2014, ഓഗസ്റ്റ് 23, ശനിയാഴ്‌ച

“ന്യൂനപക്ഷ പ്രീണനം” എന്ന “വിപ്പിംഗ് ബോയ്‌”....

“വിപ്പിംഗ് ബോയ്‌” അഥവാ ‘തല്ലുകൊള്ളാനുള്ള പയ്യന്‍” എന്നൊരു പ്രയോഗമുണ്ട് ഇംഗ്ലീഷ് ഭാഷയില്‍. പതിനഞ്ച് പതിനാറാം നൂറ്റാണ്ടുകളില്‍ ഇംഗ്ലണ്ടിലെ രാജവംശങ്ങളില്‍ നിലനിന്നിരുന്ന ഒരു വിചിത്ര സമ്പ്രദായത്തില്‍ നിന്നായിരുന്നു ഈ പ്രയോഗം ഉണ്ടായത്. രാജകുമാരന്മാര്‍ തെറ്റ് ചെയ്താലോ, പഠനത്തില്‍ മോശമായാലോ, അനുസരണകേട് കാണിച്ചാലോ, അവരെ തല്ലാന്‍ അധ്യാപകര്‍ക്ക് കഴിയില്ലല്ലോ. അതിനാല്‍ രാജകുമാരന് വേണ്ടി തല്ലു കൊള്ളാന്‍ നിയമിതനായ ബാലന്മാരെയാണ് “വിപ്പിംഗ് ബോയ്‌” എന്ന് വിളിച്ചിരുന്നത്‌. രാജകുമാരന്റെ കൂടെ എപ്പോഴും നിഴലായി കാണുന്ന വിപ്പിംഗ് ബോയി, രാജകുമാരന്റെ തെറ്റുകളുടെ ശിക്ഷ, അടിയായി സ്വന്തം ശരീരത്തില്‍ ഏറ്റു വാങ്ങിയാണ് ജീവിച്ചു പോന്നിരുന്നത്.
ഇന്ത്യന്‍ നാഷണല്‍ കൊണ്ഗ്രെസ്സ് എന്ന ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടി കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍, അതിന്റെ ഇന്ന് വരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഏറ്റു വാങ്ങിയത് നാം കണ്ടു. പ്രതിപക്ഷമായ ഭാരതീയ ജനതാ പാര്‍ട്ടി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി അധികാരത്തിലും വന്നു. ഭരണം പോയിട്ട് പ്രതിപക്ഷ നേതൃസ്ഥാനം പോലും ജനങ്ങള്‍ തന്നില്ല. വല്ലാത്ത ചെയ്ത്തായി പോയി എന്നല്ലാതെ എന്ത് പറയാന്‍.
എന്ത് കൊണ്ട് ഈ തിരിച്ചടി ഉണ്ടായി എന്ന് “ത്വാത്തിക അവലോകനം” നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാന്‍ ഒരു കമ്മിറ്റിയെ കൊണ്ഗ്രെസ്സ് ഹൈകമാന്‍ഡ് നിയോഗിച്ചു.
ഇമ്മാതിരി അവലോകനങ്ങള്‍ നടത്തി തഴക്കവും പഴക്കവും ഉള്ള ആസ്ഥാന ‘ബുദ്ധിജീവിയും’ ആദര്‍ശവാനും ആയ അറയ്ക്കപ്പരമ്പില്‍ കുര്യന്‍ ആന്റണിയ്ക്ക് ആയിരുന്നു പതിവ് പോലെ ഈ റിപ്പോര്‍ട്ട് മഹാകാവ്യവും രചിയ്ക്കാനുള്ള കമ്മിറ്റിയുടെ നേതൃത്വചുമതല നല്‍കിയത്. ആന്റണിക്ക് പുറമെ, മുകുള്‍ വാസ്‌നിക്, ആര്‍.സി.ഖുണ്ഡ്യ അവിനാശ് പാണ്ടെ എന്നീ പേരുകേട്ട കുറ്റാന്വേഷകര്‍ ആയിരുന്നു സമിതിയിലെ മറ്റ് അംഗങ്ങള്‍.
എന്ത് കൊണ്ട് ആന്റണിയെ ഈ ജോലി ഏല്‍പ്പിച്ചു എന്ന് ആര്‍ക്കെങ്കിലും ഒരു സംശയം ഉണ്ടായിരുന്നെങ്കില്‍, അത് ആ റിപ്പോര്‍ട്ട് പുറത്തു വന്നതോടെ തീര്‍ന്നു. ഷെര്‍ലക് ഹോംസിനെ പോലും നാണിപ്പിയ്ക്കുന്ന വേഗത്തില്‍ അദ്ദേഹം ഈ കേസിന് തുമ്പുണ്ടാക്കി പ്രതിയെ കണ്ടു പിടിച്ചു കളഞ്ഞു. (ചുമ്മാതാണോ കഴിഞ്ഞ സര്‍ക്കാരില്‍ അദേഹത്തെ ‘പ്രതിരോധ മന്ത്രി ആക്കിയത്!)
“ന്യൂനപക്ഷ പ്രീണനം” എന്ന ഭീകരന്‍ ആണത്രേ മുഖ്യപ്രതി. പേര് കേട്ടാല്‍ പാവമെന്നു തോന്നിയാലും അങ്ങനെ അല്ല കാര്യങ്ങളുടെ കിടപ്പ്. വെറും ഭീകരന്‍ അല്ല, കൊടുംഭീകരന്‍ ആണവന്‍!
അല്ലെങ്കില്‍ പിന്നെ, കൊണ്ഗ്രെസ്സ് പോലൊരു ആദര്‍ശപാര്‍ട്ടി നയിച്ച, തങ്കപ്പെട്ട ജനപ്രിയഭരണത്തിന്റെ നേട്ടങ്ങള്‍ പോലും വിസ്മരിച്ചു കൊണ്ട്, ജനങ്ങള്‍ കൂട്ടത്തോടെ ആ.ഭാ.സ (ആര്‍ഷ ഭാരത സംസ്കാര) പാര്‍ട്ടിയ്ക്ക് വോട്ടു ചെയ്യുമോ? അവന്‍ തന്നെയാണ് കാരണം.
കൊണ്ഗ്രെസ്സ് ഭരണത്തിന്‍ കീഴിലെ കഴിഞ്ഞ അഞ്ചു വര്ഷം രാജ്യത്തിന്റെ വികസനം റോക്കറ്റ് പോലെ കുതിച്ചുയരുകയായിരുന്നു എന്ന് ആന്റണി സംഘത്തിന് അറിയുന്ന പോലെ മറ്റാര്‍ക്കാണ് അറിയാവുന്നത്. തേനും പാലും തെരുവുകളില്‍ ഒഴുകുകയായിരുന്നു. കള്ളവും ചതിയും ഒട്ടുമില്ലാത്ത ആ ഭരണത്തെ മാവേലി ഭരണത്തിന് മുകളില്‍ പ്രതിഷ്ടിച്ചാലും മതിയാകില്ല. ആ ഭരണം കൊണ്ടുവന്ന വികസനത്തിന്റെ “സുഖം” കാരണം ജനങ്ങള്‍ “അയ്യോ ഇനിയും വികസിപ്പിയ്ക്കല്ലേ, സിംഗ് എമ്മാനെ” എന്ന് വിലപിച്ച്, ആനന്ദാശ്രുക്കള്‍ പൊഴിയ്ക്കുകയായിരുന്നു പതിവ്.
അങ്ങനെ ജനപ്രീതിയില്‍ ആകാശം മുട്ടി നില്‍ക്കുന്ന സമയത്താണ് “ന്യൂനപക്ഷ പ്രീണനം” എന്ന ഭീകരന്‍ കയറി വിളയാടിയത്. രാജ്യത്ത് ന്യൂനപക്ഷങ്ങളെ അമിതമായി പ്രീണിപ്പിയ്ക്കാന്‍ നമ്മുടെ പാര്‍ട്ടി “അമിതമായി” ശ്രമിയ്ക്കുന്നു എന്ന് ഭൂരിപക്ഷത്തിന് സംശയം ഉണ്ടാക്കുക എന്ന കൊടുംക്രൂരത ആണ് ലവന്‍ ചെയ്തു കളഞ്ഞത്. ജനപിന്തുണ പോകാന്‍ ഇതിലും വലിയ കാരണം വേണോ?
അല്ലാതെ പലരും പറയും പോലെ ഭരണത്തിന്റെ കുഴപ്പമോ, നാല്‍പ്പതു വയസ്സ് കഴിഞ്ഞിട്ടും പക്വത വരാത്ത നമ്മുടെ യുവരാജാവിന്റെ തുഗ്ലക്ക് പരിഷ്കാരങ്ങളോ, അഴിമതിയ്ക്കെതിരെ രാജ്യമെങ്ങും ഉണ്ടായ ജനകീയമുന്നേറ്റങ്ങളോ ഒന്നും അല്ല കാരണം. “ന്യൂനപക്ഷ പ്രീണനം” .. അവന്‍ തന്നെയാണ് കാരണം.
പ്രതിയെ തിരിച്ചറിഞ്ഞ സ്ഥിതിയ്ക്ക് ഇനി നമുക്ക് പ്രശ്ന പരിഹാരവും നോക്കണം. ലവന്മാര്‍ക്കു ഭൂരിപക്ഷം കുറവായിരുന്നെങ്കില്‍ പണ്ടത്തെ പോലെ കുറേയെണ്ണത്തെ ചാക്കില്‍ കയറ്റി ഭരണം പിടിയ്ക്കാന്‍ നോക്കാമായിരുന്നു. അമ്പത് സീറ്റ് പോലും തികച്ചില്ലാത്തതിനാല്‍ അതിനുള്ള ആരോഗ്യം ഇപ്പോള്‍ ഇല്ല. അഞ്ചു വര്ഷം സമയം ഉണ്ടല്ലോ.
ന്യൂനപക്ഷത്തെ പ്രീണിപ്പിയ്ച്ചാല്‍ വോട്ടു കിട്ടില്ലെങ്കില്‍, ഇനി ഭൂരിപക്ഷത്തെ പ്രീണിപ്പിച്ചു നോക്കാം. അല്ല പിന്നെ..
എങ്കിലും ഒരു ചോദ്യം മാത്രം ബാക്കി.... "രാജാവ് നഗ്നന്‍ ആയിരുന്നു" എന്ന സത്യം ആര് വിളിച്ചു പറയും?

2014, ഓഗസ്റ്റ് 16, ശനിയാഴ്‌ച

"പെയ്മെന്റ് സീറ്റ്" - എന്തിനീ നുണപ്രചരണം...

അന്വേഷണ കമ്മീഷന്‍, ഒരു സി.പി.ഐ നേതാവും കൈകൂലി വാങ്ങിയതായി പറഞ്ഞിട്ടില്ല.
ഓരോ ഇലക്ഷനും അതാത് പ്രദേശത്ത് നിന്നും പ്രാദേശികമായി ജനങ്ങളില്‍ നിന്നും ഇലക്ഷന്‍ ഫണ്ട് പിരിച്ചെടുക്കുന്ന സമ്പ്രദായമാണ് സി.പി.ഐ ഇന്ന് വരെ പിന്തുടര്‍ന്ന് പോന്നത്.
ആ പാര്‍ട്ടി സംഘടനാ രീതികള്‍ക്ക് വിരുദ്ധമായി, ഇലക്ഷന്‍ ചെലവ് മുക്കാല്‍ പങ്കും സ്ഥാനാര്‍ഥിയെ കൊണ്ട് വഹിപ്പിച്ചു എന്ന കമ്മീഷന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ ആണ്, ഈ മാധ്യമങ്ങള്‍ "പെയ്മെന്റ് സീറ്റ്" എന്നാക്കി മാറ്റി സി.പി.ഐയെ അപമാനിയ്ക്കാന്‍ നോക്കുന്നത്.
അച്ചടക്ക നടപടി ഉണ്ടായത് സംഘടനാപരമായ പിഴവുകള്‍ക്ക് ആണ്. അല്ലാതെ സാമ്പത്തിക തിരിമറികള്‍ക്ക് അല്ല.
ഇന്ത്യയില്‍ മത്സരിയ്ക്കുന്ന എല്ലാ മണ്ഡലങ്ങളിലെയ്ക്കും ചിലവിനായി വേണ്ട തുക അംബാനി,ടാറ്റ,അടാനി അടക്കമുള്ള വന്‍മുതലാളിമാരില്‍ നിന്നും ഡല്‍ഹിയില്‍ വെച്ച് മൊത്തമായി വാങ്ങി, ഒന്നര രണ്ട് കോടി വീതം ഓരോ മണ്ഡലത്തിലേയ്ക്ക് കൊടുത്ത് വിടുന്ന സമ്പ്രദായം ആണ് കൊണ്ഗ്രെസ്സ്, ബി.ജെ.പി പോലുള്ള പാര്‍ട്ടികള്‍ക്ക് ഉള്ളത്.
അങ്ങനെ കൊടുത്തയയ്ക്കുന്ന ഇലക്ഷന്‍ ഫണ്ടില്‍ നിന്നും സ്ഥനാര്‍ഥികളും, പ്രാദേശിക നേതാക്കളും കൈയ്യിട്ടു വാരുന്നതായി നൂറു കണക്കിന് ആരോപണങ്ങള്‍ ആണ് ഓരോ ഇലക്ഷന്‍ തീരുമ്പോഴും ഈ പാര്‍ട്ടികളില്‍ ഉണ്ടാകുക. എന്നിട്ട് ഒരിടത്ത് പോലും പേരിന് പോലും ഒരു അന്വേഷണം നടത്താനോ, അച്ചടക്ക നടപടി എടുക്കാനോ ഉള്ള ആര്‍ജ്ജവം ഇന്ന് വരെ ഇവരാരും കാട്ടിയിട്ടില്ല.
മൂക്കിന്‍ തുമ്പ് വരെ അഴിമതിയുടെയും, ജാതീയതയുടെയും, അച്ചടക്ക ലംഘനങ്ങളുടെയും ചെളിയില്‍ മുങ്ങി നില്‍ക്കുന്ന വലതുപക്ഷ പാര്‍ട്ടികള്‍ക്കും, അവരുടെ കുഴലൂത്തുകാരായ മാധ്യമങ്ങള്‍ക്കും, സ്വന്തം വിരലില്‍ പറ്റിയ ചെളി പരസ്യമായി തുടച്ച് അന്തസ്സോടെ നടന്നു നീങ്ങുന്ന സി.പി.ഐ പോലൊരു പ്രസ്ഥാനത്തെ വിമര്ശിയ്ക്കാന്‍ എന്ത് ധാര്‍മിക അവകാശം ആണ് ഉള്ളത്?

2014, ഓഗസ്റ്റ് 14, വ്യാഴാഴ്‌ച

വെഞ്ഞാറന്മൂട് ശശിയ്ക്ക് ഒരു സാദാ സി.പി.ഐ പ്രവര്‍ത്തകന്റെ കത്ത്...

ശ്രീ വെഞ്ഞാറന്മൂട് ശശിയ്ക്ക്,
സഖാവ് വെഞ്ഞാറന്മൂട് ശശി എന്നായിരുന്നു അഭിസംബോധന ചെയ്യാന്‍ താത്പര്യം..
എന്നാല്‍ അത് വഴി താങ്കളുടെ 'വികാരം' വ്രണപ്പെട്ടാലോ എന്ന് കരുതിയാണ് "ശ്രീ" എന്നാക്കിയത്.. തിരുവുള്ളം പൊറുക്കണം..
പാര്‍ട്ടിയിലെ പ്രക്രിയയുടെ ഭാഗമായി അച്ചടക്കനടപടിയ്ക്ക് വിധേയനായി, ജില്ലാ സെക്രെട്ടറി സ്ഥാനം നഷ്ടമായി പുറത്തിറങ്ങിയ ഉടനെ തന്നെ "ഇനി ഞാന്‍ സി.പി.ഐയില്‍ തുടരില്ല" എന്ന് മാധ്യമങ്ങളോട് ഉദ്ഘോഷിയ്ക്കുകയും, കഴിഞ്ഞ രണ്ട് ദിവസമായി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് ഒരുപാട് വിവരകേടുകള്‍ വിളിച്ചു പറഞ്ഞതും ഒക്കെ കണ്ടു കൊണ്ടിരിയ്ക്കുമ്പോള്‍, സത്യത്തില്‍ ദിഗംബരന് ചോദിയ്ക്കാന്‍ തോന്നിയത്, പഴയ ഒരു ജഗതി ശ്രീകുമാര്‍ ഡയലോഗ് ആണ്..
"അറിയാമെല്ലാഞ്ഞിട്ടു ചോദിക്കുവാ... താന്‍ ആരുവാ" എന്ന ഡയലോഗ്..
എങ്കിലും "എന്നെയാരും പിടിയ്ക്കണ്ട...ഞാനിപ്പം രാജി വെയ്ക്കും" എന്ന മട്ടില്‍ മാധ്യമങ്ങള്‍ തോറും നടത്തിയ ചവിട്ടുനാടകങ്ങള്‍ കണ്ടപ്പോള്‍, എന്നാല്‍ അതിനൊരു തീരുമാനം ആയിട്ട് മതി അത്തരം ചോദ്യം എന്ന് തോന്നിയതിനാല്‍ കാത്തിരിയ്ക്കുകയായിരുന്നു..
ഇപ്പോള്‍ അതൊക്കെ ഒരു കരയ്ക്കായ സ്ഥിതിയ്ക്ക് ചില ചോദ്യങ്ങള്‍ ചോദിയ്ക്കാതെ വയ്യ..
താങ്കള്‍ ഏതു കമ്മ്യുണിസ്റ്റ് ആശയങ്ങളില്‍ വിശ്വസിച്ചാണ് സി.പി.ഐയെ പോലൊരു പാര്‍ട്ടിയില്‍ ചേര്‍ന്നത്‌?
ജില്ലാ സെക്രെട്ടറി ആകുക എന്നതായിരുന്നോ താങ്കളുടെ വിപ്ലവ ലക്‌ഷ്യം?
അധികാരം പോയാല്‍ പാര്‍ട്ടിയെ ഉടുതുണി പോലെ വലിച്ചെറിയാനുള്ള പാര്‍ട്ടി ബോധമേ താങ്കള്ക്കുണ്ടായിരുന്നോള്ളോ?
പാര്‍ട്ടി അച്ചടക്ക നടപടിയില്‍ പരാതി ഉള്ള പക്ഷം, താങ്കള്‍ക്കെതിരെ അനീതിയാണ് നടന്നത് എന്ന തോന്നല്‍ ഉണ്ടെങ്കില്‍, അതിനെതിരെ പാര്‍ട്ടി കണ്ട്രോള്‍ കമ്മീഷനില്‍ അപ്പീല്‍ നല്‍കി, ആ നടപടിയ്ക്കെതിരെ പൊരുതാനുള്ള ജനാധിപത്യബോധം എന്ത് കൊണ്ട് ഇല്ലാതെ പോയി?
അതോ സ്വന്തം തെറ്റിന്റെ വലിപ്പം കാരണം, അപ്പീല്‍ പോയാലും ജയിയ്ക്കില്ല എന്ന് സ്വയം മനസ്സിലാക്കിയത്‌ കൊണ്ടോ? അത് കുറ്റം സമ്മതിക്കുന്നു എന്നതിന് തുല്യമല്ലേ?
ഒടുവില്‍ ഒരേ ഒരു ചോദ്യം..
ഇത്രയും ഡ്രാമ കാണിച്ചാല്‍, "അയ്യോ സഖാവേ പോകല്ലേ..അയ്യോ സഖാവേ പോകല്ലേ" എന്ന് പറഞ്ഞ് ഏതെങ്കിലും സി.പി.ഐക്കാരന്‍ താങ്കളുടെ കാല് പിടിയ്ക്കുമെന്ന് പ്രതീക്ഷിച്ചോ?
എന്നാല്‍ മനസ്സിലാക്കുക...
താങ്കള്‍ ഈ പാര്‍ട്ടി വിട്ടു പോയാല്‍ ആരും കരയാന്‍ പോകുന്നില്ല ...
കാരണം ഈ പാര്‍ട്ടി നിലനില്‍ക്കുന്നത് ഏതെങ്കിലും വ്യക്തികളുടെ ബലത്തില്‍ അല്ല. ആദര്‍ശങ്ങളോട് ഉള്ള പ്രതിബദ്ധതയുടെ കരുത്തില്‍ ആണ്.. പല അധികാര മോഹികളും ഈ പാര്‍ട്ടിയില്‍ നിലനില്‍ക്കാന്‍ കഴിയാതെ പുറത്തു പോയിട്ടുണ്ട്...
സ്ഥാപക നേതാക്കളില്‍ ഒരാളായ എസ്.എ. ഡാങ്കേയെ വരെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് പുറത്താക്കിയിട്ടുണ്ട്.
എന്തിന്, തിരുവനന്തപുരം ജില്ലയിലെ തലയെടുപ്പുള്ള നേതാവും, മുന്‍മന്ത്രിയും ആയിരുന്ന ഭാര്‍ഗ്ഗവി തങ്കപ്പനെ, മണിച്ചന്റെ ഡയറിയില്‍ കൈക്കൂലി നല്‍കിയിരിക്കുന്നതായി രേഖപ്പെടുത്തി കണ്ടതിന്റെ പേരില്‍, അന്വേഷണം നടത്തി അച്ചടക്ക നടപടി സ്വീകരിച്ച് പുറത്താക്കിയ പാരമ്പര്യമുള്ള ഒരു പാര്‍ട്ടിയാണിത്‌..
അപ്പോഴൊന്നും ഒരു രോമം പോയ വേദന പോലും ഞങ്ങള്‍ക്ക് തോന്നിയിട്ടില്ല.
കാരണം ആ ഓരോ നടപടികളും ഞങ്ങളുടെ പ്രിയപ്പെട്ട പാര്‍ട്ടിയുടെ അന്തസ്സ് കൂട്ടിയതായി മാത്രമേ ഞങ്ങള്‍ക്ക് തോന്നിയിട്ടുള്ളൂ.. അത് കൊണ്ട്...
താങ്കള്‍ അല്ല, കമ്മ്യുണിസ്റ്റ് ആദര്‍ശങ്ങളോട് പ്രതിബദ്ധത ഇല്ലാത്ത ആരോ പുറത്തു പോകട്ടെ..
ഞങ്ങള്‍ക്ക് വെറും "തൃണം" മാത്രം...!
==================
വാല്‍കഷണം: -
സി.പി.ഐ യില്‍ നിന്നും പുറത്തു പോയ വെഞ്ഞാറന്മൂട് ശശി ആര്‍.എസ്.പിയില്‍ ചേര്‍ന്നതായി കേള്‍ക്കുന്നു. ഇടതുമുന്നണിയെ പാര വെച്ച് യു.ഡി.എഫിലേയ്ക്ക് കാല് മാറിയ അവന്മാര്‍ക്ക്, അങ്ങനെ തന്നെ വേണം!

2014, ഓഗസ്റ്റ് 13, ബുധനാഴ്‌ച

തിരുവനന്തപുരത്തെ സ്ഥാനാര്‍ഥി നിര്‍ണ്ണയ വിഷയത്തില്‍ സി.പി.ഐ യെ വിമര്‍ശിക്കുന്നവരോട്..

സി.പി.ഐയ്ക്കെതിരെ ഫേസ്ബുക്കില്‍ കിടന്നു കാറുന്ന വലതുപക്ഷ രാഷ്ട്രീയ ജീവികള്‍ അറിയാന്‍...
“കേരളത്തിലെ സമീപകാല രാഷ്ട്രീയ ചരിത്രത്തിലെങ്ങുമില്ലാത്ത സംഘടനാ നടപടിയാണ് സി.പി.ഐയില്‍ ഉണ്ടായിരിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലിയും ഫണ്ട് ശേഖരണത്തിലെ ക്രമക്കേടുകളെച്ചൊല്ലിയും പാര്‍ട്ടികളില്‍ വിവാദമുണ്ടാകാറുണ്ടെങ്കിലും അച്ചടക്ക നടപടി സാധാരണമല്ല.”
ഇടതുപക്ഷത്തെ താറടിച്ചു കാണിയ്ക്കാന്‍ കിട്ടുന്ന ഏറ്റവും ചെറിയ അവസരത്തെ പോലും ഒരു മാധ്യമ ആഘോഷമാക്കി മാറ്റാറുള്ള മലയാളത്തിലെ ഒരു പ്രമുഖ വലതുപക്ഷ ദിനപത്രം, തിരുവനന്തപുരത്തെ തെരഞ്ഞെടുപ്പ് പരാജയവിഷയത്തില്‍, സി.പി.ഐ യില്‍ നടന്ന അച്ചടക്കനടപടിയെ പറ്റി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ചേര്‍ത്ത ഒരു വാചകമാണ് മുകളില്‍ പറഞ്ഞത്.
കമ്മ്യുണിസ്റ്റ് വിരുദ്ധരെ പോലും അതിശയിപ്പിച്ച, ഇത്തരം ശക്തമായ സംഘടനാനടപടികള്‍ സ്വീകരിയ്ക്കാന്‍ ഉള്ള സി.പി.ഐ എന്ന പ്രസ്ഥാനത്തിന്റെ ആര്‍ജവത്തിന്റെയും ആദര്‍ശശുദ്ധിയുടെയും തെളിവായി മാറുകയാണ് ഈ വാക്കുകള്‍..
പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടുകളില്‍നിന്ന് വ്യതിചലിക്കുന്നവര്‍ എത്ര ഉന്നതരായാലും മുഖം നോക്കാതെ നടപടിയെടുക്കാന്‍ ആര്‍ജവമുള്ള പാര്‍ട്ടിയാണ് സി.പി.ഐയെന്ന് വീണ്ടും വീണ്ടും അടിവരയിടുന്നു ഈ നടപടികള്‍..
പാര്‍ട്ടിയുടെ രാഷ്ട്രീയനയത്തിനെതിരെ നിലപാടെടുത്തതിന്, സ്ഥാപക നേതാക്കളില്‍ ഒരാളായ എസ്.എ.ഡാങ്കെയെ പോലും പുറത്താക്കാന്‍ മടി കാണിച്ചിട്ടില്ലാത്ത, സി.പി.ഐയുടെ ധൈര്യത്തിനും, ആദര്‍ശപാരമ്പര്യത്തിനും, ചരിത്രത്തിനും ഒപ്പം നില്‍ക്കാന്‍ ഇന്ത്യയിലെ തന്നെ മറ്റൊരു രാഷ്ട്രീയകക്ഷിയ്ക്കും കഴിയില്ല എന്ന് നിസംശയം പറയാം.
അത് തന്നെയാണ് സി.പി.ഐയെ വ്യത്യസ്തമാക്കുനതും..
ഓരോ ഇലക്ഷന്‍ കഴിയുമ്പോഴും ഉണ്ടാകുന്ന ഓരോ പുതിയ ജാതിമത കീഴടങ്ങലുകളും, സാമ്പത്തിക ആരോപണങ്ങളും ഒരു ബഹുമതിയായി മാത്രം കണക്കാക്കുന്ന വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇതൊക്കെ മനസ്സിലാകും എന്ന് ഞങ്ങള്‍ പ്രതീക്ഷിയ്ക്കുന്നില്ല...
മൂക്കറ്റം ചാണകകുഴിയില്‍ മുങ്ങി നില്‍ക്കുന്ന നിങ്ങള്‍ക്കൊന്നും, വിരലില്‍ പറ്റിയ ചെളി തുടച്ചു ധൈര്യത്തോടെ മുന്നോട്ടു നീങ്ങുന്ന ഞങ്ങളെ കുറ്റം പറയാന്‍ യാതോരു ധാര്‍മിക അര്‍ഹതയും ഇല്ല..
അതിനാല്‍ തന്നെ നിങ്ങളുടെ ജല്പനങ്ങളെ അര്‍ഹിയ്ക്കുന്ന അവന്ഞയോടെ ഞങ്ങള്‍ അവഗണിയ്ക്കുന്നു..
(ഫോട്ടോ:- കേരള കൌമുദിയില്‍ വന്ന റിപ്പോര്‍ട്ട്‌)

2014, ഓഗസ്റ്റ് 4, തിങ്കളാഴ്‌ച

വേദനിയ്ക്കുന്ന കോടീശ്വരന്മാര്‍ക്ക് വേണ്ടി ഒരു സര്‍വകലാശാല ???

അവിചാരിതമായാണ് ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയെ പറ്റിയുള്ള, ഈ വാര്‍ത്ത ദിഗംബരന്റെ ശ്രദ്ധയില്‍ പെട്ടത്..
എഞ്ചിനീയറിംഗ് കോളേജുകളെ സര്‍വകലാശാലകളില്‍ നിന്നും വേര്‍പ്പെടുത്തി, ഒന്നിച്ചു ചേര്‍ത്ത് ഉണ്ടാക്കാന്‍ പോകുന്ന ഈ പുതിയ സര്‍വകലാശാല തീര്‍ച്ചയായും നല്ലൊരു ഉദ്യമമാണ് എന്നാണ് ദിഗംബരന് തോന്നുന്നത്. എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്താന്‍ ഈ സര്‍വകലാശാലയ്ക്ക് കഴിയട്ടെ എന്നും ആശംസിയ്ക്കുന്നു..
എന്നാല്‍ വാര്‍ത്ത മുഴുവന്‍ വായിച്ചപ്പോള്‍, എന്തോ കല്ലുകടി ... സര്‍വ്വകലാശാലയെ നിയന്ത്രിയ്ക്കാന്‍ പോകുന്ന ഭരണസമിതിയുടെ ഘടനയും, ചെയര്‍മാന്‍ എന്ന പുതിയ പദവിയില്‍ ആര്‍ക്കൊക്കെ വരാം എന്നുമൊക്കെ നോക്കുമ്പോള്‍ തോന്നിയ കല്ലുകടിയാണ്..
ഭരണസമിതിയില്‍ അക്കാദമിക രംഗത്തെ പ്രമുഖര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരെയൊക്കെ ഉള്‍പ്പെടുത്തുന്നതില്‍ ഒരു എതിരഭിപ്രായവും ഉണ്ടാവേണ്ട കാര്യമില്ല,,
പക്ഷെ ആയിരം കോടി വിറ്റുവരവുള്ള ബഹുരാഷ്ട്ര കമ്പനിയുടെ സി.ഇ.ഒ , വ്യവസായ പ്രമുഖര്‍ എന്നിവരെ എന്ത് മാനദണ്ഡം നോക്കിയാണ് ഭരണ സമിതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരിയ്ക്കുന്നത്?
(999 കോടി വിറ്റുവരവ് ഉള്ള വ്യവസായിക്ക് പ്രത്യേക ഡിസ്കൌണ്ട് കൊടുക്കുമോ എന്ന് വാര്‍ത്ത പറയുന്നുമില്ല)
ചാന്‍സിലര്‍ ആയ ഗവര്‍ണ്ണര്‍, വി.സി. എന്നിവര്‍ക്കിടയില്‍ പുതുതായി സൃഷ്ട്ടിച്ച "ചെയര്‍മാന്‍" പദവിയിലും "അന്താരാഷ്ട്ര തലത്തില്‍ പ്രമുഖനായ വ്യവസായികള്‍ക്ക്" പ്രത്യേക സംവരണം കാണുന്നുണ്ട്..
ചുരുക്കി പറഞ്ഞാല്‍, ഭാവിയില്‍ പത്മശ്രീ കിട്ടാത്ത 'പ്രാഞ്ചിയെട്ടന്മാരെ' കുടിയിരുത്താന്‍ വേണ്ടിയാണോ ഇമ്മാതിരി ഒരു സര്‍വകലാശാല ഉണ്ടാക്കുന്നത്‌ എന്ന്, ഇമ്മിണി ചെറിയ സംശയം തോന്നിയാല്‍ തെറ്റ് പറയാന്‍ പറ്റുമോ?
ഇത്തരം ഒരു നീക്കം ശരിയ്ക്കും ആ സര്‍വകലാശാലയുടെ ശരിയായ ഉദ്ദേശത്തെ തന്നെ അട്ടിമറിയ്ക്കുകയില്ലേ? ഇത് മുളയിലേ തന്നെ എതിര്‍ക്കപ്പെടെണ്ടത് തന്നെയല്ലേ?