2012, ഒക്‌ടോബർ 8, തിങ്കളാഴ്‌ച

എന്തിനാണ് സി.പി.ഐയെ പിളര്‍ത്തിയത്?

കൊണ്ഗ്രെസ്സുമായി കൂട്ട് കൂടാന്‍ വേണ്ടിയല്ലേ സി.പി.ഐക്കാര്‍ പാര്‍ട്ടി പിളര്‍ത്തിയത് എന്ന് ഒരിടത്ത് മാരീചന്‍ രോഷം കൊള്ളുന്നുണ്ട്.
പാര്‍ട്ടി പിളര്ത്തിയതിന്റെ പാപഭാരം കൂടി സി.പി.ഐ ചുമക്കണം എന്ന് അര്‍ഥം!
കോണ്‍ഗ്രെസ്സിനോടുള്ള സമീപനത്തിലെ വ്യത്യാസം കൊണ്ട് ആണ് സി.പി.ഐ പിളര്‍ന്നു സി.പി.എം ഉണ്ടായത് എന്ന്, ചരിത്രത്തെ വളച്ചൊടിച്ച് ഏകാമാനത്തില്‍ കൊണ്ടുവന്നാല്‍ അല്ലെ തങ്ങളുടെ നിലനില്‍പ്പ്‌ തന്നെ സാധൂകരിയ്ക്കപ്പെടുകയുള്ളൂ എന്ന ഭയം, പല സി.പി.എമ്മുകാരെയും പോലെ മാരീചനും ഉണ്ട് എന്നിത് കാണിയ്ക്കുന്നു.
മാരീചന്‍ മറയ്ക്കാന്‍ ശ്രമിയ്ക്കുന്ന കുറച്ചു കഥകള്‍ കൂടി ദിഗംബരന്‍ പറഞ്ഞു തരാം.
ഇന്ത്യന്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും ദൌര്‍ഭാഗ്യകരമായ സംഭവമായിരുന്നു 1964 ലെ പിളര്‍പ്പ് എന്ന് കമ്മ്യുണിസത്തെ സ്നേഹിയ്ക്കുന്ന എല്ലാവരും സമ്മതിയ്ക്കും.
ആ പിളര്പ്പിലെയ്ക്ക് നയിച്ച സംഭവവികാസങ്ങളെ വസ്തുനിഷ്ടം ആയി പരിശോധിച്ചാല്‍, കാരണങ്ങള്‍ വെറുമൊരു കൊണ്ഗ്രെസ്സ് ബന്ധത്തില്‍ ഒതുങ്ങുന്നില്ല എന്ന് ആര്‍ക്കു0 വ്യക്തമാകും.
സി.പി.ഐയിലെ പിളര്‍പ്പിന്റെ തുടക്കം തേടുന്നവര്‍ ചെന്നെത്തുന്നത്, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു മുന്‍പേ നടന്ന ആശയവ്യത്യാസങ്ങളുടെ ചര്‍ച്ചയില്‍ ആകും.
ഇന്ത്യ സ്വാതന്ത്ര്യം നേടിയാല്‍ സ്വീകരിയ്ക്കേണ്ട നിലപാടുകള്‍ എന്താകണം എന്നതില്‍ തന്നെയായിരുന്നു അപ്പോള്‍ പ്രധാന തര്‍ക്കം. ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് ജനാധിപത്യവ്യവസ്ഥിതിയ്ക്ക് ഉള്ളില്‍ നിന്ന് കൊണ്ട് ജനകീയസമരങ്ങളുടെ ശക്തിയില്‍ പ്രവര്ത്തിയ്ക്കണം എന്ന് ദേശീയവാദികള്‍ വാദിച്ചപ്പോള്‍, മാര്‍ക്സിസ്റ്റ്‌-ലെനിനിസ്റ്റ് തത്വങ്ങളെ അല്ലാതെ മറ്റൊന്നിനെയും അനുസരിയ്ക്കേണ്ട ആവശ്യം ഇല്ല എന്ന് അതിവിപ്ലവകാരികള് വാദിച്ചു.‍
ദേശീയ ബൂര്‍ഷ്യാസിയോട് എടുക്കേണ്ട നിലപാട് എന്തായിരിയ്ക്കണം എന്നായിരുന്നു അടുത്ത തര്‍ക്കം. സോഷ്യലിസ്റ്റ്ആശയങ്ങളോട് പ്രതിപത്തി കാണിച്ച നെഹ്രുവിന്റെ നേതൃത്വത്തില്‍ ഉള്ള കൊണ്ഗ്രെസ്സിനോട് ഒരേ സമയം സഹകരണവും പോരാട്ടവും ഉള്ള സമീപനം ആണ് നല്ലത് എന്ന് ദേശീയവാദികള്‍ കരുതിയപ്പോള്‍, കൊണ്ഗ്രെസ്സിനോട് ഒരു തരത്തിലുള്ള മൃദു സമീപനവും പാടില്ല എന്ന് അതിവിപ്ലവകാരികള്‍ ശക്തമായി വാദിച്ചു.
അതിവിപ്ലവകാരികളുടെ അമിതാവേശം ഒടുവില്‍ ഇന്ത്യ എന്ന ജനാധിപത്യ രാജ്യസങ്കല്പ്പത്തിനെ തന്നെ തള്ളിപറയുന്ന "കല്‍ക്കട്ട തീസീസ്" വരെ എത്തിച്ചേര്‍ന്നതും, പൊതുസമൂഹത്തില്‍ നിന്നും ശക്തമായ എതിര്‍പ്പ് ലഭിച്ച ആ തെറ്റില്‍ നിന്നും കരകയറാന്‍ പാര്‍ട്ടിയ്ക്ക് ഏറെ പാട്പെടേണ്ടി വന്നതും ചരിത്രം. ജനാധിപത്യം മണ്ടത്തരമാണെന്നു പറഞ്ഞ് സായുധവിപ്ലവത്തിനു പാര്ട്ടിയെ ഇറക്കിച്ച കല്‍ക്കട്ട തീസീസിന്റെ മുഖ്യസൂത്രധാരന്‍, പിന്നീട് സി.പി.എം നേതാവായി മാറിയ സഖാവ് രണദിവെ ആയിരുന്നു എന്നതും ഓര്‍ക്കേണ്ട വസ്തുത ആണ്.
ദേശീയവാദികളും, അതിവിപ്ലവകാരികളും തമ്മിലുള്ള ഈ തര്‍ക്കം ഒരു ഘട്ടത്തില്‍ പാര്‍ട്ടിയെ പിളര്‍പ്പില്‍ എത്തിയ്ക്കും എന്ന ഘട്ടം വന്നപ്പോള്‍, സോവിയറ്റ് കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഇടപെട്ടു. സഖാക്കള്‍ അജയഘോഷ്, എസ്.എ.ഡാന്ഗെ, സി.രാജേശ്വര റാവു, എം. ബാസവപുന്നൈയ്യ എന്നിവരെ 1951 ല്‍ മോസ്ക്കൊവിലെയ്ക്ക് വിളിച്ചു വരുത്തി സോവിയറ്റ്നേതാക്കള്‍ ചര്‍ച്ച നടത്തി. അത് പിളര്‍പ്പ് ഒഴിവാക്കാന്‍ സഹായിച്ചു. വരാന്‍ പോകുന്ന പൊതു തെരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കാനും സോവിയറ്റ് നേതാക്കള്‍ ഉപദേശിച്ചു.
എന്നാല്‍ സി.പി.ഐ ജനാധിപത്യമാര്‍ഗ്ഗത്തില്‍ സഞ്ചരിയ്ക്കുന്നതിനെ ചൈനയിലെ കമ്മ്യുണിസ്റ്റ് പാര്‍ട്ടി ശക്തമായി എതിര്‍ത്തു. ഇന്ത്യാഗവണ്മെന്റ് സാമ്രാജ്യത്തിന്റെ കൈയ്യില്‍ ഉള്ള ഒരു ചട്ടുകം ആണെന്നും, പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളിലൂടെ അതിനെ മാറ്റാമെന്ന് വിചാരിയ്ക്കുന്നത് വങ്കത്തമാണ് എന്നും ആയുധമെടുത്ത് ഗറില്ലാസമരം നടത്തി നാട്ടിന്‍പുറത്ത് വിമോചിതപ്രദേശങ്ങള്‍ സൃഷ്ട്ടിയ്ക്കുകയാണ് അടിയന്തരകടമയെന്നുമാണ് ഇന്ത്യയിലെ കമ്മ്യുനിസ്ടുകാര്‍ക്ക് മാവോ നല്‍കിയ ഉപദേശം!
1957-ല്‍ കേരളത്തില്‍ മന്ത്രിസഭ രൂപീകരിച്ചതിനെ, ആ വര്ഷം മോസ്കോവില്‍ നടന്ന കമ്മ്യുണിസ്റ്റ്പാര്‍ട്ടികളുടെ അന്തര്‍ദേശീയ സമ്മേളനത്തില്‍ വച്ച് ചൈനീസ്‌ കമ്മ്യുണിസ്റ്റ് പാര്‍ട്ടി കടുത്തഭാഷയില്‍ വിമര്‍ശിച്ചു. എന്നാല്‍ സോവിയറ്റ് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെ ആ വിമര്‍ശനങ്ങളെ സി.പി.ഐ തള്ളികളഞ്ഞു. ഇന്ത്യന്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ പിളര്പ്പുണ്ടാക്കി ഒരു വിഭാഗത്തെ തങ്ങളോടു ഒപ്പം നിര്‍ത്താന്‍ ചൈന നടത്തുന്ന ശ്രമങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ഈ സംഭവം കാരണമായി.
എന്തായാലും ആദ്യതെരഞ്ഞെടുപ്പില്‍ തന്നെ കേരളത്തില്‍ അധികാരത്തില്‍ എത്തിയപ്പോള്‍, അതിവിപ്ലവകാരികള്‍, ആയുധം ഉപയോഗിച്ച് അധികാരം പിടിച്ചെടുക്കാം എന്ന സ്വപ്നലോകത്ത് നിന്ന് ഭൂമിയിലേയ്ക്ക് അല്പം താഴ്ന്നു വന്നു എന്ന് വേണം കരുതാന്‍. കല്‍ക്കട്ട തീസിസ് ഉണ്ടാക്കിയ രണദിവെ തന്നെ, 1959-ല്‍ "ന്യൂഏജ്" എഡിറ്റര്‍ എന്ന നിലയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഇങ്ങനെ എഴുതുകയുണ്ടായി.
"മന്ത്രിസഭ ചുമതലകള്‍ സ്വീകരിച്ചത് രാജ്യത്തെ ജനാധിപത്യശക്തികളെ സംഘടിപ്പിയ്ക്കാനും, ഒരുമിപ്പിയ്ക്കാനും പാര്‍ട്ടിയെ സഹായിച്ചു. സമരത്തിനും എതിര്‍പ്പിനും വേണ്ടി മാത്രമുള്ള ഒന്നല്ല ഈ പാര്‍ട്ടി എന്നും, ഭരണചുമതലകള്‍ നന്നായി നിര്‍വഹിയ്ക്കാന്‍ അതിനു കഴിയുമെന്ന വിശ്വാസം പൊതുജനങ്ങളില്‍ വളര്‍ത്താന്‍ കഴിഞ്ഞു. ഈ അനുഭവം രാജ്യത്തെ രാഷ്ട്രീയത്തിലും അടുത്ത പൊതുതെരഞ്ഞെടുപ്പിലും തീര്‍ച്ചയായും സ്വാധീനം ചെലുത്തും."
അടക്കി വച്ചിരുന്ന അഭിപ്രായവ്യത്യാസങ്ങള്‍ വീണ്ടും തലപൊക്കിയത്, ചൈനയുമായി ഇന്ത്യയുടെ നയതന്ത്രബന്ധങ്ങള്‍ വഷളായി തുടങ്ങിയ അതിര്‍ത്തി തര്‍ക്കങ്ങള്‍ ഉണ്ടായതോട് കൂടിയാണ്.
ചൈനയെ പേടിച്ച് 1959 മാര്‍ച്ച്‌ 31നു ഇന്ത്യയിലേയ്ക്ക് അഭയാര്‍ഥി ആയി വന്ന ദലൈലാമയ്ക്ക് ഇന്ത്യ രാഷ്ട്രീയ അഭയം കൊടുത്തത് ചൈനയെ ചൊടിപ്പിച്ചു. 1959 ആഗസ്റ്റില്‍ ‍ തന്നെ, ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ഇന്ത്യന്‍ ഭാഗമായിരുന്ന ലോങ്ങ്ജു പിടിച്ചടക്കി ചൈന ആദ്യവെടി പൊട്ടിച്ചു.
കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ വലിയ ചലനങ്ങള്‍ ഇത് സൃഷ്ട്ടിച്ചു. ദേശീയ നിര്‍വഹണസമിതിയില്‍ ശക്തമായ വാദപ്രതിവാദങ്ങള്‍ ഉണ്ടായി.
ചൈന അതിക്രമിച്ചു കയറി പ്രകോപനം സൃഷ്ട്ടിയ്ക്കുകയാണ് എന്നും ഇതിനെ ശക്തമായി അപലപിയ്ക്കണം എന്നും ഡാങ്കെയുടെ നേതൃത്വത്തില്‍ ഉള്ള ദേശീയവാദികള്‍ ‍ വാദിച്ചു. എന്നാല്‍ കമ്മ്യുണിസ്റ്റ് രാജ്യമായ ചൈനയല്ല ബുര്‍ഷ്വ രാജ്യമായ ഇന്ത്യയാണ് പ്രകോപനം സൃഷ്ട്ടിച്ചത് എന്നും ചൈനയെ അപലപിയ്ക്കുന്ന സമീപനം ശരിയല്ല എന്നായിരുന്നു രണദിവെ, സുന്ദരയ്യ, ജ്യോതിബസു എന്നിവര്‍ നേതൃത്വം നല്‍കിയ അതിവിപ്ലവകാരികളുടെ നയം. ദേശീയസെക്രെട്ടറി അജയഘോഷ്, ഇ എം.എസ് തുടങ്ങിയ കുറച്ചുപേര്‍ രണ്ടു വള്ളത്തിലും കാലുവയ്ക്കാതെ ഒരു മധ്യസ്ഥനയം സ്വീകരിച്ചു.
തര്‍ക്കങ്ങള്‍ക്കൊടുവില്‍ രണ്ടു വിഭാഗക്കാരെയും തൃപ്തിപ്പെടുത്താന്‍ വേണ്ടി മധ്യസ്ഥന്മാരുടെ ഇടപെടലിലൂടെ ഒരു രാഷ്ട്രീയപ്രമേയം അംഗീകരിച്ചു. ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സുരക്ഷയെ മാനിയ്ക്കുന്നതോടൊപ്പം, ചൈന ആക്രമകാരിയായ അയല്‍വാസി അല്ല എന്ന സന്ദേശമാണ് ഈ പ്രമേയം നല്‍കിയത്. ‍ രണ്ടു വിഭാഗക്കാരെയും ഈ പ്രമേയം തൃപ്തിപ്പെടുത്തിയില്ലെങ്കിലും താല്‍ക്കാലികമായ ഒരു വെടിനിര്‍ത്തലായിരുന്നു അത്.
എന്നാല്‍ ആ ഒത്തുതീര്‍പ്പ് അധികം നീണ്ടില്ല. ഒക്ടോബര്‍ 20ന് ലഡാക്കില്‍ വച്ച് ഇന്ത്യന്‍അതിര്‍ത്തിയില്‍ 40 കിലോമീറ്റെര്‍ ഉള്ളില്‍ കാവല്‍ നിന്നിരുന്ന ഇന്ത്യന്‍ പട്ടാളസംഘത്തെ ചൈനീസ് സൈന്യം ആക്രമിച്ചു. ഒന്‍പതു ഇന്ത്യന്‍ പട്ടാളക്കാര്‍ കൊല്ലപ്പെടുകയും, പത്തുപേര്‍ ചൈനയുടെ തടവിലാകുകയും ചെയ്തു.
ഇത് പാര്‍ട്ടിയ്ക്കുള്ളിലെ ദേശീയവാദികളെ പ്രകോപിപ്പിച്ചു. ചൈനയ്ക്കെതിരെ ശക്തമായ പ്രമേയം അവതരിയ്പ്പിയ്ക്കണം എന്നവര്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് നവംബറില്‍ കൂടിയ ദേശീയ നിര്‍വാഹകസമിതിയില്‍ ദേശീയവാദികളുടെ സമ്മര്‍ദ്ധഫലമായി, ചൈനയുടെ അവകാശവാദങ്ങളെ തള്ളികളഞ്ഞ്കൊണ്ട്, ഇന്ത്യ ഗവണ്മെന്റ് അവകാശപ്പെട്ട പോലെ, മ്ക്മാഹോന്‍രേഖയാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി എന്ന് അംഗീകരിയ്ക്കുന്ന ഒരു പ്രമേയം അംഗീകരിച്ചു. ചൈനയെ പിന്തുണച്ച അതിവിപ്ലവകാരികള്‍ക്ക്, ശക്തമായ തിരിച്ചടിയായിരുന്നു ഇത്.
ഇതിനിടെ ലോക കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിനുള്ളില്‍ സോവിയറ്റ് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയും, ചൈനീസ്‌ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയും തമ്മിലുള്ള ആശയപരമായ ഭിന്നത കൂടുതല്‍ രൂക്ഷമായി. 1960 ഏപ്രിലില്‍, ചൈനീസ്‌ കമ്മ്യുണിസ്റ്റ് പാര്‍ട്ടി പ്രസിദ്ധീകരണമായ "റെഡ് ഫ്ലാഗ്" , സോവിയറ്റ് യുണിയനെ ആശയപരമായി കടന്നാക്രമിച്ചു കൊണ്ട് "ലെനിനിസം നീണാള് വാഴട്ടെ" എന്ന പേരില്‍ ഒരു വിമര്‍ശനലേഖനം പ്രസിദ്ധീകരിച്ചു. ഒപ്പം ലോക തൊഴിലാളി സമ്മേളനത്തിലും, പല രാജ്യങ്ങളിലെ കമ്മ്യുണിസ്റ്റ് പാര്‍ട്ടികളുടെ സമ്മേളനങ്ങളിലും സോവിയറ്റ് യുണിയനെതിരെ ശക്തമായ ആശയപ്രചാരണം അഴിച്ചു വിട്ടു. സോവിയറ്റ് യുണിയന്‍ മുതലാളിത്തത്തിന് അടിമപ്പെടുന്നു എന്നായിരുന്നു ചൈനാക്കാരുടെ പ്രധാന വിമര്‍ശനം. (ആ ചൈന ആശയപരമായി ഇന്നെവിടെ ആണ് എന്ന് ആലോചിയ്ക്കുമ്പോള്‍ ആണ്, ഈ വിമര്‍ശനത്തിന്റെ നിസ്സാരത മനസ്സിലാകുക)
ലോകത്തെങ്ങും കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങളില്‍ ആശയ കുഴപ്പം ഉണ്ടാക്കാനും പല പാര്‍ട്ടികളും പിളരാനും ചൈനയുടെ ഈ തീവ്രവിപ്ലവ നിലപാട് കാരണമായി. ആ വര്ഷം നവംബറില്‍ മോസ്കോവില്‍ നടക്കാനിരുന്ന ലോക കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങളുടെ കൊണ്ഗ്രെസ്സില്‍ വച്ച്, ലോക കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തില്‍ നടക്കുന്ന ഈ ആശയ പോരാട്ടത്തില്‍, സി.പി.ഐയ്ക്കും സ്വന്തം നിലപാട് വ്യക്തമാക്കേണ്ട ആവശ്യമുണ്ടായിരുന്നു.
അതിനായി കൂടിയ ദേശീയ നിര്‍വഹണ സമിതി അംഗീകരിച്ച പ്രമേയം ചൈനീസ്‌ നിലപാടിനെ വിമര്ശിയ്ക്കുന്നതും സോവിയറ്റ് നിലപാടിനെ അനുകൂലിയ്ക്കുന്നതും ആയിരുന്നു. ദേശീയ നിര്‍വഹണസമിതിയില്‍ ദേശീയവാദികള്‍ക്ക് ഉണ്ടായിരുന്ന ഭൂരിപക്ഷമായിരുന്നു ഇത്തരം ഒരു നിലപാടിന് കാരണം. ദേശീയ ജെനറല്‍ സെക്രെട്ടറി അജയഘോഷ് അവതരിപ്പിച്ച പ്രമേയത്തെ, ഇ.എം.എസ് നമ്പൂതിരിപ്പാട് പിന്തുണച്ചു എന്നത് വളരെ ശ്രദ്ധേയമാണ്.
(സി പി എം രൂപീകരിയ്ക്കപ്പെട്ട ശേഷം ചൈനയുടെ ഏറ്റവും വലിയ അനുകൂലിയായി കെട്ടുകണക്കിന് ലേഖനങ്ങള്‍ എഴുതിയിട്ടുള്ള ഇ.എം.എസ്, എന്ത് കൊണ്ട് ആദ്യകാലങ്ങളില്‍ സോവിയറ്റ് അനുകൂലമായ ഒരു നിലപാട് എടുത്തു എന്നത്, ഇ.എം.എസ് എന്ന വ്യക്തിത്വവുമായി ബന്ധപ്പെട്ടു ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വിഷയമാണ്. അത് മറ്റൊരു അവസരത്തില്‍ ദിഗംബരന്‍ എഴുതുന്നതാണ്)
ലോക കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങളുടെ കൊണ്ഗ്രെസ്സില്‍ സഖാവ് അജയഘോഷ് നടത്തിയ പ്രസംഗം ആശയ തലങ്ങളില്‍ സോവിയറ്റ് യുണിയനെ പിന്തുണയ്ക്കുന്നതും, ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ചൈനയെ വിമര്ശിയ്ക്കുന്നതും ആയിരുന്നു. ഈ സംഭവ വികാസങ്ങള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയ്ക്കുള്ളിലെ ഭിന്നിപ്പ് വര്‍ധിപ്പിച്ചു. പ്രത്യേകിച്ചും പശ്ചിമ ബംഗാളിലെ സംസ്ഥാനഘടകം ദേശീയനേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമായി ചൈനീസ്‌ നയത്തെ പിന്തുണയ്ക്കുന്ന സമീപനം ആണ് പുലര്‍ത്തിയത്‌. അവിടെ സംസ്ഥാന കമ്മിറ്റിയില്‍ അതിവിപ്ലവകാരികള്‍ക്ക് ആയിരുന്നു ഭൂരിപക്ഷം.
വിജയവാഡയില്‍ 1961 ഏപ്രില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ആറാം പാര്‍ട്ടി കൊണ്ഗ്രെസ്സിനു മുന്നോടിയായി, ദേശീയ നേതൃത്വത്തില്‍ ദേശീയവാദികള്‍ക്ക് ലഭിച്ച മേല്‍കൈ ഇല്ലാതാക്കാനായി, അതിവിപ്ലവകാരികള്‍ ഓരോ സംസ്ഥാന കമ്മിറ്റികള്‍ ആയി തങ്ങളുടെ വശത്താക്കാന്‍ ശ്രമം തുടങ്ങി. ഇതിനെ എതിര്‍ത്ത് കൊണ്ട് ദേശീയവാദികളും ശ്രമം തുടങ്ങിയതോടെ പാര്‍ട്ടിയില്‍ വ്യക്തമായ രണ്ടു ചേരികള്‍ പ്രാദേശിക തലം വരെ വ്യാപിച്ചു. ഓരോ കൂട്ടരും തങ്ങളുടെ കൂടെ ആളെ കൂട്ടാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.
ആദ്യകാലത്ത് ദേശീയവാദികളുടെ കൂടെ നിന്ന ലോകസഭ പ്രതിപക്ഷ നേതാവായിരുന്ന സഖാവ് എ.കെ.ഗോപാലന്‍ തീവ്രവിപ്ലവകാരികളുടെ ഭാഗത്തേയ്ക്കും, ആദ്യകാലത്ത് തീവ്രവിപ്ലവകാരികളുടെ കൂടെയായിരുന്ന സഖാവ്.സി.രാജേശ്വര റാവു ദേശീയ വാദികളുടെ ഭാഗത്തേയ്ക്കും കൂറ് മാറി എന്നത് ശ്രദ്ധേയമാണ്.
1961 ഫെബ്രുവരിയില്‍ കൂടിയ ദേശീയ സമിതിയില്‍ വച്ച് പാര്‍ട്ടി കൊണ്ഗ്രെസ്സില്‍ അവതരിപ്പിയ്ക്കാന്‍ സഖാവ് അജയഘോഷ് തയ്യാറാക്കിയ രാഷ്ട്രീയ പ്രമേയത്തെ എതിര്‍ത്ത് കൊണ്ട്, അതിവിപ്ലവകാരികള്‍ക്ക് ‍ വേണ്ടി രണദിവെ ഒരു രാഷ്ട്രീയ പ്രമേയം കൊണ്ടുവന്നു. രണ്ടുപക്ഷവും തര്‍ക്കം തുടര്‍ന്നപ്പോള്‍, ഇ.എം എസ് നമ്പൂതിരിപ്പാട് സ്വന്തമായി തയ്യാറാക്കിയ ഒരു രാഷ്ട്രീയ പ്രമേയവും കൊണ്ട് വന്നു. ഇതില്‍ ഏതു പ്രമേയമാണ് സ്വീകരിയ്ക്കേണ്ടത് എന്നതിനെ സംബന്ധിച്ച് വാശിയേറിയ ചര്‍ച്ചകള്‍ നടന്നു. മൂന്നു പ്രമേയങ്ങളുടെയും അന്തസത്ത ഇതാണ്.
1 ) ദേശീയ വാദികള്‍:- സമൂഹം നേരിടുന്ന ഏറ്റവും വലിയ ഭീഷണി കുത്തക മുതലാളിത്തവും, വിദേശ മൂലധനവുമാണ്. അതിനെ ശക്തിയുതം എതിര്‍ക്കണം. എന്നാല്‍ ദേശീയ ബൂര്‍ഷവാസിയുടെ നയങ്ങള്‍ പൂര്‍ണ്ണമായും പിന്തിരിപ്പനല്ല. പുരോഗമനകരമായ അംശങ്ങളും അവരിലുണ്ട്‌. അവരോടു സാഹചര്യങ്ങളെ വിലയിരുത്തി ഒരേ സമയം പോരാട്ടവും, സഹകരണവും പുലര്‍ത്തുന്ന ഒരു സമീപനം പുലര്‍ത്തണം. ഒപ്പം ബൂര്‍ഷ്വാ സ്വഭാവമുണ്ടെങ്കിലും, കൊണ്ഗ്രെസ്സ് അടക്കമുള്ള ജനാധിപത്യ പാര്‍ട്ടികളില്‍ നിന്നുള്ള പുരോഗമനപരമായി ചിന്തിയ്ക്കുന്ന വിഭാഗങ്ങളെ തൊഴിലാളി വര്‍ഗ്ഗം ഒരുക്കുന്ന പൊതുപോരാട്ടവേദിയിലേയ്ക്ക് സ്വാഗതം ചെയ്യണം.
2 ) അതിവിപ്ലവകാരികള്‍ :- കൊണ്ഗ്രെസ്സ് അടക്കമുള്ള ദേശീയ ബൂര്‍ഷ്വാ പാര്‍ട്ടികളുമായി ഒരു തരത്തിലുള്ള സഹകരണവും പാടില്ല. അവരെ എന്നും ശക്തമായി എതിര്‍ക്കുക മാത്രമേ ചെയ്യാവൂ. ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ പൊതു വേദിയുടെ മാര്‍ഗ്ഗം "ജനകീയ ജനാധിപത്യം" ആയിരിയ്ക്കണം.
ഇ.എം.എസ് അവതരിപ്പിച്ച പ്രമേയം രണ്ടു വള്ളത്തിലും വ്യക്തമായി കാലൂന്നാത്ത എന്നാല്‍ ദേശീയവാദികളുടെ വിലയിരുത്തലിനോട് അല്പം അടുത്ത് നില്‍ക്കുന്ന ഒരു മധ്യസ്ഥശ്രമം ആയിരുന്നു. ബൂര്‍ഷ്വാസി രണ്ടു വിധം ഉണ്ട്. വിദേശ, സ്വദേശ കുത്തക മുതലാളിത്തം ഉള്‍പ്പെടുന്ന ഒരു വിഭാഗവും, കോളനി വല്‍ക്കരണവും ജന്മിത്വവും എതിര്‍ക്കുന്ന മറ്റൊരു വിഭാഗവും. ഇതില്‍ രണ്ടാമത്തെ വിഭാഗത്തെ ഇടതുപ്രസ്ഥാനത്തോട്‌ കൂടുതല്‍ അടുപ്പിയ്ക്കണം, എന്നായിരുന്നു ആ പ്രമേയം.
ദേശീയവാദികള്‍ക്ക് ‍ ഭൂരിപക്ഷം ഉണ്ടായിരുന്ന ദേശീയസമിതി, മറ്റു രണ്ടു നിര്‍ദേശങ്ങളും പരിഗണിച്ചു കൊണ്ട്, കരടു രാഷ്ട്രീയ പ്രമേയത്തില്‍ കൊണ്ഗ്രെസ്സിനെതിരെയും, നെഹ്രുവിനെതിരെയും ചില പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തി, മറ്റു രണ്ടു പ്രമേയങ്ങളെയും തള്ളി.
1961 ഏപ്രിലില്‍ വിജയവാഡ പാര്‍ട്ടി കൊണ്ഗ്രെസ്സ് നടന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട 110 അംഗ ദേശീയ സമിതിയില്‍ 36 പേര്‍ മാത്രമായിരുന്നു തീവ്രവിപ്ലവകാരികള്‍. അങ്ങനെ വീണ്ടും ഭൂരിപക്ഷം ദേശീയവാദികള്‍ക്ക് ലഭിച്ചു.
1961 ജനുവരിയില്‍ സഖാവ് അജയഘോഷ് അന്തരിച്ചു. പകരം പുതിയ സെക്രെട്ടറിയെ തെരഞ്ഞെടുക്കുന്നത് പുതിയ തലവേദനയായി. ദേശീയവാദികള്‍ സഖാവ്.ഡാന്ഗേയുടെ പേര് നിര്‍ദേശിച്ചു. തീവ്ര വിപ്ലവകാരികള്‍ വളരെ തന്ത്രപൂര്‍വ്വം സഖാവ് ഇ.എം.എസ്സിന്റെ പേര് ഉയര്‍ത്തികൊണ്ടു വന്നു. എന്നും മധ്യസ്ഥ വേഷം കളിയ്ക്കാന്‍ ശ്രമിച്ച ഇ.എം.എസ്സിനെ, ഒരു പിളര്‍പ്പ് ഉണ്ടാകുന്ന പക്ഷം സ്വന്തം പാളയത്തില്‍ എത്തിയ്ക്കാനുള്ള ആദ്യതന്ത്രം ആയിരുന്നു അത്. അത് മനസ്സിലാക്കിയ ദേശീയവാദികള്‍ ഇ.എം.എസ്സിനെ സെക്രെട്ടറി ആക്കുന്നതിനെ പിന്തുണച്ചു. അതോടൊപ്പം സഖാവ് ഡാന്ഗെയേ പാര്‍ട്ടി ചെയര്‍മാനും ആയി നിര്‍ദേശിച്ചു. ഇത് അംഗീകരിയ്ക്കപ്പെട്ടു.
ഒരു പിളര്‍പ്പ് ഒഴിവാക്കുന്നതിനായി നടത്തിയ ഈ തീരുമാനങ്ങള്‍ പക്ഷെ കൂടുതല്‍ കുഴപ്പത്തിലേയ്ക്ക് കാര്യങ്ങള്‍ എത്തിച്ചു. തന്റെ പദവിയ്ക്ക് മുകളില്‍ ഡാന്ഗെ എത്തിയത് ഇ.എം.എസ്സിന് മനസ്സ് കൊണ്ട് അംഗീകരിയ്ക്കാന്‍ കഴിഞ്ഞില്ല. പല കാര്യങ്ങളിലും സെക്രെട്ടറിയും, ചെയെര്മാനും രണ്ടു തട്ടുകളില്‍ ആക്കാന്‍ ഇത് കാരണമായി.
1962 ഒക്ടോബര്‍ 20 ന് ചൈന ഇന്ത്യക്കെതിരെ ആക്രമണം ആരംഭിച്ചു. ഇത് വീണ്ടും പാര്‍ട്ടിയില്‍ പ്രതിസന്ധി സൃഷ്ട്ടിച്ചു. നവംബര്‍ ഒന്നിന് കൂടിയ ദേശീയ സമിതി ചൈനയുടെ ആക്രമണത്തെ ശക്തമായി അപലപിച്ചു എന്ന് മാത്രമല്ല മാതൃ രാജ്യത്തിന് വേണ്ടി പൊരുതാന്‍ ഇന്ത്യന്‍ ജനതയോട് ആഹ്വാനം നടത്തുകയും ചെയ്തു. തീവ്ര വിപ്ലവകാരികളുടെ ശക്തമായ എതിര്‍പ്പിനെ തള്ളി കൊണ്ടാണ് ഈ പ്രമേയം പാസ്സാക്കിയത്. ഇതില്‍ പ്രതിഷേധിച്ച് മൂന്നു തീവ്ര വിപ്ലവകാരികള്‍ ദേശീയ നിര്‍വഹണ സമിതിയില്‍ നിന്നും രാജി വയ്ക്കുകയും, ദേശീയസമിതിയില്‍ അവരുടെ അംഗബലം 33 ആയി കുറയുകയും ചെയ്തു.
1962 നവംബര്‍ 22 ന് ഇന്ത്യ ഗവണ്മെന്റ് "ഡിഫെന്‍സ് ഓഫ് ഇന്ത്യ ഓര്‍ഡിനന്‍സ്" ഉപയോഗിച്ച് ചൈനയെ പിന്തുണയ്ക്കുന്നു എന്ന് ആരോപിച്ച് ആയിരക്കണക്കിന് സി പി ഐ പ്രവര്‍ത്തകരെ ദേശീയ വ്യാപകമായി അറസ്റ്റ് ചെയ്തു. തീവ്ര വിപ്ലവകാരികളെ ആയിരുന്നു കൂടുതലും അറസ്റ്റ് ചെയ്തതെങ്കിലും, സി ഉണ്ണിരാജ, അച്യുതമേനോന്‍ അടക്കമുള്ള ദേശീയവാദികളും, ഇ.എം എസ് അടക്കമുള്ള മധ്യസ്ഥരും അറസ്റ്റു ചെയ്യപ്പെടുകയുണ്ടായി. ദേശീയവാദികള്‍ ഒറ്റികൊടുത്തത് കൊണ്ടാണ് തങ്ങള്‍ അറസ്റ്റ് ചെയ്യപ്പെട്ടതെന്ന് രാജ്യവ്യാപകമായി പ്രചാരണം തുടങ്ങിയ തീവ്ര വിപ്ലവകാരികള്‍ ഒരു സമാന്തര പാര്‍ട്ടിയെ പോലെ പ്രവര്‍ത്തനം നടത്താനുള്ള ഒരുക്കങ്ങള്‍ നടത്തി.
ഈ ഒറ്റിക്കൊടുക്കല്‍ ആരോപണത്തിന്റെ മുന ഒടിയുന്നത്‌ രണ്ടു കാരണങ്ങള്‍ കൊണ്ടാണ്. കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ ആരാണ് ദേശീയ വാദികള്‍ ആരാണ് തീവ്ര വിപ്ലവകാരികള്‍ എന്നത് അന്നത്തെ സമൂഹത്തില്‍ എല്ലാവര്ക്കും അറിയാമായിരുന്ന കാര്യമായിരുന്നു എന്നതാണ് ഒന്നാമത്തെ കാര്യം. രണ്ടു കൂട്ടരും സ്വന്തം നിലപാടുകള്‍ പ്രചരിപ്പിയ്ക്കാന്‍ ശ്രമിച്ചത്‌ കാരണം പ്രാദേശിക തലത്തില്‍ വരെ പൊതു സമൂഹത്തില്‍ ആ ആശയ വ്യത്യാസം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അതിനാല്‍ തന്നെ ആരാണ് ചൈനയെ പിന്തുണയ്ക്കുന്നത് എന്നറിയാന്‍ ശക്തമായ രഹസ്യാന്വേഷണ വിഭാഗവും പോലീസും ഒക്കെയുണ്ടായിരുന്ന കൊണ്ഗ്രെസ്സ് സര്‍ക്കാരിനു യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.
അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ പിലക്കാലത്ത് സി.പി.ഐക്കാരായി ഉറച്ചു നിന്ന ധാരാളം പേര്‍ ഉണ്ടായിരുന്നു എന്നതാണ് രണ്ടാമത്തെ കാര്യം. അക്കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ട 41 പ്രമുഖ ഇടതുപക്ഷനേതാക്കളുടെ കൂട്ടത്തില്‍,പിന്നീട് സി.പി.ഐയില്‍ ഉറച്ചുനിന്ന സി.അച്യുതമേനോന്‍, ടി.വി.തോമസ്, ജെ.ചിത്തരഞ്ജന്‍, എന്‍.ഇ.ബലറാം, വി.വി.രാഘവന്‍, കെ.പി.പ്രഭാകരന്‍, ജോര്‍ജ് ചടയംമുറി, സി.ഉണ്ണിരാജ, സി.ജനാര്‍ദ്ദനന്‍, കെ.സി.മാത്യു, കെ.എ.രാജന്‍, ഇ.പി.ഗോപാലന്‍, ശര്‍മ്മാജി, പി.പി.ജോര്‍ജ്(കോട്ടയം), കെ.ടി.ജോര്‍ജ്, കെ.എസ്.ആനന്ദന്‍, കെ.വി.സുരേന്ദ്രനാഥ് തുടങ്ങിയ 18പേരും ഉള്‍പ്പെട്ടിരുന്നു. 1962 നവംബറിലാണ് ഇവരെയെല്ലാം അറസ്റ്റുചെയ്ത് ജയിലിലടച്ചത്. 1963 മാര്‍ച്ചില്‍ മാത്രമാണ് ഇവര്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞത്.
ദേശീയ നേതൃത്വത്തിന്റെ ചൈന വിരുദ്ധ , ഇന്ത്യ അനുകൂല നിലപാടിനോട്, തീവ്ര വിപ്ലവകാരികള്‍ക്ക് ഭൂരിപക്ഷം ഉണ്ടായിരുന്ന ബംഗാളിലെയും, പഞ്ചാബിലെയും സംസ്ഥാനകമ്മിറ്റികള്‍ ശക്തമായ എതിര്‍പ്പ് പ്രഖ്യാപിച്ചു കൊണ്ട് പ്രമേയങ്ങള്‍ പാസ്സാക്കി. ഇത് ദേശീയ നേതൃത്വത്തെ ചൊടിപ്പിച്ചു. രണ്ടു കമ്മിറ്റികളും പിരിച്ചു വിട്ട്, സംസ്ഥാന്‍ കമ്മിറ്റികളെ പുനസംഘടിപ്പിച്ചു. ഇത് തീവ്ര വിപ്ലവകാരികളെ കൂടുതല്‍ ചൊടിപ്പിച്ചു. പാര്‍ട്ടി പിളര്ത്തുകയല്ലാതെ മറ്റൊരു മാര്ഗ്ഗവുമില്ലെന്നു തീരുമാനിച്ച അവര്‍ അതിനുള്ള ശ്രമങ്ങള്‍ തുടങ്ങി.
1963 ഫെബ്രുവരി യില്‍ കൂടിയ ദേശീയ സമിതിയില്‍ സഖാവ്. ഇ.എം എസ് തീവ്ര വിപ്ലവകാരികളുടെ പിന്തുണയോടെ ഒരു പ്രമേയം കൊണ്ട് വന്നു. സി.പി.ഐ നേതൃത്വത്തിന്റെ നടപടികളെ "റിവിഷനലിസം" എന്ന് ആക്ഷേപിച്ച ആ പ്രമേയം, ചൈനയ്ക്കെതിരെ പാര്‍ട്ടി സ്വീകരിച്ച നിലപാടിനെയും വിമര്‍ശിച്ചു. ഈ പ്രമേയത്തെ ഭൂരിപക്ഷ അടിസ്ഥാനത്തില്‍ ദേശീയ സമിതി തള്ളി. ഇതില്‍ പ്രതിഷേധിച്ച് ഇ.എം.എസ്പാര്‍ട്ടി ജനറല്‍ സെക്രെടറി സ്ഥാനം രാജി വച്ചു.
പാര്‍ട്ടി പിളര്പ്പിലെയ്ക്ക് നീങ്ങി കൊണ്ടിരിയ്ക്കുകയായിരുന്നു എന്ന് വ്യക്തമായതോടെ 1963 ഒക്ടോബര്‍ന് 17 ദേശീയ കമ്മിറ്റി അംഗങ്ങള്‍ "പാര്‍ട്ടിയിലെ പ്രതിസന്ധിയും പിളര്‍പ്പ് ഒഴിവാക്കാനുള്ള മാര്‍ഗ്ഗങ്ങളും" എന്നാ പേരില്‍ ഒരു ലഘു രേഖ കമ്മിറ്റിയില്‍ വിതരണം ചെയ്തു. ജ്യോതിബസു, ഇ.എം.എസ്, സി.അച്യുതമേനോന്‍ എന്നിവരെപ്പോലുള്ള ചില നേതാക്കള്‍ ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ ശ്രമിച്ചു. എങ്കിലും അതൊന്നും ഫലം കണ്ടില്ല. പാര്‍ട്ടി പിളരുമെന്ന് അതിവിപ്ലവകാരികള്‍ ഉറപ്പാക്കിയിരുന്നു . അതിനു ഒരു അടിയന്തരകാരണം മാത്രം അവര്‍ക്ക് മതിയായിരുന്നു.
1964 മാര്‍ച്ച്‌ 7 ന് "കറന്റ്‌" എന്ന പേരിലുള്ള, ബോംബയില്‍ നിന്നും പ്രസിദ്ധീകരിയ്ക്കുന്ന, കമ്മ്യുണിസ്റ്റ് വിരുദ്ധതയുടെ പേരില്‍ അറിയപ്പെടുന്ന, ഒരു ഇക്കിളി വാരിക ഒരു ലേഖനം പ്രസിദ്ധപ്പെടുത്തി. സഖാവ് ഡാന്ഗെ കാന്‍പൂര്‍‍ ഗൂഡാലോചന കേസില്‍ പ്രതിയായി ഉത്തരപ്രദേശിലെ സിതാപൂര്‍ ജയിലില്‍ കഴിയുന്ന കാലത്ത് 1924 ജൂലൈ 28 ന് ബ്രിട്ടീഷ്‌ ഗവേര്‍ണര്‍ ജെനറലിന് മാപ്പപേക്ഷ നല്‍കി ഒരു കത്ത് അയച്ചു എന്നും, മോചിപ്പിയ്ക്കുന്ന പക്ഷം ബ്രിട്ടീഷ്‌ സര്‍ക്കാരിന്റെ വിശ്വസ്തദാസനായി പ്രവര്ത്തിയ്ക്കം എന്നും ആ കത്തില്‍ ഡാന്ഗെ വാഗ്ദാനം ചെയ്തിരുന്നു എന്നായിരുന്നു ആ ലേഖനം ആരോപിച്ചിരുന്നത്.
ഈ ആരോപണം സഖാവ് ഡാന്ഗെ ശക്തമായി നിഷേധിച്ചു. ഈ കത്ത് വ്യാജമാണെന്നും, ഇത് സത്യമാണെങ്കില്‍ ഈ കത്ത് എഴുതി എന്ന് പറയുന്ന തീയതിയ്ക്ക് ശേഷം പിന്നെയും ഒരു വര്ഷം കഴിഞ്ഞാണ് താന്‍ ജയില്മോചിതന്‍ ആയതെന്നും, തുടര്‍ന്ന് വേറെ പല കേസുകളിലും ആയി ബ്രിട്ടീഷ്‌ ഗവണ്മെന്റ് തന്നെ ജയിലിലടച്ചു പീഡിപ്പിച്ചത് എന്തിനു വേണ്ടി ആയിരുന്നു എന്നും കത്ത് പ്രസിദ്ധീകരിച്ചവര്‍ വ്യക്തമാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എങ്കിലും, അവസരം മുതലെടുത്ത്‌ ഈ കത്ത് ആയുധമാക്കാന്‍ ആയിരുന്നു തീവ്രവിപ്ലവകാരികളുടെ തീരുമാനം. 1964 ഏപ്രില്‍ നടന്ന ദേശീയ സമിതിയില്‍ അവര്‍ ഈ ആരോപണം ഉയര്‍ത്തിപ്പിടിച്ച്‌ ഡാന്ഗേയ്ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടു. എന്നാല്‍ സഖാവ് ഡാന്ഗെ നല്‍കിയ വിശദീകരണത്തില്‍ തൃപ്തി രേഖപ്പെടുത്തിയും, നിലവാരം കുറഞ്ഞ ഒരു കമ്മ്യുണിസ്റ്റ് വിരുദ്ധ വാരികയുടെ വ്യാജആരോപണത്തിന്റെ പേരില്‍ ഡാന്ഗേയ്ക്കെതിരെ പാര്‍ട്ടി അന്വേഷണം പ്രഖ്യാപിയ്ക്കുന്നത് ശരിയല്ലെന്നും വിലയിരുത്തിയ സമിതി ഈ ആവശ്യം തള്ളി.
ഇതില്‍ പ്രതിഷേധിച്ച് ഇ.എം.എസ് ഉള്‍പ്പടെയുള്ള 32 അംഗങ്ങള്‍ ഇറങ്ങിപോയി. അതോടെ സി.പി.ഐ യുടെ പിളര്‍പ്പ് പൂര്‍ത്തിയായി. സി.പി.എമ്മിന്റെ പിറവിയും ഉണ്ടായി!
(1964 മാർച്ച് 31 ന് ചൈനീസ് പത്രങ്ങളായ പീപ്പിൾസ് ഡെയിലിയും റെഡ് ഫ്ലാഗും CPI ഉൾപ്പടെയുളള സോവിയറ്റ് അനുകൂല പാർട്ടികളെ പിളർക്കുന്നതിന് ആഹ്വാനം ചെയ്യുന്ന ലേഖനം പ്രസിദ്ധീകരിച്ച് 10 ദിവസം കഴിഞ്ഞാണ് ഈ പിളർപ്പ് ഉണ്ടായത് എന്നത് ശ്രദ്ധേയം ഇറ്റലി, ഫ്രാൻസ്, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലെ കമ്മ്യുണിസ്റ്റ് പാർട്ടികളും ഇതേ സമയത്ത് തന്നെ പിളർന്നു.)
എന്തായാലും ഡാന്ഗേയുടെ പേരിലുള്ള ആ "കത്ത് ആരോപണം ഒരു നനഞ്ഞ പടക്കം പോലെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കെട്ടടങ്ങി. 13 വര്‍ഷക്കാലം ബ്രിട്ടിഷു സര്‍ക്കാരിന്റെ ജയിലില്‍ കൊടിയ പീഡനങ്ങള്‍ അനുഭവിച്ച്, തന്റെ യുവത്വവും ജീവിതവും ഇന്ത്യയില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി രൂപീകരിയ്ക്കുന്നതിനും വളര്‍ത്തുന്നതിനും ചെലവഴിച്ച സഖാവ് ഡാന്ഗേയുടെ വ്യക്തിപ്രഭാവത്തിന് കളങ്കം എല്പ്പിയ്ക്കാന്‍ മാത്രം ശക്തി ആ വ്യാജ കത്തിന് ഉണ്ടായിരുന്നില്ല. ഡാന്ഗെയേ തെറി പറഞ്ഞു കൊണ്ട് 1964 അവസാനം സി പി എം പ്രസിദ്ധീകരിച്ച "ഡാന്ഗേയുടെ മുഖംമൂടി അഴിയുന്നു" എന്ന ലഘുരേഖയില്‍ അല്ലാതെ വേറൊരിടത്തും അതിനു സ്ഥാനം ലഭിച്ചില്ല. ("വ്യക്തിപരമായി ഡാന്ഗെ വെറുമൊരു പുഴുവാണ്" എന്നെല്ലാമുള്ള പരാമര്‍ശങ്ങള്‍ കൊണ്ട് സമ്പന്നം ആയിരുന്നു ഈ ലഘുരേഖ)
ഇന്ന് "ക്രൈം" പോലുള്ള ചില ഇക്കിളി മാസികകളും, നന്ദകുമാറിനെ പോലുള്ള ചില ദല്ലാള് മാരെയും വച്ചു എതിരാളികളെ ഒതുക്കാന്‍ ശ്രമിയ്ക്കുന്ന ചില രാഷ്ട്രീയക്കാരുടെ പ്രവൃത്തികള്‍ കണ്ടു കൊണ്ടിരിയ്ക്കുന്ന കേരള ജനതയ്ക്ക് സഖാവ് ഡാന്ഗെ യ്ക്കെതിരെ നടന്ന ഈ ആരോപണത്തിന്റെ രാഷ്ട്രീയം മനസ്സിലാക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടാകും എന്ന് ദിഗംബരന്‍ കരുതുന്നില്ല.
ഈ വസ്തുതകളെ മുഴുവന്‍ പരിശോധിച്ചാല്‍ എന്താണ് മനസ്സിലാകുക?
മാരീചന്‍ അവകാശപ്പെടും പോലെ കൊണ്ഗ്രെസ്സിനോടുള്ള അടുപ്പം എന്ന ഒറ്റ ഒരു കാരണം കൊണ്ടല്ല പാര്‍ട്ടിയില്‍ പിളര്‍പ്പ് ഉണ്ടായത് എന്നല്ലേ?
ആശയപരവും സംഘടനാപരവും ആയ ഭിന്നിപ്പുകള്‍ മുതല്‍, വ്യക്തിപരമായ ഇഗോകള്‍ വരെ കാരണങ്ങളില്‍ ഉള്‍പ്പെടും.
പിളര്‍പ്പ് നടന്നിട്ട് നടന്ന തെരഞ്ഞെടുപ്പുകളില്‍ ‍ കൊണ്ഗ്രെസ്സുമായി ഒരു സഖ്യവും ഉണ്ടാക്കാതെയാണ് സി പി ഐ മത്സരിച്ചത് എന്ന വസ്തുത തന്നെ ഈ ആരോപണത്തെ തകര്‍ക്കാന്‍ പര്യാപ്തമാണ്.
പിളര്‍പ്പിനു ആധാരമായ വസ്തുതകള്‍ ഇന്നെവിടെ നില്‍ക്കുന്നു എന്നത് കൂടി വിലയിരുത്തുമ്പോള്‍, ശരിയ്ക്കും നോവേണ്ടത് സി.പി.എമ്മിനാണ് എന്ന് കൂടി ദിഗംബരന്‍ പറഞ്ഞു കൊള്ളട്ടെ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ