2011, ജൂൺ 27, തിങ്കളാഴ്‌ച

പാവങ്ങള്‍ക്കായി കോണ്‍ഗ്രസ് ചെയ്യുന്ന കനത്ത സഹായങ്ങള്‍!

പാവങ്ങള്‍ എന്നു കേള്‍ക്കുന്ന മാത്രയില്‍ തന്നെ കോണ്‍ഗ്രസുകാരുടെ കണ്ണുകള്‍ നിറയും. പട്ടിണി പാവങ്ങള്‍ എന്നു കേട്ടാല്‍ തുള്ളിക്കൊരു കൂടം എന്ന മട്ടില്‍ കണ്ണുനീര്‍ ധാരധാരയായി ഒഴുകും. കാരണം പാവങ്ങള്‍ക്കുവേണ്ടി മാത്രം പിറക്കുകയും വളരുകയും തളരുകയും ചെയ്യുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് കോണ്‍ഗ്രസായ കോണ്‍ഗ്രസുകാര്‍ക്കാകെ അറിയാം. അതിനാല്‍ പാവങ്ങള്‍ക്കായി ആവുന്നത്ര സഹായം ചെയ്തുകൊടുക്കാന്‍ കോണ്‍ഗ്രസുകാര്‍ കൈ മെയ് മറന്ന് യത്‌നിക്കും.

ഏറ്റവും ഒടുവിലായി ഇന്ത്യയിലെ മഹാഭൂരിപക്ഷം പാവങ്ങള്‍ക്കായി നല്‍കിയ സഹായമാണ് പാചകവാതകത്തിന് 50 രൂപയും മണ്ണെണ്ണയ്ക്ക് രണ്ടു രൂപയും ഡീസലിന് മൂന്നു രൂപയും വര്‍ധിപ്പിച്ചതിലൂടെ പ്രകടമാക്കിയത്. മണ്ണെണ്ണ, ഡീസല്‍, പാചകവാതക വില കൂട്ടാതിരുന്നാല്‍ പാവങ്ങള്‍ക്ക് നൊമ്പരമുണ്ടാകുമെന്നും കഷ്ടപ്പാട് അനുഭവിക്കേണ്ടി വരുമെന്നും മന്‍മോഹന്‍സിംഗ്, സോണിയാഗാന്ധി, രാഹുല്‍ഗാന്ധി മുതല്‍ ഇങ്ങേ തലയ്ക്കലുള്ള ബൂത്ത് പ്രസിഡന്റിനുവരെ അറിയാമായിരുന്നു.
ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിലവര്‍ധനവ് പാചകവാതകത്തിന് വരുത്തിയെന്നറിഞ്ഞപ്പോല്‍ കോണ്‍ഗ്രസിലെ മഹിളാമണികള്‍ക്കൊക്കെ രോമാഞ്ചമുണ്ടായി. പുരുഷകേസരികള്‍ക്ക് ഹര്‍ഷോന്‍മാദവും.

മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ പാവങ്ങളുടെ സര്‍ക്കാരാണെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത് വെറുതെയല്ലെന്ന് മനസിലായില്ലേ?
'ആം ആദ്മീ' എന്ന മുദ്രാവാക്യം 'ഗരീബീ ഹഠാവോ' പോലെ യാഥാര്‍ഥ്യമാക്കാന്‍ പെടാപാടുപെടുകയാണ് കോണ്‍ഗ്രസുകാര്‍.
പെട്രോളിന്റെ വില ഇടയ്ക്കിടെ കുത്തനെ ഉയര്‍ത്തി പാവങ്ങള്‍ക്ക് ആനന്ദം പകരുന്നതിനായി എണ്ണ മുതലാളിമാരെ തന്നെ കോണ്‍ഗ്രസ് നിയോഗിച്ചിട്ടുള്ളതുകൊണ്ട് അവര്‍ ഇടയ്ക്കിടെ അത് ഭംഗിയായി നിറവേറ്റുന്നു.

നൂറുനൂറു തിരക്കുകള്‍ക്കിടയില്‍ പെട്രോളിന്റെ വിലയുയര്‍ത്തി ജനങ്ങളെ സഹായിക്കുന്നതില്‍ കാലവിളംബം വന്നേക്കാം എന്ന ഭയാശങ്കകൊണ്ടാണ് വില ഉയര്‍ത്താനുള്ള അധികാരാവകാശം എണ്ണ മുതലാളിമാര്‍ക്കുതന്നെ നല്‍കിയത്. ഒരു വര്‍ഷത്തിനിടയില്‍ ഒമ്പതു തവണ ഉയര്‍ത്തിയും ഒടുവിലത്തെ ഉയര്‍ത്തലില്‍ ഒറ്റയടിക്ക് അഞ്ച് രൂപ വര്‍ധിപ്പിച്ചും എണ്ണ മുതലാളിമാര്‍ കണിശമായും തങ്ങളെ ഏല്‍പ്പിച്ച ജോലി അഭംഗുരം നിര്‍വഹിക്കുന്നതില്‍ കോണ്‍ഗ്രസിനുള്ള ചാരിതാര്‍ഥ്യം പറഞ്ഞറിയിക്കാനാവുന്നതല്ല.

ഡീസലിന്റെയും മണ്ണെണ്ണയുടെയും പാചകവാതകത്തിന്റെയും വില നിര്‍ണയാധികാരം കൂടി മുതലാളിമാര്‍ക്ക് കൈമാറുന്നതിനെക്കുറിച്ചും ഗൗരവമായി ആലോചിക്കുവാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമാവുന്നത് ആഴ്ചയോടാഴ്ച അവയുടെ വിലകൂട്ടാന്‍ തങ്ങള്‍ക്ക് സമയം കിട്ടാത്തതുകൊണ്ടാണ്.

എണ്ണ മുതലാളിമാരാകെ കടുത്ത കഷ്ടനഷ്ടങ്ങളില്‍ കിടന്ന് വലയുമ്പോള്‍ അവര്‍ പാവങ്ങളില്‍ പാവങ്ങളല്ലാതെ വരുമോ?
പഞ്ചപാവങ്ങളായ അവര്‍ നഷ്ടം സഹിച്ചും പട്ടിണികിടന്നും ജലപാനമുപേക്ഷിച്ചും ഭാരതീയര്‍ക്ക് എണ്ണയും പാചകവാതകവും നല്‍കുന്ന മഹാമനസ്‌കതയെ എത്ര സ്തുതിച്ചാലാണ് മതിവരുക?
പഞ്ചപാവങ്ങളായ അവര്‍ക്ക് ആശ്വാസം നല്‍കുന്നതിനു വേണ്ടി കൂടിയാണ് വിലവര്‍ധനവ്. പെട്രോളും ഡീസലും മണ്ണെണ്ണയും ഗ്യാസും വാങ്ങുന്നവര്‍ ധനാഢ്യരില്‍ ധനാഢ്യരാണ്. അവര്‍ക്കുവേണ്ടി പാവം എണ്ണ മുതലാളിമാര്‍ കഷ്ടപ്പെടുകയും നഷ്ടപ്പെടുകയും വേണമെന്നത് എവിടത്തെ നീതിയാണ് എന്ന ചോദ്യം കോണ്‍ഗ്രസിനെ വശംകെടുത്തുകയായിരുന്നു.

പാവപ്പെട്ട മാനവര്‍ക്കുവേണ്ടിയുളള ഭരണമായതുകൊണ്ടാണ് മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ ഒരു ലക്ഷത്തി എഴുപത്തി ആറായിരം കോടി രൂപയുടെയും രണ്ടായിരം കോടി രൂപയുടെയും മതിപ്പുള്ള അഴിമതി കലാപ്രകടനത്തില്‍ അഭിരമിക്കുന്നത്. ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണം, കോമണ്‍വെല്‍ത്ത് ഗെയിംസ് കുംഭകോണം എന്നിത്യാദി മാറ്റുള്ള കലാപരിപാടികള്‍ ആവിഷ്‌കരിച്ചുനടപ്പാക്കുന്നതും പാവപ്പെട്ടവരോടുള്ള കടപ്പാടുകൊണ്ടു മാത്രമാണ്.

നോയിഡയിലടക്കമുള്ള ദേശങ്ങളില്‍ ഭൂമി നഷ്ടപ്പെട്ടവരുടെയും കലാവതിയെ പോലുള്ള സ്ത്രീകളുടെയും കണ്ണുനീരൊപ്പുവാന്‍ പാഞ്ഞെത്തിയ രാഹുല്‍ഗാന്ധിയുടെ കണ്ണുനീരൊപ്പല്‍ പദ്ധതിയുടെ പരിപൂര്‍ണ വിജയത്തിന് ഇന്ധനവില വര്‍ധനവും കോടാനുകോടിയുടെ അഴിമതി പരിപാടിയും അനിവാര്യമാണ്. കലാവതിയ്‌ക്കൊക്കെ മണ്ണെണ്ണ രണ്ടു രൂപ അധികം കൊടുത്തു വാങ്ങാന്‍ ഒരു പ്രയാസവുമുണ്ടാവുകയില്ലെന്നത് കോണ്‍ഗ്രസ് മനീക്ഷികള്‍ക്കാകെ നിശ്ചയമുള്ളതാണ്.

ഇന്ധനവില കൂട്ടുന്ന കോണ്‍ഗ്രസു തന്നെ ഈ വര്‍ധനവ് കഷ്ടമായിപ്പോയി എന്ന് കൂട്ടത്തില്‍ പറയും. അത് ഒഴിവാക്കാനാവാത്ത തമാശയായി മാത്രമേ മാലോകര്‍ കാണാവൂ. വെറും വരണ്ട ചലച്ചിത്രമായി ഭരണം മാറിപ്പോകാതിരിക്കുവാന്‍ പുട്ടിന് തേങ്ങയെന്നപോലെയാണ് പതിവുതെറ്റിക്കാതെയുള്ള ഈ തമാശകള്‍.

ഭക്ഷ്യ വസ്തുക്കളുടെ വില വര്‍ധനവ് പിടിച്ചു നിര്‍ത്തുകയെന്നത് കോണ്‍ഗ്രസിന് ഒഴിവാക്കാനാവത്ത ദൗത്യമാണ്. അതിന് ഏറ്റവും സഹായകരമാണ് ഇന്ധനവില വര്‍ധനവ് എന്നാണ് കോണ്‍ഗ്രസ് കൂടാരത്തിലെ സാമ്പത്തിക വിശാരദന്‍മാര്‍ പഠിപ്പിക്കുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും വില കൂടുമ്പോള്‍ ആളുകള്‍ യാത്ര ചെയ്ത് ക്ഷീണിക്കുന്നത് തടയാം. ക്ഷീണം ഒഴിവായാല്‍ വിശപ്പിന്റെ തോതും കുറയും. അപ്പോള്‍ ഭക്ഷണത്തിന്റെ ആവശ്യകതയുടെ തോതും കുറയും. ആ നിലയ്ക്ക് അവശ്യ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം എന്ന പ്രശ്‌നത്തില്‍ നിന്ന് വിമുക്തി നേടാം. ഈ വഴിയല്ലാതെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ചിദംബരം മുമ്പേ പറഞ്ഞതുപോലെ മാന്ത്രിക വടിയൊന്നുമില്ല.

ഇതൊക്കെ നന്നായി അറിയുന്ന കോണ്‍ഗ്രസുകാരന്‍ തന്നെയാണ് ഉമ്മന്‍ചാണ്ടിയും. അതുകൊണ്ട് അദ്ദേഹം പറഞ്ഞു; 'ആവുന്ന വിധത്തില്‍ ചെയ്യാവുന്നതൊക്കെ ഞങ്ങള്‍ ചെയ്തു'. അക്ഷരം പ്രതി ശരി. ചെയ്യാവുന്നതൊക്കെ ചെയ്ത് സഹായിക്കുകയാണ് കോണ്‍ഗ്രസ് മേലാളര്‍. സംസ്ഥാന സര്‍ക്കാരിന് അര്‍ഹതപ്പെട്ട നികുതി ഒഴിവാക്കിയാല്‍ കാര്യങ്ങള്‍ കുശാല്‍ എന്നാണ് ഓരോ പെട്രോള്‍ വില വര്‍ധന കാലത്തും പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടി പുരപ്പുറത്തു കയറിനിന്ന് പറഞ്ഞത്. പുത്തനച്ചി പുരപ്പുറം തൂക്കും എന്ന ചൊല്ല് അന്വര്‍ഥമാക്കികൊണ്ട്, മുഖ്യമന്ത്രിയായ ഉടനുണ്ടായ പെട്രോള്‍ വില വര്‍ധനവിന്റെ കാലത്ത് അങ്ങനെ ചെയ്ത് മുഖം രക്ഷിക്കുകയും ചെയ്തു. പാവം ചാണ്ടി കരുതിയില്ല, ഇത്ര കടുത്ത ചതി കേന്ദ്രത്തിലെ മേലാളന്‍മാര്‍ ചെയ്തുകളയുമെന്ന്.

അഞ്ചു രൂപ മുതലാളിമാര്‍ വില കൂട്ടുമ്പോള്‍, സംസ്ഥാന നികുതിയായ എഴുപത്തഞ്ചു പൈസ കുറയ്ക്കുക എന്ന ചെപ്പടി വിദ്യയാണ് ഇപ്പോള്‍ നാട്ടുകാരുടെ കണ്ണില്‍ മണ്ണിടാന്‍ ഉപയോഗിക്കുക. അപ്പോള്‍ പ്രായോഗികമായി നാല് രൂപ ഇരുപത്തഞ്ചു പൈസ കൂട്ടിയതിനു തുല്യം അല്ലെ എന്ന് ആരും ചോദിക്കരുത്.അതും പാവങ്ങള്‍ക്കുവേണ്ടി മാത്രമുള്ള നിലപാടാണ്.

സംസ്ഥാന ഖജനാവിന് വന്‍നഷ്ട്ടം വന്നാലും എണ്ണ മുതലാളിമാര്‍ക്ക് ചെറിയ ഒരു നഷ്ട്ടം പോലും വരരുതെന്ന് കൊണ്ഗ്രെസ്സിനു നിര്‍ബന്ധം ഉണ്ട്.


പാവങ്ങള്‍ക്കു വേണ്ടിയുള്ള കോണ്‍ഗ്രസിന്റെ ഈ അത്യധ്വാനത്തില്‍ പാവം ഭാരതീയര്‍ വീര്‍പ്പുമുട്ടുകയാണ്. ആനന്ദം കൊണ്ടുള്ള വീര്‍പ്പുമുട്ടല്‍. സന്തോഷം കൊണ്ട് എനിക്കിരിക്കാന്‍ വയ്യേ എന്ന് ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള ഭാരതീയര്‍ വിളിച്ചുപറയുന്നതുകേട്ട് കോണ്‍ഗ്രസുകാര്‍ കോരിത്തരിക്കുകയാണ്.