2015, ജൂലൈ 11, ശനിയാഴ്‌ച

ഭട്ടിന്ഡാ പാര്ട്ടി കൊണ്ഗ്രെസ്സ്. (സ: സി. അച്യുതമേനോന്‍ എഴുതിയ ലേഖനം)

ഇന്ത്യന്‍ കമ്മ്യുണിസ്റ്റ് പാര്ട്ടിയുടെ 11-ആം കൊണ്ഗ്രെസ്സ് ഭട്ടിന്ഡാ്യില്‍ വച്ചു കൂടാന്‍ പോകുന്നതിന്റെ തലേ ആഴ്ചകളില്‍ ബൂര്ഷ്വാ പത്രപംക്തികളെല്ലാം ആ കൊണ്ഗ്രെസ്സില്‍ എന്തു സംഭവിയ്ക്കാന്‍ പോകുന്നുവെന്നതിനെപറ്റിയുള്ള ഊഹോപോഹങ്ങള്‍ കൊണ്ടും, പ്രവചനങ്ങള്‍ കൊണ്ടും നിറഞ്ഞിരുന്നു.
പത്രങ്ങള്‍ പല മുതലാളിമാരുടെയും,സേവിയ്ക്കുന്ന പല പാര്ട്ടികളുടെയും ആയിരുന്നുവെങ്കിലും ഒരു കാര്യത്തില്‍ അവയെല്ലാം യോജിച്ചു. ഭട്ടിന്ഡായില്‍ വച്ച് കമ്മ്യുണിസ്റ്റ് പാര്ട്ടി വീണ്ടും പിളരും. അഭിപ്രായവ്യത്യാസം ഒരു കാര്യത്തില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പൊളിയുന്നത് രണ്ടു കഷണമായിട്ടാണോ മൂന്നായിട്ടാണോ എന്ന് മാത്രം! നാശത്തിന്റെ ഈ പ്രവാചകരുടെ കണക്കുകൂട്ടലുകളെല്ലാം കാറ്റില്‍ പറത്തികൊണ്ട് ഭട്ടിന്ഡാ പാര്ട്ടി കൊണ്ഗ്രെസ്സ് ഐക്യത്തിന്റെ കൊടി പാറിച്ചു കൊണ്ട് വിജയശ്രീലാളിതമായി പര്യവസാനിച്ചു. പ്രത്യയശാസ്ത്രപരമായ തത്വനിഷ്ഠയുടെയും കര്മ്മചനിരതമായ ചൈതന്യത്തിന്റെയും പ്രഖ്യാപനമായിരുന്നു അത്. കമ്മ്യുണിസ്റ്റകാരെ സംബന്ധിച്ചിടത്തോളം എന്നും അഭിമാനിയ്ക്കാവുന്ന ഒരു വസ്തുതയത്രേ ഇത്.
ചര്ച്ചയുടെ ഉന്നതമായ നിലവാരം.
മേല്പറഞ്ഞതിനു അര്ത്ഥം പാര്ട്ടി കൊണ്ഗ്രെസ്സ് പ്രതിനിധികള്ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നില്ല എന്നല്ല. തീര്ച്ചയായും ഉണ്ടായിരുന്നു. ചില കാര്യങ്ങളെ സംബന്ധിച്ചിടത്തോളം മൂര്ച്ചയേറിയ അഭിപ്രായവ്യത്യാസങ്ങള്‍ തന്നെ ഉണ്ടായിരുന്നു. അവ ആരുമാരും മറച്ചു വെച്ചില്ല. നേതൃത്വത്തെ ഭയന്നോ, നേതൃത്വത്തോടുള്ള തെറ്റായ ഭക്തി കൊണ്ടോ ആരും അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിയ്ക്കാതിരുന്നില്ല. അഭിപ്രായഭിന്നതകള്‍ ഉണ്ടായിരുന്ന സന്ദര്ഭങ്ങളില്‍ അവ മൂര്ച്ചയേറിയ ഭാഷയില്‍ തന്നെ അവതരിപ്പിയ്ക്കപ്പെട്ടു. ഭാഷാപരമായ അജ്ഞത പോലും അതിനൊരു തടസ്സമായിരുന്നില്ല.
ഉദാഹരണത്തിന് കേരളത്തില്‍ നിന്ന് പോയ ഒരു പ്രതിനിധിയായ എം.ടി.ചന്ദ്രസേനന്‍ അദ്ദേഹത്തിന് ഇടപെട്ടു സംസാരിയ്ക്കണമെന്ന് തോന്നിയ അവസരത്തില്‍ മലയാളത്തില്‍ തന്നെ ശക്തമായ ഒരു പ്രസംഗം ചെയ്തു. (അത് ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തി മറ്റു പ്രതിനിധികളെ മനസ്സിലാക്കാന്‍ ഏര്പ്പാട് ചെയ്തു)
പക്ഷെ ഒന്നുണ്ട്; പ്രസംഗങ്ങളില്‍ ഒന്നില്‍പോലും വ്യക്തിവിദ്വേഷപരമായ പരാമര്ശനങ്ങള്‍ ഉണ്ടായിരുന്നില്ല. വ്യക്തികളുടെ പേരുകള്‍ അപൂര്വ്വം ചില അവസരങ്ങളില്‍ പരാമര്ശിയ്ക്കപ്പെട്ടുവെങ്കിലും അത് ഏതെങ്കിലും ചില തത്വങ്ങള്‍ ഉദാഹരിയ്ക്കുന്നതിനു മാത്രമായിരുന്നു. ബാക്കിയെല്ലാം രാഷ്ട്രീയമോ, സംഘടനാപരമോ, പ്രത്യയശാസ്ത്രപരമോ ആയ തത്വങ്ങളെചൊല്ലി മാത്രമായിരുന്നു. അങ്ങനെ കൊണ്ഗ്രെസ്സിലെ ചര്ച്ചകള്‍ ഏറ്റവും ഉന്നതമായ ഒരു നിലവാരം പുലര്ത്തി എന്ന് പറയുവാന്‍ എനിയ്ക്ക് അതിയായ സന്തോഷമുണ്ട്. എന്റെ ദീര്ഘ്കാല പാര്ട്ടി ജീവിതത്തില്‍ കല്ക്കട്ട കൊണ്ഗ്രെസ്സു തൊട്ടു (1948) ഇങ്ങോട്ടുള്ള എത്രയോ പാര്ട്ടി കൊണ്ഗ്രെസ്സുകള്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഉന്നതനിലവാരത്തിലുള്ള ചര്ച്ചകള്‍ നടന്ന പാര്ട്ടി കൊണ്ഗ്രെസ്സ് ഭട്ടിന്ഡാ കൊണ്ഗ്രെസ്സായിരുന്നു എന്നാണ് എന്റെ അഭിപ്രായം.
അഭിപ്രായ വ്യത്യാസങ്ങള്‍
അഭിപ്രായ വ്യത്യാസങ്ങളെപ്പറ്റി പറയുമ്പോള്‍ അവ മുഖ്യമായും ഉണ്ടായിരുന്നത് വിജയവാഡ കൊണ്ഗ്രെസ്സ് മുതല്‍ ഭട്ടിന്ഡാ കൊണ്ഗ്രെസ്സ് വരെയുള്ള കാലഘട്ടത്തെപ്പറ്റി (അടിയന്തരാവസ്ഥയുള്പ്പെടുന്ന കാലം) സ്വയംവിമര്ശനപരമായി പരിശോധിയ്ക്കുന്ന ദേശീയ കൌണ്സിലിന്റെ രാഷ്ട്രീയ റിവ്യൂറിപ്പോര്ട്ടിന്റെ ചര്ച്ചയിലായിരുന്നുവെന്നു പറയേണ്ടിയിരിയ്ക്കുന്നു. പ്രസ്തുത റിപ്പോര്ട്ടിനു പുറമേ പാര്ട്ടി കൊണ്ഗ്രെസ്സിന്റെ മുന്പാ്കെ ഇന്നത്തെ രാഷ്ട്രീയ സ്ഥിതിഗതികളെ വിശകലനം ചെയ്യുന്ന രാഷ്ട്രീയ പ്രമേയവും, സാര്വ്വദേശീയ സംഭവഗതികളെ വിലയിരുത്തുന്ന സാര്വ്വദേശീയ റിപ്പോര്ട്ടും , സംഘടനാ റിപ്പോര്ട്ടുമുണ്ടായിരുന്നു. അവയില്‍ രാഷ്ട്രീയ പ്രമേയം ദേശീയകൌണ്സില്‍ ഐക്യകണ്ഠമായി അംഗീകരിച്ചാണ് കൊണ്ഗ്രെസ്സ് മുന്പാകെ കൊണ്ടുവന്നത്. അതില്‍ മൌലികമായ യാതൊരു ഭേദഗതിയും കൂടാതെ തന്നെ കൊണ്ഗ്രെസ്സ് അംഗീകരിച്ച
സാര്വ്വദേശീയ റിപ്പോര്ട്ടും ഒട്ടൊക്കെ അപ്രകാരം തന്നെയായിരുന്നു. എന്നാല്‍ കമ്മീഷനില്‍ ചര്ച്ചയ്ക്കു വന്നപ്പോള്‍ ഒരൊറ്റ വിഷയത്തെപ്പറ്റി മാത്രം അവിടെ സാമാന്യം ദീര്ഘ്മായ ചര്ച്ച നടന്നു.അതായത് റിപ്പോര്ട്ടിലുണ്ടായിരുന്ന യൂറോ കംമ്യുനിസത്തെപ്പറ്റിയുള്ള പേരെടുത്തു പറഞ്ഞുകൊണ്ടുള്ള ഒരു പരാമര്ശം റിപ്പോര്ട്ടില്‍ വേണ്ടെന്നു ഐക്യകണ്ഠമായി തീരുമാനിയ്ക്കുകയാണ് ഉണ്ടായത്. ഈ രണ്ടു രേഖകളെപ്പറ്റിയുള്ള ചര്ച്ചകളും വളരെ സമയമെടുക്കാതെ തന്നെ തീര്ത്തു .
രാഷ്ട്രീയ റിവ്യൂ റിപ്പോര്ട്ടിനെപ്പറ്റിയുള്ള ചര്ച്ച്യ്ക്കാണ് ഏറ്റവും കൂടുതല്‍ സമയമെടുത്തത്. പൊതുചര്ച്ചയ്ക്കായി ഒരു ദിവസവും (7 മണിക്കൂര്‍), ഭേദഗതികള്‍ അവതരിപ്പിച്ചു തള്ളാനോ കൊള്ളാനോ അരദിവസവും എന്നാണ് കാര്യപരിപാടിയില്‍ നിശ്ചയിച്ചിരുന്നതെങ്കിലും പൊതുചര്ച്ചയ്ക്ക് തന്നെ രണ്ടു ദിവസം വേണ്ടി വന്നു. തന്നിമിത്തം പാര്ട്ടി കൊണ്ഗ്രെസ്സ് ചില ദിവസങ്ങളില്‍ രാത്രി 12-1 മണി വരെ ഇരിയ്ക്കേണ്ടിയും വന്നു.
ഏറ്റവും വിവാദവിഷയമായ പ്രശ്നം.
പാര്ട്ടി റിവ്യൂ റിപ്പോര്ട്ടിലെ ഏറ്റവും വിവാദ വിഷയമായ പ്രശ്നം ആദ്യം മുതലേ അടിയന്തരാവസ്ഥയെ പിന്താങ്ങിയത് തെറ്റോ, അതോ ആദ്യം പിന്താങ്ങിയത് ശരിയും പിന്നീട് അതിന്റെ നിഷേധാത്മവശങ്ങള്‍ വ്യക്തമാകാന്‍ തുടങ്ങിയതോടെ എതിര്ക്കാതിരുന്നത് മാത്രം തെറ്റും എന്നാണോ പറയേണ്ടത് എന്നായിരുന്നു. ഈ പ്രശ്നത്തിന്മേലുള്ള അഭിപ്രായ വ്യത്യാസത്തില്‍ ഒത്തുതീര്പ്പോ അനുരഞ്ജനമോ സാദ്ധ്യമായിരുന്നില്ല. അതുകൊണ്ട് വോട്ടിനിടുക തന്നെ വേണ്ടി വന്നു. അടിയന്തരാവസ്ഥയെ ആദ്യം മുതല്ക്കേ എതിര്ക്കേണ്ടതായിരുന്നു എന്ന അഭിപ്രായത്തിന് 712 വോട്ടും, ആ അഭിപ്രായത്തിനെതിരെ 403 വോട്ടും കിട്ടുകയാല്‍ അടിയന്തരാവസ്ഥയെ പിന്താങ്ങിയത് ആദ്യം മുതലേ തെറ്റായിരുന്നു എന്ന അഭിപ്രായം പാര്ട്ടി കൊണ്ഗ്രെസ്സ് അംഗീകരിച്ചു.
മൌലികമായ ഈ നിഗമനത്തിനു അനുസരണമായിട്ടുള്ളവയാണ് പിന്നീട് അംഗീകരിയ്ക്കപ്പെട്ട ഏതാനും ചെറിയ ഭേദഗതികള്‍.
ഉദാഹരണത്തിന്, ഈ ലേഖകന്റെ പേരുമായി ബന്ധപ്പെടുത്തി അലഹാബാദ് ഹൈക്കോടതി വിധിയെ മാനിച്ചു ഇന്ദിരാഗാന്ധി പ്രധാനമന്ത്രിപദം രാജി വെയ്ക്കണമെന്ന് നാം (കമ്മ്യുണിസ്റ്റ് പാര്ട്ടി) ആവശ്യപ്പെടെണ്ടതായിരുന്നു എന്നൊരു ഭേദഗതിയ്ക്ക്‌ അതിരുകവിഞ്ഞ പ്രസിദ്ധീകരണം ലഭിയ്ക്കുകയുണ്ടായി. വാസ്തവത്തില്‍ ഉണ്ടായതെന്തെന്നു താഴെ വിവരിയ്ക്കാം. കേരളത്തില്‍ നിന്നുള്ള പ്രതിനിധികളില്‍ ചിലര്‍ കൂടിച്ചേര്ന്നു കൂട്ടായി ഏതാനും ഭേദഗതികള്‍ എഴുതിക്കൊടുത്തിരുന്നു. കൊച്ചിയില്‍ വെച്ച് കൂടിയ സംസ്ഥാനസമ്മേളനത്തില്‍ അംഗീകരിച്ച, ഭൂരിപക്ഷാഭിപ്രായത്തിനു അനുസരണമായ ഭേദഗതികളായിരുന്നു അവയെല്ലാം. സൈക്ലോ ചെയ്തു വന്നപ്പോള്‍ അടിയില്‍ കൊടുത്തിരുന്ന പേര് സി.അച്യുതമേനോനും കൂട്ടുകാരും (C. Achutha Menon and others) എന്നായിരുന്നു. അങ്ങിനെയാണ് ഇത്രയേറെ പ്രസിദ്ധീകരണം ലഭിച്ചത്.
റിവ്യൂ റിപ്പോര്ട്ടിരന്റെ 10-ആം ഖണ്ഡികയില്‍ 'ഇന്ദിരാഗാന്ധി രാജി വെയ്ക്കാന്‍ കൂട്ടാക്കാതിരുന്നത് തെറ്റായിപ്പോയി. അതവരെ (ശത്രുക്കളെ എന്നര്ത്ഥം) സഹായിച്ചു', എന്ന വാചകത്തിന് ശേഷം, 'അവര്‍ താഴെയിറങ്ങിയിരുന്നുവെങ്കില്‍ അവരുടെ (ശത്രുക്കളുടെ) കപ്പല്പായില്‍ നിന്നു കാറ്റ് പോകുമായിരുന്നു' എന്നാണെഴുതിയിരിയ്ക്കുന്നത്. പാര്ട്ടി അപ്പോള്‍ എന്തു ചെയ്തെന്നോ, എന്തു ചെയ്യണമായിരുന്നെന്നോ പറയുന്നില്ല. ഈ വിടവ് നികത്താന്‍ വേണ്ടിയാണ്, 'നാം അപ്പോള്‍ ഇന്ദിരാഗാന്ധി രാജി വെയ്ക്കണമെന്ന് ആവശ്യപ്പെടെണ്ടിയിരുന്നു' എന്ന ഭേദഗതി കൊടുത്തത്. അതിനു 164നു എതിരായി 831 വോട്ടുകള്‍ ലഭിച്ചു.
രണ്ടാമതായി, ഞങ്ങളുടെ ഒരു ഭേദഗതി അംഗീകരിച്ചത് റിവ്യൂ റിപ്പോര്ട്ടിലെ 60-ആം ഖണ്ഡികയിലാണ്. ഭരണഘടനയുടെ 42-ആം ഭേദഗതി അവസാനമായി പാസ്സാക്കാന്‍ വോട്ടിനിട്ടപ്പോള്‍ നമ്മുടെ എം.പിമാര്‍ അന്നു പാര്ട്ടി നിര്ദ്ദേശപ്രകാരം അനുകൂലിയ്ക്കുകയാണ് ചെയ്തത്. 42-ആം ഭേദഗതിയില്‍ ചില നല്ല കാര്യങ്ങളുണ്ടെങ്കിലും, ഒട്ടാകെ മുന്‍‌തൂക്കം പിന്തിരിപ്പന്‍ വ്യവസ്ഥിതികള്ക്കായിരുന്നു. അതുകൊണ്ട് അന്ന് നമ്മുടെ എം.പിമാര്‍ നിഷ്പക്ഷത പാലിയ്ക്കെണ്ടതായിരുന്നു എന്നതാണ് റിവ്യൂ റിപ്പോര്ട്ടില്‍ പറഞ്ഞത്. അത് പോര, എതിര്ക്കേണ്ടതു തന്നെയായിരുന്നു എന്നതാണ് ഞങ്ങള്‍ കൊടുത്ത ഭേദഗതി. അതും പാര്ട്ടി കൊണ്ഗ്രെസ്സ് അംഗീകരിച്ചു.
തെറ്റുകളുടെ വേരുകള്‍.
നമ്മുടെ തെറ്റുകളുടെ വേരുകള്‍ എവിടെയാണെന്നതിനെ സംബന്ധിച്ച് വിശ്വനാഥ മുക്കര്ജിെയുടെ ഒരു ഭേദഗതി ഉണ്ടായിരുന്നു. 1969-ല്‍ കൊണ്ഗ്രെസ്സിലുണ്ടായ ഭിന്നിപ്പിനെ വിലയിരുത്തുന്നതിലായിരുന്നു ആ തെറ്റു കിടക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. കൊച്ചിന്‍ കൊണ്ഗ്രെസ്സ് പ്രമേയത്തിലും (1972), വിജയവാഡ കൊണ്ഗ്രെസ്സ് രേഖയിലും (1975) ഈ തെറ്റു പ്രതിഫലിയ്ക്കുന്നുണ്ടെന്നാണ് അദ്ദേഹം വാദിച്ചത്. ഇതൊന്നും പാര്ട്ടി കൊണ്ഗ്രെസ്സ് അംഗീകരിച്ചില്ല.
എങ്കിലും സ്റ്റിയറിംഗ് കമ്മിറ്റി തന്നെ കൊണ്ട് വന്നതും,പാര്ട്ടി കൊണ്ഗ്രെസ്സ് തന്നെ അംഗീകരിച്ചതുമായ ഒരു ഭേദഗതിയില്‍ നമുക്ക് പറ്റിയ പിശകിന്റെ അടിസ്ഥാനകാരണങ്ങള്‍ വിശദീകരിയ്ക്കുന്നു. ആ ഭേദഗതി സാമാന്യം ദീര്ഘമാകയാല്‍ ഇവിടെ ഉദ്ധരിയ്ക്കുന്നില്ല. അതിന്റെ ചുരുക്കം ഏതാണ്ടിപ്രകാരമാണ്.
സാമ്രാജ്യവിരുദ്ധ ജനാധിപത്യ വിഭാഗങ്ങളും, ഏറ്റവും പിന്തിരിപ്പനായ സമ്രാജ്യാനുകൂല-കുത്തകാനുകൂല-ഭൂപ്രഭുത്വാനുകൂല-കമ്മ്യുണിസ്റ്റ് വിരുദ്ധ വിഭാഗങ്ങളും എന്നിങ്ങനെ ബൂര്ഷ്വാസി രണ്ടായി പിരിഞ്ഞിരിയ്ക്കുന്നു എന്നും, തന്മൂലം ശക്തികളുടെ ബലാബലത്തിലും, ഭരണകൂടത്തിലും പുരോഗമനപരമായ മാറ്റങ്ങള്‍ വരുത്താന്‍ അടിയന്തരാവസ്ഥ സഹായിയ്ക്കുമെന്നും നാം കരുതി. അതുപോലെ തന്നെ പുരോഗമനപരമായ ഒരു വിദേശനയത്തില്‍ നിന്ന് അനിവാര്യമായ പുരോഗമനപരമായ ഒരു ആഭ്യന്തരനയവും ഉണ്ടാകുമെന്നും യാന്ത്രികമായി നാം വിശ്വസിച്ചു. ഈ ധാരണകള്‍ ഇന്ദിരാഗാന്ധി ഗവണ്മെന്റിന്റെ പിന്തിരിപ്പന്‍ നയങ്ങള്ക്കെളതിരായി ശക്തിയായി സമരം സംഘടിപ്പിക്കുന്നതില്നിന്നും നമ്മെ തടഞ്ഞു നിര്ത്തി . 'സംഘട്ടനം പാടില്ല' (No Confrontation), എന്ന നമ്മുടെ ധാരണയുടെ ഉറവിടം ഇവിടെയാണ്‌. ഈ ധാരണകളാണ് നമ്മുടെ പ്രധാനമായ തെറ്റ്- ആ തെറ്റാണ് അടിയന്തരാവസ്ഥയെ ആദ്യം മുതലേ പിന്താ്ങ്ങുന്നതില്‍ നമ്മെ എത്തിച്ചതും. അപ്രധാനമായ മറ്റു ചില ഭേദഗതികളെപ്പറ്റി ഇവിടെ പറയാന്‍ ഉദ്ദേശിയ്ക്കുന്നില്ല. ഭേദഗതികളോടെ പ്രമേയം വോട്ടിനിട്ടപ്പോള്‍ ആരും എതിര്ത്ത് വോട്ട് ചെയ്തില്ല. 111 പേര്‍ വോട്ട് ചെയ്തില്ല. 1122 പേര്‍ അനുകൂലമായി വോട്ടു ചെയ്തു.
ഒരു സംഘടനാ പ്രശ്നം.
സംഘടനാറിപ്പോര്ട്ടിനെപ്പറ്റിയുള്ള ചര്ച്ചയില്‍ ഒരു ഭേദഗതിയെപ്പറ്റി വളരെ വാശിയേറിയ വാദപ്രതിവാദം നടന്നു. ഈ ഭേദഗതിയും അവതരിപ്പിച്ചത് കേരളത്തില്‍ നിന്നുള്ള പ്രതിനിധികളായിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപനം നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തില്‍ മൌലികപ്രാധാന്യമുള്ള ഒരു രാഷ്ട്രീയ സംഭവവികാസമാണല്ലോ. അങ്ങിനെയുള്ള ഒരു കാര്യത്തെപ്പറ്റി പാര്ട്ടി ഒരു നിലപാട് എടുക്കുന്നതിനു മുന്പായി, ദേശീയ കൌണ്സില്‍ വിളിച്ച് കൂട്ടി ചര്ച്ച ചെയ്യേണ്ടതായിരുന്നു. അത് ഭരണഘടനയില്‍ അനുശാസിയ്ക്കുന്ന ഒരു ചട്ടമാണ്. എന്നാല്‍ അതിന് വിരുദ്ധമായി ദേശീയ കൌണ്സില്‍ വിളിയ്ക്കുക പോലും ചെയ്യാതെയാണ് പാര്ട്ടിയ നേതൃത്വം തീരുമാനം എടുത്തത്‌. ഗുരുതരമായ ഈ ക്രിത്യവിലോപത്തില്‍ നേതൃത്വത്തെ കുറ്റപ്പെടുത്തുന്നതായിരുന്നു ഭേദഗതി. ഈ ഭേദഗതി അംഗീകരിയ്ക്കാന്‍ ആദ്യം നേതൃത്വം തയ്യാറായില്ല. ചെയ്തത് തെറ്റായി എന്നവര്‍ സമ്മതിച്ചു. എന്നാല്‍ അത് അങ്ങനെ പറയുന്നതിന് പകരം, മേലാല്‍ ഇങ്ങനെയുള്ള സുപ്രധാന കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത് ദേശീയ കൌണ്സി‍ല്‍ വിളിച്ച് കൂട്ടി വേണമെന്ന് റിപ്പോര്ട്ടില്‍ എടുത്തു പറഞ്ഞാല്‍ പോരെ എന്നായിരുന്നു വാദം. പ്രതിനിധികള്‍ അത് സമ്മതിയ്ക്കാന്‍ ഒരുക്കമായിരുന്നില്ല. ആ വ്യവസ്ഥ ഭരണഘടനയില്‍ ഇന്ന് തന്നെ ഉള്ളതാണല്ലോ, എന്നിട്ടും ഇത് സംഭവിച്ചു. അപ്പോള്‍ ഈ ചട്ടം ആവര്ത്തിയ്ക്കുന്നത് കൊണ്ട് മാത്രം എന്ത് വിശേഷം എന്നായിരുന്നു അവരുടെ ചോദ്യം. ഒടുവില്‍ ദേശീയ കൌണ്സിനല്‍ അടിയന്തരമായി വിളിച്ച് കൂട്ടാതെ ഇക്കാര്യത്തില്‍ തീരുമാനമെടുത്തത് നേതൃത്വത്തിന്റെ ഭാഗത്തു നിന്നുമുണ്ടായ ഒരു തെറ്റാണെന്നുള്ള ഭേദഗതി സര്വ്വസമ്മതമായി അംഗീകരിച്ചു.
125 പൂര്ണ്ണാ അംഗങ്ങളും, 13 ക്യാന്ഡിഡറ്റ് അംഗങ്ങളും, 11 കണ്ട്രോള്‍ കൌണ്സില്‍ അംഗങ്ങളും ഉള്ള ഒരു ദേശീയ കൌണ്സി്ലിനെയാണ് ഇത്തവണയും തെരഞ്ഞെടുത്തത്.- വിജയവാഡ കൊണ്ഗ്രെസ്സില്‍ വെച്ചു തിരഞ്ഞെടുത്ത അത്രയും തന്നെ. തിരഞ്ഞെടുപ്പ് ഏകകണ്ഠമായിട്ടായിരുന്നു.
ഈ കൌണ്സിുലില്‍ 30 പേര്‍ പുതിയ അംഗങ്ങള്‍ ആണ്. ബാക്കിയെല്ലാവരും പഴയവരും. എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ സ: എം.എന്‍.ഗോവിന്ദന്‍ നായര്‍, സ: സര്ജൂകപാണ്ന്ധെ (യു.പി), സ: കൊടിയന്‍ എന്നിവരെയാണ് പുതിയതായി തെരഞ്ഞെടുത്തിട്ടുള്ളത്. രണ്ടു സ്ഥാനങ്ങള്‍ നികത്തിയിട്ടില്ല. പിന്നീട് ആളെ നിശ്ചയിയ്ക്കാന്‍ ഒഴിച്ചിട്ടിരിക്കയാണ്.
സെക്രെട്ടെരിയറ്റില്‍ പുതിയതായി വന്നിട്ടുള്ളത് സ:എം.എന്നും, ബീഹാര്‍ സെക്രെട്ടറി സ: ജഗന്നാഥ സര്ക്കാരുമാണ്.
സ: ഡാന്കെ സമ്മേളനത്തിന്റെ അവസാനം മാത്രമേ പ്രസംഗിച്ചുള്ളൂ. പാര്ട്ടി കൊണ്ഗ്രെസ്സിന്റെ നിഗമനത്തോട് താന്‍ പൂര്ണ്ണയമായും യോജിയ്ക്കുന്നുവെന്നും അദ്ദേഹം എടുത്തു പറഞ്ഞു. കൊണ്ഗ്രെസ്സിനു മുന്പു പല രേഖകളും സമര്പ്പിേക്കപ്പെട്ടിരുന്നിരിക്കാം. എന്നാല്‍ ഇന്ന് അവയൊന്നും നിലവിലില്ല. എല്ലാം റദ്ദായിപ്പോയി. ഇന്ന് പാര്ട്ടി കൊണ്ഗ്രെസ്സുകള്‍ അംഗീകരിച്ച രേഖകള്‍ മാത്രമാണ് നമുക്ക് പ്രമാണം എന്നദ്ദേഹം തീര്ത്തു പറഞ്ഞു.
പാര്ട്ടി കൊണ്ഗ്രെസ്സില്‍ 36 രാജ്യങ്ങളില്‍ നിന്നുള്ള കമ്മ്യുണിസ്റ്റ് പാര്ട്ടികളുടെ സൌഹാര്ദ്ദപ്രതിനിധികള്‍ സന്നിഹിതരായിരുന്നു. അവരുടെ ആശംസാപ്രസംഗങ്ങളും സന്ദേശങ്ങളും അവിടെ വായിച്ചു.
=============
സി.അച്യുതമേനോന്‍
(8-5-1978, ജനയുഗം)