2015, ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

ഒരു പിണ്ടിക്കേറ്റ് രാഷ്ട്രീയ കൊലപാതക റിപ്പോർട്ട്!

(രാഷ്ട്രീയ കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ നമ്മുടെ സിണ്ടിക്കേറ്റ് മാധ്യമങ്ങൾ കാണിയ്ക്കുന്ന ശൈലിയെ പിണ്ടിക്കേറ്റ് മാധ്യമങ്ങൾക്ക് എന്തു കൊണ്ട് അനുകരിച്ചു കൂടാ!)
ബ്രേക്കിംഗ് ന്യൂസ് ...
കേരളത്തെ നടുക്കി വീണ്ടും ഒരു രാഷ്ട്രീയ കൊലപാതകം..
ചാവക്കാട്ടിൽ ഹനീഫയെന്ന കൊണ്ഗ്രെസ്സ് പ്രവർത്തകൻ വെട്ടേറ്റു മരിച്ചു...
കൊലപാതകം നടന്നത് വീട്ടിനുള്ളിൽ സ്വന്തം അമ്മയുടെ കണ്മുൻപിൽ വെച്ച്..
അതിദാരുണം ...പൈശാചികം !
"സുരേഷ് ..സുരേഷ്... കേൾക്കുന്നുണ്ടോ?"
"പറയൂ വേണു...കേൾക്കുന്നുണ്ട്"
"സുരേഷ്, കേരളം ഇന്നുവരെ കണ്ട ഏറ്റവും ഭീകരമായ രാഷ്ട്രീയ കൊലപാതകം ചാവക്കാട്ടില്‍ നടന്നിരിയ്ക്കുന്നു. പറയൂ.. എന്താണ് അവിടത്തെ അവസ്ഥ?.."
"വേണൂ... ഈ നാടും ഇവിടത്തെ ജനങ്ങളും നടുങ്ങിയിരിയ്ക്കുകയാണ്. എങ്ങും ദുഃഖം തളം കെട്ടികിടക്കുന്നു. അതിൽ ചവിട്ടാതെ ആർക്കും നടക്കാൻ കഴിയാത്ത അവസ്ഥയാണ്. ജനങ്ങളുടെ കണ്ണിലുണ്ണി ആയിരുന്ന ഹനീഫ എന്ന പൊതുപ്രവർത്തകന്റെ പൈശാചികവും, മൃഗീയവും, ക്രൂരവും, കണ്ണിൽ ചോരയില്ലാത്തതുമായ കൊലപാതകം ഇനിയും വിശ്വസിയ്ക്കാൻ കഴിയാതെ ഇരിയ്ക്കുകയാണ് ഇവിടത്തുകാർ."
"സുരേഷ്, ആരാണ് ഈ ക്രൂരമായ കൊലപാതകം നടത്തിയത് എന്നതിനെക്കുറിച്ച് എന്താണ് വിവരം?"
"വേണൂ, കൊണ്ഗ്രെസ്സ് പാർട്ടിക്കാർ തന്നെയാണ് ഈ കൊലപാതകം നടത്തിയത് എന്നാണ് പോലീസ് ഉറപ്പിച്ചു പറയുന്നത്. ഗ്രൂപ്പ് വഴക്ക് കാരണമാണ് ഈ കൊലപാതകം നടന്നിരിയ്ക്കുന്നത് എന്ന കാര്യത്തിൽ സംശയമില്ല. മാസങ്ങളോളം നീണ്ട ഗൂഡാലോചനയും പ്ലാനിങ്ങും ഈ കൊലപാതകത്തിന് പിന്നിലുണ്ട്. കൊണ്ഗ്രെസ്സിന്റെ സംസ്ഥാനത്തെയും, ഹൈകമാണ്ടിലെയും ചില ഉന്നത നേതാക്കൾക്കും, മന്ത്രിമാർക്കും ഈ ഗൂഡാലോചനയിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായിയാണ് പോലീസിനുള്ളിലെ ചില വിശ്വസ്ത കേന്ദ്രങ്ങളിൽ നിന്നും ലഭിയ്ക്കുന്ന വിവരം."
"സുരേഷ്, ഈ കൊലപാതകത്തിന്റെ മോഡാസ് ഓപ്പറാണ്ടി അതായത് നടപ്പിലാക്കിയ രീതി എങ്ങനെയായിരുന്നു?"
"വേണൂ, അന്വേഷണം തുടങ്ങിയിട്ടേയുള്ളൂ. എങ്കിലും ഇത് വളരെ ആസൂത്രിതമായി നടത്തിയ കൊലപാതകമായിരുന്നു എന്ന കാര്യത്തിൽ സംശയം ഇല്ല. ചാവക്കാട് ജങ്ക്ഷനിൽ ഉള്ള ഒരു കൊണ്ഗ്രെസ്സ് ഐ ഗ്രൂപ്പുകാരൻ നടത്തുന്ന ഒരു പൂക്കടയിൽ വെച്ച് പട്ടാപ്പകൽ നല്ല തിരക്കുള്ള സമയത്ത്, ഒരു ഗ്രൂപ്പ് യോഗം പരസ്യമായി ചേർന്നിരുന്നു. ആ യോഗത്തിൽ വെച്ചാണ് ഈ കൊലപാതകം നടത്താനുള്ള ഗൂഡാലോചന നടത്തിയത് എന്നാണ് പോലീസിന്റെ പ്രാഥമികമായ നിഗമനം. കൊലപാതകികൾ ഹനീഫയുടെ വീട്ടില് ഒരു അത്യാധുനിക കാറിൽ വന്നിറങ്ങി, വടിവാളുകൾ ഉപയോഗിച്ച് വെട്ടി, പെട്ടെന്ന് ജോലി തീർത്ത് തിരിച്ചു പോയതായി, ഇപ്പോൾ ഗൾഫിൽ ജോലി ചെയ്യുന്ന ഹനീഫയുടെ സുഹൃത്ത് ഫോണിൽ മൊഴി കൊടുത്തിട്ടുണ്ട്.. പാർട്ടിയുടെ ഉന്നതങ്ങളിൽ ഉള്ള ചില നേതാക്കന്മാർ മൊബൈൽ വഴി ഈ അക്രമികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി കൊണ്ടിരുന്നതായി വീടിനടുത്ത് താമസിയ്ക്കുന്ന കണിയാൻ രാമൻ കവിടി നിരത്തി പറഞ്ഞു. മാത്രമല്ല അക്രമികൾ വരുന്ന വഴി പെട്രോൾ അടിച്ച പമ്പ് ഒരു പ്രമുഖ കൊണ്ഗ്രെസ്സ് സംസ്ഥാനനേതാവിന്റെ വകയിൽ ഒരു അളിയന്റെ ബന്ധുവിന്റെ വകയാണ് എന്നത് ഈ കൊലപാതകത്തിൽ ഉന്നതനേതാക്കൾക്കുള്ള പങ്കു വെളിപ്പെടുത്തുന്നതാണ്. അക്രമികളുടെ നേതാവ് ഉപയോഗിച്ച മൊബൈൽ ഫോണും, പാർട്ടിയുടെ ജില്ലാ പ്രസിഡന്റിന്റെ മൊബൈൽ ഫോണും നിർമ്മിച്ചത് "സാംസംഗ്" എന്ന ഒരേ കമ്പനിയാണ് എന്നതും വളരെ പ്രധാനമായ ഒരു തെളിവാണ്. എന്തായാലും കൊണ്ഗ്രെസ്സ് പാർട്ടിയുടെ ജില്ലയിലെയും സംസ്ഥാനത്തെയും നേതൃത്വങ്ങൾക്ക്‌ ഈ ഗൂഡാലോചനയെയും കൊലപാതകത്തെയും പറ്റി മുൻകൂട്ടി അറിവുണ്ടായിരുന്നു എന്ന കാര്യത്തിൽ സംശയമില്ല."
"സുരേഷ്, ഹനീഫയെ എത്ര വെട്ടാണ് വെട്ടിയത്?"
"വേണു, കൃത്യമായ വെട്ടിന്റെ എണ്ണം പോസ്റ്മോര്ട്ടം കഴിഞ്ഞാലേ പറയാൻ കഴിയൂ. എങ്കിലും ശവത്തിന്റെ കിടപ്പ് കണ്ടിട്ട്, എന്റെ ഊഹം വെച്ച് ഒരു അറുപത് വെട്ടെങ്കിലും കാണും."
"എന്ത് .. അറുപതു വെട്ടുകളോ! ഇതൊരു സാർവ്വദേശീയ റെക്കോർഡ് ആണല്ലോ. കേരളം ഇന്നുവരെ കണ്ട ഏറ്റവും മൃഗീയമായ കൊലപാതകം ആണ് ഇത് എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല."
സ്ക്രോൾ : ബ്രേക്കിംഗ് ന്യൂസ്:
ചാവക്കാട്ടില്‍ കൊണ്ഗ്രെസ്സ് പ്രവർത്തകനെ അറുപത് വെട്ടുകൾ വെട്ടി കൊലപ്പെടുത്തിയിരിയ്ക്കുന്നു .... കേരളം നടുക്കത്തിൽ ... കൊലപാതകത്തിൽ ഉന്നത കൊണ്ഗ്രെസ്സ് നേതാക്കൾക്ക് പങ്ക്....
ഇന്ന് വൈകിട്ട് 7 മണിയ്ക്കുള്ള അന്തിചർച്ചയിൽ സംവാദ വിഷയം
"അറുപതു വെട്ടിന്റെ ത്വാതിക അവലോകനം" .
പങ്കെടുക്കുന്നവർ:
കൊണ്ഗ്രെസ്സ് വക്താവ് ഹസ്സൻ ഗാന്ധി, യഥാർത്ഥ കൊണ്ഗ്രെസ്സ്പക്ഷ നേതാവ് കുഞ്ഞികണ്ണൻ മാസ്റ്റർ, കൊണ്ഗ്രെസ്സ്പക്ഷ ചിന്തകൻ ഉമ്മൻ കോശി, രാഷ്ട്രീയ നിരക്ഷരൻ അഡ്വ: പ്രേംകുമാർ, മാധ്യമ പ്രവർത്തകൻ കുഞ്ഞഹമ്മദ്, ഒപ്പം വേറെ പണിയൊന്നുമില്ലാത്ത കുറെ ബുദ്ധിജീവികളും.
പ്രേക്ഷകർക്കും ചർച്ചയിൽ പങ്കെടുക്കാം. നിങ്ങളുടെ അഭിപ്രായങ്ങൾ എസ്.എം.എസ് ആയി അയയ്ക്കുക.
ഒപ്പം ഫേസ്ബുക്കിലെ ഞങ്ങളുടെ "60 വെട്ട് വെട്ടിയത് ശരിയായോ?'എന്ന ചോദ്യത്തിന് അതെ (yes) എന്നോ അല്ല (no) എന്നോ ക്ലിക്ക് ചെയ്ത്, ഓണ്‍ലൈന്‍ അഭിപ്രായ വോട്ടെടുപ്പിൽ പങ്കെടുക്കാം.
==================================
ഇന്നത്തെ പത്രങ്ങളിലൂടെ
മുഖ്യ തലക്കെട്ടുകൾ:
1) മാ നിഷാദ: പൈശാചികമായ രാഷ്ട്രീയ കൊലപാതകം: എഡിറ്റോറിയൽ
2) രാഷ്ട്രീയ കാപാലികർ വിഹരിയ്ക്കുന്ന ചാവക്കാട്: വാർത്താ പരമ്പര
3) ഹനീഫയുടെ കൊലയ്ക്കു പിന്നിലെ ഗൂഢാലോചന : കൊണ്ഗ്രെസ്സിന്റെ ഉന്നത നേതാക്കൾ സംശയ നിഴലിൽ!
4) "ഞങ്ങളുടെ വാപ്പയെ എന്തിനു കൊന്നു?" ഹനീഫയുടെ മക്കൾ ചോദിയ്ക്കുന്നു!
5) കൊണ്ഗ്രെസ്സ് ഗ്രൂപ്പ് രാഷ്ട്രീയ കൊലപാതകങ്ങൾ ഒരു തുടർക്കഥ : അന്വേഷനാത്മക പരമ്പര.
6) ഹനീഫ: കേരള രാഷ്ട്രീയത്തിലെ തിളക്കമുള്ള ഒരു അദ്ധ്യായത്തിന്റെ ദാരുണ അന്ത്യം
7) നടുങ്ങി വിറച്ച് വിതുമ്പുന്ന ചാവക്കാട്.
8) മൊയ്യാരത്തു ശങ്കരൻ മുതൽ ഹനീഫ വരെ: അക്രമരാഷ്ട്രീയത്തിന്റെ വഴികളിലൂടെ കൊണ്ഗ്രെസ്സ് പാർട്ടി.
9) ഗ്രൂപ്പ് സമവാക്യങ്ങളും കൊണ്ഗ്രെസ്സ് പാർട്ടിയും: ചരിത്രത്തിലൂടെ
10) കൊണ്ഗ്രെസ്സ് പാർട്ടിയുടെ അക്രമ രാഷ്ട്രീയത്തിനെതിരെ നാടെങ്ങും പ്രതിഷേധം.
ഇപ്പോൾ കിട്ടിയ വാർത്ത :
ഗ്രൂപ്പ് വഴക്കിനെ തുടർന്ന് കൊണ്ഗ്രെസ്സ് പ്രവർത്തകൻ ഹനീഫയെ, എതിർഗ്രൂപ്പ് കൊണ്ഗ്രെസ്സ് പ്രവർത്തകർ വെട്ടി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച്, കൊണ്ഗ്രെസ്സ് പാർട്ടി, നാളെ കേരളമൊട്ടാകെ ഹർത്താൽ നടത്തുമെന്ന് പ്രഖ്യാപിച്ചു.
കൊലപാതകത്തിനെതിരെ നാടെങ്ങും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിയ്ക്കുമെന്ന് "ഐ" , "എ" ഗ്രൂപ്പുകൾ പ്രത്യേകം പ്രത്യേകം ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
===============
വാല്‍കഷണം:
"എന്തരെടെയ് ശിവാ, നമ്മടെ മുഖ്യമന്ത്രിയോ മന്ത്രിമാരോ പത്രക്കാരോ ആ ശവത്തെ ഒരു നോക്ക് കാണാന്‍ കൂടി പോകാത്തത്?"
"എന്തര് പറയാന്‍ അണ്ണാ... ചാവണമെങ്കില്‍ വല്ല സി.പി.എമ്മുകാരുടെ കൈ കൊണ്ട് ചാവണം.. ഇല്ലെങ്കില്‍ ഒരു പട്ടിയും തിരിഞ്ഞു നോക്കില്ല."