2011, മേയ് 30, തിങ്കളാഴ്‌ച

പെട്ടിയെടുപ്പുകാരേ, അഴിമതിധീരരേ സന്തോഷിപ്പിന്‍; ഇത് ശുഭകാലം!

'എന്റെ ജീവിതം തുറന്ന പുസ്തകമാണ്',
'എനിക്ക് ജനങ്ങളില്‍ നിന്ന് ഒന്നും മറച്ചുവയ്ക്കാനില്ല' എന്നൊക്കെയുള്ള വാചകങ്ങള്‍ മുന്തിയ ഇനം രാഷ്ട്രീയനേതാക്കള്‍ നാഴികയ്ക്ക് നാല്‍പ്പതുവട്ടം പറഞ്ഞു തേഞ്ഞുപോയ ക്ലീഷേകളാണ്.
ഇത്തരക്കാരുടെ ജീവിതം ഒരിക്കലും തുറക്കാത്തതും തുറന്നാല്‍ ജനം കണ്ണുപൊത്തുന്നതുമായ അത്യപൂര്‍വവും തരംതാണതുമായ പുസ്തകമായിരിക്കുമെന്ന് ഏറ്റവും കുറഞ്ഞത് കോണ്‍ഗ്രസുകാരും ലീഗുകാരും കേരള കോണ്‍ഗ്രസുകാരുമെങ്കിലും തെളിയിച്ചിട്ടുണ്ട്.

മറച്ചുവയ്ക്കാന്‍ ഒന്നുമില്ലെന്ന് വിനീതരാവുന്നവര്‍ക്ക് മറച്ചുവയ്ക്കാന്‍ മാത്രമുള്ള അതിനിഗൂഢ ജീവിതമായിരിക്കും സ്വന്തം.
അവയില്‍ അല്ലറചില്ലറ മറനീക്കി പുറത്തുവരുമ്പോള്‍ തന്നെ ജനം വല്ലാതെ നാണിച്ചുപോകുന്നു. 'നാണമാകുന്നു, മേനി നോവുന്നു' എന്ന പാട്ട് ഇത്തരം സന്ദര്‍ഭങ്ങളിലും പാടാവുന്നതാണെന്നാണ് അവരുടെ വിശ്വാസം.

ചില അത്യപൂര്‍വനിമിഷങ്ങളില്‍ ചിലര്‍ ജീവിതത്തെ തുറന്ന പുസ്തകമാക്കുകയും ചിലത് മറച്ചുവയ്ക്കാതെ വെളിച്ചത്തു കൊണ്ടുവരികയും ചെയ്യും. മന്ത്രിസ്ഥാനം കാക്കക്കൊത്തിപ്പോകുന്ന കസ്തൂരിമാമ്പഴമായെന്ന് തിരിച്ചറിയുമ്പോഴാണ് അത്തരം അത്യപൂര്‍വനിമിഷങ്ങള്‍ സംജാതമാകുന്നത്.

'പറയാനും വയ്യ, പറയാതിരിക്കാനും വയ്യ' എന്ന മട്ടില്‍ വീര്‍പ്പുമുട്ടുമ്പോള്‍ നേരെ ചൊവ്വേ, മുഖാമുഖമിരുന്ന് പതിയെ പതിയെ പറഞ്ഞു തുടങ്ങും. അഭിമുഖമിരിക്കുന്നയാള്‍ ചെറുതായൊന്ന് ചൂണ്ടയിട്ടാല്‍ ഹൃദയം തുറന്ന്, കരള്‍ പിളര്‍ന്ന, ഞെട്ടിപ്പിക്കുന്ന കഥകള്‍ ഒന്നൊഴിയാതെ പറയും. കരള്‍ പിളര്‍ന്ന അനുഭവക്കഥകളുമായി കെ മുരളീധരന്‍, വി ഡി സതീശന്‍, ടി എന്‍ പ്രതാപന്‍, തേറമ്പില്‍ രാമകൃഷ്ണന്‍ എന്നിവര്‍ അരങ്ങിലെത്തി ദുഃഖിതരും നിരാശരുമായ നായകന്‍മാരുടെ വേഷം ഗംഭീരമാക്കുന്നു.

പെട്ടിയെടുപ്പുകാര്‍, കാല് തിരുമ്മല്‍കാര്‍ എന്നീ വിഭാഗങ്ങള്‍ എക്കാലവും കോണ്‍ഗ്രസില്‍ അത്യന്താപേക്ഷിതമായിരുന്നു. ഇപ്പോള്‍ പക്ഷെ, പെട്ടിയെടുപ്പുകാര്‍ക്കിടയിലും കാലുതിരുമ്മല്‍കാര്‍ക്കിടയിലും പോലും ടാലന്റ് ഹണ്ട് ആരംഭിച്ചിട്ടുണ്ട്. വഴക്കത്തോടെ കാല് തിരുമ്മുന്നവര്‍ താഴത്തു വച്ചാല്‍ ഉറുമ്പരിക്കുമെന്നും തലയില്‍ വച്ചാല്‍ പേനരിക്കുമെന്നും സദാ കരുതി പെട്ടിപിടിക്കുന്നവര്‍ക്ക് മുന്തിയ പരിഗണന എന്ന നില വന്നു.

മുഖം കാളക്കൂറ്റനെ പോലെയാണെങ്കിലും 'മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിന്‍മുഖം' എന്ന് നല്ല ഈണത്തിലും താളത്തിലും ചൊല്ലണം. അഴിമതിയുടെ ദുര്‍ഗന്ധം വമിപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ 'അങ്ങയെപ്പോലൊരു ആദര്‍ശധീരന്‍ ആരുണ്ടീയുലകില്‍' എന്ന് ഒച്ചയുയര്‍ത്തി പറയണം.

പെട്ടിയെടുപ്പ് ഡല്‍ഹിയില്‍ നടത്തുന്നവര്‍ കേരളത്തില്‍ വാഴിക്കപ്പെടും. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ആ കര്‍മ്മം സമുചിതമായി നിറവേറ്റുന്നവര്‍ മന്ത്രിസഭ മുതല്‍ പി സി സി, ഡി സി സി എന്നിത്യാദി അന്നഭോജനശാലകളില്‍ വരെ നിയോഗിക്കപ്പെടും.

ഈണത്തിലും താളത്തിലും പിന്നോക്കമാണ് കെ മുരളീധരനും വി ഡി സതീശനും പ്രതാപനും തേറമ്പിലും.
മുരളിക്ക് ശബ്ദസൗകുമാര്യമില്ല,
സതീശന് താളബോധമില്ല,
പ്രതാപന് രണ്ടുമില്ല,
തേറമ്പിലിന്റെ ശബ്ദം സ്‌ത്രൈണസ്വഭാവത്തിലുള്ളതായിപ്പോയി.
അല്ലാതെ വാഴ്ത്തുപാട്ടുകള്‍ വില്ലടിച്ചാന്‍പാട്ടായി അവതരിപ്പിക്കാത്തതു കൊണ്ടല്ല സ്ഥാനഭംഗമുണ്ടായത്.

നിരാശാഭരിതരായ കോണ്‍ഗ്രസുകാര്‍ക്കിടയില്‍ ഈ ദുരിതകാലത്ത് പ്രചുരപ്രചാരം നേടിയ വാചകങ്ങള്‍ 'സ്ഥാനത്തിനായി ഗ്രൂപ്പുകളിക്കാനില്ല, ആരുടെയും പിന്നാലെ പോകാനുമില്ല' എന്നിവയാണ്.
ഇതിന്റെ പേറ്റന്റ് മറ്റു പലതിലുമെന്ന പോലെ കെ മുരളീധരനാണ്.

സത്യപ്രതിജ്ഞാ ചടങ്ങ് കണ്‍കുളിര്‍ക്കെ നേരില്‍ കാണാന്‍ ഒരു പാസിനായി രാത്രി ഉറക്കമിളച്ച് കാത്തിരുന്നിട്ടും ഫലമില്ലാതെ വന്നപ്പോഴാണ് വെളുപ്പിന് വണ്ടി കയറി ഉച്ചനേരത്ത് കോഴിക്കോട്ടിനിറങ്ങിയത്.
മന്ത്രിക്കസേര തരാത്തവര്‍ അച്ഛന്റെ ചിത്രം ഓടയില്‍ വലിച്ചെറിഞ്ഞ് സായൂജ്യമടഞ്ഞവര്‍ മന്ത്രിയാവുന്നത് കാണാന്‍ പോലും കസേര നല്‍കില്ലെന്നു വന്നാല്‍ എന്തു ചെയ്യും!
മന്ത്രിപ്പട്ടിക പുറത്തായപ്പോള്‍ പുറപ്പെടുവിച്ച പ്രസ്താവന മൂര്‍ച്ചകൂട്ടി തട്ടിവിട്ടു. അത് ഏറ്റുപാടാന്‍ സതീശന്‍മാരും പ്രതാപന്‍മാരും തേറമ്പില്‍മാരുമുണ്ടായി. ഇനിയും പ്രതീക്ഷ വിട്ടിട്ടില്ലാത്ത കാര്‍ത്തികേയന്‍ പൂജാമുറിയിലിരുന്ന് ആരും കേള്‍ക്കാതെ അത് ചൊല്ലുന്നുണ്ട് താനും.
ഗ്രൂപ്പ് കളിച്ചിട്ടും കാര്യമില്ലെന്നും മന്ത്രിക്കസേര പോയിട്ട് എം എല്‍ എ സീറ്റ് പോലും കിട്ടീല്ലെന്നും എം എം ഹസന്‍ പല്ലുരുമ്മി, മുറുമുറുത്ത് മണ്ടിനടക്കുന്നതും കാണാതിരുന്നുകൂടാ. ഗ്രൂപ്പ് കളിച്ചാല്‍ നല്ലവന്റെ, കൂടെ നില്‍ക്കുന്നവനെ ഓര്‍മ്മിക്കുകയും ചെയ്യുന്നവന്റെ ഗ്രൂപ്പ് കളിക്കണം എന്നാണ് ഹസന്റെ മറച്ചുവയ്ക്കാനില്ലാത്ത ജീവിതത്തിന്റെ സന്ദേശം.

ഇനി ഒന്നും മറച്ചുവയ്ക്കാനില്ലാത്തതുകൊണ്ടാണ് വി ഡി സതീശന്‍ ചാനല്‍മുറികളിലിരുന്ന് ദുഃഖവും അമര്‍ഷവും സങ്കടവും മറച്ചുവയ്ക്കാനാവാതെ ക്ഷുഭിതനായത്; ഞാന്‍ മജ്ജയും മാംസവുമുള്ള മനഷ്യനാണെന്ന വലിയ സത്യം വെളിപ്പെടുത്തിയത്.
മജ്ജയും മാംസവുമുള്ളതു കൊണ്ട് കുത്തിയാല്‍ നോവുമെന്നാണ് സതീശന്‍ പറഞ്ഞത്.
മന്ത്രിക്കസേരയില്‍ മോഹമില്ലെന്ന് പറയാന്‍ താന്‍ വിചാരവികാരങ്ങളില്ലാത്തവനല്ലെന്ന മറച്ചുവയ്ക്കാനില്ലാത്ത ജീവിത ഏട് സതീശന്‍ സമ്മാനിച്ചു.
സമുദായനേതാക്കളുടെ വീടിനു മുന്നില്‍ കൂടിക്കിടക്കുന്നവരോടും പെട്ടിയെടുപ്പുകാരോടുമുള്ള നീരസം ചാനല്‍മുറിയിലെ വെള്ളിവെളിച്ചത്തിലിരുന്ന് മാലോകരെ അറിയിച്ചു.

രാഹുല്‍ഗാന്ധിയുടെ പെട്ടിയെടുത്താല്‍ കെ പി സി സി പ്രസിഡന്റാകാമെന്നും കെ പി സി സി പ്രസിഡന്റിന്റെ പെട്ടിയെടുത്താല്‍ കേന്ദ്ര ഊര്‍ജ്ജസഹമന്ത്രിയാവാമെന്നും സംസ്ഥാന ഗതാഗത-ആരോഗ്യമന്ത്രിമാരാവാമെന്നും വിവിധയിനം മീനുകള്‍ സോണിയാഗാന്ധിക്ക് എത്തിച്ചാല്‍ സ്വതന്ത്രചുമതലയുള്ള കേന്ദ്ര ഭക്ഷ്യമന്ത്രിയാകാമെന്നും സതീശന്‍ പറയാതെ പറഞ്ഞു.
നിയമസഭയില്‍ ഉറങ്ങാതിരുന്നതാണ് തന്റെ അയോഗ്യതയെന്നും നിയമസഭയിലും പാര്‍ലമെന്റിലും കൂര്‍ക്കം വലിച്ചുറങ്ങുന്നതും ഉറക്കംവരാത്ത സമയത്ത് സഭാ ക്യാന്റീനില്‍ ചായ കുടിച്ചിരിക്കുന്നതുമാണ് മന്ത്രിക്കസേരയ്ക്കുള്ള യോഗ്യതയെന്നും സതീശന്‍ ഉച്ചത്തില്‍ വരുംകാല കോണ്‍ഗ്രസുകാര്‍ക്കായി പറഞ്ഞുവച്ചിട്ടുണ്ട്.

പ്രതാപശാലിയായ പ്രതാപനും മറച്ചുവയ്ക്കാനാവാത്ത ജീവിതം പുറത്തേയ്‌ക്കെടുത്തിട്ടുണ്ട്. നിയമസഭയിലെയും പാര്‍ലമെന്റിലെയും സന്ദര്‍ശക ഗ്യാലറികളില്‍ ഇരിക്കാന്‍ പോലും യോഗ്യതയില്ലാത്തവര്‍ മന്ത്രിമാരായി, അഴിമതിയുടെ കറപുരണ്ടവര്‍ മന്ത്രിമാരായി, പഴയതുപോലെ ഇപ്പോള്‍ വെട്ടിപ്പിടിക്കാന്‍ കഴിയാത്തതുകൊണ്ട് താന്‍ തഴയപ്പെട്ടു എന്നീ തുറന്നപുസ്തകത്തിലെ മുഴുത്ത സത്യങ്ങള്‍ പ്രതാപന്‍ ചാനലുകാരെ ക്ഷണിച്ചുവരുത്തി അറിയിച്ചുകൊണ്ടിരിക്കുന്നു.

വരാനിരിക്കുന്ന കോണ്‍ഗ്രസുകാര്‍ അത്യന്താധുനിക തിരുമ്മലിലും പെട്ടിയെടുക്കലിലും വൈദഗ്ധ്യം നേടാന്‍ ഇപ്പോള്‍ മന്ത്രിമാരായവരുടെ കീഴില്‍ പ്രത്യേക ട്യൂഷനു പോകേണ്ടതാണ്. ഭാവിക്ക് വേണ്ടിയാണ്, ജീവിതത്തില്‍ കുറച്ചൊക്കെ മറച്ചുവയ്ക്കാനും ജീവിതം അടഞ്ഞ പുസ്തകമായിരിക്കാനും വേണ്ടിയാണ്. ട്യൂഷന്‍ മാസ്റ്റര്‍മാര്‍ ക്യാപിറ്റേഷന്‍ ഫീസും അമിത ഫീസും കൊടിയ സംഭാവനയും വാങ്ങാതിരിക്കാന്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അവര്‍ക്ക് മുകളില്‍ രാഹുല്‍ഗാന്ധിയും ശ്രദ്ധ ചെലുത്തുന്നതാണ്.
പെട്ടിപിടിപ്പുകാര്‍ക്ക് മാത്രമല്ല നല്ല കാലം. അഴിമതിവ്യവസായത്തില്‍ ധീരതയോടെ മുന്നേറുകയും പെണ്ണ് ധനമാണെന്ന പ്രാമാണിക തത്വത്തെ മാനിച്ച്, ധനം നല്‍കി പെണ്ണിനെ ഇരയാക്കുന്നതില്‍ പ്രഗത്ഭരായവരുടെയും മോഹനകാലം കൂടിയാണ് ഒരിക്കല്‍ക്കൂടി ആഗതമായിരിക്കുന്നത്. അഴിമതിയില്‍ ഏറ്റവും കുറഞ്ഞത് ഒരു വിജിലന്‍സ്‌കേസ്, മൂന്നിലേറെ ചെക്കുതട്ടിപ്പുകേസുകള്‍, പെണ്‍വാണിഭക്കേസില്‍ വൈമുഖ്യമില്ലായ്മ എന്നിവര്‍ക്ക് അധികാരസ്ഥാനങ്ങളിലേക്ക് മുന്‍ഗണനയുള്ള നല്ല കാലമാണ്.
വിജിലന്‍സ് കേസുകളുടെ പുനരന്വേഷണം നടത്തി കുറ്റം ചാര്‍ത്തപ്പെട്ടവരെ ശുദ്ധരില്‍ ശുദ്ധരും സുപ്രിംകോടതി ജയിലിലടച്ചവരെ ജയിലില്‍ നിന്നു പുറത്താക്കി മഹാന്‍മാരില്‍ മഹാനുമാക്കുന്ന പ്രത്യേക പദ്ധതി 'അതിവേഗം, ബഹുദൂരം' എന്ന മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തില്‍ ത്വരിതഗതിയില്‍ നടപ്പാക്കും. പെണ്‍വാണിഭക്കേസുകള്‍ കോടതിയില്‍ വാദിക്കാന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലായി അതേ കാര്യത്തില്‍ അവഗാഹമായ അറിവുള്ളവരെ നിയോഗിച്ച് മാതൃകയാവും.

തിരഞ്ഞെടുപ്പ് അടുക്കുമ്പോഴും മന്ത്രിസഭാ രൂപീകരണഘട്ടമാവുമ്പോഴും ജ്യോതിഷത്തില്‍ വിശ്വാസമേറുന്നവരാണ് കോണ്‍ഗ്രസുകാരില്‍ ഭൂരിപക്ഷവും, കോണ്‍ഗ്രസിതരില്‍ ന്യൂനപക്ഷവും.
ജ്യോതിഷികളുടെ ചാകരകാലത്ത് പെട്ടിപിടിപ്പു വിരുതന്‍മാരുടെയും അഴിമതിധീരന്‍മാരുടെയും മുന്നില്‍ കവടിനിരത്തി ജ്യോതിഷികള്‍ പ്രവചിക്കുന്നു:
'ദശാസന്ധിയും കണ്ടകശനിയും മാറി, ഇനി നിങ്ങള്‍ക്ക് ശുഭകാലം; സുവര്‍ണകാലം'.

കോണ്‍ഗ്രസായാല്‍ ഗ്രൂപ്പ് വേണം; ജോര്‍ജായാല്‍ 'പാര' വേണം!

''ആലായാല്‍ തറവേണം
അടുത്തൊരമ്പലം വേണം
ആലിനു ചേര്‍ന്നൊരു കുളവും വേണം
കുളിപ്പാനായി കുളം വേണം
കുളത്തില്‍ ചെന്താമര വേണം'' എന്ന് ജി കാര്‍ത്തികേയന്‍ പലപ്പോഴും കെ മുരളീധരന്‍ ചിലപ്പോഴും പാടിക്കേട്ടിട്ടുണ്ട്.

പക്ഷേ പാട്ട് കേട്ടാസ്വദിക്കുന്നതിനിടയില്‍
''കോണ്‍ഗ്രസായാല്‍ ഗ്രൂപ്പ് വേണം,
മന്ത്രിയാകാന്‍ ഗ്രൂപ്പ് വേണം,
ഗ്രൂപ്പായാല്‍ നേതാവ് വേണം,
നേതാവിനെ വാഴ്‌ത്തേണം,
ഗ്രൂപ്പില്‍ മുങ്ങിത്താഴേണം''
എന്ന അലംഘനീയ സത്യം ഈ സാധുക്കള്‍ ഓര്‍ക്കാതെപോയി.

''പൂവായാല്‍ മണം വേണം, പൂമാനായാല്‍ ഗുണം വേണം'' എന്ന കാര്യം കോണ്‍ഗ്രസില്‍ നിരോധിക്കപ്പെട്ടിരിക്കുകയാണെന്ന കാര്യം മനസിലാക്കുവാന്‍ അവര്‍ക്ക് കഴിയാതെ പോയി. അതുകൊണ്ട് ഗുണമുള്ള പൂമാന്‍മാരായ ജി കാര്‍ത്തികേയനും വി ഡി സതീശനും ആദിയായുള്ളവരും വരാന്തയില്‍ പോലും പ്രവേശനമില്ലാത്ത, പൂജയ്‌ക്കെടുക്കാത്ത പൂക്കളായി.

ഗ്രൂപ്പ് കളിച്ചും കളിപ്പിച്ചും ഉടുമുണ്ടഴിപ്പിച്ചും സോഡാകുപ്പി പ്രയോഗം നടത്തിച്ചും ക്ഷീണിച്ചതുകൊണ്ട് ഇഷ്ടവിനോദമായ ഗ്രൂപ്പ് കളിയില്‍ നിന്ന് സ്വയരക്ഷയ്ക്കായി തത്ക്കാലം മാറിനിന്നത് കെ മുരളീധരന്‍ എന്ന ഗ്രൂപ്പ് ആശാന് വിനയായി മാറി. ഇനി ഗ്രൂപ്പ് കളിക്കില്ലെന്ന് കൈപിണച്ച് ചെവിയില്‍ പിടിച്ച് ആയിരംവട്ടം പറഞ്ഞത് കോണ്‍ഗ്രസില്‍ നാലണ മെമ്പര്‍ഷിപ്പ് തരപ്പെട്ടുകിട്ടാനായിരുന്നു. ഗ്രൂപ്പ് രഹിതന്‍ എന്നു പേരെടുത്താല്‍ പഴയ മദാമ്മ ഗാന്ധിയും ഇപ്പോഴത്തെ മാഡംജിയുമായ ആരാധ്യയും പഴയ അലുമിനിയം പട്ടേലും ഇപ്പോഴത്തെ പട്ടേല്‍ജിയുമായ ആരാധ്യനും കനിവുള്ളവരായി മാറുമെന്ന് വെറുതേ ആശിച്ചുപോയി. അവര്‍ക്ക് കനിവുണ്ടാവാനായി, മുക്കാലിയില്‍ കെട്ടിയിട്ട് ചാണകത്തില്‍ മുക്കിയ ചാട്ടവാര്‍ കൊണ്ടടിക്കണം എന്ന തന്റെ പഴയ വിഖ്യാതമായ പ്രയോഗം അന്നേ മറന്ന് വലിയ മനസിന്റെ 'ഉടമ'യായ ആന്റണി മരുന്നുകൊടുക്കുമെന്നും കരുതിപ്പോയി. അടവൊന്നു പിഴച്ചാല്‍ ആശാനും വീഴും എന്നിപ്പോള്‍ ഒരിക്കല്‍ കൂടി മനസിലായി.

ഗ്രൂപ്പ് കളിയുടെ തമ്പുരാനായിരുന്ന അച്ഛന്‍ കരുണാകരന്റെ ഗുരു മുഖത്തുനിന്ന് അടവുകള്‍ വശത്താക്കിയ തന്നെ വീഴ്ത്തിയ അരിങ്ങോടന്‍മാരോട് അരിശം സഹിക്കവയ്യാത്തതുകൊണ്ടാണ് ഗ്രൂപ്പ് കളിച്ചുള്ള മന്ത്രിസ്ഥാനം തനിക്ക് വേണ്ടെന്നും തന്നെ മന്ത്രിയാക്കാതിരിക്കുന്നതിന് ചില ഗ്രൂപ്പ് നേതാക്കള്‍ കൈയയച്ച് 'സഹായിച്ചെന്നും' ഇനി ഒരിടത്തേയ്ക്കും തന്നെ പരിഗണിക്കേണ്ടതില്ലെന്നും പറഞ്ഞുപോയത്. അതൊക്കെ മുഖവിലയ്‌ക്കെടുത്ത് ഇനി ഒന്നിലേയ്ക്കും പരിഗണിക്കാതിരിക്കാന്‍ കോണ്‍ഗ്രസിലെ മണ്ടന്‍മാര്‍ തുനിയുകയില്ലെന്നാണ് പ്രതീക്ഷ. അങ്കം നിര്‍ത്തി, ചുരിക ചുരുട്ടി പത്തായത്തില്‍വച്ചു എന്നൊക്കെ ഭംഗിവാക്കു പറഞ്ഞപ്പോള്‍ കറിവേപ്പില പോലെ വലിച്ചെറിഞ്ഞവര്‍ ചിലപ്പോള്‍ ഈ വാക്കുകളും വിശ്വസിച്ചുകളയും. പത്തായം തുറന്ന് ചുരിക പുറത്തെടുക്കുവാനും മുന്‍പിന്‍ നോക്കാതെ വീശാനും മടിക്കുകയില്ലെന്ന് വൈകാതെ ഗ്രൂപ്പ് മേലാളന്‍മാര്‍ക്ക് മനസിലാകും. അണ്ണാന്‍ വയസായാലും മരം കയറ്റം മറക്കില്ല. കോണ്‍ഗ്രസില്‍ ഇത്ര ഗ്രൂപ്പേ അകാവൂ എന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ലല്ലോ.

ജി കെ എന്ന് കോണ്‍ഗ്രസുകാര്‍ ആദരവോടെ വിളിക്കുന്ന ജി കാര്‍ത്തികേയനും കളി പഠിച്ചത് കരുണാകര കളരിയില്‍ നിന്നുതന്നെ. പിന്നെ പിന്നെ ആശാനെ മലര്‍ത്തിയടിക്കുവാനുള്ള പൂഴിക്കടകന്‍ പുതിയതരം കൈവശമുണ്ടെന്ന് തെളിയിച്ച് തിരുത്തല്‍വാദി ഗ്രൂപ്പിലൂടെ കരുണാകര ഗുരുവിനെ ഞെട്ടിച്ച പാരമ്പര്യവുമുണ്ട്. കരുണാകരനെ മറിച്ച് ആന്റണി ആശാന്‍ മുഖ്യമന്ത്രിയായപ്പോള്‍ കരുണാകര ശിഷ്യനായി പരകായ പ്രവേശം നടത്തി കറന്റ് മന്ത്രിയായപ്പോള്‍ തിരുത്തല്‍വാദം കറന്റടിച്ചുപോയി. വൈദ്യുത മന്ത്രിക്കസേരയില്‍ ഞെളിഞ്ഞിരുന്നപ്പോള്‍ സ്വന്തം ഗ്രൂപ്പ് ഒലിച്ചുപോകുന്നതു കാണാതെ പോയത് പരമാബദ്ധമായി എന്നിപ്പോള്‍ തിരിച്ചറിയുന്നു. നല്ല പ്രായത്തില്‍ കെ പി സി സിയുടെ ഉപാധ്യക്ഷനും പാര്‍ലമെന്ററി പാര്‍ട്ടിയുടെ ഉപനേതാവുമായതാണ്. ക്യാ ഫലം! എന്നും ഉപസ്ഥാനമെങ്കിലും ഉണ്ടായിരുന്നു. ഇപ്പോള്‍ ഗ്രൂപ്പില്ലാത്തവനായതുകൊണ്ട് കോണ്‍ഗ്രസ് മന്ത്രി പട്ടികയിലെ പത്താമന്‍ പോലുമായില്ല. കരുണാകരനെ വിട്ട് ആന്റണിയുടെ അരുമയായപ്പോള്‍ കാത്തുകൊള്ളുമെന്ന് കരുതി. പട്ടിക ഡല്‍ഹിയില്‍ ചെല്ലുമ്പോള്‍ ആന്റണി മൊഴിയുമെന്നും വിശ്വസിച്ചു. പക്ഷേ പതിവുരോഗം അദ്ദേഹത്തെ പിടികൂടിയിരുന്ന സമയമായിരുന്നു. മൗനരോഗം. തന്റെ കാര്യത്തില്‍ ഈ മൗനരോഗം ആദ്യമൊന്നുമല്ല ആന്റണിക്കുണ്ടാവുന്നത്. ആന്റണിയെ മറിച്ച് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ മന്ത്രി പട്ടികയുണ്ടാക്കിയപ്പോഴും ആക്ടിംഗ് പ്രസിഡന്റുമാരുടെ പരമ്പര കഴിഞ്ഞ് കെ പി സി സി പ്രസിഡന്റായി ചെന്നിത്തലയെ കയറില്‍ തൂക്കിയിറക്കിയപ്പോഴും എ കെയ്ക്ക് ജി കെയുടെ കാര്യത്തില്‍ മൗനമായിരുന്നു. ഡല്‍ഹിയില്‍ യൂത്തന്‍മാരുടെ പ്രസിഡന്റായി ചുറ്റിക്കറങ്ങിയിരുന്ന രമേശ് ചെന്നിത്തലയെയും തോറ്റ് തൊപ്പിയിട്ടു നടന്ന എം ഐ ഷാനവാസിനെയുമൊക്കെ തിരുത്തല്‍വാദികളാക്കി കെട്ടിയെഴുന്നെള്ളിച്ചു നടന്നത് ഈ പാവം ജി കെയാണെന്ന് പാലം കടന്നപ്പോള്‍ അവറ്റകള്‍ മറന്നു പോയി. സമുദായവും ഗ്രൂപ്പും പരിഗണിച്ചപ്പോള്‍ പണിയറിയാവുന്നവര്‍ പുറത്തായി എന്നു പറഞ്ഞാല്‍ മതി.

സമുദായവും ജില്ലയും പരിഗണിച്ചാല്‍ വരേണ്ടതായിരുന്നൂ. പക്ഷേ അതേ സമുദായത്തില്‍ നിന്ന് അതേ ജില്ലയില്‍ നിന്ന് മറ്റൊരാളെ ചെന്നിത്തല വാഴിച്ചിരിക്കുന്നു. താന്‍ കെ പി സി സി ഉപാധ്യക്ഷനായിരിക്കുമ്പോള്‍ യൂത്ത് കോണ്‍ഗ്രസിന്റെ ബ്ലോക്ക് പ്രസിഡന്റോ എന്തോ ആയിരുന്ന ശിവകുമാറിനെ. കൊടിക്കുന്നില്‍ സുരേഷിന്റെ ആരുമറിയാത്ത യൂത്ത് കോണ്‍ഗ്രസ് ദേശീയ ജാഥയെ കളിയിക്കാവിളയില്‍ വരവേല്‍ക്കാന്‍ ചെന്നപ്പോള്‍ കാര്‍ത്തികേയന്റെ മുണ്ടഴിച്ച് കോണ്‍ഗ്രസ് പാരമ്പര്യം തെളിയിച്ച വിരുതനാണ് ശിവകുമാരന്‍. അത് മന്ത്രിസ്ഥാനത്തേയ്ക്കുള്ള പരമ യോഗ്യതയായി. പുതുമുറക്കാര്‍ മെയ്‌വഴക്കത്തില്‍ അഗ്രഗണ്യരാണ് എന്ന സന്ദേശം കൂടി ഇതില്‍ നിന്ന് മനസിലായി.

എന്തൊരു പുകഴ്ത്തലായിരുന്നൂ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും. പുകഴ്ത്തല്‍ കേട്ടുകേട്ട് നാലഞ്ചുനാള്‍ ഉറക്കംപോലും കിട്ടാതെ കോരിത്തരിച്ചിരുന്നു പോയിട്ടുണ്ട് വി ഡി സതീശന്‍. കോണ്‍ഗ്രസിന്റെ കുന്തമുന, വീരാളിപ്പട്ട് അണിയിക്കേണ്ട വില്ലാളിവീരന്‍ എന്നൊക്കെയായിരുന്നൂ പുകഴ്ത്തല്‍. കാര്യത്തോടടുത്തപ്പോള്‍ കുന്തവുമില്ല, മുനയുമില്ല, വീരാളിപ്പട്ടുമില്ല. കുന്തം വിഴുങ്ങിയവന്റെ നിലയിലെത്തിച്ചു. വീരാളിപ്പട്ടിനു പകരം ശവക്കച്ച കരുതിവെച്ചിരിക്കുന്നവരാണ് ഗ്രൂപ്പ് മേലാളന്‍മാരും പുകഴ്ത്തല്‍ സാമ്രാട്ടുകളുമെന്ന് പിടികിട്ടി.

സമുദായത്തിന്റെ കാര്യവും ഗ്രൂപ്പിന്റെ കാര്യവും പറഞ്ഞ് തന്നെപ്പറ്റിക്കാന്‍ കഴിയില്ലെന്ന് ഉറക്കത്തില്‍ പോലും സതീശന്‍ വിളിച്ചു പറയുന്നു. തന്റെ അതേ സമുദായത്തില്‍, തന്റെ അതേ ഗ്രൂപ്പില്‍പെട്ട ശിവകുമാര്‍ മന്ത്രിയായി. പാര്‍ലമെന്റംഗമായിരുന്ന അഞ്ചുവര്‍ഷം ലോക്‌സഭയില്‍ അധികം സംസാരിച്ചിട്ടില്ല എന്നതും പിന്നീട് രണ്ടുവട്ടവും ജനം പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തോല്‍പിച്ചുവെന്നതും ഈ കുമാരന് അധിക യോഗ്യതയായി. സ്വന്തം പുത്രന്‍ മുരളീധരന്‍ പോലും പങ്കെടുക്കാത്ത കോണ്‍ഗ്രസ് പിളര്‍പ്പന്‍ യോഗത്തില്‍ കരുണാകരന്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് (ഇന്ദിര) എന്ന പാര്‍ട്ടി പ്രഖ്യാപിക്കുമ്പോള്‍ കസേര വലിച്ചിട്ടതും കര്‍ട്ടന്‍ ഉയര്‍ത്തിയതും പിന്നെ കരുണാകരന് ഉശിരന്‍ പണികൊടുത്തതും കുമാരനെ ചെന്നിത്തലയ്ക്കു പോലും വിശ്വാസയോഗ്യനാക്കി.

കെ മുരളീധരന്‍, ജി കാര്‍ത്തികേയന്‍, വി ഡി സതീശന്‍ എന്നിവര്‍ക്കൊക്കെ ഏറെ ഗുണപാഠങ്ങള്‍ കിട്ടി എന്നതുമാത്രമാണ് നേട്ടം. കോണ്‍ഗ്രസില്‍ ഭാവി വേണമെങ്കില്‍ ഇന്ന ജാതി, അതില്‍ തന്നെ ഇന്ന ഉപജാതി, ഇന്ന ഗ്രൂപ്പ്, ഇന്ന ഉപഗ്രൂപ്പ് എന്നിവ സദാസമയവും വെളിപ്പെടുത്തിക്കൊണ്ടിരിക്കണം. ഞൊടിയിടപോലും നടുനിവര്‍ക്കാതെ മുട്ടിലിഴയണം. കുറഞ്ഞത് ഒരു വിജിലന്‍സ് കേസെങ്കിലും സ്വന്തം പേരിലുണ്ടാവണം. എങ്കിലേ രക്ഷകിട്ടൂ. പിന്നെ ഏക ആശ്വാസം ഘടകകക്ഷി കൂട്ടുകാര്‍ കാണിക്കുന്നതുപോലെ പരസ്യമായി പെണ്ണുകേസ് കാട്ടി അപമാനിച്ച് ഒഴിവാക്കിയില്ലെന്നു മാത്രം. അല്ലെങ്കില്‍ തന്നെ വന്നുവന്ന് പെണ്ണുകേസും ഒരധിക യോഗ്യതയായി മാറിയിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിക്കും പി ജെ ജോസഫിനുമുണ്ടായ ഉയര്‍ന്ന ഭൂരിപക്ഷം കണ്ടപ്പോള്‍ രാജ്‌മോഹന്‍ ഉണ്ണിത്താന് സീറ്റു നല്‍കാത്തതില്‍ കണ്ഠിതമുണ്ടായ കോണ്‍ഗ്രസുകാര്‍ തന്നെയുണ്ട്.

മന്ത്രിയാകണമെന്ന ആശ വിട്ടുപിരിയാതായിട്ട് വശംകെട്ടു നടക്കാന്‍ തുടങ്ങിയിട്ട് കാലമെത്രയായെന്ന് പി സി ജോര്‍ജിന് തന്നെ നിശ്ചയമില്ല. ജോസഫ് ഗ്രൂപ്പിനൊപ്പം നിന്നാല്‍ അതു നടക്കില്ലെന്നും എന്നും ജോസഫ് തന്നെയായിരിക്കുമെന്നും കരുതിപ്പോയപ്പോഴാണ് സ്വന്തം കേരള കോണ്‍ഗ്രസുണ്ടായത്. പില്‍ക്കാലത്ത് ജോസഫ് പെണ്ണുകേസില്‍ കുടുങ്ങുമെന്നും മന്ത്രിസ്ഥാനം വേറൊരാള്‍ക്ക് കിട്ടുമെന്നും ഒരു ജ്യോത്സ്യനും പറഞ്ഞുകൊടുത്തില്ല. ഒറ്റയാനായി നിന്നാല്‍ എല്‍ ഡി എഫില്‍ മന്ത്രിക്കസേര കിട്ടില്ലെന്നു തോന്നിയപ്പോഴാണ് അന്നേവരെ നാക്കെടുത്താല്‍ പുലഭ്യവിശേഷണങ്ങള്‍ മാത്രം ചാര്‍ത്തിക്കൊടുത്തിരുന്ന കെ എം മാണിയെ സാര്‍ സാര്‍ എന്നു വിളിച്ച് കയറിപ്പറ്റിയത്. വരാനുള്ളത് വഴിയില്‍ തങ്ങുകയില്ലെന്ന് പറയുന്നത് എത്രശരി. ഒഴിയാബാധയായി ജോസഫും മാണികോണ്‍ഗ്രസില്‍ നുഴഞ്ഞുകയറി.

മന്ത്രിസ്ഥാനം മൂന്നു വേണമെന്ന് കോണ്‍ഗ്രസിനോട് കേണുപറഞ്ഞെന്ന് മാണിസാര്‍ പറഞ്ഞത് വിശ്വാസം വരാഞ്ഞിട്ടാണ് ചര്‍ച്ചയില്‍ സ്വയം പങ്കെടുത്തത്. മന്ത്രിസ്ഥാനമില്ലെങ്കില്‍ സ്പീക്കറായാലും മതിയെന്നും സ്പീക്കറായാല്‍ താന്‍ ഒന്നൊന്നര സ്പീക്കറായിരിക്കുമെന്നും മുന്നണി ചര്‍ച്ചയിലും ടി വി ചര്‍ച്ചയിലും പറഞ്ഞുനോക്കി. പക്ഷേ സ്പീക്കറാകാന്‍ താന്‍ ഇപ്പോള്‍ ചെയ്യുന്ന പണികള്‍ അറിഞ്ഞാല്‍ പോരെന്നായി പൊതുമതം.

പിന്നെ അറിയാവുന്ന പണി ചെയ്യുക തന്നെ. തിരഞ്ഞെടുപ്പ്കാലത്ത് ജോസഫിന് സീറ്റ് കിട്ടാതിരിക്കുവാനായി തന്നെ പണിയൊന്ന് പുറത്തെടുത്തതാണ്. ഒരു സ്ത്രീ പീഡന പണി. പക്ഷേ ഫലം കണ്ടില്ല. അതേപണി പുതിയ സൂത്രങ്ങളോടെ പുറത്തെടുക്കുകയേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ. വിമാനത്തില്‍ വച്ച് കൈനീണ്ടുപോയ ജോസഫ് മൊബൈല്‍ മെസേജുകളിലൂടെ ഉത്തരാധുനിക നിലയില്‍ സ്ത്രീപീഡനം നടത്തിയെന്ന് മൊബൈല്‍ ഇരയെക്കൊണ്ട് കേസ് കൊടുപ്പിച്ചു.
പക്ഷേ പണി പണ്ടേപോലെ ഫലിക്കുന്നില്ലെന്ന് തോന്നുന്നു.
'എന്തുവന്നാലുമെനിക്കാസ്വദിക്കണം, മന്ത്രിക്കസേരയിലിരുന്നുള്ള ജീവിതം' എന്ന് പാടി പാടി അലയാനായിരിക്കുമോ വിധി എന്നാലോചിച്ച് നാവിന് എല്ലില്ലാത്ത വിരുതന്‍ വിയര്‍ക്കുമ്പോഴാണ് ആരോടും ചോദിക്കാതെയും പറയാതെയും പാര്‍ലമെന്ററികാര്യ മന്ത്രിയെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. കൊടുത്താല്‍ കൊല്ലത്തും കിട്ടും.

പാര ഇങ്ങനെയും വരാം എന്ന് പാഠം.

2011, മേയ് 17, ചൊവ്വാഴ്ച

ചെന്നിത്തലയുടെ കപ്പിനും ചുണ്ടിനുമിടയില്‍ ഒരു കുഞ്ഞൂഞ്ഞ്

''മാടിവിളിക്കിലുമെത്തില്ലരികിലാ
മായാസുഷമാ വിശേഷം''
എന്നുവരികില്‍ ദുഃഖം ഘനീഭവിച്ച വദനവും നീറുന്ന ഹൃദയവും ചഞ്ചല മാനസവുമായി പത്രക്കാരെയും ക്യാമറകളെയും അഭിമുഖീകരിക്കുക മാത്രമേ ചെന്നിത്തലക്കാരനായ രമേശായാലും വഴിയുളളൂ.
പറയുന്ന വാക്കുകളുമായി പൊരുത്തപ്പെടാത്ത വിധം മുഖം വിവര്‍ണവും ശബ്ദം ഇടറിയതുമാകുന്നത് സ്വാഭാവികമാണ്. കണ്ണുകള്‍ പറയാതെ പലതും പറയുന്നതും സ്വാഭാവികം തന്നെ.
അതുകൊണ്ടാണ് കവി പാടിയത് 'കഴിവെത്രയ്ക്കുണ്ടെന്നോ കണ്ണുകള്‍ ആത്മാവില്‍ കഥയൊക്കെ പറയാനും അറിയുവാനും' എന്ന്.
ചെന്നിത്തലയുടെ കണ്ണുകള്‍ ആത്മാവിന്റെ കഥനകഥ പറഞ്ഞുതന്നു.

കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ചേര്‍ന്ന് മുഖ്യമന്ത്രിയെ നിശ്ചയിക്കുവാന്‍ കേവലം മണിക്കൂറുകള്‍ മാത്രം ശേഷിക്കവേയാണ് രമേശ് ചെന്നിത്തലയ്ക്ക് അപ്രതീക്ഷിതമായ ഇടിമിന്നല്‍ പോലെ വെളിപാടുണ്ടായത്.
ഉടനെ കെ പി സി സി ഓഫീസിന് മുന്നില്‍ കാത്തുനിന്നിരുന്ന ചാനലുകാരുടെ മുന്നിലെത്തി ഈ വില്ലാളിവീരന്‍ നടത്തിയ ഉഗ്രപ്രഖ്യാപനം കേട്ട ദിക്കായ ദിക്കുകളൊക്കെ ഞെട്ടിത്തരിച്ച് ആകാശത്ത് മിന്നല്‍പ്പിണരുകളുണ്ടായി, മേഘം ജലമായി വര്‍ഷിച്ചു, നക്ഷത്രങ്ങള്‍ കണ്ണുചിമ്മി, മന്ദമാരുതനുപോലും ഭാവമാറ്റമുണ്ടായി, ചുറ്റിലും ഇരുട്ട് പടരുമെന്ന് കോണ്‍ഗ്രസുകാര്‍ കരുതി. അത്രമേല്‍ അത്യുഗ്രന്‍ പ്രഖ്യാപനം.

''മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഞാനില്ല. പാര്‍ട്ടി കെട്ടിപ്പടുക്കുവാന്‍ കെ പി സി സി അധ്യക്ഷനായിതന്നെ തുടരും. ഞാന്‍ മന്ത്രിയാക്കാനുമില്ല''

അമര്‍ഷവും സങ്കടവും അടക്കിപ്പിടിച്ച് കടന്നല്‍ കുത്തിയ പോലെ മുഖം വീര്‍പ്പിച്ച് ചെന്നിത്തല പറയുമ്പോല്‍ ക്യാമറ കണ്ണുകള്‍ക്കു മുന്നില്‍ ഉന്തിയും തള്ളിയും നിന്ന ഉറ്റ അനുയായികളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
മരണ വീട്ടില്‍ പോലും വെളുക്കെച്ചിരിച്ച് ക്യാമറകള്‍ക്ക് മുന്നില്‍ നില്‍ക്കുന്ന കോണ്‍ഗ്രസുകാരുടെ വദനത്തിലൊന്നും ചിരി കണ്ടുകിട്ടാനില്ല. കറുത്ത് കരുവാളിച്ചമുഖവുമായി അവര്‍ നിന്നു.

ചേരതിന്നുന്ന നാട്ടില്‍ പോയാല്‍ നടുക്കണ്ടം തിന്നണം, കോഴിയിറച്ചിയുടെ അരപ്പു കഴിച്ചാല്‍ കോഴിക്കാലും കഴിക്കണം എന്നിത്യാദി നിഷ്‌കര്‍ഷകള്‍ ഉള്ള രാഷ്ട്രീയമന്നനാണ് രമേശ് ചെന്നിത്തല. ആകുന്നെങ്കില്‍ മുഖ്യമന്ത്രി തന്നെയാവണം. ഇനി മന്ത്രിയെങ്കിലുമായാല്‍ ആഭ്യന്തരമോ ധനകാര്യമോ കൈകാര്യം ചെയ്ത് തിമിര്‍ക്കാനാവണം.

''നി തനിച്ചിത്രനാള്‍ കാത്തുനിന്ന-
തേതിന്‍ സമാഗമമായിരുന്നു?'' എന്ന് ഉറ്റവരും ഉടയവരും സ്വകാര്യ വേളകളില്‍ ചോദിച്ചപ്പോഴൊക്കെ അവരുടെ ചെവികളില്‍ പതിയെ മന്ത്രിച്ചത് മുഖ്യമന്ത്രി പദവും താനുമായുള്ള സമാഗമം എന്നായിരുന്നു.

ഹോ! കിട്ടിപ്പോയി എന്ന മട്ടിലായിരുന്നൂ ഏതാനും ദിനങ്ങള്‍ കടന്നുപോയത്. ആരോരും നിനച്ചിരിക്കാത്ത ഘട്ടത്തില്‍ കുറുക്കന്റെ കൗശലത്തോടെ മത്സരിക്കാന്‍ സീറ്റ് തരപ്പെടുത്തി കുഞ്ഞൂഞ്ഞിന്റെ കുഞ്ഞ് മനസില്‍ വെള്ളിടി വീഴ്ത്തി. പാറിപറക്കുവാന്‍ ഹെലികോപ്ടര്‍ വരുത്തി.
പക്ഷേ ഒരൊറ്റ പറക്കലില്‍ തന്നെ ജനങ്ങള്‍ പറപ്പിക്കുമെന്ന് കാര്യവിവരമുള്ളവര്‍ പറഞ്ഞതിനാല്‍ രണ്ടു ഹെലികോപ്ടറുകളെയും ഷെഡ്ഢില്‍ കയറ്റി.

വോട്ടെണ്ണുമ്പോഴാണ് തന്റെ സ്വാധീനത്തെക്കുറിച്ച്, ജന്മനാട്ടിലെ വര്‍ധിത പിന്തുണയെക്കുറിച്ച് നന്നായി മനസിലായത്.
ഹരിപ്പാട് ചെന്നിറങ്ങിയപ്പോള്‍ കരച്ചില്‍ നാടകമാണ് നടത്തിയതെങ്കില്‍ വോട്ടെണ്ണുന്ന ദിനം ഹരിപ്പാടൊരു വീട്ടില്‍ ആരും കാണാതെ മുറിയില്‍ക്കയറി ശരിക്കും കരഞ്ഞു. സര്‍വ ദൈവങ്ങളേയും വിളിച്ചു കേണു. ഒടുവില്‍ തട്ടിയും മുട്ടിയും ഹരിപ്പാട്ട് കരകയറി.
അപ്പോഴാണ് മുഖ്യമന്ത്രിയാവാന്‍ താന്‍ മാത്രം ജയിച്ചാല്‍ പോരല്ലോയെന്ന തിരിച്ചറിവുണ്ടായത്.
മുന്നണിയും ജയിക്കണമെന്ന് സര്‍വശക്തനായ തമ്പുരാനെ വിളിച്ചപേക്ഷിച്ചു. നേര്‍ച്ചകളായ നേര്‍ച്ചകള്‍ നേര്‍ന്നു.
ഒടുവില്‍ മുട്ടിലിഴയുന്ന ഭൂരിപക്ഷം കിട്ടിയെന്നുറപ്പായപ്പോല്‍ സ്വന്തം പാര്‍ട്ടിയില്‍ എതിരുനില്‍ക്കാനിടയുള്ള ശത്രുക്കളുടെ മുഖം തെളിഞ്ഞുവന്നു. അവരുടെ ശല്യനിവാരണത്തിനായി ശത്രുസംഹാര പൂജകള്‍ നടത്തണമെന്ന് മനസില്‍ കണക്കുകൂട്ടി.

ഇനി ഒരേയൊരു കടമ്പ. മറ്റു കടമ്പകളൊക്കെ ബെന്‍ജോണ്‍സണിന്റേയും കാള്‍ലൂയിസിന്റെയും ചാട്ടത്തെ വെല്ലുന്ന വൈഭവത്തോടെ ചാടിക്കടന്നതാണ്. സീറ്റ് നിര്‍ണയ വേളയില്‍ തന്നെ ജയസാധ്യതയുള്ള സീറ്റുകള്‍ തിരഞ്ഞുപിടിച്ച് സ്വന്തം ഏറാന്‍മൂളികള്‍ക്കായി തരപ്പെടുത്തി. രാഹുല്‍ഗാന്ധി എന്ന യുവരാജാവിന്റെ ഇറക്കുമതിക്കാരായവരുടെയും യുവ പ്രായത്തില്‍ വാര്‍ധക്യം ബാധിച്ചുപോയവരുമായവരുടെ പട്ടികയില്‍ ആധിപത്യം നേടിയെടുത്തു.

പക്ഷേ ജനം പറ്റിച്ചു.
ഏറാന്‍ മൂളികളെ ജനം തോല്‍പ്പിച്ചു.
ഉമ്മന്റെ അനുചരന്‍മാര്‍ക്ക് നേരിയ മേല്‍ക്കൈ കിട്ടി.
വാഴനാരിന്റെ ബലംപോലുമില്ലാത്ത വിധം നേര്‍ത്ത മേല്‍ക്കൈ ആണ്. ഹൈക്കമാന്‍ഡിലും രാഹുല്‍ഗാന്ധിയിലുമുള്ള സ്വാധീനംവെച്ചു നോക്കുമ്പോള്‍ ചാണ്ടിയുടെ മേല്‍ക്കൈ ആയിരം തവണ പൊട്ടിത്തകരാവുന്നതേയുളളൂ. ആയതിനാല്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുന്നതിനു തൊട്ടുമുമ്പുവരെ മുഖ്യമന്ത്രിക്കസേരയില്‍ നിവര്‍ന്നിരുന്ന് തണ്ടലിന്റെ ക്ഷീണം മാറ്റുന്ന കിനാവുകണ്ടു, മധുരം നുണഞ്ഞു.

പക്ഷേ വരാനിരിക്കുന്നത് വഴിയില്‍ തങ്ങില്ലല്ലോ.
വിശാല ഐ ഗ്രൂപ്പ് യോഗം വിശാലമായ സ്വന്തം ഫ്‌ളാറ്റില്‍ ചേര്‍ന്നപ്പോഴാണ് അവസാന കടമ്പ ചാടിക്കടക്കുവാന്‍ ഹനുമാന്‍ ചാട്ടം പോലും മതിയാവില്ലെന്ന് മനസ്സിലായത്. പ്രളയം വന്നാലും കൂടെ നില്‍ക്കുമെന്ന് കരുതിയിരുന്ന ഏറാന്‍മൂളികള്‍ക്ക്, ഞാഞ്ഞൂലിനും ശീല്‍ക്കാരം എന്ന മട്ടില്‍ ഒരിളക്കം. എന്നിട്ടും കുലുങ്ങിയില്ല. പണ്ടേയ്ക്കു പണ്ടേ കേട്ടു പഠിച്ചത് പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല എന്നായതുകൊണ്ടാണ് അതിനു കഴിഞ്ഞത്. ഡല്‍ഹിക്ക് ഫോണ്‍ വിളിച്ചപ്പോഴാണ് ശരിക്കും കുലുങ്ങിപ്പോയത്. പാലം കുലുങ്ങുകയല്ല, പാലം ഒഴുകിപ്പോയെന്ന് പിടികിട്ടി.

മുഖ്യനായില്ലെങ്കില്‍ ഉപമുഖ്യനോ പൊലീസ് മന്ത്രിയോ പണമന്ത്രിയോ ആകാമെന്ന് വിചാരിച്ചാല്‍ അതിലും രക്ഷകാണുന്നില്ലെന്ന് പ്രവചന വിദഗ്ധന്‍മാര്‍ മന്ത്രിച്ചു. സുപ്രധാന വകുപ്പ് കയ്യൊഴിഞ്ഞ് മുഖ്യനാവാന്‍, താനില്ലെന്ന് കുഞ്ഞൂഞ്ഞ് ശാഠ്യം പിടിച്ചുപോല്‍. കുഞ്ഞാകുമ്പോള്‍ ബാലിശം സ്വാഭാവികമെന്ന് മനസിലാക്കി ഹൈക്കമാന്റ് വാത്സല്യപൂര്‍വം ലോകമാന്‍ഡ് ആയിപ്പോയി. അല്ലെങ്കിലും ആവശ്യം വരുമ്പോള്‍ ഒരു പഹയന്റെയും നിഴല്‍പോലും കാണില്ല.

അതിനിടയിലാണ് കുഞ്ഞാലിക്കുട്ടിക്കും കെ എം മാണിക്കുമെല്ലാം കടുത്ത പ്രേമം ഉമ്മന്‍ചാണ്ടിയോടാണെന്ന് ചില നാരദക്കൂട്ടം ഹൈക്കമാന്‍ഡിന്റെ ചെവിയിലെത്തിച്ചത്.

രാഷ്ട്രീയത്തില്‍ കൈപിടിച്ചുകൊണ്ടുവന്ന്, വളര്‍ത്തിവലുതാക്കി, സ്വന്തം ഇലയില്‍ നിന്ന് പ്രാതല്‍ പങ്കുവെച്ചു നല്‍കി ഇളം പ്രായത്തില്‍ മന്ത്രിക്കസേരയില്‍ പിടിച്ചിരുത്തിയ കരുണാകരനു കൊടുത്ത പണി തിരിച്ചുകിട്ടുകയാണെന്ന് ഒരു നിമിഷം അശരീരി കേട്ടതുപോലെ ചെന്നിത്തലയ്ക്ക് തോന്നിപ്പോയി.

പിന്നെ വൈകിയില്ല. മുഖ്യമന്ത്രിയാവാനുമില്ല, മന്ത്രിസഭയിലേക്കുമില്ല. പാര്‍ട്ടിയെ ഊട്ടിവളര്‍ത്താന്‍ കെ പി സി സി പ്രസിഡന്റായി തുടരും.
ഹോ! എന്തൊരു നിസ്വാര്‍ഥത, എന്തൊരു ത്യാഗസന്നദ്ധത നാട്ടുകാരേ! എന്ന് രമേശാനുയായികള്‍.

പക്ഷേ വെരുമൊരു എം എല്‍ എയായിരിക്കുവാനാണോ ഡല്‍ഹിയില്‍ പോയി സീറ്റ് തരപ്പെടുത്തിയത്?
ഒരു തവണ മാത്രം എം എല്‍ എയായ ബാബുപ്രസാദിനെ വഴിയാധാരമാക്കിയതെന്തിന്? എന്നീ അസുഖകരമായ ചോദ്യങ്ങള്‍ സന്മനസുള്ളവര്‍ ഒഴിവാക്കേണ്ടതാണ്.

അങ്കത്തിരുന്ന് കളിക്കുന്നതിനേക്കാള്‍ പുറത്തിരുന്ന് കളിക്കുന്നതാണ് കളിയിലെ അനായാസതയ്ക്ക് നല്ലത്. അതുകൊണ്ടാണ് പുറത്തു നില്‍ക്കുന്നത്. പ്രതീക്ഷ കടലില്‍ ഒഴുക്കിക്കളയാന്‍ മാത്രം മണ്ടത്തരമൊന്നും ചെന്നിത്തലയിലില്ല. കളിച്ചുകളിച്ച് ശരിയായ സമയത്ത് ഫൗള്‍ കളിക്കും. ഫൗള്‍ കളിക്കുന്ന ആളിനല്ല ചുവപ്പ് കാര്‍ഡ് എന്നത് കോണ്‍ഗ്രസിന്റെ കളിനിയമത്തില്‍ മുമ്പേ പറഞ്ഞിട്ടുള്ളതാണ്.
പട്ടം താണുപിള്ളയും സി കേശവനും ടി എം വര്‍ഗീസും പരവൂര്‍ ടി കെ നാരായണപിള്ളയും ആര്‍ ശങ്കറും കരുണാകരനും എ കെ ആന്റണിയുമൊക്കെ ഫൗള്‍ കളിയില്‍ ഇരകളായവരാണ്. ഇരകള്‍ക്ക് ചുവപ്പ് കാര്‍ഡ് എന്ന നിയമം പരിപാലിച്ച് ഉമ്മന്‍ചാണ്ടിയെ കളത്തിന് പുറത്താക്കി കസേരയില്‍ കയറിയിരിക്കാനാണ്. ഇന്ന് മുതലുള്ള കഠിനാധ്വാനം. തിരുത്തല്‍വാദത്തിലൂടെ കരുണാകരനെ കളത്തിന് പുറത്താക്കിയതിലെ അനുഭവ പരിചയം മുതല്‍കൂട്ടായുണ്ട്.

ഇതിനിടയില്‍ കെ പി സി സി പ്രസിഡന്റ് സ്ഥാനം തെറുപ്പിക്കുവാന്‍ ഒരുകൂട്ടര്‍ ഇറങ്ങിത്തിരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് 38 ല്‍ ഒതുങ്ങിയത് സംഘടനാ ദൗര്‍ബല്യം കൊണ്ടാണുപോല്‍.
ഇനി കക്ഷത്തിരുന്നത് പോവുകയും ചെയ്തു, ഉത്തരത്തിലിരുന്നത് കിട്ടിയുമില്ല എന്ന നില വരാതിരിക്കുവാനും തുലാഭാരവും ഉരുളലുമൊക്കെ നടത്തേണ്ടിവന്നേയ്ക്കും.
അതിനിടയില്‍ ലീഗും മാണി കോണ്‍ഗ്രസും വീരജനതയും ഒറ്റത്തടിക്കാരായവരും ചേര്‍ന്ന് സര്‍ക്കാരിനെതന്നെ മൂക്കുകുത്തിവീഴ്ത്തിയാല്‍ ഇപ്പോള്‍തന്നെ ഉറക്കമില്ലാത്ത രാവുകളുമായി കഴിഞ്ഞുകൂടുന്ന ചെന്നിത്തലയ്ക്ക് ഊണുമില്ലാതാവും.
കാലം മാറിനിന്ന് മായികലീലകള്‍ നോക്കി പുഞ്ചിരിച്ചുകൊണ്ടിരിക്കുമ്പോള്‍
''നീ വിഷാദിക്കുന്നതെന്തിനഖിലവും
കേവലം സ്വപ്നം! വെറും വെറും വിഭ്രമം'' എന്ന് പാടികേള്‍പ്പിക്കാനെങ്കിലും ആരെങ്കിലും ഉണ്ടാകുമോ ആവോ? കണ്ടറിയാം.


പിന്‍കുറുപ്പ്:
ഹൈക്കമാന്റ് പ്രതിനിധികള്‍ തിരുവനന്തപുരത്തേക്ക് പറന്നുകൊണ്ടിരിക്കുമ്പോള്‍ ചെന്നിത്തല ഉഗ്ര പ്രഖ്യാപനം നടത്തിയത് മറ്റൊന്നുംകൊണ്ടല്ല, മാധ്യമങ്ങള്‍ കുറച്ചുകാലമായി താന്‍ മുഖ്യമന്ത്രിയാവാന്‍ കച്ചകെട്ടിയിരിക്കുന്നൂവെന്ന് ദുഷ്പ്രചരണം നടത്തുന്നതുകൊണ്ടു മാത്രമാണ്. മുമ്പൊക്കെ പത്രസമ്മേളനങ്ങളില്‍ ഇതേ ചോദ്യം ഉയരുമ്പോള്‍ ഹൈക്കമാന്റും പാര്‍ലമെന്ററി പാര്‍ട്ടിയും തീരുമാനിക്കുമെന്ന് പറഞ്ഞയാള്‍ ഇപ്പോള്‍ ഹൈക്കമാന്റും പാര്‍ലമെന്ററി പാര്‍ട്ടിയുമൊന്നും പറയാതെ ഇപ്പോള്‍ പറഞ്ഞത് ഇപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് പിടികിട്ടിയത് എന്നതുകൊണ്ടു മാത്രമാണ്.
മറ്റൊരു ധാരണയും ആരും വച്ചു പുലര്‍ത്തരുത്.

2011, മേയ് 10, ചൊവ്വാഴ്ച

'സുന്ദരനും സുശീലനു'മായ കുമാരന്റെ സംസ്‌കാരസമ്പന്നമാം ലീലകള്‍!

ബലവാന്‍മാരില്‍ ബലവാന്‍, സദ്ഗുണ സമ്പന്നരിലും സമ്പന്നന്‍, സാംസ്‌കാരിക പ്രബുദ്ധരിലും പ്രബുദ്ധന്‍, വൃത്തിയിലും ശുദ്ധിയിലും മുമ്പരില്‍ മുമ്പന്‍, വിവേകത്തിലും വിവരത്തിലും വിജ്ഞാനത്തിലും അതുല്യന്‍, വിനയത്തിലും സമഭാവനയിലും സ്‌നേഹത്തിലും അനുപമന്‍. ഇങ്ങനെയൊരാളെ മലയാള ദേശത്ത് നിന്ന് കണ്ടുകിട്ടുമെങ്കില്‍ അത് ഒരേയൊരാള്‍ മാത്രമായിരിക്കും. ചങ്ങനാശ്ശേരിയിലെ പെരുന്നയില്‍ നെറ്റിത്തടത്തില്‍ നീളന്‍ ചന്ദനക്കുറിയും പൂശി, താന്‍ ഒരു കെങ്കേമനാണെങ്കിലും അതിന്റെ അഹന്തയൊന്നും ഇല്ലെന്ന മട്ടില്‍ ആ 'മഹാമേരു' കഴിഞ്ഞുകൂടുന്നു. ജി സുകുമാരന്‍ നായര്‍ എന്ന ആ നാമധാരിയെ ഓര്‍ത്തോര്‍ത്ത് കേരളത്തിലെ സംസ്‌കാരമുള്ളവരും വൃത്തികേട് കാട്ടാത്തവരും വിവേകശാലികളുമായവര്‍ നിമിഷം പ്രതി കോരിത്തരിക്കുന്നു.

കേരളത്തിലെ നായരായ നായരൊക്കെ സുകുമാരന്‍നായര്‍ എന്ന സംസ്‌കാരസമ്പന്നന്‍ പറയുന്നതിനപ്പുറം ചലിക്കുകയില്ല. ആ നിലയില്‍ ഉഗ്രപ്രതാപിയുമാണ് ആ മാന്യന്‍. നായരിലെ 'തമ്പി' മുതല്‍ 'വിളക്കിത്തല നായര്‍' വരെ, 'മേനോന്‍' മുതല്‍ 'വെളുത്തേടത്തു നായര്‍' വരെ, 'കിരിയാത്തുനായര്‍' മുതല്‍ 'മണിയാണിനായര്‍' വരെ 'ഉണ്ണിത്താന്‍' മുതല്‍ 'വാണിയ' നായര്‍ വരെ, 'പണിക്കര്‍' മുതല്‍ 'പിള്ള' ആദിയായ നായര്‍ വരെ എണ്ണിത്തീരാത്ത സമസ്തകുലവും സുകുമാരന്‍നായര്‍ എന്നു കേട്ടാല്‍ തോളിലെ തോര്‍ത്തെടുത്ത് കക്ഷത്ത് തിരുകി വാപൊത്തി നില്‍ക്കും.

വാവ് അടുക്കുമ്പോള്‍ ചില കൂട്ടര്‍ക്ക് ഹാലിളകുമെന്ന വിശ്വാസം പ്രചുരപ്രചാരത്തിലുണ്ട്. അതുപോലെ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഒരുപറ്റം സമുദായനേതാക്കള്‍ സര്‍വശക്തരും ഉഗ്രപ്രതാപികളുമായി വേഷം മാറും. അവരറിയാതെ അവരിലേയ്ക്ക് നുഴഞ്ഞുകയറുന്ന ഒരജ്ഞാത ശക്തിയാണ് ആ ഘട്ടങ്ങളില്‍ അവരെ നയിക്കുക. സുകുമാരന്‍ നായരുടെ എന്‍ എസ് എസും വെള്ളാപ്പള്ളി നടേശന്റെ എസ് എന്‍ ഡി പിയും ജമാഅത്ത് ഇസ്ലാമിയും സുന്നിയും മാര്‍ത്തോമയും കത്തോലിക്കയും യാക്കോബായയും ഓര്‍ത്തഡോക്‌സും എന്നു വേണ്ട കേട്ടിട്ടുള്ളതും കേട്ടിട്ടില്ലാത്തതുമായ അത്യുജ്വല സമുദായസംഘടനകള്‍ കച്ചകെട്ടിയിറങ്ങും, ഉടവാള്‍ വീശും, പരിചയുയര്‍ത്തും. അവരുടെ ഉടവാള്‍ വീശലില്‍ ആരുടെയും തല നിലത്തുവീഴും, അവരുടെ പരിചയാല്‍ ആരും സംരക്ഷിക്കപ്പെടും എന്നാണ് പ്രതീതി. ആ മിഥ്യാധാരണയില്‍ കഴിഞ്ഞുകൂടുന്നവര്‍ സ്ഥാനാര്‍ഥികളായാല്‍ അവരെ മുഖം കാണിക്കാനും ആശീര്‍വാദം നേടി പുണ്യമാര്‍ജ്ജിക്കാനും വരിവരിയായി കാത്തുനില്‍ക്കും. അപ്പോള്‍ സമുദായനേതാക്കള്‍ 'അമ്പട ഞാനേ' എന്ന് അറിയാതെ വിളിച്ചുപോവും.

പക്ഷേ, ഇവരുടെ ഉടവാള്‍ വീശലില്‍ അവര്‍ ലക്ഷ്യമിടുന്ന ഒരാളുടെയും തല മണ്ണിലുരുളുന്നില്ല. അവരുടെ പരിചയാല്‍ ആരും കാത്തുരക്ഷിക്കപ്പെടുന്നുമില്ല എന്നതാണ് അനുഭവം. കലികാലം എന്നല്ലാതെ എന്തു പറയാന്‍! ഉടവാളിന് തെല്ലും മൂര്‍ച്ചയില്ല. പരിചയ്ക്ക് പാളയുടെ ബലം പോലുമില്ല. ഇന്നയിന്ന ആളുകളെ, ഇന്നയിന്ന പാര്‍ട്ടികളെ ഞങ്ങള്‍ തോല്‍പ്പിക്കും എന്ന് സുകുമാരന്‍നായരാദികളായവരും വെള്ളാപ്പള്ളിയാദിയായവരും പ്രഖ്യാപിച്ചാല്‍ അവരെല്ലാം ജയിച്ചുകയറുന്ന കാഴ്ച പതിവായിട്ടുണ്ട് കേരളത്തില്‍. പിന്നെയും ശങ്കരന്‍ തെങ്ങിന്റെ മുകളില്‍ തന്നെയിരിക്കും. വീണിടം വിഷ്ണുലോകമാക്കുന്ന മാന്ത്രികവിദ്യ പുറത്തെടുക്കും. മലര്‍ന്നടിച്ചു വീണാലും കാല് മുകളിലുയര്‍ത്തിവയ്ക്കും. വീണ്ടും തിരഞ്ഞെടുപ്പടുക്കുമ്പോള്‍ ഉടവാളും പരിചയുമായിറങ്ങും.

സുകുമാരന്‍നായര്‍ക്ക് പുറത്തുപറയാന്‍ ഇന്നലെ വരെയുണ്ടായിരുന്നത് സമദൂരമായിരുന്നു. പണ്ടേ ദൂരം പാലിക്കുക എന്നത് ശീലമായിപ്പോയതാണ്. നമ്പൂതിരിയില്‍ നിന്ന് നിശ്ചിത അകലം പാലിക്കേണ്ടവര്‍ അത് ലംഘിച്ചാല്‍ ശിക്ഷിക്കേണ്ടത് നായരുടെ പണിയായിരുന്ന കാലത്തേ ദൂരത്തിന്റെ കാര്യത്തില്‍ കര്‍ക്കശ മനോഭാവമാണ്. ചരിത്രകാരന്‍മാരായ ഹാമില്‍ട്ടണും ഇളംകുളം കുഞ്ഞന്‍പിള്ളയും പഴയകാലത്തെക്കുറിച്ച് പറഞ്ഞുവച്ചത് ഇങ്ങനെ:

''ബ്രാഹ്മണന്റെ 96 അടി അടുത്ത് പുലയന്‍ പോകാന്‍ പാടില്ല. പറയനെ തൊട്ടാല്‍ പുലയന്‍ കുളിക്കണം, ഇരുകൂട്ടരും വഴിയൊഴിഞ്ഞ് ഓടിമാറിയില്ലെങ്കില്‍ കൊല്ലേണ്ടത് നായരുടെ ധര്‍മ്മം..... തീയന്‍ ശൂദ്രന്റെ 12 അടി അകലെ നില്‍ക്കണം. ബ്രാഹ്മണന്റെ 36 അടി അടുത്തുവരുന്ന തീയനെ ഉടന്‍ സംഹരിച്ചാല്‍ ശൂദ്രന് സ്വര്‍ഗം കിട്ടും. ബ്രാഹ്മണനെ നായര്‍ തൊടാന്‍ പാടില്ല. എന്നാല്‍ അടുത്ത് ചെല്ലാം''.

പണ്ടേയ്ക്കുപണ്ടേ ഈ വിധം ദൂരത്തില്‍ ഭ്രമിച്ചുപോയിരുന്നു. അതുകൊണ്ടാണ് സമദൂരത്തില്‍ വിലയം പ്രാപിച്ചത്. പക്ഷേ, സമദൂരം തരാതരം പോലെ കൂടുകയും കുറയുകയും ചെയ്ത് സമമല്ലാതെ മാറും. ചിലരോട് പ്രിയമേറുമ്പോള്‍, തന്‍കാര്യസാധ്യത്തിന് ഇക്കൂട്ടരാണ് ഉചിതമെന്ന് തിരിച്ചറിയുമ്പോള്‍ ദൂരം കുറഞ്ഞ് കുറഞ്ഞ് ആലിംഗനം ചെയ്യുന്ന നിലയെത്തും. അതിന് സുകുമാരന്‍നായര്‍ പുതിയ പേര് നല്‍കിയിട്ടുണ്ട്. 'ശരിദൂരം'. ഭാഷാപണ്ഡിതന്‍മാര്‍ 'ശരിദൂരം' എന്ന വാക്കിനെക്കുറിച്ച് ഗവേഷണം തുടങ്ങിയിട്ടുണ്ട്.

ജന്‍മിക്കരം പിരിച്ചും, ജന്‍മിത്വ നൃംശസതകളില്‍ ആറാടിയും, കരമടയ്ക്കാത്തവരെ മുക്കാലിയില്‍ കെട്ടിയടിക്കുക, പുളി തീറ്റിക്കുക എന്നിത്യാദി ശിക്ഷ നല്‍കി വിനോദിച്ചും 'അടിയും കൊണ്ട് പുളിയും കുടിച്ച്, പണവും കൊടുത്തു' എന്ന ചൊല്ലിന്റെ ഉല്‍പ്പത്തിക്ക് കാരണക്കാരായും ജന്‍മിമാരും കാര്യസ്ഥന്‍മാരുമായി വിലസിയിരുന്ന കാലം തികട്ടി തികട്ടി വരുമ്പോള്‍ ഇപ്പോഴും ജന്‍മിയാണെന്ന തോന്നല്‍ സുകുമാരന്‍നായരെപ്പോലുള്ള നായന്‍മാര്‍ക്കുണ്ടാവുന്നതിന് കുറ്റം പറയാനാവുമോ? പെരുന്നയിലെ വലിയ മാളികയില്‍ പരിചാരകരും പരിവാരങ്ങളും വിനീത വിധേയരായിരിക്കുമ്പോള്‍ സ്വന്തം ഭൂതകാലം സൗകര്യപൂര്‍വ്വം സുകുമാരന്‍നായര്‍ക്കും മറക്കാവുന്നതാണ്.

'നായര്‍ സമാജം' എന്ന സംഘടന ഒരു കൂട്ടം നായര്‍ യുവാക്കള്‍ രൂപീകരിച്ചതെന്തിനെന്നോ, 1907ല്‍ മന്നത്ത് കൃഷ്ണന്‍നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നായര്‍ സമുദായത്തിന്റെ ആദ്യത്തെ വാര്‍ഷിക യോഗത്തെക്കുറിച്ചോ, പില്‍ക്കാലത്ത് രൂപം കൊണ്ട നായര്‍ സര്‍വീസ് സൊസൈറ്റിയെയും മന്നത്ത് പത്മനാഭനെയും കുറിച്ചോ തെല്ലെങ്കിലും പിടിപാട് വേണമെന്ന ചെറിയ നിര്‍ബന്ധം പോലും ഇന്ന് എന്‍ എസ് എസിന്റെ ആക്ടിംഗ് ജനറല്‍ സെക്രട്ടറിയാവാന്‍ ആവശ്യമില്ലെന്ന് സമസ്ത കേരള നായന്‍മാര്‍ക്കുമറിയാം. നമ്പൂതിരി ആധിപത്യകാലത്ത് നായര്‍സ്ത്രീകളെയും ദേവദാസികളെയും ഒരുപോലെ പരിഗണിച്ചപ്പോള്‍, സ്വത്തവകാശത്തില്‍ സ്ത്രീ-പുരുഷ അസമത്വം നടമാടിയപ്പോള്‍, നമ്പൂതിരി പുരുഷനും നായര്‍സ്ത്രീയും തമ്മിലുള്ള സംബന്ധം തുടര്‍ന്നപ്പോള്‍ നവോഥാനത്തിന്റെ കാഹളമുയര്‍ത്തിയ ഉല്‍പതിഷ്ണുക്കളാണ് നായര്‍ സമാജത്തിന്റെ സൃഷ്ടാക്കളെന്ന് ആരെങ്കിലും പറഞ്ഞാല്‍ കുരുടന്‍ ആനയെ കണ്ട പോലെ നില്‍ക്കുന്ന പണ്ഡിതാഗ്രേസരനാണ് സുകുമാരന്‍നായര്‍. വിവാഹം നിയമാനുസൃതമാക്കുക, ഒരുവന്റെ സ്വത്തില്‍ അയാളുടെ ഭാര്യയ്ക്കും അവകാശമുണ്ടാവുക എന്നീ മാറ്റങ്ങള്‍ സമുദായത്തില്‍ സൃഷ്ടിക്കുവാനും അപചയത്തിനെതിരായി ശബ്ദിക്കുവാനും സമുദായോദ്ധാരണത്തിനുമാണ് നായര്‍ സമാജവും എന്‍ എസ് എസും ഉണ്ടായതെങ്കില്‍ ഇന്ന് 'അപ്നാ അപ്നാ' കാര്യമാണ് സുകുമാരന്‍നായര്‍ക്ക് അജണ്ടയായി ശേഷിക്കുന്നത്. അതുകൊണ്ട് സമദൂരം ശരിദൂരമാവുകയും വേണ്ടപ്പെട്ടവരെ ആരും കാണാതെ പുണരുകയും ചെയ്യും.

അത്തരം ശരിദൂരക്കാരുടെ സ്വകാര്യ സംഭാഷണങ്ങള്‍ നൂറുകണക്കിന് അനുചരന്‍മാരുടെയും മാധ്യമക്കാരുടേയും ക്യാമറകളുടേയും നടുവില്‍ വച്ചായിരിക്കും. പ്രതിഭയ്ക്ക് തെല്ലും കുറവില്ലാത്തതുകൊണ്ട് ചില വേള അനുകരണകലയില്‍ പ്രാഗത്ഭ്യം പ്രകടിപ്പിക്കും. ഭാവനാ സമ്പന്നനായതുകൊണ്ട് ജനങ്ങള്‍ ആദരിക്കുന്ന മുഖ്യമന്ത്രി സംസ്‌കാരമില്ലാത്തവനും എന്ത് വൃത്തികേടും ചെയ്യാന്‍ മടിക്കാത്തവനുമായി ഭാവനാലോകത്ത് അവതരിക്കുകയും അത് വെളിപ്പെടുത്തുകയും ചെയ്യും. സംസ്‌കാരസമ്പന്നനും വിവേകശാലിയും മിതഭാഷിയുമായതുകൊണ്ട് മുഖ്യമന്ത്രിയെ ബഹുമാനപുരസ്സരം 'ഒരുത്തന്‍' എന്ന് സംബോധന ചെയ്യും.

സുകുമാരന്‍നായരുടെ വിവേകവും സംസ്‌കാരവും മിതഭാഷിത്വവും കണ്ടും കേട്ടുമറിഞ്ഞ് നായര്‍ ഗണങ്ങളാകെ ആഹ്ലാദിച്ചുല്ലസിക്കുകയാണെന്ന് കരുതുന്ന ഒരേയൊരാള്‍ സുകുമാരന്‍നായരായിരിക്കും. എന്‍ എസ് എസിന്റെ സംസ്‌കാരത്തെ മുച്ചൂടും മുടിക്കുന്ന സുന്ദരകുമാരനെ, സുശീലകുമാരനെ കൊണ്ട് കടുത്ത എന്‍ എസ് എസുകാര്‍ തോറ്റിരിക്കുന്നു. സുകുമാരന്‍നായര്‍ പറയുന്നതിന് ചെവി കൊടുക്കാന്‍ പോലും ഒരുക്കമല്ലാത്തവരാണ് മഹാഭൂരിപക്ഷം വരുന്ന നായന്‍മാര്‍. അവരാകെ സുകുമാരന്‍നായരുടെ വങ്കത്തങ്ങള്‍ കേട്ട് ഊറിയൂരി ചിരിക്കുന്നു. പക്ഷേ, പരശുരാമന്‍ മഴുവെറിഞ്ഞ് കടല്‍ മാറ്റി കരയാക്കിയ കേരളം, തന്റെ കാല്‍ക്കീഴിലാണെന്ന് വിചാരിച്ച്, ഉത്തരം താങ്ങുന്ന ഗൗളിയായി സുകുമാരന്‍നായര്‍ കഴിയുന്നു. എന്തൊരു ചേലാണ് ആ കാഴ്ച കാണാന്‍.