2013, മാർച്ച് 28, വ്യാഴാഴ്‌ച

നാലു പതിറ്റാണ്ടിലെ ജീവിതസ്മരണകള്‍

------------------------
2012 മാര്‍ച്ച് 22 ന് 42 വര്‍ഷക്കാലത്തെ ഞങ്ങളുടെ സൗഹൃദം അവസാനിച്ചു. എ ഐ വൈ എഫ് നേതൃപദവിയില്‍ ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിയെടുക്കുമ്പോഴാണ് സ. സി കെ ചന്ദ്രപ്പനെ ഞാന്‍ കണ്ടുമുട്ടുന്നത്. അന്ന് ഞാനും വൈ എഫിന്റെ ഒരു സജീവ പ്രവര്‍ത്തകയായിരുന്നു. ആരുടേയും ശ്രദ്ധ കവര്‍ന്നെടുക്കുന്ന ഒരു പ്രവര്‍ത്തനപാടവം സ. ചന്ദ്രപ്പനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ലാളിത്യവും കര്‍മ്മകുശലതയും ദൃഢനിശ്ചയവും ലക്ഷ്യബോധത്തോടെയുള്ള പ്രവര്‍ത്തനശൈലിയും ഏവരേയും അദ്ദേഹത്തിലേക്കടിപ്പിച്ചിരുന്നതുപോലെ എന്നേയും അദ്ദേഹത്തിലേക്കാകര്‍ഷിച്ചു എന്നു പറയുന്നതാവും കൂടുതല്‍ ശരി. ഒരു രാഷ്ട്രീയനേതാവ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്യാന്‍ ഈ അവസരം ഞാന്‍ ഉപയോഗിക്കുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടന്നുവരുവാന്‍ എന്നെ പ്രേരിപ്പിച്ച ചില പ്രത്യേകതകള്‍ ഇവിടെ പ്രതിപാദിക്കുന്നത് ഉചിതമാകും എന്നു തോന്നുന്നു.
ഒരിക്കല്‍ ലോക പ്രശസ്ത കവി പോള്‍ റോബ്‌സനെ സ്വീകരിക്കാനായി ഞങ്ങള്‍ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ പോകുകയുണ്ടായി. നിര്‍ഭാഗ്യവശാല്‍ അന്നദ്ദേഹം എത്തുകയുണ്ടായില്ല. കാണാന്‍ കഴിയാത്തതില്‍ നിരാശയുണ്ടായെങ്കിലും അദ്ദേഹത്തിന്റെ പ്രശസ്തമായ ''നദി'' എന്ന കവിതയെക്കുറിച്ചും മറ്റുചില കവിതകളെക്കുറിച്ചും സ. ചന്ദ്രപ്പന്‍ എന്നോട് സംസാരിക്കുകയുണ്ടായി. യാദൃച്ഛികമായി ബ്രിട്ടനിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായ ഹാരി പൊളിറ്റിനെക്കുറിച്ച് ചര്‍ച്ച വഴിതിരിഞ്ഞു. അദ്ദേഹം ഇന്ത്യ സന്ദര്‍ശിച്ച അവസരത്തില്‍ എഴുതിയ ഒരു ഡയറിക്കുറിപ്പ് പൊടുന്നനെ എന്റെ മനസ്സില്‍ കടന്നുവന്നതാണ് അത്തരത്തിലൊരു ചര്‍ച്ചയ്ക്ക് എന്നെ പ്രേരിപ്പിച്ചത്.
അവസരോചിതമല്ലാതെ അത്തരത്തിലൊരു വിഷയം പൊടുന്നനെ വന്നതെന്തുകൊണ്ട് എന്ന ആശ്ചര്യത്തോടെ അദ്ദേഹം എന്നോടു ചോദിച്ചു, ഹാരി പൊളിറ്റിന്റെ ഡയറിയിലെ ഏതു ഭാഗമാണ് തന്നെ ആകര്‍ഷിച്ചത് എന്ന്? അദ്ദേഹത്തിന്റെ ഡയറിയില്‍ ഇന്ത്യന്‍ ജനതയുടെ ദാരുണാവസ്ഥയെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു ഭാഗമുണ്ട്. ഇരുപതാം നൂറ്റാണ്ടില്‍പ്പോലും ഇന്ത്യയിലെ ജനങ്ങള്‍ കാളകളെപ്പോലെ വണ്ടിവലിക്കുകയും നിലമുഴുകുകയും ചെയ്യുന്നത് പ്രാകൃതപ്രവര്‍ത്തിയാണെന്നും കടുത്ത ദാരിദ്ര്യവും തൊഴിലില്ലായ്മയുമാണ് ഇന്ത്യയിലെ ദരിദ്രജനവിഭാഗത്തെക്കൊണ്ട് ഇത്തരത്തിലുള്ള പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുവാന്‍ നിര്‍ബന്ധിക്കുന്നത് എന്നും ഹാരി പൊളിറ്റ് ഡയറിക്കുറിപ്പില്‍ എഴുതിയിരുന്നു. അദ്ദേഹത്തിന്റെ ഈ നിരീക്ഷണം ശരിയാണെന്നും അതിനുള്ള മാറ്റം കൈവരിക്കണമെങ്കില്‍ സോഷ്യലിസ്റ്റ് വിപ്ലവം സാധ്യമാകണമെന്നും ചന്ദ്രപ്പന്‍ വളരെ ദീര്‍ഘമായി വിശകലനം ചെയ്തുതന്നു.
സാഹിത്യവും കവിതയും കലയും ശാസ്ത്രവും എല്ലാംതന്നെ ഞങ്ങളുടെ ഇടയില്‍ പലപ്പോഴും ചര്‍ച്ചാവിഷയങ്ങളായിരുന്നു. ഇന്ത്യയുടെ തെക്കന്‍തീരങ്ങളില്‍ ബ്രിട്ടീഷ്, അമേരിക്കന്‍, ഫ്രഞ്ച്, പോര്‍ച്ചുഗീസ് രാഷ്ട്രങ്ങളുടെ സൈനികത്താവളങ്ങള്‍ രൂപപ്പെട്ടപ്പോള്‍ അതിനെക്കുറിച്ച് എന്നെ ബോധവല്‍ക്കരിക്കുകയും ലേഖനങ്ങള്‍ എഴുതുവാന്‍ പ്രേരിപ്പിക്കുകയും ചെയ്തത് എന്നും എന്റെ ബൗദ്ധികസുഹൃത്തായ ചന്ദ്രപ്പനായിരുന്നു. ഷേക്‌സ്പിയര്‍, ലിയോ ടോള്‍സ്റ്റോയി, ഡോസ്‌ട്രോവിസ്‌കി, ചെഗോവ്, പേള്‍ബര്‍ഗ്, ഹൊവാര്‍ഡ് ഫാസ്റ്റ്, മയക്കോവിസ്‌കി തുടങ്ങിയ വിശ്വസാഹിത്യകാരന്മാരും കൃതികളും ഇന്ത്യയിലെയും വിദേശത്തെയും കവികളും കവിതകളും ഞങ്ങളുടെ സായാഹ്നചര്‍ച്ചകളിലെ വിഷയങ്ങളായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ആഴത്തിലും പരപ്പിലുമുള്ള ഒരു വായനാസ്വഭാവം ഇല്ലായിരുന്നു എന്നു തന്നെ പറയാം. എന്നാല്‍ എന്റെ ആ കുറവ് ഏറെ പരിഹരിച്ചുപോന്നത് ചന്ദ്രപ്പന്റെ വായനയും അഗാധമായ പാണ്ഡിത്യവുമാണ്. മലയാളത്തിലെ പ്രശസ്ത എഴുത്തുകാരായ തകഴി, ബഷീര്‍, എം ടി, ഒ എന്‍ വി തുടങ്ങിയ ഒരു വന്‍നിര എഴുത്തുകാരുടെ കൃതികള്‍ ചന്ദ്രപ്പന്റെ വായനയുടെ പ്രധാന കണ്ണികളായിരുന്നു. ഇതില്‍ ചില ഇംഗ്ലീഷ് വിവര്‍ത്തനങ്ങള്‍ വാങ്ങി നിര്‍ബന്ധപൂര്‍വം എന്നെയും അദ്ദേഹം വായനയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഡല്‍ഹിയിലും കേരളത്തിലും നടന്നിരുന്ന പുസ്തകമേളകള്‍ ഞങ്ങള്‍ സ്ഥിരം സന്ദര്‍ശിക്കുകയും പുസ്തകങ്ങള്‍ ചന്ദ്രപ്പന്‍ ആര്‍ത്തിയോടെ വാങ്ങുന്നതും ഞാന്‍ അതിശയത്തോടെ നോക്കിനിന്നിട്ടുണ്ട്. സിനിമ എന്ന കലാരൂപം എല്ലാപേരേയുംപോലെതന്നെ ചന്ദ്രപ്പനും ഏറെ ഇഷ്ടപ്പെട്ടിരുന്നു. മിക്കവാറും ഞങ്ങള്‍ ഒരുമിച്ചുതന്നെയാണ് ഇന്ത്യന്‍ ക്ലാസിക്കുകള്‍ കാണാന്‍ പോയിരുന്നത്. അവയ്ക്ക് ഭാഷ ഒരു തടസ്സമേ ആയിരുന്നില്ല. മലയാളത്തിലും ബംഗാളിലും ഉറുദുവിലും കന്നടയിലും തമിഴിലും ഹിന്ദിയിലുമുള്ള നിരവധി ചിത്രങ്ങള്‍ ഞങ്ങള്‍ ഒന്നിച്ചാസ്വദിച്ചു.
ഹൃദയത്തില്‍ എപ്പോഴും ലോക സംസ്‌കാരത്തിന്റെ പൈതൃകം സൂക്ഷിച്ചിരുന്ന ചന്ദ്രപ്പന്‍ തന്റെ അറിവിന്റെ ഭണ്ഡാരമായും അറിയുവാനുള്ള ജിജ്ഞാസയുടെ ഭാഗമായുമാണ് അവയെ കണ്ടിരുന്നത്. അതിന്റെയൊക്കെ ഭാഗമാകാനും അതില്‍ നിന്നും ചിലതൊക്കെ ഓര്‍മയില്‍ സൂക്ഷിക്കുവാനും കഴിഞ്ഞു എന്നുള്ളത് എന്റെ മാത്രം സൗഭാഗ്യമായിരുന്നു. ലെനിന്‍ ഗ്രാഡിലെ ലോകപ്രശസ്ത ആര്‍ട്ട് ഗ്യാലറിയായ ഹെര്‍മിറ്റേജ് സന്ദര്‍ശിക്കുവാനും പ്രശസ്ത ചിത്രകാരനായ രാജാ രവിവര്‍മ്മയുടെ യഥാര്‍ഥ പെയിന്റിംഗുകള്‍ കാണാനും സാധിച്ചത് ഇന്നലെകളിലേതുപോലെ ഞാന്‍ ഇന്നുമോര്‍ക്കുന്നു. പാരീസിലെ 'ലൂവ്' എന്ന വിശ്വപ്രസിദ്ധമായ ആര്‍ട്ട് ഗ്യാലറി ചന്ദ്രപ്പനോടൊപ്പം സന്ദര്‍ശിച്ചപ്പോള്‍ ലിയൊണാഡോ ഡാവിഞ്ചിയുടെ മൊണാലിസയും വാന്‍ഗോഗിന്റെയും പിക്കാസോയുടെയും ഓള്‍ഡ് മാസ്റ്റേഴ്‌സിന്റെയും നിരവധി പെയിന്റിംഗുകളും അതിന്റെ യഥാര്‍ഥ ഭാവത്തില്‍ കാണാന്‍ കഴിഞ്ഞത് എനിക്ക് ലഭിച്ച അസുലഭഭാഗ്യം തന്നെയായിരുന്നു.
ഞങ്ങളുടെ 42 വര്‍ഷക്കാലത്തെ ദാമ്പത്യം ദൃഢമായ സൗഹൃദത്തില്‍ ഊന്നിയുള്ളതായിരുന്നു. അതുകൊണ്ടുതന്നെ സൂര്യനു താഴെയുള്ള എല്ലാ വിഷയങ്ങളും ഞങ്ങളുടെ ചര്‍ച്ചകളില്‍ കടന്നുവന്നിരുന്നു. സാഹിത്യവും സംസ്‌കാരവും ശാസ്ത്രവും കലയും എല്ലാം ചന്ദ്രപ്പനെ സ്വാധീനിച്ചിരുന്നെങ്കിലും അദ്ദേഹം ഏറ്റവും മുന്തിയ പരിഗണന കൊടുത്തിരുന്നത് രാഷ്ട്രീയത്തിന് തന്നെയാണ്. അത് അദ്ദേഹത്തെ എല്ലാറ്റില്‍ നിന്നും മാറ്റി നിര്‍ത്തിയിരുന്നു.
ശാസ്ത്രവിഷയങ്ങളില്‍ തീരെ താല്‍പര്യമില്ലായിരുന്ന എന്നെ ആദ്യ ബഹിരാകാശ സഞ്ചാരിയായ യൂറിഗഗാറിന്റെ ബഹിരാകാശ യാത്രയും അതിന്റെ പരിശീലനവും സോവിയറ്റ് എംബസിയില്‍ പ്രദര്‍ശിപ്പിക്കുന്ന അവസരത്തില്‍ ചന്ദ്രപ്പന്‍ കൂട്ടിക്കൊണ്ടുപോകുകയും ബഹിരാകാശയാത്ര എങ്ങനെയാണ് എന്ന് മനസ്സിലാക്കുവാന്‍ അവസരം ഒരുക്കിതരുകയും ചെയ്തു. അന്ന് സോവിയറ്റ് എംബസിയില്‍ ഒരുക്കിയ സ്വീകരണചടങ്ങില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയോടൊപ്പം അമേരിക്കന്‍ അംബാസഡറും പ്രശസ്ത സാമ്പത്തികശാസ്ത്രജ്ഞനുമായ ഗാള്‍ബ്രയ്ത്തും പങ്കെടുക്കുകയുണ്ടായി.
സംഗീതം ഏറെ ഇഷ്ടപ്പെട്ടിരുന്ന ചന്ദ്രപ്പന് എല്ലാ ഭാഷകളിലെയും പാട്ടുകളോട് താല്‍പര്യമായിരുന്നു എങ്കിലും മലയാളവും ബംഗാളിയും ഹിന്ദിയും ഗസലും, ശാസ്ത്രീയ സംഗീതവും ഏറെ പ്രിയപ്പെട്ടതായിരുന്നു. വളരെ രസകരമായ ഒരു സംഭവം പാട്ടിലൂടെ വഴിതെളിച്ചത് പറയാതിരുന്നാല്‍ അത് ഉചിതമാവില്ല. ഡല്‍ഹിയിലെ സി ആര്‍ പാര്‍ക്ക് വസതിയില്‍ താമസിക്കുമ്പോള്‍ ഒരു ദിവസം രാത്രി 10 മണിക്ക് പ്രശസ്ത അമേരിക്കന്‍ ഗായകന്‍ പാടിയ വിയറ്റ്‌നാമിനെക്കുറിച്ചുള്ള ഗാനം ആസ്വദിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞങ്ങള്‍. ചെക്കോസ്‌ലോവാക്യയില്‍ നിന്നും ഇന്ത്യയിലെത്തിയ ചന്ദ്രപ്പന്റെ സുഹൃത്ത് രഞ്ജിത് ഞങ്ങളുടെ വീടുതേടി തെരുവിലൂടെ അന്വേഷിച്ച് നടക്കുമ്പോള്‍ ഈ ഗാനം കേള്‍ക്കുകയും അത് സ്വാഭാവികമായും ചന്ദ്രപ്പന്റെ വീട്ടില്‍ നിന്നാണ് എന്ന് തീര്‍ച്ചപ്പെടുത്തി വീട്ടിലേക്ക് കടന്നുവന്നത് ഞാനിന്നും വൈകാരികമായി ഓര്‍ക്കുന്നു.
ഞങ്ങളുടെ മനസ്സില്‍ നിറഞ്ഞുനിന്ന രണ്ടു ഗാനങ്ങള്‍ വിയറ്റ്‌നാമിനെ കുറിച്ചുതന്നെയായിരുന്നു. ''അമര്‍ നാം തുമര്‍നാം വിയറ്റ്‌നാം .... വിയറ്റ്‌നാം'' (എന്റെ പേരും നിങ്ങളുടെ പേരും വിയറ്റ്‌നാം... വിയറ്റ്‌നാം) ''ഭുല്‍ത്തേതേരി ബാബ നാം ഭുല്‍ബിന വിയറ്റ്‌നാം'' (സ്വന്തം പിതാവിന്റെ പേര് മറന്നാലും വിയറ്റനാം എന്ന പേര് മറക്കില്ല)
ലോക്‌സഭാ സ്പീക്കര്‍ ജി എസ് ധില്ലന്‍ നയിച്ച പാര്‍ലമെന്റ് പ്രതിനിധി സംഘം വിയറ്റ്‌നാമും ബംഗ്ലാദേശും സന്ദര്‍ശിച്ചിരുന്നു. ബംഗ്ലാദേശില്‍വച്ച് പ്രസിഡന്റും രാഷ്ട്രപിതാവുമായ മുജിബുര്‍ റഹ്മാന്‍ സമ്മാനിച്ച സില്‍ക്ക് കാര്‍പ്പറ്റ് ഒരിക്കല്‍പോലും തറയില്‍ വിരിക്കുവാന്‍ ചന്ദ്രപ്പന്‍ അനുവദിച്ചിരുന്നില്ല. എന്തുകൊണ്ടോ അദ്ദേഹം അതിന് ഒരു പ്രത്യേക പാവനത്വം കല്‍പ്പിച്ചിരുന്നു. ഒരു എം പി എന്ന നിലയില്‍ മൂന്നുതവണയും അദ്ദേഹം നല്‍കിയ സംഭാവനകള്‍ വര്‍ണിക്കാന്‍ ഞാന്‍ താല്‍പര്യപ്പെടുന്നില്ല, എങ്കില്‍പ്പോലും ചെറുപ്പക്കാരനായ ഒരു പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ പതിനെട്ട് വയസ്സില്‍ വോട്ടവകാശം എന്ന ബില്‍ കൊണ്ടുവരുന്നതിനും കേരളത്തിലെ അച്യുതമേനോന്‍ സര്‍ക്കാരിന്റെ ഭൂപരിഷ്‌ക്കരണ നിയമങ്ങള്‍ ഭരണഘടനയുടെ ഒന്‍പതാം ഷെഡ്യൂളില്‍പ്പെടുത്തുന്നതിനും ചന്ദ്രപ്പന്‍ വഹിച്ച പങ്ക് പറയാതെപോകുന്നത് ശരിയല്ല. ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ച് നല്ല അറിവ് ചന്ദ്രപ്പനുണ്ടായിരുന്നു എന്നതും എടുത്തുപറയേണ്ടതു തന്നെ.
ചന്ദ്രപ്പന്‍ എന്ന വ്യക്തിയെ മാറ്റിനിര്‍ത്തി നിരീക്ഷിച്ചാല്‍ അദ്ദേഹം നന്മകളാല്‍ സമൃദ്ധമായിരുന്നു. എന്നുകരുതി വീഴ്ചകളോ ബലഹീനതകളോ ഇല്ല എന്നു പറയാനും പാടില്ല. എന്നാല്‍ എന്തിനോടുമുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യപ്പെടേണ്ടതില്ല. ഒരുപക്ഷേ ഞാന്‍ ഒരിക്കലും അദ്ദേഹത്തിന്റെ ദാമ്പത്യത്തിലേക്ക് കടന്നുവരുമായിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം എന്നെ പരാജയപ്പെടുത്തി എന്ന് പറയുന്നതാകും കൂടുതല്‍ ശരി.
============================================
ബുലു റോയ് ചൗധരി (2013-03-22)

2013, മാർച്ച് 17, ഞായറാഴ്‌ച

പി സി ജോര്‍ജിന്റെ എല്ലില്ലാത്ത നാവും അവിഹിതക്കാരന്റെ കപട സദാചാര പ്രകടനവും!

നേരത്തോടുനേരം അന്നം കഴിക്കുവാന്‍ നിര്‍വാഹമില്ലാത്ത മഹാഭൂരിപക്ഷം മനുഷ്യരുടെ നികുതിപ്പണത്തിന്റെ വിഹിതമാണ് ചീഫ് വിപ്പെന്ന നിലയില്‍ കൈപ്പറ്റി പി സി ജോര്‍ജ് അന്നഭോജനം നടത്തുന്നത്. കാബിനറ്റ് പദവിയും സര്‍ക്കാര്‍ വാഹനവും വസതിയും അംഗരക്ഷകരും ജീവനക്കാരുമൊക്കെ സമ്മര്‍ദ്ദരാഷ്ട്രീയത്തിലൂടെ സംഘടിപ്പിച്ച പി സി ജോര്‍ജ് സര്‍ക്കാര്‍ ചെലവില്‍ തെറിയഭിഷേകം നടത്തി വിഹരിക്കുന്നത് ജനാധിപത്യ വ്യവസ്ഥയോടുള്ള വെല്ലുവിളിയും അവഹേളനവും അതിരുകളില്ലാത്ത നിന്ദയുമാണ്. ഞാണിന്‍മേല്‍ കളിപോലെ ഭരണം നടത്തുവാന്‍ പെടാപാട്‌പെടുന്ന ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസ് നേതൃത്വവും ഇത്തരം തെറിയഭിഷേകം നടത്തുന്ന നെറികെട്ട കെട്ടുകാഴ്ചകള്‍ക്കു മുന്നില്‍ സാഷ്ടാംഗം പ്രണമിക്കുന്നതുപോലെ അപമാനകരമായ മറ്റൊന്നില്ല. എല്ലാ പൊതുപ്രവര്‍ത്തകരും വാക്കുകളില്‍ മിതത്വം പാലിക്കണമെന്ന് അങ്ങും ഇങ്ങും എങ്ങും തൊടാത്തമട്ടില്‍ സംസാരിച്ചു തടിതപ്പുകയാണ് ഉമ്മന്‍ചാണ്ടി. ഉമ്മന്‍ചാണ്ടിയുടെ വാക്കുകള്‍ക്ക് പുല്ലുവിലമാത്രം എന്നു പറയാതെ പറഞ്ഞുകൊണ്ട് കൂടുതല്‍ കടുത്ത തെറികളും പുലഭ്യങ്ങളുമായി പി സി ജോര്‍ജ് നിത്യേന പലവട്ടം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്നു. എന്നിട്ടും ഉമ്മന്‍ചാണ്ടി തന്റെ കസേര മറിയരുതെന്ന ഒരേയൊരു അജണ്ടയോടെ പി സി ജോര്‍ജിനെപോലെ ഒരു അവിഹിതക്കാരന്റെ നേരും നെറിയുമില്ലാത്ത രാഷ്ട്രീയ കെട്ടുവേഷത്തിന്റെ മുന്നില്‍ ശിരസ്സുകുനിച്ചു നില്‍ക്കുന്നു. ഹാ! കഷ്ടമേ എന്നു പറഞ്ഞ് തലയില്‍ കൈവയ്ക്കുവാന്‍ കേരളീയര്‍ നിര്‍ബന്ധിതമായിരിക്കുന്നു.
നിയമസഭയ്ക്കുള്ളില്‍ സ്വന്തം മന്ത്രിക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്ന ചീഫ് വിപ്പ്, ചീഫ് വിപ്പ് ഭൂമാഫിയയുടെ അടിമയെന്ന വിശേഷണം നടത്തുന്ന മന്ത്രി, മന്ത്രിയെ കാമുകിയുടെ ഭര്‍ത്താവ് തല്ലിയെന്നു വെളിപ്പെടുത്തുന്ന ചീഫ് വിപ്പ്. ഒരു പരിഹാസ നാടകമായി മാറിയിരിക്കുന്ന യു ഡി എഫ് ഭരണത്തില്‍ ജോക്കര്‍മാരുടെ റോളുകളാണ്് ഉമ്മന്‍ചാണ്ടിയടക്കമുള്ള മുതിര്‍ന്നവര്‍ കൈകാര്യം ചെയ്യുന്നത്. അവിഹിതവേഴ്ച നടത്തിയ മന്ത്രിയെയും ഭൂമാഫിയയ്ക്കുവേണ്ടി നിലകൊള്ളുകയും ആരെക്കുറിച്ചും എന്തും പറയുമെന്ന ധാര്‍ഷ്ട്യം പ്രകടിപ്പിക്കുകയും ചെയ്യുന്ന ചീഫ് വിപ്പിനെയും സര്‍ക്കാരിനെ നിശിതമായി വിമര്‍ശിക്കുന്ന മുന്നണി നേതാക്കളെയും ഹരിത എം എല്‍ എമാരെയും വണങ്ങി നില്‍ക്കുവാന്‍ മാത്രമേ ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും കഴിയുന്നുള്ളൂ. ചിന്തിക്കുവാനാവാത്ത അധഃപതനവും അപചയവുമാണിത്.
1980 ല്‍ ആദ്യമായി എം എല്‍ എയായി പി സി ജോര്‍ജ് നിയമസഭയില്‍ എത്തിയപ്പോള്‍ ഒരു സ്ത്രീ കുഞ്ഞുമായി തിരുവനന്തപുരത്ത് വന്നെന്നും രണ്ടായിരം രൂപ നല്‍കി അവരെ മടക്കി അയച്ചെന്നുംകേരള രാഷ്ട്രീയത്തിലെ ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ പ്രമുഖയായ നേതാവ് കെ ആര്‍ ഗൗരിയമ്മ വെളിപ്പെടുത്തിയതോടെ മദംപൊട്ടിയ പി സി ജോര്‍ജ് പറഞ്ഞ വാക്കുകള്‍ സദാചാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരാളുടേതായി. ഗൗരിയമ്മയ്ക്ക് തലയ്ക്കു സുഖമില്ലെന്ന് പ്രഖ്യാപിക്കുമ്പോള്‍ താന്‍ കൂടി അംഗമായ മുന്നണിയുടെ നേതാവാണ് ഗൗരിയമ്മ എന്ന പരിഗണന പോലും ഗുണ്ടാവേഷമണിഞ്ഞ ജോര്‍ജ് നല്‍കിയില്ല. വാക്കുകളിലൂടെ രാഷ്ട്രീയ ഗുണ്ടായിസം പ്രകടിപ്പിച്ച ജോര്‍ജ് പരേതനായ ടി വി തോമസിനെപോലും അവഹേളിച്ചു. ആത്മാവില്‍ വിശ്വസിക്കുന്നവരാണ് പി സി ജോര്‍ജ് അടക്കമുള്ള യു ഡി എഫ് നേതാക്കള്‍. അത്തരക്കാര്‍ ടി വി തോമസിനെപോലെ അഗ്രഗാമിയായ, കേരളീയ വികസന മുന്നേറ്റചരിത്രത്തില്‍ അതുല്യ സംഭാവനകള്‍ നല്‍കിയ ഒരാളുടെ ആത്മാവിനെ തന്നെ നിന്ദിക്കുകയാണ് ചെയ്തത്.
ടി വി തോമസ് പുന്നപ്ര-വയലാര്‍ സമരനായകനാണ്. ഐക്യ കേരളത്തിനും അഖണ്ഡ ഭാരതത്തിനും വേണ്ടി, സ്വതന്ത്ര തിരുവിതാംകൂര്‍ വാദത്തിനും ജന്മിത്വത്തിനും ചൂഷണത്തിനുമെതിരായി നിര്‍ഭയം പോരാടിയ ഉന്നത ശീര്‍ഷനായ കമ്മ്യൂണിസ്റ്റ് നേതാവാണ്. അത്തരം മഹാന്മാരായ നേതാക്കന്‍മാരുടെ പേര് ഉച്ചരിക്കുവാന്‍ പോലും അവകാശമില്ലാത്ത കാലുമാറ്റത്തിന്റെയും കൂറുമാറ്റത്തിന്റെയും വാക്കുമാറ്റത്തിന്റെയും നാണംകെട്ട ചരിത്രം മാത്രമുള്ള, കക്ഷികള്‍ പലതുമാകുകയും തരാതരംപോലെ വ്യക്തികളെ ഭര്‍ത്സിക്കുകയും പുകഴ്ത്തുകയും ചെയ്യുന്ന പി സി ജോര്‍ജിനെ പോലുള്ളവര്‍ തെറിയഭിഷേകം നടത്തി 'അമ്പടഞാനേ' എന്ന് നടിക്കുകയാണ്. അവിഹിത ബന്ധത്തിന്റെ പേരിലും കുഞ്ഞിന് ചെലവുകൊടുക്കേണ്ടതിന്റെ പേരിലും കോടതികയറിയ ആളാണ് പി സി ജോര്‍ജ്. ടി വി തോമസിന്റെ ജീവിതത്തില്‍ ഒരിക്കലും അങ്ങനെയൊരു ദുരനുഭവമില്ല. ടി വി കേരള രാഷ്ട്രീയ ചരിത്രത്തില്‍ സൂര്യശോഭയോടെ ജ്വലിച്ചുകൊണ്ടിരിക്കുന്നു. ടി വി ആകാശത്തിലെ നക്ഷത്രം, ജോര്‍ജ് വെറും പുല്‍ക്കൊടി.
രാഷ്ട്രീയ ജീവിതത്തില്‍ തെല്ല് ത്യാഗം പോലും സഹിക്കാതെ ജാതിമതശക്തികളുടെ പിന്‍ബലത്തോടെയും സമ്മര്‍ദ്ദതന്ത്രങ്ങളിലൂടെയും അധികാരത്തിന്റെ ഇടനാഴികളിലെത്തിയ പി സി ജോര്‍ജിന് സങ്കല്‍പിക്കുവാനാവാത്ത ഉയരത്തിലാണ് മികച്ച ഭരണാധികാരിയും പാര്‍ലമെന്റേറിയനും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ടി വി തോമസ്. തന്റെ പൊയ്മുഖം അഴിഞ്ഞുവീഴുമ്പോള്‍ മേനി നടിക്കുവാന്‍ അപാരമായ തൊലിക്കട്ടിയോടെ ടി വിക്കെതിരായി ഭര്‍ത്സനം അഴിച്ചുവിട്ട് ജോര്‍ജ് നാടകമാടുമ്പോള്‍ ചരിത്രമറിയുന്ന ജനത പരിഹസിച്ചു ചിരിക്കും.
കെ എം മാണിക്കെതിരായി അഴിമതി ആരോപണങ്ങള്‍ നിരന്തരം ഉന്നയിക്കുകയും പാലാ മെമ്പര്‍ മാണി എന്നു മാത്രം പറയുകയും ചെയ്തിരുന്ന പി സി ജോര്‍ജ് ഇന്ന് മാണിസാര്‍ എന്നു മാത്രം ഉച്ചരിച്ച് മുട്ടിലിഴയുന്ന ദയനീയ കാഴ്ചയും ജനത കാണുന്നുണ്ട്. എല്ലില്ലാത്ത നാവുകൊണ്ട് ആര്‍ക്കെതിരെയും എന്തും പറയാമെന്ന, അവിഹിത കഥകള്‍ മാത്രം സ്വന്തമായുള്ള പി സി ജോര്‍ജിന്റെ ധാര്‍ഷ്ട്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കേരളത്തിലെ പ്രബുദ്ധ ജനതയ്ക്ക് തീര്‍ത്തും നിശ്ചയമുണ്ട്. കവലചട്ടമ്പിയായി അഴിഞ്ഞാടുന്ന ജോര്‍ജ് വൈകിയെങ്കിലും അതു തിരിച്ചറിഞ്ഞാല്‍ നല്ലത്. ജോര്‍ജ് എന്ന ആഭാസ രാഷ്ട്രീയക്കാരന്റെ ജല്‍പനങ്ങള്‍ക്ക് വിവേകമുള്ള ആരാണ് വിലകല്‍പ്പിക്കുക? കപട സദാചാര നാട്യത്തെ അവര്‍ തള്ളിക്കളയുകതന്നെ ചെയ്യും.
===================================
വി പി ഉണ്ണികൃഷ്ണന്‍

2013, മാർച്ച് 11, തിങ്കളാഴ്‌ച

ഇങ്ങനെ ഒരാളുണ്ടായിരുന്നുവെന്നു നമുക്കാശ്വസിക്കാം

1996ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലം.
ചേര്‍ത്തലയില്‍ എ.കെ.ആന്റണിക്കെതിരേ സി.കെ.ചന്ദ്രപ്പന്‍ മത്സരിക്കുന്നു. ശിവഗിരിയിലെ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ശാശ്വതികാനന്ദ സ്വാമിയും അനുചരരും ആന്റണിക്കെത്തിരേ സ്വന്തം നിലയില്‍ പ്രചരണം നടത്തുന്നുണ്ട്. ശാശ്വതികാനന്ദയുടെ പ്രചരണത്തോട് ഒട്ടും യോജിപ്പുണ്ടായിരുന്നില്ല ചന്ദ്രപ്പന്. പ്രചരണത്തിനിടയില്‍ അപകടത്തില്‍പെട്ട് ചന്ദ്രപ്പന്‍ ചേര്‍ത്തലയില്‍ ഒരു ആശുപത്രിയില്‍ പ്രവേശിച്ചതറിഞ്ഞ് സ്വാമി ശാശ്വതികാനന്ദയും അദ്ദേഹത്തിന്‍റെ ഉറ്റ അനുയായി ആയിരുന്ന മുന്‍മന്ത്രി വെല്ലിംഗ്ടണും കാണാനെത്തി. പ്രചരണരംഗത്ത് നിന്ന് പിന്മാറണമെന്ന് ശാശ്വതികാനന്ദയോട് ആവശ്യപ്പെടുകയാണ് ചന്ദ്രപ്പന്‍ ചെയ്തത്. എങ്ങനെ പ്രതികരിക്കണമെന്ന് അറിയാതെ ശാശ്വതികാനന്ദ അമ്പരന്നു നിന്നപ്പോള്‍ വെല്ലിംഗ്ടണ്‍ പറഞ്ഞു, "ഞങ്ങള്‍ താങ്കള്‍ക്കു വേണ്ടിയല്ല പ്രചരണം നടത്തുന്നത്. ആന്റണിക്കെതിരേയാണ്. ഞങ്ങള്‍ക്കതിനുള്ള സ്വാതന്ത്ര്യമുണ്ട്." "രണ്ടും ഫലത്തില്‍ ഒന്ന് തന്നെയാണ്. പ്രചരണം തുടര്‍ന്നാല്‍ നിങ്ങള്‍ക്കെതിരേ എനിക്ക് പരസ്യപ്രസ്താവന നടത്തേണ്ടി വരും'' എന്നാണ് ചന്ദ്രപ്പന്‍ പ്രതികരിച്ചത്.അന്ന് തന്നെ പ്രചരണം അവസാനിപ്പിച്ച് ശാശ്വതികാനന്ദയും കൂട്ടരും പിന്‍വാങ്ങി. ഇത് എന്നോട് പറഞ്ഞ ബി.വെല്ലിംഗ്ടണ്‍ ഉറച്ചു വിശ്വസിച്ചത് ശാശ്വതികാനന്ദയുടെ പ്രചരണം തുടര്‍ന്നിരുന്നെങ്കില്‍ ആന്റണി പരാജയപ്പെടുമായിരുന്നു എന്നാണ്. രാഷ്ട്രീയത്തിലെ പ്രായോഗികത അറിയാത്തതുകൊണ്ടാണ്‌ ചന്ദ്രപ്പന്‍ അങ്ങനെയൊരു നിലപാട് സ്വീകരിച്ചത് എന്നാണ് വെല്ലിംഗ്ടണ്‍ കരുതിയത്‌. ഇടതുപക്ഷ രാഷ്ട്രീയത്തിലുമുണ്ട് വെല്ലിംഗ്ടണെപ്പോലെ ചിന്തിക്കുന്നവര്‍..
പക്ഷേ, അവര്‍ക്കറിയാത്ത ഒന്നുണ്ട്. രാഷ്ട്രീയത്തിലെ ധാര്‍മ്മികത പണയം വെച്ച് വിജയം നേടാന്‍ ഒരിക്കലും ആഗ്രഹിച്ച നേതാവായിരുന്നില്ല സി.കെ.ചന്ദ്രപ്പന്‍. തത്വങ്ങളെയും ആദര്‍ശങ്ങളേയും മുന്‍ നിര്‍ത്തിയുള്ളതായിരുന്നു അദ്ദേഹത്തിന്‍റെ രാഷ്ട്രീയം. നിര്‍ബ്ബന്ധബുദ്ധിയോടെ അടിസ്ഥാന തത്വങ്ങളില്‍ ഉറച്ചുനിന്നതുകൊണ്ടാണ് കേരളത്തിലെ ഇടതുപക്ഷത്തിന്‍റെ ഏറ്റവും സമാദരണീയനായ നേതാവായി ചന്ദ്രപ്പന്‍ മാറിയത്
പുന്നപ്ര-വയലാര്‍ സമര സേനാനികള്‍ക്കും നേതാക്കള്‍ക്കും രഹസ്യക്കത്തുകള്‍ കൈമാറുന്ന സാഹസികമായ ഒളിപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുകൊണ്ട് പത്താമത്തെ വയസ്സില്‍ സജീവ രാഷ്ട്രീയത്തിലെത്തിയ ചന്ദ്രപ്പന്‍, 16 വയസ്സ് തികയുന്നതിനു മുമ്പ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്വം നേടി. 1950കളുടെ മദ്ധ്യമാകുമ്പോഴേക്ക് കേരളത്തിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്‍റെ മുന്‍നിരയിലേക്ക് കൊടുങ്കാറ്റ് പോലെയാണ് ചന്ദ്രപ്പന്‍ കടന്നു വന്നത്. കേരളത്തില്‍ വിദ്യാര്‍ത്ഥി നേതാവായിരിക്കെ ഗോവാ വിമോചനസമരത്തില്‍ പങ്കെടുത്ത ചന്ദ്രപ്പന്‍റെ പിന്നീടുള്ള രാഷ്ട്രീയ ജീവിതം സമരങ്ങളില്‍ നിന്ന് സമരങ്ങളിലേക്കുള്ള നിരന്തര പ്രയാണമായിരുന്നു. ഡല്‍ഹിയിലെ തീഹാര്‍,കല്‍ക്കട്ടയിലെ പ്രസിഡാന്‍സി തുടങ്ങി രാജ്യത്തെ നിരവധി തടവറകളിലെ ജയില്‍വാസത്തിലൂടെയും സമരങ്ങളുടെ മുന്നണിയിലും പിന്നണിയിലും തുടര്‍ച്ചയായി നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെയും നേടിയ വിപുലമായ അനുഭവങ്ങള്‍ ചന്ദ്രപ്പന്‍റെ രാഷ്ട്രീയ വ്യക്തിത്വം പൂര്‍ണ്ണ വളര്‍ച്ചയിലെത്തിച്ചു. വിദ്യാര്‍ത്ഥി -യുവജന-കര്‍ഷക രംഗങ്ങളിലെ മൂന്നു ബഹുജന മുന്നണികളിലും ദേശീയ തലത്തില്‍ ഏറ്റവും ഉയര്‍ന്ന നേതൃ പദവി ഉള്‍പ്പെടെ വിവിധ നിലവാരങ്ങളിലും പാര്‍ട്ടിയില്‍ ഏറ്റവും ഉയര്‍ന്ന നയരൂപീകരണ സമിതി വരെ വിവിധ തലങ്ങളിലും പ്രവര്‍ത്തിച്ചുള്ള സുദീര്‍ഘമായ അനുഭവം ചന്ദ്രപ്പനെ അതിസമര്‍ത്ഥനായ സംഘാടകനും നേതാവുമാക്കിത്തീര്‍ത്തു. പ്രായോഗിക പ്രവര്‍ത്തനങ്ങളോടൊപ്പം ആഴമേറിയ വായനയിലൂടെ ആര്‍ജ്ജിച്ച വിജ്ഞാനവും ആശയദാര്‍ഢ്യവും ഒത്തുചേര്‍ന്നു സൃഷ്ടിച്ച അപൂര്‍വ്വമായ രാഷ്ട്രീയ വ്യക്തിത്വം ചന്ദ്രപ്പനെ കേരളത്തിലെ സമകാലിക ഇടതുപക്ഷ രാഷ്ട്രീയത്തില്‍ ഒറ്റപ്പെട്ട പ്രതിഭാസമാക്കി മാറ്റി. കേരളത്തിലെ മുഖ്യധാരാ ഇടതുപക്ഷ നേതൃത്വം അറിവും ധാര്‍മ്മികതയുമില്ലാത്ത ഉപജാപകസംഘമായി അധ:പതിച്ച നിരാശാജനകമായ സാഹചര്യമാണ് ചന്ദ്രപ്പനെ പ്രതീക്ഷയോടെ ഉറ്റുനോക്കാന്‍ ഇടതുപക്ഷ പ്രവര്‍ത്തകരെയും അനുഭാവികളെയും പ്രേരിപ്പിച്ചത്. ആശയപരമായ അഭിപ്രായ വ്യത്യാസങ്ങളുടെ പെരിലല്ലാത്ത ചേരിപ്പോരുകളും ദൈനംദിന രാഷ്ട്രീയത്തിന്‍റെ സങ്കുചിത താത്പര്യങ്ങല്‍ക്കപ്പുറം പ്രസക്തിയില്ലാത്ത അനുഷ്ഠാനപരമായ പ്രവര്‍ത്തനങ്ങളുമായി തകര്‍ച്ചയിലേക്ക് നീങ്ങുന്ന മുഖ്യധാരാ ഇടതുപക്ഷത്തില്‍ നിന്ന് ഇനി ഒന്നും പ്രതീക്ഷിക്കെണ്ടാതില്ല എന്ന നിഗമനത്തില്‍ ഇടതുപക്ഷത്തിന്‍റെ സാധാരണ പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്ന സന്ദര്‍ഭത്തിലാണ് ചന്ദ്രപ്പന്‍ സി.പി .ഐ യുടെ സംസ്ഥാന സെക്രട്ടറിയായി വരുന്നത്.
തുറന്ന വീണ്ടു വിചാരങ്ങളിലൂടെയും ആശയ സംവാദങ്ങളിലൂടെയും പുതിയ ഒരു രാഷ്ട്രീയ അന്തരീക്ഷം രൂപപ്പെടുന്നതിന്‍റെ സൂചനകള്‍ നല്‍കാന്‍ ചന്ദ്രപ്പന് സാധിച്ചു. ജനാധിപത്യവല്‍ക്കരണത്തെയും രാഷ്ട്രീയത്തിലെ ധാര്‍മ്മികതയേയും സംബന്ധിച്ച അടിസ്ഥാനപരമായ ചില പ്രശ്നങ്ങള്‍ ഉന്നയിക്കാന്‍ ഇതിനകം തന്നെ അദ്ദേഹത്തിനു കഴിഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളില്‍ വലിയ പ്രതീക്ഷകള്‍ ഉയര്‍ത്താന്‍ കഴിഞ്ഞതുകൊണ്ടാണ് ചന്ദ്രപ്പന്‍റെ മരണം ജനങ്ങളില്‍ ഇത്ര കടുത്ത നഷ്ടബോധം സൃഷ്ടിച്ചത്.
തിരുവനതപുരത്ത് നിന്ന് ആലപ്പുഴയിലെ വലിയ ചുടുകാട്ടിലേക്കുള്ള യാത്രയില്‍ ചന്ദ്രപ്പന് ലഭിച്ചത് പോലെ ഒരു അന്ത്യാഭിവാദനം കേരളത്തില്‍ മറ്റൊരു നേതാവിനും മുമ്പ് ലഭിച്ചിട്ടുണ്ടാവില്ല. ജനവികാരത്തിന്‍റെ പുറകെ പോകുകയല്ല, ശരിയായ രാഷ്ട്രീയത്തിലേക്ക് അവരെ നയിക്കുകയാണ് നേത്രുത്വത്തിന്‍റെ കടമ എന്ന് ചന്ദ്രപ്പന്‍ വിശ്വസിച്ചു. പ്രധാനപ്പെട്ട പ്രശ്നങ്ങളില്‍ തീരുമാനമെടുക്കുന്നതിനു മുമ്പ് പാര്‍ട്ടി അംഗങ്ങളുടെയും ഘടകങ്ങളുടെയും അഭിപ്രായം ശരിയായി മനസ്സിലാക്കണമെന്ന കാര്യത്തില്‍ പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ നിര്‍ബ്ബന്ധം പുലര്‍ത്തിയിരുന്നു ചന്ദ്രപ്പന്‍. തീരുമാനം എടുത്തുകഴിഞ്ഞാല്‍ അത് നടപ്പാക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറായിരുന്നില്ല. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടു തവണ മത്സരിച്ചവര്‍ വീണ്ടും മത്സരിക്കണ്ട എന്ന തീരുമാനം നടപ്പാക്കുമ്പോള്‍ ഒരു ഇളവും അനുവദിക്കാന്‍ അദ്ദേഹം തയ്യാറായില്ല. സി പി ഐ സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുമ്പോള്‍ പാര്‍ട്ടി അംഗങ്ങളില്‍ നിന്നും അനുഭാവികളില്‍ നിന്നും മാത്രം പണം പിരിച്ചാല്‍ മതി എന്നത് പാര്‍ട്ടിയുടെ പൊതു തീരുമാനമായിരുന്നു. അങ്ങനെയൊരു തീരുമാനം കൈക്കൊള്ളാനും കര്‍ശനമായി നടപ്പാക്കാനും സി പി ഐക്ക് സാധിച്ചത് പാര്‍ട്ടിക്ക് വ്യക്തമായ ദിശാബോധം നല്‍കാന്‍ ചന്ദ്രപ്പന്റെ നേതൃത്വത്തിന് കഴിഞ്ഞതുകൊണ്ടാണ്. പ്രശ്നങ്ങളുടെ കാതല്‍ കണ്ടെത്താനുള്ള കഴിവായിരുന്നു സി.കെ.ചന്ദ്രപ്പന്‍ എന്ന നേതാവിന്‍റെ മുഖ്യസവിശേഷത.
അത്യസാധാരണമായ വ്യക്തിഗുണങ്ങളുണ്ടായിരുന്ന നേതാവായിരുന്നു അദ്ദേഹം‍. സ്വന്തം സംഭാവനകളെ കുറിച്ചോ നേട്ടങ്ങളെക്കുറിച്ചോ ഒന്നും പറയാന്‍ അദ്ദേഹം കൂട്ടാക്കിയിരുന്നില്ല. മാദ്ധ്യമ പ്രവര്‍ത്തകരായ ചില സുഹൃത്തുക്കള്‍ നിര്ബ്ബന്ധിച്ചതുകൊണ്ട് അദ്ദേഹത്തിന്‍റെ വ്യക്തിപരമായ ചില സംഭാവനകളെ കുറിച്ച് ഒന്ന് രണ്ടു തവണ ചോദിക്കേണ്ടി വന്നു. എത്ര ചുഴിഞ്ഞു ചോദിച്ചിട്ടും ആ ചോദ്യങ്ങള്‍ ഒഴിവാക്കുകയാണ് അദ്ദേഹം ചെയ്തത്. മറ്റുള്ളവരില്‍ നിന്ന് കേട്ടറിഞ്ഞ വിവരങ്ങള്‍ ചോദിക്കുമ്പോള്‍ വസ്തുതാപരമായ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടുകയോ ചെറുചിരി കൊണ്ട് അവഗണിക്കുകയോ ആയിരുന്നു പതിവ്. സ്വന്തം പൊങ്ങച്ചങ്ങള്‍ ഒരു ലജ്ജയുമില്ലാതെ ആയിരം തവണ ആവര്‍ത്തിക്കുനവരെ കണ്ടു ശീലിച്ചവര്‍ക്ക് ചന്ദ്രപ്പനെ മനസ്സിആക്കുക അത്ര എളുപ്പമല്ല.
ആര്‍ഭാടവും ആഡംബരവും സഹിക്കാനാകുമായിരുന്നില്ല അദ്ദേഹത്തിന്. ബംഗ്ലാദേശ് അഭയാര്‍ത്ഥികള്‍ക്ക് ഡല്‍ഹിയില്‍ സര്‍ക്കാര്‍ നല്‍കിയ ഒരു ഫ്ലാറ്റ് ചാന്ദ്രപ്പന്റെ ഭാര്യയുടെ കുടുംബത്തിന് ലഭിച്ചിരുന്നു. അതില്‍ ഒരു മുറി ചന്ദ്രപ്പന്റെ ഭാര്യ ബുലു റോയ് ചൌധരിക്ക് അവകാശപ്പെട്ടതായിരുന്നു. ആ മുറി വിറ്റ് ബുലു തിരുവനതപുരത്ത് കേശവദാസപുരത്തു വാങ്ങിയ ഒന്നര മുറിയുള്ള വളരെ ചെറിയ ഒരു ഫ്ലാറ്റിലായിരുന്നു ചന്ദ്രപ്പനും ബുലുവും ജീവിച്ചത്.എം എല്‍ എ ആയപ്പോള്‍ നിയമപ്രകാരം ലഭിക്കുമായിരുന്ന എം പി പെന്‍ഷന്‍ വാങ്ങാന്‍ കൂട്ടാക്കാതിരുന്ന ചന്ദ്രപ്പന്‍ എം എല്‍ എ മാരുടെ അലവന്‍സും പെന്‍ഷനും വര്‍ദ്ധിപ്പിക്കുന്നതിനെതിരേ നിയമസഭയില്‍ ശക്തമായി പോരാടുകയുണ്ടായി വര്‍ദ്ധിപ്പിച്ച അലവന്‍സ്, സി പി ഐ എംഎല്‍എ മാര്‍ വാങ്ങില്ല എന്ന് തീരുമാനിച്ചതിനു പിന്നിലും ചന്ദ്രപ്പന് പ്രധാന പങ്കുണ്ടായിരുന്നു. എം പി പെന്‍ഷനും എം എല്‍ എ പെന്‍ഷനും ഒന്നിച്ചു വാങ്ങാന്‍ അവകാശമുണ്ടായിരുന്നിട്ടും അതില്‍ ഒരു പെന്‍ഷന്‍ മാത്രം വാങ്ങുകയും അതില്‍ തന്നെ സിംഹഭാഗവും ലെവിയായി പാര്‍ട്ടിക്ക് നല്‍കുകയുമായിരുന്നു അദ്ദേഹം ചെയ്തത്. സ്വന്തമായി ഒരു തുണ്ട് ഭൂമി സമ്പാദിച്ചിട്ടില്ല എന്ന് കേള്‍ക്കുമ്പോള്‍ അദ്ദേഹത്തെ അറിയുന്നവര്‍ക്ക് അതില്‍ അത്ഭുതം തോന്നില്ല. ആദര്‍ശങ്ങള്‍ പറയാന്‍ മാത്രമുള്ളതായിരുന്നില്ല അദ്ദേഹത്തിന്.
ഓര്‍ക്കുമ്പോള്‍ കണ്ണുകള്‍ നിറയുന്നു. ഒരിക്കല്‍ രാവിലേ അദ്ദേഹത്തിന്‍റെ ഫ്ലാറ്റില്‍ ചെന്നപ്പോള്‍ ബ്രേക് ഫാസ്റ്റ് കഴിക്കാന്‍ നിര്‍ബ്ബന്ധിച്ചു. അടുക്കളയില്‍ സഹായിക്കാന്‍ ഒരു ആള് പോലുമില്ല അവിടെ എന്നറിയാവുന്നതുകൊണ്ട് ബ്രേക് ഫാസ്റ്റ് കഴിക്കാന്‍ ഞാന്‍ ആദ്യം കൂട്ടാക്കിയില്ല. ഒടുവില്‍ നിര്‍ബ്ബന്ധത്തിനു വഴങ്ങി. മൂന്നു നാല് കഷ്ണം ബ്രഡും രണ്ടു മൂന്നു പഴങ്ങളുമാണ്‌ ബ്രേക് ഫാസ്റ്റ്. ഒരു ചെറിയ കുപ്പി ജാം അടുക്കളയില്‍ ഇരുന്നത് ചന്ദ്രപ്പന്‍ തന്നെ നോക്കിയെടുത്തു. എന്റെ ബ്രഡില്‍ ജാം തേച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു, ''ഇത് അതിഥികള്‍ വരുമ്പോഴുള്ള സ്പെഷ്യല്‍ ആണ്.''..ഇപ്പോള്‍ ഞാന്‍ അത്ഭുതത്തോടെ ഓര്‍ക്കുകയാണ്. എത്രയോ ദീര്‍ഘകാലത്തെ അടുത്ത കുടുംബ സൌഹൃദമുണ്ടായിരുന്നിട്ടും പ്രായത്തില്‍ മുതിര്‍ന്ന മറ്റു നേതാക്കളെ വിളിക്കുന്നത്‌ പോലെ മാമന്‍ എന്നോ ചേട്ടന്‍ എന്നോ ഒന്നും ഞാന്‍ അദ്ദേഹത്തെ വിളിച്ചിട്ടില്ല. സഖാവ് എന്ന് മാത്രമായിരുന്നു എന്നും സംബോധന ചെയ്തിട്ടുള്ളത്. തിരികെ അദ്ദേഹവും അങ്ങനെയാണ് വിളിച്ചിരുന്നത്‌. പൊതുവേ എല്ലാ കമ്മ്യൂണിസ്റ്റുകാരെയും ചന്ദ്രപ്പന്‍ അങ്ങനെയാണ് വിളിച്ചിരുന്നത്‌. 'സാര്‍' എന്ന് വിളിച്ചു കേള്‍ക്കാനാണത്രേ ഇന്ന് നമ്മുടെ കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ കൂടുതലാളുകള്‍ക്കും ഇഷ്ടം.
അറിവ് പ്രദര്‍ശനത്തിനുള്ളതായിരുന്നില്ല. ചന്ദ്രപ്പന്. അതിന്‍റെ ആഴവും വൈപുല്യവും അടുത്ത്തറിഞ്ഞവര്‍ക്ക് മാത്രമേ മനസ്സിലാകുകയുള്ളൂ. ഒരിക്കല്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ എന്‍റെ സഹപാഠിയായിരുന്ന ഒരു ബംഗാളി സുഹൃത്തുമൊത്ത് ചന്ദ്രപ്പന്റെ വീട്ടില്‍ പോയത് ഓര്‍ക്കുന്നു. ബംഗാളി നവോത്ഥാനത്തെക്കുറിച്ച് തികച്ചും വിമര്‍ശനപരമായ കാഴ്ചപ്പാടായിരുന്നു ചന്ദ്രപ്പന്റെത്. താന്‍ വായിച്ചിട്ടുള്ളതിനേക്കാള്‍ പതിന്മടങ്ങ്‌ പുസ്തകങ്ങള്‍ ബംഗാളി നവോത്ഥാനത്തെക്കുറിച്ച് ചന്ദ്രപ്പന്‍ വായിച്ചിട്ടുണ്ടെന്ന് അത്ഭുതത്തോടെയാണ്‌ എന്‍റെ സുഹൃത്ത് മനസ്സിലാക്കിയത്. സംഭാഷണം ബംഗാളി സിനിമയെക്കുറിച്ചായപ്പോള്‍ സിനിമാ ഭ്രാന്തനായ ആ സുഹൃത്തിന് അത്ഭുതം അടക്കാനായില്ല. അതുവരെയുള്ള എല്ലാ മികച്ച ബംഗാളി സിനിമകളും ചന്ദ്രപ്പന്‍ കണ്ടിട്ടുണ്ട് എന്ന് മാത്രമല്ല,അവയുടെ സൂക്ഷ്മമായ അര്‍ത്ഥതലങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കഴിയുംവിധം വര്‍ഷങ്ങള്‍ക്കു ശേഷവും a ഫ്രെയിമുകള്‍ പോലും അദ്ദേഹത്തിന്‍റെ മനസ്സില്‍ നില്‍ക്കുന്നു എന്നത് ആ സുഹൃത്തിന് വിശ്വസിക്കാനായില്ല. ഇങ്ങനെ ഒരു രാഷ്ട്രീയ നേതാവിനെ കാണാന്‍ കഴിയുമെന്ന് താന്‍ ഒരിക്കലും കരുതിയില്ലെന്ന എന്‍റെ സുഹൃത്തിന്‍റെ വാക്കുകള്‍ ചിരിച്ചു തള്ളുകയാണ് ചന്ദ്രപ്പന്‍ ചെയ്തത്.
വിശ്രുതമായ പല സിനിമകളെക്കുറിച്ചും കുട്ടിക്കാലത്ത് ആദ്യം കേള്‍ക്കുന്നത് ചന്ദ്രപ്പനില്‍ നിന്നാണ്. കുറസോവയുടെ 'റാഷമണ്‍' പല തവണ കണ്ടിട്ടുണ്ടെങ്കിലും ഒരു പ്രസംഗത്തില്‍ ചന്ദ്രപ്പന്‍ ആ സിനിമയെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് ശേഷം അത് വീണ്ടും കാണാനുള്ള ആഗ്രഹം അടക്കാനാകാതെ വന്നത് ഇപ്പോഴും ഓര്‍ക്കുന്നു.
ഗ്ലാസ്നോസ്റ്റിന്‍റെ കാലഘട്ടത്തില്‍ ഇന്ത്യയില്‍ സി പി ഐ തുടങ്ങി വെച്ച തുറന്ന സംവാദം തുടരാതെ പോയത് വലിയ തെറ്റായിരുനുവെന്നും സോവിയറ്റ് യൂണിയന്‍ ഇല്ലാതായതോടെ പൊതുവേയുണ്ടായ ഭയത്തെയും നൈരാശ്യത്തെയും നേരിടെണ്ടിയിരുന്നത് തുറന്ന സംവാദം തുടര്‍ന്ന് കൊണ്ടായിരുന്നുവെന്നും അത് നിറുത്തി വെച്ച് കൊണ്ടായിരുന്നില്ലെന്നും ഒരു ചര്‍ച്ചയില്‍ ചന്ദ്രപ്പന്‍ പറഞ്ഞു. സോഷ്യലിസ്റ്റ് ചേരിയുടെ അപചയം മനസ്സിലാക്കണമെങ്കില്‍ കിഴക്കന്‍ യൂറോപ്യന്‍ സിനിമകള്‍ കണ്ടാല്‍ മതിയെന്ന് പറഞ്ഞ അദ്ദേഹം അടിച്ചമര്‍ത്തല്‍ നേരിടേണ്ടി വരുമ്പോള്‍ കല എങ്ങനെ യാഥാര്‍ത്ഥ്യത്തെ സൂക്ഷ്മതയോടെയും ധ്വനിസാന്ദ്രതയോടെയും ആവിഷ്കരിക്കുന്നു എന്നതിന്റെ ഉദാഹരണങ്ങള്‍ കൂടിയാണ് ആ സിനിമകള്‍ എന്ന് പറഞ്ഞതും മറക്കാനാകുന്നില്ല. 'ഇറാനില്‍ നിന്നുള്ള സിനിമകള്‍ കണ്ടു നോക്കൂ. ഇനി മധ്യേഷ്യന്‍ രാജ്യങ്ങളില്‍ നിന്നാകും അത്തരം സിനിമകള്‍ ഉണ്ടാകുന്നത്' എന്ന് പറഞ്ഞപ്പോള്‍ സത്യത്തില്‍ അന്ന് അതത്ര ഗൌരവത്തോടെ എടുത്തിരുന്നില്ല. നമ്മുടെ കലാ നിരൂപകരെക്കാള്‍ എത്ര മുന്നിലായിരുന്നു അദേഹം എന്ന് മനസ്സിലായത്‌ പിന്നീടാണ്.
സംഗീതത്തെയും ചിത്രകലയെയും ആഴത്തില്‍ മനസ്സിലാക്കാനും അദ്ദേഹം ശ്രമിച്ചിരുന്നു. ബുലുവിന്റെ സഹോദരി പ്രസിദ്ധയായ ഒരു ചിത്രകാരിയാണ്. അവരുമായുള്ള സൌഹൃദവും ചിത്രകലയില്‍ അദ്ദേഹത്തിന് താത്പര്യം ഉണ്ടാകാന്‍ കാരണമായിട്ടുണ്ടാകാം. മൂന്നാം കിട സിനിമകളും സീരിയലുകളും കണ്ടു കയ്യടിക്കുകയും കരയുകയും ചെയ്യുന്ന പുത്തന്‍ ഇടതുപക്ഷ നേതാക്കളുടെ എണ്ണം കൂടി വരു മ്പോള്‍ ഇങ്ങനെ ഒരാളുണ്ടായിരുന്നുവെന്നു നമുക്കാശ്വസിക്കാം.
ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനത്തിനും കേരളത്തിലെ പോതുജീവിതത്തിനും ഉണ്ടായ നഷ്ടം വാക്കുകളില്‍ പകര്‍ത്താന്‍ കഴിയുന്നില്ല.
++++++++++++++++++++++++++++++++++++++++++++++++++ കടപ്പാട് : ടി.കെ.വിനോദന്‍)))))