2014, ഒക്‌ടോബർ 30, വ്യാഴാഴ്‌ച

മാറ് മറച്ചൊരു സമരവും, സദാചാര ഗുണ്ടാ വിരുദ്ധ കൂട്ടായ്മയും!

വര്‍ഷം 1829.
തിരുവിതാംകൂര്‍ മുഴുവന്‍ ആ വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു.
ചാന്നാര്‍ ജാതിയില്‍ പെട്ട പെണ്ണുങ്ങള്‍ മാറ് മറച്ച് “റവുക്ക” ധരിച്ച്, ഒരു പ്രതിഷേധ ജാഥ നടത്താന്‍ പോകുന്നു. ആ പ്രതിഷേധത്തിന്റെ ലക്ഷ്യം ഒന്ന് മാത്രം.
പെണ്ണുങ്ങള്‍ക്ക്‌ മാറ് മറച്ചു നടക്കാനുള്ള അവകാശം നല്‍കുക.
ചാന്നാര്‍ സമുദായത്തിലെ തന്നെ പുരോഗമനചിന്തയുള്ള യുവാക്കള്‍ ആയിരുന്നു ജാഥയുടെ പ്രധാന സംഘാടകര്‍.
ആ ജാഥയെ കുറിച്ചുള്ള വാര്‍ത്ത കേരള സമൂഹത്തെയാകെ ഇളക്കി മറിച്ചു. സമുദായ പ്രമാണിമാര്‍ ഞെട്ടി.
പെണ്ണുങ്ങള്‍...അതും താണജാതിക്കാര്‍ .. അവര്‍ക്കിത്ര ധിക്കാരമോ?
ബ്രാഹ്മണ- ക്ഷത്രിയ വരേണ്യ വര്‍ഗ്ഗം കോപം കൊണ്ട് വിറച്ചു!
അന്ന് വരെ നാട്ടില്‍ പാരമ്പര്യമായി നിലനിന്ന ചില സമ്പ്രദായങ്ങള്‍ ഉണ്ടായിരുന്നു. കേരള സംസ്കാരത്തിന്റെ തകര്‍ക്കാനാകാത്ത മാമൂലുകള്‍. അതില്‍ വളരെ പ്രധാനമായിരുന്നു മാറ് മറയ്ക്കാതെ നടക്കുന്ന പെണ്ണുങ്ങളുടെ വസ്ത്രധാരണ സമ്പ്രദായം.
ഒറ്റനോട്ടത്തില്‍ത്തന്നെ ഒരാള്‍ ഏത് ജാതിയില്‍പ്പെട്ടവനാണെന്ന് അറിയണം, ആ വിധത്തിലേ വസ്ത്രം ധരിക്കാവൂ എന്നായിരുന്നു നാട്ടുനടപ്പ്. അതായത്, ഉടുക്കുന്നത് ജാതിഭേദവും അവസ്ഥാഭേദവും അനുസരിച്ച് മാത്രം. മുട്ടിനു മേല്‍വരെ, മുട്ടുവരെ, കണങ്കാല്‍ വരെ, എന്നിങ്ങനെ വ്യത്യസ്ത വസ്ത്രധാരണ സമ്പ്രദായം ഓരോ ജാതിയ്ക്കും അനുവദിച്ചിരുന്നു.
ബ്രാഹ്മണ സ്ത്രീകള്‍ക്ക് ഇല്ലത്തു നിന്നും പുറത്തു പോകുമ്പോള്‍ മാത്രം, ഒരു മേല്‍മുണ്ട്‌ ഉപയോഗിച്ച് മാറ് മറയ്ക്കാന്‍ അവകാശം സിദ്ധിച്ചിരുന്നു. എന്നാല്‍ അമ്പലത്തിലെ വിഗ്രഹത്തിനു മുന്നില്‍ ആ സ്ത്രീ മാറിലെ നഗ്നത തുറന്നുകാട്ടണം എന്ന് വ്യവസ്ഥ വെച്ചിരുന്നു.
ബ്രാഹ്മണര്‍ക്ക് തൊട്ട് താഴത്തെ പദവിയുള്ള നായര്‍ സമുദായത്തിലെ സ്ത്രീകള്‍, അവരെക്കാളും ഉയര്‍ന്ന ജാതിയില്‍ ഉള്ള നമ്പൂതിരി ബ്രാഹ്മണര്‍ക്ക് മുമ്പില്‍ മാറ് മറയ്ക്കാന്‍ പാടില്ല എന്നതായിരുന്നു വ്യവസ്ഥ.
അവര്‍ണ ജാതിക്കാര്‍ മാറ് മറയ്ക്കാനേ പാടില്ലായിരുന്നു എന്നതാണ് വിലക്ക്. മുട്ടിനുമേലെ അരക്കുതാഴെയായി എത്തിനില്‍ക്കുന്ന തരത്തിലുള്ള ഒരു ഒറ്റമുണ്ടു മാത്രമായിരുന്നു ഉടുക്കാന്‍ അനുവാദമുണ്ടായിരുന്നത്.
അക്കാലത്ത് സവര്‍ണ സമുദായത്തിനിടക്ക് നിലനിന്നിരുന്ന ആചാരങ്ങളായ നമ്പൂതിരി ബ്രാഹ്മണരുടെ മുന്നില്‍ നായര്‍സ്ത്രീ മാറിലെ മറ നീക്കി നഗ്നത പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള അഭിവാദ്യമര്‍പ്പിക്കല്‍, ദേവദാസി സമ്പ്രദായം, നായര്‍ തറവാടുകളിലെ സ്ത്രീകള്‍ ശീലിച്ചുവന്ന സംബന്ധം, സവര്‍ണ്ണര്‍ അവര്‍ണ്ണ സ്ത്രീകളുടെ മേല്‍ സ്വന്തം സൌകര്യം അനുസരിച്ച് നിലനിര്‍ത്തിവന്ന വേഴ്ച തുടങ്ങിയവ എല്ലാം, വളരെ കാലമായി അനുവര്‍ത്തിച്ചുവന്ന ശീലമെന്ന നിലക്ക് കേരളസംസ്കാരത്തിന്റെ ഭാഗമായിരുന്നു. മാറ് മറച്ചു നടത്തുന്ന പ്രതിഷേധം അതിനെ ഒക്കെ ചോദ്യം ചെയ്യുന്നതിന്റെ തുടക്കമായി അവര്‍ കരുതി.
എല്ലാ ജാതിയിലും പെട്ട പെണ്ണുങ്ങളുടെ നഗ്നമായ മുലകള്‍ കണ്ട് വളര്‍ന്ന സവര്‍ണ്ണ വര്‍ഗ്ഗത്തിനെ, ആ പ്രതിഷേധ ജാഥയെ പറ്റിയുള്ള വാര്‍ത്ത തന്നെ വെകിളി പിടിപ്പിച്ചതില്‍ അത്ഭുതം ഉണ്ടോ!
എന്തായാലും ജാഥ തീരുമാനിച്ച ദിവസം വന്നെത്തി. വഴിയുടെ രണ്ടു വശവും ആളുകള്‍ തിങ്ങി കൂടി. ‘റവുക്ക’ ധരിച്ച പെണ്ണുങ്ങളെ ജീവിതത്തില്‍ ആദ്യമായി കാണുന്നതിലുള്ള ആകാംഷ ആയിരുന്നു പലര്‍ക്കും.
പറഞ്ഞ സമയത്ത് തന്നെ ജാഥ തുടങ്ങി. മുപ്പതോളം പെണ്ണുങ്ങള്‍ ആയിരുന്നു ജാഥയില്‍ പങ്കെടുത്തത്.
അവരുടെ മുഖത്ത് പരിഭ്രമവും, ഭയവും ഒരുപോലെ നിറഞ്ഞിരുന്നു.
മുട്ടോളം എത്തുന്ന വെള്ള മുണ്ടും, ജീവിതത്തില്‍ ആദ്യമായി ധരിച്ച വെളുത്ത ‘റവുക്ക’യും ആയിരുന്നു വേഷം. അവര്‍ വരിവരിയായി നടന്നു. ജാഥയുടെ രണ്ടു വശത്തും സംഘാടകര്‍ ആയ ചാന്നാര്‍ യുവാക്കള്‍, സംരക്ഷകര്‍ എന്ന പോലെ കൈയ്യില്‍ വടികളുമായി അവരെ അനുഗമിച്ചു.
ജാഥ കാണാന്‍ കൂടിയ ആളുകളില്‍ പലരും ഈ പെണ്ണുങ്ങളെ നോക്കി കൂകി വിളിച്ചു പരിഹസിച്ചു. അസഭ്യവര്‍ഷം വേണ്ടുവോളം രണ്ടു വശത്തും നിന്നും ഉയര്‍ന്നു. എന്നിട്ടും പതറാതെ ജാഥ മുന്നോട്ടു നീങ്ങി.
ജാഥ പോയിരുന്ന പാതയുടെ രണ്ടു വശത്തും ആള്‍കൂട്ടവും, എതിര്‍പ്പുകളും കൂടി കൂടി വന്നു. സ്വന്തം സംസ്കാരം മറന്ന് വിദേശ സംസ്കാരത്തെ പോലെ ‘റവുക്ക’ ധരിച്ച പെണ്ണുങ്ങളെ ആള്‍കൂട്ടം ശാപ വാക്കുകള്‍ കൊണ്ട് പൊതിഞ്ഞു.
ചുറ്റുമുള്ള ആള്‍കൂട്ടം കൂടുന്നതനുസരിച്ച് പെണ്ണുങ്ങളുടെ ധൈര്യവും ചോര്‍ന്നു പോകാന്‍ തുടങ്ങി. അസഭ്യവര്‍ഷം സഹിയ്ക്കാനാകാതെ ഒരു പെണ്ണ് “റവുക്ക” വലിച്ചു കീറി മാറ്റി തന്റെ നഗ്നമായ മാറിടം ജനത്തിന് കാട്ടികൊടുത്തു. അഭിനന്ദനശബ്ദത്തോടെ ജനകൂട്ടം അവളെ പ്രോത്സാഹിപ്പിച്ചു.
ഇത് മറ്റ് പെണ്ണുങ്ങളെയും സ്വാധീനിച്ചു. അവര്‍ ഓരോരുത്തരായി ‘റവുക്ക’ മാറ്റി തുടങ്ങി. സംഘാടകര്‍ ആയ യുവാക്കള്‍ ആവശ്യപ്പെട്ടിട്ടും വീണ്ടും ‘റവുക്ക’ ധരിയ്ക്കാന്‍ അവര്‍ കൂട്ടാക്കിയില്ല.
ഒടുവില്‍ ജാഥ ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോള്‍ ‘റവുക്ക’ ധരിച്ച ഒരേ ഒരു പെണ്ണ് മാത്രമേ അതില്‍ ഉണ്ടായിരുന്നുള്ളൂ. സംഘാടകരില്‍ ധനികനായ ഒരാളുടെ ഭാര്യ ആയിരുന്നു ആ പെണ്ണ്.
ആ പ്രതിഷേധ സമരം പരാജയപ്പെട്ടു എന്ന് ചുരുക്കി പറയാം. പിന്നീടും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് എല്ലാ ജാതിക്കാരായ പെണ്ണുങ്ങള്‍ക്കും മാറ് മറച്ച് ‘റവുക്ക’, ‘ജമ്പര്‍’, തുടങ്ങിയ മേല്‍വസ്ത്രങ്ങള്‍ ധരിയ്ക്കാന്‍ അവകാശം കിട്ടിയത്.
എന്നാല്‍ പുരോഗമന ആശയക്കാരായ ഒരു പറ്റം യുവാക്കള്‍ നടത്തിയ, ആ പ്രതിഷേധജാഥ ഒരു തീപ്പൊരി ആയിരുന്നു.
സമൂഹത്തില്‍ അന്ന് വരെ നില നിന്ന യാഥാസ്ഥിതിക മാമൂലുകളെ ധൈര്യപൂര്‍വ്വം വെല്ലുവിളിച്ച്, പുതിയ കാഴ്ചപ്പാടുകള്‍ തേടാന്‍ പ്രേരിപ്പിയ്ക്കുന്ന ഒരു സാമൂഹികമാറ്റത്തിന്റെ തീപ്പൊരി. ഇപ്പോ
ള്‍ കേരളത്തിലും അത് പോലൊരു മാറ്റത്തിന്റെ തീപ്പൊരി പടരുകയാണ്.
വ്യക്തികളുടെ സ്വകാര്യജീവിതത്തിന്‍ മേല്‍ ബലമായി കടന്നു കയറി സ്വന്തം മത-സാംസ്കാരിക യാഥാസ്ഥിതിക നിയമങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്ന “സദാചാര പോലീസ്” എന്ന് ഓമനപേരില്‍ അറിയപ്പെടുന്ന ‘സാംസ്കാരിക ഗുണ്ട’കളുടെ ചിറകരിയാന്‍ വേണ്ടിയുള്ള ഒരു സാമൂഹികമാറ്റത്തിന്റെ തീപ്പൊരി.
ഏതൊരു ആണും, പെണ്ണും ഒന്നിച്ചിരിയ്ക്കുന്നത് കണ്ടാലോ, സംസാരിയ്ക്കുന്നത് കണ്ടാലോ, ഉടനെ ‘സംസ്കാരത്തിന്റെ’ വാളും പൊക്കിപ്പിടിച്ച് ചാടി വീഴുക എന്നതാണ് സദാചാര ഗുണ്ടകളുടെ സ്വഭാവ സവിശേഷത.
‘മത സംസ്കാരം’ പറഞ്ഞ് സദാചാരം പറയുന്ന സംഘടനകളും, നാട്ടിലെ സദാചാര സൂക്ഷിപ്പുകാര്‍ എന്ന് സ്വയം കരുതുന്ന പ്രമാണിമാരും, എന്തിന് നിയമപാലകന്റെ കുപ്പായം ഇട്ടും കൊണ്ട് സദാചാര പ്രസംഗം നടത്തുന്ന ചില പോലീസുകാര്‍ വരെ ഈ ‘സദാചാര ഗുണ്ടകളുടെ പട്ടികയില്‍ ഉണ്ട്.
പ്രണയം എന്നത് ഏതൊരു മനുഷ്യനെ സംബന്ധിച്ചും ഏറ്റവും മനോഹരമായ ഒരു വികാരം ആണ്. അത് അനുഭവിച്ചവന് മാത്രമേ അതിന്റെ മനോഹാരിത മനസ്സിലാക്കാന്‍ കഴിയൂ. അത് അറിയാത്തവര്‍ ആണ് സദാചാര ഗുണ്ടകളില്‍ ഭൂരിഭാഗവും.
ആണും പെണ്ണും തമ്മില്‍ ഉള്ള ഒരേ ഒരു വികാരം പ്രണയം ആണെന്ന സങ്കല്‍പ്പവും ഈ സദാചാര മേലാപ്പില്‍ അവര്‍ ചുമക്കുന്നുണ്ട്.
സദാചാര ഗുണ്ടകളുടെ മുഖത്തടിയാണ് കൊച്ചിയില്‍ നടക്കാന്‍ പോകുന്ന പ്രതിഷേധ കൂട്ടായ്മ.
എത്ര എതിര്‍പ്പുകള്‍ നേരിട്ടാലും, ഇത്തരം കൂട്ടായ്മകള്‍ കേരളത്തില്‍ എങ്ങും നടക്കണം എന്നാണ് ദിഗംബരന് അഭിപ്രായം. ഒരു ആണും പെണ്ണും ഒരുമിച്ചിരിയ്ക്കുന്നത് കണ്ടാല്‍, ഞരമ്പ്‌ രോഗം വരുന്ന അവസ്ഥ കേരളത്തിലെ ശരാശരി പുരുഷന്റെ തലച്ചോറില്‍ ഇല്ലാതാകുന്നതു വരെ.
ഈ കൂട്ടായ്മയ്ക്ക് എല്ലാ വിജയാശംസകളും നേരുന്നു.
===============
വാല്‍കഷ്ണം:
സദാചാര വിരുദ്ധമായ ഹോട്ടല്‍ അടിച്ചു തകര്‍ക്കാന്‍ വന്നിട്ട് നീ എന്തര് ശിവാ, മിണ്ടാതെ മൊബൈലും നോക്കി നിക്കണെ..
സരിത ആന്റിയുടെ വാട്സ്ആപ്പ് ക്ലിപ്പ് ഇപ്പോള്‍ മൊബൈലില്‍ കിട്ടിയതെ ഉള്ളൂ അണ്ണാ.. ഞാനതൊന്നു കണ്ട് തീര്‍ക്കട്ടെ

2014, ഒക്‌ടോബർ 23, വ്യാഴാഴ്‌ച

“ആ പോലീസ് ഓഫീസറെ ആരും ബോംബ്‌ എറിഞ്ഞില്ല..”

2005ൽ, ആ നശിച്ച ദിവസം, സർക്കിൾ ഇൻസ്‌പെക്ടർ മോഹനൻ നായർ മഹാത്മാഗാന്ധിയുടെ പേരിലുള്ള കോളേജില്‍ പോയത്, ഒരു രക്ഷാകര്‍ത്താവായി പി.ടി.എ യോഗത്തില്‍ പങ്കെടുക്കാന്‍ ആയിരുന്നില്ല. എം.ജി. കോളേജില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ അടിയും,കുത്തും,ബോംബേറും ഒക്കെയായി സംഘര്‍ഷം നടക്കുന്നു എന്നും, ഉടനെ വന്നില്ലെങ്കില്‍ കോളെജിനുള്ളില്‍ ശവങ്ങള്‍ വീഴും എന്നും പരാതി ലഭിച്ചപ്പോള്‍, മേലധികാരികളുടെ ഉത്തരവ് അനുസരിച്ച് പാഞ്ഞെത്തുകയായിരുന്നു.
(അയാളുടെ വിവരകേട്‌. അല്ലാതെന്താ)
പോലീസിനെ കണ്ടപ്പോള്‍ ഒരു ബോംബ്‌ സ്വയം പറന്നു വന്ന് സർക്കിൾ ഇൻസ്‌പെക്ടർ മോഹനൻ നായരുടെ വലതുകാലില്‍ പ്രണാമം അര്‍പ്പിയ്ക്കുകയാണ് ഉണ്ടായത്. അതിന്റെ പരിണിതഫലമായി അദ്ദേഹത്തിന് ഉപയോഗ്യശൂന്യമായ കാലുമായി ഒരു വര്‍ഷത്തോളം ആശുപത്രി കിടക്കയില്‍ കിടന്ന് സമയം കളയേണ്ടി വന്നു. അദ്ദേഹത്തിന്റെ ഒപ്പം ഒരു “കൂട്ടിന്” ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കപ്പെട്ട രണ്ട് എസ്.ഐ മാരും ചില പോലീസുകാരും അത്രയും കാലം കിടക്കേണ്ടി വരാത്തത്, ആ ബോംബിന് മോഹനൻ നായരോട് മാത്രം തോന്നിയ പ്രത്യേക പ്രണയം കൊണ്ടാണ് എന്നതും പ്രസ്താവ്യമാണ്.
അതൊക്കെ വിധിയുടെ അനിവാര്യമായ തമാശകള്‍ എന്നല്ലേ മനസ്സിലാക്കേണ്ടത്..
എന്നാല്‍ ഈ ‘നിസ്സാര’ സംഭവം നടന്ന ഉടനെ, കേരളാ പൊലീസ്, മാരാര്‍ജി ഭവനില്‍ നിന്നും അനുമതി വാങ്ങാതെ, എം.ജി കോളേജ് കാമ്പസിൽ കയറി ഒരു അതിഭീകര ‘രാജദ്രോഹ’ റെയ്ഡ് നടത്തുകയും, അവിടെ നിന്ന് ബോംബ്‌, കത്തി, വടിവാളുകള്‍, ഹോക്കിസ്റ്റിക്കുകള്‍, കമ്പിപാരകള്‍ തുടങ്ങിയ കളിപ്പാട്ടങ്ങളുടെ ഒരു കമനീയശേഖരം കണ്ടെത്തി കവര്‍ച്ച ചെയ്യുകയും, എട്ടും പൊട്ടും തിരിയാത്ത ആദര്‍ശ ധീരരും, രാജ്യസ്നേഹികളും ആയ 32 ആര്‍ഷ ഭാരത സാംസ്കാരിക പൈതങ്ങളെ പിടികൂടി അവര്‍ക്ക് മേല്‍ വധശ്രമം, സ്‌ഫോടകവസ്‌തുക്കളുടെ ഉപയോഗം, സംഘംചേരൽ, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തി കള്ളകേസ് എടുക്കുകയും ചെയ്തു.
ഒരു ബോംബിന് സ്വയം മോഹനൻ നായരോട് തോന്നിയ പ്രണയത്തിന് ആര്‍ഷ ഭാരത പൈതങ്ങള്‍ എന്ത് പിഴച്ചു?
എവിടെ കേട്ടിട്ടുണ്ട് ഇത് പോലെ ഒരു അനീതി..
ഈ അനീതിയ്ക്ക് പരിഹാരം തേടിയാണ് കേസിലെ പതിനേഴാം പ്രതിയായിരുന്ന ആദർശ് എന്ന പൈതല്‍, കരുണാമയന്‍ എന്ന് പുകള്‍പെറ്റ കേരളമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഗാന്ധിയെ കണ്ടത്.
പൈതല്‍ കൂടുതല്‍ ഒന്നും പറഞ്ഞില്ല.. ഒരു വാറോല ആ കാലുകളില്‍ സമര്‍പ്പിച്ച്‌ കരഞ്ഞു പറഞ്ഞു.. “എനിയ്ക്ക് പൊലീസ് കോൺസ്റ്റബിളായി നിയമനഉത്തരവ് ലഭിച്ചെങ്കിലും കേസുള്ളതിനാൽ ജോലിയിൽ പ്രവേശിക്കാനാവുന്നില്ല. ഞാന്‍ നിരപരാധി ആണ്. തിരുവുള്ളം കനിയണം. മാപ്പാക്കണം.”
ചാണ്ടി ഗാന്ധി പണ്ടേ മനുഷ്യത്വത്തിന്റെ പര്യായം ആണ്. കേരളത്തിലെ കൊണ്ഗ്രെസ്സിന്റെ കിരീടം വെയ്ക്കാത്ത ലീഡറെ പണ്ട് ഒരു പെണ്ണ്-ചാര കേസില്‍ കുടുക്കി മുഖ്യമന്ത്രി കസേരയില്‍ നിന്നും തെറിപ്പിയ്ക്കാന്‍ കളിച്ചു എന്നൊക്കെ ശത്രുക്കള്‍ അപവാദം പറയുന്നുണ്ടെങ്കിലും, തട്ടിപ്പ് കേസിലെ പ്രതികളുടെ കുടുംബ കാര്യങ്ങള്‍ക്ക് പോലും രഹസ്യ “മധ്യസ്ഥ” പ്രാര്‍ത്ഥന നടത്തി കൊടുക്കാന്‍ മടിയ്ക്കാത്ത ആ മാനുഷികതയുടെ വലിപ്പം അറിഞ്ഞവര്‍, അത്തരം ആരോപണങ്ങള്‍ വിശ്വസിയ്കുന്ന പതിവില്ല.
ചാണ്ടി ഗാന്ധി ജനസമ്പര്‍ക്ക പരിപാടിയ്ക്ക് വന്ന തളര്‍വാത രോഗിയെ നോക്കുന്ന പോലെ, ആര്‍ഷ ഭാരത പൈതലെ അടിമുടി നോക്കി. പിന്നെ കയ്യില്‍ തന്ന വാറോല മണപ്പിച്ചു നോക്കി.
“നല്ല നിരപരാധി മണം”.
മാത്രമല്ല അതില്‍ സ്വന്തം പാര്‍ട്ടിക്കാരന്‍ ആയ സ്ഥലം എം.എല്‍.എ യുടെ ശുപാര്‍ശയും ഉണ്ട്. പിന്നെന്തു വേണം!
ഉടനെ അദ്ദേഹം തീര്‍പ്പ് കല്‍പ്പിച്ചു.
“ശരിയാണ്. ഇവന്‍ നിരപരാധി ആണ്. ആരവിടെ.. ഇവനെ കേസില്‍ നിന്നും മോചിപ്പിച്ചു, പോലീസില്‍ കൂടിയ ഏതെങ്കിലും പദവിയില്‍ പ്രതിഷ്ടിയ്ക്കൂ”
ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ വീഴ്ത്താന്‍ കഴിവുള്ളവനെ കുറഞ്ഞത്‌ എസ്.പി പദവി എങ്കിലും നല്‍കണം എന്നുണ്ടായിരുന്നു ആ മഹാത്മാവിന് മനസ്സില്‍. പക്ഷെ, അത്രയ്ക്ക് ഇപ്പോള്‍ വേണ്ട എന്ന്‍ തോന്നിയത് മനസ്സിന്റെ ഒരു ചാഞ്ചാട്ടം കൊണ്ട് മാത്രം..
മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് ആഭ്യന്തരസെക്രട്ടറി സിറ്റിപൊലീസ് കമ്മിഷണറോട് കേസ് പിൻവലിക്കാൻ എതിർപ്പില്ലെന്നുള്ള റിപ്പോർട്ട് ആവശ്യപ്പെട്ടു.
എന്നാല്‍ അവിടെയും ഉണ്ടല്ലോ ശകുനം മുടക്കികള്‍.
കേസ് പിൻവലിക്കാനുള്ള നീക്കത്തെ ശക്തമായി എതിർത്ത് അന്വേഷണ ഉദ്യോഗസ്ഥനായ കന്റോൺമെന്റ് അസി. കമ്മിഷണർ സിറ്റി പൊലീസ് കമ്മിഷണർക്ക് റിപ്പോർട്ട് നൽകി. ബോംബേറിൽ പരിക്കേറ്റ സി.ഐ മോഹൻനായർ ഒരു വർഷം ചികിത്സയിൽ കഴിഞ്ഞതാണെന്നും രണ്ട് എസ്.ഐമാർക്കും നിരവധി പൊലീസുകാർക്കും പരിക്കേറ്റ കേസാണെന്നും അസി. കമ്മിഷണർ ചൂണ്ടിക്കാട്ടി. ഗുരുതര സ്വഭാവമുള്ള കേസ് പിൻവലിക്കരുതെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് അതേപടി കമ്മിഷണർ ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി.
ഇതെന്തൊരു ധിക്കാരം!
സ്വന്തം ജീവനും ജീവിതവും പണയം വച്ചും ക്രമസമാധാനം പാലിക്കാൻ മുന്നിട്ടിറങ്ങുന്ന പോലീസുകാർക്കല്ല, അവരെ കടന്നാക്രമിക്കുന്ന ക്രിമിനലുകൾക്കാണ് മനുഷ്യത്വപരമായ സമീപനത്തിന് അർഹതയുള്ളതെന്ന് അധികാരത്തിന്റെ കുത്തകാവകാശിയായ മുഖ്യമന്ത്രി സാക്ഷാൽ ഉമ്മൻ ചാണ്ടി തന്നെ, തീർപ്പ് കല്പിച്ചുകഴിഞ്ഞ കേസാണിത്. അപ്പോള്‍ പറയുന്ന പോലെ ഒരു റിപ്പോര്‍ട്ട് ഉണ്ടാക്കി, പറയുന്ന സ്ഥലത്ത് ഒപ്പിട്ട് കൊടുക്കാതെ, ധിക്കാരം പറയുന്നോ?
കമ്മീഷണരുടെ റിപ്പോര്‍ട്ട് ദേ ചവറ്റുകുട്ടയില്‍!
ഒരു പ്രതിയെ മാത്രം വെറുതെ വിട്ടാല്‍ മറ്റ് 31 പ്രതികള്‍ പിണങ്ങില്ലേ? ഇനി അവര്‍ക്കും ഭാവിയില്‍ ഒരു പി.എസ്.സി ജോലി കിട്ടിക്കൂടാ എന്നുണ്ടോ? (നിയമന നിരോധന കാലത്ത് എന്ത് പി.എസ്.സി എന്ന് ചോദിയ്ക്കരുത്). എം.ജി കോളേജില്‍ ചെയ്ത പോലെ, ഇനിയും എന്തെല്ലാം ആര്‍ഷ ഭാരത സേവനങ്ങള്‍ നടത്തേണ്ട പൈതങ്ങള്‍ ആണ് അവര്‍. അവരെ വെറുതെ ഒരു നിസ്സാര കേസില്‍ ശിക്ഷിയ്ക്കുകയോ?
ശാന്തം.. പാപം!
ഉമ്മന്‍ ചാണ്ടി ഗാന്ധി അലറി.
“ആരവിടെ... എല്ലാ പ്രതികളെയും നിരപരാധികള്‍ ആയി നാം പ്രഖ്യാപിയ്ക്കുന്നു. ഉടനെ കേസെല്ലാം പിന്‍വലിച്ചു ഈ പൈതങ്ങളെ സ്വതന്ത്രര്‍ ആക്കൂ. ഏതെങ്കിലും പോലീസുകാരന്‍ എതിര്‍ത്താല്‍, അവനെ പകരം പ്രതിയാക്കി കേസ് എടുക്കുന്നതായിരിയ്ക്കും.”
അങ്ങനെ പൊലീസിന്റെ അതിശക്തമായ എതിർപ്പ് അവഗണിച്ച്, ഒരു പ്രതിയുടെ അപേക്ഷയിൽ 32 പ്രതികളെയും വിട്ടയക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.
ഇതാണ് ശരിയ്ക്കും മാവേലിനാട്!
2012 ഡിസംബർ 27നാണ് ആഭ്യന്തര വകുപ്പിൽ നിന്ന് കേസ് പിൻവലിക്കുന്നതിനുള്ള അനുമതിയായത്. ഇതിന്റെ അടിസ്ഥാനത്തിൽ ആരംഭിച്ച നടപടിക്രമങ്ങളുടെ ഭാഗമായി 2013 ഒക്ടോബർ 18ന് തിരുവനന്തപുരം ഒന്നാംക്ലാസ് അഡിഷണൽ സെഷൻസ് ജഡ്‌ജ് കെ.എസ്. അംബിക കേസ് തള്ളുകയും ചെയ്തു.
(എറിഞ്ഞവനും എറി കൊണ്ടവനും ഇല്ലാത്ത പരാതിയാണോ ഇനി കോടതിയ്ക്ക്... പുല്ല്... ദേ കിടക്കുന്നു നിന്റെ കേസ്..)
ചാണ്ടി മിശീഹയ്ക്ക് സ്തുതിയായിരിയ്ക്കട്ടെ...
അങ്ങനെ കേസൊക്കെ പിന്‍വലിച്ചു, എല്ലാം പറഞ്ഞ് കോമ്പ്ലിമെന്റ്സ് ആക്കി ഇരുന്നപ്പോള്‍ ആണ്, ചില ചാനലുകാരും പത്രക്കാരും ചേര്‍ന്ന്, രഹസ്യമായി നടന്ന ഈ സംഭവങ്ങള്‍ ഒക്കെ കുത്തിപൊക്കി കൊണ്ട് വന്ന് സര്‍ക്കാരിനെ നാറ്റിയ്ക്കാന്‍ നോക്കുന്നത്..
അവന്റെയൊക്കെ തലയില്‍ “ഹുദ് ഹുദ്’ വീഴട്ടെ..
ഇതൊക്കെ കണ്ട് ചാണ്ടി ഗാന്ധി പേടിയ്ക്കുമെന്നാണ് ഇവന്റെയൊക്കെ വിചാരം..
നടന്നത് തന്നെ..
കഴിഞ്ഞ കുറച്ചു കാലമായി, കോടതികളില്‍ നിന്നും തെറി കേള്‍ക്കാത്ത ഒരു ദിവസം ഇല്ല. എന്നിട്ടും ചാണ്ടിയുടെ തൊലിപ്പുറത്ത് അത് ഏറ്റിട്ടില്ല..
പിന്നെയാണ് ഇത്.
ദിവസവും ‘എന്ടോസള്‍ഫാന്‍’ കുടിച്ച് ജീവിയ്ക്കുന്നവനെയാണ്, എലിവിഷം കാട്ടി പേടിപ്പിയ്ക്കുന്നത്.
=================
വാല്‍കഷണം:
എന്തരെടെ ശിവാ, കൈയ്യില്‍ കുറെ ബോംബുമായി പോകുന്നത്?
പി.എസ്.സി റാങ്ക് ലിസ്റ്റില്‍ എന്റെ പേര് വന്നു അണ്ണാ.. കുറച്ചു പോലീസുകാരോട് പണ്ടേ ഉള്ള കലിപ്പ് ബാക്കിയുണ്ട്. അതൊന്ന് തീര്‍ത്തിട്ട് വരാം.

2014, ഒക്‌ടോബർ 8, ബുധനാഴ്‌ച

“സംഘദര്‍ശന്‍” : ഇന്നത്തെ പരിപാടികള്‍...

(ശ്രീ നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ ഒറ്റയ്ക്ക് അധികാരത്തില്‍ വന്നതിനു ശേഷം, പ്രതീക്ഷിച്ചതിലും വേഗത്തില്‍ തന്നെ രാജ്യത്ത് സംഘപരിവാര്‍ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതാണ് നാം കാണുന്നത്. നാല് മാസം തികയുന്നതിന് മുന്‍പ് തന്നെ, ജനങ്ങളുടെ നികുതി പണത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന ദേശീയ മാധ്യമമായ ദൂരദര്‍ശനില്‍, ചരിത്രത്തില്‍ ആദ്യമായി, ഇന്ത്യാ മഹാരാജ്യത്ത് ഒരു പഞ്ചായത്ത് പ്രസിഡന്റിന്റെ അധികാരം പോലും ഇല്ലാത്ത, ഒരു വര്‍ഗീയ സംഘടനാ നേതാവ് മാത്രമായ ആര്‍.എസ്.എസ് തലവന്റെ പ്രസംഗം തത്സമയം കാണിച്ച്, സര്‍ക്കാര്‍ തങ്ങളുടെ ലക്‌ഷ്യം വ്യക്തമാക്കിയിരിയ്ക്കുന്നു. ഇങ്ങനെ പോയാല്‍ ഇനി ഒരു നാല് വര്ഷം കഴിഞ്ഞാല്‍ ദൂരദര്‍ശന്‍ പൂര്‍ണ്ണമായും ഒരു ‘സംഘ ദര്‍ശന്‍’ ആകും എന്ന് സംശയമില്ല. )
അപ്പോള്‍ പ്രതീക്ഷിയ്ക്കാവുന്ന പരിപാടികളുടെ ഒരു ഏകദേശ രൂപം
========================================================
“സംഘദര്‍ശന്‍”
ഇന്നത്തെ പരിപാടികള്‍...
രാവിലെ 6:00 മണിയ്ക്ക് വേദ പാരായണം: സ്വാമി ആഘോരാനന്ദ
രാവിലെ 7:00 മണിയ്ക്ക് ഗീതാ പാരായണം : സ്വാമി അസ്സിമാനന്ദ
രാവിലെ 8:00 മണിയ്ക്ക് “ദണ്ടയും വാളും’ ഉപയോഗിച്ചുള്ള ആയോധന പരിശീലന മുറകള്‍. അവതരണം: കാര്യവാഹക് മുബൈ ദാമോദര്‍ജി
രാവിലെ 9:00 മണിയ്ക്ക് സദാചാര മാര്‍ഗ്ഗദര്‍ശക പ്രഭാഷണം : പൂജനീയ ആശ്രാം ബാപ്പു
രാവിലെ 10:00 മണിയ്ക്ക് “ലവ് ജിഹാദിനെ’ ചെറുക്കാനുള്ള നൂറു വഴികള്‍” എന്ന വിഷയത്തില്‍ പ്രത്യേക ക്ലാസ് : സ്വാമി അഗ്നിവേശ്.
രാവിലെ 11:00 മണിയ്ക്ക് പൂജ വഴി പ്രകൃതിക്ഷോഭം തടയുന്നതെങ്ങനെ അഥവാ നിരീശ്വര വാദികള്‍ മലവിസര്‍ജ്ജനം ചെയ്താലുള്ള ദോഷങ്ങള്‍: മാര്‍ഗ്ഗ ദര്‍ശനം– കുമാരി ഉമാഭാരതി.
ഉച്ചയ്ക്ക് 12:00 മണിയ്ക്ക് പാചകരംഗം : ഗോമൂത്രം ഉപയോഗിച്ചുള്ള ആരോഗ്യപ്രദമായ പാനീയങ്ങള്‍ തയ്യാറാക്കുന്ന വിധം: സ്വാമിനി റിതംബര.
ഉച്ചയ്ക്ക് 1:00 മണിയ്ക്ക് മധുര ലോകസഭ മണ്ഡലത്തിലെ ജനങ്ങളുടെ പ്രത്യേക അഭ്യര്‍ത്ഥ മാനിച്ച് സിനിമാ നടി ഹേമാമാലിനിയുടെ ദര്‍ശന അഭിമുഖം.
ഉച്ചയ്ക്ക് 2:00 മണിയ്ക്ക് ശാസ്ത്ര പരിപാടി: മംഗള്‍യാനും ആര്‍ഷ ഭാരത പുരാതന ശാസ്ത്രങ്ങളും. അവതരണം ഡോ: ഗോപാലകൃഷ്ണന്‍
ഉച്ചയ്ക്ക് 3:00 മണിയ്ക്ക് “ഇന്നത്തെ ഹിന്ദുവാര്‍ത്ത”. വായിയ്ക്കുന്നത് ഡോ: സുബ്രമണ്യം സ്വാമി.
വൈകിട്ട് 4:00 മുതല്‍ 6:00 വരെ നാഗ്പൂരില്‍ നടക്കുന്ന ആര്‍.എസ്.എസ് ബൌധിക് ബൈട്ടക്കില്‍ നേതാക്കന്മാരുടെ പ്രസംഗം – ലൈവ് കവറേജ്.
വൈകിട്ട് 6:00 മണിയ്ക്ക് ചരിത്ര മെഗാസീരിയല്‍ “മഹാഗുരു ഗോള്‍വര്‍ക്കര്‍”
വൈകിട്ട് 7:00 മണിയ്ക്ക് ക്രൈം മെഗാസീരിയല്‍ “മോഹന്‍ലാല്‍ ഗാന്ധിയും മഹാത്മാഗോട്സെയും”
രാത്രി 8:00 മണിയ്ക്ക് വാര്‍ത്താ അധിഷ്ടിത പരിപാടി “പോലീസ് എന്‍കൌണ്ടര്‍”: അവതരണം ശ്രീ അമിത്ഷാ
രാത്രി 9:00 മണിയ്ക്ക് “വിചാരധാര” : എങ്ങനെ രാമരാജ്യം സൃഷ്ട്ടിയ്ക്കാം” അവതരണം: മോഹന്‍ ഭാഗവത്.
രാത്രി 10:00 മണിയ്ക്ക് സാമ്പത്തിക വിചാരം. “വ്യവസായത്തിന് വേണ്ടി സര്‍ക്കാര്‍ വനഭൂമിയും, പാവപ്പെട്ട കര്‍ഷകരുടെ കൃഷിഭൂമിയും പരിസ്ഥിതി നിയമങ്ങളും, സമരങ്ങളും മറികടന്ന് ഏറ്റെടുക്കാനുള്ള എളുപ്പമാര്‍ഗ്ഗങ്ങള്‍” അവതരണം: പൂജനീയ അടാനി മഹാരാജ്
രാത്രി 11:00 മണിയ്ക്ക് "ഹിന്ദു സിനിമകള്‍" സിനിമാ, സീരിയല്‍ മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കുന്ന പ്രത്യേക പരിപാടി.
രാത്രി 12:00 മണി മുതല്‍ മോഡി സ്തുതികള്‍: ഗുജറാത്ത് കാണ്ഡം മൂന്നാം ഭാഗം.
1:00 മണി മുതല്‍ രാവിലെ 6:00 വരെ "ആര്‍.എസ്.എസ് ഗാനങ്ങള്‍"