2013, ഡിസംബർ 22, ഞായറാഴ്‌ച

ഹിതോഷി ഇഗരാഷി – നാം ഓര്‍ക്കാതെ പോകുന്ന സാഹിത്യലോകത്തെ രക്തസാക്ഷി


ജീവിതത്തില്‍ എന്തിനെയെങ്കിലും പ്രണയിയ്ക്കുക.. ഒടുവില്‍ ആ പ്രണയം തന്നെ സ്വന്തം മരണത്തിന് കാരണമാകുക.. അപൂര്‍വ്വമായ ആ നിര്‍ഭാഗ്യത്തിന്റെ കഥയാണ് ഹിതോഷി ഇഗരാഷി എന്ന എഴുത്തുകാരന്റെത്. ഒപ്പം ലോകം അവഗണിച്ച ഒരു രക്തസാക്ഷിത്വത്തിന്റെയും കഥയാണത് ..
സാഹിത്യത്തിന് മേല്‍ മതം നടത്തിയ ഒരു കടന്നുകയറ്റത്തിന്റെ രക്തസാക്ഷിത്വം.
1947 ല്‍ ജപ്പാനിലാണ് ഹിതോഷി ഇഗരാഷി ജനിച്ചത്‌. കുട്ടികാലം മുതല്‍ക്കേ പഠനത്തില്‍ ഏറെ മിടുക്കനായ ഹിതോഷി ഇഗരാഷി, കുറഞ്ഞ കാലം കൊണ്ട് തന്നെ അധ്യാപകരുടെ പ്രിയപ്പെട്ട വിദ്യാര്‍ഥിയായി. കോളേജ് വിദ്യാഭ്യാസ കാലത്ത് കേട്ട ചില പ്രഭാഷണങ്ങള്‍ അദ്ദേഹത്തില്‍ ഇസ്ലാമിക സംസ്കാരത്തിലും, കലയിലും, സാഹിത്യത്തിലും താത്പര്യം ഉണ്ടാക്കി. അവയെ കുറിച്ച് കൂടുതല്‍ പഠിയ്ക്കാന്‍ അദ്ദേഹം തീരുമാനിച്ചു.
1976 ല്‍ ‘ഇസ്ലാമിക കല’യില്‍ ടോക്കിയോ യൂണിവേഴ്സിറ്റിയില്‍ നിന്നും ഡോക്റെരറ്റ് നേടിയ അദ്ദേഹം, ഇസ്ലാമിക കലയെയും സംസ്കാരത്തെയും കുറിച്ച് കൂടുതല്‍ പഠിയ്ക്കാന്‍ ഇറാനിലേയ്ക്ക് പോയി, ഇറാന്‍ റോയല്‍ അക്കാഡമിയില്‍ ഗവേഷണത്തിന് ചേര്‍ന്നു. എന്നാല്‍ 1979ല്‍ ഇറാനില്‍ അരങ്ങേറിയ ഇസ്ലാമിക വിപ്ലവത്തെ തുടര്‍ന്ന് വിദേശിയരായ അമുസ്ലിങ്ങള്‍ക്കെതിരെ അക്രമങ്ങള്‍ ഉണ്ടായപ്പോള്‍ പഠനം അവസാനിപ്പിച്ച് ജപ്പാനിലേയ്ക്ക് മടങ്ങേണ്ടി വന്നു.
ജപ്പാനില്‍ എത്തിയ അദ്ദേഹം ത്സുകുബ യൂണിവേഴ്സിറ്റിയില്‍ ഇസ്ലാമിക സംസ്കാരം പഠനവിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസ്സര്‍ ആയി ആധ്യാപക ജീവിതം ആരംഭിച്ചു. ഒപ്പം ഇസ്ലാമിക സംസ്കാരത്തെയും കലയെയും സാഹിത്യത്തെയും കുറിച്ചുള്ള ഗവേഷണവും തുടര്‍ന്നു. പഠനത്തിന്റെ ഭാഗമായി അദ്ദേഹം പല ഇസ്ലാമിക ഗ്രന്ഥങ്ങളെയും ജപ്പാന്‍ ഭാഷയിലേയ്ക്ക് പരിഭാഷപ്പെടുത്താനുള്ള ശ്രമം തുടങ്ങി. ഏറെ പരിശ്രമങ്ങളിലൂടെ പേഴ്സിയന്‍ തത്വചിന്തകനും ബഹുമുഖ പ്രതിഭയും ആയിരുന്ന ഇബ്നി സിനയുടെ “അല്‍ ഖാനുന്‍ ഫി അല്‍ തിബ്” (The Canon of Medicine) എന്ന പുരാതന അറേബ്യന്‍വൈദ്യശാസ്ത്ര ഗ്രന്ഥം ജപ്പാന്‍ ഭാഷയിലേയ്ക്ക് പരിഭാഷ ചെയ്തു. അഞ്ചു പുസ്തകങ്ങള്‍ അടങ്ങിയ ഈ ഗ്രന്ഥം പുരാതന വൈദ്യശാസ്ത്രരംഗത്തെ ഒരു സര്‍വ്വവിജ്ഞാനകോശമായി കണക്കാക്കപ്പെടുന്നു.. ഇത് കൂടാതെ ഇസ്ലാമിക ചരിത്രവുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് “ഇസ്ലാമിക നവോത്ഥാനം”, “കിഴക്കിന്റെ വിജ്ഞാനം” എന്നീ കൃതികളും അദ്ദേഹം രചിച്ചു. ജപ്പാന്‍കാര്‍ക്കിടയില്‍ ഇസ്ലാമിനെകുറിച്ചും, മധ്യേഷ്യന്‍ രാജ്യങ്ങളെകുറിച്ചും കൂടുതല്‍ അറിവ് പകരുന്നവയായിരുന്നു ഈ കൃതികള്‍.
1988. സല്‍മാന്‍ റുഷ്ദിയുടെ “സാത്താന്റെ വചനങ്ങള്‍” (സാത്താനിക് വെര്‍സെസ്) പ്രസിദ്ധീകൃതം ആയത് ആ വര്‍ഷമാണ്‌. ഗബ്രിയേല്‍ മാര്കൊസിന്റെ കൃതികള്‍ക്ക് ശേഷം മാജിക്കല്‍ റിയലിസത്തില്‍ പുതിയ ഒരു അനുഭവം തീര്‍ത്ത ആ കൃതി, അതിന്റെ ആഖ്യാന സവിശേഷത കൊണ്ട് സാഹിത്യ മണ്ഡലത്തില്‍ ഏറെ പ്രശംസ പിടിച്ചു പറ്റി.
ആ വര്‍ഷത്തെ മികച്ച നോവലിനുള്ള വിറ്റ്ബ്രഡ് അവാര്‍ഡ്‌ നേടിയ ആ പുസ്തകം, സാഹിത്യത്തിനുള്ള ബുക്കര്‍ പുരസ്കാരത്തിന് പരിഗണിച്ച കൃതികളില്‍ അവസാന ഘട്ടം വരെ എത്തപ്പെട്ടൂ. ലോകമെമ്പാടും ഒരു പാട് ഭാഷകളില്‍ ഈ പുസ്തകം വിവര്‍ത്തനം ചെയ്യപ്പെട്ടു തുടങ്ങി.
എന്നാല്‍ ആ നോവലിലെ ഉപകഥകള്‍ ആയി വരുന്ന ചില സ്വപ്ന രംഗങ്ങള്‍, പ്രവാചകനായ മുഹമ്മദ്‌ നബിയെ അപമാനിയ്ക്കുന്നതാണ് എന്ന് ചില ഇസ്ലാമിക യാഥാസ്ഥിതിക നിരൂപകര്‍ അവകാശപ്പെട്ടതോടെ കൃതി, സാഹിത്യ ലോകത്തെ ഏറ്റവും വലിയ ഒരു വിവാദ വിഷയമായി മാറി
. 1989 ഫെബ്രുവരി 14ന് ഇറാനിയന്‍ ആത്മീയ നേതാവായ ആയത്തുള്ള ഖൊമൈനി ഈ പുസ്തകം ഇസ്ലാമിന് എതിരാണെന്നും, അതിനാല്‍ അതിന്റെ എഴുത്തുകാരനെയും ആ പുസ്തകപ്രസാധനവുമായി ബന്ധപ്പെട്ട എല്ലാവരെയും കൊല്ലണമെന്നും “ഫത്വ” പുറപ്പെടുവിച്ചു. പരസ്യമായ ഈ കൊലപാതക ആഹ്വാനത്തിന് ശേഷം ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആയത്തുള്ള ഖൊമൈനി അന്തരിച്ചു. എന്നാല്‍ “ഫത്വ” ഇപ്പോഴും നില നില്‍ക്കുന്നതായും, സല്‍മാന്‍ റുഷ്ദിയെയും, വിവിധ ഭാഷകളില്‍ ഉള്‍പ്പെടെ പുസ്തകത്തെ വിവര്‍ത്തനം ചെയ്യുന്നവരെയും പ്രസിദ്ധീകരിയ്ക്കുന്നവരെയും കൊല്ലുന്നവര്‍ക്ക് ലക്ഷക്കണക്കിന്‌ ഡോളര്‍ പാരിതോഷികം നല്‍കുമെന്നും ഇറാനിയന്‍ അധികാരികള്‍ പ്രഖ്യാപിച്ചു. അതോടെ ലോകം മുഴുവന്‍ യാഥാസ്ഥിതിക മുസ്ലിങ്ങള്‍ ഈ പുസ്തകത്തിനെതിരെ പ്രക്ഷോഭം തുടങ്ങി. തുടരെ തുടരെ വധശ്രമങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ജീവന്‍ രക്ഷിയ്ക്കാനായി സല്‍മാന്‍ റുഷ്ദി ഒളിവില്‍ പോയി.
മിക്കവാറും രാജ്യങ്ങളില്‍ പുസ്തകത്തിന്റെ പ്രസാധകരും വിവര്‍ത്തകരും പുസ്തകശാലാ ജീവനക്കാരും അടക്കം ഒട്ടേറെ വ്യക്തികള്‍ ആക്രമിയ്ക്കപ്പെട്ടു. പുസ്തകം വിറ്റ കടകള്‍ അഗ്നിക്കിരയാക്കി.
ജപ്പാന്‍ ഭാഷയില്‍ പുസ്തകം വിവര്‍ത്തനം ചെയ്യാന്‍ ആവശ്യപ്പെട്ടു കൊണ്ട് “ഷിന്‍സൈഷാ” എന്ന പ്രസാധന കമ്പനി ഹിതോഷി ഇഗരാഷിയെ സമീപിച്ചു. ഇസ്ലാമിക വിഷയങ്ങളില്‍ അദ്ദേഹത്തിനുള്ള അവഗാഹം കാരണം ആയിരുന്നു അവര്‍ അദ്ധേഹത്തെ വിവര്‍ത്തകന്‍ ആക്കാന്‍ തീരുമാനിച്ചത്.
പുസ്തകത്തെ കുറിച്ചുള്ള വിവാദങ്ങള്‍ മൂലം വിവര്‍ത്തകന്‍ ആകാന്‍ ആദ്യം ഹിതോഷി ഇഗരാഷി മടിച്ചു. എന്നാല്‍ പുസ്തകം പൂര്‍ണ്ണമായും വായിച്ചതോടെ അദ്ദേഹത്തിന്റെ അഭിപ്രായം മാറുകയും, വിവര്‍ത്തനം നടത്താന്‍ സമ്മതിയ്ക്കുകയും ചെയ്തു.
ജപ്പാനില്‍ സ്വദേശികളില്‍ മുസ്ലിങ്ങള്‍ വളരെ കുറവാണ്. ഉള്ളവരില്‍ തന്നെ ഭൂരിഭാഗവും പാകിസ്ഥാനികളും, ബംഗ്ലാദേശികളും അടങ്ങുന്ന വിദേശിയരും ആയിരുന്നു. അവര്‍ ഉള്‍പ്പെടുന്ന ജപ്പാനിലെ “ഇസ്ലാമിക സെന്റര്‍” എന്ന സംഘടന എഴുത്തുകാരോടും, പ്രസിദ്ധീകരണ കമ്പനികളോടും ഈ പുസ്തകം വിവര്‍ത്തനം ചെയ്യുകയോ പ്രസിദ്ധീകരണം ചെയ്യുകയോ ചെയ്യുന്ന പക്ഷം “കടുത്ത നടപടികള്‍” ഉണ്ടാകുമെന്ന് ഭീക്ഷണി മുഴക്കി.
എന്നാല്‍ ഹിതോഷി ഇഗരാഷി അതൊന്നും വക വെച്ചില്ല. പുസ്തകം വായിച്ചു പോലും നോക്കാതെ അതിനെ വിമര്‍ശിയ്ക്കുന്നവരുടെ ഇരട്ടത്താപ്പിനെ അദ്ദേഹം വിമര്‍ശിച്ചു. പുസ്തകത്തില്‍ ഇസ്ലാം വിരുദ്ധമായി ഒന്നുമില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. പുസ്തകം മുന്നോട്ടു വെയ്ക്കുന്ന ആശയം പോലും വായിച്ചു മനസ്സിലാക്കാതെ അതിനെ ‘ഇസ്ലാമിക വിരുദ്ധം’ എന്ന് എങ്ങനെ മുദ്ര കുത്താന്‍ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു. ജപ്പാന്‍കാര്‍ പുസ്തകം വായിച്ചു നോക്കി സ്വയം തീരുമാനിയ്ക്കട്ടെ എന്ന ഉദ്ദേശത്തോടെ ആണ് താന്‍ വിവര്‍ത്തനം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഏറെ താമസിയ്ക്കാതെ 1990ല്‍ “സാത്താന്റെ വചനങ്ങളുടെ” ജാപ്പനീസ് പരിഭാഷ പുറത്തിറങ്ങി. പുസ്തകം പുറത്തിറങ്ങുന്നതുമായി ബന്ധപ്പെട്ട് നടന്ന പത്ര സമ്മേളനത്തിനിടയില്‍ ഒരു പാകിസ്ഥാനി യുവാവ് കടന്നു കയറി ബഹളം വെയ്ക്കുകയും പുസ്തകത്തിന്റെ പ്രസാധകനെ ആക്രമിയ്ക്കാന്‍ ശ്രമിയ്ക്കുകയും ചെയ്തു. പോലീസുകാര്‍ അയാളെ അറസ്റ്റ് ചെയ്ത് നീക്കി.
ചില ഇസ്ലാമിക സംഘടനകള്‍ പുസ്തകശാലകള്‍ക്കു മുന്നില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചെങ്കിലും, അഭിപ്രായ സ്വാതന്ത്ര്യത്തിന് ഏറെ വില കല്‍പ്പിയ്ക്കുന്ന ജാപ്പനീസ് ഭരണകൂടത്തിന്റെ ശക്തമായ നടപടികള്‍ മൂലം അവയൊന്നും ഒരു കലാപമായി മാറിയില്ല. പുസ്തകം ജപ്പാനില്‍ ഒരു വിജയമായി മാറി. ഒരു വര്ഷം കൊണ്ട് തന്നെ എഴുപതിനായിരത്തോളം കോപ്പികള്‍ വിറ്റഴിക്കപ്പെട്ടു. വളരെ മികച്ച വിവര്‍ത്തനം ഏറെ നിരൂപക പ്രശംസ പിടിച്ചു പറ്റി.
ഹിതോഷി ഇഗരാഷിയ്ക്കും പ്രസാധകര്‍ക്കും എതിരെ ധാരാളം അജ്ഞാതവധഭീക്ഷണികള്‍ ഉണ്ടായതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ അവര്‍ക്ക് സംരക്ഷണത്തിനായി സുരക്ഷാഭടന്മാരെ അനുവദിച്ചു. എന്നാല്‍ കുടുംബവും, കോളേജും, പഠനവും, സംവാദവുമൊക്കെയായി സ്വന്തം ലോകത്തില്‍ ഒതുങ്ങി കഴിയാന്‍ ഇഷ്ടപ്പെട്ടിരുന്ന ഹിതോഷി ഇഗരാഷി, കുറച്ചു കാലം കഴിഞ്ഞപ്പോള്‍ സുരക്ഷാഭടന്മാരെ ഒഴിവാക്കുകയാണ് ഉണ്ടായത്.
1991 ജൂലൈ 11. വൈകിട്ട് ജോലി സമയം കഴിഞ്ഞിട്ടും ഏറെ വൈകിയും ഹിതോഷി ഇഗരാഷി വീട്ടില്‍ തിരികെ എത്താത്തതില്‍ പരിഭ്രമിച്ച വീട്ടുകാര്‍ ത്സുകുബ യൂണിവേസിറ്റി സെക്യുരിറ്റിയെ വിളിച്ചു തിരക്കി. അവര്‍ നടത്തിയ അന്വേഷണത്തില്‍ ചോരയില്‍ കുളിച്ച അദ്ദേഹത്തിന്റെ മൃതദേഹം ഓഫീസിന്റെ മുന്നിലുള്ള ഹാളില്‍ നിന്നും കണ്ടെത്തി. കത്തി പോലുള്ള മൂര്‍ച്ചയുള്ള ആയുധം കൊണ്ട് മുഖത്തും നെഞ്ചിലും ഒരുപാട് പ്രാവശ്യം കുത്തിയ നിലയിലായിരുന്നു ആ മൃതശരീരം.
എഴു മണിയ്ക്ക് തന്റെ വിദ്യാര്‍ഥികളെ പറഞ്ഞയച്ച ശേഷം തന്റെ ഓഫീസില്‍ നിന്നും പുറത്തേയ്ക്ക് പോകുന്ന സമയത്താണ് ഇഗരാഷി ആക്രമിയ്ക്കപ്പെട്ടതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. അദ്ദേഹത്തെ കുത്തി കൊന്ന ശേഷം മൃതദേഹം ഹാളില്‍ കൊണ്ടിട്ടതാണെന്ന് തെളിഞ്ഞു. എന്നാല്‍ വളരെ ആസൂത്രിതമായി നടത്തിയതിനാല്‍, ആരാണ് ആ കൊലപാതകം നടത്തിയതെന്ന് തെളിഞ്ഞില്ല. അക്രമികള്‍ കൊലപാതകം നടത്തി വേഗം തന്നെ രാജ്യം വിട്ടതിനാല്‍ അവരെ ഒരിയ്ക്കലും നിയമത്തിന് മുന്നില്‍ കൊണ്ട് വരാന്‍ കഴിഞ്ഞില്ല.
ജപ്പാനിലുള്ള ഇസ്ലാമിക തീവ്രവാദ സംഘടനകളോ, അതോ ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തിന്റെ വാടക കൊലയാളികളോ ആയിരിയ്ക്കാം ഈ കൊലപാതകത്തിന് പിന്നിലെന്ന് ജപ്പാന്‍കാര്‍ വിശ്വസിയ്ക്കുന്നു.
റുഷ്ദിയുടെ പുസ്തകവുമായി ബന്ധപ്പെട്ട നൂറു കണക്കിന് വ്യക്തികളാണ് ചരിത്രത്തില്‍ കൊല ചെയ്യപ്പെടുകയോ, ആക്രമിയ്ക്കപ്പെടുകയോ ചെയ്തിട്ടുള്ളത്. 1991 ജൂലൈ 3ന് ഈ കൃതിയുടെ ഇറ്റാലിയന്‍ വിവര്‍ത്തകന്‍ ആയ എട്ടോരെ കാപ്രിയോളോയെ ഒരു അക്രമി കഠാര ഉപയോഗിച്ച് കുത്തി ക്രൂരമായി കൊല്ലാന്‍ ശ്രമിച്ചു എങ്കിലും, അദ്ദേഹം പരിക്കുകളോടെ രക്ഷപ്പെട്ടു. ഒക്ടോബര്‍ 11 ന് നോര്‍വീജിയന്‍ വിവര്‍ത്തകന്‍ ആയ വില്യം നൈഗാര്ദ് ആക്രമിയ്ക്കപ്പെട്ടു. ഗുരുതരമായ പരിക്കുകളോടെ അദ്ദേഹം രക്ഷപ്പെട്ടു. (ഇതില്‍ പ്രതിഷേധിച്ച് നോര്‍വെ സര്‍ക്കാര്‍ ഇറാനിലെ അവരുടെ അംബാസിഡറെ തിരികെ വിളിച്ചു) തുര്‍ക്കി വിവര്‍ത്തകനായ അസിസ് നെസിനു നേരെ നടന്ന ആക്രമണത്തില്‍ അദ്ദേഹത്തിന് പരിക്കേറ്റില്ലെങ്കിലും 37 സാധാരണക്കാര്‍ കൊല്ലപ്പെട്ടു.
മതം വ്യക്തിസ്വാതന്ത്ര്യത്തിലും സാഹിത്യത്തിലും നടത്തിയ രക്തരൂക്ഷിത കടന്നു കയറ്റങ്ങള്‍ക്ക് ആധുനിക ലോകം കണ്ട ഏറ്റവും നീചമായ ഉദാഹരണമാണ് “സാത്താന്റെ വചന”ത്തിനു നേരെ നടന്ന അക്രമം വഴി ലോകം കണ്ടത്. ആ സംഭവങ്ങള്‍ മത നിരപേക്ഷ ലോകത്തിനു സമ്മാനിച്ച മുറിവുകള്‍ വളരെ ആഴത്തിലുള്ളതായിരുന്നു.
ഇസ്ലാമിക സംസ്കാരത്തെയും, സാഹിത്യത്തെയും സ്നേഹിച്ച ഹിതോഷി ഇഗരാഷിയുടെ ജീവിതത്തിന് അവിചാരിത അന്ത്യം കുറിച്ചതും ആ സംസ്കാരത്തിലെ യാഥാസ്ഥിതിക മൂല്യങ്ങള്‍ തന്നെയാണെന്നത് ചരിത്രത്തിന്റെ ക്രൂരമായ ഒരു തമാശയാകാം.. =====