2012, ജൂലൈ 21, ശനിയാഴ്‌ച

കേരള രാഷ്ട്രീയ ചരിത്രം .. ഭാഗം നാല്

രാജീവ്ഗാന്ധി സഹതാപതരംഗത്തെ തുടര്‍ന്ന് യു ഡി എഫ് ഭൂരിപക്ഷം നേടി മന്ത്രിസഭ രൂപീകരിക്കുന്നതിനു മുമ്പുതന്നെ കോണ്‍ഗ്രസിലും ഐക്യജനാധിപത്യ മുന്നണിയിലും തൊഴുത്തില്‍കുത്ത് രൂക്ഷമായി. കോണ്‍ഗ്രസിലെ ആന്റണി വിഭാഗം നിര്‍ദേശിച്ച വി എം സുധീരനെ മന്ത്രിയായി അംഗീകരിക്കുവാന്‍ കെ കരുണാകരന്‍ തയ്യാറായില്ല. എ ഗ്രൂപ്പിന് കേവലം രണ്ടു മന്ത്രിമാരെ മാത്രം നല്‍കി അവരെ അവഗണിക്കുവാനും അപമാനിക്കുവാനും കരുണാകരന് കഴിഞ്ഞു. ഉമ്മന്‍ചാണ്ടി ധനമന്ത്രിയും കെ പി വിശ്വനാഥന്‍ വനം മന്ത്രിയുമായി കരുണാകര മന്ത്രിസഭയില്‍ എ ഗ്രൂപ്പ് പ്രതിനിധികള്‍ പരിമിതപ്പെട്ടു. ദേശീയ രാഷ്ട്രീയത്തില്‍ തന്നെ കെ കരുണാകരന്‍ അപ്രമാദിത്വം നേടിയ കാലമായിരുന്നു അത്. രാജീവ്ഗാന്ധിയുടെ പിന്‍ഗാമിയായി പി വി നരസിംഹറാവുവിനെ നിശ്ചയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത് കെ കരുണാകരനാണെന്ന് വാഴ്ത്തപ്പെടുന്ന സന്ദര്‍ഭമായിരുന്നൂ അത്. കിംഗ് മേക്കര്‍ എന്ന വിശേഷണം കരുണാകരന് ചാര്‍ത്തിക്കിട്ടിയത് അക്കാലത്തായിരുന്നു. മന്ത്രിസഭാ രൂപീകരണകാലത്തു തന്നെ വൈരവും ഗ്രൂപ്പിസവും ശക്തിപ്പെട്ടിരുന്ന യു ഡി എഫിന് സുഗമമായ ഭരണം അക്കാലത്ത് സാധ്യമായില്ലെന്ന് മാത്രമല്ല കൂടുതല്‍ ദുര്‍ഘടമായ അവസ്ഥയിലേയ്ക്ക് കരുണാകര മന്ത്രിസഭ അധഃപതിച്ചു. കെ പി സി സി അധ്യക്ഷസ്ഥാനത്തേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എ കെ ആന്റണിയും ആന്റണിയ്‌ക്കൊപ്പം നിന്നിരുന്ന വയലാര്‍ രവി കരുണാകരന്റെ പ്രതിനിധിയായും ഏറ്റുമുട്ടിയപ്പോള്‍ കേരള രാഷ്ട്രീയ ചരിത്രത്തിലെ മലീമസ രംഗങ്ങള്‍ അരങ്ങേറി. ആന്റണി തോല്‍ക്കുകയും വയലാര്‍ രവി പി സി സി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കരുണാകരപുത്രനായ മുരളീധരന്റെ സംഘടനാ രംഗത്തെ ആരോഹണം അക്കാലത്തായിരുന്നു. മുരളീധരന്‍ പി സി സി ജനറല്‍ സെക്രട്ടറിയായി. എന്നാല്‍ അത് കരുണാകര ഭക്തരെയും അനുയായികളെയും പുതിയ ചേരിയിലേയ്ക്ക് നയിക്കുന്നതിന് വഴിവെച്ചു. തങ്ങളേക്കാള്‍ പ്രാമുഖ്യം കെ മുരളീധരന് ലഭിക്കുന്നുവെന്നത് രമേശ് ചെന്നിത്തലയും ജി കാര്‍ത്തികേയനും എം ഐ ഷാനവാസും അടക്കമുള്ള കരുണാകര ഭക്തരെ അദ്ദേഹത്തില്‍ നിന്ന് അകലുന്നതിന് ഇടയാക്കി. പള്ളിപ്പുറത്തുണ്ടായ കാറപകടത്തെ തുടര്‍ന്ന് കരുണാകരന്‍ ചികിത്സയിലാവുകയും അമേരിക്കയില്‍ വിദഗ്ധ ചികിത്സയ്ക്കായി യാത്രയാവുകയും ചെയ്തപ്പോള്‍ ഐ ഗ്രൂപ്പിനുള്ളില്‍ തിരുത്തല്‍വാദി ഗ്രൂപ്പ് രൂപപ്പെട്ടു. ഏതാണ്ട് ഇതേ സന്ദര്‍ഭത്തില്‍ തന്നെ പാമോയില്‍ കുംഭകോണവും ഉയര്‍ന്നുവന്നു. പാമോയില്‍ ഇറക്കുമതി നടത്തിയതില്‍ ഖജനാവിന് രണ്ട് കോടിയിലേറെ രൂപ നഷ്ടം വരുത്തിയെന്നായിരുന്നു ആക്ഷേപം. കെ കരുണാകരനും അന്നത്തെ ഭക്ഷ്യമന്ത്രി ടി എച്ച് മുസ്തഫയും ഉദ്യോഗസ്ഥ പ്രമാണിമാരും അതില്‍ പങ്കാളികളാണെന്ന വിഷയം സജീവ ചര്‍ച്ചാവിഷയമായി. ഇന്ന് അന്നത്തെ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി കോടതി വ്യവഹാരത്തില്‍പ്പെട്ടിരിക്കുന്നത് അതേ പാമോയില്‍ കുംഭകോണത്തിന്റെ പേരിലാണ്. രണ്ട് പതിറ്റാണ്ടു പിന്നിട്ടിട്ടും പാമോയില്‍ അഴിമതി കേരളത്തില്‍ ഇന്നും സജീവ വിഷയമാണ്. അതേ ഘട്ടത്തില്‍ തന്നെ ഐ എസ് ആര്‍ ഒ ചാരക്കേസും ഉയര്‍ന്നുവന്നു. ആ കേസ് ഉയര്‍ത്തുന്നതില്‍ ഒളിഞ്ഞും തെളിഞ്ഞും മുഖ്യപങ്കുവഹിച്ചത് കോണ്‍ഗ്രസുകാര്‍ തന്നെയായിരുന്നു. സ്വന്തം പാര്‍ട്ടിയില്‍ നിന്നു മാത്രമല്ല യു ഡി എഫിലെ ഘടകകക്ഷികളില്‍ നിന്നും കെ കരുണാകരന് വന്‍തോതില്‍ എതിര്‍പ്പു നേരിടേണ്ടിവന്നു. കിംഗ് മേക്കറായ കരുണാകരനെ കേന്ദ്ര നേതൃത്വം കൈവിട്ടു. 1991 ജൂണ്‍ 24 ന് മുഖ്യമന്ത്രിയായ കരുണാകരന്‍ 1995 മാര്‍ച്ച് 16 ന് രാജിവെയ്ക്കാന്‍ നിര്‍ബന്ധിതനായി. പിന്നീടൊരിക്കലും കേരളത്തിന്റെ അധികാരപദത്തിലെത്താന്‍ കഴിയാത്ത വിധത്തിലുള്ള പതനമായിരുന്നൂ അന്ന് കരുണാകരനുണ്ടായത്. കേന്ദ്രത്തില്‍ ഭക്ഷ്യമന്ത്രിയായി പ്രവര്‍ത്തിക്കുകയും അഴിമതി ആക്ഷേപത്തെ തുടര്‍ന്ന് രാജിവെയ്ക്കുകയും ചെയ്ത എ കെ ആന്റണി കേരളത്തിന്റെ മുഖ്യമന്ത്രിയായി 1995 മാര്‍ച്ച് 22 ന് സത്യപ്രതിജ്ഞ ചെയ്തു. 1996 മെയ് 9 വരെ മാത്രമേ അദ്ദേഹത്തിന് മുഖ്യമന്ത്രിയായി തുടരാന്‍ കഴിഞ്ഞുള്ളൂ. ചാരായ നിരോധനം പോലുള്ള ഗിമ്മിക്ക് പരിപാടികളിലൂടെ ജനങ്ങളുടെ മനസ്സ് കവര്‍ന്നെടുക്കാമെന്ന് ആന്റണി വ്യാമോഹിച്ചെങ്കിലും 1996 ലെ ജനഹിതം വിത്യസ്തമായിരുന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ വ്യക്തമായ ഭൂരിപക്ഷത്തോടെ ജനങ്ങള്‍ അധികാരത്തിലേറ്റിയ തിരഞ്ഞെടുപ്പായിരുന്നു അത്. 24 സീറ്റുകളില്‍ മത്സരിച്ച സി പി ഐ 18 സീറ്റുകളില്‍ വിജയിക്കുകയും 10,86,350 വോട്ട് നേടുകയും ചെയ്തു. 62 സീറ്റുകളില്‍ മത്സരിച്ച സി പി എം 40 സീറ്റുകളില്‍ വിജയിച്ചു. 30,78,723 വോട്ട് അവര്‍ക്ക് ലഭിച്ചു. 13 സീറ്റില്‍ മത്സരിച്ച ജനതാദള്‍ നാല് സീറ്റില്‍ ജയിക്കുകയും 5,87,716 വോട്ട് നേടുകയും ചെയ്തു. ആറ് സീറ്റില്‍ മത്സരിച്ച ആര്‍ എസ് പി അഞ്ച് സീറ്റില്‍ വിജയിച്ചു. 2,94,744 വോട്ടും അവര്‍ക്ക് ലഭ്യമായി. പത്ത് സീറ്റില്‍ മത്സരിച്ച കേരള കോണ്‍ഗ്രസ് ആറ് സീറ്റില്‍ വിജയിക്കുകയും 4,42,421 വോട്ട് നേടുകയും ചെയ്തു. 94 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 37 സീറ്റില്‍ വിജയിച്ചു. 43,40,717 വോട്ടും നേടി. കേരള കോണ്‍ഗ്രസ് (മാണി) പത്ത് സീറ്റില്‍ മത്സരിച്ച് അഞ്ച് സീറ്റ് നേടി. 4,53,614 വോട്ടാണ് അവര്‍ക്ക് ലഭിച്ചത്. 22 സീറ്റില്‍ മത്സരിച്ച മുസ്ലീംലീഗ് 13 സീറ്റും 10,25,556 വോട്ടും നേടി. 1996 ലെ തിരഞ്ഞെടുപ്പിനൊടുവില്‍ ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ 1996 മേയ് 20 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

കേരള രാഷ്ട്രീയ ചരിത്രം .. ഭാഗം മൂന്ന്

1977 ലെ തിരഞ്ഞെടുപ്പില്‍ 27 സീറ്റില്‍ മത്സരിച്ച സി പി ഐ 23 ല്‍ വിജയിച്ചു. 8,72,309 വോട്ട് പാര്‍ട്ടിക്ക് ലഭിച്ചു. 68 സീറ്റില്‍ മത്സരിച്ച സി പി എം 17സീറ്റില്‍ വിജയിച്ചു. 19,46,051 വോട്ട് ലഭിച്ചു. 54 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 38 സീററില്‍ വിജയിക്കുകയും 17,55,882 വോട്ട് ലഭിക്കുകയും ചെയ്തു. 16 സീറ്റില്‍ മത്സരിച്ച മുസ്‌ലീംലീഗ് 13 സീറ്റിലും 11 സീറ്റില്‍ മത്സരിച്ച ആര്‍ എസ് പി 9 സീറ്റിലും 22 സീറ്റില്‍ മത്സരിച്ച കേരള കോണ്‍ഗ്രസ് 20 സീറ്റിലും വിജയിച്ചു. സി പി ഐ, കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്, മുസ്‌ലീംലീഗ് ഉള്‍പ്പെടുന്ന മുന്നണി അധികാരത്തിലെത്തി. കെ കരുണാകരനായിരുന്നൂ മുഖ്യമന്ത്രി. ഈ സഭയുടെ കാലയളവ് ഹ്രസ്വമായിരുന്നെങ്കിലും നാല് മുഖ്യമന്ത്രിമാര്‍ ഉണ്ടായി. 1977 മാര്‍ച്ച് 25നും 1979 ഡിസംബര്‍ 21നും ഇടയിലാണ് നാല് മുഖ്യമന്ത്രിമാര്‍ ഉണ്ടായത്. 1977 മാര്‍ച്ച് 25ന് അധികാരമേറ്റെടുത്ത കെ കരുണാകരന്‍ ഒരു മാസം മാത്രമേ മുഖ്യമന്ത്രിയായി തുടര്‍ന്നുള്ളൂ. ഏപ്രില്‍ 25ന് രാജന്‍ കേസിലെ ഹൈക്കോടതി വിധിയെ തുടര്‍ന്ന് കരുണാകരന്‍ രാജിവച്ചു. കെ പി സി സി പ്രസിഡന്റായിരുന്ന എ കെ ആന്റണി 1977 ഏപ്രില്‍ 27ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭാംഗമല്ലാതിരുന്ന ആന്റണി കഴക്കൂട്ടം നിയോജക മണ്ഡലത്തില്‍ നിന്ന് ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് സഭയിലെത്തി. തലേക്കുന്നില്‍ ബഷീറാണ് ആന്റണിക്കു വേണ്ടി എം എല്‍ എ സ്ഥാനം രാജിവച്ചത്. എന്നാല്‍ ആന്റണി മന്ത്രിസഭയ്ക്കും ഏറെ ആയുസുണ്ടായില്ല. 1978 ഒക്‌ടോബര്‍ 27ന് ആന്റണി രാജിവച്ചു. അടിയന്തരാവസ്ഥയ്ക്കു ശേഷം ചിക്കമംഗലൂരില്‍ മത്സരിക്കുവാന്‍ ഇന്ദിരാഗാന്ധി തീരുമാനിച്ചപ്പോള്‍ അവര്‍ക്ക് പിന്തുണ നല്‍കിയതില്‍ പ്രതിഷേധിച്ച് ആന്റണി രാജിവയ്ക്കുകയായിരുന്നു. പിന്നീട് കേരളത്തിലെ കോണ്‍ഗ്രസിലുണ്ടായ പിളര്‍പ്പിലേയ്ക്കുള്ള ചുവടുവയ്പുകൂടിയായിരുന്നൂ അത്. 1978 ഒക്‌ടോബര്‍ 29ന് പി കെ വി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ അദ്ദേഹവും രാജിവച്ചു. 1978 ല്‍ നടന്ന ഭട്ടിന്‍ഡാ പാര്‍ട്ടി കോണ്‍ഗ്രസ് കൈക്കൊണ്ട രാഷ്ട്രീയ നയത്തെ തുടര്‍ന്നാണ് പി കെ വി രാജിവച്ചത്. രാജ്യത്ത് ഇടതുപക്ഷ മതേതര ബദല്‍ കെട്ടിപ്പടുക്കുവാനുള്ള പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം നടപ്പില്‍ വരുത്തുന്നതിന് വഴിയൊരുക്കാന്‍ പി കെ വി സ്ഥാനമൊഴിഞ്ഞു. സര്‍ക്കാരിന് കേവല ഭൂരിപക്ഷം നഷ്ടപ്പെട്ടുവെങ്കുലും ഒന്നര മാസത്തേയ്ക്ക് മാത്രമായി മുസ്‌ലീംലീഗ് നേതാവ് സി എച്ച് മുഹമ്മദ്‌കോയ മുഖ്യമന്ത്രിയായി. 1979 ഒക്‌ടോബര്‍ 12 മുതല്‍ 1979 ഡിസംബര്‍ 1 വരെ. 1980 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ മുന്നണി സമവാക്യങ്ങള്‍ മാറിയിരുന്നു. സി പി ഐ, സി പി എം, കോണ്‍ഗ്രസ് പിളര്‍ന്ന് ആന്റണിയുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട കോണ്‍ഗ്രസ് (യു), ആര്‍ എസ് പി, ലീഗ് പിളര്‍ന്നുണ്ടായ അഖിലേന്ത്യാ ലീഗ്, കേരള കോണ്‍ഗ്രസ് (മാണി), ജനത എന്നീ കക്ഷികളുടെ മുന്നണിയായിരുന്നൂ ഒരു പക്ഷത്ത്. കോണ്‍ഗ്രസ് (ഐ), മുസ്‌ലീംലീഗ്, കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗം, എന്‍ ഡി പി, എസ് ആര്‍ പി തുടങ്ങിയ കക്ഷികള്‍ മറുഭാഗത്തും. 22 സീറ്റില്‍ മത്സരിച്ച സി പി ഐ 17 സീറ്റില്‍ വിജയിക്കുകയും 7,44,112 വോട്ട് നേടുകയും ചെയ്തു. 50 സീറ്റില്‍ മത്സരിച്ച സി പി എം 35 സീറ്റില്‍ വിജയിക്കുകയും 18,46,312 വോട്ടുനേടുകയും ചെയ്തു. ആര്‍ എസ് പി 8 സീറ്റില്‍ മത്സരിച്ച് 6 സീറ്റില്‍ വിജയിച്ചു. 2,88,516 വോട്ട് ലഭിച്ചു. കേരള കോണ്‍ഗ്രസ് മാണി 17 സീറ്റില്‍ മത്സരിച്ച് 8 സീറ്റില്‍ വിജയിച്ചു. 5,00,894 വോട്ടും നേടി. അഖിലേന്ത്യാ ലീഗ് 11 സീറ്റില്‍ മത്സരിച്ച് 5 സീറ്റില്‍ വിജയിച്ചു. 3,35,223 വോട്ടാണ് അവര്‍ക്ക് ലഭിച്ചത്. കോണ്‍ഗ്രസ് (യു) 31 സീറ്റില്‍ മത്സരിച്ച് 21 സീറ്റില്‍ വിജയിച്ചു. 10,75,770 വോട്ട് നേടി. കോണ്‍ഗ്രസ് (ഐ) 53 സീറ്റില്‍ മത്സരിച്ച് 17 സീറ്റില്‍ വിജയിച്ചു. 16,24,446 വോട്ടാണ് കോണ്‍ഗ്രസിന് ലഭിച്ചത്. മുസ്‌ലീംലീഗ് 21 സീറ്റില്‍ മത്സരിച്ച് 14 സീറ്റ് നേടി. 6,84,910 വോട്ടാണ് അവര്‍ക്ക് ലഭിച്ചത്. കേരള കോണ്‍ഗ്രസ് (ജെ) 17 സീറ്റില്‍ മത്സരിച്ച് 6 സീറ്റില്‍ വിജയിച്ചു. 4,71,817 വോട്ടാണ് അവര്‍ക്ക് കിട്ടിയത്. 1980 ജനുവരി 25ന് ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ നിലവില്‍വന്നു. ഈ മന്ത്രിസഭയ്ക്കും കാലാവധി പൂര്‍ത്തിയാക്കാനായില്ല. 1981 ഒക്‌ടോബര്‍ 20ന് ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നായനാര്‍ മന്ത്രിസഭ രാജിവച്ചു. ആന്റണിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് -യു വും കേരള കോണ്‍ഗ്രസ് മാണിയും രാഷ്ട്രീയ വഞ്ചന നടത്തി മറുപക്ഷത്ത് ചാടുകയായിരുന്നൂ. ആന്റണി കോണ്‍ഗ്രസും കോണ്‍ഗ്രസ് (ഐ) യും തമ്മിലുളള ലയനം തുടര്‍ന്നുണ്ടായി. നായനാര്‍ മന്ത്രിസഭ വീണതോടെ, 1981 ഡിസംബര്‍ 28ന് കെ കരുണാകരന്‍ മന്ത്രിസഭ രൂപീകരിച്ചു. 1982 മാര്‍ച്ച് 17 വരെ കേവലം മൂന്നു മാസം മാത്രമായിരുന്നൂ ആ മന്ത്രിസഭയുടെ ആയുസ്. കാസ്റ്റിംഗ് വോട്ടിന്റെ പേരില്‍ കുപ്രസിദ്ധമായ മന്ത്രിസഭയായിരുന്നൂ അത്. ലോനപ്പന്‍ നമ്പാടന്‍ കേരള കോണ്‍ഗ്രസ് വിട്ടതോടെ കരുണാകരന്‍ മന്ത്രിസഭയ്ക്ക് ഭൂരിപക്ഷം നഷ്ടമായി. കേരളം വീണ്ടും തിരഞ്ഞെടുപ്പിലേയ്ക്ക്. 1982 ലെ പൊതു തിരഞ്ഞെടുപ്പില്‍ സി പി ഐ 26 സീറ്റുകളില്‍ മത്സരിച്ചു. 14 സീറ്റുകളില്‍ വിജയിച്ചു. 8,048,69 വോട്ടുകളും നേടി. 51 സീറ്റുകളില്‍ മത്സരിച്ച സി പി എം 26 സീറ്റുകളും 17,98,198 വോട്ടും നേടി. എട്ട് സീറ്റുകളില്‍ മത്സരിച്ച ആര്‍ എസ് പി നാല് സീറ്റില്‍ വിജയിക്കുകയും 2,63,869 വോട്ടു നേടുകയും ചെയ്തു. ജനതാപാര്‍ട്ടി 13 സീറ്റില്‍ മത്സരിച്ച് നാല് സീറ്റ് വിജയിക്കുകയും 3,86,147 വോട്ട് നേടുകയും ചെയ്തു. കോണ്‍ഗ്രസ് (എസ്) 15 സീറ്റില്‍ മത്സരിച്ച് അഞ്ച് സീറ്റില്‍ വിജയിച്ചു. 4,60,233 വോട്ടു ലഭിച്ചു. മുസ്ലീംലീഗ് 18 സീറ്റില്‍ മത്സരിച്ചു. 14 സീറ്റില്‍ വിജയിച്ചു. 5,90,255 വോട്ടും നേടി. കേരള കോണ്‍ഗ്രസ് 17 സീറ്റില്‍ മത്സരിച്ച് ആറ് സീറ്റ് നേടുകയും 5,59,930 വോട്ട് നേടുകയും ചെയ്തു. കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗം 12 സീറ്റില്‍ മത്സരിച്ച് എട്ട് സീറ്റില്‍ വിജയിക്കുകയും 4,35,200 വോട്ടു നേടുകയും ചെയ്തു. യു ഡി എഫ് നേതൃത്വത്തിലുള്ള ഭരണസംവിധാനം അധികാരത്തില്‍ വന്നു. 1982 മേയ് 24 ന് കെ കരുണാകന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 1987 മാര്‍ച്ച് 25 വരെ ആ മന്ത്രിസഭ തുടര്‍ന്നു. ഐക്യ കേരള ചരിത്രത്തില്‍ കാലാവധി പൂര്‍ത്തിയാക്കിയ രണ്ടാമത്തെ മന്ത്രിസഭയായിരുന്നു ഇത്. എന്‍ ഡി പിയും എസ് ആര്‍ പിയും അടക്കമുള്ള കക്ഷികള്‍ അംഗമായിരുന്ന കരുണാകരന്‍ മന്ത്രിസഭ ഒട്ടേറെ അഴിമതി ആക്ഷേപങ്ങള്‍ക്കും മറ്റും വിധേയമായെങ്കിലും കാലാവധി പൂര്‍ത്തിയാക്കി. സാമുദായിക - മതപ്രീണനം നല്ല തോതില്‍ നടത്തിയ കാലമായിരുന്നു അത്. ആഭ്യന്തരപ്രശ്‌നങ്ങളും അന്നത്തെ ഗവണ്‍മെന്റിനെ വേട്ടയാടിയിരുന്നു. ആഭ്യന്തരമന്ത്രിയായിരുന്ന വയലാര്‍ രവിയെ കൃഷിവകുപ്പിലേയ്ക്ക് കരുണാകരന്‍ മാറ്റിയതും അതില്‍ പ്രതിഷേധിച്ച് വയലാര്‍ രവി മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചതും തുടര്‍ന്ന് കോണ്‍ഗ്രസിലുണ്ടായ ആഭ്യന്തര കലഹങ്ങളും മന്ത്രിസഭയുടെ മുന്നോട്ടുള്ള പ്രയാണത്തിന് പലവിധ തടസ്സങ്ങളുമുണ്ടാക്കി. തച്ചടി പ്രഭാകരന്റെ ധനകാര്യമന്ത്രിയായുള്ള സ്ഥാനാരോഹണവും കോണ്‍ഗ്രസിലെ വൈരം വളര്‍ത്തി. ധനമന്ത്രി സ്ഥാനത്തുനിന്ന് റവന്യുമന്ത്രിപദത്തിലേയ്ക്കുള്ള കെ എം മാണിയുടെ മാറ്റം യു ഡി എഫിലും തര്‍ക്കം മൂര്‍ച്ഛിപ്പിച്ചു. പക്ഷേ തന്ത്രശാലിയായ കരുണാകരന്‍ തന്റെ ഏകാധിപത്യ വാസനകള്‍ ഫലവത്താക്കി മന്ത്രിസഭയുടെ കാലാവധി പൂര്‍ത്തിയാക്കി. 1987 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി മുന്നോട്ടുവെച്ച ആശയം മതനിരപേക്ഷ കേരളം എന്നതായിരുന്നു. യു ഡി എഫ് വര്‍ഗീയ ശക്തികളുടെ കൂടാരമായിരുന്നു. ഇടതുമുന്നണി തീര്‍ത്തും ഇടതു പാര്‍ട്ടികളുടെയും മതേതര ജനാധിപത്യ കക്ഷികളുടെയും സഖ്യമായിരുന്നു. ഈ തിരഞ്ഞെടുപ്പിലൂടെ ഇടതുമുന്നണി കേരളത്തിന്റെ അധികാരത്തില്‍ തിരിച്ചെത്തി. 26 സീറ്റുകളില്‍ മത്സരിച്ച സി പി ഐ 17 സീറ്റുകളില്‍ വിജയിക്കുകയും 10,29,409 വോട്ട് നേടുകയും ചെയ്തു. 70 സീറ്റുകളില്‍ മത്സരിച്ച സി പി എം 38 സീറ്റുകളില്‍ വിജയിച്ചു. 29,12,999 വോട്ടും നേടി. കോണ്‍ഗ്രസ് (എസ്) 14 സീറ്റില്‍ മത്സരിച്ച് ആറ് സീറ്റില്‍ ജയിക്കുകയും 5,11,777 വോട്ടു നേടുകയും ചെയ്തു. ജനതാപാര്‍ട്ടി 12 സീറ്റില്‍ മത്സരിച്ച് ഏഴ് സീറ്റില്‍ ജയിച്ചു. 4,82,408 വോട്ടു നേടി. ആര്‍ എസ് പി ആറ് സീറ്റില്‍ മത്സരിച്ച് അഞ്ച് സീറ്റില്‍ വിജയിച്ചു. 2,64,401 വോട്ടാണ് അവര്‍ക്ക് ലഭിച്ചത്. ലോക്ദള്‍ രണ്ട് സീറ്റില്‍ മത്സരിച്ച് ഒരു സീറ്റില്‍ വിജയിച്ചു. 78,389 വോട്ടാണ് ലഭിച്ചത്. 76 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 33 സീറ്റില്‍ വിജയിച്ചു. 31,64,409 വോട്ടാണ് കോണ്‍ഗ്രസിന് ലഭിച്ചത്. കേരള കോണ്‍ഗ്രസിന് 4,51,150 വോട്ട് ലഭിച്ചു. പക്ഷേ അവര്‍ക്ക് 14 സീറ്റില്‍ മത്സരിച്ച് അഞ്ച് സീറ്റിലേ വിജയിക്കാനായുള്ളൂ. 23 സീറ്റില്‍ മത്സരിച്ച മുസ്ലീംലീഗിന് 15 സീറ്റില്‍ വിജയിക്കുവാനായി. 9,85,011 വോട്ട് ലഭിച്ചു. ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തില്‍ വന്നു. ഈ മന്ത്രിസഭയ്ക്ക് കേരള ചരിത്രത്തില്‍ അനശ്വരമായ സ്ഥാനമുണ്ട്. സമ്പൂര്‍ണ സാക്ഷരത ആര്‍ജിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറിയത് ഈ കാലയളവിലാണ്. വന്‍ ജനകീയ പങ്കാളിത്തത്തോടെ സാക്ഷരതാ പ്രവര്‍ത്തനം വിജയകരമായി തീര്‍ന്നു. ഗ്രൂപ്പ് ഫാമിംഗ് പദ്ധതി വ്യാപകമായതും ഈ സര്‍ക്കാരിന്റെ കാലത്തായിരുന്നു. കാലാവധി പൂര്‍ത്തിയാക്കാനാവുന്ന മൂന്നാമത്തെ മന്ത്രിസഭയായി ഇതു മാറുമായിരുന്നു. എന്നാല്‍ 1990 ല്‍ നടന്ന ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷമുന്നണി വന്‍ വിജയം നേടിയ പശ്ചാത്തലത്തില്‍, പൊതു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുവാന്‍ ഇടതുമുന്നണി നേതൃത്വം തീരുമാനിച്ചു. അതിനെ തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പിലൂടെ ഇടതുമുന്നണി വീണ്ടും അധികാരത്തിലെത്തുമെന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനം. എന്നാല്‍ 1991 ലെ ആ തിരഞ്ഞെടുപ്പുകാലത്താണ് അവിചാരിതമായി മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ദാരുണമാംവിധത്തില്‍ ശ്രീ പെരുംപത്തൂരില്‍ കൊല ചെയ്യപ്പെട്ടത്. അതിനെ തുടര്‍ന്നുണ്ടായ സഹതാപതരംഗം കോണ്‍ഗ്രസിനും ഐക്യജനാധിപത്യമുന്നണിക്കും അനുകൂലമായ കാറ്റുയര്‍ത്തി. 24 സീറ്റില്‍ മത്സരിച്ച സി പി ഐ 17 സീറ്റില്‍ വിജയിച്ചു. 10,29.409 വോട്ട് നേടി. 70 സീറ്റില്‍ മത്സരിച്ച സി പി എം 38 സീറ്റും 29,12,999 വോട്ടും നേടി. കോണ്‍ഗ്രസ് (എസ്) 14 സീറ്റില്‍ മത്സരിച്ച് ആറ് സീറ്റില്‍ ജയിച്ചു. 5,11,777 വോട്ടാണ് അവര്‍ക്ക് ലഭിച്ചത്. ജനതാപാര്‍ട്ടി 12 സീറ്റില്‍ മത്സരിച്ച് ഏഴ് സീറ്റില്‍ ജയിക്കുകയും 4,82,408 വോട്ട് നേടുകയും ചെയ്തു. രണ്ട് സീറ്റില്‍ മത്സരിച്ച ലോക്ദളിന് ഒരു സീറ്റില്‍ ജയിക്കാനായി. ആറ് സീറ്റില്‍ മത്സരിച്ച ആര്‍ എസ് പി അഞ്ച് സീറ്റില്‍ ജയിക്കുകയും 2,64,401 വോട്ട് നേടുകയും ചെയ്തു. 76 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്വതന്ത്രരടക്കം 39 സീറ്റില്‍ വിജയിച്ചു. എസ് ആര്‍ പി, എന്‍ സി പി പാര്‍ട്ടികളുടെ പ്രതിനിധികളും വിജയിച്ചു. 23 സീറ്റില്‍ മത്സരിച്ച മുസ്ലീംലീഗ് 15 സീറ്റില്‍ ജയിച്ചു. 9,85,011 വോട്ടാണ് ലീഗിന് ലഭിച്ചത്. 14 സീറ്റില്‍ മത്സരിച്ച കേരള കോണ്‍ഗ്രസിന് 5 സീറ്റിലേ ജയിക്കാനായുള്ളൂ. കേവല ഭൂരിപക്ഷം നേടിയ യു ഡി എഫ് കെ കരുണാകരന്റെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപീകരിച്ചു. മന്ത്രിസഭാ രൂപീകരണ ഘട്ടം മുതല്‍ കോണ്‍ഗ്രസ് ഗ്രൂപ്പിസത്തില്‍ സര്‍ക്കാരിന്റെ സ്ഥിരതയില്‍ സംശയം ഉണര്‍ന്നിരുന്നു. ഐക്യത്തോടെ ഭരിക്കാന്‍ ഒരു ഘട്ടത്തില്‍പോലും ആ സര്‍ക്കാരിന് കഴിഞ്ഞില്ല. ചക്കളത്തി പോരാട്ടവും കുതികാല്‍വെട്ടുമായിരുന്നു മന്ത്രിമാരെ നിശ്ചയിക്കുന്ന ഘട്ടം മുതല്‍ ജനത കണ്ടത്. കെ പി സി സി തിരഞ്ഞെടുപ്പ് കൂടി അടുത്തതോടെ ഗ്രൂപ്പ് ലഹളയില്‍ കോണ്‍ഗ്രസ് മതിമറക്കുകയും ഭരണമില്ലാത്ത അവസ്ഥ സംജാതമാവുകയും ചെയ്തു. വര്‍ഗീയലഹളകളും പാമോയില്‍ അഴിമതി ഉള്‍പ്പെടെയുള്ളവയും നടന്നത് ഈ കാലഘട്ടത്തിലായിരുന്നു.

കേരള രാഷ്ട്രീയ ചരിത്രം .. ഭാഗം രണ്ട്

പട്ടം താണുപിള്ളയെ പഞ്ചാബ് ഗവര്‍ണറായി നാടുകടത്തിയ ശേഷം കേരള മുഖ്യമന്ത്രിയായി ആര്‍ ശങ്കര്‍ അധികാരമേറ്റെടുത്തെങ്കിലും കാര്യങ്ങള്‍ സുഗമമായിരുന്നില്ല. ആര്‍ ശങ്കറിനെതിരായ വലിയ കലഹങ്ങളും കലാപങ്ങളുമാണ് കോണ്‍ഗ്രസില്‍ ഉരുത്തിരിഞ്ഞുവന്നത്. സി കെ ഗോവിന്ദന്‍നായര്‍ കെ പി സി സി അധ്യക്ഷനായിരുന്നപ്പോഴും പില്‍ക്കാലത്ത് കെ പി മാധവന്‍നായര്‍ അധ്യക്ഷനായപ്പോഴും കോണ്‍ഗ്രസില്‍ കലഹം രൂക്ഷമായിരുന്നൂ. ഈ കലഹം ഭരണത്തിലും പ്രതിഫലിച്ചു. താണുപിള്ളയ്ക്കു പിന്നാലെ മുഖ്യമന്ത്രിപദത്തിലെത്തിയ ആര്‍ ശങ്കറിന്റെ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ വ്യാപകമായ നിലവില്‍ ഉണ്ടായി. ആര്‍ ശങ്കറിന്റെ ജുഗുപ്‌സാവഹമായ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിനെ സംബന്ധിച്ച് പല വിമര്‍ശനങ്ങളും വളര്‍ത്തി. ഉപമുഖ്യമന്ത്രിയായിരുന്ന പി ടി ചാക്കോയ്ക്ക് ആര്‍ ശങ്കറിനോടുണ്ടായിരുന്ന വിമര്‍ശനങ്ങളും ആ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിലെ ശൈഥില്യം ജനങ്ങള്‍ക്കു മുമ്പാകെ നിരന്തരം വ്യക്തമാക്കുന്നതായിരുന്നൂ. അതിനൊപ്പം കോണ്‍ഗ്രസിലെ ശൈഥില്യവും ചേരിതിരിവും അക്കാലത്ത് കൂടുതല്‍ പ്രകടമായ നിലയില്‍ വ്യക്തമായി തുടങ്ങിയിരുന്നു. ആര്‍ ശങ്കറും പി ടി ചാക്കോയും തമ്മിലുള്ള അഭിപ്രായഭിന്നത അനുദിനം ശക്തിപ്പെടുന്നത് ശങ്കര്‍ മന്ത്രിസഭയെ ഗുരുതരമായ നിലയില്‍ ബാധിച്ചിരുന്നു എന്നത് വാസ്തവമാണ്. അക്കാലത്ത് ശങ്കര്‍ മന്ത്രിസഭയ്‌ക്കെതിരെ അഴിമതി ആരോപണങ്ങളും ഉയര്‍ന്നുകൊണ്ടിരിക്കുന്നു പി ടി ചാക്കോയെ തന്ത്രപരമായി കെണിയില്‍പ്പെടുത്തി തന്റെ പ്രാമുഖ്യം ഉയര്‍ത്തിപിടിക്കുവാന്‍ ആര്‍ ശങ്കര്‍ യത്‌നിച്ചു. പി ടി ചാക്കോയുടെ കാര്‍ യാത്ര വന്‍ വിവാദമായി ഉയര്‍ത്തി കേരള രാഷ്ട്രീയത്തില്‍ ചര്‍ച്ചാ വിഷയമാക്കി. പി ടി ചാക്കോ ആദ്യ കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്നൂ. പക്ഷേ ചാക്കോയുടെ പാരമ്പര്യമോ പ്രാഗത്ഭ്യമോ പരിഗണിക്കുവാന്‍ ആര്‍ ശങ്കറോ കോണ്‍ഗ്രസ് കക്ഷിയോ സന്നദ്ധമായിരുന്നില്ല. കോണ്‍ഗ്രസിനുള്ളിലെ അടുക്കള കലഹം പി ടി ചാക്കോയെ പുറത്തേയ്ക്ക് ആനയിച്ചു. കേരളത്തെ സംബന്ധിച്ച് അപമാനിതനായി പി ടി ചാക്കോ പുറത്തേയ്ക്ക് പോകേണ്ടിവന്നു. മൗലികമായ ഒരു സംഭാവനയും നല്‍കാത്ത ഭരണസംവിധാനമായിരുന്നൂ പട്ടം താണുപിള്ളയുടേയും ആര്‍ ശങ്കറിന്റേയും നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍. കേവലം രാഷ്ട്രീയമായ കളികളുടെയും കുതികാല്‍വെട്ടിന്റെയും കാലമായിരുന്നൂ ആ സര്‍ക്കാരുകള്‍ കേരളത്തിന് സംഭാവന ചെയ്തത്. 1957 ല്‍ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക പരിഷ്‌കരണ സമീപനമോ, വിദ്യാഭ്യാസ നയമോ തുടര്‍ന്നുകൊണ്ടുപോകാന്‍ പട്ടം താണുപിള്ളയുടെയും ആര്‍ ശങ്കറിന്റെയും സര്‍ക്കാരിന് കഴിഞ്ഞില്ല. അനുദിന പ്രക്രിയകള്‍ നടപ്പിലാക്കുക എന്നതില്‍കവിഞ്ഞ് മറ്റൊന്നും 60 ല്‍ അധികാരത്തിലെത്തിയ സര്‍ക്കാരിന്റെ അജണ്ടയിലുണ്ടായിരുന്നില്ല. അക്കാലത്ത് കോണ്‍ഗ്രസില്‍ വലിയ ഭിന്നത ഉടലെടുത്തിരുന്നു. ഭരണം നയിക്കുന്ന കക്ഷിയില്‍ തന്നെ ഉണ്ടായിരുന്ന ഭിന്നിപ്പ് ഭരണത്തെ സാരമായ നിലയില്‍ സ്വാധീനിച്ചിരുന്നുവെന്ന് ചരിത്രം പരിശോധിക്കുന്നവര്‍ക്ക് അറിയാം. കോയിപ്പുറത്ത് മാധവ മേനോനും കെ എ ദാമോദരമേനോനും നയിച്ചിരുന്ന കോണ്‍ഗ്രസില്‍ പില്‍ക്കാലത്ത് ഗ്രൂപ്പിസം ശക്തിപ്പെട്ടു. ആ ഗ്രൂപ്പിസം സി കെ ഗോവിന്ദന്‍ നായരുടെയും കെ പി മാധവന്‍ നായരുടെയും അധ്യക്ഷ കാലത്ത് പ്രകടമായിരുന്നെങ്കിലും എബ്രഹാം മാസ്റ്ററുടെയും ടി എ ബാവയുടെയും കെ കെ വിശ്വനാഥന്റെയും കാലത്ത് കൂടുതല്‍ പ്രകടമാവാന്‍ തുടങ്ങി. എ കെ ആന്റണിയുടെയും വരദരാജന്‍ നായരുടെയും കെ എം ചാണ്ടിയുടെയും കെ എല്‍ ജേക്കബിന്റെയും സി വി പത്മരാജന്റെയും കാലത്ത് കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് അതിരൂക്ഷമായി വളര്‍ന്നു. പിന്നീട് കോണ്‍ഗ്രസിലുണ്ടായ ഗ്രൂപ്പ് കലഹങ്ങളെ സംബന്ധിച്ച് പറയാതെ തന്നെ ആര്‍ക്കും അറിയാവുന്നതാണ്. ഇരു ഗ്രൂപ്പുകള്‍ എന്ന നിലയില്‍ മാറി പല ഗ്രൂപ്പുകളായി കോണ്‍ഗ്രസ് പരിണമിക്കുകയായിരുന്നു. 1962 സെപ്തംബര്‍ 26ന് മുഖ്യമന്ത്രിയായി ചുമതലയേറ്റ ആര്‍ ശങ്കര്‍ 1964 സെപ്തംബര്‍ 10ന് സ്ഥാനമൊഴിയേണ്ടിവന്നു. കേരള രാഷ്ട്രീയത്തിലും ഇന്ത്യന്‍ രാഷ്ട്രീയത്തിലും വമ്പിച്ച മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കാലഘട്ടമായിരുന്നൂ അത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അകാരണമായ ഭിന്നിപ്പും കോണ്‍ഗ്രസ് പിളര്‍ന്ന് നിന്ന് കേരള കോണ്‍ഗ്രസുണ്ടായ സാഹചര്യവും അക്കാലത്തായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലുമുണ്ടായ ഭിന്നിപ്പിനുശേഷം 1965 ല്‍ നടന്ന തിരഞ്ഞെടുപ്പിന്റെ സവിശേഷത ആര്‍ക്കും ഭൂരിപക്ഷം കിട്ടിയില്ല എന്നതാണ്. ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്ന സഭ ചേര്‍ന്നതുമില്ല. കോണ്‍ഗ്രസ് 133 സീറ്റില്‍ മത്സരിച്ച് 36 സീറ്റില്‍ വിജയിച്ചു. സി പി എമ്മും മുസ്ലീംലീഗും എസ് എസ് പിയും ധാരണയിലാണ് മത്സരിച്ചത്. 73 സീറ്റില്‍ മത്സരിച്ച സി പി എമ്മിന് 40 സീറ്റ് ലഭിച്ചു. 16 സീറ്റില്‍ മത്സരിച്ച മുസ്ലീംലീഗിന് 6 സീറ്റിലും 29 സീറ്റില്‍ മത്സരിച്ച എസ് എസ് പിക്ക് 13 സീറ്റിലും വിജയിക്കുവാനായി. 79 സീറ്റില്‍ മത്സരിച്ച സി പി ഐയ്ക്ക് 3 സീറ്റിലെ വിജയിക്കുവാനായൂള്ളു. പത്തനാപുരത്ത് പി സി ആദിച്ചനും ഉടുമ്പന്‍ചോലയില്‍ കെ ടി ജേക്കബും കൊടകരയില്‍ പി എസ് നമ്പൂതിരിയുമാണ് സി പി ഐ സ്ഥാനാര്‍ഥികളായി വിജയിച്ചത്. കേരള കോണ്‍ഗ്രസ് 54 സീറ്റില്‍ മത്സരിച്ച് 23 സീറ്റില്‍ വിജയിച്ചു. 12 പേര്‍ സ്വതന്ത്രരായും വിജയിച്ചു വന്നു. രണ്ടു വര്‍ഷത്തോളം കേരളം രാഷ്ട്രപതി ഭരണത്തിന്‍കീഴിലായിരുന്നു. 1967 ഫെബ്രുവരി അവസാനം നടന്ന തിരഞ്ഞെടുപ്പില്‍ സി പി ഐയും സി പി എമ്മും ഉള്‍പ്പെടുന്ന സപ്തകക്ഷി മുന്നണിയാണ് മത്സരിച്ചത്. 22 സീറ്റുകളില്‍ മത്സരിച്ച സി പി ഐ 19 സീറ്റില്‍ വിജയിച്ചു. 5,38,004 വോട്ട് സി പി ഐയ്ക്ക് ലഭിച്ചു. 59 സീറ്റില്‍ മത്സരിച്ച സി പി എം 52 സീറ്റില്‍ വിജയിച്ചു. കോണ്‍ഗ്രസ് 133 മണ്ഡലത്തിലും മത്സരിച്ചു. പക്ഷേ ഒമ്പത് സീറ്റില്‍ വിജയം ഒതുങ്ങി. കേരള കോണ്‍ഗ്രസ് 61 സീറ്റില്‍ മത്സരിച്ച് അഞ്ചു സീറ്റുകളിലായി ചുരുങ്ങി. മുസ്ലീംലീഗ് 15 സീറ്റില്‍ മത്സരിച്ച് 14 ലും വിജയിച്ചു. സി പി എമ്മിന് 14,76,456 വോട്ടും കോണ്‍ഗ്രസിന് 22,25,026 വോട്ടും ലഭിച്ചു. 1967 മാര്‍ച്ച് 6 ന് ഇ എം എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തില്‍ വന്നു. എന്നാല്‍ ആ ഗവണ്‍മെന്റിന് ഏറെ ആയുസ്സുണ്ടായില്ല. മുന്നണിയിലെ കക്ഷികള്‍ തമ്മിലുള്ള പടലപിണക്കം അനാവശ്യമായ അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കുന്ന സാഹചര്യം വരെയെത്തി. ഒമ്പത് അംഗങ്ങള്‍ മാത്രമുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രതിപക്ഷം സര്‍ക്കാരിനെ ഒരു തരത്തിലും അലട്ടാന്‍ പര്യാപ്തമായിരുന്നില്ല. എന്നാല്‍ മുന്നണിയെ നയിക്കുന്നവര്‍ക്കുണ്ടാകേണ്ട അവധാനതയുടെയും ജാഗ്രതയുടെയും അഭാവം സര്‍ക്കാരിന്റെ തകര്‍ച്ചയ്ക്ക് വഴിവെച്ചു. 1969 നവംബര്‍ ഒന്നിന് സര്‍ക്കാര്‍ വീണു. തുടര്‍ന്ന് അധികാരത്തില്‍ വന്നത് സി അച്യുതമേനോന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറിയേറ്റംഗവും രാജ്യസഭാംഗവുമായി ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുകയായിരുന്നു അന്ന് അച്യുതമേനോന്‍. സി പി ഐ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ മുഖ്യമന്ത്രിയാവാന്‍ പാര്‍ട്ടി നിര്‍ദേശിച്ചത് അദ്ദേഹത്തെയായിരുന്നു. കൊട്ടാരക്കരയില്‍ നിന്ന് നിയമസഭാംഗമായിരുന്ന ഇ ചന്ദ്രശേഖരന്‍ നായര്‍ രാജിവെയ്ക്കുകയും ഉപ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വന്‍ ഭൂരിപക്ഷത്തോടെ അച്യുതമേനോന്‍ വിജയിക്കുകയും ചെയ്തു. മന്ത്രിസഭ സുഗമമായ പ്രവര്‍ത്തനത്തിന്റെ പാതയിലായിരുന്നെങ്കിലും പത്തു മാസത്തിനുളളില്‍ പൊതു തിരഞ്ഞെടുപ്പ് നടത്താനായി അച്യുതമേനോന്‍ മന്ത്രിസഭ രാജിവച്ചു. 1970 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 75,29,936 സാധുവായ വോട്ടുകളുണ്ടായിരുന്നു. 505 സ്ഥാനാര്‍ഥികളാണ് മൊത്തത്തില്‍ ജനവിധി തേടിയത്. 29 സീറ്റുകളില്‍ മത്സരിച്ച സി പി ഐ 16 സീറ്റിലും 52 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 30 സീറ്റിലും 73 സീറ്റില്‍ മത്സരിച്ച സി പി എം 29 സീറ്റിലും 20 സീറ്റില്‍ മത്സരിച്ച മുസ്‌ലീംലീഗ് 11 സീറ്റിലും 31 സീറ്റില്‍ മത്സരിച്ച കേരള കോണ്‍ഗ്രസ് 12 സീറ്റിലും 14 സീറ്റില്‍ മത്സരിച്ച ആര്‍ എസ് പി 6 സീറ്റിലും വിജയിച്ചു. വ്യക്തമായ ഭൂരിപക്ഷത്തോടെ സി അച്യുതമേനോന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് അധികാരത്തില്‍ വന്നു. 1970 ഒക്‌ടോബര്‍ 4ന് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിസഭ 1977 മാര്‍ച്ച് 25 വരെ നിലനിന്നു. കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഏറെ പ്രത്യേകതകളുള്ള സര്‍ക്കാരായിരുന്നു അത്. അധികാരത്തിലുണ്ടായിരുന്ന ഒരു സര്‍ക്കാരും മുഖ്യമന്ത്രിയും തിരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരത്തിലെത്തിയ ആദ്യ തിരഞ്ഞെടുപ്പായിരുന്നൂ അത്. കാലാവധി പൂര്‍ത്തിയാക്കിയ കേരളത്തിലെ ആദ്യ സര്‍ക്കാരും സി അച്യുതമേനോന്റെ സര്‍ക്കാരായിരുന്നൂ. അച്യുതമേനോന്‍ സര്‍ക്കാര്‍ കേരളത്തിന് സവിശേഷമായ സംഭാവനകള്‍ നല്‍കി. ഭൂപരിഷ്‌കരണം ഒറ്റ ദിനംകൊണ്ട് കേരളത്തില്‍ സഫലീകരിച്ചത് ഈ സര്‍ക്കാരായിരുന്നു. 1970 ജനുവരി ഒന്നിന് ഭൂപരിഷ്‌കരണ നിയമം നടപ്പിലായതോടെ ലക്ഷക്കണക്കിന് ഭൂരഹിതര്‍ ഭൂമിയുടെ ഉടമകളായി മാറി. ജന്‍മിത്വനൃശംസതകളോട് കേരളം വിടപറഞ്ഞു. സ്വകാര്യ വനം പ്രതിഫലമൊന്നും നല്‍കാതെ ദേശസാല്‍ക്കരിച്ചതും ഈ ഗവണ്‍മെന്റിന്റെ കാലത്താണ്. ആരോഗ്യ, ശാസ്ത്രസാങ്കേതിക, വിദ്യാഭ്യാസ മണ്ഡലങ്ങളില്‍ ഒട്ടേറെ നൂതന സംരഭങ്ങള്‍ യാഥാര്‍ഥ്യമായി. വൈദ്യുതോല്‍പാദന രംഗത്ത് കേരളം, ഇടുക്കി ജലവൈദ്യുത പദ്ധതിയിലൂടെ സ്വയം പര്യാപ്തതയിലെത്തി. ലക്ഷംവീട് പദ്ധതിയിലൂടെ പാവപ്പെട്ടവര്‍ക്ക് ഭവനമുണ്ടായി. കാര്‍ഷിക രംഗത്തും വ്യാവസായിക രംഗത്തും വന്‍മുന്നേറ്റമുണ്ടായി. കേരളം കണ്ട ഏറ്റവും മികച്ച ഭരണ സംവിധാനമായി ഇന്നും പ്രശംസിക്കപ്പെടുന്നത് അച്യുതമേനോന്‍ സര്‍ക്കാരാണ്. 1975 ല്‍ സര്‍ക്കാരിന്റെ കാലാവധി കഴിഞ്ഞെങ്കിലും അടിയന്തരാവസ്ഥ കാരണം സര്‍ക്കാര്‍ 1977 വരെ തുടര്‍ന്നു. 1977 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ രാജ്യമാകെയുണ്ടായ അനുഭവത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നൂ കേരളത്തില്‍ ഉണ്ടായത്. ഭരണമുന്നണി തന്നെ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. അച്യുതമേനോന്‍ സര്‍ക്കാരിന് ജനങ്ങള്‍ നല്‍കിയ അംഗീകാരമായിരുന്നൂ അത്.

കേരള രാഷ്ട്രീയ ചരിത്രം..ഭാഗം ഒന്ന്

ഐക്യ കേരളപിറവിക്ക് മുമ്പുതന്നെ ജനാധിപത്യ പ്രക്രിയയുടെ ആവശ്യം തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും ഉയര്‍ന്നുവന്നിരുന്നു. 1888 ല്‍ അഞ്ച് അംഗങ്ങള്‍ മുതല്‍ എട്ട് അംഗങ്ങള്‍വരെയുള്ള ലജിസ്ലേറ്റീവ് കൗണ്‍സില്‍ നിലവില്‍വന്നത് ജനാധിപത്യാവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായിട്ടായിരുന്നു. ഇന്ത്യയിലെ നാട്ടുരാജ്യങ്ങളുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു ലജിസ്ലേറ്റീവ് കൗണ്‍സില്‍ നിലവില്‍ വന്നത്. കൊല്ലവര്‍ഷം 1063 (1888 മാര്‍ച്ച് 30)നാണ് ഇത്തരത്തില്‍ ഒരു ജനാധിപത്യ സഭ നിലവില്‍ വന്നത്. അഞ്ച് മുതല്‍ എട്ടുവരെ അംഗങ്ങള്‍ക്ക് പ്രാതിനിധ്യമുണ്ടായിരുന്ന ലെജിസ്ലേറ്റീവ് കൗണ്‍സിലിന്റെ അധ്യക്ഷപദം അലങ്കരിച്ചിരുന്നത് ദിവാന്‍ ആയിരുന്നു. ഈ കൗണ്‍സിലേയ്ക്കുള്ള അംഗങ്ങളെ തീരുമാനിച്ചിരുന്നത് രാജാവായിരുന്നു. രാജഭരണത്തിന്റെ അധിനിവേശ ഭാവങ്ങള്‍ ഉണ്ടായിരുന്നെങ്കിലും 1888 മാര്‍ച്ച് 30ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം നിലവില്‍ വന്ന ജനാധിപത്യ കൗണ്‍സില്‍ കേരളത്തിലെ ജനാധിപത്യ പ്രക്രിയയുടെ തുടക്കമായിരുന്നു. ''ന്യായ നിബന്ധനകളേയും റഗുലേഷനുകളേയും ഉണ്ടാക്കുന്നതിന് ഒരു ആലോചനാസഭയെ ഏര്‍പ്പെടുത്തുന്നത് യുക്തമായിരിക്കുന്നതുകൊണ്ട് ആ വകയ്ക്ക് ഒരു സഭാധ്യക്ഷനേയും സാമാജികന്‍മാരോടും കൂടിയ ഒരു സഭയെ ഏര്‍പ്പെടുത്തുന്നതാവുന്നു. ആ സഭയില്‍ അഞ്ച് പേരില്‍ കുറയാതിരിക്കുകയും എട്ട് പേരില്‍ കൂടാതെയും അംഗങ്ങള്‍ ഉണ്ടായിരിക്കും. ദിവാന്‍ ഈ സഭയില്‍ അധ്യക്ഷനാകേണ്ടതും മറ്റ് സാമാജികരെ അപ്പപ്പോള്‍ നാം നിയമിക്കുന്നതുമായിരുന്നു'' എന്നായിരുന്നു അന്നത്തെ വിജ്ഞാപനം. ഐക്യ കേരള പിറവിക്ക് മുമ്പുതന്നെ കേരളത്തില്‍ ജനാധിപത്യ പ്രക്രിയയ്ക്ക് തുടക്കംകുറിച്ചിരുന്നു എന്നതിന്റെ തെളിവാണ് ഇത്തരം ചരിത്ര സംഹിതകള്‍.. ഐക്യ കേരളം എന്ന ആശയം ആദ്യം ഉന്നയിച്ചത് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. 1939 ല്‍ പിണറായിയിലെ പാറപ്പുറത്ത് പി കൃഷ്ണപിളളയുടേയും എന്‍ ഇ ബാലറാമിന്റെയും മറ്റനേകം നേതാക്കളുടേയും നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണ സമ്മേളനം നടന്നപ്പോള്‍ തന്നെ ഐക്യ കേരളം എന്ന ആവശ്യം ആവര്‍ത്തിച്ച് ഉന്നയിക്കപ്പെട്ടിരുന്നു. തിരുവിതാംകൂറും കൊച്ചിയും മലബാറും ഒന്നുചേര്‍ന്ന് ഐക്യ കേരളം എന്ന മഹത്തായ ആശയം ശക്തിയുക്തം ആദ്യമായി ഉന്നയിച്ചത് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. ഐക്യ കേരള പിറവിക്ക് മുമ്പുതന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടി കേരള പിറവിക്ക് വേണ്ടി വാദിക്കുകയും പൊരുതുകയും ചെയ്തിരുന്നു. എം എന്‍ ഗോവിന്ദന്‍ നായരുടെ വിശ്വപ്രസിദ്ധമായ ജയില്‍ചാട്ടം വാസ്തവത്തില്‍ നവീന കേരളവും ഐക്യ കേരളവും സൃഷ്ടിക്കുന്നതിനും ഇന്നത്തെ നിലയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സംഘടിപ്പിക്കുന്നതിനും വേണ്ടിയായിരുന്നു. സി അച്യുതമേനോനും എന്‍ ഇ ബാലറാമും പി കെ വിയും ഒളിവില്‍ പൊരുതിയത് സ്വാതന്ത്ര്യാനന്തര ഭാരതം സ്വപ്നം കണ്ട് മാത്രമല്ല. ഐക്യ കേരളത്തിന്റെ സൃഷ്ടിക്ക് കൂടിയായിരുന്നുവെന്ന് ചരിത്രത്തിലേയ്ക്ക് തിരിഞ്ഞുനോക്കുന്ന ഏവര്‍ക്കും തിരിച്ചറിയാനാവും. കയ്യൂരിന്റെയും കരിവെള്ളൂരിന്റെയും ഒഞ്ചിയം, കാവുമ്പായിയുടേയും മൊറാഴയുടെയും വയലാര്‍ പുന്നപ്രയുടെയും മാസ്മരിക ചരിത്രങ്ങളിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടി കേരള രാഷ്ട്രീയ ചരിത്രത്തില്‍ മുന്‍നിരയിലെത്തിച്ചേരുകയായിരുന്നു. നിശിതമായ വിമര്‍ശനങ്ങളും അവഹേളനങ്ങളും കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഏറ്റുവാങ്ങേണ്ടിവരികയും ചെയ്തു. പക്ഷേ വിമര്‍ശനങ്ങളേയും അവഹേളനങ്ങളേയും അതിജീവിച്ചു കൊണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്‍നിരയിലെത്തുകയായിരുന്നുവെന്ന് കാലം തെളിയിച്ചു. ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടി ജനാധിപത്യ പ്രക്രിയയിലൂടെ അധികാരത്തിലെത്തിയത് മനുഷ്യന്റെ അര്‍പ്പണ ബോധംകൊണ്ടാണ്. ബാലറ്റ് പേപ്പറുകളിലൂടെ കമ്യൂണിസ്റ്റുകാര്‍ക്ക് അധികാരത്തില്‍ വരാന്‍ കഴിയുമെന്ന് കേരളം ലോകത്തോട് വിളിച്ചുപറഞ്ഞത് ഒരു മഹാസംഭവമായിരുന്നു. അതിന് നേതൃത്വം നല്‍കിയ എം എന്‍ ഗോവിന്ദന്‍ നായര്‍ അന്നത്തെ (സി പി ഐ സംസ്ഥാന സെക്രട്ടറി), കേരള ക്രൂഷ്‌ചേവ് എന്ന് വാഴ്ത്തപ്പെടുകയും ചെയ്തു. ഐക്യ കേരളം എന്ന ആശയം മുന്നോട്ടുവച്ചതും അത് യാഥാര്‍ഥ്യമാക്കുകയും ചെയ്ത കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനാകെ മാതൃകയാവുന്നതായിരുന്നു. കേരളം ജനാധിപത്യത്തിലേക്കും ഉണര്‍ന്നെണീറ്റത് ആ കാലംതൊട്ടായിരുന്നു. നൂറുകണക്കിന് രക്തസാക്ഷിത്വങ്ങളിലൂടെ പടുത്തുയര്‍ത്തപ്പെട്ട നവീന കേരളത്തിന്റെ ആധുനിക മുഖം സാക്ഷാത്ക്കരിക്കുകയായിരുന്നു കമ്യൂണിസ്റ്റുകാരുടെ ലക്ഷ്യം. 1888 ഓഗസ്റ്റ് 15 ന് ആറ് ഔദ്യോഗികാംഗങ്ങളും രണ്ട് അനൗദ്യോഗികാംഗങ്ങളുമായി നിലവില്‍വന്ന ലജിസ്ലേറ്റീവ് കൗണ്‍സിലിന്റെ അംഗസംഖ്യ 1898 ല്‍ 15 ആയി ഉയര്‍ത്തി. 1904 ഒക്‌ടോബര്‍ ആയപ്പോള്‍ ശ്രീമൂലം പ്രജാസഭ തിരുവിതാംകൂറില്‍ നിലവില്‍വന്നു. വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന 100 അംഗങ്ങളാണ് ഈ സഭയില്‍ ഉണ്ടായിരുന്നത്. നിയമപരമായ അധികാരങ്ങള്‍ ഒന്നുമില്ലാതിരുന്ന ഈ സമിതിയിലേയ്ക്ക് വോട്ടവകാശം ഉണ്ടായിരുന്നവര്‍ അഞ്ചു രൂപയില്‍ കുറയാതെ ഭൂനികുതി ഒടുക്കുന്നവരും സര്‍വകലാശാല ബിരുദമുള്ളവരും മാത്രമായിരുന്നു. 1937 മുതല്‍ ഒരു രൂപ കരം അടയ്ക്കുന്നവര്‍ക്കും വോട്ടവകാശം ലഭിച്ചു. 1947 സെപ്തംബര്‍ നാലിന് തിരുവിതാംകൂറില്‍ ഉത്തരവാദ സര്‍ക്കാരും പ്രായപൂര്‍ത്തി വോട്ടവകാശവും നിലവില്‍വന്നു. ഇതുപ്രകാരം 120 അംഗങ്ങളുള്ള തിരുവിതാംകൂര്‍ കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലി രൂപീകരിക്കപ്പെട്ടു. 1923 ലാണ് കൊച്ചിയില്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ നിലവില്‍വന്നത്. കൗണ്‍സിലിലെ ഭൂരിപക്ഷം അംഗങ്ങള്‍ തിരഞ്ഞെടുക്കുന്ന ജനകീയമന്ത്രിക്ക് കൃഷി, സഹകരണം, പൊതുജനാരോഗ്യം, വ്യവസായം, പഞ്ചായത്ത് തുടങ്ങിയ വകുപ്പുകളുടെ ചുമതല വഹിക്കാമായിരുന്നു. ഇത്തരത്തില്‍ ആദ്യമായി ജനകീയ മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് അമ്പാട്ട് ശിവരാമമേനോനായിരുന്നു. 1947 ഓഗസ്റ്റ് 14 ന് കൊച്ചി രാജാവ് ലെജിസ്ലേറ്റീവ് കൗണ്‍സിലിന് പൂര്‍ണമായ ഉത്തരവാദ ഭരണം കൈമാറി. ടി കെ നായരുടെ നേതൃത്വത്തില്‍ മൂന്നംഗ മന്ത്രിസഭ നിലവില്‍ വന്നു. 1948 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കൊച്ചി രാജ്യപ്രജാ മണ്ഡലത്തിന് ഭൂരിപക്ഷം ലഭിക്കുകയും ഇക്കണ്ടവാര്യര്‍ പ്രധാനമന്ത്രിയായുള്ള മന്ത്രിസഭ നിലവില്‍വരുകയും ചെയ്തു. 1949 ജൂലൈ ഒന്നിന് തിരുവിതാംകൂറും കൊച്ചിയും സംയോജിപ്പിച്ച് തിരുകൊച്ചി നിലവില്‍ വന്നു. രണ്ട് സഭയിലെയും അംഗങ്ങളെ ഉള്‍പ്പെടുത്തി 178 അംഗങ്ങളുള്ള തിരു-കൊച്ചി സഭ രൂപീകരിച്ചു. തിരു-കൊച്ചിയില്‍ 1948 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ മത്സരിച്ച കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടുകയും പട്ടം തിരുകൊച്ചിയുടെ പ്രധാനമന്ത്രിയാവുകയും ചെയ്തു. സി കേശവന്‍, ടി എം വര്‍ഗീസ് എന്നിവരായിരുന്നു മന്ത്രിമാര്‍. കുതികാല്‍വെട്ടിന്റെയും കലഹത്തിന്റെയും നാളുകളായിരുന്നൂ തിരു-കൊച്ചിയില്‍ പിന്നീട്. കലഹം മൂത്തപ്പോള്‍ സ്വന്തം കക്ഷിയിലെ 64 സാമാജികര്‍ പട്ടത്തിനെതിരെ അവിശ്വാസം അറിയിച്ചു. രാജിവെയ്ക്കാന്‍ പട്ടം താണുപിള്ള നിര്‍ബന്ധിതനായി. സി കേശവനെയും ടി എം വര്‍ഗീസിനെയും മറികടന്ന് പറവൂര്‍ ടി കെ നാരായണപിള്ളയെ മുഖ്യമന്ത്രിയാക്കി. പക്ഷേ നാരായണപിള്ളയ്ക്കും രാജിവച്ചൊഴിയാനായിരുന്നു കാലം അവസരമൊരുക്കിയത്. 1951 ഫെബ്രുവരി 24 ന് സി കേശവന്‍ തിരു-കൊച്ചി മുഖ്യമന്ത്രിയായി. 1951 ഡിസംബര്‍ മുതല്‍ 52 മാര്‍ച്ച് വരെ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ 108 സീറ്റുകളില്‍ 48 ലേയ്ക്ക് കോണ്‍ഗ്രസ് ചുരുങ്ങി. തമിഴ്‌നാട് കോണ്‍ഗ്രസിന്റെ എട്ട് അംഗങ്ങളുടെ കൂടി പിന്തുണയോടെ ഭരണം നേടി. ഏ ജെ ജോണ്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് ലഹളകള്‍ക്കൊടുവില്‍ പനമ്പിള്ളി ഗോവിന്ദമേനോനെ മറികടന്ന് മുഖ്യമന്ത്രിയായി. പക്ഷേ 18 മാസം കൊണ്ട് മന്ത്രിസഭ വീണു. തമിഴ്‌നാട് കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതാണ് കാരണം. ഇതിനിടയില്‍ തിരു-കൊച്ചിയില്‍ കമ്മ്യൂണിസ്റ്റുകാര്‍ വിജയിക്കുവാന്‍ തുടങ്ങിയിരുന്നു. 1948 ല്‍ തന്നെ ഇ ഗോപാലകൃഷ്ണമേനോന്‍ കൊച്ചി സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. എം എന്‍ ഗോവിന്ദന്‍ നായര്‍ ജയിലിലിരുന്ന് ഭരണിക്കാവ് നിയോജകമണ്ഡലത്തില്‍ നിന്ന് വിജയിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനസ്വാധീനം വര്‍ധിച്ചുവരുകയായിരുന്നു. 1954 ല്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പി എസ് പിയും മുന്നണിയായാണ് മത്സരിച്ചത്. സി പി ഐയ്ക്ക് 27 സീറ്റും പി എസ് പിക്ക് 19 സീറ്റും ലഭിച്ചു. ആകെ മുന്നണിക്ക് 46 സീറ്റുകള്‍. കോണ്‍ഗ്രസിന് 45 സീറ്റുകളെ ലഭിച്ചുള്ളൂ. പട്ടം താണുപിള്ള കോണ്‍ഗ്രസിന്റെ കൗശലത്തിന് വഴിപ്പെട്ട് മലക്കംമറിഞ്ഞില്ലായിരുന്നെങ്കില്‍ 1954 ല്‍ തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തുമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പട്ടം താണുപിള്ള മുഖ്യമന്ത്രിയായി. കോണ്‍ഗ്രസുമായി നേരത്തെ തെറ്റിപ്പിരിഞ്ഞ് പി എസ് പി ഉണ്ടാക്കിയ പട്ടം കോണ്‍ഗ്രസിന്റെ നിരുപാധിക പിന്തുണയോടെ ഏകകക്ഷി സര്‍ക്കാരാണ് രൂപീകരിച്ചത്. ടി വി തോമസ് പ്രതിപക്ഷ നേതാവായി. എന്നാല്‍ 1955 ല്‍ പട്ടം സര്‍ക്കാരും തകര്‍ന്നു. പനമ്പിള്ളി ഗോവിന്ദമേനോന്‍ മുഖ്യമന്ത്രിയായി. ആ മന്ത്രിസഭയും തമ്മില്‍തല്ലിലും കുതികാല്‍വെട്ടിലുംപെട്ട് ആടിയുലഞ്ഞു. മലബാര്‍ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. മലബാറില്‍ നിന്ന് 30 സീറ്റുകളാണ് ഉണ്ടായിരുന്നത്. 1946 ലെ തിരഞ്ഞെടുപ്പില്‍ ടി പ്രകാശത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ നിലവില്‍വന്നു. 1951 ലെ തിരഞ്ഞെടുപ്പായപ്പോള്‍ മലബാറില്‍ കോണ്‍ഗ്രസ് തീര്‍ത്തും ദുര്‍ബലമായി. കോണ്‍ഗ്രസില്‍ നിന്ന് പിരിഞ്ഞ് കെ കേളപ്പന്‍ രൂപീകരിച്ച കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും സഖ്യത്തില്‍ മത്സരിച്ച ആ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വമ്പന്‍ പരാജയമുണ്ടായി. മലബാറിലെ 30 സീറ്റുകളില്‍ കേവലം 4 ല്‍ കോണ്‍ഗ്രസ് ഒതുങ്ങി. തിരു-കൊച്ചിയിലെയും മലബാറിലെയും ഇത്തരം രാഷ്ട്രീയാനുഭവങ്ങളുടെ അടിത്തറയിലാണ് ഐക്യകേരളം ആദ്യ തിരഞ്ഞെടുപ്പിന് ഒരുങ്ങിയത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിജയിച്ച് അധികാരത്തിലെത്തുമെന്ന് പലരും വിശ്വസിച്ചിരുന്നില്ല. തിരഞ്ഞെടുപ്പിലൂടെ കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തിലെത്തുമെന്നത് പാഴ്ക്കിനാവാണെന്ന് നാനാകോണുകളില്‍ നിന്ന് പ്രചാരണമുണ്ടായി. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ജനങ്ങളുമായുള്ള അടുപ്പം അനുദിനം വര്‍ധിച്ചുവരുകയായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ചുള്ള ദുഷ്പ്രചരണങ്ങള്‍ കഴമ്പില്ലാത്തതാണെന്ന് ജനം തിരിച്ചറിയാന്‍ തുടങ്ങി. നാടിനും ജനങ്ങള്‍ക്കും വേണ്ടി അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്നത് കമ്മ്യൂണിസ്റ്റുകാരാണെന്നും അതിനുവേണ്ടി ത്യാഗഭരിത ജീവിതം നയിക്കുവാനും രക്തസാക്ഷിത്വം വരിക്കുവാനും കമ്മ്യൂണിസ്റ്റുകാര്‍ സന്നദ്ധമാണെന്നും കാലം തെളിയിച്ചു. മൂര്‍ത്തമായ ഒരു പരിപാടി മുന്നില്‍ വെച്ചുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തിരഞ്ഞെടുപ്പിനെ അഭിമൂഖീകരിച്ചത്. ഐശ്വര്യപൂര്‍ണമായ കേരളം എന്ന മുദ്രാവാക്യവുമായി ഐക്യകേരളത്തെ മുന്നോട്ടുനയിക്കുന്നതിനുള്ള യുക്തിഭദ്രതയും ദീര്‍ഘവീക്ഷണവുമുള്ള പരിപാടിയായിരുന്നു അത്. കാര്‍ഷിക-വ്യാവസായിക വികസനത്തിനുള്ള സമഗ്ര പദ്ധതികള്‍ പരിപാടി മുന്നോട്ടുവെച്ചു. കാര്‍ഷിക പരിഷ്‌കരണം, കുടിയാന്‍മാര്‍ക്കെല്ലാം ഭൂമിയില്‍ സ്ഥിരാവകാശം, കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് അടിസ്ഥാനവില നിശ്ചയിക്കല്‍, മിനിമംകൂലി ഉറപ്പാക്കല്‍, ബോണസ് അംഗീകരിക്കല്‍, നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം എന്നിങ്ങനെ മൗലികവും പുരോഗമനാത്മകവുമായ ഒട്ടേറെ പദ്ധതികള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. ജനങ്ങളില്‍ അത് വലിയ സ്വീകാര്യതയുണ്ടാക്കി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം എന്‍ ഗോവിന്ദന്‍ നായരുടെ കര്‍മകുശലതയും ക്രാന്തദര്‍ശിത്വവും സംഘടനാപരമായി പാര്‍ട്ടിയെ സജ്ജമാക്കുന്നതിലും തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിനും കരുത്തേകി. സി പി ഐ ഒറ്റയ്ക്കു മത്സരിച്ച് കേരളത്തിന്റെ അധികാരത്തിലെത്തി. 126 സീറ്റുകളില്‍ സ്വതന്ത്രരടക്കം 100 സീറ്റുകളിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മത്സരിച്ചത്. അതില്‍ 60 പാര്‍ട്ടി സ്ഥാനാര്‍ഥികളും പാര്‍ട്ടി പിന്തുണച്ച അഞ്ച് സ്വതന്ത്രരും ജയിച്ചുകയറി. 126 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 43 സീറ്റില്‍ ഒതുങ്ങി. പി എസ് പി ഒമ്പതും മുസ്ലീംലീഗ് എട്ടും സീറ്റുകള്‍ നേടി. 75,14,622 സമ്മതിദായകരാണ് 57 ലെ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ടിയിരുന്നത്. അതില്‍ 58,99,882 പേര്‍ വോട്ട് ചെയ്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് മാത്രമായി 20,59,547 വോട്ടുകള്‍ ലഭിച്ചു. 1957 ഏപ്രില്‍ 5 വെള്ളിയാഴ്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തി. ഇ എം എസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയും സി അച്യുതമേനോന്‍, കെ സി ജോര്‍ജ്, ടി വി തോമസ്, കെ ആര്‍ ഗൗരി, കെ പി ഗോപാലന്‍, ജോസഫ് മുണ്ടശ്ശേരി, വി ആര്‍ കൃഷ്ണയ്യര്‍, ഡോ ഏ ആര്‍ മേനോന്‍, പി കെ ചാത്തന്‍മാസ്റ്റര്‍, ടി ഏ മജീദ് എന്നിവര്‍ മന്ത്രിമാരുമായുള്ള 11 അംഗ മന്ത്രിസഭയാണ് നിലവില്‍ വന്നത്. പൊതുഭരണം, നിയമസമാധാനം, പ്ലാനിംഗ് എന്നിവയായിരുന്നു മുഖ്യമന്ത്രിയുടെ വകുപ്പുകള്‍. പില്‍ക്കാലത്ത് നിയമസമാധാനത്തിന്റെ ചുമതല മുഖ്യമന്ത്രിയില്‍ നിന്ന് വി ആര്‍ കൃഷ്ണയ്യരിലേയ്ക്കും കൃഷ്ണയ്യരില്‍ നിന്ന് അച്യുതമേനോനിലേയ്ക്കും മാറ്റി. ധനകാര്യം, കൃഷി, മൃഗസംരക്ഷണം എന്നിവ സി അച്യുതമേനോനിലും ഭക്ഷ്യം, പൊതുവിതരണം, വനം എന്നിവ കെ സി ജോര്‍ജിലും വ്യവസായം കെ പി ഗോപാലനിലും തൊഴില്‍, ട്രാന്‍സ്‌പോര്‍ട്ട്, നഗരസഭകള്‍ എന്നിവ ടി വി തോമസിലും പ്രാദേശിക സ്വയംഭരണം, പിന്നോക്കക്ഷേമം എന്നിവ ചാത്തന്‍ മാസ്റ്ററിലും പൊതുമരാമത്ത് ടി ഏ മജീദിലും എക്‌സൈസ്, റവന്യു എന്നിവ കെ ആര്‍ ഗൗരിയിലും വിദ്യാഭ്യാസം, സഹകരണം, ഫിഷറീസ് എന്നിവ ജോസഫ് മുണ്ടശ്ശേരിയിലും നിയമം, ജലസേചനം, വിദ്യുച്ഛക്തി എന്നിവ വി ആര്‍ കൃഷ്ണയ്യരിലും ആരോഗ്യം ഏ ആര്‍ മേനോനിലും നിക്ഷിപ്തമായിരുന്നു. ആര്‍ ശങ്കരനാരായണന്‍ തമ്പി പ്രഥമ സ്പീക്കറും കെ ഒ അയിഷാബായി ഡപ്യൂട്ടി സ്പീക്കറുമായി തിരഞ്ഞെടുക്കപ്പെട്ടു. ആദ്യ നിയമസഭയിലെ പ്രോട്ടേം സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട റോസമ്മ പുന്നൂസ് ആണ് സാമാജികര്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് ആദ്യ നിമിഷങ്ങള്‍ മുതല്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുവാന്‍ തുടങ്ങി. കുടികിടപ്പുകാരെ ആട്ടിപ്പുറത്താക്കാന്‍ ഭൂവുടമകള്‍ക്കും ജന്മികള്‍ക്കും അവകാശമില്ലെന്ന സുപ്രധാനമായ ഉത്തരവുണ്ടായി. ജനങ്ങളില്‍ പ്രത്യാശ വളരാന്‍ തുടങ്ങി. ഇത് കോണ്‍ഗ്രസുകാരെയും ഇതര കമ്മ്യൂണിസ്റ്റ് വിരുദ്ധരെയും അങ്കലാപ്പിലാക്കി. പാര്‍ട്ടി അധികാരമേറ്റെടുത്തതിന്റെ മൂന്നാം ദിവസം തന്നെ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായിരുന്ന ശ്രീമന്നാരായണന്‍ കേരളത്തില്‍ ക്രമസമാധാനനില തകര്‍ന്നിരിക്കുകയാണെന്നും സെല്‍ഭരണമാണ് നടമാടുന്നതെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. വരാനിരിക്കുന്ന ദുഷ്പ്രചരണങ്ങളുടെയും അക്രമസമരത്തിന്റെയും ആമുഖമെഴുത്തായിരുന്നു അത്. തുടര്‍ന്നങ്ങോട്ട് വിദ്യാഭ്യാസ ബില്ലും കാര്‍ഷിക പരിഷ്‌കരണ നിയമവും മുന്‍നിര്‍ത്തി കോണ്‍ഗ്രസും ചില മത സാമൂദായിക ശക്തികളും കൈകോര്‍ത്തുപിടിച്ച് ആസൂത്രിത നീക്കങ്ങള്‍ ആരംഭിച്ചു. പിച്ചവെച്ചു നടക്കാന്‍ തുടങ്ങിയ കേരളത്തിന് അനിവാര്യമായ ദീര്‍ഘകാല പരിഷ്‌കാരങ്ങള്‍ക്കും നടപടികള്‍ക്കുമാണ് ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ മുന്‍കൈയെടുത്തത്. എന്നാല്‍ അതിനെ തെറ്റായി വ്യാഖ്യാനിക്കുകയും ജനങ്ങളുടെ മതപരവും സാമുദായികവുമായ വികാരങ്ങള്‍ ഉദ്ദീപിപ്പിക്കുകയുമാണ് കമ്മ്യൂണിസ്റ്റ് വിരോധികള്‍ ചെയ്തത്. കാര്‍ഷിക പരിഷ്‌കരണത്തിന്റെയും വിദ്യാഭ്യാസ ബില്ലിന്റെയും പ്രസക്തി എത്രമാത്രമായിരുന്നുവെന്നും അതിനെതിരായി നടന്ന വിമോചന സമരത്തിന്റെ അര്‍ഥതലങ്ങള്‍ എന്തായിരുന്നുവെന്നും വിശദീകരിക്കുവാന്‍ ഉദ്ദേശിക്കുന്നില്ല. എന്തു തന്നെയായാലും ജനങ്ങളില്‍ ഒരു വിഭാഗത്തെ ഇളക്കിവിട്ട് അക്രമം അഴിച്ചുവിടുകയായിരുന്നു വിമോചന സമരശക്തികള്‍. ഒടുവില്‍ ജനാധിപത്യവ്യവസ്ഥയ്ക്കുമേല്‍ കളങ്കം ചാര്‍ത്തിക്കൊണ്ട് ജവഹര്‍ലാല്‍ നെഹ്‌റു സി പി ഐ സര്‍ക്കാരിനെ 1959 ജൂലൈ 31 ന് പിരിച്ചുവിട്ടു. ഇന്ത്യയില്‍ ആദ്യമായി 356-ാം വകുപ്പുപയോഗിച്ച് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ പിരിച്ചുവിട്ടത് കേരളത്തിലാണ്. ആറുമാസം കേരളത്തില്‍ രാഷ്ട്രപതി ഭരണമായിരുന്നു. 1960 ഫെബ്രുവരി ഒന്നിന് പൊതു തിരഞ്ഞെടുപ്പ് നടന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒറ്റയ്ക്കു തന്നെ ജനങ്ങളെ അഭിമുഖീകരിച്ചു. എന്നാല്‍ കോണ്‍ഗ്രസ്, പി എസ് പി, മുസ്ലീംലീഗ്, ആര്‍ എസ് പി എന്നിവര്‍ മുന്നണിയായാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നേരിട്ടത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആകെയുള്ള 102 ഏകാംഗ മണ്ഡലങ്ങളിലും 12 ദ്വയാംഗ മണ്ഡലങ്ങളിലുമായി 108 പാര്‍ട്ടി സ്ഥാനാര്‍ഥികളെയും 16 സ്വതന്ത്രരെയും അവതരിപ്പിച്ചു. ആകെയുള്ള 126 ല്‍ 124 സ്ഥാനാര്‍ഥികള്‍. കോണ്‍ഗ്രസ് മുന്നണി 126 ലും സ്ഥാനാര്‍ഥികളെ അവതരിപ്പിച്ചു. കോണ്‍ഗ്രസ് 80 സീറ്റുകളിലും പി എസ് പി 33 ലും മുസ്ലീംലീഗ് 12 ലും മത്സരിച്ചു. ഒരു സ്വതന്ത്രനുമുണ്ടായിരുന്നു. തിരഞ്ഞെടുപ്പുഫലം വന്നപ്പോള്‍ കോണ്‍ഗ്രസിന് 63 സീറ്റും ലീഗിന് 11 ഉം പി എസ് പിക്ക് 20 സീറ്റും ലഭിച്ചു. സി പി ഐ 29 സീറ്റുകളിലും സ്വതന്ത്രര്‍ മൂന്ന് സീറ്റുകളിലും വിജയിച്ചു. ഒരു മുന്നണിയെയും അവരുടെ ദുഷ്പ്രചരണങ്ങളെയും മതസാമുദായിക ശക്തികളുടെ സംഘടിതമായ ആക്രമണത്തെയുമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 60 ലെ തിരഞ്ഞെടുപ്പില്‍ നേരിട്ടത്. 1957 ലേതിനേക്കാള്‍ കുറഞ്ഞ സീറ്റുകളേ 60 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ലഭിച്ചുള്ളൂ എന്നത് യാഥാര്‍ഥ്യം തന്നെ. എന്നാല്‍ വോട്ടിന്റെ നിലവാരത്തില്‍ നല്ല തോതില്‍ വര്‍ധനവുണ്ടായി. 1957 ലെ തിരഞ്ഞെടുപ്പില്‍ സി പി ഐയ്ക്ക് 20,59,547 വോട്ടുകളാണ് ലഭിച്ചതെങ്കില്‍ 1960 ലെ തിരഞ്ഞെടുപ്പില്‍ 35,50,136 ആയി ഉയര്‍ന്നു. 14 ലക്ഷത്തിലധികം വോട്ടിന്റെ വര്‍ധനവ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ടായി. പല നിയോജകമണ്ഡലങ്ങളിലും പാര്‍ട്ടിയുടെ വോട്ട് ഏഴ് ശതമാനം വരെ വര്‍ധിച്ചു. സീറ്റുകളുടെ എണ്ണം കുറഞ്ഞുവെങ്കിലും ജനപിന്തുണ സാരമായ നിലയില്‍ വര്‍ധിച്ചുവെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. കോണ്‍ഗ്രസ്-പി എസ് പി-ലീഗ് സഖ്യത്തിന്റെ സര്‍ക്കാര്‍ 1960 ഫെബ്രുവരി 22 ന് അധികാരമേറ്റെടുത്തു. 63 സീറ്റ് ലഭിച്ച കോണ്‍ഗ്രസിനായിരുന്നില്ല മുഖ്യമന്ത്രിപദം. 20 സീറ്റുണ്ടായിരുന്ന പി എസ് പിയുടെ നേതാവ് പട്ടം താണുപിള്ളയാണ് മുഖ്യമന്ത്രിയായത്. തിരുകൊച്ചി സംസ്ഥാനത്തെ കോണ്‍ഗ്രസ് ഭരണം പോലെ തന്നെ അനൈക്യത്തിന്റെയും കുതികാല്‍വെട്ടിന്റെയും ഭരണനേതൃത്വമായിരുന്നു 60 ല്‍ നിലവില്‍ വന്നത്. പട്ടം താണുപിള്ളയും കോണ്‍ഗ്രസ് നേതാവ് ആര്‍ ശങ്കറും തമ്മില്‍ മാത്രമായിരുന്നില്ല. ആര്‍ ശങ്കറും പി ടി ചാക്കോയും തമ്മിലുള്ള അഭിപ്രായ ഭിന്നതയും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയും കെ പി സി സി നേതൃത്വവും തമ്മിലുള്ള അഭിപ്രായ വ്യത്യാസവും അനുദിനം മൂര്‍ച്ഛിച്ചുകൊണ്ടിരുന്നു. ഒടുവില്‍ 1962 സെപ്തംബര്‍ 26 ന് പട്ടം താണുപിള്ള മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. അദ്ദേഹത്തെ പഞ്ചാബ് ഗവര്‍ണറാക്കിക്കൊണ്ടാണ് ആര്‍ ശങ്കര്‍ തന്റെ മുഖ്യമന്ത്രിപദമോഹം സഫലീകരിച്ചത്.