2012, ജൂലൈ 21, ശനിയാഴ്‌ച

കേരള രാഷ്ട്രീയ ചരിത്രം..ഭാഗം ഒന്ന്

ഐക്യ കേരളപിറവിക്ക് മുമ്പുതന്നെ ജനാധിപത്യ പ്രക്രിയയുടെ ആവശ്യം തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും ഉയര്‍ന്നുവന്നിരുന്നു. 1888 ല്‍ അഞ്ച് അംഗങ്ങള്‍ മുതല്‍ എട്ട് അംഗങ്ങള്‍വരെയുള്ള ലജിസ്ലേറ്റീവ് കൗണ്‍സില്‍ നിലവില്‍വന്നത് ജനാധിപത്യാവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായിട്ടായിരുന്നു. ഇന്ത്യയിലെ നാട്ടുരാജ്യങ്ങളുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു ലജിസ്ലേറ്റീവ് കൗണ്‍സില്‍ നിലവില്‍ വന്നത്. കൊല്ലവര്‍ഷം 1063 (1888 മാര്‍ച്ച് 30)നാണ് ഇത്തരത്തില്‍ ഒരു ജനാധിപത്യ സഭ നിലവില്‍ വന്നത്. അഞ്ച് മുതല്‍ എട്ടുവരെ അംഗങ്ങള്‍ക്ക് പ്രാതിനിധ്യമുണ്ടായിരുന്ന ലെജിസ്ലേറ്റീവ് കൗണ്‍സിലിന്റെ അധ്യക്ഷപദം അലങ്കരിച്ചിരുന്നത് ദിവാന്‍ ആയിരുന്നു. ഈ കൗണ്‍സിലേയ്ക്കുള്ള അംഗങ്ങളെ തീരുമാനിച്ചിരുന്നത് രാജാവായിരുന്നു. രാജഭരണത്തിന്റെ അധിനിവേശ ഭാവങ്ങള്‍ ഉണ്ടായിരുന്നെങ്കിലും 1888 മാര്‍ച്ച് 30ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം നിലവില്‍ വന്ന ജനാധിപത്യ കൗണ്‍സില്‍ കേരളത്തിലെ ജനാധിപത്യ പ്രക്രിയയുടെ തുടക്കമായിരുന്നു. ''ന്യായ നിബന്ധനകളേയും റഗുലേഷനുകളേയും ഉണ്ടാക്കുന്നതിന് ഒരു ആലോചനാസഭയെ ഏര്‍പ്പെടുത്തുന്നത് യുക്തമായിരിക്കുന്നതുകൊണ്ട് ആ വകയ്ക്ക് ഒരു സഭാധ്യക്ഷനേയും സാമാജികന്‍മാരോടും കൂടിയ ഒരു സഭയെ ഏര്‍പ്പെടുത്തുന്നതാവുന്നു. ആ സഭയില്‍ അഞ്ച് പേരില്‍ കുറയാതിരിക്കുകയും എട്ട് പേരില്‍ കൂടാതെയും അംഗങ്ങള്‍ ഉണ്ടായിരിക്കും. ദിവാന്‍ ഈ സഭയില്‍ അധ്യക്ഷനാകേണ്ടതും മറ്റ് സാമാജികരെ അപ്പപ്പോള്‍ നാം നിയമിക്കുന്നതുമായിരുന്നു'' എന്നായിരുന്നു അന്നത്തെ വിജ്ഞാപനം. ഐക്യ കേരള പിറവിക്ക് മുമ്പുതന്നെ കേരളത്തില്‍ ജനാധിപത്യ പ്രക്രിയയ്ക്ക് തുടക്കംകുറിച്ചിരുന്നു എന്നതിന്റെ തെളിവാണ് ഇത്തരം ചരിത്ര സംഹിതകള്‍.. ഐക്യ കേരളം എന്ന ആശയം ആദ്യം ഉന്നയിച്ചത് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. 1939 ല്‍ പിണറായിയിലെ പാറപ്പുറത്ത് പി കൃഷ്ണപിളളയുടേയും എന്‍ ഇ ബാലറാമിന്റെയും മറ്റനേകം നേതാക്കളുടേയും നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണ സമ്മേളനം നടന്നപ്പോള്‍ തന്നെ ഐക്യ കേരളം എന്ന ആവശ്യം ആവര്‍ത്തിച്ച് ഉന്നയിക്കപ്പെട്ടിരുന്നു. തിരുവിതാംകൂറും കൊച്ചിയും മലബാറും ഒന്നുചേര്‍ന്ന് ഐക്യ കേരളം എന്ന മഹത്തായ ആശയം ശക്തിയുക്തം ആദ്യമായി ഉന്നയിച്ചത് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. ഐക്യ കേരള പിറവിക്ക് മുമ്പുതന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടി കേരള പിറവിക്ക് വേണ്ടി വാദിക്കുകയും പൊരുതുകയും ചെയ്തിരുന്നു. എം എന്‍ ഗോവിന്ദന്‍ നായരുടെ വിശ്വപ്രസിദ്ധമായ ജയില്‍ചാട്ടം വാസ്തവത്തില്‍ നവീന കേരളവും ഐക്യ കേരളവും സൃഷ്ടിക്കുന്നതിനും ഇന്നത്തെ നിലയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സംഘടിപ്പിക്കുന്നതിനും വേണ്ടിയായിരുന്നു. സി അച്യുതമേനോനും എന്‍ ഇ ബാലറാമും പി കെ വിയും ഒളിവില്‍ പൊരുതിയത് സ്വാതന്ത്ര്യാനന്തര ഭാരതം സ്വപ്നം കണ്ട് മാത്രമല്ല. ഐക്യ കേരളത്തിന്റെ സൃഷ്ടിക്ക് കൂടിയായിരുന്നുവെന്ന് ചരിത്രത്തിലേയ്ക്ക് തിരിഞ്ഞുനോക്കുന്ന ഏവര്‍ക്കും തിരിച്ചറിയാനാവും. കയ്യൂരിന്റെയും കരിവെള്ളൂരിന്റെയും ഒഞ്ചിയം, കാവുമ്പായിയുടേയും മൊറാഴയുടെയും വയലാര്‍ പുന്നപ്രയുടെയും മാസ്മരിക ചരിത്രങ്ങളിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടി കേരള രാഷ്ട്രീയ ചരിത്രത്തില്‍ മുന്‍നിരയിലെത്തിച്ചേരുകയായിരുന്നു. നിശിതമായ വിമര്‍ശനങ്ങളും അവഹേളനങ്ങളും കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഏറ്റുവാങ്ങേണ്ടിവരികയും ചെയ്തു. പക്ഷേ വിമര്‍ശനങ്ങളേയും അവഹേളനങ്ങളേയും അതിജീവിച്ചു കൊണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്‍നിരയിലെത്തുകയായിരുന്നുവെന്ന് കാലം തെളിയിച്ചു. ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടി ജനാധിപത്യ പ്രക്രിയയിലൂടെ അധികാരത്തിലെത്തിയത് മനുഷ്യന്റെ അര്‍പ്പണ ബോധംകൊണ്ടാണ്. ബാലറ്റ് പേപ്പറുകളിലൂടെ കമ്യൂണിസ്റ്റുകാര്‍ക്ക് അധികാരത്തില്‍ വരാന്‍ കഴിയുമെന്ന് കേരളം ലോകത്തോട് വിളിച്ചുപറഞ്ഞത് ഒരു മഹാസംഭവമായിരുന്നു. അതിന് നേതൃത്വം നല്‍കിയ എം എന്‍ ഗോവിന്ദന്‍ നായര്‍ അന്നത്തെ (സി പി ഐ സംസ്ഥാന സെക്രട്ടറി), കേരള ക്രൂഷ്‌ചേവ് എന്ന് വാഴ്ത്തപ്പെടുകയും ചെയ്തു. ഐക്യ കേരളം എന്ന ആശയം മുന്നോട്ടുവച്ചതും അത് യാഥാര്‍ഥ്യമാക്കുകയും ചെയ്ത കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനാകെ മാതൃകയാവുന്നതായിരുന്നു. കേരളം ജനാധിപത്യത്തിലേക്കും ഉണര്‍ന്നെണീറ്റത് ആ കാലംതൊട്ടായിരുന്നു. നൂറുകണക്കിന് രക്തസാക്ഷിത്വങ്ങളിലൂടെ പടുത്തുയര്‍ത്തപ്പെട്ട നവീന കേരളത്തിന്റെ ആധുനിക മുഖം സാക്ഷാത്ക്കരിക്കുകയായിരുന്നു കമ്യൂണിസ്റ്റുകാരുടെ ലക്ഷ്യം. 1888 ഓഗസ്റ്റ് 15 ന് ആറ് ഔദ്യോഗികാംഗങ്ങളും രണ്ട് അനൗദ്യോഗികാംഗങ്ങളുമായി നിലവില്‍വന്ന ലജിസ്ലേറ്റീവ് കൗണ്‍സിലിന്റെ അംഗസംഖ്യ 1898 ല്‍ 15 ആയി ഉയര്‍ത്തി. 1904 ഒക്‌ടോബര്‍ ആയപ്പോള്‍ ശ്രീമൂലം പ്രജാസഭ തിരുവിതാംകൂറില്‍ നിലവില്‍വന്നു. വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന 100 അംഗങ്ങളാണ് ഈ സഭയില്‍ ഉണ്ടായിരുന്നത്. നിയമപരമായ അധികാരങ്ങള്‍ ഒന്നുമില്ലാതിരുന്ന ഈ സമിതിയിലേയ്ക്ക് വോട്ടവകാശം ഉണ്ടായിരുന്നവര്‍ അഞ്ചു രൂപയില്‍ കുറയാതെ ഭൂനികുതി ഒടുക്കുന്നവരും സര്‍വകലാശാല ബിരുദമുള്ളവരും മാത്രമായിരുന്നു. 1937 മുതല്‍ ഒരു രൂപ കരം അടയ്ക്കുന്നവര്‍ക്കും വോട്ടവകാശം ലഭിച്ചു. 1947 സെപ്തംബര്‍ നാലിന് തിരുവിതാംകൂറില്‍ ഉത്തരവാദ സര്‍ക്കാരും പ്രായപൂര്‍ത്തി വോട്ടവകാശവും നിലവില്‍വന്നു. ഇതുപ്രകാരം 120 അംഗങ്ങളുള്ള തിരുവിതാംകൂര്‍ കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലി രൂപീകരിക്കപ്പെട്ടു. 1923 ലാണ് കൊച്ചിയില്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ നിലവില്‍വന്നത്. കൗണ്‍സിലിലെ ഭൂരിപക്ഷം അംഗങ്ങള്‍ തിരഞ്ഞെടുക്കുന്ന ജനകീയമന്ത്രിക്ക് കൃഷി, സഹകരണം, പൊതുജനാരോഗ്യം, വ്യവസായം, പഞ്ചായത്ത് തുടങ്ങിയ വകുപ്പുകളുടെ ചുമതല വഹിക്കാമായിരുന്നു. ഇത്തരത്തില്‍ ആദ്യമായി ജനകീയ മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് അമ്പാട്ട് ശിവരാമമേനോനായിരുന്നു. 1947 ഓഗസ്റ്റ് 14 ന് കൊച്ചി രാജാവ് ലെജിസ്ലേറ്റീവ് കൗണ്‍സിലിന് പൂര്‍ണമായ ഉത്തരവാദ ഭരണം കൈമാറി. ടി കെ നായരുടെ നേതൃത്വത്തില്‍ മൂന്നംഗ മന്ത്രിസഭ നിലവില്‍ വന്നു. 1948 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കൊച്ചി രാജ്യപ്രജാ മണ്ഡലത്തിന് ഭൂരിപക്ഷം ലഭിക്കുകയും ഇക്കണ്ടവാര്യര്‍ പ്രധാനമന്ത്രിയായുള്ള മന്ത്രിസഭ നിലവില്‍വരുകയും ചെയ്തു. 1949 ജൂലൈ ഒന്നിന് തിരുവിതാംകൂറും കൊച്ചിയും സംയോജിപ്പിച്ച് തിരുകൊച്ചി നിലവില്‍ വന്നു. രണ്ട് സഭയിലെയും അംഗങ്ങളെ ഉള്‍പ്പെടുത്തി 178 അംഗങ്ങളുള്ള തിരു-കൊച്ചി സഭ രൂപീകരിച്ചു. തിരു-കൊച്ചിയില്‍ 1948 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ മത്സരിച്ച കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടുകയും പട്ടം തിരുകൊച്ചിയുടെ പ്രധാനമന്ത്രിയാവുകയും ചെയ്തു. സി കേശവന്‍, ടി എം വര്‍ഗീസ് എന്നിവരായിരുന്നു മന്ത്രിമാര്‍. കുതികാല്‍വെട്ടിന്റെയും കലഹത്തിന്റെയും നാളുകളായിരുന്നൂ തിരു-കൊച്ചിയില്‍ പിന്നീട്. കലഹം മൂത്തപ്പോള്‍ സ്വന്തം കക്ഷിയിലെ 64 സാമാജികര്‍ പട്ടത്തിനെതിരെ അവിശ്വാസം അറിയിച്ചു. രാജിവെയ്ക്കാന്‍ പട്ടം താണുപിള്ള നിര്‍ബന്ധിതനായി. സി കേശവനെയും ടി എം വര്‍ഗീസിനെയും മറികടന്ന് പറവൂര്‍ ടി കെ നാരായണപിള്ളയെ മുഖ്യമന്ത്രിയാക്കി. പക്ഷേ നാരായണപിള്ളയ്ക്കും രാജിവച്ചൊഴിയാനായിരുന്നു കാലം അവസരമൊരുക്കിയത്. 1951 ഫെബ്രുവരി 24 ന് സി കേശവന്‍ തിരു-കൊച്ചി മുഖ്യമന്ത്രിയായി. 1951 ഡിസംബര്‍ മുതല്‍ 52 മാര്‍ച്ച് വരെ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ 108 സീറ്റുകളില്‍ 48 ലേയ്ക്ക് കോണ്‍ഗ്രസ് ചുരുങ്ങി. തമിഴ്‌നാട് കോണ്‍ഗ്രസിന്റെ എട്ട് അംഗങ്ങളുടെ കൂടി പിന്തുണയോടെ ഭരണം നേടി. ഏ ജെ ജോണ്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് ലഹളകള്‍ക്കൊടുവില്‍ പനമ്പിള്ളി ഗോവിന്ദമേനോനെ മറികടന്ന് മുഖ്യമന്ത്രിയായി. പക്ഷേ 18 മാസം കൊണ്ട് മന്ത്രിസഭ വീണു. തമിഴ്‌നാട് കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതാണ് കാരണം. ഇതിനിടയില്‍ തിരു-കൊച്ചിയില്‍ കമ്മ്യൂണിസ്റ്റുകാര്‍ വിജയിക്കുവാന്‍ തുടങ്ങിയിരുന്നു. 1948 ല്‍ തന്നെ ഇ ഗോപാലകൃഷ്ണമേനോന്‍ കൊച്ചി സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. എം എന്‍ ഗോവിന്ദന്‍ നായര്‍ ജയിലിലിരുന്ന് ഭരണിക്കാവ് നിയോജകമണ്ഡലത്തില്‍ നിന്ന് വിജയിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനസ്വാധീനം വര്‍ധിച്ചുവരുകയായിരുന്നു. 1954 ല്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പി എസ് പിയും മുന്നണിയായാണ് മത്സരിച്ചത്. സി പി ഐയ്ക്ക് 27 സീറ്റും പി എസ് പിക്ക് 19 സീറ്റും ലഭിച്ചു. ആകെ മുന്നണിക്ക് 46 സീറ്റുകള്‍. കോണ്‍ഗ്രസിന് 45 സീറ്റുകളെ ലഭിച്ചുള്ളൂ. പട്ടം താണുപിള്ള കോണ്‍ഗ്രസിന്റെ കൗശലത്തിന് വഴിപ്പെട്ട് മലക്കംമറിഞ്ഞില്ലായിരുന്നെങ്കില്‍ 1954 ല്‍ തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തുമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പട്ടം താണുപിള്ള മുഖ്യമന്ത്രിയായി. കോണ്‍ഗ്രസുമായി നേരത്തെ തെറ്റിപ്പിരിഞ്ഞ് പി എസ് പി ഉണ്ടാക്കിയ പട്ടം കോണ്‍ഗ്രസിന്റെ നിരുപാധിക പിന്തുണയോടെ ഏകകക്ഷി സര്‍ക്കാരാണ് രൂപീകരിച്ചത്. ടി വി തോമസ് പ്രതിപക്ഷ നേതാവായി. എന്നാല്‍ 1955 ല്‍ പട്ടം സര്‍ക്കാരും തകര്‍ന്നു. പനമ്പിള്ളി ഗോവിന്ദമേനോന്‍ മുഖ്യമന്ത്രിയായി. ആ മന്ത്രിസഭയും തമ്മില്‍തല്ലിലും കുതികാല്‍വെട്ടിലുംപെട്ട് ആടിയുലഞ്ഞു. മലബാര്‍ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. മലബാറില്‍ നിന്ന് 30 സീറ്റുകളാണ് ഉണ്ടായിരുന്നത്. 1946 ലെ തിരഞ്ഞെടുപ്പില്‍ ടി പ്രകാശത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ നിലവില്‍വന്നു. 1951 ലെ തിരഞ്ഞെടുപ്പായപ്പോള്‍ മലബാറില്‍ കോണ്‍ഗ്രസ് തീര്‍ത്തും ദുര്‍ബലമായി. കോണ്‍ഗ്രസില്‍ നിന്ന് പിരിഞ്ഞ് കെ കേളപ്പന്‍ രൂപീകരിച്ച കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും സഖ്യത്തില്‍ മത്സരിച്ച ആ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വമ്പന്‍ പരാജയമുണ്ടായി. മലബാറിലെ 30 സീറ്റുകളില്‍ കേവലം 4 ല്‍ കോണ്‍ഗ്രസ് ഒതുങ്ങി. തിരു-കൊച്ചിയിലെയും മലബാറിലെയും ഇത്തരം രാഷ്ട്രീയാനുഭവങ്ങളുടെ അടിത്തറയിലാണ് ഐക്യകേരളം ആദ്യ തിരഞ്ഞെടുപ്പിന് ഒരുങ്ങിയത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിജയിച്ച് അധികാരത്തിലെത്തുമെന്ന് പലരും വിശ്വസിച്ചിരുന്നില്ല. തിരഞ്ഞെടുപ്പിലൂടെ കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തിലെത്തുമെന്നത് പാഴ്ക്കിനാവാണെന്ന് നാനാകോണുകളില്‍ നിന്ന് പ്രചാരണമുണ്ടായി. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ജനങ്ങളുമായുള്ള അടുപ്പം അനുദിനം വര്‍ധിച്ചുവരുകയായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ചുള്ള ദുഷ്പ്രചരണങ്ങള്‍ കഴമ്പില്ലാത്തതാണെന്ന് ജനം തിരിച്ചറിയാന്‍ തുടങ്ങി. നാടിനും ജനങ്ങള്‍ക്കും വേണ്ടി അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്നത് കമ്മ്യൂണിസ്റ്റുകാരാണെന്നും അതിനുവേണ്ടി ത്യാഗഭരിത ജീവിതം നയിക്കുവാനും രക്തസാക്ഷിത്വം വരിക്കുവാനും കമ്മ്യൂണിസ്റ്റുകാര്‍ സന്നദ്ധമാണെന്നും കാലം തെളിയിച്ചു. മൂര്‍ത്തമായ ഒരു പരിപാടി മുന്നില്‍ വെച്ചുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തിരഞ്ഞെടുപ്പിനെ അഭിമൂഖീകരിച്ചത്. ഐശ്വര്യപൂര്‍ണമായ കേരളം എന്ന മുദ്രാവാക്യവുമായി ഐക്യകേരളത്തെ മുന്നോട്ടുനയിക്കുന്നതിനുള്ള യുക്തിഭദ്രതയും ദീര്‍ഘവീക്ഷണവുമുള്ള പരിപാടിയായിരുന്നു അത്. കാര്‍ഷിക-വ്യാവസായിക വികസനത്തിനുള്ള സമഗ്ര പദ്ധതികള്‍ പരിപാടി മുന്നോട്ടുവെച്ചു. കാര്‍ഷിക പരിഷ്‌കരണം, കുടിയാന്‍മാര്‍ക്കെല്ലാം ഭൂമിയില്‍ സ്ഥിരാവകാശം, കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് അടിസ്ഥാനവില നിശ്ചയിക്കല്‍, മിനിമംകൂലി ഉറപ്പാക്കല്‍, ബോണസ് അംഗീകരിക്കല്‍, നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം എന്നിങ്ങനെ മൗലികവും പുരോഗമനാത്മകവുമായ ഒട്ടേറെ പദ്ധതികള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. ജനങ്ങളില്‍ അത് വലിയ സ്വീകാര്യതയുണ്ടാക്കി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം എന്‍ ഗോവിന്ദന്‍ നായരുടെ കര്‍മകുശലതയും ക്രാന്തദര്‍ശിത്വവും സംഘടനാപരമായി പാര്‍ട്ടിയെ സജ്ജമാക്കുന്നതിലും തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിനും കരുത്തേകി. സി പി ഐ ഒറ്റയ്ക്കു മത്സരിച്ച് കേരളത്തിന്റെ അധികാരത്തിലെത്തി. 126 സീറ്റുകളില്‍ സ്വതന്ത്രരടക്കം 100 സീറ്റുകളിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മത്സരിച്ചത്. അതില്‍ 60 പാര്‍ട്ടി സ്ഥാനാര്‍ഥികളും പാര്‍ട്ടി പിന്തുണച്ച അഞ്ച് സ്വതന്ത്രരും ജയിച്ചുകയറി. 126 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 43 സീറ്റില്‍ ഒതുങ്ങി. പി എസ് പി ഒമ്പതും മുസ്ലീംലീഗ് എട്ടും സീറ്റുകള്‍ നേടി. 75,14,622 സമ്മതിദായകരാണ് 57 ലെ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ടിയിരുന്നത്. അതില്‍ 58,99,882 പേര്‍ വോട്ട് ചെയ്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് മാത്രമായി 20,59,547 വോട്ടുകള്‍ ലഭിച്ചു. 1957 ഏപ്രില്‍ 5 വെള്ളിയാഴ്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തി. ഇ എം എസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയും സി അച്യുതമേനോന്‍, കെ സി ജോര്‍ജ്, ടി വി തോമസ്, കെ ആര്‍ ഗൗരി, കെ പി ഗോപാലന്‍, ജോസഫ് മുണ്ടശ്ശേരി, വി ആര്‍ കൃഷ്ണയ്യര്‍, ഡോ ഏ ആര്‍ മേനോന്‍, പി കെ ചാത്തന്‍മാസ്റ്റര്‍, ടി ഏ മജീദ് എന്നിവര്‍ മന്ത്രിമാരുമായുള്ള 11 അംഗ മന്ത്രിസഭയാണ് നിലവില്‍ വന്നത്. പൊതുഭരണം, നിയമസമാധാനം, പ്ലാനിംഗ് എന്നിവയായിരുന്നു മുഖ്യമന്ത്രിയുടെ വകുപ്പുകള്‍. പില്‍ക്കാലത്ത് നിയമസമാധാനത്തിന്റെ ചുമതല മുഖ്യമന്ത്രിയില്‍ നിന്ന് വി ആര്‍ കൃഷ്ണയ്യരിലേയ്ക്കും കൃഷ്ണയ്യരില്‍ നിന്ന് അച്യുതമേനോനിലേയ്ക്കും മാറ്റി. ധനകാര്യം, കൃഷി, മൃഗസംരക്ഷണം എന്നിവ സി അച്യുതമേനോനിലും ഭക്ഷ്യം, പൊതുവിതരണം, വനം എന്നിവ കെ സി ജോര്‍ജിലും വ്യവസായം കെ പി ഗോപാലനിലും തൊഴില്‍, ട്രാന്‍സ്‌പോര്‍ട്ട്, നഗരസഭകള്‍ എന്നിവ ടി വി തോമസിലും പ്രാദേശിക സ്വയംഭരണം, പിന്നോക്കക്ഷേമം എന്നിവ ചാത്തന്‍ മാസ്റ്ററിലും പൊതുമരാമത്ത് ടി ഏ മജീദിലും എക്‌സൈസ്, റവന്യു എന്നിവ കെ ആര്‍ ഗൗരിയിലും വിദ്യാഭ്യാസം, സഹകരണം, ഫിഷറീസ് എന്നിവ ജോസഫ് മുണ്ടശ്ശേരിയിലും നിയമം, ജലസേചനം, വിദ്യുച്ഛക്തി എന്നിവ വി ആര്‍ കൃഷ്ണയ്യരിലും ആരോഗ്യം ഏ ആര്‍ മേനോനിലും നിക്ഷിപ്തമായിരുന്നു. ആര്‍ ശങ്കരനാരായണന്‍ തമ്പി പ്രഥമ സ്പീക്കറും കെ ഒ അയിഷാബായി ഡപ്യൂട്ടി സ്പീക്കറുമായി തിരഞ്ഞെടുക്കപ്പെട്ടു. ആദ്യ നിയമസഭയിലെ പ്രോട്ടേം സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട റോസമ്മ പുന്നൂസ് ആണ് സാമാജികര്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് ആദ്യ നിമിഷങ്ങള്‍ മുതല്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുവാന്‍ തുടങ്ങി. കുടികിടപ്പുകാരെ ആട്ടിപ്പുറത്താക്കാന്‍ ഭൂവുടമകള്‍ക്കും ജന്മികള്‍ക്കും അവകാശമില്ലെന്ന സുപ്രധാനമായ ഉത്തരവുണ്ടായി. ജനങ്ങളില്‍ പ്രത്യാശ വളരാന്‍ തുടങ്ങി. ഇത് കോണ്‍ഗ്രസുകാരെയും ഇതര കമ്മ്യൂണിസ്റ്റ് വിരുദ്ധരെയും അങ്കലാപ്പിലാക്കി. പാര്‍ട്ടി അധികാരമേറ്റെടുത്തതിന്റെ മൂന്നാം ദിവസം തന്നെ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായിരുന്ന ശ്രീമന്നാരായണന്‍ കേരളത്തില്‍ ക്രമസമാധാനനില തകര്‍ന്നിരിക്കുകയാണെന്നും സെല്‍ഭരണമാണ് നടമാടുന്നതെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. വരാനിരിക്കുന്ന ദുഷ്പ്രചരണങ്ങളുടെയും അക്രമസമരത്തിന്റെയും ആമുഖമെഴുത്തായിരുന്നു അത്. തുടര്‍ന്നങ്ങോട്ട് വിദ്യാഭ്യാസ ബില്ലും കാര്‍ഷിക പരിഷ്‌കരണ നിയമവും മുന്‍നിര്‍ത്തി കോണ്‍ഗ്രസും ചില മത സാമൂദായിക ശക്തികളും കൈകോര്‍ത്തുപിടിച്ച് ആസൂത്രിത നീക്കങ്ങള്‍ ആരംഭിച്ചു. പിച്ചവെച്ചു നടക്കാന്‍ തുടങ്ങിയ കേരളത്തിന് അനിവാര്യമായ ദീര്‍ഘകാല പരിഷ്‌കാരങ്ങള്‍ക്കും നടപടികള്‍ക്കുമാണ് ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ മുന്‍കൈയെടുത്തത്. എന്നാല്‍ അതിനെ തെറ്റായി വ്യാഖ്യാനിക്കുകയും ജനങ്ങളുടെ മതപരവും സാമുദായികവുമായ വികാരങ്ങള്‍ ഉദ്ദീപിപ്പിക്കുകയുമാണ് കമ്മ്യൂണിസ്റ്റ് വിരോധികള്‍ ചെയ്തത്. കാര്‍ഷിക പരിഷ്‌കരണത്തിന്റെയും വിദ്യാഭ്യാസ ബില്ലിന്റെയും പ്രസക്തി എത്രമാത്രമായിരുന്നുവെന്നും അതിനെതിരായി നടന്ന വിമോചന സമരത്തിന്റെ അര്‍ഥതലങ്ങള്‍ എന്തായിരുന്നുവെന്നും വിശദീകരിക്കുവാന്‍ ഉദ്ദേശിക്കുന്നില്ല. എന്തു തന്നെയായാലും ജനങ്ങളില്‍ ഒരു വിഭാഗത്തെ ഇളക്കിവിട്ട് അക്രമം അഴിച്ചുവിടുകയായിരുന്നു വിമോചന സമരശക്തികള്‍. ഒടുവില്‍ ജനാധിപത്യവ്യവസ്ഥയ്ക്കുമേല്‍ കളങ്കം ചാര്‍ത്തിക്കൊണ്ട് ജവഹര്‍ലാല്‍ നെഹ്‌റു സി പി ഐ സര്‍ക്കാരിനെ 1959 ജൂലൈ 31 ന് പിരിച്ചുവിട്ടു. ഇന്ത്യയില്‍ ആദ്യമായി 356-ാം വകുപ്പുപയോഗിച്ച് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ പിരിച്ചുവിട്ടത് കേരളത്തിലാണ്. ആറുമാസം കേരളത്തില്‍ രാഷ്ട്രപതി ഭരണമായിരുന്നു. 1960 ഫെബ്രുവരി ഒന്നിന് പൊതു തിരഞ്ഞെടുപ്പ് നടന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒറ്റയ്ക്കു തന്നെ ജനങ്ങളെ അഭിമുഖീകരിച്ചു. എന്നാല്‍ കോണ്‍ഗ്രസ്, പി എസ് പി, മുസ്ലീംലീഗ്, ആര്‍ എസ് പി എന്നിവര്‍ മുന്നണിയായാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നേരിട്ടത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആകെയുള്ള 102 ഏകാംഗ മണ്ഡലങ്ങളിലും 12 ദ്വയാംഗ മണ്ഡലങ്ങളിലുമായി 108 പാര്‍ട്ടി സ്ഥാനാര്‍ഥികളെയും 16 സ്വതന്ത്രരെയും അവതരിപ്പിച്ചു. ആകെയുള്ള 126 ല്‍ 124 സ്ഥാനാര്‍ഥികള്‍. കോണ്‍ഗ്രസ് മുന്നണി 126 ലും സ്ഥാനാര്‍ഥികളെ അവതരിപ്പിച്ചു. കോണ്‍ഗ്രസ് 80 സീറ്റുകളിലും പി എസ് പി 33 ലും മുസ്ലീംലീഗ് 12 ലും മത്സരിച്ചു. ഒരു സ്വതന്ത്രനുമുണ്ടായിരുന്നു. തിരഞ്ഞെടുപ്പുഫലം വന്നപ്പോള്‍ കോണ്‍ഗ്രസിന് 63 സീറ്റും ലീഗിന് 11 ഉം പി എസ് പിക്ക് 20 സീറ്റും ലഭിച്ചു. സി പി ഐ 29 സീറ്റുകളിലും സ്വതന്ത്രര്‍ മൂന്ന് സീറ്റുകളിലും വിജയിച്ചു. ഒരു മുന്നണിയെയും അവരുടെ ദുഷ്പ്രചരണങ്ങളെയും മതസാമുദായിക ശക്തികളുടെ സംഘടിതമായ ആക്രമണത്തെയുമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 60 ലെ തിരഞ്ഞെടുപ്പില്‍ നേരിട്ടത്. 1957 ലേതിനേക്കാള്‍ കുറഞ്ഞ സീറ്റുകളേ 60 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ലഭിച്ചുള്ളൂ എന്നത് യാഥാര്‍ഥ്യം തന്നെ. എന്നാല്‍ വോട്ടിന്റെ നിലവാരത്തില്‍ നല്ല തോതില്‍ വര്‍ധനവുണ്ടായി. 1957 ലെ തിരഞ്ഞെടുപ്പില്‍ സി പി ഐയ്ക്ക് 20,59,547 വോട്ടുകളാണ് ലഭിച്ചതെങ്കില്‍ 1960 ലെ തിരഞ്ഞെടുപ്പില്‍ 35,50,136 ആയി ഉയര്‍ന്നു. 14 ലക്ഷത്തിലധികം വോട്ടിന്റെ വര്‍ധനവ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ടായി. പല നിയോജകമണ്ഡലങ്ങളിലും പാര്‍ട്ടിയുടെ വോട്ട് ഏഴ് ശതമാനം വരെ വര്‍ധിച്ചു. സീറ്റുകളുടെ എണ്ണം കുറഞ്ഞുവെങ്കിലും ജനപിന്തുണ സാരമായ നിലയില്‍ വര്‍ധിച്ചുവെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. കോണ്‍ഗ്രസ്-പി എസ് പി-ലീഗ് സഖ്യത്തിന്റെ സര്‍ക്കാര്‍ 1960 ഫെബ്രുവരി 22 ന് അധികാരമേറ്റെടുത്തു. 63 സീറ്റ് ലഭിച്ച കോണ്‍ഗ്രസിനായിരുന്നില്ല മുഖ്യമന്ത്രിപദം. 20 സീറ്റുണ്ടായിരുന്ന പി എസ് പിയുടെ നേതാവ് പട്ടം താണുപിള്ളയാണ് മുഖ്യമന്ത്രിയായത്. തിരുകൊച്ചി സംസ്ഥാനത്തെ കോണ്‍ഗ്രസ് ഭരണം പോലെ തന്നെ അനൈക്യത്തിന്റെയും കുതികാല്‍വെട്ടിന്റെയും ഭരണനേതൃത്വമായിരുന്നു 60 ല്‍ നിലവില്‍ വന്നത്. പട്ടം താണുപിള്ളയും കോണ്‍ഗ്രസ് നേതാവ് ആര്‍ ശങ്കറും തമ്മില്‍ മാത്രമായിരുന്നില്ല. ആര്‍ ശങ്കറും പി ടി ചാക്കോയും തമ്മിലുള്ള അഭിപ്രായ ഭിന്നതയും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയും കെ പി സി സി നേതൃത്വവും തമ്മിലുള്ള അഭിപ്രായ വ്യത്യാസവും അനുദിനം മൂര്‍ച്ഛിച്ചുകൊണ്ടിരുന്നു. ഒടുവില്‍ 1962 സെപ്തംബര്‍ 26 ന് പട്ടം താണുപിള്ള മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. അദ്ദേഹത്തെ പഞ്ചാബ് ഗവര്‍ണറാക്കിക്കൊണ്ടാണ് ആര്‍ ശങ്കര്‍ തന്റെ മുഖ്യമന്ത്രിപദമോഹം സഫലീകരിച്ചത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ