ഉണ്ടായത്. എന്തിനധികം, ഇതിനെ എതിർത്തവരെ കള്ളപ്പണക്കാരെ പിന്തുണയ്ക്കുന്നവർ എന്നും പാകിസ്ഥാൻ ചാരന്മാർ എന്നും വരെ മുദ്ര കുത്തി പ്രചാരണം വ്യാപകമായി നടന്നു.
ഇന്ന് ഈ പരിഷ്കരണ പ്രഖ്യാപനത്തിന്റെ നാലാം ദിവസമാണ്. കഴിഞ്ഞ നാല് ദിവസവും, മറ്റെല്ലാ ജോലിയും മാറ്റി വെച്ച് അന്നന്നത്തെ ആവശ്യത്തിന് പണം കിട്ടാനായി ബാങ്കുകളുടെയും, എ.ടി.എമ്മുകളുടെയും മുന്നിൽ മണിക്കൂറുകൾ ചിലവഴിച്ച ജനങ്ങൾക്കു സഹികെട്ട്, എതിരായി പ്രതികരിയ്ക്കാൻ തുടങ്ങിയിരിയ്ക്കുന്നു.
500, 1000 രൂപ നോട്ടുകൾ പിൻവലിയ്ക്കുന്നതിന് മുൻപായി പകരം ആവശ്യത്തിന് 100, 50 മുതലായ ചില്ലറ നോട്ടുകൾ മാർക്കറ്റിൽ ആവശ്യത്തിന് ലഭ്യമാണ് എന്ന് ഉറപ്പു വരുത്താൻ സർക്കാരിന് കഴിഞ്ഞില്ല. സാധാരണ ആവശ്യങ്ങൾക്ക് ചില്ലറ രൂപയാണ് ആവശ്യം. പുതിയതായി 2000 രൂപ നോട്ട് ഇറക്കാൻ കാണിച്ച ഉത്സാഹം ഇക്കാര്യത്തിൽ കാണിച്ചില്ല. പുതിയ 2000, 500 രൂപ നോട്ടുകൾ വിതരണം ചെയ്യാനുള്ള സോഫ്റ്റ് വെയറോ, സംവിധാനങ്ങളോ എ.ടി.എമ്മുകളിൽ ചെയ്യാത്തതിനാൽ, അവ മൊത്തം ചില്ലറ രൂപ നിറയ്ക്കേണ്ടി വന്നു. ഫലം എ.ടി.എമ്മുകൾ പെട്ടെന്ന് കാലിയായിക്കൊണ്ടിരുന്നു. ജനങ്ങൾ പൈസ എടുക്കാനാകാതെ വലഞ്ഞു.
ഇന്ത്യയിലെ മഹാഭൂരിപക്ഷം ജനങ്ങളെയും ബാധിയ്ക്കുന്ന ഒരു പരിഷ്കാരം പ്രഖ്യാപിച്ചു നടപ്പാക്കുമ്പോൾ, അത്യാവശ്യം ചെയ്യേണ്ട മുന്നൊരുക്കങ്ങൾ നടത്താൻ സർക്കാർ പരാജയപ്പെട്ടു എന്ന് വ്യക്തം. പ്രഖ്യാപനം നടത്തിയപ്പോൾ വെറും ഒരാഴ്ച കൊണ്ട് നോട്ടുമാറലിന്റെ പ്രശ്നങ്ങൾ അവസാനിയ്ക്കും എന്ന് വീരവാദം പറഞ്ഞ മോഡി സർക്കാർ, പ്രശ്‍നങ്ങൾ വഷളായപ്പോൾ, ഇപ്പോൾ അൻപതു ദിവസങ്ങൾ കൊണ്ടേ പ്രശ്നങ്ങൾ തീരൂ എന്ന് തുറന്നു സമ്മതിയ്ക്കുന്നത് തന്നെ ആ പിടിപ്പുകേടിന്റെ തെളിവാണ്.
ഇനി നോക്കാനുള്ളത് ഈ പരിഷ്കാരങ്ങൾ ഇന്ത്യൻ സാമ്പത്തികവ്യവസ്ഥയ്ക്ക് സഹായകമാകുമോ, കള്ളപ്പണത്തെ തടയുമോ എന്നിങ്ങനെയുള്ള കാര്യങ്ങളാണ്.
(ലേഖനം തുടരും)
===========================
References:
1) http://m.thehindu.com/.../rbi-tells.../article8055067.ece
2)http://economictimes.indiatimes.com/news/economy/finance/indians-sent-a-record-4-6-billion-abroad-as-outward-overseas-remittances/articleshow/52301330.cms
3) http://indianexpress.com/article/business/business-others/fy16-outward-remittance-flow-jumps-3-5-times-post-revised-norms-2798024/
4) http://www.doolnews.com/bharatiya-janata-party-west-bengal-accout-cash-deposit-443.html#sthash.ewvCh6Jh.dpuf
5) https://m.rbi.org.in/Scripts/NotificationUser.aspx...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ