2012, മേയ് 13, ഞായറാഴ്‌ച

സി പി എം-ന്റെ ബഹുമതിപത്രം വേണ്ട

വെളിയം ഭാര്‍ഗവന്‍ ഉന്നതനായ കമ്മ്യൂണിസ്റ്റുകാരനാണെന്നും സി കെ ചന്ദ്രപ്പന്‍ കോണ്‍ഗ്രസ്പക്ഷത്തിനായി നിലകൊള്ളുന്നുവെന്നും ആസൂത്രിതമായ നിലയില്‍ ചില സി പി എം നേതാക്കള്‍ ചാനല്‍മുറികളിലും പ്രസംഗവേദികളിലും അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. ഏറ്റവുമൊടുവില്‍ ഇന്നലെ ഇ പി ജയരാജന്‍ എന്ന സി പി എം കേന്ദ്രകമ്മിറ്റി അംഗം തന്റെ 'സംസ്‌കാരത്തിനനുയോജ്യമായ ഭാഷയില്‍' ഇത് ആവര്‍ത്തിച്ചിരിക്കുന്നു. തങ്ങളുടെ പാര്‍ട്ടിയിലെ ഏറ്റവും സമുന്നതനായ നേതാവിനെ വധശിക്ഷയ്ക്ക് വിധിക്കണമെന്നും അദ്ദേഹം കുങ്കുമം ചുമക്കുന്ന ഗര്‍ദ്ദഭം ആണെന്നും പറഞ്ഞുനടന്നിരുന്നവര്‍ക്ക് ഏകശിലാഭദ്രതയോടെ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും പക്ഷങ്ങളും പക്ഷഭേദങ്ങളും ഉണ്ടെന്നു വരുത്തിത്തീര്‍ക്കണമെന്ന ഒടുങ്ങാത്ത അഭിവാഞ്ഛയുണ്ടാകുന്നത് രാഷ്ട്രീയനിരീക്ഷകര്‍ക്കും കേരളീയ സമൂഹത്തിനും വളരെ പെട്ടെന്ന് മനസ്സിലാക്കുവാനാവും. അസമത്വത്തിനും അനീതിക്കും അധിനിവേശത്തിനുമെതിരായി പൊരുതുവാന്‍ ഒന്നിച്ചവര്‍ക്കിടയില്‍ വിഭാഗീയതയുടെ കണിക പോലും ഉണ്ടാവുകയില്ല. അധികാരക്കസേര മാത്രം ലക്ഷ്യമാക്കുന്നവര്‍ക്കാണ് വിഭാഗീയതയെ ശരണം പ്രാപിക്കേണ്ടി വരുന്നത്. വിഭാഗീയതയിലൂടെ ജന്മമെടുത്തവര്‍ വിഭാഗീയതയില്‍ തന്നെ തട്ടിമുട്ടുന്നത് സ്വാഭാവികം. . കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പനെ ഇന്ന് അകാരണമായി ഇകഴ്ത്തുകയും സംസ്‌കാരശൂന്യമായ ഭാഷയില്‍ പ്രതികരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നവര്‍ ഇപ്പോള്‍ വെളിയം ഭാര്‍ഗവനെ ഉത്തമ കമ്മ്യൂണിസ്റ്റുകാരനായി അംഗീകരിച്ച് പ്രഭാഷണം നടത്തുമ്പോള്‍ പഴയ കാലം ഓര്‍മ്മിക്കുന്നവര്‍ പൊട്ടിച്ചിരിക്കും. 'വെളിവില്ലാത്ത വെളിയം ഭാര്‍ഗവന് ഉണ്ടിരുന്നപ്പോള്‍ വെളിപാടുണ്ടായി' എന്ന് പ്രഖ്യാപിച്ച് അപമാനം ഇരന്നുവാങ്ങിയ ഒരാള്‍ ഇപ്പോഴും സി പി എം കേന്ദ്രകമ്മിറ്റി അംഗമാണ്. ജനകീയാസൂത്രണപദ്ധതിയിലെ ഒഴിവാക്കേണ്ട ന്യൂനതകള്‍ ചൂണ്ടിക്കാണിച്ചപ്പോഴാണ് അന്ന് ആസൂത്രണബോര്‍ഡ് അംഗം മാത്രമായിരുന്ന ഡോ. തോമസ് ഐസക് അദ്ദേഹം ജനിക്കുന്നതിനും മുമ്പേ ലോക്കപ്പ്‌വാസവും ഭരണകൂടഭീകരതയും അനുഭവിച്ച നേതാവിനെ ഈ വിധം അധിക്ഷേപിച്ചത്. 1998ല്‍ രണ്ട് രാജ്യസഭാ സീറ്റുകളില്‍ എല്‍ ഡി എഫ് ജയിക്കുന്ന സാഹചര്യമുണ്ടായപ്പോള്‍ മുന്നണി യോഗം ചേരാതെ, കെ ചന്ദ്രന്‍പിള്ള സി പി എം സ്ഥാനാര്‍ഥിയായും എന്‍ കെ പ്രേമചന്ദ്രന്‍ ആര്‍ എസ് പി സ്ഥാനാര്‍ഥിയായും രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് ചടയന്‍ ഗോവിന്ദന്റെ നിര്യാണത്തെ തുടര്‍ന്ന് സി പി എം സെക്രട്ടറിയായ പിണറായി വിജയന്‍ പറഞ്ഞപ്പോഴും സി പി ഐ-സി പി എം തര്‍ക്കം കൊടുമ്പിരിക്കൊണ്ടിരുന്നു. ഒടുവില്‍ ചന്ദ്രന്‍പിള്ള സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുകയും വി വി രാഘവന്‍ മത്സരിച്ചു ജയിക്കുകയും ചെയ്തു. ആ ഘട്ടത്തിലും ലോക്‌സഭാ തിരഞ്ഞെടുപ്പുകാലത്ത് പൊന്നാനി സീറ്റുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സംവാദഘട്ടത്തിലും വെളിയം ഭാര്‍ഗവന്‍ ഇടതുപക്ഷ ഐക്യത്തിനെതിരും കമ്മ്യൂണിസ്റ്റ് വിരുദ്ധനും ആയിരുന്ന കൂട്ടര്‍ക്ക് ഇപ്പോള്‍ വെളിയം കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നേതാവും സി കെ ചന്ദ്രപ്പന്‍ കോണ്‍ഗ്രസ് പക്ഷപാതിയുമാവുകയാണ്. കമ്മ്യൂണിസ്റ്റുകാരാണെങ്കില്‍ ഉറച്ചനിലപാടുകള്‍ വേണം. നിശ്ചയദാര്‍ഢ്യമുള്ള വിലയിരുത്തലുകള്‍ വേണം. അതൊന്നും മലര്‍ന്നുകിടന്ന് തുപ്പരുതെന്ന് അവരുടെ തന്നെ മുതിര്‍ന്ന നേതാവ് ആരോടാണോ ഉപദേശിച്ചത് അവര്‍ക്കില്ലെന്ന് വ്യക്തമായിരിക്കുന്നു. തങ്ങളിലെ ഭിന്നത മറ്റുള്ളവരിലും അവര്‍ കിനാവു കാണുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി സി കെ ചന്ദ്രപ്പനെ ഡാംഗെയിസ്റ്റെന്നും കോണ്‍ഗ്രസ് പക്ഷപാതിയെന്നും മുദ്രകുത്തുന്നവര്‍, സി പി ഐ അടിയന്തരാവസ്ഥയെ അനുകൂലിച്ച മഹാപാതകം ചെയ്തവരെന്നും ചാനല്‍മുറികളിലിരുന്നും ഉച്ചഭാഷിണിക്ക് മുന്നില്‍ നിന്നും അലറുന്നു. ജനസംഘം എന്ന സംഘപരിവാറിന്റെ രാഷ്ട്രീയ സംഘടനയെ പിന്തുണയ്ക്കുകയും അവര്‍ക്ക് പ്രാതിനിധ്യമുണ്ടായിരുന്ന സര്‍ക്കാരിനെ താങ്ങിനിര്‍ത്തുകയും കെ ജി മാരാര്‍ അടക്കമുള്ള സംഘപരിവാര നേതാക്കള്‍ക്ക് കീ ജയ് വിളിക്കുകയും ചെയ്തവരാണ് ഇക്കൂട്ടര്‍ എന്നത് ആര്‍ക്കുമാര്‍ക്കും അറിഞ്ഞുകൂടെന്ന് കരുതുന്നത് വിഡ്ഢികളുടെ ഹിമാലയത്തില്‍ ജീവിക്കുന്നവര്‍ മാത്രമാണ്. എസ് എ ഡാംഗെ സമുന്നത കമ്മ്യൂണിസ്റ്റ്- തൊഴിലാളി നേതാവായിരുന്നൂ. ഗൂഢാലോചനക്കേസുകളില്‍ ഉള്‍പ്പെടെ ഉള്‍പ്പെടുത്തി ബ്രിട്ടീഷ് മേധാവിത്വം കാരാഗൃഹവാസത്തിനു വിധിച്ച ധീര രാജ്യസ്‌നേഹി മാത്രമല്ല, ഇന്ത്യയില്‍ തൊഴിലാളിവര്‍ഗത്തെ സംഘടിപ്പിക്കുന്നതിലും മുന്‍നിരയില്‍ നിന്ന നേതാവാണ് ഡാംഗെ. സി പി ഐ കൊല്ലം സംസ്ഥാന സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി എ ബി ബര്‍ധന്‍ ചൂണ്ടിക്കാണിച്ചതുപോലെ, ഡാംഗെ തെറ്റുചെയ്തപ്പോള്‍ പാര്‍ട്ടി തിരുത്താന്‍ ശ്രമിച്ചു. ഫലമുണ്ടായില്ലെന്നു വന്നപ്പോള്‍ പുറത്താക്കി. ഇത് സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്യുകയും 64 ല്‍ അകാരണമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഭിന്നിപ്പിക്കുന്നതിനു നേതൃത്വം നല്‍കുകയും ചെയ്ത ബി ടി രണദിവെയ്ക്കും ബാധകമായിരുന്നു. അദ്ദേഹത്തെയും പാര്‍ട്ടി ശാസിക്കുകയും നടപടി എടുക്കുകയും ചെയ്തിട്ടുണ്ട്. ഈ വസ്തുതയും ബര്‍ധന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഒറ്റതിരിഞ്ഞ ആക്രമണത്തിലൂടെ ചന്ദ്രപ്പനെ ഒറ്റപ്പെടുത്താമെന്ന് കൊതിക്കുന്നവര്‍ ആ രാഷ്ട്രീയ പാരമ്പര്യം തിരിച്ചറിയാത്തവരോ രാഷ്ട്രീയ അജ്ഞരോ ആണ്. തികഞ്ഞ കമ്മ്യൂണിസ്റ്റ് പാരമ്പര്യ പാശ്ചാത്തലത്തില്‍ നിന്ന് പ്രക്ഷോഭങ്ങളിലൂടെയും ഗോവന്‍ വിമോചന പോരാട്ടമുള്‍പ്പെടെയുള്ള പോരാട്ടങ്ങളിലൂടെയും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉയര്‍ന്നുവന്ന, വിശുദ്ധ രാഷ്ട്രീയ വ്യക്തിത്വത്തെ കമ്മ്യൂണിസത്തെ കുറിച്ചോ, മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രത്തെക്കുറിച്ചോ, കേവലബോധം പോലുമില്ലാത്തവര്‍ അപമാനിക്കുവാന്‍ ശ്രമിക്കുന്നത് എത്രമേല്‍ താഴാമോ അത്രമേല്‍ താഴ്ന്നുനില്‍ക്കുന്ന രാഷ്ട്രീയ പാപ്പരത്തത്തിന്റെ പ്രതിനിധികളാണ്. അറിവുള്ളവന്റെ തോളില്‍ കയറി നിന്ന് ആദ്യാക്ഷരം പോലും പഠിച്ചിട്ടില്ലാത്തവര്‍ നടത്തുന്ന ബാലിശപ്രകടനങ്ങളെയോര്‍ത്ത് പ്രബുദ്ധ രാഷ്ട്രീയകേരളം ലജ്ജിക്കും. സംസ്‌കാരമുള്ള ഭാഷയില്‍ സംസാരിക്കണം എന്നു പറയുമ്പോള്‍ കുപിതരാവുകയും അസ്വസ്ഥരാവുകയും ചെയ്യുന്നവര്‍ തങ്ങളുടെ സംസ്‌കാരവും നിലവാരവുമാണ് ബോധ്യപ്പെടുത്തുന്നത് എന്നുകൂടി തിരിച്ചറിയണം. സി പി ഐ ഇടതുപക്ഷ ഐക്യപതാക ഉയര്‍ത്തിപ്പിടിക്കും. കാരണം ഇടതുപക്ഷ മുന്നണി രൂപീകരിക്കപ്പെട്ടത് സി പി ഐയുടെ മുന്‍കൈയ്യിലാണ്. അധികാരമല്ല, ജനകീയ പ്രക്ഷോഭമാണ് ഇടതുമുന്നണിയുടെ രൂപീകരണത്തിന് മുന്‍കൈയ്യെടുക്കാന്‍ സി പി ഐയെ പ്രേരിപ്പിച്ചത് എന്ന് രാഷ്ട്രീയ ചരിത്രം അറിയുന്നവര്‍ക്ക് അറിയാം. അതുകൊണ്ടുതന്നെ ഇടതുമുന്നണിയെ ശക്തിപ്പെടുത്തുന്നതിനൊപ്പം സി പി ഐയുടെ അഭിപ്രായങ്ങള്‍ ശക്തിയായി ഉയര്‍ത്തുകയും ചെയ്യും. . ----------------------------------------------- . പിന്‍കുറിപ്പ്:ജയരാജന് സമനില തെറ്റിയാല്! . സമനില തെറ്റിപ്പോവുന്നവര്‍ എന്തുപറഞ്ഞാലും അത്തരക്കാരെ സ്വബോധമുള്ളവര്‍ മര്‍ദിക്കുകയില്ല. അതാണ് മനുഷ്യത്വം. മാനവികതാബോധം ഉയര്‍ത്തിപ്പിടിക്കുന്നവര്‍ കമ്മ്യൂണിസ്റ്റുകാരായതുകൊണ്ട് (യഥാര്‍ഥ കമ്മ്യൂണിസ്റ്റുകാര്‍) ഈ മാനവികത ഉയര്‍ത്തിപ്പിടിക്കും. സമനിലതെറ്റിപ്പോയെന്ന് സ്വന്തം പ്രസ്താവനകളിലൂടെ, സ്വന്തം ധനകാര്യമന്ത്രി തോമസ് ഐസക്കിനെതിരായ സമരങ്ങളിലൂടെ ആവര്‍ത്തിച്ചു തെളിയിച്ച ഇ പി ജയരാജന്‍ സംശുദ്ധ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന ബിനോയ്‌വിശ്വത്തെ അഴിമതിക്കാരന്‍ എന്ന്, വെല്ലുവിളി നടത്തിയിട്ടും ഉളുപ്പില്ലാതെ പറയുന്നു. ജയരാജന്റെ സ്വന്തം പാര്‍ട്ടി നേതാവ് ആനത്തലവട്ടം ആനന്ദന്‍ എല്‍ ഡി എഫ് മന്ത്രിസഭയില്‍ ആരും അഴിമതിക്കാരല്ലെന്ന് പറയുമ്പോള്‍ ജയരാജന്റെ സമനില പരിശോധന ആവശ്യമായിരിക്കുന്നുവെന്ന് വ്യക്തം.