2015, ഒക്‌ടോബർ 15, വ്യാഴാഴ്‌ച

"വികസനവും" മതവര്ഗ്ഗീ യതയും... ചില തിരുവനന്തപുരം കാഴ്ചകള്‍!

ഒരേ സമയം തീവ്രമതവിശ്വാസികളുടെ വോട്ടു വാങ്ങാന്‍ മതവര്ഗീയത പ്രചരിപ്പിയ്ക്കുകയും, മതത്തില്‍ തീവ്രമായി വിശ്വസിയ്ക്കാത്തവരെ കുപ്പിയിലാക്കാന്‍ "വികസനം" പ്രസംഗിയ്ക്കുകയും ചെയ്യുന്ന ആര്‍.എസ്.എസ് - ബി.ജെ.പി - സംഘപരിവാരുകാരുടെ ശരിയായ മുഖം മനസ്സിലാക്കണമെങ്കില്‍ തിരുവനന്തപുരം കൈമനത്തു നടക്കുന്ന ദേശീയപാത"വികസനം" പോയി കാണണം..
കരമനയില്‍ തുടങ്ങി കളിയിയ്ക്കാവിള വരെ നീളുന്ന ദേശീയപാതയുടെ വീതി വര്ദ്ധിപ്പിയ്ക്കുക എന്നത് തിരുവനന്തപുരം ജില്ലയെ സ്നേഹിയ്ക്കുന്ന എല്ലാവരുടെയും ദീര്ഘകാലത്തെ ആവശ്യമായിരുന്നു. കേരളത്തെയും തമിഴ്നാടിനെയും ബന്ധിപ്പിയ്ക്കുന്ന ഒരു റോഡ്‌ ആയതിനാല്‍ തന്നെ, ഇതിന്റെ വികസനം തിരുവനന്തപുരം ജില്ലയെ സംബന്ധിച്ച് വളരെ പ്രധാനമേറിയ ഒരു കാര്യമാണ്.
ദീര്ഘകാലമായി സ്ഥലമേറ്റെടുക്കല്‍ തര്ക്ക്ങ്ങളും, പ്രാദേശിക പ്രശ്നങ്ങളും കാരണം ഇഴഞ്ഞു നീങ്ങിയ ഈ റോഡിന്റെ‍ വീതി കൂട്ടല്‍ പ്രോജെക്റ്റിനു വേഗത കൂടിയത് രണ്ടു-മൂന്നു വര്ഷങ്ങള്ക്കു മുന്പാണ്. റോഡരികില്‍ ഉണ്ടായിരുന്ന കടകള്‍ അടക്കമുള്ളവയെ നഷ്ടപരിഹാരം നല്‍കി ഏറ്റെടുക്കാനും അനധികൃത കെട്ടിടങ്ങളെ പൊളിയ്ക്കാനും കഴിഞ്ഞതോടെ റോഡ്‌ വീതി കൂട്ടല്‍ വേഗത്തില്‍ നടക്കാന്‍ തുടങ്ങി.
എന്നാല്‍ കരമനയില്‍ നിന്നും പോകുമ്പോള്‍ കൈമനം കഴിഞ്ഞ് ഇരുനൂറു മീറ്റര്‍ അകലെയായി റോഡ്‌ വീതി കൂട്ടലിനു തടസ്സമായി റോഡരികിലായി ഒരു ചെറിയ മുസ്ലീം പള്ളി നില്ക്കുന്നത് കാണാം. രണ്ടു കബറുകള്‍ ഉള്ള ഈ പള്ളി പൊളിച്ചു മാറ്റാതെ ഈ പ്രദേശത്ത്‌ റോഡിന് നിശ്ചയിച്ച വീതി കൂട്ടാന്‍ കഴിയില്ല.
കളക്ടര്‍ അടക്കമുള്ള തിരുവനന്തപുരത്തെ സര്ക്കാര്‍ അധികാരികള്‍ ഈ മുസ്ലീം പള്ളിയുടെ ഭാരവാഹികളോട് ഈ വിഷയം ചര്ച്ച ചെയ്യുകയുണ്ടായി. റോഡിനു വീതി കൂട്ടാനായി തങ്ങളുടെ പള്ളി പൊളിച്ചു മാറ്റുന്നതില്‍ വിഷമം ഉണ്ടെങ്കിലും, പൊതുജനനന്മയ്ക്കായി തങ്ങള്‍ അതിനു തയ്യാറാണ് എന്ന് പള്ളി അധികാരികള്‍ സമ്മതിച്ചു. പകരം അടുത്തു തന്നെ മറ്റൊരു സ്ഥലം പള്ളി നിര്മ്മിയ്ക്കാനായി സര്ക്കാര്‍ നല്കണം എന്ന ഒരേ ഒരു ന്യായമായ ആവശ്യമേ അവര്‍ ഉന്നയിച്ചുള്ളൂ.
സന്തോഷപൂര്വ്വം സര്ക്കാര്‍ അധികാരികള്‍ ഇതിനു സമ്മതിച്ചു. കൈമനത്തു തന്നെ പള്ളി ഇപ്പോള്‍ നില്ക്കുന്ന പ്രദേശത്തു നിന്നും ഒരു നൂറു മീറ്റര്‍ അകലെയായി ബി.എസ്.എന്‍.എല്‍ വകയായ സര്ക്കാര്‍ പുറമ്പോക്ക് ഭൂമിയില്‍ പകരം പള്ളി പണിയാന്‍ സ്ഥലം നല്കാം എന്ന് അവര്‍ അറിയിച്ചു. പള്ളി അധികാരികള്‍ സന്തോഷത്തോടെ ആ നിര്ദ്ദേശം അംഗീകരിച്ചു.
ആ പ്രശ്നം അങ്ങനെ അവസാനിച്ചേനെ.. പക്ഷെ എങ്ങനെയും സാമുദായിക സ്പര്ദ ഉണ്ടാക്കി കുറച്ചു വോട്ടു സംഘടിപ്പിയ്ക്കണം എന്ന് കൊതിയൂറി നടക്കുന്ന ബി.ജെ.പി-സംഘപരിവാറുകാര്‍ തക്കം നോക്കി ചാടി വീണ്, വിഷയത്തെ വര്ഗ്ഗീയമാക്കി. ആര്ക്കും വേണ്ടാതെ കാടു കയറി കിടക്കുന്ന ആ സര്ക്കാര്‍ ഭൂമിയില്‍ ഒരു മുസ്ലീം പള്ളി വന്നാല്‍, സമീപപ്രദേശത്തെ "ഹിന്ദുക്കള്‍" സഹിയ്ക്കില്ല എന്നും പറഞ്ഞ് അവര്‍ ഹിന്ദുഐക്യവേദിയുടെ പേരില്‍ കാവിക്കൊടിയും വടിവാളുമായി ഇറങ്ങി. സര്ക്കാര്‍ ഭൂമിയുടെ മതിലുകള്‍ ഇടിച്ചു കളഞ്ഞ്, കൊടി നാട്ടി.
നൂറു മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മുസ്ലീം പള്ളി കൊണ്ട് ഇതു വരെ ഉണ്ടാകാത്ത എന്ത് പ്രശ്നമാണ് ഇപ്പോള്‍ കൈമനത്ത് ഉണ്ടാകാന്‍ പോകുന്നതെന്ന് ചോദിയ്ക്കരുത്. മതഅസഹിഷ്ണുതയുടെ പേരില്‍ ഒരു ജില്ലയുടെ തന്നെ ഏറ്റവും പ്രാധാന്യമേറിയ ഒരു റോഡിന്റെ വികസനം മുടക്കുന്നത് ശരിയാണോ എന്നും ചോദിയ്ക്കരുത്. മതത്തിന്റെ പേരില്‍ വാളെടുക്കാന്‍ നടക്കുന്നവര്ക്ക് എന്ത് സാമൂഹ്യബോധം? എന്ത് വികസന കാഴ്ചപ്പാട്?
വോട്ടുബാങ്ക് രാഷ്ട്രീയം കളിയ്ക്കുന്ന സംഘപരിവാര്‍ ഗുണ്ടകളും, അവരെ പിണക്കാന്‍ ധൈര്യം കാണിയ്ക്കാത്ത നട്ടെല്ല് ഇല്ലാത്ത സര്ക്കാരും, അധികാരികളും എല്ലാം കൂടി ആ വിഷയത്തെ ഒരു അഴിയാ കുരുക്കാക്കി മാറ്റിയിരിയ്ക്കുന്നു.
അങ്ങനെ ആ പ്രദേശത്തെ റോഡിന്റെ വീതികൂട്ടല്‍ ജോലികള്‍ അവസാനിയ്ക്കാത്ത സമസ്യയായി ഇപ്പോഴും കിടക്കുന്നു.