2015, മേയ് 9, ശനിയാഴ്‌ച

ഫേസ്ബുക്കും വര്‍ഗീയ വികാര ജീവികളും...

വര്ഗ്ഗീയവിഷം തുളുമ്പുന്ന ഒരു സ്റ്റാറ്റസ് പോസ്റ്റ്‌ ഫേസ്ബുക്കിൽ ഇട്ടതിന്റെ പേരിൽ ഒരു മലയാളിയെ ഖത്തറിലെ കമ്പനിയിൽ നിന്നും പിരിച്ചു വിട്ട വാർത്ത വളരെയധികം ചർച്ച ചെയ്യപ്പെടുകയാണല്ലോ.
ഈ വിഷയം കുറെ ചിന്തകൾ ഉയർത്തുന്നുണ്ട്.
ഫേസ്ബുക്കിൽ എങ്ങനെ പെരുമാറണം എന്ന കാര്യത്തിൽ ഇപ്പോഴും ശരിയായ തിട്ടമില്ലാത്ത മലയാളികൾക്ക് ഒരു കുറവുമില്ലെന്നതാണ് ഒന്നാമത്തെ കാര്യം. വായിൽ തോന്നുന്ന എന്തു വൃത്തികേടും എഴുതിക്കൂട്ടാനുള്ള ഒരു കക്കൂസ് ചുമർ ആണ് ഫേസ്ബുക്ക് എന്നാണ് പല വികാരജീവികളുടെയും വിചാരം.
ഫേസ്ബുക്ക് എന്ന മാദ്യമം ഒരു സാമൂഹിക പൊതുഇടം ആണ്. ലോകം മുഴുവൻ ഉള്ളവർക്കും കാണാൻ കഴിയുന്ന പൊതുഇടം. അവിടെ എഴുതുന്ന ഓരോ വാക്കും പൊതു ചർച്ചയ്ക്കും വിവാദങ്ങൾക്കും വഴി വെയ്ക്കുന്നത് അത് കൊണ്ട് തന്നെയാണ്. അതിനാൽ തന്നെ പൊതുവേദികളിൽ ഉപയോഗിയ്ക്കുന്ന ഭാഷയും, മാന്യതയും അവിടെയും പ്രകടിപ്പിയ്ക്കണമെന്ന പ്രാഥമിക ധാരണ പോലും ഇല്ലാത്തവർ ആണ് ഇത്തരക്കാർ. അതിനാൽ ഇത്തരം അനുഭവങ്ങൾ അവർക്കുണ്ടാകുന്നതിൽ അത്ഭുതവും ഇല്ല.
ഏതു മത-ജാതി വികാരങ്ങൾക്ക് അടിമപ്പെട്ടു പോസ്റ്റുകൾ നടത്തുന്നവരും മറക്കാൻ പാടില്ലാത്ത ഒരു കാര്യമുണ്ട്. നിങ്ങളുടെ ഭാഷ നിങ്ങളുടെ സംസ്കാരത്തെ ആണ് പ്രതിനിധാനം ചെയ്യുന്നത്. ആ ഭാഷയും വാക്കുകളും എത്ര മോശമാകുന്നുവോ, നിങ്ങളെ കുറിച്ചുള്ള പൊതു സമൂഹത്തിന്റെ വിലയിരുത്തലും അത്രയും മോശമാകും.
കൈ വിട്ട കല്ലും, പറഞ്ഞ വാക്കുകളും തിരിച്ചെടുക്കാൻ പറ്റില്ല എന്നൊരു ചൊല്ലുണ്ട്. സ്വന്തം വാക്കുകളുടെ ഉത്തവാദിത്വം എഴുതിയവന് തന്നെയാണ് എന്ന തിരിച്ചറിവ് ഇല്ലാത്തവർ കുഴപ്പങ്ങളിൽ ചെന്നു പെടുമ്പോൾ സഹതപിയ്ക്കാനെ കഴിയൂ.
താൻ വിശസിച്ചു പോന്ന തീവ്രഹിന്ദുത്വ സംഘടനയുടെ ആശയങ്ങൾ വികാരപ്രകടനങ്ങളിലൂടെ അറിയാതെ പുറത്തു വന്നതാണ് ആ സുഹൃത്തിനെ അപകടത്തിലാക്കിയത് എന്ന് മനസിലാക്കാം. അയാൾക്ക്‌ അതുമൂലം നഷ്ടമായത് വളരെ വലിയൊരു കമ്പനിയിലെ നല്ലൊരു ജോലിയും, കിട്ടിയത് ഒരിയ്ക്കലും മായാത്ത ചീത്തപേരും.. കൈവിട്ട വാക്ക് വരുത്തി വച്ച വിന !
ഖത്തർ സൌദിഅറേബ്യയെ പോലെ ഒരു യാഥാസ്ഥിതിക ഇസ്ലാമിക രാജ്യമല്ലാത്തതിനാൽ, ഇസ്ലാമിക നിയമപ്രകാരമുള്ള ശിക്ഷകൾ നേരിടാതെ രക്ഷപ്പെട്ടു എന്ന് അയാൾക്ക്‌ ആശ്വസിയ്ക്കാം. ഈ അനുഭവങ്ങൾ മൂലം, സ്വന്തം ചിന്തകളിൽ മാറ്റം വരുത്തി മതങ്ങൾക്കും മുകളിലായി മനുഷ്യരെ കാണാൻ കഴിയുന്ന മാനസിക അവസ്ഥയിലേയ്ക്ക് ആ സുഹൃത്ത് എത്തുമെന്ന് പ്രതീക്ഷിയ്ക്കാം.
ഫേസ്ബുക്കിൽ ഇട്ട മലയാളവാക്കുകളെ ബുദ്ധിമുട്ടി തർജ്ജമ ചെയ്തു അറബികളെ 'ബോധ്യപ്പെടുത്തി', അയാൾക്കെതിരെ നടപടി എടുപ്പിയ്ക്കാൻ കഠിനാദ്ധ്വാനം ചെയ്ത മലയാളികളോടും ഒരു വാക്ക്. അയാളുടെ വർഗീയതയെക്കാൾ ഒട്ടും മെച്ചമല്ല നിങ്ങളുടെ മാനസികാവസ്ഥയും. അതേ നാണയത്തിന്റെ മറുവശം തന്നെയാണ് നിങ്ങളും. മതത്തിന്റെ പേരിൽ വർഗീയത എഴുതിയ ആയാലും, ആ പോസ്റ്റ്‌ കണ്ട് മതവികാരം വ്രണപ്പെട്ടു അയാളുടെ ജോലി തെറിപ്പിച്ച നിങ്ങളും തമ്മിൽ വലിയ വ്യത്യാസം ഒന്നും ദിഗംബരൻ കാണുന്നില്ല.
ഇനിയെന്നാണ് നിങ്ങളൊക്കെ മതങ്ങളെ കാണാതെ മനുഷ്യരെ കാണാൻ പഠിയ്ക്കുന്നത്!
-----------
വാൽകഷ്ണം:
"പാപത്തെ വെറുക്കുക...പാപിയെ അല്ല"