2014, മേയ് 24, ശനിയാഴ്‌ച

നീലകുറുക്കന്‍ അറിയാതെ കൂകിയപ്പോള്‍!

ഒ.രാജഗോപാലിന്റെ അഭിമുഖം ഏഷ്യാനെറ്റിലെ “പോയിന്റ്‌ ബ്ലാങ്ക്” പരിപാടിയില്‍ കണ്ടപ്പോള്‍, ഇത്രയും എഴുതാതിരിയ്ക്കുന്നത് ശരിയല്ല എന്ന് തോന്നി.
രാജഗോപാലിന്റെ ഗുണഗണങ്ങള്‍ ആയി ആര്‍.എസ്.എസ്സുകാര്‍ പറയുന്ന “വിനയം” എന്ന സാധനം നാലയലത്ത് കൂടി പോയിട്ടില്ലാത്ത ഒരു അഭിമുഖം.
സംഭാഷണത്തിന്റെ മുക്കാല്‍ ഭാഗവും കേരളീയരെയും, പ്രത്യേകിച്ച് തിരുവനന്തപുരത്തുകാരെയും അപഹസിയ്ക്കാനും, ആക്ഷേപിയ്ക്കാനും ആണ് രാജഗോപാല്‍ ഉപയോഗിച്ചിരിയ്ക്കുന്നത്.
“ഇന്ത്യയിലെ മറ്റു പ്രദേശങ്ങളില്‍ ഉള്ളവരേക്കാള്‍, കേരളീയര്‍ വലിയ യോഗ്യത ഉള്ളവര്‍ ആണെന്നാണോ കരുതുന്നത്?” എന്ന മട്ടില്‍ ആയിരുന്നു അധിക്ഷേപങ്ങളില്‍ മുക്കാലും...
പതിനാറാം തീയതി ഉച്ച വരെ മന്ത്രി കുപ്പായം തലോടി കൊണ്ടിരുന്നിട്ട്, അത് മടക്കി വെച്ച് എഴുന്നേറ്റു പോകേണ്ടി വന്നതില്‍, രാജഗോപാലിന് ഉണ്ടായ വ്യക്തിപരമായ വിഷമം മനസിലാക്കാം.
പക്ഷെ, അതിന്റെ പേരില്‍ മലയാളികളെ അധിക്ഷേപിയ്ക്കാന്‍ ഇയാള്‍ക്കെന്തു യോഗ്യത!
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ഥിയും അവരുടെ സംസ്ഥാന പ്രസിഡന്റുമായ പി.കൃഷ്ണദാസ് പിടിച്ചത് എന്പതിനായിരത്തിനടുത്ത് വോട്ടു മാത്രമാണ്. ബി.എസ്.പി സ്ഥാനാര്‍ഥി നീലലോഹിത ദാസന്‍ നാടാര്‍ക്കും പിറകില്‍ നാലാം സ്ഥാനത്ത് ആയിരുന്നു അന്ന് ബി.ജെ.പിയുടെ സ്ഥാനം. അതായത് തിരുവനന്തപുരത്ത് ബി.ജെ.പി പാര്‍ട്ടിക്കാരും, അനുഭാവികളും ഒക്കെ കൂടെ ആകെയുള്ള വോട്ട് അത്ര മാത്രം എന്നര്‍ത്ഥം!
ഇത്തവണ ഏകദേശം രണ്ടുലക്ഷം വോട്ടു ബി.ജെ.പി കൂടുതല്‍ പിടിച്ചെങ്കില്‍ അതിനു പ്രധാന കാരണം, കേന്ദ്രത്തില്‍ മോഡി അധികാരത്തില്‍ വന്നാല്‍ രാജഗോപാല്‍ ക്യാബിനെറ്റ് മന്ത്രി ആകും എന്നുള്ള ശക്തമായ പ്രചാരണം ആയിരുന്നു എന്ന്, തിരുവനന്തപുരത്തെ ഏതു കൊച്ചു കുട്ടിയ്ക്കും അറിയാവുന്ന കാര്യം ആണ്.
കൊണ്ഗ്രെസ്സ് അധികാരത്തില്‍ വന്നാല്‍ മന്ത്രിയാകുന്ന ശശി തരൂര്‍ മറുവശത്ത്.... രാഷ്ട്രീയ പാരമ്പര്യം ഇല്ലാത്ത ഒരു പുതുമുഖം ആയ ഇടതു സ്ഥാനാര്‍ഥി കൂടി വന്നതോടെ, മന്ത്രി ആകാന്‍ സാധ്യത ഉള്ള രണ്ട് പേര്‍ തമ്മിലുള്ള പോരാട്ടം എന്ന നിലയില്‍, രാജഗോപാല്‍ - ശശി തരൂര്‍ മുഖ്യപോരാട്ടം ആയി തെരഞ്ഞെടുപ്പ് രംഗം മാറി എന്ന് ചുരുക്കം.
അതു കൊണ്ട്, ബി.ജെ.പിയ്ക്ക് എണ്‍പതിനായിരം മാത്രം പാര്‍ട്ടി വോട്ടുകള്‍ ഉള്ള ഒരു മണ്ഡലത്തില്‍, ഇത്ര അധികം വോട്ടു നല്‍കി രണ്ടാം സ്ഥാനത്ത് കൊണ്ട് വന്ന തിരുവനന്തപുരത്തുകാരോട് നന്ദി കാണിച്ചില്ലെങ്കിലും, അപഹസിയ്ക്കരുത്..
പിന്നെ എന്ത് കൊണ്ട് ജയിച്ചില്ല എന്ന് ചോദിച്ചാല്‍, അതിനുള്ള ഉത്തരം രാജഗോപാല്‍ ആ അഭിമുഖത്തില്‍ പറഞ്ഞ ഒരു ആക്ഷേപത്തില്‍ ഒളിഞ്ഞിരിപ്പുണ്ട്.
“ഇന്ത്യയിലെ എല്ലാ പ്രദേശത്ത് നിന്നുള്ള ഹിന്ദുക്കളും (?) അയോദ്യയില്‍ ബാബറി മസ്ജിത് പൊളിച്ചിട്ട്‌ രാമക്ഷേത്രം പണിയാന്‍ ഇറങ്ങി പുറപ്പെട്ടപ്പോള്‍, ബാബറി പള്ളി പൊളിച്ചതിന് എതിരെ പ്രമേയം പാസ്സാക്കിയ നിയസഭയാണ് കേരളത്തില്‍ ഉള്ളത്” എന്നായിരുന്നു രാജഗോപാലിന്റെ ആ വലിയ ആക്ഷേപം..
പ്രിയ രാജഗോപാല്‍.... പുറമേ എത്ര സ്വാതികന്റെ കുപ്പായം അണിഞ്ഞാലും, താങ്കളുടെ ഉള്ളില്‍ മറഞ്ഞിരിയ്ക്കുന്ന ആ വര്‍ഗ്ഗീയ ആര്‍.എസ്.എസ്സ് വേഷം ഉണ്ടല്ലോ... അത് ഒന്ന് കൊണ്ട് മാത്രമാണ് താങ്കള്‍ ഒരിയ്ക്കലും കേരളത്തില്‍ നിന്നും ജയിയ്ക്കാതെ പോകുന്നതിന് കാരണം...
കാരണം, സാധാരണകേരളീയര്‍ക്ക് മതത്തിന്റെ പേരില്‍ ആക്രമണങ്ങള്‍ നടത്തുന്ന, വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്ന, മനുഷ്യനെ വിഘടിപ്പിയ്ക്കുന്ന, ഒരു സംഘടനയോടും സന്ധി ചെയ്യാന്‍ കഴിയില്ല..
അത് മാറ്റാന്‍ കോടിക്കണക്കിന് ആസ്തിയുടെ സ്ഥാപനങ്ങളും, ചാനലും ഭരിയ്ക്കുന്ന താങ്കളുടെ ആള്‍ദൈവം വിചാരിച്ചാലും കഴിയില്ല...
ഇനിയെങ്കിലും മനസ്സിലാക്കുക...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ