2013, ഡിസംബർ 22, ഞായറാഴ്‌ച

ഹിതോഷി ഇഗരാഷി – നാം ഓര്‍ക്കാതെ പോകുന്ന സാഹിത്യലോകത്തെ രക്തസാക്ഷി


ജീവിതത്തില്‍ എന്തിനെയെങ്കിലും പ്രണയിയ്ക്കുക.. ഒടുവില്‍ ആ പ്രണയം തന്നെ സ്വന്തം മരണത്തിന് കാരണമാകുക.. അപൂര്‍വ്വമായ ആ നിര്‍ഭാഗ്യത്തിന്റെ കഥയാണ് ഹിതോഷി ഇഗരാഷി എന്ന എഴുത്തുകാരന്റെത്. ഒപ്പം ലോകം അവഗണിച്ച ഒരു രക്തസാക്ഷിത്വത്തിന്റെയും കഥയാണത് ..
സാഹിത്യത്തിന് മേല്‍ മതം നടത്തിയ ഒരു കടന്നുകയറ്റത്തിന്റെ രക്തസാക്ഷിത്വം.
1947 ല്‍ ജപ്പാനിലാണ് ഹിതോഷി ഇഗരാഷി ജനിച്ചത്‌. കുട്ടികാലം മുതല്‍ക്കേ പഠനത്തില്‍ ഏറെ മിടുക്കനായ ഹിതോഷി ഇഗരാഷി, കുറഞ്ഞ കാലം കൊണ്ട് തന്നെ അധ്യാപകരുടെ പ്രിയപ്പെട്ട വിദ്യാര്‍ഥിയായി. കോളേജ് വിദ്യാഭ്യാസ കാലത്ത് കേട്ട ചില പ്രഭാഷണങ്ങള്‍ അദ്ദേഹത്തില്‍ ഇസ്ലാമിക സംസ്കാരത്തിലും, കലയിലും, സാഹിത്യത്തിലും താത്പര്യം ഉണ്ടാക്കി. അവയെ കുറിച്ച് കൂടുതല്‍ പഠിയ്ക്കാന്‍ അദ്ദേഹം തീരുമാനിച്ചു.
1976 ല്‍ ‘ഇസ്ലാമിക കല’യില്‍ ടോക്കിയോ യൂണിവേഴ്സിറ്റിയില്‍ നിന്നും ഡോക്റെരറ്റ് നേടിയ അദ്ദേഹം, ഇസ്ലാമിക കലയെയും സംസ്കാരത്തെയും കുറിച്ച് കൂടുതല്‍ പഠിയ്ക്കാന്‍ ഇറാനിലേയ്ക്ക് പോയി, ഇറാന്‍ റോയല്‍ അക്കാഡമിയില്‍ ഗവേഷണത്തിന് ചേര്‍ന്നു. എന്നാല്‍ 1979ല്‍ ഇറാനില്‍ അരങ്ങേറിയ ഇസ്ലാമിക വിപ്ലവത്തെ തുടര്‍ന്ന് വിദേശിയരായ അമുസ്ലിങ്ങള്‍ക്കെതിരെ അക്രമങ്ങള്‍ ഉണ്ടായപ്പോള്‍ പഠനം അവസാനിപ്പിച്ച് ജപ്പാനിലേയ്ക്ക് മടങ്ങേണ്ടി വന്നു.
ജപ്പാനില്‍ എത്തിയ അദ്ദേഹം ത്സുകുബ യൂണിവേഴ്സിറ്റിയില്‍ ഇസ്ലാമിക സംസ്കാരം പഠനവിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസ്സര്‍ ആയി ആധ്യാപക ജീവിതം ആരംഭിച്ചു. ഒപ്പം ഇസ്ലാമിക സംസ്കാരത്തെയും കലയെയും സാഹിത്യത്തെയും കുറിച്ചുള്ള ഗവേഷണവും തുടര്‍ന്നു. പഠനത്തിന്റെ ഭാഗമായി അദ്ദേഹം പല ഇസ്ലാമിക ഗ്രന്ഥങ്ങളെയും ജപ്പാന്‍ ഭാഷയിലേയ്ക്ക് പരിഭാഷപ്പെടുത്താനുള്ള ശ്രമം തുടങ്ങി. ഏറെ പരിശ്രമങ്ങളിലൂടെ പേഴ്സിയന്‍ തത്വചിന്തകനും ബഹുമുഖ പ്രതിഭയും ആയിരുന്ന ഇബ്നി സിനയുടെ “അല്‍ ഖാനുന്‍ ഫി അല്‍ തിബ്” (The Canon of Medicine) എന്ന പുരാതന അറേബ്യന്‍വൈദ്യശാസ്ത്ര ഗ്രന്ഥം ജപ്പാന്‍ ഭാഷയിലേയ്ക്ക് പരിഭാഷ ചെയ്തു. അഞ്ചു പുസ്തകങ്ങള്‍ അടങ്ങിയ ഈ ഗ്രന്ഥം പുരാതന വൈദ്യശാസ്ത്രരംഗത്തെ ഒരു സര്‍വ്വവിജ്ഞാനകോശമായി കണക്കാക്കപ്പെടുന്നു.. ഇത് കൂടാതെ ഇസ്ലാമിക ചരിത്രവുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് “ഇസ്ലാമിക നവോത്ഥാനം”, “കിഴക്കിന്റെ വിജ്ഞാനം” എന്നീ കൃതികളും അദ്ദേഹം രചിച്ചു. ജപ്പാന്‍കാര്‍ക്കിടയില്‍ ഇസ്ലാമിനെകുറിച്ചും, മധ്യേഷ്യന്‍ രാജ്യങ്ങളെകുറിച്ചും കൂടുതല്‍ അറിവ് പകരുന്നവയായിരുന്നു ഈ കൃതികള്‍.
1988. സല്‍മാന്‍ റുഷ്ദിയുടെ “സാത്താന്റെ വചനങ്ങള്‍” (സാത്താനിക് വെര്‍സെസ്) പ്രസിദ്ധീകൃതം ആയത് ആ വര്‍ഷമാണ്‌. ഗബ്രിയേല്‍ മാര്കൊസിന്റെ കൃതികള്‍ക്ക് ശേഷം മാജിക്കല്‍ റിയലിസത്തില്‍ പുതിയ ഒരു അനുഭവം തീര്‍ത്ത ആ കൃതി, അതിന്റെ ആഖ്യാന സവിശേഷത കൊണ്ട് സാഹിത്യ മണ്ഡലത്തില്‍ ഏറെ പ്രശംസ പിടിച്ചു പറ്റി.
ആ വര്‍ഷത്തെ മികച്ച നോവലിനുള്ള വിറ്റ്ബ്രഡ് അവാര്‍ഡ്‌ നേടിയ ആ പുസ്തകം, സാഹിത്യത്തിനുള്ള ബുക്കര്‍ പുരസ്കാരത്തിന് പരിഗണിച്ച കൃതികളില്‍ അവസാന ഘട്ടം വരെ എത്തപ്പെട്ടൂ. ലോകമെമ്പാടും ഒരു പാട് ഭാഷകളില്‍ ഈ പുസ്തകം വിവര്‍ത്തനം ചെയ്യപ്പെട്ടു തുടങ്ങി.
എന്നാല്‍ ആ നോവലിലെ ഉപകഥകള്‍ ആയി വരുന്ന ചില സ്വപ്ന രംഗങ്ങള്‍, പ്രവാചകനായ മുഹമ്മദ്‌ നബിയെ അപമാനിയ്ക്കുന്നതാണ് എന്ന് ചില ഇസ്ലാമിക യാഥാസ്ഥിതിക നിരൂപകര്‍ അവകാശപ്പെട്ടതോടെ കൃതി, സാഹിത്യ ലോകത്തെ ഏറ്റവും വലിയ ഒരു വിവാദ വിഷയമായി മാറി
. 1989 ഫെബ്രുവരി 14ന് ഇറാനിയന്‍ ആത്മീയ നേതാവായ ആയത്തുള്ള ഖൊമൈനി ഈ പുസ്തകം ഇസ്ലാമിന് എതിരാണെന്നും, അതിനാല്‍ അതിന്റെ എഴുത്തുകാരനെയും ആ പുസ്തകപ്രസാധനവുമായി ബന്ധപ്പെട്ട എല്ലാവരെയും കൊല്ലണമെന്നും “ഫത്വ” പുറപ്പെടുവിച്ചു. പരസ്യമായ ഈ കൊലപാതക ആഹ്വാനത്തിന് ശേഷം ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആയത്തുള്ള ഖൊമൈനി അന്തരിച്ചു. എന്നാല്‍ “ഫത്വ” ഇപ്പോഴും നില നില്‍ക്കുന്നതായും, സല്‍മാന്‍ റുഷ്ദിയെയും, വിവിധ ഭാഷകളില്‍ ഉള്‍പ്പെടെ പുസ്തകത്തെ വിവര്‍ത്തനം ചെയ്യുന്നവരെയും പ്രസിദ്ധീകരിയ്ക്കുന്നവരെയും കൊല്ലുന്നവര്‍ക്ക് ലക്ഷക്കണക്കിന്‌ ഡോളര്‍ പാരിതോഷികം നല്‍കുമെന്നും ഇറാനിയന്‍ അധികാരികള്‍ പ്രഖ്യാപിച്ചു. അതോടെ ലോകം മുഴുവന്‍ യാഥാസ്ഥിതിക മുസ്ലിങ്ങള്‍ ഈ പുസ്തകത്തിനെതിരെ പ്രക്ഷോഭം തുടങ്ങി. തുടരെ തുടരെ വധശ്രമങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ജീവന്‍ രക്ഷിയ്ക്കാനായി സല്‍മാന്‍ റുഷ്ദി ഒളിവില്‍ പോയി.
മിക്കവാറും രാജ്യങ്ങളില്‍ പുസ്തകത്തിന്റെ പ്രസാധകരും വിവര്‍ത്തകരും പുസ്തകശാലാ ജീവനക്കാരും അടക്കം ഒട്ടേറെ വ്യക്തികള്‍ ആക്രമിയ്ക്കപ്പെട്ടു. പുസ്തകം വിറ്റ കടകള്‍ അഗ്നിക്കിരയാക്കി.
ജപ്പാന്‍ ഭാഷയില്‍ പുസ്തകം വിവര്‍ത്തനം ചെയ്യാന്‍ ആവശ്യപ്പെട്ടു കൊണ്ട് “ഷിന്‍സൈഷാ” എന്ന പ്രസാധന കമ്പനി ഹിതോഷി ഇഗരാഷിയെ സമീപിച്ചു. ഇസ്ലാമിക വിഷയങ്ങളില്‍ അദ്ദേഹത്തിനുള്ള അവഗാഹം കാരണം ആയിരുന്നു അവര്‍ അദ്ധേഹത്തെ വിവര്‍ത്തകന്‍ ആക്കാന്‍ തീരുമാനിച്ചത്.
പുസ്തകത്തെ കുറിച്ചുള്ള വിവാദങ്ങള്‍ മൂലം വിവര്‍ത്തകന്‍ ആകാന്‍ ആദ്യം ഹിതോഷി ഇഗരാഷി മടിച്ചു. എന്നാല്‍ പുസ്തകം പൂര്‍ണ്ണമായും വായിച്ചതോടെ അദ്ദേഹത്തിന്റെ അഭിപ്രായം മാറുകയും, വിവര്‍ത്തനം നടത്താന്‍ സമ്മതിയ്ക്കുകയും ചെയ്തു.
ജപ്പാനില്‍ സ്വദേശികളില്‍ മുസ്ലിങ്ങള്‍ വളരെ കുറവാണ്. ഉള്ളവരില്‍ തന്നെ ഭൂരിഭാഗവും പാകിസ്ഥാനികളും, ബംഗ്ലാദേശികളും അടങ്ങുന്ന വിദേശിയരും ആയിരുന്നു. അവര്‍ ഉള്‍പ്പെടുന്ന ജപ്പാനിലെ “ഇസ്ലാമിക സെന്റര്‍” എന്ന സംഘടന എഴുത്തുകാരോടും, പ്രസിദ്ധീകരണ കമ്പനികളോടും ഈ പുസ്തകം വിവര്‍ത്തനം ചെയ്യുകയോ പ്രസിദ്ധീകരണം ചെയ്യുകയോ ചെയ്യുന്ന പക്ഷം “കടുത്ത നടപടികള്‍” ഉണ്ടാകുമെന്ന് ഭീക്ഷണി മുഴക്കി.
എന്നാല്‍ ഹിതോഷി ഇഗരാഷി അതൊന്നും വക വെച്ചില്ല. പുസ്തകം വായിച്ചു പോലും നോക്കാതെ അതിനെ വിമര്‍ശിയ്ക്കുന്നവരുടെ ഇരട്ടത്താപ്പിനെ അദ്ദേഹം വിമര്‍ശിച്ചു. പുസ്തകത്തില്‍ ഇസ്ലാം വിരുദ്ധമായി ഒന്നുമില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. പുസ്തകം മുന്നോട്ടു വെയ്ക്കുന്ന ആശയം പോലും വായിച്ചു മനസ്സിലാക്കാതെ അതിനെ ‘ഇസ്ലാമിക വിരുദ്ധം’ എന്ന് എങ്ങനെ മുദ്ര കുത്താന്‍ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു. ജപ്പാന്‍കാര്‍ പുസ്തകം വായിച്ചു നോക്കി സ്വയം തീരുമാനിയ്ക്കട്ടെ എന്ന ഉദ്ദേശത്തോടെ ആണ് താന്‍ വിവര്‍ത്തനം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഏറെ താമസിയ്ക്കാതെ 1990ല്‍ “സാത്താന്റെ വചനങ്ങളുടെ” ജാപ്പനീസ് പരിഭാഷ പുറത്തിറങ്ങി. പുസ്തകം പുറത്തിറങ്ങുന്നതുമായി ബന്ധപ്പെട്ട് നടന്ന പത്ര സമ്മേളനത്തിനിടയില്‍ ഒരു പാകിസ്ഥാനി യുവാവ് കടന്നു കയറി ബഹളം വെയ്ക്കുകയും പുസ്തകത്തിന്റെ പ്രസാധകനെ ആക്രമിയ്ക്കാന്‍ ശ്രമിയ്ക്കുകയും ചെയ്തു. പോലീസുകാര്‍ അയാളെ അറസ്റ്റ് ചെയ്ത് നീക്കി.
ചില ഇസ്ലാമിക സംഘടനകള്‍ പുസ്തകശാലകള്‍ക്കു മുന്നില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചെങ്കിലും, അഭിപ്രായ സ്വാതന്ത്ര്യത്തിന് ഏറെ വില കല്‍പ്പിയ്ക്കുന്ന ജാപ്പനീസ് ഭരണകൂടത്തിന്റെ ശക്തമായ നടപടികള്‍ മൂലം അവയൊന്നും ഒരു കലാപമായി മാറിയില്ല. പുസ്തകം ജപ്പാനില്‍ ഒരു വിജയമായി മാറി. ഒരു വര്ഷം കൊണ്ട് തന്നെ എഴുപതിനായിരത്തോളം കോപ്പികള്‍ വിറ്റഴിക്കപ്പെട്ടു. വളരെ മികച്ച വിവര്‍ത്തനം ഏറെ നിരൂപക പ്രശംസ പിടിച്ചു പറ്റി.
ഹിതോഷി ഇഗരാഷിയ്ക്കും പ്രസാധകര്‍ക്കും എതിരെ ധാരാളം അജ്ഞാതവധഭീക്ഷണികള്‍ ഉണ്ടായതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ അവര്‍ക്ക് സംരക്ഷണത്തിനായി സുരക്ഷാഭടന്മാരെ അനുവദിച്ചു. എന്നാല്‍ കുടുംബവും, കോളേജും, പഠനവും, സംവാദവുമൊക്കെയായി സ്വന്തം ലോകത്തില്‍ ഒതുങ്ങി കഴിയാന്‍ ഇഷ്ടപ്പെട്ടിരുന്ന ഹിതോഷി ഇഗരാഷി, കുറച്ചു കാലം കഴിഞ്ഞപ്പോള്‍ സുരക്ഷാഭടന്മാരെ ഒഴിവാക്കുകയാണ് ഉണ്ടായത്.
1991 ജൂലൈ 11. വൈകിട്ട് ജോലി സമയം കഴിഞ്ഞിട്ടും ഏറെ വൈകിയും ഹിതോഷി ഇഗരാഷി വീട്ടില്‍ തിരികെ എത്താത്തതില്‍ പരിഭ്രമിച്ച വീട്ടുകാര്‍ ത്സുകുബ യൂണിവേസിറ്റി സെക്യുരിറ്റിയെ വിളിച്ചു തിരക്കി. അവര്‍ നടത്തിയ അന്വേഷണത്തില്‍ ചോരയില്‍ കുളിച്ച അദ്ദേഹത്തിന്റെ മൃതദേഹം ഓഫീസിന്റെ മുന്നിലുള്ള ഹാളില്‍ നിന്നും കണ്ടെത്തി. കത്തി പോലുള്ള മൂര്‍ച്ചയുള്ള ആയുധം കൊണ്ട് മുഖത്തും നെഞ്ചിലും ഒരുപാട് പ്രാവശ്യം കുത്തിയ നിലയിലായിരുന്നു ആ മൃതശരീരം.
എഴു മണിയ്ക്ക് തന്റെ വിദ്യാര്‍ഥികളെ പറഞ്ഞയച്ച ശേഷം തന്റെ ഓഫീസില്‍ നിന്നും പുറത്തേയ്ക്ക് പോകുന്ന സമയത്താണ് ഇഗരാഷി ആക്രമിയ്ക്കപ്പെട്ടതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. അദ്ദേഹത്തെ കുത്തി കൊന്ന ശേഷം മൃതദേഹം ഹാളില്‍ കൊണ്ടിട്ടതാണെന്ന് തെളിഞ്ഞു. എന്നാല്‍ വളരെ ആസൂത്രിതമായി നടത്തിയതിനാല്‍, ആരാണ് ആ കൊലപാതകം നടത്തിയതെന്ന് തെളിഞ്ഞില്ല. അക്രമികള്‍ കൊലപാതകം നടത്തി വേഗം തന്നെ രാജ്യം വിട്ടതിനാല്‍ അവരെ ഒരിയ്ക്കലും നിയമത്തിന് മുന്നില്‍ കൊണ്ട് വരാന്‍ കഴിഞ്ഞില്ല.
ജപ്പാനിലുള്ള ഇസ്ലാമിക തീവ്രവാദ സംഘടനകളോ, അതോ ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തിന്റെ വാടക കൊലയാളികളോ ആയിരിയ്ക്കാം ഈ കൊലപാതകത്തിന് പിന്നിലെന്ന് ജപ്പാന്‍കാര്‍ വിശ്വസിയ്ക്കുന്നു.
റുഷ്ദിയുടെ പുസ്തകവുമായി ബന്ധപ്പെട്ട നൂറു കണക്കിന് വ്യക്തികളാണ് ചരിത്രത്തില്‍ കൊല ചെയ്യപ്പെടുകയോ, ആക്രമിയ്ക്കപ്പെടുകയോ ചെയ്തിട്ടുള്ളത്. 1991 ജൂലൈ 3ന് ഈ കൃതിയുടെ ഇറ്റാലിയന്‍ വിവര്‍ത്തകന്‍ ആയ എട്ടോരെ കാപ്രിയോളോയെ ഒരു അക്രമി കഠാര ഉപയോഗിച്ച് കുത്തി ക്രൂരമായി കൊല്ലാന്‍ ശ്രമിച്ചു എങ്കിലും, അദ്ദേഹം പരിക്കുകളോടെ രക്ഷപ്പെട്ടു. ഒക്ടോബര്‍ 11 ന് നോര്‍വീജിയന്‍ വിവര്‍ത്തകന്‍ ആയ വില്യം നൈഗാര്ദ് ആക്രമിയ്ക്കപ്പെട്ടു. ഗുരുതരമായ പരിക്കുകളോടെ അദ്ദേഹം രക്ഷപ്പെട്ടു. (ഇതില്‍ പ്രതിഷേധിച്ച് നോര്‍വെ സര്‍ക്കാര്‍ ഇറാനിലെ അവരുടെ അംബാസിഡറെ തിരികെ വിളിച്ചു) തുര്‍ക്കി വിവര്‍ത്തകനായ അസിസ് നെസിനു നേരെ നടന്ന ആക്രമണത്തില്‍ അദ്ദേഹത്തിന് പരിക്കേറ്റില്ലെങ്കിലും 37 സാധാരണക്കാര്‍ കൊല്ലപ്പെട്ടു.
മതം വ്യക്തിസ്വാതന്ത്ര്യത്തിലും സാഹിത്യത്തിലും നടത്തിയ രക്തരൂക്ഷിത കടന്നു കയറ്റങ്ങള്‍ക്ക് ആധുനിക ലോകം കണ്ട ഏറ്റവും നീചമായ ഉദാഹരണമാണ് “സാത്താന്റെ വചന”ത്തിനു നേരെ നടന്ന അക്രമം വഴി ലോകം കണ്ടത്. ആ സംഭവങ്ങള്‍ മത നിരപേക്ഷ ലോകത്തിനു സമ്മാനിച്ച മുറിവുകള്‍ വളരെ ആഴത്തിലുള്ളതായിരുന്നു.
ഇസ്ലാമിക സംസ്കാരത്തെയും, സാഹിത്യത്തെയും സ്നേഹിച്ച ഹിതോഷി ഇഗരാഷിയുടെ ജീവിതത്തിന് അവിചാരിത അന്ത്യം കുറിച്ചതും ആ സംസ്കാരത്തിലെ യാഥാസ്ഥിതിക മൂല്യങ്ങള്‍ തന്നെയാണെന്നത് ചരിത്രത്തിന്റെ ക്രൂരമായ ഒരു തമാശയാകാം.. =====

2013, നവംബർ 24, ഞായറാഴ്‌ച

കുചേലനും യജമാനും മഹാരാജാവും... (ഒരു രാഷ്ട്രീയ ചെറുകഥ)

(വെറുതെ ഒരു അറിയിപ്പ്:- ഈ കഥയിലെ കഥാപാത്രങ്ങള്ക്ക്് ജീവിച്ചിരിയ്ക്കുന്നവരോ മരിച്ചവരോ ആയ ആരുമായും ഒരു സാമ്യവും ഇല്ല. ഉണ്ടെങ്കില്‍ അത് നിങ്ങളുടെ വെറും തോന്നല്‍ മാത്രമാണ്)
"സാര്‍"...
ആരാ താന്‍?....
ഞാന്‍ കുചേലന്‍ ..
ഉം.. എന്ത് വേണം?...
ഒരു പരാതി ബോധിപ്പിയ്ക്കാന്‍ വന്നതാണ്...
ശരി...പറയൂ...
എനിയ്ക്കാകെ ഒരു മകളാണ്‌ ഉള്ളത്...
അതാണോ തന്റെ പരാതി?
അയ്യോ..അല്ല യജമാനെ... അവള്ക്ക് തീരെ സുഖമില്ല. ഉടനെ ഒരു ഓപ്പറേഷന്‍ നടത്തണമെന്ന് ഡോക്ടര്മാര്‍ പറയുന്നു...
ഉം..
ഞങ്ങള്‍ ബി.പി.എല്ലുകാരാണ് ...... പിന്നോക്ക സമുദായത്തിലുമാണ്...
അതിന്..?
ഞങ്ങളെ പോലുള്ളവര്ക്ക് ഏതു സര്ക്കാരായാലും ചികിത്സാ സഹായം നല്കുണമെന്ന് വകുപ്പുണ്ടെന്ന് അപ്പുറത്തെ വീട്ടിലെ മാഷ്‌ പറഞ്ഞു...
ഉം..ശരിയാണ്. അതിന് നിയമമുണ്ട്...
യജമാനെ...എത്രയും പെട്ടെന്ന് ഓപ്പറേഷന്‍ നടത്തിയില്ലെങ്കില്‍ എന്റെ മോളെ എനിയ്ക്ക് നഷ്ടപ്പെടും. അതിനുള്ള പണം എന്റെ കൈയില്‍ തികയില്ല. ചികിത്സാ സഹായത്തിന് സര്ക്കാരില്‍ നിന്നും കുറച്ചു പണം എത്രയും പെട്ടെന്ന് അനുവദിച്ച് സഹായിയ്ക്കണം..
ശരി. അതൊക്കെ ശരിയാക്കാവുന്നതെ ഉള്ളൂ... അതിനുള്ള അപേക്ഷ കൊണ്ട് വന്നിട്ടുണ്ടോ?
ഉണ്ട് യജമാനെ...ഇതാ...
ഉം.. ഇതൊക്കെ നിസ്സാര സംഗതി അല്ലെ... തല്കാലം താന്‍ പോയിട്ട് ഒരു രണ്ടു മാസം കഴിഞ്ഞു വാ...
അയ്യോ യജമാനെ... അതെന്താ അത്ര താമസം????
എടോ...രണ്ടു മാസം കഴിഞ്ഞാല്‍ മഹാരാജാവ് ഈ ജില്ലയില്‍ വരുന്നുണ്ട്..
അതും ഇതും തമ്മിലെന്തു ബന്ധം യജമാനെ...
താന്‍ ഏതു കൊത്താഴത്താടോ ജീവിയ്ക്കുന്നെ? കാര്യങ്ങള്‍ ഒക്കെ ഇപ്പൊ പഴയത് പോലെ അല്ല..
എന്ന് വെച്ചാല്‍?
ഇപ്പോള്‍ ഞങ്ങള്‍ അല്ല കാര്യങ്ങള്‍ തീരുമാനിയ്ക്കുന്നത്., മഹാരാജാവ് നേരിട്ടാണ്....
മഹാരാജാവ് നേരിട്ടോ?
അതേ... ദയാലുവായ അദ്ദേഹം നേരിട്ട് എഴുന്നള്ളി, തന്നെ പോലുള്ളവരെ നേരിട്ട് കണ്ട്, സ്വന്തം കൈപ്പടയില്‍ തുല്യം ചാര്ത്തി നല്കി്യാണ്‌ പണം കൊടുക്കുന്നത്.... അതിന് രണ്ടു മാസത്തിനു ശേഷം, അദ്ദേഹം വരുമ്പോള്‍ താനും മോളും നേരിട്ട് പോയി മുഖം കാണിച്ചു കാര്യം പറയണം. അദ്ദേഹം അനുഗ്രഹിയ്ക്കും. തീര്ച്ച !
പക്ഷെ, യജമാനെ, അസുഖം കാരണം എന്റെ മോള്ക്ക് നടക്കാന്‍ പോലും കഴിയില്ല. കഴിഞ്ഞ പത്തു വര്ഷ്മായി കിടക്കയില്‍ തന്നെയാണ്.
വളരെ നല്ലത്. ഒരു നാല് ചുമട്ടുകാരെ ചുമതലപ്പെടുത്തി മോളെ ചുമന്നു കൊണ്ട് വന്നാല്‍ മതി. അത്തരം അശരണരെ കാണുന്നത് തന്നെ അദ്ദേഹത്തിന് സന്തോഷമാണ്. മാത്രമല്ല തന്റെ മോളെ അദ്ദേഹം അനുഗ്രഹിയ്ക്കുന്ന മനോഹരചിത്രം ആസ്ഥാന പത്രത്തില്‍ മുന്പേജിലും വരും.
പക്ഷെ... യജമാനെ..
ഒരു പക്ഷേയും ഇല്ല.. തനിയ്ക്ക് പണം വേണമെന്നുണ്ടെങ്കില്‍ അന്നൊരു ദിവസം അങ്ങനെ മെനക്കെട്ടെ പറ്റൂ...
ഞാന്‍ ഒറ്റയ്ക്ക് .....
എടോ, വേണമെങ്കില്‍ ഞാന്‍ ഒരു രഹസ്യം പറയാം. താന്‍ അങ്ങനെ ഒറ്റയ്ക്ക് ബുദ്ധിമുട്ടണ്ട... തന്റെ പ്രദേശത്തുള്ള മഹാരാജാവിന്റെ ആശ്രിതരായ ചില ദല്ലാളുമാരെ പോയി കണ്ടാല്‍ മതി. അവര്‍ അന്നത്തെ ദിവസം, തന്നെയും മകളെയും ചുമന്നു കൊണ്ട് പോയി എല്ലാത്തിനും സഹായം ചെയ്ത് തരും. കിട്ടുന്ന പണത്തില്‍ നിന്നും ഒരു വിഹിതം അവര്ക്കും കൊടുത്താല്‍ മതി..
യജമാനെ...ഒരു സംശയം..
എന്താ?
ഈ രണ്ടു മാസം കഴിയുന്ന വരെ എന്റെ മകള് ജീവിച്ചിരുന്നില്ലെങ്കില്‍!!!!
എന്നാലും പേടിയ്ക്കേണ്ട... ശവം കേടു കൂടാതെ സൂക്ഷിച്ചു വെച്ചാല്‍ മതി. എന്നിട്ട് അന്നേ ദിവസം അതിനെ ചുമന്നോണ്ട് ചെന്നാലും മതി. മഹാരാജാവ് സന്തോഷത്തോടെ പണം അനുവദിയ്ക്കും.
ഞാന്‍ പോട്ടെ യജമാനെ...
ഉം.. (പോയി തുലയെടാ ദരിദ്രവാസി!)

2013, നവംബർ 23, ശനിയാഴ്‌ച

ഗാഡ്‌ഗിൽ റിപ്പോർട്ട്‌; നിലപാടുകളും സമീപനങ്ങളും.

പശ്ചിമഘട്ടസംരക്ഷണവുമായി ബന്ധപ്പെട്ട പ്രൊഫ.മാധവ്‌ ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ട്‌ കേരളത്തിൽ വിവാദമായിരിക്കയാണ്‌. ഈ വിവാദത്തിന്‌ നാല്‌ തലങ്ങളുണ്ട്‌ - രാഷ്ട്രീയം, മത-സാമുദായികം, സാങ്കേതികം, നിയമപരം എന്നിങ്ങനെ.
റിപ്പോർട്ടിനെപ്പറ്റിയുള്ള രാഷ്ട്രീയപ്പാർട്ടികളുടെ പ്രതികരണവും നിയമസഭയിലെ ചർച്ചയുമാണ്‌ അതിന്റെ രാഷ്ട്രീയ തലത്തെ സജീവമാക്കിയത്‌. മത-സാമുദായിക ശക്തികൾ പള്ളികൾ വഴിയും മറ്റും നടത്തിയ പ്രചാരണങ്ങൾ ചർച്ചയ്‌ക്ക്‌ ഒരു സാമുദായികപരിവേഷം നൽകി.
ഗാഡ്‌ഗിൽ റിപ്പോർട്ടിനെ തുടർന്നുണ്ടായ കസ്‌തൂരിരംഗൻ റിപ്പോർട്ട്‌ ഒട്ടേറെ സാങ്കേതികപ്രശ്‌നങ്ങളിലേയ്‌ക്ക്‌ ചർച്ചകളെ നയിച്ചു.
ഈയിടെ ദേശീയ ഗ്രീൻ ട്രിബ്യൂണൽ', ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ട്‌ നടപ്പാക്കാത്തത്‌ സംബന്ധിച്ച കാര്യങ്ങളിൽ തങ്ങൾക്ക്‌ ഇടപെടാവുന്നതാണെന്ന്‌ വിധി പ്രസ്‌താവിച്ചതോടെ നിയമകാര്യങ്ങൾക്കും പ്രാധാന്യം വന്നിരിക്കുന്നു. ഈ സാഹചര്യത്തിൽ ഗാഡ്‌ഗിൽ റിപ്പോർട്ട്‌ ഒരു വിദഗ്‌ധ സമിതി റിപ്പോർട്ട്‌ എന്നതിനപ്പുറം രാഷ്ട്രീയമാനങ്ങളുള്ള ഒരു വിഷയമായി തീർന്നിരിക്കുന്നു.
ഈ രാഷ്ട്രീയതലം കേരള വികസനവുമായി ബന്ധപ്പെടുത്തി ചർച്ച ചെയ്യുക എന്നതാണ്‌ ഈ ലഘുലേഖയുടെ ലക്ഷ്യം. ഗാഡ്‌ഗിൽ കമ്മറ്റി നിർദ്ദേശങ്ങളെ സംബന്ധിച്ചുള്ള പരിഷത്തിന്റെ നിലപാടുകളും സമീപനങ്ങളും വിശദീകരിക്കാനും ഇതിൽ ശ്രമിച്ചിട്ടുണ്ട്‌.
എന്തുകൊണ്ട്‌ പശ്ചിമഘട്ടം സംരക്ഷിക്കണം?
ദക്ഷിണേന്ത്യയുടെ ജലസ്രോതസ്സും, ജൈവവൈവിധ്യകലവറയുമാണ്‌ പശ്ചിമഘട്ടം. അറബിക്കടലിൽ നിന്ന്‌ വരുന്ന നീരാവി നിറഞ്ഞ കാറ്റിനെ തടഞ്ഞുനിർത്തി വർഷാവർഷം മഴപെയ്യിക്കുന്നത്‌ ഈ മലനിരകളാണ്‌. മഴ വളരെയേറെ ലഭിക്കുന്ന ഈ പ്രദേശം മെച്ചപ്പെട്ട പരിസ്ഥിതിയും ജൈവവൈവിധ്യവുമുള്ളതാണ്‌. ലോകത്തിലെ 35 ജൈവവൈവിധ്യ സമ്പന്നമായ സ്ഥാനങ്ങളിൽ ഒന്നാണ്‌ പശ്ചിമഘട്ടം. അതിൽത്തന്നെ, അപൂർവമായ എട്ട്‌ സ്ഥാനങ്ങൾ തെരഞ്ഞെടുത്തതിലൊന്ന്‌ പശ്ചിമഘട്ടമാണ്‌.
ഈ മലനിരകൾ ഓരോ പ്രദേശത്തും (നിത്യഹരിത ഉഷ്‌ണമേഖലാ വനങ്ങൾ, ചോലമഴക്കാടുകൾ എന്നിങ്ങനെ) വിവിധ സസ്യ-ജന്തു വൈവിധ്യത്തിന്റെ ആവാസകേന്ദ്രമാണ്‌. സസ്യങ്ങളിൽ, രാജ്യത്തെ ആകെ പുഷ്‌പിക്കുന്ന ചെടികളിൽ 27%, അതായത്‌ 4000 ത്തോളം ഇനങ്ങൾ, 56.6% വരുന്ന (645 തരം) നിത്യഹരിതപുഷ്‌പങ്ങൾ, 682 ഇനം പായലുകൾ, 280 ഇനം വർണലതകൾ എന്നിവയൊക്കെ ഇവിടെ ഉണ്ട്‌. ജന്തുക്കളിൽ 350 തരം ഉറുമ്പുകൾ, 1000ത്തിൽ പരമെങ്കിലും പ്രാണികൾ, 320 തരം ചിത്രശലഭ ങ്ങൾ, 174 തരം തുമ്പികൾ, 269 തരം ഒച്ചുകൾ, 288 തരം മത്സ്യങ്ങൾ, 500ലേറെ പക്ഷി ഇനങ്ങൾ, 120 തരം സസ്‌തനികൾ എന്നിവയെയും കാണുന്നു. ഇവയിൽ സിംഹവാലൻ കുരങ്ങടക്കം പലതും വംശനാശ ഭീഷണി നേരിടുന്നവയായതിനാൽ, എന്ത്‌ വില കൊടുത്തും സംരക്ഷിക്കേണ്ടവയാണ്‌.
പശ്ചിമഘട്ടവനം 29 വിഭാഗത്തിൽപ്പെട്ട ആദിവാസികളുടെയും മറ്റ്‌ പലതരം വനവാസികളുടെയും വാസസ്ഥലമാണ്‌. പലതരം കുടിയേറ്റക്കാരും ഈ ഭൂപ്രദേശത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. കേരള അതിർത്തിയിൽ മാത്രം 44 നദികൾ ഈ ജലകൊടുമുടിയിൽ നിന്ന്‌ ഉത്ഭവിക്കുന്നു. കൂടാതെ സമയം ഇന്ത്യയിലെ തന്നെ പ്രധാന നദികളായ കൃഷ്‌ണ, ഗോദാവരി, കാവേരി, നേത്രാവതി, വൈഗ എന്നിങ്ങനെ വേറെയും. ചുരുക്കത്തിൽ, ദക്ഷിണേന്ത്യയുടെ അന്തരീക്ഷതാപനില, ആർദ്രത, വർഷപാതം, കാലാവസ്ഥ എന്നിവയൊക്കെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക്‌ വഹിക്കുന്നത്‌ പശ്ചിമഘട്ടമാണ്‌. പലതരം ധാതുപദാർഥങ്ങളും പ്രകൃതിവിഭവങ്ങളും ഇവിടെ ലഭ്യമാണ്‌.
അതുകൊണ്ടുതന്നെ ഈ മലനിരകൾ അതിർത്തിയായി വരുന്ന ആറ്‌ സംസ്ഥാനങ്ങൾക്കും അവിടുത്തെ 26 കോടിയോളം വരുന്ന ജനങ്ങളടക്കം ഒട്ടേറെ ജീവജാലങ്ങൾക്കും ഏറ്റവും അനുയോജ്യമായ ആവാസവ്യവസ്ഥ തന്നെയാണ്‌ പശ്ചിമഘട്ടം. കേരളത്തിലാണെങ്കിൽ 28,000 ത്തിലധികം ച.കി.മീ. ഭൂമിയെയും (ആകെ ഭൂപ്രദേശത്തിന്റെ ഏതാണ്ട്‌ 75%), മൂന്ന്‌ കോടി യോളം ജനങ്ങളുടെ ജീവിതത്തെയും നേരിട്ട്‌ സ്വാധീനിക്കുന്ന ആവാസ വ്യവസ്ഥയാണ്‌ പശ്ചിമഘട്ടം.
ഈ പ്രാധാന്യമെല്ലാം നിലനിൽക്കുമ്പോഴും, വിവിധതരം ഭീഷണികളെ നേരിടുന്ന ഒരു പ്രദേശമായാണ്‌ ലോകം ഇന്ന്‌ പശ്ചിമഘട്ടത്തെ കണക്കാക്കുന്നത്‌. അതിലൊരു ഭീഷണി, ജൈവവൈവിധ്യത്തിന്‌ നേരെയാണ്‌. 1920-1990 കാലയളവിൽ മാത്രം ഇവിടുത്തെ 40 ശതമാനത്തോളം സസ്യ ജാലങ്ങൾ നാശോന്മുഖമായതായി പല പഠനങ്ങളും കാണിക്കുന്നു.
മറ്റൊന്ന്‌ ``വികസനപ്രവർത്തനങ്ങളുടെ പേരിൽ നടക്കുന്ന കയ്യേറ്റങ്ങളാണ്‌. ഖനനം, വ്യവസായം, വൈദ്യുതനിലയങ്ങൾ, ടൂറിസം എന്നിവയുടെ യൊക്കെ പേരിൽ വർഷങ്ങളായി നടന്നുവരുന്ന അതിരുവിട്ട കയ്യേറ്റങ്ങൾ പശ്ചിമഘട്ടത്തെ പൊതുവിൽ ദുർബലപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്‌.
നവലിബറൽ പരിഷ്‌കാരങ്ങളുടെ കഴിഞ്ഞ രണ്ട്‌ പതിറ്റാണ്ടിന്നിടയിൽ ഈ കടന്നാക്രമണങ്ങളെല്ലാം വൻതോതിൽ കരുത്താർജിച്ചിരിക്കയുമാണ്‌.
സഹ്യന്റെ ഈ പരിസ്ഥിതിത്തകർച്ച ഇന്ന്‌ കേരളത്തിലെ ജനജീവിതത്തിൽ ദുരന്തങ്ങളായി പെയ്‌തുതുടങ്ങിയിരിക്കുന്നു. വർഷത്തിൽ 3000 മി.മീറ്ററിലധികം മഴ കിട്ടിയിട്ടും കേരളം പല വർഷങ്ങളിലും വരൾച്ചാ ബാധിതസംസ്ഥാനമായി മാറുന്നു! പശ്ചിമഘട്ടം നേരിടുന്ന പരിസ്ഥിതിത്തകർച്ചയുടെ ഭാഗമാണിത്‌. നീരൊഴുക്കില്ലാതെ, നമ്മുടെ നദികളെല്ലാം ദുർബലപ്പെട്ടിരിക്കുന്നു. കുന്നുകൂടുന്ന മാലിന്യത്തിന്റെ ഊറ്റൽ നിറഞ്ഞ്‌ ഇവ അഴുക്കുചാലുകളായി തീർന്നിരിക്കുന്നു. കാലാവസ്ഥാവ്യതിയാനവും മറ്റും മൂലമുണ്ടാകുന്ന മഴയിലെ മാറ്റങ്ങൾ കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാക്കിയിട്ടുണ്ട്‌.
ചുരുക്കത്തിൽ, ജൈവസമ്പത്തിന്റെ ശോഷണം തടയൽ, ജലസമ്പത്ത്‌ നിലനിർത്തൽ, സുസ്ഥിരവികസനം ഉറപ്പാക്കൽ, ആദിവാസികളുടെയും വനവാസികളുടെയും അവകാശം സംരക്ഷിക്കൽ, പരിസ്ഥിതി ദുർബലമേഖലകളെ മെച്ചപ്പെടുത്തൽ - ഇവയൊക്കെ നടക്കണമെങ്കിൽ പശ്ചിമഘട്ടം എന്ന ആവാസവ്യവസ്ഥയെ സംരക്ഷിക്കണം, അതിന്നെതിരെ നടക്കുന്ന ഏതൊരു കയ്യേറ്റശ്രമത്തെയും പ്രതിരോധിക്കണം.
അതേസമയം, ഭൂമി, ഭൂവിഭവങ്ങൾ, വനം, പരിസ്ഥിതി എന്നിവയൊക്കെ സംരക്ഷിക്കാൻ, ഒട്ടേറെ നിയമങ്ങൾ നമ്മുടെ നാട്ടിൽ ഇതിനകം തന്നെ ഉണ്ടായിട്ടുമുണ്ട്‌. അവയുടെയൊക്കെ പഴുതുകളിലൂടെ നിയമങ്ങളെ മറി കടന്നുകൊണ്ട്‌ തൽപ്പരകക്ഷികൾ കടന്നാക്രമണങ്ങൾ നടത്തുന്ന സാഹചര്യവും കൂടിക്കൊണ്ടിരിക്കയാണ്‌. ഈ പശ്ചാത്തലത്തിലാണ്‌, പശ്ചിമ ഘട്ടസംരക്ഷണത്തിനായി കുറേക്കൂടി ശാസ്‌ത്രീയവും സമഗ്രവുമായ നിർദേശങ്ങൾ സമർപ്പിക്കുന്നതിനായി പ്രൊഫ.മാധവ്‌ ഗാഡ്‌ഗിലിനെ ചുമതല പ്പെടുത്തുന്നത്‌.
ഗാഡ്‌ഗിൽ കമ്മിറ്റിയിൽ 14 അംഗങ്ങളാണ്‌ ഉണ്ടായിരുന്നത്‌. 2010 ഫെബ്രുവരിയിൽ തമിഴ്‌നാട്ടിലെ കോട്ടഗിരിയിൽ നടന്ന പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച ഒരു കൂട്ടായ്‌മയിലാണ്‌ അന്നത്തെ വനം- പരിസ്ഥിതിമന്ത്രി കമ്മിറ്റിയുടെ നിയമനം പ്രസ്‌താവിച്ചത്‌.
ഗാഡ്‌ഗിലിനോട്‌ ആവശ്യപ്പെട്ടത്‌
പശ്ചിമഘട്ടത്തിന്റെയും തൊട്ടടുത്ത പ്രദേശങ്ങളുടെയും സംരക്ഷണത്തിനായി ഗാഡ്‌ഗിൽ കമ്മിറ്റിയോട്‌ സർക്കാർ ആവശ്യപ്പെട്ട കാര്യങ്ങൾ താഴെ പറയുന്നവയാണ്‌. 1. പശ്ചിമഘട്ടത്തിന്റെ തൽസ്ഥിതി വിലയിരുത്തുക.
2. പശ്ചിമഘട്ടത്തിലെ പാരിസ്ഥിതിക ലോല പ്രദേശങ്ങളെ വേർതിരിക്കുക.
3. പശ്ചിമഘട്ടപ്രദേശങ്ങളുടെ സംരക്ഷണം, പുനരുജ്ജീവനം എന്നിവയ്‌ക്കായി മാർഗരേഖകൾ തയ്യാറാക്കുക.
4. പ്രത്യേക പരിസ്ഥിതി ലോല മേഖലകളെ തരംതിരിക്കാനുള്ള നയപരിപാടികൾ നിർദേശിക്കുക.
5. പശ്ചിമഘട്ട വികസന അഥോറിറ്റിക്ക്‌ വേണ്ട നടപടിക്രമങ്ങൾ നിർ ദേശിക്കുക.
6. വിവിധ വികസനമേഖലകളിലെ മറ്റു പ്രശ്‌നങ്ങൾ.
7. അതിരപ്പള്ളി ഉൾപ്പെടെയുള്ള പദ്ധതികളെപ്പറ്റിയുള്ള അഭിപ്രായം. (വിശദാംശങ്ങൾക്ക്‌ അനുബന്ധം ഒന്ന്‌ കാണുക)
2011 സെപ്‌റ്റംബറിൽ ഗാഡ്‌ഗിൽ സമിതി അതിന്റെ റിപ്പോർട്ട്‌ സമർപ്പിച്ചു. പശ്ചിമഘട്ടത്തിലെ ആറ്‌ സംസ്ഥാനങ്ങളിൽ ഒരു വർഷത്തോളം നീണ്ടു നിന്ന തെളിവെടുപ്പുകൾ നടത്തിയും പരിസ്ഥിതിസംഘടനകളും വികസന വകുപ്പുകളും ശാസ്‌ത്രസാങ്കേതികസമൂഹവുമായൊക്കെ സംവദിച്ചും, സാങ്കേതികചർച്ചകളും അഭിപ്രായരൂപീകരണങ്ങളും നടത്തിയുമാണ്‌ ഗാഡ്‌ഗിൽ കമ്മിറ്റി അതിന്റെ റിപ്പോർട്ട്‌ തയ്യാറാക്കിയത്‌.
കമ്മിറ്റിയുടെ നിർദേശങ്ങളെ പൊതുവിൽ ഇങ്ങനെ ക്രോഡീകരിക്കാം
1. പശ്ചിമഘട്ടത്തെ പൂർണമായും ഒരു പരിസ്ഥിതി ലോല പ്രദേശമായി കണക്കാക്കുക. അതിൽ തന്നെ ജലലഭ്യതയുമായി ബന്ധപ്പെടുത്തി പ്രത്യേക പരിഗണന നൽകുക.
2. ഈ പ്രദേശത്തെ ജൈവ, ഭൗതിക, പാരിസ്ഥിതിക ഘടകങ്ങൾ കണക്കിലെടുത്ത്‌ അവിടുത്തെ പരിസ്ഥിതി ലോലത കണക്കാക്കി, മൊത്തം പ്രദേശത്തെ മൂന്ന്‌ പരിസ്ഥിതിലോല മേഖല' (Ecologically Sensitive Zone - ESZ 1, 2, 3 എന്നിങ്ങനെ)കളായി തരംതിരിക്കുക.
3. പശ്ചിമഘട്ട പരിസ്ഥിതി അഥോറിറ്റി (WGEA) രൂപീകരണം, അതിന്റെ സംസ്ഥാന/ജില്ലാതലരൂപങ്ങൾ.
4. അതിരപ്പള്ളി പദ്ധതിക്ക്‌ അംഗീകാരം നൽകേണ്ടതില്ലെന്ന നിഗമനം.
5. മൂന്ന്‌ തരം ESZകളിലും മനുഷ്യഇടപെടൽ വഴി നടക്കുന്ന പ്രവർത്തനങ്ങളെ, ``ചെയ്യാവുന്നത്‌, ``പാടില്ലാത്തത്‌ എന്ന രീതിയിൽ തരംതിരിച്ചിരിക്കുന്നു. ഇങ്ങനെ നിർദേശിക്കുമ്പോൾ സുസ്ഥിരവികസനം, മണ്ണ്‌-ജല- വന-ജൈവവൈവിധ്യസംരക്ഷണം എന്നീ കാര്യങ്ങളാണ്‌ പ്രധാനമായും പരിഗണിച്ചത്‌.
ഇവയെല്ലാം ഒരു കമ്മറ്റിയുടെ നിർദേശങ്ങൾ മാത്രമാണ്‌. ഈ റിപ്പോർട്ട്‌ കേന്ദ്രസർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല.
കേരളത്തിലെ മൊത്തം 62 താലൂക്കുകളിൽ 25 എണ്ണത്തിലാണ്‌ അതിന്റെ വിസ്‌തീർണത്തിന്റെ പകുതിയിലധികം ഭാഗം വിവിധ ESZകളിൽ വരുന്നത്‌ - ESZ1ൽ 15, ESZ2ൽ 2, ESZ3ൽ 8.
ഈ താലൂക്കുകളുടെ എല്ലാ ഭാഗവും ESZ മേഖലകൾ അല്ല. ഏതൊക്കെ പ്രദേശങ്ങൾ എന്നത്‌ പ്രാദേശികാടിസ്ഥാനത്തിൽ ചർച്ച ചെയ്‌ത്‌ തീരുമാനിക്കേണ്ടതാണ്‌. ഇത്‌ കാണിക്കുന്നത്‌ പശ്ചിമഘട്ടത്തെ പൊതുവിൽ ഒരു പരിസ്ഥിതി ലോലപ്രദേശമായാണ്‌ ഗാഡ്‌ഗിൽ കമ്മിറ്റി കാണുന്നതെങ്കിലും അവിടുത്തെ എല്ലാ പ്രദേശങ്ങളെയും കമ്മറ്റി ഒരേപോലെയല്ല പരിഗണിക്കുന്നത്‌ എന്നാണ്‌.
ജൈവസവിശേഷതകൾ, ഉയരം, ചെരിവ്‌, കാലാവസ്ഥ, പ്രകൃതിക്ഷോഭ സാധ്യത, ചരിത്രപ്രാധാന്യം എന്നിവയെല്ലാം കണക്കിലെടുത്ത്‌ ഇന്നയിന്ന കാര്യങ്ങൾ ആവാം, ഇന്നയിന്ന കാര്യങ്ങൾ പാടില്ല എന്ന്‌ നിർദേശിക്കുകയായിരുന്നു. മറ്റൊരർഥത്തിൽ, പശ്ചിമഘട്ട പ്രദേശത്തെ ഭൂവിനിയോഗത്തിൽ ഒരു സാമൂഹികനിയന്ത്രണം ഏർപ്പെടുത്തുകയാണ്‌ ഗാഡ്‌ഗിൽ കമ്മറ്റി ചെയ്‌തിരിക്കുന്നത്‌.
ഇവിടെ ഒരു കാര്യം പ്രത്യേകം പറയേണ്ടതുണ്ട്‌. വനംവകുപ്പിന്റെ പരിസ്ഥിതി ദുർബല പ്രദേശങ്ങളും (EFL) ഗാഡ്‌ഗിൽ കമ്മറ്റിയിലെ പരിസ്ഥിതിലോല പ്രദേശങ്ങളും (ESZ) വ്യത്യസ്‌തമാണ്‌. വനംവകുപ്പിന്റെ ദുർബലപ്രദേശങ്ങളിൽ ജനങ്ങൾക്ക്‌ പ്രവേശനം അനുവദിക്കുന്നില്ല. അത്‌ അങ്ങനെതന്നെ തുടരണമെന്നാണ്‌ ഗാഡ്‌ഗിലും നിർദേശിക്കുന്നത്‌. എന്നാൽ, കമ്മറ്റി നിർദേശിച്ച എല്ലാ പരിസ്ഥിതിലോല പ്രദേശങ്ങളിലും ജനകീയ ഇടപെടൽ അനുവദിക്കുന്നുണ്ട്‌ ; നിയന്ത്രണങ്ങൾക്ക്‌ വിധേയമായി എന്നുമാത്രം. ഗാഡ്‌ഗിൽ കമ്മിറ്റി ഒരിടത്ത്‌ നിന്നും ജനങ്ങളെ കുടിയൊഴിപ്പിക്കാൻ നിർദേശിക്കുന്നില്ല.
ഗാഡ്‌ഗിൽ ചെയ്‌തതെന്ത്‌?
ഗാഡ്‌ഗിൽകമ്മിറ്റി ആദ്യം ചെയ്‌തത്‌ പശ്ചിമഘട്ടത്തിന്റെ അതിരുകൾ നിർണയിക്കുകയാണ്‌. ഇതിന്‌ മുഖ്യമായും ആധാരമാക്കുന്നത്‌ ഫോറസ്റ്റ്‌ സർവേ ഓഫ്‌ ഇന്ത്യയുടെ ഭൂപടമാണ്‌. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരവും വനത്തിന്റെ വ്യാപ്‌തിയുമാണ്‌ ഇതിനായി പരിഗണിച്ചത്‌. ഡക്കാൻ പീഠഭൂമിയിൽ നിന്ന്‌ പശ്ചിമഘട്ടം ഉയർന്നുനിൽക്കുന്നത്‌ പൊതുവിൽ 500 മീറ്റർ ഉയരത്തിൽ നിന്ന്‌ ആയതിനാൽ ഇതാണ്‌ കിഴക്കേ അതിർത്തിയായി കണക്കാക്കുന്നത്‌. പടിഞ്ഞാറുഭാഗത്ത്‌ പർവതനിരകൾ സമുദ്ര തീരത്തേയ്‌ക്ക്‌ ചെരിഞ്ഞുകിടക്കുന്നതിനാൽ 150 മീറ്ററിലധികം ഉയര ത്തിലുള്ള വനപ്രദേശമാണ്‌ പടിഞ്ഞാറേ അതിർത്തി. തെക്ക്‌ കന്യാകുമാരി മുതൽ വടക്ക്‌ തപതി നദിവരെ നീണ്ടുകിടക്കുന്ന മലനിരകളാണ്‌ പശ്ചിമ ഘട്ടം. ഇത്‌ തമിഴ്‌നാട്‌, കേരളം, കർണാടകം, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്‌ എന്നീ ആറ്‌ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നു.
ഏകദേശ വിസ്‌തൃതി 1,65,000 ച.കി.മീ. കൂടിയ വീതി 210 കി.മീ.(തമിഴ്‌നാട്ടിൽ) ; കുറഞ്ഞത്‌ 48 കി.മീ. (മഹാരാഷ്‌ട്രയിൽ). നീളം ഏതാണ്ട്‌ 1500 കി.മീ.
സമിതി രണ്ടാമത്‌ ചെയ്‌തത്‌ പശ്ചിമഘട്ടത്തിന്റെ ഇന്നത്തെ പാരിസ്ഥിതിക അവസ്ഥയുടെ വിശദമായ വിലയിരുത്തലാണ്‌. 25 കോടി ജനങ്ങളുടെ ജീവജലസ്രോതസ്സ്‌, ആഗോള പ്രധാനമായ ജൈവ കലവറ, പ്രാദേശികസമ്പദ്‌ഘടനയെ നിർണ്ണായകമായി സ്വാധീനിക്കുന്ന പരിസ്ഥിതി വ്യവസ്ഥ എന്നീ നിലകളിലെല്ലാം പശ്ചിമഘട്ടം അതീവ പ്രധാനമാണെന്ന്‌ സമിതി വിലയിരുത്തി. കൃഷിയും ഖനനവും, മണലൂറ്റും, പാറപൊട്ടിക്കലുമെല്ലാം പശ്ചിമഘട്ടത്തിന്റെ ഭൂവിനിയോഗത്തിൽ ഗണ്യമായ മാറ്റം വരുത്തിയിട്ടുണ്ട്‌. ഈ `വികസന' വഴികൾ പ്രകൃതിസമ്പത്തിന്‌ വലിയ നാശം വരുത്തി. അത്‌ ആത്യന്തികമായി ജനജീവിതത്തിൽ പ്രതിസന്ധികളായി പടരുകയും ചെയ്‌തു.
വികസനവും പരിസ്ഥിതി പരിപാലനവും മനുഷ്യരെ ഒഴിവാക്കിക്കൊണ്ടാണ്‌ നടക്കുന്നതെന്ന്‌ നിരീക്ഷിച്ച സമിതി, ജനകീയപങ്കാളിത്തത്തിന്റെ പ്രാധാന്യം അടിവരയിടുന്നുണ്ട്‌. പശ്ചിമഘട്ടത്തെ തൊട്ടു കൂടാത്തതും, തോന്നുംപടി കയറി ഇറങ്ങാവുന്നതുമായ രണ്ട്‌ കളങ്ങളിലായി തിരിച്ച്‌ കടുത്ത വ്യവസ്ഥകൾ അടിച്ചേൽപ്പിക്കുകയല്ല ഗാഡ്‌ഗിൽ സമിതി ചെയ്‌തത്‌. കാലദേശാനുസരണമായി, പ്രദേശവാസികളുടെ പൂർണ്ണ പങ്കാളിത്തത്തോടെ നിശ്ചയിക്കാവുന്ന പരിപാലന-വികസന സമീപനങ്ങളാണ്‌ വേണ്ടതെന്നായിരുന്നു ഗാഡ്‌ഗിൽ സമിതിയുടെ നിഗമനം. അതിനാൽ, സാമൂഹിക-സാമ്പത്തിക ഘടകങ്ങൾ പരിഗണിച്ച്‌ വകതിരിവുള്ള പങ്കാളിത്ത വികസന പരിപാലന മാതൃകയ്‌ക്കാണ്‌ കമ്മിറ്റി ഊന്നൽ നൽകിയത്‌. കാര്യങ്ങൾ അടിച്ചേൽപ്പിക്കുക എന്നതായിരുന്നില്ല സമീപനം.
ഇത്തരം വിചിന്തനങ്ങളുടെ അടിസ്ഥാനത്തിൽ, പശ്ചിമഘട്ട മേഖലയാകെ, പരിസ്ഥിതിലോല മേഖലയാണ്‌ എന്നതായിരുന്നു സമിതിയുടെ വിലയിരുത്തൽ. സൂക്ഷ്‌മകീടങ്ങളുടെ അനന്തതയടക്കം നാനാജാതി സസ്യ-ജന്തുവൈവിധ്യവും അവയിൽ പലതിന്റെയും തനിമയും പശ്ചിമ ഘട്ടത്തെ ഒന്നാകെ സവിശേഷമാക്കുന്നുണ്ട്‌. പരിസ്ഥിതിലോലാവസ്ഥ നിർണ്ണയിക്കുന്നതിന്‌ കേന്ദ്രസർക്കാർ നേരത്തെ നിയോഗിച്ചിരുന്ന പ്രണാബ്‌ സെൻ സമിതിയുടെ മാനദണ്ഡങ്ങൾ ഉപയോഗിച്ചാണ്‌ ഗാഡ്‌ഗിൽ സമിതിയും പശ്ചിമഘട്ടത്തെയാകെ പരിസ്ഥിതി ലോല പ്രദേശമായി കണ്ടെത്തിയത്‌.
എന്നാൽ പശ്ചിമഘട്ടത്തിലെ എല്ലാ പ്രദേശങ്ങളിലുമുള്ള ഭൂവിനിയോഗത്തിന്‌ ഒരേ രീതിയല്ല കമ്മിറ്റി നിർദേശിച്ചതെന്ന്‌ നേരത്തെ സൂചിപ്പിച്ചല്ലോ. ഓരോ സ്ഥലത്തെയും സവിശേഷതകൾക്കനുസരിച്ച്‌ അവിടത്തെ പ്രവർത്തനങ്ങൾക്ക്‌ ചില നിബന്ധനകൾ വയ്‌ക്കുകയാണ്‌ ചെയ്‌തത്‌. പ്രദേശവാസികളെയും കൃഷിയെയും എല്ലാം ഇറക്കി വിട്ട്‌ പ്രകൃതി പരിപാലനം നടത്താം എന്നൊന്നും ഒരിടത്തും സമിതി പറഞ്ഞിട്ടില്ല.
മറിച്ച്‌ പശ്ചിമഘട്ടത്തെ ആശ്രയിക്കുന്ന മനുഷ്യർക്കും മണ്ണിനും - ഇന്നത്തെ മാത്രമല്ല നാളത്തെയും - സുസ്ഥിരനന്മ ലക്ഷ്യമിടുന്ന, പരിപൂർണ്ണ പങ്കാളിത്തത്തോടെയുള്ള, സ്വയം നിർണ്ണയിക്കുന്ന, അച്ചടക്കവും ചിട്ടയും വേണമെന്നതാണ്‌ കമ്മിറ്റിയുടെ നിയന്ത്രണ നിർദ്ദേശങ്ങളുടെ കാതൽ.
ഈ രീതിയിൽ പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോലത നിർണയിക്കുന്നതിനും അതിന്റെ അടിസ്ഥാനത്തിൽ പ്രാദേശികമായി വേർതിരിവ്‌ നടത്തുന്നതിനും സഹായകമായ ഒരു രീതിശാസ്‌ത്രം കമ്മിറ്റി രൂപ പ്പെടുത്തിയെടുക്കുകയായിരുന്നു.
(1) അടിസ്ഥാനവിവരങ്ങൾ ശേഖരിക്കുക
(2) അതിന്റെ അടിസ്ഥാനത്തിൽ മേഖലാവൽക്കരണം നടത്തുക
(3) ഓരോ മേഖലയും സംരക്ഷിക്കുന്നതിനുള്ള പ്രത്യേക മാനദണ്ഡ ങ്ങൾ ആവിഷ്‌കരിക്കുക -
ഇങ്ങനെ മൂന്ന്‌ തലങ്ങളിലായാണ്‌ സമിതി ഇക്കാര്യം നിർവഹിച്ചത്‌.
ഇതിനായി ഭൂമിയുടെ കിടപ്പ്‌, ഉയരം, താഴ്‌ച, വൃക്ഷസാന്നിധ്യം, ജൈവസമ്പന്നത മുതലായവ സംബന്ധിച്ച്‌ പര മാവധി വിവരങ്ങൾ ശേഖരിച്ച്‌ ഉപയോഗിക്കുകയായിരുന്നു. ഈ വിവരങ്ങളെ കോർത്തിണക്കി 2200-ഓളം ചെറിയ പഠനപ്രദേശങ്ങൾ (ഗ്രിഡുകൾ) സമിതി കണ്ടെത്തുകയായിരുന്നു. ഈ ഗ്രിഡുകൾ നിലവിലുള്ള ജലസ്രോതസ്സുകളുടെയോ ഭരണയൂണിറ്റുകളുടെയോ അതേ അതിർത്തി തന്നെ ഉള്ളവ ആയിക്കൊള്ളണമെന്നില്ല.
പാരിസ്ഥിതിക ലോലത കണക്കാക്കാൻ ഉപയോഗിച്ച മാനദണ്ഡങ്ങൾ താഴെപ്പറയുന്നവയാണ്‌.
1. ജൈവശാസ്‌ത്രപരമായ ഘടകങ്ങൾ - വൈവിധ്യവും സമ്പന്നതയും, അപൂർവ ജനുസ്സുകളെ സംബന്ധിച്ച വിവരങ്ങൾ, ജൈവവർഗങ്ങളുടെ ആവാസവ്യവസ്ഥ, ഉൽപാദനക്ഷമത, പാരിസ്ഥിതികവും ചരിത്രപര വുമായ പ്രാധാന്യം.
2. ഭൗമഘടകങ്ങൾ - ഭൂതല സവിശേഷതകൾ, കാലാവസ്ഥ, മഴ, പ്രകൃതിദുരന്തസാധ്യത എന്നിങ്ങനെ.
3. സാമൂഹികഘടകങ്ങൾ - ജനാഭിപ്രായ സ്വരൂപണം, ബന്ധപ്പെട്ട വരുടെ അഭിപ്രായങ്ങൾ എന്നിങ്ങനെ.
ഈ ഘടകങ്ങൾ ഓരോന്നിനും നൽകിയ മാർക്കുകളുടെ (Weightage) അടിസ്ഥാനത്തിൽ അവയുടെ ഏറ്റക്കുറച്ചിലിനനുസരിച്ച്‌ വിവിധ പാരി സ്ഥിതിക ലോല പ്രദേശങ്ങളായി തരംതിരിക്കുകയായിരുന്നു. (ഈ രീതിശാസ്‌ത്രത്തെ കൂടുതൽ ചർച്ചയ്‌ക്കായി ഒരു പ്രത്യേക പ്രബന്ധമായിത്തന്നെ `കറന്റ്‌ സയൻസ്‌' മാസികയിൽ പ്രസിദ്ധീകരിച്ചു.)
വ്യത്യസ്‌ത പരിസ്ഥിതി മേഖലകളിൽ (ESZ) പെടുന്ന താലൂക്കുകൾ സംബന്ധിച്ച പൊതുചിത്രം കമ്മിറ്റി നൽകിയിരുന്നു. എന്നാൽ ഈ വിഭജനത്തിന്റെ അന്തിമരൂപം വിവിധ പഞ്ചായത്തീരാജ്‌ സ്ഥാപനങ്ങളിൽ ജനങ്ങളുമായുള്ള ചർച്ചകൾക്കു ശേഷം നിർണ്ണയിക്കണം എന്ന്‌ വ്യക്തമായി തന്നെ സമിതി നിർദേശിച്ചു. സർക്കാർ സംവിധാനങ്ങളെ മാത്രം ആശ്രയിച്ച്‌ മേഖലാവിഭജനം നടത്തുന്നതും അവയുടെ പരിപാലനം ആസൂത്രണം ചെയ്യുന്നതും ആശാസ്യമല്ല എന്നും ജനപങ്കാളിത്തത്തോടെയുള്ള തീരുമാനമാണ്‌ ഉണ്ടാകേണ്ടതെന്നും റിപ്പോർട്ട്‌ വ്യക്തമാക്കുന്നുണ്ട്‌.
ഓരോ മേഖലയിലും പുലർത്തേണ്ട ചിട്ടകൾ സംബന്ധിച്ച നിർദേശങ്ങളും കമ്മിറ്റി അവതരിപ്പിച്ചിട്ടുണ്ട്‌. പരിസ്ഥിതി പ്രാധാന്യമനുസരിച്ച്‌ നിയന്ത്രണങ്ങളിൽ വ്യത്യാസമുണ്ട്‌. യഥാർത്ഥത്തിൽ ഗാഡ്‌ഗിൽ സമിതി പുത്തൻ നിയന്ത്രണങ്ങളോ ചട്ടങ്ങളോ കൊണ്ടുവരികയല്ല ചെയ്‌തത്‌. നിലവിലുള്ള നിയന്ത്രണങ്ങളും നിയമങ്ങളും കാര്യക്ഷമമായി നടപ്പിലാക്കുന്നതിനുള്ള നിർദേശങ്ങളാണ്‌ സമിതി മുന്നോട്ടുവച്ചത്‌. എന്നാൽ ഇന്ന്‌ നിയമവും ചട്ടവും കർശനമാക്കുന്നതിനെതിരെ നിക്ഷിപ്‌തതാൽ പര്യക്കാർ ഉറഞ്ഞുതുള്ളുകയാണ്‌. പശ്ചിമഘട്ട പരിസ്ഥിതി അഥോറിറ്റി രൂപീകരണം സംബന്ധിച്ച വിശദാംശങ്ങളാണ്‌ റിപ്പോർട്ടിലെ മറ്റൊരു ഭാഗം. ഈ അഥോറിറ്റി ഗാഡ്‌ഗിൽ സമിതിയുടെ നിർദേശമല്ല. അഥോറിറ്റി കേന്ദ്രസർക്കാർ നിർദേശമാണ്‌. അത്‌ രൂപീകരിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ നിർദേശിക്കുക മാത്രമായിരുന്നു സമിതിയുടെ ചുമതല. സർക്കാർ വകുപ്പുകൾക്ക്‌ സമഗ്രമായൊരു പാരിസ്ഥിതികവീക്ഷണത്തോടെ ഇടപെടാനോ, ശാസ്‌ത്രീയ വിജ്ഞാനത്തിന്റെ അടിത്തറയിൽ തീരുമാനങ്ങൾ എടുക്കാനോ കഴിയാത്ത സാഹചര്യത്തിലാണ്‌ ഇത്തരമൊരു അഥോറിറ്റി സംബന്ധിച്ച നിർദേശം വന്നത്‌. ജനപ്രതിനിധികളുടെയും ജനാധിപത്യസ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെയും പിന്തുണയോടെയുമുള്ള ഒരു സംവിധാനം രൂപീകരിക്കുന്നതിനുള്ള നിർദേശങ്ങളാണ്‌ സമിതി സമർപ്പിച്ചത്‌. എങ്കിലും ഇക്കാര്യം ഇനിയും ചർച്ചചെയ്യേണ്ടതാണ്‌.
അതിരപ്പള്ളി ജലവൈദ്യുതപദ്ധതി പ്രത്യേകമായി പരിഗണിക്കണമെന്ന്‌ കേന്ദ്രസർക്കാർ സമിതിയോട്‌ ആവശ്യപ്പെടുകയായിരുന്നു. ജൈവ വൈവിധ്യം, ആദിവാസികൾ, കുടിവെള്ളം, പരിസ്ഥിതി, ജലസേചനവും കൃഷിയും - എല്ലാറ്റിനെയും ഏറെ ദോഷകരമായി ബാധിക്കുന്ന ഒന്നായിരിക്കും അതിരപ്പള്ളി പദ്ധതിയെന്നും അതിന്റെ നിർദ്ദിഷ്‌ടശേഷി കൈവരിക്കുക സാധ്യമാകില്ലെന്നുമുള്ള നിഗമനത്തിന്റെ അടിസ്ഥാനത്തിൽ അത്‌ ഉപേക്ഷിക്കണമെന്ന്‌ സമിതി ശുപാർശ ചെയ്യുകയായിരുന്നു.
വിമർശനങ്ങളിലൂടെ
തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ, ഗാഡ്‌ഗിൽ റിപ്പോർട്ടിനെതിരെ ഒട്ടേറെ വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. പൊതുഭൂമി സ്വകാര്യവ്യക്തികൾക്ക്‌ കൈമാറരുത്‌ എന്ന ശുപാർശ, 1977-ന്‌ മുൻപ്‌ കുടിയേറിയവർക്ക്‌ പട്ടയം നൽകുന്നതിന്‌ പോലും തടസ്സമാകും എന്ന്‌ വ്യാഖ്യാനിക്കപ്പെട്ടു. അങ്ങനെ റിപ്പോർട്ടാകെ അതിദ്രുതം ജനവിരുദ്ധമായി. വാസ്‌തവത്തിൽ 1977ന്‌ മുമ്പ്‌ കുടിയേറിയവരെപ്പറ്റിയായിരുന്നില്ല, ഇപ്പോഴും `കയ്യേറ്റം' നടത്തുന്നവരെപ്പറ്റിയായിരുന്നു റിപ്പോർട്ടിലെ പരാമർശം.
ESZ1ൽ `വികസനം' നിലയ്‌ക്കും, താമസക്കാർ പുറത്താകും, എന്നതായിരുന്നു മറ്റൊരു വിമർശനം (റിപ്പോർട്ടിലെവിടെയും ഇത്തരം പരാമർശമില്ല). രാസവള, കീടനാശിനി നിയന്ത്രണം കൃഷിയുടെ നടുവൊടിക്കും, റോഡും സ്‌കൂളും ആശുപത്രിയുമൊന്നും കെട്ടാൻ പറ്റില്ല. പാറമടകൾക്കും മണലൂറ്റിനും നിയന്ത്രണം ഏർപ്പെടുത്തിയാൽ നിർമ്മാണമേഖല തകരും. ടൂറിസം മേഖല താറുമാറാകും, ശബരിമല തകരും... ജലവൈദ്യുതപദ്ധതികൾക്കും ഡാമുകൾക്കുമെതിരെയുള്ള ശുപാർശകൾ കേരളത്തെയാകെ ഇരുട്ടിലാഴ്‌ത്തും എന്നിങ്ങനെ പോകുന്നു വിമർശനം.
ഞായറാഴ്‌ച കുർബാനകളിൽ ഇടയലേഖനങ്ങൾ വന്നു. രാഷ്‌ട്രീയയോഗങ്ങളിൽ പോലും ഇത്‌ ആവർത്തിച്ചു. ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ട്‌ വികസനവിരുദ്ധവും ജനവിരുദ്ധവുമാണെന്നും വികസനത്തെ അട്ടിമറിക്കാനുള്ള അന്താരാഷ്‌ട്ര ഗൂഢാലോചനയാണെന്നും വരെ വിമർശിക്കപ്പെട്ടു.
എന്താണ്‌ വസ്‌തുത
കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക ഭാവി തകർക്കുന്നതാണോ ഗാഡ്‌ഗിൽ റിപ്പോർട്ട്‌ ? അത്‌ വിശദമായി പരിശോധിച്ചാൽ ഈ പ്രചാരണത്തിന്റെ ഉള്ളുകള്ളികൾ നന്നായി ബോധ്യപ്പെടും.
വാസ്‌തവത്തിൽ നമ്മുടെ നാടിന്റെ സുസ്ഥിരവും സമതുലിതവുമായ സാമൂഹിക-സാമ്പ ത്തിക ഭാവിയെയാണ്‌ റിപ്പോർട്ട്‌ ലക്ഷ്യം വയ്‌ക്കുന്നത്‌. അതിദ്രുത ലാഭത്തെയും അതിനെ ചുറ്റിപ്പറ്റി വളരുന്ന കമ്പോളരൂപങ്ങളെയും അത്‌ തള്ളിക്കളയുന്നുണ്ട്‌ എന്നത്‌ ശരിയാണ്‌. ESZ നിർണ്ണയത്തിനും പരിപാലനത്തിനും സർക്കാർ സംവിധാനങ്ങളെ സമ്പൂർണമായി ആശ്രയിക്കുന്നത്‌ ആശാസ്യമാണെന്ന്‌ സമിതി കരുതുന്നില്ല. നീർത്തടങ്ങളെയും ഗ്രാമാതി ർത്തികളെയുമെല്ലാം കണക്കിലെടുത്ത്‌ ESZകളുടെ അന്തിമനിർണ്ണയം (സംരക്ഷിതപ്രദേശങ്ങളുടെ ചുറ്റുപാട്‌ അടക്കം), പരിപാലനരീതികൾ, എന്നിവയെല്ലാം തദ്ദേശഭരണസ്ഥാപനങ്ങളുടെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ കൂടിയാകണം. ഈ പ്രക്രിയയ്‌ക്ക്‌ പശ്ചിമഘട്ട പരിസ്ഥിതി അഥോറിറ്റി ചുമതല വഹിക്കും - ഇതാണ്‌ റിപ്പോർട്ടിലെ ശ്രദ്ധേയമായ പരാമർശം.
ഗ്രാമസഭ വരെ എത്തുന്ന ഒരു പങ്കാളിത്ത പ്രക്രിയയിലൂടെ തങ്ങളുടെ നിർദേശങ്ങൾ ഇണക്കിച്ചേർക്കണമെന്നാണ്‌ റിപ്പോർട്ട്‌ പറയുന്നത്‌. യഥാർത്ഥത്തിൽ കൃഷിക്കും കർഷകനും വേണ്ടിയുള്ള റിപ്പോർട്ടാണ്‌ ഇത്‌. കാർഷികഭൂമി കാർഷികേതര കച്ചവടങ്ങൾക്ക്‌ കൈമാറരുത്‌ എന്ന്‌ പറയുന്നത്‌ ഇതിനുള്ള ഉദാഹരണമാണ്‌. കർഷകന്റെ, കർഷകത്തൊഴിലാളിയുടെ, വരുമാനം കുറവാണെന്നതിനാൽ ഈ മേഖലയ്‌ക്ക്‌ പല വിധ പ്രോത്സാഹനവും സാമ്പത്തികസഹായവും നൽകണമെന്ന്‌ പറയുന്നുണ്ട്‌. അതായത്‌, ജൈവകൃഷിയിലേക്ക്‌ ഘട്ടംഘട്ടമായി മാറണം. ESZ1ൽ 5 വർഷത്തിനകവും, ESZ2ൽ 8 വർഷത്തിനകവും, ESZ3ൽ 10 വർഷത്തിനകവും രാസകീടനാശിനി, രാസവളങ്ങൾ എന്നിവ ഒഴിവാക്കണം.
300 ചെരിവുള്ള സ്ഥലങ്ങളിൽ ഹ്രസ്വകാലവിളകൾക്കുപകരം ദീർഘകാലവിളകൾ നടണം. മണ്ണൊലിപ്പ്‌ തടയുന്നതിന്‌ ഇത്‌ അനിവാര്യമാണ്‌. കൃഷിയും കർഷകരും നാടിന്‌ നൽകുന്ന നന്മകൾ കണക്കിലെടുത്ത്‌ പ്രോത്സാഹനങ്ങൾ എർപ്പെടുത്തണം.
കൃഷി തളർച്ചയിലായതോടെ സമ്പദ്‌ഘടനയുടെ `താങ്ങായി' ടൂറിസം മാറുന്നുണ്ട്‌. എന്നാൽ അനിയന്ത്രിതമായ ടൂറിസം വികസനം അപരിഹാര്യമായ പരിസ്ഥിതി തകർച്ചയ്‌ക്ക്‌ വഴി വച്ചിട്ടുണ്ട്‌. നമ്മുടെ നാടിന്റെ തനിമകൾ സംരക്ഷിക്കപ്പെട്ടില്ലെങ്കിൽ ടൂറിസവും സ്ഥായിയായി വികസിക്കില്ല. കാടും പുഴയും വയലും കുന്നും കടൽത്തീരവുമെല്ലാം സംരക്ഷിച്ചില്ലെങ്കിൽ കേരളത്തിൽ പിന്നെ എന്താണ്‌ കാണാനുണ്ടാകുക? പരിസ്ഥിതിപരിപാലനം വിനോദ സഞ്ചാരമേഖലയുടെ സ്ഥായിയായ വികസനത്തിനും അനിവാര്യമാണ്‌.
ഡാമുകൾ പൊളിക്കാൻ സമിതി ശുപാർശ ചെയ്‌തിട്ടില്ല. ഏറെ ചർച്ചയ്‌ക്കുകാരണമായ ഒരു ഭാഗമാണിത്‌. കാലം കഴിഞ്ഞ, ഉപയോഗപ്രദമല്ലാത്ത ഡാമുകൾ ഘട്ടം ഘട്ടമായി ഒഴിവാക്കണം എന്നതാണ്‌ നിർദേശം. ഇതാണ്‌ ഡാമുകൾ `പൊളിക്കൽ' ആക്കി മാറ്റിയത്‌. ഡാമുകൾ ഉപയോഗപ്രദമാക്കാനുള്ള വഴികൾ തേടുകയാണ്‌ വേണ്ടത്‌. ജലസേചനത്തിനും വൈദ്യുതി ഉൽപാദനത്തിനും സുസ്ഥിരവും കാര്യക്ഷമവുമായ നിരവധി നിർദേശങ്ങൾ കമ്മിറ്റി സമർപ്പിച്ചിട്ടുണ്ട്‌. ESZ1ൽ 10 MW വരെയും ESZ2ൽ 25 MW വരെയും ESZ3ൽ 25 MWൽ കൂടുതലും ശേഷിയുള്ള വൈദ്യുത നിലയങ്ങളാകാമെന്നാണ്‌ റിപ്പോർട്ടിലെ ശുപാർശ. ജലവൈദ്യുത നിലയങ്ങൾക്ക്‌ കർശനമായ പരിസ്ഥിതി പരിശോധന വേണമെന്നുണ്ട്‌. ഇത്‌ ഇന്ന്‌ ആരും തള്ളിക്കളയുമെന്ന്‌ തോന്നുന്നില്ല.
എന്നാൽ ESZ1ൽ നിലവിലുള്ള പാറമടകൾക്കും മണലൂറ്റിനും നിയന്ത്രണം നിർദേശിച്ചിട്ടുണ്ട്‌. ഇവിടെ പുതിയ മടകൾക്കും മണലൂറ്റിനും അനുമതി നൽകാൻ പാടില്ല. പാരിസ്ഥിതിക-സാമൂഹികപ്രത്യാഘാതങ്ങൾ കണക്കിലെടുത്ത്‌, നിയമം പാലിച്ച,്‌ മാത്രമേ മറ്റു മേഖലകളിലും പാറപൊട്ടിക്കാനും മണലൂറ്റാനും പാടുള്ളു. മാത്രമല്ല, അനധികൃത മണലൂറ്റും പാറമടകളും അടച്ചുപൂട്ടണമെന്ന്‌ സമിതി ശുപാർശ ചെയ്യുന്നുമുണ്ട്‌. അതിവേഗ സാമ്പത്തികനേട്ടത്തിനായി നിയമത്തെ നോക്കുകുത്തിയാക്കി പാറമടകൾ പ്രവർത്തിക്കുന്നത്‌ തടയുകയാണ്‌ ഇതിലൂടെ ലക്ഷ്യമാക്കുന്നത്‌.
കസ്‌തൂരിരംഗൻ കമ്മിറ്റിയുടെ തിരുത്ത്‌
സഗാഡ്‌ഗിൽ റിപ്പോർട്ട്‌ ഒരു വിവാദമായപ്പോഴാണ്‌ അത്‌ നടപ്പാക്കുന്നതിനെപ്പറ്റി പഠിച്ച്‌ നിർദേശങ്ങൾ നൽകുന്നതിനായി ഡോ.കസ്‌തൂരിരംഗൻ കമ്മിറ്റിയെ ചുമതലപ്പെടുത്തുന്നത്‌. കമ്മിറ്റിയോടാവശ്യപ്പെട്ട കാര്യങ്ങൾ,
1. ഗാഡ്‌ഗിൽ റിപ്പോർട്ടിനെ സമഗ്രമായി പരിശോധിക്കുക.
2. ജൈവവൈവിധ്യവും പരിസ്ഥിതിയും പശ്ചിമഘട്ടപ്രദേശത്തിന്റെ സാംസ്‌കാരിക-സാമൂഹികവളർച്ചയുടെ പശ്ചാത്തലത്തിൽ പരിശോധിക്കുക.
3. ആദിവാസി-വനവാസി താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള പരിസ്ഥിതി സംരക്ഷണത്തിനുള്ള നിർദേശങ്ങൾ നൽകുക.
4. പശ്ചിമഘട്ടത്തിന്‌ കൈവന്ന ആഗോളപൈതൃകപദവി അതിന്റെ വികസനത്തെയും പരിസ്ഥിതിയെയും എങ്ങനെ ബാധിക്കും എന്ന്‌ വിലയിരുത്തുക.
5. പശ്ചിമഘട്ട വികസനത്തെ കേന്ദ്ര-സംസ്ഥാനബന്ധങ്ങളുടെ പശ്ചാത്തലത്തിൽ പരിശോധിക്കുക.
6. ഗാഡ്‌ഗിൽ റിപ്പോർട്ട്‌ ബന്ധപ്പെട്ടവരുമായി ചർച്ചചെയ്യുക. തുടർ നടപടികൾ നിർദേശിക്കുക.
കസ്‌തൂരിരംഗൻ കമ്മിറ്റിയുടെ നിയമനോദ്ദേശം അതിന്റെ പരിഗണനാ വിഷയങ്ങളിൽ നിന്നുതന്നെ വ്യക്തമാണ്‌. ഗാഡ്‌ഗിൽ സമിതിയുടെ ശുപാർശകൾ വികസനവിരുദ്ധവും ജനവിരുദ്ധവുമാണെന്ന പ്രചാരണത്തിന്റെ സ്വാധീനമാണ്‌ പരിഗണനാവിഷയങ്ങളിൽ തന്നെയുള്ളത്‌. ഇക്കാര്യം സഫലീകരിക്കുന്ന ശുപാർശയാണ്‌ കസ്‌തൂരിരംഗൻ കമ്മിറ്റി സമർപ്പിച്ചത്‌.
ഗാഡ്‌ഗിൽ റിപ്പോർട്ടിന്മേലുള്ള പൊതുപ്രതികരണം വിലയിരുത്തി കസ്‌തൂരിരംഗൻ കമ്മിറ്റി കണ്ടെത്തിയ കാര്യങ്ങളുണ്ട്‌ : ഗാഡ്‌ഗിൽ റിപ്പോർട്ട്‌ പ്രസിദ്ധീകരിച്ചതിനുശേഷം പ്രതികരിച്ച (വെബ്‌സൈറ്റിൽ) 1750 പേരിൽ 81% റിപ്പോർട്ടിനെ എതിർത്തു. കസ്‌തൂരിരംഗൻ കമ്മിറ്റി രൂപീകരണത്തിനുശേഷം അഭിപ്രായമറിയിച്ച 150 പേരിൽ 105 പേരും ഗാഡ്‌ഗിൽ ശുപാർശകൾക്കെതിരായിരുന്നു. സംസ്ഥാനസർക്കാരുകളും കേന്ദ്രമന്ത്രാലയങ്ങളും എതിർപ്പുകൾ അറിയിക്കുകയോ പിന്തുണക്കാതിരിക്കുകയോ ചെയ്‌തു. 25 കോടി മനുഷ്യരുടെ ജീവിതത്തെ ബാധിക്കുന്ന ഒരു പരിസ്ഥിതി വ്യവസ്ഥയുടെ സംരക്ഷണത്തെ കുറിച്ച്‌ 1900 പേരുടെ വാക്കുകേട്ട്‌ നിഗമനത്തിലെത്തുകയാണ്‌ കസ്‌തൂരിരംഗൻ കമ്മിറ്റി. ആദ്യത്തെ 1750 പേരിൽ 53 ശതമാനവും ഖനനലോബിയിൽ പെട്ടവരാണെന്ന്‌ കസ്‌തൂരിരംഗൻ കമ്മിറ്റി റിപ്പോർട്ട്‌ തന്നെ സൂചിപ്പിക്കുന്നുണ്ട്‌.
പരിസ്ഥിതി ലോല പ്രദേശം
കസ്‌തൂരിരംഗൻ കമ്മിറ്റി പശ്ചിമഘട്ടത്തെ പൊതുവിൽ രണ്ടായി തിരിക്കുകയായിരുന്നു - സ്വാഭാവിക പ്രകൃതിമേഖല (Natural Land Scape), സാംസ്‌കാരിക പ്രകൃതിമേഖല (Cultural Land Scape) എന്നിങ്ങനെ. ഇതിൽ സ്വാഭാവിക പ്രകൃതിമേഖലയെ മാത്രമാണ്‌ കസ്‌തൂരിരംഗൻ പരിസ്ഥിതി ദുർബലമേഖലയായി കണക്കാക്കിയത്‌. വനമേഖലയുടെ ഛിന്നഭിന്നത (Fragmentation), ജൈവസമ്പന്നത (Biological richness) എന്നിവയെ ആധാരമാക്കിയാണ്‌ കസ്‌തൂരിരംഗൻ പരിസ്ഥിതി ലോല മേഖലകൾ നിർണ്ണയിച്ചത്‌.
പെരിയാർ കടുവസങ്കേതം പോലുള്ള സംരക്ഷിതപ്രദേശവും പൈതൃകപ്രദേശങ്ങളും കൂടി ഉൾപ്പെടുത്തിയാണ്‌ പരിസ്ഥിതിലോലപ്രദേശത്തിന്റെ വിസ്‌തൃതി തിട്ടപ്പെടുത്തിയത്‌.
ഇതുപ്രകാരം പശ്ചിമഘട്ടമേഖലയുടെ 37% മാത്രമാണ്‌ പരിസ്ഥിതി ദുർബലമേഖല. കേരളത്തിലെ പശ്ചിമഘട്ടമേഖലയിൽ 44% ആണ്‌ പരിസ്ഥിതി പ്രധാനമേഖല. ഗണ്യമായ മനുഷ്യഇടപെടൽ നടക്കുന്ന സാംസ്‌കാരിക മേഖലയെ പരിസ്ഥിതി പ്രധാനമേഖലയിൽ നിന്നും കസ്‌തൂരിരംഗൻ കമ്മിറ്റി ഒഴിവാക്കി. 63 ശതമാനം പശ്ചിമഘട്ടപ്രദേ ശത്തും ഇന്നത്തെ നിലയിൽ തന്നെ കാര്യങ്ങൾ പോകട്ടെ എന്നാണ്‌ ചുരുക്ക ത്തിൽ കസ്‌തൂരിരംഗൻ കമ്മിറ്റിയുടെ ശുപാർശ.
പരിസ്ഥിതി പ്രധാന മേഖലയിൽ നടപ്പാക്കാനുള്ള നിർദേശങ്ങൾ ഇനി പറയുന്നവയാണ്‌.
1. പരിസ്ഥിതി പ്രധാന മേഖലയിലെ ഖനനവും മണലൂറ്റും പാറ പൊട്ടിക്കലും നിരോധിക്കണം. നിലവിലുള്ളവ 5 കൊല്ലംകൊണ്ട്‌ ഘട്ടം ഘട്ടമായി നിർത്തണം.(അഞ്ചുകൊല്ലം തുടരാം എന്നർഥം.)
2. മലിനീകരണമുണ്ടാക്കുന്ന `ചുവപ്പ്‌' ലിസ്റ്റിൽപെട്ട വ്യവസായങ്ങൾ പാടില്ല.
3. പരിസ്ഥിതി ദുർബല മേഖലയിൽ നിന്നും വനേതര ഉപയോഗത്തിനായി ഭൂമി മാറ്റുമ്പോൾ സുതാര്യത പുലർത്തണം (അപ്പോൾ വനം കൈ മാറാൻ ലൈസൻസായി!)
4. ദുർലഭകാലത്തെ നീരൊഴുക്കിന്റെ 30 ശതമാനം എങ്കിലും തടസ്സമില്ലാത്ത നീരൊഴുക്കുണ്ടാകണം,
5. പദ്ധതികൾ തമ്മിൽ കുറഞ്ഞത്‌ 3 കി.മീറ്ററെങ്കിലും അകലമുണ്ടാകണം, ജൈവവൈവിധ്യനാശം കണക്കിലെടുക്കണം തുടങ്ങി ജലവൈദ്യുതപദ്ധതികളുടെ അനുമതിക്കായി നിബന്ധനകൾ കുറിക്കുന്ന കമ്മിറ്റി 25MWൽ കുറവ്‌ ശേഷിയുള്ള പദ്ധതികൾ കാര്യക്ഷമമല്ലെന്നും അവ പുന:പരിശോധിക്കണമെന്നുമാണ്‌ ശുപാർശ ചെയ്യുന്നത്‌. വൻകിടജലവൈദ്യുതപദ്ധതികളുടെ വക്താക്കളായി കമ്മിറ്റി മാറുകയാണ്‌.
20000 ച.മീറ്ററിലധികം (5 ഏക്കർ) വിസ്‌തൃതിയുള്ള നിർമ്മാണങ്ങൾ അനുവദിക്കരുതത്രേ! (വനംമേഖലയിൽ 20000 ച.മീറ്റർ വരെ വിസ്‌തൃതിയുള്ള നിർമ്മാണമാകാമെന്നർഥം) ഈ കുറിപ്പടി ഒരു കാര്യം വ്യക്തമാക്കുന്നു. കനത്ത കാട്ടിലും ഭൂമി കൈമാറ്റം പ്രോത്സാഹിപ്പിക്കുകയും വൻകിടജല വൈദ്യുത പദ്ധതികൾക്ക്‌ വേണ്ടി വാദിക്കുകയുമാണ്‌ കസ്‌തൂരിരംഗൻ ചെയ്യുന്നത്‌.
തോക്കും കാവലും ഏർപ്പെടുത്തി സംരക്ഷിക്കുന്ന വനപ്രദേശം മാത്രമാണ്‌ കസ്‌തൂരിരംഗൻ കമ്മിറ്റിയുടെ `പരിസ്ഥിതി ദുർബല'മേഖല. കമ്മിറ്റി നിർദേശിക്കുന്ന 37 ശതമാനം വരുന്ന സ്വാഭാവിക പ്രകൃതി സംരക്ഷിക്കണമെങ്കിൽപ്പോലും അതിനു ചുറ്റുപാടുമുള്ള നല്ലൊരു ഭാഗം സംരക്ഷിച്ചു നിർത്തേണ്ടതുണ്ട്‌. ചുരുക്കത്തിൽ കമ്മിറ്റി നിർദേശിക്കുന്ന 67 ശതമാനം തകർന്നുപോകാതെ നിലനിന്നാൽ മാത്രമേ 37 ശതമാനം സ്വാഭാവികമേഖലയെ സംരക്ഷിച്ച്‌ നിലനിർത്താൻ കഴിയൂ എന്ന തിരിച്ചറിവ്‌ കമ്മിറ്റിക്ക്‌ ഇല്ലാതെ പോയതാണോ?
വിപണിയുടെ വഴി
പശ്ചിമഘട്ടപ്രദേശത്തിന്റെ സംരക്ഷണത്തിനും ഹരിത വികസനപാതയ്‌ക്കും ഒറ്റനോട്ടത്തിൽ ആകർഷകമാകുന്ന ചില പരിഹാരങ്ങൾ കസ്‌തൂരിരംഗൻ കമ്മിറ്റി മുന്നോട്ട്‌ വയ്‌ക്കുന്നുണ്ട്‌:
പരിസ്ഥിതിസേവനങ്ങൾക്കും വ്യവസ്ഥയ്‌ക്കും വിലയിടുക ; എന്നിട്ട്‌ അതിനനുസരിച്ച്‌ പ്രോത്സാഹനം പ്രഖ്യാപിച്ച്‌ പരിപാലനവും പരിസ്ഥിതിസംരക്ഷണവും ഉറപ്പാക്കുക. പ്രകൃതി സമ്പത്ത്‌ അപ്പാടെ കവർന്ന്‌ ലാഭം കുന്നുകൂട്ടുന്നവർക്ക്‌ `പ്രോത്സാഹനം' നൽകി പരിസ്ഥിതി സംരക്ഷിച്ചുകളയാമെന്ന വ്യാമോഹമാണ്‌ ഇതിൽ കാണുന്നത്‌.
മനുഷ്യനും പ്രകൃതിയും പ്രതിപ്രവർത്തിക്കുന്നിടത്താണ്‌ ഗണ്യമായ പരിസ്ഥിതിപ്രശ്‌നങ്ങളുണ്ടാകുന്നത്‌. പശ്ചിമ ഘട്ടത്തിലെ 63 ശതമാനം വരുന്ന മനുഷ്യ ഇടപെടൽ മേഖലയെ പരിധിയിൽ നിന്നൊഴിവാക്കി എന്ത്‌ പരിസ്ഥിതി പരിപാലനമാണ്‌ കസ്‌തൂരി രംഗൻ കമ്മിറ്റി ശുപാർശ ചെയ്യുന്നത്‌? ഇന്നത്തെ അതിദ്രുത ലാഭവഴികൾക്ക്‌ പച്ചക്കൊടി വീശുകമാത്രമായിരിക്കും ഫലം.
ഗാഡ്‌ഗിൽ കമ്മിറ്റിയാകട്ടെ പശ്ചിമഘട്ടപ്രദേശത്തെ ഒറ്റപ്പെട്ട തുരുത്തുകളായി തിരിക്കുകയല്ല, തുടർച്ചയുള്ള ഒരു ജൈവവ്യവസ്ഥയായി കാണുകയാണ്‌. അവിടെ ജനപങ്കാളിത്തത്തോടെ, നിലനിൽക്കുന്ന ഭാവിക്കുവേണ്ടിയുള്ള, ശീലങ്ങളും ചിട്ടകളും നിർദേശിക്കുമ്പോൾ `അതിവേഗലാഭ' മോഹങ്ങളെ തള്ളിക്കളയുകയാണ്‌ ഗാഡ്‌ഗിൽ കമ്മിറ്റി ചെയ്യുന്നത്‌.
കസ്‌തൂരിരംഗൻ കമ്മിറ്റി, ഗാഡ്‌ഗിൽ കമ്മിറ്റിയെ തിരുത്തുന്നത്‌, `ഇന്നത്തെ കമ്പോളവഴികളിലൂടെ' തന്നെ പോകാനുള്ള സമ്മതി സൃഷ്‌ടിച്ചുകൊണ്ടാണ്‌. വിനാശകരമായ ഇന്നത്തെ പാതയെക്കുറിച്ച്‌ ഒരു പുനർചിന്തനത്തിന്‌പോലും കസ്‌തൂരിരംഗൻ റിപ്പോർട്ട്‌ പ്രചോദനമാകുന്നില്ല എന്നതാണ്‌ വസ്‌തുത.
മറ്റ്‌ ചില ഗാഡ്‌ഗിൽ ചർച്ചകൾ
ഗാഡ്‌ഗിൽ റിപ്പോർട്ടിനെപ്പറ്റി കേരളത്തിൽ നടന്ന മറ്റ്‌ ചില ചർച്ചകൾ കൂടി പരിശോധിക്കാം.
നിയമസഭ :
2012 ഡിസംബർ 20നാണ്‌ ഗാഡ്‌ഗിൽ റിപ്പോർട്ട്‌ സംബന്ധിച്ച്‌ ചർച്ച കേരള നിയമസഭയിൽ നടന്നത്‌. 28 എം.എൽ.എ മാർ പങ്കെടുത്ത ചർച്ചയിൽ അനുകൂലമായും പ്രതികൂലമായും വാദഗതികളുണ്ടായി. ഗാഡ്‌ഗിൽ റിപ്പോർട്ടിന്റെ ഉള്ളടക്കം യഥാർഥത്തിൽ എന്താണ്‌, എന്തല്ല എന്നും, വസ്‌തുതാപരമായി അത്‌ കൃഷിക്കും കൃഷിക്കാർക്കും അനുകൂലമാണെന്നും ചില എം.എൽ.എമാർ സൂചിപ്പിച്ചു.
എന്നാൽ, ഗാഡ്‌ഗിൽ റിപ്പോർട്ട്‌ അശനിപാതമാണ്‌, ഇടിത്തീയാണ്‌, പഞ്ചസാരയിൽ പൊതിഞ്ഞ സ്റ്റീൽബോംബാണ്‌, കർഷകവിരുദ്ധമാണ്‌, ശബരിമലയെ തകർക്കുന്നതാണ്‌, പട്ടയം നൽകാതിരിക്കുന്നതാണ്‌ എന്നൊക്കെ ചർച്ചയിൽ വേറെ എം.എൽ.എമാർ ഉന്നയിച്ചു. ഇത്തരക്കാർക്കായിരുന്നു ചർച്ചയിൽ ഭൂരിപക്ഷം. അതുകൊണ്ടു തന്നെ പരിസ്ഥിതിസംരക്ഷണത്തിന്റെ കാര്യത്തിൽ ഒരു മാമൂൽ താൽപ്പര്യം പ്രകടിക്കുകയും ഒപ്പം പരിസ്ഥിതി വിരുദ്ധമായി ഇന്ന്‌ നടക്കുന്ന കാര്യങ്ങളെയെല്ലാം പരോക്ഷമായി അംഗീകരിക്കുകയുമായിരുന്നു. അതിനാൽ, ഗാഡ്‌ഗിൽ റിപ്പോർട്ടിന്‌ കേരള നിയമസഭയും കേരളത്തിലെ രാഷ്ട്രീയപ്പാർട്ടികളും പൊതുവിൽ എതിരാണെന്ന സന്ദേശം ജനങ്ങളിലേയ്‌ക്ക്‌ എത്തിക്കാനാണ്‌ നിയമസഭാ ചർച്ചകൾ സഹായിച്ചത്‌
. 2012 ഡിസംബർ 20ന്‌ തന്നെ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ ഗാഡ്‌ഗിൽ റിപ്പോർട്ടിന്നെതിരായി സർവകക്ഷി പ്രതിഷേധയോഗവും സംഘടിപ്പിച്ചിരുന്നു. അതിന്റെ ഒരു അനുബന്ധം മാത്രമായിരുന്നു നിയമസഭാചർച്ച. 2013 ജനുവരി 18ന്‌ കസ്‌തൂരിരംഗൻ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സർവകക്ഷിയോഗത്തിലും ഈ നിലപാടിന്നാണ്‌ രാഷ്ട്രീയപ്പാർട്ടികൾ ഊന്നൽ നൽകിയത്‌.
ഇടയലേഖനം
2012 നവംബർ എട്ടിനാണ്‌ ഇടുക്കിജില്ലയിലെ പള്ളികളിൽ വായിച്ച ഇടയലേഖനം തയാറാക്കിയത്‌. ഇടയലേഖനത്തിൽ ഗാഡ്‌ഗിൽ റിപ്പോർട്ടിന്‌ നൽകിയ വിശേഷണം ``പശ്ചിമഘട്ടത്തിൽ ജീവിക്കുന്ന സകല മനുഷ്യരെയും അതീവ ദോഷകരമായി ബാധിക്കുന്ന റിപ്പോർട്ട്‌ എന്നാണ്‌.
``പരിസ്ഥിതിസംരക്ഷണത്തിന്റെ പേര്‌ പറഞ്ഞ്‌, ഒരു ജനതയെ പിറകിലേയ്‌ക്ക്‌ വലിക്കുന്നതിനും, അതുവഴി നമ്മെ ചൂഷണം ചെയ്യാൻ വിദേശികളെയും വൻകമ്പനികളെയും അനുവദിക്കുന്നതിനും വേണ്ടിയുള്ള അന്താരാഷ്ട്രഗൂഢാലോചനകളുടെ ഒരു ഭാഗമാണ്‌ ഈ ഗാഡ്‌ഗിൽ റിപ്പോർട്ട്‌. അതുകൊണ്ടുതന്നെ ഈ കർഷകവിരുദ്ധറിപ്പോർട്ടിനെ നാം ഒരുമിച്ച്‌ എതിർക്കണം. ഇതായിരുന്നു ഇടയലേഖനത്തിലെ അഭ്യർഥന.
ഒരു വിദഗ്‌ധറിപ്പോർട്ടിനെ ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്താനായി ഉപയോഗിക്കാവുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമായി ഈ ഇടയ ലേഖനത്തെ കാണാവുന്നതാണ്‌.
നാഷണൽ ഗ്രീൻ ട്രിബ്യൂണൽ വിധി
2013 ജൂലായ്‌ 18നാണ്‌ നാഷനൽ ഗ്രീൻ ട്രിബ്യൂണലിന്റെ ഒടുവിലത്തെ വിധി വന്നത്‌. പരിസ്ഥിതിസംരക്ഷണത്തിന്‌ വേണ്ട നടപടികൾ എടുക്കാതിരുന്നാൽ, അതിന്നെതിരായി ഫയൽചെയ്യുന്ന എല്ലാ സിവിൽ കേസുകളും ഏറ്റെടുക്കാനും വിചാരണ ചെയ്യാനും തങ്ങൾക്ക്‌ അധികാരമുണ്ടെന്നാണ്‌ ഗ്രീൻട്രിബ്യൂണലിന്റെ നിഗമനം. പശ്ചിമഘട്ടം പാരിസ്ഥിതികമായി വളരെ ലോലമാണെന്നും, അത്‌ സംരക്ഷിക്കേണ്ടതാണെന്നുമുള്ള കാര്യം സംശയലേശമെന്യെ ബോധ്യപ്പെട്ടതാണെന്നും ട്രിബ്യൂണൽ അഭിപ്രായപ്പെട്ടു.
മാധവ്‌ ഗാഡ്‌ഗിൽ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഇക്കാര്യങ്ങൾ സംബന്ധിച്ച നിർദേശങ്ങൾ ബന്ധപ്പെട്ട സംസ്ഥാനസർക്കാരുകൾക്ക്‌ നൽകണമെന്ന്‌ ഗോവ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന രണ്ട്‌ പരിസ്ഥിതി സംഘടനകൾ നൽകിയ പരാതിയിൽ തങ്ങൾക്ക്‌ ഈ കേസ്‌ പരിഗണിക്കാൻ അർഹതയുണ്ടെന്ന്‌ തീർപ്പുകൽപ്പിക്കുകയാണ്‌ ഗ്രീൻ ട്രിബ്യൂണൽ ചെയ്‌തത്‌.
കേരളത്തിനും ഈ വിധി ബാധകമാണ്‌. വിധിയിൽ നിന്ന്‌ ഒരു വാചകം ഉദ്ധരിക്കട്ടെ, ``ഭരണഘടനയുടെ 21-ാം അനുച്ഛേദം അനുസരിച്ച്‌ ജീവിക്കാനുള്ള അവകാശം എന്നത്‌ നല്ല പരിസ്ഥിതിക്കുള്ള അവകാശം കൂടിയാണ്‌. അതിനാൽ ജീവിക്കാനുള്ള അവകാശം ഉറപ്പാക്കുന്നതിന്റെ ഭാഗമായി പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതാണ്‌. കേന്ദ്രസർക്കാരും ആറ്‌ സംസ്ഥാനസർക്കാരുകളുമായിരുന്നു എതിർകക്ഷികൾ. ഗാഡ്‌ഗിൽ റിപ്പോർട്ടിന്റെ കാര്യത്തിൽ ട്രിബ്യൂണൽ ഇടപെടാൻ പാടില്ലെന്ന സർക്കാരുകളുടെ ആവശ്യത്തെ തള്ളിക്കളഞ്ഞ, ട്രിബ്യൂണൽ പക്ഷെ, റിപ്പോർട്ട്‌ കേന്ദ്രസർക്കാർ അംഗീകരിക്കണമെന്നോ, വേണ്ടെന്നോ ശുപാർശ ചെയ്യുന്നില്ല. അക്കാര്യം ട്രിബ്യൂണലിന്റെ പരിധിയിൽ വരുന്നില്ലായിരിക്കാം. എന്തായാലും നിയമപരമായ ഒരു മുന്നേറ്റമാണ്‌ ഗ്രീൻ ട്രിബ്യൂണലിന്റെ പുതിയ വിധി.
ഭൂഉപയോഗത്തിലെ സാമൂഹികനിയന്ത്രണം
ഗാഡ്‌ഗിൽ കമ്മിറ്റി പ്രഥമപരിഗണന നൽകിയിരിക്കുന്നത്‌ ഭൂഉപയോഗത്തിലെ സാമൂഹികനിയന്ത്രണത്തിനാണ്‌. കമ്മിറ്റിയുടെ ഈ നിർദേശ ങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിന്റെ വികസനത്തെപ്പറ്റിയും, അതിൽ ഭൂവിനിയോഗനിയന്ത്രണത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും ഉള്ള ചില കാര്യങ്ങളാണ്‌ ഇനി പരിശോധിക്കുന്നത്‌. ഭൂവിനിയോഗം സംബന്ധിച്ച്‌ ചില നിലപാടുകൾ മുന്നോട്ട്‌ വയ്‌ക്കാൻ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ നേരത്തെ തന്നെ ശ്രമിച്ചിരുന്നു. അവ ഇപ്രകാരമാണ്‌. ഭൂമിയെന്നാൽ ആത്യന്തികമായി ആരുടെയും സ്വകാര്യസ്വത്തല്ല. അതുകൊണ്ട്‌ സ്വന്തം ഭൂമിയായാലും, അതിൽ എത്രയും കെട്ടിയുയർത്താനോ കുഴിച്ച്‌ താഴ്‌ത്താനോ ആർക്കും അവകാശം നൽകിയിട്ടില്ല.
പരിഷ്‌കൃത രാജ്യങ്ങളിലെല്ലാം ഭൂഉപയോഗത്തിന്‌ പലതരം നിയന്ത്രണങ്ങളുണ്ട്‌. പ്രധാന നിയന്ത്രണരീതി മേഖലാവൽക്കരണം (Zonation) തന്നെയാണ്‌. അവിടെ കാർഷികമേഖല, വനമേഖല, വ്യാപാരമേഖല, ആവാസമേഖല എന്നിങ്ങനെ അതാതിടങ്ങളിൽ നടത്താവുന്ന പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്നതിന്റെ അടിസ്ഥാനത്തിൽ ഭൂമിയെ തരംതിരിക്കുകയാണ്‌. വികസിതരാജ്യങ്ങളിലൊക്കെ കൃഷിഭൂമി കൈമാറുമ്പോൾ പ്രസ്‌തുത ഭൂമി കൃഷിക്കായി മാത്രമേ ഉപയോഗിക്കാവൂ എന്ന്‌ രേഖപ്പെടുത്തണമെന്നുണ്ട്‌.
കേരളത്തെപോലെ ജനസാന്ദ്രവും പ്രകൃതിവിഭവങ്ങളുടെ അടിത്തറ തകർന്നുകൊണ്ടിരിക്കുന്നതുമായ ഒരു പ്രദേശത്ത്‌ ഭൂഉപയോഗത്തിൽ സാമൂഹികനിയന്ത്രണം ഏർപ്പെടുത്തുന്നതിന്‌ സഹായകമായ വിവിധ നിർദേശങ്ങൾ ഗാഡ്‌ഗിൽ റിപ്പോർട്ടിൽ നിന്ന്‌ കണ്ടെത്താവുന്നതാണ്‌. അതിലൊന്നാമത്തേതാണ്‌, മൂന്ന്‌ തരം ESZകളുടെ രൂപീകരണവും അവിടങ്ങളിലെ ഇടപെടലുകളുടെ നിയന്ത്രണവും. രണ്ടാമത്തേത്‌ സർക്കാർ ഭൂമി സ്വകാര്യഭൂമിയായി മാറ്റാൻ പാടില്ല എന്നതാണ്‌. വനഭൂമി വനേതര ആവശ്യങ്ങൾക്ക്‌ ഉപയോഗിക്കരുതെന്ന്‌ മൂന്നാമത്‌ പറയുന്നു. പശ്ചിമ ഘട്ട പരിസ്ഥിതി അഥോറിറ്റി (WGEA )യും അതിന്റെ കീഴ്‌ഘടകങ്ങളും ഒരർത്ഥത്തിൽ ഭൂഉപയോഗം സാമൂഹികമായി നിയന്ത്രിക്കുന്നതിനുള്ള ഏജൻസി എന്ന നിലയിലാണ്‌ വിഭാവനം ചെയ്‌തിരിക്കുന്നത്‌.
വികസന സമീപനം
നിലവിലുള്ള വികസന രീതി മാറ്റി ചിന്തിക്കണമെന്നാണ്‌ ഗാഡ്‌ഗിൽ കമ്മിറ്റി നിർദേശിക്കുന്നത്‌. ജനപങ്കാളിത്തത്തോടെയുള്ള വികസന- സംരക്ഷണപ്രവർത്തനങ്ങളിലാണ്‌ ഗാഡ്‌ഗിൽ ഊന്നുന്നത്‌. ജനങ്ങൾ ജീവിക്കുന്ന ചുറ്റുപാടുകളിലെ സാമൂഹികവും സാംസ്‌കാരികവും ചരിത്രപരവുമായ പ്രത്യേകതകൾ കണക്കിലെടുത്ത്‌ അവയെ പരിസ്ഥിതി സംരക്ഷണവുമായി ബന്ധിപ്പിക്കാനാണ്‌ ഗാഡ്‌ഗിൽ റിപ്പോർട്ടിൽ ശ്രമിക്കുന്നത്‌. അതുകൊണ്ടുതന്നെ തീരുമാനങ്ങളെടുക്കുന്നതിലും നടപ്പിലാക്കുന്നതിലും പ്രാദേശിക ഭരണസമിതികൾക്ക്‌ 73, 74 ഭരണഘടനാ ഭേദഗതികൾക്കനുസൃതമായ മുന്തിയ പരിഗണനയാണ്‌ ഗാഡ്‌ഗിൽ നൽകുന്നത്‌.
ഇന്ന്‌ കരുത്താർജിച്ചിരിക്കുന്ന കമ്പോളബന്ധിത, നവലിബറൽ പരിഷ്‌കാരങ്ങളുടെ ചട്ടക്കൂട്ടിൽ എല്ലാവരെയും തൃപ്‌തിപ്പെടുത്തുന്ന `പ്രായോഗിക' നടപടികളാണ്‌ കസ്‌തൂരിരംഗൻ ശുപാർശ ചെയ്‌തിരിക്കുന്നത്‌. എന്നാൽ, ഗാഡ്‌ഗിലാകട്ടെ വികസനത്തിന്റെ മാനുഷികമുഖത്തിന്‌ ഊന്നൽ നൽകുന്ന, ഒരു നിലപാടിലാണ്‌ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌.
അതുകൊണ്ടുതന്നെ, വികസനത്തെ സംബന്ധിച്ച്‌ നിലവിലുള്ള കമ്പോളാധിഷ്‌ഠിത നിലപാടുകളിൽ മാറ്റം വരുത്തിക്കൊണ്ടു മാത്രമേ രണ്ട്‌ റിപ്പോർട്ടുകളും തമ്മിലുള്ള വ്യത്യാസം ഉൾക്കൊള്ളാൻ കഴിയൂ. `സുസ്ഥിരമായ വികസനവും വിവേകപൂർണമായ സംരക്ഷണവും' (Develop sustainably and conserve thoughtfully) എന്ന വിശാലമായൊരു വികസനനിലപാടാണ്‌ ഗാഡ്‌ഗിൽ കമ്മറ്റിയുടേത്‌. ഇത്‌ കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രസക്തവും അനുയോജ്യവും ഗുണകരവുമായ ഒരു സമീപനമാണെന്ന്‌ കാണാം. എന്താണ്‌ വികസനമെന്ന മൗലികമായ ചോദ്യം ഗാഡ്‌ഗിൽ റിപ്പോർട്ട്‌ നമുക്ക്‌ മുന്നിൽ ഉയർത്തുകയാണ്‌. നവലിബറൽ കാലത്തെ `ചന്തച്ചങ്ങാത്തത്തിന്റെ' ചട്ടക്കൂട്ടിൽ മാത്രം വികസനത്തെ ഉൾക്കൊള്ളുന്നവർക്ക്‌ വേറിട്ടൊരു ചിന്ത അഥവാ വികസന സമീപനം ഉണ്ടായെങ്കിൽ മാത്രമേ ഗാഡ്‌ഗിൽ കമ്മിറ്റി നിർദേശങ്ങളെ ഗൗരവത്തോടെ ചർച്ചചെയ്യാൻ കഴിയൂ. സാമൂഹികവും രാഷ്‌ട്രീയവുമായ കൂട്ടായ്‌മകൾക്കെതിരെ നവ ലിബറൽ ചിന്തകൾ ഉയർത്തുന്ന വിരുദ്ധയുക്തികളാണ്‌ ഇന്ന്‌ ജനജീവിതത്തെ അതിന്റെ എല്ലാ രംഗങ്ങളിലും നിയന്ത്രിക്കുന്നത്‌. ശിഥിലമായ വനത്തിന്റെ അടിസ്ഥാനത്തിലാണ്‌ കസ്‌തൂരിരംഗൻ പരിസ്ഥിതി ലോലതയെ കണക്കാക്കുന്നതെങ്കിൽ ഇടതൂർന്നുള്ള വനങ്ങളിലൂടെയാണ്‌ ഗാഡ്‌ഗിൽ ലോലത നിർണ്ണയിക്കുന്നത്‌. ഇത്‌ വികസനത്തെക്കുറിച്ചുള്ള തികച്ചും വ്യത്യസ്‌തമായ സമീപനങ്ങളുടെ പ്രശ്‌നമാണ്‌.
37 ശതമാനം വരുന്ന സ്വാഭാവികമേഖലയൊഴികെ ബാക്കി 63 ശതമാനം വരുന്ന സാംസ്‌കാരികമേഖലയിൽ എന്തുമാകാമെന്ന കസ്‌തൂരിരംഗന്റെ നിഗമനം കമ്പോള ഇടപെടലിനുള്ള സാധ്യതകൾ വിപുലപ്പെടുത്തുകയാണ്‌. അവിടെ നിയന്ത്രണമല്ല, ഇനിയും സ്വതന്ത്രമാക്കാനുള്ള നീക്കമാണ്‌ നടക്കുന്നത്‌.
37 ശതമാനം വരുന്ന സ്വാഭാവികമേഖല ഇപ്പോൾ തന്നെ കുറേയൊക്കെ സംരക്ഷിതമാണ്‌. ബാക്കിവരുന്ന 63 ശതമാനം സ്ഥലത്താണ്‌ ഇപ്പോൾ എല്ലാ കയ്യേറ്റങ്ങളും നടക്കുന്നത്‌. അതിനാൽ അവിടെയാണ്‌ സാധ്യമായത്ര നിയന്ത്രണം ആവശ്യമായിട്ടുള്ളത്‌.
ഗാഡ്‌ഗിൽ റിപ്പോർട്ട്‌ അനുസരിച്ച്‌ ഇപ്പോൾ നിലവിലുള്ള സംരക്ഷിതമേഖല + ESZ1 + ESZ2 എന്നിവ ചേർന്നാൽ പശ്ചിമഘട്ട ഭൂപ്രദേശത്തിന്റെ 75 ശതമാനത്തോളം വരും. അതായത്‌ മുക്കാൽ പങ്ക്‌. ഇതുവഴി പശ്ചിമഘട്ടത്തിന്റെ ഭൂരിഭാഗം പ്രദേശത്തും കർശനമായ നിയന്ത്രണവും, ബാക്കിവരുന്ന കാൽ ഭാഗത്ത്‌ കുറേക്കൂടി ലളിതമായ നിയന്ത്രണവും എന്നതാണ്‌ കാഴ്‌ചപ്പാട്‌. അങ്ങനെ പശ്ചിമഘട്ടം മുഴുക്കെ പരിസ്ഥിതി ലോല പ്രദേശമായി കാണുന്ന ഗാഡ്‌ഗിൽ കമ്മിറ്റി അതിന്റെ മുഴുവൻ ഭാഗങ്ങളും ഏറിയതും കുറഞ്ഞതുമായ സാമൂഹികനിയന്ത്രണത്തിനു കീഴിൽ കൊണ്ടുവന്നിരിക്കയാണ്‌. കസ്‌തൂരിരംഗനാകട്ടെ. മൂന്നിലൊന്നിൽ മാത്രം നിയന്ത്രണവും ബാക്കി ഭാഗത്ത്‌ കമ്പോളസ്വാതന്ത്ര്യവുമാണ്‌ വിവക്ഷിക്കുന്നത്‌. ഇത്‌ വികസനസമീപനത്തിലുള്ള വ്യത്യാസം തന്നെയാണ്‌
. ഗാഡ്‌ഗിൽ പറയുന്നത്‌ പരിസ്ഥിതികേന്ദ്രിതമായ മാനവ വികസനത്തെപ്പറ്റിയല്ല, മറിച്ച്‌ മാനവകേന്ദ്രിതമായ പരിസ്ഥിതി വികസനത്തെപ്പറ്റിയാണ്‌. സുസ്ഥിരത വേണ്ടത്‌ മനുഷ്യന്‌ മാത്രമല്ല. എല്ലാ സസ്യ-ജന്തു, ജീവജാലങ്ങൾക്കും വേണം. അതിന്‌ കഴിയണമെങ്കിൽ എല്ലാ ജീവജാലങ്ങളുടെയും ജീവിതവും അതിന്റെ ചുറ്റുപാടുകളും സംരക്ഷിക്കപ്പെടണം, തകർന്നുകൊണ്ടിരിക്കുന്ന ഒരു ജീവിതചുറ്റുപാടിൽ സുശക്തവും സുസ്ഥിരവുമായ ജീവിതം മനുഷ്യനെന്നല്ല, ജീവജാലങ്ങൾക്കൊന്നും സാധ്യമല്ലല്ലോ. അതേസമയം, മനുഷ്യന്റെ ദുരമൂത്ത ഇടപെടലുകളാണ്‌ ഇന്ന്‌ പ്രകൃതിയെ നശിപ്പിക്കുന്നത്‌ എന്നും തിരിച്ചറിയേണ്ടതുണ്ട്‌. മനുഷ്യൻ പ്രകൃതിയിൽ ഇടപെടേണ്ട എന്നല്ല, ഇടപെടണം. എന്നാൽ ഈ ഇടപെടൽ വഴി രൂപപ്പെടുന്ന മനുഷ്യ-പ്രകൃതി ബന്ധം `ആവശ്യ'ത്തിലധിഷ്‌ഠിതമായിരിക്കണം. അത്‌ അത്യാർത്തിയുടേതായിക്കൂടാ. അത്യാർത്തിക്കുവേണ്ടി ആയാൽ അത്‌ ഭാവിതലമുറയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കും. ആവശ്യത്തിലധിഷ്‌ഠിതമായ മനുഷ്യ-പ്രകൃതിബന്ധത്തിലൂടെ മാത്രമേ ഇന്നത്തെ തലമുറയ്‌ക്കിടയിൽ പോലും സംഘർഷരഹിതമായ മനുഷ്യ-മനുഷ്യബന്ധം സാധ്യമാകൂ.
ഒരു വിഭാഗം ജനങ്ങൾ അത്യാർത്തിമൂലം പ്രകൃതിയിൽ നടത്തുന്ന ഇടപെടലുകൾ ഒന്നുമറിയാത്ത മറ്റൊരുവിഭാഗം ജനങ്ങളുടെ ജീവിതത്തെയാണ്‌ ദോഷകരമായി ബാധിക്കുന്നത്‌. അവർക്ക്‌ അത്യാവശ്യങ്ങൾ പോലും അസാധ്യമാക്കുന്ന ഈ സ്ഥിതിയാണ്‌ സുസ്ഥിരവികസനത്തെയും അസാധ്യമാക്കുന്നത്‌. ഒടുങ്ങാത്ത ആർത്തിയോടെ പ്രകൃതിയിൽ നടത്തുന്ന ഇടപെടൽ വഴി ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരവും വർദ്ധിക്കയാണ്‌. ഈ അന്തരമാകട്ടെ ഇന്നത്തെ നവലിബറൽ കാലത്ത്‌ മുമ്പത്തേക്കാളും ശക്തിപ്പെട്ടിരിക്കയാണെന്നാണ്‌ ലോകമെമ്പാടുമുള്ള അനുഭവങ്ങൾ കാണിക്കുന്നത്‌. ഇന്ന്‌ ഭൂമിക്ക്‌ നേരെയും ഭൂവിഭവങ്ങൾക്കു മേലുമുള്ള കമ്പോള അധീശത്വത്തെ അത്‌ ശക്തിപ്പെടുത്തിയിരിക്കുന്നു.
വിഭവസമ്പന്നമാണ്‌ നമ്മുടെ ഇന്ത്യ. മണലാരണ്യമായ രാജസ്ഥാനിൽ പോലും അഞ്ചോ ആറോ മീറ്റർ കുഴിച്ചാൽ മാർബിൾ ലഭിക്കുന്നുണ്ട്‌. ഝാർഖണ്ഡിലെ വനമേഖല ശ്രദ്ധിക്കപ്പെടുന്നത്‌ മരങ്ങളാലല്ല. മണ്ണിനടിയിലെ ധാതുനിക്ഷേപങ്ങളാലാണ്‌. അവിടെയാണ്‌ ഏറ്റവും കൂടുതൽ കൽക്കരിയും ഇരുമ്പയിരും കിട്ടുന്നത്‌. കൃഷ്‌ണ-ഗോദാവരി തടങ്ങളിൽ നെല്ലും ഗോതമ്പും മാത്രമല്ല വിളയുന്നത്‌, അവക്കടിയിലെ പ്രകൃതി വാതകനിക്ഷേപം കൂടിയാണ്‌. ഝാറിയ കൽക്കരിപ്പാടത്ത്‌ ജനങ്ങൾ ജീവിക്കുന്നതുതന്നെ `നിധി കാക്കുന്ന ഭൂത'ങ്ങളെ പോലെയാണ്‌. അവർ എപ്പോൾ വേണമെങ്കിലും ആട്ടിയോടിക്കപ്പെടാവുന്നതേയുള്ളു.
ഇവിടെ പ്രൊഫസർ ഗാഡ്‌ഗിലിന്റെ തന്നെ ഒന്നുരണ്ടു വരികൾ ഉദ്ധരിക്കട്ടെ :
``ജനസംഖ്യയിൽ ഒരു ചെറുന്യൂനപക്ഷം സമ്പത്തിന്റെയും രാഷ്ട്രീയാധി കാരത്തിന്റെയും വലിയൊരു ഭാഗം കൈക്കലാക്കി വച്ചിരിക്കയാണ്‌. അതോടൊപ്പം തന്നെ, ഒരാൾക്ക്‌ ഒരു വോട്ട്‌ എന്നതിൽ നിന്ന്‌ ഒരു രൂപയ്‌ക്ക്‌ ഒരു വോട്ട്‌ എന്ന നിലയിലേയ്‌ക്ക്‌ ജനാധിപത്യം ദുർബലപ്പെടുകയുമാണ്‌. ഈ സാഹചര്യത്തിൽ, സമ്പദ്‌ഘടനയെയും രാഷ്ട്രീയവ്യവ സ്ഥയെയും തങ്ങൾക്കനുകൂലമായി, നിരന്തരം മാറ്റിമറിക്കാൻ സമ്പന്നർക്ക്‌ കഴിയുന്ന സ്ഥിതിയാണ്‌. ഇതാകട്ടെ ഒരു ന്യായീകരണവുമില്ലാത്ത ലാഭത്തിന്‌ വേണ്ടി നടത്തുന്നതാണ്‌ (Science Democracy and Ecology in India). മൂലധനത്തിന്റെ പ്രാകൃതമായ സ്വരൂപണത്തിന്‌ ആക്കം കൂട്ടുന്ന ചങ്ങാതിമാരാണ്‌ ഇന്ന്‌ ഭരണാധികാരികളും മുതലാളിമാരും ഉദ്യോഗസ്ഥരുമെല്ലാം തന്നെ. ഈ ചങ്ങാത്തമുതലാളിത്തത്തിന്‌ ശക്തി പകരുന്ന ഏത്‌ നിലപാടുകളെയും എതിർത്ത്‌ പരാജയപ്പെടുത്തുക എന്നത്‌ ഇന്നൊരു പ്രധാന സമരം തന്നെയാണ്‌.
ഗാഡ്‌ഗിൽ കമ്മിറ്റി നിർദ്ദേശങ്ങൾ പ്രസക്തമാകുന്നത്‌ ഈ പശ്ചാത്തലത്തിലാണ്‌.
ഈ സാഹചര്യത്തിൽ, ഗാഡ്‌ഗിൽ റിപ്പോർട്ടിന്റെ പൊതു സമീപനത്തെ ശാസ്‌ത്രസാഹിത്യപരിഷത്ത്‌ അംഗീകരിക്കയാണ്‌. ESZ നിർണയം, പശ്ചിമഘട്ട അഥോറിറ്റി, അതിരപ്പള്ളി പദ്ധതി, താലൂക്കുകളുടെ തരംതിരിവ്‌, അണക്കെട്ടുകളുടെ ഡീകമ്മീഷൻ എന്നിവ സംബന്ധിച്ച്‌ ഇനിയും ചർച്ചയാകാവുന്നതാണ്‌. എന്നാൽ ഇന്നത്തേത്‌ പോലെ ഒരു നിഷേധാത്മക നിലപാട്‌ ഗാഡ്‌ഗിൽ റിപ്പോർട്ടിനോട്‌ കൈക്കൊള്ളാൻ പാടില്ലെന്ന്‌ തന്നെയാണ്‌ പരിഷത്തിന്റെ നിലപാട്‌.
കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട്‌ ചില സമീപനങ്ങൾ പരിഷത്ത്‌ നേരത്തെ തന്നെ മുന്നോട്ട്‌ വച്ചിട്ടുണ്ട്‌. സമ്പത്തുൽപാദനം, സ്ഥായിത്വം, സാമൂഹികനീതി, ആസൂത്രണം, വികേന്ദ്രീകരണം, ജനപങ്കാളിത്തം എന്നിവയ്‌ക്കൊക്കെ ഊന്നൽ നൽകുന്ന ഒരു ഉൽപാദനാധിഷ്‌ഠിത വികസനസമീപനമാണ്‌ പരിഷത്ത്‌ ആഗ്രഹിക്കുന്നത്‌. കേരളം നേരിടുന്ന വികസനപ്രതിസന്ധിക്ക്‌ പരിഹാരമെന്ന നിലയ്‌ക്കാണ്‌ ഈ സമീപനം പരിഷത്ത്‌ കൈക്കൊണ്ടത്‌. പശ്ചിമഘട്ടപ്രദേശത്തെ മൊത്തം കണക്കിലെടുത്താണെങ്കിലും, ഗാഡ്‌ഗിൽ റിപ്പോർട്ടും ഇക്കാര്യങ്ങളെല്ലാം പൊതുവിൽ അംഗീകരി ക്കുന്നുണ്ട്‌.
അതുകൊണ്ടുതന്നെ, കേരളം പോലൊരു സംസ്ഥാനത്തിന്റെ പല പ്രശ്‌നങ്ങളെയും അഭിമുഖീകരിക്കാൻ സഹായകമായ നിർദേശങ്ങൾ അടങ്ങിയതാണ്‌ ഗാഡ്‌ഗിൽ റിപ്പോർട്ട്‌. അതുകൊണ്ട്‌ വളരെ ഗൗരവത്തോടെ തന്നെ റിപ്പോർട്ടിനെ പരിഗണിക്കേണ്ടതുണ്ട്‌.
നമുക്ക്‌ വേണ്ടത്‌ പരിസ്ഥിതിയുടെ പേരിലുള്ള മൗലികവാദമോ, വികസനത്തിന്റെ പേരിലുള്ള യാന്ത്രികവാദമോ അല്ല. ഒരു പ്രദേശത്തെ ജനങ്ങളും അവരുടെ ജീവിതാനുഭവങ്ങളും സാംസ്‌കാരികമൂല്യങ്ങളും, അതിജീവന-ഉപജീവന പ്രവർത്തനങ്ങളും എല്ലാം പരിഗണിച്ചുകൊണ്ട്‌ തീരുമാനമെടുക്കാൻ കഴിയണം.
അതുകൊണ്ടുതന്നെ ഗാഡ്‌ഗിൽ റിപ്പോർട്ടിലെ നിർദേശങ്ങളെ കേരളത്തിന്റെ വികസനപ്രശ്‌നങ്ങളുമായി ബന്ധപ്പെടുത്തിയുള്ള നിലപാടുകളാണ്‌ പരിഷത്ത്‌ മുന്നോട്ടുവയ്‌ക്കുന്നത്‌. പശ്ചിമഘട്ടം കേരളത്തിലെ ജനങ്ങളുടെ ആവാസവ്യവസ്ഥയുടെ കേന്ദ്രസ്ഥാനത്ത്‌ നിൽക്കുന്നു. അതിന്റെ സംരക്ഷണത്തിനായി നിലവിലുള്ള നിയമങ്ങൾ പലതും പഴുതുകളുള്ളതാണ്‌. അതിനാൽ, കൂടുതൽ സമഗ്രമായ നിയമങ്ങൾ വേണ്ടതുണ്ട്‌. ഇതിലേയ്‌ക്കുള്ള ഗാഡ്‌ഗിൽ കമ്മിറ്റിയുടെ നിർദേശങ്ങളും നിലപാടുകളും പൊതുവിൽ സ്വീകാര്യമാണ്‌. ഈ സാഹചര്യത്തിൽ, ഗാഡ്‌ഗിൽ കമ്മിറ്റിയോട്‌ ഒരു നിഷേധ നിലപാട്‌ കൈക്കൊള്ളാൻ പറ്റില്ല, എന്നാൽ ചർച്ചകൾ തുടരുകയും വേണം. അതിനാൽ ഗാഡ്‌ഗിൽ റിപ്പോർട്ട്‌ കേന്ദ്രസർക്കാർ അംഗീകരിക്കുകയും അതിലെ നിർദേശങ്ങൾ വിപുലമായി ചർച്ചചെയ്യാനുള്ള വേദികൾ ഒരുക്കുകയും വേണം.
റിപ്പോർട്ടിലെ നിർദേശങ്ങൾ കൂടുതൽ ജനോപകാരപ്രദവും പരിസ്ഥിതിസൗഹൃദപരവുമായ രീതിയിൽ നടപ്പാക്കാൻ വേണ്ട സാഹചര്യമൊരുക്കാൻ ബന്ധപ്പെട്ട സംസ്ഥാനസർക്കാരുകളെല്ലാം തയ്യാറാവേണ്ടതുണ്ട്‌. ഗാഡ്‌ഗിൽ റിപ്പോർട്ട്‌ കേരളത്തിലെ ജനങ്ങൾക്കിടയിലും ചർച്ച ചെയ്യേണ്ടതുണ്ട്‌. അതിന്‌ മുൻകൈ എടുക്കേണ്ടത്‌ കേരളത്തിലെ രാഷ്‌ട്രീയസമൂഹമാണ്‌. ചർച്ചകൾ നടക്കേണ്ടത്‌ താഴെ തലത്തിൽ പഞ്ചായത്തുകളിലും ഗ്രാമസഭകളിലും കർഷകകൂട്ടായ്‌മകളിലും പാട ശേഖരസമിതികളിലുമൊക്കെയാണ്‌. നമുക്ക്‌ കുറേക്കൂടി വിശാലമായ കാഴ്‌ചപ്പാട്‌ വേണ്ടതുണ്ട്‌
. കേരളത്തിൽ പശ്ചിമഘട്ടപ്രദേശം മാത്രം സാമൂഹിക നിയന്ത്രണത്തിലായാൽ പോര. കേരളത്തിലെ മുഴുവൻ പ്രദേശങ്ങളും - കുന്നും പുഴയും പാടവും നഗരവും അവിടങ്ങളിലെ മനുഷ്യ ഇടപെടലുകളുമെല്ലാം സാമൂഹികമായി നിയന്ത്രിക്കപ്പെടേണ്ടതുണ്ട്‌. ഗാഡ്‌ഗിൽ റിപ്പോർട്ടിനെ ഒരു നിമിത്തമാക്കി ഈ ദിശയിലുള്ള ചർച്ച കളും ആരംഭിക്കേണ്ടിയിരിക്കുന്നു.
========
കടപ്പാട്: - കേരള ശാസ്ത്ര സാഹിത്യ പരിഷദ്

2013, നവംബർ 4, തിങ്കളാഴ്‌ച

ശേത്വ മേനോനും കുറുപ്പും മലയാളി പുരുഷന്മാരും.....

"ശേത്വയുടെ കാര്യത്തില്‍ കുറ്റക്കാരന്‍ ശിക്ഷിയ്ക്കപ്പെടുമെന്ന്ആരും പ്രതീക്ഷിയ്ക്കുന്നില്ല. കാരണം അയാളുടെ രാഷ്ട്രീയ സ്വാധീനം തന്നെ! ഇത്തരം സംഭവങ്ങള്‍ തുറന്ന ചര്ച്ചയ്ക്കു വിധേയമാകുന്നത് വഴി ഉണ്ടാകുന്ന അപമാനം മാത്രമായിരിയ്ക്കാം അയാലെപോലുള്ള ഞരമ്പ്‌ രോഗികള്ക്ക് കിട്ടുന്ന കൂടിയ ശിക്ഷ.."
=======
ശേത്വമേനോനെ പീതാംബര കുറുപ്പ് അപമാനിച്ച വാര്ത്ത ചര്‍ച്ചയായപ്പോള്‍ ദിഗംബരന്‍ പറഞ്ഞ ആദ്യ അഭിപ്രായമാണ് മുകളില്‍ കൊടുത്തത്. കേരള രാഷ്ട്രീയത്തിന്റെ ദിശകള്‍ അറിയാവുന്ന ആര്ക്കും അറിയാവുന്ന കാര്യവുമായിരുന്നു അത്. ഇപ്പോള്‍ നടന്നതും അത് തന്നെ.
ശേത്വയോടു പരസ്യമായി സാഷ്ട്മ്ഗം മാപ്പ് പറഞ്ഞു കുറുപ്പ് തലയൂരി..
നാറുന്ന രാഷ്ട്രീയത്തിന്റെ അകത്തളങ്ങളില്‍ സ്വയം അകപ്പെടാന്‍ താത്പര്യമില്ലാത്ത, ഈ കേസിന്റെ പുറകെ വര്ഷ്ങ്ങള്‍ അലയാന്‍ താത്പര്യമില്ലാത്ത ശേത്വ, സ്വന്തം കുടുംബവുമായി ആലോചിച്ച്, മാപ്പു പറഞ്ഞതിനെ സ്വീകരിച്ചു കൊണ്ട് നിയമനടപടികളില്‍ നിന്നും പിന്മാറിയിരിയ്ക്കുന്നു ...
===========
പീതാംബരക്കുറുപ്പ് എം.പിക്കെതിരായ പരാതി പിന്വിലിച്ച് നിയമനടപടികളില്‍ നിന്നും പിന്വാരങ്ങുന്നതായി നടി ശ്വേത മേനോന്‍ അറിയിച്ചു. ഗുല്സാഹെബ് എന്ന ഗുരുജിയുമായും അച്ഛനുമായും ഭര്ത്താചവുമായും ആലോചിച്ചാണ് തീരുമാനമെടുത്തതെന്നും ശ്വേത മാധ്യമങ്ങള്ക്ക് അയച്ച സന്ദേശത്തില്‍ അറിയിച്ചു. പീതാംബരക്കുറുപ്പ് പരസ്യമായി മാപ്പു പറഞ്ഞതിനാല്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കില്ല. തന്നെ പിന്തുണച്ച എല്ലാ മാധ്യമങ്ങള്ക്കുംു താരസംഘടനകള്ക്കും എല്ലാ വ്യക്തികളോടും നന്ദിയുണ്ടെന്നും ശ്വേത അറിയിച്ചു. പരാതി പിന്‍വലിച്ച വിവരം മാധ്യമങ്ങളെ ഇ- മെയില്‍ സന്ദേശം വഴിയാണ് ശ്വേത മേനോന്‍ അറിയിച്ചത്.
===========
ശേത്വയെ അഭിനന്ദിയ്ക്കാനാണ് ദിഗംബരന്‍ ഈ അവസരം ഉപയോഗിയ്ക്കുന്നത്. ഒരു ജനപ്രതിനിധിയുടെ അടക്കമുള്ള കേരള പുരുഷ സമൂഹത്തിന്റെ ഞരമ്പ്‌ രോഗം സമൂഹത്തിന് മുന്നില്‍ തുറന്നു കാണിച്ചതിന് മാത്രമല്ല, ഇങ്ങനെ കൈകള്ക്ക് നിയന്ത്രണം ഇല്ലാതെ പൊതുസ്ഥലങ്ങളില്‍ സ്ത്രീകളെ "സംരക്ഷിയ്ക്കാന്‍" നടക്കുന്നവര്ക്ക് ശക്തമായ മുന്നറിയിപ്പ് നല്കാ"നും അവര്ക്ക് കഴിഞ്ഞിരിയ്ക്കുന്നു..
ഒപ്പം തന്നെ ഫേസ്ബുക്ക് അടക്കമുള്ള മാധ്യമങ്ങളിലൂടെ കുറെ പകല്മാന്യന്മാരുടെ ശരിയായ സ്ത്രീവിരുദ്ധ മുഖവും വെളിച്ചത്ത് കൊണ്ട് വരാന്‍ ഈ സംഭവം ഇടയാക്കി...
പരാതി പിന്‍വലിച്ചതിലൂടെ തനിയ്ക്ക് ഒരു രാഷ്ട്രീയ അജെണ്ടയും ഇല്ലെന്നും, തികച്ചും വ്യക്തിപരമായ പരാതി ആയിരുന്നു ഇതെന്നും അവര്‍ അടിവരയിടുന്നു.
പെണ്ണ് എന്നാല്‍ ഒരു ശരീരം മാത്രമാണെന്ന് കരുതുന്ന പുരുഷ അഹങ്കാരത്തിന്റെ പത്തിയില്‍ തന്നെ അടിച്ചു വാങ്ങിയതാണ് ആ മാപ്പ്...
നിയമത്തില്‍ നിന്നും കുറുപ്പ് രക്ഷപ്പെട്ടു എന്ന് ആശ്വസിയ്ക്കണ്ട,..
ഒരിയ്ക്കലും കഴുകി കളയാനാകാത്ത കളങ്കം അയാളുടെ മേല്‍ തെറിച്ചു കഴിഞ്ഞു.
ഇനി ഏതു ചടങ്ങിലും, പൊതു മധ്യത്തിലും സംശയത്തിന്റെ കണ്ണുകളോടെ മാത്രമേ പൊതുജനം, പ്രത്യേകിച്ചും സ്ത്രീജനങ്ങള്‍, അയാളെ നോക്കൂ... അത് തന്നെയാണ് അയാള്ക്കുാള്ള ഏറ്റവും വലിയ ശിക്ഷയും...
======
ശേത്വ മേനോന്‍ വിവാദം മലയാളി പുരുഷന്മാരിലെ വലിയൊരു ശതമാനത്തിന്റെ സ്ത്രീവിരുദ്ധ മനോഭാവത്തിന്റെ തുറന്ന വായനയായി മാറിയത് ചര്ച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്. രാഷ്ട്രീയമായ മാനങ്ങള്‍ മാറ്റി നിര്ത്തിാ നോക്കിയാലും, സ്വയം സംസ്കാര സമ്പന്നര്‍ എന്ന് അവകാശപ്പെടുന്ന വലിയൊരു ശതമാനം മലയാളി പുരുഷന്മാര്‍, സ്ത്രീയെ വെറും ഒരു കച്ചവട"ചരക്ക്" എന്ന നിലയില്‍ മാത്രമാണ് കാണുന്നതെന്ന് ഈ സംഭവം തെളിയിച്ചു.
സോഷ്യല്‍ മീഡിയ ആയ ഫെസ്ബുക്കിലും പുറത്ത് പൊതുമാധ്യമങ്ങളിലും ഒരുപാട് പേരുടെ യഥാര്ത്ഥി മുഖം വെളിവാക്കാന്‍ ഈ സംഭവം സഹായിച്ചു
. "അവള് പണ്ടേ എല്ലാം തുറന്നു കാണിയ്ക്കുന്ന പെഴയാണ്. പിന്നെയാണ് ഇപ്പോള്‍ ശീലാവതി ചമയല്‍" എന്ന മട്ടിലുള്ള നാടന്‍ അശ്ലീല മനോഭാവത്തിന്റെ വിഭിന്ന രൂപങ്ങള്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ആയി ഫേസ്ബുക്കില്‍ ആടിത്തിമിര്ത്തുു...
അല്ലെങ്കിലും എന്നും ഒരു ശരാശരി മലയാളി പുരുഷന്‍ അങ്ങനെയാണ്!
സ്വന്തം അമ്മയെയോ പെങ്ങളെയോ നോക്കി കവലയില്‍ നിന്ന് ആരെങ്കിലും കമെന്റടിച്ചു എന്ന് കേട്ടാല്‍ രൂക്ഷമായി പ്രതികരിയ്ക്കാന്‍ തുനിയാറുള്ള അവന്, മറ്റൊരു കവലയില്‍ നിന്ന് മറ്റാരുടെയോ അമ്മയെയോ പെങ്ങളെയോ നോക്കി കമെന്റടിയ്ക്കാന്‍ മനസാക്ഷി കുത്ത് തോന്നാറില്ല.
അവനെ സംബന്ധിച്ചിടത്തോളം അന്യപെണ്ണുങ്ങള്‍ രണ്ട് തരമേയുള്ളൂ.. ഒന്നുകില്‍ "കുടുംബത്തില്‍ പിറന്നത്‌" (ഏതു "കുടുംബ"ത്തില്‍ എന്ന് ഇന്നും ആര്ക്കും അറിയില്ല) അല്ലെങ്കില്‍ "വേശ്യ"...
കുറച്ചു കൂടി തെളിച്ചു പറഞ്ഞാല്‍ "വളയ്ക്കാന്‍ പറ്റാത്തതും", "വളയ്ക്കാന്‍ പറ്റുന്നതും"...
സമൂഹത്തില്‍ കൂടുതല്‍ സ്വതന്ത്രമായി ഇടപെടുന്ന, പുരുഷന്മാരുമായി കൂടുതല്‍ ഇടപഴകുന്ന, സുന്ദരികളായ സ്ത്രീകളെ എന്നും രണ്ടാമത്തെ വിഭാഗത്തില്‍ ആണ് ശരാശരി മലയാളി പുരുഷന്‍ സ്വയം സങ്കല്പ്പിൂയ്ക്കുന്നത്.
പ്രത്യേകിച്ചും അവര്‍ വെള്ളിത്തിരയില്‍ കണ്ട് കൊതിയ്ക്കുന്ന നടിമാര്‍, ഫാഷന്‍ മോഡലുകള്‍, ടി.വി താരങ്ങള്‍ എന്നിവരെ... ഈ താരങ്ങളോട് ഇടപഴകുമ്പോള്‍ അത് കൊണ്ട് തന്നെ അവന്റെ മനസ്സിലെ വൈകൃതങ്ങള്‍ കൂടുതല്‍ വെളിയില്‍ വരുന്നു... (സിനിമാ നടിമാരോട് മാത്രമേ ഇങ്ങനെ തോന്നുകയുള്ളോ എന്ന് സംശയിക്കണ്ട .. "വളയ്ക്കാന്‍ പറ്റുന്നത്" എന്ന് സ്വയം സങ്കല്പ്പിിയ്ക്കുന്ന ഏതു പെണ്ണിനോടും ഇങ്ങനെ തന്നെയാണ് അവന്റെ പെരുമാറ്റം)
അതോടൊപ്പം ചേര്ത്ത്വ വായിക്കേണ്ടത് ആള്ക്കൂ്ട്ടത്തിനുള്ളിലെ അവന്റെ മന:ശാസ്ത്രവുമാണ്...
മലയാളി പുരുഷന്റെ ഭീരുത്വം ഏറ്റവും കൂടുതല്‍ വെളിവാകുന്നത് ആള്ക്കൂപട്ടതിനിടയില്‍ ആണ്. അവിടെ ആയത് കൊണ്ട് ലഭിയ്ക്കുന്ന രഹസ്യമായ സുരക്ഷിതത്വം അവനെ കൂടുതല്‍ രഹസ്യ സ്പര്ശെനസുഖം തേടുന്നതില്‍ പ്രേരണ നല്കുുന്ന ഘടകം തന്നെയാണ്..
ജനങ്ങള്‍ തിങ്ങി നിറഞ്ഞ വള്ളംകളി മത്സരത്തിലെ ആള്ക്കൂ്ട്ടത്തിനിടയില്‍ കിട്ടിയ അവസരം മുതലാക്കി അറിയാത്ത മട്ടില്‍ ശേത്വയെ തൊടാനും തലോടാനും കുറുപ്പ് അടക്കം ചില പുരുഷന്മാര്‍ നന്നായി ശ്രമിച്ചു എന്ന് അവിടെ നിന്ന് ലഭിച്ച ചിത്രങ്ങളും വീഡിയോകളും വെളിവാക്കുന്നു. "സംരക്ഷണം നല്കാചനെന്ന" വാദം എന്നും ഇത്തരം ശ്രമങ്ങള്ക്ക് പ്രതികള്‍ കണ്ടെത്തുന്ന ന്യായമായതിനാല്‍ അതിനെയും അവഗണിയ്ക്കാതെ വയ്യ..
നമ്മുടെ നാട്ടിലെ സ്ത്രീകള്‍ തിരിച്ചറിവ് വയ്ക്കുന്ന കാലം മുതല്‍ പുരുഷന്മാരുടെ ഇത്തരത്തിലുള്ള "സ്പര്ശരന" ശ്രമങ്ങള്‍ നേരിടുന്നവരാണ്. ബസ്സിനുള്ളില്‍ ആയാലും, ഉത്സവ പറമ്പുകളില്‍ ആയാലും, കല്യാണം മുതലായ സാമൂഹിക ചടങ്ങുകള്ക്കി ടയില്‍ ആയാലും പലപ്പോഴും അവള്‍ അപരിചിതമായ കൈകളുടെ "സംരക്ഷണത്തെ" ഭയക്കേണ്ടി വരുന്നുണ്ട്.
അത് കൊണ്ട് തന്നെ ഇത്തരം കൈക്രിയകളെ പെട്ടെന്ന് തിരിച്ചറിയാനും, കഴിവതും ഒഴിഞ്ഞു മാറാനും, ഗതി കേട്ടാല്‍ പ്രതികരിയ്ക്കാനും അവള്‍ ചെറുപ്പത്തിലേ പഠിയ്ക്കുന്നു. സേഫ്റ്റിപിന്നും, ചെരിപ്പും അവളുടെ സുരക്ഷയുടെ ആയുധമാകുന്നു..
തനിയ്ക്ക് നേരെ നീളുന്ന ഇത്തരം "സംരക്ഷണ കൈകളുടെ" മന:ശാസ്ത്രം തിരിച്ചറിയാന്‍ ഒരു മലയാളി പെണ്ണ് എന്ന നിലയില്‍ ശേത്വമേനോന് പ്രത്യേകിച്ച് ബുദ്ധിമുട്ടില്ല. ആ തിരിച്ചറിവിന്റെ അസ്വസ്ഥതകള്‍ അവരുടെ മുഖത്ത് പലപ്പോഴും മിന്നി മായുന്നതും, അവര്‍ അതിന് പിന്നിലെ പ്രതിയെ തിരഞ്ഞു നോക്കുന്നതും, ആ വീഡിയോകള്‍ സസൂക്ഷ്മം നിരീക്ഷിച്ച ആര്ക്കും വ്യക്തമായി കാണാം.
ഇനിയാണ് ഏറ്റവും പ്രധാനപ്പെട്ട ഭാഗം.
എങ്ങനെ അവര്‍ പ്രതികരിയ്ക്കണം എന്ന ചോദ്യം. ആ ചടങ്ങിലെ വിശിഷ്ടാഥിതി ആണ് അവര്‍. അവര്‍ ശക്തമായി പരസ്യമായി പ്രതികരിച്ചാല്‍ ആ ചടങ്ങ് അലങ്കോലം ആയി നിറം മങ്ങി പോകുമെന്ന് അറിയാവുന്ന അവര്‍, ഒരു പ്രോഫെഷനലിനെ പോലെ ചടങ്ങ് പെട്ടെന്ന് തീര്ത്ത് സ്ഥലം വിടുകയാണ് ചെയ്തത്. തിരികെ ഹോട്ടലില്‍ എത്തിയ ശേഷം കലക്ടര്‍ അടക്കമുള്ള സംഘാടകരെ ഫോണില്‍ വിളിച്ച് പരാതി അറിയിയ്ക്കുന്നു.
ശേത്വ എന്ത് കൊണ്ട് ആ ചടങ്ങില്‍ വെച്ച് പ്രതികരിച്ചില്ല എന്ന് ചോദിയ്ക്കുന്ന സദാചാര വാദി മലയാളി പുരുഷന്മാര്‍ മറ്റൊരു ചോദ്യം ചോദിയ്ക്കുന്നതായിരുന്നു കൂടുതല്‍ ഉചിതം.
"ശേത്വ എന്ത് കൊണ്ട് സേഫ്റ്റിപിന്ന് കൊണ്ട് പോയില്ല" എന്ന്...
അല്ലെങ്കില്‍
"ക്ഷണിച്ച പൊതുചടങ്ങില്‍ ജനപ്രതിനിധി അടക്കമുള്ള മലയാളിപുരുഷന്മാരില്‍ നിന്ന് ഇതൊക്കെ ഉണ്ടാകുമെന്ന് പ്രതീക്ഷിയ്ക്കാനുള്ള സാമാന്യബോധം അവര്‍ എന്ത് കൊണ്ട് കാണിച്ചില്ല?" എന്ന്
..
ഒരാള്‍ സമൂഹത്തില്‍ എത്ര ഉയരത്തില്‍ എത്തിയ വ്യക്തി ആണെങ്കിലും, മലയാളി പുരുഷന്റെ അടിസ്ഥാന ഗുണങ്ങള്‍ മറക്കില്ല എന്ന പാഠം ശേത്വ ഇനി മറക്കില്ല എന്ന് നമുക്ക് പ്രതീക്ഷിയ്ക്കാം...
=====
കുറുപ്പ് ചെയ്തതിലും ഭീകരമായിട്ടായിരുന്നു ഫെസ്ബുക്കിലെ മലയാളി പുരുഷന്മാര്‍ ശേത്വയെ "മാനഭംഗം" ചെയ്തത്..
കാമസൂത്രപരസ്യത്തിലെയും, രതിനിര്വേ ദത്തിലെയും, കളിമണ്ണിലെയും ശേത്വയുടെ ചിത്രങ്ങള്‍ ആവോളം പങ്കു വെച്ച് അവര്‍ സ്വന്തം ലൈംഗികദാഹവും, മലയാളി പുരുഷ മനോഭാവവും തൃപ്തിപ്പെടുത്തി.
. രാഷ്ട്രീയ അണികള്‍ക്കാകട്ടെ ഇതൊരു രാഷ്ട്രീയ ഗൂഡാലോചന മാത്രമായി മാറി. മുംബായില്‍ നിന്നും ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടി മാത്രം കുടുംബവുമൊത്ത് വന്ന ശേത്വമേനോന്‍, അവരെ സംബന്ധിച്ചിടത്തോളം പ്രതിപക്ഷ രാഷ്ട്രീയ ചാരസുന്ദരിയായി മാറി. ശേത്വയുടെ പൂര്വഷകാല ചരിത്രം മുതല്‍, പ്രസവം വരെയും, സിനിമകളില്‍ കണ്ടിട്ടുള്ള ശരീരത്തിന്റെ അളവുകള്‍ മുതല്‍ കണ്ണുകളിലെ കാമം വരെ വിശകലനം ചെയ്ത്, കോടീശ്വരിയായ അവര്‍ പണത്തിനു വേണ്ടി എന്തും ചെയ്യുന്ന വില്പനച്ചരക്ക് ആണെന്ന് അവര്‍ സ്ഥാപിച്ചു..
രാഷ്ട്രീയ ചായ്‌വ് പുറമേ കാണിയ്ക്കാന്‍ വകയില്ലാത്ത നിക്ഷ്പക്ഷവാദികള്‍ ആകട്ടെ, ശേത്വയ്ക്ക് കൊടുത്ത വാര്ത്താ പ്രാധാന്യം രണ്ടു ദിവസം മുന്പ് കൊല്ലപ്പെട്ട കൊച്ചു പെണ്കുട്ടിയ്ക്കോ, ദിവസങ്ങക്ക് മുന്പ്ം ആക്രമിയ്ക്കപെട്ട വീട്ടമ്മയ്ക്കോ, വേറെ പലര്ക്കുമോ കിട്ടാത്തതിലുള്ള വിഷമവും പങ്കു വെച്ച് നെടുവീര്പ്പി ട്ടു.. പ്രശസ്തയും, സമ്പന്നയും, ഇന്ത്യ മുഴുവന്‍ അറിയുന്ന ഒരു നടിയും ആയിട്ട് പോലും ശേത്വമേനോന് പരസ്യമായി ഇങ്ങനെയൊക്കെ അനുഭവിയ്ക്കേണ്ടി വന്നെങ്കില്‍, സാധാരണക്കാരുടെ പെണ്മക്കള്ക്ക് ഇതിലും എത്രയധികം അനുഭവിയ്ക്കേണ്ടി വരുമെന്ന് ചിന്തിയ്ക്കാന്‍ ഈ സംഭവം ഉപകരിയ്ക്കുമെന്ന് അവര്ക്ക് തോന്നാത്തത് ആ നിഷ്പക്ഷത കൊണ്ടാകാം...
രണ്ടു തരത്തിലുള്ള മലയാളി പുരുഷന്മാര്‍ മാത്രമാണ് ഫേസ്ബുക്കില്‍ അവരെ അനുകൂലിച്ചിട്ടുള്ളത് എന്നും ശ്രദ്ധിയ്ക്കേണ്ടതുണ്ട്.
ഒന്ന്, ഈ സംഭവത്തില്‍ പ്രതിയാകേണ്ടി വന്ന ജനപ്രതിനിധിയുടെ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ എതിര്‍ ചേരിയില്‍ ഉള്ളവര്‍..
രണ്ട്, സ്ത്രീകളോടുള്ള സമീപനത്തില്‍ ശരാശരി മലയാളി പുരുഷന്റെ മനോനിലയെ മറികടന്ന്, പെണ്ണിനെ ഒരു ശരീരമല്ലാതെ, സ്വതന്ത്ര വ്യക്തിത്വമുള്ള ഒരു വ്യക്തിയായി കാണാനുള്ള പക്വത കിട്ടിയവര്‍...
=====
ഫേസ്ബുക്കിനു പുറത്ത് തെരുവില്‍ ശേത്വയുടെ കോലംകത്തിച്ചും അസഭ്യമുദ്രാവാക്യങ്ങള്‍ വിളിച്ചും യൂത്ത് കൊണ്ഗ്രെസ്സ് പുരുഷന്മാര്‍ രാഷ്ടീയ അടിമത്വത്തിന്റെ പുതിയ ചരിത്രങ്ങള്‍ എഴുതി..
സൂര്യനെല്ലി പെണ്കുിട്ടിയെ "തരികിട" "വേശ്യ" എന്നൊക്കെ വിളിച്ച് ആക്ഷേപിച്ച ചരിത്രമുള്ള കെ.സുധാകരന്, ശേത്വമേനോനെ അതിലുമധികം അധിക്ഷേപിയ്ക്കാന്‍ വലിയ പ്രയാസമില്ലായിരുന്നു.
മലയാള സിനിമയുടെ പ്രതിസന്ധികാലത്ത് ബിനാമിയെ വെച്ച് ഷക്കീല പടം പിടിച്ചു കാശുണ്ടാക്കിയ ഒരു സദാചാരി സിനിമ നിര്മ്മാീതാവും, ഒരു വ്യവസായ "സംഗീത ആല്ബംി" നിര്മ്മാ താവും, സന്യാസധര്മ്മ ത്തെ ആയുധവുമായി കൂട്ടിയിണക്കി ചരിത്രം സൃഷ്‌ടിച്ച ഒരു ക്രിമിനല്‍ അചാര്യനും അവസരം മുതലാക്കി ശേത്വയ്ക്കെതിരെ പരസ്യമായി അധിക്ഷേപങ്ങള്‍ ചൊരിഞ്ഞു.
.
വീട്ടിലെ ടി.വി കേടായതിനാല്‍ ഇങ്ങനെ ഒരു സംഭവത്തെ കുറിച്ച് കേട്ടിട്ട് പോലുമില്ലാത്ത വനിതാ കമ്മീഷന്‍ അധ്യക്ഷയാകട്ടെ അനങ്ങിയത് പോലുമില്ല.
====
കുറുപ്പിന്റെ മാപ്പ് സ്വീകരിച്ച് ശേത്വ കേസ് പിന്‍വലിച്ചത് കൊണ്ട് ഈ വിവാദം ഇവിടെ അവസാനിയ്ക്കുമായിരിയ്ക്കും. പക്ഷെ ഈ സംഭവം മലയാളി സമൂഹത്തില്‍ പുരുഷ മനോഭാവത്തെ ഗുണകരമായി മാറ്റാന്‍ ഏതെങ്കിലും വിധത്തില്‍ ഉപകരിച്ചാല്‍ അതാകും ശേത്വ മേനോന്‍ ചെയ്ത ഏറ്റവും വലിയ സാമൂഹ്യസേവനം!

2013, ഓഗസ്റ്റ് 10, ശനിയാഴ്‌ച

"എന്നെ കണ്ടാൽ കിണ്ണം കട്ടവനാണെന്ന് തോന്നുമോ":- സോളാർ ചാണ്ടിയുടെ ചോദ്യങ്ങൾ ..

"എന്നെ കണ്ടാൽ കിണ്ണം കട്ടവനാണെന്ന് തോന്നുമോ" എന്ന ഭാവത്തോടെ, ജനങ്ങളുടെ മുമ്പാകെ മറുപടി പറയാന് എല് ഡി എഫിനോട് താന് 13 ചോദ്യങ്ങള് ചോദിക്കുകയാണെന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. എങ്കിൽ പിന്നെ അതിനൊക്കെ ഉത്തരം പറയാമെന്ന് ദിഗംബരനും കരുതി...
ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ കൊടുത്തിരിയ്ക്കുന്നു.
1. പിടിച്ചെടുക്കല് സമരത്തിലൂടെ മൂന്നേകാല് കോടി ജനങ്ങളുടെ ജീവിതപ്രശ്നം കൈകാര്യം ചെയ്യുന്ന ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനെ ബന്ദിയാക്കി സര്ക്കാരിനെ അട്ടിമറിക്കുകയല്ലേ പ്രതിപക്ഷത്തിന്റെ ലക്ഷ്യം?
ഒരിയ്ക്കലുമല്ല. സര്ക്കാരിനെ അട്ടിമറിയ്ക്കുക ഞങ്ങളുടെ ലക്ഷ്യം അല്ല. സ്വന്തം ഓഫീസ് തട്ടിപ്പുകാരുടെയും വ്യഭിചാരികളുടെയും താവളമാക്കി മാറ്റിയ, ജനങ്ങൾ വെറുക്കുന്ന ഉമ്മൻചാണ്ടി എന്ന കഴിവ് കെട്ട മുഖ്യമന്ത്രി രാജി വച്ച് ജുഡിഷ്യൽ അന്വേഷണം നേരിടണം എന്നതാണ് ഞങ്ങളുടെ ആവശ്യം.
2. സെക്രട്ടറിയേറ്റ് യു ഡി എഫിന്റെയോ, എല് ഡി എഫിന്റെയോ അല്ല. അതു ജനങ്ങളുടേതാണ്. മുഖ്യമന്ത്രി ഉള്പ്പെടെയുള്ള മന്ത്രിമാരും 32 വകുപ്പുകളുടെ സെക്രട്ടറിമാരും അയ്യായിരം ജീവനക്കാരും പ്രവര്ത്തിക്കുന്ന സെക്രട്ടേറിയറ്റ് നിശ്ചലമാകുമ്പോള്, കാലവര്ഷ ദുരിതാശ്വാസ പ്രവര്ത്തനങ്ങള്, വിലക്കയറ്റം ഉള്പ്പെടെ ഓണത്തിനു സ്വീകരിക്കേണ്ട നടപടികള്, ക്ഷേമവികസന പ്രവര്ത്തനങ്ങള് തുടങ്ങിയവയെല്ലാം സ്തംഭിപ്പിക്കാനല്ലേ പ്രതിപക്ഷം ശ്രമിക്കുന്നത്?
കഴിഞ്ഞ ഒരു മാസത്തിലധികമായി സെക്രട്ടറിയേറ്റ് മാത്രമല്ല കേരള ഭരണവും മൊത്തം സ്തംഭിപ്പിച്ചു കൊണ്ട്, മുഴുവൻ ശ്രദ്ധയും സോളാർ കേസ് ഒതുക്കാനും, സരിതയെയും, കൊണ്ഗ്രെസ്സ് നേതാകന്മാരെയും, "മകനെപോലത്തെ" സലിം രാജിനെയും രക്ഷിയ്ക്കാൻ ശ്രമിച്ച ഉമ്മൻ ചാണ്ടിയ്ക്ക് ഈ ചോദ്യം ചോദിയ്ക്കാൻ പോലും അർഹത ഇല്ല. ഇത് ഒരു അപ്രതീക്ഷിത സമരം ഒന്നുമല്ല. സോളാർ തട്ടിപ്പിനെതിരെ കഴിഞ്ഞ കുറച്ചു കാലമായി നടക്കുന്ന ജനകീയ സമരങ്ങളുടെ ഒരു തുടർച്ച മാത്രമാണ് ഈ സമരം. ആദ്യം മുതൽ ഉന്നയിച്ച ആവശ്യങ്ങൾ തന്നെയാണ് ഇപ്പോഴും ഉന്നയിയ്ക്കുന്നത്. ഉമ്മൻ ചാണ്ടി രാജിവെയ്ക്കുക മാത്രം ആണ് ഇതിനു പരിഹാരം.
3. കേരളം ഏറ്റവും രൂക്ഷമായ കാലവര്ഷക്കെടുതി നേരിടുമ്പോള്, സര്വകക്ഷിസംഘം ഡല്ഹിക്കു പോകാമെന്ന പ്രതിപക്ഷ നേതാവിന്റെ നിര്ദേശം പോലും അട്ടിമറിച്ച് സെക്രട്ടേറിയറ്റ് പിടിച്ചടക്കല് സമരത്തിന് കൊണ്ടുപിടിച്ച തയാറെടുപ്പ് നടത്തിയത് ജനകീയപ്രശ്നങ്ങളെയും ജനകീയ ആവശ്യങ്ങളെയും തൃണവത്കരിക്കുന്ന സമീപനമല്ലേ?
കഴിഞ്ഞ വർഷം കാലവര്ഷക്കെടുതിയ്ക്ക് കേന്ദ്രം അനുവദിച്ച ദുരിതാശ്വാസ സഹായം പോലും വാങ്ങി എടുക്കാനോ, ജനങ്ങൾക്കായി ചിലവാക്കാനോ കഴിയാത്ത കഴിവ് കെട്ട ഒരു മുഖ്യമന്ത്രിയുടെ “സർവ്വകക്ഷിസംഘം” എന്ന തട്ടിപ്പ് നാടകത്തിന് കൂട്ട് നില്ക്കാൻ ഇടതു പക്ഷത്തെ കിട്ടില്ല. മുഖ്യമന്ത്രിയുടെ നാടകത്തെ പറ്റി സംശയം തോന്നിയ കെ.പി.സി.സി പ്രസിഡന്റ് രേമേഷ് ചെന്നിത്തല നേരിട്ട് കേന്ദ്രത്തിന് സഹായം അഭ്യർഥിച്ചു ഫാക്സ് അയച്ചതും മറക്കണ്ട. സ്വന്തം പാര്ട്ടി പ്രസിഡണ്ട് പോലും വിശ്വസിയ്ക്കാത്ത, ജനങ്ങൾക്ക് വേണ്ടാത്ത ഒരു മുഖ്യമന്ത്രിയെ പിന്തുണയ്ക്കേണ്ട ബാധ്യത ഇടതുപക്ഷത്തിന് ഇല്ല. തട്ടിപ്പ് വീരൻ ഉമ്മൻ ചാണ്ടിയ്ക്ക് പകരം മറ്റൊരാൾ മുഖ്യമന്ത്രിയായാൽ, അയാൾ നയിയ്ക്കുന്ന സർവക്ഷിസംഘത്തോട് ഇടതുപക്ഷം സഹകരിയ്ക്കും.
4. കേരളത്തിന്റെ സമരചരിത്രത്തില് ഇതാദ്യമായി സെക്രട്ടേറിയറ്റിന്റെ എല്ലാ ഗേറ്റുകളും അനശ്ചിതകാലത്തേക്ക് നിര്ബന്ധിതമായി അടപ്പിച്ച് ഒരാളെപ്പോലും കയറ്റില്ലെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചത് ജനങ്ങളോടും ജനാധിപത്യ വ്യവസ്ഥിതിയോടുമുള്ള വെല്ലുവിളിയല്ലേ?
ഉമ്മൻ ചാണ്ടിയ്ക്ക് സ്വയംബോധം മാത്രമല്ല, ചരിത്രബോധം പോലുമില്ലെന്ന് മനസ്സിലായി. ഇപ്രകാരമുള്ള ആദ്യത്തെ സമരമല്ല ഇത്. ഇതിനു മുൻപ് സെക്രെറ്റരിയെറ്റ് ഉപരോധങ്ങൾ നടന്നിട്ടുണ്ട്. കൊണ്ഗ്രെസ്സ് പാർട്ടിയും വിമോചനസമരകാലം മുതൽ ഉപരോധ സമരങ്ങൾ നടത്തിയിട്ടുണ്ട്. ജനാധിപത്യത്തിൽ ജനങ്ങൾക്ക് രണ്ടു തെരെഞ്ഞെടുപ്പുകൾക്കിടയിൽ സ്വന്തം പ്രതിഷേധം ഉയർത്തി പിടിയ്ക്കാനുള്ള ഒരേ ഒരു മാർഗ്ഗമാണ് സമരങ്ങൾ . ഇത് ഇത്തരത്തിലുള്ള അവസാനത്തെ സമരവും ആകില്ല. ജനാധിപത്യം നില നില്ക്കുന്ന കാലത്തോളം ഇത്തരം സമരങ്ങളും ഉണ്ടാകും. ഉമ്മൻ ചാണ്ടി രാജി വെയ്ക്കുക എന്ന ജനങ്ങളുടെ ആഗ്രഹമാണ് ഇടതുപക്ഷം ഉയർത്തി പിടിയ്ക്കുന്നത്. അത് കൊണ്ട് തന്നെയാണ് വൻപിച്ച ജനകീയ പങ്കാളിത്തം മുൻപ് നടന്ന രാപകൽ സമരത്തിനും, ഇപ്പോൾ ഈ ഉപരോധ സമരത്തിനും കിട്ടുന്നത്
. 5. ഇടതുപക്ഷം നടത്തിയ കുടുംബശ്രീ സമരം, രാപ്പകല് സമരം, ഭൂസമരം, പങ്കാളിത്ത പെന്ഷന് സമരം തുടങ്ങിയവയെല്ലാം പരാജയപ്പെട്ട പശ്ചാത്തലത്തിലല്ലേ, സര്ക്കാരിനെ ലക്ഷം പേരെ വച്ച് വളഞ്ഞു വീഴ്ത്താന് ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷവും ഭരണഘടനയുമെല്ലാം അതോടെ അപ്രസക്തമാകില്ലേ?
ഈ സമരങ്ങൾ ഒക്കെ പരാജയമാണെന്ന് ആര് പറഞ്ഞു. ഒരു സമരത്തിന്റെ വിജയവും പരാജയവും തീരുമാനിയ്ക്കുന്നത് ജനങ്ങൾ ആണ്.അല്ലാതെ സരിതയുടെ കാമുകന്മാർ അല്ല. ജനാധിപത്യത്തിൽ പ്രതിഷേധം പ്രകടിപ്പിയ്ക്കാനുള്ള ഏറ്റവും നല്ല മാര്ഗ്ഗമാണ്സമരങ്ങൾ... അവ ലക്ഷ്യം നേടിയാലും ഇല്ലെങ്കിലും, ആ വിഷയത്തെ കുറിച്ച് ഭരണകർത്താക്കളിൽ സ്വയം വിമർശനം ഉണർത്താൻ ഉപകരിയ്ക്കും. ഒരു സമരത്തിന്റെ വിജയ പരാജയ നിലവാരം നോക്കിയല്ല ഇടതുപക്ഷം സമരം ചെയ്യുന്നത്. സമരത്തിന് കാരണമായ വിഷയങ്ങൾ നോക്കിയാണ്. സോളാർ തട്ടിപ്പ് പുറത്തു കൊണ്ട് വന്നത് മാധ്യമങ്ങൾ ആണ്. ഇടതുപക്ഷം അല്ല. സോളാർ കേസിൽ ഉൾപ്പെട്ട കൊണ്ഗ്രെസ്സ്, യു.ഡി എഫ് നേതാക്കളെ രക്ഷിയ്ക്കാൻ നിയമങ്ങളെ വളച്ചൊടിച്ചും, പണം വാരി എറിഞ്ഞും നോക്കുന്നത് ഭരണപക്ഷം തന്നെയാണ്. അതിനെ എതിർക്കുക പ്രതിപക്ഷത്തിന്റെ ഭരണഘടനാപരമായ കടമയാണ്.
6. ഏകാധിപതികളെയും പട്ടാളമേധാവികളെയും നിഷ്കാസനം ചെയ്യാന് ലോകത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്ന സമരമുറയല്ലേ ജനാധിപത്യ സര്ക്കാരിനെ അട്ടിമറിക്കാന്, ഇടതുപക്ഷം ഇപ്പോള് സ്വീകരിച്ചിരിക്കുന്നത്? തങ്ങളുടെ ആവശ്യം നേടിയെടുക്കാന് തീവ്രവാദികളും വിഘടനവാദികളും സ്വീകരിക്കുന്ന അനിശ്ചിതകാലസ്തംഭന സമരമുറകള് ജനാധിപത്യ വ്യവസ്ഥിതിയുമായി പൊരുത്തപ്പെട്ടു പ്രവര്ത്തിക്കുന്ന ഇടതുപക്ഷത്തിന് എങ്ങനെ സ്വീകരിക്കാനാകും?
ഇത്രയ്ക്ക് സ്വയം പ്രശംസ പാടില്ല. എന്തായാലും ഒരു ഏകാധിപതി ആണ് താൻ എന്ന് ഉമ്മൻ ചാണ്ടി സ്വയം സമ്മതിയ്ക്കുന്നു എന്നതിൽ സന്തോഷം. ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയെ മൊത്തം അട്ടിമറിച്ച അടിയന്തരാവസ്ഥ നടപ്പാക്കിയ ഏകാധിപതിയായ ഒരു വനിതയുടെ അനുയായി എന്ന നിലയിൽ താങ്കൾ അങ്ങനെ ചിന്തിയ്ക്കുന്നു എന്നതിൽ അത്ഭുതം ഇല്ല. പണ്ട് ബ്രിട്ടിഷ് ഭരണത്തിനെതിരെ ഇന്ത്യയിലെ ജനങ്ങൾ ഇത്തരം ഒരുപാട് സമരങ്ങൾ നടത്തിയിട്ടുണ്ട്. പക്ഷെ ഭാഗ്യത്തിന് ഇന്ത്യ ഭരിച്ചിരുന്നത് ഉമ്മൻ ചാണ്ടി എന്ന ഒരു ഏകാധിപതി അല്ല എന്നതിൽ ഇന്ത്യാക്കാർക്ക് ആശ്വസിയ്ക്കാം. ഇപ്പോൾ തെലുങ്കാനയ്ക്കെതിരെ, ഐക്യ ആന്ദ്രപ്രദേശിന് വേണ്ടി ഉപരോധ സമരങ്ങൾ നടത്തുന്ന കൊണ്ഗ്രെസ്സുകാരോടു പോയി ഈ ഉപദേശം കൊടുക്കുന്നതാകും നല്ലത്.
7. സോളാര് വിഷയത്തില് മുഖ്യമന്ത്രിയെ ബന്ധിപ്പിക്കാന് പ്രതിപക്ഷം കെട്ടഴിച്ചുവിട്ട ആരോപണങ്ങളില് ഒരെണ്ണമെങ്കിലും തെളിയിക്കാന് സാധിച്ചോ? ഒരു രൂപപോലും സര്ക്കാരിന് നഷ്ടപ്പെടാത്ത സോളാര് കേസിനെതിരേ നടത്തുന്ന പ്രക്ഷോഭത്തിനു നേതൃത്വം നല്കുവാന് ലാവ്ലിന് കേസില് 374 കോടി രൂപ സംസ്ഥാന ഖജനാവിനു നഷ്ടം വരുത്തിയെന്നു സിബിഐ കണ്ടെത്തിയ കേസിലെ പ്രതിയാണ് എന്നത് എന്തൊരു വിരോധാഭാസം?
സോളാർ കേസിൽ മുഖ്യമന്ത്രിയെ ബന്ധിപ്പിയ്ക്കുന്ന നിരവധി തെളിവുകൾ ഉയർന്നു വന്നിട്ടും ഒന്നിനെ പറ്റി പോലും അന്വേഷണം നടത്തുകയോ, തെളിവെടുപ്പ് നടത്തുകയോ ചെയ്യാതെ അട്ടിമറിയ്ക്കുക ആണ് സർക്കാർ ചെയ്തിരിയ്ക്കുന്നത്. സെക്രട്ടേറിയറ്റിലുള്ള മുഖ്യമന്ത്രിയുടെ ഓഫീസില് വച്ച് മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചാണ് സരിത നായർക്ക് അവസാനത്തെ ചെക്ക് കൈ മാറി കൊടുത്തതെന്ന, സോളാര് തട്ടിപ്പിനിരയായ കോന്നി സ്വദേശി ശ്രീധരന് നായര് റാന്നി കോടതിയില് നല്കിയ രഹസ്യമൊഴി തന്നെയാണ് ഏറ്റവും വലിയ തെളിവ്. എന്നാൽ ആ ആരോപണത്തെ പറ്റി ഒന്നും അന്വേഷിയ്ക്കാതെ കേസ് ഒതുക്കാൻ പോലിസ് ശ്രമിച്ചപ്പോൾ, എന്ത് കൊണ്ട് മുഖ്യ മന്ത്രിയുടെ പങ്ക് അന്വേഷിയ്ക്കുന്നില്ല എന്ന് ചോദിച്ചത് ബഹുമാനപ്പെട്ട ഹൈ കോടതി ആണ്. കേസിൽ ഉൾപ്പെട്ട ജോപ്പൻ ഒഴികെയുള്ള മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരെ ഇപ്പോഴും അറസ്റ്റു ചെയ്തിട്ടില്ല. സലിം രാജിന്റെ ഫോണ് വിവരങ്ങൾ പുറത്തു വിടണമെന്ന കോടതി വിധിയ്ക്കെതിരെ സർക്കാർ പറഞ്ഞിട്ട് എ.ജി പോയി അപ്പീൽ കൊടുക്കുന്നു. സരിതയെ ഫോണ് വിളിച്ച് രാത്രിയും പകലും മണിക്കൂറുകളോളം സംസാരിച്ച, അവരെ ഡൽഹിയിലും വിദേശങ്ങളിലും കൊണ്ട് നടന്ന മന്ത്രിമാരും,എം.എൽ.എ മാരും അടക്കമുള്ള കൊണ്ഗ്രെസ്സ് നേതാക്കന്മാരെ പറ്റി ഒരു അന്വേഷണവും ഇന്ന് വരെ നടത്തിയിട്ടില്ല. അവരാരും കൊണ്ഗ്രെസ്സ് ഭരണ ഘടന സരിതയെ പഠിപ്പിയ്ക്കുകയായിരുന്നു എന്ന് വിശ്വസിയ്ക്കാൻ ജനങ്ങൾ മണ്ടന്മാർ അല്ല. ഉമ്മൻ ചാണ്ടി രാജി വെയ്ക്കുകയും, കോടതിയുടെ മേൽനോട്ടത്തിൽ ജുഡിഷ്യൽ അന്വേഷണം നടക്കുകയും ചെയ്താലെ സത്യം പുറത്തു വരൂ എന്ന് ജനങ്ങൾ വിശ്വസിയ്ക്കുന്നു. സർക്കാരിന് നഷ്ടം വന്നാലേ ഒരു അഴിമതി തട്ടിപ്പ് കേസ് പരിഗണനാർഹം ആകുകയുള്ളൂ എന്ന് താങ്കളെ ആരാണ് പഠിപ്പിച്ചത്. നൂറു കണക്കിന് ആളുകൾക്കാണ് സോളാർ തട്ടിപ്പ് വഴി പണം നഷ്ട്ടമായത്. അതിൽ ചോര നീരാക്കി പണം സമ്പാദിച്ച വിദേശ മലയാളികൾ മുതൽ വീട്ടമ്മമാർ വരെ ഉൾപ്പെടുന്നു. ഇവരെയൊക്കെ പറ്റിയ്ക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിനെയും , ഓഫീസ് ജീവനക്കാരെയും, എമെർജിങ്ങ് കേരളയെയും, കൊണ്ഗ്രെസ്സ് നേതാക്കന്മാരെയും ഈ തട്ടിപ്പ് സംഘം ഉപയോഗപ്പെടുത്തി എന്നതാണ് ഈ കേസിന്റെ പ്രാധാന്യം. ജനങ്ങളുടെ ജീവനും സ്വത്തു വകകൾക്കും സംരക്ഷണം കൊടുക്കേണ്ട ഭരണകൂടം തന്നെ ജനങ്ങളെ പറ്റിയ്ക്കാൻ തട്ടിപ്പുകാരുടെ ഉപകരണമായത് ലജ്ജാവഹം തന്നെയാണ്. അഴിമതി കേസിൽ വിജിലൻസ് അന്വേഷണം നേരിടുന്ന അര ഡസനിൽ അധികം മന്ത്രിമാരെ ചുറ്റും നിർത്തി കൊണ്ടാണ് ഉമ്മൻ ചാണ്ടിയുടെ "ലാവ്ലിൻ" ഗിരിപ്രഭാഷണം. ... ഓരോ ഇലക്ഷൻ അടുക്കുമ്പോഴും, അല്ലെങ്കിൽ കൊണ്ഗ്രെസ്സ്സർക്കാർ എന്തെങ്കിലും പ്രതിസന്ധി നേരിടുമ്പോഴും ഉയർത്തി പിടിയ്ക്കാൻ ഒരു വിഷയം ഉണ്ടാക്കുക എന്നതിനപ്പുറം ,ലാവ്ലിൻ കേസിൽ കോടതിയിൽ നിയമപ്രകാരം വിലപ്പോകുന്ന എന്തെങ്കിലും തെളിവ് ഹാജരാക്കാൻ ഇന്നുവരെ കേന്ദ്ര സര്ക്കാരിന്റെ വാലാട്ടിയായ സി ബി ഐ എന്ന അന്വേഷണ എജെന്സിയ്ക്ക് കഴിഞ്ഞിട്ടില്ല എന്ന സത്യം ഓർമ്മിപ്പിച്ചു കൊണ്ട് പറയട്ടെ.... ഇടതുമുന്നണിയുടെ സമരം ഇടതുകക്ഷികളുടെയും പ്രവർത്തകരുടെയും ജനങ്ങളുടെയും ഐക്യത്തിന്റെ സമരമാണ്. അല്ലാതെ ഏതെങ്കിലും വ്യക്തിയുടെ സമരമല്ല. ഞങ്ങൾ നേതാക്കന്മാർക്ക് വേണ്ടിയല്ല സമരം ചെയ്യുന്നത്. ജനങ്ങൾക്ക് വേണ്ടിയാണ്.
8. 2008ല് ആരംഭിച്ച സോളാര് തട്ടിപ്പുകേസില് ഇടതുഭരണത്തില് 14 കേസ് രജിസ്റ്റര് ചെയ്തെങ്കിലും മൂന്നു വര്ഷത്തിനുള്ളില് അതിന്മേല് യാതൊരു നടപടിയും സ്വീകരിച്ചില്ല. എന്നാല്, യുഡിഎഫ് സര്ക്കാര് സംഭവം ഉണ്ടായ ഉടനെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും വെറും രണ്ടു മാസത്തിനുള്ളില് അന്വേഷണം അന്തിമഘട്ടത്തിലേക്കു കടക്കുകയും ചെയ്തത് തട്ടിപ്പുകാരോട് രണ്ടു സര്ക്കാരുകള് സ്വീകരിക്കുന്ന സമീപനത്തിന്റെ മാറ്റുരയ്ക്കുന്നതല്ലേ?
ആരെ പറ്റിയ്ക്കാനാണ് ഈ കുപ്രചരണങ്ങൾ.. സരിതയും ബിജു രാധാകൃഷ്ണനും ആദ്യമായി അറസ്റ്റിൽ ആകുന്നതും ജയിലിൽ അടയ്കപ്പെടുന്നതും ഇടതുഭരണ കാലത്താണ്. അന്ന് സരിത ജയിലിൽ കിടന്നാണ് രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ചത്. എന്നിട്ട് ജാമ്യത്തിൽ ഇറങ്ങി അന്യ സംസ്ഥാനത്തേയ്ക്ക് മുങ്ങിയ രണ്ടു പേരും പിന്നീട് കേരളത്തിലേയ്ക്ക് തിരിച്ചു വരുന്നത് കൊണ്ഗ്രെസ്സ് സർക്കാർ അധികാരത്തിൽ വന്നതോടെയാണ്. കൊണ്ഗ്രെസ്സ് സര്ക്കാരിന്റെ കഴിഞ്ഞ രണ്ടു വർഷക്കാലത്തെ ഭരണത്തിനിടയിൽ യാതൊരു തടസ്സവുമില്ലാതെ ജനങ്ങളെ പറ്റിയ്ക്കാൻ മന്ത്രി മന്ദിരങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസും, ഒക്കെ കയറി ഇറങ്ങി നിരങ്ങുകയായിരുന്നു ഇവർ. അതിന് എല്ലാ ഒത്താശയും ചെയ്തു കൊടുത്തു എന്ന് മാത്രമല്ല,ഇവർക്കെതിരെ ചില പോലീസുകാർ നല്കിയ റിപ്പോർട്ട് വരെ അവഗണിച്ച് സഹായങ്ങൾ ചെയ്തു കൊടുക്കാൻ കൊണ്ഗ്രെസ്സുകാർ മത്സരിയ്ക്കുകയായിരുന്നു. ഒടുവിൽ മാധ്യമങ്ങൾ വിഷയങ്ങൾ പരസ്യമാക്കുകയും ജനങ്ങളുടെ മുന്നിൽ നാറുകയും ചെയ്തപ്പോൾ ആണ് എന്തെങ്കിലും നടപടി എടുക്കാൻ സർക്കാർ നിർബന്ധിതമായത്. പക്ഷെ സരിത്യ്ക്കും ബിജുവിനും എല്ലാ സഹായങ്ങളും ചെയ്ത യു.ഡി.എഫ് നേതാക്കന്മാരെ ഇപ്പോഴും നിയമത്തിന്റെ പിടിയിൽ പെടാതെ സർക്കാർ സംരക്ഷിയ്ക്കുകയാണ്. അവരെ രക്ഷിയ്ക്കാൻ പണവും, സ്വാധീനവും, അധികാരവും ഒഴുക്കുകയാണ്.
9. ഓഗസ്റ്റ് 15ന് ഇന്ത്യന് സ്വാതന്ത്ര്യ സമരത്തിന്റെ സംസ്ഥാനതല പരിപാടികള് നടക്കേണ്ടത് സെക്രട്ടേറിയറ്റിനോടു ചേര്ന്നുള്ള പൊലീസ് ഗ്രൗണ്ടിലാണ്. ആയിരക്കണക്കിനു പൊതുജനങ്ങളും വിദ്യാര്ഥികളും ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയും പങ്കെടുക്കുന്ന സര്ക്കാരിന്റെ ഏറ്റവും വര്ണശബളമായ പരിപാടി. സെക്രട്ടേറിയേറ്റും പരിസരവും പിടിച്ചെടുക്കല് സമരം മൂലം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിന്റെ ശോഭ കെട്ടാല് നമ്മുടെ നാടിന് എന്തൊരു നാണക്കേടായിരിക്കും അത്?
കേരളത്തിന്റെ സെക്രെറ്റരിയെറ്റ് തട്ടിപ്പുകാരുടെയും, പെണ്ണ്പിടിയന്മാരുടെയും, അഴിമതിക്കാരുടെയും കൂത്തരങ്ങ് ആക്കിയതിൽ ലജ്ജിയ്ക്കുന്ന ജനങ്ങളോട് വേണോ ഈ മുടന്തൻ ന്യായം പറയുന്നത്? സ്വാതന്ത്ര്യ സമര ആഘോഷ പരിപാടികൾ നടത്താൻ ഒരുപാട് സ്ഥലങ്ങളും, സംവിധാനങ്ങളും തിരുവനന്തപുരത്തുണ്ട്. ദേശീയ പതാക ഉയർത്തുന്നത് ഒരു തട്ടിപ്പുകാരനായ മുഖ്യമന്ത്രി ആകരുതെന്ന ആഗ്രഹമേ ജനങ്ങൾക്കുള്ളൂ ..
10. ആസന്നമായ പാര്ലമെന്റ് തിരഞ്ഞെടുപ്പില് പശ്ചിമ ബംഗാളില് ഇടതുപക്ഷം തകര്ന്നടിയുമെന്നു വ്യക്തമായ സൂചന ലഭിച്ചതിന്റെ പശ്ചാത്തലത്തില് മാത്രമല്ലേ പ്രാകൃതമായ ഈ സമരം സി പി എം കേന്ദ്രനേതൃത്വത്തിന്റെ സാന്നിധ്യത്തില് അരങ്ങേറുന്നത്?
ആസന്നമായ പാര്ലമെന്റ് തിരഞ്ഞെടുപ്പില് കൊണ്ഗ്രെസ്സ് നേതൃത്വം നല്കുന്ന യു.പി.എ കഴിഞ്ഞ പ്രാവശ്യത്തെതിൽ നിന്നും പകുതി സീറ്റുകൾ പോലും നേടാതെ തകർന്നടിയും എന്ന് വിവിധ മാധ്യമങ്ങൾ നടത്തിയ അഭിപ്രായ വോട്ടെടുപ്പുകൾ പറയുന്നത് കൊണ്ട്, 2004 ലെ പോലെ കൊണ്ഗ്രെസ്സ് പാർട്ടിയ്ക്ക് ഒരു സീറ്റ് പോലും നേടാനാകാത്ത സ്ഥിതി കേരളത്തിൽ ഉണ്ടാകരുത് എന്ന് കരുതിയല്ലെ, "തമ്മിൽ ഭേദം തൊമ്മൻ" എന്ന ന്യായം വിശ്വസിച്ച് ഹൈകമാണ്ട് ഇപ്പോഴും താങ്കളെ ചുമക്കുന്നത് എന്ന് സംശയിച്ചാൽ തെറ്റുണ്ടോ മിസ്റ്റർ ഉമ്മൻ ചാണ്ടി? ലോകസഭ ഇലക്ഷനിൽ കേരളത്തിൽ കൊണ്ഗ്രെസ്സിനു സംഭവിയ്ക്കാൻ പോകുന്ന വൻപരാജയത്തിന്റെ പാപഭാരം കെട്ടി വയ്ക്കാൻ ഒരുക്കി നിർത്തിയിരിയ്ക്കുന്ന ബലിമൃഗം ആണ് താങ്കൾ എന്ന് ജനങ്ങൾക്ക് നന്നായി അറിയാം.
11. പത്തുകോടി രൂപ തട്ടിച്ച സോളാര് സംഭവത്തിനെതിരേ ഇടതുപക്ഷം നടത്തുന്ന സെക്രട്ടേറിയറ്റ് പിടിച്ചടക്കല് സമരത്തിന് ഒരുലക്ഷം പേരെ തിരുവനന്തപുരത്ത് അനിശ്ചിതകാലത്തേക്ക് രാപ്പകല് സമരം നടത്താന് വിളിച്ചിരിക്കുകയാണ്. ഇതിന് ഒരു ദിവസം എത്ര കോടി രൂപ ചെലവുവേണ്ടിവരുമെന്നു സി പി എം വെളിപ്പെടുത്തുമോ? ഇതും ജനങ്ങളുടെ പണം തന്നെയല്ലേ?
സരിതയുടെ മൊഴി തിരുത്താൻ വേണ്ടി നിങ്ങൾക്കായി അബ്കാരി മുതലാളിമാർ ഒഴുക്കിയ കോടികൾ പോലെയല്ല ഈ സമരത്തിന്റെ സാമ്പത്തിക സ്രോതസ്സ്. ജനങ്ങൾ നല്കുന്ന പിന്തുണയും സഹായവും തന്നെയാണ് ഈ സമരത്തിന്റെ ശക്തിസ്രോതസ്സ്. അത് സ്വന്തം ഇഷ്ട്പ്രകാരം ജനങ്ങളുടെ തന്ന പണം തന്നെയാണ്. സ്വന്തം ഓഫീസ് പോലും നിയന്ത്രിയ്ക്കാൻ അറിയാത്ത ഒരു തട്ടിപ്പ് മുഖ്യമന്ത്രിയെ മാറ്റാൻ ജനങ്ങൾ സന്തോഷത്തോടെ നല്കുന്ന സംഭാവനകളുടെ കണക്കുകൾ നിങ്ങളെ അറിയിയ്ക്കേണ്ട ബാധ്യത ഞങ്ങൾക്കില്ല.
12. ഇതുവരെ നടത്തിയ അന്വേഷണത്തെക്കുറിച്ച് ആരും ആക്ഷേപം ഉന്നയിക്കാതിരിക്കുകയും മുഖ്യമന്ത്രിക്ക് ഇതില് പങ്കില്ലെന്നു വ്യക്തമാകുകയും ചെയ്ത സാഹചര്യത്തില് എന്തിനുവേണ്ടിയാണ് ഈ സമരം?
മുഖ്യമന്ത്രിയ്ക്ക് പങ്കില്ലെന്ന് ആര് പറഞ്ഞു? അതങ്ങ് പരുമല പള്ളിയിൽ പോയി പറഞ്ഞാൽ മതി. അരിയാഹാരം കഴിയ്ക്കുന്ന ആരും അത് വിശ്വസിയ്ക്കാൻ പോകുന്നില്ല. മുഖ്യമന്ത്രിയ്ക്ക് മാത്രമല്ല, മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട ചിലർക്കും, ഓഫീസ് സ്റ്റാഫിനും, കൊണ്ഗ്രസ്സ്,യു ഡി എഫ് നേതാക്കൾക്കും ഈ തട്ടിപ്പിൽ വ്യക്തമായ പങ്കുണ്ട്. അത് ജനങ്ങൾക്കും അറിയാം. അത് തെളിയിയ്ക്കാൻ വേണ്ടി സ്വതന്ത്രമായ ജഡീഷ്യൽ അന്വേഷണം വേണം.
13. ഒരാളെപ്പോലും സെക്രട്ടേറിയറ്റില് കയറ്റില്ലെന്നും മുഖ്യമന്ത്രി രാജിവയ്ക്കാതെ സെക്രട്ടേറിയറ്റ് പ്രവര്ത്തിപ്പിക്കുകയില്ലെന്നും എല് ഡി എഫ് കണ്വീനര് പ്രസ്താവിച്ച സാഹചര്യത്തില് നിയമവാഴ്ച ഉറപ്പുവരുത്താനും ഭരണസ്തംഭനം ഒഴിവാക്കാനും പ്രവര്ത്തിക്കേണ്ട ബാധ്യത സര്ക്കാരിനില്ലേ? ജനാധിപത്യവ്യവസ്ഥയില് അനുവദനീയമായ പ്രതിഷേധത്തിലും സമരത്തിലും ഇടപെട്ടാല് അതു വീഴ്ചയായി ജനം കാണും. അനുവദനീയമായതിന് അപ്പുറത്തേക്ക് പോയി ജനജീവിതത്തെ ദുസഹമാക്കിയിട്ടു ഇടപെട്ടില്ലെങ്കില് അത് വലിയ വീഴ്ചയായി ജനം കാണില്ലേ?
തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് ഒരുപാട് ബാധ്യതകൾ ഉണ്ടെന്ന് നല്ല ബോധ്യം ഞങ്ങൾക്കുണ്ട്. പക്ഷെ ഏറ്റവും കൂടുതൽ ബാധ്യതകൾ ഉള്ളത് ജനങ്ങളോടാകണം. ഉമ്മൻ ചാണ്ടിയുടെ സർക്കാരിന് ജനങ്ങളോടല്ല ബാധ്യത എന്ന് ഇന്നുവരെ തെളിയിച്ചു കൊണ്ടിരിയ്ക്കുകയാണ്. ജാതി മത വർഗ്ഗീയ ശക്തികളോടും, അബ്കാരി, വ്യവസായ മുതലാളിമാരോടും മാത്രം ആണ് ഈ സര്ക്കാർ ഉത്തരവാദിത്വം കാണിച്ചിട്ട് ഉള്ളത്. ആരോപണങ്ങൾ ഉയർന്നപ്പോൾ തന്നെ പ്രതിപക്ഷം ആവശ്യപ്പെട്ട പോലെ ജുഡിഷ്യൽ അന്വേഷണം നടത്തിയിരുന്നെങ്കിൽ ഈ സമരങ്ങൾ ഒക്കെ ഒഴിവാക്കാമായിരുന്നു എന്ന് ഇപ്പോഴെങ്കിലും സ്വയം വിമർശനപരമായി ചിന്തിച്ചാൽ ഉമ്മൻ ചാണ്ടിയ്ക്ക് തന്നെ നല്ലത്. ഇപ്പോൾ ജനങ്ങൾക്ക് ഒരു ആഗ്രഹമേ ഉള്ളൂ. അത് ഉമ്മൻ ചാണ്ടിയുടെ രാജിയാണ്. അതെത്രയും പെട്ടെന്ന് നടന്നാൽ ജനങ്ങൾക്ക് അത്രയും സന്തോഷമാകും
അവസാനമായി ജനങ്ങൾക്ക്‌ വേണ്ടി ഉമ്മൻ ചാണ്ടിയോട്തിരിച്ചു ചില ചോദ്യങ്ങൾ ചോദിയ്ക്കാൻ ഉള്ള ധിക്കാരം ദിഗംബരനും കാണിയ്ക്കുന്നു.
1) പണ്ടൊക്കെ വലിയ ആദർശം പ്രസംഗിച്ചു നടന്ന നിങ്ങളുടെ ധാർമികതയൊക്കെ, ഇപ്പോൾ ആസനത്തിൽ ആലു മുളച്ച് കഴിഞ്ഞപ്പോൾ എവിടെ പോയി?
2) ഇത്രയും സ്നേഹിയ്ക്കാൻ സലിം രാജ് നിങ്ങളുടെ ആരാണ്?
3) ചാരകെസിൽ കരുണാകരനെ ഇല്ലാത്ത കുറ്റം ചാർത്തി രാജി വെപ്പിച്ച നിങ്ങൾ, ഇപ്പോൾ അതിലുമധികം ആരോപണങ്ങൾ ഉയരുന്ന സ്വന്തം കാര്യം വന്നപ്പോൾ രാജി വെയ്ക്കാത്തത്‌ എന്ത് കൊണ്ട്?
4) ഈ മന്ത്രിസഭയിൽ ചേരണ്ട എന്ന് രമേശ് ചെന്നിത്തല തീരുമാനിച്ചത് "നാറിയവനെ ചാരിയാൽ ചാരിയവനും നാറും" എന്ന ബോധം ഉള്ളത് കൊണ്ടല്ലേ?
5) ജയിലിനുള്ളിൽ സരിതയ്ക്കും ശാലുവിനും വി.ഐ.പി പരഗണന ലഭിയ്ക്കുന്നത് എന്ത് കൊണ്ടാണ്?
6) സ്വന്തം പാർട്ടിയിലെ എം.എൽ.എ മാർക്ക് പോലും കൊടുക്കാൻ സമയമില്ലാത്ത താങ്കൾ, ബിജു രാധാകൃഷ്ണനുമായി രണ്ടു മണിക്കൂറോളം രഹസ്യമായി സംസാരിച്ചത് എന്താണ്? ഇത്ര രഹസ്യമായി വയ്ക്കാൻ ഇന്ത്യാ-പാകിസ്ഥാൻ അതിർത്തി തർക്കം ആയിരുന്നോ വിഷയം?
7) ഇടുക്കിയിൽ പ്രകൃതി ക്ഷോഭം നേരിടാൻ വെറും രണ്ടു കമ്പനി പട്ടാളത്തിനെ ആവശ്യപ്പെട്ട, താങ്കൾക്ക് ഇടതുമുന്നണിയുടെ ഉപരോധത്തെ നേരിടാൻ ഇരുപത് കമ്പനി പട്ടാളത്തെ വിളിയ്ക്കേണ്ടി വന്നത്‌ ഈ സമരത്തിന്‌ കിട്ടിയ ജനപിന്തുണ കണ്ട് ഭയന്നല്ലേ?
8) സോളാർ കേസിൽ നിരപരാധി ആണെന്ന് സ്വയം ബോധം ഉണ്ടെങ്കിൽ ഉമ്മൻ ചാണ്ടി എന്തിന് ജുഡിഷ്യൽ അന്വേഷണത്തെ ഭയപ്പെടുന്നു? ജനങ്ങൾക്ക്‌ ചോദിയ്ക്കാൻ ഇനിയും ചോദ്യങ്ങൾ ധാരാളം ഉണ്ട്... സമയം പോലെ ചോദിയ്ക്കാം...

2013, ജൂലൈ 20, ശനിയാഴ്‌ച

ഒരു ഇന്ത്യന്‍ കമ്യൂണിസ്റ്റിന്റെ ഓര്‍മക്കുറിപ്പുകള്‍

(എത്രയോ നാള്‍ മുന്‍പാണ് ഞാന്‍ സഖാവ് കെ. ദാമോദരനുമായി അഭിമുഖം നടത്തിയത്. ചരിത്രകാലം കൂടി മാറിത്തീര്‍ന്നതിനാല്‍ അതിനുമെത്രയോ നാള്‍ മുന്‍പ് നടന്നതുപോലെ തോന്നുന്നു. 1990 കളില്‍ മുതലാളിത്തം വെന്നിക്കൊടി പാറിച്ചതോടെ ലോകം കീഴ്‌മേല്‍ മറിഞ്ഞു. സോവിയറ്റ് യൂണിയന്റെ തകര്‍ന്നടിയലും ചൈനയുടെ മുതലാളിത്തപാത സ്വീകാരവും മുതലാളിത്തവിജയത്തിന്റെ പ്രതീകങ്ങളായി മാറി. നാം ഇപ്പോള്‍ ജീവിക്കുന്നത് വിചിത്രവും രേഖപ്പെടുത്താത്തതുമായ ഒരു സംക്രമണദശയിലാണ്. നമ്മുടെ ലോകത്തിന്റെ കാതലായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള കഴിവ് മുതലാളിത്തത്തിനില്ലെന്നു വ്യക്തമാണ്. ഭൂമുഖം മുഴുവനായല്ലെങ്കിലും ഭൂഖണ്ഡങ്ങളെയെങ്കിലും കണക്കിലെടുക്കുന്ന സാമൂഹിക ആസൂത്രണം ആവശ്യമായിത്തീര്‍ന്നിരിക്കുന്നു. ചരിത്രം ക്രൂരമാണ്. പക്ഷേ, അതിന്റെ മൗലികതയെക്കുറിച്ച് സംശയിക്കേണ്ടതില്ല, പുതിയ അദ്ഭുതങ്ങള്‍ അതിന്റെ കലവറയില്‍ കരുതിവെച്ചിട്ടുണ്ടാകണം. സഖാവ് ദാമോദരനെക്കുറിച്ച്, അദ്ദേഹത്തിന്റെ ആശയങ്ങളെ കവിഞ്ഞുനില്ക്കുന്ന തരത്തിലുള്ള സ്‌നേഹമസൃണമായ ഓര്‍മകളാണെനിക്കുള്ളത്. പഴയ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അനുഭവങ്ങളുടെ ഭൂതകാലത്തെ അസൂയാവഹമായ രീതിയില്‍ അകന്നുനിന്നു കണ്ട് അപഗ്രഥിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. മറ്റു പലരെയുംപോലെ വലതുപക്ഷത്തേക്കുചാഞ്ഞ്, ഓച്ഛാനിച്ച് തൊട്ടടുത്ത കോണ്‍ഗ്രസ് ആപ്പീസില്‍ കയറിപ്പറ്റാന്‍ അദ്ദേഹം മുതിര്‍ന്നില്ല. പുതിയ തലമുറയെപഠിപ്പിക്കുകയാണ് തന്റെ ദൗത്യമെന്ന് അദ്ദേഹം കരുതി. ജെ.എന്‍.യുവിലെ ഹരംപിടിപ്പിക്കുന്ന ദിനങ്ങളില്‍ അദ്ദേഹത്തോടൊപ്പം ചെലവഴിച്ച നേരങ്ങള്‍ ആഹ്ലാദഭരിതമായിരുന്നു. എന്നെ ഏറ്റവും ആകര്‍ഷിച്ചത് അദ്ദേഹത്തിന്റെ സ്വഭാവശുദ്ധിയും ആര്‍ജവവുമായിരുന്നു. പാര്‍ട്ടിയുമായി ബന്ധപ്പെട്ട ചില സംഭവങ്ങളില്‍ താന്‍ വഹിച്ച പങ്കിനെക്കുറിച്ച് നിര്‍ദയമായ ആത്മവിചാരണയാണ് അദ്ദേഹം നടത്തിയത്. ആ അര്‍ഥത്തില്‍ ഞങ്ങള്‍ തമ്മിലുള്ള അഭിമുഖത്തിന് രാഷ്ട്രീയപ്രാധാന്യമുണ്ടായിരുന്നു എന്നതുപോലെത്തന്നെ അതൊരു പ്രത്യൗഷധവുമായിരുന്നു. ഒരു പുനരുജ്ജീവനകര്‍മവുമായിരുന്നു. തന്റെ രാഷ്ട്രീയ ഭൂതകാലത്തില്‍ സംഭവിച്ചുകൂടാതിരുന്ന ചില കാര്യങ്ങളെ ഉച്ചാടനം ചെയ്യാനും അദ്ദേഹം ശ്രമിച്ചിരുന്നു. ദാമോദരനെ പിന്നീടൊരിക്കലും കണ്ടിട്ടില്ലല്ലോ എന്ന് ഞാനെപ്പോഴും സങ്കടപ്പെട്ടിട്ടുണ്ട്. എങ്കിലും, അദ്ദേഹം എഴുതിയ രചനകള്‍ ഹൃദ്യമായ കുറിപ്പുസഹിതം എന്റെ മേശപ്പുറത്തെത്താറുണ്ടായിരുന്നു. ന്യൂ ലെഫ്റ്റ് റിവ്യൂ നടത്തിയ അഭിമുഖങ്ങളുടെ ഒരു സമാഹാരം (ലൈവ്‌സ് ഓണ്‍ ദ ലെഫ്റ്റ്: എ ഗ്രൂപ്പ് പോര്‍ട്രയിറ്റ്) സമീപകാലത്ത് വെഴ്‌സോ ബുക്‌സ്, പ്രസിദ്ധീകരിക്കുകയുണ്ടായി. അതില്‍ ലൂക്കാച്ച്, സാര്‍ത്ര്, ചോംസ്‌കി തുടങ്ങിയവരോടൊപ്പം കെ. ദാമോദരനുമുണ്ട്.-
താരിഖ് അലി)
അഭിമുഖത്തില്‍ നിന്ന്....
ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ചുവടുറപ്പിക്കാന്‍ വളരെയേറെക്കാലം വേണ്ടിവന്നത് എന്തുകൊണ്ടാണെന്നാണ് താങ്കള്‍ക്കു തോന്നുന്നത്? അതിന്റെ ആദ്യകാല പ്രവര്‍ത്തനമെന്തായിരുന്നു? ദേശീയപ്രസ്ഥാനവുമായുള്ള അതിന്റെ ബന്ധങ്ങളോ? 'കോമിന്റേണി'ന്റെ കുപ്രസിദ്ധമായ ആ 'മൂന്നാം ഘട്ടം' ഇന്ത്യന്‍ കമ്യൂണിസ്റ്റുകളെയും ഒരു നിര്‍ണായകസന്ധിയില്‍ ദേശീയ പ്രസ്ഥാനത്തിന്റെ മുഖ്യധാരയില്‍നിന്ന് ഒറ്റപ്പെടുത്തി ഗതിമുട്ടിച്ച് കളഞ്ഞതാണെന്നു വരുമോ?
ഈ ഘട്ടത്തിലെ എന്റെ വ്യക്തിപരമായ അനുഭവം കേരളത്തിലൊതുങ്ങി നില്ക്കുന്നതായിരുന്നു. ഞാന്‍ അതില്‍ത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാം. എങ്കിലും രാജ്യത്തുടനീളം പാര്‍ട്ടിയുടെ പൊതുവായ നീക്കം ഒന്നുതന്നെയായിരുന്നെന്നു പറയേണ്ടതില്ലല്ലോ. കമ്യൂണിസ്റ്റ് പാര്‍ട്ടി നിയമവിരുദ്ധമായിരുന്ന കാലത്താണ് ഞാനതില്‍ ചേരുന്നത്. ബോംബെയില്‍ തുണിമില്ലുകളിലെ പൊതുപണിമുടക്കുള്‍പ്പെടെയുള്ള പണിമുടക്കുകളുടെ തരംഗത്തിനു പിറകെ, 1934-ലാണ് പാര്‍ട്ടി നിരോധിക്കപ്പെട്ടത്. ഇതുകാരണം പാര്‍ട്ടിസാഹിത്യത്തിന്റെ വിതരണം പലയിടത്തും പലതരത്തിലായിരുന്നു. സംഘടിതമായ ഉള്‍പ്പാര്‍ട്ടിച്ചര്‍ച്ചയുടെ പ്രശ്‌നമേ ഇല്ലായിരുന്നു. അക്കാലത്ത് സി.പി.ഐ. ദേശീയതലത്തില്‍ത്തന്നെ ഒരു കൊച്ചു സംഘടനയായിരുന്നെന്ന് മനസ്സിലാക്കണം. വാസ്തവത്തില്‍ സി.പി.ഐ. ദേശീയതലത്തിലുള്ള ഒരു രാഷ്ട്രീയശക്തിയായി വികസിക്കാന്‍ തുടങ്ങിയത് 'മൂന്നാം ഘട്ട'ത്തിന്റെ അതിക്രമങ്ങള്‍ക്കു ശേഷമാണ്, 1935-'36 കാലത്ത്. ഇരുപതുകളിലും മുപ്പതുകളുടെ ആരംഭത്തിലും പ്രാദേശികതലത്തില്‍ നിലനിന്നിരുന്ന കമ്യൂണിസ്റ്റ് ഗ്രൂപ്പുകളെ ഗതിമുട്ടിക്കുന്നതില്‍ കോമിന്റേണിന്റെ രാഷ്ട്രീയം തീര്‍ച്ചയായും അപ്രധാനമല്ലാത്ത ഒരു പങ്കുവഹിക്കുകയുണ്ടായി. കോമിന്റേണ്‍ നേതാക്കള്‍ ഇന്ത്യന്‍ ബൂര്‍ഷ്വാസിയുടെയും അതിന്റെ രാഷ്ട്രീയസ്ഥാപനമായ ഇന്ത്യന്‍ കോണ്‍ഗ്രസ്സിന്റെയും ആപേക്ഷികമായ സ്വാച്ഛന്ദ്യം തീരെ കുറച്ചുകണ്ടു. അവര്‍ ദേശീയപ്രസ്ഥാനത്തെയും സാമ്രാജ്യത്വത്തെയും ഒന്നുതന്നെയായിക്കാണുന്ന ഒരു ഘട്ടത്തിലൂടെ കടന്നുപോയി. കൊളോണിയല്‍ പ്രശ്‌നങ്ങളില്‍ സ്റ്റാലിന്റെ വക്താവായിരുന്ന ക്യുസിനേനും ഇന്‍പ്രെകോറിലെ പല എഴുത്തുകാരും, സാമ്രാജ്യത്വത്തിനെതിരായ സമരത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഒരു പ്രതിവിപ്ലവശക്തിയാണെന്നുവരെ പറഞ്ഞുകളഞ്ഞു. കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകളെ അവര്‍ 'സോഷ്യല്‍ ഫാസിസ്റ്റു'കളായി മുദ്രകുത്തുകയും ചെയ്തു. ഇരുപതുകളുടെ അന്ത്യവര്‍ഷങ്ങളിലും മുപ്പതുകളിലും ദേശീയനേതാക്കള്‍ക്കെതിരായ ആക്രമണങ്ങള്‍ തീവ്ര ഇടതുപക്ഷ വാചാടോപത്തില്‍ പൊതിഞ്ഞാണ് വന്നിരുന്നത്. ഇന്ത്യയില്‍ അന്നു നിലനിന്ന വിവിധ കമ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ അതൊക്കെ 'തത്തമ്മേ പൂച്ച പൂച്ച' എന്ന മട്ടില്‍ ഏറ്റുപറയുകയും ചെയ്തിരുന്നു. എങ്കിലും കോമിന്റേണിനെ മാത്രം കുറ്റം പറഞ്ഞാല്‍ പോരാ. ചൈനീസ് പാര്‍ട്ടിയും കോമിന്റേണിന്റെ തെറ്റായ ഉപദേശത്താല്‍ വഞ്ചിക്കപ്പെട്ടവരാണല്ലോ; എന്നിട്ടും അവരൊടുവില്‍ രക്ഷപ്പെടുകയും അധികാരം പിടിച്ചെടുക്കുകയും ചെയ്തു. അപ്പോള്‍, ആത്മനിഷ്ഠമായ പരാജയങ്ങളുടെ പ്രാധാന്യം അവഗണിക്കാതെതന്നെ നമുക്ക് കുറച്ചുകൂടി ആഴത്തിലേക്കു നോക്കണം. അങ്ങനെ നോക്കുമ്പോള്‍ ഇന്ത്യന്‍ കോണ്‍ഗ്രസ്സിനെപ്പോലെ സുശക്തവും സുദൃഢവുമായ ഒരു ബൂര്‍ഷ്വാ ജനാധിപത്യ പാര്‍ട്ടിയുടെ നിലനില്പിന് വസ്തുനിഷ്ഠമായ ഒരടിത്തറയുണ്ടായിരുന്നുവെന്നു കാണാം-കോമ്പ്രദോറല്ലാത്ത, ബ്രിട്ടീഷ് ഭരണത്തിന്റെ മൂര്‍ധന്യത്തില്‍പ്പോലും ഒരളവോളം സ്വാതന്ത്ര്യമനുഭവിച്ച ഒരു ഇന്ത്യന്‍ ബൂര്‍ഷ്വാസിയുടെ വികാസമാണ് ഈ അടിത്തറ. അതിന്റെ താത്പര്യങ്ങള്‍ പല അവസരങ്ങളിലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ താത്പര്യങ്ങളുമായി ഇടഞ്ഞു. ബ്രിട്ടന്‍ സാമ്രാജ്യത്വങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങളാല്‍ തളയ്ക്കപ്പെട്ടിരുന്ന കാലത്ത് ഇന്ത്യന്‍ മുതലാളിമാര്‍ അഭൂതപൂര്‍വമായ വേഗത്തോടെ വളരുകയായിരുന്നു. ധാരാളം ഇന്ത്യക്കാരുള്‍പ്പെട്ട ഒരു സിവില്‍സര്‍വീസിനോടും സൈന്യത്തോടുമൊപ്പം ഈ ബൂര്‍ഷ്വാസിയുടെ നിലനില്പ്, ഒരു കൊളോണിയല്‍ ഭരണകൂട ഉപകരണത്തിന്റെ നിലനില്പിനാവശ്യമായ അടിസ്ഥാനം സൃഷ്ടിച്ചു. കോണ്‍ഗ്രസ്സിനെ സ്വന്തം ഘടനകളില്‍ കെട്ടിയിടുന്നതിലും, ഒടുവില്‍ സ്വാതന്ത്ര്യത്തിന്റെ സമയം വന്നപ്പോള്‍ ആ പരിവര്‍ത്തനത്തിന്റെ സൗമ്യത ഉറപ്പുവരുത്തുന്നതിലും അതു വിജയിക്കുകയും ചെയ്തു. അങ്ങനെ തങ്ങള്‍ക്കൊരിക്കലും ശരിക്ക് അപഗ്രഥിക്കാന്‍ കഴിയാതിരുന്ന അപൂര്‍വമായൊരു സാമ്പത്തിക-രാഷ്ട്രീയ ഘടനയുമായാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ ഏറ്റുമുട്ടിയത്. സി.പി.ഐ. 1934-'35-ല്‍ തന്നെ ശരിക്കും സ്ഥാപിതമായെങ്കിലും അതിന്റെ വികാസം എല്ലാഭാഗത്തും തുല്യമായിരുന്നില്ല. ഉദാഹരണത്തിന് നമ്പൂതിരിപ്പാടും പി. കൃഷ്ണപിള്ളയും ഞാനുമുള്‍പ്പെടെ അഞ്ച് സഖാക്കള്‍ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഗ്രൂപ്പ് സംഘടിപ്പിച്ചത് 1937-ല്‍ മാത്രമായിരുന്നു. ഈ ഗ്രൂപ്പിനെ പരസ്യമായി 'കമ്യൂണിസ്റ്റ് പാര്‍ട്ടി'യെന്നു വിളിക്കേണ്ടെന്നും, കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകള്‍ക്കിടയില്‍ത്തന്നെ ഒരടിത്തറ നേടിയെടുക്കുകയാണ് വേണ്ടതെന്നും ഞങ്ങള്‍ തീരുമാനിച്ചു. ഇതു ശരിയായിരുന്നുവെന്നാണെന്റെ വിചാരം. എന്നാല്‍ ദേശവ്യാപകമായി ഇതു സംഭവിക്കുകയുണ്ടായില്ല. ഞങ്ങള്‍ അങ്ങനെ കോണ്‍ഗ്രസ്സിനുള്ളില്‍ത്തന്നെ ഒരു സംഘടിത ഗ്രൂപ്പായി പ്രവര്‍ത്തിച്ചിരുന്ന കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിക്കകത്ത് കമ്യൂണിസ്റ്റ് സാഹിത്യം പ്രചരിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസ്സിനകത്ത് ഒരു സംഘടിത ഗ്രൂപ്പെന്ന നിലയ്ക്ക് ഞങ്ങളുടെ സ്വാധീനം അഗണ്യമായിരുന്നില്ല. നമ്പൂതിരിപ്പാട്, എ.കെ. ഗോപാലന്‍, കൃഷ്ണപിള്ള, പില്ക്കാലത്ത് ഞാന്‍-ഞങ്ങളെല്ലാവരുംതന്നെ കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ നേതാക്കളായി അംഗീകാരം നേടിയിരുന്നു. പ്രധാന കമ്മിറ്റികളിലെല്ലാം ഞങ്ങള്‍ക്ക് സ്ഥാനവുമുണ്ടായിരുന്നു. കോണ്‍ഗ്രസ്സിലെ ഞങ്ങളുടെ സ്ഥാനമുപയോഗിച്ച് ഞങ്ങള്‍ ട്രേഡ് യൂണിയനുകളും കര്‍ഷകസംഘങ്ങളും വിദ്യാര്‍ഥിസംഘടനകളും സാമ്രാജ്യത്വവിരുദ്ധരായ പുരോഗമന സാഹിത്യകാരന്മാരുടെ സംഘടനകളും കെട്ടിപ്പടുത്തു. 1939 അവസാനം മാത്രമാണ് ഞങ്ങള്‍ കേരളത്തില്‍ ശരിയായ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് രൂപം നല്കിയത്. ഞങ്ങളുടെ ജനകീയപ്രവര്‍ത്തനവും ജനങ്ങളുടെ ദേശീയാഭിലാഷങ്ങളുമായുള്ള ഞങ്ങളുടെ താദാത്മ്യവുമാണ് കേരളത്തെ സ്വാതന്ത്ര്യാനന്തര കമ്യൂണിസത്തിന്റെ ഒരു പ്രധാന ശക്തികേന്ദ്രമാക്കി മാറ്റുന്നതില്‍ പ്രമുഖ പങ്കുവഹിച്ചത്, സംശയമില്ല.
സോവിയറ്റ് യൂണിയനില്‍ നടന്നുകൊണ്ടിരുന്ന പരിണാമങ്ങള്‍ക്ക് ഇന്ത്യന്‍ കമ്യൂണിസത്തിന്മേലുണ്ടായ പ്രത്യാഘാതം ഒന്നു ചുരുക്കി വിവരിക്കാമോ? ഏതായാലും നാം ചര്‍ച്ചചെയ്യുന്ന കാലഘട്ടം വളരെ നിര്‍ണായകമായിരുന്നെന്ന് വ്യക്തമാണല്ലോ; സ്റ്റാലിനിസ്റ്റ് ഭീകരത, വിപ്ലവകാലത്തെ ബോള്‍ഷെവിക് നേതൃത്വത്തെ ഏതാണ്ട് മുഴുവന്‍തന്നെ ഭൗതികമായി തുടച്ചുനീക്കി-പൊതുജീവിതത്തിന്റ സര്‍വ മണ്ഡലങ്ങളിലും സമ്പൂര്‍ണമായി കുത്തക സ്ഥാപിച്ച ഒരു ഉദ്യോഗസ്ഥ മേധാവിത്വ സ്വേച്ഛാധിപത്യത്തിന്റെ വിഷ്‌കംഭം. ഇന്ത്യന്‍ കമ്യൂണിസ്റ്റുകളെ ഇതെല്ലാം എങ്ങനെ ബാധിച്ചു?
എന്നെ സംബന്ധിച്ച് പറയുകയാണെങ്കില്‍ എനിക്ക് കേരളത്തെ മുന്‍നിര്‍ത്തിയേ സംസാരിക്കാനാവൂ. അക്കാലത്ത് ഞാന്‍ അഖിലേന്ത്യാ പാര്‍ട്ടി ഘടനയുടെ ഭാഗമായിട്ടില്ലായിരുന്നു. പിന്നെ, ഞാന്‍ വിശദീകരിച്ചുകഴിഞ്ഞപോലെ, വസ്തുനിഷ്ഠ പരിതഃസ്ഥിതികള്‍-ആത്മനിഷ്ഠ ഘടകങ്ങള്‍ വിടുക-രാജ്യത്തെ മറ്റു ഭാഗങ്ങളിലെ പാര്‍ട്ടിയംഗങ്ങളുമായി നേരിട്ടുള്ള ബന്ധത്തിന് തടസ്സംനിന്നു. ജനകീയമുന്നണിയുടെ തന്ത്രങ്ങളെക്കുറിച്ച് കോമിന്റേണിന്റെ ഏഴാം കോണ്‍ഗ്രസ്സിന്റെ തിസീസ്സുകള്‍ക്ക്-ദിമിത്രോഫ് തിസീസ്സുകള്‍ -തൊട്ടുമുന്‍പാണ് ഞാന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. ഏഴാം കോണ്‍ഗ്രസ്സിനുശേഷമാണ് സ്റ്റാലിന്‍ ഇന്ത്യയില്‍ പ്രസിദ്ധനായിത്തീര്‍ന്നത്. 'മഹാനായ നേതാവ്' എന്ന അംഗീകാരം നേടിയതെന്നര്‍ഥം. വാസ്തവത്തില്‍ ഈ തിസീസ്സുകള്‍ പ്രത്യക്ഷപ്പെട്ടത്-ഒരിക്കലുമില്ലാതിരിക്കുന്നതിലും ഭേദമാണല്ലോ വൈകിയെത്തുന്നത് -ബ്രിട്ടീഷുകാര്‍ക്കെതിരെ കോണ്‍ഗ്രസ്സുമായി ഒരൈക്യമുന്നണിയുണ്ടാക്കേണ്ടത് ഞങ്ങള്‍ക്കാവശ്യമായിവന്ന ഘട്ടത്തില്‍ത്തന്നെയായിരുന്നു. 1929-34 കാലത്തെ വിഭാഗീയമായ ഇടതുപക്ഷ തീവ്രവാദം ഞങ്ങളെ ഒറ്റപ്പെടുത്തിയിരുന്നു; പുതിയ പരിപാടി തെറ്റുകള്‍ തിരുത്താനുള്ള ഒരു ശ്രമമായാണ് ഞങ്ങള്‍ കണ്ടത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം അത് ശരിയായ വഴിയിലുള്ള ഒരു കാല്‍വെപ്പായിരുന്നു-കേരളത്തിനെക്കാളേറെ ബോംബെയിലും കല്‍ക്കത്തയിലും. കേരളത്തില്‍ പിന്നെ, മുപ്പതുകളുടെ ആരംഭത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയേ ഇല്ലായിരുന്നല്ലോ. ബോംബെയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വ്യവസായവത്കൃതമല്ലാത്ത കേരളത്തില്‍ സി.പി.ഐ. ഇത്ര ശക്തി പ്രാപിക്കാന്‍ കാരണമെന്തെന്ന് ആളുകളെന്നോട് ചോദിക്കാറുണ്ട്. ഞാന്‍ പറയും, 1930-33 കാലത്ത് കേരളത്തില്‍ സി.പി.ഐ. ഇല്ലാതിരുന്നതാണ് മുഖ്യകാരണമെന്ന്. അതുകൊണ്ട് പുതുതായൊരു തുടക്കം കുറിക്കാന്‍ കഴിഞ്ഞു. ഇന്നത്തെ കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കളിലധികംപേരും 1930-32 കാലത്ത് കോണ്‍ഗ്രസ് ആരംഭിച്ച നിയമലംഘനപ്രസ്ഥാനത്തില്‍ തീര്‍ത്തും മുഴുകിയിരിക്കയായിരുന്നു. അവര്‍ക്കെന്തുകൊണ്ട് ജനങ്ങളുടെ പിന്തുണ നേടാനും പിന്നീടൊരു ഘട്ടത്തില്‍ കോണ്‍ഗ്രസ്സിന്റെ കുത്തക പൊളിക്കാനും കഴിഞ്ഞുവെന്ന് ഇതു വ്യക്തമാക്കുന്നുണ്ട്. ഇനി നിങ്ങളുടെ പ്രധാന ചോദ്യം: ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍ക്ക് മാര്‍ക്‌സിസത്തില്‍ ഗൗരവമായ വിദ്യാഭ്യാസമൊന്നും നല്കപ്പെട്ടിരുന്നില്ലെന്ന് മനസ്സിലാക്കുക. ഒരുദാഹരണം തരാം: കൊളോണിയല്‍ പ്രശ്‌നത്തെക്കുറിച്ചുള്ള ലെനിന്റെ തിസീസ്സുകളെക്കുറിച്ച് അമ്പതുകളുടെ അവസാനംവരെ ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ക്കറിയില്ലായിരുന്നു. ഇന്ത്യയില്‍ ഒരു സാമ്രാജ്യത്വ വിരുദ്ധ ഐക്യമുന്നണി രൂപവത്കരിക്കാനുള്ള ഏഴാം കോണ്‍ഗ്രസ്സിന്റെ ലൈന്‍, ഭൂതകാലത്തില്‍നിന്നുള്ള ഒരു വേര്‍പാടായിട്ടല്ല, ആറാം കോണ്‍ഗ്രസ് ലൈനിന്റെ തന്നെ ഒരു തുടര്‍ച്ചയായിട്ടാണ് പരിഗണിക്കപ്പെട്ടിരുന്നത്-ദേശീയവും അന്തര്‍ദേശീയവുമായ പരിതഃസ്ഥിതികളിലെ മാറ്റങ്ങള്‍മൂലം ആവശ്യമായിവന്ന ഒരു നയവ്യതിയാനമായാണ് അത് വ്യാഖ്യാനിക്കപ്പെട്ടത്. ആറാം കോണ്‍ഗ്രസ്സിന്റെ അപകടകരമായ കൊളോണിയല്‍ തിസീസ്സുകള്‍ ഇക്കാലത്തുതന്നെയാണ് മലയാളത്തിലേക്കും ഇതര ഭാരതീയ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടത്-ഇത് നിങ്ങള്‍ക്ക് വിചിത്രമായിത്തോന്നാം. എന്നാല്‍ പ്രായോഗികമായി, ഐക്യമുന്നണി ഇടതുപക്ഷ വിഭാഗീയ ലൈനില്‍നിന്നുള്ള ഒരു പൊട്ടിമാറല്‍ തന്നെയായിരുന്നു. പി.സി. ജോഷിയുടെ സമര്‍ഥമായ നേതൃത്വത്തില്‍ നടപ്പാക്കപ്പെട്ട പുതിയ ലൈന്‍ വളരെ വേഗം മുന്നോട്ടുപോകാന്‍ ഞങ്ങളെ സഹായിച്ചു. സി.പി.ഐ. ആദ്യമായി കോണ്‍ഗ്രസ്സിലും കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകള്‍ക്കിടയിലും ജനകീയ പ്രസ്ഥാനങ്ങളിലും കാര്യമായ സ്വാധീനമുള്ള ഒരു രാഷ്ട്രീയ ശക്തിയായിത്തീര്‍ന്നു. വിരുദ്ധ ട്രേഡ് യൂണിയനുകള്‍ ഒരൊറ്റ 'അഖിലേന്ത്യാ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ്സാ'യി ഒന്നിച്ചു ചേര്‍ന്നു. സി.പി.ഐ. ആയിരുന്നു അതിന്റെ നേതൃശക്തി. അഖിലേന്ത്യാ കിസാന്‍സഭ, അഖിലേന്ത്യാ വിദ്യാര്‍ഥി ഫെഡറേഷന്‍, അഖിലേന്ത്യാ പുരോഗമന സാഹിത്യസംഘം എന്നിവയും നിലവില്‍ വന്നു. ഇവയെല്ലാം ഒന്നിപ്പിക്കുന്നതിലും ഇവയുടെ സമരങ്ങള്‍ നയിക്കുന്നതിലും കമ്യൂണിസ്റ്റുകള്‍ പ്രധാനമായൊരു പങ്കുവഹിച്ചു. സാമ്രാജ്യത്വത്തിനെതിരെ ദേശീയൈക്യം, വലതുപക്ഷത്തിന്റെ സമരവിരുദ്ധവും അനുരഞ്ജനപരവുമായ നയങ്ങളെ എതിര്‍ക്കാന്‍ ഇടതുപക്ഷൈക്യം, ഈ ഐക്യം ശക്തിപ്പെടുത്താന്‍ സോഷ്യലിസ്റ്റ് ഐക്യം, സോഷ്യലിസ്റ്റ് ഐക്യത്തിന്റെ അടിത്തറയായി സി.പി.ഐ. ഏകീകൃതമായ സാമ്രാജ്യത്വവിരുദ്ധ മുന്നണി കെട്ടിപ്പടുക്കാനും പുഷ്ടിപ്പെടുത്താനും ജനകീയസംഘടനകളും ജനകീയ പ്രക്ഷോഭങ്ങളും-ഇവയെല്ലാമായിരുന്നു പുതിയ ലൈനിന്റെ മുദ്രാവാക്യങ്ങളും ഗുണവശങ്ങളും. ഈ ലൈന്‍ നിശ്ചയമായും നേട്ടങ്ങളുണ്ടാക്കി, ഒരു അഖിലേന്ത്യാ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ഊട്ടിവളര്‍ത്തിയുറപ്പിക്കാനും ഇത് സഹായകമായി. പാര്‍ട്ടിയുടെ അംഗസംഖ്യ 1934-ല്‍ 150 ആയിരുന്നെങ്കില്‍ 1939-ല്‍ അത് 3000 ആയി. സ്വാധീനമാകട്ടെ അതിനേക്കാള്‍ കൂടിയ തോതില്‍ പെരുകിപ്പെരുകി വന്നു. എന്നാല്‍ ഇവ സ്റ്റാലിനിസത്തിന്റെയും വര്‍ഷങ്ങളായിരുന്നു. സ്റ്റാലിന്‍ സോവിയറ്റ് യൂണിയനില്‍ സോഷ്യലിസം നിര്‍മിച്ചുകൊണ്ടിരിക്കുന്ന 'മഹാനായ ആചാര്യ'നും 'വഴികാട്ടുന്ന നക്ഷത്ര'വും ലോക സോഷ്യലിസത്തിന്റെ നേതാവുമാണെന്നാണ് ഞങ്ങളെ പഠിപ്പിച്ചത്. കമ്യൂണിസത്തില്‍ പുതുതായതുകൊണ്ടും, മാര്‍ക്‌സിസത്തിലും ലെനിനിസത്തിലും താരതമ്യേന അശിക്ഷിതനായതുകൊണ്ടും പറഞ്ഞുകേട്ടതെല്ലാം ഞാനംഗീകരിച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ രാഷ്ട്രീയ 'ഗുരു'ക്കന്മാര്‍ ജനങ്ങളെ പ്രബുദ്ധരാക്കുന്ന ഒരു പാരമ്പര്യം ഉണ്ട്. സ്റ്റാലിനിസത്തിന് നന്നായി ചേരുന്നതായിരുന്നു ഈ പാരമ്പര്യം. അതിനാല്‍ പാര്‍ട്ടിയിലെ മുതിര്‍ന്നവര്‍ പറയുന്ന ഓരോ വാക്കും ഞങ്ങള്‍ക്ക് വേദവാക്യമായിരുന്നു. അവരുടെ വിവരമാകട്ടെ മോസ്‌കോയെ മാത്രം ആശ്രയിച്ചുള്ളതുമായിരുന്നു. ഈ അന്തരീക്ഷത്തിലാണ് ഞാനൊരു കമ്യൂണിസ്റ്റുകാരനായി വളര്‍ത്തപ്പെട്ടത്. എന്നിരുന്നാലും മോസ്‌കോയില്‍ നിന്നു വന്നുകൊണ്ടിരുന്ന കൂട്ടക്കൊലകളെക്കുറിച്ചു കേട്ട് അങ്ങേയറ്റം അസ്വസ്ഥരായ ചില സഖാക്കളുണ്ടായിരുന്നു. സി.പി.ഐ. കെട്ടിപ്പടുക്കുന്നതില്‍ സഹായിക്കാനായി ബ്രിട്ടനില്‍നിന്നയയ്ക്കപ്പെട്ട കമ്യൂണിസ്റ്റുകാരിലൊരാളായ ഫിലിപ് സ്​പ്രാറ്റ് സ്റ്റാലിനിസം മൂലം തീര്‍ത്തും ഹതാശനും മോഹമുക്തനുമായി കമ്യൂണിസം തന്നെ ഉപേക്ഷിച്ച് ഒരു ലിബറല്‍ ഹ്യൂമനിസ്റ്റായി മാറുകയും ജീവിതാവസാനമടുത്തതോടെ ഒരു കമ്യൂണിസ്റ്റ് വിരുദ്ധന്‍ തന്നെയായിത്തീരുകയും ചെയ്തു. ആദ്യഘട്ടത്തില്‍ ഞങ്ങളെ സഹായിക്കുന്നതില്‍ അമൂല്യമായ പങ്കുവഹിച്ച ഒരൊന്നാന്തരം സഖാവായിരുന്നു അദ്ദേഹം. മോസ്‌കോവില്‍ നടക്കുന്ന ശുദ്ധീകരണങ്ങളെക്കുറിച്ച് കോണ്‍ഗ്രസ്സിന്റെ ഇടതുപക്ഷവും അങ്ങേയറ്റം വിമര്‍ശനാത്മകമായ സമീപനമാണ് കൈക്കൊണ്ടത്. ട്രോട്‌സ്‌കിയെ ഒരു വിഷമൂര്‍ഖനും ഫാസിസത്തിന്റെ ഏജന്റുമായി ചിത്രീകരിച്ചുകൊണ്ടുള്ള സി.പി.ഐ. മുന്നണിയുടെ പത്രമായ നാഷണല്‍ ഫ്രണ്ടിന്റെ പ്രചാരണങ്ങള്‍, അവരുടെ പല നേതാക്കളെയും തികച്ചും മടുപ്പിച്ചു. റഷ്യന്‍ വിപ്ലവത്തിനും സോവിയറ്റ് നേട്ടങ്ങള്‍ക്കും ജനങ്ങള്‍ക്കിടയില്‍ പ്രചാരം നേടിക്കൊടുത്ത ആദ്യത്തെ കോണ്‍ഗ്രസ്സുകാരിലൊരാളായ നെഹ്‌റു പോലും 1938-ലെ ശുദ്ധീകരണങ്ങളെ താനംഗീകരിക്കുന്നില്ലെന്ന് വ്യക്തമാക്കി. എന്നാല്‍ ഞങ്ങള്‍ കമ്യൂണിസ്റ്റുകാര്‍ക്ക് അന്ന് ട്രോട്‌സ്‌കിയിസവും ഫാസിസവും ഒന്നുതന്നെയായിരുന്നു. സ്റ്റാലിനിസ്റ്റ് ശുദ്ധീകരണത്തിന്റെ ഇരകളായിരുന്ന ബുഖാറിനും സിനോവിയേവും റാഡെക്കും മറ്റും സോഷ്യലിസത്തിന്റെ ശത്രുക്കളും സാമ്രാജ്യത്വ ഫാസിസ്റ്റ് താത്പര്യങ്ങള്‍ക്കൊത്ത് പ്രവര്‍ത്തിക്കുന്ന ചാരന്മാരും അട്ടിമറിക്കാരുമാണെന്ന് ഞാനും വിശ്വസിച്ചിരുന്നുവെന്ന് ഞാന്‍ നിങ്ങളോട് തുറന്നു സമ്മതിക്കട്ടെ. സ്വതന്ത്രമനസ്‌കരായ സോഷ്യലിസ്റ്റുകളുമായുള്ള ചര്‍ച്ചകളില്‍ ഞാന്‍ സ്റ്റാലിനെ വീറോടെ ന്യായീകരിച്ചു. ഞങ്ങള്‍ പൂര്‍ണമായും സോവിയറ്റ് യൂണിയനുമായി താദാത്മ്യം പ്രാപിച്ചിരുന്നതാണ് ഇതിനുള്ള മുഖ്യ കാരണമെന്നു തോന്നുന്നു-സോവിയറ്റ് യൂണിയനെ അന്ന് ബ്രിട്ടീഷ് സാമ്രാജ്യത്വവും കോണ്‍ഗ്രസ്സിന്റെ വലതുപക്ഷവും ചേര്‍ന്ന് തുടര്‍ച്ചയായി ആക്രമിച്ചുകൊണ്ടിരുന്നു. ഓരോ പണിമുടക്കും നടക്കുന്നത് മോസ്‌കോവിന്റെ പ്രചോദനം കൊണ്ടാണെന്നായിരുന്ന ധാരണ; ഓരോ തെരുവുജാഥയും നയിക്കുന്നത് മോസ്‌കോവിന്റെ കൂലിക്കാരായ പ്രക്ഷോഭകരാണെന്നും. ഞങ്ങള്‍ ഇക്കൂട്ടര്‍ക്കെതിരായി സോവിയറ്റ് യൂണിയനെ ന്യായീകരിച്ചു, വിമര്‍ശനബുദ്ധി തീര്‍ത്തും മാറ്റിവെച്ചിട്ടാണെങ്കിലും. അതുകൊണ്ട് സോവിയറ്റു യൂണിയന്‍ ഇടതുപക്ഷത്തുനിന്ന് ആക്രമിക്കപ്പെട്ടപ്പോള്‍ ഞങ്ങള്‍ ആ വിമര്‍ശകര്‍ക്കെതിരായും ഇതേ വാദങ്ങള്‍തന്നെ ഉന്നയിച്ചു. ആ ഘട്ടത്തിലേക്കു തിരിഞ്ഞുനോക്കുമ്പോള്‍, ഞങ്ങളെ സംബന്ധിച്ചു മാത്രമല്ല, കമ്യൂണിസ്റ്റുപ്രസ്ഥാനത്തെ സംബന്ധിച്ച് പൊതുവേതന്നെ ഇതെല്ലാമൊരു മഹാദുരന്തമായിരുന്നുവെന്നെനിക്കു തോന്നുന്നു. നിങ്ങള്‍ക്ക് സങ്കല്പിക്കാന്‍ കഴിയുമോ- ഫാസിസത്തെ ശക്തിയുക്തം എതിര്‍ക്കുകയും ജര്‍മന്‍ കമ്യൂണിസ്റ്റുകള്‍ക്ക് അവര്‍ വീണുകൊണ്ടിരുന്ന കെണിയെക്കുറിച്ച് മുന്നറിയിപ്പു നല്കുകയും ചെയ്ത അതേ ട്രോട്‌സ്‌കിയെയാണ് ഞങ്ങളും മറ്റ് ആയിരക്കണക്കിനാളുകളും 'ഫാസിസ്റ്റ്' എന്നു മുദ്രകുത്തിയത്! സ്റ്റാലിനിസത്തെ ന്യായീകരിക്കുക വഴി റഷ്യന്‍ വിപ്ലവത്തെത്തന്നെ സംരക്ഷിക്കുകയാണെന്നാണ് ഞങ്ങള്‍ ആത്മാര്‍ഥമായി വിശ്വസിച്ചിരുന്നത്. ഞാനോര്‍ക്കുന്നുണ്ട്. ട്രോട്‌സ്‌കി വധത്തിനുശേഷം കേരളത്തിലെ പത്രങ്ങളില്‍ സ്റ്റാലിനെ ന്യായീകരിച്ചുകൊണ്ട് ഞാന്‍ മലയാളത്തില്‍ ലേഖനങ്ങളെഴുതി. അതിന് വസ്തുതകള്‍ കിട്ടാനായി ദ ഗ്രേറ്റ് കോണ്‍സ്​പിരസി (വലിയ ഗൂഢാലോചന) എന്ന പുസ്തകത്തെയാണ് ഞാനാശ്രയിച്ചത്. അതു സത്യമാണെന്നു ഞാന്‍ ശരിക്കും വിശ്വസിച്ചിരുന്നു. മുപ്പതുകളുടെ അവസാനത്തില്‍ പ്രസിദ്ധീകരിച്ച ഔദ്യോഗികമായ സി.പി.എസ്.യു. ചരിത്രം സ്റ്റാലിനിലുള്ള എന്റെ വിശ്വാസം ഒന്നുകൂടി ഉറപ്പിച്ചു. ഈ പുസ്തകം 1941-ല്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയും നിയമവിരുദ്ധമായി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഉടന്‍തന്നെ അത് ഞങ്ങളുടെ കേഡര്‍മാര്‍ക്ക് മാര്‍ക്‌സിസത്തിന്റെ ഒരു പാഠപുസ്തകമായിത്തീര്‍ന്നു. ഞാന്‍ ജയിലില്‍വെച്ച് ഞങ്ങളുടെ സഖാക്കള്‍ക്കായി നടത്തിയ സ്റ്റഡിക്ലാസുകള്‍ നല്ലപോലെ സ്റ്റാലിനിസത്തിന്റെ നിറം കലര്‍ന്നവയായിരുന്നു. വാസ്തവത്തില്‍ ഞങ്ങള്‍ സ്റ്റാലിനിസത്തെ മാര്‍ക്‌സിസം- ലെനിനിസം തന്നെയായാണ് കണ്ടത്.
താങ്കളുടെ നാലാം പാര്‍ട്ടികോണ്‍ഗ്രസ്സുകഴിഞ്ഞ് ഏറെക്കഴിയും മുന്‍പേതന്നെ സി.പി.ഐ. കേരളത്തിലെ പ്രാദേശിക തിരഞ്ഞെടുപ്പില്‍ ഒരു വന്‍വിജയം നേടുകയും നിയമസഭയിലെ ഏറ്റവും വലിയ കക്ഷിയായി ഉയര്‍ന്നുവരികയും ചെയ്തല്ലോ. അതിന്റെ നേതാവായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാട് ഇന്ത്യയിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഗണ്‍മെന്റുണ്ടാക്കുകയും ചെയ്തു. പാര്‍ട്ടിക്ക് പ്രാദേശികമായി ജനസമ്മതിയുണ്ടായിരുന്നെന്ന് തിരഞ്ഞെടുപ്പ് തെളിയിച്ചു. അക്കാലത്ത് അധീശത്വം പുലര്‍ത്തിയിരുന്ന ശീതസമര പ്രത്യയശാസ്ത്രത്തിന് നല്ലൊരടിയായിരുന്നു അത്. അതെന്തായാലും താങ്കളുടെ നോട്ടത്തില്‍ ജനകീയപ്രസ്ഥാനത്തിലും, സി.പി.ഐ.യുടെ ഭാവിപരിണാമത്തിലും ഈ വിജയത്തിന്റെ ശരിയായ പ്രത്യാഘാതമെന്തായിരുന്നു?
കമ്യൂണിസ്റ്റ് ഗവണ്‍മെന്റ് രൂപീകരിച്ചു കഴിഞ്ഞയുടന്‍ കേരളകമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിനുള്ളില്‍ പുതിയ ഗവണ്‍മെന്റിന്റെ സ്വഭാവത്തെക്കുറിച്ച് ചൂടുള്ളൊരു ചര്‍ച്ച നടന്നു. നമ്പൂതിരിപ്പാടടക്കമുള്ള കേന്ദ്രനേതാക്കളുന്നയിച്ചതും, ഉയര്‍ന്നുനിന്നതുമായ വീക്ഷണം ഇതായിരുന്നു: കേരളത്തില്‍ തൊഴിലാളികള്‍ സമാധാനമാര്‍ഗത്തിലൂടെ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടി അധികാരം പിടിച്ചെടുത്തിരുന്നു. കേരളം സോഷ്യലിസത്തിലേക്കുള്ള സമാധാനപരമായ പരിവര്‍ത്തനത്തിന്റെ ഉത്തമമാതൃകയായിത്തീരും. ലോകത്തിലാദ്യമായാണ് ഇതു സംഭവിക്കുന്നത്. ലോകം മുഴുവനുമുള്ള സഖാക്കള്‍ക്ക് ഭാവിയുടെ വഴികാട്ടിയാണിത്- നേതൃത്വത്തിന്റെ ആദ്യപ്രതികരണം ഇങ്ങനെയായിരുന്നു. ഞാന്‍ ഈ വീക്ഷണത്തോടു യോജിച്ചില്ല. കമ്യൂണിസ്റ്റുകാര്‍ വിജയിച്ചാലും ഭരണകൂടം മുതലാളിത്ത ഭരണകൂടമായിത്തന്നെ നിലനില്ക്കുന്നുവെന്നും മറിച്ചുള്ള വ്യാമോഹങ്ങള്‍ പരത്തുന്നത് തെറ്റായിരിക്കുമെന്നും ഞാന്‍ വാദിച്ചു. അല്പം ചില സഖാക്കള്‍മാത്രം എന്നെ പിന്‍താങ്ങി. തര്‍ക്കപരിഹാരത്തിനു ശ്രമിക്കുവാനായി കേരള നേതൃത്വവുമായി ചര്‍ച്ച നടത്താന്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന അജയ്‌ഘോഷ് ഡല്‍ഹിയില്‍നിന്നു വന്നെത്തി. രണ്ടുവീക്ഷണങ്ങളും അദ്ദേഹത്തിനു മുന്നില്‍ അവതരിപ്പിക്കപ്പെട്ടു. ഞാന്‍ ന്യൂനപക്ഷത്തിനുവേണ്ടി വാദിച്ചു. ഞങ്ങള്‍ ഒരു പ്രദേശത്ത് ഗവണ്‍മെന്റധികാരമുപയോഗിക്കുകയാണെങ്കിലും പ്രാദേശികമായും ദേശീയമായും ഭരണകൂടം മുതലാളിത്തപരം തന്നെയാണെന്നും, പാര്‍ട്ടിയെയും ജനകീയപ്രസ്ഥാനത്തെയും ശക്തിപ്പെടുത്തുവാനായി ഈ അവസരം എങ്ങനെ ഉപയോഗിക്കാമെന്നതാണ് ഞങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നമെന്നും ഞാന്‍ വാദിച്ചു. തൊഴിലാളിവര്‍ഗം അധികാരത്തില്‍ വന്നില്ലായിരുന്നുവെന്നര്‍ഥം. ഇ.എം.എസ് ഭൂരിപക്ഷ വീക്ഷണം അവതരിപ്പിച്ചു. അദ്ദേഹം പറഞ്ഞുതീര്‍ന്നപ്പോള്‍ അജയ്‌ഘോഷ് വിരല്‍ചൂണ്ടി എന്നോടു ചോദിച്ചു, 'ഇ.എം.എസ് നമ്പൂതിരിപ്പാട് ബൂര്‍ഷ്വാ ആണെന്നാണോ താങ്കള്‍ പറയുന്നത്. അദ്ദേഹം തൊഴിലാളിവര്‍ഗത്തിന്റെ ഒരു പ്രതിനിധിയല്ലേ'- ഇങ്ങനെ പലതും. ഞാനതല്ലാ ഉദ്ദേശിച്ചിരുന്നതെന്നു വ്യക്തമാണല്ലോ- ഭരണകൂടം ബൂര്‍ഷ്വാ ആണോ അല്ലയോ എന്നതായിരുന്നു പ്രശ്‌നം. നമ്പൂതിരിപ്പാട് ഒരു പ്രാദേശിക സര്‍ക്കാരിന്റെ മുഖ്യമന്ത്രി മാത്രമായിരുന്നു. ഘോഷ് ഭൂരിപക്ഷത്തെ പിന്താങ്ങി- സംഗതി അവിടെത്തീര്‍ന്നു. ഞാനെന്റെ അഭിപ്രായത്തിലുറച്ചുനിന്നു. പക്ഷേ, എതിര്‍പ്പ് മുഴുവന്‍ നിലച്ചുപോയി. കേരളാഗവണ്‍മെന്റ് ഡിസ്മിസ് ചെയ്യപ്പെട്ടശേഷം മാത്രമാണ് സി.പി.ഐ. കേരളാഘടകത്തിന്റെ സൈദ്ധാന്തിക മുഖപത്രമായ കമ്യൂണിസ്റ്റില്‍ ഭരണകൂടം തൊഴിലാളി വര്‍ഗഭരണകൂടമായിരുന്നില്ലെന്നു വാദിച്ചുകൊണ്ട് ഇ.എം.എസ് ഒരു ലേഖനമെഴുതിയത്. അല്പം മുന്‍പ് അദ്ദേഹത്തിന് ഈ ബോധമുദിച്ചിരുന്നെങ്കില്‍ സ്ഥിതിതീര്‍ത്തും വ്യത്യസ്തമാകുമായിരുന്നു. കാരണം, പാര്‍ട്ടി അതിനെ അധികാരത്തിലെത്തിച്ച പാര്‍ലമെന്റിതര ജനകീയസമരത്തിന് മുന്‍ഗണന നല്കുമായിരുന്നു. എന്നാല്‍ സി.പി.ഐ. നേതാക്കളില്‍ തിരഞ്ഞെടുപ്പുവഴി അധികാരം നേടാനും മന്ത്രിസഭകളുണ്ടാക്കാനുമുള്ള അത്യാഗ്രഹം മാത്രമാണ് കേരളം സൃഷ്ടിച്ചത്. സി.പി.ഐ. പിളര്‍ന്നുണ്ടായ രണ്ടു വിഭാഗങ്ങളിലും അതിപ്പോഴും കാണാം. സഖ്യങ്ങളുണ്ടാക്കപ്പെടുന്നത് തത്ത്വാധിഷ്ഠിതമായല്ല, ഗവണ്‍മെന്റധികാരം നേടുവാന്‍ മാത്രമാണ്. വിജയം ജനതയിലുണ്ടാക്കിയ പ്രത്യാഘാതം വളരെ വലുതായിരുന്നു. വിജയം നേടിയ ഉടന്‍ കര്‍ഷകരും തൊഴിലാളികളും വിശേഷിച്ചും ആഹ്ലാദഭരിതരായി. പുതിയ ഗവണ്‍മെന്റ് അവരുടെ ആവശ്യങ്ങള്‍ സാധിച്ചുകൊടുക്കുമെന്ന് അവര്‍ ഉള്ളിന്റെയുള്ളില്‍ പ്രതീക്ഷിച്ചു. തൊഴിലാളി വര്‍ഗത്തില്‍ അഭിമാനത്തിന്റെയും കരുത്തിന്റെയുമായ ഒരു ഗംഭീരവികാരം നിറഞ്ഞുനിന്നു. നിരക്ഷരരും ദരിദ്രരുമായ തൊഴിലാളികള്‍ തെരുവിലെ പോലീസുകാരോട് 'ഇനി നിങ്ങള്‍ക്കു ഞങ്ങളെ ആക്രമിക്കാന്‍ ധൈര്യമുണ്ടാവില്ല. ഞങ്ങളുടെ ഗവണ്‍മെന്റാണ് അധികാരത്തില്‍. നമ്പൂതിരിപ്പാടാണ് ഞങ്ങളുടെ നേതാവ്. ഞങ്ങളാണ് ഭരിക്കുന്നത്' എന്നു പറയുന്നതുകേട്ടത് ഞാനോര്‍ക്കുന്നു. ഇത് അസാധാരണമായൊരു വീക്ഷണമായിരുന്നില്ല. ഗവണ്‍മെന്റിനോട് ജനങ്ങള്‍ക്കുണ്ടായിരുന്ന അനുഭാവം വളരെ വലുതായിരുന്നു. ദരിദ്രകര്‍ഷകരിലും അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും വിഭാഗങ്ങള്‍ക്കിടയിലും ആഹ്ലാദം തിരതല്ലി. ഈ വിജയം ജന്മിമാരെയും മുതലാളിമാരെയും പൊതുവേ പിന്തിരിപ്പന്മാരെയും അസ്വസ്ഥരാക്കുന്നതു കണ്ടതോടെ അതുവര്‍ധിച്ചു. തിരഞ്ഞെടുപ്പുകഴിഞ്ഞുള്ള ആദ്യവാരങ്ങളില്‍ കമ്യൂണിസ്റ്റുമന്ത്രിമാര്‍ തൊഴിലാളിസമരങ്ങള്‍ക്ക് അവരുടെ പിന്തുണ ആണയിട്ടുപറയുന്ന വിപ്ലവപ്രസംഗങ്ങള്‍ നടത്തി. എന്നാല്‍ ഈ വാഗ്ദാനങ്ങള്‍ മുഖ്യമായും പ്രസംഗങ്ങളിലൊതുങ്ങിനിന്നു. സിവില്‍ സര്‍വീസ് അതിശക്തമായൊരു സാധനമാണെന്നും സംസ്ഥാനത്തെ സിവിലുദ്യോഗസ്ഥരുടെ മേധാവിയായ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങളനുസരിച്ചല്ല കേന്ദ്രത്തില്‍നിന്നുള്ള കല്പനകളനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും നമ്പൂതിരിപ്പാടിനും അദ്ദേഹത്തിന്റെ മന്ത്രിമാര്‍ക്കും പെട്ടെന്നുതന്നെ ബോധ്യമായി. പോലീസിന്റെ കാര്യവും ഇങ്ങനെതന്നെയായിരുന്നു. കേന്ദ്രത്തിന്റെ അനുമതി കൂടാതെ ഒരു നിയമവും പാസാക്കാന്‍ സാധ്യമായിരുന്നില്ല. അങ്ങനെ ചില പരിഷ്‌കാരങ്ങള്‍ക്കു ഗണപതി കുറിക്കുന്ന കാര്യത്തില്‍തന്നെ കമ്യൂണിസ്റ്റു മന്ത്രിസഭ അശക്തമായിത്തീര്‍ന്നു. ശരിയായ മറ്റു വീക്ഷണങ്ങളൊന്നുമില്ലാതിരുന്നതുകൊണ്ട് അതു ശരിക്കും വഴിമുട്ടിനിന്നു. അടിസ്ഥാനപരമായും പുതുതായ ഒന്നുംതന്നെ സംഭവിച്ചില്ല. കുറച്ചുകഴിഞ്ഞപ്പോള്‍ ഒരു കമ്യൂണിസ്റ്റ് ഗവണ്‍മെന്റുണ്ടാകുന്നതിന്റെ പുതുമയൊക്കെ മാഞ്ഞുതുടങ്ങി. ചിലരില്‍ ആഹ്ലാദം നിസ്സംഗതയ്ക്കു വഴിമാറി. മറ്റുചിലരില്‍ തുറന്ന, തീക്ഷ്ണമായ മോഹഭംഗത്തിനും. തിരഞ്ഞെടുപ്പു കഴിഞ്ഞ് അല്പം ചില മാസം കഴിഞ്ഞപ്പോള്‍ പുതിയ ഗവണ്‍മെന്റിന് ഒരു പ്രധാന പരീക്ഷണം നേരിടേണ്ടിവന്നു. കൊല്ലത്തിനടുത്തുള്ള ഒരു വ്യവസായശാലയിലെ തൊഴിലാളികള്‍ പണിമുടക്കി. ആ ഫാക്ടറിയിലെ യൂണിയന്‍ ആര്‍.എസ്.പിയുടെ നേതൃത്വത്തിലായിരുന്നു. പണിമുടക്ക് ഗവണ്‍മെന്റിനെതിരായിരുന്നില്ല, ആ ഫാക്ടറിയുടമയ്‌ക്കെതിരായിരുന്നു- ഒരു തനി ട്രേഡ് യൂണിയന്‍ സമരം. സ്ഥിതി മാറിയതെങ്ങനെയെന്നു ഞാന്‍ വ്യക്തമായോര്‍ക്കുന്നു. ഞങ്ങള്‍ സി.പി.ഐ.യുടെ സ്റ്റേറ്റ് കൗണ്‍സില്‍ (ഏതാണ്ട്-അറുപതു സഖാക്കള്‍ അതിലുണ്ടായിരുന്നു) കൂടിയിരിക്കയായിരുന്നു. അപ്പോഴാണ് പോലീസുകാര്‍ പണിമുടക്കുന്ന തൊഴിലാളികളെ വെടിവെച്ചുകൊന്ന വാര്‍ത്ത ഞങ്ങള്‍ക്കു ലഭിച്ചത്- ഞങ്ങള്‍ തരിച്ചിരുന്നുപോയി. കമ്യൂണിസ്റ്റുകാര്‍ ഭരിക്കുമ്പോള്‍ പോലീസ് തൊഴിലാളികളെ വെടിവെച്ചുകൊല്ലുകയോ! ഉടന്‍തന്നെ സഖാക്കളിലുണ്ടായ പ്രതികരണം ഇതായിരുന്നു- വെടിവെപ്പിനെ അപലപിക്കുക, അടിയന്തരാന്വേഷണമേര്‍പ്പെടുത്തുക, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കുക, പണിമുടക്കുന്ന തൊഴിലാളികളോട് പരസ്യമായി മാപ്പുചോദിക്കുക, ഞങ്ങള്‍ ഭരിക്കുമ്പോള്‍ അത്തരമൊന്ന് ഇനി ഒരിക്കലും സംഭവിക്കുകയില്ലെന്ന് പൊതുവായി ഉറപ്പുനല്കുക. ഇതായിരുന്നു ഞങ്ങളുടെ സഹജമായ വര്‍ഗപ്രതികരണം. എന്നാല്‍ രണ്ടുമണിക്കൂര്‍ നീണ്ടുനിന്ന ഒരു ചര്‍ച്ചയാരംഭിച്ചു: ഒടുവിലെടുത്ത തീരുമാനങ്ങള്‍ ഞങ്ങളുടെ ആദ്യപ്രതികരണത്തില്‍നിന്നു തീര്‍ത്തും വിഭിന്നമായിരുന്നു. എന്റെ നോട്ടത്തില്‍ സംഗതി മുഴുവന്‍ അന്യായമായിരുന്നു, പക്ഷേ, അതിന്റെ സന്ദര്‍ഭം മനസ്സിലാക്കേണ്ടതുണ്ട്. 'കമ്യൂണിസ്റ്റു ഭരണത്തിനെതിരായ വിമോചനസമരത്തില്‍ പങ്കുചേരുവിന്‍' എന്ന പ്രക്ഷോഭകരമായ മുദ്രാവാക്യവുമായി പിന്തിരിപ്പന്‍ പാര്‍ട്ടികളും ഗ്രൂപ്പുകളും ഞങ്ങള്‍ക്കെതിരെ പ്രചാരണമാരംഭിച്ചിരുന്നു. അവര്‍ ഞങ്ങളുടെ ദൗര്‍ബല്യങ്ങള്‍ മുതലെടുക്കാന്‍ തുടങ്ങിയിരുന്നു. നായര്‍ വര്‍ഗീയവാദികളും റോമന്‍ കത്തോലിക്കാ പുരോഹിതരു(കേരളത്തില്‍ കത്തോലിക്കരുടെ സംഖ്യ ഗണനീയമാണെന്നറിയാമല്ലോ)മായിരുന്നു പ്രസ്ഥാനത്തിന്റെ തലതൊട്ടപ്പന്മാര്‍. എന്നാല്‍ വലതും ഇടതും സോഷ്യല്‍ ഡിമോക്രാറ്റുകള്‍ ഉള്‍പ്പെടെ (സോഷ്യലിസ്റ്റുപാര്‍ട്ടിയും ആര്‍.എസ്.പി.യും) സി.പി.ഐയോട് എതിര്‍പ്പുള്ള എല്ലാവരും അവരുടെ കൂടെ കൂടിയിരുന്നു. പ്രസ്ഥാനം ജനപിന്തുണയാര്‍ജിച്ചുതുടങ്ങിയിരുന്നു. ഈ സന്ദര്‍ഭത്തിലാണ് പോലീസ് വെടിവെപ്പു നടന്നത്. ആദ്യ നിലപാട് മാറ്റണമെന്ന് വാദിച്ച സഖാക്കളുടെ യുക്തിഎതാണ്ടിങ്ങനെയായിരുന്നു: നാം പോലീസിനെ ആക്രമിച്ചാല്‍, അവരുടെ വീര്യം കാര്യമായി കുറയും; അവരുടെ വീര്യം ഗണ്യമായി കുറഞ്ഞാല്‍ കമ്യൂണിസ്റ്റ് വിരുദ്ധപ്രസ്ഥാനത്തിന് ശക്തികൂടും. വിരുദ്ധപ്രസ്ഥാനത്തിന് ശക്തി വര്‍ധിച്ചാല്‍, നമ്മുടെ ഗവണ്‍മെന്റ് മറിഞ്ഞുവീഴും. നമ്മുടെ ഗവണ്‍മെന്റ് മറിഞ്ഞുവീണാല്‍ അത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരായ വലിയൊരടിയായിരിക്കും. പാര്‍ട്ടി ഒടുവില്‍ പാസാക്കിയ പ്രമേയം പോലീസിന്റെ പ്രവൃത്തിയെ ന്യായീകരിക്കുന്നതായിരുന്നു. ആരെങ്കിലുമൊരാള്‍ ഞങ്ങളുടെ വീക്ഷണം വിശദീകരിക്കാനും ആര്‍.എസ്.പിയെ ആക്രമിക്കാനും പോലീസിന്റെ പ്രവൃത്തിയെ ന്യായീകരിക്കാനുമായി സ്ഥലത്തുപോകേണ്ടതാണെന്നും നിശ്ചയിക്കപ്പെട്ടു. ഞാന്‍ പാര്‍ട്ടിയുടെ ശക്തരായ മലയാളം പ്രസംഗക്കാരില്‍ ഒരാളാണെന്നായിരുന്നു സങ്കല്പം. അതിനാല്‍ കേരള കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പ്രതിനിധാനം ചെയ്ത് സംസാരിക്കാന്‍ ഞാന്‍ നിയോഗിക്കപ്പെട്ടു. പറ്റില്ലെന്നു പറയാനും കൗണ്‍സിലെടുത്ത തീരുമാനം എനിക്ക് ദഹിച്ചിട്ടില്ലാത്തതിനാല്‍ എനിക്കതിനെ ന്യായീകരിക്കാന്‍ കഴിയില്ലെന്ന് അഭിപ്രായപ്പെടാനുമായിരുന്നു എനിക്കു തോന്നിയത്. അപ്പോള്‍ പാര്‍ട്ടി നേതൃത്വം ഔപചാരികമായിത്തന്നെ എന്നോട് പോയി പാര്‍ട്ടിയെ ന്യായീകരിക്കാനാവശ്യപ്പെട്ടു. ഞാന്‍ പോയി. ഞാന്‍ ഒന്നര മണിക്കൂര്‍ സംസാരിച്ചു. തനി വായാടിത്തം. മൂന്ന് തൊഴിലാളികളുടെ മരണം ഞാന്‍ ആര്‍.എസ്.പിയുടെ നിരുത്തരവാദിത്വത്തില്‍ ആരോപിച്ചു. ഈ തൊഴിലാളികളെ കൊലയ്ക്കു കൊടുത്തതെന്തിനാണെന്ന് ജനങ്ങളോട് വിശദീകരിക്കാന്‍ ഞാന്‍ അവരോടാവശ്യപ്പെട്ടു. പണിമുടക്കിന്റെ നേതാക്കളെ ഞാന്‍ പരുഷമായി ആക്രമിച്ചു. അന്നുരാത്രി വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ എനിക്ക് ഉള്ളില്‍ ഓക്കാനം വന്നു. എനിക്കുറങ്ങാനായില്ല. പാര്‍ട്ടിയെ ന്യായീകരിക്കുന്ന പണി ഞാന്‍ നിഷേധിക്കേണ്ടതായിരുന്നുവെന്ന് എനിക്ക് തോന്നി. എനിക്ക് ഭ്രാന്തുപിടിക്കുമെന്ന് തോന്നിപ്പോയി. ഞാന്‍ ഭാര്യയെ ശകാരിച്ചു. എന്നെ ഇത്തരമൊരവസ്ഥയില്‍ കൊണ്ടെത്തിച്ച പാര്‍ട്ടി നേതാക്കളോട് ആക്രോശിക്കുകയും അവരെ ശകാരിക്കുകയും ചെയ്യുന്നതിന് പകരം, ഞാനെന്റെ ഭാര്യയോട് വക്കാണം കൂടി. പിറ്റേന്ന് മൂന്നുസ്ഥലങ്ങളില്‍ അതേ പ്രസംഗം നടത്താന്‍ എന്നോടാവശ്യപ്പെട്ടു. ഇക്കുറി ഞാന്‍ കണ്ണടച്ചു നിരസിച്ചു. അതവര്‍ സ്വീകരിച്ചു.
വെടിവെപ്പ് താങ്കളെപ്പോലെ പല പാര്‍ട്ടി മെമ്പര്‍മാരിലും ശക്തമായ ക്ഷതമേല്പിച്ചുവെന്നത് വ്യക്തം. തൊഴിലാളിവര്‍ഗത്തില്‍ അത് എന്തെങ്കിലും ദീര്‍ഘകാല പ്രത്യാഘാതമുണ്ടാക്കിയോ?
പ്രത്യക്ഷത്തില്‍ത്തന്നെ അത് ഗവണ്‍മെന്റിനെ ദുര്‍ബലപ്പെടുത്തുകയും അതിന്റെ ജനപിന്തുണയ്ക്ക് മൂര്‍ച്ച കുറയ്ക്കുകയും ചെയ്തു. എന്നാല്‍ കൊല്ലം സംഭവങ്ങള്‍ക്കുശേഷം ഞങ്ങളുടെ അനുഭാവികളില്‍ ഒരു വലിയ വിഭാഗം ഉറച്ചുതന്നെനിന്നു. പിന്തിരിപ്പന്മാര്‍ക്ക് പിന്തുണ വര്‍ധിച്ചുവെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, ആ ഘട്ടത്തില്‍പ്പോലും സി.പി.ഐ. നേതാക്കള്‍ പാര്‍ലമെന്ററി പ്രവര്‍ത്തനവും ജനകീയ പ്രവര്‍ത്തനവും തമ്മിലുള്ള വൈരുധ്യാത്മകബന്ധം മനസ്സിലാക്കുകയും, ആദ്യത്തേത് എപ്പോഴും സമരത്തിന്റെ ആവശ്യങ്ങള്‍ക്ക് കീഴ്‌പ്പെട്ടിരിക്കണമെന്ന് തിരിച്ചറിയുകയും ചെയ്തിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ ശക്തി നിലനിര്‍ത്താനും മിക്കവാറും അത് പതിന്മടങ്ങ് വര്‍ധിപ്പിക്കാനും കഴിയുമായിരുന്നു. ഈ പ്രക്രിയയില്‍ ഞങ്ങള്‍ അധികാരത്തില്‍നിന്ന് പുറന്തള്ളപ്പെടുമായിരുന്നു (അതെന്തായാലും സംഭവിക്കുകയും ചെയ്തു). എന്നാല്‍ അളവറ്റശക്തി നേടുമായിരുന്ന ബൂര്‍ഷ്വാജനാധിപത്യത്തിന്റെ പരിമിതികളെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താനും ഞങ്ങള്‍ക്ക് കഴിയുമായിരുന്നു. ശരിയായ വിപ്ലവബോധം വികസിപ്പിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇതൊന്നും ചെയ്യുകയുണ്ടായില്ല. അതേസമയം നമ്പൂതിരിപ്പാട് ഒരു ആഭ്യന്തരയുദ്ധം പ്രവചിച്ചുകൊണ്ടുള്ള പ്രഭാഷണം നടത്തി - തൊഴിലാളി വര്‍ഗം അധികാരമേറ്റെടുത്തിരിക്കയായിരുന്നു എന്ന അദ്ദേഹത്തിന്റെ വീക്ഷണത്തില്‍നിന്ന് യുക്ത്യനുസൃതമായുണ്ടായ ഒരനുമാനം. ഈ പ്രസംഗങ്ങളെ കോണ്‍ഗ്രസ് നേതൃത്വം ആക്രമണത്തിന്നാക്കം കൂട്ടാനുപയോഗിച്ചു. ഗവണ്‍മെന്റിനെ വീണ്ടും ദുര്‍ബലപ്പെടുത്താനും കേന്ദ്രം ഗവണ്‍മെന്റിനെ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം അടിച്ചേല്പിക്കുന്ന കാര്യം പരിഗണിച്ചുവരികയാണെന്ന് പത്രവാര്‍ത്തകളിലും കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനകളിലും നിന്ന് വളരെ വേഗം വ്യക്തമായി. കേരളത്തിനകത്ത് പ്രതിലോമ നേതൃത്വത്തിലുള്ള ജനകീയപ്രസ്ഥാനവും മൂര്‍ധന്യത്തിലെത്തുകയായിരുന്നു. സി.പി.ഐ. നേതാക്കള്‍ക്കും കല്ലേറുകൊള്ളാതെ സഞ്ചരിക്കാന്‍ തന്നെ പ്രയാസമായി. എന്റെ നിലയും വ്യത്യസ്തമായിരുന്നു. ഇക്കാലത്താണ് നെഹ്‌റു കേരളം സന്ദര്‍ശിക്കാനും സ്ഥിതിഗതികള്‍ നേരിട്ട് നിരീക്ഷിക്കാനും നിശ്ചയിച്ചത്. ഗവണ്‍മെന്റ് ഉടന്‍തന്നെ പിരിച്ചുവിടണമെന്നാവശ്യപ്പെടുന്ന അഭ്യര്‍ഥനയുമായി ചെന്നവര്‍ അദ്ദേഹത്തെ വളഞ്ഞു. അദ്ദേഹം ഞങ്ങളെയും കാണാതിരുന്നില്ല. ഗവണ്‍മെന്റ് മന്ത്രിമാരുമായി അദ്ദേഹം പലകുറി വെവ്വേറെ ചര്‍ച്ചകള്‍ നടത്തി. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ ഒരു പ്രതിനിധി സംഘത്തെയും അദ്ദേഹം കണ്ടു. ഈ പ്രതിനിധി സംഘത്തില്‍ ഞാനും അംഗമായിരുന്നു. ഞങ്ങളുമായുള്ള ചര്‍ച്ചയില്‍ അദ്ദേഹം ഞങ്ങളോട് ചോദിച്ച ചോദ്യം ഞാനോര്‍ക്കുന്നു. 'ഇത്ര ചെറിയ കാലയളവില്‍ ജനങ്ങളില്‍നിന്ന് ഇത്ര വിസ്മയകരമായി ഒറ്റപ്പെടാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിഞ്ഞു?' വോട്ടര്‍മാര്‍ക്ക് ഒരു തീരുമാനത്തിനവസരം നല്കാന്‍ പുതിയ തിരഞ്ഞെടുപ്പ് നടത്താമെന്ന വ്യവസ്ഥയില്‍ കമ്യൂണിസ്റ്റ് ഗവണ്‍മെന്റിന് ഭരണം തുടരാം എന്നദ്ദേഹം നിര്‍ദേശിച്ചു. സംസ്ഥാന കമ്മിറ്റി നെഹ്‌റുവിന്റെ നിര്‍ദേശം ചര്‍ച്ചചെയ്യാന്‍ ഒരു പ്രത്യേക യോഗം വിളിച്ചു. നമ്പൂതിരിപ്പാടിന്റെ നിര്‍ബന്ധം മൂലം ആ നിര്‍ദേശം തള്ളിക്കളയാന്‍ തീരുമാനിക്കുകയും ചെയ്തു. മറ്റെല്ലാ സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ മാത്രമേ പുതിയ തിരഞ്ഞെടുപ്പ് അംഗീകരിക്കാന്‍ ഞങ്ങള്‍ ഒരുക്കമായിരുന്നുള്ളൂ. അതൊരു തെറ്റായ തീരുമാനമാണെന്ന് എനിക്ക് അന്നേ തോന്നിയിരുന്നു. ഞങ്ങള്‍ നെഹ്‌റുവിന്റെ നിര്‍ദേശം സ്വീകരിച്ച് ശ്വാസം കഴിക്കാനല്പം സമയം നേടിയ ശേഷം പ്രതിപക്ഷവുമായി യുദ്ധത്തിനിറങ്ങണമായിരുന്നു - 'പ്രതിപക്ഷം' കുറെ പിന്തിരിപ്പന്മാരുടെയും ലാഭം നോക്കികളായ അവസരവാദികളുടെയും സോഷ്യല്‍ ഡെമോക്രാറ്റുകളുടെയും ഒരു വിചിത്ര സങ്കരം മാത്രമായിരുന്നുവല്ലോ. രണ്ടാമതായി, കമ്യൂണിസ്റ്റ് ഗവണ്‍മെന്റ് അധികാരത്തിലിരിക്കെ തിരഞ്ഞെടുപ്പ് നടക്കുമായിരുന്നു. ഭരണകൂടോപകരണം, സിവിലുദ്യോഗസ്ഥരും പോലീസും ഞങ്ങള്‍ക്കെതിരായി തിരഞ്ഞെടുപ്പില്‍ ഇടപെടുന്നതിനെ ഇതു തീര്‍ത്തും തടയുകയോ നിര്‍വീര്യമാക്കുകയെങ്കിലുമോ ചെയ്യുമായിരുന്നു. അതെങ്ങനെയായാലും ഞങ്ങള്‍ നിരാകരിച്ചു. 1959-ല്‍ ഗവണ്മെന്റ് പിരിച്ചുവിടപ്പെട്ട് ഒന്നര വര്‍ഷം കഴിഞ്ഞു നടന്ന പിന്നത്തെ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് സീറ്റുകള്‍ കുറഞ്ഞെങ്കിലും വോട്ടുകളുടെ അനുപാതം വര്‍ധിച്ചു. അതിനാല്‍, ഞങ്ങള്‍ തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും ജനങ്ങളുടെ കണ്ണില്‍ അതൊരു ശരിയായ പരാജയമല്ലാതായിത്തീര്‍ന്നു - അതും ഞങ്ങളുടെ തെറ്റുകളും അബദ്ധങ്ങളുമെല്ലാമുണ്ടായിട്ടും. കേരളത്തിലെ തിരഞ്ഞെടുപ്പുവിജയം സി.പി.ഐയെ ഒരു ദേശീയശക്തിയായി ഉയര്‍ത്തി. അതിന്റെ അന്തസ്സ് പതിന്മടങ്ങു വര്‍ധിച്ചു; ബൂര്‍ഷ്വാ രാഷ്ട്രീയനിരീക്ഷകരുടെ പുളിച്ച തലക്കെട്ടുകള്‍ക്ക് മറുപടിയെന്നോണം കമ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ പറഞ്ഞു: 'നെഹ്‌റുവിന് ശേഷം, നമ്പൂതിരിപ്പാട്.' അത്തരത്തില്‍ നോക്കുമ്പോള്‍, കോണ്‍ഗ്രസ്സിനെ തോല്പിക്കേണ്ടതാവശ്യമാണെന്നും; ഒരു ബദല്‍ ശക്തി; ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി, നിലനില്ക്കുന്നുണ്ടെന്നുമുള്ള വികാരം സൃഷ്ടിക്കാന്‍ കഴിഞ്ഞതായിരുന്നു കേരളത്തിന്റെ പ്രാധാന്യം. അന്തര്‍ദേശീയ പരിതഃസ്ഥിതികള്‍ നോക്കുമ്പോള്‍ ഇത് അപ്രധാനമായൊരു ഘടകമായിരുന്നില്ല. സി.പി.ഐയ്ക്കകത്ത് ഇ.എം.എസ്. മന്ത്രിസഭ തൊഴിലാളി വധങ്ങള്‍ക്ക് മാപ്പുകൊടുത്ത രീതിയെക്കുറിച്ച് വിമര്‍ശനങ്ങളുണ്ടായിരുന്നുവെന്നത് ശരിതന്നെ. പശ്ചിമബംഗാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി കേരളപാര്‍ട്ടിയെ വിമര്‍ശിച്ചുകൊണ്ട് ഒരു കത്തെഴുതുകയുണ്ടായി. എല്ലാമുണ്ടായിട്ടും നമ്പൂതിരിപ്പാട് മറ്റേത് സി.പി.ഐ. നേതാവിനെക്കാളുമേറെ ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കുകയും, വിജയിച്ച കേരള കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവെന്ന സ്വന്തം നിലയില്‍ത്തന്നെ ഒരു ദേശീയ പുരുഷനായിത്തീരുകയും ചെയ്തു. 1958-ലെ അമൃത്‌സര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ്സും അദ്ദേഹത്തെ ഒരു വീരപുരുഷനായി ഗണിക്കുകയും അധികാരം തിരഞ്ഞെടുപ്പിലൂടെ നേടാന്‍ കഴിയുമെന്ന് പ്രസ്താവിക്കുകയും ചെയ്തു. സോവിയറ്റ് പാര്‍ട്ടിയില്‍ വികസിച്ചുകൊണ്ടിരുന്ന നിലപാടുകള്‍ ഈ വീക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു. പ്രധാന പ്രമേയത്തിന് ചില ഭേദഗതികളുണ്ടായി. കുറച്ച് സഖാക്കള്‍ സംശയമുന്നയിച്ചുവെങ്കിലും ആകപ്പാടെ നോക്കുമ്പോള്‍ പൊതുവായൊരു യോജിപ്പുണ്ടായിരുന്നു. അമൃത്‌സര്‍ ലൈന്‍ ദേശീയതലത്തില്‍ പ്രയോഗിക്കപ്പെട്ടു.
സോഷ്യലിസ്റ്റ് പരിവര്‍ത്തനത്തോട് പ്രതിജ്ഞാബദ്ധമായ പാര്‍ട്ടികള്‍ നേടുന്ന തിരഞ്ഞെടുപ്പ് വിജയത്തിന്റെ ഫലമായി ഉയര്‍ന്നുവരുന്ന തന്ത്രപരമായ പ്രശ്‌നങ്ങളെക്കുറിച്ച് 1959-ന് ശേഷവും നേതൃത്വത്തിനുള്ളില്‍ ശരിയായൊരു ചര്‍ച്ച നടന്നിരുന്നോ? കേരളത്തിലെ സി.പി.ഐയുടെയും പശ്ചിമബംഗാളിലെ സി.പി.എമ്മിന്റെയും പില്ക്കാലത്ത് ചിലിയിലെ 'പോപ്പുലര്‍ യൂണിറ്റി'യുടെയും ഒരു പ്രമുഖ ദൗര്‍ബല്യം, സോവിയറ്റുകളുടെ മാതൃകയില്‍ ബൂര്‍ഷ്വാ ഭരണകൂടത്തിന് പുറത്ത് ആവശ്യം വരുമ്പോള്‍ ഭരണകൂടത്തെ വെല്ലുവിളിക്കാന്‍ ഉപയോഗിക്കാവുന്ന തരത്തില്‍ ജനങ്ങളെ സംഘടിപ്പിച്ച് ജനകീയാധികാരകേന്ദ്രങ്ങള്‍ സൃഷ്ടിക്കുകയും വളര്‍ത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകത അവര്‍ മനസ്സിലാക്കിയില്ല എന്നതായിരുന്നല്ലോ. കുറെ ദശാബ്ദങ്ങളായി കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ തന്ത്രത്തിന് ഈയൊരു മാനം തന്നെ കാണാനില്ല.
താങ്കള്‍ സൂചിപ്പിക്കുന്ന ഈ പ്രശ്‌നങ്ങള്‍ ജീവല്‍പ്രാധാന്യമുള്ളവയാണ്. എന്നാല്‍, ഖേദത്തോടെ പറയട്ടെ, നടന്ന ചര്‍ച്ചകളിലൊന്നും അവ കടന്നുവന്നില്ല. സ്റ്റാലിനിസത്തിന്റെ ഒരു പ്രധാന ഭവിഷ്യത്ത് സോവിയറ്റുകളെപ്പോലെ ജനങ്ങളെ അവരുടെതന്നെ അധികാരകേന്ദ്രങ്ങളിലൂടെ സംഘടിപ്പിക്കുന്നതിന്റെ കേന്ദ്ര പ്രാധാന്യം അപ്രത്യക്ഷമായെന്നതാണ്, ജനങ്ങളുടെ ഒരേയൊരു പ്രതിനിധിയായി പാര്‍ട്ടിയെയാണ് കണ്ടുപോരുന്നത്. എന്റെ തന്നെ രാഷ്ട്രീയവികാസത്തിലേക്ക് വന്നാല്‍ 1956-ന് ശേഷം എനിക്ക് സംശയങ്ങള്‍ വര്‍ധിച്ചു. സ്റ്റാലിന്‍ പ്രശ്‌നം ക്രൂഷ്‌ചേവിന്റെ പ്രസംഗത്തിലൂടെ പരിഹരിക്കപ്പെട്ടതായി ഞാന്‍ കരുതി. എന്നാല്‍ അന്തര്‍ദേശീയ പ്രശ്‌നങ്ങളില്‍ ഞാന്‍ തീര്‍ത്തും ചിന്താക്കുഴപ്പത്തിലായി. ഉദാഹരണത്തിന്, ഹങ്കറിയെസംബന്ധിച്ച് എന്റെ നിലപാട് തീര്‍ത്തും യാഥാസ്ഥികമായിരുന്നു. ബൂര്‍ഷ്വാ പത്രങ്ങളിലെല്ലാം സോവിയറ്റ് യൂണിയനെതിരെ പടര്‍ന്നുപിടിച്ച ആക്രമണങ്ങള്‍ക്കൊരു മറുപടിയായി 'ഹങ്കറിയില്‍ എന്തു സംഭവിച്ചു' എന്ന പേരില്‍ ഞാനൊരു ലഘുലേഖ എഴുതുകപോലും ചെയ്തു. അതെ, 1956ലെ സംഭവങ്ങളുണ്ടായിട്ടും, എന്റെ ചിന്താപരിണാമം സാവധാനമാണ് സംഭവിച്ചത്. കൂടുതല്‍ വായിക്കേണ്ട ആവശ്യം എനിക്ക് എല്ലായ്‌പോഴും തോന്നിയിരുന്നെങ്കിലും അക്കാലത്ത് ഇന്ത്യയില്‍ ലഭിക്കാവുന്ന പുസ്തകങ്ങളും മറ്റും വളരെ പരിമിതമായിരുന്നു. 1956-ല്‍ ഞാന്‍ കരുതിയത് ഞാന്‍ സ്റ്റാലിനിസത്തോട് വിടപറഞ്ഞെന്നായിരുന്നു; ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍ അത് ശരിയല്ലായിരുന്നുവെന്ന് വ്യക്തമാകുന്നുണ്ട്. അമൃത്‌സര്‍ ലൈനും കേരള ഗവണ്‍മെന്റുമെല്ലാം എന്റെ സംശയങ്ങള്‍ക്ക് ശക്തികൂട്ടി. പക്ഷേ, കാര്യങ്ങള്‍ ആ തലത്തില്‍ തന്നെ കിടന്നു. ഒരു കമ്യൂണിസ്റ്റു കലാപകാരിയുടെ ഉള്ളില്‍പ്പോലും അക്കാലത്ത് ആവിഷ്‌കാരം കണ്ടെത്താതിരുന്ന വൈയക്തിക സംശയങ്ങളായിരുന്നു അവയിലേറെയും. എന്നാല്‍ സി.പി.ഐ. ലൈനിന് വിപ്ലവകരമായ ബദല്‍ ലൈനുകളൊന്നുമുണ്ടായില്ല. 1958-ല്‍ എനിക്ക് സോവിയറ്റ് യൂണിയന്‍ സന്ദര്‍ശിക്കാനവസരം ലഭിച്ച കാലത്ത്, മറ്റൊരു മാറ്റവും സംഭവിച്ചു. ആഫ്രോ-ഏഷ്യന്‍ സാഹിത്യകാരന്മാരുടെ സമ്മേളനത്തില്‍ ഇന്ത്യനെഴുത്തുകാരുടെ പ്രതിനിധീസംഘാംഗമായി 1958-ല്‍ ഞാന്‍ താഷ്‌കെന്റിലെത്തി. ചൈനീസ് പ്രതിനിധികളും സന്നിഹിതരായിരുന്നു. സോവിയറ്റു യൂണിയനുമായി തങ്ങളുടെ വിയോജിപ്പുകള്‍ അവര്‍ തുറന്നു വിശദീകരിക്കുകയും ചെയ്തു. എന്നാല്‍ എനിക്ക് സോവിയറ്റ് യൂണിയന്‍ കാണാന്‍കൂടി അവസരം ലഭിച്ചു. അവിടത്തെ വമ്പിച്ച പുരോഗതി നിഷേധിക്കാനാവില്ലെങ്കിലും എന്നെ അസ്വസ്ഥനാക്കിയ മറ്റൊരു വശമുണ്ടായിരുന്നു. മോസ്‌കോവില്‍ ഇന്ത്യന്‍ പ്രതിനിധികള്‍ക്ക് ക്രൂഷ്‌ചെവും പങ്കെടുത്ത ഒരു പ്രത്യേക സ്വീകരണമുണ്ടായിരുന്നു. അതില്‍ ഒരു സാംസ്‌കാരികപ്രകടനമുണ്ടായിരുന്നു. എന്റെ തൊട്ടടുത്ത ഒഴിഞ്ഞ കസേരയില്‍ ക്രൂഷ്‌ചെവാണു വന്നിരിക്കുന്നതെന്ന് ഞാന്‍ അത്ഭുതത്തോടെ മനസ്സിലാക്കി. അദ്ദേഹവുമായി ചര്‍ച്ചചെയ്യാനും എന്റെ സംശയങ്ങള്‍ ദൂരീകരിക്കാനും ഈ അവസരം ഞാനുപയോഗിച്ചു. പാസ്റ്റര്‍നാക്ക് സംഭവം ധാരാളം ശ്രദ്ധയാകര്‍ഷിച്ചിരുന്ന കാലമായിരുന്നു അതെന്നോര്‍ക്കണം. അതിനാല്‍, പാസ്റ്റര്‍നാക്കിനോടുള്ള പെരുമാറ്റത്തെ എങ്ങനെ ന്യായീകരിക്കുമെന്ന് ഞാന്‍ ക്രൂഷ്‌ചെവിനോടു ചോദിച്ചു. വിപ്ലവം കഴിഞ്ഞ് അമ്പതുവര്‍ഷം കഴിഞ്ഞിട്ടും പാസ്റ്റര്‍നാക്കെഴുതിയ ഒരു നോവല്‍ സോവിയറ്റ് ഗവണ്‍മെന്റിനു ഭീഷണിയായിത്തോന്നുന്നതെങ്ങനെയാണെന്നു ഞാനന്വേഷിച്ചു. ഒരു മാര്‍ക്‌സിസ്റ്റെന്ന നിലയില്‍ എനിക്കു പാസ്റ്റര്‍നാക്കിന്റെ രാഷ്ട്രീയലൈനിനോടു വിയോജിപ്പുണ്ടെങ്കിലും ഒരെഴുത്തുകാരനെന്ന നിലയില്‍ അദ്ദേഹത്തിനു നല്‍കപ്പെട്ട പെരുമാറ്റം എനിക്കു നീതീകരിക്കാനാവുന്നില്ലെന്ന് ഞാന്‍ വിശദീകരിച്ചു. സാമ്രാജ്യത്വവിരുദ്ധരായ ഒട്ടേറെ എഴുത്തുകാര്‍ കവിതകളും കഥകളുമുള്‍പ്പെടെയുള്ള അവരുടെ രചനകളുടെ പേരില്‍ തടവിലാക്കപ്പെട്ടിരുന്ന ഇന്ത്യയെപ്പോലൊരു രാജ്യത്ത്, പാസ്റ്റര്‍നാക്ക് പ്രശ്‌നത്തില്‍ സോവിയറ്റ് പാര്‍ട്ടിയെ ശരിക്കും ന്യായീകരിക്കാനും ഉയര്‍ത്തിപ്പിടിക്കാനും സാധ്യമേയല്ലെന്ന് ഞാന്‍ പറഞ്ഞു. ക്രൂഷ്‌ചെവ് ഈ സംഭവത്തില്‍ തനിക്ക് യാതൊരുത്തരവാദിത്വവുമില്ലെന്നു പറഞ്ഞൊഴിഞ്ഞു; അത് എഴുത്തുകാരുടെ യൂണിയന്‍ ചെയ്തതാണ്; അവരുമായി ചര്‍ച്ച ചെയ്യുകയാണു നല്ലതെന്ന് അദ്ദേഹം നിര്‍ദേശിച്ചു. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ അദ്ദേഹത്തിന് ആകാംക്ഷയുണ്ടായിരുന്നില്ലെന്നതു വ്യക്തമായിരുന്നു. പിന്നെ ഞങ്ങള്‍ സോവിയറ്റ് യൂണിയനിലെ മദ്യപാനത്തിന്റെ പ്രശ്‌നം ചര്‍ച്ചചെയ്തു. മദ്യനിരോധമേര്‍പ്പെടുത്തുന്ന കാര്യം അദ്ദേഹം പരിഗണിച്ചിട്ടുണ്ടോ എന്നു ഞാന്‍ ചോദിച്ചു. ഉവ്വെന്നും, എന്നാല്‍ മദ്യനിരോധമേര്‍പ്പെടുത്തിയാലുടന്‍ വ്യാജവാറ്റു കേന്ദ്രങ്ങളുയര്‍ന്നുവന്ന് കൂടുതല്‍ ഗൗരവമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം മറുപടി പറഞ്ഞു. അതുപോലെ പുസ്തകങ്ങള്‍ നിരോധിക്കുന്നതു തുടര്‍ന്നാല്‍ പുസ്തകങ്ങളുടെ 'വ്യാജവാറ്റുകേന്ദ്രങ്ങള്‍' ഉയര്‍ന്നുവന്ന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമല്ലോ എന്നായിരുന്നു എന്റെ പ്രതികരണം. ഇത്രയെത്തിയപ്പോഴേക്കും അദ്ദേഹത്തിന് ആകെ നീരസമായി, ബാലെയില്‍ ശ്രദ്ധിക്കാനദ്ദേഹം നിര്‍ദേശിച്ചു. 'സ്റ്റാലിന്‍ നശീകരണ'ത്തിന്റെ പരിമിതികള്‍ എനിക്ക് മനസ്സിലായിത്തുടങ്ങി. യുഗോസ്ലാവിയന്‍ പ്രശ്‌നവും ചൈനയുടെ പ്രശ്‌നവും ചര്‍ച്ചചെയ്യാനുള്ള ശ്രമങ്ങളും വൃഥാവിലായി. എഴുത്തുകാരുടെ യൂണിയന്റെ ഭാരവാഹികളുമായി നടന്ന ചര്‍ച്ചകള്‍ക്ക് കൂടുതല്‍ ചൂടുണ്ടായിരുന്നു. എങ്കിലും അത്രതന്നെ നിരാശാവഹമായിരുന്നു അവ. ഇതിന്റെ ഫലമായി എന്റെ മോഹഭംഗത്തിന് ആഴം വര്‍ധിച്ചു തുടങ്ങി.
സി.പി.ഐ., സി.പി.എം. എന്നീ രണ്ടു പ്രധാന പാര്‍ട്ടികള്‍ക്ക് ജന്മംനല്കിക്കൊണ്ട് ഇന്ത്യന്‍ കമ്യൂണിസത്തിലുണ്ടായ പിളര്‍പ്പിന്റെ അടിസ്ഥാനമെന്തായിരുന്നു? അത് ചൈന-സോവിയറ്റ് സംഘര്‍ഷത്തിന്റെ ഭാഗികമായ ഒരു പ്രതിഫലനമായിരുന്നോ? സി.പി.ഐയുടെ രണ്ട് ശക്തിദുര്‍ഗങ്ങളായിരുന്ന കേരളവും ബംഗാളും സി.പി.എമ്മിന്റെ പിടിയിലായെന്ന കാര്യംകൂടി പരിഗണിക്കുമ്പോള്‍, സി.പി.ഐയിലെ പിളര്‍പ്പ് ശരിക്കും എന്തായിരുന്നു?
സി.പി.ഐ.-സി.പി.എം. പിളര്‍പ്പ് ചൈന-സോവിയറ്റ് തര്‍ക്കത്തിന്റെ ഒരു പ്രതിഫലനം മാത്രമായിരുന്നെന്ന് പലരും എഴുതിക്കണ്ടിട്ടുണ്ട്. ഇത് ശരിയല്ല. കൂടുതല്‍ പ്രധാനമായൊരു ഘടകം ഇന്ത്യ-ചൈന സംഘര്‍ഷത്തോടുള്ള സമീപനമായിരുന്നു. ഞാന്‍ പറഞ്ഞപോലെ. അതിര്‍ത്തിത്തര്‍ക്കത്തില്‍ ചൈനയുടെ നിലപാടിനെക്കുറിച്ചുള്ള ചൗ എന്‍-ലായിയുടെ വിശദീകരണം എനിക്ക് തീരേ ബോധ്യമായിരുന്നില്ല. സി.പി.ഐ. ചൈനീസ് ലൈനിനെ എതിര്‍ത്തത് ശരിയായിരുന്നുവെന്നുതന്നെയാണിപ്പോഴും ഞാന്‍ കരുതുന്നത്. എന്നിരുന്നാലും ചൈനീസ് നിലപാടിനെ പിന്തുണയ്ക്കാതിരിക്കുന്നതും സ്വന്തം രാജ്യത്തെ ബൂര്‍ഷ്വാസിയെ പിന്തുണയ്ക്കുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്. ചില സി.പി.ഐ. നേതാക്കളുടെ പ്രസ്താവനകള്‍ തീര്‍ത്തും സങ്കുചിത ദേശീയവാദപരമായിരുന്നെന്നും അവര്‍ കോണ്‍ഗ്രസ് നേതാക്കളുടെ പ്രസംഗങ്ങള്‍ തത്തയെപ്പോലെ ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തതെന്നും ഞാന്‍ ഭയപ്പെടുന്നു. 'മഞ്ഞവിപത്തി'ന്റെ മട്ടിലുള്ള ചില ഗോത്രപരമായ ശകാരങ്ങള്‍പോലും ചൈനീസ് നേതാക്കള്‍ക്കു നേരെ ചൊരിയപ്പെട്ടു. ചൈനയെ ആക്രമിച്ചും ഇന്ത്യന്‍ ബൂര്‍ഷ്വാസിയെ പിന്തുണച്ചും ഡാങ്കേ എഴുതിയ ചില ലേഖനങ്ങള്‍, സ്റ്റാലിനിസ്റ്റ് പൈതൃകങ്ങളില്‍ മുങ്ങിയ ഒരു കമ്യൂണിസ്റ്റ് നേതാവിനുപോലും അപമാനകരമായിരുന്നു. സി.പി.എമ്മിലേക്കു പോയ പല സഖാക്കളെയും ഇത് മടുപ്പിച്ചിരുന്നു. അത് ശരിയുമായിരുന്നു. എന്നാല്‍ ഇന്ത്യ-ചൈന അതിര്‍ത്തിയുദ്ധങ്ങള്‍ക്കുശേഷം 1964-ല്‍ നടന്ന പാര്‍ട്ടിയുടെ പിളര്‍പ്പിന്റെ മുഖ്യ കാരണം ഇതുപോലുമായിരുന്നില്ല. എന്റെ നോട്ടത്തില്‍, പിളര്‍പ്പിനുള്ള മുഖ്യകാരണം തിരഞ്ഞെടുപ്പുസഖ്യങ്ങളുടെ പ്രശ്‌നവുമായി ബന്ധപ്പെട്ട ആഭ്യന്തരവ്യത്യാസങ്ങളായിരുന്നു. കേരളമന്ത്രിസഭയുടെ പതനംമുതല്‍തന്നെ ഒരുതരം ചര്‍ച്ചനടക്കുന്നുണ്ടായിരുന്നു. അത് 1964-ല്‍ ഉച്ചസ്ഥായിയിലെത്തി. 1960 മുതല്‍ 64 വരെയുള്ള പാര്‍ട്ടിരേഖകള്‍ പഠിച്ചാല്‍ വിഭജനത്തിന്റെ യഥാര്‍ഥ കാരണങ്ങള്‍ ക്രമത്തില്‍ മനസ്സിലാക്കാന്‍ കഴിയും. ഈ രേഖകളിലെല്ലാം പ്രകടമായ ഒരു സ്ഥിരം പ്രമേയമുണ്ട്-പാര്‍ലമെന്ററി മുരടിപ്പ്. ഇക്കാര്യത്തില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ വലിയ അഭിപ്രായവ്യത്യാസങ്ങളില്ല. സംസ്ഥാനങ്ങളില്‍ കൂടുതല്‍ തിരഞ്ഞെടുപ്പുകളില്‍ ജയിക്കുകയും ലോക്‌സഭയില്‍ കൂടുതല്‍ സീറ്റുകള്‍ നേടുകയും വേണമെന്ന കാര്യത്തില്‍ യോജിപ്പുണ്ടുതാനും. ഇന്ത്യയില്‍ കമ്യൂണിസത്തിലേക്കുള്ള പാത അതാണ്. 'കോണ്‍ഗ്രസ്സുകുത്തക പൊളിക്കുക' എന്ന ഫോര്‍മുലയിലടങ്ങിയ ഒരു അനുബന്ധ മുദ്രാവാക്യവുമുണ്ട്-ഇതിനെച്ചൊല്ലിയാണ് അഭിപ്രായവ്യത്യാസങ്ങള്‍ വികസിക്കുന്നത്. ജനസംഘത്തെയും മുസ്‌ലിം ലീഗിനെയും പങ്കാളിയായി സ്വീകരിക്കേണ്ടിവന്നാല്‍പ്പോലും കോണ്‍ഗ്രസ്സുകുത്തക തകര്‍ക്കുകയെന്നതാണ് മുഖ്യകാര്യമെന്ന് ചില പാര്‍ട്ടിനേതാക്കള്‍ പ്രസ്താവിക്കുന്നു. കുത്തക തകര്‍ക്കാനുള്ള ഏറ്റവും നല്ല വഴി കോണ്‍ഗ്രസ്സിന്റെ വലതുപക്ഷത്തിനെതിരായി അതിന്റെ പുരോഗമനവിഭാഗങ്ങളുമായി കൂട്ടുചേരുകയാണെന്ന് മറ്റുള്ളവര്‍ പറയുന്നു. അങ്ങനെ, ഭരണകൂടത്തെയും അതിന്റെ ഘടനകളെയും തകര്‍ക്കാനുള്ള ഉത്തമമാര്‍ഗം ഏതെന്നതിനെച്ചൊല്ലിയല്ല മറിച്ച് എങ്ങനെ കൂടുതല്‍ സീറ്റുകള്‍ നേടാമെന്നതിനെച്ചൊല്ലിയാണ് ഇന്ത്യന്‍ കമ്യൂണിസത്തെ പിളര്‍ത്തിയ തര്‍ക്കം നടന്നത്. തന്ത്രപരമായ വ്യത്യാസങ്ങളാണ് പാര്‍ട്ടിയെ വിഭജിച്ചതെന്ന് ഞാന്‍ പറയും. മറ്റു വ്യത്യാസങ്ങളും ഇല്ലാതിരുന്നില്ല; ഇന്ത്യ-ചൈന പ്രശ്‌നത്തിലും സോവിയറ്റ് യൂണിയന്റെ നയങ്ങളെ വിലയിരുത്തുന്നതിലും മറ്റും. എന്നാല്‍ തിരഞ്ഞെടുപ്പുതന്ത്രങ്ങള്‍ നടപ്പാക്കുന്നതിനെച്ചൊല്ലിയുള്ള വ്യത്യാസങ്ങള്‍തന്നെയായിരുന്നു പ്രധാന കാരണം. പിന്നീട് സി.പി.എമ്മിന്റെ നേതാക്കളായി വന്ന സഖാക്കളുടെ ഇറങ്ങിപ്പോക്കിനുള്ള ആസന്നകാരണം ഡാങ്കേയുടെ കത്തായിരുന്നു. 1924-ല്‍ ബ്രിട്ടീഷധികാരികള്‍ക്ക് തന്റെ സേവനങ്ങള്‍ വാഗ്ദാനംചെയ്തുകൊണ്ട് ഡാങ്കേ എഴുതിയതായി പറയപ്പെടുന്ന ഒരു കത്തായിരുന്നു ഇത്; ഇതിന്റെ ഒരു കോപ്പി നാഷണല്‍ ആര്‍ക്കൈവ്‌സില്‍ പ്രത്യക്ഷപ്പെട്ടു. സി.പി.ഐയുടെ ദേശീയ കൗണ്‍സില്‍ സംഗതി മുഴുവന്‍ അന്വേഷിക്കാനായി ഒരു കമ്മീഷനെ നിയമിച്ചു. ഈ കമ്മീഷന്റെ ഭൂരിപക്ഷവും അതൊരു കള്ളക്കത്തായിരുന്നെന്ന് പറഞ്ഞ് ഡാങ്കെയെ നിരപരാധിയായി പ്രഖ്യാപിച്ചു. എന്നാല്‍ ഡാങ്കെയല്ല ആ കത്തെഴുതിയതെന്നതിന് തെളിവൊന്നുമില്ലെന്ന് ഒരു ന്യൂനപക്ഷം പ്രസ്താവിച്ചു. കൗണ്‍സിലിലെ മുപ്പത്തിരണ്ട് അംഗങ്ങളില്‍ മൂന്നിലൊരു വിഭാഗം യോഗത്തില്‍ നിന്നിറങ്ങിപ്പോയി. അവര്‍ പിന്നെ തിരിച്ചു വന്നില്ല. ഡാങ്കെയുടെ കത്ത് വെറുതേ കുത്തിപ്പൊക്കിയ ഒരു കാരണം മാത്രമായിരുന്നെന്നും അതേസമയം അടിസ്ഥാനപരമായ അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ലെന്നും വ്യക്തമായിരുന്നു. അന്നുമുതലുള്ള രണ്ടു പാര്‍ട്ടികളുടെയും പരിണാമം ഈ വസ്തുതയ്ക്ക് ഉറച്ച തെളിവാണെന്നെനിക്ക് തോന്നുന്നു. ദേശീയ കൗണ്‍സിലില്‍ സി.പി.ഐക്ക് വമ്പിച്ച ഭൂരിപക്ഷമുണ്ടായിരുന്നെങ്കിലും പാര്‍ട്ടിയുടെ സംസ്ഥാന കൗണ്‍സിലുകളിലെ സ്ഥിതി വ്യത്യസ്തമായിരുന്നു. പശ്ചിമബംഗാളില്‍ സി.പി.എമ്മിനായിരുന്നു ഭൂരിപക്ഷം. കേരളത്തില്‍ സി.പി.ഐക്ക് നന്നേ ചെറിയ ഭൂരിപക്ഷമേ ഉണ്ടായിരുന്നുള്ളൂ. ഇതുപോലും തെറ്റുധാരണാജനകമായിരുന്നു. ഞാന്‍ വിശദീകരിക്കാം: സംസ്ഥാന കൗണ്‍സിലിനും താഴെ ജില്ലാ കമ്മിറ്റികളിലേക്ക് വന്നാല്‍, ചിലതിലൊക്കെ സി.പി.എമ്മിന് ഭൂരിപക്ഷമുണ്ടായിരുന്നു. ഇനിയും താഴേക്ക് ശാഖകളിലേക്കും 'സെല്കു'കളിലേക്കും വന്നാലോ, സി.പി.ഐ. മിക്കവാറും തുടച്ചുനീക്കപ്പെട്ടിരുന്നതായി കാണാം. കേരളത്തില്‍ അടിത്തറയുടെ ഒരു വലിയ വിഭാഗം സി.പി.എമ്മിന്റെ കൂടെപ്പോയി. ആന്ധ്രാപ്രദേശിലും സ്ഥിതി എതാണ്ടിതുപോലെത്തന്നെയായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി ഒരു ജനകീയ ധാരയെ പ്രതിനിധീകരിച്ചിരുന്ന ഈ പ്രദേശങ്ങളില്‍ സി.പി.എം. മുന്‍കൈ നേടി. കാരണമിതായിരുന്നു: വിഭജനത്തിനുശേഷം പല സി.പി.എം. നേതാക്കളും പില്ക്കാലത്ത് സി.പി.എമ്മില്‍ നിന്ന് വിട്ടുപോന്ന് പീക്കിങ്ങുമായി അണിചേര്‍ന്നു. അവരുടെ മധ്യ അണികളുടെ ഭൂരിപക്ഷവും പിളര്‍പ്പിനെ വിശദീകരിച്ചത് സി.പി.ഐ. തിരഞ്ഞെടുപ്പ് വിജയങ്ങളിലൂടെ പരിഷ്‌കരണങ്ങള്‍ക്കായി സമരം ചെയ്യുന്ന 'വലതു കമ്യൂണിസ്റ്റു'കാരും സി.പി.എം വിപ്ലവത്തിനുവേണ്ടി സമരം ചെയ്യുന്നവരുമാണെന്ന മട്ടിലായിരുന്നു. സി.പി.എമ്മിന്റെ മധ്യ അണികള്‍ അധികവും ഇത് വിശ്വസിച്ചിരുന്നുവെന്നത് തീര്‍ച്ചയാണ്. എന്നാല്‍ സി.പി.എം. നേതൃത്വം വിപ്ലവത്തിലല്ല, തിരഞ്ഞെടുപ്പ് വിജയിക്കാനുള്ള ശ്രമങ്ങളിലാണ് മുഴുകിയിരുന്നത്. പശ്ചിമബംഗാളില്‍ 1967-ലെ തിരഞ്ഞെടുപ്പു വിജയത്തിനുശേഷമുള്ള അവരുടെ പെരുമാറ്റം ഇത് വളരെ വ്യക്തമായിത്തന്നെ കാട്ടിത്തരുന്നു. എന്നാല്‍ വിഭജനത്തിനുശേഷം സി.പി.എമ്മില്‍ ചേര്‍ന്നവരിലധികംപേരും ആ പാര്‍ട്ടി അവരെ വിപ്ലവത്തിലേക്ക് നയിക്കാന്‍ പോവുകയാണെന്ന ആ ആത്മാര്‍ഥവിശ്വാസം കൊണ്ടാണിങ്ങനെ ചെയ്തത്. കൂടാതെ സി.പി.ഐയുടെയും സി.പി.എമ്മിന്റെയും ലൈനിനോട് എതിര്‍പ്പുണ്ടായിരുന്നവരും തല്ക്കാലം സി.പി.എമ്മിന്റെ കൂടെയാണ് പോയത്. അടിത്തറയുടെ ഏറ്റവും വിപ്ലവോന്മുഖമായ വിഭാഗങ്ങള്‍ ആ പാര്‍ട്ടിയിലായിരുന്നതുകൊണ്ട്, അതിന് കൂടുതല്‍ ശക്തിയുണ്ടെന്നവര്‍ വിശ്വസിച്ചു. അതിനാല്‍ കമ്യൂണിസ്റ്റ് പാരമ്പര്യമുണ്ടായിരുന്ന സ്ഥലങ്ങളിലെല്ലാം അണികളധികവും സി.പി.എമ്മിന്റെ കൂടെ ചേര്‍ന്നു.
താങ്കളെന്തുകൊണ്ടാണ് വ്യക്തിപരമായി സി.പി.ഐയുടെ കൂടെ നില്‍ക്കാന്‍ തീരുമാനിച്ചത്?
കാരണം, ഞാന്‍ പിളര്‍പ്പിനുതന്നെ എതിരായിരുന്നു. രണ്ടുചേരികളും തമ്മില്‍ എന്തെങ്കിലും അടിസ്ഥാന വ്യത്യാസമുള്ളതായി ഞാന്‍ കണ്ടില്ല; പിളര്‍പ്പ് ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തെ ഇനിയും വിഭജിക്കുമല്ലോ എന്നും ഞാന്‍ ഭയന്നു. അതാണ് സംഭവിച്ചതും. സി.പി.എം. പിളര്‍പ്പിന് തൊട്ടുപിറകെ എ.ഐ.ടി.യു.സി. പിളര്‍ന്നു. കര്‍ഷകസംഘടനകളും, വിദ്യാര്‍ഥിസംഘടനകളും വിഭക്തമായി. ഇത് ഇടതുപക്ഷത്തെ ഗണ്യമായി തളര്‍ത്തി. കോണ്‍ഗ്രസ്സിന്റെയും അതിന്റെ വലതുപക്ഷ പാര്‍ട്ടികളുടെയും ജനസ്വാധീനം വളര്‍ത്താന്‍ സഹായിച്ചു. തൊഴിലാളിപ്രസ്ഥാനം ഇങ്ങനെ നിരന്തരം വിഭജിച്ചുകൊണ്ടിരിക്കണമെന്നത് എത്ര അപമാനകരമാണെന്ന് പറയേണ്ടതില്ലല്ലോ. ട്രേഡ് യൂണിയന്‍ ഐക്യത്തിന്റെ വിശാലപ്രശ്‌നങ്ങള്‍ മാറ്റിവെച്ചാലും രണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുമെങ്കിലും അവര്‍ സേവിക്കുന്നതായിപ്പറയുന്ന വര്‍ഗത്തിന്റെ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി പൊതുവായ ഒരു ട്രേഡ് യൂണിയന്‍ ഘടന നിലനിര്‍ത്തണമായിരുന്നു. അവരത് ചെയ്തില്ലെന്നതിന്റെ മുഖ്യകാരണം വിഭാഗീയത മാത്രമാണെന്നു പറഞ്ഞുകൂടാ. തിരഞ്ഞെടുപ്പു വാദത്തിന് അവര്‍ നല്‍കുന്ന പ്രാധാന്യവും പാര്‍ലമെന്റേതര സമരങ്ങളെ അവര്‍ പാലര്‍മെന്റിന് കീഴ്‌പ്പെടുത്തുന്നുവെന്ന വസ്തുതയും പരിഗണിക്കുമ്പോള്‍, തിരഞ്ഞെടുപ്പില്‍ പിന്തുണനേടാന്‍ അവര്‍ക്ക് സ്വന്തം ട്രേഡ് യൂണിയനുകള്‍ വേണമായിരുന്നു. എല്ലാ മുന്നണിയിലും വര്‍ഗശത്രുവിനെതിരേ ഒന്നിക്കുകയെന്ന മൗലികസങ്കല്പം അവരുടെ രാഷ്ട്രീയത്തില്‍ ഇല്ല തന്നെ. ഏതായാലും സി.പി.ഐയില്‍ നിന്ന് വിട്ടുപോന്ന് സി.പി.എമ്മില്‍ ചേരുന്നതിന് ഞാന്‍ ഒരു കാരണവും കണ്ടില്ല. ഇന്നും ഞാന്‍ സി.പി.ഐയില്‍ അംഗമാണ്. എന്റെ തീരുമാനം ശരിയായിരുന്നുവെന്നു തന്നെ ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു.
ചെക്കോസ്ലോവാക്യന്‍ ആക്രമണത്തെച്ചൊല്ലി സി.പി.ഐ. നേതൃത്വത്തില്‍ മുറുമുറുപ്പുകളുണ്ടായല്ലോ.
സി.പി.എം ഒരു സംശയവുമുന്നയിക്കാതെ ആക്രമണത്തെ ന്യായീകരിച്ചുവെന്ന് എനിക്കറിയാം. എന്നാല്‍ സി.പി.ഐക്കകത്ത് ഒരെതിര്‍പക്ഷം ഉണ്ടായിരുന്നെന്നും ഇന്ത്യയിലെ ജനാധിപത്യ സഖ്യകക്ഷികളെ മുറിപ്പെടുത്താതിരിക്കാനുള്ള ആഗ്രഹത്തിന്റെ ഫലമായിരുന്നില്ല ഇതെന്നും ഞങ്ങള്‍ കേട്ടിരുന്നു. 1968-ല്‍ ദ്യുബ്‌ചെക് നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങളെ അംഗീകരിച്ചുകൊണ്ടും 'മാനുഷികമുഖമുള്ള ഒരു സോഷ്യലിസ'ത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടും ദേശീയ കൗണ്‍സില്‍ ഐകകണേ്ഠ്യന ഒരു പ്രമേയം പാസ്സാക്കിയിരുന്നു. അപ്പോഴാണ് സോവിയറ്റ് യൂണിയന്റെ സൈനിക ഇടപെടലുണ്ടായത്. ഉടനെ ഒരു ചര്‍ച്ചയാരംഭിച്ചു; ചെക്കൊസ്ലോവാക്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എല്ലാ രേഖകളും സമ്പാദിക്കാനായി ഞങ്ങളില്‍ കുറെപ്പേര്‍ ന്യൂഡല്‍ഹിയിലെ ചെക് എംബസി സന്ദര്‍ശിച്ചു. ദേശീയ കൗണ്‍സിലില്‍ തുല്യമായൊരു വിഭജനമുണ്ടായി. സോവിയറ്റ് യൂണിയനെ പിന്താങ്ങിയവര്‍ക്ക് മുപ്പത്തിയഞ്ചും ഞങ്ങള്‍ക്ക് മുപ്പത്തിനാലും വോട്ടുണ്ടായിരുന്നെന്നാണെന്റെ ഓര്‍മ. (ഏതായാലും അത് അധികം പേര്‍ പങ്കെടുത്ത ഒരു കൗണ്‍സില്‍ യോഗമായിരുന്നില്ല.) രണ്ടുപേര്‍ ആദ്യം വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്നു. കൂടുതല്‍ ചര്‍ച്ച നടന്നതോടെ ആ രണ്ട് സഖാക്കളും ഞങ്ങളുടെ ഭാഗത്തേക്കു വന്നു. ഇപ്പോള്‍ സോവിയറ്റ് ഇടപെടലിനെ എതിര്‍ക്കാനുള്ള ഭൂരിപക്ഷം ഞങ്ങള്‍ക്ക് കിട്ടി. തങ്ങള്‍ തോല്‍ക്കാന്‍ പോവുകയാണെന്ന് മനസ്സിലായപ്പോള്‍ പാര്‍ട്ടി നേതാക്കള്‍ സന്ധിക്കൊരുങ്ങി. ഉടന്‍ തന്നെ വോട്ടെടുപ്പ് നടത്തരുതെന്നും പാര്‍ട്ടിയില്‍ മുഴുവന്‍ പ്രസക്തമായ രേഖകള്‍ വിതരണം ചെയ്ത് മൂന്നുമാസത്തെ ഒരു ചര്‍ച്ചയാരംഭിക്കണമെന്നും അവര്‍ നിര്‍ദേശിച്ചു. പാര്‍ട്ടിയില്‍ മുഴുവന്‍ ഈ പ്രശ്‌നത്തെക്കുറിച്ചുള്ള രേഖകളെല്ലാം ചര്‍ച്ച ചെയ്യപ്പെടുമെന്നത് നല്ലൊരു കാര്യമായി തോന്നിയതിനാല്‍ ഞാനത് സമ്മതിച്ചു. ശരിയായൊരു ചര്‍ച്ച നടക്കുന്നത് ഞങ്ങള്‍ക്ക് നന്മമാത്രമേ ചെയ്യുമായിരുന്നുള്ളുവല്ലോ എന്നു ഞാന്‍ കരുതി. എന്നാല്‍ ഈ വാഗ്ദാനം പാലിക്കപ്പെട്ടില്ല. അടുത്ത കൗണ്‍സില്‍ യോഗം നാലുമാസം കഴിഞ്ഞാണ് നടന്നത്. അക്കാലത്ത് സോവിയറ്റ് യൂണിയനില്‍നിന്നുള്ള സന്ദര്‍ശകരുടെ ഒരു പ്രളയംതന്നെ ഞങ്ങള്‍ കണ്ടു. അവരില്‍ ചിലര്‍ ഞാനുമായും ചര്‍ച്ച ചെയ്തു. എന്നാല്‍ എനിക്ക് അല്പംപോലും ബോധ്യം വന്നില്ല. സത്യത്തില്‍ ഒരു തൂലികാനാമമുപയോഗിച്ച് ഞാന്‍ ചെക്കോസ്ലൊവാക്യ എങ്ങോട്ട്? എന്നൊരു പുസ്തകം എഡിറ്റു ചെയ്യുകയുണ്ടായി. അതിലെ ലേഖകരെല്ലാം സോവിയറ്റ് ലൈനിനോട് എതിര്‍പ്പുള്ള സി.പി.ഐ അനുകൂലികളായിരുന്നു. അതിലെ ഒരൊറ്റ ലേഖകന്‍പോലും 'സി.പി.ഐയുടെ ശത്രു'വെന്ന പേരില്‍ ആക്രമിക്കപ്പെട്ടുകൂടെന്ന് ഞാനുറപ്പു വരുത്തിയിരുന്നു. എന്തെല്ലാം സമ്മര്‍ദങ്ങളാണുണ്ടായതെന്നെനിക്കറിഞ്ഞുകൂടാ. ഏതായാലും കൗണ്‍സില്‍ മീറ്റിങ്ങില്‍ പാര്‍ട്ടിയന്ത്രം അതിന്റെ ശക്തികളൊക്കെ സ്വരൂപിക്കുകയും ആ യോഗത്തില്‍ വെച്ച് ഭൂരിപക്ഷം നേടുകയും ചെയ്തു. ഉടന്‍തന്നെ പുസ്തകത്തെക്കുറിച്ച് അവരെന്നെ ചോദ്യം ചെയ്തു. അതിന്റെ ഉത്തരവാദിത്വം ഞാനേറ്റെടുത്തു. അവരെന്നെ ശകാരിച്ചു; സി.പി.ഐ. അംഗങ്ങള്‍ ആ പുസ്തകം വായിക്കുകയോ വിതരണം ചെയ്യുകയോ പാടില്ലെന്ന് നിര്‍ദേശവും പുറപ്പെടുവിച്ചു. പാര്‍ട്ടിപത്രങ്ങളില്‍ എനിക്ക് പരസ്യമായൊരു താക്കീതും നല്കി. താക്കീത് ന്യൂ എയ്ജില്‍ പ്രസിദ്ധീകരിക്കുംമുന്‍പ് എനിക്ക് പുനര്‍വിചാരം നടത്താനും ചെയ്തത് പിന്‍വലിക്കാനും പതിനഞ്ചു ദിവസത്തെ ഇട നല്കാമെന്ന് ഒരു പാര്‍ട്ടി നേതാവ് നിര്‍ദേശിച്ചു. അവരാണ് പുനര്‍വിചാരത്തിന് സമയം കാണേണ്ടതെന്ന് ഞാന്‍ പറഞ്ഞു. അവരേതായാലും എനിക്ക് പതിനഞ്ചു ദിവസത്തെ അവധി തന്നു. അതിനിടയില്‍ മാപ്പു പറയാന്‍ എന്നെ നിര്‍ബന്ധിക്കാനായി ചിലര്‍ എന്നെ സന്ദര്‍ശിച്ചു. ഞാന്‍ പാര്‍ട്ടിയുടെ നേതാവും, ആദരിക്കപ്പെടുന്നയാളുമായതുകൊണ്ട്, പരസ്യമായി എന്നെ താക്കീതു ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് അവര്‍ പറഞ്ഞു. ഞാന്‍ അത് തീര്‍ത്തും നിരസിച്ചു. അങ്ങനെ ന്യൂ എയ്ജിന്റെ ഒരു കൊച്ചു കോണില്‍ താക്കീത് പ്രസിദ്ധീകരിക്കപ്പെട്ടു. എന്നാല്‍ പിറ്റേന്നുതന്നെ എല്ലാ ബൂര്‍ഷ്വാ പത്രങ്ങളും സംഭവം വിശദമായി റിപ്പോര്‍ട്ടു ചെയ്തു. സോവിയറ്റ് ആക്രമണത്തെ വിമര്‍ശിച്ച് ഒരു പുസ്തകം പ്രസിദ്ധീകരിച്ചതിനാണ് ഞാന്‍ താക്കീത് ചെയ്യപ്പെട്ടതെന്ന് വാര്‍ത്ത വന്നതോടെ, പാര്‍ട്ടി സംഗതിമുഴുവന്‍ അവഗണിച്ചിരുന്നെങ്കില്‍ ചെലവാകുമായിരുന്നതിനെക്കാള്‍ കൂടുതല്‍ കോപ്പി പുസ്തകം വില്ക്കപ്പെട്ടു. ഇതെല്ലാമായിട്ടും, ആക്രമണത്തെ സര്‍വാത്മനാ പിന്തുണച്ച സി.പി.എമ്മില്‍നിന്ന് വ്യത്യസ്തമായി സി.പി.ഐക്കകത്ത് ഒരുതരം ചര്‍ച്ച നടന്നുവെന്നത് ചൂണ്ടിക്കാട്ടേണ്ടതുതന്നെയാണ്.
ട്രോട്‌സ്‌കിയെയും ട്രോട്‌സ്‌കിയിസത്തെയും കുറിച്ചുള്ള താങ്കളുടെ വീക്ഷണങ്ങള്‍ എന്തെല്ലാമെന്ന് പറയാമോ?
ഞാനൊരു ട്രോട്‌സ്‌കിയിസ്റ്റല്ല.എന്റെ ആരാധ്യപുരുഷന്‍ സ്റ്റാലിനായിരുന്നു. ആ വിഗ്രഹം തകര്‍ന്നു തരിപ്പണമായി. തകര്‍ന്ന ഒരു വിഗ്രഹത്തിന്റെ സ്ഥാനത്ത്, പുതിയൊരു വിഗ്രഹം-അതു തകരാത്തതായാലും പ്രതിഷ്ഠിക്കാന്‍ ഞാനിഷ്ടപ്പെടുന്നില്ല. കാരണം ഞാനിപ്പോള്‍ വിഗ്രഹാരാധനയിലേ വിശ്വസിക്കുന്നില്ല. ട്രോട്‌സ്‌കി, ബുഖാരിന്‍, റോസ ലക്‌സംബര്‍ഗ്, ഗ്രാംചി, ല്യൂക്കാച്ച് തുടങ്ങിയ മാര്‍ക്‌സിസ്റ്റുകളെ എല്ലാ കമ്യൂണിസ്റ്റുകാരും ഗൗരവത്തോടെ പഠിക്കുകയും വിമര്‍ശനാത്മകമായി വിലയിരുത്തുകയും വേണമെന്ന് ഞാന്‍ വിചാരിക്കുന്നു. ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍നിന്ന് അവരെ നീക്കിക്കളഞ്ഞാല്‍ മാര്‍ക്‌സിസം അത്രയ്ക്കും ദരിദ്രമാകും. ട്രോട്‌സ്‌കിയെ സാമ്രാജ്യത്വചാരനും ഫാസിസ്റ്റ് ഏജന്റുമായി ചിത്രീകരിച്ച സ്റ്റാലിനിസ്റ്റ് കപട ചരിത്രത്തില്‍ എനിക്ക് വിശ്വാസമില്ല. സോവിയറ്റ് ചരിത്രകാരന്മാര്‍പോലും ഇപ്പോള്‍ അത്തരം കാഴ്ചപ്പാടുകളുപേക്ഷിച്ചതായി കാണുന്നു. അറുപതുകളുടെ അവസാനം പ്രസിദ്ധീകരിച്ച ഒരു പുതിയ സി.പി.എസ്.യു. ചരിത്രത്തില്‍ ട്രോട്‌സ്‌കി വിമര്‍ശിക്കപ്പെട്ടിരിക്കുന്നത് ഫാസിസ്റ്റ് ചാരനെന്ന നിലയ്ക്കല്ല. അദ്ദേഹത്തിന്റെ തെറ്റായ 'വീക്ഷണ'ങ്ങളുടെ പേരിലാണ്. ഈ മാറ്റവും മതിയാവില്ല. ല്യൂക്കാച്ച് പറഞ്ഞതുപോലെ, ട്രോട്‌സ്‌കിയുടെ പങ്ക് മനസ്സിലാക്കിയില്ലെങ്കില്‍ ഒരാള്‍ക്ക് റഷ്യന്‍ വിപ്ലവത്തിന്റെ ചരിത്രം ഗ്രഹിക്കാനാവില്ല. അതുകൊണ്ട്, റഷ്യന്‍ വിപ്ലവത്തിന്റെ ഇളകിമറിയുന്ന ദിനങ്ങളെയും അതില്‍ 'ട്രോട്‌സ്‌കി'യുടെ പങ്കിനെയും ഒന്നാന്തരമായി പ്രതിപാദിക്കുന്ന ജോണ്‍ റീഡിന്റെ ലോകത്തെ പിടിച്ചു കുലുക്കിയ പത്തുനാളുകള്‍ ലെനിന്റെ അവതാരികയോടുകൂടി സോവിയറ്റ് യൂണിയനില്‍ത്തന്നെ ഈയിടെ പ്രസിദ്ധീകരിച്ചു കാണുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. 1923-ലെ ഇംപ്രൊക്കോറില്‍ പ്രസിദ്ധീകരിച്ച ഉദ്യോഗസ്ഥ മേധാവിത്വവത്കരണത്തെക്കുറിച്ചുള്ള പ്രബന്ധവും, മാര്‍ക്‌സിസത്തിനുവേണ്ടി, സാഹിത്യത്തെയും കലയെയും കുറിച്ച്, റഷ്യന്‍ വിപ്ലവത്തിന്റെ ചരിത്രം തുടങ്ങിയ ഇതര കൃതികളുമുള്‍പ്പെടെ ട്രോട്‌സ്‌കിയുടെ സുപ്രധാന സംഭാവനകള്‍ വിലപ്പെട്ടതാണെന്നും അദ്ദേഹത്തിന്റെ ചില ആശയങ്ങള്‍ ഇന്നും പ്രസക്തമാണെന്നും ഞാന്‍ കരുതുന്നു. ട്രോട്‌സ്‌കി പറഞ്ഞതും എഴുതിയതും മുഴുവന്‍ ഞാനംഗീകരിക്കുന്നുവെന്നൊന്നും ഇതിനര്‍ഥമില്ല. മാര്‍ക്‌സിസത്തിന്റെ വികാസത്തിന് വിമര്‍ശനാത്മകമായ ഒരു സമീപനം അനിവാര്യമാണ്.
താങ്കള്‍ നാല്പതു വര്‍ഷത്തിലേറെക്കാലം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ പങ്കാളിയായിരുന്നിട്ടുണ്ട്. താങ്കളതിന്റെ നേതൃഘടകങ്ങളിലുണ്ടായിട്ടുണ്ട്. പാര്‍ലമെന്റിലും, സഹോദര കക്ഷികളുടെ സമ്മേളനങ്ങളിലും താങ്കള്‍ അതിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. അതിന്റെ ചര്‍ച്ചകളില്‍ താങ്കള്‍ പങ്കെടുത്തിട്ടുണ്ട്. അതേറ്റവും വിജയം നേടിയ പ്രദേശങ്ങളിലൊന്നായ കേരളത്തില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ താങ്കള്‍ അഗ്രദൂതന്റെ തന്നെ പങ്കുവഹിച്ചിട്ടുണ്ടെന്നതു പറയുകയേ വേണ്ട. പാരമ്പര്യ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്- ഇതില്‍ ഞാന്‍ സി.പി.ഐ, സി.പി.എം., പിളര്‍ന്ന എം-എല്‍. ഗ്രൂപ്പുകള്‍, ഇങ്ങനെ വ്യത്യാസങ്ങളുണ്ടെങ്കിലും പൊതുവായൊരു രാഷ്ട്രീയ-പ്രത്യയശാസ്ത്രാടിസ്ഥാനത്തിലുള്ള പാര്‍ട്ടികളെയെല്ലാം പെടുത്തുന്നു-ഇന്ത്യയില്‍ ഒരു ഭാവിയുണ്ടെന്ന് താങ്കള്‍ കരുതുന്നുണ്ടോ? മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഈ ഗ്രൂപ്പുകളെയും പാര്‍ട്ടികളെയും പരിഷ്‌കരിക്കുക സാധ്യമാണോ? അതോ പുതിയ തരത്തിലുള്ള ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആവശ്യമുണ്ടോ?
ഇന്ത്യന്‍ കമ്യൂണിസത്തിന്റെ ഭൂതകാലം മുഴുവന്‍ നിഷേധിക്കേണ്ടതാണെന്ന വീക്ഷണം ഞാന്‍ നിരാകരിക്കുന്നു. വൈരൂപ്യങ്ങളും തെറ്റുകളുമെല്ലാമിരിക്കെത്തന്നെ, സോഷ്യലിസത്തിനും വിപ്ലവത്തിനും വേണ്ടി സമരം ചെയ്യുകയും സഹനമേറ്റെടുക്കുകയും ചെയ്ത നൂറുകണക്കിന്, ആയിരക്കണക്കിനുള്ള കമ്യൂണിസ്റ്റുകാര്‍ ഇന്ത്യയിലുണ്ട്. ഒട്ടനവധി കര്‍ഷക സമരങ്ങളും ട്രേഡ് യൂണിയന്‍ സമരങ്ങളും സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളും നടത്തിയ ഒന്നാന്തരം കമ്യൂണിസ്റ്റ് കലാപകാരികളിവിടെ ഉണ്ടായിട്ടുണ്ട്. നാം ചര്‍ച്ച ചെയ്ത കാരണങ്ങളാല്‍ നേതൃത്വത്തിന് അവരുടെ കഴിവുകളെയും ശക്തികളെയും വിപ്ലവകരമായി തിരിച്ചുവിടാന്‍ കഴിഞ്ഞില്ലെന്നതായിരുന്നു ദുരന്തം. അനുഭവത്തെ ആകപ്പാടെ എഴുതിത്തള്ളിക്കൂടെന്നുതന്നെ ഞാന്‍ ഊന്നിപ്പറയും. ഏതു പുതിയ കമ്യൂണിസ്റ്റ് പ്രസ്ഥാനവും വീണ്ടും സ്വന്തമാക്കേണ്ട അധ്യായങ്ങള്‍ അതിനുണ്ട്. സി.പി.ഐയുടെയും സി.പി.എമ്മിന്റെയും എം.എല്‍ ഗ്രൂപ്പുകളുടെയും അടിത്തറയില്‍ ഒരു സോഷ്യലിസ്റ്റ് വിപ്ലവമാഗ്രഹിക്കുന്ന, സമര്‍പ്പിത ചേതസ്സുകളായ, ആയിരക്കണക്കിന് പ്രവര്‍ത്തകരുണ്ട്. അവരെ കണ്ടില്ലെന്ന് നടിക്കരുത്. തന്നെയല്ല, അവരില്‍ പലര്‍ക്കും ബഹുജന സമരങ്ങളുടെ അനുഭവം സ്വന്തമായുണ്ട്. സാമ്പ്രദായികപ്പാര്‍ട്ടികളിലെ സ്റ്റാലിനിസം അനുഭവിച്ചിട്ടില്ലാത്ത ധാരാളം യുവവിപ്ലവകാരികളും മാര്‍ക്‌സിസ്റ്റുകളും കമ്യൂണിസ്റ്റുകളുമായി ഉയര്‍ന്നു വരുന്നുണ്ട്. രാജ്യത്തെ എല്ലാ കമ്യൂണിസ്റ്റ് ശക്തികളെയും മാര്‍ക്‌സിസം- ലെനിനിസത്തിന്റെ അടിസ്ഥാനത്തില്‍ യോജിപ്പിക്കുന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വികാസത്തിന് അത്യാവശ്യമാണെന്ന് ഞാന്‍ കരുതുന്നു. ഇത് എങ്ങനെയാണുണ്ടാവുകയെന്നത്- ഒരു ലയനം കൊണ്ടാണോ, പുതിയൊരു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉദയം കൊണ്ടാണോ എന്നത്- ഭാവിക്ക് വിട്ടുകൊടുക്കാം. എന്നാല്‍ പരസ്​പരം തലതല്ലിപ്പൊളിച്ചുകൊണ്ട് ഐക്യം നേടാനാവില്ല. തത്ത്വാധിഷ്ഠിതമായ ചര്‍ച്ചകളും സാഹോദര്യ പൂര്‍ണമായ വിവാദങ്ങളും പൊതുവായി യോജിപ്പുള്ള പരിപാടിയുടെ അടിസ്ഥാനത്തിലുള്ള ഏകീകൃത പ്രവര്‍ത്തനങ്ങളും വഴി മാത്രമേ അതു സംഭവിക്കൂ. വിവിധ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അണികള്‍ സ്വന്തം സൈദ്ധാന്തിക നിലവാരമുയര്‍ത്തുകയും ഈ മഹാസംവാദത്തിന് സഫലമായി സ്വയം ഇടപെടാന്‍ കഴിവുനേടുകയും ചെയ്യുമ്പോള്‍ മാത്രമേ ഇത് വിജയിക്കുകയുള്ളൂ. ഞാനൊരു ശുഭാപ്തി വിശ്വാസിയാണ്. വാര്‍ധക്യത്തിലേക്ക് കാലൂന്നിയ പഴയ തലമുറയിലെ നേതാക്കള്‍ ഈ ശ്രമത്തില്‍ പരാജയപ്പെട്ടാലും പുതിയ യുവതലമുറയിലെ വിപ്ലവകാരികള്‍ അവസരത്തിനൊത്തുയരുമെന്ന് എനിക്കുറപ്പുണ്ട്.
കെ.ദാമേദരന്‍ / താരിഖ് അലി. പരിഭാഷ: സച്ചിദാനന്ദന്‍
(ഒരു ഇന്ത്യന്‍ കമ്യൂണിസ്റ്റിന്റെ ഓര്‍മക്കുറിപ്പുകള്‍ എന്ന പുസ്തകത്തില്‍ നിന്ന്)
ന്യൂ ലെഫ്റ്റ് റിവ്യൂ നടത്തിയ അഭിമുഖങ്ങളുടെ ഒരു സമാഹാരം (ലൈവ്‌സ് ഓണ്‍ ദ ലെഫ്റ്റ്: എ ഗ്രൂപ്പ് പോര്‍ട്രയിറ്റ്) സമീപകാലത്ത് വെഴ്‌സോ ബുക്‌സ്, പ്രസിദ്ധീകരിക്കുകയുണ്ടായി. അതില്‍ ലൂക്കാച്ച്, സാര്‍ത്ര്, ചോംസ്‌കി തുടങ്ങിയവരോടൊപ്പം കെ. ദാമോദരനുമുണ്ട്. അഭിമുഖത്തില്‍ നിന്ന്....