2015, ഫെബ്രുവരി 27, വെള്ളിയാഴ്‌ച

സിപിഐ 22ആം പാർട്ടി കോൺഗ്രസ്‌ കരട്‌ രാഷ്ട്രീയ പ്രമേയം - Part 3

വിദ്യാഭ്യാസത്തിന്റെ വാണിജ്യവൽക്കരണം
1. നവ ഉദാരീകരണവാഴ്ചയിൽ വിദ്യാഭ്യാസ സമ്പ്രദായം അപ്പാടെ അഭൂതപൂർവമായ നിലയിൽ വാണിജ്യവൽക്കരണത്തിനും സ്വകാര്യവൽക്കരണത്തിനും വിധേയമായിക്കൊണ്ടിരിക്കുകയാണ്‌. 2010 ഏപ്രിൽ ഒന്നിന്‌ നിലവിൽവന്ന വിദ്യാഭ്യാസത്തിനുളള അവകാശം (ആർടിഇ) നിയമം വിദ്യാഭ്യാസത്തിന്റെ കച്ചവടവൽക്കരണത്തിന്‌ ആക്കം കൂട്ടുകയും ഇടത്തരം കുടുംബങ്ങളിലെ വിദ്യാർഥികൾക്കുപോലും ഉന്നതവിദ്യാഭ്യാസത്തിനുളള സാധ്യത കൊട്ടിയടയ്ക്കുകയുമായിരുന്നു. വിദ്യാഭ്യാസം ഒരു അവകാശമല്ല മറിച്ച്‌ ഒരു ഔദാര്യമെന്ന നിലയിലേയ്ക്ക്‌ മാറിയിരിക്കുന്നു. ഒന്നാംക്ലാസിൽ പ്രവേശിക്കുന്ന മൊത്തം കുട്ടികളിൽ 15 ശതമാനം മാത്രമേ ഉന്നതവിദ്യാഭ്യാസം കരസ്ഥമാക്കുന്നുളളു. വിദ്യാഭ്യാസത്തിനുളള തുല്യ അവസരം ലഭിക്കാതെ പോകുന്നു. വിദ്യാഭ്യാസം ഇന്ന്‌ ഏറ്റവും ലാഭം കൊയ്യുന്ന ഒരു മേഖലയായി മാറിക്കഴിഞ്ഞിരിക്കുന്നു.
2. യൂണിവേഴ്സിറ്റികളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്താനെന്ന പേരിൽ വിദേശശക്തികൾക്ക്‌ വിദ്യാഭ്യാസരംഗത്തേയ്ക്ക്‌ പ്രവേശിക്കാനുളള അവസരം തുറന്നുകിട്ടിയിരിക്കുന്നു. 3. പൊതു-സ്വകാര്യപങ്കാളിത്ത (പിപിപി)ത്തിന്റെ മൂടുപടം അണിഞ്ഞുകൊണ്ട്‌ വിദ്യാഭ്യാസമേഖലയുടെ സമ്പൂർണമായ സ്വകാര്യവൽക്കരണമാണ്‌ ലക്ഷ്യമിടുന്നത്‌. യുജിസി, ഐസിഎച്ച്‌ആർ, ഐസിഎസ്‌ആർ എന്നീ ഗവൺമെന്റ്‌ സ്ഥാപനങ്ങളിൽനിന്ന്‌ ലഭിച്ച ഉദാരമായ ഗ്രാന്റുകളും മറ്റ്‌ സാമ്പത്തിക സഹായങ്ങളും ഉപയോഗിച്ച്‌ അടിസ്ഥാന സൗകര്യങ്ങളോടെ കെട്ടിപ്പൊക്കിയ സ്ഥാപനങ്ങളും ഭൂമിയും മാഫിയകകൾക്ക്‌ മെല്ലെ മെല്ലെ കൈമാറുകയാണ്‌. 4. പട്ടികജാതി, പട്ടികവർഗ, ഒബിസി, എസ്ടി വിഭാഗങ്ങൾക്കും മറ്റ്‌ ദുർബല വിഭാഗങ്ങൾക്കുമുളള വിദ്യാഭ്യാസ പ്രവേശനത്തിൽ സംവരണത്തിനായി സിപിഐ നിലകൊളളുന്നു. സ്വകാര്യമേഖലയുൾപ്പെടെയുളള എല്ലാ സ്ഥാപനങ്ങളിലും റിസർവേഷൻ നിർബന്ധമായും നടപ്പിലാക്കണമെന്ന്‌ ഉറപ്പുവരുത്തണം.
5. മാനവശേഷി വികസനം വകുപ്പ്‌ ആർഎസ്‌എസ്‌ ഏറ്റെടുത്തതോടെ വിദ്യാഭ്യാസത്തിന്റെ അടിത്തറയ്ക്കുവരെ ഭീഷണിയുണ്ടായിരിക്കുന്നു. ചരിത്രത്തെയും പാഠ്യപദ്ധതിയെയും വളച്ചൊടിക്കുന്നതിനെ ചെറുക്കേണ്ടിയിരിക്കുന്നു.
6. പതിനെട്ട്‌ വയസുവരെയുളള വിദ്യാഭ്യാസം സൗജന്യവും നിർബന്ധിതമായും ലഭിക്കുന്നതിനുളള അവകാശം ഉറപ്പാക്കണം. കമ്പ്യൂട്ടർ, സോഫ്ട്‌വെയർ വിദ്യാർഥികൾക്ക്‌ സൗജന്യമായി നൽകണം. ശാസ്ത്രീയമായ വിദ്യാഭ്യാസം നൽകാൻ കഴിയണം. ശാസ്ത്രബോധം വളർത്തുന്നതിൽ അധിഷ്ഠിതമായിരിക്കണം വിദ്യാഭ്യാസ സമ്പ്രദായം.
ദളിത്‌ ആദിവാസികൾ
1. സമൂഹത്തിലെ ഏറ്റവും ദുർബല വിഭാഗമാണിവർ. വികസനത്തിന്റെ ഫലങ്ങൾ അവരിലേക്കെത്തപ്പെടുന്നില്ല. ദളിതർ 16 ശതമാനം, ആദിവാസികൾ 8.5 ശതമാനം, മുസ്ലിം ന്യൂനപക്ഷം 16 ശതമാനം ഇവരെല്ലാംകൂടിച്ചേർന്ന്‌ ഇത്തരത്തിൽ ജനസംഖ്യയുടെ നാൽപ്പതുശതമാനംവരും. ഇത്രയധികം വരുന്ന ജനവിഭാഗങ്ങൾ ദുരിതത്തിലും നിരാശയിലും കഴിയുമ്പോൾ ജനാധിപത്യസ്ഥാപനങ്ങളെ ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകുവാനോ യഥാർഥ വികസനം സാധ്യമാക്കാനോ കഴിയുകയില്ല.
2. ആഗോളവൽക്കരണത്തിന്റെയും സാമ്പത്തിക ഉദാരവൽക്കരണത്തിന്റെയും പ്രയാണത്തിൽ ഏറ്റവുമധികം ദ്രോഹനടപടികൾ ഏറ്റുവാങ്ങേണ്ടിവരുന്ന ആദിവാസിസമൂഹമാണ്‌. സ്വന്തം മണ്ണും വെളളവും പ്രകൃതിവിഭവങ്ങളും നഷ്ടപ്പെട്ട അവർ സ്വന്തം വാസസ്ഥലങ്ങളിൽനിന്നും ആട്ടിയോടിക്കപ്പെടുന്നു. മൊത്തം രണ്ടുകോടി ജനങ്ങളാണ്‌ ഇങ്ങനെ കുടിയൊഴിപ്പിക്കലിന്‌ വിധേയമായിരിക്കുന്നത്‌. അതിൽ 40 ശതമാനവും ആദിവാസികളാണ്‌. വേണ്ടത്ര പുനരധിവാസം നടത്താതെ ആവാസവ്യവസ്ഥയിൽനിന്ന്‌ പിഴുതെറിയപ്പെട്ടവരുടെ മുമ്പിൽ വിജനഭൂമിയാണ്‌ അവർക്ക്‌ ശരണം. ധാതുസമ്പത്തുകളുടെ ഖാനനംമൂലവും ആദിവാസികൾക്ക്‌ വ്യാപകമായി വാസസ്ഥലം നഷ്ടപ്പെടുകയാണ്‌. പരിസ്ഥിതിയെയും ആവാസവ്യവസ്ഥയെയും ഇത്‌ സാരമായി ബാധിക്കുന്നുണ്ട്‌. ഏറ്റവുമൊടുവിലത്തെ ഭൂമി ഏറ്റെടുക്കൽ നിയമഭേദഗതി അവരുടെ ദുരിതങ്ങളെ ഇരട്ടിപ്പിക്കും. ആദിവാസികളുടെ ചെറുത്തുനിൽപ്പിനെ ഭീകരമർദനത്തിലൂടെയാണ്‌ നേരിട്ടുകൊണ്ടിരിക്കുന്നത്‌. തീവ്രവാദ വിഭാഗങ്ങളും മാവോയിസ്റ്റുകളും ഈ സാഹചര്യത്തെ ചൂഷണം ചെയ്തുകൊണ്ട്‌ മുതലെടുപ്പിന്‌ ശ്രമിക്കുകയാണ്‌. പോസ്കോ തന്നെയാണ്‌ ഇതിനുത്തമോദാഹരണം.
3. ആദിവാസികളുടെ ന്യായമായ ആവശ്യങ്ങൾക്കും ആവലാതികൾക്കും പരിഹാരം കണ്ടെത്തുന്നതിന്‌ പകരമായി ആദിവാസികളെ തമ്മിൽത്തല്ലിക്കാനാണ്‌ ഭരണവർഗം ശ്രമിക്കുന്നത്‌. ഇതിന്‌ ബിജെപിയുടെയും കോൺഗ്രസിന്റെയും പിൻതുണയുണ്ട്‌. കുപ്രസിദ്ധമായ ‘സൽവാർജൂഡം’ ആണ്‌ അവരിതിനായി ആയുധമായി തിരഞ്ഞെടുത്തിരിക്കുന്നത്‌. പോരാട്ടം ഏറ്റവും രൂക്ഷമായ ഛത്തിസ്ഘട്ടിലെ ബസ്തർ മേഖലയിൽ പട്ടാള ക്യാമ്പുകൾ വരെ സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്‌. സുപ്രിംകോടതിയുടെ വിധിയെ മറികടന്നുകൊണ്ട്‌ സൽവാർജൂഡത്തെ പിരിച്ചുവിടുന്നതിനുപകരമായി മാവോയിസത്തെ നേരിടുന്നതിനെന്ന മറവിൽനടത്തുന്ന ഓപ്പറേഷനുകളുടെ ഫലമായി കൂട്ടക്കുരുതികളാണ്‌ നടന്നുകൊണ്ടിരിക്കുന്നത്‌.
4. സിപിഐയുടെയും മറ്റ്‌ ഇടതുപക്ഷ കക്ഷികളുടെയും ഫലപ്രദമായ ഇടപെടലുകൾമൂലമാണ്‌ വനാവകാശനിയമം 2006ൽ പാസാക്കാൻ കഴിഞ്ഞത്‌. ആദിവാസികൾക്ക്‌ വനത്തിനുളളിൽത്തന്നെ ജീവിക്കാൻ അവസരം നൽകുന്ന ഈ നിയമം നടപ്പിലാക്കുന്നതിൽ കേന്ദ്രസർക്കാർ ചാഞ്ചാടുകയാണ്‌. വനത്തെ സംരക്ഷിച്ചുകൊണ്ടും വന്യജീവികളുമായി സഹവർത്തിച്ചുകൊണ്ടും നൂറ്റാണ്ടുകളായി ഗോത്രവർഗക്കാർ ഇവിടെ കഴിഞ്ഞുകൂടുകയാണ്‌. ഫോറസ്റ്റ്‌ ഉദ്യോഗസ്ഥൻമാരും കോൺട്രാക്ടർമാരും മുതലാളിമാരും ചേർന്നുകൊണ്ടുളള ഒരു വനംമാഫിയയാണ്‌ യഥാർഥത്തിൽ നമ്മുടെ കാടിനെയും വനസമ്പത്തിനെയും നശിപ്പിക്കുന്നത്‌.
ഗോത്രവർഗ വിഭാഗക്കാരെ അവരുടെ വാസസ്ഥലങ്ങളിൽ നിന്ന്‌ ഇറക്കിവിടുന്നുവെന്ന ഭീഷണി നിലനിൽക്കുന്നുവെന്നതും അവരുടെ ന്യായമായ ആവശ്യങ്ങളെ നിരാകരിക്കുകയും പരിഗണിക്കപ്പെടാതെ പോകുന്നുവെന്ന യാഥാർഥ്യം നിലനിൽക്കുന്നുണ്ട്‌. വനാവകാശ നിയമം അന്തസോടെ അതിന്റെ പൂർണമായ അർഥത്തിൽ നടപ്പിലാക്കുന്നതിനുവേണ്ടിയുള്ള പ്രക്ഷോഭം നയിക്കുന്നതിനോടൊപ്പം ഗോത്രവർഗ വിഭാഗങ്ങൾക്കുളള വിദ്യാഭ്യാസ തൊഴിൽ സംവരണവും പ്രഖ്യാപിക്കപ്പെട്ട മറ്റു ആനുകൂല്യങ്ങളും സൗജന്യങ്ങളും നേടിയെടുക്കുന്നതിനുവേണ്ടി നാം നിലകൊള്ളണം. ഇതിനായി അടിത്തട്ടിലുള്ള പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുക എന്നത്‌ അനിവാര്യമായ കടമയാണ്‌.
5. നമ്മുടെ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ നേതാക്കന്മാരും ഭരണഘടനാ ശിൽപ്പികളും സംവരണ നയത്തിന്‌ രൂപം നൽകുമ്പോൾ അവർ ലക്ഷ്യം വച്ചിരുന്നത്‌ നൂറ്റാണ്ടുകളായി ദളിതരും ആദിവാസികളും പിന്നാക്കക്കാരും അനുഭവിച്ചുകൊണ്ടിരുന്ന ജാതിപരമായ ഉച്ചനീചത്വങ്ങളിൽ നിന്നും തൊട്ടുകൂടായ്മയിൽ നിന്നും അവരെ മോചിപ്പിച്ച്‌ ജീവിതത്തിന്റെ മുഖ്യധാരയിൽ എത്തിക്കുകയും എന്ന മാനവപുരോഗതി കൈവരിക്കുകയും എന്നതുമായിരുന്നു. സംവരണം ദളിത്‌ വിഭാഗങ്ങളിലെ ഇടത്തരക്കാരിൽ ഒരു വിഭാഗത്തിനെ ഉയർത്തിക്കൊണ്ടുവന്നുവെങ്കിലും അത്‌ ജാതിവ്യവസ്ഥയെ തകർക്കാനോ ചാതുർവർണ്യത്തിന്റെ കെട്ടുപാടുകളെ ഇല്ലാതാക്കാനോ ഉപകരിച്ചിട്ടില്ല.
6. നവസാമ്പത്തിക ഉദാരവൽക്കരണത്തിന്റെ ഫലമായി സംവരണനയത്തെ പിന്നോട്ടടിച്ചുകൊണ്ട്‌ അവഗണന അനുഭവിക്കുന്നവരേയും വിവേചനത്തിന്‌ വിധേയരാകുന്നവരേയും സ്വകാര്യ മുതലാളിത്തത്തിന്റെ ക്രൂരമായ കൈകളിലേക്ക്‌ എറിയപ്പെട്ടിരിക്കുകയാണ്‌. കൂടുതൽ ടെക്നോക്രാറ്റുകളെയും സാങ്കേതിക തൊഴിൽ വിദഗ്ധരേയും ആവശ്യമായി വന്നിരിക്കുന്ന ഇന്നത്തെ പുതിയ സാഹചര്യത്തിൽ ദളിത്‌-ആദിവാസി വിഭാഗങ്ങൾക്കുള്ള തൊഴിൽസാധ്യത പരിമിതപ്പെടുത്തിയിരിക്കുകയാണ്‌. ഇതാകട്ടെ സ്വകാര്യമേഖലയിൽ സംവരണം വേണമെന്ന ആവശ്യത്തെ സാധൂകരിക്കുന്നു.
7. ദളിത്‌ വിഭാഗത്തിനിടയിൽ പ്രവർത്തിക്കുമ്പോൾ ഒട്ടേറെ ദളിത്‌ നേതാക്കന്മാരെ നാം കണ്ടുമുട്ടാറുണ്ട്‌. എന്നാൽ അവരിൽ ചിലരെടുക്കുന്ന പ്രത്യയശാസ്ത്രപരമായ നിലപാടുകൾ പ്രതിലോമകരമാണ്‌. ജാതിയും വർഗ്ഗവും തമ്മിലാണ്‌ വൈരുധ്യം എന്ന വാദം, മാർക്ക്സിസത്തിനെതിരെ അംബേദ്ക്കറിസമാണ്‌ ശരിയായ തത്വശാസ്ത്രം ഇങ്ങനെ തുടങ്ങിയിട്ടുള്ള കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ ആശയഗതികൾ വച്ചു പുലർത്തുന്നവരാണിവരിൽ പലരും. ഇത്‌ ദളിത്‌ വിഭാഗങ്ങളെ മുഖ്യധാരാ ഇടതുപക്ഷ പ്രസ്ഥാനങ്ങളിൽ നിന്നും ജനാധിപത്യ പ്രസ്ഥാനങ്ങളിൽ നിന്നും അന്യവൽക്കരിക്കാനായി ബോധപൂർവം നടത്തുന്ന ശ്രമങ്ങളാണ്‌. ഇതിനെതിരെ സാമൂഹ്യ-സാമ്പത്തിക യാഥാർഥ്യങ്ങളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള ആശയപ്രചരണങ്ങൾ നാം സംഘടിപ്പിക്കേണ്ടതാണ്‌.
8. ഭരണനിർവഹണത്തിന്റെ വിവിധ തട്ടുകളിൽ ദളിതർക്കും ആദിവാസികൾക്കുമായി നിരവധി ഉപപദ്ധതികൾ (സബ്പ്ലാൻസ്‌) ആവിഷ്കരിക്കപ്പെടുന്നുണ്ട്‌. പക്ഷെ, ഇത്‌ നടപ്പിലാക്കുന്ന ഘട്ടത്തിൽ അവ പരാജയപ്പെടുകയാണ്‌. സംസ്ഥാന സർക്കാരുകൾ ഈ പദ്ധതികൾക്കായി അനുവദിക്കുന്ന ഫണ്ടുകൾ വകമാറ്റി ചെലവഴിക്കുന്നത്‌ പദ്ധതി നിർവഹണത്തിന്‌ തടസമാകുന്നു. ഇത്തരം പദ്ധതികളുടെ ആവിഷ്കരണത്തിലും നടപ്പിലാക്കലിലും പാർട്ടി ജാഗ്രത പുലർത്തേണ്ടതാണ്‌. പദ്ധതികൾക്കാവശ്യമായ തുക ലഭിക്കുന്നുണ്ടെന്നും അത്‌ ലക്ഷ്യം കൈവരിക്കാനായി പൂർണമായി ഉപയോഗിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം. ആദിവാസികൾക്കും ദളിതർക്കുമായി പ്രഖ്യാപിക്കപ്പെടുന്ന പദ്ധതികൾ ഫലപ്രദമായി ഈ വിഭാഗങ്ങൾക്ക്‌ ലഭിക്കുന്നുണ്ടെന്ന്‌ ഉറപ്പുവരുത്തുന്നതിനായി ഫലപ്രദവും ശക്തവുമായ സമരങ്ങൾ പാർട്ടി അടിത്തട്ടിൽ നടത്തേണ്ടതായിട്ടുണ്ട്‌.
9. ദളിതരുടെയും ആദിവാസികളുടെയും മതസ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുവാനും അവർക്കെതിരെയുള്ള എല്ലാത്തരം വിവേചനങ്ങളും അവസാനിപ്പിക്കുന്നതിനായി കമ്മ്യൂണിസ്റ്റ്‌ പാർട്ടി നിലകൊള്ളുന്നു. 1950 ലെ പ്രസിഡൻഷ്യൽ ഉത്തരവ്‌ പിൻവലിക്കപ്പെടേണ്ടതാണ്‌.
10. 50 ശതമാനത്തിലധികം ഗോത്രവർഗ വിഭാഗങ്ങൾ അധിവസിക്കുന്ന ബസ്തർ ഉൾപ്പെടെയുള്ള എല്ലാ പ്രദേശങ്ങളും ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിനായി സി പി ഐ നിലകൊള്ളുന്നു.
മറ്റ്‌ പിന്നാക്ക വിഭാഗങ്ങൾ (ഒബിസി)
1. വർഗവും ജാതിയും രണ്ടും നിലനിൽക്കുന്നുവെന്നതാണ്‌ ഇന്ത്യയിലെ സാമൂഹ്യയാഥാർഥ്യം. സി പി ഐ എക്കാലവും ഇതംഗീകരിച്ചിട്ടുണ്ട്‌. ജാതിയുടെ അടിസ്ഥാനത്തിലുള്ള വിവേചനങ്ങൾക്കെതിരെ കമ്മ്യൂണിസ്റ്റുകാർ എക്കാലവും മുന്നിൽ നിന്ന്‌ പോരാടിയിട്ടുണ്ട്‌. വർഗപരമായ ഐക്യത്തിന്‌ ജാതി വിഭജനം തടസമാകാൻ പാടുള്ളതല്ല. പിന്നാക്ക വിഭാഗങ്ങളുടെയും ദളിതരുടെ ഇടയിൽ മെല്ലെ മെല്ലെ ജാതി വിവേചനം രൂപം കൊള്ളുന്നുണ്ടെന്നുള്ളത്‌ നാം ശ്രദ്ധിക്കപ്പെടേണ്ടതാണ്‌. എന്നാൽ ആദിവാസികളുടെ ഇടയിൽ ഇത്തരത്തിലുള്ള പ്രവണത കൂടുതലായി കാണുന്നില്ല. ദളിതരിൽ ഒരു മദ്ധ്യവർത്തി വിഭാഗം രൂപംകൊള്ളുമ്പോൾ മറ്റ്‌ പിന്നാക്ക വിഭാഗങ്ങളിൽ ഇടത്തരം ധനികവർഗവും ബൂർഷ്വാ വിഭാഗങ്ങളും ഉദയം ചെയ്യുന്നുണ്ട്‌. ഇതു പരമ്പരാഗതമായ (മനുവാദം) ജാതി വ്യവസ്ഥയെ തകർക്കുന്നതാണ്‌. പഴയ ജാതി വ്യവസ്ഥയിലെ മുന്നാക്ക വിഭാഗങ്ങളുടെ നൂറ്റാണ്ടുകളായുള്ള മേധാവിത്വത്തെ ഇല്ലാതാക്കും. ജാതി വ്യവസ്ഥയ്ക്കുള്ളിലും വ്യത്യസ്ത ജാതികൾ തമ്മിലുള്ള വൈരുധ്യങ്ങൾ മൂർച്ഛിക്കാൻ ഇത്‌ കാരണമാകും. രാജസ്ഥാനിലെ ഗജ്ജാർ പ്രക്ഷോഭം അത്തരത്തിലാണ്‌. സാമൂഹികസമത്വത്തിന്റെയും അവശവിഭാഗങ്ങളുടെ സാമൂഹ്യ നീതിയുടെയും പക്ഷം നാം ഉയർത്തിപ്പിടിക്കണം. അവരുടെ ആവശ്യങ്ങൾ ഉയർത്തിക്കാട്ടുന്നതോടൊപ്പം വിവിധ വിഭാഗങ്ങൾ തമ്മിലുള്ള അനുരഞ്ജനത്തിനും സമാധാനപരമായ ഐക്യം ശക്തിപ്പെടുത്താനും പാർട്ടി എല്ലാ ശ്രമങ്ങളും നടത്തണം.
2. നവഉദാരവൽക്കരണ സാമ്പത്തിക നയങ്ങൾക്കെതിരെ ആദിവാസികളെയും ദളതരെയും മറ്റ്‌ പിന്നാക്ക വിഭാഗങ്ങളേയും ഏറ്റവും അടിച്ചമർത്തപ്പെട്ടവരേയും അണിനിരത്തിക്കൊണ്ട്‌ അവരുടെ തനതവകാശങ്ങൾക്കുള്ള വിശാലവും ശക്തവുമായ പ്രക്ഷോഭം ആവശ്യമാണ്‌. അവരുടെ പങ്കാളിത്തം ഇല്ലാതെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം വിപുലപ്പെടുത്താൻ സാധ്യമല്ല.
മുസ്ലിങ്ങളും മറ്റ്‌ മതന്യൂനപക്ഷങ്ങളും
1. ഇടതുപക്ഷത്തിന്റെ പിന്തുണയെ ആശ്രയിച്ച്‌ ഭരണത്തിലിരുന്ന ഒന്നാം യുപിഎ സർക്കാർ നിയോഗിച്ച രംഗനാഥ കമ്മിഷന്റെയും സച്ചാർ കമ്മിറ്റിയുടെയും റിപ്പോർട്ടുകൾ സമർപ്പിച്ചതുമുതൽ കുറച്ചുകാലത്തേക്കെങ്കിലും മുസ്ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ അവരുടെ സാമൂഹിക സാമ്പത്തിക ഉയർച്ചയെ സംബന്ധിച്ച്‌ ചർച്ചകൾ സജീവമായിരുന്നു. മതവികാരം ചൂഷണം ചെയ്ത്‌ മുസ്ലിങ്ങളെ വോട്ടുബാങ്കായിമാത്രം നിലനിർത്താനാണ്‌ ബൂർഷ്വാ രാഷ്ട്രീയപാർട്ടികൾ നാളിതുവരെ ശ്രമിച്ചിരുന്നത്‌. മുൻകാലങ്ങളിൽനിന്നുളള ഒരു തിരിച്ചുവരവായിരുന്നു ഇത്‌.
2. ഈ വിഭാഗങ്ങളുടെ യഥാർഥ സാമൂഹ്യപ്രശ്നങ്ങൾ ഉയർത്തിക്കാണിച്ചു കൊണ്ടുളള പ്രക്ഷോഭങ്ങളിലൂടെ അവയ്ക്ക്‌ സത്വരമായ പരിഹാരം തേടണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട്‌ ഇവരുടെ പ്രശ്നങ്ങൾ ഏറ്റെടുത്താൽ മതവികാരത്തിന്റെ സ്ഥാനത്ത്‌ രാഷ്ട്രീയവികാരം പ്രതിഷ്ഠിക്കാൻ നമുക്ക്‌ കഴിയും. ന്യൂനപക്ഷ അവകാശങ്ങൾക്കായി പോരാടുന്ന മതേതര ശക്തിയായി മുസ്ലിങ്ങളും മറ്റ്‌ മത ന്യൂനപക്ഷങ്ങളും എക്കാലവും കണ്ടിട്ടുളളത്‌ ഇടതുപക്ഷശക്തികളെയാണ്‌. ഇടതുപക്ഷത്തിന്റെ സാമ്രാജ്യത്വവിരുദ്ധനിലപാടുകൾ ന്യൂനപക്ഷത്തെ വളരെയധികം ആകർഷിച്ചിട്ടുണ്ട്‌. മതവികാരം ഇളക്കിവിട്ട്‌ സമൂഹം ആടിയുലയുന്ന സന്ദർഭങ്ങളിൽ ഇതെല്ലാം ബാഷ്പീകരിക്കപ്പെട്ടു പോവുകയാണ്‌.
3. യഥാർഥ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക പ്രശ്നങ്ങളിൽനിന്ന്‌ മുസ്ലിം സമുദായത്തെ മുഴുവൻപേരെയും സംവരണത്തിന്‌ കീഴിൽ കൊണ്ടുവരണമെന്ന വ്യർഥമായ ഒരു വാദഗതി ഉന്നയിക്കുന്നുണ്ട്‌. തൊഴിലിന്റെയടിസ്ഥാനത്തിൽ ഇതര സമുദായങ്ങളിലെ വിഭാഗങ്ങൾക്ക്‌ ലഭിച്ചുകൊണ്ടിരിക്കുന്ന സംവരണം ഉൾപ്പെടെയുളള എല്ലാ ആനുകൂല്യങ്ങളും മുസ്ലിം സമുദായത്തിലെ തൊഴിലെടുക്കുന്നവർക്കുകൂടി ലഭ്യമാക്കണമെന്ന്‌ 1975 മുതൽ സിപിഐ ആവശ്യപ്പെടുന്നതാണ്‌. കൂടാതെ ദളിതർക്കും ആദിവാസികൾക്കുമുളള ആനുകൂല്യങ്ങൾ അവരുടെ മതവിശ്വാസത്തിന്റെയടിസ്ഥാനത്തിൽ നിഷേധിക്കുന്നതിനെതിരെ സിപിഐ നിലകൊളളുന്നു.
4. തൊഴിലിന്റെയും വിദ്യാഭ്യാസത്തിന്റെയുംകാര്യത്തിൽ ന്യൂനപക്ഷങ്ങളോട്‌ കാണിക്കുന്ന വിവേചനം അവസാനിപ്പിക്കേണ്ടതുണ്ട്‌. പശ്ചിമബംഗാളിലെ ഇടതുമുന്നണി സർക്കാരിന്റെ അവസാന നാളുകളിലും വളരെക്കാലത്തിനു മുമ്പുതന്നെ അച്യുതമേനോൻ മന്ത്രിസഭയും രൂപം നൽകിയ റിസർവേഷൻ ഫോർമുല ന്യൂനപക്ഷ വിഭാഗങ്ങളുടെ തൊഴിലിന്റെയും വിദ്യാഭ്യാസത്തിന്റെയും കാര്യത്തിലുളള വിവേചനം അവസാനിപ്പിക്കാനുളള ഫലപ്രദമായ നടപടിയായിരുന്നു. ഈ ഫോർമുല മുസ്ലിം ജനവിഭാഗങ്ങളോടുളള വിവേചനം അവസാനിപ്പിക്കുന്നതിന്‌ ഉതകുന്നതാണ്‌.
5. മുസ്ലിങ്ങളിൽ നല്ലൊരു വിഭാഗം നെയ്ത്ത്‌, തൊഴിൽ പോലുളള ആർട്ടിസാൻ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരാണ്‌. അവരുടെ ഉന്നമനത്തിനുവേണ്ടി പ്രത്യേക പാക്കേജുകൾ സർക്കാർ പ്രഖ്യാപിക്കണം. സ്കോളർഷിപ്പും മറ്റ്‌ ആനുകൂല്യങ്ങളും ഈ വിഭാഗത്തിലുളളവർക്ക്‌ ലഭിക്കുന്നുണ്ടെന്ന്‌ ഉറപ്പാക്കാൻ പാർട്ടിയുടെ അടിത്തട്ടിലുളള പ്രവർത്തനംമൂലം കഴിയണം.
6. സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്റെയടിസ്ഥാനത്തിൽ പ്രഖ്യാപിക്കപ്പെട്ട നടപടികൾ നടപ്പിലാക്കുന്നകാര്യത്തിൽ ഏറ്റവും അടിത്തട്ടുവരെയുളള പാർട്ടി ഘടകങ്ങൾ ജാഗ്രത പുലർത്തണം. ഈ പ്രവർത്തനങ്ങളിലൂടെ ന്യൂനപക്ഷങ്ങൾക്കിടയിൽ നമ്മുടെ അടിത്തറ ശക്തിപ്പെടുത്തണം. മുൻപ്‌ പ്രഖ്യാപിക്കപ്പെട്ടതും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതുമായ ആനുകൂല്യങ്ങളിലും പദ്ധതികളിലും വെളളം ചേർക്കാനാണ്‌ മോഡി സർക്കാരിന്റെ ന്യൂനപക്ഷ കാര്യാലയം ശ്രമിച്ചു കൊണ്ടിരിക്കുന്നത്‌. ധനക്കമ്മി കുറയ്ക്കുന്നതിനായി സാമൂഹ്യക്ഷേമത്തിനുളള ഫണ്ട്‌ വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായി ന്യൂനപക്ഷ ക്ഷേമപ്രവർത്തനങ്ങൾക്ക്‌ നീക്കിവച്ചിരിക്കുന്ന തുക വെട്ടിക്കുറയ്ക്കുന്നു. ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിന്‌ ധൈര്യപൂർവം മുമ്പോട്ടുവരേണ്ടതും അതിന്റെ ചാമ്പ്യൻമാരാകേണ്ടതും കമ്മ്യൂണിസ്റ്റുകാരുമാണ്‌. സമൂഹത്തിന്റെ വലിയൊരു വിഭാഗത്തെ പിന്നോക്കാവസ്ഥയിൽ നിർത്തിക്കൊണ്ട്‌ ജനാധിപത്യ പ്രക്രിയ പൂർത്തീകരിക്കാനോ രാജ്യത്തിന്‌ യഥാർഥ പുരോഗതി കൈവരിക്കാനോ കഴിയുകയില്ല.
7. ബിജെപി അധികാരത്തിലിരിക്കുന്ന മധ്യപ്രദേശ്‌, ഛത്തിസ്ഘട്ട്‌, ഗുജറാത്ത്‌ എന്നീ സംസ്ഥാനങ്ങളിലും അതുപോലെ ഡൽഹി, ഒഡിഷ, കർണാടക എന്നീ സംസ്ഥാനങ്ങളിലും ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ ആക്രമണങ്ങൾക്ക്‌ വിധേയമായിക്കൊണ്ടിരിക്കുകയാണ്‌. ന്യൂനപക്ഷങ്ങളെ, എല്ലാവിധത്തിലുമുളള ഇത്തരം അടിച്ചമർത്തലുകളിൽനിന്ന്‌ സംരക്ഷിക്കുന്നതിനുവേണ്ടി പാർട്ടി പോരാടേണ്ടതാണ്‌. ഓൾ ഇന്ത്യാ തൻസീൻ-ഇ-ഇൻസാഫ്‌ പോലെ ന്യൂനപക്ഷാവകാശങ്ങൾക്ക്‌ വേണ്ടി പ്രവർത്തിക്കുന്ന സംഘടനകൾക്ക്‌ എല്ലാവിധ ഒത്താശകളും ചെയ്യാൻ നമ്മുടെ സഖാക്കൾ തയാറാകണം.
8. സംഘപരിവാർ പ്രഖ്യാപിച്ചിട്ടുളള പുനർ മതപരിവർത്തനം ന്യൂനപക്ഷങ്ങൾക്കിടയിൽ പരക്കെ ഭീതിയുളവാക്കിയിട്ടുണ്ട്‌. ഇത്തരത്തിലുളള ഭ്രാന്തമായ നടപടികളെ ശക്തമായി ചെറുക്കേണ്ടതുണ്ട്‌.
9. എല്ലാവിഭാഗം ജനങ്ങളെയും വിശിഷ്യാ ന്യൂനപക്ഷത്തെ ആകർഷിക്കുന്ന പ്രത്യയശാസ്ത്ര ദാർശനിക നിലപാടുകളുടെ അഭാവത്തിൽ മതതീക്ഷണത ശക്തമാകും. ഇത്‌ മതമൗലിക തീവ്രവാദം ശക്തിപ്പെടുത്തുന്നതിന്‌ വഴിതെളിക്കും.
സ്ത്രീശാക്തീകരണം
1. ജനസംഖ്യയുടെ 50 ശതമാനത്തോളംവരുന്ന സ്ത്രീകളുടെ സജീവ പങ്കാളിത്തം രാഷ്ട്രീയ സാമൂഹ്യ ജീവിതത്തിൽ വേണ്ടത്രയില്ലാതെ രാജ്യത്തിന്റെ സമൂലമായ പരിവർത്തനവും പുരോഗതിയും കൈവരിക്കുക അസാധ്യമാണ്‌. കാലം മാറുന്നതിനനുസരിച്ചും സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായി സ്ത്രീകൾ കൂടുതലായി അവരുടെ വീടുകളിൽനിന്നും പുറത്തേയ്ക്ക്‌ വരാനും അങ്ങനെ പുതിയ തൊഴിലിടങ്ങളിലേയ്ക്ക്‌ എത്തിപ്പെടുകയും ചെയ്യുന്നു. തൊഴിലിടങ്ങളിൽ അവർ വീണ്ടും കുടുംബങ്ങളിലേതുപോലെ ഫ്യൂഡൽ ചിന്താഗതികളെ നേരിടേണ്ടിവരുന്നു. സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജോലികളിലൊഴികെ കൂലിയുൾപ്പെടെയുളള കാര്യങ്ങളിൽ മറ്റ്‌ തൊഴിലിടങ്ങൾ അവരോട്‌ വിവേചനം കാട്ടുന്നു.
2. പെൺകുട്ടികൾക്ക്‌ ജനിക്കാൻപോലുമുളള അവകാശം നിഷേധിക്കപ്പെടുകയാണ്‌. അവൾ, പ്രത്യേകിച്ചും, ഉന്നത കുടുംബങ്ങളിലുളള കുട്ടികൾ, ഭ്രൂണഹത്യയ്ക്ക്‌ ഇരകളാവുകയാണ്‌. ഇത്‌ ലിംഗാനുപാതത്തെ ബാധിച്ചിട്ടുണ്ട്‌. സ്ത്രീകളുടെ സംഖ്യ ക്രമാനുഗതമായി കുറഞ്ഞുകൊണ്ടിരിക്കുന്നു. ജനസംഖ്യാനുപാതത്തിലുളള സമതുലനം നഷ്ടമാകുന്നത്‌ ഉത്കണ്ഠാജനകമായ ഒരു സാമൂഹ്യപ്രശ്നമാണ്‌. പോഷകാഹാരത്തിന്റെ കാര്യത്തിലും വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും പെൺകുട്ടികൾ വിവേചനം നേരിട്ടുകൊണ്ടിരിക്കുകയാണ്‌.
3. പുരുഷകേന്ദ്രീകൃത ഫ്യൂഡൽ ചിന്താഗതികൾ മാത്രമല്ല സന്നദ്ധസേവനമേഖലയും സ്ത്രീ ചൂഷണത്തിനുളള പുത്തൻ ആയുധമാണ്‌. സന്നദ്ധസേവനം എന്ന പേരിൽ ജീവിക്കാനാവശ്യമായ മിനിമം വേതനംപോലും ആശാവർക്കർ, അംഗണവാടി ടീച്ചർ, സ്കൂൾ ഉച്ചഭക്ഷണ പരിപാടിയിലെ പാചക തൊഴിലാളികൾ തുടങ്ങിയ വിഭാഗങ്ങൾക്ക്‌ നൽകുന്നില്ല. ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ കൊടിയ സാമ്പത്തിക ചൂഷണത്തിന്‌ വിധേയരാകുന്നു. പുരുഷമേധാവിത്വപരമായ ഫ്യൂഡൽ സമൂഹം സ്ത്രീകളെ അടിച്ചമർത്തിയിരുന്നെങ്കിൽ ആഗോളവൽക്കരണ കാലഘട്ടത്തിൽ സ്ത്രീചൂഷണം അവരുടെ ജീവിതത്തിൻമേൽ കനത്ത പ്രത്യാഘാതങ്ങൾ ഏൽപ്പിക്കുന്നു. മനുഷ്യക്കടത്ത്‌ വർധിച്ചുകൊണ്ടിരിക്കുന്നു. സ്ത്രീയെ ഒരു കച്ചവടച്ചരക്കായി മാറ്റിക്കൊണ്ട്‌ പരസ്യങ്ങൾക്ക്‌ അവരെ ഉപയോഗിച്ചുകൊണ്ട്‌ ഉപഭോഗതൃഷ്ണ ജനങ്ങൾക്കിടയിൽ വളർത്തുന്നു. ലിംഗസമത്വത്തിനുവേണ്ടിയുളള പോരാട്ടം, ജീവിതത്തിലെ എല്ലാ തുറകളിലും അവർക്ക്‌ ന്യായമായി ലഭിക്കേണ്ട അംഗീകാരം, സ്ത്രീകളുടെ പ്രത്യേക അവകാശങ്ങൾക്ക്‌ വേണ്ടിയുളള പോരാട്ടം, സ്ത്രീശാക്തീകരണത്തെ ലക്ഷ്യമാക്കി നടത്തേണ്ടതുണ്ട്‌.
സ്ത്രീകൾക്ക്‌ 33 ശതമാനം സീറ്റുകൾ പാർലമെന്റിലും നിയമസഭയിലും സംവരണം ചെയ്യുന്ന ബില്ലുകൾ പാസാക്കിയിരുന്നുവെങ്കിൽ അത്‌ ഇത്തരത്തിലുളള ഏറ്റവും ശക്തമായ നടപടിയാകുമായിരുന്നു. എന്നാൽ ഈ ബിൽ പാസാക്കാൻ ബൂർഷ്വാ പാർട്ടികൾ ആത്മാർഥത കാട്ടുന്നില്ല. സിപിഐയും മറ്റ്‌ ഇടതുപക്ഷ കക്ഷികളും ഇക്കാര്യത്തിൽ പ്രതിജ്ഞാബദ്ധവും ഈ ബിൽ പാസാക്കിയെടുക്കുന്നതിനുവേണ്ടിയുളള സമ്മർദ്ദങ്ങൾ തുടരുകയും ചെയ്യും. രാജ്യത്തിന്റെ തലസ്ഥാനമായ ഡൽഹിയിൽ പെൺകുട്ടി ബസിനുളളിൽവച്ച്‌ കൂട്ടബലാൽസംഗത്തിനിരയായ നിർഭയ സംഭവം സ്ത്രീസംരക്ഷണത്തിനാവശ്യമായ സത്വര നടപടികൾ അനിവാര്യമാക്കിത്തീർത്തിരിക്കുന്നു. ഇതിനായി നിയമനിർമാണമുൾപ്പെടെ പലതും സർക്കാർ ചെയ്യുമെന്ന്‌ അറിയിച്ചിരുന്നെങ്കിലും സ്ത്രീകൾക്കെതിരെയുളള പീഡനങ്ങളും മറ്റ്‌ കുറ്റകൃത്യങ്ങളും വർധിച്ചുകൊണ്ടേയിരിക്കുന്നു.
മാവോയിസ്റ്റുകളുടെയും മറ്റ്‌ ഇടത്‌ തീവ്രവാദികളുടെയും പ്രവർത്തനങ്ങൾ
രാജ്യത്ത്‌ പല പ്രദേശങ്ങളിലെയും കൊടിയ ചൂഷണവും ദാരിദ്രവും പിന്നോക്കാവസ്ഥയും ഇടത്‌ തീവ്രവാദത്തിന്റെ ഉദയത്തിനും കാരണമായിട്ടുണ്ട്‌. നക്സലിസം എന്ന്‌ ആദ്യകാലങ്ങളിലറിയപ്പെടുന്ന ഈ സരണി ഇന്ന്‌ മാവോയിസം എന്ന്‌ പരാമർശിക്കപ്പെടുന്നു. ഇതിനെ ഒരു ക്രമസമാധാനപ്രശ്നമായി മാത്രം കണ്ടുകൊണ്ട്‌ പരിഹരിക്കുക അസാധ്യമാണ്‌. ഇപ്പോൾ ഇടതുതീവ്രവാദികൾ അവരുടെ പ്രവർത്തനം മുമ്പെന്നത്തേക്കാളും. കൂടുതൽ പ്രദേശങ്ങളിലേയ്ക്ക്‌ വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്നു. കാഠ്മണ്ഡു മുതൽ കന്യാകുമാരിവരെ ചുവന്ന ഇടനാഴി എന്നാണ്‌ അവർ വിളിക്കുന്നത്‌. ഇത്‌ യാഥാർഥ്യമല്ല. ആദിവാസികൾ താമസിക്കുന്ന അവികസിത പ്രദേശങ്ങളിലെ പിന്നോക്കാവസ്ഥയും പരിഹൃതമാകാതെ കിടക്കുന്ന സാമൂഹിക സാമ്പത്തിക പ്രശ്നങ്ങളാണ്‌ അവർക്ക്‌ ഇടം സൃഷ്ടിക്കുകയും അങ്ങനെ അവരുടെ ജനകീയ പിൻതുണയുടെ അടിത്തറ വിപുലമാകുകയും ചെയ്യുന്നു.
ഇടത്‌ തീവ്രവാദപ്രർത്തനം ശക്തമാകുന്ന പ്രദേശങ്ങളിൽ നിരപരാധികളായ ബഹുഭൂരിപക്ഷം ജനങ്ങൾ തീവ്രവാദികളുടെയും അതുപോലെതന്നെ പൊലീസിന്റെയും അക്രമണങ്ങൾക്ക്‌ ഒന്നിനുപിന്നാലെ ഒന്നായി ഇരയാകുന്നു. വ്യവസായവൽക്കരണത്തിന്റെപേരിൽ ബലം പ്രയോഗിച്ച്‌ കൃഷിയിടങ്ങൾ ഏറ്റെടുത്തതും ആദിവാസിമേഖലകളിലെ സ്ഥിതിഗതികളെ പരിതാപകരമായ ഒരവസ്ഥയിൽ കൊണ്ടുചെന്നെത്തിച്ചിട്ടുണ്ട്‌. ഇത്തരം നടപടികളിൽ കഷ്ടനഷ്ടങ്ങൾ അനുഭവിക്കുന്ന പിന്നോക്കപ്രദേശങ്ങളിലെ അവശ ജനവിഭാഗങ്ങൾ മാവോയിസ്റ്റുകളുടെ കപട വിപ്ലവ ആഹ്വാനങ്ങളിൽ ആകൃഷ്ടരാകുന്നു. തീവ്രവാദികളുടെ പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചിട്ടുളള പ്രദേശങ്ങളിൽ സംസ്ഥാനഭരണകൂടങ്ങൾ ജനകീയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്‌ പകരം ജനങ്ങളെ തമ്മിലടിപ്പിക്കാനാണ്‌ ശ്രമിക്കുന്നത്‌. ഛത്തിസ്ഘട്ടിലെ കോൺഗ്രസും ബിജെപിസർക്കാരുകളും ചെയ്തിരുന്ന നടപടികൾ തീവ്രവാദികളെ നേരിടാൻ യുവാക്കളെ സംഘടിപ്പിച്ചുകൊണ്ട്‌ ആയുധമണിയിക്കുകയും അങ്ങനെ സ്വന്തം സഹോദരങ്ങളെ വധിക്കുന്നതിന്‌ വഴിയൊരുക്കുന്ന ഈ സേനയെ സൽവാജൂഡം എന്നാണ്‌ അറിയപ്പെടുന്നത്‌. സുപ്രീംകോടതി നിരോധിച്ചിട്ടും സൽവാജൂഡം അതിന്റെ പ്രവർത്തനങ്ങൾ തുടരുകയാണ്‌. മവോയിസ്റ്റ്‌ തീവ്രവാദത്തെ നേരിടേണ്ടത്‌ ത്രിമാനങ്ങളുളള മൂന്ന്‌ നടപടികളിലൂടെയാണ്‌ അവ ക്രമസമാധാനം, വികസനപ്രവർത്തനങ്ങൾ രാഷ്ട്രീയപോരാട്ടം എന്നിവയാണ്‌. ഇവയ്ക്കുപകരം പൊലീസ്്‌രാജ്‌ ഏർപ്പെടുത്തി വികസനപദ്ധതികൾ നടത്താതിരിക്കുകയും വികസനത്തിന്റെ മറവിൽ കൊടിയ അഴിമതി നടത്തിയും ഭരണപക്ഷം അവരുടെ മേധാവിത്വം നിലനിർത്തുന്നതിനുളള കളികൾ നടത്തുകയാണ്‌ ചെയ്തുകൊണ്ടിരിക്കുന്നത്‌.
4. ഇതിനുപുറമേ കേന്ദ്രസർക്കാരിനും ഇതേസംബന്ധിച്ച്‌ ഒരു അജണ്ടയുണ്ട്‌. ഭീകരവാദത്തെക്കാൾ അപകടകരമാണ്‌ ഇടതുതീവ്രവാദം എന്ന പൊതുധാരണ പരത്താൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നു. കമ്മ്യൂണിസ്റ്റുകളാകെ പൊതുവിൽ അപകടകാരികളാണെന്ന്‌ ഒരു ധാരണ വരുത്തിത്തീർക്കുകയെന്നതാണ്‌ ഇതിനുപിന്നിൽ കമ്മ്യൂണിസ്റ്റുകൾക്കെതിരെ ജനങ്ങളെ അണിനിരത്താനുളള ഈ കുടില നീക്കത്തെ തോൽപ്പിച്ചേ മതിയാകൂ. ഇടതുതീവ്രവാദ പ്രചരണം നടത്തുന്ന പ്രദേശങ്ങളിൽ സിപിഐയ്ക്ക്‌ സ്വാധീന ശക്തിയും ഘടകങ്ങളുമുണ്ട്‌. ഈ വെല്ലുവിളി ഏറ്റെടുക്കാനും രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും പാർട്ടിക്ക്‌ കഴിയണം. തീവ്രവാദത്തിനെതിരെ പ്രത്യയശാസ്ത്ര രാഷ്ട്രീയ പ്രചരണം നടത്തി പാർട്ടിയുടെ നയപരിപാടികൾ തീവ്രവാദത്തിൽനിന്നും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന്‌ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതരത്തിൽ ക്യാമ്പയിൻ സംഘടിപ്പിക്കണം. യഥാർഥ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിൽനിന്നും ജനങ്ങളെ അകറ്റുവാനാണ്‌ മാവോയിസ്റ്റുകൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. ഇടതുതീവ്രവാദം ഒരു സാമൂഹ്യ രാഷ്ട്രീയ പ്രശ്നമാണെന്ന്‌ നാം തിരിച്ചറിയണം. മാവോയിസ്റ്റ്‌ ആക്രമണങ്ങളെ അപലപിക്കുമ്പോൾത്തന്നെ അവർക്കെതിരെയുളള ക്രൂരമായ മർദനങ്ങളെയും എതിർക്കപ്പെടേണ്ടതാണ്‌. സിപിഐ കേഡർമാരുൾപ്പെടെയുളള സാധാരണജനങ്ങളാണ്‌ മാവോയിസത്തെ ചെറുക്കാനെന്നപേരിൽ നടത്തുന്ന ക്രൂരവും പൈശാചികവുമായ മർദ്ദനങ്ങൾക്ക്‌ വിധേയരാകുന്നത്‌. സമീപകാലത്ത്‌ മാവോയിസ്റ്റ്‌ നേതാക്കൻമാരെ വധിക്കുന്നതിന്‌ ലക്ഷ്യം വച്ചുകൊണ്ടുളള നിരവധി വ്യാജ ഏറ്റുമുട്ടലുകൾ പൊലീസ്‌ സേന നടത്തുകയുണ്ടായി. ഇതിനെ അപലപിക്കേണ്ടത്‌ ആവശ്യമാണ്‌. പട്ടാളത്തെ ഈ പ്രദേശങ്ങളിലാകെ വിന്യസിച്ചിരിക്കുന്നതിനെയും എതിർക്കപ്പെടേണ്ടതുണ്ട്‌.
5. ഭീകരവാദത്തെക്കാൾ അപകടകരമാണ്‌ ഇടത്‌ തീവ്രവാദം എന്ന പൊതുധാരണയുണ്ടാക്കി കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെയാകെത്തന്നെ അപകീർത്തിപ്പെടുത്താനും പാർശ്വവൽക്കരിക്കുന്നതിനുമുളള ഭരണകൂടത്തിന്റെ ശ്രമങ്ങൾക്കെതിരെയും മാർക്ക്സിസം ലെനിനിസത്തെ തെറ്റായി വ്യാഖ്യാനിക്കുന്നതിനെതിരെയും പ്രത്യയശാസ്ത്രപ്രചരണങ്ങൾക്കും സംവാദങ്ങൾക്കും നാം തുടക്കം കുറിക്കണം.
ഭീകരവാദവും വർഗീയതയും
1. നമ്മുടെ ജനാധിപത്യ മതേതര രാഷ്ട്രീയത്തിന്‌ വലിയൊരു ഭീഷണിയാണ്‌ ഭീകരവാദവും വർഗീയതയും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ചും തെരഞ്ഞെടുപ്പുകൾ നടന്ന പ്രദേശങ്ങളിൽ മോഡി സർക്കാർ അധികാരമേറ്റെടുത്തശേഷമുളള ആറ്‌ മാസത്തിനുളളിൽ അറുന്നൂറ്‌ വർഗീയ സംഘട്ടനങ്ങൾ നടക്കുകയുണ്ടായി. മോഡി സർക്കാർ ഭരണത്തിൻകീഴിൽ അതിവേഗത്തിലുളള വർഗീയധ്രൂവീകരണം ലക്ഷ്യമാക്കി സംഘപരിവാറിന്റെ വിവിധ സംഘടനകളാണ്‌ ഈ ലഹളകൾ ആസൂത്രണം ചെയ്ത്‌ നടപ്പിലാക്കിയത്‌. ഇത്തരത്തിലുളള ഭീകരവാദസംഭവങ്ങളും ആക്രമണ പദ്ധതികളും ഇക്കാലയളവിൽ വർധിച്ചിരിക്കുകയാണ്‌.
2. മതമൗലികവാദത്തിലൂന്നിയ ഭീകരവാദപ്രവർത്തനം ശക്തിപ്പെടുന്നതിന്‌ യഥാർഥ കാരണം സുവ്യക്തമായ ബദൽ ആശയങ്ങളുടെ അഭാവംകൊണ്ടാണ്‌. പുത്തൻ ഭരണകൂടം ശാസ്ത്രീയ യുക്തിചിന്തകളെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നത്‌ പ്രശ്നത്തെ കൂടുതൽ രൂക്ഷമാക്കുന്നുണ്ട്‌. മതത്തെ മാത്രം ആധാരമാക്കിക്കൊണ്ടുളളതല്ല ഇന്ത്യയിലെ ഭീകരവാദപ്രവർത്തനങ്ങൾ.
3. ആന്റി ടെററിസ്റ്റ്‌ സ്ക്വാഡും നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയും നടത്തിയ ഇൻവെസ്റ്റിഗേഷൻ ഫലങ്ങൾ വെളിവാക്കുന്നത്‌ മലഗോവ്‌ ബോംബ്‌ സ്ഫോടനം, ഹൈദരാബാദിലെ മെക്കാ മസ്ജിദ്‌ ബോംബ്‌ സ്ഫോടനം, അജ്മീർ ദർഗാ ബോംബാക്രമണം, സംജോതാ എക്സ്പ്രസിലെ സ്ഫോടനം എന്നിവ അഭിനവ്‌ പോലുളള ഹിന്ദുത്വ സംഘപരിവാർ സംഘടനകളുടെ സൃഷ്ടിയാണെന്നാണ്‌. നിരവധി ആർഎസ്‌എസ്‌ പ്രചാരകർ-സേവകർ ഈ കേസുകളിൽ ഉൾപ്പെടുകയും ചാർജ്ജ്ഷീറ്റുകൾ നൽകപ്പെടുകയും ചെയ്യപ്പെട്ടിട്ടുണ്ട്‌. പക്ഷേ ഈ ഗവൺമെന്റിനുകീഴിൽ ഈ കേസുകൾ ക്രമേണ ദുർബലപ്പെടുത്താനുളള ശ്രമങ്ങൾ നടക്കുകയാണ്‌. എന്തിനേറെ സംഘടിതമായ വർഗീയസംഘട്ടനങ്ങളും വ്യാജ ഏറ്റുമുട്ടലുകളും നടത്തിയതിന്‌ ശിക്ഷിക്കപ്പെട്ടവർ ഇപ്പോൾ ജാമ്യത്തിൽ ഇറങ്ങിയിരിക്കുകയാണ്‌.
പൊലീസ്‌ ഹിന്ദുത്വസംഘടനകളിൽപ്പെട്ട ഏതാനും നേതാക്കളെ അറസ്റ്റ്‌ ചെയ്തിട്ടുണ്ടെങ്കിലും കെട്ടിച്ചമയ്ക്കപ്പെട്ട കേസുകളുടെ പേരിൽ അറസ്റ്റ്‌ ചെയ്ത മുസ്ലിം ചെറുപ്പക്കാരെ മോചിപ്പിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുകയാണ്‌. കെട്ടിച്ചമയ്ക്കപ്പെട്ട കേസുകളുടെപേരിൽ അറസ്റ്റ്‌ ചെയ്യപ്പെട്ടവരെ മോചിപ്പിക്കുകയും പുനരധിവസിപ്പിക്കുകയും വേണം. കളളക്കേസുകൾ മെനഞ്ഞ്‌ ജയിലിലടച്ച പൊലീസധികാരികൾക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകണം. വിഘടനവാദവും വംശീയപ്രശ്നങ്ങളും തീവ്രവാദം വളരുന്നതിന്‌ കാരണമാകുന്നുണ്ട്‌, പ്രത്യേകിച്ചും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ. രാജ്യതലസ്ഥാനമായ ഡൽഹിയുൾപ്പെടെയുളള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നും എത്തുന്നവർക്കെതിരെ വിദ്വേഷവും വിരോധവും വളർത്തുന്നതരത്തിലുളള പ്രചരണപരിപാടികൾ നടക്കുന്നുണ്ട്‌.
രാജ്യത്ത്‌ ഭീകരവാദപ്രശ്നങ്ങൾ നിലനിൽക്കുന്നുവെന്നത്‌ ഒരു യാഥാർഥ്യമാണ്‌. അതിർത്തിയിലൂടെയുളള നുഴഞ്ഞുകയറ്റവും നടക്കുന്നുണ്ട്‌. ഇവിടത്തെ ഭീകരവാദത്തിന്‌ അമേരിക്കൻ തിയറി അനുസരിച്ചുളള ഇസ്ലാമിക തീവ്രവാദവുമായി ഒരു ബന്ധവുമില്ല. വാജ്പേയ്‌ സർക്കാരിന്റെകാലത്തെ ഒരു വിഷലിബ്ദമായ മുദ്രാവാക്യത്തെ നരേന്ദ്രമോഡി ഗവൺമെന്റ്‌ പുനരുജ്ജീവിപ്പിച്ചിരിക്കുകയാണ്‌. ‘എല്ലാ മുസ്ലിങ്ങളും ഭീകരവാദികളല്ല, പക്ഷേ എല്ലാ ഭീകരവാദികളും മുസ്ലിങ്ങളാണ്‌ എന്നതാണ്‌ ആ മുദ്രാവാക്യം’ നമ്മുടെ രാജ്യത്തെ ഭീകരവാദത്തിന്റെ വേരുകൾ, അത്‌ ഇസ്ലാമിക ഭീകരവാദമായാലും ഇടതുപക്ഷ തീവ്രവാദമായാലും സാമൂഹ്യ സാമ്പത്തിക ബന്ധങ്ങളുമായി ആണ്ടിറങ്ങിയിട്ടുളളതാണ്‌.
5. വർഗീയത രാജ്യത്തിന്‌ ഒരു ഭീഷണിയായി ഇന്നും തുടരുകയാണ്‌. മതമൗലികവാദവും യാഥാസ്ഥിതികമായിട്ടുളള മതദുർവ്യാഖ്യാനവും വർഗീയശക്തികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ കളമൊരുക്കുന്നതാണ്‌. സംഘപരിവാർ രഷ്ട്രീയത്തെ വർഗീയവൽക്കരിക്കാൻ അതീവ ശ്രമങ്ങൾ നടത്തുന്നുണ്ട്‌. മുസ്ലിം വിരുദ്ധ, വിദ്വേഷ പ്രചാരണവും പാകിസ്ഥാനുമായുളള സംഘർഷവും ദ്രുതഗതിയിലുളള വർഗീയ ധ്രുവീകരണത്തിനായി ഉപയോഗിക്കുന്നു. ഹിന്ദുത്വത്തിന്റെ വരവ്‌ മുസ്ലിം വർഗീയതയുടെ സ്വാധീനമേഖല വർധിപ്പിക്കാൻ അവസരം നൽകുകയുണ്ടായി. ആത്യന്തികമായി ന്യൂനപക്ഷ വർഗീയതയെ ഭൂരിപക്ഷ വർഗീയത ആളിക്കത്തിക്കുകയാണ്‌. ഭീകരവാദം ഉയർത്തുന്ന പ്രശ്നങ്ങളെ സമഗ്രമായരീതിയിൽ പരിശോധിക്കാനും, സമീപകാലത്ത്‌ നടത്തിയ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ അന്വേഷണരീതികൾക്ക്‌ പുതിയ ദിശ നൽകണമെന്ന ആവശ്യം ഇതിനകംതന്നെ ഉയർന്നിട്ടുണ്ട്‌. ഇക്കാര്യത്തിൽ അന്വേഷണ ഏജൻസികളെയും പൊലീസ്‌ സംവിധാനത്തെയും ആകെത്തന്നെ അഴിച്ചുപണിയണമെന്ന ആവശ്യത്തിൽ സിപിഐ ഉറച്ചുനിൽക്കുന്നു.
കാലാവസ്ഥവ്യതിയാനവും പരിസ്ഥിതിസാമ്രാജ്യത്വവും
1. ലാഭക്കൊതിയെ ലക്ഷ്യംവച്ചുകൊണ്ടുളള മുതലാളിത്തത്തിന്റെ ഭ്രാന്തമായ നെട്ടോട്ടത്തിൽ പരിസ്ഥിതിമലിനീകരണം ഉയർത്തുന്ന പ്രത്യാഘാതങ്ങളെ പൂർണമായും അവർ അവഗണിക്കുകയാണ്‌. പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്ന പ്രോജക്ടുകൾക്ക്‌ ഒന്നിനുപുറമെ ഒന്നായി നരേന്ദ്രമോഡി സർക്കാർ അനുമതി നൽകിക്കൊണ്ടിരിക്കുകയാണ്‌. പുതിയ ഭൂമി ഏറ്റെടുക്കൽ നിയമം പരിസ്ഥിതിയെ ആകെത്തന്നെ ദോഷകരമായി ബാധിക്കും.
2. ലോകത്തെ ഏറ്റവും വലിയ പരിസരമലിനീകരണം നടത്തുന്ന അമേരിക്ക കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച്‌ യുഎൻ ഫ്രെയിംവർക്കിൽ ഒപ്പിട്ടതിനുശേഷം ഇതിന്റെ ഉത്തരവാദിത്തം മുഴുവൻ വികസ്വരരാജ്യങ്ങളുടെ മേൽ കെട്ടിവയ്ക്കാനുളള ഉപായങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്‌. നിർണായകമായ ഈ ദേശീയപ്രശ്നത്തിൽപ്പോലും അമേരിക്കയ്ക്ക്‌ മോഡി ഗവൺമെന്റ്‌ കീഴടങ്ങുന്നത്‌ ദൗർഭാഗ്യകരമാണ്‌.
3. അതിശയകരമെന്ന്‌ പറയട്ടെ, അമേരിക്കയുടെ ഇക്കാര്യത്തിലുളള കുതന്ത്രങ്ങളെ പ്രതിരോധിക്കുന്നതിനുപകരം അവരുമായി ഇക്കാര്യത്തിൽ യോജിച്ച്‌ പ്രവർത്തിക്കുകയാണ്‌ മോഡി സർക്കാർ. ബ്രിക്സ്‌ രാജ്യങ്ങളായിരുന്നിട്ടുപോലും ചൈനയും ബ്രസീലും തങ്ങളുടെ സങ്കുചിത താൽപ്പര്യങ്ങൾക്കനുസരിച്ചാണ്‌ ഇക്കാര്യത്തിൽ പ്രതികരിച്ചത്‌. ഇതാകട്ടെ കാലാവസ്ഥാവ്യതിയാനം ഉയർത്തുന്ന പൊതുതാൽപ്പര്യങ്ങൾക്ക്‌ അനുരോധമായിട്ടുളളതല്ല.
4. പരിസ്ഥിതി സാമ്രാജ്യത്വത്തിനെതിരെ പൊരുതുന്ന വിഷയത്തിൽ പാർട്ടി പ്രത്യേകം ശ്രദ്ധയും ഊന്നലും നൽകേണ്ടതാണ്‌.
ഇടതുപക്ഷഐക്യവും സിപിഐയും
1. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും അതിന്‌ തൊട്ടുമുമ്പും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും പശ്ചിമബംഗാളിൽ ഒരു പരിധിവരെ, കേരളത്തിലും ഇടതുപക്ഷത്തിന്‌ തിരിച്ചടി സംഭവിച്ചു. കേരളത്തിൽ അത്‌ തെരഞ്ഞെടുപ്പ്‌ പരാജയമായിരുന്നെങ്കിൽ പശ്ചിമബംഗാളിലും മറ്റിടങ്ങളിലും രാഷ്ട്രീയമായ പരാജയമായിരുന്നു. രാജ്യത്തെ തെരഞ്ഞെടുപ്പ്‌ സമ്പ്രദായത്തിന്റെ ന്യൂനതകൾമൂലവും ഇടതുപക്ഷശക്തികളെയും അവരെ പിന്തുണക്കുന്നവരുടെയും എതിർക്കുന്നവരുടെയും രാഷ്ട്രീയ ബലാബലത്തിൽ വരുന്ന മാറ്റങ്ങൾക്കനുസരിച്ചും തെരഞ്ഞെടുപ്പ്‌ പരാജയങ്ങൾ ഉണ്ടാവുകയെന്നത്‌ ഒഴിവാക്കാനാവില്ല. പക്ഷെ ജനകീയ അടിത്തറയിലും ജനപിന്തുണയിലും ചോർച്ചയുണ്ടാകുന്നത്‌ ആശങ്കാജനകമാണ്‌.
2. ഇടതുപക്ഷം ചരിത്രത്തിലെ അതിന്റെ ഏറ്റവുംവലിയ വെല്ലുവിളികളെയാണ്‌ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്‌. മതേതരരാഷ്ട്രീയത്തിന്‌ തിരിച്ചടിയുണ്ടാവുകയും കോൺഗ്രസ്‌ പാതിതകർന്ന അവസ്ഥയും രാജ്യം ബിജെപിയുടെ രൂപത്തിൽ വലതുപക്ഷത്തിന്റെ പിടിയിലമർന്നതും ഇടതുപക്ഷത്തിന്റെ ദയനീയമായ പരാജയവും ജനങ്ങളിൽ നിരാശയുണ്ടാക്കിയിട്ടുണ്ട്‌; പ്രത്യേകിച്ചും ഇടതുപക്ഷത്തിന്റെ അണികളിൽ. അവർക്ക്‌ ഒരുതരം നിസഹായത അനുഭവപ്പെടുകയാണ്‌.
3. ഇടതുപക്ഷ പ്രതിസന്ധി പൊടുന്നനെ ഉണ്ടായതോ ഒരു പുത്തൻ പ്രതിഭാസമോ അല്ല. അതിന്‌ പല മാനങ്ങളുണ്ട്‌. ആഴത്തിലുളള ആത്മപരിശോധന ഇക്കാര്യത്തിൽ ആവശ്യമാണ്‌.
4. ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിൽ ഇടതുപക്ഷം നിർണായകമായ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ രാജ്യത്തിന്റെ നയങ്ങളും രാഷ്ട്രീയവും രൂപപ്പെടുത്തുന്ന കാര്യത്തിലും അതിന്റെ പങ്ക്‌ മഹനീയമാണ്‌. ഭൂപരിഷ്കരണത്തിനുവേണ്ടി, തൊഴിൽനിയമങ്ങൾക്കുവേണ്ടി, തൊഴിലാളികൾ ആദിവാസി ദളിത്‌ വിഭാഗങ്ങൾ, കർഷകത്തൊഴിലാളികൾ, ന്യൂനപക്ഷങ്ങൾ എന്നിവരുടെ അവകാശങ്ങളും താൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിനുവേണ്ടി ഇടതുപക്ഷം നടത്തിയ ധീരോദത്തമായ പ്രക്ഷോഭങ്ങൾ നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിൽ മുദ്ര പതിപ്പിച്ചിട്ടുണ്ട്‌. എക്കാലവും രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക അജണ്ട നിർണയിക്കുന്ന കാര്യത്തിലും സമൂഹത്തിലെ അധഃസ്ഥിത വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിലും ഇടതുപക്ഷം വഹിക്കുന്ന പങ്ക്‌ അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌.
5. ഇന്ത്യയിലെ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പിൽ അവിഭക്ത കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക്‌ 9.5 ശതമാനം വോട്ടുകൾ ലഭിക്കുകയുണ്ടായി. പാർട്ടി പിളർന്നതിനുശേഷം കമ്മ്യൂണിസ്റ്റ്‌ ശക്തികൾ ഭിന്നിച്ചുപോയി. സിപിഐഎമ്മിന്‌ പശ്ചിമബംഗാളിലും കേരളത്തിലും ത്രിപുരയിലും വലിയ ഇടതുപക്ഷ പാർട്ടിയായി മാറാൻ കഴിഞ്ഞു. മറ്റ്‌ സംസ്ഥാനങ്ങളിലെ ചില പോക്കറ്റുകളിൽ അവർക്ക്‌ സ്വാധീനം ലഭിച്ചു. എന്നാൽ സിപിഐ മിക്ക സംസ്ഥാനങ്ങളിലും അതിന്റെ സ്വാധീനം നിലനിർത്തിക്കൊണ്ട്‌ അഖിലേന്ത്യാ ദേശീയപാർട്ടിയെന്ന നിലയിലുളള ഒരേയൊരു ഇടതുപക്ഷ പാർട്ടിയായി നിലകൊളളുകയാണെങ്കിലും അതിന്റെ അടിത്തറ ചുരുങ്ങിവരുകയാണ്‌. തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ഇരുപാർട്ടികളും തുല്യമോ ഏറ്റക്കുറച്ചിലുകളോടെയുളളതോ ആയ സ്വാധീനമുണ്ട്‌. ബീഹാർ, ജാർഘണ്ഡ്‌, പഞ്ചാബ്‌, ഛത്തിസ്ഘട്ട്‌, മണിപ്പൂർ എന്നിവിടങ്ങളിൽ സിപിഐ ശക്തമാണ്‌. സിപിഎമ്മിന്‌ മഹാരാഷ്ട്ര, ഹിമാചൽപ്രദേശ്‌, കശ്മീർ എന്നീ സംസ്ഥാനങ്ങളിൽ നല്ല സംഘടനാസംവിധാനമുണ്ട്‌. അവിടങ്ങളിൽ നല്ല രാഷ്ട്രീയപ്രവർത്തനവും അവർക്ക്‌ കാഴ്ചവയ്ക്കാൻ കഴിയുന്നുണ്ട്‌. മറ്റ്‌ സംസ്ഥാനങ്ങളിൽ ഇരുപാർട്ടികളുമുണ്ടെങ്കിലും അവ ദുർബലമാണ്‌. ആർഎസ്പി പശ്ചിമബംഗാളിലും കേരളത്തിലും, ഫോർവേർഡ്‌ ബ്ലോക്ക്‌ പശ്ചിമബംഗാളിലുമായി പരിമിതപ്പെട്ടിരിക്കുന്നു. എങ്കിലും അവരുടെ സാന്നിധ്യവും പ്രവർത്തനവും മറ്റ്‌ ചുരുക്കം ചില സംസ്ഥാനങ്ങളിലുണ്ട്‌. സിപിഐ(എംഎൽ) ലിബറേഷന്‌ ബീഹാറിലെയും ജാർഘണ്ഡിലെയും ചിലപ്രദേശങ്ങളിലും സ്വാധീന ശക്തിയുണ്ട്‌.
6. കൂടുതൽ ഇടതുപക്ഷപാർട്ടികൾ രംഗപ്രവേശം ചെയ്തുവെങ്കിലും ഇടതുപക്ഷ സ്വാധീനം വിപുലപ്പെടുത്താൻ അതൊന്നും പര്യാപ്തമായിട്ടില്ല. എല്ലാ ഇടതുപക്ഷപാർട്ടികളുംകൂടി നേടിയ വോട്ടുകൾ ഒരുമിച്ചുകൂട്ടിയാൽപ്പോലും പിന്നീടൊരിക്കലും പഴയ 9.5 ശതമാനം സ്ഥാനത്തേയ്ക്ക്‌ വരാൻ കഴിഞ്ഞിട്ടില്ല. 2014ലെ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്‌ ആത്യന്തികമായി 4.5 ശതമാനമായി കുറയുകയായിരുന്നു. സിപിഐക്കാകട്ടെ 0.8 ശതമാനം വോട്ട്‌ കൈവരിച്ചുകൊണ്ട്‌ മോശപ്പെട്ട പ്രകടനമാണ്‌ കാഴ്ചവയ്ക്കാൻ കഴിഞ്ഞത്‌.
7. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നവ ഉദാരവൽക്കരണ നയങ്ങൾ വാശിയോടെ നടപ്പാക്കാൻ പ്രതിജ്ഞാബദ്ധമായ രണ്ട്‌ ബൂർഷ്വാ പാർട്ടികൾതമ്മിൽ കടുത്ത പോരാട്ടമാണ്‌ നടന്നത്‌. എന്നാൽ ഈ അവസരം മുതലെടുത്തുകൊണ്ട്‌ കൂടുതൽ വോട്ടുകൾ നേടാൻ ഇടതുപക്ഷത്തിന്‌ കഴിഞ്ഞില്ലെന്നു മാത്രമല്ല, പരമ്പരാഗതമായി വോട്ടുകൾ ലഭിച്ചുകൊണ്ടിരുന്ന അടിത്തറകൾ നിലനിർത്താൻപോലും കഴിയാതെപോയി.
8. നവ ഉദാരവൽക്കരണത്തിന്റെയും ആഗോളവൽക്കരണത്തിന്റെയും വരവോടുകൂടി അതിനെ അംഗീകരിക്കുകയും അതിന്റെ ഗുണങ്ങൾ അനുഭവിക്കുകയും ചെയ്യുന്ന മധ്യവർത്തിനിരയിലെ ഗണ്യമായ വിഭാഗം ഇടതുപക്ഷത്തിൽനിന്നും അന്യവൽക്കരിക്കപ്പെട്ടു. തൊഴിലാളിവർഗം വർധിതമായ ഐക്യത്തോടെ, അവരുടെ പ്രശ്നങ്ങൾ ഏറ്റെടുത്തുകൊണ്ട്‌ തിളക്കമാർന്ന യോജിച്ച പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാൻ കഴിഞ്ഞുവെങ്കിലും അത്‌ സാമ്പത്തികമായ വിഷയങ്ങളിൽമാത്രം ഒതുങ്ങുകയായിരുന്നു. എന്നാൽ രാഷ്ട്രീയപ്രശ്നങ്ങളോട്‌ വേണ്ടത്രരീതിയിൽ പ്രതികരിക്കാൻ കഴിഞ്ഞിട്ടില്ല. ആയതുകൊണ്ട്‌ ട്രേഡ്‌ യൂണിയനുകൾ തൊഴിലാളികളെ രാഷ്ട്രീയവൽക്കരിക്കുന്നതിന്റെ ദൗത്യം ഏറ്റെടുക്കേണ്ടിയിരിക്കുന്നു.
9. പ്രാദേശികപാർട്ടികളുടെയും ജാതിവർഗശക്തികളുടെയും ആവിർഭാവം ഇടതുപക്ഷശക്തികളുടെ സ്വാധീനവും ശക്തിയും ചില പ്രദേശങ്ങളിൽ കുറയുവാൻ കാരണമായിട്ടുണ്ട്‌.
10. കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിനുപുറത്ത്‌ വലിയൊരു സോഷ്യലിസ്റ്റ്‌ പ്രസ്ഥാനം രാജ്യത്തുണ്ടായിരുന്നു. അവ ഭിന്നിക്കുകയും വീണ്ടും യോജിക്കുകയും പലതവണകളായി പിളരുകയും ചെയ്തുകൊണ്ട്‌ ദുർബലമായിക്കഴിഞ്ഞു. ഈ ഗ്രൂപ്പുകളിൽ പലതും ജാതീയതയുടെ പിൻബലത്തിൽ പ്രാദേശിക പാർട്ടികളായി മാറിയിരിക്കുന്നു. എന്നാൽ അവർ പുനരൈക്യത്തിനായുളള ശ്രമങ്ങൾ നടത്തുകയാണ്‌.
11. ലോകസോഷ്യലിസ്റ്റ്‌ ബ്ലോക്കിന്റെ തകർച്ചയും സോവിയറ്റ്‌ യൂണിയൻ ശിഥിലപ്പെട്ടതും പാർട്ടിയിലുണ്ടായ ഭിന്നിപ്പും കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ പ്രത്യേകിച്ച്‌ സിപിഐയെ ദുർബലപ്പെടുത്തിയിട്ടുണ്ട്‌. രാജ്യവ്യാപകമായ വ്യക്തവും ശരിയുമായ ഒരു ബദലിന്റെ അഭാവം ഇടതുപക്ഷത്തെ പിൻതുണയ്ക്കുന്ന വലിയൊരു വിഭാഗം ജനങ്ങളിൽ വിശേഷിച്ചും യുവജനങ്ങളിലും വിദ്യാർഥികൾക്കിടയിലും കടുത്ത നിരാശയുളവാക്കിയിട്ടുണ്ട്‌. ഈ കാരണങ്ങളെല്ലാം നമുക്ക്‌ ലഭിക്കുന്ന വോട്ടിങ്‌ ശതമാനത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നതിന്‌ ഹേതുവായിട്ടുണ്ട്‌.
12. പ്രാദേശിക പാർട്ടികളുമായി കൂട്ടുചേരുന്നത്‌ നമ്മുടെ അടിത്തറയെ ദുർബലപ്പെടുത്തിയെന്ന ഒരു വാദഗതിയുണ്ട്‌. ഇതിൽ കുറച്ചൊക്കെ യാഥാർഥ്യം കണ്ടേക്കാം. തെരഞ്ഞെടുപ്പ്‌ സഖ്യങ്ങളെ രാഷ്ട്രീയ സഖ്യങ്ങളായി തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്‌. തെരഞ്ഞെടുപ്പ്‌ സഖ്യങ്ങൾ താൽക്കാലികമാണെന്നത്‌ ജനങ്ങളെ ബോധ്യപ്പെടുത്താനും അവരെ രാഷ്ട്രീയവൽക്കരിക്കുന്ന കാര്യത്തിൽ നമുക്ക്‌ പരാജയം സംഭവിച്ചിട്ടുണ്ട്‌. പാർലമെന്ററി ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പ്‌ ധാരണകൾ അനിവാര്യമായിവരും. നമ്മുടെ പ്രാതിനിധ്യം കൂടുതൽ ലഭിക്കുന്നതിനും രാഷ്ട്രീയ അടവുനയം മുന്നോട്ടുകൊണ്ടുപോകുന്നതിനുമായി പ്രാദേശിക പാർട്ടികളുമായി ഇനിയും തെരഞ്ഞെടുപ്പ്‌ സഖ്യത്തിലേർപ്പെടേണ്ടിവരും. എന്നാൽ ഇതിന്റെ നാനാവശങ്ങൾ വീണ്ടും പരിശോധനകൾക്ക്‌ വിധേയമാക്കണം. എന്തുതന്നെയായാലും തെരഞ്ഞെടുപ്പ്‌ സഖ്യങ്ങൾ രാഷ്ട്രീയ അടവ്‌ നയത്തിന്‌ വിധേയമായിട്ട്‌ മാത്രമായിരിക്കണം.
13. സാമ്പത്തിക നയങ്ങളാണ്‌ രാജ്യത്തിന്റെ രാഷ്ട്രീയ ഗതിയെ നിർണയിക്കുന്നത്‌. ഫ്യൂഡലിസത്തിൽനിന്നും മുതലാളിത്തത്തിന്റെ പരിവർത്തനത്തിനിടയിൽ പുത്തൻ ധനികശക്തികൾ രാഷ്ട്രീയത്തിലേയ്ക്ക്‌ കടന്നുവരികയും അവർ മുതലാളിത്ത അനുകൂല നയങ്ങൾക്കായി സമ്മർദ്ദം ചെലുത്തുകയുമാണ്‌. ഈ നവലിബറൽ കാലഘട്ടത്തിൽ കോൺഗ്രസ്‌ മധ്യവർഗനിലപാടുകൾ ഉപേക്ഷിച്ചുകൊണ്ട്‌ പൂർണമായും നിയോലിബറൽ സാമ്പത്തിക നയങ്ങളിലേയ്ക്ക്‌ വ്യതിചലിച്ചിട്ടുണ്ട്‌. കോർപ്പറേറ്റുകളുടെ ആഗമനത്തോടെ ഇന്ത്യയുടെ മുതലാളിത്ത ശക്തികൾ ബിജെപിയെ സ്വാധീനിക്കുകയും അവരുടെ ‘കാലഹരണപ്പെട്ട’ സ്വദേശിനയം ഉപേക്ഷിച്ചുകൊണ്ട്‌ തികച്ചും വലതുപക്ഷ കോർപ്പറേറ്റ്‌ അനുകൂല നിലപാടിലേയ്ക്ക്‌ മാറുകയും ചെയ്തു. ഇതോടൊപ്പം ഹിന്ദുത്വ വർഗീയതയും കൂട്ടുചേർന്നിട്ടുണ്ട്‌.
14. കോർപ്പറേറ്റുകൾ അവരുടെ സമ്പത്തും ദൃശ്യ അച്ചടി മാധ്യമങ്ങളും ഉപയോഗിച്ചുകൊണ്ട്‌ ഇടതുശക്തികളെ അപകീർത്തിപ്പെടുത്താനും പാർശ്വവൽക്കരിക്കാനും സാധ്യമായ എന്തൊക്കെ ചെയ്യാൻ കഴിയുമോ അതൊക്കെ ചെയ്യുകയാണവർ. കോർപ്പറേറ്റ്‌ ഹൗസുകൾ രാജ്യത്തുതന്നെ അവരുടെ നയങ്ങൾ ആജ്ഞാപിക്കുകയും അടിച്ചേൽപ്പിക്കുകയാണ്‌.
ഇനി എന്തുചെയ്യണം?
നവഉദാരീകരണനയങ്ങളിൽ ഇനിയും അവശേഷിച്ചിരിക്കുന്ന അജണ്ടകൾ ഭ്രാന്തമായി നടപ്പിലാക്കാനുളള ശ്രമങ്ങളും വർഗീയശക്തികളുടെ കടന്നുകയറ്റവും തീർച്ചയായും നമുക്കുമുമ്പിൽ വൻവെല്ലുവിളികൾ ഉയർത്തിയിരിക്കുകയാണ്‌. അതേസമയം ബദൽ സാമൂഹികസാമ്പത്തിക നയങ്ങൾ ജനങ്ങൾക്കിടയിൽ പ്രചരിപ്പിച്ചുകൊണ്ട്‌ ഇടതുപക്ഷത്തിനുതന്നെ ഒരു ബദൽ ശക്തിയായി മാറാനുളള വലിയ സാധ്യതകളാണ്‌ തുറന്നുകിട്ടിയിരിക്കുന്നത്‌.
ഇടതുപക്ഷംതന്നെയാണ്‌ മതേതരത്വത്തിൽ തികച്ചും പ്രതിജ്ഞാബദ്ധമായ രാജ്യത്തെ ഏറ്റവും വലിയ മതേതരശക്തി. ദേശീയ പ്രാദേശിക കക്ഷികൾ ഒരുപോലെ നവ ഉദാരീകരണ പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ കച്ചകെട്ടിയിറങ്ങുമ്പോൾ നവഉദാരീകരണ നയങ്ങൾക്ക്‌ ജനപക്ഷബദൽ മുന്നോട്ടുവയ്ക്കാൻ കഴിയുന്നത്‌ ഇടതുപക്ഷത്തിനുമാത്രമാണ്‌.
കൂടുതൽ വർധിതമായ ശക്തവും വിപുലവുമായ ഇടതുപക്ഷസഖ്യം, മറ്റ്‌ മതേതര ജനാധിപത്യപാർട്ടികളെയും വിശേഷിച്ചും പ്രാദേശിക പാർട്ടികളെ ഇടതുപക്ഷത്തേയ്ക്ക്‌ ആകർഷിക്കുകയും അങ്ങനെ പരിപാടിയിൽ അധിഷ്ഠിതമായ വിശാലമായ ഒരു ഇടതുപക്ഷ ജനാധിപത്യസഖ്യം രൂപംകൊളളുകയും ചെയ്യും.
==============

2015, ഫെബ്രുവരി 25, ബുധനാഴ്‌ച

സി.പി.ഐ 22ആം പാർട്ടി കോൺഗ്രസ്‌ കരട്‌ രാഷ്ട്രീയ പ്രമേയം. - Part 2

കള്ളപ്പണം.
1. വിദേശ ബാങ്കുകളിൽ ഒളിച്ചുവച്ചിട്ടുള്ള കള്ളപ്പണം തിരികെകൊണ്ടുവരുമെന്ന വാഗ്ദാനത്തിൽ നിന്നും നരേന്ദ്രമോഡി യുടേണടിച്ചിരിക്കുകയാണ്‌. ഈ മലക്കംമറിച്ചിൽ സമാന്തര സാമ്പത്തിക വ്യവസ്ഥ ഉയർത്തുന്ന പ്രശ്നങ്ങളെ കൂടുതൽ വഷളാക്കും.
2. വിദേശ ബാങ്കുകളിൽ കള്ളപ്പണം സൂക്ഷിച്ചവരുടെ വിവരങ്ങൾ പുറത്തായിട്ടുണ്ട്‌. അത്‌ എന്തൊക്കെയായാലും രാഷ്ട്രീയക്കാരും കള്ളപ്പണക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നുള്ളത്‌ തീർച്ചയാണ്‌.
3. കള്ളപ്പണത്തിന്റെ വ്യാപ്തിയും വലിപ്പവും എത്രമാത്രമുണ്ടെന്ന്‌ തിട്ടപ്പെടുത്തുക ദുഷ്കരമാണ്‌. സമാന്തര സമ്പത്തും ഫണ്ടുകളും രാജ്യത്തുനിന്നും കടത്തിക്കൊണ്ടുപോയ പണവും നമ്മുടെ മനസുകൾക്ക്‌ ഊഹിക്കാൻ കഴിയുന്നതിന്‌ എത്രയോ അപ്പുറമാണ്‌. ഗ്ലോബൽ ഫൈനാൻഷ്യൽ ഇന്റഗ്രിറ്റി എന്ന സ്ഥാപനത്തിന്റെ കണക്കുകൾ പ്രകാരം 1948 മുതൽ 2008 വരെയുള്ള കാലയളവിൽ 462 ബില്യൻ ഡോളർ അതായത്‌ 20.8 ട്രില്യൻ രൂപ നികുതി വെട്ടിപ്പ്‌ നടത്തുന്നതിനായി രാജ്യത്തിനു പുറത്തേക്ക്‌ രഹസ്യമായി കടത്തുകയായിരുന്നു.
ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിലെ മുതിർന്ന സാമ്പത്തിക ശാസ്ത്രജ്ഞന്റെ ‘ഡ്രൈവേഴ്സ്‌ ആൻഡ്‌ ഡൈനാമിക്സ്‌ ഓഫ്‌ ഇലിസ്റ്റ്‌ ഫിനാൻസ്‌ ഫ്ലൊ ഫ്രം 1948 ടു 2008′ എന്ന ലേഖനത്തിൽ കള്ളപ്പണത്തെ തടയാൻ സർക്കാർ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച്‌ പറയുന്നുണ്ട്‌. കള്ളപ്പണം വ്യാപാര ഉദാരവത്കരണത്തിന്റെ ഫലമാണെന്നും ഇത്‌ പ്രത്യക്ഷമായും പരോക്ഷമായും അനധികൃത വ്യാപാരത്തെ പിന്തുണയ്ക്കുന്ന ഉപാധിയാവർത്തിക്കുന്നു. ഇത്തരം സാമ്പത്തിക ഉദാരവത്കരണത്തെയും കള്ളപ്പണത്തെയും തടഞ്ഞ്‌ മൂലധനത്തെ വർധിപ്പിക്കുന്നതിന്‌ സാമ്പത്തിക സ്ഥാപനങ്ങളെ ഏകോപിപ്പിക്കുകയും പിന്തുണനൽകുകയും ചെയ്യേണ്ടത്‌ സർക്കാരാണെന്നാണ്‌ ലേഖനത്തിൽ അദ്ദേഹം പറയുന്നത്‌.
ശരാശരി പ്രതിവർഷം 1948 മുതൽ 2008 വരെ പുറത്തേക്ക്‌ ഒഴുകിയതാകട്ടെ ആഭ്യന്തര ഉൽപ്പാദനത്തിന്റെ 1.5 ശതമാനമാണ്‌. നാണ്യപ്പെരുപ്പമായി സമീകരിക്കപ്പെട്ടുകഴിഞ്ഞതിനുശേഷവും പ്രതിവർഷം 6.4 ശതമാനമായി പണത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക്‌ വർധിച്ചുകൊണ്ടേയിരിക്കുന്നു. ഇതേ റിപ്പോർട്ടിൽതന്നെ സൂചിപ്പിക്കുന്നത്‌ വിദേശത്തെ അവിഹിത നിക്ഷേപം നമ്മുടെ രാജ്യത്തെ മൊത്തം അണ്ടർഗ്രൗണ്ട്‌ സമ്പത്തിന്റെ 62 ശതമാനം വരുമെന്നാണ്‌. അതുപോലെ വിദേശത്തെ നിയമവിരുദ്ധ നിക്ഷേപം ആകട്ടെ ഇന്ത്യയുടെ ദേശീയ വരുമാനത്തിന്റെ 50 ശതാനത്തോളമായിട്ടാണ്‌ കണക്കാക്കപ്പെടുന്നത്‌.
റിപ്പോർട്ടുപ്രകാരം 39 ലക്ഷം കോടി രൂപയാണ്‌ വിദേശത്തേക്ക്‌ ഗൂഢമായി കടത്തി നിക്ഷേപിച്ചിട്ടുള്ളത്‌. ഒന്നാം സ്ഥാനത്തുനിൽക്കുന്ന ഇന്ത്യയുടെ സ്വിസ്‌ ബാങ്കിലെ 1486 ബില്യൻ ഡോളർ നിക്ഷേപമാണ്‌. വിദേശങ്ങളിൽ നിന്ന്‌ ഈ കള്ളപ്പണം തിരികെ കൊണ്ടുവന്നാൽ രാജ്യത്തെ പാവപ്പെട്ടവരിൽ 49 ശതമാനത്തിന്‌ ഒരു ലക്ഷം രൂപവച്ച്‌ വിതരണം ചെയ്യാൻ കഴിയും. അതുപോലെ ഈ പണം തിരികെ രാജ്യത്ത്‌ എത്തിച്ചേർന്നാൽ നമ്മുടെ മുഴുവൻ വിദേശകടവും മടക്കിനൽകാൻ പര്യാപ്തമാവും. അതുപോലെ ഈ തുക നിക്ഷേപിക്കുകയാണെങ്കിൽ അതിൽനിന്ന്‌ ലഭിക്കുന്ന പലിശ നമ്മുടെ വാർഷിക ബജറ്റിനെക്കാൾ അധികം വരും.
അവിഹിതപണത്തിന്റെ വ്യാപ്തി നമ്മുടെ എല്ലാ കണക്കുകൂട്ടലുകൾക്കും അപ്പുറത്താണ്‌. ദുർഭരണം, എല്ലാത്തലത്തിലുമുള്ള അഴിമതി, നിയമങ്ങൾ പ്രയോഗിക്കുന്നതിലെ പരാജയം, സർവോപരി യാതൊരു ചരടുകളുമില്ലാത്ത ഉദാരവൽക്കരണംഇവയെല്ലാംകൂടി ചേരുമ്പോൾ നമ്മുടെ ദേശീയ സമ്പത്തിൽ ഭീമമായൊരു തുക പുറം രാജ്യങ്ങളിലേക്ക്‌ ചോർന്നുപോകുന്നു. സ്വാതന്ത്ര്യാനന്തരം അധികാരത്തിൽ വന്ന ഒരു ഗവൺമെന്റും വ്യാജ സമ്പത്തിന്റെ കുത്തൊഴുക്ക്‌ തടയാനോ കള്ളപ്പണം പിടിച്ചെടുക്കുന്നതിനോ ഉള്ള ഫലപ്രദമായ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
നികുതിവെട്ടിക്കലും വിദേശത്തേക്കുള്ള പണത്തിന്റെ കുത്തൊഴുക്കും നിർബാധം തുടരുമ്പോഴും ഗവൺമെന്റ്‌ അടിക്കടി കൂടുതൽ നികുതി ഇളവുകൾ സമ്പന്ന വർഗത്തിന്‌ നൽകിക്കൊണ്ടിരിക്കുന്നു. ഉദാരവൽക്കരണവും സ്വതന്ത്ര കമ്പോളാവസ്ഥയും ഒരാശ്വാസവും നൽകുന്നില്ല. വളർച്ചകൊണ്ട്‌ ഗുണമനുഭവിക്കുന്നത്‌ സമൂഹത്തിലെ സമ്പന്നർക്കും ഇടത്തരം ധനിക വർഗത്തിനുമാണ്‌. ഏത്‌ ഗവൺമെന്റ്‌ അധികാരത്തിൽ വന്നാലും സ്വതന്ത്ര കമ്പോള വിപണിയുടെ ആധിപത്യം രാഷ്ട്രീയ ശ്രേണികളിൽ നുഴഞ്ഞുകയറുകയും സമ്പത്ത്‌ ഘടനയിൽ വലിയ മാറ്റങ്ങളൊന്നും വരുത്താതെ തൽസ്ഥിതി തുടരുകയും ചെയ്യുന്നു. കള്ളപ്പണത്തിന്റെ കാര്യത്തിൽ നരേന്ദ്രമോഡിയുടെ യുടേൺ മറിച്ചിൽ ഇതിനുത്തമോദാഹരണമാണ്‌. സർക്കാരിന്റെ പക്കലുള്ള കള്ളപ്പണക്കാരുടെ രഹസ്യ നിക്ഷേപ ലിസ്റ്റ്‌ പരസ്യപ്പെടുത്താൻപോലും നരേന്ദ്രമോഡി തയാറാവുന്നില്ല.
വ്യത്യസ്ഥതലങ്ങളിലെ അഴിമതിയുടെ വളർച്ച
1. യൂറോപ്പിലെ വികസിത രാജ്യങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലാണ്‌. സാമ്പത്തിക സ്ഥാപനങ്ങളുടെയും ബാങ്കുകളുടെയും തകർച്ചയിൽ നിന്ന്‌ കരകയറുന്നതിന്‌ സമ്പദ്ഘടനയെ ഉത്തേജിപ്പിക്കുന്നതിനും പൊതു ഫണ്ടിൽനിന്നും രക്ഷാപാക്കേജുകൾ നടപ്പിലാക്കിയും പ്രതിസന്ധിയുടെ ഭാരം അധ്വാനിക്കുന്ന വിഭാഗങ്ങളുടേയും സാധാരണക്കാരുടേയും മേൽ അടിച്ചേൽപ്പിച്ചും വേതനത്തിലും പെൻഷനിലും കുറവ്‌ വരുത്തിയും ബജറ്റിലൂടെയുള്ള സാമൂഹ്യ ചെലവുകൾ ഗണ്യമായി വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നു. തൊഴിലില്ലായ്മയിലെ വർധനവ്‌, പിരിച്ചുവിടൽ, ലേ ഓഫ്‌, അസാധാരണമായ നാണയപ്പെരുപ്പം, വൻപിച്ച അഴിമതി, സാമ്പത്തിക അസമത്വം ഇവയൊക്കെ വികസിത രാജ്യങ്ങൾ നേരിടുന്ന ധനപ്രതിസന്ധിയുടെ ഫലമായിട്ടുണ്ടായിട്ടുള്ളതാണ്‌. വിദേശത്ത്‌ രഹസ്യമായി നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം നമ്മുടെ രാജ്യത്തെ സംബന്ധിച്ച്‌ ഗുരുതരമായ പ്രശ്നമാണ്‌ ഉയർത്തുന്നത്‌. രണ്ടാം യുപിഎ സർക്കാരിനെപോലെ, അന്താരാഷ്ട്ര കരാറുകളുടെ മറവിൽ നരേന്ദ്രമോഡിയും കള്ളപ്പണക്കാരെ സംരക്ഷിക്കുന്ന നടപടിയാണ്‌ സ്വീകരിക്കുന്നത്‌.
2. നരസിംഹറാവു-മൻമോഹൻസിങ്‌ ഇരട്ടകൾ ആഗോളവൽക്കരണ പരിഷ്കരണങ്ങൾ 90 കളിൽ ആരംഭിച്ചു. സർവതലത്തിലും അഴിമതിയുടെ കൂത്തരങ്ങായി മാറുകയായിരുന്നു. രാഷ്ട്രീയത്തിന്റെ തലപ്പത്തിലുള്ളവർ ഉൾപ്പെട്ട അഴിമതികളും വെട്ടിപ്പുകളും ഏറിവന്നുവെന്ന്‌ മാത്രമല്ല അതിലെല്ലാം അടങ്ങിയിരിക്കുന്ന ഭീമാകാരമായ തുക മനുഷ്യചിന്തയ്ക്ക്‌ എത്രയോ അപ്പുറമാണ്‌. ജയിൻ ഹവാല കേസ്‌, ഹർഷദ്മേത്ത ഓഹരി കുംഭകോണം എന്നിവയിൽ തുടങ്ങി 2ജി സ്പെക്ട്രം, കോമൺവെൽത്ത്‌ ഗെയിംസ്‌, ദേശസാൽകൃത ബാങ്കുകളുടെ കിട്ടാക്കടം എഴുതിത്തള്ളൽ, ആദർശ്ശ്‌ ഹൗസിങ്‌ സൊസൈറ്റി, കൽക്കരിപാടം, കെ ജി ബെയ്സിൻ ഇങ്ങനെ എത്രയോ അഴിമതി കുംഭകോണങ്ങളാണ്‌ നമുക്ക്‌ കാണേണ്ടിവന്നത്‌. ഈ കൊള്ളകളിൽ എല്ലാംതന്നെ ഒന്നോ അതിലധികമോ വരുന്ന കോർപറേറ്റ്‌ ഭവനങ്ങളോടൊപ്പം മന്ത്രിമാരും ഉദ്യോഗസ്ഥ മേധാവികളും പങ്കാളികളായിട്ടുണ്ട്‌.
3. ആലോചിക്കാൻപോലും കഴിയാത്ത തുകയ്ക്കുള്ള നമ്മുടെ ദേശീയ സമ്പത്തിന്റെ ഈ കൊള്ള സാധാരണ ജനങ്ങളുടെയും പ്രത്യേകിച്ച്‌ പ്രത്യേകിച്ച്‌ വിദ്യാസമ്പന്നരായ നഗരവാസികളായ ജനങ്ങളിലും അസ്വസ്ഥതപടർത്തിയിട്ടുണ്ട്‌. നിയോ ലിബറലിസത്തിന്റെ ഉപോൽപ്പന്നമാണ്‌ അഴിമതി എന്നിരിക്കലും തങ്ങളുടെ ദുരിതങ്ങൾക്കുകാരണം സാർവത്രികമായ അഴിമതിയുമായി ബന്ധപ്പെട്ടതാണെന്ന രീതിയിൽ ഈ പ്രശ്നത്തെ അവർ നോക്കിക്കാണുന്നു. സമീപകാലത്തുണ്ടായ വമ്പിച്ച അഴിമതി വിരുദ്ധ പോരാട്ടങ്ങളിലെ മദ്ധ്യവർത്തി വിഭാഗത്തിന്റെ വൻതോതിലുള്ള പ്രാതിനിധ്യം വെളിവാക്കുന്നത്‌ അഴിമതിക്കെതിരെയുള്ള ജനകീയ രോഷത്തെയാണ്‌. ഫലപ്രദവും ശക്തവുമായ ലോക്പാൽ ബില്ലിനുവേണ്ടി സിപിഐ നിലകൊള്ളുന്നു. മറ്റ്‌ ഇടതുപക്ഷ കക്ഷികൾക്കൊപ്പം ഈ നിലപാട്‌ പ്രഖ്യാപിച്ചുകൊണ്ട്‌, ഔദ്യോഗിക ലോക്പാൽ ബില്ലിന്‌ നിരവധി സമൂർത്തമായ ഭേദഗതികൾ പാർട്ടി നൽകുകയുണ്ടായിട്ടുണ്ട്‌.
തൊഴിലെടുക്കുന്നവരുടെ അവകാശങ്ങൾക്കുനേരെയുള്ള കടന്നാക്രമണം
1, നരേന്ദ്രമോഡി ഗവൺമെന്റിന്റെ സാമ്പത്തിക നയങ്ങളിലെ സർവപ്രധാനമായ ഭാഗങ്ങളിലൊന്നാണ്‌ തൊഴിലാളികൾ ത്യാഗപൂർണമായി നേടിയെടുത്ത അവകാശങ്ങളെ പാടെ ഇല്ലായ്മചെയ്യുക എന്നത്‌. തങ്ങളുടെ സർക്കാർ വ്യവസായ സൗഹൃദവും നിക്ഷേപസൗഹൃദവുമായ തൊഴിൽ പരിഷ്കരണ നിയമങ്ങൾ കൊണ്ടുവരുമെന്ന്‌ പ്രധാനമന്ത്രിയും ധനമന്ത്രിയും ആവർത്തിച്ചാവർത്തിച്ച്‌ ഉറപ്പുകൊടുക്കുന്നു.
2. രാജസ്ഥാനിലെ ബിജെപി സർക്കാർ ഇതിനകം തൊഴിൽ നിയമങ്ങളാകെ പൊളിച്ചെഴുതിക്കൊണ്ട്‌ ഭേദഗതികൾ വരുത്തുകയുണ്ടായി. ആ പാത പിൻതുടരുകയാണ്‌ നരേന്ദ്രമോഡി ഗവൺമെന്റ്‌. നിർണായകമായ ചില തൊഴിൽ നിയമങ്ങളിൽ ഇതിനകംതന്നെ കേന്ദ്രം ഭേദഗതി വരുത്തുകയുണ്ടായി. ട്രേഡ്‌ യൂണിയൻ സംഘടിപ്പിക്കുന്നതിനും കൂട്ടായി വിലപേശുന്നതിനും അർഹതപ്പെട്ട അവകാശങ്ങൾ നേടിയെടുക്കുന്നതിനായി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള തൊഴിലാളികളുടെയും ജീവനക്കാരുടെയും അവകാശങ്ങൾ എടുത്തുകളയുന്നതിനായി തൊഴിൽ നിയമങ്ങൾ അപ്പാടെ മാറ്റിമറിച്ചുകൊണ്ടുള്ള നിയമഭേദഗതിക്കാണ്‌ സർക്കാർ പദ്ധതിയിട്ടിട്ടുള്ളത്‌.
നഗരവൽക്കരണവും അതിന്റെ പ്രത്യാഘാതങ്ങളും
1. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നവസാമ്പത്തിക ഉദാരവൽക്കരണ നയങ്ങൾ ഭ്രാന്തമായി പിന്തുടരുന്നതിന്റെ ഫലമായി രാജ്യത്ത്‌ നഗരവൽക്കരണം ത്വരിതഗതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്‌. കാർഷിക-അനുബന്ധ മേഖലകളിലെ തൊഴിൽ സാധ്യതകൾ ചുരുങ്ങിയതിന്റെ ഫലമായി നഗരത്തിലേക്ക്‌ ഗ്രാമീണ തൊഴിലാളികളുടെ കുടിയേറ്റത്തിന്‌ ഇത്‌ ആക്കം വർധിപ്പിച്ചിട്ടുണ്ട്‌. നഗരവൽക്കരണ പ്രക്രിയയുടെ ഏറ്റവും നിഷേധാത്മകമായ ഫലങ്ങളിൽ ഒന്നാണ്‌ റിയൽ എസ്റ്റേറ്റുകാരുടെയും ഭൂമാഫിയകളുടെയും അഭൂതപൂർവമായ മേധാവിത്വം. ലക്ഷക്കണക്കിനാളുകളുടെ ജീവിതം വഴിമുട്ടിച്ചുകൊണ്ട്‌ വ്യാജമായ തിരിമറികളിലൂടെയും ഭൂമി തട്ടിയെടുക്കുന്നത്‌ ഒരു ദുരന്തമായി മാറിയിരിക്കുകയാണ്‌. ഭൂമി-ബിൽഡർ മാഫിയയും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ചേർന്നുള്ള അവിശുദ്ധമായ കൂട്ടുകെട്ട്‌ അതിക്രമങ്ങളാണ്‌ നടക്കുന്നത്‌. ദശലക്ഷക്കണക്കിനാളുകൾ ഭൂമി നഷ്ടപ്പെട്ടവരായി മാറിയിരിക്കുന്നു. ഈ അടുത്തകാലത്തു കൊണ്ടുവന്ന, 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമഭേദഗതി സ്ഥിതിഗതികളെ വീണ്ടും വഷളാക്കും. 2. നഗരവൽക്കരണത്തിന്റെ ഭാഗമായി ജനങ്ങൾക്കാവശ്യമായ സൗകര്യങ്ങൾ (അമിനിറ്റീസ്‌) സ്വകാര്യവൽക്കരിക്കുന്നതിന്റെ ഫലമായും യാതൊരു മുൻകൂർ പ്ലാനിങ്ങുമില്ലാതെ നടപ്പിലാക്കുന്ന നഗരവൽക്കരണത്തിന്റെയും അധിക ഭാരം മുഴുവൻ നഗരവാസികളുടെ ചുമലിലാണ്‌ കെട്ടി ഏൽപ്പിക്കുന്നത്‌. നിരവധി നഗരങ്ങളിലും പട്ടണങ്ങളിലും ജലവിതരണംപോലും സ്വകാര്യവൽക്കരിച്ചിരിക്കുകയാണ്‌. കുടിയേറ്റ തൊഴിൽ പ്രശ്നം കൂലിവ്യവസ്ഥയേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്‌.
3. സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കുള്ള പാർപ്പിട സൗകര്യം അപ്പാടെ അവഗണിക്കപ്പെട്ടെന്നതാണ്‌ മറ്റൊരു അസ്വസ്ഥതയുണ്ടാക്കുന്ന വസ്തുത. ഭൂമി-ബിൽഡർ മാഫിയ ദുർബല വിഭാഗങ്ങൾക്കുവേണ്ടിയുള്ള പാർപ്പിട നിർമാണ പദ്ധതികളെ അന്യായമായ മാർഗങ്ങളിലൂടെ അട്ടിമറിച്ചുകൊണ്ട്‌ കൈവശപ്പെടുത്തുന്നു. പാർട്ടി അഭൂതപൂർവമായി നടന്നുകൊണ്ടിരിക്കുന്ന ഈ നഗരവൽക്കരണ പ്രതിഭാസത്തെയും അതിന്റെ നിഷേധാത്മകവശങ്ങൾ ഉയർത്തുന്ന പ്രശ്നങ്ങളെയും ഏറ്റെടുക്കേണ്ടതാവശ്യമാണ്‌.
കാർഷിക രംഗത്തെ പ്രതിസന്ധി
1. കഴിഞ്ഞ പതിനഞ്ച്‌ കൊല്ലക്കാലമായി ഇന്ത്യൻ കാർഷികരംഗം സ്ഥായിയായ പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുന്നതിന്‌ നാം സാക്ഷ്യം വഹിക്കുകയാണ്‌. തൽഫലമായി കാർഷികോൽപ്പാദനം ഗണ്യമായി കുറഞ്ഞു. കൃഷിയോഗ്യമായ ഭൂമി ചുരുങ്ങിവരുന്നതും ആശങ്കയുളവാക്കുന്നതാണ്‌. നാഷണൽ സാമ്പിൾ സർവെ ഓർഗനൈസേഷൻ റിപ്പോർട്ട്‌ പ്രകാരം നാൽപ്പത്‌ ശതമാനത്തോളം കർഷകർ കാർഷികവൃത്തി ഉപേക്ഷിച്ച്‌ ജീവനോപധികൾക്കായി മറ്റ്‌ തൊഴിൽമാർഗം അന്വേഷിക്കുകയാണ്‌. പ്രതിവർഷം 3.5 ശതമാനം കർഷകർ കൃഷിത്തൊഴിലാളികളുടെ പദവിയിലേക്ക്‌ എത്തിപ്പെടുന്നു.
കാർഷികവൃത്തിക്കാവശ്യമായ സാധനസാമഗ്രികളുടെ വിലയിലെ വർധനവും തങ്ങൾ ഉൽപ്പാദിപ്പിക്കുന്ന കാർഷികോൽപ്പന്നങ്ങളുടെ വിലയിടിവും കാരണം കൃഷിക്കാരന്റെ കഴുത്ത്‌ ഇരുതലയുള്ള കത്രികയ്ക്ക്കത്ത്‌ ഇരിക്കുന്ന തുപോലെയാണ്‌. എല്ലാറ്റിനുമുപരി ബാങ്ക്‌ വായ്പകൾ മരവിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ പണമിടപാടുകാരോടുള്ള കർഷകരുടെ കടബാധ്യത വർധിക്കുന്നു. പാശ്ചാത്യരാജ്യങ്ങളിൽ കാർഷിക സബ്സിഡികൾ ഉയർത്തുമ്പോൾ, ഇവിടെ കൃഷിക്കാരന്‌ ജീവിച്ചുപോകുന്നതിനാവശ്യമായ കൈത്താങ്ങായി ലഭിച്ചിരുന്ന നാമമാത്ര സൗജന്യങ്ങളും സബ്സിഡികളും നിർത്തലാക്കുകയാണ്‌. ചെറുകിട നാമമാത്ര കൃഷിക്കാർക്ക്‌ കാർഷിക കമ്പോളത്തിൽ പങ്കാളിത്തം അഥവാ ഇടപെടാനുള്ള അവസരം ലഭിക്കാത്ത തരത്തിലുള്ള ഒട്ടേറെ കടമ്പകൾ നിലനിൽക്കുന്നു. കമ്പോളത്തിനുമുന്നിൽ നിസഹായരായി പകച്ചുനിൽക്കാനെ അവർക്ക്‌ കഴിയുന്നുള്ളു.
2. കാർഷിക വളർച്ചയുടെ ഗതി താഴേയ്ക്കാണ്‌ പൊയ്ക്കൊണ്ടിരിക്കുന്നത്‌. കഴിഞ്ഞ വർഷാവസാന ക്വാർട്ടറിൽ വളർച്ച 5.7 ശതമാനത്തിൽ നിന്ന്‌ 3.2 ശതമാനമായി കുറഞ്ഞു. 60 ശതമാനത്തിലധികം വരുന്ന ഗ്രാമീണ ജനങ്ങളെ ഇത്‌ സാരമായി ബാധിക്കും. ഭക്ഷ്യധാന്യങ്ങൾ വിതച്ച്‌ കൃഷിചെയ്യുന്ന സ്ഥലത്തിന്റെ വിസ്തൃതിയിലും കുറവുവരികയാണ്‌. പ്രത്യേകിച്ചും ഖാരിഫ്‌ വിളകളായ ധാന്യ-പയർവർഗങ്ങളുടെ കാര്യത്തിൽ ഇത്‌ സംഭവിച്ചുകൊണ്ടിരിക്കുകയാണ്‌. ഭക്ഷ്യവിളകളിൽ നിന്നും നാണ്യവിളകളിലേക്ക്‌ മാറി കൃഷി ചെയ്യുന്നതിനാണ്‌ കർഷകർക്ക്‌ ഇപ്പോൾ ഏറെ താൽപ്പര്യം. 2004-05 മുതൽ 2010-11 വരെ കാർഷിക വളർച്ച മെല്ലെപ്പോക്കിലായിരുന്നുവെന്നത്‌ പ്രകടമായിത്തന്നെ കാണാൻ കഴിയും. മൂന്നു ശതമാനം മാത്രമായിരുന്നു അത്‌. 2011-12 ൽ വളർച്ച വെറും 3.9 ശതമാനമായിരുന്നു. നമ്മുടെ സംഘടനയുടെ മൊത്തം മൂലധനവും കാർഷിക മൂലധനവുമായി ആനുപാതിക അടിസ്ഥാനത്തിൽ നോക്കുമ്പോൾ സ്വകാര്യ മേഖലയും പൊതുമേഖലയും കൂടിച്ചേർന്നുള്ള കാർഷിക മൂലധനത്തിൽ കുറവുണ്ടായിരിക്കുകയാണ്‌. 1970-80 വരെ ശരാശരി 17.3 ശതമാനവും തുടർന്നിങ്ങോട്ടുള്ള ശതകങ്ങളിൽ ശരാശരി 11.6 ശതമാനവും 90 മുതൽ 94 വരെ ഒൻപത്‌ ശതമാനം കുറവാണ്‌ കാർഷിക മൂലധനത്തിൽ ഉണ്ടായിട്ടുള്ളതെന്നാണ്‌ കണക്കുകൾ. പൊതുഫണ്ടുകളും നിക്ഷേപങ്ങളും ചിലവഴിക്കുന്നതിൽ കാർഷിക രംഗം എത്രമാത്രം ദരിദ്രമാണെന്നതിന്റെ ദയനീയമായ ചിത്രമാണ്‌ മേൽപ്പറഞ്ഞ കണക്കുകൾ വരച്ചുകാട്ടുന്നത്‌. ഈ നൂറ്റാണ്ടിന്റെ ആദ്യത്തെ ശതകത്തിൽ വീണ്ടും മൊത്തം കാർഷിക മൂലധനത്തിൽ കുറവുണ്ടായിട്ടുണ്ട്‌.
3. വികസനത്തിന്റെ പേരിൽ കൃഷിഭൂമി കാർഷികേതര ആവശ്യങ്ങൾക്കായി കൈമാറ്റം ചെയ്യപ്പെടുന്നു. ഭൂമി ഏറ്റെടുക്കൽ ഇന്ന്‌ കലുഷിതമായിക്കൊണ്ടിരിക്കുകയാണ്‌. കൃഷിക്കാരിൽ നിന്ന്‌ ഭൂമി ബലമായി തട്ടിപ്പറിച്ചെടുക്കുന്നതിന്റെ ഫലമായി കൃഷിയെയും കാർഷികവൃത്തിയെയും ആശ്രയിച്ച്‌ ജീവിച്ചുപോന്ന കൃഷിക്കാരുടെയും കാർഷിക തൊഴിലാളികളുടെയും നിലനിൽപ്പിനെതന്നെ അപകടത്തിലാക്കിക്കൊണ്ട്‌ ജീവിതവും ജീവനോപാധികളും അവർക്ക്‌ നഷ്ടപ്പെടുകയാണ്‌. മോഡിസർക്കാർ ഓർഡിനൻസിലൂടെ ധൃതിപിടിച്ച്‌ ഭൂമി ഏറ്റെടുക്കൽ നിയമം 2013 ഭേദഗതി ചെയ്യുകയുണ്ടായല്ലൊ. കർഷകരുടെ വിലയേറിയതും ബഹുവിള കൃഷിചെയ്തുകൊണ്ടിരുന്നതുമായ ജലസേചന സൗകര്യമുള്ള കൃഷിഭൂമി വൻതോതിൽ നഷ്ടപ്പെടുന്നതിന്‌ ഇത്‌ വഴിയൊരുക്കും.
4. ജനസംഖ്യ വളർച്ചയുടെ അടിസ്ഥാനത്തിൽ കാർഷികോൽപ്പാദനം വർധിക്കാത്ത സാഹചര്യമാണുള്ളത്‌. അതേസമയം കൃഷിയോഗ്യമായ ഭൂമിയുടെ വിസ്തൃതി കുറഞ്ഞുവരികയും ചെയ്യുന്നു. ഉൽപ്പാദന ചെലവിലെ വർധനവും ഉൽപ്പന്നങ്ങളുടെ വിലയിടിവ്‌ കാരണവും 60 ശതമാനത്തിലധികം കർഷകരെ കടക്കെണിയിലേക്ക്‌ തള്ളിവിട്ടിരിക്കുകയാണ്‌. ലക്ഷക്കണക്കിന്‌ കർഷകരാണ്‌ ആത്മഹത്യയിലേക്ക്‌ എടുത്തെറിയപ്പെട്ടത്‌. കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ അര മില്യൻ കർഷകർ ആത്മഹത്യ ചെയ്യുകയുണ്ടായി. മഹാരാഷ്ട്ര, കർണാടക, മധ്യപ്രദേശ്‌, ഛത്തീസ്ഗഡ്‌ എന്നീ സംസ്ഥാനങ്ങളിൽ 122823 കർഷക ആത്മഹത്യകൾ നടന്നു. കുറച്ചു മാസങ്ങൾക്കു മുമ്പ്‌ പശ്ചിമബംഗാളിലും കേരളത്തിലും കർഷകർ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ ഉണ്ടായിരിക്കുന്നു. നിത്യേന കർഷകർ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾക്കു വിദർഭ സാക്ഷ്യം വഹിക്കുകയാണ്‌.
5. സാമ്പത്തിക പരിഷ്കരണ കാലഘട്ടത്തിൽ ഉദാരവൽക്കരണം അതിന്റെ വഴികാട്ടിയായി നിൽക്കുന്ന സാഹചര്യത്തിൽ കർഷകർക്കുള്ള ബാങ്ക്‌ വായ്പകൾ വെട്ടിച്ചുരുക്കിയതിന്റെ ഫലമായി സ്വകാര്യ പണമിടപാടിനുള്ള വായ്പയെടുക്കൽ കർഷകരുടെ ഇടയിൽ വർധിച്ചിരിക്കുകയാണ്‌. ബാങ്ക്‌ വായ്പയിലെ കുറവ്‌ നികത്തുന്നതിന്‌ പകരമായി ഗവൺമെന്റ്‌ ഇപ്പോൾ ‘അംഗീകൃത വായ്പാ വിതരണ’ (അക്രഡിറ്റഡ്‌ ലോൺ പ്രൊവോഡേഴ്സ്‌) ക്കാർ മുഖാന്തരം വായ്പകൾ വിതരണം ചെയ്യുന്നതിന്‌ നടപടി സ്വീകരിച്ചിരിക്കുകയാണ്‌. അങ്ങനെ പുതിയ മഹാജന്മാരെ ഈ രംഗത്ത്‌ സൃഷ്ടിച്ചിരിക്കുന്നു. ഇപ്പോൾ കൃഷിക്കാർ ഇവരെയും എന്തിന്‌ പെട്രോൾ വിതരണക്കാരെപോലും കടമെടുക്കുന്നതിന്‌ സമീപിക്കേണ്ടിവരുന്നു. കമ്പോള നിരക്ക്‌ എന്നതാണ്‌ മന്ത്രമെന്നിരിക്കെ, അതനുസരിച്ചുണ്ടാകുന്ന പലിശനിരക്കിലെ വർധനവ്‌ കൃഷിക്കാരുടെ ജീവിതം ദുരിതക്കയത്തിലേക്ക്‌ അവരെ തള്ളിയിടുകയാണ്‌.
6. ബാങ്കുകളിൽ നിന്ന്‌ ചുരുങ്ങിയ നിരക്കിൽ വായ്പയെടുത്തിട്ട്‌ ഗ്രാമീണ മേഖലയിൽ ഭീമമായ കൊള്ളപ്പലിശയ്ക്ക്‌ വായ്പ വിതരണം ചെയ്യുന്ന മൈക്രോ ഫൈനാൻസ്‌ സമ്പ്രദായം കൃഷിക്കാരെ മറ്റൊരു ചൂഷണത്തിന്‌ വിധേയമാക്കുകയാണ്‌. ഇവിടത്തെ ഏറ്റവും കുറഞ്ഞ പലിശനിരക്ക്‌ 35 ശതമാനമാണ്‌. കാർഷിക മേഖലയിലെ സ്വകാര്യ പങ്കാളിത്തത്തിന്റെ പേരിൽ കോർപറേറ്റുകൾക്ക്‌ കരാർ കൃഷിക്ക്‌ അനുവാദം നൽകിയിരിക്കുന്നു. പുതിയതായി ഈ രംഗത്ത്‌ പ്രവേശിച്ചവരുടെ യന്ത്രവൽകൃത കൃഷി സമ്പ്രദായം കാർഷിക മേഖലയിലെ തൊഴിൽ സാധ്യതകളെ ഇല്ലാതാക്കിയിരിക്കുന്നു. എൻസിഎഫ്‌ ശുപാർശകളോടുള്ള ഗവൺമെന്റിന്റെ തണുപ്പൻ പ്രതികരണവും ജൈവകൃഷിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും പ്രത്യേക പരിഗണന ലഭിക്കേണ്ടതാണ്‌.
7. മൊൺസാന്റോ, കാർഗിൽ തുടങ്ങിയ ബഹുരാഷ്ട്ര ഭീമന്മാർ അവരുടെ വിത്ത്‌, വളം, കീടനാശിനി തുടങ്ങിയ കാർഷിക തന്ത്രങ്ങൾ നമ്മുടെ കാർഷികമേഖലയിൽ പ്രയോഗിക്കുന്നു. ഉയർന്ന ചെലവും അപകടസാധ്യതയും വിനാശം വരുത്തുന്നതുമായ ജനിതക വിളകൾ നമ്മുടെ കാർഷിക പ്രതിസന്ധിക്ക്‌ പരിഹാരമല്ല. ഇത്‌ ഇന്ത്യൻ കാർഷിക മേഖലയ്ക്ക്‌ കൂടുതൽ നാശം സൃഷ്ടിക്കും.
8. കോർപറേറ്റ്‌ ഫാമിങ്ങിനെ പ്രോത്സാഹിപ്പിക്കുക എന്നതിന്റെ മറവിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഭൂപരിഷ്കരണ ആശയങ്ങളെ തെറ്റായി വ്യാഖ്യാനം ചെയ്യാനും ഭൂപരിധി നിയമം ലംഘിക്കുകയും ചെയ്യുന്നു.
9. കാർഷികോൽപ്പന്നങ്ങളുടെ ഊഹക്കച്ചവട നിരോധനം എടുത്തുകളഞ്ഞിരിക്കുന്നു. സ്വതന്ത്രവ്യാപാരത്തിനായുള്ള ആസിയൻ, യൂറോപ്യൻ യൂണിയനുമായി രാജ്യം ഒപ്പുവച്ചിട്ടുള്ള കരാറുകൾ കാർഷികോൽപ്പാദനത്തിൽ നിഷേധാത്മകമായ ഫലങ്ങൾ സൃഷ്ടിക്കുന്നതിനെ ഉപകരിക്കുകയുള്ളു.
10. വേൾഡ്‌ ട്രേഡ്‌ ഓർഗനൈസേഷനുമായുള്ള ചർച്ചകളിൽ, ധാന്യങ്ങളുടെ റിസർവ്വ്‌ സ്റ്റോക്കിന്റെ കാര്യത്തിലും സബ്സിഡി നൽകുന്ന വിഷയത്തിലും അമേരിക്കൻ-യൂറോപ്യൻ യൂണിയൻ സമ്മർദ്ദങ്ങൾക്ക്‌ ഇന്ത്യ വഴങ്ങേണ്ടിവന്നു. ഇത്‌ കാർഷികമേഖലയെ നാശത്തിലെത്തിക്കുകയും ഭക്ഷ്യസുരക്ഷയ്ക്ക്‌ ഭീഷണിയാവുകയും ചെയ്യും. ഉയർന്ന സാങ്കേതികവിദ്യയും സാങ്കേതികജ്ഞാനവും വിദേശത്തുനിന്ന്‌ ലഭിക്കുന്നതിൽ പരിമിതപ്പെടുത്തിക്കൊണ്ട്‌ വിദേശ നിക്ഷേപങ്ങൾക്ക്‌ നിയന്ത്രണം ഏർപ്പെടുത്തണം. കഴിയുന്നിടത്തോളം പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന വ്യാവസായികോൽപ്പന്നങ്ങൾ ആഭ്യന്തര കമ്പോളത്തിൽ റിസർവ്വ്‌ ചെയ്യണം. “ഇന്ത്യയിൽ നിർമിക്കുക” (മേക്കിൻ ഇന്ത്യ) എന്ന അനഭിലഷണീയമായ മുദ്രാവാക്യത്തിന്റെ സ്ഥാനത്ത്‌ ജനങ്ങളുടെ ക്രയശേഷി വർധിപ്പിക്കുന്നതിനായിരിക്കണം ഊന്നൽ നൽകേണ്ടത്‌. വിദ്യാഭ്യാസം, ആരോഗ്യം, സാങ്കേതികവിജ്ഞാന വികസനം, പാർപ്പിടം എന്നീ രംഗങ്ങളിൽ പുതിയ സംരംഭങ്ങൾക്ക്‌ തുടക്കംകുറിക്കാൻ ഉതകുന്നതരത്തിൽ സാമൂഹ്യ മേഖലയിൽ നിക്ഷേപം നടത്തുകയും പ്രാദേശിക ജനസമൂഹങ്ങളുടെ വികസനത്തിന്‌ ആവശ്യമായ ഫണ്ട്‌ എപ്പോഴും ലഭ്യമാക്കുന്നതിന്‌ ഉതകുന്നതരത്തിൽ ഒരു സാമൂഹ്യ സുരക്ഷാ ഫണ്ട്‌ സ്വരൂപിക്കണം.
3) നവസാമ്പത്തിക ഉദാരീകരണത്തിന്‌ ഒരു ബദൽ രൂപരേഖ
യുപിഎ, എൻഡിഎ തുടങ്ങിയ ബൂർഷ്വാ കക്ഷികളുടെ ഗവൺമെന്റുകൾ രാജ്യത്ത്‌ പിൻതുടർന്നുവന്ന നാണംകെട്ട സാമ്പത്തിക ഉദാരീകരണനയത്തിന്റെ ഫലമായി രാജ്യം അഗാധമായ പ്രതിസന്ധിയുടെ ചളിക്കുണ്ടിൽപ്പെട്ടിരിക്കുകയാണ്‌. ആഗോള സാമ്പത്തിക തകർച്ച ഈ പ്രതിസന്ധിയെ കൂടുതൽ മൂർച്ഛിപ്പിച്ചിട്ടുണ്ട്‌. ഇന്ത്യയ്ക്കാവശ്യം സാമ്പത്തിക വളർച്ചയെ മാത്രം ലക്ഷ്യംവച്ചുകൊണ്ടുള്ള ഇപ്പോഴത്തെ സാമ്പത്തിക തന്ത്രങ്ങളിൽ നിന്ന്‌ മടങ്ങിപ്പോകലാണ്‌. തൊഴിൽസൗഹൃദവും ജനസൗഹൃദവും ലഭ്യമായ മാനവശേഷിയേയും പൊതു-സ്വകാര്യ മൂലധനത്തെയും സമ്പൂർണമായി വിനിയോഗിക്കുന്ന പുതിയൊരു വികസനതന്ത്രമാണ്‌ രാജ്യത്ത്‌ ഇന്ന്‌ ആവശ്യമായിട്ടുള്ളത്‌. ഏറ്റവും മുന്തിയ പരിഗണന ദാരിദ്ര്യനിർമാർജനത്തിന്‌ നൽകുകയും അതിനാവശ്യമായ നയങ്ങളും നടപടികളും ഈ പുതിയതന്ത്രത്തിൽ ആവിഷ്കരിക്കേണ്ടതാണ്‌. ഉൾക്കൊള്ളലിന്റെ വളർച്ചയാണ്‌ യഥാർഥത്തിൽ ഈ കാലഘട്ടം ആവശ്യപ്പെടുന്നത്‌.
* വ്യാവസായിക വളർച്ചയുടെ അടിത്തറ, ലഭ്യമായ സാമ്പത്തിക-പ്രകൃതിവിഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരിക്കണം. അത്‌ തൊഴിൽദായക വളർച്ചയ്ക്ക്‌ ഉതകുന്നതായിരിക്കണം. രാജ്യത്തെ ജനസംഖ്യയിൽ നല്ലൊരു വിഭാഗത്തിന്‌ തൊഴിൽ നൽകുന്ന കരകൗശല-കുടിൽ വ്യവസായത്തെ പരിരക്ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനും അർഹമായ പരിഗണന നൽകണം.
* ഉയർന്ന സാങ്കേതികവിദ്യയും സാങ്കേതികജ്ഞാനവും വിദേശത്തുനിന്ന്‌ ലഭിക്കുന്നതിൽ പരിമിതപ്പെടുത്തിക്കൊണ്ട്‌ വിദേശ നിക്ഷേപങ്ങൾക്ക്‌ നിയന്ത്രണം ഏർപ്പെടുത്തണം. കഴിയുന്നിടത്തോളം പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന വ്യാവസായികോൽപ്പന്നങ്ങൾ ആഭ്യന്തര കമ്പോളത്തിൽ റിസർവ്വ്‌ ചെയ്യണം. “ഇന്ത്യയിൽ നിർമിക്കുക” (മേക്കിൻ ഇന്ത്യ) എന്ന അനഭിലഷണീയമായ മുദ്രാവാക്യത്തിന്റെ സ്ഥാനത്ത്‌ ജനങ്ങളുടെ ക്രയശേഷി വർധിപ്പിക്കുന്നതിനായിരിക്കണം ഊന്നൽ നൽകേണ്ടത്‌.
* വിദ്യാഭ്യാസം, ആരോഗ്യം, സാങ്കേതികവിജ്ഞാന വികസനം, പാർപ്പിടം എന്നീ രംഗങ്ങളിൽ പുതിയ സംരംഭങ്ങൾക്ക്‌ തുടക്കംകുറിക്കാൻ ഉതകുന്നതരത്തിൽ സാമൂഹ്യ മേഖലയിൽ നിക്ഷേപം നടത്തുകയും പ്രാദേശിക ജനസമൂഹങ്ങളുടെ വികസനത്തിന്‌ ആവശ്യമായ ഫണ്ട്‌ എപ്പോഴും ലഭ്യമാക്കുന്നതിന്‌ ഉതകുന്നതരത്തിൽ ഒരു സാമൂഹ്യ സുരക്ഷാ ഫണ്ട്‌ സ്വരൂപിക്കണം.
* വ്യത്യസ്ത തലങ്ങളിലായി കൃഷിയിലും അനുബന്ധ മേഖലകളിലും പൊതുഫണ്ടിന്റെ നിക്ഷേപവും വിനിയോഗവും വർധിപ്പിക്കണം. ഇതുമൂലം രാജ്യത്തിന്റെ സമസ്ത മേഖലകളിലും വികസനം സാധ്യമാകുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുകയും രാജ്യം അഭിവൃദ്ധിയിലേക്ക്‌ കുതിച്ചുയരുകയും ചെയ്യും. ഇന്ത്യയുടെ മാനവ വികസനത്തിന്റെ സൂചകങ്ങൾ മേലോട്ടുയരാൻ ഇത്‌ കാരണമാകും.
* ഒരു ജനകീയ ബദൽ സാമ്പത്തികപരിപാടി ആവിഷ്കരിച്ച്‌ നടപ്പിലാക്കണം. കൃഷിക്കാരുടേയും കർഷകത്തൊഴിലാളികളുടേയും താൽപര്യങ്ങൾ സംരക്ഷിക്കുമെന്ന്‌ ഉറപ്പുവരുത്തുന്നതും തൊഴിൽസൗഹൃദപരവും തൊഴിൽദായകമായ വളർച്ചയെ ലക്ഷ്യംവയ്ക്കുന്നതുമായ കാർഷിക പരിഷ്കരണങ്ങൾ ലക്ഷ്യമിട്ടുകൊണ്ടുള്ളതായിരിക്കണം ഈ പരിപാടി. കോർപറേറ്റ്‌വൽക്കരണത്തിന്റെ കെടുതികളെ തരണംചെയ്യാൻ കഴിയുന്ന തരത്തിൽ പുതിയതരം സഹകരണ സ്ഥാപനങ്ങൾ ആരംഭിക്കേണ്ടത്‌ അത്യാവശ്യമാണ്‌. കർഷകന്‌ ഭൂമിയിൽ അവകാശം, യുവജനങ്ങൾക്ക്‌ തൊഴിലിനും വിദ്യാഭ്യാസത്തിനുമുള്ള അവകാശം, ജനങ്ങൾക്ക്‌ ഭക്ഷണം, പാർപ്പിടം, ആരോഗ്യസുരക്ഷ എന്നിവ ലഭിക്കുന്നതിനുവേണ്ടിയുള്ള അവകാശം എന്നിവ ഉറപ്പാക്കുകയും നടപ്പിലാക്കുകയും വേണം. ഈ ബദൽ പരിപാടിയിൽ ഭൂപരിഷ്കരണത്തിന്‌ പ്രാമുഖ്യം നൽകണം.
* ജലം ലഭ്യമല്ലാത്ത പ്രദേശങ്ങളിൽ ജലസേചനസൗകര്യത്തിനായി സമൂർത്തമായ ഒരു പദ്ധതിക്ക്‌ രൂപംകൊടുക്കണം.
* പൊതുമേഖലയെ സംരക്ഷിക്കുകയും വികസിപ്പിക്കുകയും വേണം. അതിന്റെ പ്രവർത്തനങ്ങളിൽ ജനാധിപത്യവൽക്കരണം ഉറപ്പാക്കുന്നതിനായി യൂണിറ്റ്‌ തലംമുതൽ തൊഴിലാളികൾക്കും അവരുടെ ട്രേഡ്‌ യൂണിയൻ പ്രതിനിധികൾക്കും പ്രവർത്തനങ്ങളിൽ പങ്കാളിത്തം നൽകണം.
* പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്ന എല്ലാ നടപടികളും അവസാനിപ്പിക്കേണ്ടതാണ്‌. കരകൗശല-കുടിൽ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുകയും അവരെ ഈ മേഖലയിൽ നിന്ന്‌ കയറ്റുമതി ചെയ്യാൻ പര്യാപ്തമാക്കുന്ന തരത്തിൽ ഉൽപ്പാദനം നടത്താൻ പ്രാപ്തമാക്കണം.
* ചെറുകിട വ്യവസായങ്ങൾ നമ്മുടെ വ്യവസായ മേഖലയിൽ സുപ്രധാനമായ ഒരു പങ്ക്‌ വഹിക്കുന്നുണ്ട്‌. രാജ്യത്തെ മൊത്തം വ്യവസായോൽപാദനത്തിന്റെ 40 ശതമാനം ചെറുകിട മേഖലയിൽ നിന്നാണ്‌. അതുപോലെ മൊത്തം കയറ്റുമതിയുടെ ചെറുകിട വ്യവസായ മേഖലയ്ക്കുള്ള വിഹിതം 35 ശതമാനമാണ്‌. 20 മില്യൻ തൊഴിലാളികളാണ്‌ രാജ്യത്ത്‌ ചെറുകിട വ്യവസായ ഉൽപാദന മേഖലയിൽ പണിയെടുക്കുന്നത്‌. വൻ വ്യവസായികളോടുള്ള താൽപര്യം കാരണം എസ്‌ എസ്‌ ഐ സെക്ടറിനുമാത്രം റിസർവ്വ്‌ ചെയ്തിരുന്ന നിരവധി ഉൽപ്പന്നങ്ങളെ സമീപകാലത്ത്‌ ലിസ്റ്റിൽ നിന്നും പിൻവലിക്കുകയുണ്ടായി. അതുപോലെ ചെറുകിട വ്യവസായ മേഖലയിലെ വിദേശനിക്ഷേപങ്ങൾക്കുണ്ടായിരുന്ന (എഫ്ഡിഐ) നിയന്ത്രണങ്ങൾ അപ്പാടെ എടുത്തുകളഞ്ഞു. ചെറുകിട വ്യവസായങ്ങൾക്ക്‌ പ്രാദേശിക അന്താരാഷ്ട്ര മാർക്കറ്റിൽ അവരുടെ ഉൽപന്നങ്ങൾക്ക്‌ മത്സരിക്കാൻ ഉതകുന്ന തരത്തിലുള്ള സഹായങ്ങൾ നൽകേണ്ടതാണ്‌. ഇതിനായി ബാങ്കുകൾ ഉദാരമായ വായ്പകളും മറ്റ്‌ ഉത്തേജക പാക്കേജുകളും നൽകാൻ തയാറാകണം. സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനും പ്രത്യേക ഊന്നൽ നൽകണം. കയറ്റുമതിയെ മാത്രം ലക്ഷ്യംവച്ചുകൊണ്ടുള്ള ‘ഇന്ത്യയിൽ നിർമിക്കുക’ എന്ന പരിപാടി ചെറുകിട-ഇടത്തരം വ്യവസായങ്ങളെ വളരെയധികം ദോഷകരമായി ബാധിക്കും.
* സാർവത്രികമായ പൊതുവിതരണ സമ്പ്രദായം രാജ്യത്താകമാനം നടപ്പിലാക്കണം. എല്ലാ കുടുംബങ്ങൾക്കും പ്രതിമാസം 35 കിലോ ഭക്ഷ്യധാന്യങ്ങൾ കിലോയ്ക്ക്‌ രണ്ട്‌ രൂപ നിരക്കിൽ വിതരണം ചെയ്യാൻ തയാറാകണം. ഇത്‌ ഉറപ്പാക്കുന്നതിനായി ഭക്ഷ്യസുരക്ഷ നിയമ ബിൽ പാസാക്കണം.
* അടിയുറച്ച മതേതരത്വത്തിനായി മതത്തെ ഭരണകൂടത്തിൽ നിന്നും വേർപെടുത്തി നിർത്തണമെന്ന്‌ ഭരണഘടനയിൽ കൂട്ടിച്ചേർക്കുകയും അതുറപ്പാക്കുകയും വേണം. വർഗീയശക്തികളെ തടയുന്നതിനാവശ്യമായ ശക്തമായ നടപടികൾ സ്വീകരിക്കണം. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ കാതലായിരിക്കണം യുക്തിചിന്തയും ശാസ്ത്രബോധവും.
* സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും വിവേചനവും അവസാനിപ്പിക്കാനും അവരുടെ ശാക്തീകരണത്തിനും ലിംഗനീതിക്കുമായി പോരാടണം.
* മതേതരത്വം സംരക്ഷിക്കുകയും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഉറപ്പാക്കുകയും സമൂഹത്തിൽ പിന്നാക്കം നിൽക്കുന്ന ദുർബല ജനവിഭാഗങ്ങളായ ദളിത്‌, ആദിവാസി, പിന്നാക്ക ന്യൂനപക്ഷ സമുദായങ്ങളുടെ ഉന്നമനത്തിനായുള്ള പ്രത്യേക പദ്ധതികൾക്ക്‌ രൂപം നൽകണം.
4. വിദേശനയത്തിലെ വ്യതിയാനം
1. രാജ്യത്തിന്റെ വിദേശനയത്തെ രാജ്യം പിന്തുടരുന്ന സാമ്പത്തിക നയങ്ങൾ പൊതുവിൽ സ്വാധീനിക്കുകയും നിർണയിക്കുകയും ചെയ്യും. നരേന്ദ്രമോഡി സർക്കാർ അധികാരത്തിൽ വന്ന നാൾ മുതൽ അമേരിക്കയോടുള്ള വ്യക്തമായ ചായ്‌വ്‌ പ്രകടമാണ്‌. ലോകമാകെ സാമ്പത്തികവും രാഷ്ട്രീയവുമായ അധീശത്വം നേടാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ആഗോള മൂലധനത്തിന്റെ ഉപകരണങ്ങളായ ലോക ബാങ്ക്‌, ഐഎംഎഫ്‌ എന്നിവയുടെ നേരിട്ടുള്ള സ്വാധീനത്തിന്‌ വഴങ്ങിക്കൊണ്ട്‌ സാമ്പത്തിക നവഉദാരീകരണ നയങ്ങൾ രാജ്യത്ത്‌ നടപ്പിലാക്കാൻ പ്രതിജ്ഞാബദ്ധമായ പുതിയ ഗവൺമെന്റിന്റെ വിദേശനയങ്ങളിൽ കൃത്യമായ നയവ്യതിയാനമാണ്‌ വന്നിട്ടുള്ളത്‌. ഇതാകട്ടെ രാജ്യം പിൻതുടർന്നുപോന്ന സ്വതന്ത്രവും ജനങ്ങളുടെ ആകെ അഭിപ്രായ സമന്വയമുണ്ടായിരുന്ന വിദേശനയത്തിലുള്ള കുതറിമാറ്റമാണ്‌.
2. തന്ത്രപ്രധാന പങ്കാളിത്തമെന്നാൽ സാമ്പത്തിക പ്രശ്നങ്ങളിലോ അമേരിക്കയുടെ താൽപര്യങ്ങളിലോ മാത്രം ഒതുങ്ങുന്നതല്ല. നരേന്ദ്രമോഡി സർക്കാർ എല്ലാ മേഖലകളിലും പ്രത്യേകിച്ച്‌ സൈനിക രംഗത്ത്‌ അമേരിക്കയുമായും അതിന്റെ പിണിയാളുകളായ മധ്യപൂർവ രാജ്യങ്ങളുമായും സിയോണിസ്റ്റ്‌ രാജ്യമായ ഇസ്രായേലുമായുള്ള സഹകരണം മുമ്പെങ്ങുമില്ലാത്ത തരത്തിൽ വർധിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്‌. രണ്ടാം യുപിഎയുടെ ഭരണകാലത്ത്‌ ഇസ്രായേലിൽ നിന്ന്‌ സൈനിക ഉപകരണങ്ങൾ വിലയ്ക്കുവാങ്ങുന്നത്‌ അതിന്റെ പാരമ്യതയിൽ എത്തിയെങ്കിൽ മോഡിയുടെ ഭരണം ഇസ്രായേലുമായി കെട്ടിപ്പുണരുന്ന സൗഹൃദത്തിലാണ്‌. ഇതാകട്ടെ അറബ്‌ രാജ്യങ്ങളുമായി നിലനിന്നിരുന്ന രാജ്യത്തിന്റെ പരമ്പരാഗതമായ സൗഹൃദത്തെ ബലികഴിച്ചുകൊണ്ടുള്ളതാണ്‌. ഇന്ത്യ മേലിൽ പലസ്തീനെ ഐക്യരാഷ്ട്രസഭയിൽ പിന്തുണക്കില്ലെന്ന സൂചനകളാണ്‌ സമീപകാലത്ത്‌ വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന്‌ ചോർന്നുകിട്ടിയ വാർത്തയിലൂടെ മനസിലാക്കാൻ കഴിയുന്നത്‌. തന്ത്രപ്രധാന പങ്കാളിത്തസഹകരണത്തിന്റെ പേരിൽ അമേരിക്കയുടെ സഖ്യശക്തികളായ ജപ്പാനുമായും ഓസ്ട്രേലിയയുമായുമുള്ള പങ്കാളിത്തവും സഹകരണവും ഈ ഗവൺമന്റ്‌ വർദ്ധിപ്പിക്കുകയുണ്ടായി.
3. സാമ്പത്തിക ആഗോളവൽക്കരണത്തിന്റെ ഈ യുഗത്തിൽ മേഖലാസഹകരണവും വികസ്വര രാജ്യങ്ങളും പുതിയതായി വളർച്ചയെത്തിയ രാജ്യങ്ങളുമായുള്ള പരസ്പര സഹകരണവും നമ്മെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്‌. ഈ ദൗത്യം ശിരസാവഹിക്കുന്ന കാര്യത്തിൽ തണുപ്പൻ നയമാണ്‌ മോഡിസർക്കാരിനുള്ളത്‌. ഇന്തോ-പാക്‌ തർക്ക പ്രശ്നങ്ങളെ മുഖ്യമായി ഉന്നയിച്ചതുകാരണം കാഠ്മണ്ഡിൽ നടന്ന സാർക്ക്‌ സമ്മേളനം ഒരുതരം വെള്ളപൂശലായി പരിണമിക്കുകയാണുണ്ടായത്‌. അടുത്തിടെ നടന്ന ബ്രിക്സ്‌ ഉച്ചകോടിയിലും നിഷ്ക്രിയമായ പങ്കാണ്‌ ഇന്ത്യ വഹിച്ചത്‌. അമേരിക്കയുടെ ബഹുധ്രുവ ലോകത്തിനായുള്ള ശ്രമങ്ങളെ തടയിടാൻ കഴിയുന്ന തരത്തിൽ ബ്രിക്സ്‌ ബാങ്ക്‌ സ്ഥാപിക്കുക എന്ന കാര്യത്തിലും സജീവ താൽപര്യം ഇന്ത്യ കാട്ടിയില്ല. ഷാൻഹായി സഹകരണ സംഘടന, ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ബാങ്ക്‌ എന്നിവ രൂപീകരിക്കുന്നതിന്റെ കാര്യത്തിലും ഡബ്ല്യു ടി ഒ യിലും മറ്റ്‌ അന്താരാഷ്ട്ര വേദികളിലും ഒക്കെത്തന്നെ സജീവമല്ലാത്ത ഒഴുക്കൻ നിലപാടാണ്‌ നമ്മുടെ രാജ്യം സ്വീകരിച്ചത്‌.
4. നമ്മുടെ അയൽരാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുക, വികസ്വര രാജ്യങ്ങളെ ഒരുമിപ്പിച്ചു നിർത്തുക, സാമ്രാജ്യത്തിനും പുത്തൻകൊളോണിയലിസത്തിനുമെതിരെയും സമാധാനത്തിനുവേണ്ടിയും പൊരുതുന്ന ജനങ്ങളുമായി ഐക്യപ്പെടുക എന്നീ തത്വങ്ങളിൽ അധിഷ്ഠിതമായ വിദേശനയത്തെ മുന്നോട്ടുകൊണ്ടുപോകുകയാണ്‌ ഇന്നത്തെ സാർവദേശീയ സാഹചര്യത്തിൽ ഇന്ത്യയുടെ വർത്തമാനമായ ദൗത്യവും കടമയും. ഇത്തരമൊരു നയത്തിന്‌ കടകവിരുദ്ധമാണ്‌ നരേന്ദ്രമോഡി പിന്തുടരുന്ന വിദേശനയം.
5. നിർഭാഗ്യകരമായ മറ്റൊരു വസ്തുത രാജ്യത്തിനകത്തെ വർഗീയ ശക്തികളുടെ ഇടപെടൽ കാരണം പുതിയ ഗവൺമെന്റിന്റെ വിദേശനയത്തിൽ പ്രത്യേകിച്ചും അറബ്‌-പാകിസ്ഥാൻ രാജ്യങ്ങളുമായുള്ള ബന്ധത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്നുവെന്നത്‌ നിർഭാഗ്യകരമാണ്‌.
5) രാഷ്ട്രീയ പ്രശ്നങ്ങൾ
1. കഴിഞ്ഞ പാർട്ടി കോൺഗ്രസിനു ശേഷം രാജ്യത്തെ രാഷ്ട്രീയ സംഭവവികാസങ്ങളിൽ വമ്പിച്ച മാറ്റങ്ങളാണ്‌ ഉണ്ടായിട്ടുള്ളത്‌. നരേന്ദ്രമോഡി നേതൃത്വം നൽകുന്ന എൻഡിഎ ഗവൺമെന്റ്‌ അധികാരത്തിലേറിയതോടെ രാജ്യത്ത്‌ വ്യക്തമായ വലതുപക്ഷ വ്യതിയാനം സംഭവിച്ചിരിക്കുന്നു. കോർപറേറ്റ്‌ മൂലധന ശക്തികൾ, വലതുപക്ഷ ആശയങ്ങൾ, ആക്രമണോത്സുകമായ വർഗീയത, ഇവയുടെ ഒരു കൂട്ടുകെട്ടിനെയാണ്‌ പുതിയ ഗവൺമെന്റ്‌ പ്രതിനിധാനം ചെയ്യുന്നത്‌. ഭരണത്തിലേറി ആദ്യത്തെ ആറുമാസക്കാലം തികയുന്നതിനു മുമ്പുതന്നെ അവരുടെ രാഷ്ട്രീയവും സാമ്പത്തികവുമായ അജൻഡ അനാവരണം ചെയ്യപ്പെട്ടു.
2. ബിജെപിക്കും ലോക്സഭയിൽ ഒറ്റയ്ക്ക്‌ കേവല ഭൂരിപക്ഷം കിട്ടിയതോടെ കൂട്ടുകക്ഷി രാഷ്ട്രീയത്തിന്റെ കാലം തൽക്കാലത്തേക്ക്‌ അവസാനിച്ചിരിക്കുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം നടന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ ഹരിയാന, ഝാർഖണ്ഡ്‌, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ ബിജെപി ഭൂരിപക്ഷം നേടുകയും അധികാരത്തിലേറുകയും ചെയ്തു. എന്നാൽ യുപി, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപി പിന്നോക്കം പോയെങ്കിലും ബിജെപിക്ക്‌ അതിന്റെ രാഷ്ട്രീയ സ്വാധീനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ വ്യാപിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്‌. അടുത്തിടെ ഝാർഖണ്ഡിലും ജമ്മുകശ്മീരിലും നടന്ന തെരഞ്ഞെടുപ്പ്‌ ഫലങ്ങൾ മേൽപ്പറഞ്ഞ പ്രവണതയെ വീണ്ടും ദൃഢീകരിക്കുകയാണ്‌. ലോക്സഭാ തെരഞ്ഞെടുപ്പ്‌ ഫലങ്ങളുമായി സംസ്ഥാന തെരഞ്ഞെടുപ്പുകളെ താരതമ്യപ്പെടുത്തുമ്പോൾ ബിജെപിക്ക്‌ ലഭിച്ച വോട്ടിന്റെ കാര്യത്തിൽ ശോഷണം വന്നുവെന്നത്‌ എടുത്തുപറയേണ്ട വസ്തുതയാണ്‌.
3. ലോക്സഭയിലും വിവിധ സംസ്ഥാനങ്ങളിലും നടന്ന തെരഞ്ഞെടുപ്പ്‌ ഫലങ്ങൾ നമ്മുടെ തെരഞ്ഞെടുപ്പ്‌ സമ്പ്രദായത്തിന്റെ വൈകല്യങ്ങളെ തുറന്നുകാട്ടുന്നതാണ്‌. നാം ഇക്കാലമത്രയും പിന്തുടർന്ന തെരഞ്ഞെടുപ്പ്‌ രീതി അനുസരിച്ച്‌ 30 ശതമാനം വോട്ട്‌ നേടുന്ന കക്ഷികൾക്ക്‌ അധികാരത്തിലേറാൻ കഴിയും. ആനുപാതിക പ്രാതിനിധ്യ സമ്പ്രദായത്തിലുളള തെരഞ്ഞെടുപ്പ്‌ പരിഷ്കരണം വർത്തമാനകാലഘട്ടത്തിൽ ഏറ്റവും അവശ്യം നടപ്പിലാക്കേണ്ടതാണെന്നാണ്‌ ഈ ജനവിധി നമ്മെ ബോധ്യപ്പെടുത്തുന്നത്‌.
4. സാമ്പത്തിക രംഗത്ത്‌ തീവ്രവും നാണംകെട്ട നിലയിലുള്ള നവഉദാരീകരണ നയങ്ങൾ ഒരുവശത്ത്‌; മറുവശത്ത്‌ രാഷ്ട്രീയമായി സംഘപരിവാർ ശക്തികളെ എല്ലാ മേഖലകളിലും അഴിഞ്ഞാടാൻ അനുവദിച്ചുകൊണ്ട്‌ വർഗീയാടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിച്ച്‌ നിർത്തുക എന്നതാണ്‌ മോഡി അമിത്ഷാ ദ്വയങ്ങളുടെ തന്ത്രം. ബിജെപിയുടെ താത്വിക കേന്ദ്രമായ ആർഎസ്‌എസ്‌ ആദ്യമായിട്ടാണ്‌ ഭരണത്തിൽ നേരിട്ടിടപെടുന്നതും പലപ്പോഴും ആജ്ഞാപിക്കുകയും ചെയ്യുന്നത്‌. ഗവൺമെന്റിന്റെ തന്ത്രപ്രധാനമായ എല്ലാ മേഖലകളിലും പ്രത്യേകിച്ച്‌ വിദ്യാഭ്യാസ, സാംസ്കാരിക, ചരിത്രം കൈകാര്യം ചെയ്യുന്ന വകുപ്പുകളിലും സ്ഥാപനങ്ങളിലും ആർഎസ്‌എസുകാരെയും സംഘപരിവാറുകാരെയും കുത്തിനിറയ്ക്കുന്നു എന്നുമാത്രമല്ല രാജ്യത്തിന്റെ തന്ത്രപ്രധാനമായ സുരക്ഷ രഹസ്യാന്വേഷണ മേഖലകളിൽപ്പോലും സംഘപ്രചാരകന്മാർ നുഴഞ്ഞുകയറുകയാണ്‌.
5. നരേന്ദ്രമോഡിയുടെ ഏകാധിപത്യ പ്രവണതയ്ക്കും തൻപ്രമാണിത്വത്തിനുമുള്ള പ്രകടമായ തെളിവാണ്‌ ബിജെപി മന്ത്രിസഭാ രൂപീകരണവും തുടർന്നുണ്ടായ മന്ത്രിസഭാ വികസനവും. തൻപ്രമാണിത്തത്തെ ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുള്ള എല്ലാവരേയും പാർശ്വവൽക്കരിച്ചുകൊണ്ട്‌ സ്തുതിപാഠകരെയാണ്‌ മോഡി പാർട്ടിയിലും ഗവൺമെന്റിലും നിയമിച്ചത്‌. ഇതുവഴി നിലവിലുള്ള എല്ലാ കീഴ്‌വഴക്കങ്ങളേയും പാർലമെന്ററി നടപടിക്രമങ്ങളെയും തകിടംമറിക്കുകയാണ്‌ മോഡി ചെയ്തത്‌.
6. കേന്ദ്ര സർക്കാരിന്‌ രാജ്യസഭയിൽ ഭൂരിപക്ഷമില്ലല്ലോ. ബന്ധപ്പെട്ട എല്ലാവരുമായി അഭിപ്രായസമന്വയ രൂപീകരണത്തിന്‌ ശ്രമിക്കുന്നതിന്‌ പകരമായി ഓർഡിനൻസ്‌ രാജ്‌ നടപ്പിലാക്കുകയാണ്‌ നരേന്ദ്രമോഡി ഗവൺമെന്റ്‌. നമ്മുടെ പ്രകൃതിവിഭവങ്ങളെ കോർപറേറ്റുകൾക്ക്‌ കൊള്ളയടിക്കുവാൻ വേണ്ടിയാണ്‌ രാജ്യസഭയിൽ ഭൂരിപക്ഷമില്ലാത്ത ഗവൺമെന്റ്‌ ഓർഡിനൻസ്‌ ഇറക്കിക്കൊണ്ടിരിക്കുന്നത്‌. കൽക്കരി, ഇൻഷുറൻസ്‌, ഭൂമി ഏറ്റെടുക്കൽ തുടങ്ങിയ കാര്യങ്ങളിൽ ഓർഡിനൻസുകൾ ഇതിനകംതന്നെ വന്നുകഴിഞ്ഞു. ബഹുരാഷ്ട്ര കുത്തകകളെ പ്രീണിപ്പിക്കുവാൻ വേണ്ടി നിയമഭേദഗതികൾക്കായി സർക്കാർ പല ഓർഡിനൻസുകളും സർക്കാർ ഇറക്കികൊണ്ടിരിക്കുകയാണ്‌.
7. വലതുപക്ഷ വർഗീയ ശക്തികളെ അഴിഞ്ഞാടാൻ കയറൂരിവിട്ടിരിക്കുന്നത്‌ നമ്മുടെ ജനാധിപത്യ സംവിധാനത്തിനുതന്നെ ഗുരുതരമായ ഭീഷണിയായിരിക്കുകയാണ്‌. സാമ്പത്തിക പരമാധികാരം, മതേതരത്വം, നിയമവാഴ്ച, പാർലമെന്ററി ജനാധിപത്യ സംവിധാനം തുടങ്ങി ജനങ്ങൾ നാളിതുവരെ നേടിയെടുത്ത എല്ലാ നേട്ടങ്ങളും ഇന്ന്‌ അപകടാവസ്ഥയുടെ നിഴലിലാണ്‌. എല്ലാവിധ കടന്നാക്രമണങ്ങളും ഒരുപോലെ ഗൗരവമേറിയ വിഷയമായതുകൊണ്ട്‌ ഇതിലേതെങ്കിലുമൊന്ന്‌ കുറഞ്ഞതോ കൂടിയതോ ആയ ഭീഷണിയാണെന്ന്‌ വിലയിരുത്തുന്നത്‌ അക്ഷന്തവ്യമായ തെറ്റായിരിക്കും.
8. വൻകിട കോർപറേറ്റുകൾ നിയന്ത്രിക്കുന്ന മാധ്യമങ്ങൾ പുതിയ ഭരണകൂടത്തിന്റെ ചട്ടുകമായാണ്‌ പ്രവർത്തിക്കുന്നത്‌. ജനങ്ങളുടെ യഥാർഥ പ്രശ്നങ്ങളിൽ നിന്ന്‌ ശ്രദ്ധ തിരിച്ചുവിടാൻ ഈ മാധ്യമങ്ങൾ കിണഞ്ഞു പരിശ്രമിക്കുകയാണ്‌. വർഗീയത ഇരുതലമൂർച്ചയുള്ള വാളാണ്‌. ഈ ആയുധത്തെ മോഡിയും സംഘവും സമർഥമായി ഉപയോഗിക്കുന്നത്‌ ഒരുവശത്ത്‌ വർഗീയ ധ്രുവീകരണം സൃഷ്ടിക്കുവാനും അതുവഴി മറുവശത്ത്‌ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചുവിട്ടുകൊണ്ട്‌ ജനങ്ങളുടെ ഇടയിൽ ചർച്ചാവിഷയമാക്കാതിരിക്കാനുമാണ്‌. ഈ രാഷ്ട്രീയ തന്ത്രം മോഡിയും കൂട്ടരും നന്നായി പയറ്റുകയാണ്‌.
9. ന്യൂനപക്ഷ വർഗീയ ധ്രുവീകരണവും വർധിച്ചുവരുന്ന വർഗീയ ഭീഷണിക്ക്‌ കാരണമാണ്‌. ഭൂരിപക്ഷ വർഗീയതയുടെ അതിക്രമങ്ങളിൽ സ്വാഭാവികമായും ന്യൂനപക്ഷങ്ങൾക്കിടയിൽ ഉണ്ടായിട്ടുള്ള മാനസികവും സാമൂഹികമായ ഭയം അവരെയും മതഭീകരവാദത്തിലേക്ക്‌ നയിക്കുകയും ഭൂരിപക്ഷവർഗീയതപോലെതന്നെ മതേതര മൂല്യങ്ങൾക്ക്‌ ന്യൂനപക്ഷ വർഗീയതയും ആത്യന്തികമായി ഭീഷണിയായി മാറിയിരിക്കുന്നു.
10. സാമൂഹിക സാമ്പത്തിക രംഗത്ത്‌ തികച്ചും ജനകീയ നിലപാടുകളെടുക്കുന്നതും അതിനെയടിസ്ഥാനപ്പെടുത്തിക്കൊണ്ട്‌ ജനവിരുദ്ധ നവഉദാരവൽക്കരണ നയങ്ങൾക്ക്‌ ജനകീയ ബദൽ അവതരിപ്പിക്കാൻ കഴിയുന്നതും ഇടതുപക്ഷത്തിന്‌ മാത്രമാണെന്ന്‌ കോർപറേറ്റുകൾക്ക്‌ നന്നായിട്ടറിയാം. അതിനാലാണ്‌ ഇടതുപക്ഷ പാർട്ടികളെ ദുർബലപ്പെടുത്താനും അവരെ പാർശ്വവൽക്കരിക്കാനും വൻകിട കോർപറേറ്റുകളും അവരുടെ ചൊൽപ്പടിക്ക്‌ നിൽക്കുന്ന രാഷ്ട്രീയ പാർട്ടികളും നന്നായി പരിശ്രമിക്കുന്നത്‌. പ്രാദേശിക പാർട്ടികളെ പ്രലോഭിപ്പിച്ചും പ്രോത്സാഹിപ്പിച്ചും ഇടതുപാർട്ടികളെ പരാജയപ്പെടുത്താൻ കുത്തകകൾ നടത്തിയ ബോധപൂർവമായ ശ്രമം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ നാം കണ്ടതാണ്‌. വരാൻ പോരുന്ന നാളുകളിൽ ഇടതുപക്ഷത്തിന്റെ നേർക്കുള്ള ഈ ആക്രമണത്തിന്‌ മൂർച്ച കൂടുവാൻ പോകുകയാണ്‌.
11. ഇന്നത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ ഇടതു പാർട്ടികളുടെ യോജിച്ചുള്ള പ്രവർത്തനങ്ങളിൽ ഐക്യം വിപുലപ്പെടുത്തേണ്ടത്‌ വളരെയധികം അടിയന്തര പ്രാധാന്യമുള്ളതാണ്‌. കഴിഞ്ഞ നവംബർ മാസത്തിൽ പ്രധാനപ്പെട്ട ആറു ഇടതുപക്ഷ പാർട്ടികൾ സിപിഐ, സിപിഐ(എം), സിപിഐ-(എംഎൽ), ഫോർവേർഡ്‌ ബ്ലോക്ക്‌, എസ്‌യുസിഐ(സി) യോജിച്ചു നടത്തിയ രാഷ്ട്രീയ പ്രക്ഷോഭം ഈ ദിശയിലുള്ള സ്വാഗതാർഹമായ തുടക്കമാണ്‌. ഇതുകൊണ്ട്‌ മതിയാവുന്നില്ല. ഈ പ്ലാറ്റ്ഫാം കൂടുതൽ വിപുലപ്പെടുത്തേണ്ടതും വികസിപ്പിക്കേണ്ടതും പ്രക്ഷോഭങ്ങളിലും പരിപാടികളിലുമുള്ള സമൂർത്തമായ ഐക്യം കെട്ടിപ്പടുക്കേണ്ടതുമാണ്‌.
ആർഎസ്‌എസിന്റെ നേരിട്ടുള്ള കടന്നുകയറ്റം
1. അടൽ ബിഹാരി വാജ്പേയി നേതൃത്വം നൽകിയ കഴിഞ്ഞ എൻഡിഎ ഗവൺമെന്റിനെ അപേക്ഷിച്ച്‌, രാഷ്ട്രീയ സ്വയം സേവക്‌ സംഘം ഭരണത്തിന്റെയും ബിജെപിയുടെയും എല്ലാ തന്ത്രപ്രധാന മേഖലകളിലും നേരിട്ട്‌ പിടിമുറുക്കുന്നതായാണ്‌ കാണുന്നത്‌. ഗവൺമെന്റിലും ബിജെപിയിലും സംഘപ്രചാരകന്മാരെ നേരിട്ട്‌ നിയോഗിച്ചുകൊണ്ടാണ്‌ ആർഎസ്‌എസ്‌ അവരുടെ അജൻഡ നടപ്പിലാക്കുന്നത്‌. വിദ്യാഭ്യാസം, സാമൂഹ്യ സാംസ്കാരികം, വാർത്താവിതരണ പ്രക്ഷേപണ വകുപ്പുകളിലെ പ്രധാനപ്പെട്ട നയരൂപീകരണങ്ങളും ആർഎസ്‌എസിന്റെ മുൻകൂർ അനുമതിയോടെ മാത്രമാണ്‌ നടപ്പിലാക്കുന്നത്‌. ഹിന്ദുവർഗീയതയോട്‌ കൂറ്‌ പുലർത്തുന്നവർ വ്യത്യസ്ത മേഖലകളിൽ നുഴഞ്ഞുകയറിയിരിക്കുകയാണ്‌. ചരിത്രവും പാഠ്യപദ്ധതിപോലും ആവിഷ്കരിക്കുന്നത്‌ ഹിന്ദുത്വ അജൻഡയെ അടിസ്ഥാനപ്പെടുത്തിയാണ്‌. എന്തിനധികം പറയുന്നു, അവർ, ശാസ്ത്ര കോൺഗ്രസ്‌ നടത്തിപ്പുപോലും പ്രതിലോമപരത പ്രചരിപ്പിക്കുവാനുള്ള വേദിയാക്കുകയുണ്ടായി. ഒരുഭാഗത്ത്‌ സാമ്പത്തിക നയങ്ങൾ കോർപറേറ്റുകൾ തീരുമാനിക്കുമ്പോൾ മറുഭാഗത്ത്‌ മറ്റ്‌ എല്ലാ കാര്യക്രമങ്ങളും നേരിട്ട്‌ നിയന്ത്രിക്കുന്നത്‌ ആർഎസ്‌എസാണ്‌. ഇതാകട്ടെ പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയ്ക്ക്‌ അതിഭീഷണമായ വെല്ലുവിളിയാണ്‌ ഉയർത്തിയിട്ടുള്ളത്‌. ആർഎസ്‌എസ്‌ ഒരു അരാഷ്ട്രീയ സംഘടനയാണെന്നാണ്‌ അവർ അവകാശപ്പെട്ടുകൊണ്ടിരിക്കുന്നത്‌.
ഗവൺമെന്റ്‌ നേരിട്ട്‌ നിയന്ത്രിക്കുന്നതിനെക്കാളേറെ, ഹിന്ദുപരിവാർ സംഘടനകൾ രാജ്യത്തെ ഭിന്നിപ്പിക്കാനുളള ഛിദ്രപ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുകയാണ്‌. വളരെ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട്‌ നമ്മുടെ മതേതരത്വത്തെ പിച്ചിച്ചീന്തുകയാണ്‌. അയോധ്യാവിവാദം വീണ്ടും ഉയർത്തിക്കൊണ്ടുവരുന്നു. (ഭരണഘടനാപദവിപോലും ലംഘിച്ചുകൊണ്ട്‌ ചില ഗവർണർമാർ ഈ വിഷയത്തിൽ വിവാദ പ്രസ്താവനകൾ പുറപ്പെടുവിക്കുന്നു) വാജ്പേയ്‌ ഗവൺമെന്റിന്റെ കാലത്ത്‌ ഉപേക്ഷിച്ച എല്ലാ വിധ്വംസക വിദ്വേഷ വിഷയങ്ങളെ പൂർവാധികം ശക്തിയോടുകൂടി പുനർജീവിപ്പിക്കുകയാണ്‌. ‘ലൗ ജിഹാദ്‌’, ‘ഘർവാപസി’, രാഷ്ട്രപിതാവിന്റെ ഘാതകനായ നാഥുറാം ഗോഡ്സെയെ രാജ്യസ്നേഹിയായി പ്രഖ്യാപിക്കുകവഴി രാഷ്ട്രപിതാവിനെ അപമാനിക്കൽ, ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉത്സവാവധികൾ പരോക്ഷമായി ഇല്ലായ്മ ചെയ്യൽ, തുടങ്ങിയ പ്രവൃത്തികൾ വർഗീയ ധ്രുവീകരണം ശക്തിപ്പെടുത്തുന്നു എന്നുമാത്രമല്ല; നമ്മുടെ നാനത്വത്തിൽ ഏകത്വമെന്ന തത്വത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുക കൂടിയാണ്‌. ശാസ്ത്രത്തെയും സാങ്കേതികജ്ഞാനത്തെയും ചരിത്രപാരമ്പര്യങ്ങളെയുമൊക്കെ പ്രതിലോമ ചിന്താഗതികളിൽ തളച്ചിടാൻ ഗവൺമെന്റുതന്നെ നേതൃത്വം നൽകുന്നു.
ഫ്ലാഗ്ഷിപ്പ്‌ പദവികൾ അവതാളത്തിൽ
1. സാമൂഹ്യസേവന മേഖലകളിലെ ചെലവ്‌ വെട്ടിക്കുറച്ച്‌ ധനക്കമ്മി കുറയ്ക്കുക എന്നത്‌ നരേന്ദ്രമോഡി ഗവൺമെന്റിന്റെ പ്രഖ്യാപിത നിലപാടാണ്‌. 2014-15 ലെ ബജറ്റിൽ വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ മാത്രം 25 ശതമാനം വിഹിതമാണ്‌ വെട്ടിക്കുറച്ചത്‌. ഈ രണ്ടുമേഖലകളും പൂർണമായും സ്വകാര്യവൽക്കരിക്കുവാനും വാണിജ്യവൽക്കരിക്കുവാനുമാണ്‌ ഗവൺമെന്റ്‌ പദ്ധതിയിടുന്നത്‌.
2. കഴിഞ്ഞ രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത്‌ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയിൽ വെളളം ചേർക്കാൻ തുടങ്ങിയിരുന്നുവെങ്കിലും അത്‌ പൂർണമായി നിർത്തലാക്കുവാനുളള നടപടിയാണ്‌ മോഡി ഗവൺമെന്റ്‌ സ്വീകരിച്ചുവരുന്നത്‌. കഴിഞ്ഞ സർക്കാരിന്റെ കാലത്ത്‌ ഇതിനായി നീക്കിവച്ചിരുന്ന ഫണ്ട്‌ പൂർണമായി ഉപയോഗിച്ചിരുന്നില്ല. ഇപ്പോൾ സംസ്ഥാനങ്ങൾക്ക്‌ നൽകേണ്ട ഈ ഇനത്തിലെ വിഹിതം വെട്ടിക്കുറച്ചിരിക്കുന്നു. ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയുടെ ഗുണഭോക്താക്കളായ ജനവിഭാഗങ്ങളെ സംഘടിപ്പിച്ചുകൊണ്ട്‌ എംജിഎൻആർഇഎ സംരക്ഷിക്കുന്നതിനുളള പ്രക്ഷോഭണം പാർട്ടി സംഘടിപ്പിക്കണം.
തെരഞ്ഞെടുപ്പ്‌ പരിഷ്കരണം
ലോക്സഭാ തെരഞ്ഞെടുപ്പിൽ 52 ശതമാനം സീറ്റുകൾ നേടിയ ബിജെപിക്ക്‌ കേവലം 31 ശതമാനം വോട്ടുകൾ മാത്രമാണ്‌ ലഭിച്ചത്‌. ഇത്‌ നിലവിലുളള തെരഞ്ഞെടുപ്പ്‌ പ്രക്രിയയുടെ അശാസ്ത്രീയതയെ വിളിച്ചറിയിക്കുന്നതാണ്‌. മാത്രവുമല്ല അഴിമതിക്ക്‌ വളം വയ്ക്കുന്നതാണ്‌ ഇപ്പോഴത്തെ തെരഞ്ഞെടുപ്പ്‌ സമ്പ്രദായം. ആയതിനാൽ സമഗ്രമായ ഒരു തെരഞ്ഞെടുപ്പ്‌ പരിഷ്കരണമാണ്‌ സിപിഐ ആവശ്യപ്പെടുന്നത്‌. ആനുപാതിക പ്രാതിനിധ്യ അടിസ്ഥാനത്തിലുളള തെരഞ്ഞെടുപ്പ്‌ വ്യവസ്ഥയായിരിക്കണം പകരം വയ്ക്കേണ്ടത്‌.
തെരഞ്ഞെടുപ്പ്‌ പരിഷ്ക്കരണം മുൻനിർത്തി ഇന്ദ്രജിത്ത്ഗുപ്ത കമ്മിറ്റിയുടേതടക്കം ഒന്നിലധികം റിപ്പോർട്ടുകൾ നിലവിലുണ്ട്‌. ഈ റിപ്പോർട്ടുകളെ ആസ്പദമാക്കി ആനുപാതിക പ്രാതിനിധ്യ സമ്പ്രദായത്തിലുളള ശാസ്ത്രീയ പരിഷ്ക്കരണം തെരഞ്ഞെടുപ്പ്‌ പ്രക്രിയയിൽ അനിവാര്യമാണ്‌. തെരഞ്ഞെടുപ്പിൽ ജാതി-മത-ശക്തികളുടെയും പണക്കൊഴുപ്പിന്റെയും കായികശേഷിയുടെയും പിൻബലത്തിലുളള തെരഞ്ഞെടുപ്പ്‌ രീതി ഇല്ലായ്മ ചെയ്യുന്നവിധിത്തിലായിരിക്കണം ഈ തെരഞ്ഞെടുപ്പ്‌ നവീകരണങ്ങൾ നടപ്പിലാക്കേണ്ടത്‌. അർഥവത്തായ തെരഞ്ഞെടുപ്പ്‌ പരിഷ്ക്കാരങ്ങൾക്കായുളള ജനകീയ പ്രക്ഷോഭ പ്രചരണ പ്രവർത്തനങ്ങൾ പാർട്ടി ഏറ്റെടുത്ത്‌ നടത്തേണ്ടതാണ്‌.
ജമ്മുകശ്മീർ
അതിലോലമായ അതിർത്തി സംസ്ഥാനമായ ജമ്മുകശ്മീർ ഇപ്പോഴും പ്രശ്നബാധിത പ്രദേശമായി തുടരുന്നു. ഇക്കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിനിടെ ഭീകരപ്രവർത്തനങ്ങളിൽ ഗണ്യമായ കുറവുണ്ടായെങ്കിലും വികസനരംഗത്തെ മുരടിപ്പും തൊഴിലില്ലായ്മയും പൊതുവേ യുവജനങ്ങളെ അസ്വസ്ഥരാക്കുന്നു. എഎഫ്പിഎസ്‌എ നിയമത്തിന്റെ മറവിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളും തുടർച്ചയായുളള സൈനികവിന്യാസവും മേഖലയെ സംഘർഷഭരിതമാക്കിക്കൊണ്ടിരിക്കുന്നു. ഘട്ടംഘട്ടമായി എഫ്പിഎസ്‌എ കരിനിയമം ജമ്മുകശ്മീരിൽനിന്നും മറ്റ്‌ വടക്കുകിഴക്ക്‌ സംസ്ഥാനങ്ങളിൽനിന്നും പിൻവലിക്കണം. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ 70 ശതമാനത്തോളം ജനങ്ങൾ തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചിട്ടുണ്ട്‌.
എന്നാൽ ഇത്‌ അടിസ്ഥാനപ്രശ്നങ്ങൾക്ക്‌ പരിഹാരമായിയെന്ന്‌ കരുതേണ്ടതില്ല. ജമ്മുകശ്മീർ പ്രശ്നം രമ്യമായി പരിഹരിക്കാൻ പാകിസ്ഥാനുമായി ചർച്ച നടത്തുന്നതിനോടൊപ്പംതന്നെ സംസ്ഥാനത്തിന്‌ അർഹമായ സ്വയംഭരണാധികാരവും, സംസ്ഥാനത്തിനകത്ത്‌ പ്രാദേശിക സ്വയംഭരണാവകാശവും ഉറപ്പുവരുത്തുവാൻ കേന്ദ്രസർക്കാർ നടപടികൾ സ്വീകരിക്കണം. സംസ്ഥാനത്തിന്‌ പ്രത്യേക സാമ്പത്തിക പാക്കേജുകൾ നടപ്പിലാക്കുകയും, ജനങ്ങളെയും രാഷ്ട്രീയശക്തികളെയും ഉൾപ്പെടുത്തിക്കൊണ്ട്‌ പ്രശ്നപരിഹാരത്തിനായി ആത്മാർഥമായ അനുരഞ്ജനശ്രമങ്ങൾ നടത്തിക്കൊണ്ട്‌ സ്ഥിരമായ പരിഹാരം തേടണം.
വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കലാപകലുഷിതം
1. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഇപ്പോഴും കലാപഭരിതമായി തുടരുകയാണ്‌. അസമിൽ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന വംശീയ വർഗീയകലാപങ്ങൾ, ദീർഘകാലമായി നിലനിൽക്കുന്ന സംഘർഷാവസ്ഥയ്ക്ക്‌ പരിഹാരം കാണുന്നതിനും നിയമവാഴ്ച സംരക്ഷിക്കുന്നതിലും സംസ്ഥാന ഗവൺമെന്റ്‌ പരാജയപ്പെട്ടിരിക്കുന്നുവെന്നതാണ്‌ കാണിക്കുന്നത്‌. കേന്ദ്രത്തിൽ വർഗീയശക്തികൾ അധികാരത്തിലേറിയത്‌, പ്രദേശത്തെ വർഗീയ വിഘടനശക്തികൾക്ക്‌ ഊർജ്ജം പകർന്നിരിക്കുകയാണ്‌. കഴിഞ്ഞ പത്ത്‌ മാസങ്ങൾക്കുളളിൽ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന വംശീയ വർഗീയസംഘർഷങ്ങളിൽ പൊലിഞ്ഞുവീണത്‌ നൂറുകണക്കിന്‌ ജീവനുകളാണ്‌. അയൽസംസ്ഥാനങ്ങളിൽനിന്നുളള നുഴഞ്ഞുകയറ്റവും, പണ്ടുകാലംമുതൽ കുടിയേറിപ്പാർത്തവർക്ക്‌ പൗരത്വം നൽകുന്ന വിഷയവും ഇപ്പോഴും തീപ്പൊരി പാറുന്ന പ്രശ്നങ്ങളായി നിലനിൽക്കുന്നു. സമാധാനവും വർഗീയ ഐക്യവും പ്രദാനം ചെയ്യുവാൻ ഈ പ്രശ്നങ്ങളുടെ എല്ലാമാനങ്ങളെയും കണക്കിലെടുത്തുകൊണ്ടുളള ക്രിയാത്മകമായ പ്രശ്നപരിഹാരം ഉണ്ടാകണം.
2. വിഘടനവാദികളുടെ വിധ്വംസക പ്രവർത്തനങ്ങളും അവരെ അടിച്ചമർത്തുന്ന പാരാമിലിട്ടറി സേനയുടെ പ്രവർത്തനങ്ങളുമാണ്‌ മണിപ്പൂരിനെ കലാപകലുഷിതമായ സംസ്ഥാനമായി നിലനിർത്തുന്നത്‌. അതിർത്തിയുടെ സമഗ്രത നിലനിർത്തുന്നതിലൂടെ മാത്രമേ ഗ്രേറ്റർ നാഗാലാൻഡ്‌ മുദ്രാവാക്യവും അതുയർത്തിക്കൊണ്ടുവരുന്ന പ്രക്ഷോഭവും പ്രതിരോധിക്കാനാകൂ.
3. സാമ്പത്തിക പാക്കേജുകളുടെ പ്രഖ്യാപനം ഒന്നുകിൽ കടലാസുകളിൽ മാത്രമൊതുങ്ങുന്നു. അല്ലെങ്കിൽ അത്‌ അഴിമതിക്കാരുടെ കൈകളിലെത്തുന്നു എന്ന അവസ്ഥ ഉളളതുകൊണ്ട്‌ ഈ മേഖലയുടെ വികസനം ഇപ്പോഴും സ്വപ്നമായിത്തുടരുന്നു
. 4. എഐപിഎസ്‌എ എന്ന കരിനിയമത്തിന്റെ മറവിൽ സൈന്യവും അർദ്ധസൈന്യവും മണിപ്പൂരിൽ നടത്തുന്ന കടുത്ത മനുഷ്യാവകാശലംഘനങ്ങൾ അവസാനിപ്പിക്കുകയും മണിപ്പൂരിൽനിന്നും മറ്റ്‌ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നും എഐപിഎസ്‌എ പിൻവലിക്കുകയും ക്രമേണ സേനകൾ ഇവിടെനിന്ന്‌ പിൻവാങ്ങുകയും വേണം.
5. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക്‌ പ്രത്യേക ശ്രദ്ധയും പരിഗണനയും നൽകിക്കൊണ്ട്‌ അവയുടെ സമഗ്രവികസനത്തിനുതകുന്ന പദ്ധതികളും ആസൂത്രണം ചെയ്യേണ്ടതുണ്ട്‌. പ്രദേശവാസികളുടെ തനത്‌ വംശീയ, സാംസ്കാരിക തനിമ നിലനിർത്തിക്കൊണ്ട്‌ സ്വത്വം സംരക്ഷിച്ചുകൊണ്ടുവേണം ഇത്തരം പദ്ധതികൾ വികസിപ്പിക്കേണ്ടത്‌.
ഇടതുപക്ഷം ഭരിച്ചിരുന്ന സംസ്ഥാനങ്ങൾ
ഇടതുപക്ഷം ഭരിച്ചിരുന്ന കേരളം, പശ്ചിമബംഗാൾ, ത്രിപുര എന്നീ മൂന്ന്‌ സംസ്ഥാനങ്ങളിൽ ത്രിപുരയിൽമാത്രമാണ്‌ തുടർച്ചയായി മൂന്നാംതവണയും അധികാരം നിലനിർത്താൻ കഴിഞ്ഞത്‌. ഉത്കൃഷ്ടമായ ഭരണംകൊണ്ടും ജനക്ഷേമപരമായ പരിപാടികൾ നടപ്പിലാക്കിയും ത്രിപുരയിലെ ജനങ്ങൾക്ക്‌ മാത്രമല്ല രാജ്യത്തെ ജനങ്ങൾക്കാകെ മാതൃകാപരമായ ഭരണമാണ്‌ ത്രിപുര ഗവൺമെന്റ്‌ കാഴ്ചവച്ചത്‌. കേരളത്തിൽ ഒന്നിടവിട്ട്‌ എൽഡിഎഫ്‌, യുഡിഎഫ്‌ എന്ന രീതിയിൽ അധികാരത്തിൽവരുന്ന റെക്കോഡ്‌ രീതിയെ ഭേദിക്കാൻ ഭൂരിപക്ഷത്തിന്റെ നേരിയ വ്യത്യാസത്തിൽ ഇടതുമുന്നണിക്ക്‌ കഴിഞ്ഞില്ല. എന്നാൽ നിരന്തരമായ ജനകീയപ്രശ്നങ്ങൾ ഏറ്റെടുത്തുകൊണ്ടും പ്രക്ഷോഭത്തിന്റെ മാർഗം സ്വീകരിച്ചുകൊണ്ടും ഒരു രാഷ്ട്രീയ ശക്തിയായിത്തന്നെ ഇടതുപക്ഷ ജനാധിപത്യമുന്നണി കേരളത്തിൽ മുന്നോട്ടുപോകുന്നു.
പശ്ചിമബംഗാളിലെ സാഹചര്യങ്ങൾ സംഭ്രമജനകമാണ്‌. മമതാബാനർജി നേതൃത്വം നൽകുന്ന തൃണമൂൽ കോൺഗ്രസ്‌ അധികാരത്തിലേറിയതോടെ ഇടതുപക്ഷത്തിനെതിരെ ഭീകരത അഴിച്ചുവിട്ടിരിക്കുകയാണ്‌. ഇടതുപക്ഷനേതാക്കൾക്കും അണികൾക്കുംനേരെയുളള ആക്രമണങ്ങൾ, പാർട്ടി ഓഫീസുകൾ കൈയേറി നശിപ്പിക്കൽ എന്നിങ്ങനെ തൃണമൂൽകോൺഗ്രസിന്റെയും ഗവൺമെന്റിന്റെയും നടപടികൾ സംസ്ഥാനത്തെ നിയമവാഴ്ചയെത്തന്നെ തകരാറിലാക്കിയിരിക്കുകയാണ്‌. ഗവൺമെന്റ്‌ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ ജനങ്ങൾ തീർത്തും നൈരാശ്യത്തിലാണ്‌. തൃണമൂൽകോൺഗ്രസിന്റെ നേതാക്കളും മന്ത്രിമാരും ഉൾപ്പെട്ട വൻഅഴിമതികളാണ്‌ ബംഗാളിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്‌. ജനങ്ങളാകെ അസംതൃപ്തരാണ്‌. ഈ ഭരണത്തിൽ ബംഗ്ലാദേശിലെ തീവ്രവാദഗ്രൂപ്പുകളുമായി തൃണമൂൽ കോൺഗ്രസ്‌ സഹകരിക്കുകയും യോജിച്ച്‌ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്ന കുറ്റപ്പെടുത്തലുകൾ ഉയർന്നുവരുന്നുമുണ്ട്‌. ഈ സാഹചര്യത്തെ യൊക്കെ ചൂഷണം ചെയ്തുകൊണ്ട്‌ ബിജെപിയും ഇതര സംഘപരിവാർ ശക്തികളും വർഗീയ ധ്രുവീകരണത്തിനുളള പ്രവർത്തനങ്ങൾ നടത്തുകയാണ്‌. ടിഎംസി ഗവൺമെന്റും ബിജെപിയും ഉയർത്തുന്ന രാഷ്ട്രീയവെല്ലുവിളികളെ ഏറ്റെടുത്തുകൊണ്ട്‌ ഇടതുപക്ഷ ശക്തികൾക്ക്‌ പഴയ കരുത്തും ശക്തിയും ആർജിച്ചുകൊണ്ട്‌ വീണ്ടും ശക്തിപ്രാപിച്ചുകൊണ്ട്‌ മുന്നോട്ടുപോകാൻ കഴിയണം.

2015, ഫെബ്രുവരി 24, ചൊവ്വാഴ്ച

സിപിഐ 22ആം പാർട്ടി കോൺഗ്രസ്‌ കരട്‌ രാഷ്ട്രീയ പ്രമേയം. - Part 1

1) ആമുഖം
1. രാജ്യം രാഷ്ട്രീയവും സാമ്പത്തികവുമായി വലതുപക്ഷ ദിശയിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുന്ന അതീവ ഗുരുതരമായ സന്ദർഭത്തിലാണ്‌ സിപിഐയുടെ 22-ാ‍ം പാർട്ടി കോൺഗ്രസ്‌ ചേരുന്നത്‌. ഇതാകട്ടെ മതേതരത്വത്തിനും പാർലമെന്ററി ജനാധിപത്യത്തിനും സാമ്പത്തിക പരമാധികാരത്തിനും ഭീഷണി ഉളവാക്കിയിരിക്കുകയാണ്‌.
2. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്ന ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ ഭരണത്തിൽ നരേന്ദ്രമോഡിയെ പ്രധാനമന്ത്രിയായി അവരോധിക്കുകയും ചെയ്തതോടെയാണ്‌ രാഷ്ട്രീയമായ ഈ വലതുപക്ഷ വ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. കോർപ്പറേറ്റ്‌ മൂലധനശക്തികൾ അവർക്കാകുന്ന എല്ലാ പരിശ്രമങ്ങളും നടത്തിയതിന്റെ ഫലമായിട്ടാണ്‌ ആർഎസ്‌എസിന്റെ സർവ പിന്തുണയും സ്വാധീനവുമുള്ള ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ ഗവൺമെന്റ്‌ അധികാരത്തിൽ വന്നത്‌. കോർപ്പറേറ്റ്‌വൽക്കരണ താൽപ്പര്യങ്ങളും തീവ്രമായ ഭൂരിപക്ഷ വർഗീയതയും ചേർന്ന വലതുപക്ഷ പ്രതിലോമ വർഗീയതയുടെ സമ്മിശ്ര പ്രത്യയശാസ്ത്രത്തെയാണ്‌ ഈ ഗവൺമെന്റ്‌ പ്രതിനിധാനം ചെയ്യുന്നത്‌.
3. നരേന്ദ്രമോഡി സർക്കാർ ആദ്യത്തെ 6 മാസക്കാലവും പൂർത്തിയാക്കിയതിനകംതന്നെ അതിന്റെ രാഷ്ട്രീയ സാമ്പത്തിക അജൻഡ അനാവരണം ചെയ്തിരിക്കുന്നു. വിലക്കയറ്റം തടയും, വിദേശബാങ്കുകളിൽ ഒഴുകിയെത്തിയ കള്ളപ്പണം പിടിച്ചെടുക്കും, സാമ്പത്തിക ദുരിതത്തിലുഴലുന്ന ജനങ്ങൾക്ക്‌ ആശ്വാസം നൽകും തുടങ്ങിയ എല്ലാ തെരഞ്ഞെടുപ്പ്‌ വാഗ്ദാനങ്ങളിൽ നിന്നും മലക്കംമറിഞ്ഞുകൊണ്ട്‌ നവലിബറൽ സാമ്പത്തിക നയങ്ങളിലെ അവശേഷിക്കുന്ന അജൻഡകൂടി നടപ്പിലാക്കിക്കൊണ്ട്‌ കോർപ്പറേറ്റുകൾക്ക്‌ പരമാവധി ഇളവ്‌ നൽകുകയാണ്‌ ചെയ്യുന്നത്‌. ഇന്ത്യൻ സമ്പദ്‌ വ്യവസ്ഥയെ വിദേശ മൂലധനശക്തികൾക്കായി തുറന്നിട്ടുകൊണ്ട്‌ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളെ ചവിട്ടിമെതിച്ചുകൊണ്ട്‌, പ്രത്യേകിച്ചും തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പാക്കുന്ന തൊഴിൽ നിയമങ്ങളിൽ ഭേദഗതിയുണ്ടായി. ഇതേസമയത്ത്‌ സംഘപരിവാറിന്റെ വിവിധ ഘടകങ്ങൾ വിഭാഗീയപ്രശ്നങ്ങൾ പ്രചരിപ്പിച്ചുകൊണ്ട്‌ അതിവേഗത്തിൽ രാജ്യത്തെ വർഗീയ ധ്രുവീകരണമെന്ന അതിന്റെ മുഖ്യരാഷ്ട്രീയലക്ഷ്യം നേടാൻ പരിശ്രമിക്കുന്നു.
4. രണ്ടാം യുപിഎ സർക്കാരിന്റെ 5 വർഷക്കാലം സാധാരണ മനസുകൾക്ക്‌ കണക്കുകൂട്ടാൻ കഴിയാത്തത്ര വൻതുകകളുടെ അഴിമതിയുടെയും വെട്ടിപ്പുകളുടെയും കാലമായിരുന്നു. രാജ്യത്തിന്റെ പൊതുസ്വത്തായ പ്രകൃതിവിഭവങ്ങളെ കോർപ്പറേറ്റ്‌ കൊള്ളക്കാർക്ക്‌ കൊള്ളചെയ്യാൻ അവസരമൊരുക്കുവാൻ വേണ്ടി ഭരണകക്ഷി നേതാക്കൾ ഒരുക്കിയ അഴിമതികളായിരുന്നു ഇവയെല്ലാം. ടു ജി സ്പെക്ട്രം, കൽക്കരിപ്പാടം, ഗ്യാസ്‌, ആദർശ്ശ്‌ കോളനി, കോമൺവെൽത്ത്‌ ഗെയിംസ്‌ തുടങ്ങി രാജ്യത്തേയും ജനങ്ങളേയും നടുക്കിയ അഴിമതികളായിരുന്നു. പ്രത്യേകിച്ചും രാഷ്ട്രീയത്തിൽനിന്നെല്ലാം ഒഴിഞ്ഞുനിന്നിരുന്ന പുത്തൻ തലമുറ അഴിമതിവിരുദ്ധ മുദ്രാവാക്യമുയർത്തിക്കൊണ്ട്‌ തെരുവിലിറങ്ങുകയായിരുന്നു.
5. അഴിമതി, അതോടൊപ്പം അവശ്യസാധനങ്ങളുടെ വിലനിയന്ത്രിക്കുന്നതിലുള്ള പരാജയം, സ്ത്രീകൾക്കുനേരെ വർധിച്ച അതിക്രമം, ദളിത്‌ ദുർബല ജനവിഭാഗങ്ങൾക്കുനേരെയുള്ള അതിക്രമങ്ങൾ, കോർപ്പറേറ്റുകൾക്ക്‌ വ്യവസായ ആവശ്യങ്ങൾക്കായി റിയൽ എസ്റ്റേറ്റ്‌ മാഫിയകളുടെ ഒത്താശയോടെ ഭ്രാന്തമായി നടപ്പിലാക്കിയ കർഷകരുടെ കൃഷിഭൂമി ഏറ്റെടുക്കൽ, വർധിച്ചുവരുന്ന തൊഴിലില്ലായ്മ, വിദ്യാഭ്യാസ പൊതുജനാരോഗ്യത്തിന്റെ കച്ചവടതാൽപ്പര്യം, ഔട്ട്സോഴ്സിങ്‌, തൊഴിൽ മേഖലയിലെ കരാർ കാഷ്വൽ അടിസ്ഥാനത്തിൽ പണിയെടുക്കൽ തുടങ്ങിയ നയങ്ങൾ ജനങ്ങളുടെ ദുരിതങ്ങൾ എരിതീയിൽ എണ്ണയൊഴിക്കുന്നതിന്റെ ആഗോളവൽക്കരണത്തിന്റെ കനത്ത പ്രത്യാഘാതങ്ങളിൽ ഉഴലുന്ന ജനങ്ങളുടെ കഷ്ടപ്പാടുകൾ വർധിപ്പിച്ചു. അന്താരാഷ്ട്ര മൂലധന ശക്തികൾ ഐഎംഎഫും ലോക ബാങ്ക്‌ മുഖാന്തിരവും നടപ്പിലാക്കിയ നവഉദാരവൽക്കരണ നയങ്ങൾ ജനങ്ങൾക്ക്‌ താങ്ങാവുന്നതിനപ്പുറമായിരുന്നു.
6. ഇത്തരം പ്രശ്നങ്ങളെ പൂർണമായും മുതലെടുക്കാൻ ബിജെപിക്ക്‌ കഴിഞ്ഞു. കോർപ്പറേറ്റ്‌ പിടിയിൽ അകപ്പെട്ട ദൃശ്യ-അച്ചടി മാധ്യമങ്ങൾ ഇക്കാര്യത്തിൽ കാര്യമായി ബിജെപിയെ സഹായിച്ചു. വികസനം മുഖ്യ അജൻഡയായി ഉയർത്തിക്കാട്ടിക്കൊണ്ട്‌ സംഘപരിവാർ അതിന്റെ എല്ലാ ശക്തികളെയും പൂർണമായി അണിനിരത്തിക്കൊണ്ട്‌ വോട്ടർമാരിൽ വർഗീയ ധ്രൂവീകരണം നടത്തി. കോർപ്പറേറ്റുകളും മാധ്യമങ്ങളും പ്രത്യേകിച്ച്‌ സോഷ്യൽ മീഡിയകളും പ്രധാന സാമൂഹ്യ-രാഷ്ട്രീയ പ്രശ്നങ്ങളെ നിസാരവൽക്കരിച്ചുകൊണ്ട്‌ ജനങ്ങളുടെ യഥാർഥ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവന്ന ഇടതുപക്ഷ ശക്തികളെ ഒറ്റപ്പെടുത്താനും പാർശ്വവൽക്കരിക്കാനും കഴിഞ്ഞു. ഇതിനായി ജാതിക്കാർഡുകളും ഇറക്കി.
7. കോർപ്പറേറ്റുകളുടെയും സംഘപരിവാറിന്റെയും സംയുക്ത പോരാട്ടത്തിന്റെ ഫലമായി ബിജെപി വിജയം കാണുകയും ഏകാധിപത്യ പ്രവണതകളുള്ള നരേന്ദ്രമോഡി പ്രധാനമന്ത്രി ആവുകയും ചെയ്തു. അങ്ങനെ രാജ്യം ഗുരുതരമായ ഭീഷണിയുടെ നിഴലിലാണ്‌. ഇടതുപക്ഷ ജനാധിപത്യ ശക്തികൾ ഈ വെല്ലുവിളികൾ ഏറ്റെടുക്കേണ്ടസ്ഥിതി സംജാതമായിരിക്കുന്നു. രാജ്യത്തിന്റെ മതേതര ജനാധിപത്യ സ്വാഭാവത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും ഗുരുതരമായ ഭീഷണിയാണ്‌ ഇന്ന്‌.
8. രാജ്യത്തെ ജനങ്ങളെ ദുരിതത്തിൽ നിന്ന്‌ മോചിപ്പിക്കുന്നതിന്‌ പര്യാപ്തമായ, മൂർത്തമായ ബദൽ പരിപാടികളുമായി സ്വാശ്രയത്തിൽ അധിഷ്ഠിതമായ സാമ്പത്തിക വികസനത്തിലേക്ക്‌ രാജ്യത്തെ നയിക്കാനുള്ള അവസരമാണ്‌ തുറന്നുകിട്ടിയിരിക്കുന്നത്‌. അതുപോലെ രാജ്യത്തിന്റെ മതേതര ജനാധിപത്യ ഇഴകളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തമുള്ള ഈ കടമ നിർവഹിക്കാനുള്ള മുഖ്യപങ്ക്‌ വഹിക്കാൻ കഴിയുന്ന ഇടതുപക്ഷം മറ്റ്‌ ജനാധിപത്യ-മതേതര ശക്തികളെ യോജിപ്പിച്ച്‌ നിർത്തേണ്ടതും ശക്തിപ്പെടുത്തേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണ്‌.
9. രാജ്യത്തെ സാമ്പത്തിക രാഷ്ട്രീയരംഗത്തെ വലതുപക്ഷത്തേക്കുള്ള ഈ ദിശാമാറ്റം ഒറ്റപ്പെട്ടതല്ല. മറിച്ച്‌ 2008 ൽ ആരംഭിച്ച്‌ കൂടുതൽ കൂടുതൽ ആഴത്തിലേക്ക്‌ പോയ്ക്കൊണ്ടിരിക്കുന്ന, വൻ സാമ്പത്തിക മാന്ദ്യം വരുത്തിവച്ച ലോക സാമ്പത്തിക പ്രതിസന്ധിയുടെ പ്രത്യാഘാതത്തിന്റെ ഫലമായിട്ടുള്ളതാണ്‌. പല രാജ്യങ്ങളിലുണ്ടായിരിക്കുന്ന വലതുപക്ഷവൽക്കരണവും നവ ഉദാരവൽക്കരണ പ്രക്രിയയുടെ ഉപോൽപ്പന്നങ്ങളായ അഴിമതി തുടങ്ങിയ പ്രതിഭാസങ്ങളെ എതിർക്കാനെന്നപേരിൽ ഉദയംകൊള്ളുന്ന രാഷ്ട്രീയ പാർട്ടികളും യഥാർഥ പ്രശ്നങ്ങളിൽ നിന്ന്‌ ശ്രദ്ധതിരിക്കാനും ഇടതുപക്ഷ പ്രസ്ഥാനങ്ങളെ ഒറ്റപ്പെടുത്താനുമാണ്‌ ലോകത്തൊട്ടാകെ വഴിവയ്ക്കുന്നത്‌.
10. ന്യൂലിബറലിസത്തിനെതിരെയുള്ള പോരാട്ടം ലോകത്തെമ്പാടും ശക്തിപ്പെട്ടുവരികയാണ്‌. നവ ഉദാരവൽക്കരണ നയങ്ങളുടെ സൈദ്ധാന്തികന്മാരും പ്രചാരകന്മാരും ഇന്ന്‌ അവസാനിക്കും നാളെ അവസാനിക്കും എന്ന്‌ ആവർത്തിച്ചുപറയുന്നുണ്ടെങ്കിലും പ്രതിസന്ധി അവസാനിക്കുന്നില്ല. അതൊരു അനിശ്ചിതാവസ്ഥയിൽ കൊണ്ടുചെന്നെത്തിച്ചിരിക്കുകയുമാണ്‌. മുതലാളിത്തത്തിന്റെ ചാക്രികമായ പ്രതിസന്ധിയല്ല മറിച്ച്‌ ഫിനാൻസ്‌ മൂലധനത്തിന്റെ ആഴമേറിയതും സാധാരണഗതിയിൽ പരിഹരിക്കാൻ കഴിയാത്ത പ്രതിസന്ധിയാണ്‌. ഇതിന്റെ ഭാരം വികസ്വരരാജ്യങ്ങളുടെ മേൽ കെട്ടിവയ്ക്കാൻ വികസിത രാജ്യങ്ങൾ, പ്രത്യേകിച്ചും അമേരിക്ക രാഷ്ട്രീയമായും സാമ്പത്തികമായും ആഗോള ഫൈനാൻസ്മൂലധനത്തിന്റെ മേധാവിത്വത്തിനും അധീശത്വത്തിനായും കിടഞ്ഞുപരിശ്രമിക്കുകയാണ്‌. ലാറ്റിനമേരിക്കൻ രാജ്യങ്ങൾ, ഐഎംഎഫിന്റെയും ലോകബാങ്കിന്റെയും നീരാളിപ്പിടിത്തത്തിൽ നിന്നും മോചിതമാകുന്നതിന്റെ തെളിവാർന്ന ഉദാഹരണങ്ങൾ. എൻഐഎൻഎ (ക്യാപ്പിറ്റലിസം ഈസ്‌ നോട്ട്‌ ആൽട്ടർനേറ്റീവ്‌) മുതലാളിത്തം ഒരു ബദലാവില്ലെന്ന മുദ്രാവാക്യം ലോകത്തിന്റെ വിവിധഭാഗങ്ങളിലെ ചക്രവാളങ്ങളിൽ മുഴങ്ങിക്കേൾക്കുന്നു. പിടിച്ചെടുക്കൽ പ്രസ്ഥാനങ്ങൾ (ഒക്യുപ്പൈ മൂവ്മെന്റ്‌) ഞങ്ങൾ 99 ശതമാനം ഇങ്ങനെ തുടങ്ങിയുള്ള ലോകത്തെ പല ഭാഗങ്ങളിലുമുള്ള പ്രസ്ഥാനങ്ങൾ പ്രതീക്ഷയ്ക്കും ആശയ്ക്കും വകനൽകുന്നു. സോഷ്യലിസം തന്നെയാണ്‌ ബദൽ എന്ന ആശയം അന്തിമമായി എത്തിച്ചേരും.
2) ആഗോളപ്രതിസന്ധിയും രാഷ്ട്രീയ സംഭവവികാസങ്ങളും
ലോകത്താകെ രാഷ്ട്രീയവും സാമ്പത്തികവുമായ അധീശത്വം പുലർത്താൻ ആഗോള സാമ്രാജ്യത്വ ഫിനാൻസ്‌ മൂലധനം നടത്തുന്ന ശ്രമങ്ങളുടെ ഫലമായിട്ടുണ്ടായ ഘടനാപരമായ പ്രതിസന്ധിയാണ്‌ 2008 ൽ തുടങ്ങിയ തകർച്ചയ്ക്ക്‌ കാരണമായതെന്ന്‌ സമ്മതിക്കാൻ നവഉദാരീകരണത്തിന്റെ നയവിശാരദന്മാർ ഒരിക്കലും സമ്മതിക്കാൻ കൂട്ടാക്കാറില്ല. അവർ ഇതിനെ ആദ്യം മുരടിപ്പെന്നും പിന്നീടത്‌ മൂർച്ഛിച്ചപ്പോൾ ഇരട്ടി-മൂന്നിരട്ടി മുരടിപ്പെന്നും വിളിച്ചു. ഇപ്പോൾ അത്‌ മഹാമുരടിപ്പ്‌ എന്ന്‌ നാമകരണം ചെയ്യപ്പെട്ടു. തങ്ങളുടെ സൈനിക വ്യവസായ ശൃംഖലയെ പുനർജീവിപ്പിച്ചുകൊണ്ടും കർശനമായ സാമ്പത്തിക വ്യവസ്ഥകൾ അടിച്ചേൽപ്പിച്ച്‌ തങ്ങളുടെ പ്രതിസന്ധിയുടെ ഭാരം മറ്റുരാജ്യങ്ങളുടെമേൽ കെട്ടിയേൽപ്പിച്ചതിന്റെ ഫലമായും അമേരിക്ക സാമ്പത്തിക മാന്ദ്യത്തിൽ നിന്നും കുറച്ചെങ്കിലും മോചിതമായതിന്റെ ലക്ഷണങ്ങൾ കാണാൻതുടങ്ങിയിട്ടുണ്ട്‌. ഇത്തരത്തിലുള്ള യു എസ്‌ നടപടികൾ ലോകത്തെ മറ്റ്‌ രാജ്യങ്ങളുടെ സാമ്പത്തിക തടസങ്ങളെ ഇരട്ടിപ്പിക്കുകയാണ്‌.
1. യൂറോപ്യൻ യൂണിയൻ അടക്കമുള്ള മറ്റ്‌ വികസിതരാജ്യങ്ങൾ ഇപ്പോൾ അഗാധമായ കുഴപ്പത്തിലും സാമ്പത്തിക സ്ഥിതി ആപത്ക്കരമാവിധം അനിശ്ചിതാവസ്ഥയിലും എത്തിനിൽക്കുകയാണ്‌.
2. സോവിയറ്റ്‌ യൂണിയൻ ശൈഥില്യത്തിന്റെയും മറ്റ്‌ സോഷ്യലിസ്റ്റ്‌ കിഴക്കൻ രാജ്യങ്ങളുടെയും തകർച്ചയുടെയും പശ്ചാത്തലത്തിൽ ചരിത്രം എന്നന്നേക്കുമായി അവസാനിച്ചു (വർഗ്ഗസമരം അവസാനിക്കുന്നു) എന്നും ഇനിയുള്ള കാലം മുതലാളിത്തത്തിന്റേതായ വികസനപാതയെന്നും അവർ പ്രഖ്യാപിച്ചു. ആഗോളവൽക്കരണ-സ്വകാര്യവൽക്കരണ-ഉദാരവൽക്കരണനയങ്ങളുടെ തത്വശാസ്ത്രങ്ങൾ വിളംബരം ചെയ്യപ്പെട്ടു. ലോകത്തിന്റെ ഏത്‌ ഭാഗങ്ങളിൽ നിന്നും പ്രകൃതിവിഭവങ്ങൾ കൊള്ളചെയ്യാനുള്ള ലൈസൻസായി പരമാവധി ലാഭം കൊയ്യാനുമുള്ള സ്വാതന്ത്ര്യത്തെയാണ്‌ ഈ മന്ത്രംകൊണ്ട്‌ അവർ അർഥമാക്കുന്നത്‌. ധനമൂലധനത്തിന്‌ ഒരു ദേശീയ സ്വഭാവമില്ല, വ്യാവസായിക വളർച്ചയിൽ താൽപ്പര്യമില്ല. അതിന്റെ പ്രവൃത്തികളെല്ലാംതന്നെ നിന്ദ്യവും മനുഷ്യത്വരഹിതവുമാണ്‌. യുദ്ധങ്ങൾ അഴിച്ചുവിട്ടും കൊലപാതകങ്ങൾ നടത്തിയും ആഭ്യന്തര യുദ്ധങ്ങൾ വംശീയ-വിഭാഗീയ സംഘട്ടനങ്ങൾക്ക്‌ വഴിയൊരുക്കിക്കൊണ്ടും വലതുപക്ഷ പ്രതിലോമകാരികളെയും ഏകാധിപതികളെയും നിർലോഭം പ്രോത്സാഹിപ്പിച്ചു കൊണ്ടും മറ്റ്‌ രാജ്യങ്ങളെ ശിഥിലീകരിക്കാൻ നടത്തുന്ന ഹീനമായ സാമ്രാജ്യത്വ നടപടികൾക്ക്‌ നാം എത്രയോ സാക്ഷ്യം വഹിച്ചിട്ടുള്ളതാണ്‌.
3. അമേരിക്കയിലേയും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ സമ്പദ്ഘടനയിലും സാമ്പത്തികസ്ഥിതിയിലും മഹാമാന്ദ്യം അനിവാര്യമാക്കിത്തീർത്തതിന്‌ കാരണം അവർ വായ്പ നൽകുന്നതിനേയും കടമെടുക്കുന്നതിനേയും പ്രോത്സാഹിപ്പിച്ചതിന്റെ ഫലമായിട്ടാണ്‌. പലിശയ്ക്കുമീതെ പലിശയും കൂട്ടുപലിശയ്ക്ക്‌ കടം വാങ്ങി വരുമാനത്തേക്കാളധികം ചെലവഴിച്ച്‌ കടക്കെണിയിലകപ്പെട്ടത്‌ കുടുംബങ്ങൾ മാത്രമായിരുന്നില്ല. രാജ്യങ്ങളും ഈ മാർഗത്തിലൂടെ യാത്രചെയ്ത്‌ ഋണബാധ്യതയുടെ ദുരന്തത്തിൽ അകപ്പെടുകയായിരുന്നു. ഇതിന്റെ പരിണിതഫലമാകട്ടെ, ഒന്നംഘട്ടത്തിൽ ബാങ്കുകളുടെയും ഇതരസാമ്പത്തിക സ്ഥാപനങ്ങളുടെ തകർച്ചയും രണ്ടാമതായി ഗവൺമെന്റിന്റെ പ്രതിസന്ധിയുമാണ്‌ വരുത്തിത്തീർത്തത്‌. ബാങ്കുകളെയും കോർപ്പറേറ്റ്‌ മേഖലയേയും തകർച്ചയിൽ നിന്ന്‌ രക്ഷിക്കാനായി പ്രഖ്യാപിച്ച ഉത്തേജക പാക്കേജുകൾപ്രകാരം കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയുണ്ടായി. പെൻഷൻ, വേതനം വെട്ടിച്ചുരുക്കൽ, സാമൂഹ്യസേവന സുരക്ഷാമേഖലകളിലെ ചെലവുകൾ ഗണ്യമായി വെട്ടിക്കുറയ്ക്കുക എന്നീ നടപടികളൊന്നും ഒരു ഫലവുമുണ്ടാക്കിയില്ല. ശമ്പളത്തിലേയും പെൻഷനിലേയും കുറവും തൊഴിലില്ലായ്മയും ജനജീവിതത്തിന്റെ ദുരിതങ്ങൾ വർധിപ്പിക്കാനേ ഉപകരിച്ചുള്ളു.
4. ഇന്ന്‌ ലോകത്തിലെ ഏറ്റവും വലിയ ഋണബാധ്യതയുള്ള രാജ്യം അമേരിക്കയാണ്‌. അവിടത്തെ ട്രഷറി ബോണ്ടുകൾ വികസ്വരരാജ്യങ്ങൾ തടഞ്ഞുവച്ചിരിക്കുകയാണ്‌. 1270 മില്യൺ ഡോളറാണ്‌ ചൈനക്ക്‌ അമേരിക്ക കടമായി നൽകാനുള്ളത്‌. അതാകട്ടെ യുഎസിന്റെ മൊത്തം കടത്തിന്റെ നാലിലൊരു ഭാഗം വരും. ഇതുമൂലം അമേരിക്കൻ സമ്പദ്ഘടന വൻകുഴപ്പത്തിൽ അകപ്പെട്ടിരിക്കുകയാണ്‌. അമേരിക്കയുടെ വായ്പാപരിധി വർധിപ്പിക്കാൻ ഇരുസഭകളും അനുവദിക്കാത്തതുകാരണം ഭരണം പോലും സ്തംഭിക്കുന്ന അവസ്ഥാവിശേഷമുണ്ടായി. 2014 ഡിസംബറിൽ സംഭവിച്ചതാണ്‌. സൈനിക-വ്യാവസായിക ശൃംഖലകൾ പുനരുജീവിപ്പിക്കാനും അവരുടെ പഴഞ്ചൻ ന്യൂക്ലിയർ റിയാക്ടറുകൾ വിൽപ്പന നടത്തിക്കൊണ്ട്‌ സമ്പദ്ഘടനയെ ഉത്തേജിപ്പിക്കാനുള്ള ബദൽ മാർഗം നേടുകയാണ്‌ അമേരിക്ക ഇപ്പോൾ.
5. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ അധികവും അഗാധമായ പ്രതിസന്ധിയെ നേരിടുകയാണ്‌. യൂറോപ്യൻ യൂണിയന്റെ പൊതു കറൻസിയായ യൂറോവിന്‌ നിരന്തരമായി ഉണ്ടാക്കൊണ്ടിരിക്കന്ന വിലയിടിവും ഉണ്ടായിക്കൊണ്ടിരക്കുന്നു. അവ ചൈനയിൽ നിന്നും റഷ്യയിൽ നിന്നുമുള്ള ആവശ്യങ്ങൾക്കനുസരിച്ച്‌ വഴിമുട്ടിനിൽക്കുകയാണ്‌. യൂറോക്ക്‌ ഡോളറിനെക്കാളും റെക്കാഡ്‌ മൂല്യത്തകർച്ചയുമാണ്‌ ദിനംപ്രതി ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌. പിരിച്ചുവിടൽ എല്ലാദിവസങ്ങളിലെയും പതിവ്‌ സംഭവമായി മാറിയിരിക്കുന്നു. യൂറോപ്യൻ രാജ്യങ്ങളിലെ തൊഴിലില്ലായ്മതോത്‌ 20 ശതമാനത്തിൽ എത്തിനിൽക്കുന്നു. അതുപോലെ ഒട്ടുമിക്ക രാജ്യങ്ങളും വൻതോതിലുള്ള കടക്കെണിയിൽ അകപ്പെട്ടിരിക്കുകയാണ്‌. വർഷംതോറും സാമൂഹ്യ ക്ഷേമമേഖലയിലെ ഗവൺമെന്റ്‌ ചെലവ്‌ ഗണ്യമായി വെട്ടിച്ചുരുക്കിക്കൊണ്ടിരിക്കുന്നു. മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ 60 ശതമാനത്തോളമായിരിക്കുന്നു പൊതുകടം. ബ്രിട്ടൻ ഉൾപ്പെടെയുള്ള യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ വ്യാപകമായ കൂട്ടത്തോടെയുള്ള പിരിച്ചുവിടൽ നടക്കുന്നുവെന്ന്‌ മാത്രമല്ല വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും മറ്റ്‌ ഇതര സ്ഥാപനങ്ങളിലേക്കുമുള്ള റിക്രൂട്ട്മെന്റുകൾ നിർത്തിവച്ചിരിക്കുന്നു. യൂറോപ്യൻ യൂണിയൻ ബാങ്കിന്റെയും മറ്റ്‌ ഇതര സാമ്പത്തിക സ്ഥാപനങ്ങളിലെയും ഉത്തേജക പാക്കേജിൽ കൂടുതൽ കർക്കശമായ സാമ്പത്തിക നിയന്ത്രണങ്ങൾ നിഷ്ക്കർഷിക്കുന്നുണ്ട്‌.
6. വികസിത രാജ്യങ്ങളിലെ പ്രതിസന്ധിയുടെ ആഴം സാധാരണനിലയിൽ പരിഹരിക്കാൻ കഴിയാത്തവിധത്തിൽ മുന്നോട്ടുപോവുകയാണ്‌. ധനമൂലധനം അതിന്റെ കടുത്ത ആഘാതമായ പ്രതിസന്ധിയെ വികസ്വരരാജ്യങ്ങളുടെ തോളിൽ കയറ്റിവയ്ക്കാനുള്ള രാഷ്ട്രീയ-സാമ്പത്തിക നടപടികൾ കൈക്കൊള്ളുന്നു. സൈനിക ഇടപെടൽ മുഖാന്തരവും സാമ്പത്തിക ഉപരോധവുമൊക്കെ ഐക്യരാഷ്ട്രസഭയേയും സെക്യൂരിറ്റി കൗൺസിലിനേയും മറികടന്നുകൊണ്ട്‌ അവർ ഇത്തരം നടപടികൾ ചെയ്യുകയാണ്‌.
7. വളരെ വ്യക്തമായ വലതുപക്ഷ വ്യതിയാനമാണ്‌ ഈ ബഹുഭൂരിപക്ഷം യൂറോപ്യൻ യൂണിയനിലെ അംഗരാജ്യങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. അവിടങ്ങളിലെല്ലാം വലതുപക്ഷ ശക്തികൾ ഇന്ന്‌ അധികാരത്തിൽ കയറിക്കഴിഞ്ഞു. ഈ രാജ്യങ്ങളിലെ പുതിയ വലതുപക്ഷ ക്ലിക്കുകളാകട്ടെ നവ ഉദാരവൽക്കരണത്തിനെതിരെ ഉയരുന്ന പ്രക്ഷോഭങ്ങളെ അടിച്ചമർത്തുകയാണ്‌. അഗാധമായ പ്രതിസന്ധിയിൽ ഉഴലുന്ന രാജ്യങ്ങളിൽ ഫാസിസവും വർണവെറിയും തലപൊക്കുന്നുണ്ട്‌. യൂറോപ്യൻ യൂണിയനിലെ ബഹുഭൂരിപക്ഷം രാജ്യങ്ങളും വംശീയ-വർണവെറിയൻ മുദ്രാവാക്യം ഉയർത്തിക്കൊണ്ട്‌ കുടിയേറ്റക്കാരോടും മറ്റ്‌ രാജ്യങ്ങളിൽ നിന്നും വന്നവർക്കെതിരെയും വിദ്വേഷത്തിന്റെ രാഷ്ട്രീയം പ്രയോഗിച്ച്‌ അവരുടെ ലക്ഷ്യം നിറവേറ്റാൻ ശ്രമിക്കുന്നു.
8. പ്രകൃതിവിഭവങ്ങളുടെ മേൽ അധികാരവകാശങ്ങൾ സ്ഥാപിക്കുന്നത്‌ നിലനിർത്തുന്നതിനായി അമേരിക്കയും സഖ്യശക്തികളും പട്ടാള ഇടപെടലുകൾ നടത്തി മേഖലാസംഘർഷങ്ങൾ സൃഷ്ടിച്ചും രാജ്യങ്ങളിൽ വിധ്വംസക വിഘടനശക്തികൾക്ക്‌ ആഭ്യന്തര കുഴപ്പങ്ങൾ സൃഷ്ടിക്കുന്നതിനുള്ള അവസരമൊരുക്കിക്കൊണ്ടും അയൽരാജ്യങ്ങൾ തമ്മിലുള്ള സ്പർധ വർധിപ്പിക്കുന്നതിനുള്ള വെടിമരുന്നുകൾ ഇട്ടും തങ്ങളുടെ ഗൂഢലക്ഷ്യം നിറവേറ്റുന്നു. ഈ കാലയളവിൽ ഉദയംചെയ്ത അറബ്‌വസന്തം അതിന്റെ ലക്ഷ്യം കാണാതെ അലസിപ്പോവുകയായിരുന്നു.
9. ടുണീഷ്യയിൽ ആരംഭിച്ച ജനകീയ പോരാട്ടം മധ്യപൂർവേഷ്യൻ രാജ്യങ്ങളിലും വടക്കൻ ആഫ്രിക്കയിലും അതിവേഗം കത്തിപ്പടരുകയായിരുന്നു. സാമ്രാജ്യത്വ ഇടപെടലുകൾ മൂലം അതിനെയും നിഷ്ഫലമാക്കി. ടുണീഷ്യ കുറച്ചൊരിടക്കാലത്തേക്ക്‌ ഇസ്ലാമിക ഭരണത്തിൻ കീഴിലായെങ്കിലും രാജ്യം ഇടതുമതേതര ജനാധിപത്യശക്തികൾക്ക്‌ വോട്ട്‌ ചെയ്യുകയും അവരെ അധികാരത്തിലേറ്റുകയും ഉണ്ടായി. എന്നാൽ ടുണീഷ്യയിലെ ഈ ജനകീയ മുന്നേറ്റത്തെ അട്ടിമറിച്ചുകൊണ്ട്‌ ഈ മേഖലയാകെ പ്രക്ഷുബ്ദ്ധമാക്കുകയാണ്‌ സാമ്രാജ്യത്വശക്തികൾ ചെയ്തത്‌.
10. ഈജിപ്തിൽ മുസ്ലിം ബ്രദർഹുഡ്‌ പാർട്ടി തിടുക്കത്തിൽ അവരുടെ പ്രതിലോമ നയങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചതിന്റെ ഫലമായി സാമ്രാജ്യത്വശക്തികൾ അവിടെ രൂപംകൊണ്ട ജനകീയ പ്രസ്ഥാനത്തെ ശിഥിലമാക്കുന്നതിൽ വിജയിക്കുകയും ഏകാധിപതിയായ ഹോസ്നി മുബാറക്കിന്റെ അനുകൂലികളും അനുയായികളും അധികാരം കൈക്കലാക്കുകയും ചെയ്തിരിക്കുന്നു.
11. സിറിയയിലും ഇറാഖിലും നേരിട്ടും അല്ലാതെയുമുളള സാമ്രാജ്യത്വ ഇടപെടൽമൂലം ഇരുരാജ്യങ്ങളും ആഭ്യന്തരകലാപത്തിന്റെ ഭീതിജനകമായ അന്തരീക്ഷത്തിലാണ്‌. അൽഖ്വയ്ദയെപ്പോലെ ഐഎസ്‌ഐഎസിനെയും പ്രാരംഭദശയിൽ സാമ്രാജ്യത്വത്തിന്റെ വളർത്തുസന്തതികളായി വളർത്തിക്കൊണ്ടുവന്നത്‌ അമേരിക്കൻ ഇന്റലിജൻസ്‌ ഏജൻസികളാണ്‌. അതിന്ന്‌ ഒരു സംഹാരരൂപിയായി വളർന്നുപന്തലിച്ച്‌ രാക്ഷസരൂപം പ്രാപിച്ചിരിക്കുന്നു. സിറിയയിലെയും ഇറാഖിലെയും ചില പ്രദേശങ്ങൾ ഇതിനകം അവരുടെ അധീനതയിലായി. അമേരിക്കൻ സാമ്രാജ്യത്വത്തിനുവേണ്ടി വിടുപണിചെയ്യുന്ന സൗദി അറേബ്യയും ഖത്തറും സാമ്പത്തികസഹായം നൽകിയാണ്‌ ഈ ഭീകരസംഘടനയെ വളർത്തിയത്‌. എന്നാലിപ്പോൾ അവരുടെ വളർത്തു സന്തതികൾതന്നെ അവരുടെ അന്തകരും ഭീഷണിയുമായി മാറിക്കഴിഞ്ഞു.
12. ബഹറിനിലെ മർദ്ദകഭരണകൂടത്തിനെതിരെയുളള ജനങ്ങളുടെ കലാപം തകർക്കാനും വിപ്ലവം വ്യാപിക്കുന്നത്‌ തടയാനും ലിബിയയിലും യെമനിലും ആഭ്യന്തരകലാപം മൂർച്ഛിപ്പിക്കാനും അമേരിക്ക ഈ രാജ്യങ്ങളിലെ മതമൗലികവാദികൾക്കും വ്യത്യസ്ത വംശീയ ഗ്രൂപ്പുകൾക്കും ജനാധിപത്യ സമരങ്ങളെ പിന്തുണക്കാനെന്നപേരിൽ എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നു.
13. ആഫ്രിക്കൻ ഭൂഖണ്ഡങ്ങളിലെ നിരവധി രാജ്യങ്ങൾ വംശീയ-ജാതീയ ദേശഭ്രാന്തൻമതമൗലികവാദികളുടെയും വിധ്വംസക പ്രവർത്തനങ്ങളെ അഭിമുഖീകരിക്കുന്നു. നൈജീരിയാണ്‌ ഇക്കാര്യത്തിൽ ഏറ്റവും മോശപ്പെട്ട സ്ഥിതിയിൽനിൽക്കുന്ന രാജ്യം.
14. ഉക്രൈനിൽ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ പുറത്താക്കി സ്വന്തം പാവ ഭരണാധികാരിയെ വാഴിക്കാൻ നടത്തിയ സാമ്രാജ്യാധിപതികളുടെ കുത്സിതശ്രമങ്ങളോടെ ആരംഭിച്ച കുഴപ്പം മൂർച്ഛിച്ചുകൊണ്ടേയിരിക്കുന്നു. തങ്ങൾക്ക്‌ ഇഷ്ടമുളള ഒരു ഗവൺമെന്റ്‌ എന്ന ഉക്രൈനിലെ വിവിധ മേഖലകളിലെ ജനങ്ങളുടെ ന്യായമായ അഭിലാഷം അംഗീകരിക്കാൻ തയാറാകാത്ത സാമ്രാജ്യത്വശക്തികൾ ഉക്രൈനിനെ ഉപയോഗപ്പെടുത്തിക്കൊണ്ട്‌ ഈ മേഖലയിൽ സ്വാധീനം നേടാൻ ശ്രമിക്കുന്നു. ചൈന-ഇന്ത്യ-ആഫ്രിക്ക-ബ്രസീൽ എന്നീ രാജ്യങ്ങളുൾപ്പെട്ട ബ്രിക്സിൽ ഇടംതേടി റഷ്യ ഒരു വൻശക്തിയായി വളർന്നുവരുന്നതിനെ തടയാനും അമേരിക്ക ലക്ഷ്യമിടുന്നു.
15. ഏകപക്ഷീയമായി റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തിയും എണ്ണവിലയിൽ കൃത്രിമത്വം സൃഷ്ടിച്ച്‌ റഷ്യയുടെ സാമ്പത്തികസ്ഥിതി അപകടത്തിലാക്കികൊണ്ട്‌ അവരെ തകർക്കാനാണ്‌ അമേരിക്കയും സഖ്യശക്തികളും ശ്രമിക്കുന്നത്‌. എണ്ണയുടെ വില നിർണയിക്കുന്ന അമേരിക്കയുടെ പിണിയാൾ രാജ്യങ്ങളായ ചില മധ്യപൂർവേഷ്യൻ രാജ്യങ്ങളെ കൈയിലെടുത്തുകൊണ്ടാണ്‌ എണ്ണവിലയിൽ ഈ കൃത്രിമത്വം കാട്ടുന്നത്‌. ഇക്കാര്യത്തിൽ ഇറാനും സാമ്രാജ്യത്വത്തിന്റെ അറിഞ്ഞോ അറിയാതെയോ ഉളള കെണിയിൽ അകപ്പെട്ടിരിക്കുകയാണ്‌.
16. സാമ്രാജ്യത്വത്തിന്റെ ഏജന്റൻമാർ മതമൗലികവാദത്തെ അവരുടെ താൽപ്പര്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നതിന്റെ ഫലമായി ലോകത്തിന്റെ പല ഭാഗങ്ങളിലും അതൊരു വൻ അപകടസ്ഥിതി വരുത്തിതീർത്തിരിക്കുന്നു. അതുപോലെ മതമൗലികവാദത്തിന്റെ അടിസ്ഥാനത്തിൽ രൂപം കൊണ്ടിട്ടുളള ഭീകരവാദം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരുതരം വിശ്വാസപ്രമാണംപോലുമായി മാറിയിരിക്കുന്നു.
17. നമ്മുടെ അയൽരാജ്യമായ പാകിസ്ഥാനിൽ മതമൗലികവാദവും അതിനെ അടിസ്ഥാനപ്പെടുത്തിയുളള താലിബാൻപോലുളള ഭീകരപ്രസ്ഥാനങ്ങളും അത്യപകടകരമായ ഭീഷണി സൃഷ്ടിച്ചിരിക്കുകയാണ്‌. പ്രത്യേകിച്ചും വടക്കുപടിഞ്ഞാറൻ അതിർത്തിയിലെ ചില ഭാഗങ്ങളിലും ഗിരിവർഗപ്രദേശമായ നോർത്ത്‌ വസിരിസ്ഥാൻമേഖലയിലും സമാന്തരഭരണംതന്നെ ഭീകരസംഘടനകൾ ഇതിനകം സ്ഥാപിച്ചിരിക്കുന്നു. പട്ടാള നടപടികളിലൂടെ ഇതിനെനേരിടാൻ പാകിസ്ഥാൻ ഫെഡറൽ ഗവൺമെന്റിന്‌ നേതൃത്വം നൽകുന്ന പ്രധാനമന്ത്രി നവാസ്ഷെരീഫ്‌ ശ്രമിക്കുന്നുണ്ടെങ്കിലും ഭീകരവാദത്തിന്റെ വേരറുത്തുകൊണ്ട്‌ ഭീകരവാദത്തെ ഉന്മൂലനാശം ചെയ്യാനുളള യാതൊരു സമൂർത്തവും സമഗ്രവുമായ ഒരു പദ്ധതിയും അവർക്കില്ല. അഫ്ഗാനിസ്ഥാനെതിരെയുളള ആക്രമണം സംഘടിപ്പിക്കുന്നതിന്‌ പാകിസ്ഥാൻ മണ്ണിനെ യഥേഷ്ടം സ്വതന്ത്രമായി താലിബാൻ ഭീകരസംഘടനകൾ ഉപയോഗിക്കുകയാണ്‌.
18. ഇക്കാലയളവിൽ ബംഗ്ലാദേശിൽ നിരവധി കലാപങ്ങൾ അരങ്ങേറുകയുണ്ടായി. 1971-ലെ വിമോചന പോരാട്ടകാലത്തെ യുദ്ധക്കുറ്റവാളികളുടെ ഓരോ കേസും പ്രത്യേകിച്ച്‌ നിയമത്തിന്റെ മുമ്പാകെകൊണ്ടുവരാനും വെവ്വേറെ വിചാരണനടത്തി വിധി പുറപ്പെടുവിച്ച്‌ നീതി നടപ്പിലാക്കാനും കഴിഞ്ഞു. എന്നാൽ ഇതേ അവസരത്തിൽ ബംഗ്ലാദേശിലെ രണ്ട്‌ മുഖ്യരാഷ്ട്രീയ പ്രസ്ഥാനങ്ങൾ തമ്മിലുളള വൈരുദ്ധ്യവും സംഘർഷവും ഒത്തുതീർപ്പിന്‌ തയാറല്ലാത്ത അയവില്ലാത്ത അവരുടെ നിലപാടുംമൂലം രാജ്യത്തെ ഇത്‌ അത്യധികം ദോഷകരമായി ബാധിക്കുന്നു. ജനങ്ങളുടെ അവകാശങ്ങളെയും ജനാധിപത്യത്തെയും ദുർബലപ്പെടുത്തുന്നു. ജനങ്ങളുടെ ഇടയിൽ വ്യാപകമായ അസംതൃപ്തി ഉളവാകുകയും തത്ഫലമായി യുവജനങ്ങൾ പരിവർത്തന ചിന്താഗതിയിൽ ആകൃഷ്ടരാകുകയും ചെയ്യുന്നു. ബംഗ്ലാദേശിലെ ഇടതുപക്ഷശക്തികൾ ബഹുജനങ്ങളെ അണിനിരത്തിക്കൊണ്ട്‌ പൗരാവകാശങ്ങളും ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ വേണ്ടി പരമാവധി യത്നിക്കുന്നു. ബംഗ്ലാദേശുമായുളള ബന്ധം ഇന്ത്യ കൂടുതൽ അരക്കിട്ടുറപ്പിക്കുകയും ഇനിയും പരിഹരിക്കാതെ കിടക്കുന്ന വിഷയങ്ങൾ ഉഭയകക്ഷിചർച്ചയിലൂടെ പരിഹരിച്ചാൽ അതിപ്പോഴത്തെ സാഹചര്യത്തിൽ ഈ മേഖലയിൽ ഗുണപരമായ മാറ്റങ്ങൾക്ക്‌ തീർച്ചയായും വഴിവയ്ക്കും.
19. അഫ്ഗാനിസ്ഥാനിൽ വിവാദമായ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിലെ തർക്കങ്ങൾ താൽക്കാലികമായി പരിഹരിച്ചിട്ടുണ്ടെങ്കിലും ഭരണസ്ഥിരത എന്നതിപ്പോഴും വളരെ അകലെത്തന്നെയാണ്‌. താലിബാനിപ്പോഴും അഫ്ഗാനിസ്ഥാന്റെ ഒട്ടുമിക്കഭാഗങ്ങളിലും ആധിപത്യം പുലർത്തുകയാണ്‌. അവിടെ ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന വംശീയ വിദ്വേഷങ്ങൾ സ്ഥിതിഗതികളെ കൂടുതൽ വഷളാക്കുന്നു. നാറ്റോയുടെയും അമേരിക്കയുടെയും സേന അഫ്ഗാനിൽനിന്ന്‌ പിൻമാറുമെന്ന്‌ അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്‌. എന്നാൽ നിശ്ചിതമായ സംഖ്യാബലത്തിൽ അമേരിക്കൻസേന പിന്നെയും അവിടെത്തുടരും.
20. ശ്രീലങ്കയിൽനടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡന്റ്‌ രാജപക്സേയുടെ തോൽവിയും പ്രതിപക്ഷ കക്ഷികളുടെ സംയുക്തസഖ്യത്തിന്റെ പ്രസിഡന്റ്‌ സ്ഥാനാർഥി മതിരാപാല സിരിസേനയുടെ വിജയവും അവിടത്തെ പാർലമെന്ററി ജനാധിപത്യത്തിന്റെ പുനസ്ഥാപനത്തിനും മത-ഭാഷാ ന്യൂനപക്ഷങ്ങളുമായുളള അനുരജ്ഞനത്തിനും വഴിതുറക്കുമെന്ന പ്രതീക്ഷയാണ്‌ നൽകുന്നത്‌. രാജപക്സെയുടെ കാലത്തുനടന്ന തമിഴ്‌വംശജരെ കൂട്ടക്കുരുതിചെയ്തതിനെക്കുറിച്ച്‌ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന്‌ ലോകമാകെ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. ഇതംഗീകരിക്കാനും ഇക്കാര്യത്തിൽ ഭരണഘടനാപരമായ ബാധ്യത പുതിയ ഗവൺമെന്റ്‌ നിറവേറ്റുമെന്ന്‌ ന്യായമായി നമുക്ക്‌ പ്രതീക്ഷിക്കാം. ശ്രീലങ്കയിലെ വംശീയ സംഘർഷങ്ങൾ ചർച്ചയിലൂടെ പരിഹരിക്കപ്പെടേണ്ടതാണ്‌.
21. നേപ്പാളിലെ രാഷ്ട്രീയശക്തികൾ ഭരണഘടനയ്ക്ക അവസാന രൂപംനൽകുന്നതിന്‌ പാടുപെടുകയാണ്‌. അതിനായി രൂപീകരിച്ച ഭരണഘടനാ അസംബ്ലിയുടെ കാലാവധി നിരന്തരം നീട്ടിക്കൊടുക്കുകയാണ്‌.
22. ഇത്തരം ഒരു സാഹചര്യത്തിൽ ഇന്ത്യയുടെ പങ്ക്‌ നിർണായകമാണ്‌. അയൽപക്കരാജ്യങ്ങളിൽ പ്രത്യേകിച്ചും സാർക്ക്‌ രാഷ്ട്രങ്ങളിൽ നിലനിൽക്കുന്ന പ്രശ്നങ്ങളെ ശരിയായ ദിശയിൽ അപഗ്രഥിക്കാനും ഫലപ്രദമായി ഈ പ്രശ്നങ്ങളിൽ ഇടപെടുകയും ചെയ്താൽ തീർച്ചയായും ഇന്നത്തെ സ്ഥിതിയിൽ ഗുണാത്മകമായ മാറ്റങ്ങൾ വരുത്താനും സൗഹാർദപരമായ അന്തരീക്ഷം സൃഷ്ടിക്കാനും സമാധാനവും സ്ഥിരതയും അയൽരാജ്യങ്ങൾ തമ്മിലുളള സഹകരണം വർധിപ്പിക്കാനും തീർച്ചയായും സാധ്യമാകും.
23. നവ ഉദാരവൽക്കരണ നയങ്ങളുടെ ഫലമായി ഏഷ്യയിലെ നിരവധി രാജ്യങ്ങൾക്കുളളിൽ അസംതൃപ്തി വ്യാപകമായിക്കൊണ്ടിരിക്കുന്നു. എന്നാൽ സന്നദ്ധസംഘടനകളെ (എൻജിഒ) ഇതിനെ ഉപയോഗപ്പെടുത്തിക്കൊണ്ട്‌ യഥാർഥ സാമൂഹ്യ-രാഷ്ട്രീയ പ്രശ്നങ്ങളിൽനിന്ന്‌ ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുളള ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ട്‌. അഴിമതിക്കെതിരെ, ദുർഭരണത്തിനെതിരെ പോരാടാൻ എന്നൊക്കെയുളള മുദ്രാവാക്യങ്ങൾ ഉന്നയിച്ചുകൊണ്ട്‌ സന്നദ്ധരാഷ്ട്രീയ സംഘടനകളെ പടച്ചുവിട്ടുകൊണ്ടാണ്‌ നിക്ഷിപ്തതാൽപ്പര്യക്കാർ ഈ ദൗത്യം നിർവഹിക്കുന്നത്‌. ഇന്ത്യ-ഇന്തോനേഷ്യ, പാകിസ്ഥാൻ, തായ്‌ലന്റ്‌ എന്നീ രാജ്യങ്ങളിൽ ഇത്തരത്തിലുളള രാഷ്ട്രീയ പ്രതിഭാസങ്ങൾ നടക്കുന്നത്‌ നാം നേരിട്ട്‌ കണ്ടുകൊണ്ടിരിക്കുകയാണ്‌.
24. സാർവദേശീയ സംഭവവികാസങ്ങളിലെല്ലാംതന്നെ നിഷേധാത്മകവശങ്ങൾ മാത്രമല്ല ഉള്ളത്‌. എല്ലാറ്റിനുപരിയായി അമേരിക്കയുടെ ഏകധ്രുവലോകം അടിച്ചേൽപ്പിക്കാനുളള നീക്കങ്ങളിൽ ലോകരാജ്യങ്ങളുടെ പല ഗ്രൂപ്പുകളിലും കടുത്ത എതിർപ്പും അസംതൃപ്തിയുമുണ്ട്‌. ബ്രിക്സ്‌ ബാങ്ക,്‌ ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ബാങ്ക്‌ എന്നിവയുടെ രൂപീകരണവും വർധിതരീതിയിൽ വികസ്വരരാജ്യങ്ങൾ തമ്മിലുണ്ടാക്കിയ സാമ്പത്തികസഹകരണവും ഈ കാലയളവിലെ സുപ്രധാനമായ സംഭവവികാസമാണ്‌. വേൾഡ്‌ ട്രേഡ്‌ ഓർഗനൈസേഷൻ, യു എൻ, സെക്യൂരിറ്റി കൗൺസിൽ എന്നിവ സിറിയക്കെതിരെ സൈനിക നടപടിയെടുക്കാൻ തീരുമാനിച്ചതിനെതിരെ വളർന്നുവരുന്ന വികസ്വര രാജ്യങ്ങൾ ഇക്കാര്യത്തിൽ എടുത്ത പൊതുവായ നിലപാടുകളും നടപടികളും തീർച്ചയായും അമേരിക്കയുടെയും സഖ്യശക്തികളുടെയും പദ്ധതികളെ പരാജയപ്പെടുത്താൻ കഴിഞ്ഞുവെന്നത്‌ ഇത്തരുണത്തിൽ ഓർക്കേണ്ടതാണ്‌.
25. ചൈന കമ്പോള സമ്പദ്ഘടനയിലൂടെ സോഷ്യലിസത്തിലേയ്ക്കുളള പാതയാണ്‌ സ്വീകരിച്ചിരിക്കുന്നത്‌. സോഷ്യലിസ്റ്റ്‌ അടിത്തറ കെട്ടിപ്പടുക്കുന്നതിൽ അവരുടെ പാതയിലെ ആദ്യത്തെ പടിയായി ഊർജസ്വലമായ ഒരു സമ്പദ്ഘടന കെട്ടിപ്പടുക്കാനുളള തനതായ പരീക്ഷണമാണ്‌ അവർ പിന്തുടരുന്നത്‌. സോഷ്യലിസം കെട്ടിപ്പടുക്കാൻ ഇനിയും അനേകം ദശകങ്ങൾ വേണ്ടിവരുമെന്നാണ്‌ ചൈനീസ്കമ്മ്യൂണിസ്റ്റ്‌ പാർട്ടി പ്രസ്താവിച്ചിരിക്കുന്നത്‌. ലോകത്ത്‌ ഏറ്റവും അധികം ജിഡിപി വളർച്ചാതോതുളള രാജ്യം ചൈനയാണ്‌. അതുപോലെ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തികവികസനം നേടിയരാജ്യമായി മാറിയിരിക്കുന്നു ചൈന.
26. മൂന്ന്‌ ദശാബ്ദകാലത്തെ സാമ്പത്തിക നവീകരണത്തിന്റെ ഫലമായി ചൈന കഴിഞ്ഞാൽ ഏറ്റവുമധികം ജിഡിപി വളർച്ചാതോത്‌ നേടിയ രാജ്യമായി വിയറ്റ്നാം മാറിയിരിക്കുന്നു. അതുപോലെ മെച്ചപ്പെട്ട അധിക സാമ്പത്തിക നീക്കിയിരിപ്പുളള രാജ്യമാണിന്ന്‌ വിയറ്റ്നാം. ഈ അധികസമ്പത്തുപയോഗിച്ചുകൊണ്ട്‌ ജനങ്ങളുടെ ജീവിതനിലവാരത്തിൽ മാറ്റംവരുത്താനും മെച്ചപ്പെടുത്താനും വേണ്ടിസാമൂഹ്യസുരക്ഷാമേഖലയിൽ വൻതുകയാണ്‌ വിയറ്റ്നാം ഗവൺമെന്റ്‌ ചെലവഴിക്കുന്നത്‌. ചില നിഷേധാത്മകമായ അംശങ്ങൾ സമ്പദ്ഘടനയിൽ നിഴലിക്കുന്നതുകണ്ടതിനെത്തുടർന്ന്‌ സോഷ്യലിസ്റ്റ്‌ കമ്പോളവ്യവസ്ഥയെ പുനരവലോകനത്തിന്‌ വിധേയമാക്കിക്കൊണ്ടിരിക്കുകയാണിവരിപ്പോൾ.
27. ക്യൂബ ഇക്കാലയളവിൽ സവിശേഷവും ശ്രദ്ധേയവുമായ വിജയമാണ്‌ നേടിയിട്ടുളളത്‌. അന്താരാഷ്ട്ര ജനസമൂഹവും ക്യൂബയ്ക്കൊപ്പം ഐക്യദാർഢ്യവുമായി അണിനിരന്നതിന്റെ ഫലമായി അമേരിക്ക, ക്യൂബയുമായുളള ബന്ധം സാധാരണഗതിയിലാക്കാൻ നിർബന്ധിതമായിരിക്കുന്നു. പടിപടിയായി ഈ പ്രക്രിയ നടപ്പിലാക്കുകയെന്ന പ്രഖ്യാപനം ഇരുഭാഗത്തുനിന്നുണ്ടായിരിക്കുകയാണ്‌. അരനൂറ്റാണ്ടുകാലമായി അമേരിക്ക ക്യൂബയ്ക്കെതിരെ പിന്തുടർന്നുവന്ന ശത്രുതയും അവരേർപ്പെടുത്തിയ ഉപരോധവും ക്യൂബയെ ഒറ്റപ്പെടത്തുക എന്ന ഉദ്ദേശത്തോടെയാണ്‌. എന്നാൽ ഏറ്റവും ഒടുവിൽ അമേരിക്കൻ പ്രസിഡന്റുതന്നെ പരാജയം സമ്മതിച്ചിരിക്കുന്നു. യുഎസ്‌ ജയിലിൽ കഴിയുന്ന അഞ്ച്‌ ക്യൂബൻ തടവുകാരെ മോചിപ്പിച്ചത്‌ ക്യൂബയിലെ ജനങ്ങൾ നേടിയ വൻവിജയംതന്നെയാണ്‌. നിരവധി രാജ്യങ്ങൾ ആവശ്യപ്പെട്ടപ്രകാരം ഐക്യരാഷ്ട്രസഭ വർഷങ്ങൾക്കുമുമ്പുതന്നെ പ്രമേയം പാസാക്കിയെങ്കിലും അമേരിക്ക ക്യൂബയ്ക്കെതിരെ തുടർന്നുപോന്ന എംബാർഗോ പിൻവലിക്കുമോ എന്ന കാര്യം ഇപ്പോഴും ചോദ്യചിഹ്നമായി അവശേഷിക്കുന്നു. അതുപോലെ അമേരിക്കൻ സൈനികതാവളമായ ഗ്വാണ്ടനേമ അടച്ചുപൂട്ടണമെന്ന ആവശ്യത്തിലും അനിശ്ചിതത്വം തുടരുകയാണ്‌. ആയതിനാൽ ക്യൂബയ്ക്കെതിരെയുളള ഉപരോധം പൂർണമായി പിൻവലിക്കുംവരെയും അവർക്കെതിരെയുളള നടപടികൾ അവസാനിക്കുംവരെയും ക്യൂബയ്ക്കുവേണ്ടി ഐക്യദാർഢ്യപ്രചരണം തുടരേണ്ടതുണ്ട്‌.
28. ഇക്കാലയളവിൽ ലാറ്റിനമേരിക്കയിലെ ഒട്ടേറെ രാജ്യങ്ങൾ വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാനവികസനം എന്നീരംഗങ്ങളിൽ കൈവരിച്ച നേട്ടങ്ങൾ പുത്തൻ ലാറ്റിനമേരിക്കൻ വികസനമാതൃകകളായി എടുത്തുകാട്ടപ്പെട്ടിരിക്കുന്നു. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഇടപെടലുകൾ ലാറ്റിനമേരിക്കൻ മേഖലയിൽ തുടരുമ്പോഴും സമീപകാലത്തുനടന്ന തെരഞ്ഞെടുപ്പിൽ വെനസ്വേല, ബ്രസീൽ, ബൊളീവിയ, ഉറുഗ്വ തുടങ്ങിയ രാജ്യങ്ങളിൽ ഇടതുപക്ഷം വിജയം നേടുകയുണ്ടായി. ഇതാകട്ടെ പ്രകൃതിവിഭവങ്ങളുടെ ദേശസാൽക്കരണം, സാമൂഹ്യസുരക്ഷാമേഖലയിൽ സർക്കാർ ഫണ്ട്‌ വൻതോതിൽ ചെലവഴിക്കൽ, ഐഎംഎഫ്‌, ലോകബാങ്ക്‌ എന്നിവയുടെ കരാളഹസ്തത്തിൽനിന്ന്‌ മോചനം നേടിക്കൊണ്ട്‌ സ്വന്തമായുളള ബാങ്ക്‌ രൂപീകരിക്കൽ, സ്വന്തമായ തനത്‌ കറൻസി, ലാറ്റിനമേരിക്കൻ രാജ്യങ്ങൾ തമ്മിലുളള വ്യാപാര കരാറുകളും സഹകരണവും- ഇങ്ങനെ ഈ മേഖലയുടെ കൂട്ടായ വികസനത്തിനുളള വഴി തുറന്ന്‌ കിട്ടിയിരിക്കുകയാണ്‌. 2011-ൽ 33 ലാറ്റിനമേരിക്കൻ രാജ്യങ്ങൾ ചേർന്ന്‌ കമ്മ്യൂണിറ്റി ഓഫ്‌ ലാറ്റിൻ അമേരിക്ക ആൻഡ്‌ കരീബിയൻ സ്റ്റേറ്റ്സ (സിഇഎൽഎസി) എന്ന സംഘടന രൂപീകരിച്ചു. ഇതാകട്ടെ വാഷിങ്ങ്ടൺ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഓർഗനൈസേഷൻ ഓഫ്‌ അമേരിക്കൻ സ്റ്റേറ്റ്സ്‌ (ഒഎഎസ്‌) എന്ന സംഘടനയ്ക്ക്‌ ബദലായുളള ലാറ്റിനമേരിക്കൻ സംഘടനകളുടെ കൂട്ടായ്മയാണ്‌. നിയോലിബറലിസത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും നടപടികളെ പരാജയപ്പെടുത്താനുളള യഥാർഥ ബദൽമാർഗമാണ്‌ ലാറ്റിനമേരിക്കയുടെ ഈ പുത്തൻ മാതൃകകൾ.
29. ഞങ്ങൾ 99 ശതമാനം, വാൾസ്ട്രീറ്റ്‌ പിടിച്ചെടുക്കൽ എന്നീ പ്രസ്ഥാനങ്ങളിൽ പ്രാരംഭഘട്ടത്തിൽ പ്രകടമായ ആവേശം നിലനിർത്താനോ സുസ്ഥിരമായി പ്രക്ഷോഭങ്ങളെ നിലനിർത്താനോ ആയില്ല. നിരവധി രാജ്യങ്ങളിൽ വിവിധ ജനവിഭാഗങ്ങൾ തന്താങ്ങളുടെ അവകാശങ്ങൾ ഉന്നയിച്ചുകൊണ്ട്‌ അവ നേടിയെടുക്കുന്നതിനായുളള മുദ്രാവാക്യങ്ങളുമായി വൻതോതിൽ തെരുവിലിറങ്ങുന്ന കാഴ്ചയാണ്‌ ഈ കാലയളവിൽ നാം കണ്ടത്‌. ബ്രിട്ടനിലും ഫ്രാൻസിലും സ്പെയിനിലുമൊക്കെ പണിമുടക്കങ്ങളടക്കമുളള വൻ ജനമുന്നേറ്റങ്ങൾക്ക്‌ ലോകം സാക്ഷ്യം വഹിക്കുകയുണ്ടായി. ഈ പ്രക്ഷോഭങ്ങൾ നയിക്കാൻ കരുത്തുളള പ്രബലമായ ഇടതുപക്ഷത്തിന്റെ അഭാവവും ജനങ്ങളുടെ മുന്നിൽ യഥാർഥത്തിലുളള ബദൽ പരിപാടികൾ അവതരിപ്പിക്കാൻ കഴിയാത്തതുമൂലവും ജനങ്ങളുടെ അസംതൃപ്തിയെ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ കഴിയുന്നില്ല. 30. പോർച്ചുഗൽ, സ്പെയിൻ, ഗ്രീസ്‌ എന്നീ രാജ്യങ്ങളിൽ തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷം വൻനേട്ടങ്ങളുണ്ടാക്കി. റഷ്യയിൽ സിപിആർഎഫ്‌ പുത്തൻ കരുത്തും ശക്തിയും ആർജിച്ചുകൊണ്ട്‌ പാർലമെന്റിൽ പരിഗണനാർഹമായ പ്രാതിനിധ്യം കൈവരിച്ചു. അയർലന്റിൽ ‘സിൻഫിൻ’ പാർട്ടിയുടെ ശക്തി മുൻപത്തെക്കാളും വർധിപ്പിക്കാൻ കഴിഞ്ഞുവെന്നത്‌ എടുത്തുപറയത്തക്ക നേട്ടമാണ്‌. ജപ്പാനിൽ അധോസഭയിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടികൾ അതിന്റെ പ്രാതിനിധ്യം മൂന്നിരട്ടിയായി വർധിപ്പിക്കാൻ കഴിഞ്ഞു. നേപ്പാളിൽ സിപിഎൻ(യുഎംസി) നിലവിലുളള അതിന്റെ രാഷ്ട്രീയമേധാവിത്തം വീണ്ടും അരക്കിട്ടുറപ്പിക്കുകയാണ്‌ ചെയ്യുന്നത്‌.
31. ലോകത്തെ കമ്മ്യൂണിസ്റ്റ്‌ പാർട്ടികളുടെയും തൊഴിലാളി വർഗപാർട്ടികളുടെയും സഹകരണവും യോജിപ്പും ഇക്കാലയളവിലെ ഏറ്റവും ശ്രദ്ധേയമായ നേട്ടങ്ങളിലൊന്നാണ്‌. മേഖലാടിസ്ഥാനത്തിലും, പ്രാദേശിക-മേഖലാടിസ്ഥാനത്തിലും സാർവദേശീയാടിസ്ഥാനത്തിലും വിവിധ രീതികളിലും തലങ്ങളിലുമായി കമ്മ്യൂണിസ്റ്റ്‌ പാർട്ടികൾതമ്മിൽ ഈ സഹകരണം തുടർന്നുപോരുന്നു. പതിനേഴോളം കമ്മ്യൂണിസ്റ്റ്‌ പാർട്ടികളുടെയും വർക്കേഴ്സ്‌ പാർട്ടികളുടെയും സാർവദേശീയ യോഗങ്ങൾ ഇതുവരെയായി വിജയപ്രദമായി നടത്താൻ കഴിഞ്ഞിട്ടുണ്ട്‌. ഈ യോഗങ്ങളാകട്ടെ പൊതുവിലും അല്ലാതെയും രാജ്യവും പാർട്ടിയും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരസ്പരം മനസിലാക്കാനും കമ്മ്യൂണിസ്റ്റ്‌ പാർട്ടികളുടെ യോജിപ്പ്‌ ദൃഢതരമാക്കാനും യോജിച്ചപ്രവർത്തനങ്ങൾ നടത്താനും വളരെയധികം പ്രയോജനപ്പെട്ടു. സിപിഐ ഈ പ്രക്രിയയിൽ തുടർന്നും സജീവമായ പങ്ക്‌ നിർവഹിക്കുന്നതാണ്‌.
3) ഇന്ത്യൻ സാമ്പത്തികരംഗം ഒരു വിഗഹവീക്ഷണം.
1. ഇന്ത്യൻ സാമ്പത്തികസ്ഥിതി ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ്‌ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്‌. തൊണ്ണൂറുകൾ മുതൽ ഇങ്ങോട്ട്‌ തുടർച്ചയായി അധികാരത്തിലേറിയ ഗവൺമെന്റുകൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നവഉദാരവൽക്കരണ നയങ്ങളാണ്‌ രാജ്യത്തെ ഈ പ്രതിസന്ധിയിൽ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്‌. നവഉദാരവൽക്കരണ പരിഷ്ക്കാരങ്ങളിൽ ഇനിയും അവശേഷിക്കുന്ന അജൻഡകൾ നരേന്ദ്രമോഡി യാതൊരു ഉളുപ്പുംകൂടാതെ നടപ്പിലാക്കികൊണ്ടിരിക്കുന്നത്‌ ഈ പ്രതിസന്ധിയെ കൂടുതൽ രൂക്ഷമാക്കിയിരിക്കുന്നു. കോർപ്പറേറ്റുകൾക്ക്‌ സൗജന്യങ്ങൾ ഒന്നിനുപുറകെ ഒന്നായി വാരിച്ചൊരിയുമ്പോൾ ജനങ്ങളുടെമേൽ അധികഭാരം കുന്നുകൂട്ടുകയാണ്‌.
2. പുതിയ ഗവൺമെന്റ്‌ അധികാരത്തിലേറി ആറുമാസക്കാലം പിന്നിട്ടപ്പോൾ അവരുടെ എല്ലാ വാദഗതികൾക്കും വ്യത്യസ്തമായി സാമ്പത്തികസ്ഥിതിയിൽ നിഷേധാത്മകമായ ഫലങ്ങളാണ്‌ ഉളവായിട്ടുളളത്‌. മൊത്തം ആഭ്യന്തരഉൽപ്പാദന(ജിഡിപി)ത്തിന്റെ വളർച്ചാതോതിൽ തുടർച്ചയായി കുറവുണ്ടായിക്കൊണ്ടിരിക്കുന്നു. വർഷാവസാനത്തെ വളർച്ച അഞ്ച്‌ ശതമാനം മാത്രമായിരിക്കുമെന്നാണ്‌ ധനമന്ത്രാലയം പോലും സമ്മതിച്ചിട്ടുളളത്‌. ആദ്യ ക്വാർട്ടറിൽ 5.7 ശതമാനം വളർച്ചാതോതായിരുന്നത്‌ രണ്ടാം ക്വാർട്ടറായപ്പോഴേക്കും 5.3 ശതമാനമായി കീഴോട്ട്‌ പോകുകയാണുണ്ടായത്‌.
3. ഉൽപ്പാദനമേഖലയിലെ ആദ്യ ക്വാർട്ടറിലെ വളർച്ച 0.1 ശതമാനമായിരുന്നെങ്കിൽ അതിന്‌ മുമ്പത്തെ ക്വാർട്ടറിൽ 3.5 ശതമാനമാണ്‌ രേഖപ്പെടുത്തിയത്‌.
4. വ്യവസായ ഉൽപ്പാദനത്തിലും കുറവ്‌ സംഭവിക്കുകയാണ്‌. കഴിഞ്ഞ ഒക്ടോബറിലത്‌ 4.2 ശതമാനമായി താഴേയ്ക്ക്‌ പോയി. മൊത്തം വ്യവസായശാലകളുടെ ഉൽപ്പാദനത്തിലെ ്‌ 75 ശതമാനവും ഉൽപ്പാദനമേഖലയിൽ(മാനുഫാക്ചറിങ്‌ സെക്ടർ)നിന്നാണ്‌ ലഭ്യമാകുന്നത്‌. ഇതാകട്ടെ 7.6 ശതമാനത്തിലെത്തി നിശ്ചലാവസ്ഥയിലാണ്‌.
5. തൊഴിലില്ലായ്മ വർധിച്ചുകൊണ്ടേയിരിക്കുന്നു. പുറംതൊഴിൽ, കാഷ്വൽ – കരാർ തൊഴിൽവ്യവസ്ഥ ക്രമാതീതമായി വ്യാപകമായിക്കൊണ്ടിരിക്കുന്നു. വളരെ ത്യാഗം സഹിച്ച്‌ നേടിയ തൊഴിലവകാശങ്ങൾ തട്ടിപ്പറിച്ചെടുത്തുകൊണ്ട്‌ തൊഴിൽനിയമങ്ങളിൽ ഭേദഗതി വരുത്തുന്നു. 2011 മുതൽ തൊഴിലില്ലായ്മയുടെ നിരക്ക്‌ വർധിച്ചുകൊണ്ടിരിക്കുന്ന പ്രവണതയാണ്‌ ഇന്ത്യയിലുളളതെന്ന്‌ അന്താരാഷ്ട്രലേബർ ഓർഗനൈസേഷൻ(ഐഎൽഒ) കണക്കുകൾ സഹിതം റിപ്പോർട്ട്‌ ചെയ്യുന്നു. 2011ൽ 3.5 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്കെങ്കിൽ 2012ൽ ഇത്‌ 3.6 ശതമാനവും തുടർന്നിങ്ങോട്ടുളള വർഷത്തിൽ 3.7 ശതമാനമായും വർധിച്ചു. 2014ൽ അത്‌ 3.8 ശതമാനമായിരിന്നിരിക്കാം. ഔപചാരിക തൊഴിൽമേഖലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന കുറവ്‌ ഉൽക്കണ്ഠയുളവാക്കുന്നതാണ്‌. മൊത്തം തൊഴിൽമേഖലയിലെ അനൗപചാരിക തൊഴിൽ 94 ശതമാനമാണ്‌.
6. രാജ്യത്തിന്റെ പൊതുസ്വത്തായ പൊതുമേഖലയെ സ്വകാര്യമേഖലയ്ക്ക്‌ കൈമാറുകയാണ്‌. സാമ്പത്തിക കാര്യങ്ങൾക്കായുളള ക്യാബിനറ്റ്‌ കമ്മിറ്റി ഒഎൻജിസിയുടെ 5 ശതമാനവും കോൾഇന്ത്യയുടെ 10 ശതമാനവും 11.36 ശതമാനം എൻഎച്ച്പിസിയുടെ ഓഹരികളും വിറ്റഴിക്കാൻ തീരുമാനിച്ചിരിക്കുകയാണ്‌. അങ്ങനെ ഓഹരി വിറ്റഴിക്കലിലൂടെ 43,800 കോടി രൂപ സ്വരൂപിക്കാനാണ്‌ തീരുമാനം. ലാഭകരമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന നവരത്ന വ്യവസായങ്ങൾ എന്നറിയപ്പെടുന്ന പൊതുമേഖല സ്ഥാപനങ്ങൾ ഉൾപ്പെടെയുളളവ ഊഹച്ചന്തയിൽ എത്തിയിരിക്കുകയാണ്‌.
7. സാമ്പത്തികസ്ഥാപനങ്ങൾ പ്രത്യേകിച്ചും ദേശസാൽകൃതബാങ്കുകൾ രാജ്യത്തിനകത്തും വിദേശത്തുളളതുമായ സ്വകാര്യമേഖലയ്ക്ക്‌ കൈമാറ്റം ചെയ്തുകൊണ്ടിരിക്കുന്നു. ബാങ്കിങ്ങിലെ വിദേശനിക്ഷേപത്തിന്റെ ആനുപാതികത്വം വർധിച്ചിരിക്കുകയാണ്‌.
8. ദേശീയ ആസ്തി സ്വരൂപിക്കുന്നതിനായി പൊതുമേഖലയിലൂടെയുളള വ്യവസായവൽക്കരണംവഴി ദേശീയആസ്തി സൃഷ്ടിക്കുന്നതിന്റെ ഉപാധിയായി വർത്തിച്ച ആസൂത്രണകമ്മിഷന്‌ ഗവൺമെന്റ്‌ അന്ത്യം കുറിച്ചിരിക്കുന്നു. ഇതാകട്ടെ നമ്മുടെ സമ്പദ്ഘടനയെ വളരെയധികം പ്രതികൂലമായി ബാധിക്കും. പ്ലാനിങ്‌ കമ്മിഷന്റെ പ്രവർത്തനങ്ങളിൽ ദൗർബല്യങ്ങൾ ഉണ്ടെങ്കിലും രാജ്യത്തിന്റെ വ്യവസായവൽക്കരണത്തിൽ അത്‌ നിസ്തുലമായ പങ്കാണ്‌ നിർവഹിച്ചിട്ടുളളത്‌. പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിലെ ദുർബല വിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടിയുളള പദ്ധതികൾ ആവിഷ്ക്കരിച്ചതിന്റെ ഉത്തരവാദിത്വവും പ്ലാനിങ്‌ കമ്മിഷനായിരുന്നു. എന്നാലിപ്പോൾ ആസൂത്രണകമ്മിഷൻ നിർത്തലാക്കിയിട്ട്‌ തൽസ്ഥാനത്ത്‌ എൻഐടിഇ നീതി ആവാസിനെ പ്രതിഷ്ഠിച്ചിരിക്കുന്നു. ഇതിൽ കോർപ്പറേറ്റ്‌ മേഖലയുടെ പ്രതിനിധികളുണ്ടാവും. പൊതു-സ്വകാര്യമേഖല സംയുക്തസംരംഭങ്ങളെ (പിപിപി) പ്രോത്സാഹിപ്പിക്കാനായിരിക്കും ഇത്‌ പ്രവർത്തിക്കുക. ഫലത്തിലിത്‌ പൊതുമേഖലയെ പൊളിച്ചടുക്കുകയും സ്വതന്ത്ര കമ്പോളത്തിനുവേണ്ടിയുളള വാതിലുകൾ തുറന്നുകൊടുക്കപ്പെടുകയും ചെയ്യും.
9. ബഹുരാഷ്ട്ര കുത്തകകൾക്ക്‌ നികുതിയിളവുകൾ വാരിച്ചൊരിഞ്ഞുകൊണ്ട്‌ ചില ലവികൾ എടുത്തുകളയുകയും മുൻകാലപ്രാബല്യത്തോടെ നികുതികുടിശിക ഈടാക്കുന്നത്‌ തടയാൻ നിയമഭേദഗതി വരുമെന്ന്‌ ഗവൺമെന്റ്‌ ഇതിനകം പ്രഖ്യാപിച്ചിരിക്കുന്നു.
10. അന്യായമായ കീഴ്‌വഴക്കങ്ങൾക്ക്‌ തുടക്കം കുറിച്ചുകൊണ്ട്‌ അദാനി ഗ്രൂപ്പിന്‌ ഓസ്ട്രേലിയയിൽ കൽക്കരി ഖാനനത്തിനായി സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിൽനിന്ന്‌ 61,000 കോടി രൂപ വായ്പ നൽകുകയുണ്ടായി.
11. കൽക്കരി ദേശസാൽക്കരണ നിയമഭേദഗതിയിലൂടെ കൽക്കരി വ്യവസായമേഖലയെ സമ്പൂർണമായി സ്വകാര്യവൽക്കരിക്കപ്പെടും. കോൾപ്പാട കുംഭകോണത്തെ സംബന്ധിച്ച്‌, രാജ്യത്തെ പരമോന്നത സുപ്രിംകോടതി വിധിന്യായത്തെ അട്ടിമറിക്കാൻ ഗവൺമെന്റ്‌ ആകാവുന്നത്ര ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. കോൾപ്പാടങ്ങൾ സ്വകാര്യമുതലാളിമാർക്ക്‌ അനുവദിച്ചതിലൂടെ 1.86 ലക്ഷംകോടിരൂപയുടെ നഷ്ടം ഉണ്ടായെന്നാണ്‌ കണക്കാക്കപ്പെട്ടിരിക്കുന്നത്‌. തങ്ങൾക്കനുവദിക്കപ്പെട്ട കൽക്കരിപ്പാടങ്ങളുടെ വികസനാവശ്യങ്ങൾക്കെന്നപേരിൽ ബാങ്കുകളിൽനിന്ന്‌ സ്വകാര്യകമ്പനികൾ ഭീമമായ വായ്പകളാണ്‌ എടുത്തിട്ടുളളത്‌. അതുംകൂടി കണക്കുകൂട്ടുമ്പോൾ മൊത്തം നഷ്ടം 7 ലക്ഷം കോടിരൂപയോളംവരും. കൽക്കരിപ്പാടങ്ങൾ പുനർലേലം നടത്താൻ സംസ്ഥാന ഗവൺമെന്റുകളെ അധികാരപ്പെടുത്തിക്കൊണ്ട്‌ കേന്ദ്രഗവൺമെന്റ്‌ ഓർഡിനൻസ്‌ പ്രഖ്യാപിച്ചിരിക്കുകയാണ്‌. ദേശസാൽക്കരിക്കപ്പെട്ട ഈ പ്രകൃതിവിഭവങ്ങളുടെ സ്വകാര്യവൽക്കരണം ശക്തമായി എതിർക്കപ്പെടേണ്ടതാണ്‌.
12. ഓർഡിനൻസുകൾ വഴി നിയോലിബറൽ നയങ്ങൾ അടിച്ചേൽപ്പിക്കുന്നതിനുളള വഴിതേടുകയാണ്‌ ഇപ്പോൾ ഭരണകൂടം. ഇക്കഴിഞ്ഞ എട്ടുമാസക്കാലത്തിനുളളിൽ പത്തോളം ഓർഡിനൻസുകൾ ഇതിനായി പുറപ്പെടുവിച്ചുകഴിഞ്ഞു.
13. പ്രകൃതിവിഭവങ്ങൾ ചുളുവിലയ്ക്ക്‌ സ്വകാര്യകുത്തകകൾക്ക്‌ കൈമാറ്റം ചെയ്യുകയാണ്‌.
14. ദേശസാൽകൃത ബാങ്കുകളുടെ കിട്ടാക്കടം വർധിച്ചുകൊണ്ടിരിക്കുകയാണ്‌. നിഷ്ക്രിയ ആസ്തിയിനത്തിൽ (എൻപിഎഎസ്‌) 2014-ൽ സെപ്റ്റംബർ 30 വരെയുളള മൊത്തം തുക 2.43 ലക്ഷം കോടി വരും. ബാങ്കുകൾക്ക്‌ ലഭിക്കേണ്ടതായിട്ടുളള വായ്പാകുടിശിക ഈടാക്കുന്നതിന്‌ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനുപകരമായി സർക്കാർ ഇത്തരം വായ്പകൾ, പ്രധാനമായും കോർപ്പറേറ്റുകളുടെ, എഴുതിത്തളളുന്നതിനെക്കുറിച്ചുളള സംവിധാനം ഒരുക്കുകയാണ്‌.
15. ധനക്കമ്മി നികത്താനെന്നുളള പേരിൽ സാമൂഹ്യസുരക്ഷയ്ക്കുളള ഫണ്ടുകൾ ഗണ്യമായി വെട്ടിക്കുറയ്ക്കുകയാണ്‌ ഗവൺമെന്റ്‌. ആരോഗ്യവിദ്യാഭ്യാസ മേഖലയ്ക്കുളള ബജറ്റ്‌ വിഹിതത്തിലെ 25 ശതമാനം ഈ നടപ്പുവർഷം വെട്ടിച്ചുരുക്കുമെന്ന്‌ കേന്ദ്രമന്ത്രാലയം ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. ഈ മേഖലയിൽ നടപ്പുവർഷം 86.2 ശതമാനം ബജറ്റ്കമ്മി ആദ്യത്തെ ഏഴുമാസത്തിനകം ആയിക്കഴിഞ്ഞു.
16. ഇന്ത്യയിൽ നിർമിക്കുകയെന്നതിന്റെ (മേക്ക്‌ ഇൻ ഇന്ത്യ)അടിസ്ഥാനത്തിൽ കയറ്റുമതി ലക്ഷ്യംവച്ചുകൊണ്ടുളള ഉൽപ്പാദനം നടത്തുകയെന്നത്‌ ഒരു തട്ടിപ്പാണ്‌. ആത്യന്തികമായത്‌ രാജ്യത്തെ ചെറുകിട ഇടത്തരം വ്യവസായ ശൃംഖലകളെ കൊല്ലാക്കൊല ചെയ്തുകൊണ്ട്‌ ബഹുരാഷ്ട്രകമ്പനികളുടെ വ്യവസായ യൂണിറ്റുകളെ അണിനിരത്താനും രാജ്യത്തിന്റെ വ്യവസായവൽക്കരണത്തിനെ തടയിടുകയും ചെയ്യും.
17. അങ്ങേയറ്റം കഷ്ടതയനുഭവിക്കുന്ന ജനവിഭാഗങ്ങൾക്കുവേണ്ടി വിഭാവനം ചെയ്തിട്ടുളള സമാശ്വാസ പദ്ധതികളെല്ലാം അട്ടിമറിക്കപ്പെടുന്നു. മഹാത്മാഗാന്ധി ഗ്രാമീണതൊഴിൽദാന പദ്ധതി ഏകദേശം അവസാനിച്ച മട്ടിലാണ്‌.
18. ഉളളവനും ദരിദ്രനും തമ്മിലുളള അന്തരം നാൾക്കുനാൾ വർധിക്കുകയാണ്‌. ഏറ്റവും മുകൾത്തട്ടിലുളള 10 ശതമാനത്തിന്റെയും എറ്റവും താഴെത്തട്ടിലുളള 10 ശതമാനത്തിന്റെയും ആനുപാതികത്തം പരിശോധിച്ചാൽ അത്‌ 80:1 എന്ന നിലയിലാണ്‌.
19. സർക്കാർ ബിപിഎൽ കണക്കുകളിൽ കൃത്രിമം കാട്ടിയിട്ടും ദാരിദ്ര്യരേഖയ്ക്ക്‌ താഴെ ജീവിക്കുന്നവരുടെ എണ്ണത്തിൽ വർധനവാണുണ്ടായിരിക്കുന്നത്‌. ഏറ്റവുംഒടുവിലത്തെ ഔദ്യോഗിക കണക്കുപ്രകാരം ബിപിഎൽ ജനസംഖ്യ 29.9 ശതമാനമാണ്‌. 2012ൽ യഥാർഥത്തിൽ 363 മില്യൺ ജനങ്ങൾ ദാരിദ്ര്യരേഖയ്ക്ക്‌ താഴെയാണ്‌. ഇതാകട്ടെ മുൻവർഷത്തെക്കാൾ 93 മില്യൺ അധികമാണ്‌. ഗ്രാമീണമേഖലയിൽ നിത്യചെലവ്‌ 32 രൂപയും നഗരപ്രദേശങ്ങളിൽ 47 രൂപയെന്ന മാനദണ്ഡമാണ്‌ രംഗരാജൻപാനൽ ബിപിഎൽ ന്റെ അളവുകോലായി സ്വീകരിച്ചിരുന്നത്‌. അതിപ്പോഴും നിലനിൽക്കുകയാണ്‌ എന്നിട്ടും ബിപിഎൽകാരുടെ എണ്ണത്തിൽ വർധനവാണുണ്ടാകുന്നത്‌.
20. യഥാർഥ വേതനത്തിൽ തുടർച്ചയായി കുറവുണ്ടായിക്കൊണ്ടിരിക്കുന്നു.
21. നാണയപ്പെരുപ്പവും അവശ്യസാധനങ്ങളുടെ കുതിച്ചുകയറുന്ന വിലവർധനവും നമ്മുടെ രാജ്യത്തിലെ ജനങ്ങളുടെ മുമ്പിലെ ജീവത്തായപ്രശ്നമായി അവശേഷിക്കുന്നു. നാണയപ്പെരുപ്പത്തിന്റെ കാര്യത്തിൽ ഏറ്റക്കുറച്ചിലുകൾ കാലാകാലങ്ങളിൽ ഉണ്ടാകാറുണ്ട്‌. എന്നാൽ ഇപ്പോൾ പണപ്പെരുപ്പം രണ്ടക്കത്തിൽ ചെന്നെത്തിനിൽക്കുന്നു. വിലക്കയറ്റം പിടിച്ചുനിർത്തുന്നതിനുളള മൂർത്തമായ ഒരു നടപടിയും സ്വീകരിക്കാൻ സർക്കാർ ഒരുക്കമല്ല. വിലയിൽ കൃത്രിമത്വം സൃഷ്ടിക്കുകയും പരമാവധി കൊളളലാഭം കൊയ്യുന്നതിനിടയാക്കുന്ന പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയുന്നതിനും അവധി വ്യാപാരം നിരോധിക്കുന്നതിനുമായി അവശ്യസാധനനിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യം സർക്കാർ തിരസ്ക്കരിക്കുകയാണ്‌.
22. ഭക്ഷണത്തിനുളള അവകാശം ഉറപ്പുവരുത്തുന്നതിനുതകുന്നതരത്തിൽ അവശ്യഭക്ഷ്യവസ്തുക്കളുടെ സാർവത്രികമായ പൊതുവിതരണസംവിധാനം നടപ്പിലാക്കണമെന്ന ആവശ്യം അംഗീകരിക്കുന്നില്ല എന്നുമാത്രമല്ല രാജ്യത്ത്‌ ഇപ്പോൾ അവശേഷിച്ചിരിക്കുന്ന പിഡിഎസ്‌ സംവിധാനം ക്രമേണ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്‌ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ.
നവഉദാരീകരണത്തിന്റെ സാമ്പത്തിക സാമൂഹിക തകർച്ച
1. നവ ഉദാരീകരണ വാഴ്ചയിൽ തൊഴിൽ കമ്പോളത്തിൽ പുറംജോലിയും കരാർ വ്യവസ്ഥയും ഒരംഗീകൃത തത്വമായി മാറിക്കഴിഞ്ഞിരിക്കുന്നു. പ്രവൃത്തിസമയം നിജപ്പെടുത്തിക്കൊണ്ടുള്ള എല്ലാ നിയമങ്ങളേയും കാറ്റിൽപ്പറത്തികൊണ്ട്‌ കോൾ സെന്ററുകളിലും മറ്റ്‌ തൊഴിലിടങ്ങളിലും പണിയെടുപ്പിക്കുന്നു. ദീർഘനേരം പണിയെടുത്ത്‌ വൻശമ്പളം നേടുക (യാതൊരു സാമൂഹ്യ സുരക്ഷയുടെ പരിധിയിലും ഇവർ പെടുന്നില്ല) എന്ന മനോഭാവം ഒരുവിഭാഗം ചെറുപ്പക്കാർക്കിടയിൽ വളർന്നുവന്നിട്ടുണ്ട്‌. പക്ഷേ അവർക്ക്‌ അവരുടെ സാമൂഹിക സുരക്ഷയെക്കുറിച്ച്പോലും ഉൽക്കണ്ഠയില്ലെന്നതാണ്‌ വസ്തുത.
2. പൊതുവിൽ മാധ്യമങ്ങൾക്കു മേലുള്ള പണസ്വാധീനമുപയോഗിച്ചുള്ള പരസ്യങ്ങളും കോർപറേറ്റുകളും ബഹുരാഷ്ട്ര കുത്തകകളും ചേർന്ന്‌ ഉപഭോക്തൃസംസ്കാരം വളർത്തിയെടുത്തിട്ടുണ്ട്‌. ഈ സംസ്കാരം സമ്പന്നരേയും ഒരുവിഭാഗം മധ്യവർത്തികളേയും കൊതിപ്പിച്ച്‌ സ്വന്തം പക്ഷത്തിലേക്ക്‌ ആകർഷിക്കുന്നു. ഇതിലൂടെ നാടനും മറുനാടനുമായ ബിസിനസുകാർക്ക്‌ വമ്പിച്ച ഉപഭോഗ വിപണി സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്‌. ഈ ഉപഭോക്തൃരീതി ജീവിതാവശ്യങ്ങൾക്കും ജീവിതശൈലിക്ക്‌ അനുസരിച്ചുള്ളതുമല്ല. മറിച്ച്‌ ആർഭാടസാധനങ്ങൾക്കും ഉയർന്ന ജീവിതത്തിന്‌ പറ്റിയതെന്നുകരുതുന്ന മേൽത്തരം ബ്രാന്റുകൾക്കുള്ള ഉപഭോഗമാണ്‌ ഇതുമൂലം വർദ്ധിക്കുന്നത്‌. ഇതുകാരണം കുടുംബ ബജറ്റിൽ കടം ഏറിവരികയും അധികം പലിശകൊടുത്ത്‌ കടക്കെണിയിൽ ചെന്നുപെടുകയും ചെയ്യുന്നു. ഇടത്തരം ധനികവർഗവും അടുത്തിടെ കരാറടിസ്ഥാനത്തിൽ ജോലിചെയ്യുന്നവരുമാണ്‌ പ്രധാനമായും ഇങ്ങനെ ഇരകളാകുന്നത്‌.
3. ആദ്യഘട്ടത്തിൽ, മദ്ധ്യവർത്തി ധനികവർഗം സാമ്പത്തിക ഉദാരീകരണ നയത്തിന്‌ ശക്തമായി പിൻതുണ നൽകുന്ന വിഭാഗമായിട്ടാണ്‌ കണക്കാക്കപ്പെട്ടിരുന്നത്‌. എന്തെന്നാൽ നവഉദാരവൽക്കരണത്തിന്റെ സാമ്പത്തിക നയങ്ങളുടെ ഗുണഫലങ്ങൾ അനുഭവിക്കുന്ന അവിഭാജ്യഘടകമായ ചെറിയ ഗ്രൂപ്പായിട്ടാണ്‌ ഇവരെ കണക്കാക്കപ്പെടുന്നത്‌. എന്നാൽ ഇപ്പോൾ സാമ്പത്തിക പ്രതിസന്ധി മൂർച്ഛിക്കുകയും അതിന്റെ ഭാരം മറ്റുള്ളവരുടെ ചുമലിലേക്ക്‌ വച്ചുകൊടുക്കാനുള്ള കോർപറേറ്റുകളുടെ ശ്രമങ്ങൾ മനസിലാക്കിത്തുടങ്ങിയപ്പോൾ ഈ രീതിയിലുള്ള വികസനത്തിന്റെ പൈശാചികമായ വശം അവർ തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു. റോക്കറ്റുപോലെ കുതിച്ചുയരുന്ന നാണയപ്പെരുപ്പത്തിന്റെ കെടുതികൾമൂലം ഈ വിഭാഗം ഇരട്ടഭാരമാണ്‌ അനുഭവിക്കേണ്ടിവരുന്നത്‌. വിലക്കയറ്റം ഒരുവശത്ത്‌, മറുവശത്ത്‌ റിസർവ്വ്‌ ബാങ്കിന്റെ റിപ്പോറേറ്റിൽ വരുന്ന വ്യതിയാനങ്ങൾക്കനുസരിച്ച്‌ ഇവർ തങ്ങളെടുത്ത വായ്പകൾക്ക്‌ വർധിച്ച പലിശ നൽകേണ്ടിവരുന്നു. നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതിനാണ്‌ റിസർവ്വ്‌ ബാങ്ക്‌ റിപ്പോ നിരക്കിൽ മാറ്റങ്ങൾ വരുത്തുന്നത്‌.
4. ആഗോളവൽക്കരണത്തിന്റെയും ഉദാരവൽക്കരണത്തിന്റെയും സ്വാധീനത്തിൻകീഴിൽ ഇന്ത്യയിലെ തൊഴിലിന്റെ ബാഹ്യരൂപത്തിൽ വലിയ മാറ്റങ്ങൾ വന്നുഭവിച്ചുകൊണ്ടിരിക്കുന്നു. പുറത്തുകൊടുത്തുള്ളജോലി (ഔട്ട്സോഴ്സിങ്‌), എണ്ണം വെട്ടിച്ചുരുക്കൽ, കരാർ ജോലി, വീട്ടിൽവച്ചുള്ള ജോലി, കാഷ്വൽ ലേബർ തുടങ്ങിയ ഏർപ്പാടുകൾ കാരണം തൊഴിൽസ്ഥലത്ത്‌ പണിയെടുക്കുന്ന തൊഴിലാളികളുടെ സംഖ്യ ഗണ്യമായി കുറഞ്ഞു. ഇതിനുപുറമെ അസംഘടിത മേഖലയിലെ തന്നെ അനൗപചാരിക തൊഴിലാളികളും മറ്റും വേറെയുമുണ്ട്‌. ഇപ്പോഴത്തെ നയങ്ങൾ കാരണം അനൗപചാരിക തൊഴിലാളികളുടെ എണ്ണം വർധിച്ചുകൊണ്ടേയിരിക്കുകയാണ്‌. സ്വയം തൊഴിൽ കണ്ടെത്തുന്നവരുടെ സംഖ്യയിലും കുറവുവന്നിരിക്കുന്നു. നമ്മുടെ രാജ്യം തൊഴിൽരഹിത വളർച്ചയുടെ പിടിയിലാണ്‌ അകപ്പെട്ടിരിക്കുന്നത്‌.
5. കഴിഞ്ഞ നാളുകളിൽ രാജ്യം ഭരിച്ച ഗവൺമെന്റുകൾ തുടർന്നുപോന്ന സാമ്പത്തിക നയങ്ങളുടെ പ്രത്യാഘാതത്തിന്റെ ഫലമായി തങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക്‌ അറുതിവരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ രാജ്യത്തെ നല്ലൊരുവിഭാഗം ജനങ്ങൾ തെരുവിലിറങ്ങുന്നു. അടുത്തിടെ നടന്ന അഴിമതി വിരുദ്ധ പോരാട്ടങ്ങളിൽ ഇത്‌ പ്രകടമായിരുന്നു. യഥാർഥത്തിലുള്ള സാമൂഹ്യ സാമ്പത്തിക മാറ്റത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ എല്ലാവിഭാഗം ജനങ്ങളേയും ആകർഷിക്കാനുള്ള തന്ത്രങ്ങൾക്ക്‌ ഭാവനാപൂർണമായി രൂപം നൽകണമെന്ന കടമ നിർവഹിക്കണമെന്നാണ്‌ കാലഘട്ടം ഇടതുപക്ഷത്തിനോട്‌ ആവശ്യപ്പെടുന്നത്‌. ജനകീയ പ്രസ്ഥാനങ്ങളെ അരാഷ്ട്രീയവും പ്രത്യയശാസ്ത്രരഹിതവുമായി പിന്തിരിപ്പൻ വഴിയിലേക്ക്‌ തിരിച്ചുവിടാൻ സിവിൽ സൊസൈറ്റി പ്രസ്ഥാനമെന്ന പേരിൽ എൻജിഒകൾ പ്രവർത്തിക്കുന്നുണ്ട്‌. അത്തരത്തിലുള്ള സന്നദ്ധ സംഘടനകളിൽ നിന്ന്‌ ജനങ്ങളെ മോചിതരാക്കേണ്ടതുണ്ട്‌. എൻജിഒകൾ വർഗബോധത്തെ നിസാരവൽക്കരിച്ചുകൊണ്ട്‌ ബൂർഷ്വാ വർഗത്തിന്റെ താൽപര്യങ്ങളെയാണ്‌ ഇവർ പ്രദാനം ചെയ്യുന്നത്‌.
കോർപറേറ്റുകളും ക്രോണി മുതലാളിത്തവും
1. നിരന്തരമായി വീറോടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നവഉദാരവൽക്കരണ പരിഷ്കരണങ്ങളിലൂടെ ബൂർഷ്വാവർഗത്തിനുള്ളിൽ ശക്തരായ കോർപറേറ്റുകളുടെ ഒരു നിരതന്നെ വളർന്നിട്ടുണ്ട്‌. ബൂർഷ്വാ ഭരണകൂടം ഈ വിഭാഗത്തെ താലോലിച്ചുവളർത്തുകയും കോർപറേറ്റ്‌ ഭവനങ്ങൾ അഭൂതപൂർവമായ തോതിൽ സമ്പത്ത്‌ വാരിക്കൂട്ടുകയുമാണ്‌. ഇവർക്ക്‌ അസാമാന്യമായ സാമ്പത്തിക ശക്തി കൈവന്നിട്ടുണ്ട്‌. എണ്ണ, വൈദ്യുതി, ഖാനികൾ, ടെലികമ്യൂണിക്കേഷൻ തുടങ്ങിയ മർമപ്രധാനമായ മേഖലകളിൽ സ്വകാര്യ കുത്തകാധിപത്യം നേടിക്കൊണ്ട്‌ പൊതുമേഖലയ്ക്കുനേരെ അപകടകരമായ വെല്ലുവിളി ഉയർത്തുന്നുണ്ട്‌. അമിതലാഭത്തിനുവേണ്ടി എന്ത്‌ നിന്ദ്യമായ നടപടിക്കും മുതിരുന്ന ഈ വിഭാഗം ബൂർഷ്വാസിയുടെ ലക്ഷ്യം മറ്റ്‌ സാമ്പത്തിക മേഖലകളിലും സ്വന്തം നീരാളിപ്പിടിത്തം ഉറപ്പിക്കുക എന്നതാണ്‌. വിദേശങ്ങളിലേക്കും ഇവരുടെ കരാളഹസ്തങ്ങൾ നീളുന്നുണ്ട്‌.
2. ഉദാരവൽക്കരണ ആഗോളവൽക്കരണ നയം ബഹുരാഷ്ട്ര കുത്തകകൾക്ക്‌ ഇന്ത്യയിൽ സ്വന്തം അടിത്തറ സ്ഥാപിക്കാൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്‌. ഇന്ത്യൻ കോർപറേറ്റ്‌ ഭവനങ്ങൾ ഈ കോർപറേഷനുകളുമായി പങ്കാളിത്ത കച്ചവടത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. ചില ഇന്ത്യൻ കോർപറേറ്റുകൾ കുറച്ചധികം വിദേശ ബിസിനസുകൾ വിലയ്ക്കെടുത്തിട്ടുണ്ട്‌. ഇവർ തമ്മിലുള്ള ലയനങ്ങളും വിലയ്ക്കുവാങ്ങലുകളും നടക്കുന്നു. ധനപരമായ ശക്തി ഉപയോഗിച്ച്‌ സാമ്പത്തിക മേഖലയിൽ മാത്രമല്ല, രാഷ്ട്രീയ രംഗത്തും ഇതരരംഗങ്ങളിലും സർക്കാർ നയത്തെ സ്വാധീനിക്കാൻ ഇവർക്ക്‌ കഴിവുണ്ട്‌. യൂണിയൻ ക്യാബിനറ്റിൽ അംഗങ്ങളെ തീരുമാനിക്കുന്നതിനുപോലുമുള്ള കോർപറേറ്റ്‌ സ്വാധീനം നീറാറാഡിയ ടേപ്പ്‌ സംഭവത്തോടെ വെളിച്ചത്തുവരികയുണ്ടായല്ലോ. ഇപ്പോഴത്തെ ഭരണവാഴ്ചയിൽ അദാനി, അംബാനിമാരാണ്‌ നയങ്ങൾ തീരുമാനിച്ചുകൊടുക്കുന്നത്‌.
3. സമ്പദ്ഘടനയുടെയും രാഷ്ട്രീയരംഗത്തേയും കോർപറേറ്റ്‌ വൽക്കരണം നമ്മുടെ സംസ്കാരം, ഭാഷ , സാഹിത്യം എന്നിവയെല്ലാം പ്രതികൂലമായി സ്വാധീനിക്കുന്നുണ്ട്‌. ഉപഭോക്തൃ പ്രവണത എല്ലാ രംഗത്തും മുഴച്ചുനിൽക്കുന്നതായി കാണാം.
4. ബഹുരാഷ്ട്ര കുത്തകകളുമായി കൈകോർത്തുപിടിച്ചുകൊണ്ട്‌ വൻതോതിലുള്ള അഴിമതിക്കും ദേശീയ ജീവിതത്തിൽ പണക്കൊഴുപ്പിന്റെ കളികൾക്കും കോർപറേറ്റ്‌ മുതലാളിത്തം കളമൊരുക്കിയിട്ടുണ്ട്‌. സമീപകാലത്ത്‌ പുറത്തുകൊണ്ടുവന്ന കുംഭകോണങ്ങളെയും അഴിമതികളുടെയും വേരുകൾ ചെന്നെത്തിനിൽക്കുന്നത്‌ ദേശീയ വിഭവങ്ങളെ കൊള്ളചെയ്ത്‌ സമ്പത്ത്‌ ആർജിക്കാനുള്ള മുതലാളിത്തത്തിന്റെ അത്യാർത്തിയിലാണ്‌.