2014, സെപ്റ്റംബർ 10, ബുധനാഴ്‌ച

മോഡി “ഗുരുവും” കുട്ടികളും....

പണ്ട് ജര്‍മ്മനിയില്‍ സര്‍വ്വാധിപതിയായി ഹിറ്റ്ലര്‍ വാഴുന്ന കാലത്തെ കുറിച്ച് ഒരു തമാശ കഥയുണ്ട്.
ജനങ്ങള്‍ക്കിടയില്‍ തന്റെ സ്വാധീനം മനസ്സിലാക്കാന്‍ വേണ്ടി ഹിറ്റ്ലര്‍ വേഷം മാറി ഒരു സിനിമാ തീയറ്റര്‍ സന്ദര്‍ശിച്ചു. സിനിമ തുടങ്ങുന്നതിനു മുന്‍പ് ഹിറ്റ്ലറെ വാഴ്ത്തുന്ന ഒരു ദേശസ്നേഹ ഹ്രസ്വഗാനചിത്രീകരണം കാണിച്ചു. ഉടനെ എല്ലാവരും എഴുന്നേറ്റു നിന്ന് നാസി രീതിയില്‍ കൈ മുന്നോട്ടു നീട്ടിപ്പിടിച്ച്‌ അഭിവാദ്യം ചെയ്തു.
തന്റെ ആശയങ്ങളെ ജനങ്ങള്‍ എത്ര ഒരുമയോടെ ഉള്‍കൊള്ളുന്നു എന്ന് ചിന്തിച്ച് അഭിമാനത്തോടെ ഹിറ്റ്ലര്‍ എഴുന്നേല്‍ക്കാതെ തന്റെ സീറ്റില്‍ തന്നെ ഇരുന്നു.
പെട്ടെന്ന് അടുത്ത് എഴുന്നേറ്റു നിന്ന മാന്യന്‍ ഹിറ്റ്ലറെ തോണ്ടി വിളിച്ച് പതുക്കെ പറഞ്ഞു.
“ഈ തെണ്ടിയെ ബഹുമാനിയ്ക്കണം എന്ന് ഞങ്ങള്‍ക്കും ആഗ്രഹമില്ല സുഹൃത്തേ. പക്ഷെ, ആ നാസി നായിന്റെ മക്കള്‍ ആരെങ്കിലും കണ്ടാല്‍ പിന്നെ, കൊണ്സെന്‍ട്രേഷന്‍ ക്യാമ്പില്‍ കിടന്ന് ചാവേണ്ടി വരും. അത് കൊണ്ട് പെട്ടെന്ന് എഴുന്നേറ്റു നില്‍കൂ”..
ലോകത്തിലെ എല്ലാ ഏകാധിപതികളുടെയും ചരിത്രം പരിശോധിച്ചാല്‍, ഇത്തരത്തില്‍ സ്വന്തം ജനതയുടെ മേല്‍ നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിയ്ക്കപ്പെട്ട ഒരു ‘നിര്‍ബന്ധിത ബഹുമാനത്തിന്റെ’ കഥ കാണാന്‍ കഴിയും. തന്റെ നിര്‍ദേശങ്ങളെ ഒരു എതിര്‍പ്പും കാണിയ്ക്കാതെ, വള്ളി പുള്ളി വിടാതെ യന്ത്രങ്ങളെപ്പോലെ അനുസരിയ്ക്കുന്ന ഒരു അടിമ ജനത ഏതൊരു എകാധിപതിയുടെയും സ്വപ്നമാണ്.
ഗുജറാത്തിലെ ഭരണകാലത്ത് ഒരു ഏകാധിപതിയുടെ എല്ലാ ലക്ഷണങ്ങളും പലപ്പോഴും ഒരു മറ കൂടാതെ കാണിച്ചിട്ടുള്ള നരേന്ദ്ര ദാമോദര്‍ മോഡിയുടെ കൈയ്യില്‍, “അഴിമതി കടലിനേക്കാള്‍ ഭേദം വര്‍ഗീയ ചെകുത്താന്‍” എന്ന വിചാരത്തിന്റെ പുറത്ത്, ഇന്ത്യന്‍ ജനത പ്രധാനമന്ത്രി കസേര വെച്ചു കൊടുത്തപ്പോള്‍, പലരും ഭയന്നിരുന്നതും അത്തരം അടിച്ചെല്‍പ്പിയ്ക്കലുകളുടെ വരവിനെ തന്നെയാണ്.
എന്തായാലും അധികം കാത്തിരിയ്ക്കേണ്ടി വന്നില്ല.
അധ്യാപകദിനം ആയി നാം വര്‍ഷങ്ങള്‍ ആയി ആചരിയ്ക്കുന്ന സെപ്റ്റംബര്‍ അഞ്ചില്‍ തന്നെ തന്റെ അജണ്ടയുടെ ഉദ്ഘാടനം നടത്താനായിരുന്നു മോഡിയുടെ തീരുമാനം. അധ്യാപകദിനത്തെ “ഗുരു ഉത്സവ്” എന്ന് സംസ്കൃതവല്‍കരിയ്ക്കുക മാത്രമല്ല, അന്നേ ദിവസം രാജ്യത്തുള്ള എല്ലാ സ്കൂളുകളിലും തന്റെ പ്രസംഗം തത്സമയം സംപ്രേക്ഷണം നിര്‍ബന്ധമായി കാണിയ്ക്കണം എന്ന്‍ തിട്ടൂരവും വന്നു.
ലോകം ആരാധിച്ച ജവഹര്‍ലാല്‍ നെഹ്‌റുവും, രാജ്യം സ്നേഹിച്ച ലാല്‍ബഹാദൂര്‍ ശാസ്ത്രിയും അടക്കമുള്ള പല മഹാന്മാരായ പ്രധാനമന്ത്രിമാരും നമ്മെ ഭരിച്ചിട്ടുണ്ട്. അവരാരും ഒരിയ്ക്കലും ഇത്തരത്തില്‍ നിര്‍ബന്ധപൂര്‍വ്വം തങ്ങളുടെ പ്രസംഗം ആരെങ്കിലും കേള്‍ക്കണമെന്ന് വാശി പിടിച്ചിട്ടില്ല.
എന്നാല്‍ അവരെപ്പോലെയാണോ നമ്മുടെ “മോഡി ഗുരു”? അദ്ദേഹത്തിന് അവരെക്കാളും ഒക്കെ ഉയരെയല്ലേ സ്ഥാനം?
കുറഞ്ഞ പക്ഷം, ഇന്ത്യ മതത്തിന്റെ പേരില്‍ ന്യൂനപക്ഷആളുകളെ വെട്ടികൊല്ലുന്ന രാജ്യം ആണെന്നും, അതിന് ഭരണാധികാരികള്‍ തന്നെ ഒത്താശ ചെയ്തു കൊടുക്കാറുണ്ട് എന്നും ചുരുങ്ങിയ കാലത്തെ ഗുജറാത്ത് ഭരണം കൊണ്ട്, ലോകം മുഴുവന്‍ “(കു)പ്രസിദ്ധി” നേടികൊടുത്ത ചരിത്രമുള്ള മഹാനല്ലേ. പിന്നെ ഇത് ചെയ്തതില്‍ എന്താണ് അത്ഭുതം എന്ന് ആരാധകര്‍ ചോദിയ്ക്കുന്നു.
എന്നാല്‍ പിന്നെ മോഡി ഗുരു കുട്ടികള്‍ക്ക് നല്‍കിയ സാരോപദേശങ്ങള്‍ കേട്ട് കളയാം എന്ന് ദിഗംബരനും കരുതി. എന്തൊക്കെ വിലപിടിച്ച മൊഴി മുത്തുകള്‍ ആ വായില്‍ നിന്ന് തൊഴിയുന്നു എന്നറിയാനുള്ള ഒരു ആകാംഷ!
പ്രതീക്ഷ തെറ്റിയില്ല. ആ ജിഹ്വയില്‍ നിന്നും വീണ ചില മൊഴി മുത്തുകള്‍ കേട്ടപ്പോള്‍ “മൗനം വിദ്വാനു ഭൂഷണം” എന്ന പഴമൊഴിയുടെ വില തിരിച്ചറിഞ്ഞു.
ഇന്ത്യയുടെ രാഷ്ട്രപിതാവ് മോഹന്‍ലാല്‍ ഗാന്ധിയാണ് എന്ന് കണ്ടുപിടിച്ച ആ അപാര പൊതുവിജ്ഞാനത്തിന്റെ നിലവാരത്തില്‍ നിന്നും, മോഡി ഗുരു ഒരടി പോലും മുന്നോട്ടു പോയിട്ടില്ല എന്ന്‍ ആ കുട്ടികളുമായുള്ള സംവാദപരിപാടി തെളിയിച്ചു.
ഇത്തവണ അദ്ദേഹം തന്റെ വിജ്ഞാന ഭണ്ടാരം തുറന്നത് പുതിയൊരു അറിവുമായി ആണ്. “കാലാവസ്ഥാ വ്യതിയാനം” എന്ന പ്രതിഭാസം മനുഷ്യന്‍ വയസ്സാകുമ്പോള്‍ ഉണ്ടാകുന്ന ഒരു തോന്നല്‍ മാത്രമാണ് എന്നായിരുന്നു മോഡി ഗുരുവിന്റെ കണ്ടുപിടിത്തം.
ആസ്സാമില്‍ നിന്നുള്ള ഒരു വിദ്യാര്‍ഥി മോഡിഗുരുവിനോട് ചോദിച്ച ചോദ്യം ഇതായിരുന്നു. “ലോകമെങ്ങും ആശങ്കയോടെ ചര്‍ച്ച ചെയ്യുന്ന കാലാവസ്ഥാ വ്യതിയാനത്തെ പറ്റി താങ്കളുടെ അഭിപ്രായം എന്താണ്?”
അനന്തരം മോഡി ഗുരു ഉവാച.
“കാലാവസ്ഥാ വ്യതിയാനം എന്ന വാക്ക് തന്നെ തെറ്റല്ലേ! കാലാവസ്ഥയ്ക്ക് ഒരു വ്യതിയാനവും വന്നിട്ടില്ല. നമ്മുടെ സഹനശേഷിയ്ക്കും ശീലങ്ങള്‍ക്കും ആണ് മാറ്റം വന്നത്. നമ്മള്‍ മാറുന്നത് അനുസരിച്ച് സ്വയം മാറി സംതുലനം വരുന്ന വിധത്തില്‍ ആണ് ദൈവം ഈ ലോകത്തെ സൃഷ്ടിച്ചത്. യഥാര്‍ത്ഥത്തില്‍ നമ്മുടെ കുടുംബത്തില്‍ ചില ആളുകള്‍ വയസ്സകാരില്ലേ. അപ്പോള്‍ അവര്‍ പറയും ഭയങ്കര തണുപ്പ് എന്ന്. കാരണം തണുപ്പ് സഹിയ്ക്കാനുള്ള അവരുടെ കഴിവ് കുറഞ്ഞു. അതായത് കാലാവസ്ഥ അല്ല മാറിയത് നമ്മുടെ സഹനശേഷി ആണ്”.
എന്താ ഒരു അറിവ്, അല്ലെ!
ലോകത്ത് ഹരിത വാതകങ്ങളുടെ അമിത ഉപയോഗം മൂലവും, ആഗോള താപനം മൂലവും, പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷണം മൂലവും കാലാവസ്ഥയില്‍ വരുന്ന വന്‍മാറ്റങ്ങളെ കുറിച്ച് പഠിയ്ക്കാനും, അതിനെ പ്രതിരോധിയ്ക്കാനും രാജ്യങ്ങള്‍ കോടിക്കണക്കിന് ഡോളര്‍ ചിലവഴിയ്ക്കുന്ന കാലമാണിത്. കാലാവസ്ഥാ വ്യതിയാനം കാരണം ഭക്ഷ്യസുരക്ഷ അപകടത്തില്‍ എന്ന് ഐക്യരാഷ്ട്ര സഭ തന്നെ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു.
അതിനെ പറ്റിയുള്ള വാര്‍ത്ത ഇവിടെ വായിയ്ക്കാം..
അങ്ങനെ ലോകം മുഴുവന്‍ ആശങ്കപ്പെടുമ്പോള്‍ ആണ്, ഇന്ത്യന്‍ പ്രധാനമന്ത്രി നമ്മുടെ കുട്ടികളെ പഠിപ്പിയ്ക്കുന്നത് “കാലാവസ്ഥാ വ്യതിയാനം വാര്‍ധക്യകാലത്തെ വെറുമൊരു തോന്നലാണ്” എന്ന്..
ഇമ്മാതിരി ഗുരുക്കന്മാര്‍ അധികം ഉണ്ടെങ്കില്‍ ഇന്ത്യയിലെ കുട്ടികള്‍ ഉപരിപഠനത്തിനായി വിദേശത്ത് പോകേണ്ടി വരില്ല.
സാധാരണക്കാരന്റെ ഭാഷയില്‍ പറഞ്ഞാല്‍ “നമിച്ചു ഗുരോ...നമിച്ചു.”

2014, സെപ്റ്റംബർ 4, വ്യാഴാഴ്‌ച

യുവമോർച്ചയും “മദ്യ”സമരവും ഒരു വെടിയ്ക്ക് പല പക്ഷികളും...

നമ്മുടെ നാടിന്റെ “സാംസ്കാരം” കാത്തു സൂക്ഷിയ്ക്കുന്നതില്‍ യുവമോര്‍ച്ച എന്ന ആര്‍.എസ്.എസ് ജൂനിയര്‍ സംഘത്തിന്റെ അദമ്യമായ അഭിനിവേശത്തെ പറ്റി ആര്‍ക്കെങ്കിലും സംശയം ഉണ്ടെങ്കില്‍, അവര്‍ പാകിസ്ഥാനികള്‍ മാത്രമായിരിയ്ക്കും, എന്ന കാര്യത്തില്‍ സംശയം ഇല്ലാത്തവര്‍ ആണല്ലോ നമ്മള്‍ ഇന്ത്യക്കാര്‍.
അന്യമതക്കാരന്റെ പള്ളയ്ക്ക് കത്തി കയറ്റിയും, കൂട്ടം കൂടി അവന്റെ ആരാധാനാലയങ്ങള്‍ തകര്‍ത്തും, വര്‍ഗീയലഹളകള്‍ ഉണ്ടാക്കിയും ഒക്കെ ഭാരതീയ “സംസ്കാരം” പൂത്തുലഞ്ഞ കാഴ്ചകള്‍ എത്രയോ അവര്‍ നാട്ടിന് നല്‍കിയിട്ടുണ്ട്.
നാല് സീറ്റില്‍ നിന്നും സ്വന്തം പാര്‍ട്ടിയെ രാജ്യം ഭരിയ്ക്കാനുള്ള ശേഷിയിലേയ്ക്ക് എത്തിച്ചതിനു പിന്നില്‍ ഇമ്മാതിരി “സാംസ്കാരിക വിപ്ലവ”ത്തിനുള്ള പങ്ക് ചെറുതല്ല.
എന്നാലും സംഘപരിവാറിന് എന്നും ഒരു കണ്ണിലെ കരടായിരുന്നു ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള കേരളം എന്ന സംസ്ഥാനം.
വടക്കേ ഇന്ത്യയിലെ പോലെ, അമ്പലത്തിനടുത്ത് ഒരു പശുവിനെ കൊന്നു കൊണ്ടിട്ടാലോ, പള്ളിയ്ക്കടുത്ത് പന്നിയെ കൊന്നു കൊണ്ടിട്ടാലോ, ഒന്നും വര്‍ഗീയ ലഹള ഉണ്ടാക്കാന്‍ പറ്റാത്ത സംസ്ഥാനം ആയത് കൊണ്ട് മാത്രമല്ല...
ഇന്ന് വരെ ഒരു സീറ്റ് നിയമസഭയില്‍ പോലും ഉണ്ടാക്കാന്‍ പറ്റാതെ പോയ സംസ്ഥാനം എന്ന നിലയില്‍ കേരളം എന്നും സംഘപരിവാറിന് ബാലികേറാമലയായി നില്‍ക്കുന്നത് കൊണ്ട്...
മതത്തിന്റെ പേരില്‍ തമ്മില്‍ തല്ലാന്‍ ആളുകളെ കിട്ടാതിരുന്നാല്‍ എങ്ങനെ നമ്മുടെ ആര്‍ഷ ഭാരത പാര്‍ട്ടി വളരും???? സമ്പൂര്‍ണ്ണ സാക്ഷരത ഉള്ള ജനങ്ങള്‍ ഉണ്ടായാലുള്ള ഒരു കുഴപ്പമേ...
എന്തായാലും കേരളത്തില്‍ ഇപ്പോള്‍ യുവമോര്‍ച്ച കിടാങ്ങള്‍ ഒരു പുതിയ സമരത്തില്‍ ആണ്.
അത്തം മുതൽ ചതയം വരെ സംസ്ഥാനത്ത് മദ്യ നിരോധനം ഏർപ്പെടുത്തണം എന്നാണ് ആവശ്യം. സമരകേന്ദ്രങ്ങള്‍ സംസ്ഥാനത്തെ ബിവറേജസ് കോർപറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയും ഔട്ട്‌ലെറ്റുകൾ.
ഗാന്ധിമാര്‍ഗ്ഗം ഒന്നുമല്ല സമരമാര്‍ഗ്ഗം.
(അല്ലെങ്കിലും ഗാന്ധിയെ നമ്മള്‍ക്ക് പണ്ടേ ഇഷ്ടമല്ല. നമ്മുടെ ഒരു “എക്സ്” സ്വയം സേവകന്‍ പണ്ട് ആ ചങ്ങാതിയെ കാച്ചി കളഞ്ഞപ്പോള്‍, നാട് മുഴുവന്‍ മധുരം വിളമ്പി ആഘോഷിച്ച പാരമ്പര്യമാണ് നമ്മുടെ സംഘടനയ്ക്കുള്ളത്)
കച്ചവട കേന്ദ്രങ്ങള്‍ തല്ലി തകര്‍ക്കുക, ജീവനക്കാരെ സഹിതം പൂട്ടി ഇടുക, തടയാന്‍ വരുന്ന പോലീസുകാരന്റെ തല തല്ലിപൊളിയ്ക്കുക തുടങ്ങിയ കലാപരിപാടികള്‍ മാത്രമാണ് മിനിമം ഐറ്റം..
ആദ്യം കേട്ട് കഴിഞ്ഞാല്‍ സംഗതി നല്ലതാണെന്ന് തോന്നും. സമ്പൂര്‍ണ്ണ മദ്യ നിരോധനം ഉള്ള കിനാശ്ശേരി ആണ് ഗാന്ധിജി കണ്ട സ്വപ്നം എന്നല്ലേ മഹാകവി ഇന്നസെന്റ് പാടിയത്.
പക്ഷെ അവിടെയും ചില രസം കൊല്ലികള്‍ അനാവശ്യ സംശയങ്ങള്‍ ഉയര്‍ത്തുന്നു.
മദ്യനിരോധനം അത്തം മുതൽ ചതയം വരെ മാത്രം മതി എന്നത് ഏതു കോത്താഴത്തെ നയം ആണ് എന്നതാണ് ഒന്നാമത്തെ ചോദ്യം. ബാക്കിയുള്ള മുഴുവന്‍ ദിവസവും കേരളത്തില്‍ മദ്യം നിറഞ്ഞ് ഒഴുകട്ടെ എന്നാണോ ആര്‍ഷ ഭാരത യുവസാംസ്കാരികരുടെ നയം?
അപ്പോള്‍ യുവമോര്‍ച്ച കിടാങ്ങള്‍ പറയുന്നു “ഓണം” എന്ന ഉത്സവം ആയത് കൊണ്ടാണ് ഈ സമയത്ത് മദ്യം വേണ്ട എന്ന്. ഒരു മാതിരി ശ്രീരാമ സേന (അതോ വാനര സേനയോ) മോഡല്‍ സാംസ്കാരിക പോലീസ് നയം.
അപ്പോള്‍ ന്യായമായും ക്രിസ്മസ് കാലത്ത് മദ്യം വില്‍ക്കണ്ട എന്ന് ക്രിസ്ത്യന്‍ യുവജന സംഘടനകളും, റംസാന്‍ കാലത്ത് മദ്യം വില്‍ക്കണ്ട എന്ന് മുസ്ലീം യുവജന സംഘടനകളും സമരം ചെയ്യുന്നതും ഇനി കേരളം കാണേണ്ടി വരുമോ എന്ന് ദിഗംബരന് സംശയം.
ബീഫ് നിരോധിയ്ക്കണം എന്ന് പറഞ്ഞ് സംഘ പരിവാറും, പന്നിയിറച്ചി നിരോധിയ്ക്കണം എന്ന് പറഞ്ഞ് ജിഹാദികളും സമരം നടത്തുന്ന ഒരു കാലം കൂടി ആയാല്‍, ഒക്കെ പൂര്‍ണ്ണം ആകും.
ഇനി വര്‍ഗീയലക്ഷ്യങ്ങള്‍ മാറ്റി നിര്‍ത്തി നോക്കിയാലും അനാവശ്യചോദ്യങ്ങള്‍ വേറെയും വരുന്നുണ്ട്.
സമരം ബിവറേജസ് കോർപറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയും ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ മാത്രം നടത്തിയാല്‍ മതിയോ... സ്റ്റാര്‍ കൂടിയ ബാറുകളും, കള്ള്ഷാപ്പുകളും ഒക്കെ പിന്നെ വില്‍ക്കുന്നത് പായസം ആണോ? അവിടെയും പോയി സമരം നടത്താന്‍ എന്താണ് തടസ്സം എന്നൊക്കെ പോകുന്നു ചോദ്യങ്ങള്‍..
അവിടെയാണ് ഈ സമരത്തിന്റെ ഒളിച്ചിരിയ്ക്കുന്ന സാമ്പത്തിക വശങ്ങള്‍ ചോദ്യം ചെയ്യപ്പെടേണ്ടത്. കേരളത്തില്‍ ഇപ്പോള്‍ നടപ്പക്കപ്പെട്ട പുതിയ മദ്യനയം ആണ് ഈ സമരത്തിന്റെ പ്രധാന അജണ്ടയ്ക്കു പിന്നില്‍ എന്നുള്ള സംശയം പ്രബലമാണ്.
ഓണം കഴിഞ്ഞാല്‍ കേരളത്തിലെ ഫൈവ് സ്റ്റാര്‍ ഒഴികെയുള്ള മുഴുവന്‍ ബാറുകളും പൂട്ടണമെന്ന് സര്‍ക്കാര്‍ നോട്ടീസ് കൊടുത്തു കഴിഞ്ഞിരിയ്ക്കുന്നു. പൂട്ടാന്‍ പോകുന്ന ബാറുകളുടെ പ്രധാന പ്രശ്നം, ഓണത്തെ മുന്നില്‍ കണ്ട് വാങ്ങി വെച്ച മദ്യത്തിന്റെ വന്‍പിച്ച സ്റ്റോക്കുകള്‍, എങ്ങനെ ഇത്രയും കുറഞ്ഞ സമയം കൊണ്ട് വിറ്റ് തീര്‍ക്കും എന്നതാണ്.
കൂടിയ കാശ് കൊടുത്ത് ഇതൊക്കെ വാങ്ങി കുടിയ്ക്കാന്‍ സാധാരണ-മദ്യവര്‍ഗ്ഗ ജനങ്ങളെ കിട്ടാന്‍ പാടാണ്. അവരൊക്കെ ഏതെങ്കിലും ബിവറേജസ് കോർപറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയും ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ നിന്ന് ക്യൂ കിടന്ന് തള്ളി, വില കുറഞ്ഞ “സാധനവും” വാങ്ങി വീട്ടില്‍ കൊണ്ട് പോയി അടിച്ചു തീര്‍ക്കും.
അവരെയൊക്കെ നമ്മുടെ ബാറില്‍ കയറ്റാന്‍ എന്താ വഴി? ബിവറേജ് പൂട്ടിയ്ക്കാന്‍ സമരം എങ്കില്‍ സമരം....
അവന്റെയൊക്കെ അമ്മാതിരി കുടി മുട്ടിച്ചാല്‍ പിന്നെ, ഓണത്തിന് അവനൊക്കെ “ഡ്രൈ” ആയി നടക്കുമെന്നാണോ വിചാരം.. നമ്മുടെ ബാറില്‍ കയറാതെ വേറെ എന്ത് വഴി.! നമ്മുടെ കച്ചവടവും കൂടും, നിരോധനത്തിന് മുന്‍പേ, ഉള്ള സ്റ്റോക്കുകള്‍ തീര്‍ന്നും കിട്ടും..
ഒരു വെടിയ്ക്ക് മൂന്നോ നാലോ പക്ഷി...
യുവമോര്‍ച്ച സമരം ലക്ഷ്യം വെച്ചത് ബിവറേജസ് കോർപറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയും ഔട്ട്‌ലെറ്റുകളെ മാത്രം ആകുന്നതില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ ഈ സാമ്പത്തിക വശം ചിന്തിച്ചാല്‍ മതി.
കേരളത്തില്‍ ഭരണം ഒന്നും കിട്ടിയിട്ടില്ലെങ്കിലും ബി.ജെ.പി നേതാക്കള്‍ക്ക് അബ്കാരിമേഖലയില്‍ ഉള്ള സ്വാധീനം ചെറുതല്ല എന്നത് കൂടെ കൂട്ടി വായിയ്ക്കണം.
ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് കാസര്‍കോട് കാഞ്ഞങ്ങാട് ഉള്ള, മുന്‍ നഗരസഭാ അംഗമായ ബി.ജെ.പി നേതാവിന്റെ വിവാദ നാല് നക്ഷത്ര ഹോട്ടലിന് ബാര്‍ ലൈസന്‍സ് അനുമതി നല്‍കിയ കാഞ്ഞങ്ങാട് നഗരസഭാ തീരുമാനം റദ്ദാക്കാന്‍, കെ.പി.സി.സി നേതൃത്വം ശ്രമിച്ചതിന്റെ പേരില്‍ ഉണ്ടായ വിവാദങ്ങള്‍ തന്നെ ഇതിന് തെളിവാണ്.
ഒപ്പം മദ്യനയത്തെ ശക്തമായി എതിര്‍ക്കുന്ന വെള്ളാപ്പള്ളി അടക്കമുള്ള സമുദായ നേതാക്കളെ സന്തോഷിപ്പിയ്ക്കാനും ഈ സമരം വഴി കഴിയുമെന്ന് സംഘപരിവാരം കണക്ക് കൂട്ടുന്നു. സമരം കള്ളുഷാപ്പുകള്‍ക്ക് മുന്നില്‍ എത്താത്തതിനു കാരണം അതാണ്‌.
വടക്കേ ഇന്ത്യയില്‍ പയറ്റിയ എല്ലാ തന്ത്രങ്ങളും കേരളത്തില്‍ പ്രയോഗിയ്ക്കാനും വര്‍ഗീയ ചേരിതിരിവ്‌ ഉണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനും സംഘപരിവാര്‍ കുറെ കാലങ്ങളായി ശ്രമിയ്ക്കുന്നുണ്ട്.
ഉത്തരേന്ദ്യന്‍ ആചാരങ്ങള്‍ ആയ “രക്ഷാബന്ധനും”, “ഗണേശോത്സവവും”, ഒക്കെ കേരളത്തില്‍ വ്യാപകമാക്കി പ്രചരിപ്പിച്ചതിന് പിന്നില്‍ ആ അജണ്ട ആണ് ഉള്ളത്. ഇതിനെ ഒരു ഭാഗം തന്നെയാണ് ഓണത്തെ ഒരു “ഹിന്ദു ആഘോഷം” ആക്കി മാറ്റി ഹൈജാക്ക് ചെയ്യാനുള്ള യുവമോര്‍ച്ചയുടെ ഈ ശ്രമവും!
കേരളത്തിന്റെ ഓണമോ, വിഷുവോ ഒന്നും ഇന്ന് വരെ ഒരു വടക്കേ ഇന്ത്യന്‍ സംസ്ഥാനത്തും കൊണ്ട് വരാന്‍ അബദ്ധത്തില്‍ പോലും ഇവര്‍ ശ്രമിച്ചിട്ടില്ല എന്ന് മനസ്സിലാക്കുമ്പോള്‍ ആണ് ഈ “സാംസ്കാരിക കൈമാറ്റത്തിന്റെ” യഥാര്‍ത്ഥ അജണ്ട വെളിയില്‍ വരിക.
ഓണത്തിന് “ബിവറേജ്/കൺസ്യൂമർ ഫെഡ് മദ്യം” നിരോധിയ്ക്കുക എന്ന ഇത്തവണത്തെ ആവശ്യം, ഇനി ഭാവിയില്‍ ഓണത്തിന് ബീഫ് കച്ചവടം നിരോധിയ്ക്കുക എന്ന അജണ്ടയിലേയ്ക്ക് മാറാന്‍ അധികം കാലതാമസം വരില്ല എന്ന് അര്‍ത്ഥം!
==============================
വാല്‍കഷ്ണം:
"സമരം ചെയ്ത് ബിവറേജ് പൂട്ടിച്ചിട്ട് നീ എങ്ങോട്ട് പോണു, ശിവാ?"
"വല്ലാത്ത ക്ഷീണം... ഞാനാ ബാറില്‍ പോയി ക്ഷീണം മാറ്റിയിട്ട് വരാം മാഷേ.."