2016, മാർച്ച് 3, വ്യാഴാഴ്‌ച

കനയ്യ കുമാറിന് ജാമ്യം ലഭിച്ചപ്പോൾ...


രാജ്യദ്രോഹ കുറ്റം എന്നത് ജാമ്യമില്ലാ വകുപ്പാണ്. എന്നിട്ടും ജാമ്യം കൊടുക്കാതിരിയ്ക്കാൻ കോടതിയ്ക്ക് കഴിയാതെ പോയത്, നിയമത്തിന്റെ മുന്നിൽ ഈ കേസിന്റെ നിലനിൽപ്പ് തന്നെ വളരെ ദുർബലമാണ് എന്ന സത്യം ഉൾക്കൊണ്ടു തന്നെയാണ്. അത് കന്നയ്യയുടെ വിജയമാണ്. വിധി പറഞ്ഞത് ദിവസങ്ങളോളം വലിച്ചു നീട്ടി, ഒടുവിൽ വൈകുന്നേരം കോടതി പൂട്ടുന്ന സമയം വരെ വിധി പറയാതെ താമസിപ്പിച്ച, (അത് മൂലം ജാമ്യം കിട്ടിയിട്ടും ഒരു ദിവസം കൂടി കനയ്യയ്ക്ക് ജയിലിൽ കഴിയേണ്ടി വന്നു) ജഡ്ജിയ്ക്ക് അധികാരകേന്ദ്രങ്ങളിൽ നിന്നും അനുഭവിയ്ക്കേണ്ടി വന്ന സമ്മർദം വിധിന്യായത്തിൽ വ്യക്തമാണ്. സർക്കാരിനെ പിണക്കാതെ, അതേ സമയം ഒരു നിരപരാധിയെ അനാവശ്യമായി ജയിലിൽ കിടത്താതെ, ഒരു ബാലൻസ് ഉണ്ടാക്കാനുള്ള തന്ത്രപ്പാട് ആ വിധിന്യായം വിലയിരുത്തിയാൽ കാണാം.
കേസ് പ്രാഥമിക ഘട്ടത്തിൽ ആയതിനാലും, തെളിവുകൾ വ്യക്തമല്ലാത്തതിനാലും കനയ്യ കുറ്റവാളി ആണോ അല്ലയോ എന്ന് വിലയിരുത്താൻ താൻ മുതിരുന്നില്ല എന്ന് വിധിന്യായത്തിന്റെ ആദ്യഭാഗത്ത് പറയുന്ന ജഡ്ജി, പക്ഷെ അവസാനഭാഗത്ത് നടത്തുന്ന പരാമർശങ്ങൾ ആ നിലപാടിന് കടകവിരുദ്ധമാണ്. ദേശസ്നേഹം എന്നത് പട്ടാളക്കാരിൽ ഒതുങ്ങി നിൽക്കുന്ന ഒന്നാണോ? പട്ടാളക്കാരുടെ ജോലിയുടെ കാഠിന്യം നോക്കിയാണോ ജനങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധി നിശ്ചയിയ്ക്കുന്നത്? കോടതിവിധികൾ വികാരങ്ങളുടെ പുറത്തല്ല, വസ്തുതകളുടെ പുറത്താണ് ഉണ്ടാകേണ്ടത് എന്ന സുപ്രീം കോടതി നിർദ്ദേശങ്ങളെ ജഡ്ജി പാടെ മറന്നു പോയെന്നു തോന്നുന്നു. കന്നയ്യ കുമാർ കോളേജ് യൂണിയൻ പ്രസിഡന്റ് ആയതിനാൽ കോളേജിൽ നടക്കുന്ന എല്ലാ സംഭവങ്ങൾക്കും ഉത്തരവാദിയാണ് എന്ന കോമഡി പരാമർശങ്ങൾ ഒക്കെ വിധിയിൽ വന്നത് അത് കൊണ്ടാകാം.
കേസ് എങ്ങോട്ടാണ് പോകുന്നതെന്ന് തലയ്ക്കു വെളിവുള്ള എല്ലാവർക്കും നന്നായിട്ട് അറിയാം. തെളിവുകൾ ദുർബലമായതിനാൽ, കനയ്യയെ പോയിട്ട് ഉമർ ഖാലിദിനെ പോലും ശിക്ഷിയ്ക്കാനുള്ള വകുപ്പ് ഈ കേസിൽ ഇല്ല എന്നത് വ്യക്തമാണ്. കനയ്യയെ ഈ കേസിൽ പെടുത്താൻ നോക്കിയത് സംഘികൾക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തനവുമാണ്. ആ പരിപാടി സംഘടിപ്പിച്ച ഉമർ ഖാലിദിലും, കൂട്ടരിലും കേസ് ഒതുക്കിയിരുന്നെങ്കിൽ ഒരു പക്ഷെ കേസ് അവരുടെ വഴിയ്ക്ക് പോകുമായിരുന്നു. കനയ്യയെ കുടുക്കാൻ സംഘികൾ കള്ളതെളിവുകൾ ഉണ്ടാക്കിയപ്പോൾ, ഈ കേസ് മൊത്തമായി ദുർബലപ്പെടുകയായിരുന്നു.
മാത്രമല്ല ജെ.എൻ.യുവിൽ മാത്രം ഒതുങുമായിരുന്ന കനയ്യ കുമാർ എന്ന ചെറുപ്പക്കാരൻ അതോടെ ഒരു ദേശീയ നേതാവായി മാറി. യു-ടൂബിൽ വന്ന കനയ്യയുടെ പ്രസംഗം ദിവസങ്ങൾക്കകം ലക്ഷങ്ങളാണ് കണ്ടത്. അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ ഈ ചെറുപ്പക്കാരനെകുറിച്ച് പേജുകളോളം എഴുതി. കേസിന്റെ ഭാവി എന്തായാലും, ഇന്ന് ഇന്ത്യയിലെ സംഘപരിവാർ വിരുദ്ധ രാഷ്ട്രീയത്തിന്റെ മുന്നണിപോരാളിയായി കനയ്യകുമാർ മാറിയിരിയ്ക്കുകയാണ്. സ്വന്തം ബുദ്ധിമോശം കാരണം, അരവിന്ദ് കെജ്രിവാളിനു ശേഷം, ഭാവിയിലെ മറ്റൊരു ജനപ്രിയനും ശക്തനുമായ എതിരാളിയെയാണ് ബി.ജെ.പിക്കാർ സൃഷ്ടിച്ചിരിയ്ക്കുന്നത്.
എന്നാൽ അതിലുമേറെ ബി.ജെ.പിയുടെ ഈ രാഷ്ട്രീയമണ്ടത്തനങ്ങൾ ക്ഷതം ഏൽപ്പിച്ചത് ഇന്ത്യയുടെ വിദേശനയത്തെയും കശ്മീരിനെ സംബന്ധിച്ച നിലപാടുകളെയുമാണ്. ഒതുങ്ങി കിടന്നിരുന്ന കാശ്മീർ വിഷയം അന്താരാഷ്ട്രശ്രദ്ധയിൽ കൊണ്ടു വരുക മാത്രമല്ല, ഇന്ത്യ അഭിപ്രായ സ്വാതന്ത്ര്യത്തിനു പോലും വില കൽപ്പിയ്ക്കാത്ത ജനാധിപത്യവിരുദ്ധ സർക്കാർ ഭരിയ്ക്കുന്ന രാജ്യമാണ് എന്നുള്ള പ്രതിശ്ചായ സൃഷ്ടിയ്ക്കാനും ഈ വിവാദങ്ങൾ ഇടയാക്കി. അത് കാശ്മീർ വിഷയത്തിൽ അന്താരാഷ്ട്രവേദിയിൽ ഇന്ത്യൻ നിലപാടുകളെ ദുർബലപ്പെടുത്തുകയേ ഉള്ളൂ. (അത് കൃത്യമായി മനസ്സിലാക്കിയത് കൊണ്ടാണ് ബി.ജെ.പി മന്ത്രിമാരിൽ അൽപമെങ്കിലും വകതിരുവുള്ള ഒരേ ഒരു മന്ത്രിയായ, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, ഇത്രയും വിവാദങ്ങൾ ഉണ്ടായിട്ടും ഒരക്ഷരം മിണ്ടാത്തത്) ഒരു ക്യാമ്പസിൽ നടന്ന സംഭവത്തെ ഒരു അന്തർദേശീയ വിഷയമാക്കാതെ, യൂണിവേര്സിറ്റി അധികാരികളെ കൊണ്ടു തന്നെ പരിപാടി സംഘടിപ്പിച്ച വിദ്യാർഥികൾക്കെതിരെ നടപടികൾ എടുപ്പിച്ച്, മറ്റുള്ള വിഷയങ്ങൾ രഹസ്യാന്വേഷണ വിഭാഗത്തെ ഉൾപ്പെടുത്തി അന്വേഷിച്ചു കണ്ടെത്താൻ ശ്രമിയ്ക്കുകയായിരുന്നു ബുദ്ധിയുള്ള സർക്കാർ ചെയ്യേണ്ടിയിരുന്നത്. എന്നാൽ കോളേജിലെ എ.ബി.വി.പി യൂണിറ്റ്, ആർ.എസ്.എസ്, ബി.ജെ.പിയിലെ തീവ്രവാദിവിഭാഗങ്ങൾ എന്നിവരുടെ സമ്മർദം വഴി, ചില ന്യൂസ് ചാനലുകളുടെ സഹായത്തോടെ ഇതൊരു വൻവിവാദമാക്കിയപ്പോൾ കേന്ദ്രസർക്കാർ മുറിവേൽപ്പിച്ചത് ഇന്ത്യൻ ജനാധിപത്യത്തെയോ, നാനാത്വത്തിൽ എകത്വത്തെയോ മാത്രമല്ല, കാശ്മീർവിഷയത്തിലെ വിദേശനയത്തെ കൂടിയാണ്.
വാൽകഷ്ണം:
അല്ല, അറിയാൻ മേലാണ്ട് ചോദിയ്ക്കുവാ.... നരേന്ദ്ര മോഡി ബിരിയാണി തിന്നാൻ ചെന്നപ്പോൾ, പാകിസ്ഥാന്റെ കൈയ്യിൽ ഇന്ത്യയെ അടിയ്ക്കാൻ വടി കൊടുക്കാമെന്ന് , നവാസ് ഷെരീഫിന് വല്ല ഉറപ്പും കൊടുത്തിരുന്നോ?