2011, ജനുവരി 16, ഞായറാഴ്‌ച

മഹാലേലം വിളികളുടെ 'സുവര്‍ണകാലം'!

ഒരു തരം, രണ്ടുതരം, മൂന്നുതരം - ലേലംവിളി തകൃതിയായി മുന്നേറുകയാണ്. ടെലിവിഷന്‍ ചാനലുകളില്‍ ലേലം വിളിയുടെ തത്സമയ സംപ്രേഷണവും ഇടവേളകളില്ലാതെ അരങ്ങേറുന്നു. വാര്‍ത്താ ചാനലുകാര്‍ക്ക് ലേലം വിളിയില്‍പരം പ്രധാനമായ മറ്റൊരു വാര്‍ത്തയുമില്ലെന്നത് നിസ്സംശയം അറിയാവുന്നതുകൊണ്ട് ഇടതടവില്ലാതെ വാര്‍ത്ത ലൈവായി പ്രേക്ഷകരില്‍ എത്തിക്കുകയും സമയാസമയം വിശകലനങ്ങള്‍ പൊടിപൊടിക്കുകയും ചെയ്തു.

തേങ്ങായുടെയോ കൊപ്രാപിണ്ണാക്കിന്റെയോ കന്നുകാലികളുടെയോ ലേലംവിളിയല്ല. താരങ്ങളുടെ ലേലം വിളിയാണ്. ക്രിക്കറ്റ് നക്ഷത്രങ്ങള്‍ സമശീതോഷ്ണ മുറിയിലെ ലേലംവിളി ലൈവായി കണ്ട് നെഞ്ചിടിപ്പ് ഇരട്ടിപ്പിച്ചു. മദ്യരാജാക്കന്മാരും എണ്ണ മുതാലളിമാരും താരസുന്ദരികളും സിമന്റ്് കുത്തകകളുമൊക്കെ മത്സരിച്ച് ലേലം വിളിയില്‍ മുഴുകി. വിജയ് മല്ല്യമാരും ശ്രീമതി മുകേഷ് അംബാനിയും പ്രീതി സിന്റയും ശില്‍പാഷെട്ടിയുമൊക്കെ ഓരോ ക്രിക്കറ്റ് താരത്തിനുമുള്ള മതിപ്പുവില തരാതരംപോലെ ഉയര്‍ത്തി.

ലേലം വിളിയ്ക്ക് ചുക്കാന്‍ പിടിച്ച പ്രത്യേകം ക്ഷണിക്കപ്പെട്ട സായ്പ്, ഗൗതം ഗംഭീര്‍ ഒരുതരം രണ്ടുതരം മൂന്നുതരം എന്നുദ്‌ഘോഷിച്ച് ലേലം ഉറപ്പിക്കുമ്പോള്‍ അടുത്ത ആളിന്റെ വില നിശ്ചയിക്കാന്‍ മുതലാളിമാരും അനുചരന്മാരും വട്ട മേശയ്ക്ക് ചുറ്റുമിരുന്ന് ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടു.

നന്ദിയില്ലാത്ത മുതലാളിമാര്‍ എന്ന് ചില നക്ഷത്രങ്ങള്‍ പരിതപിക്കുകയും ശപിക്കുകയും ചെയ്യുന്നു. കടുവകളും സിംഹങ്ങളും പുലികളുമായിരുന്നവരാണ് അവര്‍. ബംഗാള്‍ കടുവ, വെസ്റ്റിന്ത്യന്‍ പുലി, കരീബിയന്‍ ചെന്നായ എന്നൊക്കെയായിരുന്നു ഓമനപ്പേരുകള്‍. പക്ഷേ മുതലാളിമാര്‍ക്കും താരസുന്ദരിമാര്‍ക്കും ഇപ്പോള്‍ അവരൊക്കെ പല്ലുകൊഴിഞ്ഞ കടുവകളും സടകൊഴിഞ്ഞ സിംഹങ്ങളുമാണ്.

കോടികള്‍ വരുന്നതും ഒഴുകുന്നതും പോകുന്നതും ഞൊടിയിട നേരം കൊണ്ടാണ്. ചിലരുടെ മതിപ്പുവില കുത്തനെ ഉയര്‍ന്നു. മറ്റു ചിലരുടേത് കുത്തനെ ഇടിഞ്ഞു. വാണിഭശാലയിലെ ലേലവിഭവങ്ങളായി നിന്നുകൊടുത്ത താരങ്ങളില്‍ വിലകൂടിയവര്‍ അഭിമാനപുളകിതരായി. വില ഇടിഞ്ഞവര്‍ തല താഴ്ത്തി. ഒരു വിലയുമില്ലെന്ന് മുതലാളിമാര്‍ നിശ്ചയിച്ചവര്‍ നാണക്കേടുകൊണ്ട് മുഖംപൊത്തി.

ഇതെല്ലാം കണ്ടുംകേട്ടും ഇന്ത്യന്‍ രക്ഷകര്‍തൃസമൂഹം ഒരു പൊതുതീരുമാനത്തിലേക്ക് ചടുലമായി നീങ്ങിക്കൊണ്ടിരിക്കുകയാണ്. പിള്ളാരെ എഴുത്തിനിരുത്തിയും പള്ളിക്കൂടത്തില്‍ ചേര്‍ത്തും നേരം പാഴാക്കാതെ രണ്ടുബാറ്റും നാലുപന്തും വാങ്ങി നല്‍കി പന്തടിച്ചു പായിക്കാന്‍ ശേഷിയുള്ളവരാക്കി പിച്ചവച്ചുനടക്കാന്‍ തുടങ്ങുമ്പോഴേ മാറ്റിയെടുക്കണമെന്നതാണ്.

ഉന്നതവിദ്യാഭ്യാസം നേടിയാലും നാലണയുടെ വിലയില്ലാത്ത നാട്ടിലാണ് കണ്ണും പൂട്ടി പന്ത് വീശിയടിക്കുന്നവര്‍ക്ക് പത്തും പതിനൊന്നും കോടി രൂപയുടെ വില.

ഇന്ത്യ ദരിദ്രമാണെന്നു പറയാന്‍ ഇനി ഏതെങ്കിലും ഒരാള്‍ക്ക് ചങ്കൂറ്റമുണ്ടാകുമോ?
ഉണ്ടാകുന്നെങ്കില്‍ അത് വല്ലാത്തൊരു ചങ്കൂറ്റമായിപ്പോകും.
രണ്ടുദിവസത്തെ ലേലംവിളികൊണ്ട് എത്ര കോടികളാണ് ഒഴുകി നിമിര്‍ത്തത്. പക്ഷേ ക്രിക്കറ്റ് രംഗത്തെ ലേലംവിളി മാടമ്പിമാര്‍ വിനയാന്വിതരാണ്. കാരണം തങ്ങള്‍ ഒഴുക്കുന്ന കോടികള്‍ എത്ര നിസ്സാരമാണ് എന്ന വിനീതഭാവം അവരുടെയെല്ലാം മുഖത്ത് തുടിച്ചു നില്‍ക്കുന്നു.

1,76,000 കോടി ഒറ്റയടിക്ക് അടിച്ചെടുത്ത എ രാജയെപ്പോലെ ഒരു രാജാവാകാന്‍ കഴിഞ്ഞില്ലല്ലോ എന്ന കുണ്ഠിതമാണ് വിനയത്തിലേക്ക് നയിക്കുന്നത്. കണക്കെടുത്ത് തീര്‍ന്നിട്ടില്ലാത്ത കോമണ്‍വെല്‍ത്ത് കുംഭകോണത്തെ കുറിച്ചാലോചിക്കുമ്പോള്‍ കുണ്ഠിതമിരട്ടിക്കുകയും വിനയം ഏറുകയും ചെയ്യുന്നു.

1,76,000 കോടി പോയതൊന്നും ഒരു വലിയ പാതകമൊന്നുമല്ലെന്ന് കപില്‍ സിബല്‍മാരും മന്‍മോഹന്‍ സിംഗുമാരും കരുണാനിധിമാരും മൊഴിയുമ്പോള്‍ അതുമൊരു ലേലം വിളിയിലെ, വിളിയില്ലാത്ത ലൈവ് ടെലികാസ്റ്റിംഗില്ലാത്ത കച്ചവടമായിരുന്നല്ലോ എന്നത് ക്രിക്കറ്റ് താരങ്ങളും അവരുടെ ഉടമകളും ആലോചിച്ചു വിഷമിക്കുന്നു.

ഒരു നേരത്തെ അന്നത്തിന് വകയില്ലാത്തവര്‍ ദശലക്ഷങ്ങള്‍, 80 കോടിയോളം വരുന്ന മനുഷ്യരുടെ പ്രതിദിന വരുമാനം 20 രൂപയില്‍ താഴെ. പക്ഷേ അവരൊന്നും യഥാര്‍ഥ ഇന്ത്യയുടെ അടയാളമല്ലെന്ന് നമ്മുടെ ഭരണാധികാരികള്‍ക്കും മുതലാളിമാര്‍ക്കും അറിയാം.
പ്രതിശ്രുത വധുവിന് ഐ പി എല്‍ വാണിഭത്തില്‍ കോടാനുകോടി വിയര്‍പ്പോഹരി വാങ്ങിനല്‍കിയ മന്ത്രി ആലങ്കാരിക പ്രയോഗം നടത്തിയതുപോലെ 'കന്നുകാലികള്‍' പോലുമല്ലാത്തവരാണ്. യഥാര്‍ഥ ഇന്ത്യ ലേലംവിളികളില്‍ ഏര്‍പ്പെടുന്ന രാജമാരും കല്‍മാഡിമാരും മല്യമാരും ടാറ്റമാരും അംബാനിമാരുമാണെന്ന് പറയാനേ അവരുടെ നാവുയരു.

പാവം പാവം ഇന്ത്യക്കാര്‍ ഇതെല്ലാം കണ്ടും കേട്ടുമിരിക്കുന്നു.

2011, ജനുവരി 4, ചൊവ്വാഴ്ച

എ ഐ സി സി സമ്മേളനത്തിലെ ഫലിതവും യൂത്ത് കോണ്‍ഗ്രസിലെ തിരഞ്ഞെടുപ്പ് മഹാമഹവും!

ജനാധിപത്യം എന്നത് സമസ്ത കോണ്‍ഗ്രസുകാരനും ജീവനേക്കാള്‍ പ്രധാനമായി കരുതുന്ന ഒന്നാണ്.
അതുകൊണ്ടാണ് പി സി സി അധ്യക്ഷന്‍മാരെ ദേശീയ പ്രസിഡന്റ് നാമനിര്‍ദേശം ചെയ്ത് ജനാധിപത്യത്തിന്റെ പുഷ്‌കലകാലം കോണ്‍ഗ്രസിനുള്ളില്‍ ആവര്‍ത്തിച്ച് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ദേശീയ പ്രസിഡന്റിനാല്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട പി സി സി പ്രസിഡന്റുമാര്‍ ഡി സി സി പ്രസിഡന്റുമാരെയും അതേ മാതൃകയില്‍ നിയമിക്കണം. ഡി സി സി പ്രസിഡന്റുമാരും മാതൃക പിന്തുടരണം. ഇല്ലെങ്കില്‍ അച്ചടക്ക ലംഘനമാവും. കാരണം അച്ചടക്കത്തിനും പേരുകേട്ട രാഷ്ട്രീയ കക്ഷിയാണ് കോണ്‍ഗ്രസെന്ന് എല്ലാ ഭാരതീയര്‍ക്കും അറിയാവുന്നതാണ്. സോഡാകുപ്പിയേറും കസേരകൊണ്ടടിയും ഉടുമുണ്ടഴിക്കലും പരസ്യവിഴുപ്പലക്കലും വഴി അച്ചടക്കത്തിന്റെ നവമാതൃകകള്‍ സൃഷ്ടിച്ച കക്ഷിയാണ് കോണ്‍ഗ്രസ് എന്ന് ഏവര്‍ക്കും ബോധ്യമുണ്ട്.

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ പദവിയിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ ഒരേയൊരാളിനു വേണ്ടി മാത്രം ഓരോ പി സി സിയും ഒന്നിലേറെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചുകൊണ്ട്, പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ തീര്‍ത്തും ജനാധിപത്യവല്‍ക്കരിക്കും. പട്ടാഭി സീതാരാമയ്യയും സുഭാഷ് ചന്ദ്രബോസും തമ്മില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് നടന്ന മത്സരമൊക്കെ ഒരേയൊരു പേരെഴുതി പത്രിക സമര്‍പ്പിക്കുന്ന കോണ്‍ഗ്രസിലെ ഇന്നത്തെ മഹാമല്ലന്‍മാര്‍ക്ക് പിടിയുണ്ടാവുകയില്ല. ഏത് പട്ടാഭി, ഏത് സുഭാഷ് എന്നൊക്കെ അവര്‍ ചോദിച്ചു കളയും. കോണ്‍ഗ്രസ് ചരിത്രമെഴുതിയ പട്ടാഭി എന്നാരെങ്കിലും പറഞ്ഞാല്‍ 'അതെവിടെ കിട്ടും?' എന്ന് തിരിഞ്ഞുനിന്ന് ചോദിക്കും.

ഇത്തരത്തിലുള്ള അധികം ചോദ്യങ്ങള്‍ ഉണ്ടാവാതിരിക്കാനാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ദേശീയ സമ്മേളനമൊക്കെ ഒന്നര ദിവസം കൊണ്ട് അവസാനിപ്പിക്കുന്നത്. ഉദ്ഘാടന പ്രസംഗവും രാഷ്ട്രീയ-സാമ്പത്തിക-സംഘടനാ പ്രമേയങ്ങളും ചര്‍ച്ചകളുമൊക്കെ നിമിഷനേരം കൊണ്ടു കഴിയും. എല്ലാവര്‍ക്കും ഒരേ രാഗത്തില്‍ സൃഷ്ടിക്കപ്പെട്ട സ്തുതിഗീതമല്ലാതെ മറ്റൊന്നും പാടാനാവാത്തത് കോണ്‍ഗ്രസുകാര്‍ അത്രമേല്‍ ഐക്യമുള്ളവരും ഒരുപോലെ ചിന്തിക്കുന്നവരും ആയതുകൊണ്ടാണ്.

അതിവേഗതയില്‍ അവസാനിച്ച സമ്പൂര്‍ണ പ്ലീനറി സമ്മേളനത്തില്‍ കുറച്ച് സമയം തമ്മില്‍ തല്ലും ഉന്തും തള്ളും മൂലം നഷ്ടപ്പെട്ടെങ്കിലും കുണ്ഠിതമില്ല. കാരണം ആഗോള പ്രശ്‌നങ്ങള്‍ മുതല്‍ ഗ്രാമതല വിഷയങ്ങള്‍ വരെ ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്തിയാണ് പിരിഞ്ഞത്. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സോണിയാഗാന്ധിയുടെ ഒറ്റ പ്രസംഗം കൊണ്ടു സാധിച്ചു. അതുകൊണ്ട് സവാളയും തക്കാളിയും വെളുത്തുള്ളിയും കണ്ടാല്‍ ഭാരതീയര്‍ ഓടിരക്ഷപ്പെടുന്ന നിലവന്നു.

അഴിമതി എന്നു കേട്ടാല്‍ അറയ്ക്കുന്ന, അപ്പോള്‍ തന്നെ ആട്ടുന്ന കക്ഷിയാണ് കോണ്‍ഗ്രസ്. അതുകൊണ്ടു മാത്രം ഒരു ലക്ഷത്തി എഴുപത്തിയാറായിരം കോടി രൂപയുടെ ടെലികോം അഴിമതി അറിഞ്ഞില്ലെന്നു നടിച്ചു. പഴയ ടെലികോം കുംഭകോണത്തിന്റെ ഭാഗമായി, തലയണയ്ക്കടിയില്‍ നിന്ന് കോടിക്കണക്കിന് രൂപ കണ്ടെടുക്കപ്പെട്ട് ജയിലിലടയ്ക്കപ്പെട്ട സുഖ്‌റാം കോണ്‍ഗ്രസ് നേതാവാണെന്ന വസ്തുത ഓര്‍ക്കാതെ പോയി. കോമണ്‍വെല്‍ത്ത് ഗെയിംസ് കുംഭകോണവും ആദര്‍ശ് ഫ്‌ളാറ്റ് അഴിമതിയും ബഡാ പ്രശ്‌നങ്ങളല്ലാതായി. സോണിയ പറഞ്ഞതുപോലെ അഴിമതിക്കാര്‍ക്കെതിരെ അപ്പപ്പോള്‍ കോണ്‍ഗ്രസ് നടപടിയെടുത്ത് ഞെട്ടിച്ചുകളഞ്ഞു.

പക്ഷേ രാജയുടെ ടെലികോം കുംഭകോണം അറിഞ്ഞിട്ടും അറിഞ്ഞില്ലെന്നു നടിച്ച മന്‍മോഹന്‍സിംഗ് വേദിയില്‍ മുന്‍നിരയിലും ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണത്തില്‍ പെട്ട കേന്ദ്രമന്ത്രിമാരായ വിലാസ് റാവു ദേശ്മുഖും സുശീല്‍ കുമാര്‍ ഷിന്‍ഡയും വേദിയുടെ പിന്‍നിരയിലും അശോക് ചവാന്‍ സദസ്സിലും കോണ്‍വെല്‍ത്ത് ഗെയിംസില്‍ കുറ്റം ചാര്‍ത്തപ്പെട്ട ഷീലാദീഷിത് വേദിയിലും സുരേഷ് കല്‍മാഡി സദസ്സിലും ഇരിക്കുമ്പോഴായിരുന്നൂ സോണിയയുടെ അഴിമതി വിരുദ്ധ പ്രസംഗം എന്നതുകൊണ്ട് തന്നെ അത് അക്ഷരാര്‍ഥത്തില്‍ അന്വര്‍ഥമായി എന്ന് കോണ്‍ഗ്രസുകാര്‍ അഭിമാനിച്ചു.

തെറ്റ് പറയരുതല്ലോ, കോണ്‍ഗ്രസുകാര്‍ക്ക് എന്തും ഏതും അഭിമാനത്തിനു വക നല്‍കുന്നതാണ്. അതുകൊണ്ട് മാത്രമാണ് ബിഹാര്‍ നിയമസഭാ സീറ്റുകള്‍ മുകുള്‍വാസ്‌നിക്ക് എന്ന ചുമതലക്കാരന്‍ വിറ്റഴിച്ചു എന്ന് പറഞ്ഞ് ബിഹാറിലെ കോണ്‍ഗ്രസുകാര്‍ തല്ലുണ്ടാക്കുകയും സമ്മേളനം നിര്‍ത്തിവെയ്പ്പിക്കുകയും ചെയ്ത കാര്യം പോലും അതിരറ്റ അഭിമാനമാണ് സമ്മാനിച്ചതെന്ന് ഖദര്‍ധാരികള്‍ വ്യക്തമാക്കുന്നത്.

അടിമുതല്‍ മുടിവരെ ജനാധിപത്യം ഈ വിധം പൂത്തുനില്‍ക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിലെ യൂത്ത് കോണ്‍ഗ്രസില്‍ 'യുവരാജാവ്' രാഹുല്‍ഗാന്ധിയുടെ നിര്‍ദേശപ്രകാരം സംഘടനാ തിരഞ്ഞെടുപ്പ് നടത്തിയത്. അംഗത്വ വിതരണ ഘട്ടത്തില്‍ തന്നെ അതു നിരീക്ഷിക്കാന്‍ ഖജനാവിലെ പണം ചെലവഴിച്ച് രാഹുലന്‍ കേരളത്തില്‍ വരുകയും ടാലന്റ് ഹണ്ട് നടത്തുകയും ചെയ്തു. കേരളത്തിലുള്ളവരാകെ ടാലന്റുള്ളവരായതുകൊണ്ട് കേരളത്തിലുള്ള യുവാക്കളുടെ ഇരട്ടിയിലധികം പേര്‍ യൂത്ത് കോണ്‍ഗ്രസ് അംഗങ്ങളായി. എയും ഐയും വിശാല ഐയും മൂന്ന്, നാല്, അഞ്ച്, ആറ്... എന്നിങ്ങനെ നീളുന്ന ഗ്രൂപ്പുകളുമായി കേരള ജനസംഖ്യയുടെ മൂന്നില്‍ രണ്ടുപേരെ യൂത്ത് കോണ്‍ഗ്രസ് അംഗങ്ങളാക്കി.

യുവാക്കള്‍ക്കുവേണ്ടി ശബ്ദിച്ചും സമരം ചെയ്തും തളര്‍ന്നുപോയ, പാര്‍ട്ടി ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും തമ്പടിച്ച് വിശ്രമിക്കുന്ന യൂത്ത് കോണ്‍ഗ്രസുകാരോട് കേരളത്തിലെ യുവാക്കള്‍ക്കും വൃദ്ധര്‍ക്കും ആഭിമുഖ്യം ഉണ്ടാവുന്നതിലും അംഗത്വമെടുക്കുന്നതിലും അദ്ഭുതമില്ല തന്നെ.

പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളില്‍ പത്രിക നല്‍കിയവര്‍ കേരളക്കരയാകെ കാലുപിടിച്ചു നടന്നു. വോട്ടര്‍മാരെ കണ്ടു കാലുപിടിച്ചു. വാഗ്ദാനങ്ങളില്‍ തെല്ലും കുറവുവരുത്തിയില്ല. അത്യാവശ്യം നല്‍കേണ്ടതൊക്കെ നല്‍കി. ഒടുവില്‍ തിരഞ്ഞെടുപ്പ് മഹാമഹം അരങ്ങേറുന്നതിനു തൊട്ടു മുമ്പ് ഐക്യം പൂത്തുലഞ്ഞു നില്‍ക്കുന്ന കോണ്‍ഗ്രസിലെ ബഹുവിധ ഗ്രൂപ്പുകാര്‍ തങ്ങളുടെ കൈവശമാണ് ഏറ്റവും അധികം വോട്ടെന്ന് പത്രദ്വാര്വാ മാലോകരെ അറിയിച്ചു.
ഇത്തരം മഹോത്സവങ്ങള്‍ നടത്താന്‍ ഇപ്പോള്‍ കമ്പനികളുള്ളതുകൊണ്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് സ്ഥാനാര്‍ഥികളുടെ ബോര്‍ഡ് വെയ്ക്കുന്നതിനോ പോസ്റ്റര്‍ ഒട്ടിക്കുന്നതിനോ ആയാസപ്പെടേണ്ടിവന്നില്ല. കോടിക്കണക്കിനു രൂപ നല്‍കി ഈവന്റ് മാനേജ്‌മെന്റുകളെ ഏര്‍പ്പിച്ചു. ഗാന്ധിയന്‍ ശൈലിയുള്ള പ്രവര്‍ത്തനം. തിരഞ്ഞെടുപ്പ് മഹാമഹം സംഘടിപ്പിച്ചതും ഇത്തരത്തില്‍ ഒരു കമ്പനിതന്നെ.

സ്ഥാനാര്‍ഥികള്‍ക്ക് അനുവദിച്ചു നല്‍കിയ ചിഹ്നങ്ങളുടെ പട്ടിക കാണുമ്പോഴാണ് കോണ്‍ഗ്രസിന്റെ മഹത്വം കൂടുതല്‍ മനസ്സിലാകുക. കത്തുന്ന ടോര്‍ച്ച് ലൈറ്റ്, ടൂത്ത് ബ്രഷ്, വടി, ബലൂണ്‍, പമ്പരം എന്നിത്യാദിയായിരുന്നൂ അടയാളങ്ങള്‍. വടി ഉള്‍പ്പെടുത്തിയതിന് പ്രത്യേക കാരണമുണ്ട്. അവശ്യം വരുന്ന സന്ദര്‍ഭത്തില്‍, വിശേഷിച്ചും തിരഞ്ഞെടുപ്പാകയാല്‍ ഒഴിവാക്കാനാവാത്ത ഒന്നാണ് വടി. സോഡാക്കുപ്പി, പിച്ചാത്തി, കോടാലി, വെട്ടുകത്തി എന്നിവ കൂടി ഉള്‍പ്പടുത്തേണ്ടതായിരുന്നൂ.

പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ പ്രസംഗിച്ചപ്പോള്‍ കത്തുന്ന ടോര്‍ച്ച് ലൈറ്റിന്റെ പ്രതിനിധി അനുയായികളുടെ കരഘോഷത്തിന്റെ പിന്‍ബലത്തോടെ പറഞ്ഞുവത്രേ; ഇപ്പോള്‍ ഇരുട്ടാണ്. പക്ഷേ വെളിച്ചം പകരാന്‍ എന്റെ കൈയില്‍ കത്തുന്ന ടോര്‍ച്ച് ലൈറ്റുണ്ട്. ബ്രഷ് ചിഹ്നമായി കിട്ടിയ സ്ഥാനാര്‍ഥി പറഞ്ഞത് മാലിന്യങ്ങളാകെ തുടച്ചുനീക്കാന്‍ ബ്രഷ് വേണം. ഇപ്പോള്‍ തന്റെ കൈയില്‍ ചെറിയ ബ്രഷുണ്ട്. പക്ഷേ ഇതു പോരാ. മാലിന്യങ്ങള്‍ തുടച്ചുമാറ്റാന്‍ എനിക്ക് വലിയൊരു ബ്രഷ് വേണം.

അനുയായികളില്‍ കൂടുതല്‍ പേര്‍ ബ്രഷിന് വോട്ടു ചെയ്തു. കാരണം മറ്റൊന്നുമല്ല, അഴിമതിയുടെ ചളിക്കുണ്ടില്‍ കഴുത്തറ്റം മുങ്ങി നില്‍ക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ തുടച്ചു വൃത്തിയാക്കാന്‍ വലിയ ബ്രഷ് വേണമെന്ന തിരിച്ചറിവ് അവര്‍ക്കുണ്ടായി. വെളിച്ചമില്ലെങ്കിലും കുഴപ്പമില്ല, സ്വന്തം നേതാക്കളുടെ മേല്‍പുരണ്ട അഴിമതിക്കറ തുടച്ചു വൃത്തിയാക്കി സുമുഖരാക്കുകയാണ് അടിയന്തര കടമയെന്ന് അവര്‍ക്ക് ബോധ്യമുണ്ട്.

ആ ഉദ്യമത്തില്‍ അവര്‍ വിജയിക്കട്ടെ.

മന്‍മോഹന്റെ ബഹുവിധ ബുദ്ധി പ്രയോഗങ്ങള്‍!

ശുഭ്രവസ്ത്രധാരി, പാതിവിടര്‍ന്ന ചിരി, പതിഞ്ഞ സ്വരം, ഭൂമിക്കു നോവുമെന്ന് കരുതി മന്ദം മന്ദം നടക്കുന്ന ആള്‍, എന്തിനും ഏതിനും നിസ്സംഗതയെന്ന മട്ട്, വിധേയത്വം എന്ന ഒരിക്കലും വിട്ടുമാറാത്ത നടപ്പുദീനം, ഓരോ ദിവസവും ഓരോ വര്‍ണത്തില്‍ പ്രത്യക്ഷപ്പെടുന്ന തലപ്പാവ്, കൃത്രിമത്വം നിറഞ്ഞ വിനയവും കൈകൂപ്പലും. ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെക്കുറിച്ചുള്ള ഈ ലളിത വിവരണം ആ ചിത്രം മനസ്സില്‍ തെളിയിക്കും.

ആള്‍ വിനയാന്വിതരിലും വിനയാന്വിതനാണ്. വിധേയരിലും വിധേയനാണ്. നെഹ്‌റു മുതല്‍ വാജ്‌പേയി വരെയുള്ള പ്രധാനമന്ത്രിമാരില്‍ ഒരാള്‍ക്കും ഇത്രമേല്‍ വിനയാന്വിതനും വിധേയനുമാവാന്‍ കഴിഞ്ഞിട്ടില്ലെന്നതിലാണ് മന്‍മോഹന്‍സിംഗ് ഊറ്റംകൊള്ളുന്നത്. അമേരിക്കയ്ക്ക് മുന്നില്‍ തുടങ്ങി രാഹുല്‍ഗാന്ധിയ്ക്ക് മുന്നില്‍ വരെ കുമ്പിട്ടുനില്‍ക്കാന്‍, മന്‍മോഹന്‍സിംഗിനു മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ഫലാഗമത്തിനാല്‍ മരങ്ങള്‍ താഴുന്നതും ഘനമേറിയ മേഘം മഴയായി വര്‍ഷിക്കുന്നതും കരുത്തും സമ്പത്തുമേറുമ്പോള്‍ വിനയാന്വിതമാകുന്ന പ്രകൃതിയുടെ തെളിവുകളാണെന്ന് കാളിദാസന്‍ ഓര്‍മ്മപ്പെടുത്തിയിരുന്നു. 'താഴ്മതാന്‍ അഭ്യുന്നതി' എന്ന് വലിയവര്‍ പറഞ്ഞുതരുകയും ചെയ്തിരുന്നു.

പ്രധാനമന്ത്രി പദം നിനച്ചിരിക്കാതെ സ്വന്തമായപ്പോള്‍, അത് താലത്തില്‍ വെച്ച് സമ്മാനിച്ച സോണിയാഗാന്ധിയോടും അവരുടെ പരിചാരകരോടും താഴ്മയായി നില്‍ക്കേണ്ടതുണ്ടെന്ന് പ്രായോഗിക ജീവിത പാഠങ്ങള്‍ ഗ്രഹിച്ചിട്ടുള്ള മന്‍മോഹന് മനസ്സിലായിരുന്നു. സോണിയാഗാന്ധിയുടെ പ്രീതി കലശലായ നിലയില്‍ സമ്പാദിക്കണമെങ്കില്‍ യുവരാജാവായി ഞെളിഞ്ഞു നടക്കുന്ന രാഹുല്‍ഗാന്ധിയെ ഇഷ്ടമല്ലെങ്കിലും വണങ്ങണമെന്ന് മന്‍മോഹന് മനസ്സിലായിരുന്നൂ.

കോണ്‍ഗ്രസില്‍ കാലണ മെമ്പര്‍ഷിപ്പ് പോലുമില്ലാതിരുന്ന കാലത്ത്, 1991 ല്‍ രാജ്യത്തിന്റെ ധനകാര്യ മന്ത്രിയായി മന്‍മോഹനെ വാഴിച്ചത് പി വി നരസിംഹറാവുവാണ്. റാവുവിനെ കോണ്‍ഗ്രസിന് വേണ്ടാതായപ്പോള്‍ മന്‍മോഹനും വേണ്ടാതായി. ഉണ്ട ചോറിന് നന്ദി വേണം എന്ന പഴമക്കാരുടെ ഉപദേശം മന്‍മോഹന്‍ അക്ഷരാര്‍ഥത്തില്‍ അനുസരിക്കുകയായിരുന്നൂ. 91 വരെ കോണ്‍ഗ്രസുമായി കടലും കടലാടിയും തമ്മിലുള്ള ബന്ധം മാത്രമുണ്ടായിരുന്ന മന്‍മോഹന് റാവുവിനെ മറന്നതുകൊണ്ട് പ്രധാനമന്ത്രിക്കസേര തന്നെകിട്ടി. ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ എന്നതൊക്കെ ആലോചനാമൃതമായ പ്രയോഗം മാത്രമാണെന്ന് മന്‍മോഹന്‍ സിംഗിനും അറിയാം. മന്‍മോഹന്‍സിംഗിന് കോണ്‍ഗ്രസ് അംഗത്വം കിട്ടിയത് എന്നെന്ന് മന്‍മോഹനോ ദേശീയ അധ്യക്ഷ സോണിയയ്‌ക്കോ നിശ്ചയമില്ല. പക്ഷേ മന്‍മോഹന്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രിയാണ്. കോണ്‍ഗ്രസ് പ്രധാനമന്ത്രിയായി രണ്ടാംവട്ടം വാഴാനും മെമ്പര്‍ഷിപ്പ് വേണമെന്ന് കോണ്‍ഗ്രസ് ഭരണഘടനയില്‍ പറഞ്ഞിട്ടില്ലെന്ന് മന്‍മോഹന്‍സിംഗിന് അറിയാം.

പ്രധാനമന്ത്രിയാവാന്‍ സോണിയയും രാഹുല്‍ഗാന്ധിയും കനിയണം. പക്ഷേ പ്രധാനമന്ത്രിയായി തുടരാന്‍ അവരുടെ കാരുണ്യം മാത്രം പോര. മുത്തുവേല്‍ കരുണാനിധിയുടെയും മമതാബാനര്‍ജിയുടെയും ദയാവായ്പു വേണം. കരുണാനിധിയുടെ ദയ കിട്ടണമെങ്കില്‍ പ്രിയപുത്രി കനിമൊഴിയുടെയും പുത്രന്‍മാരായ അളഗിരിയുടെയും സ്റ്റാലിന്റെയും മരുമക്കളുടെയും ദാക്ഷിണ്യം വേണം. കലിതുള്ളി അലറുന്ന, മുഖ്യമന്ത്രിക്കസേര കിനാവുകണ്ട് ഞെട്ടിയുണരുകയും അലറുകയും ചെയ്യുന്ന മമതാ ബാനര്‍ജിയുടെ കൃപയ്ക്കുവേണ്ടി കേഴുകയും വേണം.

ഈ വലിയ തിരിച്ചറിവ് മന്‍മോഹന്‍സിംഗിനുള്ളതുകൊണ്ടാണ് റയില്‍വേ മന്ത്രാലയം നാഥനില്ലാ കളരിയായിട്ടും പ്രധാനമന്ത്രിയായ തലപ്പാവുകാരന്‍ മിണ്ടാതിരിക്കുന്നത്. റയില്‍വേയില്‍ മമത പറയുന്നതാണ് ആദ്യത്തെയും അവസാനത്തെയും വാക്കെന്ന് മൗനം കൊണ്ട് പ്രഖ്യാപിക്കുന്നത്. ജ്ഞാനേശ്വരി തീവണ്ടി അട്ടിമറി മാവോയിസ്റ്റുകളുടേതല്ലെന്ന് മമത പറയുമ്പോള്‍, ശരിതന്നെ എന്ന മട്ടില്‍ കണ്ണുംപൂട്ടി വായുമടച്ചിരിക്കുന്നത് ഐ എം എഫില്‍ വാ പൂട്ടിയിരുന്ന ഉദ്യോഗസ്ഥനായിരുന്ന അനുഭവ പരിചയംകൊണ്ടാണ്.

കരുണാനിധിയെ പണ്ടേയ്ക്കു പണ്ടേ ഭയമാണ്. അതുകൊണ്ടാണ് രണ്ടാമത് പ്രധാനമന്ത്രിയായപ്പോള്‍ കരുണാനിധിയുടെ വത്സല ശിഷ്യനായ എ രാജയെ മന്ത്രിയാക്കാനാവില്ലെന്ന് പറഞ്ഞു പിന്‍മാറിയത്. കരുണയുടെ നിധി കരുണ തെല്ലുമില്ലാതെ കണ്ണുരുട്ടിയപ്പോള്‍ രാജയെ ടെലികോം വകുപ്പുതന്നെ നല്‍കി കുടിയിരുത്തി. എങ്ങനെയും പ്രധാനമന്ത്രിക്കസേര നിലനിര്‍ത്തണം. കാരണം നിനച്ചിരിക്കാതെ കിട്ടിയ വലിയ പദവി കാക്കകൊത്തിപ്പോകാന്‍ അനുവദിക്കുകയില്ലെന്നതു തന്നെ.
രാജ്യത്തെ മാത്രമല്ല, ലോകത്തെ തന്നെ ഞെട്ടിപ്പിച്ച 1,76,000 കോടി രൂപയുടെ ടെലികോം കുംഭകോണം പുറത്തുവന്നപ്പോഴും കണ്ണടച്ചതും കയ്യ് കൂട്ടികെട്ടിയതും അതുകൊണ്ടു തന്നെയാണ്. എന്തു സംഭവിച്ചാലും എന്റെ കസേര പോകരുത് എന്നായിരുന്നൂ മുദ്രാവാക്യം. തന്റെ എല്ലാ ഇടപാടുകളും പ്രധാമന്ത്രിക്ക് അറിയാമായിരുന്നുവെന്നും അതാതു സമയം അറിയിച്ചിരുന്നുവെന്നും മന്ത്രി രാജ പറഞ്ഞപ്പോള്‍, മിണ്ടാവ്രതം അനുഷ്ഠിച്ചതും വെറുതെയല്ല.

ഈ മിണ്ടാവ്രതം ഐ എം എഫിന്റെ ശമ്പളക്കാരനായിരിക്കുന്ന കാലത്തേ അഭ്യസിച്ചിരുന്നതുകൊണ്ട് ഇപ്പോള്‍ പ്രത്യേക പരിശീലനമൊന്നും വേണ്ടി വന്നില്ല.

സംയുക്ത പാര്‍ലമെന്ററി സമിതി എന്നുകേട്ടാല്‍ ഈ മന്‍മോഹന്‍സിംഹത്തിന് അരിശം വരും. പക്ഷേ പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്കു മുന്നില്‍ ഹാജരാകാന്‍ ഈ 'സിംഹം' ഒരുക്കമാണ്. കാരണം പി എ സിക്ക് പ്രധാനമന്ത്രിയെ വിളിച്ചുവരുത്താനോ തെളിവെടുക്കാനോ അവകാശമില്ലെന്ന് കാര്യവിവരമുള്ളവര്‍ അദ്ദേഹത്തിന് പറഞ്ഞുകൊടുത്തിരിക്കുന്നു. പി എ സിക്ക് മുന്നില്‍ ഹാജരാകാന്‍ തയ്യാറായ ഒരാള്‍, പാര്‍ലമെന്റ് എത്ര ദിവസം സ്തംഭിച്ചാലും ജെ പി സി പാടില്ലെന്ന് ശഠിക്കുന്നത് എന്തുകൊണ്ട് എന്ന ന്യായമായ ചോദ്യത്തിന് ഉത്തരം പറയാന്‍ കഴിയാതെ അലയുമ്പോള്‍ ചുണ്ണാമ്പുതൊട്ട കള്ളനെ മാലോകര്‍ കാണുന്നു.

ചുണ്ണാമ്പു തൊട്ട ആ ദേഹം പക്ഷേ കുലുങ്ങില്ല. കാരണം അമേരിക്കയോടുള്ള ദാസ്യഭാവത്തില്‍ പ്രശംസ നേടിയ വ്യക്തിയാണ് ആ മഹനീയ ദേഹം. അമേരിക്ക പറയുന്നതാണ് അക്ഷരം പ്രതി ശരി എന്ന് അടിയുറച്ച് വിശ്വസിക്കുന്ന അധികാരി ഇന്ത്യയുടെ ആത്മാവും സംസ്‌കാരവും കണ്ടറിഞ്ഞ പ്രധാനമന്ത്രിമാരെ അറിയാത്ത, ഇന്ത്യയെ അറിയാത്ത ഒരാള്‍ ലോകം കണ്ട ഏറ്റവും വലിയ കുംഭകോണത്തിന്റെ വിഴുപ്പുഭാണ്ഡത്തിന്റെ ഒരു വലിയ പങ്ക് ചുമലിലേറ്റി നില്‍ക്കുന്നു.

ശുഭ്രവസ്ത്ര ധാരിയാകാം, പാതിവിടര്‍ന്ന ചിരി സമ്മാനിക്കാം, പതിഞ്ഞ സ്വരത്തില്‍ സംസാരിക്കാം, പതിയെ പതിയെ നടക്കാം. പക്ഷേ അഴിമതിയുടെ അഴികള്‍ ഇത്തരം നിഷ്‌കളങ്ക വേഷങ്ങള്‍ക്കു മുന്നിലും ഉയര്‍ന്നു നില്‍ക്കുന്നതുകണ്ട് ആളുകള്‍ ചിരിക്കും. ബുദ്ധി പ്രയോഗങ്ങളാല്‍ പാവം മനുഷ്യരെ വരുതിക്കു വരുത്താനാവുകയില്ല. തലക്കെട്ട് അമേരിക്കന്‍ വിധേയത്വത്തിന്റേതു മാത്രമല്ലെന്ന് മന്‍മോഹന്റെ തല പറഞ്ഞു തരുന്നു. ആശ്ചര്യം, അദ്ഭുതം, അതിശയം ഇതൊന്നും ആര്‍ക്കും ഉണ്ടാവുന്നില്ല.