2013, ഫെബ്രുവരി 14, വ്യാഴാഴ്‌ച

സാമുദായിക അടിമത്വത്തില്‍പ്പെട്ട കോണ്‍ഗ്രസിന്റെ ഗതികേട്!

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ദേശീയ മതേതര പാര്‍ട്ടിയാണെന്നാണ് അതിന്റെ നേതാക്കള്‍ വീമ്പിളക്കാറുള്ളത്. അങ്ങനെയൊന്നും അല്ലെന്ന് കോണ്‍ഗ്രസ് പ്രവൃത്തികളിലൂടെ പലയാവര്‍ത്തി തെളിയിച്ചിട്ടുണ്ട്. എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിയുടെ വെളിപ്പെടുത്തലുകളിലൂടെ, അധികാരം നേടിയെടുക്കുവാന്‍ കോണ്‍ഗ്രസ് എത്രമേല്‍ തരം താഴുമെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുന്നു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയവും മന്ത്രിമാരുടെ നിര്‍ണയവും വകുപ്പ് നിശ്ചയിക്കലുമൊന്നും കെ പി സി സിയോ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്ന ഹൈക്കമാന്‍ഡോ അല്ല എന്ന് പകല്‍വെളിച്ചം പോലെ വ്യക്തമാക്കുന്നതാണ് സുകുമാരന്‍ നായരുടെ വെളിപ്പെടുത്തല്‍. രമേശ് ചെന്നിത്തലയെ സ്ഥാനാര്‍ഥിയാക്കിയത് തങ്ങളാണെന്നും അന്ന് കോണ്‍ഗ്രസ് തങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് ഉമ്മന്‍ചാണ്ടി പാലിക്കുന്നില്ലെന്നുമാണ് എന്‍ എസ് എസ് നേതൃത്വത്തിന്റെ ക്രോധത്തിന് കാരണമെന്ന് സുകുമാരന്‍ നായര്‍ പറയുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്‍ എസ് എസിന്റെ പിന്തുണ ഉറപ്പാക്കാന്‍ സോണിയാഗാന്ധി ചുമതലപ്പെടുത്തിയ പ്രകാരം വിലാസ് റാവു ദേശ്മുഖ് പെരുന്നയില്‍ വന്നുവെന്നും ആറു പേജുള്ള ഉടമ്പടി തയ്യാറാക്കിയെന്നും അധികാരത്തിലെത്തുമ്പോള്‍ ന്യൂനപക്ഷ പ്രതിനിധി മുഖ്യമന്ത്രിയായാല്‍ ഭൂരിപക്ഷ പ്രതിനിധിയായി രമേശ് ചെന്നിത്തലയെ മന്ത്രിസഭയില്‍ താക്കോല്‍ സ്ഥാനത്ത് പ്രതിഷ്ഠിക്കുമെന്ന് ഉടമ്പടിയിലുണ്ടായിരുന്നുവെന്നും സുകുമാരന്‍ നായര്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു. രമേശ് ചെന്നിത്തല അര്‍ഥഗര്‍ഭമായ മൗനം പാലിക്കുന്നതിലൂടെ സുകുമാരന്‍ നായരുടെ വാദങ്ങളെ പിന്തുണയ്ക്കുന്നു. ഉമ്മന്‍ചാണ്ടി ഉത്തരമില്ലാതെ വലയുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ - പ്രത്യേകിച്ചും അതിന്റെ സംസ്ഥാന അധ്യക്ഷനു തന്നെ സ്ഥാനാര്‍ഥിത്വം ലഭിക്കുവാനും സുപ്രധാന വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാവാനും ഒരു സാമുദായിക സംഘടനയുടെ ഉപദേശവും സമ്മര്‍ദ്ദവും വേണമെന്നതുപോലെ പരിഹാസ്യമായ മറ്റൊന്നില്ല. എന്‍ എസ് എസ് നിശ്ചയിച്ചത് രമേശ് ചെന്നിത്തലയുടെ മാത്രം സ്ഥാനാര്‍ഥിത്വമായിരിക്കുകയില്ല. അവര്‍ നല്‍കിയ പട്ടികയുമായിട്ടായിരിക്കും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഡല്‍ഹിക്ക് പറന്നിരിക്കുക. എന്‍ എസ് എസ് മാത്രമല്ല, മറ്റ് സാമുദായിക സംഘടനകളും മതനേതൃത്വങ്ങളും കോണ്‍ഗ്രസിന്റെയും ഘടകകക്ഷികളുടെയും സ്ഥാനാര്‍ഥി നിര്‍ണയത്തിലും മന്ത്രിമാരെ നിശ്ചയിക്കുന്നതിലും സുപ്രധാന പങ്കുവഹിച്ചിരിക്കും. പ്രകോപനാന്തരീക്ഷമുണ്ടായതുകൊണ്ട് എന്‍ എസ് എസ് വെളിപ്പെടുത്തിയെന്നുമാത്രം. മറ്റുള്ളവര്‍ മൗനത്തില്‍ മറച്ചുവെച്ച സത്യം ഓര്‍ത്ത് ചിരിക്കുന്നുണ്ടാവും. മുന്‍ കെ പി സി സി അധ്യക്ഷന്‍ കെ മുരളീധരനും സീനിയര്‍ എം എല്‍ എ ആയ വി ഡി സതീശനുമൊക്കെയുണ്ടായിട്ടും വി എസ് ശിവകുമാര്‍ പലരെയും ആശ്ചര്യപ്പെടുത്തി മന്ത്രി പദവിയില്‍ എത്തിച്ചേര്‍ന്നതും സുകുമാരന്‍ നായരുടെ കല്‍പ്പനയുടെ ഫലമായാണെന്ന് ആര്‍ക്കാണറിയാത്തത്? വി ഡി സതീശന്റെ ഹരിത എം എല്‍ എ കൂട്ടം പിറവിയെടുത്തതു തന്നെ ഈ പശ്ചാത്തലത്തിലാണ്.മുസ്‌ലിം ലീഗിന് അഞ്ചാം മന്ത്രി പദവി നല്‍കിയാല്‍ സാമുദായിക സന്തുലിതാവസ്ഥ തകരുമെന്ന് പ്രചരിപ്പിച്ച ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ലീഗിന്റെ മുന്നില്‍ കീഴടങ്ങിയതും മതശക്തികളുടെ സമ്മര്‍ദ്ദത്തിന്റെ ഫലം തന്നെ. ആ സന്ദര്‍ഭത്തില്‍ എന്‍ എസ് എസിനെ പ്രീതിപ്പെടുത്താന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആഭ്യന്തര വകുപ്പും എസ് എന്‍ ഡി പി യെ പ്രീണിപ്പിക്കുവാന്‍ അടൂര്‍ പ്രകാശിന് റവന്യൂ വകുപ്പും കൈമാറി. അടിമ മനോഭാവം വ്യക്തമാക്കിയവരെ കൂടുതല്‍ അടിമകളായി പ്രവര്‍ത്തിക്കുവാന്‍ സാമുദായിക-സഭാ-മത നേതൃത്വങ്ങള്‍ നിര്‍ബന്ധിതമാക്കുകയാണ്. വഴങ്ങാന്‍ സന്നദ്ധമായി കോണ്‍ഗ്രസും. ഉടന്‍ മന്ത്രിയാകാനില്ലെന്ന് പറയുന്ന രമേശ് ചെന്നിത്തലയുടേത് വെറും അടവു മാത്രമെന്ന് സുകുമാരന്‍ നായര്‍ പറയുന്നു. മന്ത്രിയാവാനില്ലെങ്കില്‍ കെ പി സി സി പ്രസിഡന്റ് മത്സരിച്ചതെന്തിനെന്ന് വെള്ളാപ്പള്ളി നടേശന്‍ ചോദിക്കുന്നു. സുകുമാരന്‍ നായരുമായി കരാറുണ്ടാക്കിയിട്ടില്ലെന്ന് ഒരു കോണ്‍ഗ്രസ് നേതാവും പറയുന്നില്ല. ഉമ്മന്‍ചാണ്ടിയെ പ്രതിരോധിക്കുവാനോ, സുകുമാരന്‍ നായരുടെ പ്രസ്താവനയെ വിമര്‍ശിക്കുവാനോ കോണ്‍ഗ്രസുകാരെ കാണാനുമില്ല. അഭിപ്രായ പ്രകടനം നടത്തിയ വി എം സുധീരനെയും മുല്ലപ്പള്ളി രാമചന്ദ്രനെയും വിഷ്ണുനാഥിനെയും വി ടി ബല്‍റാമിനെയും പോലുള്ള ചുരുക്കംപേര്‍ പോലും കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ സമുദായ സംഘടനകള്‍ ഇടപെടരുതെന്നു മാത്രമാണ് പറയുന്നത്. ഇത് പറയേണ്ടിയിരുന്നത് വിലാസ് റാവ് ദേശ്മുഖും എന്‍ എസ് എസും കരാര്‍ ഉണ്ടാക്കുമ്പോഴാണ്. സ്ഥാനാര്‍ഥികളെയും മന്ത്രിമാരെയും വകുപ്പുകളെയും നിശ്ചയിക്കുവാനുള്ള ചുമതല സ്വന്തം പാര്‍ട്ടിയില്‍ നിന്ന് മതസംഘടനകള്‍ക്കും ജാതി സംഘടനകള്‍ക്കും കൈമാറിയപ്പോള്‍ പറയേണ്ടിയിരുന്നത് ഇപ്പോള്‍ പറയുന്നത് അധരവ്യായാമത്തിന്റെ ഭാഗമാണ്. രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വിലാപവും ശ്രദ്ധേയമാണ്. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ പോരാട്ടം കോണ്‍ഗ്രസിലെ ഒരു നായര്‍ക്കുവേണ്ടി മാത്രമാണോയെന്നും തെന്നല ബാലകൃഷ്ണപിള്ളയെ കെ പി സി സി പ്രസിഡന്റ് പദവിയില്‍ നിന്ന് ഇറക്കിവിട്ടപ്പോഴും കാര്‍ത്തികേയനെ ഒതുക്കിയപ്പോഴും എന്‍ എസ് എസിന്റെ പോരാട്ടവീര്യം എവിടെയായിരുന്നുവെന്നും ഒമ്പതുകൊല്ലം തന്നെ ചവിട്ടിമെതിച്ചപ്പോള്‍ എന്‍ എസ് എസിനെ കണ്ടില്ലെന്നും പരിതപിക്കുന്ന ഉണ്ണിത്താന്‍ പി ജെ കുര്യന് രാജ്യസഭാ സീറ്റ് വാങ്ങി നല്‍കിയ എന്‍ എസ് എസ്, കുര്യന്‍ ഏത് കരയോഗത്തിലെ അംഗമാണെന്നും ആരായുന്നു. അപ്പോള്‍ രമേശ് ചെന്നിത്തലയ്ക്കു മാത്രമല്ല, പി ജെ കുര്യനും സീറ്റ് നല്‍കിയത് കോണ്‍ഗ്രസ് അല്ല. എന്‍ എസ് എസ് ആണെന്ന് വ്യക്തമാകുന്നു. ഹോ! എന്തൊരു പതനം! ജനദ്രോഹ നയങ്ങളില്‍ അഭിരമിക്കുകയും കേരളം പിഴുതെറിഞ്ഞ ദുരിതങ്ങളെ മടക്കിക്കൊണ്ടു വരുകയും അഴിമതിയില്‍ നീരാടുകയും ചെയ്യുന്ന യു ഡി എഫ് സര്‍ക്കാര്‍ മത സാമുദായിക ശക്തികള്‍ക്ക് കീഴടങ്ങി ഭരണ നടപടികളും നയങ്ങളും നിശ്ചയിക്കുകയും ചെയ്യുന്നതിലൂടെ കേരളത്തിന്റെ മതസൗഹാര്‍ദ്ദവും സാമുദായിക മൈത്രിയും ഹനിക്കുകയാണ്. ജനാധിപത്യത്തെ, സാമുദായിക-മതശക്തികളുടെ ആധിപത്യ പ്രവണത ദുര്‍ബലപ്പെടുത്തുമെന്ന യാഥാര്‍ഥ്യവും തിരിച്ചറിയപ്പെടാന്‍ വൈകിക്കൂട.
========================
വി പി ഉണ്ണികൃഷ്ണന്‍ (2013-02-01)