2012, നവംബർ 25, ഞായറാഴ്‌ച

ഇതാണോ ആശയസമരം?

സി.അച്യുതമേനോന്‍ 01-09-1966ന് ജനയുഗത്തില്‍ എഴുതിയ ലേഖനമാണ് ചുവടെ കൊടുത്തിരിയ്ക്കുന്നത്. സപ്തകക്ഷി ഐക്യമുന്നണി ഉണ്ടാക്കാന്‍ വേണ്ടിയുള്ള ചര്‍ച്ചകള്‍ നടക്കുന്ന ആ സമയത്തും, സി.പി.ഐയെ "ചൊറിയുന്ന" ലേഖനങ്ങള്‍ ഇ.എം.എസ് അടക്കമുള്ള സി.പി.എം നേതാക്കന്മാര്‍ എഴുതി ദേശാഭിമാനിയിലും മറ്റും തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചു കൊണ്ടിരുന്നു. ഇ.എം.എസ് എഴുതിയ അത്തരം ഒരു ലേഖനത്തിന് സ:അച്യുതമേനോന്‍ എഴുതിയ മറുപടി ആണിത്. ഐക്യമുന്നണിയുടെ തുടക്കം മുതല്‍ തന്നെ സി.പി.എം സ്വീകരിച്ച ഐക്യവിരുദ്ധസമീപനം മനസ്സിലാക്കാന്‍ ഈ ലേഖനം സഹായിയ്ക്കും.
============================
തെരഞ്ഞെടുപ്പിന് വേണ്ടി ഉണ്ടാക്കുന്ന ഐക്യ മുന്നണിയില്‍ അംഗങ്ങളാകുന്ന ഘടകപാര്‍ട്ടികള്‍ക്ക് പരസ്പരം ആശയപരമായ സമരം നടത്തുന്നതിനുള്ള സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ നമ്മുടെ മാര്‍ക്സിസ്റ്റ്‌ കമ്മ്യുണിസ്റ്റ് പാര്‍ട്ടി സ്നേഹിതന്മാര്‍ക്ക് ബഹുനിര്‍ബന്ധമാണ്‌. ഒരു കമ്മ്യുണിസ്റ്റ്പാര്‍ട്ടി ഏതെങ്കിലും പൊതുലക്ഷ്യം നേടുന്നതിന് മറ്റു പാര്‍ട്ടികളുമായി ഐക്യ മുന്നണി കെട്ടി പ്പടുക്കുമ്പോള്‍ അതില്‍ ഐക്യവും, സമരവും ഉണ്ടാകണമെന്നത് മാര്‍ക്സിസം-ലെനിനിസത്തിന്റെ ബാലപാഠങ്ങളില്‍പെട്ട പ്രസിദ്ധമായ ഒരു തത്വമാണ്. പക്ഷെ അതെങ്ങനെ പ്രയോഗിയ്ക്കപ്പെടുന്നു എന്നുള്ളതാണ് സര്‍വ്വ പ്രധാനം. യോജിപ്പാണ് പ്രധാനമെങ്കില്‍, അഭിപ്രായവ്യത്യാസങ്ങളെ പറ്റി പരസ്യമായി വാദപ്രതിവാദം ചെയ്യാനുള്ള സ്വാതന്ത്ര്യം ത്വാതികമായി എത്ര അന്യുനമാണെങ്കിലും അതിന്റെ പ്രയോഗത്തിന് പ്രായോഗിക തലത്തില്‍ ഒട്ടേറെ പരിമിതികള്‍ ഉണ്ടാവാതിരിയ്ക്കാന്‍ വയ്യ. വാദപ്രതിവാദം നടത്തിയേ തീരു എന്നുണ്ടെങ്കില്‍ തന്നെ പരസ്പര ബഹുമാനത്തോടും, മിതമായ ഭാഷ ഉപയോഗിച്ച് കൊണ്ടും, മറ്റും വേണമെന്നുള്ളതും, സാധാരണ ബുദ്ധിയില്‍ ഇരിയ്ക്കുന്ന കാര്യങ്ങള്‍ ആണ്. എന്നാല്‍ നമ്മുടെ മാര്‍ക്സിസ്റ്റ് സ്നേഹിതന്മാര്‍ക്ക് ഇത്തരം പരിഗണനകളൊന്നും ഇല്ലെന്നു കാണുന്നത് ഖേദകരമാണ്. തെന്നാലിയില്‍ വെച്ച് അവരുടെ കേന്ദ്രകമ്മിറ്റി ഒരു പ്രമേയം പാസ്സാക്കി. ഐക്യമുന്നണി ഉണ്ടാകുന്നെങ്കിലും ആശയസമരം വിടരുതെന്ന്. ഇതനുസരിച്ച് ചെറുതും,വലുതുമായ നേതാക്കന്മാര്‍ എഴുത്തും തുടങ്ങി. ഇതാണ് ഉണ്ടായതെന്ന് തോന്നുന്നു.
ഇത്രയും എഴുതാന്‍ കാരണം സെപ്റ്റംബര്‍ 5-)0 തീയതിയിലെ 'ദേശാഭിമാനി പത്രത്തില്‍ രണ്ടാം പേജില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള സ:ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ലേഖനമാണ്. ആ ലേഖനത്തില്‍ ഉടനീളം ഇ.എം.എസ് ഞങ്ങളുടെ പാര്‍ട്ടിയെ (ഇന്ത്യന്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയെ) സംബോധന ചെയ്യുന്നത് 'റിവിഷനിസ്റ്റുകള്‍' എന്നാണ്. "ആശാനക്ഷരം ഒന്ന് പിഴച്ചാല്‍ അന്‍പത്തൊന്നു പിഴയ്ക്കും ശിഷ്യന്" എന്ന് പറഞ്ഞ കൂട്ടത്തില്‍ അത് പത്രമാഫീസില്‍ ഇരിയ്ക്കുന്നവരുടെ കൈയ്യില്‍ കിട്ടിയപ്പോള്‍ അവര്‍ ലേഖനത്തിന് കൊടുത്ത വലിയ തലക്കെട്ട്‌ "റിവിഷനിസ്റ്റ് ശ്രീമാന്മാര്‍ പരിശ്രമിയ്ക്കുമോ?" എന്നുമായി. ഈ തലക്കെട്ട്‌ കാണുന്ന ഞങ്ങളുടെ ഒരു പാര്‍ട്ടി അംഗമോ അനുഭാവിയോ പിന്നെ എന്തൊരു മനോഭാവത്തോട് കൂടിയാണ് ആ പത്രം കൈയ്യിലെടുക്കുക എന്നത് ഞാന്‍ പറയണോ?
'റിവിഷനിസ്റ്റ്' എന്ന് പറഞ്ഞാല്‍ മാര്‍ക്സിസ്റ്റ്‌ ശബ്ദ കോശത്തിലെ ഏറ്റവും ഹീനമായ ഒരു ശകാരപദമാണ്. "മാര്‍ക്സിസം-ലെനിനിസത്തെ തിരുത്തി എഴുതിയവര്‍" എന്ന് വെച്ചാല്‍ 'വഞ്ചകന്മാര്‍' എന്നാണ് അതിനര്‍ത്ഥം. അങ്ങനെയുള്ള ഒരു പദം കൊണ്ട് വിശേഷിപ്പിയ്ക്കുന്ന ഒരു പാര്‍ട്ടിയുമായി തങ്ങള്‍ ഐക്യത്തിന് തയ്യാറാണെന്ന് പറഞ്ഞാല്‍ ആ പറച്ചില്‍ എങ്ങനെ വിശ്വസിയ്ക്കുവാന്‍ കഴിയും?
ഈ ലേഖനത്തിലെ ഒരു രസകരമായ സംഗതി എന്തെന്ന് വെച്ചാല്‍, ഇന്ത്യന്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയെ "ഡാന്കെയിസ്റ്റ്" എന്ന് വിളിയ്ക്കുന്ന സമ്പ്രദായം നമ്പൂതിരിപ്പാട് തല്‍ക്കാലത്തെയ്ക്ക് നിര്‍ത്തി വെച്ചിരിയ്ക്കുന്നു എന്നുള്ളതാണ്. (പക്ഷെ, അങ്ങനെ വിളിയ്ക്കാനുള്ള തന്റെ "അവകാശം", അദ്ദേഹം താത്വികമായി വിട്ടു കളഞ്ഞിട്ടില്ല എന്നുള്ളത് ഓര്‍ക്കണം) അതിന് പകരം കണ്ടു പിടിച്ച പേരാണ് 'റിവിഷനിസ്റ്റ്'. "അമ്മയ്ക്ക് ഭ്രാന്തൊക്കെ മാറി, ഇപ്പോള്‍ ഉലക്ക കൊണ്ടാണ് കോണകമുടുക്കുന്നത്" എന്ന് പറഞ്ഞ പോലെയായി അവസ്ഥ
. മറ്റെന്തിനുമെന്ന പോലെ നമ്പൂതിരിപ്പാടിന് ഇതിനും താത്വികമായ ന്യായീകരണം ഉണ്ട്. ഒരു പാര്‍ട്ടിയെ വിളിയ്ക്കേണ്ടത് ആ പാര്‍ട്ടിക്കാര്‍ സ്വയം ഇട്ട പേര് കൊണ്ടല്ല; പിന്നെയോ വിളിയ്ക്കുന്ന ആള്‍ക്ക് ഇഷ്ടമുള്ള പേര് കൊണ്ടാണ് എന്നുള്ളതാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ലോക കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിനകത്ത്‌ ചരിത്രപരമായ ഒരു കാലഘട്ടത്തില്‍ ട്രോട്സ്കിസം എന്നും മറ്റുമുള്ള പേരുണ്ടായത് പോലെയാണ് പോലും ഡാംഗെയിസ്റ്റ് എന്ന പേര്‍.അത് കൊണ്ട് ഞങ്ങളുടെ പാര്‍ട്ടിയെ വിളിയ്ക്കാം എന്നാണ് അദ്ദേഹത്തിന്റെ ന്യായം. സ: ഡാന്ഗെ ഞങ്ങളുടെ പാര്‍ട്ടിയുടെ ഒരുന്നതനായ നേതാവ് തന്നെ.അദ്ദേഹത്തെ ഞങ്ങള്‍ക്ക് സ്നേഹവും ബഹുമാനവുമാണ്.അതെങ്ങനെ പ്രകടിപ്പിയ്ക്കണമെന്ന് ഞങ്ങള്‍ക്കറിയാം. പക്ഷെ, ഞങ്ങളുടെ പാര്‍ട്ടിയെ ഡാംഗെയിസ്റ്റ് എന്നോ, ഡാന്ഗെ ഗ്രുപ്പ് എന്നോ ഒന്നും വിളിയ്ക്കുന്നത് ഞങ്ങള്‍ക്കിഷ്ട്ടമല്ല. അത് ഞങ്ങള്‍ സ്വീകരിയ്ക്കില്ല. സ: ഡാന്ഗെയുടെ എന്നല്ല പടച്ചവന്റെ മേല്‍വിലാസത്തില്‍ പോലും ഞങ്ങളുടെ പാര്‍ട്ടിയെ വിളിയ്ക്കുന്നത് ഞങ്ങള്‍ക്കിഷ്ട്ടമല്ല. "നിങ്ങള്ക്ക് ഇഷ്ട്ടമല്ലെങ്കിലും ഞങ്ങള്‍ നിങ്ങളെ ഇങ്ങനെയേ വിളിയ്ക്കൂ" എന്നാണ് ഇ.എം.എസ് പറയുന്നത്. അതിനു പകരമായി അദ്ദേഹം പറയുന്നത് അവരുടെ പാര്‍ട്ടിയെ ഞങ്ങള്‍ക്ക് ഇഷ്ട്ടമുള്ളത് വിളിച്ചു കൊള്ളാനാണ്‌.
പോരെ പൂരം! തമ്മില്‍ തല്ലിന് ഇനി വേറെ വല്ല വഴിയും വേണമോ? ഇ.എം.എസ്സിന്റെ ഈ നിര്‍ദേശപ്രകാരം, നാളെ മുതല്‍ ഞങ്ങളെ "നായിന്റെ മക്കളെ" എന്നാണ് വിളിയ്ക്കാന്‍ അദ്ദേഹത്തിന് തോന്നുന്നതെങ്കില്‍ അത് ഞങ്ങള്‍ സഹിച്ചു കൊള്ളണം. അതിനു പകരം അങ്ങോട്ടും "നായിന്റെ മക്കളെ" എന്നോ, മറ്റെന്തെങ്കിലും പേര് കൊണ്ടോ വിളിയ്ക്കാം. ഐക്യ മുന്നണിയില്‍ നടക്കേണ്ട ആശയസമരത്തിന്റെ സാമ്പിള്‍ ആയിരിയ്ക്കാം ഇതൊക്കെ!
എത്രമാത്രം വിചിത്രവും, യുക്തിഹീനവുമാണ് ഇത്തരം നിലപാടുകളെന്നു സ്വയം ഒന്നാലോചിയ്ക്കണമെന്ന് അപേക്ഷിയ്ക്കാന്‍ വേണ്ടിയാണ് ഞാന്‍ ഇത്രയും എഴുതിയത്. ഞങ്ങളുടെ പാര്‍ട്ടിയ്ക്ക് ആക്ഷേപകരമെന്ന് ഞങ്ങള്‍ കരുതുന്ന ഒരു പേര് കൊണ്ട് ഞങ്ങളുടെ പാര്‍ട്ടിയെ വിളിയ്ക്കരുതെന്ന് മാത്രമേ ഞങ്ങള്‍ ആവശ്യപ്പെടുന്നുള്ളൂ. അത് അത്ര അതിര് കടന്നതോ, അംഗീകരിയ്ക്കാന്‍ വയ്യാത്തതോ ആയ ഒരാവശ്യമാണോ? "ഉത്തരവ് പുറപ്പെടുവിയ്ക്കലാണോ?" ഇതിനുള്ള സാമാന്യമര്യാദ പോലും കാണിയ്ക്കാന്‍ സന്നദ്ധത ഇല്ലെങ്കില്‍, അതിനെ സൌഹാര്ദ്ദ്ത്തിന്റെയോ ഐക്യത്തിനുള്ള തയ്യാറിന്റെയോ ലക്ഷണമായി എടുക്കാന്‍ പറ്റുമോ എന്ന് ചോദിച്ച് കൊള്ളട്ടെ.
"റിവിഷനിസ്റ്റുകളുടെ" യാഥാര്‍ത്ഥ്യ ബോധത്തിന് നിരക്കാത്ത സമീപനങ്ങള്‍ ഐക്യത്തിന് തടസ്സമായി തീരുമെന്ന് പറഞ്ഞു കൊണ്ടാണ് ഇ.എം.എസ് മേല്പറഞ്ഞ കാര്യങ്ങള്‍ പരാമര്‍ശിച്ചിട്ടുള്ളത്. പേരിന്റെ കാര്യത്തില്‍ ഞങ്ങള്‍ കാണിയ്ക്കുന്ന നിര്‍ബന്ധം യാഥാര്‍ത്ഥ്യ ബോധമില്ലാത്തതും, 'ബാലിശവുമായ' ഒന്നാണത്രെ!
ഐക്യത്തിന് തടസ്സമായി അദ്ദേഹം പിന്നീട് എടുത്തു കാണിയ്ക്കുന്നത് സീറ്റുകളെ സംബന്ധിച്ച് ഞങ്ങളുടെ അതിര് കടന്ന അവകാശവാദങ്ങള്‍ എന്ന് അദ്ദേഹം കരുതുന്നതിനെയാണ്. ഇതും തെറ്റാണെന്ന് മാത്രമല്ല, പൊതുജനങ്ങളില്‍ തെറ്റിധാരണയുളവാക്കാന്‍ ഉദ്ദേശിച്ചു കൊണ്ട് വന്ന ഒരു പ്രസ്താവന കൂടിയാണ് എന്ന് പറയേണ്ടി വന്നതില്‍ ഖേദമുണ്ട്.
സീറ്റുകളെ സംബന്ധിച്ച് അഖിലേന്ത്യതലത്തിലാകട്ടെ, സംസ്ഥാനതലത്തിലാകട്ടെ, ചര്‍ച്ചകള്‍ തുടങ്ങി കഴിഞ്ഞതായി ഞങ്ങള്‍ അറിഞ്ഞിട്ടില്ല. കേരളത്തില്‍ തുടങ്ങിയിട്ടില്ല എന്ന് എല്ലാവര്ക്കും അറിവുള്ളതാണല്ലോ. കേന്ദ്രത്തിലും അത്തരം സംഭാഷണങ്ങള്‍ അടുത്ത ആഴ്ച ആരംഭിയ്ക്കാന്‍ പോകുന്നതായിട്ടാണ് ഇന്നത്തെ പത്രവാര്‍ത്തകളില്‍ നിന്നും മനസ്സിലാക്കുന്നത്‌. അപ്പോള്‍ സീറ്റുകളെ സംബന്ധിച്ച് ചര്‍ച്ച തന്നെ തുടങ്ങും മുന്‍പ് സീറ്റുകളെ സംബന്ധിച്ച് ഞങ്ങള്‍ അതിര് കടന്ന അവകാശവാദങ്ങള്‍ ഉന്നയിയ്ക്കും എന്ന മുന്‍വിധിയോടെ പരസ്യ പ്രസ്താവനകള്‍ ചെയ്യേണ്ട കാര്യമെന്ത്?
തന്റെ ഈ ആരോപണത്തിന് ഉപോല്‍ബലകമായി ഇ.എം.എസ്സിന് എടുത്തു കാണിയ്ക്കാനുള്ള ഒരേയൊരു വസ്തുത ഞങ്ങള്‍ 100 പാര്‍ലമെന്റ്റ് സീറ്റുകളിലും അറുനൂറോളം അസ്സെംബ്ളി സീറ്റുകളിലും മത്സരിയ്ക്കാന്‍ ഉദ്ദേശിയ്ക്കുന്നു എന്നുള്ള സ: രാജേശ്വരറാവുവിന്റെ ഒരു പ്രസ്താവന മാത്രമാണ്.
ഒന്നാമതായി മനസ്സിലാക്കാനുള്ളത് ആ പ്രസ്താവന സാമാന്യരൂപത്തിലുള്ള ഒരു പ്രസ്താവന മാത്രമാനെന്നുള്ളതാണ്. എന്ന് വെച്ചാല്‍ ഇന്നിന്ന സീറ്റുകളില്‍ മത്സരിയ്ക്കുമെന്ന് പറഞ്ഞിട്ടില്ല. എണ്ണത്തില്‍ തന്നെ മേല്പറഞ്ഞ സംഖ്യയില്‍ ഒരൊറ്റ എണ്ണം കുറഞ്ഞാല്‍ ഞങ്ങള്‍ ഐക്യമുന്നണിയില്‍ ഇല്ല എന്നര്‍ത്ഥത്തില്‍ പറഞ്ഞിട്ടില്ല എന്നര്‍ത്ഥം. മറ്റു പാര്‍ട്ടികളുമായി യോജിച്ചു കൊണ്ട് തന്നെ ഞങ്ങളുടെ ഓഹരിയായി ഞങ്ങളുടെ പാര്‍ട്ടിയ്ക്ക് പാര്‍ലമെന്റില്‍ നൂറു സീറ്റിലേയ്ക്കും അസംബ്ലികളില്‍ 600 സീറ്റിനും മത്സരിയ്ക്കാന്‍ സാധിയ്ക്കും എന്നുള്ള ഞങ്ങളുടെ പ്രതീക്ഷ മാത്രമാണാ പ്രസ്താവനയില്‍ ഉള്ളത്. ഇത് അതിശയോക്തിപരമാണെന്ന് വേണമെങ്കില്‍ പറഞ്ഞു കൊള്ളുക. പക്ഷെ, ഇങ്ങനെയൊരു സാമാന്യ പ്രസ്താവന ചെയ്തു പോയാല്‍ അത് ഐക്യത്തിന് വിരുദ്ധമാണെന്ന് വാദിച്ചു സ്ഥാപിയ്ക്കാന്‍ ഇത്ര പാടു പെടുന്നതെന്തിനാണ്?
ഈ അവസരത്തില്‍ ഒന്നുകൂടി ചൂണ്ടികാണിച്ചു കൊള്ളട്ടെ. ഞങ്ങളുടെ പാര്‍ട്ടി മാത്രമല്ല, മറ്റ് പല പാര്‍ട്ടികളും ഇത്തരത്തില്‍ പ്രസ്താവനകള്‍ ചെയ്തിട്ടുണ്ട്. കൊണ്ഗ്രെസ്സിനെതിരായ മുന്നണിയില്‍ നില്‍ക്കുമെന്ന് തീരുമാനിച്ചിട്ടുള്ള എസ്.എസ്.പി പോലും പ്രസ്താവന ചെയ്തിട്ടുണ്ട്. അതിലൊന്നും ഐക്യവിരോധം കാണാത്ത നമ്പൂതിരിപ്പാടിന് ഞങ്ങളുടെ പ്രസ്താവനകളില്‍ മാത്രം ഐക്യ വിരോധം കാണാന്‍കഴിയുന്നതെന്തു കൊണ്ടാണ്? അതോ ഈ ആശയസമരം ഇന്ത്യന്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയോട് മാത്രമേയുള്ളോ?എസ്.എസ്.പിയുമായും കര്‍ഷകത്തൊഴിലാളി പാര്‍ട്ടിയുമായിട്ടും മറ്റും "മുസ്ലിം ലീഗുമായിട്ടു പോലും" ആശയപരമായി മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയ്ക്ക് അഭിപ്രായവ്യത്യാസങ്ങള്‍ ഒന്നുമില്ലെന്നുണ്ടോ? ഉണ്ടെങ്കില്‍ അതൊന്നും പ്രസ്താവിയ്ക്കാത്തതെന്തുകൊണ്ട്?
മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയും, ഇടതുപക്ഷ ഐക്യ മുന്നണിയില്‍ വരാനിടയുള്ള മറ്റു പാര്‍ട്ടികളുമായി ഉടനെ വാദപ്രതിവാദങ്ങള്‍ തുടങ്ങണമെന്ന് ഞങ്ങള്‍ ആഗ്രഹിയ്ക്കുന്നതായി മേലെഴുതിയതില്‍ നിന്ന് ആരും തെറ്റിദ്ധരിയ്ക്കരുത് എന്ന് അപേക്ഷ. ഞങ്ങള്‍ക്ക് പ്രസ്തുത പാര്‍ട്ടികളുമായി പല അഭിപ്രായവ്യത്യാസങ്ങളുമുണ്ട്. അത് ഞങ്ങള്‍ സന്ദര്‍ഭോചിതമായി പറയും. പക്ഷെ, പറയുന്നത് മിതവും, മര്യാദയുള്ളതുമായ ഭാഷയിലും, ഐക്യത്തിന് വിരുദ്ധമാകാത്ത സ്വരത്തിലും വേണം ഈ സന്ദര്‍ഭത്തില്‍ എന്ന് ഞങ്ങള്‍ക്ക് അഭിപ്രായമുണ്ട്.
സ: നമ്പൂതിരിപ്പാട് പരാമര്‍ശിയ്ക്കുന്ന ആശയസമരം അതില്‍ നിന്ന് ഭിന്നമാണ്‌. അത് ഐക്യത്തെ സഹായിയ്ക്കുമെന്ന് ഞങ്ങള്‍ക്ക് തോന്നുന്നില്ല. അത് കൊണ്ടിത്രയും പറഞ്ഞുവെന്നു മാത്രം.

2012, നവംബർ 14, ബുധനാഴ്‌ച

മാരീചന്റെ 'കോഴിത്തലയില്‍ അഥര്‍വം' അഥവാ സപ്തകക്ഷിമുന്നണി കെട്ടുകഥ!

ചരിത്രത്തെ സ്വന്തം ഭാവനയ്ക്കനുസരിച്ച് വ്യഭിചാരം ചെയ്യാനുള്ള തന്റെ അസാധാരണമായ കഴിവ് മാരീചന്‍ ഏറ്റവും നന്നായി പ്രകടിപ്പിയ്ക്കുന്നത് 1967-69 ലെ സപ്തകക്ഷി മന്ത്രിസഭയുടെ തകര്‍ച്ചയെ പറ്റിയുള്ള കെട്ടുകഥകള്‍ വിവരിയ്ക്കുന്ന താഴെപറയുന്ന ലേഖനത്തിലാണ്.
കോഴിത്തലയിലെ അഥര്‍വം - ഒരു ഫ്ളാഷ് ബാക്ക്!
സപ്തകക്ഷി മന്ത്രിസഭയെ തള്ളിയിട്ടത്‌ സി.പി.ഐ ആണ് എന്നും, അതെ തന്ത്രമാണ് സഖാവ്.ചന്ദ്രപ്പന്‍ ഇപ്പോള്‍ സി.പി.എമ്മിനെതിരെ പ്രയോഗിയ്ക്കുന്നതെന്നും മട്ടിലുള്ള സ്വന്തം "കണ്ടുപിടിത്തങ്ങളിലൂടെ" മാരീചന്‍ തീര്‍ക്കുന്ന ചരിത്രപരമായ നുണകളുടെ കൂമ്പാരത്തിന്റെ ദുര്‍ഗന്ധത്തിനു മുന്‍പില്‍, വിളപ്പിന്‍ശാലയില്‍ പത്ത്മാസമായി കെട്ടികിടക്കുന്ന ചപ്പുചവറുകളുടെ ദുര്‍ഗന്ധം തോറ്റു തുന്നം പാടും എന്നതില്‍ ചരിത്രം അറിയുന്നവര്‍ക്ക് സംശയം ഇല്ല.
പാര്‍ട്ടിയ്ക്ക് തലച്ചോറ് പണയം വച്ച രാഷ്ട്രീയപാണന്മാര്‍ പാടി നടക്കുന്ന കുറെ കഥകള്‍ക്ക് അപ്പുറം സപ്തകക്ഷി മുന്നണി എങ്ങനെ ഉണ്ടായെന്നോ, എന്ത് കൊണ്ട് അത് തകര്‍ന്നു എന്നോ ഒന്നും മാരീചന് ഒന്നുമറിയില്ലെന്ന് ആ ലേഖനങ്ങള്‍ തെളിയിയ്ക്കുന്നു.
അതിനാല്‍ ആ ചരിത്രം ദിഗംബരന്‍ പറഞ്ഞു തരാം.
സപ്തകക്ഷി മുന്നണി എന്ത് കൊണ്ടുണ്ടായി?
1965 ല്‍ പരസ്പരം പോരടിച്ച കക്ഷികള്‍... അടിസ്ഥാന ആശയപരമായി വിരുദ്ധചേരിയില്‍ നില്‍ക്കുന്നവര്‍.... എന്നിട്ടും അവര്‍ സപ്തകക്ഷിമുന്നണിയായി ഒന്നിച്ചത് കൊണ്ഗ്രെസ്സ് വിരോധത്തിന്റെ പേരില്‍ മാത്രമായിരുന്നില്ല. ..... കേരളത്തിലും ഇന്ത്യയിലും നിലനിന്ന രാഷ്ട്രീയസാഹചര്യങ്ങളും, സ്വന്തം പാര്ട്ടികള്‍ക്കുള്ളില്‍ രൂപപ്പെട്ട സമ്മര്‍ദങ്ങള്‍ക്കും ഒടുവില്‍ കൂടിയായിരുന്നു.
പിളര്‍പ്പിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കേരളത്തിലെ വലിയ പാര്‍ട്ടി എന്ന സ്ഥാനം കിട്ടിയെങ്കിലും സര്‍ക്കാര്‍ രൂപീകരിയ്ക്കാന്‍ കഴിയാതെ പോയത് സി.പി.എമ്മിന് ഒരു വലിയ തിരിച്ചടി ആയിരുന്നു. ഇലക്ഷനില്‍ രഹസ്യസഖ്യം ഉണ്ടാക്കി എങ്കിലും, പരസ്യമായി സി.പി.എമ്മുമായി കൂട്ട്കൂടുന്നത് തങ്ങളുടെ അടിസ്ഥാന വര്‍ഗ്ഗീയ വോട്ടുബാങ്കിനെ ബാധിയ്ക്കും എന്ന ഭയത്താല്‍, സര്‍ക്കാര്‍ രൂപീകരിയ്ക്കാന്‍ മുസ്ലിംലീഗോ, കേരളകൊണ്ഗ്രെസ്സോ സി.പി.എമ്മിന് പിന്തുണ നല്‍കിയില്ല. 'ഒന്നുകില്‍ തങ്ങള്‍ ഒറ്റയ്ക്ക് ഭരിയ്ക്കും, അല്ലെങ്കില്‍ ആരും ഭരിയ്ക്കില്ല" എന്ന ഒരു പിടിവാശി കൊണ്ഗ്രെസ്സ് പാര്‍ട്ടി എടുത്തത്‌ കൊണ്ട് മറ്റൊരു മന്ത്രിസഭയ്ക്കും സാധ്യത ഇല്ലാതായി. ഒടുവില്‍ അസ്സംബ്ലി പിരിച്ചു വിട്ട് സംസ്ഥാനത്ത് രാഷ്‌ട്രപതിഭരണം വരികയും, 1967ല്‍ അടുത്ത തെരഞ്ഞെടുപ്പിന് കളം ഒരുങ്ങുകയും ചെയ്തു.
ഇതിനിടയില്‍ സി.പി.എമ്മിനുള്ളില്‍ കൂടുതല്‍ ആഭ്യന്തര പ്രശ്നങ്ങള്‍ ഉയര്‍ന്നു. ചൈനീസ്‌ വിപ്ലവരീതിയെ അനുകൂലിച്ചാണ് സി.പി.എമ്മിന്റെ ജന്മം എങ്കിലും, ‘ജനകീയ ജനാധിപത്യം’ എന്ന ആശയം വാചകത്തിലൂടെ ഉയര്ത്തിയതല്ലാതെ, ഒരു സായുധവിപ്ലവത്തിനോ ജനകീയമുന്നേറ്റം നടത്താനോ ശ്രമിയ്ക്കാതെ, പാര്‍ട്ടിനേതൃത്വം ബൂര്‍ഷ്വാ തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിന്റെ പുറകെ നടക്കുകയാണെന്ന് പാര്‍ട്ടിയ്ക്കുള്ളിലെ അതിതീവ്രവിപ്ലവകാരികള്‍ വിമര്‍ശനം ഉയര്‍ത്തി.
കേരളത്തിലെ വര്‍ഗീയപാര്‍ട്ടികളുമായി ചേര്‍ന്ന് നേടിയ തെരഞ്ഞെടുപ്പു വിജയവും, എന്നിട്ടും സര്‍ക്കാര്‍ രൂപീകരിയ്ക്കാന്‍ കഴിയാതെ പോയതുമൊക്കെ, അതിതീവ്രവിപ്ലവകാരികള്‍ പാര്‍ട്ടി നേതൃത്വത്തിനെതിരായി ഉപയോഗിച്ചു.
ബംഗാളിലും, ആന്ദ്രയിലുമടക്കം ശക്തി പ്രാപിച്ച അതിതീവ്രവിപ്ലവകാരികള്‍ പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ ഒരു പ്രത്യേക വിഭാഗമായി വളര്‍ന്നു. ഈ ഗ്രുപ്പുകള്‍ പിന്നീട് ആള് ഇന്ത്യ കോ-ഓര്ഡി‍നേഷന്‍ കമ്മിറ്റി ഓഫ് കമ്മ്യൂണിസ്റ്റ്‌ റെവലുഷനരീസ് (AICCCR) എന്ന പേരില്‍ ദേശീയാടിസ്ഥാനത്തില്‍ ഒന്നിച്ചു. ചൈനീസ്‌ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ രഹസ്യപിന്തുണ ഈ അതിതീവ്രവിപ്ലവകാരികള്‍ക്ക് ഉണ്ടായിരുന്നു.
പാര്‍ട്ടിയ്ക്കുള്ളില്‍ ഒരു പിളര്പ്പിനുള്ള സാദ്ധ്യതകള്‍ ഉണ്ടെന്നും, അതിനു ചൈനീസ്‌ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണ ഉണ്ടെന്നും മനസ്സിലാക്കിയ സി.പി.എം നേതൃത്വം വളരെ തന്ത്രപരമായി രണ്ടു തീരുമാനങ്ങള്‍ എടുത്തു.
ഒന്നാമതായി, സി.പി.എം കേന്ദ്ര കമ്മിറ്റി ‍ ഒരു പ്രസ്താവന ഇറക്കി. ഏതെങ്കിലും സംസ്ഥാനത്തില്‍ തെരഞ്ഞെടുപ്പു വഴി അധികാരത്തില്‍ വന്നാലും, സി.പി.എം സമരത്തിന്റെ പാത ഉപേക്ഷിയ്ക്കില്ല എന്നും, ഭരണവും,പ്രക്ഷോഭവും ഒന്നിച്ചു കൊണ്ടുപോകും എന്നും ആയിരുന്നു ആ പ്രസ്താവനയുടെ സന്ദേശം. പാര്‍ട്ടിയിലെ അതിതീവ്രവാദികളെ തല്കാലത്തെയ്ക്ക് പറഞ്ഞു സമാധാനപ്പെടുത്താനായിരുന്നു അത്. (സി.പി.എമ്മിന്റെ ഈ നയം പിന്നീട് സപ്തകക്ഷിമുന്നണി മന്ത്രിസഭയെ ദുര്‍ബലപ്പെടുത്തുന്നതില്‍ വലിയൊരു പങ്കു വഹിച്ചു. അതിനെപറ്റി പിന്നീട് വിശദീകരിയ്ക്കാം)
രണ്ടാമതായി, പിളര്പ്പോട് കൂടി ഇല്ലാതായ സോവിയെറ്റ് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുമായുള്ള ബന്ധം പുന:സ്ഥാപിയ്ക്കാനും സി.പി.എം ശ്രമം തുടങ്ങി. അതിന്റെ ഭാഗമായി സി.പി.എം ദേശീയസെക്രെടറി പി. സുന്ദരയ്യ ജയില്‍ വിമോചിതനായ ശേഷം, ചികിത്സയ്ക്കെന്ന പേരില്‍ 1965 സെപ്റ്റംബര്‍ മുതല്‍ 1966 ഫെബ്രുവരി വരെ മോസ്കോയില്‍ പോയി താമസിച്ച്, സോവിയെറ്റ് കമ്മ്യുണിസ്റ്റ് പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തി. ഇന്ത്യന്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ ഉണ്ടായ പിളര്‍പ്പിനെ ഒരിയ്ക്കലും അനുകൂലിയ്ക്കാത്ത സോവിയെറ്റ് പാര്‍ട്ടി, സി.പി.ഐയുമായി യോജിച്ച് ഇടതുമുന്നണിയായി പ്രവര്‍ത്തിയ്ക്കാന്‍ സി.പി.എമ്മിനോട് നിര്‍ദേശിച്ചു. വീണ്ടും ഒരിയ്ക്കല്‍ കൂടി സി.പി.ഐ യ്ക്കും സി.പി.എമ്മിനും ഇടയില്‍ സോവിയെറ്റ് കമ്മ്യുണിസ്റ്റ് പാര്‍ട്ടി മദ്ധ്യസ്ഥന്റെ വേഷം എടുത്തണിഞ്ഞു. കേരളത്തില്‍ ഉള്‍പ്പെടെ നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റി വച്ച് യോജിച്ച് പ്രവര്‍ത്തിയ്ക്കാന്‍ സി.പി.ഐയ്ക്കും സി.പി.എമ്മിനും നിര്‍ദേശം നല്‍കി. 1965ല്‍ പരസ്പരം മത്സരിച്ച സി.പി.ഐയും സി.പി.എമ്മും തമ്മില്‍ 1967ല്‍ യോജിച്ച് മത്സരിയ്ക്കാന്‍ ഇടയാക്കിയതിനു പ്രധാനകാരണം സോവിയെറ്റ് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ ഈ ഇടപെടലാണ്.
അക്കാലത്ത്, അതിര്‍ത്തിയിലെ ആസന്നമായ യുദ്ധം കാരണം, രാജ്യത്ത് വര്‍ധിച്ചു വരുന്ന ഭക്ഷ്യക്ഷാമം, നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനവ്‌ എന്നിവ നിയന്ത്രിയ്ക്കാന്‍ പരാജയപ്പെട്ട കേന്ദ്രം ഭരിയ്ക്കുന്ന കൊണ്ഗ്രെസ്സ് സര്‍ക്കാരിനെതിരെ സി.പി.ഐയും, സി.പി.എമ്മും ആദ്യം തനിയേയും, പിന്നീട് യോജിച്ചും പ്രക്ഷോഭങ്ങള്‍ നടത്തി. ഇതും സി.പി.ഐയെയും, സി.പി.എമ്മിനെയും കൂടുതല്‍ അടുപ്പിയ്ക്കാന്‍ ഇടയാക്കി.
1965ല്‍ മന്ത്രിസഭ ഉണ്ടാകാതെ പോയതില്‍ പ്രധാനകാരണക്കാരായ കൊണ്ഗ്രെസ്സിനെതിരെ ഉള്ള വികാരവും, ഒപ്പം ജനജീവിതം ദുസഹമാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടികളും കൂടിയായപ്പോള്‍ കൊണ്ഗ്രെസ്സ് പാര്‍ട്ടിയ്ക്കെതിരെ ഒരു പൊതുവികാരം മുസ്ലിംലീഗ് അടക്കമുള്ള മറ്റു പാര്‍ട്ടികള്‍ക്കും ഉണ്ടായിരുന്നു. കൊണ്ഗ്രെസ്സ് പാര്‍ട്ടിയെ തോല്പ്പിയ്ക്കാന്‍ ഒരു പൊതുമുന്നണി എന്ന ആശയത്തിന് സ്വീകാര്യത ലഭിയ്ക്കാന്‍ ഇത് ഇടയാക്കി. എങ്കിലും പരസ്പരവിരുദ്ധമായ ആശയങ്ങളും, നയങ്ങളുമുള്ള ഏഴു പാര്‍ട്ടികളെ കൊണ്ഗ്രെസ്സ് വിരോധം എന്ന ഒറ്റവികാരത്തിന്റെ പുറത്ത് യോജിപ്പിച്ച് ഒരു മുന്നണി രൂപീകരിയ്ക്കുന്നതും, ആ മുന്നണി തകരാതെ നിലനിര്‍ത്തുന്നതും ഏറെ ശ്രമകരമായ ഒരു കാര്യമായിരുന്നു. 1966 ഏപ്രിലില്‍ ചേര്‍ന്ന സി.പി.ഐ സംസ്ഥാനകമ്മിറ്റി മുസ്ലിംലീഗ് മുന്നണിയില്‍ വേണ്ട എന്ന മുന്‍നിലപാടില്‍ ഉറച്ചു നിന്നതും, മുസ്ലിംലീഗ് ഇല്ലാതെ മുന്നണി വേണ്ട എന്ന സി.പി.എം സംസ്ഥാനകമ്മിറ്റിയുടെ നിലപാടും, ആദ്യം തന്നെ മുന്നണി രൂപികരണം വിഷമത്തില്‍ ആക്കി. അത് പോലെ തന്നെ സീറ്റുകളുടെയും, മണ്ഡലങ്ങളുടെയും വിഷയത്തിലും മുന്നണിയിലെ കക്ഷികള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ തുടക്കം മുതലേ ഉണ്ടായി.
എന്തായാലും സി.പി.ഐയെ അനുനയിപ്പിയ്ക്കാനായി സി.പി.എമ്മിന്റെ പ്രേരണ പ്രകാരം, മുസ്ലിംലീഗ് അഖിലേന്ത്യ വര്‍ക്കിംഗ്‌ കമ്മിറ്റി യോഗം ചേര്‍ന്ന് ഒരു പ്രമേയം പാസ്സാക്കി. കൊണ്ഗ്രെസ്സ് പാര്‍ട്ടിയെ തോല്പ്പിയ്ക്കാന്‍, താത്വികമായ ഭിന്നിപ്പ് മാറ്റി വച്ച്, കമ്മ്യുനിസ്റ്റു പാര്‍ട്ടികളോട് ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടാന്‍ മുസ്ലിംലീഗ് തയ്യാറാണ് എന്നായിരുന്നു ആ പ്രമേയത്തിന്റെ ആശയം.
പല തര്‍ക്കങ്ങളിലും മധ്യസ്ഥം വഹിച്ച്,സപ്തകക്ഷിമുന്നണിയുടെ രൂപീകരണത്തില്‍ വലിയൊരു പങ്കു വഹിച്ചത് ആര്‍.എസ്.പി നേതാവായ എന്.ശ്രീകണ്‍Oന് ‍നായരായിരുന്നു. മുന്നണിയിലെ പാര്‍ട്ടികള്‍ തമ്മില്‍ അടിസ്ഥാന വിശ്വാസങ്ങളില്‍ ആശയപരമായ എന്തെല്ലാം ഭിന്നതകള്‍ ഉണ്ടെങ്കിലും, അതെല്ലാം മാറ്റി വെച്ച്, ഉഭയകക്ഷിചര്‍ച്ചയിലൂടെ ഒരു പൊതുമിനിമം പരിപാടി രൂപപ്പെടുത്തി, ആ പൊതുപരിപാടിയുടെ അടിസ്ഥാനത്തില്‍ മുന്നണി പ്രവര്ത്തിയ്ക്കണം എന്നും ഉള്ള ധാരണയുടെ അടിസ്ഥാനത്തില്‍, സി.പി.ഐ, സി.പി.എം, ആര്‍.എസ്.പി, മുസ്ലിംലീഗ്, എസ്.എസ്.പി, കെ.ടി.പി, കെ.എസ്.പി എന്നീ ഏഴു കക്ഷികള്‍ ചേര്‍ന്ന സപ്തകക്ഷി മുന്നണി നിലവില്‍ വന്നു.
കൊണ്ഗ്രെസ്സ്പാര്‍ട്ടിയെ തോല്‍പ്പിച്ച് പുതിയ സര്‍ക്കാര്‍ ഉണ്ടാക്കി ജനങ്ങള്‍ക്കായി നല്ലൊരു ഭരണം കാഴ്ച വയ്ക്കണം എന്നതായിരുന്നു മുന്നണിയുടെ പ്രധാന അജണ്ട. 17 ജൂലൈ 1966നു മുന്നണി തെരഞ്ഞെടുപ്പു പ്രകടനപത്രിക പുറത്തിറക്കി. തെരഞ്ഞെടുപ്പില്‍ നാലു പ്രധാന വാഗ്ദാനങ്ങള്‍ ആണ് മുന്നണി ജനങ്ങള്‍ക്ക്‌ മുന്നില്‍ വച്ചത്. ജനങ്ങളെ വലയ്ക്കുന്ന ഭക്ഷ്യക്ഷാമം ഇല്ലാതാക്കും, അഴിമതിനിരോധന നിയമം കൊണ്ടുവന്ന് അഴിമതി തുടച്ചു നീക്കും, ക്രമസമാധാനനില മെച്ചപ്പെടുത്തും, ഭൂപരിഷ്കരണ നിയമം പാസ്സാക്കി നടപ്പിലാക്കും എന്നിവയായിരുന്നു അവ.
സപ്തകക്ഷിമുന്നണിയില് സീറ്റ് വിഭജനം നടന്നത് ഈ വിധമായിരുന്നു. CPM – 61, CPI – 24, SSP – 23, ML – 15, RSP – 6, KTP – 3, KSP – 1.
കൊണ്ഗ്രെസ്സ് പാര്‍ട്ടി ഒറ്റയ്ക്കും, കേരളകൊണ്ഗ്രെസ്സ് -പിഎസ്പി -സ്വതന്ത്ര പാര്‍ട്ടി-ഡിഎംകെ മുന്നണിയും മത്സരരംഗത്ത്‌ വാശിയേറിയ പോരാട്ടം നടത്തി.
തെരഞ്ഞെടുപ്പു ഫലം വളരെ ആവേശകരമായിരുന്നു. ജനങ്ങള്‍ പുതിയ മുന്നണിയെ 133 ല്‍ 113 സീറ്റ് നല്‍കി അധികാരത്തിലേറ്റി. (CPM – 52, CPI – 19, SSP – 19, ML – 14, RSP – 6, KTP – 2, KSP – 1)
മുഴുവന്‍ സീറ്റിലും മത്സരിച്ച കൊണ്ഗ്രെസ്സിനു വെറും 9 സീറ്റ് മാത്രമേ കിട്ടിയുള്ളൂ. 61 സീറ്റില്‍ മത്സരിച്ച കേരളകൊണ്ഗ്രെസ്സിനു 5 സീറ്റ് മാത്രം കിട്ടി. വിജയിച്ച ആറ് സ്വതന്ത്രന്മാരില്‍ നാല് പേര്‍ പിന്നീട്‌ മുന്നണിയില്‍ ചേര്‍ന്നു
സപ്തകക്ഷി മുന്നണി മന്ത്രിസഭയെ തകര്‍ത്തതാര്?
കേരളത്തിന്റെ ചരിത്രത്തില്‍ ഇത്രയും ഭൂരിപക്ഷം കിട്ടിയ ഒരു മുന്നണി ഇല്ലായിരുന്നു.വിമോചന സമരമോ, കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലുകളോ ഉണ്ടായില്ല. പ്രതിപക്ഷമാണെങ്കില്‍ വളരെ ദുര്‍ബലവും!. എന്നിട്ടും ആ മുന്നണിയുടെ സര്‍ക്കാര്‍ വെറും 32 മാസം മാത്രമേ നിലനിന്നുള്ളൂ.
അതിന്റെ പാപക്കറ മുഴുവന്‍ സി.പി.ഐയുടെ തലയില്‍ കെട്ടി വയ്ക്കാന്‍ ശ്രമിയ്ക്കുന്നതു വഴി മാരീചനെ പോലുള്ള വക്രബുദ്ധികള്‍, ആ മന്ത്രിസഭയുടെ പതനത്തിന് ശരിയ്ക്കും കാരണക്കാരായ സ്വന്തം പാര്‍ട്ടിയായ സി.പി.എമ്മിന്റെ കഴിവുകേടിനെയും, രാഷ്ട്രീയ ഉപജാപങ്ങളെയും മറച്ചു വെച്ച് വെള്ള പൂശാനാണ്‌ ശ്രമിയ്ക്കുന്നത് എന്ന് ചരിത്രം വായിച്ചാല്‍ വ്യക്തമാകും.
ആശയവ്യത്യാസമുള്ള കക്ഷികളെ മുന്നണിയുടെ പൊതുപരിപാടിയുടെ അടിസ്ഥാനത്തില്‍ സൌഹൃദപരമായി യോജിപ്പിച്ചു കൊണ്ട് പോകേണ്ടതിന്റെയും, മുന്നണിയുടെ ഒത്തൊരുമ വഴി സര്‍ക്കാരിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തി ജനങ്ങള്‍ക്ക്‌ തെരഞ്ഞെടുപ്പു കാലത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കേണ്ടതിന്റെയും ഏറ്റവും വലിയ ഉത്തരവാദിത്വം നടപ്പിലാക്കപ്പെടുന്നതില്‍, മുന്നണിയെ നയിയ്ക്കുന്ന വലിയകക്ഷിയുടെ രാഷ്ട്രീയപക്വതയ്ക്കും, സമീപനത്തിനും വലിയൊരു പങ്കുണ്ട്. എന്നാല്‍ ആ ഉത്തരവാദിത്വം ഏറ്റെടുത്തു നടപ്പാക്കുന്നതില്‍ അന്നത്തെ സി.പി.എം നേതൃത്വം അമ്പേ പരാജയമായിരുന്നു എന്നു മാത്രമല്ല, അവരുടെ രാഷ്ട്രീയനിലപാടുകളും, ഭരണപരാജയവുമാണ് സപ്തകക്ഷി മന്ത്രിസഭയുടെ പതനത്തിനു മുഖ്യപങ്കു വഹിച്ചതെന്ന് നിഷ്പക്ഷമായി ചരിത്രത്തെ വായിയ്ക്കുന്ന ആര്‍ക്കും മനസിലാക്കാം.
സപ്തകക്ഷി മന്ത്രി സഭയുടെ തകര്‍ച്ചയ്ക്ക് കാരണമായ വിഷയങ്ങളെ പൊതുവായി താഴെ പറയുന്നവിധം അഞ്ചായി വിശകലനം ചെയ്യാന്‍ കഴിയും.
1) ഭരണപരമായ തര്‍ക്കങ്ങള്‍
2) സിപിഎമ്മിലും, എസ്.എസ്.പി യിലും ഉണ്ടായ പിളര്‍പ്പുകള്‍
3) ക്രമസമാധാനപാലനത്തില്‍ ഉണ്ടായ വീഴ്ച യും, സമരങ്ങളും
4) മുന്നണിഏകോപനവും പരസ്പരവിശ്വാസവും നേരിട്ട തകര്‍ച്ച
5) അഴിമതി ആരോപണങ്ങള്‍
ഇനി ഈ ഓരോ കാരണങ്ങളെ ആയി നമുക്ക് പരിശോധിയ്ക്കാം.
ഭരണപരമായ തര്‍ക്കങ്ങള്‍
സപ്തകക്ഷി മന്ത്രിസഭയില്‍ വകുപ്പ് വിഭജനം ഇപ്രകാരം ആയിരുന്നു. മുഖ്യമന്ത്രി ഇ.എം.എസ്തന്നെ ആഭ്യന്തരവകുപ്പും കൈകാര്യം ചെയ്തു. കെ.ആര്‍.ഗൌരിഅമ്മ (ഭക്ഷ്യം, റെവെന്യു, സാമൂഹ്യക്ഷേമം, നിയമം), ഇ.കെ. ഇമ്പിച്ചിബാവ (ഗതാഗതം, ജയില്‍), എം.കെ. കൃഷ്ണന്‍ (വനം, ഹരിജനക്ഷേമം), എന്നിവരായിരുന്നു മറ്റു സി.പി.എം മന്ത്രിമാര്‍. ടി.വി.തോമസ്‌ (വ്യവസായം), എം.എന്‍.ഗോവിന്ദന്‍ നായര്‍ (കൃഷി, വിദ്യുത്ഛക്തി) എന്നിവര്‍ സി.പി.ഐയില്‍ നിന്നും, പി.കെ.കുഞ്ചു(ധനകാര്യം), പി.ആര്‍ .കുറുപ്പ് (സഹകരണം,ജലസേചനം) എന്നിവര്‍ എസ്.എസ്.പിയില്‍ നിന്നും മന്ത്രിമാരായി. മുസ്ലിം ലീഗില്‍ നിന്നും അഹമ്മദ്‌ കുരിക്കള്‍ (പഞ്ചായത്ത്, നഗരവികസനം), ആര്‍.എസ്.പിയില്‍ നിന്നും ടി.കെ.ദിവാകരന്‍ (പൊതുമരാമത്ത്), കെ.എസ്.പിയില്‍ നിന്നും മത്തായിമാഞ്ഞൂരാന്‍ (തൊഴില്)‍, കെ.ടി.പിയില്‍ നിന്നും ബി.വെല്ലിംഗ്ടന്‍ (ആരോഗ്യം) എന്നിവരായിരുന്നു മറ്റു മന്ത്രിമാര്‍. (ഒരു വര്‍ഷത്തിനു ശേഷം അഹമ്മദ്‌കുരിക്കള്‍ മരിച്ചപ്പോള്‍, അവുഖാദേര്‍കുട്ടിനാഹ പകരം മന്ത്രിയായി.)
മന്ത്രിസഭയുടെ ആദ്യകാലം മുതല്‍ തന്നെ സി.പി.എം മറ്റുള്ള കക്ഷികളുടെ വകുപ്പില്‍ അനാവശ്യമായി കൈകടത്താന്‍ തുടങ്ങി എന്ന് മാത്രമല്ല, അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിയ്ക്കുന്ന സമീപനം ആണ് സ്വീകരിച്ചത്. ഇത് മറ്റു കക്ഷികളുടെ വിമര്‍ശനം ക്ഷണിച്ചു വരുത്തി.
മുന്നണിയിലെ ആദ്യത്തെ തര്‍ക്കം, ഭക്ഷ്യക്ഷാമം പരിഹരിയ്ക്കാന്‍ വേണ്ടി ഭക്ഷ്യവകുപ്പ് എടുത്ത നടപടികളുടെ പരാജയത്തിന്റെ പുറത്തായിരുന്നു. സംസ്ഥാനത്തില്‍ ഭക്ഷ്യക്ഷാമം വളരെ രൂക്ഷമായിട്ടും, അടിയന്തരനടപടികള്‍ എടുത്ത് പ്രശ്നം പരിഹരിയ്ക്കാന്‍ ഭക്ഷ്യവകുപ്പിനു കഴിഞ്ഞില്ല.
കേന്ദ്രസര്‍ക്കാരില്‍ നിന്ന് കൂടുതല്‍ അരിവിഹിതം നേടിയെടുക്കാന്‍ കഴിയാതെ പോയതോടെ റേഷന്‍ വിതരണം താറുമാറാവുകയും പൊതുവിപണിയില്‍ അരിവില കുതിച്ചുയരുകയും ചെയ്തു. പകരം മറ്റെവിടെ നിന്നെങ്കിലും ഭക്ഷ്യധാന്യങ്ങള്‍ ഇറക്കുമതി ചെയ്യാനുള്ള നടപടികളും, താങ്ങുവില നല്‍കി കേരളത്തില്‍ നിന്നു തന്നെ നെല്ല് ഏറ്റെടുക്കാന്‍ ഉള്ള നടപടികളും വിജയം കാണാതെ പോയി.
ഭക്ഷ്യവകുപ്പിന്റെ ഈ പരാജയം സമൂഹമധ്യത്തില്‍ തന്നെ സര്‍ക്കാരിനെയും, സി.പി.എമ്മിനെയും പ്രതികൂട്ടില്‍ ആക്കി.
ഘടകകക്ഷികളും തങ്ങളുടെ അതൃപ്തി സിപിഎമ്മിനെ അറിയിച്ചു. നിയമസഭയില്‍ നടന്ന ചര്‍ച്ചയ്ക്കിടെ, ‘ഭക്ഷ്യക്ഷാമം പരിഹരിയ്ക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു’ എന്ന് എസ്.എസ്.പി എം.എല്‍.എ ആയ ബി.മാധവന്‍നായര്‍ കുറ്റപ്പെടുത്തി. ഭക്ഷ്യക്ഷാമപ്രശ്നപരിഹാരത്തിനായി മുസ്ലിംലീഗ് സമര്‍പ്പിച്ച നിര്‍ദേശങ്ങളും സി.പി.എം തള്ളികളഞ്ഞു. ഭൂപരിഷ്കരണം അടക്കമുള്ള പ്രധാന നിയമനിര്‍മ്മാണങ്ങള്‍ നടത്തുന്നതിനിടയില്‍, ഭക്ഷ്യവകുപ്പില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ കഴിയാതെ പോകുന്ന മന്ത്രി കെ.ആര്‍.ഗൌരിഅമ്മയില്‍ നിന്നും ഭക്ഷ്യവകുപ്പ് എടുത്തു മാറ്റി, മുഖ്യമന്ത്രി തന്നെ നേരിട്ട് ഏറ്റെടുക്കണമെന്ന നിര്‍ദേശം സി.പി.ഐ സംസ്ഥാന നിര്‍വാഹകസമിതി മുന്നോട്ടു വച്ചെങ്കിലും, സി.പി.എം അതും തള്ളി.
തങ്ങളുടെ പരാജയം മറച്ചു വെയ്ക്കാനായി മുഴുവന്‍ കുറ്റവും കേന്ദ്രസര്‍ക്കാരിന്റെ മേല്‍ ചുമത്തി പ്രക്ഷോഭം നടത്താനായിരുന്നു സി.പി.എം തീരുമാനം. നാടൊട്ടുക്ക് സമരങ്ങളും ബന്ദുകളും നടത്തി സാധാരണ ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുരിതത്തില്‍ ആക്കാനെ ഈ നയം ഉപകരിച്ചുള്ളൂ.
കൃഷിമന്ത്രിയായിരുന്ന എം.എന്‍.ഗോവിന്ദന്‍ നായര്‍ ഒരു പുതിയ കാര്‍ഷിക നയം കൊണ്ടു വന്നു. ഭക്ഷ്യക്ഷാമം ഇല്ലാതാക്കാനായി, കേരളത്തിലെ നെല്ല് ഉത്പാദനം വര്‍ദ്ധിപ്പിയ്ക്കാന്‍, കാര്‍ഷിക മേഖലയില്‍ യന്ത്രവല്കരണവും, ആധുനിക സാങ്കേതികവിദ്യകളും ഉപയോഗിയ്ക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ട്രാക്ടറുകള് വാങ്ങി കൃഷിഓഫീസുകള്‍ വഴി ,കര്‍ഷകര്‍ക്ക് കുറഞ്ഞ നിരക്കില്‍ വാടകയ്ക്ക് കൊടുക്കാന്‍ ഒരു പദ്ധതി അദ്ദേഹം ആവിഷ്കരിച്ചു. ഉടനെതന്നെ സി.പി.എമ്മും അതിന്റെ പോഷക സംഘടനകളും വളരെ ശക്തമായി ട്രാക്ടറിനെതിരെ സമരം തുടങ്ങി. സി.പി.എം പഴഞ്ചന്‍ വരട്ടുതത്വവാദങ്ങളില്‍ ഉറച്ചു നിലക്കാതെ, സമൂഹത്തിന്റെ ഭാവിയ്ക്ക് വേണ്ടി ആധുനിക സാങ്കേതികവിദ്യയുടെ വളര്‍ച്ച ഉള്‍കൊള്ളണം എന്ന് സി.പി.ഐ ആവശ്യപ്പെട്ടെങ്കിലും, സി.പി.എം വഴങ്ങിയില്ല. ട്രാക്ടര്‍ മുതലാളിത്തത്തിന്റെ പ്രതീകമാണെന്നും, അത് കര്‍ഷകരുടെ ജോലി ഇല്ലാതാക്കും എന്നുമായിരുന്നു അവരുടെ വാദം. സി.പിഎമ്മിന്റെ എതിര്‍പ്പ് കൃഷിവകുപ്പിന്റെ യന്ത്രവല്‍ക്കരണപരിപാടിയെ മുളയിലെ നുള്ളികളഞ്ഞു.
സര്‍ക്കാരിന്റെ കാലാവധി തീരും വരെയും കൃഷിവകുപ്പും സി.പി.എമ്മിന്റെ കര്‍ഷകസംഘടനകളും തമ്മിലുള്ള തര്‍ക്കം തുടര്‍ന്നു. സി.പി.എം സമരങ്ങളുടെ വേലിയേറ്റത്തില്‍ മനസ്സ് മടുത്ത്, "ബന്ദു നടത്തിയാല്‍ അരി ഉണ്ടാകില്ല" എന്ന് കൃഷിമന്ത്രി പരസ്യമായി പറയുന്നയിടം വരെ കാര്യങ്ങള്‍ എത്തിച്ചേര്‍ന്നു.
സി.പി.എമ്മിന്റെ അന്നത്തെ 'ട്രാക്ടര്‍സമരം' കേരളത്തിന്റെ കാര്‍ഷികമേഖലയിലെ യന്ത്രവല്‍കരണത്തെ എന്ന് മാത്രമല്ല, നെല്‍കൃഷിയുടെ ഭാവിയെ തന്നെ നശിപ്പിച്ചു എന്ന് ഇന്ന് ജീവിച്ചിരിയ്ക്കുന്ന, ചിന്തിയ്ക്കുന്ന ആര്‍ക്കും അനുഭവപ്പെടും.
എങ്കിലും കര്‍ഷകര്‍ക്ക് വളം, വിത്തുകള്‍, കീടനാശിനികള്‍ എന്നിവയ്ക്ക് സബ്സിഡി നല്‍കിയും, കാര്‍ഷികമേഖലയില്‍ കൂടുതല്‍ പരിഷ്കാരങ്ങള്‍ വരുത്തിയും, ഒരു വര്ഷം കൊണ്ട് നെല്ല് ഉത്പാദനം 11 ലക്ഷം ടണ്ണില്‍ നിന്ന് 14 ലക്ഷം ടണ്ണായി ഉയര്‍ത്താന്‍ കൃഷിവകുപ്പിനു കഴിഞ്ഞു.
വ്യവസായമന്ത്രി ടി.വി.തോമസ്‌ ആവിഷ്കരിച്ച പുതിയ വ്യവസായനയത്തെ കുറിച്ചായിരുന്നു സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള അടുത്ത തര്‍ക്കം.
കേരളത്തിന്റെ വ്യവസായ വളര്‍ച്ചയ്ക്ക് സ്വകാര്യ പങ്കാളിത്തവും, നിയന്ത്രിതമായ വിദേശമൂലധനവും ആവശ്യമാണ്‌ എന്നതായിരുന്നു സ:ടി.വി.തോമസ്‌ ആവിഷ്കരിച്ച വ്യവസായനയത്തിന്റെ കാതല്‍. അക്കാലത്ത് ശാസ്ത്രസാങ്കേതികമായി ഏറ്റവും വളര്‍ച്ച നേടിയിരുന്ന ജപ്പാനെ പോലുള്ള വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച് അവിടുള്ള വ്യവസായികളുമായി ചര്‍ച്ച നടത്തി, കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ അവരെ ക്ഷണിയ്ക്കാന്‍ സ:ടി.വി. തോമസ്‌ തീരുമാനിച്ചു. മന്ത്രിസഭയില്‍ ചര്‍ച്ചയ്ക്കു വച്ച കരടുവ്യവസായനയം ഭൂരിപക്ഷ അഭിപ്രായത്തോടെ അംഗീകരിയ്ക്കപ്പെട്ടു.
എന്നാല്‍ അടുത്ത ദിവസങ്ങളില്‍ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രെടരിയെറ്റ്, സര്‍ക്കാരിന്റെ വ്യവസായനയത്തെ തള്ളിപറഞ്ഞു. മുതലാളിത്തരാജ്യമായ ജപ്പാനുമായി വ്യവസായബന്ധങ്ങള്‍ ഉണ്ടാക്കാന്‍ പാടില്ല എന്ന നിലപാടില്‍ ആയിരുന്നു അവര്‍. അത് കൂടാതെ, സി.പി.എം ദേശീയസെക്രെട്ടറി ആയിരുന്ന പി.സുന്ദരയ്യ എറണാകുളത്തു വച്ച് നടത്തിയ പത്രസമ്മേളനത്തില്‍ വച്ച്, വ്യവസായമന്ത്രിയുടെ നയം തൊഴിലാളി വിരുദ്ധവും, മുതലാളിത്ത വിധേയത്വം നിറഞ്ഞതും, പിന്തിരിപ്പനുമാണെന്ന് ആക്ഷേപിച്ചു.
എന്നാല്‍ മുന്നണിയിലെ കെ.എസ്.പി ഒഴിച്ചുള്ള മറ്റു കക്ഷികള്‍ എല്ലാം വ്യവസായനയത്തെ പരസ്യമായി പിന്തുണച്ചു ശക്തമായി തന്നെ സി.പി.ഐയ്ക്ക് പിറകില്‍ അണി നിരന്നു. ആ പിന്തുണയുടെ ബലത്തില്‍ സി.പി.എമ്മിന്റെ എതിര്‍പ്പുകള്‍ വകവയ്ക്കാതെ സ: ടി.വി.തോമസ്‌ ജപ്പാന്‍ സന്ദര്‍ശിച്ചു വ്യവസായികളുമായി ചര്‍ച്ച നടത്തി. ജപ്പാനിലെ പല കമ്പനികളും കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ചു. കോഴിക്കോട് ഒരു സ്റ്റീല്‍പ്ലാന്റ് സ്ഥാപിയ്ക്കാനുള്ള ധാരണപത്രത്തില്‍ അഞ്ചു കമ്പനികള്‍ ഒപ്പ് വെച്ചു. മടങ്ങിയെത്തിയ വ്യവസായമന്ത്രിയെ എതിരേറ്റത് സി.പി.എമ്മിന്റെ കടുത്ത വിമര്‍ശനമായിരുന്നു. മന്ത്രിയുടെ വ്യവസായനയത്തിനെതിരെ സംസ്ഥാനവ്യാപകമായി ശക്തമായ പ്രക്ഷോഭം നടത്താന്‍ സി.പി.എം പോളിറ്റ്ബ്യുറോ, സംസ്ഥാന സമിതിയോട് ആഹ്വാനം ചെയ്തു. സി.പി.ഐ - സി.പി.എം ബന്ധം വഷളക്കാനേ ഈ പ്രക്ഷോഭങ്ങള്‍ ഉപകരിച്ചുള്ളൂ.
(ടി.വി. തോമസ്‌ അന്ന് നടപ്പാക്കാന്‍ ശ്രമിച്ച വ്യവസായനയത്തിന്റെ ഒരു വികൃത അനുകരണമാണ്, നാല്പത് വര്‍ഷങ്ങള്‍ക്ക് ശേഷം സി.പി.എം മന്ത്രിയായ ഇളമരം കരിം കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കാന്‍ ശ്രമിച്ചത്‌ എന്നത് ചരിത്രത്തിന്റെ ഒരു തമാശയാകാം.)
ഇതേ സമയത്ത് തന്നെ സി.പി.എം പൊതുപരിപാടിയില്‍ നിന്നും വ്യതിചലിച്ച്, വലിയേട്ടന്‍ കളിയ്ക്കുന്നു എന്ന ആക്ഷേപവും ഘടകകക്ഷികള്‍ ഉയര്‍ത്തി. എസ്.എസ്.പി, ആര്‍എസ്പി മന്ത്രിമാര്‍, സ്വന്തം വകുപ്പുകളില്‍ സി.പി.എം അനാവശ്യമായി കൈകടത്തുന്നു എന്ന പരാതി ഉന്നയിച്ചു.
എസ്.എസ്.പിക്കാരനായ ധനമന്ത്രി, 1967 സെപ്റ്റംബര്‍ 13ന്, പത്രസമ്മേളനത്തില്‍ വച്ച്, 'സി.പി.എം സ്വീകരിയ്ക്കുന്ന നയങ്ങള്‍ സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണ്' എന്ന് പരസ്യമായി പറഞ്ഞത് ഈ ഭിന്നിപ്പിന്റെ ആഴം കാണിയ്ക്കുന്നു.
സി.പി.എം സ്വീകരിച്ച രാഷ്ട്രീയനയങ്ങള്‍ ക്രമേണ കെ.ടി.പി, കെ.എസ്.പി എന്നിവ ഒഴിച്ചുള്ള എല്ലാ ഘടകകക്ഷികളെയും അവര്‍ക്കെതിരാക്കി. ഇത് സപ്തകക്ഷി മുന്നണി സര്‍ക്കാരിനെ തകര്‍ക്കുന്നതില്‍ വലിയ പങ്കു വഹിച്ചു.
സിപിഎമ്മിലും, എസ്.എസ്.പി യിലും ഉണ്ടായ പിളര്‍പ്പുകള്‍
ദേശീയ തലത്തില്‍ തന്നെ ആശയഭിന്നത നിമിത്തം സി.പി.എം കടുത്ത പ്രതിസന്ധി നേരിടുന്ന കാലമായിരുന്നു അത് എന്ന് മുന്‍പ് പറഞ്ഞുവല്ലോ. ആ ഭിന്നതകള്‍ രൂക്ഷമായത് 1967ലെ നക്സല്‍ബാരി സമരത്തോട് കൂടിയാണ്. പശ്ചിമബംഗാളിലെ വടക്കന്‍ പ്രദേശമായ നക്സല്‍ബാരിയില്‍ ചൈനീസ്‌ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെ ഭരണകൂടത്തിനെതിരെ നടന്ന കര്‍ഷകരുടെ സായുധവിപ്ലവമാണ് നക്സല്‍ബാരി സമരം. അതിനു നേതൃത്വം നല്‍കിയത് സി.പി.എം അതിതീവ്രവിപ്ലവകാരികളായിരുന്ന ചാരു മജുംദാര്‍, കാനു സന്യാല്‍ എന്നിവര്‍ ആയിരുന്നു. "ഇന്ത്യന്‍ വസന്തത്തിലെ ഇടിമുഴക്കം" എന്ന് ചൈനീസ്‌ കമ്മ്യുണിസ്റ്റ് പാര്‍ട്ടി വിശേഷിപ്പിച്ച നക്സല്‍ബാരി സമരത്തെ, സി.പി.എം കൂടി പങ്കാളികള്‍ ആയ ബംഗാള്‍ സര്‍ക്കാര്‍ പട്ടാളത്തെയും പോലീസിനെയും ഉപയോഗിച്ച് ശക്തമായിത്തന്നെ അടിച്ചമര്‍ത്തി. ഇത് സി.പി.എമ്മിനുള്ളില്‍ കടുത്ത അഭിപ്രായഭിന്നത ഉണ്ടാക്കി.
1968 ഏപ്രിലില്‍ ബുര്‍ധ്വാനില്‍ നടന്ന സി.പി.എം പ്ലീനത്തില്‍ വച്ച്, സി.പി.എം പിളര്‍ന്ന് ആള് ഇന്ത്യ കോ-ഓര്ഡി‍നേഷന്‍ കമ്മിറ്റി ഓഫ് കമ്മ്യൂണിസ്റ്റ്‌ റെവലുഷനരീസ് (AICCCR) അംഗങ്ങള്‍ പുറത്തു വന്നു. ഇതേ സമയം തന്നെ ആന്ദ്രയില്‍ ടി.നാഗിറെഡഡിയുടെ നേതൃത്വത്തില്‍ സി.പി.എമ്മിനുള്ളിലെ അതിതീവ്ര വിപ്ലവകാരികള്‍ പാര്‍ട്ടിയെ പിളര്‍ത്തി. ഇത് പോലെ പല സംസ്ഥാനങ്ങളിലും സി.പി.എം പിളര്‍പ്പ് നേരിട്ടു. 1969 ഏപ്രിലില്‍ AICCCR, സി.പി.ഐ (എം.എല്‍)നു രൂപം കൊടുത്തു.
കേരളത്തിലും ഈ പിളര്‍പ്പിന്റെ അലയൊടികള്‍ ഉണ്ടായി. അതിതീവ്രവിപ്ലവകാരികള്‍ സി.പി.എമ്മില്‍ നിന്നും പുറത്തു പോയി സി.പി.ഐ(എം.എല്‍)ലിലോ, നക്സല്‍ ഗ്രൂപ്പുകള്‍ ആയോ പ്രവര്‍ത്തിയ്ക്കാന്‍ തുടങ്ങി. 1969 ഫെബ്രുവരിയില്‍ സപ്തകക്ഷിമുന്നണിയില്‍ നിന്നും, അതിതീവ്രവിപ്ലവകാരികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് അഞ്ചു സി.പി.എം എം.എല്‍.എമാര്‍ രാജിവെച്ചു. ഉടനെതന്നെ സി.പി.എം നേതൃത്വം അവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.
അതിതീവ്രവിപ്ലവ ആവേശത്തിന്റെ പിന്നാലെ പോകുന്ന അണികളുടെ കൊഴിഞ്ഞുപോക്ക് കുറച്ച്, പാര്‍ട്ടിയിലെ ഭിന്നിപ്പിന്റെ തീവ്രത കുറയ്ക്കാനായി സ്വന്തം നിലപാടുകളില്‍ കൂടുതല്‍ വിപ്ലവവീര്യം പ്രകടിപ്പിയ്ക്കാന്‍ സി.പി.എം നേതൃത്വം നിര്‍ബന്ധിതമായി. നാട് നീളെ വിവിധങ്ങളായ കാരണങ്ങളുടെ പുറത്ത് അക്രമസ്വഭാവമുള്ള സമരങ്ങളുടെ ഘോഷയാത്ര തന്നെ നടക്കാനും ഇത് കാരണമായി.
1968 ഏപ്രിലില്‍ ദേശീയ നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസം മൂലം, എസ്.എസ്.പി പിളര്‍ന്ന് കേരള എസ്.എസ്.പി(കെ.എസ്.എസ്.പി) ഉണ്ടായി. കെ.എസ്.എസ്.പിയെ മുന്നണിയില്‍ നിന്നും പുറത്താക്കാനുള്ള എസ്.എസ്.പിയുടെ ആവശ്യം നമ്പൂതിരിപ്പാട് തള്ളികളഞ്ഞു. നാല് മാസങ്ങള്‍ക്ക് ശേഷം എസ്.എസ്.പിയെയും മുന്നണിയില്‍ നിലനിര്‍ത്താന്‍ മുന്നണിയോഗം തീരുമാനിച്ചു. ഇതിനെ കെ.എസ്.എസ്.പി എതിര്‍ക്കുകയും അതിനെ തുടര്‍ന്നു കെ.എസ്.എസ്.പി പിളര്‍ന്ന് ഇന്ത്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഐ.എസ്.പി) ഉണ്ടാകുകയും ചെയ്തു. ഇത് പോലെ തന്നെ കെ.ടി.പി യിലും പിളര്‍പ്പുകള്‍ ഉണ്ടായി. ഇത്തരത്തില്‍ പാര്‍ട്ടികളില്‍ ഉണ്ടായ പിളര്‍പ്പുകള്‍ മുന്നണിയില്‍ തര്‍ക്കങ്ങള്‍ സൃഷ്ട്ടിച്ചു. ഇത് സപ്തകക്ഷിമന്ത്രിസഭയുടെ പതനത്തിന് ഒരു കാരണമായി.
ക്രമസമാധാനപാലനത്തില്‍ ഉണ്ടായ വീഴ്ചയും, സമരങ്ങളും
നാട്ടില്‍ നടക്കുന്ന ഏതു രാഷ്ട്രീയ അക്രമസംഭവങ്ങളിലും, ഒരു ഭാഗത്ത്‌ ആഭ്യന്തരവകുപ്പ് ഭരിയ്ക്കുന്ന സി.പി.എം ഉണ്ടാകുമായിരുന്നു എന്നത് സമൂഹത്തില്‍ തന്നെ വല്ലാത്ത സംഘര്‍ഷാവസ്ഥ സൃഷ്ട്ടിച്ചു. സി.പി.എം രൂപീകരിച്ച "ഗോപാലസേന", ജനസംഘത്തിന്റെ ബുദ്ധികേന്ദ്രം ആയ "ആര്‍.എസ്.എസ്", കൊണ്ഗ്രെസ്സിന്റെയും കേരളകൊണ്ഗ്രെസ്സിന്റെയും "പൌര സമിതികള്‍" എന്നീ വോളണ്ടിയര്‍ സേനകള്‍ പരസ്പരം ഏറ്റുമുട്ടുന്നത് പതിവായി. അതിനു പുറമേ അതിതീവ്രവിപ്ലവകാരികള്‍ ആയ മാവോയിസ്റ്റ്-നക്സല്‍ സംഘടനകളും അക്രമങ്ങളിലൂടെ അന്തരീക്ഷം സംഘര്‍ഷഭരിതമാക്കി. വര്‍ദ്ധിച്ചു വന്ന അക്രമസംഭവങ്ങളും, ഘോരാവോ സമരങ്ങളും, തൊഴില്‍ സംഘര്‍ഷങ്ങളും ചൂണ്ടികാട്ടി, മുഖ്യമന്ത്രിയുടെ കീഴില്‍ ഉണ്ടായിരുന്ന ആഭ്യന്തരവകുപ്പ് ക്രമസമാധാന പരിപാലനത്തില്‍ ദയനീയമായി പരാജയപ്പെട്ടു എന്ന ആരോപണം പ്രതിപക്ഷം ഉയര്‍ത്തി.
സി.പി.എം പ്രാദേശികനേതാക്കളുടെ അനിയന്ത്രിതമായ ഇടപെടല്‍ കാരണം പോലീസ് ഏറെക്കുറെ നിഷ്ക്രിയമായതായി ആരോപിച്ച കേരളകൊണ്ഗ്രെസ്സ് എം.എല്‍..എ കെ.എം.മാണി, അതിനു തെളിവായി നാല് കത്തുകള്‍ നിയമസഭയില്‍ വായിച്ചു. തങ്ങള്‍ പറയുന്നത് പോലെ കേള്‍ക്കാത്ത ചില പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് സി.പി.എമ്മിന്റെ നാല് ലോക്കല്‍ സെക്രെട്ടരിമാര്‍ സംസ്ഥാന നേതൃത്വത്തിനയച്ച രഹസ്യകത്തുകള്‍ ആയിരുന്നു അവ.
പ്രതിപക്ഷത്തിന്റെ ആരോപണം ശരി വയ്ക്കുന്ന തരത്തിലുള്ളതായിരുന്നു ക്രിമിനല്‍ സംഭവങ്ങളുടെ കണക്കുകളും. മന്ത്രിസഭ നിലവില്‍ വന്ന ശേഷം രണ്ടുവര്ഷം കൊണ്ട് ക്രിമിനല്‍ കേസുകളുടെ എണ്ണത്തില്‍ 46% വര്‍ദ്ധനവ്‌ ഉണ്ടായി. 1966ല്‍ 247 കൊലപാതകങ്ങള്‍ നടന്ന സ്ഥാനത്ത്, 1969ല്‍ 390 കൊലപാതകങ്ങള്‍ നടന്നു.
ഇതിലും രൂക്ഷമായിരുന്നു തൊഴില്‍ രംഗത്ത്‌ വ്യാപകമായി നടന്ന സമരങ്ങളും, സംഘര്‍ഷങ്ങളും. ഇതിന് പ്രാദേശികമായി നടന്ന സംഭവങ്ങള്‍ക്കും അപ്പുറം ഒരു രാഷ്ട്രീയമുഖവും ഉണ്ടായിരുന്നു.
1964ല്‍ സി.പി.ഐ പിളര്‍ന്നെങ്കിലും തൊഴിലാളിസംഘടനയായ എ.ഐ.ടി.യു.സി പിളര്ന്നില്ലായിരുന്നു. സി.പി.എമ്മില്‍ പോയ തൊഴിലാളികളും എ.ഐ.ടി.യു.സിയില്‍ ആയിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ആദ്യമൊക്കെ നേതൃത്വം പിടിച്ചടക്കി എ.ഐ.ടി.യു.സിയെ കൈപ്പിടിയില്‍ ഒതുക്കാനായിരുന്നു സി.പി.എം ശ്രമം. എന്നാല്‍ അതിനു കഴിയാതെ വന്നപ്പോള്‍ 1968നു ശേഷം എ.ഐ.ടി.യു.സിയെ പിളര്‍ത്തി സ്വന്തമായി ഒരു തൊഴിലാളിസംഘടന രൂപീകരിയ്ക്കാന്‍ സി.പി.എം ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി വ്യവസായ സ്ഥാപനങ്ങളില്‍ ഉണ്ടായിരുന്ന എ.ഐ.ടി.യു.സി അടക്കമുള്ള വിവിധ യുണിയനുകളില്‍ നിന്ന് ആള്‍ക്കാരെ അടര്‍ത്തിമാറ്റി സ്വന്തമായി യുണിയനുകള്‍ രൂപീകരിയ്ക്കാന്‍ ഭരണത്തിന്റെ സഹായത്തോടെ ശ്രമം ആരംഭിച്ചു.
സി.പി.എമ്മിന്റെ കാരുണ്യം കൊണ്ട് മാത്രം എം.എല്‍.എ ആയ തൊഴില്‍മന്ത്രി മത്തായി മാഞ്ഞൂരാന്‍, എല്ലാ അര്‍ത്ഥത്തിലും സി.പി.എമ്മിന്റെ ഒരു റബ്ബര്‍സ്റ്റാമ്പ് ആയിരുന്നു. ഓരോ വ്യവസായത്തിലും സി.പി.എം അനുകൂലസംഘടനകള്‍ക്ക് മാത്രം അംഗീകാരം കിട്ടുന്ന വിധത്തില്‍ സി.പി.എമ്മും തൊഴില്‍ മന്ത്രിയും ചേര്‍ന്ന് നടത്തിയ രാഷ്ട്രീയകളികള്‍, മറ്റു ഘടക കക്ഷികളുടെ തൊഴിലാളി സംഘടനകളും, പ്രതിപക്ഷ തൊഴിലാളി സംഘടനകളും ഒരു പോലെ എതിര്‍ത്തു.
പാര്‍ട്ടിയില്‍ നിന്നും അതിതീവ്രവിപ്ലവകാരികള്‍ കൊഴിയുന്നത് തടയാനായി സി.പി.എം നേതൃത്വം സ്വീകരിച്ച "ഭരണത്തോടൊപ്പം സമരം" എന്ന മുദ്രാവാക്യം കൂടി ചേര്‍ന്നപ്പോള്‍, തൊഴില്‍ മേഖല സമരമുഖരിതമായി. ഘോരാവോ സമരങ്ങളും, പണിമുടക്കുകളും, ബന്ദുകളും, ഹര്‍ത്താലുകളും, നിത്യസംഭവങ്ങള്‍ ആയി. തൊഴില്‍വകുപ്പിന്റെ കണക്കനുസരിച്ച് ഇത്തരം സമരങ്ങളും, ലോക്ക്ഔട്ടും കാരണം കേരളത്തിന്റെ വ്യവസായ മേഖലയില്‍ 1968ല്‍ മാത്രം 25 ലക്ഷം മാനുഷിക തൊഴില്‍ദിനങ്ങള്‍ നഷ്ട്ടപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ ഇന്ത്യയില്‍ തന്നെ ഒന്നാം സ്ഥാനത്തായിരുന്നു കേരളം.
അക്കാലത്ത് നടന്നു കൊണ്ടിരുന്ന ഇടുക്കി അണക്കെട്ടിന്റെ നിര്‍മ്മാണവും തൊഴില്‍സമരങ്ങള്‍ മൂലം നിര്‍ത്തി വയ്ക്കേണ്ടി വന്നു. ഇതിനെക്കുറിച്ച് ചര്‍ച്ച നിയമസഭയില്‍ നടന്നപ്പോള്‍, സി.പി.എം മന്ത്രിയായിരുന്ന ഇ.കെ.ഇമ്പിച്ചിബാവ പറഞ്ഞ വാക്കുകള്‍ ഏവരെയും ഞെട്ടിച്ചു. "ഇടുക്കി അണക്കെട്ട് പൂര്‍ത്തിയായില്ലെന്ന് വച്ച് കേരളം കടലെടുത്തു പോകുകയുമൊന്നുമില്ല" എന്നായിരുന്നു അദ്ദേഹത്തിന്റെ ധിക്കാരം നിറഞ്ഞ അഭിപ്രായം.
ഘോരവോ എന്ന സമരമുറ അക്രമത്തിലേയ്ക്ക് വഴിമാറും വിധം, ഏറ്റവുമധികം ദുരുപയോഗപ്പെടുത്തപ്പെട്ട മറ്റൊരു കാലഘട്ടം കേരളചരിത്രത്തില്‍ ഇല്ല. വ്യവസായികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്ന് തുടങ്ങി, മന്ത്രിമാര്‍ വരെ ഘോരാവോ സമരത്തിന്‌ ഇരയായി.
എസ്.എസ്.പി മന്ത്രിമാരായിരുന്ന കുഞ്ചുവിനെയും, കുറുപ്പിനെയും സി.പി.എം അനുഭാവസംഘടനകള്‍ ഘോരാവോ ചെയ്തത് മുന്നണിയില്‍ വിവാദം സൃഷ്ട്ടിച്ചു.
എന്നാല്‍ വഴിവിട്ടു പോകുന്ന ഇത്തരം ബലപ്രയോഗസമരങ്ങളെ നിയന്ത്രിയ്ക്കാന്‍ ശ്രമിയ്ക്കാതെ, അവയെ ന്യായീകരിയ്ക്കാനാണ് മുഖ്യമന്ത്രിയും തൊഴില്‍മന്ത്രിയും ശ്രമിച്ചത്‌. ഇത്തരം നയങ്ങളുടെയെല്ലാം ഫലമായി സമൂഹത്തിലെ മധ്യവര്‍ഗ്ഗം സി.പി.എമ്മിന് എതിരായി . അതിന്റെ ഫലം അടുത്ത തെരഞ്ഞെടുപ്പില്‍ അവര്‍ അനുഭവിയ്ക്കുകയും ചെയ്തു എന്നത് ചരിത്രം.
മുന്നണിഏകോപനവും പരസ്പരവിശ്വാസവും നേരിട്ട തകര്‍ച്ച
ഒരു മുന്നണിയുടെ നിലനില്‍പ്പിന് ഏറ്റവും ആവശ്യമുള്ള ഘടകങ്ങള്‍ അതിലെ പങ്കാളികള്‍ തമ്മിലുള്ള പരസ്പരവിശ്വാസവും, ആശയവിനിമയവും, മുന്നണിയുടെ പൊതുപരിപാടി നടപ്പാക്കാനുള്ള ഏകോപനവുമാണ്. ഇക്കാര്യത്തില്‍ നേത്രുത്വപരമായി പങ്കു വഹിയ്ക്കേണ്ട സി.പി.എമ്മിന്, അതിന് കഴിഞ്ഞില്ല. പൊതുപരിപാടിയേക്കാള്‍ സ്വന്തം രാഷ്ട്രീയഅജണ്ടയ്ക്കനുസരിച്ചുള്ള നിലപാടുകളില്‍ മര്‍ക്കടമുഷ്ടിയോടെ ഉറച്ചുനിന്ന്, ഘടകകക്ഷികളുടെ മേല്‍ സ്വന്തം നയങ്ങള്‍ അടിച്ചേല്പ്പിയ്ക്കാനാണ് അവര്‍ ശ്രമിച്ചത്‌.
കേരളത്തിലും ബംഗാളിലും അന്നുണ്ടായിരുന്ന ഐക്യ മുന്നണി സര്‍ക്കാരുകളെ കുറിച്ചുളള സി.പി.എം കാഴ്ചപ്പാട് തന്നെ അവയുടെ അസ്ഥിരതയ്ക്ക് കാരണമായി. 1967 ഏപ്രിലില്‍ കല്‍കത്തയില്‍ കൂടിയ സി.പി.എം കേന്ദ്രകമ്മിറ്റി ഈ മന്ത്രിസഭകളെ കുറിച്ചെടുത്ത നിലപാട് ഇങ്ങനെയായിരുന്നു.
"കേരളത്തിലും ബംഗാളിലും രൂപീകരിയ്ക്കപ്പെട്ട ഐക്യമുന്നണി സര്‍ക്കാരുകള്‍ സമ്പൂര്‍ണ്ണവിപ്ലവത്തിനുള്ള താല്‍കാലിക ഉപകരണങ്ങള്‍ മാത്രമാണ്. അല്ലാതെ ജനങ്ങളുടെ പ്രശ്നപരിഹാരങ്ങള്‍ക്ക് ആവശ്യമായ ശ്വാശ്വതമായ ഒരു ഭരണസംവിധാനം അല്ല. നമ്മള്‍ പ്രതിനിധാനം ചെയ്യുന്ന തൊഴിലാളിവര്ഗ്ഗത്തിലേയ്ക്ക് കൂടുതല്‍ ജനവിഭാഗങ്ങളെ അടുപ്പിയ്ക്കാനുള്ള ഒരു സമരരീതി മാത്രമാണ് ഇത്തരം സര്‍ക്കാരുകളില്‍ ഉള്ള നമ്മുടെ പങ്കാളിത്തം. അതിനാല്‍ തന്നെ ഭരണവും സമരവും ഒന്നിച്ചു കൊണ്ട് പോകുന്ന പ്രവര്‍ത്തന രീതിയാകും പാര്‍ട്ടി പിന്തുടരുക. "
പാര്‍ട്ടിയ്ക്കുള്ളിലെ തീവ്രവാദികളെ തൃപ്തിപ്പെടുത്താന്‍ വേണ്ടി സ്വീകരിച്ച ഈ യാഥാസ്ഥിതിക നയം കാരണം, ഐക്യമുന്നണി സര്‍ക്കാരുകളെ നിലനിര്‍ത്തേണ്ട ബാധ്യത ഘടകകക്ഷികള്‍ക്ക് മാത്രമാണ് എന്ന നിലയിലുള്ള നിഷേധാത്മനിലപാട് ആണ് സി.പി.എം പ്രവര്‍ത്തനരീതിയില്‍ സ്വീകരിച്ചത്. വിവാഹത്തിന് മുന്‍പ്തന്നെ വിവാഹമോചനപത്രികയില്‍ ഒപ്പിടാന്‍ തയ്യാറായി നിന്ന ആത്മാര്‍ഥതയില്ലാത്ത പുതുമണവാളന്റെ മാനസികാവസ്ഥയില്‍ ആയിരുന്നു സി.പി.എം.
മുന്നണിയോഗം കൃത്യമായി വിളിച്ചുകൂട്ടാനോ, ഘടകകക്ഷികളുടെ പരാതികള്‍ പരിഗണിയ്ക്കാന്‍ പോലുമോ അവര്‍ തയ്യാറായില്ല. എസ്.എസ്.പിയിലുണ്ടായ പിളര്‍പ്പിനെ സി.പി.എം പ്രോത്സാഹിപ്പിച്ചു എന്ന് മാത്രമല്ല ഒരു വിഭാഗത്തിന് അനുകൂലമായി തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തു. ഇതെല്ലാം മറ്റ് പാര്‍ട്ടികളെയും ഭയപ്പെടുത്തി. ഘടകകക്ഷികളുടെ വകുപ്പുകളിലും, ആഭ്യന്തര വിഷയങ്ങളിലും അനാവശ്യമായി കൈകടത്തുന്ന സി.പി.എം സമീപനം കൂടിയായപ്പോള്‍ മുന്നണിയുടെ പരസ്പരവിശ്വാസവും തകര്‍ന്നു. വ്യവസായ, കാര്‍ഷിക നയങ്ങള്‍ പോലെ മന്ത്രിസഭ അംഗീകരിച്ച നയങ്ങളെയും, തീരുമാനങ്ങളെയും പിന്നീട് സിപിഎം നേതൃത്വം പരസ്യമായി തള്ളിപറയുകയും അതിനെതിരെ സമരം നടത്തുകയും ഒക്കെ ചെയ്തപ്പോള്‍ നഷ്ടമായത് മുന്നണിയുടെ ഐക്യം ആയിരുന്നു. ഇവയെല്ലാം കൂടിചേര്‍ന്ന് മുന്നണിയ്ക്ക് ഉള്ളില്‍ തന്നെ സി.പി.ഐ, ആര്‍.എസ്.പി, മുസ്ലിംലീഗ്, എസ്.എസ്.പി എന്നിവര്‍ ചേര്‍ന്ന കുറുമുന്നണി ഉണ്ടാകാന്‍ കാരണമായി.
മുന്നണിയിലെ പ്രശ്നങ്ങള്‍ പരിഹരിയ്ക്കുന്നതിനു വേണ്ടി 1969 ഏപ്രിലില്‍ സി.പി.ഐ മറ്റു ഘടകകക്ഷികളുടെ സമ്മതത്തോടെ , പതിമൂന്നു നിര്‍ദ്ദേശങ്ങള്‍ മുന്നണി ഏകോപന യോഗത്തില്‍ വെച്ചു. ഒരു പാര്‍ട്ടിയും മറ്റൊരു പാര്‍ട്ടിയുടെ വകുപ്പുകളില്‍ ഇടപെടാതിരിയ്ക്കുക, പ്രകോപനപരമായ പരസ്യപ്രസ്താവനകള്‍ ഒഴിവാകുക, മുന്നണി ഏകോപനസമിതി യോഗം എല്ലാ മാസവും ചേര്‍ന്ന് എല്ലാ തര്‍ക്കവിഷയങ്ങളും ചര്‍ച്ച ചെയ്തു പരിഹരിയ്ക്കുക, പൊതുജീവിതത്തെയും, ഭരണത്തെയും ദോഷകരമായി ബാധിയ്ക്കുന്ന വിധത്തിലുള്ള അനാവശ്യമായ സമരങ്ങള്‍ ഒഴിവാകാന്‍ ശ്രമിയ്ക്കുക, നിയമസഭയില്‍ ഉയര്‍ന്ന അഴിമതി ആരോപണങ്ങളെ പറ്റി സ്വതന്ത്രമായ അന്വേഷണം നടത്തുക തുടങ്ങി വളരെ പ്രായോഗികമായ നിര്‍ദ്ദേശങ്ങള്‍ ആയിരുന്നു അവ. നിര്‍ദേശങ്ങള്‍ മൂന്നു മാസങ്ങള്‍ക്കകം നടപ്പാക്കിയില്ലെങ്കില്‍, മുന്നണി വിടുന്ന കാര്യം ആലോചിയ്ക്കുമെന്ന് സി.പി.ഐ, ആര്‍.എസ്.പി, മുസ്ലിംലീഗ്, ഐ.എസ്.പി എന്നീ പാര്‍ട്ടികള്‍ സി.പി.എമ്മിനെ അറിയിച്ചു.
എന്നാല്‍ ഈ നിര്‍ദ്ദേശങ്ങളെ തങ്ങള്‍ക്കു നേരെ പുറപ്പെടുവിച്ച വെല്ലുവിളിയായി എടുത്ത സി.പി.എം, കുറുമുന്നണിയിലെ കക്ഷികളെ ഭിന്നിപ്പിയ്ക്കാന്‍ ശ്രമം തുടങ്ങി. മുസ്ലിംലീഗായിരുന്നു അവരുടെ പ്രധാന ലക്‌ഷ്യം. മുസ്ലിംലീഗിന്റെ എക്കാലത്തെയും പ്രധാന ആവശ്യമായിരുന്ന മലപ്പുറംജില്ല പുതിയതായി രൂപീകരിച്ചും, കാലിക്കട്ട് സര്‍വകലാശാല തുടങ്ങാന്‍ അനുമതി നല്‍കിയും ലീഗിനെ വശത്താക്കാന്‍ അവര്‍ ശ്രമിച്ചു. എന്നാല്‍ ഈ ശ്രമം വിജയിച്ചില്ല.
സി.പി.എമ്മിന്റെ സമരസംസ്ക്കാരത്തെ കെ.എസ്.പി ഒഴികെയുള്ള ഘടകകക്ഷികള്‍ പിന്തുണച്ചില്ല. സ്വന്തം പാര്‍ട്ടിയ്ക്കുള്ളിലെ തീവ്രവിപ്ലവകാരികളെ ശാന്തരാക്കാനും, സ്വന്തം മന്ത്രിമാരുടെ ഭരണപരാജയം മറച്ചു വയ്ക്കുവാനും ആണ് സി.പി.എം സമരപരമ്പര അഴിച്ചു വിടുന്നതെന്ന് അവര്‍ കരുതി.
ഭക്ഷ്യക്ഷാമവും വിലകയറ്റവും മൂലം വലഞ്ഞ ജനങ്ങളുടെ ജീവിതത്തെ സി.പി.എമ്മിന്റെ സമരങ്ങളും, ബന്ദുകളും, അക്രമങ്ങളും കൂടുതല്‍ ദുരിതത്തിലാക്കി എന്ന് മാത്രമല്ല, നല്ലൊരു ശതമാനം ജനങ്ങളും സര്‍ക്കാരിനെതിരെ തിരിയാന്‍ അത് കാരണമായി. "സി.പി.എം ഒന്നുകില്‍ ഭരിയ്ക്കണം, അല്ലെങ്കില്‍ സമരം ചെയ്യണം" എന്ന് എം.എന്‍.ഗോവിന്ദന്‍ നായര്‍ മുന്നണി യോഗത്തില്‍ വെച്ച് തുറന്നടിച്ചത് ഇക്കാരണം കൊണ്ടായിരുന്നു.
അഴിമതി ആരോപണങ്ങള്‍
മുങ്ങികൊണ്ടിരുന്ന മന്ത്രിസഭയ്ക്ക് പെട്ടെന്ന് മരണം ഉറപ്പാക്കിയ മറ്റൊരു പ്രധാന ഘടകമായിരുന്നു മന്ത്രിമാര്‍ക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍. അഴിമതിവിരുദ്ധ പ്രതിജ്ഞ എടുത്ത് രൂപീകരിയ്ക്കപ്പെട്ട മുന്നണി, പക്ഷെ അഴിമതി ആരോപണങ്ങളുടെ കൂമ്പാരത്തെയാണ്‌ നിയമ സഭയില്‍ നേരിട്ടത്.
അഴിമതി ഇല്ലാതാക്കാനായി നിയമനിര്‍മ്മാണം നടത്തി ഒരു പുതിയ ജുഡീഷ്യല്‍ അന്വേഷണഏജന്‍സിയെ നിയമിയ്ക്കുമെന്നത് മുന്നണിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം ആയിരുന്നു. എന്നാല്‍ ആ കാര്യത്തില്‍ സി.പി.എമ്മോ, നിയമമന്ത്രി ഗൌരി അമ്മയോ വലിയ താല്പര്യം എടുത്തില്ല. അത്തരം ഒരു അന്വേഷണ എജെന്സിയുടെ അധികാരപരിധിയില്‍ നിന്ന് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഒഴിവാക്കാനായിരുന്നു അവരുടെ താത്പര്യം. എന്നാല്‍ സി.പി.ഐ ഇതിനെ എതിര്‍ത്തു. പൊതുജീവിതത്തിലെ അഴിമതിയെക്കുറിച്ച് പഠിച്ച 1964ലെ സന്താനം കമ്മിറ്റിയുടെ ശുപാര്‍ശകള്‍ അതേപടി നടപ്പിലാക്കണം എന്നും ആരെയും അന്വേഷണപരിധിയില്‍ നിന്ന് ഒഴിവാക്കേണ്ട ആവശ്യമില്ല എന്നും സി.പി.ഐ വാദിച്ചു. തര്‍ക്കങ്ങള്‍ക്കൊടുവില്‍ മുഖ്യമന്ത്രിയെ മാത്രം അന്വേഷണ പരിധിയില്‍ നിന്ന് മാറ്റുന്ന വിധം, നിയമം കൊണ്ടു വരാന്‍ തീരുമാനമായി. എന്നിട്ടും പബ്ലിക്മെന്‍ (എന്ക്വോയറി)ബില്‍-1968, ഉണ്ടാക്കാനും നിയമസഭയില്‍ അവതരിപ്പിയ്ക്കാനും വലിയ കാലതാമസം എടുത്തു എന്ന് മാത്രമല്ല, മന്ത്രിസഭയുടെ കാലത്ത് അത് പാസ്സാക്കാനും കഴിഞ്ഞില്ല. 1969 ഒക്ടോബര്‍ 4ന് ഹൈകോടതിയില്‍ നിന്ന് വിരമിച്ച എസ്.വേലുപിള്ള എന്ന ജഡ്ജിയെ അഴിമതി അന്വേഷണ കമ്മിഷന്റെ തലപ്പത്ത് സര്‍ക്കാര്‍ നിയമിച്ചു.
ആദ്യമായി ആരോപണം നേരിട്ടത് ഗതാഗതമന്ത്രിയായിരുന്ന ഇമ്പിച്ചിബാവ (സി.പി.എം) ആയിരുന്നു. പി.എസ്.സിയെ മറികടന്ന് നിയമവിരുദ്ധമായി കെ.എസ്.ആര്‍..ടി.സിയില്‍ ഇരുന്നൂറില്‍ അധികം സി.പി.എം പ്രവര്‍ത്തകരെ നേരിട്ട് നിയമിച്ചു എന്നായിരുന്നു പ്രതിപക്ഷആരോപണം. ആരോപണത്തെ കുറിച്ച് അന്വേഷിയ്ക്കണം എന്ന ആവശ്യം സി.പി.എം അംഗീകരിച്ചില്ല എന്ന് മാത്രമല്ല അനധികൃതമായി നിയമിച്ച ആരെയും പിരിച്ചു വിടാനും മന്ത്രി തയ്യാറായില്ല.
അതേപോലെ തന്നെ ധനകാര്യമന്ത്രിയായിരുന്ന പി.കെ. കുഞ്ചു (ഐ.എസ്.പി), വനംവകുപ്പ് മന്ത്രിയായ എം.കെ.കൃഷ്ണന്‍, ഭക്ഷ്യമന്ത്രി കെ.ആര്‍. ഗൌരി (സി.പി.എം), തൊഴില്‍ മന്ത്രി മത്തായി മാഞ്ഞൂരാന്‍ (കെ.എസ്.പി) എന്നിവര്‍ക്കെതിരെയും നിയമസഭയില്‍ അഴിമതിആരോപണങ്ങള്‍ ഉയര്‍ന്നു.
താന്‍ കൂടി മുന്‍കൈ എടുത്തു രൂപീകരിച്ച മുന്നണിയുടെ തകര്‍ച്ചയില്‍ വിഷമിച്ച ആര്‍.എസ്.പി നേതാവായ എന്.ശ്രീകണ്‍Oന്‍നായര്‍, മുന്നണിഏകോപനയോഗത്തില്‍ കുറേ നിര്‍ദേശങ്ങള്‍ അടങ്ങിയ പട്ടിക നല്‍കി. എല്ലാ മന്ത്രിമാര്‍ക്കും എതിരെയുള്ള അഴിമതിആരോപണങ്ങള്‍ എണ്ണി പറഞ്ഞു കൊണ്ട് അവയെപറ്റി അന്വേഷിയ്ക്കാന്‍ ആവശ്യപ്പെട്ടതിന് പുറമേ, മുന്നണിയുടെ നിലനില്‍പ്പിന് ആവശ്യമായ പെരുമാറ്റചട്ടങ്ങളും, സി.പി.എമ്മിന്റെ മറ്റു ഘടകകക്ഷികളുടെ നേരെയുള്ള സമീപനത്തില്‍ വരുത്തേണ്ട മാറ്റങ്ങളും അദ്ദേഹം ചൂണ്ടി കാട്ടിയിരുന്നു.
എന്നാല്‍ വിമര്‍ശനങ്ങളെ ഉള്‍ക്കൊണ്ട്‌ പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്തുന്നതിന് പകരം, 'സി.പി.എമ്മിനെ തകര്‍ക്കാന്‍ ഘടകകക്ഷികള്‍ ഗൂഡാലോചന നടത്തുന്നു' എന്ന് പരസ്യമായി ആരോപണം ഉന്നയിയ്ക്കുകയാണ് സി.പി.എം നേതൃത്വം ചെയ്തത്..
അതേസമയം ആരോഗ്യവകുപ്പില്‍ മരുന്നുകളും ഉപകരണങ്ങളും വാങ്ങുന്നതിലും നിയമനങ്ങളിലും വന്‍അഴിമതി നടക്കുന്നു എന്ന സത്യം പുറത്തു കൊണ്ട് വന്ന ഒരു "ദേശാഭിമാനി" പത്രറിപ്പോര്‍ട്ട്‌, വലിയ വിവാദം സൃഷ്ട്ടിച്ചു. അത് ഏറ്റുപിടിച്ച പ്രതിപക്ഷം, ആരോഗ്യമന്ത്രി വെല്ലിംഗ്ടന്‍ ആണ് ആരോഗ്യവകുപ്പിലെ അഴിമതിയുടെ ബുദ്ധികേന്ദ്രം എന്ന ആരോപണം നിയമസഭയില്‍ ഉയര്‍ത്തി അന്വേഷണം ആവശ്യപ്പെട്ടു. കെ.എസ്.പി, കെ.ടി.പി ഒഴികെയുള്ള മുന്നണി ഘടകകക്ഷികളും ആ ആവശ്യത്തെ പിന്തുണച്ചു.
എന്നാല്‍ വിചിത്രമെന്നു പറയട്ടെ, സി.പി.എം മുഖപത്രം പുറത്തു കൊണ്ട് വന്ന ഈ അഴിമതി ആരോപണത്തെ പറ്റി അന്വേഷിയ്ക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല എന്ന് മാത്രമല്ല, വെല്ലിംഗ്ടന് ഈ അഴിമതിയില്‍ ഒരു പങ്കുമില്ല എന്ന് ന്യായീകരിയ്ക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഭാര്യസഹോദരന്‍ ആരോഗ്യവകുപ്പിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ആയിരുന്നു. അഴിമതിയില്‍ പങ്കുള്ള അയാളുടെ സ്വാധീനം കാരണമാണ് അന്വേഷണത്തില്‍ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുന്നതെന്ന് പ്രതിപക്ഷം ആരോപണം ഉയര്‍ത്തി. പ്രതിപക്ഷ പ്രതിഷേധം മൂലം നിയമസഭ ഇളകി മറിഞ്ഞു. സഭാപ്രവര്‍ത്തനം തടസ്സപ്പെട്ടു.
1969 ആഗസ്റ്റില്‍ കൂടിയ നിയമസഭ സമ്മേളനത്തില്‍ വെച്ച്, ധനകാര്യമന്ത്രി കുഞ്ചുവിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിയ്ക്കാന്‍ സമ്മതിച്ച മുഖ്യമന്ത്രി ഇ.എം.എസ്, വെല്ലിംഗ്ടനും സി.പി.എം മന്ത്രിമാര്‍ക്കും എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണ് എന്ന് പറഞ്ഞ് അന്വേഷണത്തില്‍ നിന്നും ഒഴിവാക്കി. ഇത് കൂടുതല്‍ ഒച്ചപ്പാടുകള്‍ക്ക് ഇടയാക്കി.
1969 ആഗസ്റ്റ്‌ 23ന് ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രെട്ടെറിയെറ്റ് ഒരു പ്രസ്താവന പുറത്തിറക്കി. മുഖ്യമന്ത്രി ഇ.എം.എസ്.നമ്പൂതിരിപ്പാട് ചികിത്സയ്ക്ക് വേണ്ടി കിഴക്കന്‍ ജര്‍മനിയിലെയ്ക്ക് പോകുകയാണെന്നും, രണ്ടു മാസത്തിനു ശേഷം അദ്ദേഹം തിരികെ വന്ന ശേഷം മാത്രമേ തര്‍ക്കവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയുള്ളൂ എന്നും ആയിരുന്നു ആ പ്രസ്താവന.
മുഖ്യമന്ത്രിയുടെ അഭാവത്തില്‍ സി.പി.എം സംസ്ഥാന സെക്രെട്ടറി എ.കെ.ഗോപാലന്റെ നേതൃത്വത്തില്‍ സി.പി.ഐയ്ക്കെതിരെ രാഷ്ട്രീയകരുനീക്കങ്ങള്‍ തുടങ്ങി. കുറുമുന്നണിയില്‍ നിന്ന് തങ്ങള്‍ക്കനുകൂലമായി കിട്ടാവുന്നവരെ വശത്താക്കി പാര്‍ട്ടികളെ പിളര്‍ത്താന്‍ ശ്രമം തുടങ്ങി. ഒപ്പം നിയമസഭയില്‍ സി.പി.ഐ, ഐ.എസ്.പി മന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്താനും തീരുമാനിച്ചു. സി.പി.ഐ മന്ത്രിമാര്‍ക്കെതിരെ സി.പി.എം നേതാക്കന്മാര്‍ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് പരസ്യപ്രസ്താവനകള്‍ ഇറക്കി. 1969 ഒക്ടോബര്‍ മൂന്നിന് സി.പി.എം എം.എല്‍.എ ആയ പി.ഗോവിന്ദപിള്ള നിയമസഭയില്‍ ഐ.എസ്.പി മന്ത്രി പി.ആര്‍.കുറുപ്പിനെതിരെ അഴിമതി ആരോപണം ഉയര്‍ത്തി അന്വേഷണം ആവശ്യപ്പെട്ടു.
സി.പി.എം നീക്കം മണത്തറിഞ്ഞ സി.പി.ഐ നിയമസഭയില്‍ ഒരു പ്രമേയം അവതരിപ്പിച്ചു. മന്ത്രി വെല്ലിംഗ്ടണിനെതിരെയുള്ള അഴിമതി ആരോപണത്തെപറ്റി ഒക്ടോബര്‍ 18നകം അന്വേഷണം പ്രഖ്യാപിയ്ക്കണം എന്നായിരുന്നു ആ പ്രമേയത്തിലെ ആവശ്യം. നിയമസഭ ഈ പ്രമേയം വന്‍ഭൂരിപക്ഷത്തോടെ അംഗീകരിച്ചു. ഒക്ടോബര്‍ 11ന് മുന്നണി യോഗത്തിലും സി.പി.ഐ ഈ ആവശ്യം ഉന്നയിച്ചു. ആവശ്യം അംഗീകരിയ്ക്കാത്തപക്ഷം മുന്നണി വിടുമെന്നും അറിയിച്ചു.
രണ്ടു ദിവസം കഴിഞ്ഞ് മുഖ്യമന്ത്രി തിരികെയെത്തി. ഒക്ടോബര്‍ 17ന് കൂടിയ നിയമസഭയില്‍ വെച്ച് മുഖ്യമന്ത്രി വെല്ലിംഗ്ടണിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. ഒപ്പം പി.ആര്‍..കുറുപ്പ്, എം.എന്‍.ഗോവിന്ദന്‍ നായര്‍, ടി.വി.തോമസ്‌ എന്നിവര്‍ക്കെതിരെ കൂടി അന്വേഷണം പ്രഖ്യാപിച്ചു. ആരോപണം നേരിട്ട സി.പി.എം, കെ.എസ്.പി മന്ത്രിമാരെ അന്വേഷണത്തില്‍ നിന്ന് ഒഴിവാക്കി. അവിശ്വാസപ്രമേയം കൊണ്ട് വരാന്‍ മുഖ്യമന്ത്രി കുറുമുന്നണിയെ വെല്ലുവിളിച്ചു. സി.പി.ഐ മന്ത്രിമാര്‍ക്കൊപ്പം കെ.എസ്.പി ഒഴിച്ചുള്ള മറ്റു ഘടകകക്ഷി മന്ത്രിമാരും രാജിവെച്ചു.
മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുത്ത്, ഒക്ടോബര്‍ 24ന് സി.പി.എമ്മിലെ 3 മന്ത്രിമാര്‍ക്കും, മത്തായി മാഞ്ഞൂരാനും എതിരെയുള്ള അഴിമതി ആരോപണങ്ങള്‍ അന്വേഷിയ്ക്കണമെന്ന പ്രമേയം സി.പി.ഐ നിയമസഭയില്‍ അവതരിപ്പിച്ചു. അറുപതിനെതിരെ അറുപത്തിഒന്‍പതു വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പ്രമേയം നിയമസഭ പാസ്സാക്കി. ഭൂരിപക്ഷം നഷ്ട്പ്പെട്ട ഇ.എം.എസ് രാജി സമര്‍പ്പിച്ചു. സപ്തകക്ഷി മന്ത്രിസഭയുടെ തകര്‍ച്ച അതോടെ പൂര്‍ത്തിയായി.
സി.പി.എം മുഖ്യമന്ത്രി നിയമിച്ച വേലുപ്പിള്ള കമ്മിഷന്‍ നടത്തിയ അന്വേഷണത്തില്‍ വെല്ലിംഗ്ടന്‍ കുറ്റക്കാരന്‍ തന്നെയെന്ന് കണ്ടെത്തിയതും, സി.പി.ഐ മന്ത്രിമാര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തിയതും പിന്നീടുള്ള ചരിത്രം.
വാല്‍കഷ്ണം:
ഇനി ഫാദര്‍ വടക്കന് അയച്ച കത്തിനെ പറ്റി ഉള്ള മാരീചന്റെ "വിശകലന'ത്തെ പറ്റി.. ഒരു മറുപടി ആ ആരോപണം അര്‍ഹിയ്ക്കുന്നോ എന്ന് സംശയം. പ്രതിയോഗികളോട് പോലും രാഷ്ട്രീയത്തിന് അതീതമായി വ്യക്തിബന്ധം പുലര്‍ത്തിയ അച്യുതമേനോന്‍ എന്ന വ്യക്തി, ഈ അഴിമതി കേസില്‍ തങ്ങളുടെനിലപാട് തീര്‍ത്തും രാഷ്ട്രീയപരമാണ് എന്നും, വ്യക്തിപരമായി ആര്‍ക്കും എതിരെ അല്ലെന്നും പറഞ്ഞ് എഴുതിയ കത്തിന്റെ ആശയം , രാഷ്ട്രീയ എതിരാളികളെ "പരനാറി", "കുലംകുത്തി" എന്നൊക്കെ വിശേഷിപ്പിയ്ക്കുന്നത് ആണ് ശ്രേഷ്ഠം എന്ന് കരുതുന്നവര്‍ക്ക് മനസ്സിലാകണം എന്നില്ല. ചന്ദ്രപ്പന്റെ കലാകൌമുദി അഭിമുഖത്തെ സ്വന്തം രീതിയില്‍ വളച്ചൊടിച്ച് ലേഖനം എഴുതിയ മാരീചന് പ്രത്യേകിച്ചും.
(തുടരും)