2014, നവംബർ 17, തിങ്കളാഴ്‌ച

കംമ്യുനിസ്റ്റുകാരെ ചരിത്രം പഠിപ്പിയ്ക്കാന്‍ നടക്കുന്ന ആര്‍.എസ്.എസ് / യുവമോര്‍ച്ചാ സംഘികള്‍ക്ക് ഒരു മറുപടി..

കുറച്ചു വര്‍ഷങ്ങള്‍ ആയി, ഫേസ്ബുക്ക് ഉള്‍പ്പടെ ഉള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ കൂടെ തങ്ങളുടെ നയങ്ങള്‍ക്ക് അനുകൂലമാകും വിധം നുണകളുടെ കൂമ്പാരം ഒഴുക്കുന്നതിന് വേണ്ടി, ഡല്‍ഹിയില്‍ ഒരു ഓഫീസ് തുറന്നു വെച്ചിരിയ്ക്കുന്ന ഒരു പാര്‍ട്ടിയാണ് ബി.ജെ.പി എന്നത് എല്ലാവര്‍ക്കും അറിയാവുന്ന വസ്തുത ആണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് നരേന്ദ്രമോഡിയ്ക്ക് വേണ്ടി ഫോട്ടോഷോപ്പുകളും, വ്യാജവാര്‍ത്തകളും ചമച്ച് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ പ്രചരിപ്പിയ്ക്കാന്‍ വന്‍പിച്ച മത്സരം തന്നെ സംഘപരിവാര്‍ ഭക്തര്‍ നടത്തുകയുണ്ടായി. അതിന്റെ ഒരു ഉദാഹരണം ഇവിടെ കാണാം.
"മോഡിയുടെ ഫോട്ടോഷോപ്പ് തരികിടകള്‍"
എന്തായാലും ഇപ്പോള്‍ ഭരണം കിട്ടിയ സ്ഥിതിയ്ക്ക്, പുരോഗമന പ്രസ്ഥാനങ്ങളുമായി ഇഴ ചേര്‍ന്നു കിടക്കുന്ന കേരളത്തിന്റെ ചരിത്രം തന്നെയങ്ങ് മാറ്റി എഴുതി കളയാം എന്നൊരു വ്യാമോഹം സംഘപരിവാര സദാചാരികള്‍ക്ക് ഉണ്ടായതില്‍ അതിശയം ഇല്ല. അതിന്റെ ഭാഗമായി ആര്‍.എസ്.എസ്, യുവമോര്‍ച്ച എന്നീ സംഘടനകളുടെ പേരില്‍ കുറെ പോസ്റ്റുകളും, പോസ്റ്ററുകളും ഫേസ്ബുക്കില്‍ പറന്നു കളിയ്ക്കുന്നുണ്ട്.
ഇന്ത്യയില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി ആദ്യമായി ഉണ്ടായത് 1936ലും, കേരളത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഉണ്ടായത് 1939ലും ആണെന്നും, ആയതിനാല്‍ കേരളത്തിന്റെ സാമൂഹിക പരിഷ്കരണ സമരങ്ങളില്‍ ആ പാര്‍ട്ടിയ്ക്ക് ഒരു പങ്കും ഇല്ലെന്ന് തെളിയുന്നു... കാരണം എന്താ... കേരളത്തിലെ എല്ലാ സാമൂഹിക പരിഷ്കരണവും 1939 ന് മുന്‍പേ അവസാനിച്ചു പോയി... അതിനാല്‍ വീരവാദം മുഴക്കാതെ “ചരിത്രം പഠിയ്ക്കൂ സഖാക്കളെ” എന്നൊക്കെ വമ്പിച്ച ആഹ്വാനം ഒക്കെ ചെയ്താണ് ഗോള്‍വള്‍ക്കറിന്റെയും ഗോഡ്സേയുടെയും പിന്‍തലമുറക്കാരുടെ പ്രചാരണ പോസ്റ്ററുകള്‍..
ഒരു പെണ്ണും ആണും കൂടി ചുംബിച്ചാല്‍ തകര്‍ന്നു പോകുന്ന അത്ര ദുര്‍ബലമായ ആ.ഭാ.സം (ആര്‍ഷ ഭാരത സംസ്കാരം) എന്ന കണ്ണാടിപാത്രം, കണ്ണിലെ കൃഷ്ണമണി പോലെ “സംരക്ഷിച്ചു” നിര്‍ത്തുന്ന സംഘപരിവാറുകാരുടെ വിവരകേടുകള്‍ക്ക് മറുപടി എഴുതി, വിലപ്പെട്ട സ്വന്തം സമയം നഷ്ടമാക്കാന്‍, ദിഗംബരന്‍ സാധാരണ തുനിയാറില്ല. “നായയുടെ വാല് കുഴലില്‍ ഇട്ട് നേരെയാക്കാന്‍” ശ്രമിയ്ക്കുന്നത് പോലൊരു വ്യഥാവ്യായാമം ആണ്, ആ.ഭാ.സക്കാരെ ചരിത്രം പഠിപ്പിയ്ക്കാന്‍ പോകുന്നത് എന്ന് അറിയാം.
പക്ഷെ ചരിത്രം അറിയാത്ത ഒരു പുതുതലമുറയെ “ആശയകുഴപ്പത്തില്‍” ആക്കാന്‍ ഉള്ള ഒരു ശ്രമമല്ലേ എന്ന് തോന്നിയതിനാല്‍, മറുപടി എഴുതാം എന്ന് കരുതി.
ഇനി നമുക്ക് ആ ആ.ഭാ.സം പോസ്റ്ററില്‍ ഉള്ള ആദ്യവാചകം നോക്കാം..
“ഭാരതത്തില്‍ കമ്മികള്‍ ഉണ്ടായത് 1936ല്‍”...
ഈ പോസ്റ്റര്‍ തയ്യാറാക്കിയ ആര്‍.എസ്.എസ്സുകാരന്റെ “ചരിത്രവിജ്ഞാനം” ശരിയ്ക്കും അളക്കുന്ന വാചകം..
എന്താണെന്നല്ലേ..
ഇന്ത്യയില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഉണ്ടായത് 1936ല്‍അല്ല.
കൃത്യമായി പറഞ്ഞാല്‍ 1925 ഡിസംബർ 26ല്‍....
ആ ദിവസം കാൻപൂരിൽ വച്ചാണ്‌ ബ്രിട്ടീഷ് ഇന്ത്യയിലെ വിവിധ കമ്മ്യൂണിസ്റ്റ്സംഘങ്ങളുടെ ആദ്യത്തെ സമ്മേളനം നടക്കുന്നത്. അവിടെ വച്ചാണ് സി.പി.ഐ (കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ) എന്ന രാഷ്ട്രീയ പ്രസ്ഥനത്തിന്റെ ഉദയം പ്രഖ്യാപിക്കപ്പെടുകയും അതിന്റെ ഭരണഘടന അംഗീകരിക്കപ്പെടുകയും ചെയ്തത്. സ:എസ്.വി.ഘാട്ടെ ആയിരുന്നു സി.പി.ഐയുടെ ആദ്യ ജനറൽസെക്രട്ടറി.
എന്നാല്‍ ഈ സമ്മേളനം നടക്കുന്നതിന് വളരെ മുന്‍പ് തന്നെ, ഇന്ത്യയിലെ പല ഭാഗത്തും ആയി കമ്മ്യുണിസ്റ്റ് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നു. 1917ല്‍ നടന്ന റഷ്യന്‍ വിപ്ലവത്തിന്റെ വിജയം ആയിരുന്നു ഈ ഗ്രൂപ്പുകള്‍ ഉണ്ടാകാനുള്ള പ്രചോദനം. 1920 ഒക്ടോബര്‍ 17ന് തന്നെ റഷ്യയില്‍ ജോലി ചെയ്തിരുന്ന ചില വിദേശഇന്ത്യക്കാര്‍, എം.എന്‍.റോയ്, അബനി മുഖര്‍ജി എന്നിവരുടെ നേതൃത്വത്തില്‍ ഒത്തുചേര്‍ന്ന് മോസ്കോയില്‍ വെച്ച് ഒരു കമ്മ്യുണിസ്റ്റ് ഗ്രൂപ്പിന് രൂപം നല്‍കിയിരുന്നു. പിന്നീട് ഇന്ത്യയിലും ധാരാളം കമ്മ്യുണിസ്റ്റ് ഗ്രൂപ്പുകള്‍ ഉണ്ടായി.
അവയില്‍ പ്രധാനപ്പെട്ടവ ഇവയായിരുന്നു.
1) മുസാഫിര്‍ അഹമ്മദിന്റെ നേതൃത്വത്തില്‍ ഉള്ള ബംഗാള്‍ ഗ്രൂപ്പ്
2) എസ്.എ ദാന്ഗെയുടെ നേതൃത്വത്തില്‍ ഉള്ള ബോംബെ ഗ്രൂപ്പ്
3) ശിങ്കാരവേലു ചെട്ടിയാരുടെ നേതൃത്വത്തില്‍ ഉള്ള മദ്രാസ്‌ ഗ്രൂപ്പ്
4) ഗുലാം ഹുസൈന്റെ നേതൃത്വത്തില്‍ ഉള്ള പഞ്ചാബ് ഗ്രൂപ്പ്
5) ഷൌക്കത്ത് ഉസ്മാനിയുടെ നേതൃത്വത്തില്‍ ഉള്ള സംയുക്ത മധ്യമേഖല ഗ്രൂപ്പ്
കമ്മ്യുണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ രാജ്യദ്രോഹ ക്രിമിനല്‍ കുറ്റമായി കണക്കാക്കി ബ്രിട്ടീഷുകാര്‍ നിരോധിച്ച അക്കാലത്ത്, രഹസ്യമായി ആയിരുന്നു ഈ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം.
1921നും 1924നും ഇടയില്‍, ഒന്നാം പെഷവാര്‍ ഗൂഡാലോചന കേസ്, മോസ്കോ ഗൂഡാലോചന കേസ് , രണ്ടാം പെഷവാര്‍ ഗൂഡാലോചന കേസ്, കാണ്പൂര്‍ ഗൂഡാലോചന കേസ് എന്നിങ്ങനെ നാല് ഗൂഡാലോചന കേസുകള്‍ ആണ് ബ്രിട്ടീഷ് സര്‍ക്കാര്‍ കമ്മ്യുണിസ്റ്റ് നേതാക്കന്മാരുടെ മേല്‍ ചുമത്തിയത്.
ഇവയില്‍ ഏറ്റവും പ്രമാദമായ കാണ്പൂര്‍ ഗൂഡാലോചന കേസില്‍, 1924 മാര്‍ച്ച് 17ന് സഖാക്കള്‍ എം.എന്‍.റോയ്, എസ്.എ.ദാന്ഗെ, മുസാഫിര്‍ അഹമ്മദ്, നളിനി ഗുപ്ത, ഷൌക്കത്ത് ഉസ്മാനി, ആര്‍.സി.ശര്‍മ്മ എന്നിവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. “ബ്രിട്ടീഷ് സാമ്രാജ്യത്തെ തകര്‍ത്ത് ഇന്ത്യയെ സ്വതന്ത്രരാജ്യം ആക്കാന്‍ സായുധ വിപ്ലവം നടത്താന്‍ ഗൂഡാലോചന നടത്തി എന്നായിരുന്നു” അവര്‍ക്കെതിരെ ചുമത്തിയ കുറ്റം.
അന്ന് നിലവില്‍ ഉണ്ടായിരുന്ന നിയമം അനുസരിച്ച് കോടതി നടപടികള്‍ സെന്‍സര്‍ ചെയ്യാതെ റിപ്പോര്‍ട്ട് ചെയ്യാന്‍ പത്രങ്ങള്‍ക്ക് അവകാശം ഉണ്ടായിരുന്നു. അതിനാല്‍ ഈ കേസിന്റെ വിചാരണയും റിപ്പോര്‍ട്ടുകളും വഴി കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തെ കുറിച്ച് രാജ്യമാകെ ചര്‍ച്ച നടക്കാനും, അത് വഴി കമ്മ്യുണിസ്റ്റ് ആശയങ്ങള്‍ക്ക് നല്ല പ്രചാരണം കിട്ടാനും ഇടയായി.
മേല്‍ പറഞ്ഞ ഗ്രൂപ്പുകള്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ പല ഭാഗത്തും വര്‍ഷങ്ങള്‍ ആയി പ്രവര്‍ത്തിച്ചു വന്ന കമ്മ്യുണിസ്റ്റ് ഗ്രൂപ്പുകള്‍ ആണ് കാണ്പൂരില്‍ സമ്മേളനം കൂടി സി.പി.ഐ രൂപീകരിച്ചത്.
കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണത്തിന് മുന്പ് തന്നെ ഇന്ത്യയില്‍ എങ്ങും കമ്മ്യുണിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ സജീവം ആയിരുന്നു എന്ന്‍ പറയാന്‍ വേണ്ടി മാത്രമാണ് ഇത്രയും വിശദീകരിച്ചത്.
ബ്രിട്ടീഷ് അധികാരികളുടെ കണ്ണ് വെട്ടിച്ച്, നിരോധിയ്ക്കപ്പെട്ട അവസ്ഥയിലും കമ്മ്യുണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനം വ്യാപകം ആക്കാനായി കമ്മ്യുണിസ്റ്റ് പ്രവര്‍ത്തകര്‍ ഒരു തന്ത്രം പ്രയോഗിച്ചു. അക്കാലത്ത് പ്രധാനമായി രാഷ്ട്രീയ രംഗത്ത്‌ ഉണ്ടായിരുന്നു ഇന്ത്യന്‍ നാഷണല്‍ കൊണ്ഗ്രെസ്സില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച്, അതിനുള്ളില്‍ ഇടതുപക്ഷ-സോഷ്യലിസ്റ്റ് ഗ്രൂപ്പുകള്‍ ഉണ്ടാക്കി പ്രവര്‍ത്തനം വ്യാപകം ആക്കുക. ഇന്ത്യന്‍ നാഷണല്‍ കൊണ്ഗ്രെസ്സിനുള്ളില്‍ ഒരു സോഷ്യലിസ്റ്റ് ഗ്രൂപ്പ് ഉണ്ടാക്കാനും, അത് വഴി വിജയകരമായി സ്വന്തം സംഘടനാ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ട് പോകാനും കമ്മ്യുണിസ്റ്റ് പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. അതോടൊപ്പം തന്നെ അഖിലേന്ത്യ വർകേഴ്സ് ആൻഡ്‌ പെസന്റ്സ് പാർട്ടി എന്ന പേരിലും ഒരു തൊഴിലാളി സംഘടന ഉണ്ടാക്കി കമ്മ്യുണിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ രാജവ്യാപകം ആക്കി. വിദ്യാർഥി സംഘടനയായ എ.ഐ.എസ്.എഫ് , കർഷക സംഘടനയായ അഖിലേന്ത്യ കിസാൻ സഭ (എ.ഐ.കെ.എസ്), പുരോഗമന സാഹിത്യ സംഘടന എന്നിവ 1936ല്‍ സംഘടിപ്പിക്കപ്പെട്ടു
കേരളത്തിലും ഇത്തരത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോൺഗ്രസ്സ്‌ സംഘടനയുടെ ഉള്ളില്‍ കോൺഗ്രസ്സ് സോഷ്യലിസ്റ്റ്‌ വിഭാഗം എന്ന ലേബലില്‍ ആയിരുന്നു കമ്മ്യുണിസ്റ്റുകാരുടെ പ്രവര്‍ത്തനം. അക്കാലത്ത് നടന്ന ഗുരുവായൂര് സത്യാഗ്രഹം അടക്കമുള്ള എല്ലാ സാമൂഹിക പ്രക്ഷോഭങ്ങളിലും കമ്മ്യുണിസ്റ്റ് പ്രവര്‍ത്തകര്‍ ഈ വിധം സജീവമായി പങ്കെടുത്തു.
കേരളമെങ്ങും സംഘടനാപ്രവര്‍ത്തനം വ്യാപിച്ചു കഴിഞ്ഞു എന്ന് ഉറപ്പിച്ച ശേഷം, കോൺഗ്രസ്സ്‌ സംഘടനയിൽ കോൺഗ്രസ്സ് സോഷ്യലിസ്റ്റ്‌ വിഭാഗമായി പ്രവര്‍ത്തിച്ചിരുന്ന കമ്മ്യുണിസ്റ്റ് പ്രവര്‍ത്തകര്‍, 1939 ഡിസംബറിൽ കണ്ണൂർ ജില്ലയിലെ പിണറായിയിലെ പാറപ്രത്ത് വച്ച് കേരളത്തിലെ ഒവ്ദ്യോഗിക കമ്മ്യൂണിസ്റ്റ്‌ പാർട്ടിയ്ക്ക് രൂപം കൊടുത്തു. ജന്മികളും, ഭൂപ്രഭുക്കന്മാരുടെ നടത്തിയ ചൂഷണങ്ങള്‍ക്കെതിരെ കര്‍ഷകരെയും, തൊഴിലാളികളെയും, കുടിയാന്മാരെയും സംഘടിപ്പിച്ചു ശക്തമായി പൊരുതി തന്നെയാണ് ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ഒരു രാഷ്ട്രീയ പ്രസ്ഥാനമായി കമ്മ്യുണിസ്റ്റ് പാര്‍ട്ടി വളര്‍ന്നത്‌. “ഭൂപരിഷ്കരണം”, “വിദ്യാഭ്യാസ സംരക്ഷണം”, “തൊഴിലാളികളുടെ അവകാശ സംരക്ഷണം”, “സമ്പൂര്‍ണ്ണ സാക്ഷരത” എന്നിവയൊക്കെ കേരളത്തില്‍ സാധ്യമായതില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ പങ്ക് നിഷേധിയ്ക്കാന്‍, തലയ്ക്കു വെളിവുള്ള ആരെകൊണ്ടും കഴിയില്ല. “അമേരിക്കന്‍ മോഡല്‍ സ്വതന്ത്ര തിരുവിതാംകൂര്‍” എന്ന ദിവാന്‍ സി.പി യുടെ സ്വപ്നത്തിന്റെ ചിറകരിഞ്ഞ് കേരള സംസ്ഥാന രൂപീകരണം സാധ്യമാക്കിയ പ്രക്ഷോഭങ്ങളിലും കമ്മ്യുണിസ്റ്റുകാര്‍ വഹിച്ച പങ്ക് നിസ്തുലം ആണ്.
ഇനി പോസ്റ്ററിലെ മറ്റ് വാചകങ്ങള്‍ ശ്രദ്ധിയ്ക്കാം.
ചാന്നാര്‍ ലഹള, വൈക്കം സത്യാഗ്രഹം, ഗുരുവായൂര് സമരം എന്നൊക്കെ ഉള്ള ആ വാചക കസര്‍ത്ത് കണ്ടാല്‍ തോന്നുക 1936 എന്ന വര്‍ഷത്തോടെ കേരളത്തിലെ എല്ലാ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളും അവസാനിച്ചു എന്നും, കേരളം “ജാതി മത സാമ്പത്തിക ആസ്വമത്വങ്ങള്‍ ഇല്ലാത്ത ഒരു “മാവേലി നാട്” ആയി മാറി എന്നും ആണ്. ചരിത്രത്തെ കുറിച്ചുള്ള വിവരകേടിന്റെ ഇതിലും വലിയ ഉദാഹരണം വേറെ ഇല്ല.
അയിത്തച്ചോടനം നടത്തിയത് കൊണ്ട് കേരളത്തിൽ ജാതിചിന്തയും അയിത്തവും ഒക്കെ 1917 സ്വിച്ചിട്ട പോലെ നിന്നു എന്നു വിശ്വസിക്കണമെങ്കിൽ‌ അത് ‌ജന്മനാ മന്ദബുദ്ധികള്‍ ആയ സംഘികൾക്കേ പറ്റൂ.
ജാതിഭ്രാന്തിന്റെ പീഡനങ്ങള്‍ പിന്നെയും വളരെകാലം തുടര്‍ന്നു. ഒരു ദിവസം ഒരുമിച്ചിരുത്തി പന്തിഭോജനം നടത്തിയ ശേഷം വര്‍ഷത്തിലെ ബാക്കി മുഴുവന്‍ ദിവസവും കുഴി കുത്തി പാളയിൽ കഞ്ഞി കൊടുക്കയും ചെയ്താൽ ജാതിഭ്രാന്തും അയിത്തവും മാറില്ല. ജാതി മത വ്യത്യാസം നോക്കാതെ അടിച്ചമര്‍ത്തപ്പെട്ടവന്റെ കുടിലുകളില്‍ ചെന്ന് കയറി ആ അശരണരുടെ സ്നേഹത്തിന്റെ നേരകഞ്ഞിയില്‍ ഒരു പങ്ക് പറ്റി, കമ്മ്യുണിസ്റ്റ് സഖാക്കള്‍ ആ ജാതിഭ്രാന്തിന്റെ വേലിക്കെട്ടുകള്‍ തകര്‍ക്കുകയായിരുന്നു.
കേരളത്തിന്റെ മണ്ണില്‍ ശ്രീ നാരായണഗുരുവും, അയ്യന്‍കാളിയും, ചട്ടമ്പി സ്വാമികളും, വി.ടി.ഭട്ടതിരിപ്പാടും, സഹോദരന്‍ അയ്യപ്പനും ഒക്കെ വിതച്ച ജാതി, മതഭേദങ്ങള്‍ക്ക് എതിരെയുള്ള പോരാട്ടം മുന്നോട്ടു കൊണ്ട് പോയതും, അതിനെ ഇന്നത്തെ ആധുനിക സാമൂഹിക ക്രമത്തില്‍ എത്തിച്ചതിലും ഒക്കെ കമ്മ്യുണിസ്റ്റ് പ്രസ്ഥാനം വഹിച്ച നിര്‍ണ്ണായക പങ്കിനെ തള്ളികളയാന്‍, സ്വന്തം തൊഴിലിനോട് സത്യസന്ധത പുലര്‍ത്തുന്ന ഒരു ചരിത്രകാരനും കഴിയില്ല.
കുടിയാന് പാട്ടവസ്തുക്കളില്‍ മേലുള്ള അവകാശം 1865ല്‍ കിട്ടി എന്നാണ് ഈ പോസ്റ്റര്‍ ഇറക്കിയ മന്ദബുദ്ധികളുടെ അവകാശവാദം.
ഉണ്ടയാണ് കിട്ടിയത്!
അങ്ങനെ എളുപ്പമായിരുന്നു കാര്യങ്ങള്‍ എങ്കില്‍, ജന്മിമാര്‍ കുടിയാന് മേല്‍ നടത്തിയ ഉടമഅധികാരത്തെ ആധാരമാക്കി 1937 ല്‍ പോലും ചങ്ങമ്പുഴ കൃഷ്ണപിള്ളയ്ക്ക് “വാഴക്കുല” എന്ന കവിത എഴുതേണ്ട ഗതികേട് വരില്ലായിരുന്നു.
കുടിയാനെ അടിമയെപ്പോലെ കണ്ടിരുന്ന, അവന് ഒരു അവകാശവും നല്‍കാത്ത സാമൂഹിക വ്യവസ്ഥ പിന്നെയും സംസ്ഥാന രൂപീകരണത്തിന് ശേഷവും കേരളത്തില്‍ തുടര്‍ന്നിരുന്നു എന്നറിയാന്‍, ഈ പോസ്റ്റര്‍ ഇറക്കിയവന്‍ പണ്ട് സ്കൂളിലെ അപ്പര്‍ പ്രൈമറി ക്ലാസിലെ ചരിത്രപാഠം എങ്കിലും പഠിച്ചിരുന്നെങ്കില്‍ മതിയായിരുന്നു.
1957 ല്‍ അധികാരത്തില്‍ വന്ന ആദ്യകമ്മ്യുണിസ്റ്റ് സര്‍ക്കാര്‍, ജന്മിത്വം അവസാനിപ്പിച്ച് “കൃഷിഭൂമി കര്‍ഷകന്” എന്ന ലക്ഷ്യത്തോടെ കൊണ്ട് വരാന്‍ ശ്രമിച്ച ഭൂപരിഷ്കരണ നിയമത്തിനെതിരെ സംസ്ഥാനമൊട്ടുക്കും പ്രതിഷേധിച്ച പിന്തിരിപ്പന്മാരുടെ കൂട്ടത്തില്‍ ബി.ജെ.പിക്കാരുടെ ആദ്യരാഷ്ട്രീയ രൂപമായ “ജനസംഘവും” ഉണ്ടായിരുന്നു.
ഒടുവില്‍ 1970ൽ അച്യുതമേനോൻ സർക്കാർ ഭൂപരിഷ്കരണ നിയമം പ്രാബല്യത്തില്‍ ആക്കിയ ശേഷമാണ്, കേർളത്തിലെ ഏറിയ കൂറു കുടിയന്മാർക്കും സ്വന്തമായി ഭൂമി കിട്ടിയത്
ഇനി നമുക്ക് ഈ പോസ്റ്ററുകള്‍ ഇറക്കിയ ആര്‍.എസ്.എസ് എന്ന സംഘടനയുടെ ചരിത്രം പരിശോധിച്ചു നോക്കാം.
ഇന്ത്യയില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഉണ്ടായ അതേ വര്ഷം; 1925 ൽ ബ്രിട്ടീഷുകാരുടെ അനുഗ്രഹാശസ്സുകളോടെ ആയിരുന്നു രാഷ്ട്രീയ സ്വയം സേവക സംഘം എന്ന ആര്‍.എസ്.എസ്സിന്റെ ജനനം.
സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ താണ ജാതിക്കാരെയും, മുസ്ലീങ്ങളെയും പങ്കെടുപ്പിയ്ക്കുന്നതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ നാഷണല്‍ കൊണ്ഗ്രെസ്സില്‍ നിന്നും രാജി വെച്ച ഹെഡ്ഗെവാര്‍ എന്നയാള്‍, ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥയെ പിന്തുടരുന്ന ഒരു സാമൂഹിക ജീവിതത്തെ സ്വപ്നം കണ്ട് ഉണ്ടാക്കിയ ആര്‍.എസ്.എസ്സിലെ ആദ്യകാല സര്‍സഞ്ചാലക്കുമാര്‍ എല്ലാം മറാത്താ ബ്രാഹ്മന്മാര്‍ ആയിരുന്നു.
കമ്മ്യുനിസ്ടുകാര്‍ നേരിട്ട പോലെ ബ്രിട്ടീഷ് സര്‍ക്കാരിന്റെ നിരോധനമോ, അടിച്ചമര്‍ത്തലോ, അറസ്റ്റും ജയില്‍വാസവും ഒന്നുമോ, ആര്‍.എസ്.എസ് ഒരിയ്ക്കലും നേരിട്ടിട്ടില്ല. എന്നിട്ടും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ മരുന്നിന് പോലും ഒരു സ്വയം സേവകനും പങ്കെടുത്തിട്ടില്ല എന്നത് പ്രത്യേകം ശ്രദ്ധിയ്ക്കേണ്ട കാര്യം ആണ്.
രൂപീകൃതമായതു മുതൽ ഇന്നു വരെ ഭാരതം എന്ന ജനാധിപത്യ മതേതര രാജ്യത്തെ നശിപ്പിക്കാൻ ശ്രമിച്ച ഒരു സംഘടന വേറെ ഉണ്ടോ എന്ന് സംശയമാണ്. ബംഗാളിലെ ബാവുള്‍ഗായകരുടെ സംഘടന മുതല്‍ ചിദംബരത്തെ പാവക്കൂത്തുക്കാരുടെ കൂട്ടായ്മ വരെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തു എന്ന് ചരിത്രം. രാജ്യം മുഴുവൻ സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിലേക്ക് സ്വയം എടുത്തെറിഞ്ഞപ്പോൾ അതിന് മുഖം തിരിച്ചു നിന്നതു മുതൽ തുടങ്ങുന്നു സംഘികളുടെ ദേശ പ്രേമം!
“രാഷ്ട്രവൃക്ഷ് കീ ബീജ്’ എന്ന പുസ്തകത്തിൽ സംഘത്തിന്റെ സമുന്നത നേതാവ് ‘ഗുരുജി’ ഗോൾവാൾക്കർ തന്നെ പറയുന്നു, “സ്വാതന്ത്ര്യ സമരം സംഘത്തിന്റെ ലക്ഷ്യമല്ല എന്ന്!”
മുകളിൽ പറഞ്ഞ ‘പൂജനീയ’ ഗുരുജി ഗോൾവാൾക്കർ അത് കൊണ്ടും നിർത്തിയില്ല. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് രക്തസാക്ഷികൾ ആയവരെ രാജ്യം ധീര ദേശാഭിമാനികൾ ആയി ഉയർത്തി കാട്ടുമ്പോൾ, സർ സംഘ ചാലകൻ അവരെ ഒക്കെ പുച്ഛിക്കുന്നത് നോക്കൂ:
"There is no doubt that such men who embrace martyrdom are great heroes and their philosophy too is pre-eminently manly. They are far above the average men who meekly submit to fate and remain in fear and inaction. All the same, such persons are not held up as ideals in our society. We have not looked upon their martyrdom as the highest point of greatness to which men should aspire. For, after all, they failed in achieving their ideal, and failure implies some fatal flaw in them."
സ്വാതന്ത്ര്യ സമരം നടക്കുമ്പോൾ മാങ്ങ പറിക്കാൻ പോയ രാഷ്ട്രീയ സ്വയം സേവക സംഘം ബ്രിട്ടീഷുകാരോടുള്ള വിധേയത്വവും മറച്ചു വെക്കുന്നില്ല. 1960ല്‍ ഇന്‍ഡോറില്‍ ഗോള്‍വാള്‍ക്കര്‍ പറഞ്ഞത് ഇങ്ങനെ:
"Many people worked with the inspiration to free the country by throwing the British out. After formal departure of the British this inspiration slackened. In fact there was no need to have this much inspiration. We should remember that in our pledge we have talked of the freedom of the country through defending religion and culture. There is no mention of departure of the British in that."
സ്വാതന്ത്ര്യ സമരത്തിന്റെ ഏഴയലത്ത് കൂടെ പോയിട്ടില്ലെങ്കിലും, ബ്രിട്ടീഷുകാർക്ക് വിടുവേല ചെയ്തെങ്കിലും, ദേശപ്രേമത്തിന്റെ ബാനർ പിടിക്കുന്നത് സംഘപരിവാരത്തിന് മാത്രം പതിച്ചു കിട്ടിയ ഒരു അവകാശമെന്ന രീതിയിലാണവരുടെ പെരുമാറ്റം.
കേരളത്തില്‍ താണജാതിക്കാരെയും, അന്യമതസ്ഥരെയും ദ്രോഹിയ്ക്കാനും, അടിച്ചമര്‍ത്താനും കൂട്ട് നിന്ന ഒരു ചരിത്രപാരമ്പര്യം മാത്രം ഉള്ള പിന്തിരിപ്പന്മാരായ സംഘപരിവാറുകാര്‍ ഒന്നോര്‍ക്കുക..
കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങളുടെ കേരളത്തിലെ സ്ഥാനം അളക്കാന്‍ മാത്രം ധാര്‍മികതയോ, ചരിത്ര പിന്തുണയോ നിങ്ങള്‍ക്കില്ല. ഒരു സാമൂഹിക മാറ്റവും നിങ്ങള്‍ ഇവിടെ ഉണ്ടാക്കിയിട്ടുമില്ല. വല്ല സദാചാര പോലീസ് ഗുണ്ടായിസം കാണിയ്ക്കാനും, വല്ലപോഴും ഒരു “മാറാട്” പുന:സൃഷ്ടിയ്ക്കാനും മാത്രമേ നിങ്ങള്‍ക്ക് കഴിയൂ.. അത് കൊണ്ട് തന്നെയാണ് ഇന്നും കേരള ജനത നിങ്ങളെയൊക്കെ കേരള സമൂഹത്തിന്റെ വേലിക്കപ്പുറത്ത്‌ നിര്‍ത്തിയിരിയ്ക്കുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ