2015, ഡിസംബർ 29, ചൊവ്വാഴ്ച

അന്ധവിശ്വാസങ്ങളില്‍ നിന്നും അന്ധവിശ്വാസങ്ങളിലെയ്ക്ക് ഇന്ത്യയുടെ യാത്ര..

നൂറ്റാണ്ടുകള്‍ നീണ്ട വിദേശഭരണത്തിന്റെ അവസാനം കുറിച്ച് 1947 ആഗസ്റ്റ്‌ 15ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കൈമാറാന്‍ ബ്രിട്ടന്‍ തീരുമാനിച്ച വിവരം അവസാനത്തെ വൈസ്രോയി ആയിരുന്ന ലോര്‍ഡ്‌ മൌണ്ട്ബാറ്റന്‍ പ്രഖ്യാപിച്ചപ്പോള്‍, അതിനെതിരെ ശക്തമായി പ്രതിഷേധിച്ച ഒരു കൂട്ടര്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നു. ജോതിഷികള്‍ എന്നറിയപ്പെട്ടുന്ന ഒരു കൂട്ടം അപൂര്‍വ്വജീവികള്‍. ആഗസ്റ്റ്‌ 15 ഒരു അശുഭ ദിവസമാണെന്നും, നക്ഷത്രവിധിപ്രകാരം നല്ല കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ലാത്ത ദിവസം ആണെന്നും ഉള്ള അവരുടെ “കണ്ടുപിടിത്തം” ആയിരുന്നു ഈ എതിര്‍പ്പിന് കാരണം. സ്വാതന്ത്ര്യദിവസം മറ്റൊരു ദിവസത്തേയ്ക്ക് മാറ്റണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുക്കെ, 1945 ആഗസ്റ്റ്‌ 15നാണ് ജാപ്പനീസ് സൈന്യം ബ്രിട്ടീഷ് സൈന്യത്തിന്റെ കമാണ്ടര്‍ ആയിരുന്ന മൌണ്ട്ബാറ്റനു മുന്നില്‍ കീഴടങ്ങിയത്. അതിനാല്‍ ആഗസ്റ്റ്‌ 15 എന്ന ദിവസത്തെ തന്റെ ഭാഗ്യദിവസമായി കണ്ടിരുന്ന ലോര്‍ഡ്‌ മൌണ്ട്ബാറ്റന്‍ അതിനു തയ്യാറായില്ല. ആഗസ്റ്റ്‌ 15നു തന്നെ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കൈമാറുമെന്ന് സംശയത്തിനിട നല്‍കാതെ അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
ഇന്ത്യന്‍ നേതാക്കള്‍ ജ്യോതിഷിമാരുടെ സമ്മര്‍ദ്ധത്തിനു വഴങ്ങി ഒരു ഒത്തുതീര്‍പ്പ് മുന്നോട്ടു വെച്ചു. ആഗസ്റ്റ്‌ 14 തീര്‍ന്ന് 15 തുടങ്ങുന്ന അര്‍ദ്ധരാത്രി 12 മണിയ്ക്ക് സ്വാതന്ത്ര്യപ്രഖ്യാപനം നടത്താം എന്നായിരുന്നു അവരുടെ നിര്‍ദ്ദേശം. ഇന്ത്യന്‍ ജ്യോതിഷപ്രകാരം സൂര്യന്‍ ഉദിച്ച സമയം മുതലേ ദിവസം തുടങ്ങുന്നൂ എന്നതിനാല്‍ രാത്രി 12 മണി എന്ന സമയം ആഗസ്റ്റ്‌ 15 എന്ന ദിവസമായി വരാത്തതിനാല്‍ ജ്യോതിഷിമാര്‍ക്കും സമ്മതമായിരുന്നു. അങ്ങനെ 1947 ആഗസ്റ്റ്‌ 14 അര്‍ദ്ധരാത്രി 12 മണി കഴിഞ്ഞപ്പോള്‍ ഇന്ത്യ സ്വതന്ത്രയായി.
ഇന്ത്യന്‍ സമൂഹത്തില്‍ ജ്യോതിഷം പോലുള്ള അന്ധവിശ്വാസങ്ങള്‍ ചെലുത്തുന്ന സ്വാധീനത്തിന്റെ ഭീകരത വെളിവാക്കാന്‍ വേണ്ടിയാണ് ഈ സംഭവം വിവരിച്ചത്. നൂറ്റാണ്ടുകള്‍ നീണ്ട ലക്ഷക്കണക്കിന്‌ ഇന്ത്യക്കാരുടെ ത്യാഗത്തിന്റെ ഫലമായി ലഭിച്ച സ്വാതന്ത്ര്യത്തിന്റെ വരവിനെ വരെ മാറ്റി വയ്ക്കാവുന്ന വിധത്തില്‍ രൂഡമൂലമാണ് സാമാന്യ ഇന്ത്യന്‍ജനതയുടെ മനസ്സില്‍ അന്ധവിശ്വാസങ്ങളുടെ വേരുകള്‍ എങ്കില്‍ സാധാരണ ജീവിതത്തില്‍ അവയുടെ സ്വാധീനം എത്ര വലുതാണ്‌ എന്ന് ഊഹിയ്ക്കാവുന്നതെ ഉള്ളൂ.
അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഒരു ജീവസ്പന്ദനമായി ഒട്ടിപ്പിടിച്ചു കിടക്കുന്ന കാലഘട്ടം മുതല്‍ തന്നെ ഒരു ശരാശരി ഭാരതീയന്‍ അന്ധവിശ്വാസങ്ങളുടെ ഒരു മായാവലയത്തില്‍ തന്നെയാണ് ജീവിതയാത്ര തുടങ്ങുന്നത്. സന്താനപൂജകള്‍ മുതല്‍ ഗര്‍ഭസ്ഥ ശിശുവിനു വേണ്ടിയുള്ള പൂജകള്‍, ഗര്‍ഭരക്ഷ യന്ത്രങ്ങള്‍ മുതല്‍ നല്ല നാളും മുഹൂര്‍ത്തവും നോക്കി സിസേറിയന്‍ നടത്തുന്നത് പോലുള്ള കര്‍മ്മങ്ങള്‍ കഴിഞ്ഞാകും ഒരു പിറവിയെങ്കിലും പലപ്പോഴും ഉണ്ടാകുന്നത്.
നൂലുകെട്ട്, മാമ്മോദിസ, സുന്നത്ത് തുടങ്ങിയ മതപരമായ അടിചെല്‍പ്പിയ്ക്കലുകളും, ചടങ്ങുകള്‍ക്കും അപ്പുറം ഇന്ത്യന്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങളുടെ ലിസ്റ്റ് മറ്റേതൊരു പരിഷ്കൃത സമൂഹത്തിലും കാണുന്നതിനെക്കാള്‍ നീണ്ടതാണ്. പലപ്പോഴും അവ ജീവിതങ്ങളെ തകര്‍ക്കാനും, വര്‍ഗീയലഹളകള്‍ ഉണ്ടാക്കാനും വരെ പര്യാപ്തമാണ്.
ഈ അപകടം മനസ്സിലാക്കിയാണ് ഭരണഘടനാ ശില്‍പികള്‍ ഇന്ത്യന്‍ ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍ 51 A (h) ഉള്‍പ്പെടുത്തിയത്. "ശാസ്ത്രബോധവും മാനുഷികത്വവും അന്വേഷണബുദ്ധിയും നവീകരണവാസനയും വികസിപ്പിക്കണം" എന്നാണ് ഈ ആര്‍ട്ടിക്കിള്‍ പറയുന്നത്. എന്നാല്‍ ഇതിനായി ബോധപൂര്‍വമായ ഒരു ശ്രമവും ഇന്ത്യന്‍ ഭരണാധികാരികള്‍ നടത്തിയിട്ടുണ്ടോ? എന്ന് മാത്രമല്ല നേര്‍വിപരീതമായ കാര്യങ്ങള്‍ നടന്നിട്ടുമുണ്ട്‌.
ജ്യോതിഷികളുടെ കുറുപ്പടിപ്രകാരം മാത്രം രാഷ്ട്രീയനീക്കങ്ങള്‍ നടത്തുന്ന രാഷ്ട്രീയക്കാരും, ഭരണം കിട്ടാനായി നഗ്നപൂജ വരെ നടത്തുന്ന നേതാക്കളും നമ്മുടെ രാജ്യത്ത് സുലഭമാണ്. അന്ധവിശ്വാസങ്ങളെ എതിര്‍ത്ത നരേന്ദ്ര ദാബോല്‍ക്കര്‍, ഗോവിന്ദ പര്‍സാനെ, ചേകനൂര്‍ മൌലവി, സനല്‍ ഇടമറുക് മുതലായ സാമൂഹികപ്രവര്‍ത്തകരുടെ അനുഭവം തന്നെ ഇത്തരം വിശ്വാസങ്ങളുടെ അപകടാവസ്ഥ മനസ്സിലാക്കിത്തരുന്നു. ജ്യോതിഷം അടക്കമുള്ളവ സിലബസ്സില്‍ ഉള്‍പ്പെടുത്താനും, ആള്‍ദൈവങ്ങളെ പ്രീതിപ്പെടുത്താനും പല സംസ്ഥാനങ്ങളിലും ഭരണാധികാരികള്‍ മത്സരത്തിലാണ്. ദേശീയ ശാസ്ത്ര കൊണ്ഗ്രെസ്സ് പോലൊരു ഗൌരവതരമായ വേദിയില്‍ രാവണന്റെ പുഷ്പക വിമാനത്തിന്റെ ചരിത്രം വിളമ്പുന്ന “ശാസ്ത്ര അഞ്ജര്‍” പ്രത്യക്ഷപ്പെടുന്നതും പുതിയ കാഴ്ചയാണ്. ഗണേശഭഗവാൻ പ്ലാസ്റിക് സർജറിയുടെ സൃഷ്ടിയാണെന്നും കൌരവർ ടെസ്റ്റ്യൂബ് ശിശുക്കളായിരുന്നുവെന്നും പരസ്യമായി പറഞ്ഞിട്ടുള്ള ഒരു രാഷ്ട്രീയക്കാരനാണ് ഇന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന്‍ മനസ്സിലാക്കുമ്പോള്‍ അറിയാം ഈ വിഷയത്തില്‍ നമ്മുടെ ഭരണകൂടത്തിന്റെ ഇന്നത്തെ ദയനീയഅവസ്ഥ.
ഇപ്പോള്‍ അതുപോലൊരു ഭരണകൂടതമാശ തെലുങ്കാന മണ്ണില്‍ നടക്കുകയാണ്. മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു ഏഴു കോടി രൂപ മുടക്കി ഒരു യാഗം നടത്തുകയാണ്. ഹൈദ്രാബാദില്‍ നിന്നും 80 കിലോമീറ്റര്‍ അകലെ മേധാക് ജില്ലയില്‍ ഏറവെള്ളി എന്ന ഗ്രാമത്തില്‍, ചന്ദ്രശേഖര റാവുവിന്റെ സ്വന്തമായ ഒരു ഫാം ഹൌസില്‍ “ആയുധ മഹാചന്ദി യഗ്യം” എന്ന പേരില്‍ അഞ്ചു ദിവസമായി നടക്കുന്ന ഈ മെഗാ യാഗത്തില്‍ 1500 പൂജാരിമാര്‍ പങ്കെടുക്കുന്നു. ഈ യാഗത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ പ്രസിഡന്റ്‌, ഗവര്‍ണ്ണര്‍മാര്‍, ആന്ധ്രപ്രദേശ്‌ മുഖ്യമന്ത്രി അടക്കമുള്ള വി.ഐ.പി കള്‍ക്ക് ക്ഷണമുണ്ടായിരുന്നു. പലരും പങ്കെടുക്കുകയും ചെയ്തു.
യാഗം നടത്താനുള്ള കാരണം നിസ്സാരമല്ല. കുറച്ചു കാലമായി മഴ പെയ്യാത്തതിനാല്‍ തെലുങ്കാനയില്‍ വരള്‍ച്ച രൂക്ഷമാണ്. അനേകം കര്‍ഷകര്‍ കൃഷി നശിച്ച് ആത്മഹത്യ ചെയ്തു കഴിഞ്ഞു. സര്‍ക്കാര്‍ എന്ത് ചെയ്യും! അപ്പോള്‍ മഴദൈവങ്ങളെ പ്രീതിപ്പെടുത്തി വരള്‍ച്ച അകറ്റി സംസ്ഥാനത്തെ രക്ഷിയ്ക്കാം എന്ന്‍ സംസ്ഥാന മുഖ്യമന്ത്രിയ്ക്ക് തോന്നിയാല്‍ കുറ്റം പറയാന്‍ പറ്റുമോ?
സംസ്ഥാന ഖജനാവിനെ പിഴിയുന്ന ഒരു പരിപാടിയാണ് ഈ യാഗം എന്ന ആരോപണം ഉയര്‍ന്നപ്പോള്‍, ചന്ദ്രശേഖര റാവു അതിന്റെ ചിലവ് സ്പോന്സര്‍മാരെ കണ്ടെത്തി താന്‍ തന്നെ വഹിയ്ക്കുമെന്ന് വ്യക്തമാക്കി. (സംസ്ഥാന മുഖ്യമന്ത്രിയ്ക്കാണോ സ്പോന്സര്‍മാരെ കണ്ടെത്താന്‍ പാട്...!)
എങ്കിലും യാഗത്തിന് വേണ്ടി ചിലവാക്കുന്ന വൈദ്യുതി, വെള്ളം, പോലീസ് മുതലായ എല്ലാ അനുബന്ധ സൌകര്യങ്ങളുടെയും ചിലവ് നികുതിദായകന്റെ പോക്കറ്റില്‍ നിന്ന് തന്നെയാണ് ചിലവാകുന്നത് എന്നത് ഒരു സത്യമായി നിലനില്‍ക്കുന്നു.
പക്ഷെ, ജനങ്ങളെയും ദൈവങ്ങളെയും ഒരുപോലെ സോപ്പിട്ടു കളയാം എന്ന ചന്ദ്രശേഖര റാവുവിന്റെ പദ്ധതി ദൈവങ്ങള്‍ക്ക് പോലും പിടിച്ചില്ല എന്ന് വേണം കരുതാന്‍. യാഗത്തിന്റെ അഞ്ചാം ദിവസം യാഗസ്ഥലത്ത് മുഖ്യപന്തലില്‍ വന്‍ തീപിടിത്തം ഉണ്ടായി. യാഗത്തില്‍ പങ്കെടുത്ത തെലുങ്കാന ഗവര്‍ണ്ണര്‍ നരസിംഹന്‍, കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു, സംസ്ഥാന മന്ത്രിമാര്‍, മറ്റു വി.ഐ.പികള്‍ അടക്കമുള്ളവര്‍, ‘മരിച്ചു കൊണ്ടുള്ള പുണ്യം വേണ്ട’ എന്ന് കരുതി ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു. ദൈവം ഇടപെട്ട് തീ അണയ്ക്കാന്‍ സാധ്യത ഇല്ലാത്തതിനാല്‍, അഗ്നിശമന വിഭാഗം പാഞ്ഞെത്തി, കഠിന പ്രയത്നം നടത്തി ഒടുവില്‍ തീ അണച്ചു. യാഗത്തില്‍ പങ്കെടുക്കാന്‍ വന്നു കൊണ്ടിരുന്ന ഇന്ത്യന്‍ പ്രസിഡന്റ്‌ പ്രണാബ് മുക്കര്‍ജി വിവരമറിഞ്ഞു സന്ദര്‍ശനം റദ്ദാക്കി തിരികെ പോയി.
ഏഴു കോടി രൂപ കത്തിച്ചു കളഞ്ഞ് ചന്ദ്രശേഖര റാവു എന്താണ് നേടാന്‍ ഉദ്ദേശിച്ചതെന്ന് അയാള്‍ക്ക്‌ മാത്രമേ അറിയൂ. പക്ഷെ, ആ രൂപ ഉപയോഗിച്ച് ആത്മഹത്യ ചെയ്ത കര്‍ഷക കുടുംബങ്ങളെ സഹായിയ്ക്കാനോ, അല്ലെങ്കില്‍ വറ്റി വരണ്ട പാടങ്ങളെ നനയ്ക്കാനായി ജലസേചന പദ്ധതികള്‍ തയ്യാറാക്കാനോ ആയിരുന്നു ചന്ദ്രശേഖര റാവു ശ്രമിച്ചിരുന്നുവെങ്കില്‍ അതായിരുന്നേനെ ആ സംസ്ഥാനത്തോട് അയാള്‍ ചെയ്യുന്ന ഏറ്റവും വലിയ നന്മ.
അന്ധവിശ്വാസങ്ങളെ വളര്‍ത്താന്‍, ഭരണകൂടങ്ങള്‍ തന്നെ ബോധപൂര്‍വ്വം ശ്രമിയ്ക്കുമ്പോള്‍ നമ്മുടെ രാജ്യം വീണ്ടും പോകുന്നത് അന്ധകാരത്തിലേയ്ക്ക് തന്നെയാണ്. അന്ധവിശ്വാസങ്ങളില്‍ നിന്നും അന്ധവിശ്വാസങ്ങളിലെയ്ക്ക് ഇന്ത്യയുടെ യാത്ര തുടരുമ്പോള്‍ ഒരു ചോദ്യം മാത്രം അവശേഷിയ്ക്കുന്നു.. “ഈ പൂച്ചയ്ക്ക് ആര് മണി കെട്ടും?”

2015, ഡിസംബർ 8, ചൊവ്വാഴ്ച

ചെന്നയിലെ പ്രകൃതി ദുരന്തത്തിലും വർഗീയതയുടെ വാഴ വെട്ടാൻ നടക്കുന്നവർ.

.. ചെന്നയിൽ പ്രകൃതിയുടെ താണ്ഡവത്തിൽ കഷ്ടപ്പെടുന്ന പാവം മനുഷ്യരെ രക്ഷിയ്കാൻ ജാതി,മത,വർഗ്ഗ, ഭാഷാ വ്യത്യാസമില്ലാതെ ഇന്ത്യയോട്ടാകെയുള്ള സന്നദ്ധപ്രവർത്തകർ രക്ഷാപ്രവർത്തനം നടത്തുമ്പോഴും, ആ ദുരന്തത്തെ സ്വന്തം വർഗ്ഗീയ അജണ്ട പ്രചരിപ്പിയ്ക്കാനുള്ള മാർഗ്ഗമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് തീവ്രഹിന്ദു വർഗ്ഗീയ സംഘടനയായ ആർ.എസ്.എസ്.
ചെന്നയിൽ പ്രകൃതി ദുരന്ത മേഖലയിൽ ക്രിസ്ത്യൻ സംഘടനകൾ മതപരിവർത്തനം നടത്താൻ വൻതോതിൽ ബൈബിളുകൾ സൌജന്യമായി വിതരണം നടത്തുന്നു എന്ന കള്ളവാർത്ത പ്രചരിപ്പിച്ചു കൊണ്ടാണ് ആർ.എസ്.എസ്, തങ്ങളുടെ വർഗ്ഗീയഅജണ്ട നടപ്പിലാക്കാൻ ശ്രമിയ്ക്കുന്നത്.
അതിനായി വെബ്സൈറ്റ് വഴിയും, ഫേസ്ബുക്ക്, വാട്സ്ആപ്, റ്റ്വിട്ടെർ എന്നീ സോഷ്യൽ മീഡിയ വഴിയും കുറെ ഫോട്ടോകളും അവർ ഷെയർ ചെയ്യുന്നുണ്ട്.
ആർ.എസ്.എസ്സുകാർ ട്വിറ്റർ വഴി വൻതോതിൽ പ്രചരിപ്പിയ്ക്കുന്ന അത്തരം ഫോട്ടോകൾ അടങ്ങിയ ഒരു വാർത്തയാണ് ഈ കാണിച്ചിട്ടുള്ളത്.
ഈ ഫോട്ടോകൾ സൂക്ഷിച്ചു നോക്കുക. ഗൂഗിൾ ഇമേജിന്റെ സഹായത്തോടെ ഒന്നു സേർച്ച് ചെയ്തു നോക്കുക. ഈ ഫോട്ടോകളിൽ ഒന്നു പോലും ചെന്നയിൽ നിന്നുള്ളത് അല്ല. വർഷങ്ങളായി ഇന്റർനെറ്റിൽ കിടക്കുന്ന കിസ്ത്യൻ സംഘടനകളുടെ വെബ്സൈറ്റിൽ നിന്നെടുത്ത ഫോട്ടോകൾ ആണിവ.
ഈ ലിങ്കുകളിൽ പോയാൽ ആ ഒറിജിനൽ ഫോട്ടോകൾ കാണാം.
https://lhmindia.wordpress.com/2015/08/11/mumbai-updates-4/
http://www.kidsofcourage.com/?p=10056
മുൻപ് നേപ്പാളിൽ ഭൂമി കുലുക്കം വരുത്തിയ ദുരന്തത്തിനിടയിലും ഇതുപോലെ വർഗീയ പ്രചാരണം നടത്താൻ ആർ.എസ്.എസ് ശ്രമിച്ചിരുന്നു. വൻതോതിൽ ഇത്തരം ഫേക്ക് ഫോട്ടോകൾക്കും വാർത്തകൾക്കും ഇന്റർനെറ്റിൽ സംഘപരിവാറുകാർ ഷെയർ ചെയ്ത് പ്രചാരണം നടത്തുന്നുമുണ്ട്.
ആയിരങ്ങൾ ഒരു നേരത്തെ ആഹാരത്തിനും വെള്ളത്തിനും കേഴുന്ന മനുഷ്യ മനസാക്ഷി മരവിയ്ക്കുന്ന ദുരന്തമുഖത്തും, സ്വന്തം വർഗീയതയുടെ വിഷബീജം വിതയ്ക്കുന്നവരെ "മനുഷ്യർ" എന്ന വിഭാഗത്തിൽ പെടുത്താൻ കഴിയുമോ?
ലജ്ജിയ്ക്കുക പ്രിയനാടെ ... ഇവരെപ്പോലെയുള്ളവർ ആണ് ഇന്ന് ഈ നാട് ഭരിയ്ക്കുന്നത് എന്നതിൽ....