2014, മേയ് 24, ശനിയാഴ്‌ച

നീലകുറുക്കന്‍ അറിയാതെ കൂകിയപ്പോള്‍!

ഒ.രാജഗോപാലിന്റെ അഭിമുഖം ഏഷ്യാനെറ്റിലെ “പോയിന്റ്‌ ബ്ലാങ്ക്” പരിപാടിയില്‍ കണ്ടപ്പോള്‍, ഇത്രയും എഴുതാതിരിയ്ക്കുന്നത് ശരിയല്ല എന്ന് തോന്നി.
രാജഗോപാലിന്റെ ഗുണഗണങ്ങള്‍ ആയി ആര്‍.എസ്.എസ്സുകാര്‍ പറയുന്ന “വിനയം” എന്ന സാധനം നാലയലത്ത് കൂടി പോയിട്ടില്ലാത്ത ഒരു അഭിമുഖം.
സംഭാഷണത്തിന്റെ മുക്കാല്‍ ഭാഗവും കേരളീയരെയും, പ്രത്യേകിച്ച് തിരുവനന്തപുരത്തുകാരെയും അപഹസിയ്ക്കാനും, ആക്ഷേപിയ്ക്കാനും ആണ് രാജഗോപാല്‍ ഉപയോഗിച്ചിരിയ്ക്കുന്നത്.
“ഇന്ത്യയിലെ മറ്റു പ്രദേശങ്ങളില്‍ ഉള്ളവരേക്കാള്‍, കേരളീയര്‍ വലിയ യോഗ്യത ഉള്ളവര്‍ ആണെന്നാണോ കരുതുന്നത്?” എന്ന മട്ടില്‍ ആയിരുന്നു അധിക്ഷേപങ്ങളില്‍ മുക്കാലും...
പതിനാറാം തീയതി ഉച്ച വരെ മന്ത്രി കുപ്പായം തലോടി കൊണ്ടിരുന്നിട്ട്, അത് മടക്കി വെച്ച് എഴുന്നേറ്റു പോകേണ്ടി വന്നതില്‍, രാജഗോപാലിന് ഉണ്ടായ വ്യക്തിപരമായ വിഷമം മനസിലാക്കാം.
പക്ഷെ, അതിന്റെ പേരില്‍ മലയാളികളെ അധിക്ഷേപിയ്ക്കാന്‍ ഇയാള്‍ക്കെന്തു യോഗ്യത!
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ഥിയും അവരുടെ സംസ്ഥാന പ്രസിഡന്റുമായ പി.കൃഷ്ണദാസ് പിടിച്ചത് എന്പതിനായിരത്തിനടുത്ത് വോട്ടു മാത്രമാണ്. ബി.എസ്.പി സ്ഥാനാര്‍ഥി നീലലോഹിത ദാസന്‍ നാടാര്‍ക്കും പിറകില്‍ നാലാം സ്ഥാനത്ത് ആയിരുന്നു അന്ന് ബി.ജെ.പിയുടെ സ്ഥാനം. അതായത് തിരുവനന്തപുരത്ത് ബി.ജെ.പി പാര്‍ട്ടിക്കാരും, അനുഭാവികളും ഒക്കെ കൂടെ ആകെയുള്ള വോട്ട് അത്ര മാത്രം എന്നര്‍ത്ഥം!
ഇത്തവണ ഏകദേശം രണ്ടുലക്ഷം വോട്ടു ബി.ജെ.പി കൂടുതല്‍ പിടിച്ചെങ്കില്‍ അതിനു പ്രധാന കാരണം, കേന്ദ്രത്തില്‍ മോഡി അധികാരത്തില്‍ വന്നാല്‍ രാജഗോപാല്‍ ക്യാബിനെറ്റ് മന്ത്രി ആകും എന്നുള്ള ശക്തമായ പ്രചാരണം ആയിരുന്നു എന്ന്, തിരുവനന്തപുരത്തെ ഏതു കൊച്ചു കുട്ടിയ്ക്കും അറിയാവുന്ന കാര്യം ആണ്.
കൊണ്ഗ്രെസ്സ് അധികാരത്തില്‍ വന്നാല്‍ മന്ത്രിയാകുന്ന ശശി തരൂര്‍ മറുവശത്ത്.... രാഷ്ട്രീയ പാരമ്പര്യം ഇല്ലാത്ത ഒരു പുതുമുഖം ആയ ഇടതു സ്ഥാനാര്‍ഥി കൂടി വന്നതോടെ, മന്ത്രി ആകാന്‍ സാധ്യത ഉള്ള രണ്ട് പേര്‍ തമ്മിലുള്ള പോരാട്ടം എന്ന നിലയില്‍, രാജഗോപാല്‍ - ശശി തരൂര്‍ മുഖ്യപോരാട്ടം ആയി തെരഞ്ഞെടുപ്പ് രംഗം മാറി എന്ന് ചുരുക്കം.
അതു കൊണ്ട്, ബി.ജെ.പിയ്ക്ക് എണ്‍പതിനായിരം മാത്രം പാര്‍ട്ടി വോട്ടുകള്‍ ഉള്ള ഒരു മണ്ഡലത്തില്‍, ഇത്ര അധികം വോട്ടു നല്‍കി രണ്ടാം സ്ഥാനത്ത് കൊണ്ട് വന്ന തിരുവനന്തപുരത്തുകാരോട് നന്ദി കാണിച്ചില്ലെങ്കിലും, അപഹസിയ്ക്കരുത്..
പിന്നെ എന്ത് കൊണ്ട് ജയിച്ചില്ല എന്ന് ചോദിച്ചാല്‍, അതിനുള്ള ഉത്തരം രാജഗോപാല്‍ ആ അഭിമുഖത്തില്‍ പറഞ്ഞ ഒരു ആക്ഷേപത്തില്‍ ഒളിഞ്ഞിരിപ്പുണ്ട്.
“ഇന്ത്യയിലെ എല്ലാ പ്രദേശത്ത് നിന്നുള്ള ഹിന്ദുക്കളും (?) അയോദ്യയില്‍ ബാബറി മസ്ജിത് പൊളിച്ചിട്ട്‌ രാമക്ഷേത്രം പണിയാന്‍ ഇറങ്ങി പുറപ്പെട്ടപ്പോള്‍, ബാബറി പള്ളി പൊളിച്ചതിന് എതിരെ പ്രമേയം പാസ്സാക്കിയ നിയസഭയാണ് കേരളത്തില്‍ ഉള്ളത്” എന്നായിരുന്നു രാജഗോപാലിന്റെ ആ വലിയ ആക്ഷേപം..
പ്രിയ രാജഗോപാല്‍.... പുറമേ എത്ര സ്വാതികന്റെ കുപ്പായം അണിഞ്ഞാലും, താങ്കളുടെ ഉള്ളില്‍ മറഞ്ഞിരിയ്ക്കുന്ന ആ വര്‍ഗ്ഗീയ ആര്‍.എസ്.എസ്സ് വേഷം ഉണ്ടല്ലോ... അത് ഒന്ന് കൊണ്ട് മാത്രമാണ് താങ്കള്‍ ഒരിയ്ക്കലും കേരളത്തില്‍ നിന്നും ജയിയ്ക്കാതെ പോകുന്നതിന് കാരണം...
കാരണം, സാധാരണകേരളീയര്‍ക്ക് മതത്തിന്റെ പേരില്‍ ആക്രമണങ്ങള്‍ നടത്തുന്ന, വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്ന, മനുഷ്യനെ വിഘടിപ്പിയ്ക്കുന്ന, ഒരു സംഘടനയോടും സന്ധി ചെയ്യാന്‍ കഴിയില്ല..
അത് മാറ്റാന്‍ കോടിക്കണക്കിന് ആസ്തിയുടെ സ്ഥാപനങ്ങളും, ചാനലും ഭരിയ്ക്കുന്ന താങ്കളുടെ ആള്‍ദൈവം വിചാരിച്ചാലും കഴിയില്ല...
ഇനിയെങ്കിലും മനസ്സിലാക്കുക...

2014, മേയ് 20, ചൊവ്വാഴ്ച

“കമ്മ്യൂണിസ്റ്റുകൾ ഒന്നിക്കണം” ...ശരിയാണ് ...പക്ഷെ ലയനം എന്തിന്?

അഖിലേന്ത്യതലത്തില്‍ നേരിട്ട തിരിച്ചടിയെ തുടര്‍ന്ന് കമ്മ്യുണിസ്റ്റ് പാര്‍ട്ടികളുടെ ലയനത്തെ കുറിച്ച് പല വേദികളിലും ചര്‍ച്ചകള്‍ ഉയരുന്നത് കാണാന്‍ കഴിഞ്ഞു. ജനയുഗം പത്രം എഴുതിയ മുഖപ്രസംഗം ഈ ചര്‍ച്ചകളെ മുഖ്യധാരാ മാധ്യമങ്ങളില്‍ വരെ വലിയൊരു ചര്‍ച്ചയാക്കി വളര്ത്തിയിരിയ്ക്കുന്നു. ഇത്രയുമായ സ്ഥിതിയ്ക്ക്, ഈ വിഷയത്തെ കുറിച്ച് ദിഗംബരന്റെ വ്യക്തിപരമായ അഭിപ്രായം ചോദിച്ച് ലഭിച്ച പല സുഹൃത്തുകളുടെയും സന്ദേശങ്ങള്‍ക്ക് മറുപടി എഴുതേണ്ടതുണ്ട് എന്ന് കരുതുന്നു.
ഇന്ത്യയിലെ എല്ലാ കമ്മ്യുണിസ്റ്റുകളും ഇടതുപക്ഷ ചിന്താഗതി ഉള്ള ജനങ്ങളും ഒക്കെ ഒന്നിയ്ക്കണം എന്ന് ഏതു സാധാരണ പ്രവര്‍ത്തകനെയും പോലെ ദിഗംബരനും ആഗ്രഹിയ്ക്കുന്നു. അത് കാലഘട്ടത്തിന്റെ ആവശ്യവും ആണ്.
പക്ഷെ, സി.പി.ഐ – സി.പി.എം ലയനം എന്ന ആവശ്യത്തെകുറിച്ചാണ് ചോദ്യം എങ്കില്‍ അത് ഇപ്പോള്‍ പാടില്ല എന്ന് തന്നെയാണ് ദിഗംബരന്റെ വ്യക്തിപരമായ അഭിപ്രായം. അതിന് വ്യക്തമായ കാരണങ്ങളും ഉണ്ട്.
കമ്മ്യുണിസം എന്ന ആശയത്തെ പിന്തുടരുന്നു എങ്കിലും, സ്വന്തമായി വിഭിന്നമായ വ്യക്തിത്വം ഉള്ള രണ്ട് പാര്‍ട്ടികള്‍ ആണ് സി.പി.ഐ യും സി.പി.എമ്മും എന്നത് തന്നെയാണ് പ്രധാനമായ കാരണം. ഇന്ത്യന്‍ രാഷ്ട്രീയത്തിലും, കേരള രാഷ്ട്രീയത്തിലും, ജനങ്ങള്‍ക്കിടയിലും ഈ രണ്ടുപാര്ട്ടികളും ഉള്ള സ്ഥാനവും വ്യത്യസ്തം ആണ്. സി.പി.ഐയ്ക്ക് പകരക്കാരന്‍ ആകാന്‍ സി.പി.എമ്മിനോ, സി.പി.എമ്മിന് പകരക്കാരന്‍ ആകാന്‍ സി.പി.ഐയ്ക്കോ കഴിയില്ല എന്ന് ചുരുക്കം.
അതേ സമയം സി.പി.എമ്മിന്റെ പ്രവര്‍ത്തന ശൈലിയില്‍ കാണാറുള്ള സ്റ്റാലിനിസ്റ്റ് സമീപനങ്ങള്‍ സി.പി.ഐയുടെ നിലപാടുകളില്‍ കാണാറില്ല. അത് കൊണ്ട് തന്നെ, ചന്ദ്രശേഖരന്‍ വധം പോലുള്ള രാഷ്ട്രീയകൊലപതകങ്ങളുടെയോ, “പരനാറി”, “കുലംകുത്തി” പോലുള്ള അധിക്ഷേപങ്ങളുടെയോ ഭാരം ചുമക്കേണ്ട ഗതികേട് സി.പി.ഐയ്ക്ക് വരാറുമില്ല.
ഇനി അതെല്ലാം ഏറ്റെടുക്കണം എന്നാണോ ലയനവാദികളുടെ അഭിപ്രായം?
സി.പി.ഐയുമായി യോജിയ്ക്കാന്‍ കഴിയാത്ത ഇടതുപക്ഷക്കാര്‍ക്ക് പ്രവര്‍ത്തിയ്ക്കാന്‍ കഴിയുന്ന പ്ലാറ്റ്ഫോം ആയി സി.പി.എമ്മും, സി.പി. എമ്മുമായി യോജിയ്ക്കാന്‍ കഴിയാത്ത ഇടതുപക്ഷക്കാര്‍ക്ക് പ്രവര്‍ത്തിയ്ക്കാന്‍ കഴിയുന്ന പ്ലാറ്റ്ഫോം ആയി സി.പി.ഐയും നിലനില്‍ക്കുന്നതാണ് നല്ലത്.
സി.പി.ഐ, സി.പി.എം എന്നിവ മാത്രമല്ല, ഇന്ത്യയില്‍ പ്രവര്‍ത്തിയ്ക്കുന്ന എല്ലാ ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും ഒന്നിച്ച് ഒരു ഐക്യമുന്നണി സംവിധാനത്തിന് കീഴില്‍ കൊണ്ട് വരുന്നതാകും ഇപ്പോഴത്തെ സാഹചര്യത്തില്‍ നല്ലത്. അതില്‍ പരസ്പരം ലയിയ്ക്കാന്‍ കഴിയുന്ന ചെറുഗ്രൂപ്പുകള്‍ പരസ്പരം ചര്‍ച്ച വഴി ലയനത്തിന്റെ മാര്‍ഗ്ഗം സ്വീകരിച്ചോട്ടെ.
ഒപ്പം ഇപ്പോള്‍ സായുധമാര്‍ഗ്ഗം സ്വീകരിച്ച നക്സല്‍ - മാവോ ഗ്രൂപ്പുകളുമായും ചര്‍ച്ച നടത്തി അവരെയും ജനാധിപത്യത്തിലെയ്ക്കും, കമ്മ്യുണിസ്റ്റ് ഐക്യമുന്നണിയിലെയ്ക്കും കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ നടത്തണം. (പല സംസ്ഥാനങ്ങളിലും മുഖ്യധാരാ കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങളെക്കാള്‍ ജനപിന്തുണ ഇത്തരം ഗ്രൂപ്പുകള്‍ക്ക് ഉണ്ട് എന്നത് മറക്കാന്‍ പാടില്ല)
ഈ തെരഞ്ഞെടുപ്പ് തിരിച്ചടി സഖാക്കള്‍ക്ക് വലിയ വേവലാതി ഉണ്ടാക്കുന്നു എന്നറിയാം. കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഇല്ലാതാകാന്‍ പോകുകയാണോ എന്ന് വരെ ചിലര്‍ ഭയപ്പെടുന്നു.
പക്ഷെ, അത്തരം ഒരു ആശങ്കയും ദിഗംബരന് ഇല്ല. മറിച്ച് നരേന്ദ്രമോഡിയെ പോലൊരു വര്‍ഗ്ഗീയ ഫാസിസ്റ്റ് നയിയ്ക്കുന്ന സര്‍ക്കാരിന്റെ ഭരണത്തിന്‍ കീഴില്‍ ഇനിയുള്ള അഞ്ചു വര്‍ഷങ്ങള്‍, ഇന്ത്യന്‍ കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക്‌ ജനപിന്തുണ തിരികെ നേടാന്‍ വലിയൊരു സാധ്യത ആണ് തുറന്നു തന്നിരിയ്ക്കുന്നത് എന്നാണ് ദിഗംബരന്റെ അഭിപ്രായം.
ഫാസിസത്തെ എതിര്‍ത്ത് ജനകീയപക്ഷത്ത് നിന്നു പോരാടാന്‍ ലഭിച്ച ചരിത്രപരമായ അവസരം മുതലാക്കുകയാണ് കമ്മ്യുണിസ്റ്റ് പാര്‍ട്ടികള്‍ ചെയ്യേണ്ടത്.
നാം നമ്മുടെ വേരുകളിലെയ്ക്ക് തിരികെ പോകേണ്ട സമയമാണിത്. നമ്മുടെ അടിസ്ഥാനപരമായ ലക്‌ഷ്യം ജനങ്ങള്‍ക്ക്‌ വേണ്ടി പോരാടുക എന്നതാണ്, അല്ലാതെ തെരഞ്ഞെടുപ്പിലെ കുറെ സീറ്റുകള്‍ നേടുക എന്നതല്ല.
ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച്, അംബാനിയുടെയും, അടാനിയുടെയും, ആര്‍.എസ്.എസ്സിന്റെയും നിയന്ത്രണത്തില്‍ ഭരിയ്ക്കാന്‍ പോകുന്ന വര്‍ഗീയ സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയും, രാജ്യത്തിന്റെ പൊതുമുതല്‍ മുതലാളിമാര്‍ക്ക് കാഴ്ച വെയ്ക്കുന്ന സാമ്പത്തിക നയങ്ങള്‍ക്ക് എതിരെയും, വര്‍ഗീയ സദാചാരപോലിസ് നയങ്ങള്‍ക്കും എതിരെ പൊരുതാന്‍ തയ്യാറാകുക.
ജനങ്ങള്‍ക്ക്‌ ഒപ്പം നില്‍ക്കുക... അവര്‍ക്ക് വേണ്ടി പൊരുതുക. ഇപ്പോള്‍ തഴഞ്ഞ ജനം തന്നെ അപ്പോള്‍ നമ്മെ ഉയര്‍ത്തും. അല്ലാതെ ഒരു കുറുക്കുവഴിയും തേടരുത്‌.
കമ്മ്യുണിസ്റ്റ് പാര്‍ട്ടികള്‍ ലോകസഭയില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയത്, കഴിഞ്ഞ ബി.ജെ.പി ഭരണത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ആണെന്ന സത്യം മറക്കരുത്.
ഇന്നത്തെ തിരിച്ചടികള്‍ നാളെയുടെ പാഠങ്ങള്‍ ആണ്.. സ്വയം വളരാതെ മറ്റാരെ പിന്തുണയ്ക്കാന്‍ നടന്നിട്ടും കാര്യം ഇല്ല.
ബി.ജെ.പി ഇതര കൊണ്ഗ്രെസ്സ് ഇതര മുന്നണി അല്ല നമ്മുടെ ലക്‌ഷ്യം.. ഇടതുമുന്നണി ആണ്. അതിന്റെ വളര്‍ച്ച ആണ്. അതിനു വേണ്ടിയാകട്ടെ നമ്മുടെ പ്രവര്‍ത്തനങ്ങള്‍.
സഖാക്കളേ മുന്നോട്ട്.......