2012, സെപ്റ്റംബർ 30, ഞായറാഴ്‌ച

മാരീചന്റെ സി.പി.ഐ വധം ആട്ടകഥകള്‍

രാവണന്റെ ഉത്തരവ് അനുസരിച്ച്, വേഷം മാറി വന്ന് രാമനെയും ലക്ഷ്മണനെയും തെറ്റിദ്ധരിപ്പിച്ച് ഒഴിവാക്കി, സീതയെ തട്ടിയെടുക്കാന്‍ വേണ്ടി സഹായിച്ച രാക്ഷസനാണ് മാരീചന്‍ എന്നാണ് രാമായണം പറയുന്നത്. ആധുനിക കാലത്തും മാരീച വേഷധാരികളുടെ ധര്‍മ്മം മറ്റൊന്നല്ല. തന്നെ നിയോഗിച്ച രാവണന്മാരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ചരിത്രത്തെ വേഷം മാറ്റിച്ചു കൊണ്ട് മാലോകരെ വഴി തെറ്റിയ്ക്കുക എന്ന സ്വന്തം അവതാരഉദ്ദേശം നിറവേറ്റുക എന്നതിനപ്പുറം മാരീചന്മാര്‍ക്ക് മറ്റു എന്ത് ജീവിതം!
ചരിത്രത്തെ സ്വന്തം ആവശ്യമനുസരിച്ച്‌ വ്യാഖ്യാനിച്ച് വളച്ചൊടിച്ചു വ്യഭിചരിയ്ക്കുമ്പോള്‍, അത് മാന്യമായി വേണമെന്ന് മാലോകര്‍ പ്രതീക്ഷിയ്ക്കാന്‍ പാടില്ലലോ. അത് കൊണ്ട് തന്നെ "നായ വിസര്‍ജ്ജിയ്ക്കുന്നത് നായകാഷ്ടം തന്നെയായിരിയ്ക്കും എന്നും അതിന് ഒരിയ്ക്കലും സുഗന്ധം ഉണ്ടാകില്ല " എന്നും മാരീച മൊഴികളുടെ വായനക്കാര്‍ക്കൊപ്പം ദിഗംബരനും അറിയാം. വഴിയില്‍ എവിടെയെങ്കിലും ഒരു മൈല്‍ കുറ്റിയോ പോസ്റ്റോ കണ്ടാല്‍ ഉടനെ കാലുയര്‍ത്തി മൂത്ര വിസര്‍ജ്ജനം ചെയ്യുന്നത് നായകളുടെ വര്‍ഗ്ഗ സ്വഭാവം ആണല്ലോ. "ഐയ്യേ..ഇതെന്തു വൃത്തികേട്‌!" എന്ന് വിചാരിച്ച് ആരെങ്കിലും അത് വിസര്‍ജ്ജനം നടത്തിയ സ്ഥലത്ത് അണുനാശിനി തളിയ്ക്കാന്‍ ശ്രമിയ്ക്കുന്നു എന്ന് കരുതുക. എങ്കില്‍ അവനു ജീവിതകാലം മുഴുവന്‍ അതിനേ സമയം കാണുകയുള്ളൂ. നാട്ടുകാര്‍ "അവനു വട്ടാണ്" എന്ന് വിധി എഴുതുകയും ചെയ്യുകയാകും ഫലം! അതിനാലാണ് മാരീച മൊഴികളെ അര്‍ഹിയ്ക്കുന്ന പുച്ഛത്തോടെ അവഗണിയ്ക്കാന്‍ മറ്റു പലരെയും പോലെ ദിഗംബരനും കരുതിയത്‌. എന്നാല്‍ ഈ വിസര്‍ജ്ജ്യങ്ങളെ ചുമന്നു നടക്കാനും മാത്രം ഗതികെട്ടവര്‍ നാട്ടില്‍ ഉണ്ടെന്നു കാണുമ്പോള്‍, ഒരിയ്ക്കലെങ്കിലും അണുനാശിനി തളിയ്ക്കാതിരിയ്ക്കാതെ വഴിയില്ല എന്ന് ദിഗംബരനും കരുതിയത്‌.
ചരിത്രത്തെ വളച്ചൊടിച്ച് സി പി ഐ യെ കുറിച്ച് നാല് തെറി എഴുതി, സ്വയംഭോഗസുഖം അനുഭവിയ്ക്കുകയാണ് മാരീചന്‍. ഗ്രൂപ്പ്‌ വഴക്കിലും കൊലകേസുകളിലും പെണ്ണ്കേസുകളിലും പെട്ട് നാട്ടുകാരുടെ മുന്നില്‍ മുഖം നഷ്ട്ടപ്പെട്ട് വലയുന്ന സ്വന്തം പാര്‍ട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയിലുള്ള വിഷമം ആണോ, അതോ സി പി ഐയെ കുറെ ചെളി വാരി തേച്ചാല്‍ സ്വന്തം പാര്‍ട്ടിയുടെ മുഖത്തെ വൈകൃതം നാട്ടുകാര്‍ മറക്കുമെന്ന് കരുതി ആണോ, അതോ മുട്ടനാടുകള്‍ തമ്മില്‍ തല തല്ലിചാകുമ്പോള്‍ ചോര കുടിയ്ക്കാം എന്ന അത്യാഗ്രഹം മൂത്ത കമ്മ്യുണിസ്റ്റ് വിരുദ്ധനായ ഒരു മുഖംമൂടി കുറുക്കന്റെ കൌടില്യബുദ്ധി ആണോ ഈ അത്മരതിയ്ക്ക് പിന്നില്‍, എന്ന് സത്ബുദ്ധികള്‍ക്ക് സംശയം തോന്നാം. മാരീചന്റെ ശ്രമങ്ങള്‍ സി പി ഐ യ്ക്ക് എതിരെ അല്ല, മറിച്ച് ഈ നാട്ടിലെ പാവപ്പെട്ടവന്റെ അവസാനത്തെ പ്രതീക്ഷയായ ഇടതുമുന്നണി എന്ന കോട്ടയെ തകര്‍ക്കുക എന്ന ഏക ലക്‌ഷ്യം മാത്രമേ ആത്യന്തികമായി അതിനുള്ളൂ എന്നതില്‍ ദിഗംബരന് സംശയം ഒട്ടുമില്ല.
എന്നും ഇടതുപക്ഷത്തെ പിന്തുണച്ചു കൊണ്ട് ഇടതുപക്ഷത്തിന്റെ ശത്രുക്കള്‍ക്കെതിരെ തന്നാലാകും വിധം തൂലിക ചലിപ്പിച്ച ഒരു എളിയ സി പി ഐ പ്രവര്‍ത്തകന്‍ ആണ് ദിഗംബരന്‍. ഇടതുമുന്നണിയില്‍ ഉലച്ചില്‍ ഉണ്ടാക്കിയ തര്‍ക്കങ്ങള്‍ നിറഞ്ഞ ഇലക്ഷന്‍ കാലങ്ങളില്‍ പോലും, സി പി എമ്മിനെ വിമര്‍ശിക്കേണ്ടി വരുമ്പോള്‍, മാന്യമായ ഭാഷ മാത്രം ഉപയോഗിയ്ക്കുന്നത്, ദിഗംബരനു ഇടതുമുന്നണി എന്ന കൂട്ടുകെട്ടില്‍ ഉള്ള ഉറച്ച വിശ്വാസം കൊണ്ട് തന്നെയാണ്. എന്നാല്‍ ആ മനസ്ഥിതിയ്ക്ക് പോലും ഇളക്കം തട്ടുന്ന വിധത്തില്‍ അസ്വസ്ഥത ഉണ്ടാക്കാന്‍ നുണയുടെ കാളകൂട വിഷം വമിയ്ക്കുന്ന മാരീചന്റെ എഴുത്തുകള്‍ക്ക് കഴിഞ്ഞിരിയ്ക്കുന്നു.
കാര്‍മേഘങ്ങള്‍ ഇടയ്ക്കിടെ മറച്ചാലും, സൂര്യന്റെ പ്രകാശ൦ ‍ ഒരിയ്ക്കലും കുറയില്ല എന്ന പോലെ, ചെറിയ തര്‍ക്കങ്ങള്‍ ഒരിയ്ക്കലും ഇടതുമുന്നണിയുടെ കെട്ടുറപ്പിനെ ബാധിയ്ക്കില്ല എന്ന് ഉറച്ചു വിശ്വസിച്ച ദിഗംബരന്, മാരീച രൂപത്തില്‍ വരുന്ന ഗ്രഹണത്തെ അവഗണിയ്ക്കാന്‍ കഴിയില്ല. ഇത്തരം ഗ്രഹണങ്ങള്‍ എത്രയും വേഗം ഒഴിഞ്ഞു പോകുന്നുവോ അത്രയും ഇടതു മുന്നണിയ്ക്ക് നല്ലത്. സി പി ഐ യുടെ സംസ്ഥാന സെക്രെട്ടറി ആയിരുന്ന സഖാവ് സി കെ ചന്ദ്രപ്പന്‍ നടത്തിയ ചില പരാമര്‍ശങ്ങളെ വിമര്‍ശിച്ചു കൊണ്ടാണ് മാരീചന്റെ "സി പി ഐ വധം" ആട്ടകഥ തുടങ്ങുന്നത്. ആ കഥകള്‍ ഇവിടെ വായിയ്ക്കാം.
ചന്ദ്രപ്പന്റെ പിണറായിപ്പക - ചരിത്രവും രാഷ്ട്രീയവും
ആകെ എട്ടു ലേഖനങ്ങള്‍ ആണ് മാരീചന്റെ വകയായി സി പി ഐ വധം ആട്ടകഥയില്‍ ‍ ഉള്ളത്. എഴുതി എഴുതി, ഒടുവില്‍ സി പി ഐ വൃത്തികെട്ട അക്രമകാരികളുടെ ഒരു സംഘം ആണെന്നും, സി പി എം എന്ന കമ്മ്യുണിസ്റ്റ് മലാഖമാരുമായി കൂട്ട് കൂടിയത് കൊണ്ടുമാത്രമാണ് ഇന്നും അത് ഒരു കമ്മ്യുണിസ്റ്റ് പാര്‍ട്ടി ആയി നിലനില്‍ക്കുന്നത് എന്ന് വരെ "സ്ഥാപിച്ചു" (?) എടുക്കാനായി വൃത്തികെട്ട‍ വാക്കുകള്‍ വരെ ഉപയോഗിച്ച് ശ്രമിയ്ക്കുന്ന കാണുമ്പോള്‍, അല്പമെങ്കിലും സത്യത്തോട് കൂറുള്ള ആര്‍ക്കും മിണ്ടാതിരിയ്ക്കാന്‍ ആകില്ല. മാരീചന്റെ അത്ര "നിലവാരം" സാമാന്യ സംസ്കാരമുള്ളവര്‍ക്ക് പാടില്ലെങ്കിലും, പേ പിടിച്ച നായ കടിയ്ക്കാന്‍ വരുമ്പോള്‍ അഹിംസയും പറഞ്ഞിരിയ്ക്കുന്നത് ശരിയാകില്ലല്ലോ എന്ന് കരുതി ദിഗംബരനും തുനിഞ്ഞിറങ്ങാന്‍ പ്രേരിതനാകുന്നു.
സി പി ഐ ആണ് സമ്പൂര്‍ണ്ണ ശരി എന്നുള്ള ഒരു തെറ്റിധാരണയും ദിഗംബരനില്ല. എങ്കിലും, ശരികളും,തെറ്റുകളും ചെയ്യുകയും, ചെയ്ത തെറ്റുകളെ സ്വയം വിലയിരുത്തി ഏറ്റു പറഞ്ഞു തിരുത്താനും സി പി ഐ യോളം ശ്രമിച്ചിട്ടുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇന്ത്യയില്‍ ഇല്ല എന്ന കാര്യത്തിലും ദിഗംബരന് സംശയം ഇല്ല. സി പി ഐയെ വിമര്ശിയ്ക്കാന്‍ കച്ച മുറുക്കും മുന്‍പ് അതിനുള്ള അല്പമെങ്കിലും ധാര്‍മിക അവകാശം തനിയ്ക്കുണ്ടോ എന്ന് സ്വയം വിലയിരുത്തിയിരുന്നു എങ്കില്‍ ഈ സാഹസത്തിനു മാരീചന്‍ പുറപ്പെടുമായിരുന്നില്ല. പോയ ബുദ്ധി പിടിച്ചാല്‍ കിട്ടില്ലല്ലോ. അതിനാല്‍ ദിഗംബരനും ഈ സാഹസത്തില്‍ പങ്കു ചേരുന്നു. മാരീചന്‍ കാളമൂത്രം കണക്കെ വിവരകേടുകളുടെ ഒരു പ്രവാഹം തന്നെ എഴുതികൂട്ടിയത് കൊണ്ട്, അതേ നാണയത്തില്‍ മറുപടി കൊടുക്കാന്‍ സമയവും എഴുത്തുകളും ഒരുപാട് വേണ്ടി വരും, എന്നുള്ള പ്രായോഗിക അസൌകര്യങ്ങള്‍ ആണ് ദിഗംബരനെ ഈ ഉദ്യമത്തില്‍ നിന്നും വിലക്കിയിരുന്നത്. എന്നാല്‍ ഇനിയും മറുപടി എഴുതാതിരുന്നാല്‍ അത് മറുപടി ഇല്ലാത്തതു കൊണ്ട് ആണ് എന്ന് കരുതിയാലോ എന്ന് ഭയന്നു, തിരക്കുള്ള പൊതുജീവിതത്തിനിടയില്‍ കുറച്ചു സമയം മാറ്റിവച്ചു, പതുക്കെ പതുക്കെ മറുപടി എഴുതാന്‍ ദിഗംബരന്‍ ‍ തീരുമാനിച്ചിരിയ്ക്കുന്നു.
.
ഇനി ഓരോ അധ്യായമായി മാരീചന്റെ വിവരകേടുകള്‍ക്കുള്ള മറുപടി ദിഗംബരന്റെ ഈ സ്വന്തം എഴുത്ത്മുറിയില്‍ ‍ കാണാം.
. സ്നേഹപൂര്‍വ്വം ദിഗംബരന്‍