2015, ഏപ്രിൽ 13, തിങ്കളാഴ്‌ച

മോഡിയും അദാനിയും ഗ്രീൻപീസും

'ഗ്രീന്‍പീസി'ന്റെ രജിസ്‌ട്രേഷന്‍ കേന്ദ്രം റദ്ദാക്കി എന്നുള്ള വാര്‍ത്ത തീരെ അപ്രതീക്ഷിതമല്ല.
മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന കാലം മുതല്‍ തന്നെ ഗ്രീന്‍പീസ് അടക്കമുള്ള പരിസ്ഥിതി സംഘടനകളെ അടിച്ചമര്‍ത്തി സ്വന്തം വരുതിയില്‍ നിര്‍ത്താനായി ശ്രമിച്ചു വരികയായിരുന്നു.
ആദ്യം അവരുടെ മാതൃസംഘടനയായ സ്വിറ്റ്സര്‍ലാന്ഡിലെ ഗ്രീന്‍പീസ് ഇന്റര്‍നാഷനല്‍ നല്‍കിയ ഫണ്ടിനെ "വിദേശസംഭാവന" എന്ന് മുദ്രകുത്തി തടഞ്ഞു. അതിനെതിരെ ഗ്രീന്‍പീസ് കോടതിയില്‍ പോകുകയും, സര്‍ക്കാര്‍ നടപടിയെ നിയമവിരുദ്ധമായി വിലയിരുത്തി കോടതി അസാധുവാക്കുകയും ചെയ്തു. ഇതിന് പ്രതികാരമെന്നോണം, ലണ്ടനിലെ ഒരു പരിസ്ഥിതി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകാൻ എത്തിയ ഗ്രീന്‍പീസ് പ്രവര്‍ത്തകയായ പ്രിയാപിള്ളയെ ഡല്ഹി വിമാനത്താവളത്തില്‍ യാതൊരു കാരണവും ഇല്ലാതെ തടയുകയായിരുന്നു. ഈ നടപടിയ്ക്കെതിരെ ഗ്രീൻ പീസും, പ്രിയാപിള്ളയും കോടതിയെ സമീപിച്ചു. സർക്കാരിന് വീണ്ടും കടുത്ത തിരിച്ചടി നൽകികൊണ്ട്, കോടതിവിധി ഗ്രീൻപീസിന് അനുകൂലമായിരുന്നു. സർക്കാർ നടപടിയെ ശക്തമായി വിമർശിച്ച കോടതി, ജനാധിപത്യത്തിൽ എതിർശബ്ദങ്ങളെ ബലം പ്രയോഗിച്ച് അടിച്ചമർത്താനുള്ള ശ്രമങ്ങൾ നല്ലതല്ല എന്ന് സര്ക്കാരിനെ ഓര്മിപ്പിയ്കുകയും ചെയ്തു.
ഇതിനെയൊക്കെ തുടർച്ചയായാണ് ഇപ്പോൾ, രാജ്യത്ത് വികസനവിരുദ്ധ മനോഭാവം സൃഷ്ടിക്കാന്‍ ഗ്രീന്‍പീസ് ശ്രമിക്കുന്നുവെന്ന ആരോപണം ഉന്നയിച്ച് ഗ്രീന്‍പീസിന്റെ ഇന്ത്യയിലെ രജിസ്‌ട്രേഷന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം റദ്ദാക്കിയതും, സംഘടനയുടെ ഏഴ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിയ്കുകയും ചെയ്തത്. ഈ നടപടികളെ ചോദ്യം ചെയ്ത് നിയമ നടപടികളിലേയ്ക്ക് ഗ്രീന്പീസ് പോയിട്ടുണ്ട്. മുൻപത്തെ പോലെ തന്നെ അതിൽ കോടതിയുടെ ഇടപെടൽ ഉണ്ടാകുമെന്ന കാര്യത്തിലും സംശയമില്ല.
ആയിരത്തി തൊള്ളായിരത്തി അറുപതുകളിൽ അലാസ്കയിലെ അംചിറ്റ്ക ദീപിൽ ന്യൂക്ലിയർ ബോംബ്‌ പരീക്ഷിയ്ക്കാനുള്ള അമേരിക്കൻ സര്ക്കാരിന്റെ ശ്രമത്തിനെതിരെയുള്ള പ്രതിഷേധം ആണ്, 1969 ൽ "ഗ്രീന്പീസ്" എന്ന സംഘടനയുടെ രൂപീകരണത്തിന് കാരണമായത്. നെതര്‍ലന്‍ഡ്‌സ് ആസ്ഥാനമായ സംഘടനയായ 'ഗ്രീന്‍പീസി'ന് ഇന്ത്യയിലുള്‍പ്പെടെ 40 രാജ്യങ്ങളില്‍ ഘടകങ്ങളുണ്ട്. പരിസ്ഥിതി പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്ന അവർ ഇന്ത്യയിലെ പ്രവർത്തനങ്ങൾ ആരംഭിച്ചത് 2001 ൽ ആണ്. പരിസ്ഥിതിയെയും, മണ്ണിനെയും, ഭൂമിയെയും രക്ഷിയ്ക്കാനായി നിരവധി പോരാട്ടങ്ങൾ നടത്തിയ ഗ്രീന്പീസ് കുറെ വിജയങ്ങളും നേടി.
2001 വർഷം, പ്രിങ്കിൽസ് പോറ്റൊട്ടോ ചിപ്സ്, ഇസോമിൽ ബേബിഫുഡ്‌ എന്നിവയിൽ അടങ്ങിയ ആരോഗ്യത്തിന് അപകടകരമായ ജനിതകമാറ്റം വരുത്തിയ ഘടകങ്ങളെ കുറിച്ച് അവർ നടത്തിയ പ്രചാരണം, ആ ഉത്പന്നങ്ങൾക്കെതിരെ നിയമനടപടികൾക്ക് ഇടയാക്കി. 2002-ല്‍ ജനിതകമാറ്റം വരുത്തിയ വിളകള്‍ക്കെതിരെയുള്ള പ്രചാരണത്തോടെ അവർ രാജ്യത്ത് ഏറെ ശ്രദ്ധനേടി. 2003 ൽ ഹിന്ദുസ്ഥാൻ ലിവർ കമ്പനി അവരുടെ മെർക്കുറി തെർമോമീറ്റർ ഫാക്റ്ററിയിൽ നിന്നുള്ള 289 ടണ്‍ മാലിന്യം കൊടൈകനാൽ പട്ടണത്തിലെ മൂന്ജിക്കൾ എന്ന സ്ഥലത്ത് കൊണ്ട് പോയി തട്ടാൻ ശ്രമിച്ചപ്പോൾ, നാട്ടുകാരെ കൂട്ടി ഗ്രീന്പീസ് പ്രതിഷേധ സമരം സംഘടിപ്പിയ്ക്കുകയും, ഒടുവിൽ കമ്പനിയ്ക്ക് ആ മാലിന്യങ്ങൾ ഒക്കെ കമ്പനി ആസ്ഥാനമായ അമേരിക്കയിലേയ്ക്ക് തിരിച്ച് കയറ്റി വിടണ്ടതായും വന്നു.
2005 ൽ ആന്ദ്രയിലെ വാറങലിൽ പരുത്തി കർഷകരെ കണ്ണീരിൽ ആഴ്ത്തിയ ജനിതികമാറ്റം വരുത്തിയ വിത്തുകൾക്കെതിരെ നടത്തിയ പോരാട്ടം വിജയം കണ്ടു. 3 ജനിതക വിത്തുകൾ സർക്കാർ നിരോധിയ്കുകയും, ആ അഴിമതിയിൽ പങ്കാളികൾ ആയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുകയും ചെയ്തു.
2006 ൽ, ഇന്ത്യൻ അധികാരികളെ സ്വാധീനിച്ച്, "സ്ക്രാപ്പ്" എന്ന പേരിൽ അപകടകരമായ മാലിന്യങ്ങൾ ഇറക്കുമതി ചെയ്ത്, ഇന്ത്യയിൽ കൊണ്ട് വന്ന് തട്ടാനുള്ള ഫ്രഞ്ച് സർക്കാരിന്റെ ശ്രമത്തെ തുറന്ന് കാട്ടിയ ഗ്രീൻപീസ്, മാധ്യമ പ്രചരണം വഴി ആ ശ്രമം തടഞ്ഞു.
പ്രവർത്തിച്ച എല്ലാ രാജ്യങ്ങളിലും വ്യവസായത്തിന്റെ പേരിൽ കാടുകൾ വെട്ടി തെളിയ്ക്കാനുള്ള കുത്തകകളുടെ ശ്രമങ്ങളെ എന്നും എതിർത്തു പോന്ന ഗ്രീൻപീസ്‌ അതിന്റെ പേരിൽ നേരിടേണ്ടി വന്ന എതിർപ്പുകൾക്ക് കണക്കില്ല.
പരിസ്ഥിതിയ്ക്കും പ്രദേശവാസികൾക്കും ഭീക്ഷണി ഉയർത്തുന്ന കൂടംകുളത്തെ ആണവ നിലയത്തിനെതിരെയും, മഹാനിലെ കൽകരി ഖനനത്തിന് എതിരെയും നടന്ന ജനകീയ സമരങ്ങളിലും ഗ്രീൻപീസ്‌ പങ്കാളിയായി. കുത്തക കമ്പനി മുതലാളിമാരുടെയും, അവർക്ക് അടിമവേല ചെയ്യുന്ന ഭരണകൂടങ്ങൾക്കും ഗ്രീൻപീസ് ഒരു തലവേദനയായതിൽ അത്ഭുതമില്ലല്ലോ ..
അങ്ങനെ പല പരിസ്ഥിതി പ്രക്ഷോഭങ്ങളും നടത്തിയ ഗ്രീന്പീസ് ഇന്ത്യയിൽ നേടിയ ഏറ്റവും വലിയ നേട്ടം, 2014 ൽ ബീഹാറിലെ ദാനിയ എന്ന ചെറുഗ്രാമത്തെ, സോളാർ എനർജി ഗ്രിഡ് സ്ഥാപിച്ച്, വൈദ്യുത സ്വയം പര്യാപ്ത ഗ്രാമം ആക്കി മാറ്റാൻ കഴിഞ്ഞു എന്നതാണ്. പരിസ്ഥിതിയ്ക്ക് അപകടകരമായ ആണവ വൈദ്യുതിയ്ക്ക്‌ വേണ്ടി വാദിച്ചവരെ, അത് തെറ്റാണെന്നും പ്രകൃതി പരിസ്ഥിതി സൌഹാർദ്ദ മാർഗ്ഗങ്ങളിലൂടെ വൈദ്യുതി സ്വയം പര്യാപ്തത ഉണ്ടാക്കാൻ കഴിയും എന്ന് തെളിയിച്ച പരീക്ഷണം ആയിരുന്നു ദാനിയയിലെ സോളാർ ഗ്രാമം. സോളാർ എനർജിയുടെ പ്രചാരണം ഗ്രാമ ഗ്രാമാന്തരങ്ങളിൽ ഇന്നും അവർ തുടരുന്നുമുണ്ട്.
കഴിഞ്ഞ രണ്ടാം യു.പി.എ സർക്കാരിന്റെ കാലത്ത് തന്നെ 'ഗ്രീൻപീസി'നെതിരെ അംബാനിയും,അദാനിയും അടക്കമുള്ള കുത്തക കമ്പനികൾ സർക്കാരിൽ സമ്മർദം ചെലുത്തി വരികയായിരുന്നു. കൂടംകുളം സമരങ്ങളെ ഒരു ഘട്ടത്തിൽ വളരെ ഉത്തരവാദിത്തത്തോടെ മാത്രം പ്രസ്‌താവന നടത്തേണ്ടുന്ന പ്രധാനമന്ത്രി മൻമോഹൻ സിങ്‌ സമരക്കാർക്ക്‌ വിദേശഫണ്ട്‌ ലഭിക്കുന്നുണ്ടെന്ന്‌ പ്രസ്‌താവിക്കുകയുണ്ടായി. ഏതെങ്കിലും തെളിവുകൾ ഹാജരാക്കാൻ സമരസമിതി വെല്ലുവിളിച്ചിട്ട്‌ അതിനുത്തരം നൽകാൻ അദ്ദേഹത്തിനിതു വരെയും കഴിഞ്ഞിട്ടില്ല.
എന്നാൽ മോഡി സർക്കാർ അധികാരത്തിൽ വന്നതോടെയാണ് അവർക്കെതിരെയുള്ള അടിച്ചമർത്തൽ നടപടികൾക്ക് ശക്തി കൂടിയത്. സർക്കാരിനും മുതലാളിമാർക്കും എതിരെ നടത്തുന്ന പരിസ്ഥിതി സമരങ്ങളെ "രാജദ്രോഹം' എന്ന് മുദ്ര കുത്തുകയാണ് ആദ്യ നടപടി. അതിനായി സെൻട്രൽ ഇന്റലിജൻസ്‌ ബ്യൂറോയെ ഉപയോഗിച്ച് ഒരു റിപ്പോർട്ട് ഉണ്ടാക്കി അത് പത്രങ്ങളിലൂടെ പ്രസിദ്ധീകരിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ പേരു തന്നെ `വികസനത്തിൽ എൻജിഒകളുടെ പ്രഭാവം` എന്നതാണ്‌. പ്രധാനമന്ത്രിയെ ഒന്നു സുഖിപ്പിക്കുന്നതിനായി ഗുജറാത്ത്‌ മോഡൽ വികസനത്തെ എൻ.ജി.ഒകൾക്ക്‌ തകർക്കാൻ ഒരു പ്രത്യേക ആക്ഷൻ പ്ളാൻ ഉണ്ടെന്നു കൂടി പറഞ്ഞു വച്ചിരിക്കുന്നു . നർമ്മദാ ബച്ചാവോ ആന്തോളൻ, കൂടംകുളം ആണവനിലയം വിരുദ്ധ സമരസമിതി, ഒഡിഷയിലെ പോസ്‌കോ വിരുദ്ധ സമരസമിതി, ഗ്രീൻപീസ്‌ മൂവ്‌മെന്റ്‌, വേദാന്ത തുടങ്ങി ഇന്ത്യയിലങ്ങോളമിങ്ങോളം നടക്കുന്ന പ്രകൃതി വിഭവങ്ങളുടെ കൊള്ളയ്‌ക്കെതിരെയും ജീവനോപാധിക്കും വേണ്ടി തദ്ദേശീയർ നടത്തിവരുന്ന എല്ലാ അതിജീവന സമരങ്ങളെയും ഈ റിപ്പോർട്ടിൽ പ്രതിപാദിച്ചിട്ടുണ്ട്‌. ഇന്ത്യയുടെ വികസന പദ്ധതികളെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ വിദേശ ഫണ്ട്‌ കൈപ്പറ്റി പ്രവർത്തിക്കുന്നവയാണ് ഇവയോക്കെയെന്നും, ഇവരെയൊക്കെ കൈകാര്യം ചെയ്യണമെന്നാണ്‌ റിപ്പോർട്ടിലെ ശുപാർശ.
ഈ ഇന്‍റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തി ഇത്തരം പരിസ്ഥിതി സംഘടനകൾക്ക് എതിരെ ഒരു ജനവികാരം ഉണ്ടാക്കാനായിരുന്നു സർക്കാർ തന്ത്രം.
എന്നാൽ "ഗ്രീൻപീസി'നെതിരെയുള്ള ഈ ആരോപണങ്ങൾ അസത്യമാണെന്ന് അവരുടെ കണക്കുകൾ തന്നെ തെളിയിയ്ക്കുന്നു. സംഭാവനകൾ സ്വീകരിയ്ക്കുന്നതിൽ ഏറ്റവും സുതാര്യമായ നയങ്ങൾ ഉള്ള സംഘടനയാണ് ഗ്രീൻപീസ്. ഏതെങ്കിലും സർക്കാരിൽ നിന്നോ, സർക്കാർ എജെന്സികളിൽ നിന്നോ അവർ സംഭാവനകൾ ഒരിയ്ക്കലും സ്വീകരിയ്ക്കാറില്ല. സ്വന്തം നയങ്ങളെ സർക്കാരുകൾ സ്വാധീനിയ്ക്കാതിരിയ്ക്കാൻ വേണ്ടിയാണിത്. ലഭിച്ച സംഭാവനകളുടെ കണക്കുകൾ കൃത്യമായി ആഡിറ്റ് നടത്തുകയും വെബ്സൈറ്റ് വഴി പ്രസിദ്ധീകരിയ്ക്കുകയും ചെയ്യാറുണ്ട്.
മോഡി സർക്കാരിന്റെ ഒൗദ്യോഗിക പാരകള്‍ക്കിടയിലും പരിസ്ഥിതി സ്നേഹികളില്‍നിന്ന് ഗ്രീന്‍പീസിന് കഴിഞ്ഞ സാമ്പത്തികവര്‍ഷം മികച്ച പിന്തുണയാണ് ലഭിച്ചിരിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 30,746 ആളുകളാണ് സംഘടനക്ക് സംഭാവന നല്‍കാന്‍ പുതുതായി മുന്നോട്ടുവന്നത്. രാജ്യത്തെ 77,768 ദാതാക്കളില്‍നിന്നായി 20.76 കോടി കഴിഞ്ഞവര്‍ഷം അവര്‍ക്കു ലഭിച്ചു. മാതൃസംഘടനയായ ഗ്രീന്‍പീസ് ഇന്‍റര്‍നാഷനല്‍, ബെര്‍ത്ത ഫൗണ്ടേഷന്‍ എന്നിവ മുഖേന 1.61കോടി വിദേശത്തുനിന്ന് സംഭാവനയായത്തെി.
മോഡി സർക്കാരിനെ പോലെ തന്നെ അമേരിക്കൻ,റഷ്യൻ സർക്കാരുകളും പ്രോജെക്ട്ടുകളെ പരിസ്ഥിയ്ക്ക് വേണ്ടി എതിർത്തതിന്റെ പേരിൽ അതാതു നാടുകളിലെ 'ഗ്രീന്പീസ്' ഘടകങ്ങൾക്കെതിരെ അടിച്ചമർത്തൽ നടപടികൾ എടുക്കാൻ ശ്രമിച്ച ചരിത്രം വായിച്ചാൽ, 'വിദേശ ഗൂഢാലോചന എന്ന ആരോപണത്തിന്റെ മുന ഒടിഞ്ഞു പോകും.
എന്നിട്ടും 'വികസന വിരുദ്ധർ', 'ദേശവിരുദ്ധർ', 'മാവോയിസ്റ്റുകൾ', വിദേശ ചാരന്മാർ എന്നൊക്കെ തരം പോലെ ചാപ്പ കുത്തി മോഡി സർക്കാർ ഗ്രീൻപീസിനെ വേട്ടയാടുകയാണ്.
എന്നാൽ വെറുമൊരു സംഘടനയ്ക്കെതിരെയുള്ള വിഷയം മാത്രമല്ല ഇത്. മോഡി സർക്കാരിന്റെ യഥാർത്ഥ മുഖം അനാവരണം ചെയ്യപ്പെടുന്ന ഒരു റിയാലിറ്റി ഷോയുടെ തുടക്കം മാത്രമാണിത്. മോഡി സർക്കാറിന്റെ കടിഞ്ഞാണ്‍ തിരശ്ശീലയ്ക്ക് പുറകിൽ ഇരുന്ന് ശരിക്കും നിയന്ത്രിയ്ക്കുന്നത് ആര് എന്നുള്ള യാഥാർത്യത്തിലേയ്ക്കുള്ള ഒരു കണ്ണാടി ആണത്.
ഇന്ത്യയിലും വിദേശത്തുമായി വ്യാപിച്ചു കിടക്കുന്ന കൽക്കരി ഖനന സാമ്രാജ്യത്തിന്റെ അധിപനാണ് അദാനി ഗ്രൂപ്പ്. നരേന്ദ്ര മോഡി ഗുജറാത്ത്‌ മുഖ്യമന്ത്രി ആയിരുന്ന കാലം മുതൽക്കേ മോഡിയുടെ വലംകൈ എന്ന പോലെ അടുത്ത ബന്ധം ഗുജറാത്തുകാരനായ അദാനി ഗ്രൂപ്പ് മേധാവി ഗൌതം അദാനിയ്ക്കു ഉണ്ടെന്ന കാര്യം പരസ്യമായ ഒരു രഹസ്യമാണ്. മോഡിയെ ഇന്ത്യൻ പ്രധാന മന്ത്രി സ്ഥാനത്തേയ്ക്ക് ഉയർത്തിയ വൻപിച്ച മാധ്യമ പ്രചാരണത്തിന്റെ പ്രധാന സ്പോന്സരും ഗൌതം അടാനിയാണ്. മോഡി അധികാരത്തിൽ എത്തിയതോടെ അദാനിയുടെ ശുക്ര ദശ തെളിയുകയായിരുന്നു. ആസ്ട്രേലിയയിലെ ക്യൂൻസ്ലാൻഡ് സംസ്ഥാനത്ത് 7.5 ബില്ല്യണ്‍ ഡോളറിന്റെ ഒരു കൽക്കരി ഖനന പ്രൊജെക്റ്റ് ഏറ്റെടുക്കാനായി ശ്രമിയ്ക്കുകയായിരുന്നു അദാനി ഗ്രൂപ്പ്. എന്നാൽ ആസ്ട്രേലിയൻ ബാങ്കുകൾ "റിസ്ക്‌ ഫാക്ടർ" ചൂണ്ടിക്കാട്ടി, ഈ പ്രോജെക്റ്റിനു ലോണ്‍ നൽകാൻ വിസമ്മതിച്ചു. തുടർന്ന് മോഡി തന്നെ നേരിട്ട് ഇടപെട്ട് ഇന്ത്യയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും ഒരു ബില്യണ്‍ ഡോളറിന്റെ ലോണ്‍ സംഘടിപ്പിച്ചു കൊടുത്തു. ഇന്ത്യയുടെ ചരിത്രത്തിൽ ഇന്ന് വരെ ഒരു വിദേശ പ്രോജെക്റ്റിന് ഇത്രയും വലിയ തുക ഒരു ബാങ്കും ലോണ്‍ കൊടുത്തിട്ടില്ല. എന്തായാലും ലോണ്‍ കിട്ടിയതിനെ തുടർന്ന് ആ പ്രൊജെക്റ്റ് അദാനി ഗ്രൂപ്പിന് ലഭിയ്ക്കുകയും, അവർ ആസ്ട്രേലിയയിൽ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിയ്ക്കുകയും ചെയ്തു.
എന്നാൽ കാര്യങ്ങൾ അദാനിയും, മോഡിയും വിചാരിച്ച പോലെ അല്ല നീങ്ങിയത്. ഈ കഴിഞ്ഞ മാർച്ച് മാസം, ആസ്ട്രേലിയയിലെ ഗ്രീന്പീസ് ഉൾപ്പടെ ഉള്ള പരിസ്ഥിതി സംഘടനകളുടെ കൂട്ടായ്മ, ഈ പ്രൊജെക്റ്റിനെതിരെ ക്യൂന്സ്ലാന്ഡ് കോടതിയിൽ കേസ് ഫയൽ ചെയ്തു. കടതീരത്തിനടുത്ത് ഇത്രയും വലിയ കല്ക്കരി ഖനനം നടത്തുന്നത്, ലോകപ്രശസ്തമായ ആസ്ട്രേലിയയുടെ പവിഴപ്പുറ്റ് സമൂഹത്തെ (Great Barrier Coral Reef) നശിപ്പിയ്ക്കുമെന്നും, അവിടത്തെ ജലത്തെ മലിനമാക്കും എന്നും, പരിസ്ഥിതി ആവാസ വ്യവസ്ഥയ്ക്ക് കടുത്ത നാശ നഷ്ടങ്ങൾ വരുത്തുമെന്നും ആയിരുന്നു പരാതി. കേസിൽ കഴമ്പുണ്ട് എന്ന് കണ്ടെത്തിയ കോടതി, പ്രോജെക്റ്റിന്റെ പ്രവർത്തനങ്ങൾ മരവിപ്പിയ്കുകയും പരിസ്ഥിതി ശാസ്ത്രജ്ഞന്മാര് അടക്കമുള്ളവരെ വിചാരണ ചെയ്ത് വിശദമായ വാദം കേൾക്കാൻ തീരുമാനിച്ചു. ആ പ്രൊജെക്റ്റിനെ അനിശ്ചിതത്തിൽ ആക്കിക്കൊണ്ട് കേസ് ഇപ്പോഴും തുടരുകയാണ്. മോഡിയുടെ പരിസ്ഥിതി സംഘടനകൾക്ക് എതിരെയുള്ള വിരോധത്തെ ഈ സംഭവം ആളിക്കത്തിച്ചു.
സര്‍ക്കാര്‍ ബുദ്ധിമുട്ടുകള്‍ തീര്‍ക്കുമ്പോഴും ശുദ്ധവായുവിനും വെള്ളത്തിനും വിഷമുക്ത ഭക്ഷണത്തിനും മറ്റുമായി ഗ്രീന്പീസ് തുടരുന്ന പോരാട്ടങ്ങള്‍ക്ക് രാജ്യത്തെ സന്മനസ്സുകള്‍ പിന്തുണ നല്‍കുന്നുവെന്നത് അഭിമാനകരമാണെന്ന് ഗ്രീന്‍പീസ് കരുതുന്നു.
രാജ്യത്തെ വികസനം ഏവരും സ്വാഗതം ചെയ്യുന്ന കാര്യമാണ്. എന്നാൽ എന്നാൽ ഏതാനും മുതലാളിമാരുടെ അവസാനിക്കാത്ത ലാഭകൊതിയ്ക്ക് വേണ്ടി നമ്മുടെ കാടുകളും, മലകളും വെട്ടി നികത്തണം എന്നും, മണ്ണും ജലവും വിഷം കലരണം എന്നും, ഈ മനോഹര ഭൂമി നശിയ്ക്കപ്പെടണം എന്നും ആഗ്രഹിയ്ക്കുന്നവരെ പിന്തുണയ്ക്കാൻ ഈ രാജ്യത്തെ സ്നേഹിയ്ക്കുന്നവർക്ക് കഴിയില്ല. അവരുടെ പിന്തുണ എന്നും ഗ്രീന്പീസ് പോലുള്ള സംഘടനകൾക്ക് ഉണ്ടാകും.