2013, ജനുവരി 30, ബുധനാഴ്‌ച

മനസ്സുകളുടെ മുന്നണിയില്‍!

"ആണത്തമുണ്ടെങ്കില്‍ അച്യുതമേനവന്‍ ആലപ്പുഴയ്‌ക്കൊന്നു വന്നു പോട്ടേ"
... മുദ്രാവാക്യങ്ങളുടെ കാലമായിരുന്നു അത്. അന്തംവിട്ട രാഷ്ട്രീയ പരീക്ഷണങ്ങളുടെയും. എന്നാല്‍, സൗമ്യമായി ആ രാഷ്ട്രീയ പരീക്ഷണശാലയിലേക്ക് ആണത്തത്തോടെ വന്നിറങ്ങിയ സി. അച്യുതമേനോന്‍ തിരുത്തിയെഴുതിയത് പ്രയോഗ രാഷ്ട്രീയത്തിന്‍റെ എഞ്ചുവടികളായിരുന്നു. അതില്‍ രക്തസാക്ഷികളായതു പല രാഷ്ട്രീയ ഭീഷ്മാചാര്യന്‍മാരുടെയും അതിരുവിട്ട സ്വപ്നങ്ങളും.
കമ്യൂണിസ്റ്റ് സഖാക്കള്‍ രണ്ടു ചേരിയിലായശേഷം രണ്ടു കക്ഷികളും ചേര്‍ന്നുള്ള രാഷ്്ട്രീയ പരീക്ഷണമായിരുന്നു ഇഎംഎസ് നായകനായിട്ടുള്ള 1967ലെ രണ്ടാം കമ്യൂണിസ്റ്റ് മന്ത്രിസഭ. മൊത്തം ഏഴു പാര്‍ട്ടികളുടെ കുതിരവണ്ടി. അതില്‍ സിപിഐയുടെ വന്പന്‍ കുതിരകളായ എം.എന്‍. ഗോവിന്ദന്‍നായര്‍ക്കും ടി.വി. തോമസിനും എതിരെ അഴിമതി ഉന്നയിച്ച് രണ്ടു കൊല്ലത്തിനുശേഷം വണ്ടിയിലിരുന്നുകൊണ്ടുതന്നെ വണ്ടി മറിച്ചിട്ടതു ബുദ്ധിരാക്ഷസനായ ഇഎംഎസ് തന്നെയായിരുന്നു. അടുത്ത തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ഒറ്റയ്ക്ക് അധികാരത്തില്‍ വരാം എന്ന സിദ്ധാന്തമായിരുന്നു ആ ആത്മഹത്യയ്ക്കു പിന്നില്‍ എന്നാണ് അന്നത്തെ രാഷ്ട്രീയ വിശകലനങ്ങള്‍ പറയുന്നത്. എന്നാല്‍ നന്പൂതിരിപ്പാടിന്‍റെ സ്വപ്നങ്ങളെ സൗമ്യതയോടെ തകര്‍ത്തുകൊടുത്തത് അദ്ദേഹത്തിന്‍റെ പഴയ സഖാവാണ് - അച്യുതമേനോന്‍. പിന്നെ ഏഴുകൊല്ലം അദ്ദേഹം മുഖ്യമന്ത്രിയായി. മൊത്തം പതിനൊന്നു വര്‍ഷം വേണ്ടിവന്നു, പിന്നീട് ഇഎംഎസിന്‍റെ പാര്‍ട്ടിക്ക് അധികാരത്തില്‍ വരാന്‍.
അച്യുതമേനോന്‍റെ ഏഴു വര്‍ഷങ്ങള്‍ രാഷ്ട്രീയ അനിശ്ചിതത്വങ്ങളുടെ തിരകളിലായിരുന്നു. എന്നാല്‍ വരട്ടുവാദങ്ങളെ വഴിയരികിലേക്കു മാറ്റിനിര്‍ത്തി അദ്ദേഹം കേരളത്തിനു നല്‍കിയത് സ്ഥിരഭരണത്തിന്‍റെ അവിശ്വസനീയ മാതൃകയാണ്. ദീര്‍ഘവീക്ഷണത്തിന്‍റെ ഭരണമാതൃകയും. 1974 നവംബര്‍ ഒന്നിന് അച്യുതമേനോന്‍ മന്ത്രിസഭ അഞ്ചാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍ ഒരിക്കലും നടപ്പില്ല എന്ന് കേരള ജനാധിപത്യസംവിധാനം കരുതിപ്പോന്ന ഒരു സങ്കല്‍പ്പത്തിന് വിരാമമാകുകയായിരുന്നു.
അക്കാലം അച്യുതമേനോന്‍റെ കമ്യൂണിസ്റ്റ് രക്തശുദ്ധി ചോദ്യംചെയ്ത് സിപിഎമ്മുകാര്‍ വിളിച്ച മുദ്രാവാക്യമായിരുന്നു, നേരത്തേ പറഞ്ഞത് - ‘ആണത്തമുണ്ടെങ്കില്‍ അച്യുതമേനവന്‍... (പുന്നപ്ര-വയലാറില്‍ ഒന്നു വന്നുനോക്കട്ടെ എന്നു ധ്വനി)
ഇഎംഎസ് രാജിവച്ചശേഷം സിപിഎം ഒഴികെയുള്ള കക്ഷികള്‍ കോണ്‍ഗ്രസിന്‍റെ തുണയോടെ പുതിയ മന്ത്രിസഭ ഉണ്ടാക്കാന്‍ ഒരു നേതാവിനെ ആലോചിച്ചു. അന്ന് രാജ്യസഭാംഗമായിരുന്ന അച്യുതമേനോനെ വിമാനത്തില്‍ കൊണ്ടുവന്നിറക്കി എന്നാണ് പ്രചരിക്കുന്ന രാഷ്ട്രീയ ചരിത്രം. എന്നാല്‍ ഇഎംഎസ് മന്ത്രിസഭയുടെ അവസാന ദിവസം നിയമസഭയില്‍ കാഴ്ചക്കാരനായി ഒരാള്‍ ഇരിക്കുന്നുണ്ടായിരുന്നു. നിയമസഭാ സെക്രട്ടറിയുടെ മുറിയില്‍ കസേരക്കൈയില്‍ വലംകൈയൂന്നി ഗാഢമായി അദ്ദേഹം ഒരു മന്ത്രിസഭയുടെ മരണമുഹൂര്‍ത്തം ശ്രദ്ധിച്ചുകൊണ്ടിരുന്നു. സഭയ്ക്കുള്ളില്‍ അക്രമമുണ്ടാകുമെന്നു ഭയന്ന അധികൃതര്‍ സന്ദര്‍ശക ഗ്യാലറി അടച്ചുകളഞ്ഞിരുന്നു. അതിനാലാണ് പഴയ ആഭ്യന്തരമന്ത്രിയായ അച്യുതമേനോന് സഭാസെക്രട്ടറിയുടെ മുറിയിലിരുന്നു പ്രസംഗം കേള്‍ക്കേണ്ടി വന്നത്. ഭരണ - പ്രതിപക്ഷ കക്ഷികളുടെ വാഗ്‌ധാേരണികളാല്‍ സഭ മുഴങ്ങുന്പോഴും അച്യുതമേനോന്‍ വിചാരിച്ചിരുന്നില്ല, കുറച്ചു ദിവസങ്ങള്‍ക്കുശേഷം ഭരണസാരഥ്യം താന്‍ ഏറ്റെടുക്കേണ്ടി വരുമെന്ന്. ആസന്നമായ കുരുക്ഷേത്രയുദ്ധം മനസ്സില്‍കണ്ട് കരുക്കള്‍ നീക്കിയ ഇരുപക്ഷക്കാരും അപ്പോള്‍ അച്യുതമേനോന്‍ എന്ന ഫാക്ടര്‍ മനസ്സില്‍ കണ്ടിരുന്നില്ല. അങ്ങനെയൊരു വിദൂരമായ അപകടത്തെപ്പറ്റി സിപിഎം തന്ത്രജ്ഞര്‍ ആലോചിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ, കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രഗതി മറ്റൊന്നാകുമായിരുന്നു!
അങ്ങനെ പിന്നീടു ദിവസങ്ങള്‍ക്കുശേഷം അച്യുതമേനോന്‍ ഡല്‍ഹിയില്‍നിന്ന് മദ്രാസ് വഴി വിമാനത്തില്‍ വന്നു. ഉരുത്തിരിഞ്ഞു വന്ന മുന്നണിയുടെ പരീക്ഷണ വസ്തുവായിരുന്നു അച്യുതമേനോന്‍. അപ്പോഴും മന്ത്രിസഭ ഉണ്ടാക്കാന്‍ കഴിയുമോ എന്ന് ഉറപ്പായിരുന്നില്ല. നോക്കട്ടെ എന്നു മാത്രമാണ് പത്രക്കാരോട് അദ്ദേഹം പറഞ്ഞത്. ‘‘ഇതാ നമുക്ക് ഒരു സുന്ദരന്‍ മുഖ്യമന്ത്രിയെ കിട്ടിയിരിക്കുന്നു എന്നു കെ. ബാലകൃഷ്ണന്‍ (കൗമുദി) വിളിച്ചു പറഞ്ഞപ്പോഴാണത്രെ അധാേമുഖനായ അച്യുതമേനോന്‍ ആദ്യമായി ഹൃദ്യമായൊന്നു ചിരിച്ചത്. വിമോചന സമരകാലത്തെ ആഭ്യന്തരമന്ത്രിയെ ‘ചോരക്കൊതിയാ ചേലാടാ എന്നു വിളിച്ചകാലം അദ്ദേഹത്തിന്‍റെ ഘടകകക്ഷികള്‍ ഹൃദ്യമായി വിസ്മരിക്കുകയും ചെയ്തു!
ആ രാഷ്ടീയ പരീക്ഷണത്തിന്‍റെ അമരത്തിരുന്ന് ഏഴുവര്‍ഷം പൂര്‍ത്തിയാക്കിയശേഷം സ്വയം വിടവാങ്ങിയ അദ്ദേഹത്തിനു തലസ്ഥാനത്തെ പത്രപ്രവര്‍ത്തകര്‍ നല്‍കിയ യാത്രയയപ്പില്‍ അദ്ദേഹം തന്‍റെ നയചാതുരിയുടെ വഴികളെ ഇങ്ങനെയാണ് വിശദീകരിച്ചത്: ‘‘ഗവണ്‍മെന്‍റിന്‍റെ വിജയരഹസ്യം ഭൂരിപക്ഷത്തിന്‍റെ ലോലതയായിരുന്നു. വളരെക്കാലം രണ്ടേ രണ്ടു വോട്ടായിരുന്നു ഭൂരിപക്ഷം. അതുകൊണ്ടുതന്നെ ഞങ്ങള്‍ വളരെ കരുതലോടെ നീങ്ങി. അപകടത്തില്‍ചെന്നു ചാടിയാല്‍ അപ്പുറത്തെ ശക്തന്‍മാര്‍ക്ക് നിഷ്പ്രയാസം ഞങ്ങളെ വീഴ്ത്താമായിരുന്നു. നനവില്ലാത്ത സിദ്ധാന്ത പ്രയോഗങ്ങള്‍ക്കപ്പുറം പ്രയോഗ രാഷ്ട്രീയത്തിന്‍റെ നടത്തിപ്പ് കാണിച്ചു തരികയായിരുന്നു കേരളത്തിന് അദ്ദേഹം. ആ പാഠപുസ്തകം പുത്തന്‍കൂറ്റുകാര്‍ക്കും വായിച്ചു പഠിക്കാവുന്നതാണ്!
കേരളത്തില്‍ ജന്മിത്തം അവസാനിപ്പിച്ച ഭൂപരിഷ്കരണം കെ.ആര്‍. ഗൗരിയമ്മയുടെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ സ്ഥിരമായി രേഖപ്പെടുത്തുന്നുണ്ടെങ്കിലും അതിനു ചുക്കാന്‍ പിടിച്ച അച്യുതമേനോന്‍ നമ്മുടെ നിശബ്ദനായ വിപ്ളവശില്‍പ്പിയാകുന്നു. കേരളത്തിലെ ആദ്യ മന്ത്രിസഭയുടെ കൊടിയേറ്റ ദിവസം അന്നത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി എം.എന്‍. ഗോവിന്ദന്‍നായര്‍ തിരുവനന്തപുരത്ത് പഴവങ്ങാടി മൈതാനത്തു പ്രസംഗിച്ചത് ഇങ്ങനെ: ‘‘ബാലറ്റ് പേപ്പറിലൂടെ ചരിത്രം സൃഷ്ടിച്ച് അധികാരത്തില്‍ വന്ന ഈ മന്ത്രിസഭയെ സൃഷ്ടിച്ചത് നൂറുകണക്കിനു രക്തസാക്ഷികളാണ്. അവര്‍ എന്തിനുവേണ്ടി പൊരുതിമരിച്ചുവോ ആ ലക്ഷ്യം ഈ മണ്ണില്‍ സാക്ഷാത്കരിക്കും. ജന്‍മിത്തത്തിനു വിലങ്ങു വയ്ക്കും.
അന്നു സര്‍ക്കാര്‍ ഉണ്ടാക്കിയ കാര്‍ഷിക പരിഷ്കരണ സമിതിയുടെ നായകന്‍ അച്യുതമേനോന്‍ ആയിരുന്നു. സമിതി നിര്‍മിച്ച ബില്‍ വിമോചന സമരത്തില്‍ മന്ത്രിസഭ വീണതിനാല്‍ പാസായില്ല. രണ്ടാം ഇഎംഎസ് മന്ത്രിസഭയില്‍ ഗൗരിയമ്മ അതു പാസാക്കി. പിന്നീട് അതിനു രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു നിയമമായപ്പോള്‍ ബില്ലിലെ വ്യവസ്ഥകള്‍ ഒറ്റയടിക്കു പ്രാബല്യത്തില്‍ വരുത്തിയത് അച്യുതമേനോന്‍ എന്ന മുഖ്യമന്ത്രിയായിരുന്നു- 1970ലെ പുതുവര്‍ഷപ്പുലരിയില്‍. അങ്ങനെ അന്നുരാവിലെ ജന്‍മിത്തത്തിനു വിലങ്ങു വയ്ക്കപ്പെട്ടു, അച്യുതമേനോന്‍റെ കാര്‍മികത്വത്തില്‍.
ചിരിക്കാത്ത അച്യുതമേനോന്‍ കേരളത്തിന്‍റെ മനസ്സിലെ മായാത്ത കാരിക്കേച്ചറാണ്. ചുരുട്ട് ചുണ്ടില്‍നിന്നു മാറ്റാത്ത വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെപ്പോലെ. കാറ്റിലും കോളിലും ഭരണവണ്ടി ഓടിക്കുന്നതിനിടയ്ക്ക് ബലം പിടിച്ചതുമാകാം. എന്നാല്‍ അടിമുടി രാഷ്ട്രീയത്തില്‍ കുളിച്ചിരുന്നതിനാല്‍ കുടുംബത്തിലും ഈ ചിരിരാഹിത്യം അദ്ദേഹത്തിന്‍റെ മാര്‍ക്ക് ആയിരുന്നു എന്നാണ് മകന്‍ ഡോ. വി. രാമന്‍കുട്ടിയുടെ (ശ്രീചിത്രയിലെ ഡോക്ടര്‍, ചിത്രകാരന്‍) സാക്ഷ്യപ്പെടുത്തല്‍. കുട്ടിക്കാലത്ത് രാമന്‍കുട്ടിക്ക് കണ്ണിനു ഹ്രസ്വദൃഷ്ടി കലശലായിരുന്നു. റഷ്യയില്‍ കൊണ്ടുപോയി ചികില്‍സിക്കാമെന്ന് പാര്‍ട്ടി പറഞ്ഞു. ട്രെയിനില്‍ ഡല്‍ഹിക്കു പോകുകയായിരുന്നു. കുറേ ചെറുപ്പക്കാര്‍ അദ്ദേഹത്തെ കണ്ട് തൊഴുത് അഭിവാദ്യം ചെയ്തു. അദ്ദേഹം അവരെ മൈന്‍ഡ് ചെയ്തില്ല. കുട്ടിയായ രാമന്‍കുട്ടിയെയുംകൂട്ടി ചെറുപ്പക്കാര്‍ അപ്പുറത്തു മാറിയിരുന്നു പാട്ടുപാടലും മറ്റുമായി. അവര്‍ ആര്‍എസ്എസ് സമ്മേളനത്തിനു പോകുന്നവരായിരുന്നു എന്നു പിന്നീടാണ് രാമന്‍കുട്ടിക്കു മനസ്സിലായത്. പ്രായോഗികവാദിയാണെങ്കിലും ഈ അവസരത്തില്‍ ഒരു കമ്യൂണിസ്റ്റ് ചിരിക്കുന്നതെങ്ങനെ?
പ്രകൃതിസ്‌നേഹിയായ അച്യുതമേനോനെയും കേരളം നമസ്കരിക്കണം. സ്വന്തം സഖാവ് എം.എന്‍. ഗോവിന്ദന്‍നായര്‍ ഗതാഗത മന്ത്രിയായിരിക്കെ തിരുവനന്തപുരം പുത്തരിക്കണ്ടം തുറപ്പില്‍ ട്രാന്‍സ്‌പോര്‍ട്ട് ഭവന്‍ ഉണ്ടാക്കാമെന്ന് വകുപ്പ് പദ്ധതിയുണ്ടാക്കി. മുഖ്യമന്ത്രി ഫയലില്‍ ഒരു ചോദ്യം ചോദിച്ചു- ‘തുറസ്സായ സ്ഥലത്ത് മന്ദിരം വേണോ? അത്രയും മതിയായിരുന്നു. അതുകൊണ്ട് പുത്തരിക്കണ്ടം ഇപ്പോഴും അതേ രൂപത്തില്‍ വിശാലമായി കിടക്കുന്നു. ഒറ്റയടിക്കു സംസ്ഥാനത്തെ സ്വകാര്യ വനങ്ങള്‍ മുഴുവന്‍ പ്രതിഫലം കൊടുക്കാതെ ദേശസാല്‍ക്കരിച്ചതും അദ്ദേഹം. എംഎന്നിന്‍റെ ലക്ഷം വീടുകള്‍ക്കു മുതല്‍ കൂറ്റന്‍ ഇടുക്കി വൈദ്യുതി പദ്ധതിക്കുവരെ പിന്തുണകൊണ്ട് ഇഷ്ടിക പാകിയത് അച്യുതമേനോന്‍. പ്രഗല്‍ഭരായ മലയാളികളെ ഇങ്ങോട്ടേക്കു തിരിച്ചുവിളിച്ച് കേരളത്തിന്‍റെ സ്വപ്നങ്ങള്‍ ഏല്‍പ്പിച്ചു കൊടുത്തു. ഡോ. എം.എസ്. വല്യത്താനെ ക്ഷണിച്ച്, ശ്രീചിത്ര മെഡിക്കല്‍ സെന്‍റര്‍ സ്ഥാപിച്ച് ഏല്‍പ്പിച്ചുകൊടുത്തു അദ്ദേഹം. ഡോ. കെ.എന്‍. രാജ് വന്നു, സെന്‍റര്‍ ഫോര്‍ ഡവലപ്‌മെന്‍റ് സ്റ്റഡീസ് തുടങ്ങി. കെ.പി.പി. നന്പ്യാര്‍ വന്നു, കെല്‍ട്രോണ്‍ ഉണ്ടായി. ഫാക്ടിലേക്ക് എം.കെ.കെ. നായര്‍ക്ക് വാതില്‍ തുറന്നുകൊടുത്തു. ചരിത്രരേഖകളാണ് അച്യുതമേനോന്‍റെ നേട്ടങ്ങള്‍, കേരളത്തിന്‍റെയും.
മദ്രാസ് മെയില്‍ 12 മണിക്കാണ്, പറഞ്ഞാല്‍ മതി, ഞാനങ്ങ് പോയേക്കാം - ഈ വാചകമായിരുന്നു മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അച്യുതമേനോന്‍റെ ആയുധമെന്ന് അന്നത്തെ കാഴ്ചക്കാര്‍ ഓര്‍ക്കുന്നു. എല്ലാവര്‍ക്കും അച്യുതമേനോനെയും ഭരണത്തെയും വേണമായിരുന്നു. അങ്ങനെ കൊടുംതടസ്സങ്ങളൊക്കെ അദ്ദേഹത്തിനു മുന്നില്‍ തലകുനിച്ചു. പിന്നീട്, മുഖ്യമന്ത്രിപദമൊഴിഞ്ഞ് തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് നിലത്തിരുന്ന് കപ്പലണ്ടി കൊറിച്ച് രാഷ്ട്രീയ പ്രസംഗം കേള്‍ക്കുന്ന അച്യുതമേനോന്‍റെ ചിത്രം കേരളത്തിന്‍റെ മനസ്സില്‍ കറുപ്പിലും വെളുപ്പിലുമായി തിളങ്ങി നില്‍ക്കുകയും ചെയ്‌യുന്നു. പില്‍ക്കാലം സ്വന്തം അളിയന്‍ വി.വി. രാഘവന്‍ കൃഷിമന്ത്രിയായപ്പോള്‍ ഹോര്‍ട്ടികള്‍ച്ചര്‍ കോര്‍പറേഷന്‍ തുടങ്ങാനുള്ള നിര്‍ദ്ദേശം വന്ന നേരം ‘ഇങ്ങനെയും ഒരു വെള്ളാന വേണോ എന്ന് ചോദിച്ച് അച്യുതമേനോന്‍ മലയാള മനോരമയില്‍ ലേഖനമെഴുതി. രണ്ടുകൊല്ലം കഴിഞ്ഞ് കോര്‍പറേഷനെ അദ്ദേഹം അഭിനന്ദിച്ചുവെന്നും അതിന്‍റെ അമരക്കാര്‍ ഓര്‍ക്കുന്നു. 1991 ഓഗസ്റ്റ് 16ന് 78-ാം വയസ്സില്‍ അന്തരിക്കുംവരെ കേരളത്തിന്‍റെ രാഷ്ട്രീയ-സാംസ്കാരിക രംഗത്തിന് ഇപ്രകാരം ഒരു തിരുത്തല്‍ശക്തിയായി അച്യുതമേനോന്‍ തലയുയര്‍ത്തി നിന്നു.
ഏഴുവര്‍ഷത്തെ ഭരണത്തിനുശേഷം മുന്നണിയെ നയിച്ച് മല്‍സരരംഗത്തിറങ്ങാന്‍ അദ്ദേഹത്തെ സമ്മര്‍ദപ്പെടുത്തിയിരുന്നു സഹപ്രവര്‍ത്തകര്‍. പക്ഷേ, ‘‘വലിയൊരു ഭാരം ഇറക്കിവച്ച സന്തോഷത്തോടെ ഞാന്‍ വിടവാങ്ങുന്നു എന്ന് പത്രക്കാരോടു പറഞ്ഞ് അദ്ദേഹം തൃശൂരേക്കു പോയി. പക്ഷേ, ആ തിരഞ്ഞെടുപ്പിലും നായകന്‍ അച്യുതമേനോന്‍ ആയിരുന്നു. അടിയന്തരാവസ്ഥയ്ക്കുശേഷം ഇന്ത്യ മുഴുവന്‍ അലയടിച്ച രാഷ്ട്രീയ തരംഗത്തിന് എതിര്‍പിടിച്ച് കേരളം നിന്നതിന്‍റെ രാഷ്ട്രീയ വിശകലനവും വിമര്‍ശനങ്ങളും പലതുണ്ടാകാം. എന്നാല്‍ ഏഴുവര്‍ഷത്തിനു ശേഷവും അതേ മുന്നണി വന്‍ജയത്തോടെ തിരികെ വന്നതിന്‍റെ ക്രെഡിറ്റ് മറ്റാര്‍ക്കു കൊടുക്കും?
അടിയന്തരാവസ്ഥ ഒരു മുറിവായി അദ്ദേഹത്തിന്‍റെ മനസ്സില്‍ കിടന്നു എന്ന് അടുപ്പക്കാര്‍ പറയുന്നു. മകന്‍ രാജനെ പൊലീസ് പിടിച്ചു എന്നുപറഞ്ഞ് സുഹൃത്ത് ഈച്ചരവാരിയര്‍ മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ ഉടന്‍ അന്വേഷിക്കാം എന്ന് അദ്ദേഹം വാക്കു കൊടുത്തത്രെ. പൊലീസ് ഉറപ്പിച്ചു പറഞ്ഞു, പിടിച്ചിട്ടിലെ്ലന്ന്. വീണ്ടും ഈച്ചരവാരിയര്‍ കാണാന്‍ വന്നു. ‘‘പിടിച്ചിട്ടിലെ്ലന്ന് പൊലീസ് മേധാവികള്‍ പറയുന്നു, അവര്‍ അന്വേഷിക്കുന്നു, എനിക്ക് ഉടുപ്പിട്ട് പോയി അന്വേഷിക്കാന്‍ പറ്റുമോ എന്ന് അദ്ദേഹം ചോദിച്ചുപോയി. ആ ചോദ്യം അദ്ദേഹത്തെ അവസാനംവരെ അലട്ടിയിരുന്നതായി ഇപ്പോഴത്തെ പാര്‍ട്ടി സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറയുന്നു. ഒരുപക്ഷേ, ഈ മുറിവുകളും ഒഴിഞ്ഞുമാറ്റത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ചിരുന്നിരിക്കാം.
ഉച്ചപ്പട്ടിണിയോടെയും ഉടുപ്പില്ലാതെയും പള്ളിക്കൂടത്തില്‍ പോയിരുന്ന കാലത്തെപ്പറ്റി അദ്ദേഹം ‘എന്‍റെ ബാല്യസ്മരണകളില്‍ എഴുതുന്നു. സ്കൂളില്‍ ഒന്നാമനായി ജയിച്ചപ്പോള്‍ എറണാകുളം മഹാരാജാസ് കോളജില്‍ പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അച്ഛന് അതിനു നല്‍കാന്‍ മാത്രം പണം ഉണ്ടായിരുന്നില്ല. സ്കൂളിലെ ഇംഗ്ലിഷ് അധ്യാപകന്‍ കോമരത്തു ശങ്കുണ്ണിമേനോന്‍ മഹാരാജാസിലെ ഇംഗ്ലിഷ് പ്രഫസര്‍ ടി.കെ. ശങ്കരമേനോന്‍റെ വീട്ടില്‍ താമസിപ്പിച്ചു പഠിപ്പിക്കാമെന്നു പറഞ്ഞു. പക്ഷേ, അഭിമാനിയായ അച്ഛന്‍ സമ്മതിച്ചില്ല. അങ്ങനെ തൃശൂര്‍ സെന്‍റ് തോമസ് കോളജില്‍ ചേര്‍ന്നു. പില്‍ക്കാലം ആദ്യ മന്ത്രിസഭയില്‍ അച്യുതമേനോന്‍ അംഗമായപ്പോള്‍ പല അധ്യാപകരും അഭിനന്ദന സന്ദേശങ്ങള്‍ അയച്ചു. ശങ്കുണ്ണിമേനോന്‍ മാത്രം മിണ്ടാതിരുന്നു. തന്‍റെ വിദ്യാര്‍ഥി, രാഷ്ട്രീയക്കാരനായതില്‍ അദ്ദേഹത്തിനു വിഷമമുണ്ടായിരുന്നു.
എന്നാല്‍ കേരള ജനത സന്തോഷിച്ചു. പുന്നപ്ര-വയലാര്‍ കൊണ്ടു പൊട്ടുകുത്തിയ ആലപ്പുഴയിലേക്ക് ആണത്തമുണ്ടെങ്കില്‍ വാ എന്നുള്ള പഴയ രാഷ്ട്രീയ മുദ്രാവാക്യംകൊണ്ടല്ല അവര്‍ അച്യുതമേനോനെ നമസ്കരിക്കുക. പുന്നപ്ര ദാമോദരന്‍ എന്ന കവി എഴുതിയ മറ്റൊരു മായാത്ത മുദ്രാവാക്യംകൊണ്ടാണ്:
"കുടിലുകളില്‍ കൂരകളില്‍ കണ്‍മണിപോല്‍ സൂക്ഷിചെ്ചാരു ജനമുന്നണി നേതാവാ- ണച്യുതമേനോന്‍."
================ ബി. മുരളി
മനോരമഓണ്‍ലൈന്‍ – 2013 ജനു 13, ഞായര്‍.