2014, മാർച്ച് 19, ബുധനാഴ്‌ച

തിരുവനന്തപുരവും, ശശി തരൂരും, പാഴായ വാഗ്ദാനങ്ങളും..

2009ല്‍ കൊണ്ഗ്രെസ്സ് പാര്‍ട്ടി മെമ്പറോ തിരുവനന്തപുരം നിവാസിയോ അല്ലാത്ത ശശി തരൂരിനെ സ്ഥാനാര്‍ത്ഥിയാക്കി കൊണ്ഗ്രെസ്സ് ഹൈകമാന്‍ഡ് നൂലില്‍ കെട്ടിയിറക്കിയപ്പോള്‍ ആദ്യം ഞെട്ടിയത് കേരളത്തിലെ കൊണ്ഗ്രെസ്സ് നേതൃത്വം ആയിരുന്നു. വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യം ഉള്ള ഒരുപാട് നേതാക്കളെ തഴഞ്ഞ്, ഐക്യരാഷ്ട്രസഭയില്‍ നിന്നും പെന്‍ഷന്‍ പറ്റിയ ശേഷം ബിസ്നസ്സുമായി കറങ്ങി നടന്ന ശശി തരൂരിനെ സ്ഥാനാര്‍ഥിയായി തെരഞ്ഞെടുത്തത്, രാഹുല്‍ ഗാന്ധിയുമായുള്ള വ്യക്തിബന്ധം കൊണ്ടായിരുന്നു.
ശശിതരൂരിന്റെ ഗ്ലാമറും, അന്തര്‍ദേശീയ ഇമേജിനും അപ്പുറം ജനങ്ങളെ ആകര്‍ഷിച്ചത്, ഇലക്ഷന്‍ സമയത്ത് അയാള്‍ വാരി കോരി വിതറിയ കെട്ടുകണക്കിന് വാഗ്ദാനങ്ങള്‍ ആയിരുന്നു. മാത്രമല്ല ജയിച്ചാല്‍ മന്ത്രി ആകുമെന്ന് കൊണ്ഗ്രെസ്സ് നേതൃത്വവും ഉറപ്പ് കൊടുത്തിരുന്നു. പൊന്നാനി സീറ്റിനെ ചൊല്ലി ഇടതുമുന്നണിയില്‍ ഉണ്ടായ സി.പി.എം-സി.പി.ഐ പടലപിണക്കവും, ഇടതുപക്ഷക്കാരനായ നീലലോഹിതദാസന്‍ നാടാരുടെ ബി.എസ്.പി സ്ഥാനാര്‍ഥിവേഷവും ചേര്‍ന്നപ്പോള്‍ വലിയ ഭൂരിപക്ഷത്തില്‍ തന്നെ ശശി തരൂര്‍ ജയിയ്ക്കുകയുണ്ടായി.
അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഒരു ഇലക്ഷന്‍ വരുമ്പോള്‍, കാര്യങ്ങള്‍ അത്ര എളുപ്പമല്ല ശശിതരൂരിന്. തരൂരിനെ പോലെ തന്നെ വിദ്യാഭ്യാസപരമായി ഏറെ നേട്ടങ്ങള്‍ നേടിയ, ആതുരസേവന മേഖലയില്‍ ജനങ്ങളോടൊപ്പം വര്‍ഷങ്ങളായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സാധാരണ തിരുവനന്തപുരത്തുകാരനെ ഇടതുമുന്നണി സ്ഥാനാര്‍ഥി ആക്കിയിരിയ്ക്കുന്നു. തര്‍ക്കങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ മുന്‍പത്തെക്കാളും ശക്തമായി സി.പി.എം – സി.പി.ഐ ഐക്യം തിരുവനന്തപുരത്ത് പ്രവര്‍ത്തിയ്ക്കുന്നു. നീലലോഹിതദാസന്‍ നാടാര്‍ ഇടതുപാളയത്തില്‍ തിരിച്ചെത്തി ഇടതുസ്ഥാനാര്‍ഥിയ്ക്ക് വേണ്ടി പ്രവര്‍ത്തിയ്ക്കുന്നു. ബി.ജെ.പി സ്ഥാനാര്‍ഥി ആയി രാജഗോപാലിന്റെ വരവ്, കഴിഞ്ഞ തവണ തരൂരിന് കിട്ടിയ നിഷ്പക്ഷ വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തുമെന്ന് ഏറെകുറെ ഉറപ്പുമാണ്. അടുത്ത ഭരണം കൊണ്ഗ്രെസ്സിനു കിട്ടുമോ എന്ന കാര്യത്തില്‍ ചിദംബരവും, പി.സി.ചാക്കോയും അടക്കമുള്ള കൊണ്ഗ്രെസ്സ് നേതാക്കള്‍ പോലും സംശയം പ്രകടിപ്പിയ്ക്കുന്നതിനാല്‍, ജയിച്ചാല്‍ മന്ത്രി ആകും എന്ന ഭീക്ഷണിയും ഇത്തവണ മുഴക്കാന്‍ പറ്റില്ല.
എന്നാല്‍ ഇതിനെക്കാളും തരൂരിനെ വലയ്ക്കുന്നത് പാലിയ്ക്കാനാകാതെ പോയ വാഗ്ദാനങ്ങളെ കുറിച്ചുള്ള ജനങ്ങളുടെ ചോദ്യങ്ങള്‍ ആണ്. അതില്‍ ഏറ്റവും പ്രധാനം തിരുവനന്തപുരത്തെ ഹൈകോടതി ബെഞ്ചിനെ കുറിച്ചുള്ളതാണ്.
തിരുവനന്തപുരത്ത് ഹൈകോടതി ബെഞ്ച്‌ സ്ഥാപിയ്ക്കണം എന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അതിന് വേണ്ടിയുള്ള സമരം ജനകീയരോഷമായി കത്തിപടര്‍ന്നു കയറിയ സമയത്തായിരുന്നു തരൂര്‍ ഇടപെട്ടത്. താന്‍ ജയിച്ചാല്‍ ഒരു വര്‍ഷത്തിനകം തന്നെ ഹൈകോടതി ബെഞ്ച്‌ കൊണ്ട് വരും എന്നായിരുന്നു തരൂരിന്റെ വാഗ്ദാനം. ജയിച്ചാല്‍ മന്ത്രിയാകാന്‍ സാധ്യത ഉള്ള ആള്‍ എന്ന നിലയില്‍ തരൂരിന്റെ വാക്ക് വിശ്വസിച്ച്, ഹൈകോടതി ബെഞ്ച്‌ സമരസമിതി തുടര്‍ച്ചയായി നടത്തി വന്ന സമരപരിപാടികള്‍ നിര്‍ത്തി വെയ്ക്കുകയും ചെയ്തു. എന്നാല്‍ വര്ഷം അഞ്ചു കഴിഞ്ഞിട്ടും, മന്ത്രി കസേരയില്‍ ഏറെ നാള്‍ വിലസിയിട്ടും ആ വാഗ്ദാനം പാലിയ്ക്കാന്‍ തരൂരിന് കഴിഞ്ഞില്ല. കൊണ്ഗ്രെസ്സ് പാര്‍ട്ടിയില്‍ നിര്‍ണ്ണായക സ്വാധീനം ഉള്ള എറണാകുളം ലോബിയുടെ സമ്മര്‍ദം മൂലം കേന്ദ്ര ക്യാബിനെറ്റ് മീറ്റിംഗില്‍ ആ വിഷയം ഉന്നയിയ്ക്കാന്‍ പോലും തരൂര്‍ ശ്രമിച്ചില്ല. തരൂരിനെ വിശ്വസിച്ച് ജനകീയ പ്രക്ഷോഭം നിര്‍ത്തി വെച്ച സമരസമിതി, ഈ വിഷയത്തില്‍ എം.പി വഞ്ചിച്ചു എന്ന് പരസ്യമായി ആരോപിയ്ക്കുന്ന വിധത്തില്‍ കാര്യങ്ങള്‍ എത്തി നില്‍ക്കുന്നു.
ജനങ്ങള്‍ക്ക്‌ തരൂര്‍ നല്‍കിയ മറ്റൊരു വിചിത്ര വാഗ്ദാനം ആയിരുന്നു, താന്‍ എം.പി ആയാല്‍ തിരുവനന്തപുരം ലോകസഭയ്ക്ക് കീഴില്‍ വരുന്ന എഴു അസംബ്ലി മണ്ഡലങ്ങളിലും ഓരോ എം.പി ഓഫീസ് തുറന്ന്, ജനങ്ങളുടെ വിഷയങ്ങളില്‍ ഇടപെട്ട് പരാതികള്‍ പരിഹരിയ്ക്കും എന്നത്. ഓഫീസ് ചിലവുകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പണം തികയാത്ത പക്ഷം സ്വന്തം കീശയില്‍ നിന്ന് കാശ് ഇറക്കിയായാലും 7 ഓഫീസുകള്‍ പ്രവര്‍ത്തിപ്പിയ്ക്കും എന്നായിരുന്നു വാഗ്ദാനം.
എന്നാല്‍ ഒരിയ്ക്കലും പാലിയ്ക്കപ്പെടാതെ പോയ ഈ വാഗ്ദാനം എം.പി തന്നെ സൌകര്യപൂര്‍വ്വം മറന്നു. ആകെ തിരുവനന്തപുരം സിറ്റിയുടെ ഒരു മൂലയിലായി തുറന്ന ഓഫീസ് മാത്രമാണ് ഈ അഞ്ചു വര്‍ഷവും ഉണ്ടായിരുന്നത്. ആ ഓഫീസില്‍ ഓണത്തിനും സംക്രാന്തിയ്ക്കും മാത്രം വന്നിരുന്ന വിരുന്നുകാരന്‍ ആയിരുന്നു എന്നതിനാല്‍ തന്നെ, എം.പിയെ കാണാനുള്ള അവസരം വോട്ടു നല്‍കിയ പ്രജകള്‍ക്ക് അപൂര്‍വ്വമായേ കിട്ടിയുള്ളൂ.
അതിലും രസകരമായിരുന്നു “ബാര്‍സലോണ ഇരട്ടനഗരം” വാഗ്ദാനം.
സാധാരണ ജനങ്ങള്‍ കേട്ടിട്ടില്ലാത്ത ഒരു “ന്യൂ ജെനെരെഷന്‍” വാഗ്ദാനം ആയിരുന്നു അത്. ബാര്‍സലോണ സിറ്റിയുടെ സഹോദരനഗരം (Twin city) എന്ന സ്ഥാനം കൊടുത്ത് തിരുവനന്തപുരം സിറ്റിയെ യൂറോപ്പിനെ പോലെ വികസിപ്പിച്ചു കളയും എന്നായിരുന്നു തരൂരിന്റെ വാഗ്ദാനം. ഇമ്മാതിരി പദപ്രയോഗങ്ങള്‍ കേട്ടു പരിചയം ഇല്ലാത്ത പാവപ്പെട്ട ജനങ്ങള്‍ അതെന്തോ വലിയ സംഭവം ആണെന്ന് കരുതി കൈയടിച്ചു. ബാര്സെലോണ നഗരത്തില്‍ നിന്നും വികസനം തിരുവനന്തപുരത്തേയ്ക്ക് ഒഴുകും എന്നായിരുന്നു പാവങ്ങള്‍ കരുതിയത്‌.
പക്ഷെ എന്തായിരുന്നു വാസ്തവം?
സഹോദരനഗരം (Twin city) എന്നത് അന്തര്‍ദേശീയതലത്തിലെ ഒരു നയതന്ത്ര സ്ഥാനപ്പേര്‍ മാത്രമാണ് എന്നതാണ് സത്യം. ഏതു നഗരത്തിനും മറ്റൊരു നഗരത്തെ സഹോദരനഗരം (Twin city) ആയി പ്രഖ്യാപിയ്ക്കാം. വല്ലപ്പോഴും പരസ്പര സൌഹൃദത്തിനു വേണ്ടി കലാ-സാംസ്കാരിക കൈമാറ്റങ്ങള്‍ നടത്തുക, പരസ്പര സന്ദര്‍ശനങ്ങള്‍ നടത്തുക എന്നിങ്ങനെ നയതന്ത്ര ബന്ധങ്ങള്‍ക്ക് അപ്പുറം മറ്റൊരു വികസന-സാമ്പത്തിക ബന്ധവും അത്തരം പ്രഖ്യാപനങ്ങള്‍ക്ക് ഇല്ല എന്നതാണ് സത്യം. “ട്വിന്‍സിറ്റി” എന്ന സ്ഥാനം യാതൊരു സാമ്പത്തിക ബന്ധങ്ങള്‍ക്കും വേണ്ടി ഉണ്ടാക്കിയ ഒന്നല്ലെന്ന് പിന്നീട് തിരുവനന്തപുരം സന്ദര്‍ശിച്ച ബാര്‍സലോണ സൌഹൃദസംഘം അടിവരയിട്ടു പറയുകയും ചെയ്തത് തന്നെ ഇത് കൊണ്ടാണ്.
ശശി തരൂറിനെ ഹൈകമാണ്ട് നൂലില്‍ കെട്ടി ഇറക്കുന്നതിനും പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് (1994) തന്നെ, അമേരിക്കയിലെ ഗാല്‍വെസ്ടോന്‍ (Galveston) നഗരത്തിന്റെ സഹോദരനഗരം (Twin city) എന്ന സ്ഥാനം നേടിയ സിറ്റിയാണ് തിരുവനന്തപുരം എന്ന സത്യം ഇതിനിടയില്‍ ഒളിപ്പിച്ചു വെയ്ക്കപ്പെട്ടു.
അന്ന് തിരുവനന്തപുരം സന്ദര്‍ശിച്ച ഗാല്‍വെസ്ടോന്‍ നഗര സൌഹൃദസംഘം സുനാമി ബാധിതരെ സഹായിയ്ക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് രണ്ട് ലക്ഷം രൂപ സംഭാവന നല്‍കിയത് മാത്രമായിരുന്നു ആ സ്ഥാനപ്പേര്‍ മൂലം കിട്ടിയ ആകെ നേട്ടം. ഇപ്പോഴും ഗാല്‍വെസ്ടോന്‍-തിരുവനന്തപുരം ട്വിന്‍സിറ്റി എന്ന വെബ്സൈറ്റില്‍ പോയാല്‍ തിരുവനന്തപുരം സഹോദരനഗരം (Twin city) എന്ന് കാണാം.
http://www.webdigi.com/gtscsociety/home.asp
ചുരുക്കി പറഞ്ഞാല്‍ എന്തോ വലിയൊരു സംഭവം എന്ന് സാധാരണക്കാരെ തെറ്റിദ്ധരിപ്പിയ്ക്കാന്‍ ഇറക്കിയ ഉള്ളു പൊള്ളയായ ഒരു വാഗ്ദാനം മാത്രമായിരുന്നു “ബാര്‍സലോണ ഇരട്ടസിറ്റി”. ബാര്‍സലോണ പട്ടണത്തിന്റെ വെബ്സൈറ്റില്‍ “ഇരട്ടസിറ്റി” എന്നൊരു സ്ഥാനപ്പേര് കിട്ടിയ കൊണ്ട് തിരുവനന്തപുരത്തിന് വലിയ ഗുണം ഒന്നും കിട്ടില്ലെന്ന്, ജനങ്ങള്‍ക്ക്‌ അറിയില്ലെങ്കിലും തരൂരിന് നന്നായി അറിയാം. അതിനാല്‍ തന്നെ ഇത്തവണ പുതിയ “ഇരട്ടസിറ്റി” വാഗ്ദാനങ്ങള്‍ ഒന്നും അദ്ദേഹം മുന്‍പോട്ടു വെച്ചിട്ടില്ല.
മൂന്നു വര്‍ഷത്തില്‍ അധികം മന്ത്രിസ്ഥാനം വഹിച്ചിട്ടും തിരുവനന്തപുരത്തിന്റെ റെയില്‍വേ മേഖലയില്‍ വികസനം എന്ന പേരില്‍ എന്തെങ്കിലും പുതിയ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ തരൂരിന് കഴിഞ്ഞില്ല. റെയില്‍പാതകള്‍ ഇരട്ടിപ്പിയ്ക്കുന്നതിലോ, പുതിയ തീവണ്ടികള്‍ അനുവദിപ്പിയ്ക്കുന്നതിലോ, തിരുവനന്തപുരം നഗരത്തിന് പുറത്തുള്ള റെയില്‍വേ സ്റ്റെഷനുകള്‍ വികസിപ്പിയ്ക്കുന്നതിലോ ഒന്നും സ്വന്തം മന്ത്രിസ്ഥാനം ഉപയോഗപ്പെടുത്തി ശ്രമിയ്ക്കാന്‍ പോലും തരൂര്‍ ശ്രമിച്ചില്ല എന്ന ആക്ഷേപം ശക്തമാണ്. മമത ബാനര്‍ജി റെയില്‍വേ മന്ത്രി ആയിരുന്നപ്പോള്‍ പ്രഖ്യാപിച്ച പേട്ട റെയില്‍വേ മെഡിക്കല്‍ കോളേജിന്റെ കാര്യത്തില്‍ ഒരു ചെറുവിരല്‍ അനക്കാന്‍ പോലും കഴിയാതെ പോയതും ആ കഴിവുകേടിന്റെ ദ്രിഷ്ടാന്തം ആണ്.
പി.കെ.വാസുദേവന്‍ നായര്‍ എം.പിയായിരുന്നപ്പോള്‍ തുടങ്ങിയ തിരുവനന്തപുരം വിമാനത്താവള വികസന പദ്ധതികളുടെയും, പന്ന്യന്‍ രവീന്ദ്രന്‍ എം.പിയായിരുന്ന സമയത്ത് തുടക്കം കുറിച്ച മെഡിക്കല്‍ കോളേജ് വികാസന പദ്ധതികളുടെയും പിതൃത്വവും തരൂരിന് സ്വന്തം ക്രെഡിറ്റില്‍ എഴുതി ചേര്‍ക്കാന്‍ കഴിയില്ല.
പ്രാദേശികമായി വാര്‍ഡു കൌണ്‍സിലര്‍മാര്‍ക്കും പഞ്ചായത്ത് മെമ്പര്‍മാര്‍ക്കും ചെയ്യാവുന്ന കാര്യങ്ങള്‍ ആയ “കക്കൂസ് പണിഞ്ഞു, കലുങ്ക് കെട്ടി, ബസ്‌ വൈറ്റിംഗ്ഷെഡ്‌ കെട്ടി, റോഡു ടാര്‍ ചെയ്തു” എന്നിങ്ങനത്തെ കാര്യങ്ങളെ വന്‍“വികസന” പ്രവര്‍ത്തനങ്ങളുടെ ലിസ്റ്റ് എന്ന മട്ടില്‍, ലക്ഷകണക്കിന് രൂപ മുടക്കി മുന്‍നിരപത്രങ്ങളില്‍ ഫുള്‍പേജ് പരസ്യം ചെയ്തപ്പോള്‍ പോലും, തമിഴ്നാട്ടിലെ വല്ലവരും പണിഞ്ഞ റോഡിന്റെ ഫോട്ടോ കൊടുക്കേണ്ട ഗതികേടിലായിരുന്നു ശശി തരൂര്‍ എന്ന ആഗോളപൌരന്‍! അതിന്റെ പേരില്‍ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ അദ്ദേഹം കേട്ട തെറിയ്ക്ക് കണക്കില്ല.
ഇലക്ഷന്‍ അടുത്തപ്പോള്‍ നാട്ടുകാരെ കാണിയ്ക്കാനായി പല രാഷ്ട്രീയക്കാരും ചെയ്യുന്ന പോലെ തിരക്ക് പിടിച്ചു കുറെ ഉത്ഘാടനങ്ങളും മരാമത്ത് പണികളും നടത്തുകയും, നാട് നീളെ അതിന്റെ ഫ്ലെക്സുകള്‍ സ്ഥാപിച്ച് സ്വന്തം "വികസനം", പ്രചരിപ്പിയ്ക്കാനും തരൂര്‍ ശ്രമിച്ചു.
പക്ഷെ, അത്തരത്തില്‍ ഇലക്ഷന് പ്രഖ്യാപനത്തിന് ഒരു മാസം മുന്‍പ്, പെട്ടെന്ന് ടാറിട്ട് ഉത്ഘാടനം ചെയ്ത പേരൂര്‍ക്കട-വഴയില റോഡ്‌, പണിയുടെ "നിലവാരം" കാരണം, ഉത്ഘാടനം കഴിഞ്ഞ് മണികൂറുകള്‍ക്കകം പലയിടത്തും പൊളിഞ്ഞു തകര്‍ന്നത് വാര്‍ത്താ ചാനലുകള്‍ സംപ്രേഷണം ചെയ്തത് തരൂരിന് ക്ഷീണമായി.
വിളപ്പിന്ശാല നിവാസികളുടെ ശക്തമായ സമരം മൂലം മാലിന്യ നിര്‍മ്മാജ്ജനശാല അടച്ചു പൂട്ടിയ ശേഷം, തലസ്ഥാന നഗരം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ആണ് മാലിന്യ നിര്‍മ്മാജ്ജനം. എന്നാല്‍ ഈ വിഷയത്തില്‍ ഇടപെടാനോ, ചര്‍ച്ച ചെയ്ത് പരിഹരിയ്ക്കാനോ, ബന്ധപ്പെട്ട കക്ഷികളുടെ ഒരു മീറ്റിംഗ് വിളിച്ച് കൂട്ടാന്‍ പോലുമോ സ്ഥലം എം.പി ശ്രമിച്ചില്ല എന്ന പരാതി ജനങ്ങള്‍ക്കുണ്ട്. ഈ വിഷയത്തില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ നടത്തിയ നിയമ പോരാട്ടങ്ങളിലോ,പുതിയ മാലിന്യ നിര്‍മാര്‍ജ്ജന പദ്ധതികളില്‍ സഹകരിയ്ക്കാനോ, കേന്ദ്രസഹായം വാങ്ങി കൊടുക്കാനോ ശശി തരൂര്‍ ശ്രമിച്ചില്ല.
ഇടതു മുന്നണി സര്‍ക്കാരിന്റെ കാലത്ത് പണി തുടങ്ങിയ തമ്പാനൂര്‍ ബസ്‌ സ്റ്റേഷന്‍, പണി പൂര്‍ത്തിയാക്കാതെ ഉത്ഘാടനം ചെയ്ത് പബ്ലിസിറ്റിയ്ക്ക് ശ്രമിച്ചെങ്കിലും, ഇപ്പോഴും പ്രവര്‍ത്തനം തുടങ്ങാനാകാതെ കിടക്കുന്ന ആ ബസ്‌ സ്റ്റേഷന്‍ ഒരു ചോദ്യചിഹ്നം ആയി അവശേഷിയ്ക്കുന്നു. ഒരു ചെറുമഴ പെയ്താല്‍ വെള്ളക്കെട്ടാകുന്ന തമ്പാനൂര്‍ പ്രദേശത്ത് കഴിഞ്ഞ ഇലക്ഷന്‍ സമയത്ത് വാഗ്ദാനം ചെയ്ത പോലെ ഒരു വികസനവും കൊണ്ട് വരാന്‍ തരൂരിന് കഴിഞ്ഞില്ല.
തിരുവനന്തപുരത്തിന്റെ എം.പി ആയിരുന്നിട്ടും ഈ ജില്ലയെക്കാള്‍ എറണാകുളം ജില്ലയെ ആണ് തരൂര്‍ സ്നേഹിയ്ക്കുന്നത് എന്ന് തോന്നല്‍ ഉണ്ടാക്കുന്നതായിരുന്നു കൊച്ചി ഐ.പി.എല്‍ ടീമുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ ഇടപെടലും ആവേശവും. കുറെ വിയര്‍പ്പ് ഓഹരികളുടെ പങ്കും, ഒരു പുതിയ ഭാര്യയേയും തരൂരിന് ആ ഇടപെടല്‍ നേടി കൊടുത്തെങ്കിലും, രണ്ട് വര്‍ഷത്തിനകം കൊച്ചി ടീം തന്നെ ഇല്ലാതായതോടെ, അത് കേരളത്തെ സംബന്ധിച്ച് അര്‍ത്ഥശൂന്യം ആയ ഒരു അഭ്യാസമായി മാറി.
നല്ലൊരു സമയം വിദേശത്തും, ഡല്‍ഹിയിലും ചെലവഴിയ്ക്കുകയും, ഇതിനിടയില്‍ വ്യക്തിപരമായ വിവാഹമോചന – പുനര്‍വിവാഹ - കുടുംബപ്രശ്നങ്ങള്‍ക്കും ഇടയിലും പെട്ടതിനാല്‍ തിരുവനന്തപുരം മണ്ഡലത്തില്‍ തന്നെ കുറച്ചേ സമയം ചിലവഴിയ്ക്കാന്‍ തരൂരിന് കഴിഞ്ഞുള്ളു. സ്വന്തം എം.പിയെ ടി.വിയിലൂടെ കണ്ട് ഓര്‍മ്മ പുതുക്കാനായിരുന്നു വോട്ടു ചെയ്ത തിരുവനന്തപുരത്തെ പ്രജകളുടെ വിധി!
ഒരു മന്ത്രി എന്ന നിലയിലോ, ഒരു ജനപ്രതിനിധി എന്ന നിലയിലോ, ഒരു ഭര്‍ത്താവ് എന്ന നിലയിലോ ഒരിയ്ക്കലും സ്വന്തം കടമകളോട് നീതി പുലര്‍ത്താന്‍ കഴിയാതെ പോയ വ്യക്തി ആണ് ശശി തരൂര്‍ എന്ന് കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ തിരുവനന്തപുരത്തിന് കാട്ടി തന്നു. എങ്കിലും രാഹുല്‍ ഗാന്ധിയുടെ വ്യക്തിപരമായ അനുഗ്രഹവര്‍ഷം ഉള്ള കാലത്തോളം, ഇലക്ഷനില്‍ തോറ്റാലും തന്റെ രാഷ്ട്രീയ ജീവിതത്തിന് ആയുസ്സ് ഉണ്ട് എന്ന് തരൂരിന് അറിയാം.
വീണ്ടും പുതിയ വാഗ്ദാനങ്ങളുമായി ശശി തരൂര്‍ മുന്നില്‍ എത്തുമ്പോള്‍, തിരുവനന്തപുരത്തെ വോട്ടര്‍മാര്‍, പാഴായി പോയ പഴയ വാഗ്ദാനമെല്ലാം ഓര്‍ക്കുമോ എന്ന് കാലം തെളിയിയ്ക്കും.