2014, ഒക്‌ടോബർ 30, വ്യാഴാഴ്‌ച

മാറ് മറച്ചൊരു സമരവും, സദാചാര ഗുണ്ടാ വിരുദ്ധ കൂട്ടായ്മയും!

വര്‍ഷം 1829.
തിരുവിതാംകൂര്‍ മുഴുവന്‍ ആ വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു.
ചാന്നാര്‍ ജാതിയില്‍ പെട്ട പെണ്ണുങ്ങള്‍ മാറ് മറച്ച് “റവുക്ക” ധരിച്ച്, ഒരു പ്രതിഷേധ ജാഥ നടത്താന്‍ പോകുന്നു. ആ പ്രതിഷേധത്തിന്റെ ലക്ഷ്യം ഒന്ന് മാത്രം.
പെണ്ണുങ്ങള്‍ക്ക്‌ മാറ് മറച്ചു നടക്കാനുള്ള അവകാശം നല്‍കുക.
ചാന്നാര്‍ സമുദായത്തിലെ തന്നെ പുരോഗമനചിന്തയുള്ള യുവാക്കള്‍ ആയിരുന്നു ജാഥയുടെ പ്രധാന സംഘാടകര്‍.
ആ ജാഥയെ കുറിച്ചുള്ള വാര്‍ത്ത കേരള സമൂഹത്തെയാകെ ഇളക്കി മറിച്ചു. സമുദായ പ്രമാണിമാര്‍ ഞെട്ടി.
പെണ്ണുങ്ങള്‍...അതും താണജാതിക്കാര്‍ .. അവര്‍ക്കിത്ര ധിക്കാരമോ?
ബ്രാഹ്മണ- ക്ഷത്രിയ വരേണ്യ വര്‍ഗ്ഗം കോപം കൊണ്ട് വിറച്ചു!
അന്ന് വരെ നാട്ടില്‍ പാരമ്പര്യമായി നിലനിന്ന ചില സമ്പ്രദായങ്ങള്‍ ഉണ്ടായിരുന്നു. കേരള സംസ്കാരത്തിന്റെ തകര്‍ക്കാനാകാത്ത മാമൂലുകള്‍. അതില്‍ വളരെ പ്രധാനമായിരുന്നു മാറ് മറയ്ക്കാതെ നടക്കുന്ന പെണ്ണുങ്ങളുടെ വസ്ത്രധാരണ സമ്പ്രദായം.
ഒറ്റനോട്ടത്തില്‍ത്തന്നെ ഒരാള്‍ ഏത് ജാതിയില്‍പ്പെട്ടവനാണെന്ന് അറിയണം, ആ വിധത്തിലേ വസ്ത്രം ധരിക്കാവൂ എന്നായിരുന്നു നാട്ടുനടപ്പ്. അതായത്, ഉടുക്കുന്നത് ജാതിഭേദവും അവസ്ഥാഭേദവും അനുസരിച്ച് മാത്രം. മുട്ടിനു മേല്‍വരെ, മുട്ടുവരെ, കണങ്കാല്‍ വരെ, എന്നിങ്ങനെ വ്യത്യസ്ത വസ്ത്രധാരണ സമ്പ്രദായം ഓരോ ജാതിയ്ക്കും അനുവദിച്ചിരുന്നു.
ബ്രാഹ്മണ സ്ത്രീകള്‍ക്ക് ഇല്ലത്തു നിന്നും പുറത്തു പോകുമ്പോള്‍ മാത്രം, ഒരു മേല്‍മുണ്ട്‌ ഉപയോഗിച്ച് മാറ് മറയ്ക്കാന്‍ അവകാശം സിദ്ധിച്ചിരുന്നു. എന്നാല്‍ അമ്പലത്തിലെ വിഗ്രഹത്തിനു മുന്നില്‍ ആ സ്ത്രീ മാറിലെ നഗ്നത തുറന്നുകാട്ടണം എന്ന് വ്യവസ്ഥ വെച്ചിരുന്നു.
ബ്രാഹ്മണര്‍ക്ക് തൊട്ട് താഴത്തെ പദവിയുള്ള നായര്‍ സമുദായത്തിലെ സ്ത്രീകള്‍, അവരെക്കാളും ഉയര്‍ന്ന ജാതിയില്‍ ഉള്ള നമ്പൂതിരി ബ്രാഹ്മണര്‍ക്ക് മുമ്പില്‍ മാറ് മറയ്ക്കാന്‍ പാടില്ല എന്നതായിരുന്നു വ്യവസ്ഥ.
അവര്‍ണ ജാതിക്കാര്‍ മാറ് മറയ്ക്കാനേ പാടില്ലായിരുന്നു എന്നതാണ് വിലക്ക്. മുട്ടിനുമേലെ അരക്കുതാഴെയായി എത്തിനില്‍ക്കുന്ന തരത്തിലുള്ള ഒരു ഒറ്റമുണ്ടു മാത്രമായിരുന്നു ഉടുക്കാന്‍ അനുവാദമുണ്ടായിരുന്നത്.
അക്കാലത്ത് സവര്‍ണ സമുദായത്തിനിടക്ക് നിലനിന്നിരുന്ന ആചാരങ്ങളായ നമ്പൂതിരി ബ്രാഹ്മണരുടെ മുന്നില്‍ നായര്‍സ്ത്രീ മാറിലെ മറ നീക്കി നഗ്നത പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള അഭിവാദ്യമര്‍പ്പിക്കല്‍, ദേവദാസി സമ്പ്രദായം, നായര്‍ തറവാടുകളിലെ സ്ത്രീകള്‍ ശീലിച്ചുവന്ന സംബന്ധം, സവര്‍ണ്ണര്‍ അവര്‍ണ്ണ സ്ത്രീകളുടെ മേല്‍ സ്വന്തം സൌകര്യം അനുസരിച്ച് നിലനിര്‍ത്തിവന്ന വേഴ്ച തുടങ്ങിയവ എല്ലാം, വളരെ കാലമായി അനുവര്‍ത്തിച്ചുവന്ന ശീലമെന്ന നിലക്ക് കേരളസംസ്കാരത്തിന്റെ ഭാഗമായിരുന്നു. മാറ് മറച്ചു നടത്തുന്ന പ്രതിഷേധം അതിനെ ഒക്കെ ചോദ്യം ചെയ്യുന്നതിന്റെ തുടക്കമായി അവര്‍ കരുതി.
എല്ലാ ജാതിയിലും പെട്ട പെണ്ണുങ്ങളുടെ നഗ്നമായ മുലകള്‍ കണ്ട് വളര്‍ന്ന സവര്‍ണ്ണ വര്‍ഗ്ഗത്തിനെ, ആ പ്രതിഷേധ ജാഥയെ പറ്റിയുള്ള വാര്‍ത്ത തന്നെ വെകിളി പിടിപ്പിച്ചതില്‍ അത്ഭുതം ഉണ്ടോ!
എന്തായാലും ജാഥ തീരുമാനിച്ച ദിവസം വന്നെത്തി. വഴിയുടെ രണ്ടു വശവും ആളുകള്‍ തിങ്ങി കൂടി. ‘റവുക്ക’ ധരിച്ച പെണ്ണുങ്ങളെ ജീവിതത്തില്‍ ആദ്യമായി കാണുന്നതിലുള്ള ആകാംഷ ആയിരുന്നു പലര്‍ക്കും.
പറഞ്ഞ സമയത്ത് തന്നെ ജാഥ തുടങ്ങി. മുപ്പതോളം പെണ്ണുങ്ങള്‍ ആയിരുന്നു ജാഥയില്‍ പങ്കെടുത്തത്.
അവരുടെ മുഖത്ത് പരിഭ്രമവും, ഭയവും ഒരുപോലെ നിറഞ്ഞിരുന്നു.
മുട്ടോളം എത്തുന്ന വെള്ള മുണ്ടും, ജീവിതത്തില്‍ ആദ്യമായി ധരിച്ച വെളുത്ത ‘റവുക്ക’യും ആയിരുന്നു വേഷം. അവര്‍ വരിവരിയായി നടന്നു. ജാഥയുടെ രണ്ടു വശത്തും സംഘാടകര്‍ ആയ ചാന്നാര്‍ യുവാക്കള്‍, സംരക്ഷകര്‍ എന്ന പോലെ കൈയ്യില്‍ വടികളുമായി അവരെ അനുഗമിച്ചു.
ജാഥ കാണാന്‍ കൂടിയ ആളുകളില്‍ പലരും ഈ പെണ്ണുങ്ങളെ നോക്കി കൂകി വിളിച്ചു പരിഹസിച്ചു. അസഭ്യവര്‍ഷം വേണ്ടുവോളം രണ്ടു വശത്തും നിന്നും ഉയര്‍ന്നു. എന്നിട്ടും പതറാതെ ജാഥ മുന്നോട്ടു നീങ്ങി.
ജാഥ പോയിരുന്ന പാതയുടെ രണ്ടു വശത്തും ആള്‍കൂട്ടവും, എതിര്‍പ്പുകളും കൂടി കൂടി വന്നു. സ്വന്തം സംസ്കാരം മറന്ന് വിദേശ സംസ്കാരത്തെ പോലെ ‘റവുക്ക’ ധരിച്ച പെണ്ണുങ്ങളെ ആള്‍കൂട്ടം ശാപ വാക്കുകള്‍ കൊണ്ട് പൊതിഞ്ഞു.
ചുറ്റുമുള്ള ആള്‍കൂട്ടം കൂടുന്നതനുസരിച്ച് പെണ്ണുങ്ങളുടെ ധൈര്യവും ചോര്‍ന്നു പോകാന്‍ തുടങ്ങി. അസഭ്യവര്‍ഷം സഹിയ്ക്കാനാകാതെ ഒരു പെണ്ണ് “റവുക്ക” വലിച്ചു കീറി മാറ്റി തന്റെ നഗ്നമായ മാറിടം ജനത്തിന് കാട്ടികൊടുത്തു. അഭിനന്ദനശബ്ദത്തോടെ ജനകൂട്ടം അവളെ പ്രോത്സാഹിപ്പിച്ചു.
ഇത് മറ്റ് പെണ്ണുങ്ങളെയും സ്വാധീനിച്ചു. അവര്‍ ഓരോരുത്തരായി ‘റവുക്ക’ മാറ്റി തുടങ്ങി. സംഘാടകര്‍ ആയ യുവാക്കള്‍ ആവശ്യപ്പെട്ടിട്ടും വീണ്ടും ‘റവുക്ക’ ധരിയ്ക്കാന്‍ അവര്‍ കൂട്ടാക്കിയില്ല.
ഒടുവില്‍ ജാഥ ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോള്‍ ‘റവുക്ക’ ധരിച്ച ഒരേ ഒരു പെണ്ണ് മാത്രമേ അതില്‍ ഉണ്ടായിരുന്നുള്ളൂ. സംഘാടകരില്‍ ധനികനായ ഒരാളുടെ ഭാര്യ ആയിരുന്നു ആ പെണ്ണ്.
ആ പ്രതിഷേധ സമരം പരാജയപ്പെട്ടു എന്ന് ചുരുക്കി പറയാം. പിന്നീടും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് എല്ലാ ജാതിക്കാരായ പെണ്ണുങ്ങള്‍ക്കും മാറ് മറച്ച് ‘റവുക്ക’, ‘ജമ്പര്‍’, തുടങ്ങിയ മേല്‍വസ്ത്രങ്ങള്‍ ധരിയ്ക്കാന്‍ അവകാശം കിട്ടിയത്.
എന്നാല്‍ പുരോഗമന ആശയക്കാരായ ഒരു പറ്റം യുവാക്കള്‍ നടത്തിയ, ആ പ്രതിഷേധജാഥ ഒരു തീപ്പൊരി ആയിരുന്നു.
സമൂഹത്തില്‍ അന്ന് വരെ നില നിന്ന യാഥാസ്ഥിതിക മാമൂലുകളെ ധൈര്യപൂര്‍വ്വം വെല്ലുവിളിച്ച്, പുതിയ കാഴ്ചപ്പാടുകള്‍ തേടാന്‍ പ്രേരിപ്പിയ്ക്കുന്ന ഒരു സാമൂഹികമാറ്റത്തിന്റെ തീപ്പൊരി. ഇപ്പോ
ള്‍ കേരളത്തിലും അത് പോലൊരു മാറ്റത്തിന്റെ തീപ്പൊരി പടരുകയാണ്.
വ്യക്തികളുടെ സ്വകാര്യജീവിതത്തിന്‍ മേല്‍ ബലമായി കടന്നു കയറി സ്വന്തം മത-സാംസ്കാരിക യാഥാസ്ഥിതിക നിയമങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്ന “സദാചാര പോലീസ്” എന്ന് ഓമനപേരില്‍ അറിയപ്പെടുന്ന ‘സാംസ്കാരിക ഗുണ്ട’കളുടെ ചിറകരിയാന്‍ വേണ്ടിയുള്ള ഒരു സാമൂഹികമാറ്റത്തിന്റെ തീപ്പൊരി.
ഏതൊരു ആണും, പെണ്ണും ഒന്നിച്ചിരിയ്ക്കുന്നത് കണ്ടാലോ, സംസാരിയ്ക്കുന്നത് കണ്ടാലോ, ഉടനെ ‘സംസ്കാരത്തിന്റെ’ വാളും പൊക്കിപ്പിടിച്ച് ചാടി വീഴുക എന്നതാണ് സദാചാര ഗുണ്ടകളുടെ സ്വഭാവ സവിശേഷത.
‘മത സംസ്കാരം’ പറഞ്ഞ് സദാചാരം പറയുന്ന സംഘടനകളും, നാട്ടിലെ സദാചാര സൂക്ഷിപ്പുകാര്‍ എന്ന് സ്വയം കരുതുന്ന പ്രമാണിമാരും, എന്തിന് നിയമപാലകന്റെ കുപ്പായം ഇട്ടും കൊണ്ട് സദാചാര പ്രസംഗം നടത്തുന്ന ചില പോലീസുകാര്‍ വരെ ഈ ‘സദാചാര ഗുണ്ടകളുടെ പട്ടികയില്‍ ഉണ്ട്.
പ്രണയം എന്നത് ഏതൊരു മനുഷ്യനെ സംബന്ധിച്ചും ഏറ്റവും മനോഹരമായ ഒരു വികാരം ആണ്. അത് അനുഭവിച്ചവന് മാത്രമേ അതിന്റെ മനോഹാരിത മനസ്സിലാക്കാന്‍ കഴിയൂ. അത് അറിയാത്തവര്‍ ആണ് സദാചാര ഗുണ്ടകളില്‍ ഭൂരിഭാഗവും.
ആണും പെണ്ണും തമ്മില്‍ ഉള്ള ഒരേ ഒരു വികാരം പ്രണയം ആണെന്ന സങ്കല്‍പ്പവും ഈ സദാചാര മേലാപ്പില്‍ അവര്‍ ചുമക്കുന്നുണ്ട്.
സദാചാര ഗുണ്ടകളുടെ മുഖത്തടിയാണ് കൊച്ചിയില്‍ നടക്കാന്‍ പോകുന്ന പ്രതിഷേധ കൂട്ടായ്മ.
എത്ര എതിര്‍പ്പുകള്‍ നേരിട്ടാലും, ഇത്തരം കൂട്ടായ്മകള്‍ കേരളത്തില്‍ എങ്ങും നടക്കണം എന്നാണ് ദിഗംബരന് അഭിപ്രായം. ഒരു ആണും പെണ്ണും ഒരുമിച്ചിരിയ്ക്കുന്നത് കണ്ടാല്‍, ഞരമ്പ്‌ രോഗം വരുന്ന അവസ്ഥ കേരളത്തിലെ ശരാശരി പുരുഷന്റെ തലച്ചോറില്‍ ഇല്ലാതാകുന്നതു വരെ.
ഈ കൂട്ടായ്മയ്ക്ക് എല്ലാ വിജയാശംസകളും നേരുന്നു.
===============
വാല്‍കഷ്ണം:
സദാചാര വിരുദ്ധമായ ഹോട്ടല്‍ അടിച്ചു തകര്‍ക്കാന്‍ വന്നിട്ട് നീ എന്തര് ശിവാ, മിണ്ടാതെ മൊബൈലും നോക്കി നിക്കണെ..
സരിത ആന്റിയുടെ വാട്സ്ആപ്പ് ക്ലിപ്പ് ഇപ്പോള്‍ മൊബൈലില്‍ കിട്ടിയതെ ഉള്ളൂ അണ്ണാ.. ഞാനതൊന്നു കണ്ട് തീര്‍ക്കട്ടെ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ