2013, മേയ് 26, ഞായറാഴ്‌ച

"അയ്യോ അച്ഛാ പോകല്ലേ!"

കഴിഞ്ഞ രണ്ടു ദിവസമായി മാധ്യമ ലോകത്തും സൈബര് ലോകത്തും നടക്കുന്ന കോലാഹലങ്ങൾ കാണുമ്പോൾ, ശ്രീനിവാസൻ സംവിധാനം ചെയ്ത ചിന്താവിഷ്ടയായ ശ്യാമള എന്ന ചലച്ചിത്രത്തിലെ ഒരു ഹാസ്യരംഗം ആണ് ദിഗംബരന് ഓര്മ്മ വരുന്നത്. "അയ്യോ അച്ഛാ പോകല്ലേ ...അയ്യോ അച്ഛാ പോകല്ലേ " എന്ന നിലവിളിയുമായി കേരളത്തിന്റെ വികസനം കൊതിയ്ക്കുന്നവർ എന്നവകാശപ്പെടുന്ന കുറെ രാഷ്ട്രീയ അരാഷ്ട്രീയ കുട്ടികൾ ജനാബ് യുസഫലി സാഹിബിന് പിന്നാലെ കൂടുമ്പോൾ, കംമ്യുനിസ്ടുകാർ “വികസന വിരോധികൾ” എന്ന് മുദ്ര കുത്തുമ്പോൾ, എന്താണ് ശരിയ്ക്കുള്ള പ്രശ്നമെന്ന് അറിയാൻ മറ്റേതൊരു സാധാരണക്കാരനെപോലെയും ദിഗംബരന് ശ്രമിയ്ക്കുന്നു.
ദിഗംബരൻ മനസ്സിലാക്കിയത് ഒരു യക്ഷികഥയെ ഓര്മിപ്പിയ്ക്കുന്ന കടംകഥയാണ്.
അതു തുടങ്ങുന്നത് 2004-2005 കാലത്താണ്. കൊച്ചി പോർട്ട് ട്രസ്റ്റ് ചെയർമാൻ ആയിരുന്ന ജേക്കബ് തോമസ്, ബോർഡ് ട്രസ്റ്റ് യോഗത്തിൽ ഒരു നിര്ദേശം സമര്പ്പിയ്ക്കുന്നു. വല്ലാര്പാട ടെർമിനലിന്റെ നിര്മാണതിനനുസരിച്ച് കൊച്ചി തുറമുഖത്തിന്റെ വികസനത്തിനായി സ്ഥല ലഭ്യത യ്ക്ക് വേണ്ടി ബോൾഗാട്ടി പ്രദേശത്തെ കുറച്ച് ചതുപ്പ് നിലങ്ങളും,തീര പ്രദേശങ്ങളും മണ്ണിട്ട് നികത്തിയെടുത്ത് തുറമുഖ വികസനത്തിന് ഉപയോഗിയ്ക്കാൻ ആയിരുന്നു നിര്ദേശം. ഉന്നത തല പിന്തുണയോടെ എതിർപ്പുകൾ ഇല്ലാതെ ആ നിര്ദേശം അംഗീകരിയ്ക്കെപ്പെട്ടു. പരിസ്ഥിതി-തീരദേശ നിയമങ്ങളെ മറി കടന്ന് 3 .8 കോടി രൂപ ചിലവഴിച്ച് ആ നിലം നികത്തൽ വിജയകരമായി പൂര്ത്തിയാക്കി. അതാണ് ഇപ്പോൾ യുസഫലി സാഹിബിന്റെ കൈവശമെത്തിയ വിവാദ സ്ഥലം. ആ കഥ ഇവിടെ വായിയ്ക്കാം ..
കൊച്ചി പോർട്ട് ട്രസ്റ്റ് തുറമുഖ വികസനത്തിന് വേണ്ടി കോടികൾ മുടക്കി നികത്തിയെടുത്ത സ്ഥലം എങ്ങനെ സ്വകാര്യ വ്യക്തിയായ യുസഫലി സാഹിബിന്റെ കൈവശമെത്തി എന്ന് ചിന്തിയ്ക്കുന്നിടത്താണ് ഒന്നാമത്തെ കടംകഥ!
ഒക്ടോബറിൽ കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർമാൻ ആയ എൻ രാമചന്ദ്രൻ ഷിപ്പിങ്ങ് മന്ത്രാലയത്തിന് ഒരു കത്തയയ്ക്കുന്നു. തുറമുഖത്ത് നിന്നും "അകലെ" സ്ഥിതി ചെയ്യുന്ന കൊച്ചിൻ പോർട്ട് ട്രസ്റ്റ് വകയായ കുറച്ചു സ്ഥലം പോര്ട്ടിന്റെ ഉപയോഗത്തിന് കൊള്ളില്ലെന്നും അതിനാൽ അത് മറ്റാർക്കെങ്കിലും ദീര്ഘകാല പാട്ടത്തിന് കൊടുക്കാൻ അനുവാദം തരണമെന്നും ചോദിച്ചായിരുന്നു ആ കത്ത്. ബോൾഗാട്ടിയിലെ 31 ഏക്കര് സ്ഥലവും ഈ കത്തിൽ ഉൾപ്പെടുത്തിയിരുന്നു . മന്ത്രാലയം അതിനു അനുമതി കൊടുത്തു. അങ്ങനെയാണ് ഇപ്പോൾ വിവാദമായ ഈ പാട്ട കരാർ (3742 - 2011) ഉണ്ടായത്..
പോര്ട്ടിന് വേണ്ടി കോടികൾ മുടക്കി നികത്തിയ സ്ഥലം എങ്ങനെ പോര്ട്ടിന് വേണ്ടാതായി എന്ന ചോദ്യം ഉത്തരം കിട്ടാതെ കിടക്കുമായിരിയ്ക്കും. ശരിയ്ക്കും ആ മണ്ണിട്ട് നികത്തൽ പോര്ട്ടിന്റെ ഉപയോഗത്തിന് വേണ്ടിയായിരുന്നോ, അതോ യുസഫലി സാഹിബിന്റെ റിയൽ എസ്റ്റേറ്റ് കച്ചവടത്തിനായിരുന്നോ? തീരദേശ പരിപാലന നിയമത്തിൽ ഇളവു ലഭിക്കുക പോർട്ട് ആവശ്യങ്ങള്ക്ക് മാത്രമാണ്. അല്ലാതെ അനുമതി നല്കിയത് കൊസ്റ്റൽ സോണ് മാനെജ്മെന്റ് അതോറിറ്റിയുടെ സബ് കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിയാണ്. സ്വയം ശ്രമിച്ചാൽ നടക്കാത്ത ഒരു കാര്യം നടത്താൻ യുസഫലി സാഹിബ് കൊച്ചി പോർട്ട് ട്രസ്റ്റ്ി നെ ഉപയോഗപ്പെടുത്തി എന്ന് സംശയിച്ചാൽ തെറ്റുണ്ടോ?
പാട്ടകരാര് പ്രകാരം ഭൂമിയുടെ വില നിശ്ചയിച്ച രണ്ടാമത്തെ കടംകഥയാണ് ഇതിലും രസകരം. സ്ഥലത്തിന്റെ മാർക്കറ്റ് വിലയുടെ 6 % വരുന്ന തുകയാണ് വാര്ഷിക പാട്ട തുകയായി നിശ്ചയിച്ചത്. അത് ന്യായം. എന്നാൽ ബുദ്ധിപൂർവ്വം, മാർക്കറ്റ് വില കണക്കാക്കിയത് ഏക്കറിന് 2.1 കോടി രൂപ (2.1 ലക്ഷം/സെന്റ്) എന്ന തുകയ്ക്കാണ്. 2010-2011 കാലത്ത് കൊച്ചിയിൽ ഏക്കറിന് ഏറ്റവും കുറഞ്ഞത് 20 കോടിയോളം രൂപ മാർക്കറ്റ് വില ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കുമ്പോൾ ആണ് ഈ കള്ളകളി വെളിച്ചത്താകുന്നത്.
തുറമുഖത്തിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഓഫീസ് കെട്ടിടങ്ങളും അനുബന്ധ സംവിധാനങ്ങളും നിര്മ്മിയ്ക്കാൻ വേണ്ടി, ഈ പാട്ടഭൂമിയിൽ നിര്മ്മിയ്ക്കുന്ന കെട്ടിടങ്ങളിലെ 60% സ്ഥലവും ഉപയോഗിയ്ക്കണം എന്നായിരുന്നു ഈ പാട്ട കരാറിലെ പ്രധാന നിർദേശo .
എന്നാൽ ഈ നിര്ദേശം പാലിയ്ക്കാതെ, 12 നില ഹോട്ടൽ, 3 ഹോട്ടൽ വില്ലകൾ, 3 നില കണ്വെന്ഷൻ സെന്റർ, ഷോപ്പിംഗ് മാൾ, തുടങ്ങിയവ ഉൾപ്പെട്ട 572 സർവീസ് അപാര്ട്ടുമെന്റുകൾ നിര്മ്മിയ്ക്കാനുള്ള ജനാബ് യുസഫലിയുടെ പ്രൊജക്റ്റിന് എങ്ങനെ ഈ ഭൂമി കൈമാറി എന്നതിന് തൃപ്തികരമായ വിശദീകരണം നല്കാൻ കൊച്ചി പോർട്ട് ട്രസ്റ്റ്നോ, യുസഫലി സാഹിബിനോ ഇനിയും കഴിഞ്ഞിട്ടില്ല. നഗ്നമായ കരാർ ലംഘനം ആണത്.
ഏറെ സംശയാസ്പദം ആയ ഒരു പാട്ട കരാര് ആണത്. ഇനിയുമുണ്ട് നിയമവിരുദ്ധ വകുപ്പുകൾ! 71 കോടി മുടക്കി പാട്ടത്തിനെടുത്ത ഈ സ്ഥലം യുസഫലി സാഹിബിനു എപ്പോൾ വേണമെങ്കിലും ബാങ്കിൽ പണയം വയ്ക്കാം. പാട്ടതുകയ്ക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റ് തീരുമാനിച്ച് അടച്ചിട്ടില്ല. നിയമ വിരുദ്ധമായി ഉപ-പാട്ടകരാറുകൾ നല്കുന്നത് തടയാൻ വകുപ്പുകൾ ഇല്ല ...തുടങ്ങിയ പല നിയമ ലംഘനങ്ങൾ .
ഈ അഴിമതി കഥകൾ, യുസഫലി സാഹിബിന്റെ പരസ്യം കൊതിച്ച് മലയാള മാദ്യമങ്ങൾ മത്സരിച്ച് മറച്ചു വെച്ചപ്പോൾ, കുഴി തോണ്ടി പുറത്ത് കൊണ്ട് വന്നത് ദേശീയ പത്രമായ ഹിന്ദുവാണ്. അവർ പുറത്തു കൊണ്ട് വന്ന അന്വേഷണ റിപ്പോർട്ടുകൾ, ഈ കഥകൾ ഒക്കെ ദേശീയ ശ്രദ്ധയിൽ കൊണ്ട് വരിക മാത്രമല്ല , കൊച്ചി പോർട്ട് ട്രസ്റ്റ്ി നൊപ്പം യുസഫലി സാഹിബിനെയും പ്രതികൂട്ടിൽ ആക്കി. കോടതികളിൽ കേസുകൾ എത്തി ..വിജിലന്സിനും സി ബി ഐ യ്ക്കും വരെ പരാതികൾ പോയി.
ആ കഥ ഇവിടെ വായിയ്ക്കാം
പോര്ട്ട് ആവശ്യത്തിനു നികത്തിയ ഭൂമി വ്യവസായ ആവശ്യത്തിനു നൽകിയ നടപടി സി.ബി.ഐ അന്വേഷണത്തിന് വരെ വിധേയമാക്കാവുന്നതാണ്.
പിന്നാലെ സി.പി.എമ്മിന്റെ എതിര്പ്പ് കൂടി വന്നതോടെ ഇതൊക്കെ നാളെ പ്രശ്നമാകുമെന്നും അപ്പാർട്ട്മെന്റ് പദ്ധതി എളുപ്പം നടക്കില്ലെന്നും യൂസഫലി സാഹിബിന് മനസ്സിലായി .
അപ്പൊ പിന്നെ "അയ്യോ അച്ഛാ പോവല്ലേ" ലൈൻ എടുത്തു നോക്കാതെ എന്ത് വഴി!

2013, മേയ് 11, ശനിയാഴ്‌ച

പർദ്ദ

ഇസ്ലാമിക അറബിനാട്ടിലെ പെണ്ണുങ്ങളുടെ വസ്ത്രമായ "പർദയെ" വിമര്ശിച്ചു എന്ന പേരില്, ഒരു സ്ത്രീയെ കൂട്ടത്തോടെ ആരും കേട്ടാൽ അറയ്ക്കുന്ന അസഭ്യം പറയുന്ന, ഏക ദൈവത്തിന്റെ എല്ലാ മൊത്തകച്ചവടകാരോടും ദിഗംബരന് ഒന്നേ ചോദിയ്ക്കാനുള്ളൂ .... സ്വന്തം പെണ്ണുങ്ങളെ പർദ്ദ ഇടിയ്ക്കാൻ ആവേശം കാണിയ്ക്കുന്ന നിങ്ങളൊക്കെ, എന്തിനാണ് അവിശ്വാസികളുടെ വസ്ത്രമായ പാന്റ്സ്, ഷർട്ട്, ടീ ഷർട്ട്, നിക്കർ,കോട്ട്, ടൈ തുടങ്ങിയവ ഉപയോഗിയ്ക്കുന്നത്? ഇസ്ലാമിക അറബിനാട്ടിലെ ആണുങ്ങളുടെ വസ്ത്രമായ കന്തൂറ, സ്വവബ, ബിഷത് എന്നിവ ഉപയോഗിച്ചാൽ പോരെ?