2016, ജൂലൈ 31, ഞായറാഴ്‌ച

മഹാത്മാ കുമ്മനത്തിന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ..

മുട്ടോളമെത്തുന്ന മുണ്ടുമുടുത്ത്, ഒരു മുട്ടൻ വടിയും കൈയ്യിലേന്തിയ, ആ അർദ്ധനഗ്നനായ ഫക്കീർ, പ്രതീക്ഷയോടെ തന്റെ മുഖത്ത് നോക്കുന്നു. "സമ്മതം" എന്നൊരു വാക്കു മാത്രമേ ആ വൃദ്ധൻ പ്രതീക്ഷിയ്ക്കുന്നുള്ളൂ എന്നറിയാം. അദ്ദേഹത്തോട് എങ്ങനെ തന്റെ തീരുമാനം പറയും?..
തന്റെ മുഖത്തു കണ്ട ഭാവഭേദമില്ലായ്മാ മനസ്സിലാക്കിയ പോലെ ബാപ്പുജി പറഞ്ഞു.
"ബേട്ടാ, നിന്റെ തീരുമാനം ഈ രാജ്യത്തിന്റെ ഭാവിയെയാണ് സ്വാധീനിയ്ക്കാൻ പോകുന്നതെന്ന് ഓർക്കുക. നല്ലവനെങ്കിലും നെഹ്റു ദുർബലനാണ്. നിന്നെ പോലെ ശക്തനായ ഒരു പ്രധാനമന്ത്രിയെയാണ് ഈ രാജ്യത്തിന് ആവശ്യം. എത്രയോ വർഷങ്ങളായി ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യസമരപോരാട്ടത്തെ മുന്നിൽ നിന്ന് നയിച്ചവനാണ് നീ. ഇനി ഈ രാജ്യത്തിന്റെ ഭരണവും നീ തന്നെയാണ് നയിയ്ക്കേണ്ടത്. "
"ഇല്ല, ബാപ്പുജി. എനിയ്ക്കതിന് കഴിയില്ല. അധികാരം കൊതിച്ചല്ല ഞാൻ സ്വാതന്ത്ര്യപോരാട്ടത്തിൽ മുണ്ടും മടക്കികുത്തി ഇറങ്ങിയത്. എനിയ്ക്ക് പ്രധാനമന്ത്രിയാക്കണ്ട ."
കടുത്ത നിരാശ ബാപ്പുജിയുടെ മുഖത്ത് പടർന്നു. അതിനെ തൂവാല കൊണ്ട് തുടച്ചു കൊണ്ട് അദ്ദേഹം വീണ്ടും വീണ്ടും പലതും പറഞ്ഞു കൊണ്ട് നിർബന്ധിച്ചു. എന്നാൽ തന്റെ തീരുമാനം അന്തിമമായിരുന്നു. നിരാശനായി മടങ്ങുമ്പോൾ വാതിക്കൽ നിന്നും ബാപ്പുജി ഇത്രയും കൂടി പറഞ്ഞു.
"നീ എന്റെ ഹൃദയമാണ് തകർത്തത്."
ആ വാക്കുകൾ ഒരു അലർച്ചയായി ഡോൾബി എക്കോ ഇഫക്റ്റോടെ വീണ്ടും വീണ്ടും കാതുകളിൽ മുഴങ്ങുന്നു.
കുമ്മനം ഞെട്ടിയുണർന്നു.
കിടക്കയിൽ ചാരിയിരുന്ന് അദ്ദേഹം ആലോചിച്ചു. താൻ അന്ന് ചെയ്തത് ശരിയ്ക്കും തെറ്റ് തന്നെയാണോ. അന്ന് ആ തെറ്റ് ചെയ്തില്ലായിരുന്നെകിൽ ബാപ്പുജിയെ തനിയ്ക്ക് നഷ്ടമാകില്ലായിരുന്നു എന്നാലോചിയ്ക്കുമ്പോൾ ഇന്നും കണ്ണ് നിറയും.
എവിടെയാണ് ഈ തെറ്റുകൾ തുടങ്ങിയത്?
തന്റെ ഗുരുജിയായ ഗോൾവർക്കർ ആദ്യം മുതലേ കർശനമായി പറഞ്ഞിരുന്നു, 'സ്വാതന്ത്ര്യസമരപോരാട്ടത്തിന്റെ നാലയലത്ത് പോലും സംഘപ്രവർത്തകർ പോകാൻ പാടില്ലായെന്ന്.' ഗുരുവിന്റെ ആ ഉത്തരവ് താൻ അനുസരിച്ചില്ല. ബാക്കിയുള്ള സംഘപ്രവർത്തകർ ഉത്തമരായി കുറുവടി അഭ്യാസം, വർഗീയകലാപം, മുസ്ലിം ആക്രമണം, ദളിത് പീഡനം, ബ്രിട്ടീഷ് സേവനം, ഗാന്ധി അധിക്ഷേപം എന്നിങ്ങനെ സംഘപരിപാടികളുമായി മുന്നോട്ടു പോയപ്പോൾ , അധമനായ താൻ ഉപ്പു സത്യാഗ്രഹത്തിലും, ജാലിയൻവാല ബാഗിലും, നിസ്സഹരണ സമരത്തിലും, ഒക്കെ പങ്കെടുത്ത് ബാപ്പുജിയുടെ തോളിൽ കൈയിട്ടു നടക്കുകയായിരുന്നു.
ഗുരുശാപം തന്നെ.. അല്ലെങ്കിൽ അങ്ങനെയൊക്കെ സംഭവിയ്ക്കുമോ?
താൻ ഒഴിഞ്ഞ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് നെഹ്റുവിനെ നിയമിച്ചെങ്കിലും, ബാപ്പുജി അതീവദുഃഖിതനായിരുന്നു. ഇന്ത്യ വിഭജിച്ച സമയമായത് കൊണ്ട് രാജ്യമെങ്ങും മുസ്ലീങ്ങളെ തിരഞ്ഞു പിടിച്ച് കൊല്ലുന്ന വലിയ ഉത്തരവാദിത്വം സംഘപ്രവർത്തകർ ആത്മാർത്ഥമായി ചെയ്തിരുന്ന സമയമായതിനാൽ അദ്ദേഹത്തെ പോയി കാണാൻ പോലും പറ്റിയില്ല. നിരാശ കൊണ്ട് അദ്ദേഹം എന്തെങ്കിലും കടുംകൈയ്ക്ക് തുനിയുമെന്ന ചിന്ത പോലും തനിയ്ക്ക് ഉണ്ടായിരുന്നില്ല. ഒരു പക്ഷെ തന്നെ പ്രധാനമന്ത്രിയാക്കാത്തതിൽ അരിശം പൂണ്ട ഏതെങ്കിലും ഇന്ത്യൻ പൗരൻ അദ്ദേഹത്തെ വധിയ്ക്കാൻ ശ്രമിയ്ക്കുമോ എന്ന ഭയമായിരുന്നു മനസ്സിൽ. അതിനാലാണ് സംഘത്തിലെ മുതിർന്ന നേതാവായ നാഥുറാം വിനായക ഗോഡ്സെയെ ബാപ്പുവിന്റെ രഹസ്യമായി പിന്തുടർന്ന് സംരക്ഷണം കൊടുക്കാനായി ബോഡി ഗാർഡായി ബാപ്പുജിയുടെ അടുത്തേയ്ക്ക് അയച്ചത്. ആ മണ്ടൻ അവിടെപ്പോയി, "തന്നെ കുമ്മനം ബാപ്പുജിയുടെ ബോഡി ഗാർഡായി നിയമിച്ച് അയച്ചതായി" ബാപ്പുവിനോട് നേരിട്ട് പറഞ്ഞു. അതുകേട്ട ബാപ്പുജി, ദുഃഖം സഹിയ്ക്കാനാകാതെ, ഗോഡ്സെയുടെ പോക്കറ്റിൽ നിന്നും തോക്ക് പിടിച്ചു വാങ്ങി, സ്വയം വെടി വെച്ച് ആത്മഹത്യ ചെയ്തു.
ഗോഡ്സെയുടെ മണ്ടത്തനത്തിന്, പുകവലിയ്ക്കെതിരെയുള്ള പരസ്യത്തിൽ പറയും പോലെ , "വലിയ വില" കൊടുക്കേണ്ടി വന്നു. അതിനെപ്പറ്റി എന്തൊക്കെ ഗോസിപ്പാണ് പിന്നീടുണ്ടായത്. ഗോഡ്സെ ഗാന്ധിജിയെ വെടി വെച്ച് കൊന്നത്രെ. അതും സംഘം പറഞ്ഞു വിട്ടാണ് കൊല ചെയ്യിച്ചതത്രെ... എന്തൊരു വലിയ നുണയാണത്. ഭാഗൃത്തിന് ഗോഡ്സെയുടെ സംഘത്തിലെ മെമ്പർഷിപ്പ് ഗാന്ധിജി മരിയ്ക്കുന്നതിന് ഒരു ദിവസം മുൻപ് എക്സ്പിയർ ആയിപ്പോയത് കൊണ്ട് മാത്രം സംഘത്തിലെ പലരും കൊലക്കേസിൽ പ്രതിയാകാതെ രക്ഷപ്പെട്ടു.
അന്ന് താൻ സമ്മതം മൂളിയിരുന്നെകിൽ ഇത് വല്ലതും സംഭവിയ്ക്കുമായിരുന്നോ? പോയ ബുദ്ധി തിരികെ തരാൻ വെള്ളാപ്പള്ളി നടേശൻ വിചാരിച്ചാൽ പോലും പറ്റുമോ. സഹിയ്ക്കുക തന്നെ..
പ്രഭാതം പൊട്ടിവിടർന്നിരിയ്ക്കുന്നു. കിടക്കയിൽ നിന്നും എണീറ്റ്, ആ പൊട്ടിയ കഷ്ണങ്ങളിൽ ചവിട്ടാതെ, അദ്ദേഹം പുറത്തേയ്ക്ക് നടന്നു.
മാനത്ത് സൂര്യൻ കാവി നിറം വാരി വിതറിയിരിയ്ക്കുന്നു. പക്ഷികൾ ഗണഗാനം പാടുന്നു. വീട്ടിലെ ഗോശാലയിൽ നിന്നും ഒരു ഗോമാതാവ് മധുരമായി അമറുന്നു. ആ മധുരമായ സ്വരം കുമ്മനത്തിന്റെ മനസ്സ് നിറച്ചു.
"ആ പശുവിനെ ചവിട്ടിയ്ക്കാൻ സമയമായി. അമറുന്നത് കേട്ടില്ലേ."
തിരിഞ്ഞു നോക്കി. കൈരേഖ സുരേന്ദ്രനാണ്. "ശവം. നല്ലൊരു മൂഡ് കളഞ്ഞു" മനസ്സിൽ പ്രാകികൊണ്ട് കുമ്മനം ചിരിച്ചു.
"എന്തുണ്ട് സുരേന്ദ്രാ, അതിരാവിലെ?
"കുമ്മനംജി. നമ്മുടെ കേസ് ....!"
"ഏതു കേസ്?"
"മുഖ്യമന്ത്രി നിയമോപദേഷ്ടാവിനെ നിയമിച്ചത് തെറ്റാണ് എന്ന് പറഞ്ഞ് നമ്മൾ കൊടുത്ത കേസ്...!"
"ഓ..ആ കേസോ.. എന്തായി അത്?"
സുരേന്ദ്രന്റെ മുഖത്ത് നിരാശ പടർന്നു. "ജഡ്ജി കേസ് എടുത്ത് ചവറ്റു കുട്ടയിൽ ഇട്ടു കുമ്മനംജി.."
ഞെട്ടിപ്പോയ കുമ്മനംജി ചോദിച്ചു.
"എന്ത് പറ്റി. മുദ്രപേപ്പറിൽ സ്റ്റാമ്പ് ഒട്ടിച്ചിരുന്നില്ലേ?"
"അല്ല കുമ്മനംജി.. അങ്ങനെ ഒരു നിയമനം നടന്നിട്ടില്ല . നടക്കാത്ത നിയമനത്തിനെതിരെ എന്തിന് കേസ് കൊടുത്തു എന്ന് ചോദിച്ച് ജഡ്ജി കളിയാക്കുകയും ചെയ്തു."
"ഈശ്വരാ..."കുമ്മനംജി ദീർഘനിശ്വാസം വിട്ടു.
"അത് പിന്നെയും സഹിയ്ക്കാം. മുഖ്യമന്ത്രിയ്ക്ക് ഉപദേഷ്ടാവിനെ വയ്ക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും, അങ്ങനെ വയ്ക്കാൻ പാടില്ല എന്ന് പറയാൻ താൻ ആരുവാ എന്ന് ജഡ്ജി നമ്മുടെ വക്കീലിന്റെ മുഖത്തു നോക്കി ചോദിച്ചു. ചങ്കിലാ അത് കൊണ്ടത്. നമ്മൾ നാണം കേട്ട് പോയി കുമ്മനംജി.."
കുമ്മനംജി ഒന്നും മിണ്ടിയില്ല.. ദൂരേയ്ക്ക് കണ്ണും നട്ട് നിന്ന്. അറിയാതെ ചുണ്ടിൽ നിന്നും വാക്കുകൾ ചിതറി..
"ഹേ റാം!"
വെളുപ്പാൻ കാലത്ത് കുമ്മനംജി എന്തിനാണ് റം അന്വേഷിയ്ക്കുന്നതെന്ന് ചിന്തിച്ചു കൊണ്ട്, സുരേന്ദ്രൻ അടുത്തുള്ള ബിവറേജ് ഷോപ്പ് തപ്പി നടന്നു മറഞ്ഞു.