2014, ജൂൺ 22, ഞായറാഴ്‌ച

അത് താനല്ലയോ ഇത് .....

മറ്റേതൊരു ഇന്ത്യക്കാരനേയും പോലെ ദിഗംബരനും ആശങ്കയില്‍ ആണ്.. ആശങ്ക എന്ന് പറഞ്ഞാല്‍ ഉല്‍പ്രേക്ഷയുടെ ലക്ഷണത്തില്‍ പറയുന്ന ആശങ്ക..
“മറ്റൊന്നിൻ ധർമ്മയോഗത്താലതുതാനല്ലയൊ ഇത്‌ എന്നു വർണ്യത്തിലാശങ്ക ഉൽപ്രേക്ഷാഖ്യയലംകൃതി.” എന്നാണല്ലോ ലക്ഷണം!
ഇന്ത്യക്കാര്‍ ഇപ്പോള്‍ അനുഭവിയ്ക്കുന്നതും ഈ ആശങ്ക തന്നെയാണ്.
കടലില്‍ നിന്ന് രക്ഷപ്പെടാന്‍, ചെകുത്താന്റെ വായില്‍ തല വെച്ച് കൊടുത്തോ എന്ന് ലളിതമായി പറയാനാകുന്ന ആശങ്ക.
ഒന്നാം യു.പി.എ ഭരണകാലത്ത് ഇടതുമുന്നണിയുടെ ശക്തമായ ഇടപെടല്‍ മൂലം നടത്താനാകാതെ പോയ പല “സാമ്പത്തിക പരിഷ്കാരങ്ങളും”, രണ്ടാം യു.പി.എ ഭരണകാലത്ത്, ഗ്രഹണി പിടിച്ച ചെറുക്കന് ചക്കകൂട്ടാന്‍ കിട്ടിയാല്‍ കാണിയ്ക്കുന്ന ആക്രാന്തത്തോടെ നടപ്പാക്കിയതിനാണല്ലോ മന്‍മോഹന്‍ സിംഗിനെ ജനം ഭരണത്തില്‍ നിന്നും വലിച്ചെറിഞ്ഞത്.
പകരം കയറ്റി ഇരുത്തിയ അവതാരത്തിന്റെ ഇപ്പോഴത്തെ രൂപം കാണുമ്പോള്‍ ആശങ്ക എങ്ങനെ വരാതിരിയ്ക്കും...
തലക്കെട്ട്‌ ഇല്ലന്നേ ഉള്ളൂ.. ബാക്കി അടിമുടി മന്‍മോഹന സിംഗം തന്നെ...... വാക്കിലും നോക്കിലും...
“അത് താനല്ലയോ ഇത് എന്ന് എങ്ങനെ സംശയിയ്ക്കാതിരിയ്ക്കും..... മന്‍മോഹനെ കടത്തി വെട്ടില്ലേ എന്ന് പോലും സംശയം.....
രണ്ടാം യു.പി.എ സര്‍ക്കാര്‍ നടപ്പാക്കിയ പരിഷ്കാരങ്ങള്‍ക്ക് വേഗം പോരാ, പോരാ.. ആക്സിലേറ്റര്‍ ഇടൂ.. എന്നൊക്കെ പറഞ്ഞ് അംബാനി മുതല്‍ അടാനി വരെയുള്ള നല്ലവരായ ദേശീയ മുതലാളിമാരും, വാള്‍മാര്‍ട്ട് പോലുള്ള വിദേശ മുതലാളിമാരും കൊങ്ങയ്ക്ക് പിടിച്ചപ്പോള്‍, എല്ലാം അവരുടെ ഇഷ്ടത്തിന് വിട്ടു കൊടുത്ത മന്മോഹന രൂപം, ആ പരിഷ്കാരങ്ങള്‍ മൂലം ജീവിതം പൊരുതി മുട്ടിയ നാട്ടുകാരോട് പറഞ്ഞ ചില വാക്കുകള്‍ ഉണ്ട്..
“ഈ പരിഷ്കാരങ്ങള്‍ നടപ്പാക്കിയേ തീരൂ.. അതിനു ചില കഠിന തീരുമാനങ്ങള്‍ എടുക്കേണ്ടി വരും. അത് വഴിയേ സാമ്പത്തിക നില മെച്ചപ്പെടൂ. അല്ലാതെ പണം മരത്തില്‍ കായ്ക്കില്ല”..
എന്തത്ഭുതം.. മന്മോഹന രൂപത്തിന് പകരം വന്ന നരേന്ദ്ര രൂപത്തില്‍ നിന്നും ഉതിര്‍ന്നു വീഴുന്നതും അതേ വാക്കുകള്‍ തന്നെ..
“പരിഷ്കാരങ്ങള്‍ നടപ്പാക്കിയേ തീരൂ. ചില കഠിന തീരുമാനങ്ങള്‍ എടുക്കേണ്ടി വരും. അത് വഴിയേ സാമ്പത്തിക നില മെച്ചപ്പെടൂ.”
ചുരുക്കി പറഞ്ഞാല്‍, പേരും രൂപവും മാറി എന്നേ ഉള്ളൂ... ഉള്ളിലിരിയ്ക്കുന്ന രൂപങ്ങള്‍ എല്ലാം ഒന്ന് തന്നെ..
എന്‍.ഡി.എ എന്ന പേര് മാറ്റി മൂന്നാം യു.പി.എ എന്ന് വിളിച്ചാലും വലിയ വ്യത്യാസം വരില്ല എന്നര്‍ത്ഥം ..
ജനത്തെ ഇമ്മാതിരി “സാമ്പത്തികപരിഷ്കാരത്തില്‍” മുക്കി ‘വറുത്തെടുക്കുമോ’, അതോ മുന്‍പത്തെ പോലെ ‘വേവിച്ചെടുക്കുമോ’ എന്നേ നോക്കേണ്ടതുള്ളൂ..
സ്വദേശി, ഭാരതീയം, പാരമ്പര്യം തുടങ്ങിയ വാക്യങ്ങള്‍ ഒക്കെ ആര്‍.എസ്.എസ് ശാഖകളിലെ മുദ്രാവാക്യങ്ങളില്‍ മാത്രം മതി. ഭരിയ്ക്കുമ്പോള്‍ വിളിയ്ക്കാന്‍ വേറെ മുദ്രാവാക്യങ്ങള്‍ ഉണ്ട്..
അംബാനി/അടാനി/വാള്‍മാര്‍ട്ട് മുതലാളിമാര്‍ കീ ജയ്... സബ്സിഡികള്‍ തുലയട്ടെ... മാര്‍ക്കറ്റ് വിജയിക്കട്ടെ...
===============
ചില മക്കളുടെ കൈയിലിരിപ്പ് കാരണം നാട്ടുകാര്‍ പറയാറുണ്ട്‌ " അവനെ അപ്പന്‍ എത്രയോ ഭേദം ആയിരുന്നു".
മോഡി കാരണം മന്മോഹനസിംഗത്തിനും, "നല്ല പേര്" കിട്ടാന്‍ എല്ലാ സാധ്യതയും ഉണ്ട്..

2014, ജൂൺ 16, തിങ്കളാഴ്‌ച

റോമാനഗരം കത്തുമ്പോള്‍ വീണ വായിച്ചു രസിയ്ക്കുന്നവര്‍...

ഇറാക്കില്‍ ആഭ്യന്തര യുദ്ധം കൊടുമ്പിരി കൊള്ളുന്നു.. കൊള്ളയും, കൊലയും എങ്ങും പടരുന്നു... ബാഹ്യലോകവുമായുള്ള വാര്‍ത്താവിനിമയ ബന്ധങ്ങളും നിഷേധിയ്ക്കപ്പെട്ടു, നിത്യജീവിതത്തിന് വേണ്ട സാധനങ്ങള്‍ പോലും കിട്ടാതെ ജനങ്ങള്‍ വലയുന്നു...
ക്രൂരമായ യുദ്ധമേഖലകളില്‍, മരണത്തിനും ജീവിതത്തിനും ഇടയില്‍, അനിശ്ചിതത്തിന്റെ ആശങ്കകള്‍ നിറച്ച് ജീവിയ്ക്കുകയാണ് ആയിരക്കണക്കിന് വിദേശ ഇന്ത്യാക്കാര്‍...
സുരക്ഷിതമായി തിരികെ നാട്ടില്‍ പോകണമെന്ന ഒരേ ഒരു ആഗ്രഹമേ അവര്‍ക്കുള്ളൂ... എന്നാല്‍ ജനങ്ങള്‍ വന്‍ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുത്ത ഇന്ത്യന്‍ സര്‍ക്കാര്‍ അവരോട് നിര്‍ദാക്ഷണ്യം പറയുന്നു...
"നിങ്ങളെ ഒഴിപ്പിയ്ക്കാന്‍ ഞങ്ങള്‍ക്ക് താത്പര്യം ഇല്ല. വേണമെങ്കില്‍ സ്വന്തം ചെലവില്‍ രക്ഷപ്പെട്ടു കൊള്ളൂ"..
"ഇന്ത്യന്‍ പൌരന്‍" എന്ന അഭിമാനത്തില്‍ വിദേശത്ത് ജീവിയ്ക്കുന്ന വിദേശ ഇന്ത്യക്കാര്‍, ഈ സര്‍ക്കാരിന് ശരിയ്ക്കും ആരാണ്?
വിദേശപണം ലഭിയ്ക്കാന്‍ വേണ്ടിയുള്ള, കറവ വറ്റിയാല്‍ അറുക്കാന്‍ വില്‍ക്കുന്ന, കറവപശുക്കള്‍ മാത്രമോ?
ഇറ്റാലിയന്‍ നാവികര്‍ ഇന്ത്യയില്‍ തടവില്‍ ആയപ്പോള്‍, ആ ഭരണകൂടം ഒന്നടങ്കം അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച രീതി കണ്ടവരാണ് നമ്മള്‍.. സ്വന്തം പൌരന്മാരെ സംരക്ഷിയ്ക്കനായി ഏതു യുദ്ധത്തിനും തയ്യാറാകുന്ന അമേരിക്കന്‍, റഷ്യന്‍ ഭരണകൂടങ്ങളെയും ലോകം കാണുന്നു..
പക്ഷെ, നമ്മുടെ ഭരണകൂടങ്ങള്‍ മാത്രം, എന്ത് കൊണ്ട് പൌരന്റെ ജീവന് വില കല്‍പ്പിയ്ക്കുന്നില്ല?....
സ്വന്തം പൌരന്മാര്‍ക്ക് വിദേശത്ത് ഒരു ചെറിയ ബുദ്ധിമുട്ട് നേരിട്ടാല്‍, എല്ലാം മാറ്റിവെച്ച് ഓടിയെത്തി ഇടപെടുന്ന; അമേരിക്ക, ഇറ്റലി, റഷ്യ, ബ്രിട്ടന്‍ മുതലായ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ക്ക്, അവരുടെ പൌരന്മാരോടുള്ള സ്നേഹം കണ്ടു നമുക്ക് അസൂയപ്പെടാം..
ഇന്ത്യന്‍ പൌരന്മാരോടല്ലെങ്കില്‍, ആരോടാണ് ഈ സര്‍ക്കാറിന് ഉത്തരവാദിത്വം????
ഇപ്പോള്‍ പ്രധാനമന്ത്രി പദത്തില്‍ ഇരിയ്ക്കുന്ന, (കഴിഞ്ഞ വര്ഷം നൂറു കാറില്‍ പതിനായിരം പേരെ പ്രളയത്തില്‍ നിന്നും രക്ഷിച്ച), "അത്ഭുത"മനുഷ്യന്‍ തന്നെ ഇതിന് ഉത്തരം പറയുമെന്ന് പ്രതീക്ഷിയ്ക്കാമോ? ....

2014, ജൂൺ 13, വെള്ളിയാഴ്‌ച

"ലിംഗശങ്ക" അലട്ടുന്നവര്‍....

ചന്ദ്രചൂഡന്‍ സഖാവ് ആളു മാന്യന്‍ ആണ് എന്നൊരു തെറ്റിദ്ധാരണ നാട്ടുകാര്‍ക്കൊക്കെ ഉണ്ടായിരുന്നു.
സ്വന്തം പാര്‍ട്ടിയില്‍ സംസ്ഥാന സെക്രെട്ടറി ആകാന്‍ മത്സരിച്ചു തോറ്റപ്പോള്‍, ഗ്രൂപ്പ് കളി വഴി തന്നെ തോല്‍പ്പിച്ചവരുടെ തന്നെ കാല് നക്കി, "ദേശീയ സെക്രെട്ടറി" സ്ഥാനം തന്നെ നേടിയെടുത്തു എന്നതല്ലാതെ, അവരുടെ ലിംഗം ഏതെന്നു തിരക്കാനൊന്നും ആദ്ദേഹം നടന്നില്ല.
ഇടതു മുന്നണി വെച്ച് നീട്ടിയ രാജ്യസഭ എം.പി സ്ഥാനം, അതേ ഗ്രൂപ്പ് കളിക്കാര്‍ തട്ടിത്തെറിപ്പിച്ചപ്പോഴും ആദ്ദേഹത്തിന് "ലിംഗസംശയം" തോന്നിയില്ല.
തമ്മിലടിച്ച്‌ പാര്‍ട്ടി പലതായി പിളര്‍ന്ന്, കൈയ്യില്‍ ഉണ്ടായിരുന്ന കൊല്ലം ലോകസഭ സീറ്റ് നഷ്ടപ്പെട്ടപ്പോഴോ, അടുത്ത മൂന്നു ലോകസഭ തെരഞ്ഞെടുപ്പുകളിലും സ്വന്തം സ്ഥാനാര്‍ഥി ഇല്ലാതിരുന്നപ്പോഴും, ഒന്നും അദ്ദേഹത്തിന് "ലിംഗശങ്ക" ഉണ്ടായതായി ചരിത്രത്തില്‍ തെളിവില്ല...
ഇടതുമുന്നണിയുടെ ചിലവില്‍ വളര്‍ത്തിയെടുത്ത പാര്ട്ടിയ്ക്കതീതമായ “പ്രതിച്ഛായ” ഉള്ള പ്രേമചന്ദ്രന്‍ എന്നൊരു സ്ഥാനാര്‍ഥി, അന്നൊക്കെ മന്ത്രി, എം.പി എന്നീ നിലകളില്‍ ആകെ "ബിസി" ആയതിനാലായിരുന്നു അപ്പോഴൊന്നും കൊല്ലം സീറ്റിനെപറ്റി "ലിംഗശങ്ക" തോന്നാത്തത് എന്നത്, ചിന്തിയ്ക്കുന്നവര്‍ക്ക് കിട്ടുന്ന ദ്രിഷ്ടാന്തം...
ഒരു സുപ്രഭാതത്തില്‍, അന്ന് വരെ പറഞ്ഞതെല്ലാം വിഴുങ്ങി , തലേ രാത്രി വരെ “ജനദ്രോഹി സരിതാ ചാണ്ടി” എന്ന് തെറി വിളിച്ചു നടന്ന ഉമ്മന്‍ചാണ്ടിയുടെ കാല്‍ക്കല്‍ വീണ് സാഷ്ടാംഗം നമിച്ച്, നല്ലവണ്ണം തടവി, ഒരു ലോകസഭ സീറ്റ് ഒപ്പിച്ചെടുത്തപ്പോഴും ആ സംശയം അദ്ദേഹത്തെ അലട്ടിയില്ല.
ബംഗാളില്‍ ഇപ്പോഴും ഇടതു മുന്നണിയെ താങ്ങി നടക്കുമ്പോഴും ഇല്ലായിരുന്നു ആ സംശയം...
ഒടുവില്‍ ഇപ്പോഴാണ് ശരിയ്ക്കും സംശയം തോന്നിയത്... ലവനല്ലേ ആണും പെണ്ണും കേട്ടവന്‍ എന്ന്..
സംശയം മാറാന്‍ ഒറ്റ വഴിയേ കാണുന്നുള്ളൂ പ്രൊഫസര്‍ സാറേ.. സ്വന്തം ഭാര്യയോടു ചോദിയ്ക്കുക..
പിന്നെയും സംശയം മാറിയില്ലെങ്കില്‍, നാട്ടുകാരോട് ചോദിയ്ക്കുക.. അവര്‍ സംശയം മാറ്റി തരും.
==========================
"വിപ്ലവം ലിംഗത്തിലൂടെ" എന്നൊരു തിയറി പ്രോഫസ്സരില്‍ നിന്നും ഉടനേ പ്രതീക്ഷിയ്ക്കാം എന്ന് തോന്നുന്നു.... ഇന്ത്യന്‍ കമ്മ്യുനിസതിന്റെ ഒരു ഭാഗ്യമേ...
=========================
വാല്‍കഷ്ണം : പ്രോഫെസ്സര്‍ തേങ്ങ ഉടച്ചാല്‍ താന്‍ ചിരട്ടയെങ്കിലും ഉടയ്ക്കണ്ടേ എന്ന് കരുതി, അച്ഛന്‍ ഉണ്ടാക്കിയ നല്ല പേരിന്റെ തഴമ്പ് തടവി ജീവിയ്ക്കുന്ന മന്ത്രി ഷിബുവും ഒരു സംശയം പറഞ്ഞിട്ടുണ്ട്..
കൊല്ലത്ത് എത്ര വാര്‍ഡുകളില്‍ ആര്‍.എസ്.പി ജയിച്ചിട്ടുണ്ട്, എത്രയെണ്ണത്തില്‍ സി.പി.ഐ ജയിച്ചിട്ടുണ്ട് എന്നൊക്കെ ഒന്ന് തിരക്കി നോക്കിയാല്‍ തീരാവുന്ന ചെറിയ സംശയം മാത്രമാണ് അത് എന്നതിനാല്‍, ആ സംശയത്തിന് ദിഗംബരന്‍ മറുപടി പറയുന്നില്ല..