2011, ഡിസംബർ 31, ശനിയാഴ്‌ച

ഇന്ത്യയ്ക്ക് ഇങ്ങനെയും ഒരു പ്രധാനമന്ത്രിയോ?

ഏതൊരു രാഷ്ട്രവും ലോകത്തിന്റെ മുന്നില്‍ തിളങ്ങിയും വിളങ്ങിയും നില്‍ക്കുന്നതില്‍ മുഖ്യഘടകം ആ രാഷ്ട്രങ്ങളിലെ ഭരണാധാരികള്‍ കൂടിയാണ്. ലെനിന്‍, സ്റ്റാലിന്‍ (കുറവുകള്‍, കുറ്റങ്ങള്‍ എന്തുതന്നെയുണ്ടെങ്കിലും) ബ്രഷ്‌നേവ്, ക്രുഷ്‌ചേവ് എന്നിവര്‍ സോവിയറ്റ് യൂണിയന്റെ മാനം ലോകത്താകെ അറിയിച്ചു. എബ്രഹാം ലിങ്കണ്‍ അമേരിക്കയുടെയും ഹോച്ചിമിന്‍ വിയറ്റ്‌നാമിന്റെയും മാവോ ചൈനയുടെയും യശസ്സുയര്‍ത്തി. ഇത്തരത്തില്‍ സ്വന്തം രാജ്യത്തിന്റെ അഭിമാനസ്തംഭങ്ങളായി മാറിയ നിരവധി ഭരണാധികാരികളെ ചരിത്രത്തില്‍നിന്ന് ആധുനിക കാലത്തുതന്നെ കണ്ടെത്താനാവും. നിഷ്‌ക്രിയരും നിര്‍ഗുണരുമായ ഭരണാധികാരികളെയും അതിനൊപ്പം ചരിത്രത്തില്‍നിന്ന് വായിച്ചെടുക്കുവാനാവും. കഴിവില്ലായ്മകൊണ്ടോ ബന്ധനസ്ഥരായതുകൊണ്ടോ അധികാരം പരമപ്രധാനം എന്നു കരുതി കഴിഞ്ഞുകൂടിയവരായതുകൊണ്ടോ ഭരണാധികാരികളില്‍ ഏറ്റവും അപഹാസ്യരായി അവരൊക്കെയും മാറിത്തീര്‍ന്നുവെന്ന് ചരിത്രപാഠം.
ഇന്ന് ഇന്ത്യ അനുഭവിക്കുന്നത് അത്തരമൊരു ദുര്യോഗമാണ്. 'ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ' എന്നമട്ടില്‍ കഴിഞ്ഞുകൂടുന്ന ഒരു പ്രധാനമന്ത്രിയെ ഇക്കഴിഞ്ഞ ഏഴുവര്‍ഷത്തിലേറെയായി ഇന്ത്യ സഹിക്കുന്നു. മന്‍മോഹന്‍സിംഗ് പ്രതിഭാധനനായ സാമ്പത്തിക വിദഗ്ധനാവാം. പക്ഷേ നല്ല ഭരണാധികാരിയല്ലെന്ന് വളരെ നേരത്തേതന്നെ അദ്ദേഹം സ്വന്തം ചെയ്തികളിലൂടെ വ്യക്തമാക്കിതന്നിരുന്നു. വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ കുശാഗ്രബുദ്ധിക്കാരനായ രാഷ്ട്രീയ പ്രവര്‍ത്തകനും ജനങ്ങളെ ഇളക്കിമറിക്കുന്ന പ്രഭാഷകനും ആരെയും അത്ഭുതപ്പെടുത്തുന്ന നയകോവിദനും രാഷ്ട്രീയ തന്ത്ര-കുതന്ത്രങ്ങളില്‍ അഗ്രഗാമിയുമായിരുന്നു. അത്തരം ഭരണാധികാരികള്‍ ലോകചരിത്രത്തില്‍തന്നെ അത്യപൂര്‍വമാണ്. പക്ഷേ ഇന്ത്യയ്ക്ക് വ്യത്യസ്തമായ ഒരു ഭരണനേതൃത്വമുണ്ടായിരുന്നു.
ഇന്ത്യയെ അറിഞ്ഞ, അഥവാ കണ്ടെത്താന്‍ശ്രമിച്ച ജവഹര്‍ലാല്‍ നെഹ്‌റു, സ്വാതന്ത്ര്യസമര പൈതൃകം ഉയര്‍ത്തിപ്പിടിച്ച ഇടക്കാല പ്രധാനമന്ത്രി ഗുല്‍സാരിലാല്‍ നന്ദ, നൈര്‍മല്യത്തിന്റെയും നിസ്വാര്‍ഥതയുടെ യും അടയാളമായ ലാല്‍ ബഹാദൂര്‍ശാസ്ത്രി, നിശ്ചയദാര്‍ഢ്യത്തിന്റെയും താന്‍പോരിമയുടെയും ഉടമസ്ഥയായിരുന്ന ഇന്ദിരാഗാന്ധി, അനുഭവങ്ങളുടെയും ചരിത്രത്തിന്റെയും മുതല്‍കൂട്ടുണ്ടായിരുന്ന മൊറാര്‍ജി ദേശായി, ഇന്ത്യന്‍ കര്‍ഷകരുടെ വികാരമറിഞ്ഞിരുന്ന ചരണ്‍സിംഗ്, അവിചാരിതമായി പ്രധാനമന്ത്രികസേരയിലെത്തിയെങ്കിലും പുതുലോകത്തെ കിനാവുകണ്ട രാജീവ്ഗാന്ധി, നിസ്വാര്‍ഥതയുടെയും അര്‍പ്പണബോധത്തിന്റെയും മതേതരഭാവങ്ങളുടെയും വിട്ടുവീഴ്ചയില്ലാത്ത പോരാളിയായ വിശ്വനാഥ് പ്രതാപ്‌സിംഗ്, സോഷ്യലിസ്റ്റ് ആശയങ്ങളില്‍ അടിയുറച്ച് വിശ്വസിച്ച ചന്ദ്രശേഖര്‍, ദീര്‍ഘകാല രാഷ്ട്രീയ പാരമ്പര്യമുള്ള, ബഹുഭാഷാപണ്ഡിതനും രാഷ്ട്രീയ സമസ്യകളില്‍ അറിവുള്ളതുമായ നരസിംഹറാവു (അഴിമതിക്കേസുകളില്‍ റെക്കാര്‍ഡ് സൃഷ്ടിച്ച പ്രധാനമന്ത്രിയെങ്കിലും), ദീര്‍ഘകാല രാഷ്ട്രീയ പാരമ്പര്യമുള്ള (വഴിതെറ്റിയ രാഷ്ട്രീയമെങ്കിലും) അടല്‍ ബിഹാരി വാജ്‌പേയിയും വീണുകിട്ടിയ സൗഭാഗ്യംപോലെ പ്രധാനമന്ത്രിപദം തരപ്പെട്ട ദേവഗൗഡയും നയതന്ത്രകാര്യങ്ങളില്‍ വൈദഗ്ധ്യം തെളിയിച്ച ഇന്ദ്രകുമാര്‍ ഗുജ്‌റാളുമൊക്കെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്നു. ഇവര്‍ക്കുപിന്നാലെ പ്രധാനമന്ത്രിക്കസേരയില്‍ കോണ്‍ഗ്രസിന്റെ ദുര്‍ഘടസന്ധിയില്‍ എത്തിച്ചേര്‍ന്ന രാഷ്ട്രീയ പാരമ്പര്യമൊന്നുമില്ലാത്ത ഒരു പൊതുതിരഞ്ഞെടുപ്പിനെയും അഭിമുഖീകരിച്ചിട്ടില്ലാത്ത, ഡോക്ടറേറ്റ് പദവിയുള്ള മന്‍മോഹന്‍സിംഗ് ഇന്ത്യയുടെ അഭിമാനത്തെ കെടുത്തുകയും തന്റെ നിഷ്‌ക്രിയത്വവും നിസ്സംഗതയുംകൊണ്ട് പ്രധാനമന്ത്രി പദവിയുടെ വിലകളയുകയുമാണ്.
ജനങ്ങളുടെ വികാരം, വിചാരം മനസ്സിലാക്കുവാന്‍ കഴിവുണ്ടായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിനെപോലെ ഒരു പ്രധാനമന്ത്രി പിന്നീടൊരിക്കലും നമുക്കുണ്ടായിട്ടില്ലെന്നത് നേരുതന്നെ. പക്ഷേ പിന്നീടുവന്ന പ്രധാനമന്ത്രിമാര്‍ ജനകീയ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും കണ്ടറിഞ്ഞ് അവര്‍ക്കനുകൂലമായോ, അല്ലെങ്കില്‍ അവരെ അടിച്ചമര്‍ത്തുന്നതിനോ നിലപാട് സ്വീകരിച്ചിരുന്നു. പക്ഷേ ഡോ. മന്‍മോഹന്‍സിംഗ് എന്ന പ്രധാനമന്ത്രി താന്‍ ഈ ലോകത്തെ അല്ലെന്നമട്ടില്‍ സ്വന്തം കസേര ഭദ്രമാക്കി കഴിഞ്ഞുകൂടുന്ന ദയനീയവും അപമാനകരവുമായ അവസ്ഥയില്‍ വിരാജിക്കുന്നു. ഇന്ത്യയ്ക്ക് ഇങ്ങനെയും ഒരു പ്രധാനമന്ത്രിയോ എന്ന് ദേശാഭിമാനികളും ചരിത്രബോധമുള്ളവരുമായ ഭാരതീയര്‍ മൂക്കത്ത് വിരല്‍വച്ച് വേദനയോടെ ചോദിച്ചുപോകുന്നത് മറ്റൊന്നുംകൊണ്ടല്ല.
സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യയെ അതിവേഗം മുന്നോട്ടുനയിക്കും എന്നായിരുന്ന മന്‍മോഹന്‍സിംഗിന്റെ വാദം. അതിസമ്പന്നരുടെയും കുബേരന്‍മാരുടെയും ധനാഢ്യരുടെയും വളര്‍ച്ചയാണ് അദ്ദേഹം ലക്ഷ്യമിട്ടതെന്ന് അനുഭവങ്ങള്‍ തെളിയിച്ചു. മഹാഭൂരിപക്ഷം ഭാരതീയരെ പട്ടിണിയിലേയ്ക്കും ദാരിദ്ര്യത്തിലേയ്ക്കും ആത്മഹത്യകളിലേയ്ക്കും അദ്ദേഹത്തിന്റെ സാമ്രാജ്യത്വ സാമ്പത്തികനയം തള്ളിവിട്ടു. ഇപ്പോഴിതാ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മുക്കൂകുത്തിവീഴുകകൂടി ചെയ്തപ്പോള്‍ മന്‍മോഹന്‍സിംഗ് എന്ന പ്രധാനമന്ത്രി അക്കാര്യത്തില്‍പോലും വിജയംവരിക്കാനാവാതെ മൂക്കുകുത്തിവീണ കാഴ്ച ഭാരതീയര്‍ കാണുന്നു.
കേരളത്തിന്റെ
അനുഭവം
അഴിമതിയുടെ വിശാലസാഗരത്തില്‍ മുങ്ങിത്താണ്, അപമാനിതമായിരിക്കുന്ന മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ നിഷ്‌ക്രിയത്വത്തിലും നിസ്സംഗതയിലും എത്രകണ്ട് മുങ്ങിത്താണിരിക്കുന്നുവെന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തിലെ പ്രധാനമന്ത്രിയുടെ സമീപനം വ്യക്തമാക്കുന്നു.
നാല്‍പ്പത്-നാല്‍പ്പത്തഞ്ച് ലക്ഷം പൗരന്‍മാരുടെ ജീവന്‍ അപകടത്തിലാണെന്നും ഇന്ത്യന്‍ ഭൂപടത്തിലെ അഞ്ച് ജില്ലകള്‍ അപായാവസ്ഥയിലാണെന്നും വിദഗ്ദ പഠനങ്ങള്‍ പുറത്തുവന്നിട്ടും കേരളവും തമിഴ്‌നാടുമായുള്ള ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരം സാധ്യമാക്കണമെന്ന വാദം ശക്തമായിട്ടും മന്‍മോഹന്‍സിംഗ് എന്ന പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരും ഇരുള്‍ നിറഞ്ഞ കണ്ണുകളും ബധിരത ബാധിച്ച കാതുകളുമായി കഴിഞ്ഞുകൂടുകയായിരുന്നൂ. എം എല്‍ എമാരുടേയും എം പിമാരുടേയും സര്‍വോപരി മുള്‍മുനയില്‍ ജീവിതം എത്തിപ്പെട്ട ജനാവലിയും നടത്തിയ പ്രക്ഷോഭത്തെയും മുറവിളികളെയും കണ്ടില്ലെന്നും കേട്ടില്ലെന്നും പ്രധാനമന്ത്രി നടിച്ചു. നിസംഗതയും നിഷ്‌ക്രിയത്വവുമാണ് തന്റെ കസേര നിലനിര്‍ത്താനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമെന്ന് മന്‍മോഹന്‍സിംഗും കോണ്‍ഗ്രസ് നേതൃത്വവും വിശ്വസിക്കുന്നുവെന്നാണ് സാരം.
പരമോന്നത നീതിപീഠമായ സുപ്രിംകോടതി തന്നെ മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രശ്‌നത്തില്‍ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും ഇടപെടാതിരിക്കുന്നതിന്റെ സാംഗത്യം എന്തെന്ന് ആരായുകയുണ്ടായി. കേരളത്തിലെ ജനങ്ങളുടെ ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടെന്ന് നിരീക്ഷിച്ച സുപ്രിംകോടതി ആ ആശങ്കയില്‍ തെല്ലും താല്‍പര്യമില്ലാത്ത പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനും നേരെ വിരര്‍ചൂണ്ടുകയാണ് ഫലത്തില്‍ ചെയ്തത്.
അപ്പോഴും അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതില്‍ വൈമുഖ്യമില്ലാതിരുന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് കേരളത്തില്‍നിന്നെത്തിയ സര്‍വകക്ഷി സംഘത്തോട് നിസംഗതയോടെ പ്രതികരിച്ചത് സംസ്ഥാനങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് അവസരമൊരുക്കിത്തരാനാണ്. തമിഴ്‌നാട്ടിലെ മലയാളികളും അവരുടെ സ്ഥാപനങ്ങളും വസ്തുവകകളും ആക്രമണത്തിന് നിരന്തരം വിധേയമാക്കപ്പെടുമ്പോഴാണ് തനിക്ക് ചര്‍ച്ചചെയ്യാന്‍ അവസരമൊരുക്കിതരാന്‍ പ്രധാനമന്ത്രി കേരള സര്‍വകക്ഷി സംഘത്തോട് അഭ്യര്‍ഥിക്കുന്നത്.
ആഭ്യന്തരമന്ത്രി പി ചിദംബരം നടത്തിയ പ്രസ്താവന മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും നിലപാട് വ്യക്തമാക്കുന്നതായിരുന്നൂ. സുപ്രിംകോടതി വിധി എങ്ങനെയായിരിക്കുമെന്ന് മുന്‍കൂട്ടി പ്രവചിക്കുവാന്‍ കൂടി കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം സന്നദ്ധനായി. ന്യായാധിപര്‍ എന്താണ് പറയേണ്ടതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പറയാതെ പറയുകയായിരുന്നൂ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനാവുകയില്ല. തമിഴ്‌നാടിന് അനുകൂലമായേ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രിംകോടതിക്ക് വിധി പറയാനാവുകയുള്ളൂവെന്ന് പ്രസ്താവിച്ച ആഭ്യന്തരമന്ത്രി ചിദംബരം, തന്റെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ ന്യായാധിപര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുവാന്‍ ഭംഗ്യന്തരേണ ശ്രമിക്കുകയായിരുന്നു. രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി സ്വന്തം സംസ്ഥാനത്തിന്റെ താല്‍പര്യങ്ങളെ മുന്‍പിന്‍ നോക്കാതെ ഉയര്‍ത്തിപിടിക്കുകയും നീതിന്യായ സംവിധാനങ്ങളെ സ്വാധീനിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ജനാധിപത്യ വ്യവസ്ഥിതിയെ ദുര്‍ബലപ്പെടുത്തുമെന്ന കാര്യത്തില്‍ ആര്‍ക്കാണ് സംശയം? അവിടെയും നമ്മുടെ പ്രധാനമന്ത്രി കോലംകെട്ടി ആടുകയാണ് എന്നതാണ് അദ്ഭുതകരം!
താന്‍ നയിക്കുന്ന രാജ്യത്തിന്റെ അവിഭാജ്യഭാഗത്ത് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കുനേരെ കണ്ണടച്ചുപിടിക്കുകയും ചര്‍ച്ച വേണമെങ്കില്‍ എനിക്കായി അതിനുള്ള സാഹചര്യം സൃഷ്ടിച്ചുതരാന്‍ അഭ്യര്‍ഥിക്കുകയും ചെയ്യുന്ന ഒരു പ്രധാനമന്ത്രി താന്‍ എത്രമേല്‍ ദുര്‍ബലനാണെന്ന് വിളിച്ചുപറയുകയാണ്. ഇന്ത്യയ്ക്ക് ഇങ്ങനെയും ഒരു പ്രധാനമന്ത്രിയോ? നാണിച്ചു തലതാഴ്ത്തുകയല്ലാതെ മറ്റൊരു വഴിയില്ല ഭാരതീയര്‍ക്ക്. സ്വതന്ത്ര ഇന്ത്യയിലെ പ്രധാനമന്ത്രിമാരില്‍ നിഷ്‌ക്രിയത്വത്തിന്റെയും നിസഹായതയുടേയും കറുത്ത അടയാളമായി മന്‍മോഹന്‍ മാറിത്തീര്‍ന്നിരിക്കുന്നു.

2011, നവംബർ 16, ബുധനാഴ്‌ച

പത്മനാഭസ്വാമി ക്ഷേത്രത്തിനു ബ്രാഹ്മണശാ​പം ഉണ്ടാകാതിരി​ക്കാന്‍!

ക്ഷേത്രത്തിലെ പ്രശ്നങ്ങളും വിവാദ പരാമര്‍ശങ്ങളും മറ്റു ദോഷവൃത്തികളും അവസാനിക്കാത്തതിനാല്‍ നോം ഇന്നലെ രാത്രി ഒരിക്കല്‍ കൂടി മദ്യപ്രശ്നം വയ്ക്കുകയുണ്ടായി.

കഴിഞ്ഞ തവണയില്‍ നിന്നു വത്യസ്ഥമായി മദ്യത്തില്‍ സോഡയ്ക്കു പകരം, പെപ്സി ഒഴിച്ച് "കരിം മദ്യപ്രശ്നമാണ്‌" നടത്തിയത്.

മുഖ്യ കാര്‍മ്മികനായ നമുക്കു പുറമേ മറ്റു മൂന്നുപേര്‍ കൂടിയുണ്ടായിരുന്നു.

ഇത്തവണ മദ്യപ്രശ്നത്തില്‍ തെളിഞ്ഞത് അതീവഗുരുതരമായ കാര്യം തന്നെ.
മറ്റു താന്ത്രികര്‍ പറഞ്ഞത് ശരിയാണ്‌,.....

ക്ഷേത്രത്തിനു ബ്രാഹ്മണശാപം ഉണ്ടായിരിക്കുന്നു,...
സംശയമില്ല!

മേലാല്‍ ബ്രാഹ്മണശാപം ഉണ്ടാകാതിരിക്കാന്‍ ഒരേയൊരു പ്രതിവിധി ബ്രാഹ്മണന്മാരെ ശപിക്കാതിരിക്കാന്‍ പഠിപ്പിക്കുക എന്നതാണ്‌.

ഇതിലേക്കായി 108 ബ്രാഹ്മണന്മാരെ ക്ഷേത്രത്തിനു മുന്നില്‍ കുനിച്ചു നിര്‍ത്തി കുണ്ടിക്ക് ചൂരലിനു നൂറടി വീതം കൊടുക്കുക.

ഓരോ അടിയും കൊടുക്കുന്നത് "ഇനി നീ ശപിക്കുമോടാ *@#$&##മോനേ?" എന്ന മന്ത്രോച്ചാരണത്തോടുകൂടിയായിരിക്കണം.

ഇല്ലെങ്കില്‍ അമ്പലത്തിലു മാത്രമല്ല, സെക്രട്ടേറിയേറ്റിനു വരെ ഭാവിയിലും ബ്രാഹ്മണശാപം ഉണ്ടാകും.


=============

2011, സെപ്റ്റംബർ 15, വ്യാഴാഴ്‌ച

റാന്, അടിയനാണേ ചെന്നിത്തല!

ഇന്ത്യന് യൂനിയനില് പ്രിവി പഴ്സ് നിര്ത്തലാക്കിയിട്ട് 40 ആണ്ട് കഴിഞ്ഞു. കോണ്ഗ്രസ് നേതാവും പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാഗാന്ധിക്കാണ് അതിന്റെ ക്രെഡിറ്റ്. പ്രിവി പഴ്സ് നിര്ത്തലാക്കുകയും ബേങ്ക് ദേശസാത്കരണം നടപ്പാക്കുകയും ചെയ്തതോടെ ജവഹര്ലാല് നെഹ്റുവിനേക്കാള് വലിയ സോഷ്യലിസ്റ്റായി അക്കാലത്ത് ഇന്ദിര കൊണ്ടാടപ്പെടുകയും ചെയ്തിരുന്നു.

ബ്രിട്ടീഷ് ആധിപത്യം അവസാനിക്കുമ്പോള് ഇവിടെയുണ്ടായിരുന്ന നാട്ടു രാജാക്കന്മാരുടെ എണ്ണം അറുനൂറോളമായിരുന്നു. ഇന്ത്യന് യൂനിയനിലോ പാക്കിസ്ഥാനിലോ ലയിക്കുക എന്ന നിര്ദേശം ഇവയില് ഭൂരിഭാഗം പേരും സ്വീകരിച്ചു. അതിന് പകരമായി അനുവദിക്കപ്പെട്ടതായിരുന്നു പ്രിവി പഴ്സ്. ഭരണാവകാശം ജനാധിപത്യ രീതിയില് തിരഞ്ഞെടുക്കപ്പെട്ട സര്ക്കാറുകള്ക്ക് കൈമാറിയതിന് പ്രതിഫലമായി വര്ഷത്തില് നിശ്ചിത തുക രാജ കുടുംബങ്ങള്ക്ക്
നല്കുന്നതായിരുന്നു രീതി. അയ്യായിരം മുതല് ദശ ലക്ഷങ്ങള് വരെ ഇങ്ങനെ വര്ഷത്തില് വിതരണം ചെയ്തു. വര്ഷത്തില് പത്ത് ലക്ഷത്തിലധികം രൂപ കേന്ദ്ര സര്ക്കാറില് നിന്ന് ലഭിക്കാന് അര്ഹതയുള്ള അപൂര്വം രാജ കുടുംബങ്ങളിലൊന്നായിരുന്നു തിരുവിതാംകൂറിലേത്.

പൗരന്മാരെയെല്ലാം തുല്യരായി പരിഗണിക്കണമെന്ന് ഭരണഘടന വ്യവസ്ഥ ചെയ്യുകയും ജനാധിപത്യം നിലനില്ക്കുകയും ചെയ്യുമ്പോള് ജന്മിത്വത്തിന്റെയും രാജാധികാരത്തിന്റെയും ശേഷിപ്പുകളെ സര്ക്കാര് തീറ്റിപ്പോറ്റുന്നതിലെ അനൗചിത്യം വൈകാതെ ചൂണ്ടിക്കാണിക്കപ്പെട്ടു. ഇത് അവസാനിപ്പിക്കാനുള്ള ആദ്യ ശ്രമം 1969ലാണുണ്ടായത്. അന്ന് പാര്ലിമെന്റില് വേണ്ടത്ര ഭൂരിപക്ഷം നേടാന് സാധിച്ചില്ല. 1971ല് ഇത് അംഗീകരിക്കപ്പെട്ടു. പ്രിവി പഴ്സ് എന്ന വാര്ഷിക വിഹിത സമ്പ്രദായം അവസാനിപ്പിക്കുക മാത്രമല്ല ഭരണഘടനാ ഭേദഗതിയിലൂടെ ചെയ്തത്. രാജാധികാരവുമായി ബന്ധപ്പെട്ട എല്ലാ പ്രതീകങ്ങളും അവസാനിപ്പിക്കുക കൂടിയാണ്. രാജാവ്, റാണി, മഹാരാജാവ് എന്ന് തുടങ്ങിയ പദവികള് ഇതോടെ ഇല്ലാതായി.

കമ്മ്യൂണിസ്റ്റ് പാര്ട്ടികളുടെയും ഡി എം കെയുടെയും സമ്മര്ദഫലമായിട്ടാണെങ്കിലും ഈ മാറ്റം ഇന്ദിരാ ഗാന്ധി നടപ്പാക്കുമ്പോള് ഇപ്പോഴത്തെ കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലക്ക് പ്രായം 15.

38 വര്ഷത്തിന് ശേഷം കോണ്ഗ്രസ് പാര്ട്ടി മറ്റൊരു തീരുമാനമെടുത്തു. പാര്ട്ടിക്കുള്ളില് നിലനില്ക്കുന്ന രാജകീയ പ്രതീകങ്ങളെ ഇല്ലാതാക്കാന്. 2009 ജൂണ് 15ന് എ ഐ സി സി ജനറല് സെക്രട്ടറി ജനാര്ദന് ദ്വിവേദി ഇക്കാര്യം വാര്ത്താ സമ്മേളനത്തില് പ്രഖ്യാപിച്ചു. കോണ്ഗ്രസ് നേതാക്കളോ പ്രവര്ത്തകരോ മഹാരാജ, മഹാറാണി, രാജ, റാണി, രാജ്കുമാര്, രാജകുമാരി എന്ന് തുടങ്ങിയ വിശേഷണ പദങ്ങള് പേരിനൊപ്പം ചേര്ക്കരുത് എന്ന് തീരുമാനിച്ചുവെന്നാണ് ദ്വിവേദി പറഞ്ഞത്.
ജന്മിത്വത്തിന്റെ ബാക്കിയായ `കുന്വര്' എന്ന വിശേഷണ പദം പോലും ഒഴിവാക്കണമെന്ന് അന്ന് നിര്ദേശിച്ചിരുന്നു. പദവി ദ്യോതിപ്പിക്കുന്ന ഇത്തരം വാക്കുകള് പൊതു ജീവിതത്തില് ഉപയോഗിക്കരുത് എന്ന് മുന്കാല രാജ കുടുംബങ്ങളില് നിന്ന് പാര്ട്ടിയിലെത്തിയവരോട് നിര്ദേശിച്ചതായും ദ്വിവേദി വ്യക്തമാക്കിയിരുന്നു.


പാര്ട്ടിയിലെ നേതാക്കളും പ്രവര്ത്തകരും ഇത്തരം വിശേഷണ പദങ്ങള് ഉപയോഗിക്കുന്നത് വ്യാപകമാകുകയും അത് ജന്മിത്വ മനോഭാവത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്ന് ദ്വിവേദി അന്ന് വിശദീകരിച്ചിരുന്നു. ഈ തീരുമാനം കോണ്ഗ്രസ് പാര്ട്ടിയെടുക്കുമ്പോള് രമേശ് ചെന്നിത്തലക്ക് പ്രായം 53.


ജനാധിപത്യ ഭരണകൂടമെടുത്ത വിപ്ലവകരമായ തീരുമാനത്തിന്റെ പ്രാധാന്യം 15 വയസ്സുകാരന് മനസ്സിലായിക്കൊള്ളണമെന്നില്ല.
പക്ഷേ, 53-ാം വയസ്സില് കേരള പ്രദേശ് കോണ്ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായിരിക്കെ, പാര്ട്ടിയുടെ കേന്ദ്ര നേതൃത്വമെടുത്ത തീരുമാനം രമേശ് ചെന്നിത്തല അറിയാതെ പോകാന് ഇടയില്ല. ആ തീരുമാനത്തിന്റെ അര്ഥവും വ്യാപ്തിയും മനസ്സിലാക്കാന് തക്ക ബുദ്ധിയും ചിന്താശേഷിയും രാഷ്ട്രീയ ബോധവും ഉണ്ടാകേണ്ടതുമാണ്.

ഇന്ത്യന് നാഷനല് കോണ്ഗ്രസി (ഇന്ദിരാ ഗാന്ധി) ന്റെ പ്രവര്ത്തകനും നേതാവുമെന്ന നിലയില് അതിന്റെ ചരിത്രമെങ്കിലും പഠിക്കേണ്ട ബാധ്യതയുണ്ട് രമേശ് ചെന്നിത്തലക്ക്. അതിന് മെനക്കെടാന് സമയമില്ലെങ്കില് സ്വന്തം പാര്ട്ടി കാലാകാലങ്ങളില് എടുക്കുന്ന തീരുമാനങ്ങള് അറിയിച്ചുകൊണ്ടുള്ള സര്ക്കുലറുകളെങ്കിലും വായിക്കണം. അത്തരം സര്ക്കുലറുകള് കേരള പ്രദേശ്
കോണ്ഗ്രസ് കമ്മിറ്റിക്ക് എത്തുന്നില്ലെങ്കില് പത്രങ്ങളെങ്കിലും വായിക്കണം. അത് ചെയ്തിരുന്നുവെങ്കില് ജന്മിത്വ മനോഭാവം പ്രതിഫലിപ്പിക്കുന്ന വിശേഷണ പദങ്ങള് ഒഴിവാക്കണമെന്ന പാര്ട്ടി തീരുമാനം അദ്ദേഹം അറിഞ്ഞേനെ!
ഇത്രയും പറയേണ്ടിവന്നത് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറകളിലുള്ള
സമ്പദ്ശേഖരവുമായി ബന്ധപ്പെട്ട പ്രശ്നത്തില് മാര്ത്താണ്ഡവര്മയെയും കുടുംബത്തെയും പിന്തുണക്കാന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല
വലിയ വ്യഗ്രത കാട്ടുന്ന പശ്ചാത്തലത്തിലാണ്.

ഏത് വ്യക്തിക്കും ആരെയും പിന്തുണക്കാം. അതിനെ സമര്ഥിക്കും വിധത്തിലുള്ള വാദമുഖങ്ങള് നിരത്തുകയുമാകാം. ഇടമലയാര് കേസില് അഴിമതിക്കാരനെന്ന് സുപ്രീം കോടതി കണ്ടെത്തുകയും ഒരു വര്ഷത്തെ കഠിന തടവിന് വിധിക്കുകയും ചെയ്ത ആര് ബാലകൃഷ്ണ പിള്ളയെ പിന്തുണച്ച് കോണ്ഗ്രസ് നേതാക്കള് രംഗത്തെത്തിയിരുന്നുവല്ലോ.

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തിന്റെ കാര്യത്തില് മാര്ത്താണ്ഡവര്മയുടെ നിലപാടിനെ പിന്തുണക്കുന്നതിലല്ല, ഇല്ലാതായ പദവികള് കല്പ്പിച്ചുകൊടുത്ത് പൂജ്യരായി പ്രതിഷ്ഠിക്കാന് ശ്രമിക്കുന്നതിലാണ് പ്രശ്നം. അതിന് പിന്നിലെ രാഷ്ട്രീയ ഉദ്ദേശ്യമാണ് ചോദ്യം ചെയ്യപ്പെടുന്നത്.

ക്ഷേത്ര നിലവറയില് സൂക്ഷിച്ചിരിക്കുന്ന സ്വത്തുക്കള് മാര്ത്താണ്ഡവര്മയോ കുടുംബാംഗങ്ങളില് ചിലരോ കടത്തിക്കൊണ്ടുപോയെന്ന ആരോപണം പ്രതിപക്ഷ
നേതാവായ വി എസ് അച്യുതാനന്ദന് ഉന്നയിച്ചപ്പോള് പ്രതിഷേധവുമായെത്തിയവരുടെ മുന്നിരയില് രമേശ് ചെന്നിത്തലയുണ്ടായിരുന്നു. `തിരുവിതാംകൂര് രാജ കുടുംബ'(?!!) ത്തിന്റെ സത്യസന്ധതയിലും വിശ്വാസ്യതയിലും ഒരു സംശയവുമില്ലെന്ന മട്ടിലായിരുന്നു രമേശിന്റെ പ്രതികരണം.

കെ പി സി സി പ്രസിഡന്റ് എന്ന നിലയില് ഇത്തരമൊരു അഭിപ്രായം പ്രകടിപ്പിക്കുമ്പോള് അത് കോണ്ഗ്രസിന്റെ കേരള ഘടകത്തിന്റെ ഔദ്യോഗിക പ്രതികരണമായി വേണം കാണാന്.
തനിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില് ആരോപണം വി എസ് ആവര്ത്തിച്ചു. തങ്ങളെ അപകീര്ത്തിപ്പെടുത്താന് ശ്രമം നടക്കുന്നുവെന്ന പരാതിയുമായി മാര്ത്താണ്ഡവര്മ കുടുംബം സുപ്രീം കോടതിയിലെത്തിയെങ്കിലും അത് പരിഗണിക്കപ്പെട്ടില്ല. ക്ഷേത്ര നിലവറയിലെ സ്വര്ണം ഉരുക്കിക്കടത്തുകയാണ് ചെയ്യുന്നത് എന്നും അതിന് അത്യാധുനിക ഉപകരണങ്ങള് ഉപയോഗിക്കുന്നുണ്ടെന്നും വി എസ് ആവര്ത്തിച്ചു. ഇതിന് പിറകെയാണ് സ്വത്തിലൊരു ഭാഗം നഷ്ടപ്പെട്ടുവെന്നും ഇത് മറച്ചുവെക്കാന് ശ്രമം നടന്നുവെന്നുമുള്ള അഭിഭാഷക കമ്മീഷന്റെ റിപ്പോര്ട്ട് പുറത്തുവരുന്നത്. സ്വര്ണവും രത്നങ്ങളും പരിശോധിച്ച് കൃത്യമായ പട്ടികയുണ്ടാക്കി സൂക്ഷിക്കണമെന്ന കമ്മീഷന്റെ ആവശ്യത്തെ മാര്ത്താണ്ഡവര്മ കുടുംബം ശക്തമായി എതിര്ത്തുവെന്നും റിപ്പോര്ട്ടില് പറയുന്നു.

കഥ ഇത്രത്തോളമെത്തിയപ്പോള് രമേശ് ചെന്നിത്തല പറയുന്നത് `മഹാരാജാവി'(?!)നെ അപകീര്ത്തിപ്പെടുത്താന് ശ്രമം നടക്കുന്നുവെന്നാണ്. `മഹാരാജാവി'നെ ക്രൂശിക്കാനുള്ള ശ്രമം അനുവദിക്കാനാകില്ലെന്നും. തിരുവിതാംകൂര് രാജവംശം ഇപ്പോഴും നിലനില്ക്കുന്നുവെന്നും മാര്ത്താണ്ഡവര്മ `മഹാരാജാവായി' തുടരുന്നുവെന്നുമാണ് രമേശ് ചെന്നിത്തലയുടെ നിലപാടെന്ന് വേണം കരുതാന്.

അങ്ങനെയെങ്കില് ഇന്ത്യന് നാഷനല് കോണ്ഗ്രസി (ഇന്ദിരാഗാന്ധി) ല് രമേശ് ചെന്നിത്തല തുടരാന് പാടില്ല. രാജവംശത്തിന്റെ അവകാശങ്ങളും ചിഹ്നങ്ങളും ഇല്ലാതാക്കി ഭരണഘടന ഭേദഗതി ചെയ്യാന് മുന്കൈ എടുത്ത നേതാവ് സ്ഥാപിച്ച പാര്ട്ടിയില് രാജഭക്തി ഇപ്പോഴും നിലനിര്ത്തുന്ന ഒരാള്ക്ക് തുടരാനാകുമോ!

ഈ നിലപാടുള്ള ഒരാളെ പാര്ട്ടിയിലെ ഒരു സംസ്ഥാന ഘടകത്തിന്റെ അധ്യക്ഷ
പദവിയിരുത്തുന്നത് ഉചിതമാണോ എന്ന് കോണ്ഗ്രസും ചിന്തിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് പാര്ട്ടി 2009ല് ഇക്കാര്യത്തില് ഖണ്ഡിതമായ ഒരു നിലപാട് പ്രഖ്യാപിച്ച സാഹചര്യത്തില്.
ഒരു നായര് മാത്രമായി ചിത്രീകരിച്ച് തന്നെ മാറ്റിനിര്ത്താന് ഗുഢ ശ്രമം നടക്കുന്നുവെന്ന ആരോപണം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് രമേശ്
ചെന്നിത്തല ഉന്നയിച്ചിരുന്നു. അതൊരു ആരോപണം മാത്രമാണോ എന്ന സംശയം മറ നീക്കുന്ന രാജഭക്തി ജനിപ്പിക്കുന്നുണ്ട്.

തിരുവിതാംകൂറില് രാജാധികാരം നിലനിന്ന കാലത്ത് അധികാര ശ്രേണിയുടെ കീഴറ്റത്ത് നായന്മാരുണ്ടായിരുന്നു. അതിന്റെ കൂറോ രാജദാസന്മാരുടെ
പിന്തലമുറക്കാരനെന്ന `അഭിമാന ബോധ'മോ ഇപ്പോഴും നിലനില്ക്കുന്നുണ്ടാകണം.
അല്ലെങ്കില് പിന്നെ ആരോപണങ്ങളെ തള്ളിക്കളഞ്ഞ് `മഹാരാജാവി'നെ പിന്തുണക്കാന് ഇത്ര തിടുക്കമെന്തിന്?
അതുമല്ലെങ്കില് സവര്ണ വര്ഗീയതയെ പ്രോത്സാഹിപ്പിക്കാന് പറ്റിയ ആയുധമായി കെ പി സി സി പ്രസിഡന്റ് ഈ പ്രശ്നത്തെ കാണുന്നുണ്ടാകണം. രമേശ് ചെന്നിത്തലയുടെ ആര് എസ് എസ് ബന്ധം സംബന്ധിച്ച ആരോപണങ്ങള് ഉയര്ന്നത് അധിക കാലം മുമ്പല്ല എന്നത് കണക്കിലെടുത്താല് അതിനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

നിലവറ തുറന്നതും കണക്കെടുത്തതും ക്ഷേത്ര കാര്യത്തിലും വിശ്വാസത്തിലുമുള്ള
കൈകടത്തലായി വ്യഖ്യാനിച്ച് വര്ഗീയ പ്രചാരണം നടത്താന് സംഘ്പരിവാര്
ഇതിനകം തന്നെ ശ്രമിക്കുന്നുണ്ട്. ദേവ പ്രശ്നം പോലുള്ളവ സംഘടിപ്പിക്കപ്പെട്ടത് ആ പ്രചാരണത്തിന് കരുത്തേകാനാണ്.

ഇതിനിടയില് `മഹാരാജാവി'നെ താറടിക്കുന്നതില് പ്രതിഷേധിക്കാനും `തിരുവിതാംകൂര് രാജവംശ'ത്തിന്റെ സത്യസന്ധതയെ പ്രകീര്ത്തിക്കാനും തയ്യാറാകുക വഴി കുളം ഒന്നുകൂടി കലക്കുകയാണ് ചെന്നിത്തല; വര്ഗീയ ധ്രുവീകരണമുണ്ടായാലൊരു മീന് പിടിത്തത്തിന്റെ സാധ്യത തേടി.

ഉമ്മന് ചാണ്ടിയുടെ നേതൃത്വത്തിലുള്ള ചെറു ഭൂരിപക്ഷമുള്ള സര്ക്കാര് കേരള കോണ്ഗ്രസ് (മാണി) - മുസ്ലിം ലീഗ് അച്ചുതണ്ടിന്റെ പിടിയിലാണെന്ന ആക്ഷേപം നിലനില്ക്കുന്നുണ്ട്.

`തിരുവിതാംകൂര് മഹാരാജാവി'ന്റെ ദാസന് കരുക്കള് നീക്കുന്നത് ഇത് കൂടി
മനസ്സില്വെച്ചാകണം.

അതിനൊരു മറ വി എസ്സില് കാണുന്നുവെന്ന് മാത്രം.

2011, ജൂലൈ 11, തിങ്കളാഴ്‌ച

തീവ്രപരിചരണ വിഭാഗത്തില്‍പെട്ട ബജറ്റും,രമേശിന്റെ ആനന്ദവും!

`എന്തരോ മഹാനുഭാവലൂ' എന്ന്‌ രാഗതാള നിബദ്ധതയൊന്നുമില്ലാതെ കെ എം മാണിയെ നോക്കി രമേശ്‌ ചെന്നിത്തല പാടിക്കൊണ്ടിരിക്കുകയാണ്‌.
ഉച്ചാരണ ശുദ്ധിയില്ലാതെയും അര്‍ഥമറിയാതെയും മാണിക്ക്‌ സംസ്‌കൃത ശ്ലോകം `ശട പടാ' എന്ന മട്ടില്‍ എടുത്തു പ്രയോഗിക്കാമെങ്കില്‍ കല്ലില്‍ ഇരുമ്പുരയ്‌ക്കുന്ന ശബ്‌ദത്തില്‍ രമേശിനെന്തുകൊണ്ട്‌ പാടിക്കൂട!
`നഷ്‌ടവസന്തങ്ങളേ നിങ്ങളെനിക്കൊരൂ.....' എന്ന ദുഃഖഗാനം പാടി നിരാശാഭരിതനായി കഴിയുമ്പോഴാണ്‌ ആനന്ദ തുന്ദിലിതനായി പാടുവാന്‍ മാണി അവസരമൊരുക്കിയത്‌.
കര്‍ണാടക സംഗീതത്തില്‍ നിന്ന്‌ നാടന്‍ പാട്ടിലേയ്‌ക്കും വന്ന്‌ രമേശ്‌ ചെന്നിത്തല കോണ്‍ഗ്രസ്‌ എം എല്‍ എ മാര്‍ക്കു മുമ്പില്‍ സംഗീത വൈഭവം തെളിയിക്കുന്നുണ്ട്‌. സ്വന്തം ബജറ്റിനെ നിശിതമായി വിമര്‍ശിക്കുന്ന സ്വന്തം അനുയായികളെ നോക്കി `പോരട്ടങ്ങനെ, പോരട്ടെ' എന്ന്‌ ഈണത്തില്‍ തട്ടിവിടുന്നു.

പനി പിടിച്ചു കിടക്കുന്ന വേളയില്‍പോലും ഉമ്മന്‍ചാണ്ടിക്ക്‌ സ്വസ്ഥത നല്‍കുകയില്ലെന്ന പിടിവാശിയിലാണ്‌ ചെന്നിത്തല. മുഖ്യമന്ത്രി കസേരയെ നോക്കി `കല്‍പ്പാന്ത കാലത്തോളം കാതരേ നീയെന്‍ മുന്നില്‍ കല്‍ഹാര ഹാരവുമായി നില്‍ക്കും' എന്ന്‌ പാടിക്കൊണ്ടിരുന്നപ്പോഴാണ്‌ അപശ്രുതിയുമായി ഉമ്മന്‍ചാണ്ടി അവതരിച്ചത്‌. അത്‌ മറക്കാന്‍ എങ്ങനെ കഴിയും?
രണ്ടു മണിക്കൂര്‍ ഇന്റന്‍സീവ്‌ കെയര്‍ യൂണിറ്റില്‍, അരമണിക്കൂര്‍ നിയമസഭയില്‍ എന്ന മട്ടില്‍ കഴിഞ്ഞു കൂടുകയാണ്‌ പാവം മുഖ്യമന്ത്രി.
കാരണം മറ്റൊന്നുമല്ല. ചെന്നിത്തല സഭയിലിരിക്കുമ്പോള്‍ സ്വസ്ഥമായി ഇന്റന്‍സീവ്‌ കെയര്‍ യൂണിറ്റില്‍ ശയിക്കുവാന്‍ കഴിയില്ല. അരമണിക്കൂര്‍ സഭയില്‍ ചെന്നിരിന്നിട്ടുപോലും എന്തൊരു പുകിലായിരുന്നു. ഞാനൊരു മഹാമല്ലന്‍ എന്ന മട്ടില്‍ ബജറ്റ്‌ പ്രസംഗം ഒരു ആക്രോശമാക്കി മാണി മുന്നോട്ടുപോവുമ്പോള്‍ ഭരണപക്ഷ ബഞ്ചില്‍ നിന്നു തന്നെ അപസ്വരത്തിന്റെ പാഴ്‌ശ്രുതി മീട്ടാന്‍ നിരവധി പേരുണ്ടായി. `കോട്ടയം മലപ്പുറം ബജറ്റേ' എന്ന മട്ടില്‍ അവര്‍ പാടുമ്പോള്‍ മേശമേല്‍ താളം പിടിക്കുകയായിരുന്നു ചെന്നിത്തല. ഇതൊന്നും കണ്ടിരിക്കാനും കേട്ടിരിക്കാനും വയ്യാത്തതുകൊണ്ടാണ്‌ അരമണിക്കൂറിനുള്ളില്‍ സ്ഥലംവിട്ട്‌ മെഡിക്കല്‍ കോളേജിലെ വി ഐ പി മുറിയെ ശരണം പ്രാപിച്ചത്‌.

മുഖ്യമന്ത്രിയല്ലെങ്കില്‍ മന്ത്രിയാവാനുമില്ലെന്ന്‌ ചെന്നിത്തല പറഞ്ഞത്‌ അപ്പോഴത്തെ ഒരു വാശിക്കായിരുന്നു എന്ന്‌ മനസ്സിലാക്കി പ്രവര്‍ത്തിക്കണമായിരുന്നു ഉമ്മന്‍. പക്ഷേ ഉമ്മന്‍ ചെയ്‌തത്‌ മനസ്സ്‌ മാറി രമേശ്‌ മന്ത്രിസഭയിലെങ്ങാനുമെത്തിയാല്‍ ധനകാര്യം നല്‍കേണ്ടിവരുമല്ലോ എന്നോര്‍ത്ത്‌ മാണിയെപ്പോലും ഞെട്ടിച്ചുകൊണ്ട്‌ തുടക്കത്തില്‍ തന്നെ ധനകാര്യം അങ്ങ്‌ ഏല്‍പ്പിച്ചു കൊടുക്കുകയായിരുന്നു.
അന്നേ മനസ്സിലുറപ്പിച്ചതാണ്‌ ആദ്യം കിട്ടുന്ന അവസരത്തില്‍ ഒരു പണി പണിയണമെന്ന്‌.

പ്രതീക്ഷിച്ചതിലും വളരെ നേരത്തേ തന്നെ അവസരം വന്നു വീണു. പാലാക്കാരന്‍ മാണിച്ചായന്‍ തന്നെ മിശിഹയെപോലെ അവതരിച്ചു. പാലാ മുതല്‍ പാലാ വരെ നീളുന്നതാണ്‌ കേരളമെന്നും അതിന്റെ സാമന്തരാജ്യമാണ്‌ ഈരാറ്റുപേട്ടയെന്നും സ്ഥാപിക്കുന്ന തിരുത്തല്‍ ബജറ്റിലൂടെ മാണി നല്‍കിയ സഹായത്തിന്‌ സ്‌തുതി. എപ്പോഴുമെപ്പോഴും സ്‌തുതിയായിരിക്കട്ടേ. നൂറ്‌ മെഴുകുതിരി കത്തിച്ചുവെച്ച്‌ മുട്ടുകുത്തി നിന്ന്‌ പ്രാര്‍ഥിക്കണമെന്നുപോലും ചെന്നിത്തലയ്‌ക്ക്‌ തോന്നിയ സന്ദര്‍ഭമാണത്‌.

ഉച്ചത്തില്‍ അപശ്രുതി മീട്ടിയ കോണ്‍ഗ്രസ്‌ എം എല്‍ എ മാരില്‍ നിന്ന്‌ തത്സമയം തന്നെ കത്തെഴുതി വാങ്ങിച്ചത്‌ ഉമ്മന്റെ ആശ്രിതരെകൂടി തന്റെ പക്ഷത്തേയ്‌ക്ക്‌ അടുപ്പിക്കുന്നതിനാണ്‌. മന്ത്രിപദം കിനാവ്‌ കണ്ട്‌ ചിരിച്ചുറങ്ങിയിരുന്നവരുടെ ഉറക്കം നഷ്‌ടമാക്കിയത്‌ ഉമ്മനാണെന്ന തോന്നല്‍ അവരില്‍ പലര്‍ക്കും കലശലായുണ്ട്‌. ഡൊമനിക്‌ പ്രസന്റേഷന്‍, ബന്നി ബഹനാന്‍ ആദിയായവര്‍. താനാണ്‌ മന്ത്രിപദം നഷ്‌ടമാക്കിയതെന്ന, ഉമ്മന്‍ചാണ്ടി കുഴിച്ച കുളത്തില്‍ മുങ്ങിപ്പോയ പ്രതാപന്‍ ഇപ്പോള്‍ കരയ്‌ക്കു കയറിയിട്ടുണ്ട്‌. `കാറ്റുള്ളപ്പോള്‍ തൂറ്റണം'. അതുകൊണ്ട്‌ കത്തെഴുതി വാങ്ങുകയും കുട്ടിപ്പട്ടാളത്തെക്കൂടി ചാനല്‍ മുറികളിലേയ്‌ക്ക്‌ പറഞ്ഞയയ്‌ക്കുകയും ചെയ്‌തു. ഹൈബി ഈഡന്‍, ബല്‍റാം എന്നിവരെ ട്യൂഷനെടുത്താണ്‌ ചാനല്‍ ക്യാമറകള്‍ക്കു മുന്നിലേയ്‌ക്ക്‌ യാത്രയാക്കിയത്‌.

ഉമ്മന്‍ചാണ്ടി ഭക്തന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനെ പുറമ്പോക്കിലാക്കി, പുറമ്പോക്ക്‌ ഭൂമിയും കശുമാവിന്‍ തോട്ടവും പ്ലാന്റേഷനുമൊക്കെ മാണി കയ്യടക്കി മുതലാളിമാരെ ആഹ്ലാദചിത്തരാക്കാന്‍ യത്‌നിച്ചപ്പോള്‍ പുളി തിന്ന കുരങ്ങനെപ്പോലെ ഇരിക്കുകയായിരുന്നു ഉമ്മന്‍ ദാസന്‍ തിരുവഞ്ചൂര്‍.
ആ കാഴ്‌ച കണ്ടപ്പോള്‍ ഉണ്ടായ നിര്‍വൃതി രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ സ്വന്തം ദാസനായ ശിവകുമാറിനോടുപോലും പറഞ്ഞറിയിക്കാനായില്ല. ഉമ്മന്റെ നയമല്ല തന്റെ നയമെന്നും, അല്ലെങ്കില്‍ ഉമ്മന്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്ന നയം താന്‍ വെളിച്ചത്തുകൊണ്ടുവരുമെന്നുമാണ്‌ മാണി മിശിഹ പ്രഖ്യാപിച്ചത്‌.

കായേത്‌, പൂവേത്‌ എന്നറിയാത്ത വനം മന്ത്രിയുടെ വകുപ്പിലേയ്‌ക്കും ഒറ്റയാനെപ്പോലെ മാണി പാഞ്ഞുകയറിയപ്പോള്‍ വീണ്ടും പെരുത്ത സന്ദേശം. എന്തു നടന്നാലും ഒന്നുമില്ലാത്ത നടനായതുകൊണ്ട്‌ ആ സമയം നിയമസഭാ ക്യാന്റീനിലേയ്‌ക്ക്‌ ഡബിള്‍ ബുള്‍സൈ അടിക്കാന്‍ പോയി വനം മന്ത്രി.
തൂക്കുപാലത്തിലൂടെ സഞ്ചരിക്കുന്ന ഉമ്മന്‍ചാണ്ടിയെ പാലായിലെയും പുതുപ്പള്ളിയിലെയും റിംഗ്‌ റോഡുകള്‍ വലയ്‌ക്കുമെന്ന്‌ ബോധ്യപ്പെടുത്താനെങ്കിലുമായില്ലെങ്കില്‍ പിന്നെ കെ പി സി സി പ്രസിഡന്റ്‌ സ്ഥാനവും കൊണ്ട്‌ നടക്കുന്നതെന്തിന്‌?

സ്വന്തം എം എല്‍ എ മാരില്‍ ആരും തനിക്കുവേണ്ടി പറയാനില്ലെന്നത്‌ കണ്ടപ്പോഴാണ്‌ ആശുപത്രി മുറിയിലിരുന്നുകൊണ്ട്‌ എം എം ഹസ്സന്‌ നിര്‍ദേശം നല്‍കാന്‍ ഉമ്മന്‍ നിര്‍ബന്ധിതനായത്‌. മത്സരിക്കാന്‍ സീറ്റ്‌ പോലും കിട്ടാതെ, വീര്‍പ്പുമുട്ടിക്കഴിഞ്ഞിരുന്ന ഹസ്സന്‍ ഉടനേ പത്രക്കാരെ കണ്ടു. ബജറ്റിനെ എതിര്‍ത്ത എം എല്‍ എ മാരെ മുളയിലേ നുള്ളണം എന്ന്‌ കെ പി സി സി പ്രസിഡന്റിനോട്‌ പത്രദ്വാരാ അദ്ദേഹം അറിയിച്ചു.
ഒരു ഫോണ്‍ വിളിച്ചു പറയാവുന്ന കാര്യമേയുള്ളു. പക്ഷേ പത്രങ്ങളിലൂടെയും ടി വിയിലൂടെയും അറിയിച്ചില്ലെങ്കില്‍ എന്തുഫലം! ഉടനേ വന്നു പ്രസിഡന്റിന്റെ മറുപടി. എം എല്‍ എ മാര്‍ പറഞ്ഞതില്‍ പതിരൊന്നുമില്ല. മുളയിലേ നുള്ളാന്‍ അവര്‍ കളയുമല്ല, ഹസ്സന്‌ മാത്രമുള്ള മറുപടിയല്ല, ഉമ്മന്‍ചാണ്ടിയ്‌ക്കുള്ള മറുപടിയാണ്‌.

തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന സര്‍ക്കാരിന്റെ ഗതി എന്തായിരിക്കുമെന്ന സന്ദേശം രമേശന്‍ നല്‍കുമ്പോള്‍, പാലായെയും മലപ്പുറത്തെയും തൊട്ടുകളിച്ചാല്‍ കളിവേറെയാകുമെന്ന്‌ കുഞ്ഞാലക്കുട്ടിയും, നാവിന്‌ എല്ലില്ലാത്തതുകൊണ്ട്‌ എന്തും പറയാമെന്ന്‌ നാഴികയ്‌ക്ക്‌ നാല്‍പ്പതുവട്ടം തെളിച്ചുകൊണ്ടിരിക്കുന്ന പി സി ജോര്‍ജും പറയാതെ പറഞ്ഞിട്ടുണ്ട്‌.

ശേഷം വെള്ളിത്തിരയില്‍.

കേട്ടീലയോ കിഞ്ചന വര്ത്തമാനം!

അച്ഛന്‍ നല്ല കൃഷ്ണഭക്തന്‍ ആയതു കൊണ്ടാണ് മകന് മുരളീധരന്‍ എന്ന് പേരിട്ടത്. മഹാഭാരതമോ,ഗീതയോ,ഭാഗവതമോ, വിഷ്ണുപുരാണമോ, ഗീതാഗോവിന്ദമോ വായിച്ചു ഭക്തി മൂത്ത് കൃഷ്ണഭക്തനായതൊന്നുമല്ല കരുണാകരന്‍. ഒറ്റനോട്ടത്തില്‍ തോന്നിയത് കൊണ്ട് ഭക്തനായതാണ്. പാപങ്ങള്‍ കഴുകികളയാന്‍ അതൊരു വഴിയാണെന്ന് വ്യഥാ തോന്നിപ്പോയിരിക്കും. ചില ഭക്തന്മാരും,എല്ലാ ഭക്ത വ്യവസായികളും, ജന്മമെടുക്കുന്നത് അങ്ങനെ തന്നെ.

മുരളീധരന്‍ എന്ന് പേര് കിട്ടിയത് കൊണ്ട് ഓടക്കുഴല്‍വാദനം നടത്തണം എന്നൊന്നുമില്ല. എന്തിന്,ഓടക്കുഴല്‍ധാരിയാവണം എന്നുമില്ല. വളരെ ചെറിയ പ്രായത്തിലേ പലപല പാര്‍ട്ടികളുടെ മുഖ്യ തേരാളിയായി രഥം നയിക്കാന്‍ അവസരം ലഭിച്ചത് കൊണ്ട് യുദ്ധമുറകള്‍ പുതുതായി ആരില്‍ ‍നിന്നും പഠിക്കേണ്ട കാര്യമില്ല.സ്വന്തമായി ഒരു പാര്‍ട്ടിയുണ്ടാക്കിയത് ചാപിള്ളയായി പോയത് കൊണ്ട് പ്രത്യേകിച്ച് പ്രയാസങ്ങളൊന്നും ഉണ്ടായിട്ടില്ല.
'വരുമോരോ ദശ,.. വന്നത് പോലെ പോകും' എന്നത് പോലെ കണ്ടാല്‍ മതി അതിനെയും. യുദ്ധഭൂമിയിലെ ചതിയും,ഒളിയന്ബെയ്യലും എല്ലാം ഹൃദ്യസ്ഥം ആണ്.
പക്ഷെ ഇപ്പോഴും ധരിണിയില്‍ വീണു കിടക്കുകയാണ്. അടി തെറ്റിയാല്‍ അരിങ്ങോടരും വീഴും. രഥചക്രം ചതിച്ചാല്‍ കര്‍ണ്ണന്റെ തലയും പോകും.അപ്രിയമായതു കേട്ടാല്‍ ദ്രോണരും അമ്പേറ്റു പിടയും. ഒളിയമ്പ് ഏറ്റാല്‍ ബാലിയും വധിക്കപ്പെടും.ശിഖണ്ടി മുന്നില്‍ വന്നു നിന്നാല്‍ ഭീഷ്മ പിതാമഹനും നിഷ്ക്രിയനാകും.മൃത സഞ്ജീവനി കൊണ്ട് വരാന്‍ ഹനുമാന്‍ ഇല്ലെങ്കില്‍ ലക്ഷ്മണന്റെ കഥയും കഴിയും.
പിന്നെയാണ് മുരളീധരന്റെ കഥ!

അത് കൊണ്ടാണിപ്പോള്‍ മുരളിയില്‍ നിന്ന് കേണു കരയലിന്റെ നാദം ഒഴുകി വരുന്നത്.കുറച്ചു ബഡായി ഒക്കെ പറഞ്ഞിരുന്നു എന്നത് നേര് തന്നെ. അതാരാണ് പറഞ്ഞിട്ടില്ലാത്തത്?
ഭീമസേനന്‍ ഹനുമാനോട് പറഞ്ഞിട്ടില്ലേ? "മാറിക്കിടക്കടാ മര്‍ക്കടാ" എന്നല്ലേ ഭീമന്‍ ആക്രോശിച്ചത്. എന്നിട്ട് ഹനുമാന്റെ വാല് പോലും അനക്കാന്‍ കഴിയാതെ മഹാമല്ലനായ ഗദാധാരി തളര്‍ന്നു വീണില്ലേ? സിനിമയിലും ഉണ്ട് ഉദാഹരണങ്ങള്‍. ക്യാപ്ടന്‍ രാജുവിനെ വെല്ലുവിളിക്കുന്ന കുതിരവട്ടം പപ്പുവിനെയും, ഭീമന്‍ രഘുവിനെ അടിച്ചു മലര്ത്തുമെന്നു പറയുന്ന മാമ്മുക്കോയയെയും, കീരിക്കാടന്‍ ജോസിനെ നിലം പരിശാക്കുമെന്നു പറയുന്ന കൃഷ്ണന്‍ കുട്ടി നായരെയുമൊക്കെ കണ്ടു ചിരിച്ചു മദിച്ചവര്‍ അല്ലെ നാം. അതുപോലെ പലതും പറഞ്ഞിട്ടുണ്ട്.
മകന്‍ മാത്രമല്ല,അച്ഛനും ഒട്ടും മോശമായിരുന്നില്ല.

സി.പി.ഐ യെ തകര്‍ക്കുമെന്നും ഇടതു മുന്നണിയെ നിലം തൊടുവിക്കുകയില്ല എന്നും പറഞ്ഞിട്ടുണ്ട്. കൊണ്ഗ്രെസ്സ് വട്ടപൂജ്യം ആയിരിക്കുന്നുവെന്നു വിധി എഴുതിയിട്ടുണ്ട്. കേരളം മുഴുവന്‍ അച്ഛന്റെയും,മകന്റെയും പുറകില്‍ അണിനിരന്ന രോമാഞ്ചജനകമായ കാഴ്ചയാണ് ഇപ്പോള്‍ ഏവരും കാണുന്നതെന്ന് ഉച്ചത്തില്‍ വിളംബരം ചെയ്തിട്ടുണ്ട്. എല്ലാം ഓരോരോ തമാശകള്‍ ആയിരുന്നുവെന്ന് കണക്കിലെടുക്കണം. അച്ഛന്‍ പോകുന്ന വഴിയെ മകന്‍ പോകണമെന്നുള്ള കാര്യത്തില്‍ അന്ന് തര്‍ക്കം ഉണ്ടായിരുന്നില്ല. പക്ഷെ യുദ്ധ ഭൂമിയില്‍ വീണു കിടക്കുമ്പോള്‍ ഒന്ന് പിടിച്ചു എഴുന്നേല്‍പ്പിക്കാന്‍ നില്‍ക്കാതെ അച്ഛന്‍ നല്ല നേരം നോക്കി ശത്രു കൂടാരത്തില്‍ നുഴഞ്ഞു കയറിക്കളഞ്ഞു. ചതി, പിന്നില്‍ നിന്നുള്ള കുത്തല്‍ എന്നൊന്നും പറഞ്ഞാല്‍ മതിയാവില്ല അച്ഛന്റെ പണിക്ക്. കരിങ്കാലി പണിയുടെ ഉസ്താദാണ് അച്ഛനെന്നു പറയുന്നത് ശത്രുക്കളല്ലെന്നു ബോധ്യപ്പെട്ടത് മാത്രം മിച്ചം.

ഏതെങ്കിലും ഒരു കൂടാരത്തില്‍ കയറാന്‍ അടവുകള്‍ പതിനെട്ടും പയറ്റി.കണ്ണില്‍ മണ്ണ് വാരിയെറിയുന്ന അടവ് പോലും എടുത്തു ഉപയോഗിച്ചു. ഇടതു മുന്നണിക്കാര്‍ മേരുങ്ങുന്നില്ലെന്ന് കണ്ട് അരി പോലും മുട്ടിച്ചു. ദുരിതാശ്വാസ ധന സഹായത്തെ ചെറുത്തു. സര്‍വ കക്ഷി സംഘത്തോട് "എവിടെ മുരളീധര്‍" എന്ന് ശരത് പവാറിനെ കൊണ്ട് ചോദിപ്പിച്ചു. കൂട്ടത്തില്‍ ഡല്‍ഹിയില്‍ കൊണ്ട് പോകാത്തത് കൊണ്ട് ചില്ലിക്കാശു കൊടുപ്പിച്ചില്ല. എന്നിട്ടും ഇടതുപക്ഷക്കാര്‍ പഠിക്കാത്തത് കൊണ്ടാണ് വെട്ടികുറച്ചു വെട്ടികുറച്ചു ബാക്കിയായ അരിമണികള്‍ കൂടി പിടിച്ചു വച്ചത്.

ചാക്കിട്ടു പിടിച്ചും,പണം എറിഞ്ഞും ആളുകളെ പിടികൂടി ആന്റണിയുടെയും, വയലാര്‍ രവിയുടെയും,അഹമ്മദിന്റെയും ഒക്കെ കസേര ഉറപ്പിച്ചു നിര്‍ത്തുന്ന ബഡാ ലേലം വിളിയില്‍ ഒപ്പം നിന്നത് കൊണ്ട് കേരളത്തിലെ യു.ഡി.എഫുകാര്‍ വാതില്‍ തുറന്നു തരുമെന്ന കിനാവ്‌ കണ്ടു.

അടച്ചിട്ട വാതിലുകള്‍ തുറന്നാലും എന്ന് ഓടകുഴലിലൂടെ വായിച്ചു കേള്‍പ്പിച്ചു. പാപങ്ങള്‍ പൊറുക്കണേ എന്ന് പ്രാര്‍ഥന ഭാവത്തില്‍ നാദം ഉയര്‍ത്തി.ഇടതു മുന്നണിക്ക്‌ നിലം തൊടാനാവില്ലെന്നും, യു.ഡി.എഫ് ആണ് കേരളത്തിന്റെ ഏക രക്ഷാ കവചമെന്നും ആ പടച്ചട്ടയെ പിളര്‍ക്കാന്‍ ആര്‍ക്കുമാവില്ലെന്നും പറഞ്ഞു. കരുണയോടും, ക്രിതാര്താഥതയോടും വാതില്‍ തുറന്നു തരുന്നില്ലെന്ന് കണ്ടപ്പോഴാണ് കേണു കരഞ്ഞു കൊണ്ടുള്ള വിലാപഗീതം കേള്പ്പിച്ചത്.

നന്ദിയില്ലാത്ത പരിഷകള്‍! ഡല്‍ഹിയില്‍ പാലം കടന്നു കിട്ടിയവര്‍ കേരളത്തില്‍ പാലം കടക്കാന്‍ കാത്തു നില്‍ക്കുന്നവരുടെ മുന്നില്‍ പാലം വലിക്കുകയാണ്‌.യു.ഡി.എഫ് കൂടാരത്തില്‍ ഇപ്പോള്‍ തന്നെ നല്ല തിരക്കാണെന്നും, കാത്തു നില്‍ക്കുന്നവരെ കയറ്റാനിടം ഇല്ലെന്നും വയലാര്‍ രവി. ങ്ങും , വണ്ടി ഫുള്ളായി പോലും. ബെര്‍ത്തില്ലെന്നു രേമേഷ് ചെന്നിത്തല. വേണമെന്നില്ല. തറയില്‍ ഇരുത്തിയാലും മതിയെന്ന് പഹയനുണ്ടോ അറിയുന്നു. അജണ്ടയില്‍ ഇല്ലെന്നു ഉമ്മന്‍ ചാണ്ടി. അജണ്ടയില്‍ ഇത് കൂടി എഴുതി ചേര്‍ക്കാന്‍ ഉമ്മന്ടെ കയ്യിലെന്താ പേനയില്ലേ?
അല്ലെങ്കില്‍ തന്നെ ഒരു പേന കൊടുക്കാന്‍ അരി കൊടുക്കുന്നവരും, കൊടുക്കാതിരിക്കുന്നവരുമായ ദിവ്യന്മാര്‍ക്കു കഴിയുമെന്നു അറിഞ്ഞു കൂടെ?

എല്ലായ്പ്പോഴും എന്ന പോലെ ആന്റണി പുണ്യവാളന്‍ മിണ്ടാതിരിക്കുകയാണ്.ലാസ്റ്റ് ബസ്സിനെ കുറിച്ചൊക്കെ വ്യാകുലപ്പെടുന്ന പുണ്യാളന്‍ ആണെങ്കിലും ബസ്സില്‍ ഒരു ഇരിപ്പിടം തരപ്പെടുത്തി തരെണ്ടതല്ലേ. കലികാലം! വീണു കിടക്കുന്നവന്റെ മാറില്‍ കയറി ന്രിത്തമാടാന്‍ എല്ലാവര്ക്കും കടുത്ത ആവേശമായിരിക്കും.

ഒടുവില്‍ അച്ഛന്‍ മാത്രമേയുള്ളൂ കൂട്ടിനു. മകന്‍ വരുന്നതിനെ തടയുന്നവര്‍ സീറ്റ് നഷ്ട്ടപ്പെടുമെന്നു വേവലാതിയുള്ളവര്‍ ആണെന്ന് പറഞ്ഞു ആശ്വസിപ്പിക്കുവാന്‍ ഒരിക്കല്‍ ചതിച്ച അച്ഛന്‍ തന്നെ വേണ്ടി വന്നു. അതായത് മോനൊരു സീറ്റ് എന്നത് മാത്രമാണ് അജണ്ടയെന്ന് ചിലര്‍ക്കെങ്കിലും തോന്നിപ്പോവുമായിരിക്കും. എങ്കിലും അച്ഛനെയുള്ളൂ ആപത്തു ഘട്ടത്തില്‍. അത് കൊണ്ടാണ് അച്ഛനെ കാണില്ല, കണ്ടാല്‍ തന്നെ പുറം തിരിഞ്ഞു നില്‍ക്കും, വീട്ടില്‍ കയറില്ല,ഉമ്മറം വരെയേ ചെല്ലൂ,എന്നൊക്കെ പറഞ്ഞിരുന്നത് മറന്നു അച്ഛനെ കാണാന്‍ ചെന്നത്.

എല്ലാം കൃഷ്ണന്റെ കൈയ്യില്‍ ആണെന്ന് അച്ഛന്‍ ഇപ്പോഴും വിശ്വസിക്കുന്നു. അത് കൊണ്ട് ഓടകുഴാല്‍ വാദനം തുടര്‍ന്ന് കൊണ്ടിരിക്കും.വിലാപ ഗാനവും,യാചനാ നിര്ഭര പല്ലവികളും നാദ ധാരയായി ഒഴുകി എത്തുമ്പോള്‍ വാതില്‍ തുറന്നു തരാതിരിക്കില്ല.അത് വരെ കിഞ്ചന വര്‍ത്തമാനങ്ങള്‍ കേട്ട് കേട്ടിരിക്കാം.

=============

(ഓഗസ്റ്റ് 16, 2008)

2011, ജൂലൈ 5, ചൊവ്വാഴ്ച

രാഹുലാ, ഇതാ ഒരു മന്‍മോഹന്‍ സന്ദേശം

സന്ദേശങ്ങള്‍ ബഹുവിധരൂപത്തില്‍ നമുക്കു മുന്നില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. കാവ്യങ്ങളായി രൂപപ്പെട്ട സന്ദേശങ്ങളെ സാഹിത്യാസ്വാദകര്‍ കയ്യേറ്റു വാങ്ങിയിട്ടുമുണ്ട്. മയില്‍സന്ദേശവും മേഘസന്ദേശവും കാവ്യഗ്രന്ഥങ്ങളായി നമുക്കു മുന്നില്‍ എത്തിയവയാണ്. ഹംസം വഴിയുള്ള സന്ദേശം നളചരിതകാലം മുതലേ പ്രചുരപ്രചാരമായിട്ടുള്ളതാണ്. കാളിദാസന്റെ മേഘസന്ദേശത്തിന് ഉണ്ടായ വിവര്‍ത്തനങ്ങള്‍ ഒറ്റയക്കത്തില്‍ ഒതുങ്ങുന്നതല്ല. ഏറ്റവും മനോഹരമായ പരിഭാഷ തിരുനല്ലൂര്‍ കരുണാകരന്റേതാണ് എന്നാണ് പണ്ഡിതമതം. ''ഉത്തരാശയ്ക്കുപോകുന്ന നിന്‍വഴി, എത്രമാത്രം വളഞ്ഞാലുമെന്‍സഖേ, ഉദ്യമിക്കലാ വേണ്ടെന്നു വയ്ക്കുവാന്‍ ഉജ്ജയിനിതന്‍ സൗധാഗ്ര സൗഹൃദം'' എന്ന് നാടുകടത്തപ്പെട്ട യക്ഷന്‍ മേഘത്തോട് പറയുകയായിരുന്നു. ഉജ്ജയിനിയിലുള്ള കാമുകിക്കുള്ള സന്ദേശമാണ് യക്ഷന്‍ മേഘംവഴി നല്‍കിയത്. പുതുകാലത്ത് മന്‍മോഹന്‍സിംഗ് മേഘത്തിനു പകരം മാധ്യമ പ്രതിനിധികളെ ആശ്രയിച്ചുകൊണ്ട് തന്റെ സന്ദേശം കൈമാറുന്നത് ഭാരതീയ ജനത അനുഭവിച്ചറിയുന്നു.

സന്ദേശം വിലക്കയറ്റത്താല്‍ വീര്‍പ്പുമുട്ടുന്ന, തന്റെ ജനദ്രോഹനയങ്ങളാല്‍ കഷ്ടപ്പെടുന്ന ജനങ്ങളോടല്ല. സോണിയാഗാന്ധിയോടും അവരുടെ സല്‍പുത്രനായ, കോണ്‍ഗ്രസുകാരുടെ യുവരാജാവായ രാഹുല്‍ഗാന്ധിയോടുമാണ്. പണി മതിയാക്കി വീട്ടില്‍ പോയിരിക്കാന്‍ താന്‍ സന്നദ്ധനല്ലെന്ന വ്യക്തമായ സന്ദേശമാണ് അഞ്ചു പത്രാധിപന്‍മാരുമായുള്ള കൂടിക്കാഴ്ചയില്‍ മന്‍മോഹന്‍സിംഗ് പ്രകടിപ്പിച്ചത്. പ്രധാനമന്ത്രിപദത്തില്‍ കണ്ണുംനട്ട് കാത്തിരിക്കുന്ന ഒരാള്‍ക്കുവേണ്ടിയും താന്‍ വഴിമാറിക്കൊടുക്കില്ലെന്ന സന്ദേശം മാധ്യമപത്രാധിപന്മാരിലൂടെ സോണിയാഗാന്ധിക്കും രാഹുല്‍ഗാന്ധിക്കും കൈമാറുകയായിരുന്നു പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. 'കാത്തുസൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം' കൈവിടാനൊരുക്കമല്ലെന്ന വ്യക്തമായ സന്ദേശമാണ് മന്‍മോഹന്‍സിംഗ് നല്‍കിയിരിക്കുന്നത്.

''എഴുതാന്‍ വൈകിയ ചിത്രകഥയിലെ ഏഴഴകുള്ളൊരു നായിക നീ, എന്നനുരാഗ തപോവനസീമയില്‍ ഇന്നലെ വന്ന തപസ്വിനി നീ'' എന്നമട്ടില്‍ പ്രധാനമന്ത്രി കസേരയെ അനുരാഗവിവശനായി നോക്കികൊണ്ടിരിക്കുന്ന വ്യക്തിയാണ് രാഹുല്‍ഗാന്ധിയെന്ന് മന്‍മോഹന് പിടികിട്ടിയിരിക്കുന്നു. അദ്ദേഹത്തിന്റെ അനുരാഗപാരവശ്യത്തിന് സമീപകാലത്തൊന്നും സാക്ഷാല്‍ക്കാരം സാധ്യമല്ലെന്ന സന്ദേശമാണ് മന്‍മോഹന്‍സിംഗ് പത്രാധിപന്‍മാരിലൂടെ നല്‍കിയിരിക്കുന്നത്. അക്കരയും ഇക്കരയും നിന്നാല്‍ ആശ എങ്ങനെ തീരുമെന്ന് പാടാനാണ് രാഹുല്‍ഗാന്ധിയെ മന്‍മോഹന്‍സിംഗ് നിര്‍ബന്ധിക്കുന്നത്. തന്നെ പ്രധാനമന്ത്രിയായി നിശ്ചയിച്ചത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും കോണ്‍ഗ്രസ് നേതൃത്വവുമാണെന്ന് പത്രാധിപന്‍മാരോട് പ്രഖ്യാപിച്ച മന്‍മോഹന്‍സിംഗ് രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രിയാക്കാന്‍ പാര്‍ട്ടി നേതൃത്വം ഒരു ഘട്ടത്തിലും ചര്‍ച്ച ചെയ്തില്ലെന്നു കൂടി അറിയിച്ചു. വെടിയുതിര്‍ക്കുന്നത് രാഹുലിന് എതിരെ മാത്രമല്ല, ഹൈക്കമാന്റ് എന്ന് പ്രകീര്‍ത്തിക്കപ്പെടുന്ന സോണിയാഗാന്ധിക്കും കൂട്ടാളികള്‍ക്കും എതിരായി കൂടിയാണെന്ന സന്ദേശം നല്‍കുകയാണ് മന്‍മോഹന്‍സിംഗ് ചെയ്തത്.

താനൊരു പാവ പ്രധാനമന്ത്രിയല്ല എന്ന് മന്‍മോഹന്‍സിംഗ് അഞ്ചംഗ പത്രാധിപ കൂട്ടരോട് ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു. താങ്കളൊരു പാവയാണോ എന്ന് ആരുമാരും ആരായാതെ തന്നെ ഞാനൊരു പാവയല്ലെന്ന് മന്‍മോഹന്‍സിംഗ് പ്രഖ്യാപിച്ചു. സോണിയാഗാന്ധിയുടെയും രാഹുല്‍ഗാന്ധിയുടെയും പാവ മാത്രമാണ് താന്‍ എന്ന തോന്നല്‍ മന്‍മോഹന്‍സിംഗിനെ കുണ്ഠിതപ്പെടുത്തുന്നു എന്നാണ് താനൊരു പാവ പ്രധാനമന്ത്രിയല്ലെന്ന പ്രസ്താവന വ്യക്തമാക്കുന്നത്. തങ്ങള്‍ തിരിക്കുന്ന ബട്ടണിനനുസരിച്ച് ഓടുകയും ചാടുകയും കിതയ്ക്കുകയും പതറുകയും ചെയ്യുന്ന ഒരു കളിപ്പാട്ടമാണ് മന്‍മോഹന്‍സിംഗ് എന്ന ധാരണ സോണിയാഗാന്ധിക്കും യുവരാജാവ് രാഹുല്‍ഗാന്ധിക്കും വേണ്ടെന്നു കൂടിയാവാം പഴയ ഐ എം എഫ് ഉദ്യോഗസ്ഥനും ഇപ്പോഴും അമേരിക്കന്‍ പ്രേമിയായി കഴിഞ്ഞുകൂടുകയും ചെയ്യുന്ന മന്‍മോഹന്‍സിംഗ് പറയുന്നത്. താനൊരു കുട്ടികുരങ്ങനല്ല എന്ന സന്ദേശം പറയാതെ പറഞ്ഞിരിക്കുകയാണ് മന്‍മോഹന്‍സിംഗ്.

എന്തും ഏതും നിശ്ചയിക്കേണ്ടത് നെഹ്‌റു കുടുംബമാണെന്ന് കരുതി നടക്കുകയും പ്രസ്താവന നടത്തുകയും ചെയ്യുകയും പാരമ്പര്യത്തിന്റെ ഇരമ്പലില്‍ മയങ്ങി കിടക്കുകയും ചെയ്യുന്ന രാഹുല്‍ഗാന്ധിയുടെ ആജ്ഞാനുവര്‍ത്തിയായി ജീവിച്ച് സഹികെട്ടതിനാലാകാം മന്‍മോഹന്‍സിംഗിന്റെ പ്രതികരണം. ''ബന്ധുവാര്, ശത്രുവാര്'' എന്ന ചോദ്യം 'പാവം പാവം രാജകുമാരനായ' പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ അലട്ടിയതിന്റെ പ്രതിഫലനം കൂടിയാകാം പറയാതെ പറയലിലൂടെ രാഹുല്‍ഗാന്ധിക്ക് നല്‍കുന്ന സന്ദേശം. പ്രധാനമന്ത്രി പദത്തിനായുള്ള മോഹം ഒരിക്കലും തിളയ്ക്കാത്ത വെള്ളംപോലെയായിരിക്കുമെന്നും അടുപ്പിലിരുന്ന് ആ വെള്ളം പാഴാവുകയേ ഉള്ളൂ എന്നും മന്‍മോഹന്‍സിംഗ് ദ്യോതിപ്പിച്ചിരിക്കുന്നു. ഈ ദ്യോതിപ്പിക്കലിന്റെ വിശാല അര്‍ഥങ്ങള്‍ പിടികിട്ടണമെങ്കില്‍ അടുക്കളകലഹം നടത്തി പരിചയവും സ്വന്തം അനുയായികളുടെ മുണ്ടുരിഞ്ഞ് പ്രാഗത്ഭ്യവും തെളിയിച്ച കോണ്‍ഗ്രസ് നേതാക്കളെ തന്നെ ആശ്രയിക്കേണ്ടിവരും.

2011, ജൂൺ 27, തിങ്കളാഴ്‌ച

പാവങ്ങള്‍ക്കായി കോണ്‍ഗ്രസ് ചെയ്യുന്ന കനത്ത സഹായങ്ങള്‍!

പാവങ്ങള്‍ എന്നു കേള്‍ക്കുന്ന മാത്രയില്‍ തന്നെ കോണ്‍ഗ്രസുകാരുടെ കണ്ണുകള്‍ നിറയും. പട്ടിണി പാവങ്ങള്‍ എന്നു കേട്ടാല്‍ തുള്ളിക്കൊരു കൂടം എന്ന മട്ടില്‍ കണ്ണുനീര്‍ ധാരധാരയായി ഒഴുകും. കാരണം പാവങ്ങള്‍ക്കുവേണ്ടി മാത്രം പിറക്കുകയും വളരുകയും തളരുകയും ചെയ്യുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് കോണ്‍ഗ്രസായ കോണ്‍ഗ്രസുകാര്‍ക്കാകെ അറിയാം. അതിനാല്‍ പാവങ്ങള്‍ക്കായി ആവുന്നത്ര സഹായം ചെയ്തുകൊടുക്കാന്‍ കോണ്‍ഗ്രസുകാര്‍ കൈ മെയ് മറന്ന് യത്‌നിക്കും.

ഏറ്റവും ഒടുവിലായി ഇന്ത്യയിലെ മഹാഭൂരിപക്ഷം പാവങ്ങള്‍ക്കായി നല്‍കിയ സഹായമാണ് പാചകവാതകത്തിന് 50 രൂപയും മണ്ണെണ്ണയ്ക്ക് രണ്ടു രൂപയും ഡീസലിന് മൂന്നു രൂപയും വര്‍ധിപ്പിച്ചതിലൂടെ പ്രകടമാക്കിയത്. മണ്ണെണ്ണ, ഡീസല്‍, പാചകവാതക വില കൂട്ടാതിരുന്നാല്‍ പാവങ്ങള്‍ക്ക് നൊമ്പരമുണ്ടാകുമെന്നും കഷ്ടപ്പാട് അനുഭവിക്കേണ്ടി വരുമെന്നും മന്‍മോഹന്‍സിംഗ്, സോണിയാഗാന്ധി, രാഹുല്‍ഗാന്ധി മുതല്‍ ഇങ്ങേ തലയ്ക്കലുള്ള ബൂത്ത് പ്രസിഡന്റിനുവരെ അറിയാമായിരുന്നു.
ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിലവര്‍ധനവ് പാചകവാതകത്തിന് വരുത്തിയെന്നറിഞ്ഞപ്പോല്‍ കോണ്‍ഗ്രസിലെ മഹിളാമണികള്‍ക്കൊക്കെ രോമാഞ്ചമുണ്ടായി. പുരുഷകേസരികള്‍ക്ക് ഹര്‍ഷോന്‍മാദവും.

മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ പാവങ്ങളുടെ സര്‍ക്കാരാണെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത് വെറുതെയല്ലെന്ന് മനസിലായില്ലേ?
'ആം ആദ്മീ' എന്ന മുദ്രാവാക്യം 'ഗരീബീ ഹഠാവോ' പോലെ യാഥാര്‍ഥ്യമാക്കാന്‍ പെടാപാടുപെടുകയാണ് കോണ്‍ഗ്രസുകാര്‍.
പെട്രോളിന്റെ വില ഇടയ്ക്കിടെ കുത്തനെ ഉയര്‍ത്തി പാവങ്ങള്‍ക്ക് ആനന്ദം പകരുന്നതിനായി എണ്ണ മുതലാളിമാരെ തന്നെ കോണ്‍ഗ്രസ് നിയോഗിച്ചിട്ടുള്ളതുകൊണ്ട് അവര്‍ ഇടയ്ക്കിടെ അത് ഭംഗിയായി നിറവേറ്റുന്നു.

നൂറുനൂറു തിരക്കുകള്‍ക്കിടയില്‍ പെട്രോളിന്റെ വിലയുയര്‍ത്തി ജനങ്ങളെ സഹായിക്കുന്നതില്‍ കാലവിളംബം വന്നേക്കാം എന്ന ഭയാശങ്കകൊണ്ടാണ് വില ഉയര്‍ത്താനുള്ള അധികാരാവകാശം എണ്ണ മുതലാളിമാര്‍ക്കുതന്നെ നല്‍കിയത്. ഒരു വര്‍ഷത്തിനിടയില്‍ ഒമ്പതു തവണ ഉയര്‍ത്തിയും ഒടുവിലത്തെ ഉയര്‍ത്തലില്‍ ഒറ്റയടിക്ക് അഞ്ച് രൂപ വര്‍ധിപ്പിച്ചും എണ്ണ മുതലാളിമാര്‍ കണിശമായും തങ്ങളെ ഏല്‍പ്പിച്ച ജോലി അഭംഗുരം നിര്‍വഹിക്കുന്നതില്‍ കോണ്‍ഗ്രസിനുള്ള ചാരിതാര്‍ഥ്യം പറഞ്ഞറിയിക്കാനാവുന്നതല്ല.

ഡീസലിന്റെയും മണ്ണെണ്ണയുടെയും പാചകവാതകത്തിന്റെയും വില നിര്‍ണയാധികാരം കൂടി മുതലാളിമാര്‍ക്ക് കൈമാറുന്നതിനെക്കുറിച്ചും ഗൗരവമായി ആലോചിക്കുവാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമാവുന്നത് ആഴ്ചയോടാഴ്ച അവയുടെ വിലകൂട്ടാന്‍ തങ്ങള്‍ക്ക് സമയം കിട്ടാത്തതുകൊണ്ടാണ്.

എണ്ണ മുതലാളിമാരാകെ കടുത്ത കഷ്ടനഷ്ടങ്ങളില്‍ കിടന്ന് വലയുമ്പോള്‍ അവര്‍ പാവങ്ങളില്‍ പാവങ്ങളല്ലാതെ വരുമോ?
പഞ്ചപാവങ്ങളായ അവര്‍ നഷ്ടം സഹിച്ചും പട്ടിണികിടന്നും ജലപാനമുപേക്ഷിച്ചും ഭാരതീയര്‍ക്ക് എണ്ണയും പാചകവാതകവും നല്‍കുന്ന മഹാമനസ്‌കതയെ എത്ര സ്തുതിച്ചാലാണ് മതിവരുക?
പഞ്ചപാവങ്ങളായ അവര്‍ക്ക് ആശ്വാസം നല്‍കുന്നതിനു വേണ്ടി കൂടിയാണ് വിലവര്‍ധനവ്. പെട്രോളും ഡീസലും മണ്ണെണ്ണയും ഗ്യാസും വാങ്ങുന്നവര്‍ ധനാഢ്യരില്‍ ധനാഢ്യരാണ്. അവര്‍ക്കുവേണ്ടി പാവം എണ്ണ മുതലാളിമാര്‍ കഷ്ടപ്പെടുകയും നഷ്ടപ്പെടുകയും വേണമെന്നത് എവിടത്തെ നീതിയാണ് എന്ന ചോദ്യം കോണ്‍ഗ്രസിനെ വശംകെടുത്തുകയായിരുന്നു.

പാവപ്പെട്ട മാനവര്‍ക്കുവേണ്ടിയുളള ഭരണമായതുകൊണ്ടാണ് മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ ഒരു ലക്ഷത്തി എഴുപത്തി ആറായിരം കോടി രൂപയുടെയും രണ്ടായിരം കോടി രൂപയുടെയും മതിപ്പുള്ള അഴിമതി കലാപ്രകടനത്തില്‍ അഭിരമിക്കുന്നത്. ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണം, കോമണ്‍വെല്‍ത്ത് ഗെയിംസ് കുംഭകോണം എന്നിത്യാദി മാറ്റുള്ള കലാപരിപാടികള്‍ ആവിഷ്‌കരിച്ചുനടപ്പാക്കുന്നതും പാവപ്പെട്ടവരോടുള്ള കടപ്പാടുകൊണ്ടു മാത്രമാണ്.

നോയിഡയിലടക്കമുള്ള ദേശങ്ങളില്‍ ഭൂമി നഷ്ടപ്പെട്ടവരുടെയും കലാവതിയെ പോലുള്ള സ്ത്രീകളുടെയും കണ്ണുനീരൊപ്പുവാന്‍ പാഞ്ഞെത്തിയ രാഹുല്‍ഗാന്ധിയുടെ കണ്ണുനീരൊപ്പല്‍ പദ്ധതിയുടെ പരിപൂര്‍ണ വിജയത്തിന് ഇന്ധനവില വര്‍ധനവും കോടാനുകോടിയുടെ അഴിമതി പരിപാടിയും അനിവാര്യമാണ്. കലാവതിയ്‌ക്കൊക്കെ മണ്ണെണ്ണ രണ്ടു രൂപ അധികം കൊടുത്തു വാങ്ങാന്‍ ഒരു പ്രയാസവുമുണ്ടാവുകയില്ലെന്നത് കോണ്‍ഗ്രസ് മനീക്ഷികള്‍ക്കാകെ നിശ്ചയമുള്ളതാണ്.

ഇന്ധനവില കൂട്ടുന്ന കോണ്‍ഗ്രസു തന്നെ ഈ വര്‍ധനവ് കഷ്ടമായിപ്പോയി എന്ന് കൂട്ടത്തില്‍ പറയും. അത് ഒഴിവാക്കാനാവാത്ത തമാശയായി മാത്രമേ മാലോകര്‍ കാണാവൂ. വെറും വരണ്ട ചലച്ചിത്രമായി ഭരണം മാറിപ്പോകാതിരിക്കുവാന്‍ പുട്ടിന് തേങ്ങയെന്നപോലെയാണ് പതിവുതെറ്റിക്കാതെയുള്ള ഈ തമാശകള്‍.

ഭക്ഷ്യ വസ്തുക്കളുടെ വില വര്‍ധനവ് പിടിച്ചു നിര്‍ത്തുകയെന്നത് കോണ്‍ഗ്രസിന് ഒഴിവാക്കാനാവത്ത ദൗത്യമാണ്. അതിന് ഏറ്റവും സഹായകരമാണ് ഇന്ധനവില വര്‍ധനവ് എന്നാണ് കോണ്‍ഗ്രസ് കൂടാരത്തിലെ സാമ്പത്തിക വിശാരദന്‍മാര്‍ പഠിപ്പിക്കുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും വില കൂടുമ്പോള്‍ ആളുകള്‍ യാത്ര ചെയ്ത് ക്ഷീണിക്കുന്നത് തടയാം. ക്ഷീണം ഒഴിവായാല്‍ വിശപ്പിന്റെ തോതും കുറയും. അപ്പോള്‍ ഭക്ഷണത്തിന്റെ ആവശ്യകതയുടെ തോതും കുറയും. ആ നിലയ്ക്ക് അവശ്യ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം എന്ന പ്രശ്‌നത്തില്‍ നിന്ന് വിമുക്തി നേടാം. ഈ വഴിയല്ലാതെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ചിദംബരം മുമ്പേ പറഞ്ഞതുപോലെ മാന്ത്രിക വടിയൊന്നുമില്ല.

ഇതൊക്കെ നന്നായി അറിയുന്ന കോണ്‍ഗ്രസുകാരന്‍ തന്നെയാണ് ഉമ്മന്‍ചാണ്ടിയും. അതുകൊണ്ട് അദ്ദേഹം പറഞ്ഞു; 'ആവുന്ന വിധത്തില്‍ ചെയ്യാവുന്നതൊക്കെ ഞങ്ങള്‍ ചെയ്തു'. അക്ഷരം പ്രതി ശരി. ചെയ്യാവുന്നതൊക്കെ ചെയ്ത് സഹായിക്കുകയാണ് കോണ്‍ഗ്രസ് മേലാളര്‍. സംസ്ഥാന സര്‍ക്കാരിന് അര്‍ഹതപ്പെട്ട നികുതി ഒഴിവാക്കിയാല്‍ കാര്യങ്ങള്‍ കുശാല്‍ എന്നാണ് ഓരോ പെട്രോള്‍ വില വര്‍ധന കാലത്തും പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടി പുരപ്പുറത്തു കയറിനിന്ന് പറഞ്ഞത്. പുത്തനച്ചി പുരപ്പുറം തൂക്കും എന്ന ചൊല്ല് അന്വര്‍ഥമാക്കികൊണ്ട്, മുഖ്യമന്ത്രിയായ ഉടനുണ്ടായ പെട്രോള്‍ വില വര്‍ധനവിന്റെ കാലത്ത് അങ്ങനെ ചെയ്ത് മുഖം രക്ഷിക്കുകയും ചെയ്തു. പാവം ചാണ്ടി കരുതിയില്ല, ഇത്ര കടുത്ത ചതി കേന്ദ്രത്തിലെ മേലാളന്‍മാര്‍ ചെയ്തുകളയുമെന്ന്.

അഞ്ചു രൂപ മുതലാളിമാര്‍ വില കൂട്ടുമ്പോള്‍, സംസ്ഥാന നികുതിയായ എഴുപത്തഞ്ചു പൈസ കുറയ്ക്കുക എന്ന ചെപ്പടി വിദ്യയാണ് ഇപ്പോള്‍ നാട്ടുകാരുടെ കണ്ണില്‍ മണ്ണിടാന്‍ ഉപയോഗിക്കുക. അപ്പോള്‍ പ്രായോഗികമായി നാല് രൂപ ഇരുപത്തഞ്ചു പൈസ കൂട്ടിയതിനു തുല്യം അല്ലെ എന്ന് ആരും ചോദിക്കരുത്.അതും പാവങ്ങള്‍ക്കുവേണ്ടി മാത്രമുള്ള നിലപാടാണ്.

സംസ്ഥാന ഖജനാവിന് വന്‍നഷ്ട്ടം വന്നാലും എണ്ണ മുതലാളിമാര്‍ക്ക് ചെറിയ ഒരു നഷ്ട്ടം പോലും വരരുതെന്ന് കൊണ്ഗ്രെസ്സിനു നിര്‍ബന്ധം ഉണ്ട്.


പാവങ്ങള്‍ക്കു വേണ്ടിയുള്ള കോണ്‍ഗ്രസിന്റെ ഈ അത്യധ്വാനത്തില്‍ പാവം ഭാരതീയര്‍ വീര്‍പ്പുമുട്ടുകയാണ്. ആനന്ദം കൊണ്ടുള്ള വീര്‍പ്പുമുട്ടല്‍. സന്തോഷം കൊണ്ട് എനിക്കിരിക്കാന്‍ വയ്യേ എന്ന് ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള ഭാരതീയര്‍ വിളിച്ചുപറയുന്നതുകേട്ട് കോണ്‍ഗ്രസുകാര്‍ കോരിത്തരിക്കുകയാണ്.

2011, മേയ് 30, തിങ്കളാഴ്‌ച

പെട്ടിയെടുപ്പുകാരേ, അഴിമതിധീരരേ സന്തോഷിപ്പിന്‍; ഇത് ശുഭകാലം!

'എന്റെ ജീവിതം തുറന്ന പുസ്തകമാണ്',
'എനിക്ക് ജനങ്ങളില്‍ നിന്ന് ഒന്നും മറച്ചുവയ്ക്കാനില്ല' എന്നൊക്കെയുള്ള വാചകങ്ങള്‍ മുന്തിയ ഇനം രാഷ്ട്രീയനേതാക്കള്‍ നാഴികയ്ക്ക് നാല്‍പ്പതുവട്ടം പറഞ്ഞു തേഞ്ഞുപോയ ക്ലീഷേകളാണ്.
ഇത്തരക്കാരുടെ ജീവിതം ഒരിക്കലും തുറക്കാത്തതും തുറന്നാല്‍ ജനം കണ്ണുപൊത്തുന്നതുമായ അത്യപൂര്‍വവും തരംതാണതുമായ പുസ്തകമായിരിക്കുമെന്ന് ഏറ്റവും കുറഞ്ഞത് കോണ്‍ഗ്രസുകാരും ലീഗുകാരും കേരള കോണ്‍ഗ്രസുകാരുമെങ്കിലും തെളിയിച്ചിട്ടുണ്ട്.

മറച്ചുവയ്ക്കാന്‍ ഒന്നുമില്ലെന്ന് വിനീതരാവുന്നവര്‍ക്ക് മറച്ചുവയ്ക്കാന്‍ മാത്രമുള്ള അതിനിഗൂഢ ജീവിതമായിരിക്കും സ്വന്തം.
അവയില്‍ അല്ലറചില്ലറ മറനീക്കി പുറത്തുവരുമ്പോള്‍ തന്നെ ജനം വല്ലാതെ നാണിച്ചുപോകുന്നു. 'നാണമാകുന്നു, മേനി നോവുന്നു' എന്ന പാട്ട് ഇത്തരം സന്ദര്‍ഭങ്ങളിലും പാടാവുന്നതാണെന്നാണ് അവരുടെ വിശ്വാസം.

ചില അത്യപൂര്‍വനിമിഷങ്ങളില്‍ ചിലര്‍ ജീവിതത്തെ തുറന്ന പുസ്തകമാക്കുകയും ചിലത് മറച്ചുവയ്ക്കാതെ വെളിച്ചത്തു കൊണ്ടുവരികയും ചെയ്യും. മന്ത്രിസ്ഥാനം കാക്കക്കൊത്തിപ്പോകുന്ന കസ്തൂരിമാമ്പഴമായെന്ന് തിരിച്ചറിയുമ്പോഴാണ് അത്തരം അത്യപൂര്‍വനിമിഷങ്ങള്‍ സംജാതമാകുന്നത്.

'പറയാനും വയ്യ, പറയാതിരിക്കാനും വയ്യ' എന്ന മട്ടില്‍ വീര്‍പ്പുമുട്ടുമ്പോള്‍ നേരെ ചൊവ്വേ, മുഖാമുഖമിരുന്ന് പതിയെ പതിയെ പറഞ്ഞു തുടങ്ങും. അഭിമുഖമിരിക്കുന്നയാള്‍ ചെറുതായൊന്ന് ചൂണ്ടയിട്ടാല്‍ ഹൃദയം തുറന്ന്, കരള്‍ പിളര്‍ന്ന, ഞെട്ടിപ്പിക്കുന്ന കഥകള്‍ ഒന്നൊഴിയാതെ പറയും. കരള്‍ പിളര്‍ന്ന അനുഭവക്കഥകളുമായി കെ മുരളീധരന്‍, വി ഡി സതീശന്‍, ടി എന്‍ പ്രതാപന്‍, തേറമ്പില്‍ രാമകൃഷ്ണന്‍ എന്നിവര്‍ അരങ്ങിലെത്തി ദുഃഖിതരും നിരാശരുമായ നായകന്‍മാരുടെ വേഷം ഗംഭീരമാക്കുന്നു.

പെട്ടിയെടുപ്പുകാര്‍, കാല് തിരുമ്മല്‍കാര്‍ എന്നീ വിഭാഗങ്ങള്‍ എക്കാലവും കോണ്‍ഗ്രസില്‍ അത്യന്താപേക്ഷിതമായിരുന്നു. ഇപ്പോള്‍ പക്ഷെ, പെട്ടിയെടുപ്പുകാര്‍ക്കിടയിലും കാലുതിരുമ്മല്‍കാര്‍ക്കിടയിലും പോലും ടാലന്റ് ഹണ്ട് ആരംഭിച്ചിട്ടുണ്ട്. വഴക്കത്തോടെ കാല് തിരുമ്മുന്നവര്‍ താഴത്തു വച്ചാല്‍ ഉറുമ്പരിക്കുമെന്നും തലയില്‍ വച്ചാല്‍ പേനരിക്കുമെന്നും സദാ കരുതി പെട്ടിപിടിക്കുന്നവര്‍ക്ക് മുന്തിയ പരിഗണന എന്ന നില വന്നു.

മുഖം കാളക്കൂറ്റനെ പോലെയാണെങ്കിലും 'മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിന്‍മുഖം' എന്ന് നല്ല ഈണത്തിലും താളത്തിലും ചൊല്ലണം. അഴിമതിയുടെ ദുര്‍ഗന്ധം വമിപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ 'അങ്ങയെപ്പോലൊരു ആദര്‍ശധീരന്‍ ആരുണ്ടീയുലകില്‍' എന്ന് ഒച്ചയുയര്‍ത്തി പറയണം.

പെട്ടിയെടുപ്പ് ഡല്‍ഹിയില്‍ നടത്തുന്നവര്‍ കേരളത്തില്‍ വാഴിക്കപ്പെടും. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ആ കര്‍മ്മം സമുചിതമായി നിറവേറ്റുന്നവര്‍ മന്ത്രിസഭ മുതല്‍ പി സി സി, ഡി സി സി എന്നിത്യാദി അന്നഭോജനശാലകളില്‍ വരെ നിയോഗിക്കപ്പെടും.

ഈണത്തിലും താളത്തിലും പിന്നോക്കമാണ് കെ മുരളീധരനും വി ഡി സതീശനും പ്രതാപനും തേറമ്പിലും.
മുരളിക്ക് ശബ്ദസൗകുമാര്യമില്ല,
സതീശന് താളബോധമില്ല,
പ്രതാപന് രണ്ടുമില്ല,
തേറമ്പിലിന്റെ ശബ്ദം സ്‌ത്രൈണസ്വഭാവത്തിലുള്ളതായിപ്പോയി.
അല്ലാതെ വാഴ്ത്തുപാട്ടുകള്‍ വില്ലടിച്ചാന്‍പാട്ടായി അവതരിപ്പിക്കാത്തതു കൊണ്ടല്ല സ്ഥാനഭംഗമുണ്ടായത്.

നിരാശാഭരിതരായ കോണ്‍ഗ്രസുകാര്‍ക്കിടയില്‍ ഈ ദുരിതകാലത്ത് പ്രചുരപ്രചാരം നേടിയ വാചകങ്ങള്‍ 'സ്ഥാനത്തിനായി ഗ്രൂപ്പുകളിക്കാനില്ല, ആരുടെയും പിന്നാലെ പോകാനുമില്ല' എന്നിവയാണ്.
ഇതിന്റെ പേറ്റന്റ് മറ്റു പലതിലുമെന്ന പോലെ കെ മുരളീധരനാണ്.

സത്യപ്രതിജ്ഞാ ചടങ്ങ് കണ്‍കുളിര്‍ക്കെ നേരില്‍ കാണാന്‍ ഒരു പാസിനായി രാത്രി ഉറക്കമിളച്ച് കാത്തിരുന്നിട്ടും ഫലമില്ലാതെ വന്നപ്പോഴാണ് വെളുപ്പിന് വണ്ടി കയറി ഉച്ചനേരത്ത് കോഴിക്കോട്ടിനിറങ്ങിയത്.
മന്ത്രിക്കസേര തരാത്തവര്‍ അച്ഛന്റെ ചിത്രം ഓടയില്‍ വലിച്ചെറിഞ്ഞ് സായൂജ്യമടഞ്ഞവര്‍ മന്ത്രിയാവുന്നത് കാണാന്‍ പോലും കസേര നല്‍കില്ലെന്നു വന്നാല്‍ എന്തു ചെയ്യും!
മന്ത്രിപ്പട്ടിക പുറത്തായപ്പോള്‍ പുറപ്പെടുവിച്ച പ്രസ്താവന മൂര്‍ച്ചകൂട്ടി തട്ടിവിട്ടു. അത് ഏറ്റുപാടാന്‍ സതീശന്‍മാരും പ്രതാപന്‍മാരും തേറമ്പില്‍മാരുമുണ്ടായി. ഇനിയും പ്രതീക്ഷ വിട്ടിട്ടില്ലാത്ത കാര്‍ത്തികേയന്‍ പൂജാമുറിയിലിരുന്ന് ആരും കേള്‍ക്കാതെ അത് ചൊല്ലുന്നുണ്ട് താനും.
ഗ്രൂപ്പ് കളിച്ചിട്ടും കാര്യമില്ലെന്നും മന്ത്രിക്കസേര പോയിട്ട് എം എല്‍ എ സീറ്റ് പോലും കിട്ടീല്ലെന്നും എം എം ഹസന്‍ പല്ലുരുമ്മി, മുറുമുറുത്ത് മണ്ടിനടക്കുന്നതും കാണാതിരുന്നുകൂടാ. ഗ്രൂപ്പ് കളിച്ചാല്‍ നല്ലവന്റെ, കൂടെ നില്‍ക്കുന്നവനെ ഓര്‍മ്മിക്കുകയും ചെയ്യുന്നവന്റെ ഗ്രൂപ്പ് കളിക്കണം എന്നാണ് ഹസന്റെ മറച്ചുവയ്ക്കാനില്ലാത്ത ജീവിതത്തിന്റെ സന്ദേശം.

ഇനി ഒന്നും മറച്ചുവയ്ക്കാനില്ലാത്തതുകൊണ്ടാണ് വി ഡി സതീശന്‍ ചാനല്‍മുറികളിലിരുന്ന് ദുഃഖവും അമര്‍ഷവും സങ്കടവും മറച്ചുവയ്ക്കാനാവാതെ ക്ഷുഭിതനായത്; ഞാന്‍ മജ്ജയും മാംസവുമുള്ള മനഷ്യനാണെന്ന വലിയ സത്യം വെളിപ്പെടുത്തിയത്.
മജ്ജയും മാംസവുമുള്ളതു കൊണ്ട് കുത്തിയാല്‍ നോവുമെന്നാണ് സതീശന്‍ പറഞ്ഞത്.
മന്ത്രിക്കസേരയില്‍ മോഹമില്ലെന്ന് പറയാന്‍ താന്‍ വിചാരവികാരങ്ങളില്ലാത്തവനല്ലെന്ന മറച്ചുവയ്ക്കാനില്ലാത്ത ജീവിത ഏട് സതീശന്‍ സമ്മാനിച്ചു.
സമുദായനേതാക്കളുടെ വീടിനു മുന്നില്‍ കൂടിക്കിടക്കുന്നവരോടും പെട്ടിയെടുപ്പുകാരോടുമുള്ള നീരസം ചാനല്‍മുറിയിലെ വെള്ളിവെളിച്ചത്തിലിരുന്ന് മാലോകരെ അറിയിച്ചു.

രാഹുല്‍ഗാന്ധിയുടെ പെട്ടിയെടുത്താല്‍ കെ പി സി സി പ്രസിഡന്റാകാമെന്നും കെ പി സി സി പ്രസിഡന്റിന്റെ പെട്ടിയെടുത്താല്‍ കേന്ദ്ര ഊര്‍ജ്ജസഹമന്ത്രിയാവാമെന്നും സംസ്ഥാന ഗതാഗത-ആരോഗ്യമന്ത്രിമാരാവാമെന്നും വിവിധയിനം മീനുകള്‍ സോണിയാഗാന്ധിക്ക് എത്തിച്ചാല്‍ സ്വതന്ത്രചുമതലയുള്ള കേന്ദ്ര ഭക്ഷ്യമന്ത്രിയാകാമെന്നും സതീശന്‍ പറയാതെ പറഞ്ഞു.
നിയമസഭയില്‍ ഉറങ്ങാതിരുന്നതാണ് തന്റെ അയോഗ്യതയെന്നും നിയമസഭയിലും പാര്‍ലമെന്റിലും കൂര്‍ക്കം വലിച്ചുറങ്ങുന്നതും ഉറക്കംവരാത്ത സമയത്ത് സഭാ ക്യാന്റീനില്‍ ചായ കുടിച്ചിരിക്കുന്നതുമാണ് മന്ത്രിക്കസേരയ്ക്കുള്ള യോഗ്യതയെന്നും സതീശന്‍ ഉച്ചത്തില്‍ വരുംകാല കോണ്‍ഗ്രസുകാര്‍ക്കായി പറഞ്ഞുവച്ചിട്ടുണ്ട്.

പ്രതാപശാലിയായ പ്രതാപനും മറച്ചുവയ്ക്കാനാവാത്ത ജീവിതം പുറത്തേയ്‌ക്കെടുത്തിട്ടുണ്ട്. നിയമസഭയിലെയും പാര്‍ലമെന്റിലെയും സന്ദര്‍ശക ഗ്യാലറികളില്‍ ഇരിക്കാന്‍ പോലും യോഗ്യതയില്ലാത്തവര്‍ മന്ത്രിമാരായി, അഴിമതിയുടെ കറപുരണ്ടവര്‍ മന്ത്രിമാരായി, പഴയതുപോലെ ഇപ്പോള്‍ വെട്ടിപ്പിടിക്കാന്‍ കഴിയാത്തതുകൊണ്ട് താന്‍ തഴയപ്പെട്ടു എന്നീ തുറന്നപുസ്തകത്തിലെ മുഴുത്ത സത്യങ്ങള്‍ പ്രതാപന്‍ ചാനലുകാരെ ക്ഷണിച്ചുവരുത്തി അറിയിച്ചുകൊണ്ടിരിക്കുന്നു.

വരാനിരിക്കുന്ന കോണ്‍ഗ്രസുകാര്‍ അത്യന്താധുനിക തിരുമ്മലിലും പെട്ടിയെടുക്കലിലും വൈദഗ്ധ്യം നേടാന്‍ ഇപ്പോള്‍ മന്ത്രിമാരായവരുടെ കീഴില്‍ പ്രത്യേക ട്യൂഷനു പോകേണ്ടതാണ്. ഭാവിക്ക് വേണ്ടിയാണ്, ജീവിതത്തില്‍ കുറച്ചൊക്കെ മറച്ചുവയ്ക്കാനും ജീവിതം അടഞ്ഞ പുസ്തകമായിരിക്കാനും വേണ്ടിയാണ്. ട്യൂഷന്‍ മാസ്റ്റര്‍മാര്‍ ക്യാപിറ്റേഷന്‍ ഫീസും അമിത ഫീസും കൊടിയ സംഭാവനയും വാങ്ങാതിരിക്കാന്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അവര്‍ക്ക് മുകളില്‍ രാഹുല്‍ഗാന്ധിയും ശ്രദ്ധ ചെലുത്തുന്നതാണ്.
പെട്ടിപിടിപ്പുകാര്‍ക്ക് മാത്രമല്ല നല്ല കാലം. അഴിമതിവ്യവസായത്തില്‍ ധീരതയോടെ മുന്നേറുകയും പെണ്ണ് ധനമാണെന്ന പ്രാമാണിക തത്വത്തെ മാനിച്ച്, ധനം നല്‍കി പെണ്ണിനെ ഇരയാക്കുന്നതില്‍ പ്രഗത്ഭരായവരുടെയും മോഹനകാലം കൂടിയാണ് ഒരിക്കല്‍ക്കൂടി ആഗതമായിരിക്കുന്നത്. അഴിമതിയില്‍ ഏറ്റവും കുറഞ്ഞത് ഒരു വിജിലന്‍സ്‌കേസ്, മൂന്നിലേറെ ചെക്കുതട്ടിപ്പുകേസുകള്‍, പെണ്‍വാണിഭക്കേസില്‍ വൈമുഖ്യമില്ലായ്മ എന്നിവര്‍ക്ക് അധികാരസ്ഥാനങ്ങളിലേക്ക് മുന്‍ഗണനയുള്ള നല്ല കാലമാണ്.
വിജിലന്‍സ് കേസുകളുടെ പുനരന്വേഷണം നടത്തി കുറ്റം ചാര്‍ത്തപ്പെട്ടവരെ ശുദ്ധരില്‍ ശുദ്ധരും സുപ്രിംകോടതി ജയിലിലടച്ചവരെ ജയിലില്‍ നിന്നു പുറത്താക്കി മഹാന്‍മാരില്‍ മഹാനുമാക്കുന്ന പ്രത്യേക പദ്ധതി 'അതിവേഗം, ബഹുദൂരം' എന്ന മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തില്‍ ത്വരിതഗതിയില്‍ നടപ്പാക്കും. പെണ്‍വാണിഭക്കേസുകള്‍ കോടതിയില്‍ വാദിക്കാന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലായി അതേ കാര്യത്തില്‍ അവഗാഹമായ അറിവുള്ളവരെ നിയോഗിച്ച് മാതൃകയാവും.

തിരഞ്ഞെടുപ്പ് അടുക്കുമ്പോഴും മന്ത്രിസഭാ രൂപീകരണഘട്ടമാവുമ്പോഴും ജ്യോതിഷത്തില്‍ വിശ്വാസമേറുന്നവരാണ് കോണ്‍ഗ്രസുകാരില്‍ ഭൂരിപക്ഷവും, കോണ്‍ഗ്രസിതരില്‍ ന്യൂനപക്ഷവും.
ജ്യോതിഷികളുടെ ചാകരകാലത്ത് പെട്ടിപിടിപ്പു വിരുതന്‍മാരുടെയും അഴിമതിധീരന്‍മാരുടെയും മുന്നില്‍ കവടിനിരത്തി ജ്യോതിഷികള്‍ പ്രവചിക്കുന്നു:
'ദശാസന്ധിയും കണ്ടകശനിയും മാറി, ഇനി നിങ്ങള്‍ക്ക് ശുഭകാലം; സുവര്‍ണകാലം'.

കോണ്‍ഗ്രസായാല്‍ ഗ്രൂപ്പ് വേണം; ജോര്‍ജായാല്‍ 'പാര' വേണം!

''ആലായാല്‍ തറവേണം
അടുത്തൊരമ്പലം വേണം
ആലിനു ചേര്‍ന്നൊരു കുളവും വേണം
കുളിപ്പാനായി കുളം വേണം
കുളത്തില്‍ ചെന്താമര വേണം'' എന്ന് ജി കാര്‍ത്തികേയന്‍ പലപ്പോഴും കെ മുരളീധരന്‍ ചിലപ്പോഴും പാടിക്കേട്ടിട്ടുണ്ട്.

പക്ഷേ പാട്ട് കേട്ടാസ്വദിക്കുന്നതിനിടയില്‍
''കോണ്‍ഗ്രസായാല്‍ ഗ്രൂപ്പ് വേണം,
മന്ത്രിയാകാന്‍ ഗ്രൂപ്പ് വേണം,
ഗ്രൂപ്പായാല്‍ നേതാവ് വേണം,
നേതാവിനെ വാഴ്‌ത്തേണം,
ഗ്രൂപ്പില്‍ മുങ്ങിത്താഴേണം''
എന്ന അലംഘനീയ സത്യം ഈ സാധുക്കള്‍ ഓര്‍ക്കാതെപോയി.

''പൂവായാല്‍ മണം വേണം, പൂമാനായാല്‍ ഗുണം വേണം'' എന്ന കാര്യം കോണ്‍ഗ്രസില്‍ നിരോധിക്കപ്പെട്ടിരിക്കുകയാണെന്ന കാര്യം മനസിലാക്കുവാന്‍ അവര്‍ക്ക് കഴിയാതെ പോയി. അതുകൊണ്ട് ഗുണമുള്ള പൂമാന്‍മാരായ ജി കാര്‍ത്തികേയനും വി ഡി സതീശനും ആദിയായുള്ളവരും വരാന്തയില്‍ പോലും പ്രവേശനമില്ലാത്ത, പൂജയ്‌ക്കെടുക്കാത്ത പൂക്കളായി.

ഗ്രൂപ്പ് കളിച്ചും കളിപ്പിച്ചും ഉടുമുണ്ടഴിപ്പിച്ചും സോഡാകുപ്പി പ്രയോഗം നടത്തിച്ചും ക്ഷീണിച്ചതുകൊണ്ട് ഇഷ്ടവിനോദമായ ഗ്രൂപ്പ് കളിയില്‍ നിന്ന് സ്വയരക്ഷയ്ക്കായി തത്ക്കാലം മാറിനിന്നത് കെ മുരളീധരന്‍ എന്ന ഗ്രൂപ്പ് ആശാന് വിനയായി മാറി. ഇനി ഗ്രൂപ്പ് കളിക്കില്ലെന്ന് കൈപിണച്ച് ചെവിയില്‍ പിടിച്ച് ആയിരംവട്ടം പറഞ്ഞത് കോണ്‍ഗ്രസില്‍ നാലണ മെമ്പര്‍ഷിപ്പ് തരപ്പെട്ടുകിട്ടാനായിരുന്നു. ഗ്രൂപ്പ് രഹിതന്‍ എന്നു പേരെടുത്താല്‍ പഴയ മദാമ്മ ഗാന്ധിയും ഇപ്പോഴത്തെ മാഡംജിയുമായ ആരാധ്യയും പഴയ അലുമിനിയം പട്ടേലും ഇപ്പോഴത്തെ പട്ടേല്‍ജിയുമായ ആരാധ്യനും കനിവുള്ളവരായി മാറുമെന്ന് വെറുതേ ആശിച്ചുപോയി. അവര്‍ക്ക് കനിവുണ്ടാവാനായി, മുക്കാലിയില്‍ കെട്ടിയിട്ട് ചാണകത്തില്‍ മുക്കിയ ചാട്ടവാര്‍ കൊണ്ടടിക്കണം എന്ന തന്റെ പഴയ വിഖ്യാതമായ പ്രയോഗം അന്നേ മറന്ന് വലിയ മനസിന്റെ 'ഉടമ'യായ ആന്റണി മരുന്നുകൊടുക്കുമെന്നും കരുതിപ്പോയി. അടവൊന്നു പിഴച്ചാല്‍ ആശാനും വീഴും എന്നിപ്പോള്‍ ഒരിക്കല്‍ കൂടി മനസിലായി.

ഗ്രൂപ്പ് കളിയുടെ തമ്പുരാനായിരുന്ന അച്ഛന്‍ കരുണാകരന്റെ ഗുരു മുഖത്തുനിന്ന് അടവുകള്‍ വശത്താക്കിയ തന്നെ വീഴ്ത്തിയ അരിങ്ങോടന്‍മാരോട് അരിശം സഹിക്കവയ്യാത്തതുകൊണ്ടാണ് ഗ്രൂപ്പ് കളിച്ചുള്ള മന്ത്രിസ്ഥാനം തനിക്ക് വേണ്ടെന്നും തന്നെ മന്ത്രിയാക്കാതിരിക്കുന്നതിന് ചില ഗ്രൂപ്പ് നേതാക്കള്‍ കൈയയച്ച് 'സഹായിച്ചെന്നും' ഇനി ഒരിടത്തേയ്ക്കും തന്നെ പരിഗണിക്കേണ്ടതില്ലെന്നും പറഞ്ഞുപോയത്. അതൊക്കെ മുഖവിലയ്‌ക്കെടുത്ത് ഇനി ഒന്നിലേയ്ക്കും പരിഗണിക്കാതിരിക്കാന്‍ കോണ്‍ഗ്രസിലെ മണ്ടന്‍മാര്‍ തുനിയുകയില്ലെന്നാണ് പ്രതീക്ഷ. അങ്കം നിര്‍ത്തി, ചുരിക ചുരുട്ടി പത്തായത്തില്‍വച്ചു എന്നൊക്കെ ഭംഗിവാക്കു പറഞ്ഞപ്പോള്‍ കറിവേപ്പില പോലെ വലിച്ചെറിഞ്ഞവര്‍ ചിലപ്പോള്‍ ഈ വാക്കുകളും വിശ്വസിച്ചുകളയും. പത്തായം തുറന്ന് ചുരിക പുറത്തെടുക്കുവാനും മുന്‍പിന്‍ നോക്കാതെ വീശാനും മടിക്കുകയില്ലെന്ന് വൈകാതെ ഗ്രൂപ്പ് മേലാളന്‍മാര്‍ക്ക് മനസിലാകും. അണ്ണാന്‍ വയസായാലും മരം കയറ്റം മറക്കില്ല. കോണ്‍ഗ്രസില്‍ ഇത്ര ഗ്രൂപ്പേ അകാവൂ എന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ലല്ലോ.

ജി കെ എന്ന് കോണ്‍ഗ്രസുകാര്‍ ആദരവോടെ വിളിക്കുന്ന ജി കാര്‍ത്തികേയനും കളി പഠിച്ചത് കരുണാകര കളരിയില്‍ നിന്നുതന്നെ. പിന്നെ പിന്നെ ആശാനെ മലര്‍ത്തിയടിക്കുവാനുള്ള പൂഴിക്കടകന്‍ പുതിയതരം കൈവശമുണ്ടെന്ന് തെളിയിച്ച് തിരുത്തല്‍വാദി ഗ്രൂപ്പിലൂടെ കരുണാകര ഗുരുവിനെ ഞെട്ടിച്ച പാരമ്പര്യവുമുണ്ട്. കരുണാകരനെ മറിച്ച് ആന്റണി ആശാന്‍ മുഖ്യമന്ത്രിയായപ്പോള്‍ കരുണാകര ശിഷ്യനായി പരകായ പ്രവേശം നടത്തി കറന്റ് മന്ത്രിയായപ്പോള്‍ തിരുത്തല്‍വാദം കറന്റടിച്ചുപോയി. വൈദ്യുത മന്ത്രിക്കസേരയില്‍ ഞെളിഞ്ഞിരുന്നപ്പോള്‍ സ്വന്തം ഗ്രൂപ്പ് ഒലിച്ചുപോകുന്നതു കാണാതെ പോയത് പരമാബദ്ധമായി എന്നിപ്പോള്‍ തിരിച്ചറിയുന്നു. നല്ല പ്രായത്തില്‍ കെ പി സി സിയുടെ ഉപാധ്യക്ഷനും പാര്‍ലമെന്ററി പാര്‍ട്ടിയുടെ ഉപനേതാവുമായതാണ്. ക്യാ ഫലം! എന്നും ഉപസ്ഥാനമെങ്കിലും ഉണ്ടായിരുന്നു. ഇപ്പോള്‍ ഗ്രൂപ്പില്ലാത്തവനായതുകൊണ്ട് കോണ്‍ഗ്രസ് മന്ത്രി പട്ടികയിലെ പത്താമന്‍ പോലുമായില്ല. കരുണാകരനെ വിട്ട് ആന്റണിയുടെ അരുമയായപ്പോള്‍ കാത്തുകൊള്ളുമെന്ന് കരുതി. പട്ടിക ഡല്‍ഹിയില്‍ ചെല്ലുമ്പോള്‍ ആന്റണി മൊഴിയുമെന്നും വിശ്വസിച്ചു. പക്ഷേ പതിവുരോഗം അദ്ദേഹത്തെ പിടികൂടിയിരുന്ന സമയമായിരുന്നു. മൗനരോഗം. തന്റെ കാര്യത്തില്‍ ഈ മൗനരോഗം ആദ്യമൊന്നുമല്ല ആന്റണിക്കുണ്ടാവുന്നത്. ആന്റണിയെ മറിച്ച് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ മന്ത്രി പട്ടികയുണ്ടാക്കിയപ്പോഴും ആക്ടിംഗ് പ്രസിഡന്റുമാരുടെ പരമ്പര കഴിഞ്ഞ് കെ പി സി സി പ്രസിഡന്റായി ചെന്നിത്തലയെ കയറില്‍ തൂക്കിയിറക്കിയപ്പോഴും എ കെയ്ക്ക് ജി കെയുടെ കാര്യത്തില്‍ മൗനമായിരുന്നു. ഡല്‍ഹിയില്‍ യൂത്തന്‍മാരുടെ പ്രസിഡന്റായി ചുറ്റിക്കറങ്ങിയിരുന്ന രമേശ് ചെന്നിത്തലയെയും തോറ്റ് തൊപ്പിയിട്ടു നടന്ന എം ഐ ഷാനവാസിനെയുമൊക്കെ തിരുത്തല്‍വാദികളാക്കി കെട്ടിയെഴുന്നെള്ളിച്ചു നടന്നത് ഈ പാവം ജി കെയാണെന്ന് പാലം കടന്നപ്പോള്‍ അവറ്റകള്‍ മറന്നു പോയി. സമുദായവും ഗ്രൂപ്പും പരിഗണിച്ചപ്പോള്‍ പണിയറിയാവുന്നവര്‍ പുറത്തായി എന്നു പറഞ്ഞാല്‍ മതി.

സമുദായവും ജില്ലയും പരിഗണിച്ചാല്‍ വരേണ്ടതായിരുന്നൂ. പക്ഷേ അതേ സമുദായത്തില്‍ നിന്ന് അതേ ജില്ലയില്‍ നിന്ന് മറ്റൊരാളെ ചെന്നിത്തല വാഴിച്ചിരിക്കുന്നു. താന്‍ കെ പി സി സി ഉപാധ്യക്ഷനായിരിക്കുമ്പോള്‍ യൂത്ത് കോണ്‍ഗ്രസിന്റെ ബ്ലോക്ക് പ്രസിഡന്റോ എന്തോ ആയിരുന്ന ശിവകുമാറിനെ. കൊടിക്കുന്നില്‍ സുരേഷിന്റെ ആരുമറിയാത്ത യൂത്ത് കോണ്‍ഗ്രസ് ദേശീയ ജാഥയെ കളിയിക്കാവിളയില്‍ വരവേല്‍ക്കാന്‍ ചെന്നപ്പോള്‍ കാര്‍ത്തികേയന്റെ മുണ്ടഴിച്ച് കോണ്‍ഗ്രസ് പാരമ്പര്യം തെളിയിച്ച വിരുതനാണ് ശിവകുമാരന്‍. അത് മന്ത്രിസ്ഥാനത്തേയ്ക്കുള്ള പരമ യോഗ്യതയായി. പുതുമുറക്കാര്‍ മെയ്‌വഴക്കത്തില്‍ അഗ്രഗണ്യരാണ് എന്ന സന്ദേശം കൂടി ഇതില്‍ നിന്ന് മനസിലായി.

എന്തൊരു പുകഴ്ത്തലായിരുന്നൂ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും. പുകഴ്ത്തല്‍ കേട്ടുകേട്ട് നാലഞ്ചുനാള്‍ ഉറക്കംപോലും കിട്ടാതെ കോരിത്തരിച്ചിരുന്നു പോയിട്ടുണ്ട് വി ഡി സതീശന്‍. കോണ്‍ഗ്രസിന്റെ കുന്തമുന, വീരാളിപ്പട്ട് അണിയിക്കേണ്ട വില്ലാളിവീരന്‍ എന്നൊക്കെയായിരുന്നൂ പുകഴ്ത്തല്‍. കാര്യത്തോടടുത്തപ്പോള്‍ കുന്തവുമില്ല, മുനയുമില്ല, വീരാളിപ്പട്ടുമില്ല. കുന്തം വിഴുങ്ങിയവന്റെ നിലയിലെത്തിച്ചു. വീരാളിപ്പട്ടിനു പകരം ശവക്കച്ച കരുതിവെച്ചിരിക്കുന്നവരാണ് ഗ്രൂപ്പ് മേലാളന്‍മാരും പുകഴ്ത്തല്‍ സാമ്രാട്ടുകളുമെന്ന് പിടികിട്ടി.

സമുദായത്തിന്റെ കാര്യവും ഗ്രൂപ്പിന്റെ കാര്യവും പറഞ്ഞ് തന്നെപ്പറ്റിക്കാന്‍ കഴിയില്ലെന്ന് ഉറക്കത്തില്‍ പോലും സതീശന്‍ വിളിച്ചു പറയുന്നു. തന്റെ അതേ സമുദായത്തില്‍, തന്റെ അതേ ഗ്രൂപ്പില്‍പെട്ട ശിവകുമാര്‍ മന്ത്രിയായി. പാര്‍ലമെന്റംഗമായിരുന്ന അഞ്ചുവര്‍ഷം ലോക്‌സഭയില്‍ അധികം സംസാരിച്ചിട്ടില്ല എന്നതും പിന്നീട് രണ്ടുവട്ടവും ജനം പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തോല്‍പിച്ചുവെന്നതും ഈ കുമാരന് അധിക യോഗ്യതയായി. സ്വന്തം പുത്രന്‍ മുരളീധരന്‍ പോലും പങ്കെടുക്കാത്ത കോണ്‍ഗ്രസ് പിളര്‍പ്പന്‍ യോഗത്തില്‍ കരുണാകരന്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് (ഇന്ദിര) എന്ന പാര്‍ട്ടി പ്രഖ്യാപിക്കുമ്പോള്‍ കസേര വലിച്ചിട്ടതും കര്‍ട്ടന്‍ ഉയര്‍ത്തിയതും പിന്നെ കരുണാകരന് ഉശിരന്‍ പണികൊടുത്തതും കുമാരനെ ചെന്നിത്തലയ്ക്കു പോലും വിശ്വാസയോഗ്യനാക്കി.

കെ മുരളീധരന്‍, ജി കാര്‍ത്തികേയന്‍, വി ഡി സതീശന്‍ എന്നിവര്‍ക്കൊക്കെ ഏറെ ഗുണപാഠങ്ങള്‍ കിട്ടി എന്നതുമാത്രമാണ് നേട്ടം. കോണ്‍ഗ്രസില്‍ ഭാവി വേണമെങ്കില്‍ ഇന്ന ജാതി, അതില്‍ തന്നെ ഇന്ന ഉപജാതി, ഇന്ന ഗ്രൂപ്പ്, ഇന്ന ഉപഗ്രൂപ്പ് എന്നിവ സദാസമയവും വെളിപ്പെടുത്തിക്കൊണ്ടിരിക്കണം. ഞൊടിയിടപോലും നടുനിവര്‍ക്കാതെ മുട്ടിലിഴയണം. കുറഞ്ഞത് ഒരു വിജിലന്‍സ് കേസെങ്കിലും സ്വന്തം പേരിലുണ്ടാവണം. എങ്കിലേ രക്ഷകിട്ടൂ. പിന്നെ ഏക ആശ്വാസം ഘടകകക്ഷി കൂട്ടുകാര്‍ കാണിക്കുന്നതുപോലെ പരസ്യമായി പെണ്ണുകേസ് കാട്ടി അപമാനിച്ച് ഒഴിവാക്കിയില്ലെന്നു മാത്രം. അല്ലെങ്കില്‍ തന്നെ വന്നുവന്ന് പെണ്ണുകേസും ഒരധിക യോഗ്യതയായി മാറിയിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിക്കും പി ജെ ജോസഫിനുമുണ്ടായ ഉയര്‍ന്ന ഭൂരിപക്ഷം കണ്ടപ്പോള്‍ രാജ്‌മോഹന്‍ ഉണ്ണിത്താന് സീറ്റു നല്‍കാത്തതില്‍ കണ്ഠിതമുണ്ടായ കോണ്‍ഗ്രസുകാര്‍ തന്നെയുണ്ട്.

മന്ത്രിയാകണമെന്ന ആശ വിട്ടുപിരിയാതായിട്ട് വശംകെട്ടു നടക്കാന്‍ തുടങ്ങിയിട്ട് കാലമെത്രയായെന്ന് പി സി ജോര്‍ജിന് തന്നെ നിശ്ചയമില്ല. ജോസഫ് ഗ്രൂപ്പിനൊപ്പം നിന്നാല്‍ അതു നടക്കില്ലെന്നും എന്നും ജോസഫ് തന്നെയായിരിക്കുമെന്നും കരുതിപ്പോയപ്പോഴാണ് സ്വന്തം കേരള കോണ്‍ഗ്രസുണ്ടായത്. പില്‍ക്കാലത്ത് ജോസഫ് പെണ്ണുകേസില്‍ കുടുങ്ങുമെന്നും മന്ത്രിസ്ഥാനം വേറൊരാള്‍ക്ക് കിട്ടുമെന്നും ഒരു ജ്യോത്സ്യനും പറഞ്ഞുകൊടുത്തില്ല. ഒറ്റയാനായി നിന്നാല്‍ എല്‍ ഡി എഫില്‍ മന്ത്രിക്കസേര കിട്ടില്ലെന്നു തോന്നിയപ്പോഴാണ് അന്നേവരെ നാക്കെടുത്താല്‍ പുലഭ്യവിശേഷണങ്ങള്‍ മാത്രം ചാര്‍ത്തിക്കൊടുത്തിരുന്ന കെ എം മാണിയെ സാര്‍ സാര്‍ എന്നു വിളിച്ച് കയറിപ്പറ്റിയത്. വരാനുള്ളത് വഴിയില്‍ തങ്ങുകയില്ലെന്ന് പറയുന്നത് എത്രശരി. ഒഴിയാബാധയായി ജോസഫും മാണികോണ്‍ഗ്രസില്‍ നുഴഞ്ഞുകയറി.

മന്ത്രിസ്ഥാനം മൂന്നു വേണമെന്ന് കോണ്‍ഗ്രസിനോട് കേണുപറഞ്ഞെന്ന് മാണിസാര്‍ പറഞ്ഞത് വിശ്വാസം വരാഞ്ഞിട്ടാണ് ചര്‍ച്ചയില്‍ സ്വയം പങ്കെടുത്തത്. മന്ത്രിസ്ഥാനമില്ലെങ്കില്‍ സ്പീക്കറായാലും മതിയെന്നും സ്പീക്കറായാല്‍ താന്‍ ഒന്നൊന്നര സ്പീക്കറായിരിക്കുമെന്നും മുന്നണി ചര്‍ച്ചയിലും ടി വി ചര്‍ച്ചയിലും പറഞ്ഞുനോക്കി. പക്ഷേ സ്പീക്കറാകാന്‍ താന്‍ ഇപ്പോള്‍ ചെയ്യുന്ന പണികള്‍ അറിഞ്ഞാല്‍ പോരെന്നായി പൊതുമതം.

പിന്നെ അറിയാവുന്ന പണി ചെയ്യുക തന്നെ. തിരഞ്ഞെടുപ്പ്കാലത്ത് ജോസഫിന് സീറ്റ് കിട്ടാതിരിക്കുവാനായി തന്നെ പണിയൊന്ന് പുറത്തെടുത്തതാണ്. ഒരു സ്ത്രീ പീഡന പണി. പക്ഷേ ഫലം കണ്ടില്ല. അതേപണി പുതിയ സൂത്രങ്ങളോടെ പുറത്തെടുക്കുകയേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ. വിമാനത്തില്‍ വച്ച് കൈനീണ്ടുപോയ ജോസഫ് മൊബൈല്‍ മെസേജുകളിലൂടെ ഉത്തരാധുനിക നിലയില്‍ സ്ത്രീപീഡനം നടത്തിയെന്ന് മൊബൈല്‍ ഇരയെക്കൊണ്ട് കേസ് കൊടുപ്പിച്ചു.
പക്ഷേ പണി പണ്ടേപോലെ ഫലിക്കുന്നില്ലെന്ന് തോന്നുന്നു.
'എന്തുവന്നാലുമെനിക്കാസ്വദിക്കണം, മന്ത്രിക്കസേരയിലിരുന്നുള്ള ജീവിതം' എന്ന് പാടി പാടി അലയാനായിരിക്കുമോ വിധി എന്നാലോചിച്ച് നാവിന് എല്ലില്ലാത്ത വിരുതന്‍ വിയര്‍ക്കുമ്പോഴാണ് ആരോടും ചോദിക്കാതെയും പറയാതെയും പാര്‍ലമെന്ററികാര്യ മന്ത്രിയെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. കൊടുത്താല്‍ കൊല്ലത്തും കിട്ടും.

പാര ഇങ്ങനെയും വരാം എന്ന് പാഠം.

2011, മേയ് 17, ചൊവ്വാഴ്ച

ചെന്നിത്തലയുടെ കപ്പിനും ചുണ്ടിനുമിടയില്‍ ഒരു കുഞ്ഞൂഞ്ഞ്

''മാടിവിളിക്കിലുമെത്തില്ലരികിലാ
മായാസുഷമാ വിശേഷം''
എന്നുവരികില്‍ ദുഃഖം ഘനീഭവിച്ച വദനവും നീറുന്ന ഹൃദയവും ചഞ്ചല മാനസവുമായി പത്രക്കാരെയും ക്യാമറകളെയും അഭിമുഖീകരിക്കുക മാത്രമേ ചെന്നിത്തലക്കാരനായ രമേശായാലും വഴിയുളളൂ.
പറയുന്ന വാക്കുകളുമായി പൊരുത്തപ്പെടാത്ത വിധം മുഖം വിവര്‍ണവും ശബ്ദം ഇടറിയതുമാകുന്നത് സ്വാഭാവികമാണ്. കണ്ണുകള്‍ പറയാതെ പലതും പറയുന്നതും സ്വാഭാവികം തന്നെ.
അതുകൊണ്ടാണ് കവി പാടിയത് 'കഴിവെത്രയ്ക്കുണ്ടെന്നോ കണ്ണുകള്‍ ആത്മാവില്‍ കഥയൊക്കെ പറയാനും അറിയുവാനും' എന്ന്.
ചെന്നിത്തലയുടെ കണ്ണുകള്‍ ആത്മാവിന്റെ കഥനകഥ പറഞ്ഞുതന്നു.

കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ചേര്‍ന്ന് മുഖ്യമന്ത്രിയെ നിശ്ചയിക്കുവാന്‍ കേവലം മണിക്കൂറുകള്‍ മാത്രം ശേഷിക്കവേയാണ് രമേശ് ചെന്നിത്തലയ്ക്ക് അപ്രതീക്ഷിതമായ ഇടിമിന്നല്‍ പോലെ വെളിപാടുണ്ടായത്.
ഉടനെ കെ പി സി സി ഓഫീസിന് മുന്നില്‍ കാത്തുനിന്നിരുന്ന ചാനലുകാരുടെ മുന്നിലെത്തി ഈ വില്ലാളിവീരന്‍ നടത്തിയ ഉഗ്രപ്രഖ്യാപനം കേട്ട ദിക്കായ ദിക്കുകളൊക്കെ ഞെട്ടിത്തരിച്ച് ആകാശത്ത് മിന്നല്‍പ്പിണരുകളുണ്ടായി, മേഘം ജലമായി വര്‍ഷിച്ചു, നക്ഷത്രങ്ങള്‍ കണ്ണുചിമ്മി, മന്ദമാരുതനുപോലും ഭാവമാറ്റമുണ്ടായി, ചുറ്റിലും ഇരുട്ട് പടരുമെന്ന് കോണ്‍ഗ്രസുകാര്‍ കരുതി. അത്രമേല്‍ അത്യുഗ്രന്‍ പ്രഖ്യാപനം.

''മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഞാനില്ല. പാര്‍ട്ടി കെട്ടിപ്പടുക്കുവാന്‍ കെ പി സി സി അധ്യക്ഷനായിതന്നെ തുടരും. ഞാന്‍ മന്ത്രിയാക്കാനുമില്ല''

അമര്‍ഷവും സങ്കടവും അടക്കിപ്പിടിച്ച് കടന്നല്‍ കുത്തിയ പോലെ മുഖം വീര്‍പ്പിച്ച് ചെന്നിത്തല പറയുമ്പോല്‍ ക്യാമറ കണ്ണുകള്‍ക്കു മുന്നില്‍ ഉന്തിയും തള്ളിയും നിന്ന ഉറ്റ അനുയായികളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
മരണ വീട്ടില്‍ പോലും വെളുക്കെച്ചിരിച്ച് ക്യാമറകള്‍ക്ക് മുന്നില്‍ നില്‍ക്കുന്ന കോണ്‍ഗ്രസുകാരുടെ വദനത്തിലൊന്നും ചിരി കണ്ടുകിട്ടാനില്ല. കറുത്ത് കരുവാളിച്ചമുഖവുമായി അവര്‍ നിന്നു.

ചേരതിന്നുന്ന നാട്ടില്‍ പോയാല്‍ നടുക്കണ്ടം തിന്നണം, കോഴിയിറച്ചിയുടെ അരപ്പു കഴിച്ചാല്‍ കോഴിക്കാലും കഴിക്കണം എന്നിത്യാദി നിഷ്‌കര്‍ഷകള്‍ ഉള്ള രാഷ്ട്രീയമന്നനാണ് രമേശ് ചെന്നിത്തല. ആകുന്നെങ്കില്‍ മുഖ്യമന്ത്രി തന്നെയാവണം. ഇനി മന്ത്രിയെങ്കിലുമായാല്‍ ആഭ്യന്തരമോ ധനകാര്യമോ കൈകാര്യം ചെയ്ത് തിമിര്‍ക്കാനാവണം.

''നി തനിച്ചിത്രനാള്‍ കാത്തുനിന്ന-
തേതിന്‍ സമാഗമമായിരുന്നു?'' എന്ന് ഉറ്റവരും ഉടയവരും സ്വകാര്യ വേളകളില്‍ ചോദിച്ചപ്പോഴൊക്കെ അവരുടെ ചെവികളില്‍ പതിയെ മന്ത്രിച്ചത് മുഖ്യമന്ത്രി പദവും താനുമായുള്ള സമാഗമം എന്നായിരുന്നു.

ഹോ! കിട്ടിപ്പോയി എന്ന മട്ടിലായിരുന്നൂ ഏതാനും ദിനങ്ങള്‍ കടന്നുപോയത്. ആരോരും നിനച്ചിരിക്കാത്ത ഘട്ടത്തില്‍ കുറുക്കന്റെ കൗശലത്തോടെ മത്സരിക്കാന്‍ സീറ്റ് തരപ്പെടുത്തി കുഞ്ഞൂഞ്ഞിന്റെ കുഞ്ഞ് മനസില്‍ വെള്ളിടി വീഴ്ത്തി. പാറിപറക്കുവാന്‍ ഹെലികോപ്ടര്‍ വരുത്തി.
പക്ഷേ ഒരൊറ്റ പറക്കലില്‍ തന്നെ ജനങ്ങള്‍ പറപ്പിക്കുമെന്ന് കാര്യവിവരമുള്ളവര്‍ പറഞ്ഞതിനാല്‍ രണ്ടു ഹെലികോപ്ടറുകളെയും ഷെഡ്ഢില്‍ കയറ്റി.

വോട്ടെണ്ണുമ്പോഴാണ് തന്റെ സ്വാധീനത്തെക്കുറിച്ച്, ജന്മനാട്ടിലെ വര്‍ധിത പിന്തുണയെക്കുറിച്ച് നന്നായി മനസിലായത്.
ഹരിപ്പാട് ചെന്നിറങ്ങിയപ്പോള്‍ കരച്ചില്‍ നാടകമാണ് നടത്തിയതെങ്കില്‍ വോട്ടെണ്ണുന്ന ദിനം ഹരിപ്പാടൊരു വീട്ടില്‍ ആരും കാണാതെ മുറിയില്‍ക്കയറി ശരിക്കും കരഞ്ഞു. സര്‍വ ദൈവങ്ങളേയും വിളിച്ചു കേണു. ഒടുവില്‍ തട്ടിയും മുട്ടിയും ഹരിപ്പാട്ട് കരകയറി.
അപ്പോഴാണ് മുഖ്യമന്ത്രിയാവാന്‍ താന്‍ മാത്രം ജയിച്ചാല്‍ പോരല്ലോയെന്ന തിരിച്ചറിവുണ്ടായത്.
മുന്നണിയും ജയിക്കണമെന്ന് സര്‍വശക്തനായ തമ്പുരാനെ വിളിച്ചപേക്ഷിച്ചു. നേര്‍ച്ചകളായ നേര്‍ച്ചകള്‍ നേര്‍ന്നു.
ഒടുവില്‍ മുട്ടിലിഴയുന്ന ഭൂരിപക്ഷം കിട്ടിയെന്നുറപ്പായപ്പോല്‍ സ്വന്തം പാര്‍ട്ടിയില്‍ എതിരുനില്‍ക്കാനിടയുള്ള ശത്രുക്കളുടെ മുഖം തെളിഞ്ഞുവന്നു. അവരുടെ ശല്യനിവാരണത്തിനായി ശത്രുസംഹാര പൂജകള്‍ നടത്തണമെന്ന് മനസില്‍ കണക്കുകൂട്ടി.

ഇനി ഒരേയൊരു കടമ്പ. മറ്റു കടമ്പകളൊക്കെ ബെന്‍ജോണ്‍സണിന്റേയും കാള്‍ലൂയിസിന്റെയും ചാട്ടത്തെ വെല്ലുന്ന വൈഭവത്തോടെ ചാടിക്കടന്നതാണ്. സീറ്റ് നിര്‍ണയ വേളയില്‍ തന്നെ ജയസാധ്യതയുള്ള സീറ്റുകള്‍ തിരഞ്ഞുപിടിച്ച് സ്വന്തം ഏറാന്‍മൂളികള്‍ക്കായി തരപ്പെടുത്തി. രാഹുല്‍ഗാന്ധി എന്ന യുവരാജാവിന്റെ ഇറക്കുമതിക്കാരായവരുടെയും യുവ പ്രായത്തില്‍ വാര്‍ധക്യം ബാധിച്ചുപോയവരുമായവരുടെ പട്ടികയില്‍ ആധിപത്യം നേടിയെടുത്തു.

പക്ഷേ ജനം പറ്റിച്ചു.
ഏറാന്‍ മൂളികളെ ജനം തോല്‍പ്പിച്ചു.
ഉമ്മന്റെ അനുചരന്‍മാര്‍ക്ക് നേരിയ മേല്‍ക്കൈ കിട്ടി.
വാഴനാരിന്റെ ബലംപോലുമില്ലാത്ത വിധം നേര്‍ത്ത മേല്‍ക്കൈ ആണ്. ഹൈക്കമാന്‍ഡിലും രാഹുല്‍ഗാന്ധിയിലുമുള്ള സ്വാധീനംവെച്ചു നോക്കുമ്പോള്‍ ചാണ്ടിയുടെ മേല്‍ക്കൈ ആയിരം തവണ പൊട്ടിത്തകരാവുന്നതേയുളളൂ. ആയതിനാല്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുന്നതിനു തൊട്ടുമുമ്പുവരെ മുഖ്യമന്ത്രിക്കസേരയില്‍ നിവര്‍ന്നിരുന്ന് തണ്ടലിന്റെ ക്ഷീണം മാറ്റുന്ന കിനാവുകണ്ടു, മധുരം നുണഞ്ഞു.

പക്ഷേ വരാനിരിക്കുന്നത് വഴിയില്‍ തങ്ങില്ലല്ലോ.
വിശാല ഐ ഗ്രൂപ്പ് യോഗം വിശാലമായ സ്വന്തം ഫ്‌ളാറ്റില്‍ ചേര്‍ന്നപ്പോഴാണ് അവസാന കടമ്പ ചാടിക്കടക്കുവാന്‍ ഹനുമാന്‍ ചാട്ടം പോലും മതിയാവില്ലെന്ന് മനസ്സിലായത്. പ്രളയം വന്നാലും കൂടെ നില്‍ക്കുമെന്ന് കരുതിയിരുന്ന ഏറാന്‍മൂളികള്‍ക്ക്, ഞാഞ്ഞൂലിനും ശീല്‍ക്കാരം എന്ന മട്ടില്‍ ഒരിളക്കം. എന്നിട്ടും കുലുങ്ങിയില്ല. പണ്ടേയ്ക്കു പണ്ടേ കേട്ടു പഠിച്ചത് പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല എന്നായതുകൊണ്ടാണ് അതിനു കഴിഞ്ഞത്. ഡല്‍ഹിക്ക് ഫോണ്‍ വിളിച്ചപ്പോഴാണ് ശരിക്കും കുലുങ്ങിപ്പോയത്. പാലം കുലുങ്ങുകയല്ല, പാലം ഒഴുകിപ്പോയെന്ന് പിടികിട്ടി.

മുഖ്യനായില്ലെങ്കില്‍ ഉപമുഖ്യനോ പൊലീസ് മന്ത്രിയോ പണമന്ത്രിയോ ആകാമെന്ന് വിചാരിച്ചാല്‍ അതിലും രക്ഷകാണുന്നില്ലെന്ന് പ്രവചന വിദഗ്ധന്‍മാര്‍ മന്ത്രിച്ചു. സുപ്രധാന വകുപ്പ് കയ്യൊഴിഞ്ഞ് മുഖ്യനാവാന്‍, താനില്ലെന്ന് കുഞ്ഞൂഞ്ഞ് ശാഠ്യം പിടിച്ചുപോല്‍. കുഞ്ഞാകുമ്പോള്‍ ബാലിശം സ്വാഭാവികമെന്ന് മനസിലാക്കി ഹൈക്കമാന്റ് വാത്സല്യപൂര്‍വം ലോകമാന്‍ഡ് ആയിപ്പോയി. അല്ലെങ്കിലും ആവശ്യം വരുമ്പോള്‍ ഒരു പഹയന്റെയും നിഴല്‍പോലും കാണില്ല.

അതിനിടയിലാണ് കുഞ്ഞാലിക്കുട്ടിക്കും കെ എം മാണിക്കുമെല്ലാം കടുത്ത പ്രേമം ഉമ്മന്‍ചാണ്ടിയോടാണെന്ന് ചില നാരദക്കൂട്ടം ഹൈക്കമാന്‍ഡിന്റെ ചെവിയിലെത്തിച്ചത്.

രാഷ്ട്രീയത്തില്‍ കൈപിടിച്ചുകൊണ്ടുവന്ന്, വളര്‍ത്തിവലുതാക്കി, സ്വന്തം ഇലയില്‍ നിന്ന് പ്രാതല്‍ പങ്കുവെച്ചു നല്‍കി ഇളം പ്രായത്തില്‍ മന്ത്രിക്കസേരയില്‍ പിടിച്ചിരുത്തിയ കരുണാകരനു കൊടുത്ത പണി തിരിച്ചുകിട്ടുകയാണെന്ന് ഒരു നിമിഷം അശരീരി കേട്ടതുപോലെ ചെന്നിത്തലയ്ക്ക് തോന്നിപ്പോയി.

പിന്നെ വൈകിയില്ല. മുഖ്യമന്ത്രിയാവാനുമില്ല, മന്ത്രിസഭയിലേക്കുമില്ല. പാര്‍ട്ടിയെ ഊട്ടിവളര്‍ത്താന്‍ കെ പി സി സി പ്രസിഡന്റായി തുടരും.
ഹോ! എന്തൊരു നിസ്വാര്‍ഥത, എന്തൊരു ത്യാഗസന്നദ്ധത നാട്ടുകാരേ! എന്ന് രമേശാനുയായികള്‍.

പക്ഷേ വെരുമൊരു എം എല്‍ എയായിരിക്കുവാനാണോ ഡല്‍ഹിയില്‍ പോയി സീറ്റ് തരപ്പെടുത്തിയത്?
ഒരു തവണ മാത്രം എം എല്‍ എയായ ബാബുപ്രസാദിനെ വഴിയാധാരമാക്കിയതെന്തിന്? എന്നീ അസുഖകരമായ ചോദ്യങ്ങള്‍ സന്മനസുള്ളവര്‍ ഒഴിവാക്കേണ്ടതാണ്.

അങ്കത്തിരുന്ന് കളിക്കുന്നതിനേക്കാള്‍ പുറത്തിരുന്ന് കളിക്കുന്നതാണ് കളിയിലെ അനായാസതയ്ക്ക് നല്ലത്. അതുകൊണ്ടാണ് പുറത്തു നില്‍ക്കുന്നത്. പ്രതീക്ഷ കടലില്‍ ഒഴുക്കിക്കളയാന്‍ മാത്രം മണ്ടത്തരമൊന്നും ചെന്നിത്തലയിലില്ല. കളിച്ചുകളിച്ച് ശരിയായ സമയത്ത് ഫൗള്‍ കളിക്കും. ഫൗള്‍ കളിക്കുന്ന ആളിനല്ല ചുവപ്പ് കാര്‍ഡ് എന്നത് കോണ്‍ഗ്രസിന്റെ കളിനിയമത്തില്‍ മുമ്പേ പറഞ്ഞിട്ടുള്ളതാണ്.
പട്ടം താണുപിള്ളയും സി കേശവനും ടി എം വര്‍ഗീസും പരവൂര്‍ ടി കെ നാരായണപിള്ളയും ആര്‍ ശങ്കറും കരുണാകരനും എ കെ ആന്റണിയുമൊക്കെ ഫൗള്‍ കളിയില്‍ ഇരകളായവരാണ്. ഇരകള്‍ക്ക് ചുവപ്പ് കാര്‍ഡ് എന്ന നിയമം പരിപാലിച്ച് ഉമ്മന്‍ചാണ്ടിയെ കളത്തിന് പുറത്താക്കി കസേരയില്‍ കയറിയിരിക്കാനാണ്. ഇന്ന് മുതലുള്ള കഠിനാധ്വാനം. തിരുത്തല്‍വാദത്തിലൂടെ കരുണാകരനെ കളത്തിന് പുറത്താക്കിയതിലെ അനുഭവ പരിചയം മുതല്‍കൂട്ടായുണ്ട്.

ഇതിനിടയില്‍ കെ പി സി സി പ്രസിഡന്റ് സ്ഥാനം തെറുപ്പിക്കുവാന്‍ ഒരുകൂട്ടര്‍ ഇറങ്ങിത്തിരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് 38 ല്‍ ഒതുങ്ങിയത് സംഘടനാ ദൗര്‍ബല്യം കൊണ്ടാണുപോല്‍.
ഇനി കക്ഷത്തിരുന്നത് പോവുകയും ചെയ്തു, ഉത്തരത്തിലിരുന്നത് കിട്ടിയുമില്ല എന്ന നില വരാതിരിക്കുവാനും തുലാഭാരവും ഉരുളലുമൊക്കെ നടത്തേണ്ടിവന്നേയ്ക്കും.
അതിനിടയില്‍ ലീഗും മാണി കോണ്‍ഗ്രസും വീരജനതയും ഒറ്റത്തടിക്കാരായവരും ചേര്‍ന്ന് സര്‍ക്കാരിനെതന്നെ മൂക്കുകുത്തിവീഴ്ത്തിയാല്‍ ഇപ്പോള്‍തന്നെ ഉറക്കമില്ലാത്ത രാവുകളുമായി കഴിഞ്ഞുകൂടുന്ന ചെന്നിത്തലയ്ക്ക് ഊണുമില്ലാതാവും.
കാലം മാറിനിന്ന് മായികലീലകള്‍ നോക്കി പുഞ്ചിരിച്ചുകൊണ്ടിരിക്കുമ്പോള്‍
''നീ വിഷാദിക്കുന്നതെന്തിനഖിലവും
കേവലം സ്വപ്നം! വെറും വെറും വിഭ്രമം'' എന്ന് പാടികേള്‍പ്പിക്കാനെങ്കിലും ആരെങ്കിലും ഉണ്ടാകുമോ ആവോ? കണ്ടറിയാം.


പിന്‍കുറുപ്പ്:
ഹൈക്കമാന്റ് പ്രതിനിധികള്‍ തിരുവനന്തപുരത്തേക്ക് പറന്നുകൊണ്ടിരിക്കുമ്പോള്‍ ചെന്നിത്തല ഉഗ്ര പ്രഖ്യാപനം നടത്തിയത് മറ്റൊന്നുംകൊണ്ടല്ല, മാധ്യമങ്ങള്‍ കുറച്ചുകാലമായി താന്‍ മുഖ്യമന്ത്രിയാവാന്‍ കച്ചകെട്ടിയിരിക്കുന്നൂവെന്ന് ദുഷ്പ്രചരണം നടത്തുന്നതുകൊണ്ടു മാത്രമാണ്. മുമ്പൊക്കെ പത്രസമ്മേളനങ്ങളില്‍ ഇതേ ചോദ്യം ഉയരുമ്പോള്‍ ഹൈക്കമാന്റും പാര്‍ലമെന്ററി പാര്‍ട്ടിയും തീരുമാനിക്കുമെന്ന് പറഞ്ഞയാള്‍ ഇപ്പോള്‍ ഹൈക്കമാന്റും പാര്‍ലമെന്ററി പാര്‍ട്ടിയുമൊന്നും പറയാതെ ഇപ്പോള്‍ പറഞ്ഞത് ഇപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് പിടികിട്ടിയത് എന്നതുകൊണ്ടു മാത്രമാണ്.
മറ്റൊരു ധാരണയും ആരും വച്ചു പുലര്‍ത്തരുത്.

2011, മേയ് 10, ചൊവ്വാഴ്ച

'സുന്ദരനും സുശീലനു'മായ കുമാരന്റെ സംസ്‌കാരസമ്പന്നമാം ലീലകള്‍!

ബലവാന്‍മാരില്‍ ബലവാന്‍, സദ്ഗുണ സമ്പന്നരിലും സമ്പന്നന്‍, സാംസ്‌കാരിക പ്രബുദ്ധരിലും പ്രബുദ്ധന്‍, വൃത്തിയിലും ശുദ്ധിയിലും മുമ്പരില്‍ മുമ്പന്‍, വിവേകത്തിലും വിവരത്തിലും വിജ്ഞാനത്തിലും അതുല്യന്‍, വിനയത്തിലും സമഭാവനയിലും സ്‌നേഹത്തിലും അനുപമന്‍. ഇങ്ങനെയൊരാളെ മലയാള ദേശത്ത് നിന്ന് കണ്ടുകിട്ടുമെങ്കില്‍ അത് ഒരേയൊരാള്‍ മാത്രമായിരിക്കും. ചങ്ങനാശ്ശേരിയിലെ പെരുന്നയില്‍ നെറ്റിത്തടത്തില്‍ നീളന്‍ ചന്ദനക്കുറിയും പൂശി, താന്‍ ഒരു കെങ്കേമനാണെങ്കിലും അതിന്റെ അഹന്തയൊന്നും ഇല്ലെന്ന മട്ടില്‍ ആ 'മഹാമേരു' കഴിഞ്ഞുകൂടുന്നു. ജി സുകുമാരന്‍ നായര്‍ എന്ന ആ നാമധാരിയെ ഓര്‍ത്തോര്‍ത്ത് കേരളത്തിലെ സംസ്‌കാരമുള്ളവരും വൃത്തികേട് കാട്ടാത്തവരും വിവേകശാലികളുമായവര്‍ നിമിഷം പ്രതി കോരിത്തരിക്കുന്നു.

കേരളത്തിലെ നായരായ നായരൊക്കെ സുകുമാരന്‍നായര്‍ എന്ന സംസ്‌കാരസമ്പന്നന്‍ പറയുന്നതിനപ്പുറം ചലിക്കുകയില്ല. ആ നിലയില്‍ ഉഗ്രപ്രതാപിയുമാണ് ആ മാന്യന്‍. നായരിലെ 'തമ്പി' മുതല്‍ 'വിളക്കിത്തല നായര്‍' വരെ, 'മേനോന്‍' മുതല്‍ 'വെളുത്തേടത്തു നായര്‍' വരെ, 'കിരിയാത്തുനായര്‍' മുതല്‍ 'മണിയാണിനായര്‍' വരെ 'ഉണ്ണിത്താന്‍' മുതല്‍ 'വാണിയ' നായര്‍ വരെ, 'പണിക്കര്‍' മുതല്‍ 'പിള്ള' ആദിയായ നായര്‍ വരെ എണ്ണിത്തീരാത്ത സമസ്തകുലവും സുകുമാരന്‍നായര്‍ എന്നു കേട്ടാല്‍ തോളിലെ തോര്‍ത്തെടുത്ത് കക്ഷത്ത് തിരുകി വാപൊത്തി നില്‍ക്കും.

വാവ് അടുക്കുമ്പോള്‍ ചില കൂട്ടര്‍ക്ക് ഹാലിളകുമെന്ന വിശ്വാസം പ്രചുരപ്രചാരത്തിലുണ്ട്. അതുപോലെ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഒരുപറ്റം സമുദായനേതാക്കള്‍ സര്‍വശക്തരും ഉഗ്രപ്രതാപികളുമായി വേഷം മാറും. അവരറിയാതെ അവരിലേയ്ക്ക് നുഴഞ്ഞുകയറുന്ന ഒരജ്ഞാത ശക്തിയാണ് ആ ഘട്ടങ്ങളില്‍ അവരെ നയിക്കുക. സുകുമാരന്‍ നായരുടെ എന്‍ എസ് എസും വെള്ളാപ്പള്ളി നടേശന്റെ എസ് എന്‍ ഡി പിയും ജമാഅത്ത് ഇസ്ലാമിയും സുന്നിയും മാര്‍ത്തോമയും കത്തോലിക്കയും യാക്കോബായയും ഓര്‍ത്തഡോക്‌സും എന്നു വേണ്ട കേട്ടിട്ടുള്ളതും കേട്ടിട്ടില്ലാത്തതുമായ അത്യുജ്വല സമുദായസംഘടനകള്‍ കച്ചകെട്ടിയിറങ്ങും, ഉടവാള്‍ വീശും, പരിചയുയര്‍ത്തും. അവരുടെ ഉടവാള്‍ വീശലില്‍ ആരുടെയും തല നിലത്തുവീഴും, അവരുടെ പരിചയാല്‍ ആരും സംരക്ഷിക്കപ്പെടും എന്നാണ് പ്രതീതി. ആ മിഥ്യാധാരണയില്‍ കഴിഞ്ഞുകൂടുന്നവര്‍ സ്ഥാനാര്‍ഥികളായാല്‍ അവരെ മുഖം കാണിക്കാനും ആശീര്‍വാദം നേടി പുണ്യമാര്‍ജ്ജിക്കാനും വരിവരിയായി കാത്തുനില്‍ക്കും. അപ്പോള്‍ സമുദായനേതാക്കള്‍ 'അമ്പട ഞാനേ' എന്ന് അറിയാതെ വിളിച്ചുപോവും.

പക്ഷേ, ഇവരുടെ ഉടവാള്‍ വീശലില്‍ അവര്‍ ലക്ഷ്യമിടുന്ന ഒരാളുടെയും തല മണ്ണിലുരുളുന്നില്ല. അവരുടെ പരിചയാല്‍ ആരും കാത്തുരക്ഷിക്കപ്പെടുന്നുമില്ല എന്നതാണ് അനുഭവം. കലികാലം എന്നല്ലാതെ എന്തു പറയാന്‍! ഉടവാളിന് തെല്ലും മൂര്‍ച്ചയില്ല. പരിചയ്ക്ക് പാളയുടെ ബലം പോലുമില്ല. ഇന്നയിന്ന ആളുകളെ, ഇന്നയിന്ന പാര്‍ട്ടികളെ ഞങ്ങള്‍ തോല്‍പ്പിക്കും എന്ന് സുകുമാരന്‍നായരാദികളായവരും വെള്ളാപ്പള്ളിയാദിയായവരും പ്രഖ്യാപിച്ചാല്‍ അവരെല്ലാം ജയിച്ചുകയറുന്ന കാഴ്ച പതിവായിട്ടുണ്ട് കേരളത്തില്‍. പിന്നെയും ശങ്കരന്‍ തെങ്ങിന്റെ മുകളില്‍ തന്നെയിരിക്കും. വീണിടം വിഷ്ണുലോകമാക്കുന്ന മാന്ത്രികവിദ്യ പുറത്തെടുക്കും. മലര്‍ന്നടിച്ചു വീണാലും കാല് മുകളിലുയര്‍ത്തിവയ്ക്കും. വീണ്ടും തിരഞ്ഞെടുപ്പടുക്കുമ്പോള്‍ ഉടവാളും പരിചയുമായിറങ്ങും.

സുകുമാരന്‍നായര്‍ക്ക് പുറത്തുപറയാന്‍ ഇന്നലെ വരെയുണ്ടായിരുന്നത് സമദൂരമായിരുന്നു. പണ്ടേ ദൂരം പാലിക്കുക എന്നത് ശീലമായിപ്പോയതാണ്. നമ്പൂതിരിയില്‍ നിന്ന് നിശ്ചിത അകലം പാലിക്കേണ്ടവര്‍ അത് ലംഘിച്ചാല്‍ ശിക്ഷിക്കേണ്ടത് നായരുടെ പണിയായിരുന്ന കാലത്തേ ദൂരത്തിന്റെ കാര്യത്തില്‍ കര്‍ക്കശ മനോഭാവമാണ്. ചരിത്രകാരന്‍മാരായ ഹാമില്‍ട്ടണും ഇളംകുളം കുഞ്ഞന്‍പിള്ളയും പഴയകാലത്തെക്കുറിച്ച് പറഞ്ഞുവച്ചത് ഇങ്ങനെ:

''ബ്രാഹ്മണന്റെ 96 അടി അടുത്ത് പുലയന്‍ പോകാന്‍ പാടില്ല. പറയനെ തൊട്ടാല്‍ പുലയന്‍ കുളിക്കണം, ഇരുകൂട്ടരും വഴിയൊഴിഞ്ഞ് ഓടിമാറിയില്ലെങ്കില്‍ കൊല്ലേണ്ടത് നായരുടെ ധര്‍മ്മം..... തീയന്‍ ശൂദ്രന്റെ 12 അടി അകലെ നില്‍ക്കണം. ബ്രാഹ്മണന്റെ 36 അടി അടുത്തുവരുന്ന തീയനെ ഉടന്‍ സംഹരിച്ചാല്‍ ശൂദ്രന് സ്വര്‍ഗം കിട്ടും. ബ്രാഹ്മണനെ നായര്‍ തൊടാന്‍ പാടില്ല. എന്നാല്‍ അടുത്ത് ചെല്ലാം''.

പണ്ടേയ്ക്കുപണ്ടേ ഈ വിധം ദൂരത്തില്‍ ഭ്രമിച്ചുപോയിരുന്നു. അതുകൊണ്ടാണ് സമദൂരത്തില്‍ വിലയം പ്രാപിച്ചത്. പക്ഷേ, സമദൂരം തരാതരം പോലെ കൂടുകയും കുറയുകയും ചെയ്ത് സമമല്ലാതെ മാറും. ചിലരോട് പ്രിയമേറുമ്പോള്‍, തന്‍കാര്യസാധ്യത്തിന് ഇക്കൂട്ടരാണ് ഉചിതമെന്ന് തിരിച്ചറിയുമ്പോള്‍ ദൂരം കുറഞ്ഞ് കുറഞ്ഞ് ആലിംഗനം ചെയ്യുന്ന നിലയെത്തും. അതിന് സുകുമാരന്‍നായര്‍ പുതിയ പേര് നല്‍കിയിട്ടുണ്ട്. 'ശരിദൂരം'. ഭാഷാപണ്ഡിതന്‍മാര്‍ 'ശരിദൂരം' എന്ന വാക്കിനെക്കുറിച്ച് ഗവേഷണം തുടങ്ങിയിട്ടുണ്ട്.

ജന്‍മിക്കരം പിരിച്ചും, ജന്‍മിത്വ നൃംശസതകളില്‍ ആറാടിയും, കരമടയ്ക്കാത്തവരെ മുക്കാലിയില്‍ കെട്ടിയടിക്കുക, പുളി തീറ്റിക്കുക എന്നിത്യാദി ശിക്ഷ നല്‍കി വിനോദിച്ചും 'അടിയും കൊണ്ട് പുളിയും കുടിച്ച്, പണവും കൊടുത്തു' എന്ന ചൊല്ലിന്റെ ഉല്‍പ്പത്തിക്ക് കാരണക്കാരായും ജന്‍മിമാരും കാര്യസ്ഥന്‍മാരുമായി വിലസിയിരുന്ന കാലം തികട്ടി തികട്ടി വരുമ്പോള്‍ ഇപ്പോഴും ജന്‍മിയാണെന്ന തോന്നല്‍ സുകുമാരന്‍നായരെപ്പോലുള്ള നായന്‍മാര്‍ക്കുണ്ടാവുന്നതിന് കുറ്റം പറയാനാവുമോ? പെരുന്നയിലെ വലിയ മാളികയില്‍ പരിചാരകരും പരിവാരങ്ങളും വിനീത വിധേയരായിരിക്കുമ്പോള്‍ സ്വന്തം ഭൂതകാലം സൗകര്യപൂര്‍വ്വം സുകുമാരന്‍നായര്‍ക്കും മറക്കാവുന്നതാണ്.

'നായര്‍ സമാജം' എന്ന സംഘടന ഒരു കൂട്ടം നായര്‍ യുവാക്കള്‍ രൂപീകരിച്ചതെന്തിനെന്നോ, 1907ല്‍ മന്നത്ത് കൃഷ്ണന്‍നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നായര്‍ സമുദായത്തിന്റെ ആദ്യത്തെ വാര്‍ഷിക യോഗത്തെക്കുറിച്ചോ, പില്‍ക്കാലത്ത് രൂപം കൊണ്ട നായര്‍ സര്‍വീസ് സൊസൈറ്റിയെയും മന്നത്ത് പത്മനാഭനെയും കുറിച്ചോ തെല്ലെങ്കിലും പിടിപാട് വേണമെന്ന ചെറിയ നിര്‍ബന്ധം പോലും ഇന്ന് എന്‍ എസ് എസിന്റെ ആക്ടിംഗ് ജനറല്‍ സെക്രട്ടറിയാവാന്‍ ആവശ്യമില്ലെന്ന് സമസ്ത കേരള നായന്‍മാര്‍ക്കുമറിയാം. നമ്പൂതിരി ആധിപത്യകാലത്ത് നായര്‍സ്ത്രീകളെയും ദേവദാസികളെയും ഒരുപോലെ പരിഗണിച്ചപ്പോള്‍, സ്വത്തവകാശത്തില്‍ സ്ത്രീ-പുരുഷ അസമത്വം നടമാടിയപ്പോള്‍, നമ്പൂതിരി പുരുഷനും നായര്‍സ്ത്രീയും തമ്മിലുള്ള സംബന്ധം തുടര്‍ന്നപ്പോള്‍ നവോഥാനത്തിന്റെ കാഹളമുയര്‍ത്തിയ ഉല്‍പതിഷ്ണുക്കളാണ് നായര്‍ സമാജത്തിന്റെ സൃഷ്ടാക്കളെന്ന് ആരെങ്കിലും പറഞ്ഞാല്‍ കുരുടന്‍ ആനയെ കണ്ട പോലെ നില്‍ക്കുന്ന പണ്ഡിതാഗ്രേസരനാണ് സുകുമാരന്‍നായര്‍. വിവാഹം നിയമാനുസൃതമാക്കുക, ഒരുവന്റെ സ്വത്തില്‍ അയാളുടെ ഭാര്യയ്ക്കും അവകാശമുണ്ടാവുക എന്നീ മാറ്റങ്ങള്‍ സമുദായത്തില്‍ സൃഷ്ടിക്കുവാനും അപചയത്തിനെതിരായി ശബ്ദിക്കുവാനും സമുദായോദ്ധാരണത്തിനുമാണ് നായര്‍ സമാജവും എന്‍ എസ് എസും ഉണ്ടായതെങ്കില്‍ ഇന്ന് 'അപ്നാ അപ്നാ' കാര്യമാണ് സുകുമാരന്‍നായര്‍ക്ക് അജണ്ടയായി ശേഷിക്കുന്നത്. അതുകൊണ്ട് സമദൂരം ശരിദൂരമാവുകയും വേണ്ടപ്പെട്ടവരെ ആരും കാണാതെ പുണരുകയും ചെയ്യും.

അത്തരം ശരിദൂരക്കാരുടെ സ്വകാര്യ സംഭാഷണങ്ങള്‍ നൂറുകണക്കിന് അനുചരന്‍മാരുടെയും മാധ്യമക്കാരുടേയും ക്യാമറകളുടേയും നടുവില്‍ വച്ചായിരിക്കും. പ്രതിഭയ്ക്ക് തെല്ലും കുറവില്ലാത്തതുകൊണ്ട് ചില വേള അനുകരണകലയില്‍ പ്രാഗത്ഭ്യം പ്രകടിപ്പിക്കും. ഭാവനാ സമ്പന്നനായതുകൊണ്ട് ജനങ്ങള്‍ ആദരിക്കുന്ന മുഖ്യമന്ത്രി സംസ്‌കാരമില്ലാത്തവനും എന്ത് വൃത്തികേടും ചെയ്യാന്‍ മടിക്കാത്തവനുമായി ഭാവനാലോകത്ത് അവതരിക്കുകയും അത് വെളിപ്പെടുത്തുകയും ചെയ്യും. സംസ്‌കാരസമ്പന്നനും വിവേകശാലിയും മിതഭാഷിയുമായതുകൊണ്ട് മുഖ്യമന്ത്രിയെ ബഹുമാനപുരസ്സരം 'ഒരുത്തന്‍' എന്ന് സംബോധന ചെയ്യും.

സുകുമാരന്‍നായരുടെ വിവേകവും സംസ്‌കാരവും മിതഭാഷിത്വവും കണ്ടും കേട്ടുമറിഞ്ഞ് നായര്‍ ഗണങ്ങളാകെ ആഹ്ലാദിച്ചുല്ലസിക്കുകയാണെന്ന് കരുതുന്ന ഒരേയൊരാള്‍ സുകുമാരന്‍നായരായിരിക്കും. എന്‍ എസ് എസിന്റെ സംസ്‌കാരത്തെ മുച്ചൂടും മുടിക്കുന്ന സുന്ദരകുമാരനെ, സുശീലകുമാരനെ കൊണ്ട് കടുത്ത എന്‍ എസ് എസുകാര്‍ തോറ്റിരിക്കുന്നു. സുകുമാരന്‍നായര്‍ പറയുന്നതിന് ചെവി കൊടുക്കാന്‍ പോലും ഒരുക്കമല്ലാത്തവരാണ് മഹാഭൂരിപക്ഷം വരുന്ന നായന്‍മാര്‍. അവരാകെ സുകുമാരന്‍നായരുടെ വങ്കത്തങ്ങള്‍ കേട്ട് ഊറിയൂരി ചിരിക്കുന്നു. പക്ഷേ, പരശുരാമന്‍ മഴുവെറിഞ്ഞ് കടല്‍ മാറ്റി കരയാക്കിയ കേരളം, തന്റെ കാല്‍ക്കീഴിലാണെന്ന് വിചാരിച്ച്, ഉത്തരം താങ്ങുന്ന ഗൗളിയായി സുകുമാരന്‍നായര്‍ കഴിയുന്നു. എന്തൊരു ചേലാണ് ആ കാഴ്ച കാണാന്‍.

2011, മാർച്ച് 7, തിങ്കളാഴ്‌ച

ചെന്നിത്തല 'കളങ്കിതര്‍' എന്നുച്ചരിക്കുമ്പോള്‍ ചാണ്ടിയുടെ ഹൃദയം പിടയുന്നതെന്തുകൊണ്ട്?

തിരഞ്ഞെടുപ്പുനാളുകളില്‍ ഉണര്‍ന്നെഴുന്നേല്‍ക്കുന്ന രാഷ്ട്രീയ കക്ഷികള്‍ കോണ്‍ഗ്രസും ലീഗും കേരള കോണ്‍ഗ്രസും ജെ എസ് എസും ആദിയായവയുമാണ്. ഇക്കാര്യത്തില്‍ ആരും അവരെ കുറ്റപ്പെടുത്തുകയില്ല. കാരണം കസേര പോയാല്‍ ഉറങ്ങുകയും കസേര തരപ്പെടുത്താനുള്ള സമയമാകുമ്പോള്‍ മാത്രം ഉണരുകയും ചെയ്യുന്ന കക്ഷികളാണ് അവര്‍. കേന്ദ്രം കേരളത്തെ അവഗണിച്ചാലും ഭക്ഷ്യധാന്യം വെട്ടിക്കുറച്ചാലും റയില്‍ പദ്ധതികളൊന്നും കേരളത്തിനു അനുവദിച്ചില്ലെങ്കിലും അതിഗാഢ നിദ്രയില്‍ അമര്‍ന്നിരിക്കും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു ഡി എഫ്. പൂര്‍വകാല വാണിഭങ്ങളിലും അഴിമതി വ്യവഹാരങ്ങളിലും മുഴുകി സുഖനിദ്രയില്‍ കഴിഞ്ഞുകൂടുകയാണ് ശീലം. പക്ഷേ തിരഞ്ഞെടുപ്പ് അടുത്താല്‍ ഞെട്ടിയുണര്‍ന്ന് പിച്ചും പേയും പറയുന്ന മാതിരിയില്‍ ആരോപണങ്ങളും ആക്ഷേപങ്ങളും ഉന്നയിക്കും. അതെല്ലാം ബൂമറാംഗ് പോലെ തിരിച്ചെത്തി മാറില്‍പ്പതിക്കുമെന്ന് വൈകിയാണെങ്കിലും ഐക്യ ജനാധിപത്യമുന്നണിക്ക് തോന്നിത്തുടങ്ങിയിട്ടുണ്ട്. കണ്ടാലും കൊണ്ടാലും പഠിക്കാത്തവരായതുകൊണ്ട് അവര്‍ക്കത് പ്രശ്‌നമല്ല താനും.

സ്ഥാനാര്‍ഥികള്‍ക്ക് തെല്ലും ക്ഷാമമില്ലാത്ത മുന്നണിയാണ് യു ഡി എഫ്. കോണ്‍ഗ്രസ് പാര്‍ട്ടിയാണ് സ്ഥാനാര്‍ഥി സുലഭതയില്‍ ഏറ്റവും മുന്നില്‍. കെ എസ് യു ക്കാരും യൂത്ത് കോണ്‍ഗ്രസുകാരും ഹൈക്കമാന്‍ഡിന് മുന്നില്‍ ഹാജരാക്കിയ പട്ടിക മാത്രം പരിഗണിച്ചാല്‍ പോലും കോണ്‍ഗ്രസ് കേരളത്തില്‍ കൂടുതല്‍ നിയമസഭാ മണ്ഡലങ്ങള്‍ സൃഷ്ടിക്കേണ്ടിവരും. ആകെ 140 മണ്ഡലങ്ങളല്ലേയുള്ളൂ. കെ എസ് യുക്കാര്‍ക്കും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കും അവര്‍ നല്‍കിയ പട്ടികയിലെ മൂന്നിലൊന്നു നല്‍കിയാല്‍ പോലും 140 മണ്ഡലങ്ങള്‍ മതിയാവാതെ വരും. മുഖ്യമന്ത്രി പദം കിനാവുകാണുന്നവരായ പാവം പാവം ഉമ്മന്‍ചാണ്ടിയും പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് ഉച്ചൈസ്തരം ഘോഷിക്കുന്ന രമേശ് ചെന്നിത്തലയും കാത്തുകാത്തിരുന്നൊടുവില്‍ ദയാദാക്ഷ്യണ്യത്തോടെ, കൃപാകടാക്ഷത്തോടെ കോണ്‍ഗ്രസില്‍ എത്തിപ്പെട്ട കെ മുരളീധരനും മത്സരിച്ച് മതിവരാത്ത ആര്യാടന്‍ മുഹമ്മദും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും എം എം ഹസനും ജി കാര്‍ത്തികേയനും കെ സി ജോസഫും ആദിയായവരും എന്തു ചെയ്യും എന്ന ആവലാതി കോണ്‍ഗ്രസ് കൂടാരത്തില്‍ നിന്ന് ഗദ്ഗദ സ്വരത്തില്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു.

അറുപത് പേരുടെ പട്ടികയുമായി യൂത്ത്‌കോണ്‍ഗ്രസുകാര്‍ ഡല്‍ഹിക്ക് പറന്നത് ചാണ്ടിയും ചെന്നിത്തലയും ആര്യാടനും കെ സി ജോസഫും തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമൊക്കെ പല്ലുകടിച്ചമര്‍ത്തിയാണെങ്കിലും സഹിക്കും. പക്ഷേ വൈദ്യശാസ്ത്രം പരാജയപ്പെട്ടാല്‍ മാത്രമേ കോണ്‍ഗ്രസിലെ ചെറുപ്പക്കാര്‍ക്ക് സീറ്റു കിട്ടുകയുള്ളൂ എന്ന് കെ എസ് യു ക്കാര്‍ സങ്കടപ്പെടുകയും തങ്ങളുടെ ആധി പരസ്യപ്രമേയത്തിലൂടെ സമൂഹത്തെ അറിയിക്കുകയും ചെയ്തത് അവര്‍ക്ക് സഹിക്കാനാവുന്നതിനും അപ്പുറത്തായിപ്പോയി. ഈയുള്ളവന്‍മാര്‍ മരിച്ചാലേ പ്രതീക്ഷയ്ക്ക് വകയുള്ളൂ എന്ന്, രാഹുല്‍ഗാന്ധിയുടെ വാഗ്ദാനപ്പെരുമഴയുടെ കാലത്തുപോലും കെ എസ് യുക്കാര്‍ പരസ്യ പ്രസ്താവന നടത്തിയാല്‍ അത് ഹൃദയ ഭേദകമെന്നല്ലാതെ മറ്റെന്തു പറയാനാണ്, ചാണ്ടിമാര്‍ക്കും ചെന്നിത്തലമാര്‍ക്കും ആര്യാടന്‍മാര്‍ക്കും തിരുവഞ്ചൂര്‍മാര്‍ക്കും കഴിയുക. നിസ്വാര്‍ഥ രാജ്യസേവകരാണ് തങ്ങളെന്ന് യൂത്ത് കോണ്‍ഗ്രസുകാരും കെ എസ് യുക്കാരും തെളിയിക്കുന്നത് തിരഞ്ഞെടുപ്പ്കാലത്ത് സ്വന്തം പേരുള്‍പ്പെടുന്ന പട്ടിക നല്‍കിയാണ്.

കുത്തുങ്ങള്‍, കുട്ടികള്‍ ഇത്ര കഠിന പ്രയോഗങ്ങള്‍ നടത്തി വേട്ടയാടാന്‍ തുടങ്ങിയാല്‍ കുഞ്ഞൂഞ്ഞുമാര്‍ക്ക് എന്തു ചെയ്യാനാവും! കുഞ്ഞുങ്ങള്‍ വൈദ്യശാസ്ത്രം പരാജയപ്പെട്ടാലേ തങ്ങള്‍ക്ക് രക്ഷയുള്ളൂവെന്ന് നിലവിളിക്കുമ്പോഴാണ് ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ മത്സരിക്കുവാന്‍ തയ്യാറാണെന്ന് രമേശ് ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയിരിക്കുന്നത്. 'ഞാന്‍ റെഡിയാണ്, ഹൈക്കമാന്‍ഡിന്റെ മൂളല്‍കൂടി വേണം' എന്നാണ് ചെന്നിത്തല പറഞ്ഞതിന്റെ സാരം. ലോക്‌സഭയില്‍ മത്സരിച്ച് തോറ്റപ്പോള്‍ കെ പി സി സി പ്രസിഡന്റാവാന്‍ ഡല്‍ഹിയിലെ കാലായകാലെല്ലാം തഴുകി. തെന്നലായിപോലും ഒഴുകാനാവാത്ത പാവം തെന്നല ബാലകൃഷ്ണപിള്ളയെയും കഥയില്ലാത്ത പി പി തങ്കച്ചനെയും തഴഞ്ഞ് ആ കസേര തരപ്പെടുത്തി. രാജ്യസഭാ സീറ്റുകളില്‍ ഒഴിവുവന്നപ്പോള്‍ ആവത് പണിപ്പെട്ടു ചെന്നിത്തലക്കാരന്‍ രമേശ്. വെട്ടിവീഴ്ത്താന്‍ നോക്കിയത് ചില്ലറക്കാരെയല്ല. ആദ്യഘട്ടത്തില്‍ രമേശ് പള്ളിക്കൂടത്തില്‍ ചേരുന്നതിനും മുമ്പ് കെ എസ് യു ഉണ്ടാക്കിയ വയലാര്‍ രവിയെ. അടുത്ത ഘട്ടത്തില്‍ രമേശ് കെ എസ് യു അംഗത്വമെടുക്കുന്നതിനു മുമ്പ് കെ പി സി സി അധ്യക്ഷനായ എ കെ ആന്റണിയെ. തഴുകലിലും വാഴ്ത്തുപാട്ടിലും ഫലം കണ്ടില്ല. ഇപ്പോള്‍ ഇതാ നിയമസഭയിലേയ്ക്ക് ഒരു കൈനോക്കാന്‍ ഞാന്‍ ഒരുക്കം എന്ന് പരസ്യപ്രഖ്യാപനം നടത്തി മുന്നില്‍ വന്നിരിക്കുന്നു.

ഈ കളി ചാണ്ടിയ്ക്ക് നേരത്തേ പിടികിട്ടിയിരുന്നു. ചെന്നിത്തല കളി പഠിച്ച സ്ഥലത്തു നിന്നല്ല ചാണ്ടി കളി പഠിച്ചത്. ആരോപണവിധേയരും കളങ്കിതരും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയിലുണ്ടാവുകയില്ലെന്ന് ഉജ്ജ്വല പ്രഖ്യാപനം രമേശ് ചെന്നിത്തല നടത്തി. പാമോയില്‍ കുംഭകോണത്തില്‍ തന്നേക്കാള്‍ ഉത്തരവാദി അന്ന് ധനകാര്യ മന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് കൂടിയായ ടി എച്ച് മുസ്തഫ കോടതിയില്‍ രേഖാമൂലം പറഞ്ഞതോടെ കളങ്കിത പരിവേഷത്തില്‍ കിടന്നു പുളയുന്ന തന്നെയാണ് രമേശ് ചെന്നിത്തല ലക്ഷ്യമിടുന്നതെന്ന് ഉമ്മന്‍ചാണ്ടിക്ക് തിരിച്ചറിയാന്‍ പ്രയാസമുണ്ടായില്ല. അതുകൊണ്ടുതന്നെ തെല്ലും വൈകാതെ കുഞ്ഞൂഞ്ഞ് പത്രദ്വാര്വാ വെളിപ്പെടുത്തി, കളങ്കിതര്‍ക്ക് സീറ്റില്ലെന്ന് രമേശ് പറയുകയില്ല. അത് പത്രക്കാരുടെ വ്യാഖ്യാനം മാത്രമാണ്. മെയ്‌വഴക്കമുള്ള രമേശ് ചെന്നിത്തലയും അത് ഏറ്റുപാടി'. കളങ്കിതര്‍ക്കും മത്സരിക്കാം. പക്ഷേ ഞാനും മത്സരിക്കും എന്നാണ് ചെന്നിത്തല പറഞ്ഞത്. ഹിമാലയ കുംഭകോണവും കൊലപാതകവും രമേശ് ചെന്നിത്തലയുടെ പങ്കാളിത്തത്തെക്കുറിച്ച് പഴയ സഹയാത്രികന്‍ ഉയര്‍ത്തിയ ആക്ഷേപവും എല്ലാം ഉമ്മന്‍ചാണ്ടി ചെന്നിത്തലയുടെ കാതില്‍ മൂളിയതുകൊണ്ടാണുപോല്‍ കളങ്കിതര്‍ക്കും മത്സരിക്കാം എന്ന അഭിപ്രായം രമേശ് ഉച്ചൈസ്തരം ഘോഷിച്ചതെന്ന് കോണ്‍ഗ്രസിലെ ഒരു കൂട്ടര്‍ പറയുന്നുവെന്ന് പിന്നാമ്പുറ കഥ. ഞാനും മത്സരിക്കാന്‍ റെഡി എന്ന ചെന്നിത്തലയുടെ പ്രഖ്യാപനം കുഞ്ഞൂഞ്ഞിനെ അലോസരപ്പെടുത്തുന്നുവെന്ന് മറ്റൊരു കൂട്ടര്‍.
എന്തായാലും ഒന്ന് വ്യക്തം. സ്ഥാനമോഹികളല്ലാത്തവരാണ് കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് മുതല്‍ മൂത്ത കോണ്‍ഗ്രസുകാര്‍ വരെയുള്ളവര്‍. രാജ്യ സേവനം എന്നത് കസേരകള്‍ക്കായുള്ള മല്‍പ്പിടുത്തമാണെന്നതാണെന്ന് കോണ്‍ഗ്രസായ കോണ്‍ഗ്രസുകാര്‍ക്കൊക്കെ നിശ്ചയമുണ്ട്.

പറയാതെവയ്യ, കെ പി സി സി നിര്‍വാഹക സമിതി യോഗം കോഴിക്കോട്ട് ചേര്‍ന്നപ്പോള്‍ ഉച്ചഭക്ഷണ വേളയില്‍ ഉമ്മന്‍ചാണ്ടിയ്ക്ക് വായിലേയ്ക്ക് ഭക്ഷണം തിരുകിക്കയറ്റുന്ന രമേശ് ചെന്നിത്തലയുടെ ചിത്രം പത്രങ്ങളില്‍ അച്ചടിച്ചുവന്നിരുന്നു. അപ്പോള്‍ ഇത്രമാത്രം വലിയ പാരവയ്ക്കാനാണ് കോഴിക്കാല്‍ വിളമ്പിയതെന്ന് കുഞ്ഞൂഞ്ഞ് അറിഞ്ഞിരുന്നില്ലെന്നു മാത്രം. മുസ്തഫയെ കൊണ്ട് പാമോയില്‍ കേസിലെ ഉത്തരവാദിത്വത്തില്‍ നിന്ന് ഉമ്മന്‍ചാണ്ടിയ്ക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നും തന്നേക്കാള്‍ മുമ്പ് പ്രതിയാവേണ്ടത് ചാണ്ടിയാണെന്നും പറയിച്ചത് ചെന്നിത്തലയാണെന്ന് ചാണ്ടി അനുകൂലികള്‍ കരുതുന്നുപോല്‍. എല്ലാം ഓരോ വിശ്വാസം, ഊഹം എന്ന് സമാശ്വസിക്കുകയേ നിര്‍വാഹമുള്ളൂ.

2011, ഫെബ്രുവരി 21, തിങ്കളാഴ്‌ച

കെ.സുധാകരന്‍ പറഞ്ഞതും പറയാന്‍ മടിക്കുന്നതും കോണ്‍ഗ്രസിന്റെ ഒളിച്ചുകളിയും.

കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഇദംപ്രഥമമായിട്ടായിരുന്നു അഴിമതിക്കേസില്‍ ഉന്നത നീതിപീഠമായ സുപ്രിംകോടതി ശിക്ഷിച്ച ഒരാള്‍ക്ക് വരവേല്‍പ്പും സ്വീകരണ സമ്മേളനവും ഒരുക്കിയത്.

അഭിമാനകരമായ അനുഭവങ്ങള്‍ ഉണ്ടാവുമ്പോഴാണ് വരവേല്‍പ്പുകളും ഘോഷയാത്രകളും സ്വീകരണ സമ്മേളനങ്ങളും സംഘടിപ്പിക്കുക. എന്നാല്‍ പൊതു ഖജനാവിന്റെ സമ്പത്ത് കൈവശപ്പെടുത്തിയെന്നും അഴിമതി നടത്തിയെന്നും സുപ്രിംകോടതിക്ക് ബോധ്യപ്പെട്ടതിനാല്‍ ശിക്ഷിക്കപ്പെട്ട, ഒരു മുന്‍ മന്ത്രിയെ രാഷ്ട്രീയ നേതാവിനെ വരവേല്‍പ്പിലൂടെ ആനയിക്കുവാനും അദ്ദേഹത്തിന് സ്വീകരണ സമ്മേളനം ഒരുക്കുവാനും ഐക്യജനാധിപത്യമുന്നണി സന്നദ്ധമായി.
ഈ പ്രവൃത്തി യു ഡി എഫിന്റെ രാഷ്ട്രീയ ധാര്‍മികത എത്രമേല്‍ ദുര്‍ബലവും സത്യവിരുദ്ധവുമാണെന്ന് തെളിയിക്കുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ കാത്തുസൂക്ഷിക്കേണ്ട സത്യസന്ധതയും ധാര്‍മികതയും കോണ്‍ഗ്രസിനും അത് നേതൃത്വം നല്‍കുന്ന യു ഡി എഫിനും പരിഗണനാവിഷയങ്ങളേയല്ലെന്ന് ഇത്തരം സംഭവങ്ങള്‍ വ്യക്തമാക്കുന്നു.

1,76,000 കോടി രൂപയുടെ ടെലികോം കുംഭകോണത്തെ ന്യായീകരിക്കുന്ന ഒരു പ്രധാനമന്ത്രി നയിക്കുന്ന കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അഴിമതിയും അഴിമതിക്കാരെ ജയിലിലടയ്ക്കാന്‍ വിധിക്കുന്ന സുപ്രിംകോടതിയുടെ വിധിയും കേവലം നിസാരമായ വസ്തുതകളാണ്.

അതുകൊണ്ടു തന്നെ ഉന്നത നീതിപീഠം കഠിനതടവിനു ശിക്ഷ വിധിച്ചവരെ ഹാരാര്‍പ്പണം നടത്തി വന്‍ പൊതുയോഗങ്ങള്‍ സംഘടിപ്പിച്ച് ആദരിക്കല്‍ ചടങ്ങുകള്‍ സംഘടിപ്പിക്കുവാന്‍ കോണ്‍ഗ്രസിനും യു ഡി എഫിനും മടിയുണ്ടാവുകയില്ല.

ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് കൊട്ടാരക്കരയില്‍ ഒരുക്കിയ സ്വീകരണ സമ്മേളനം ഇതിന്റെ തെളിവായിരുന്നു.

പക്ഷേ അത്തരമൊരു വിരോധാഭാസ സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവും പാര്‍ലമെന്റ് അംഗവുമായ കെ സുധാകരന്‍ നടത്തിയ പ്രകോപനപരമായ പ്രസ്താവനകള്‍ വിവാദമായി. സുപ്രിംകോടതി ജഡ്ജിമാര്‍ വിധി പ്രസ്താവത്തിനായി കൈക്കൂലി വാങ്ങുന്നതിന് താന്‍ ദൃക്‌സാക്ഷിയായിരുന്നു എന്നാണ് സുധാകരന്‍ പരസ്യപ്രസ്താവന നടത്തിയത്.

കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അനുവദിച്ച 21 ബാര്‍ ലൈസന്‍സുകള്‍ ഹൈക്കോടതി റദ്ദു ചെയ്തുവെന്നും അത് പുനഃസ്ഥാപിക്കുവാന്‍ അബ്കാരികള്‍ സുപ്രിംകോടതിയെ സമീപിച്ചുവെന്നും അനുകൂലവിധിക്കായി രണ്ടു ഘട്ടങ്ങളിലായി 36 ലക്ഷം രൂപ ജഡ്ജിമാര്‍ക്ക് കൈമാറുന്നതിന് താന്‍ സാക്ഷിയായിരുന്നുവെന്നുമാണ് സുധാകരന്‍ പൊതു സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.

എടയ്ക്കാട് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന ജഡ്ജിമാരാണ് ബാര്‍ ലൈസന്‍സ് കേസ് പരിഗണിച്ചതെന്നും അവരുടെ സ്വഭാവം എന്താണെന്ന് മനസ്സിലാക്കാനാണ് താന്‍ അബ്കാരികളുമായി ജഡ്ജിമാരുടെ അടുത്തുപോയതെന്നും അപ്പോഴാണ് കൈക്കൂലി നല്‍കുന്നതിന് സാക്ഷിയായതെന്നുമാണ് സുധാകരന്‍ പറഞ്ഞത്.

പക്ഷേ സുധാകരന്റെ പൊതുയോഗ പ്രസ്താവനയും വസ്തുതകളുമായി പൊരുത്തപ്പെടുന്നില്ല. എടയ്ക്കാട് നിയമസഭാ തിരഞ്ഞെടുപ്പ് കേസ് പരിഗണിച്ച ന്യായാധിപരായിരുന്നില്ല ബാര്‍ ലൈസന്‍സ,് സംബന്ധിച്ച കേസ് പരിഗണിച്ചത് എന്നാണ് രേഖകള്‍ തെളിയിക്കുന്നത്.

ബാര്‍ ലൈസന്‍സ് സംബന്ധമായ കേസില്‍ തങ്ങളുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് കോണ്‍ഗ്രസ് നേതാവായ കെ സുധാകരനാണെന്ന വെളിപ്പെടുത്തല്‍ നടത്തിയത് കണ്ണൂരിലെ അബ്കാരിയായ ജോസ് ഇല്ലിക്കലാണ്. മദ്രാസിലെ കെ സുധാകരന്റെ സുഹൃത്തായ അഭിഭാഷകനുമായി ബന്ധപ്പെട്ടാണ് ജഡ്ജിമാരെ സ്വാധീനിക്കാന്‍ ലക്ഷങ്ങള്‍ നല്‍കിയതെന്നാണ് ഇല്ലിക്കല്‍ ജോസ് വ്യക്തമാക്കിയിരിക്കുന്നത്.

അബ്കാരിയുടെ ഇടനിലക്കാരനായി വര്‍ത്തിച്ച ഒരാള്‍, സുപ്രിംകോടതി കുറ്റവാളിയായി കണ്ടെത്തിയ ഒരാളെ ന്യായീകരിക്കുവാന്‍ തന്റെ ദല്ലാള്‍ അനുഭവത്തെ വ്യത്യസ്തമായ നിലയില്‍ അവതരിപ്പിക്കുകയായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് അബ്കാരിയുടെ വെളിപ്പെടുത്തല്‍.

വയലാര്‍ രവിക്ക് കെ പി സി സി പ്രസിഡന്റ് എന്ന നിലയില്‍ പത്ത് ലക്ഷം നല്‍കിയെന്നും അന്ന് മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്റെ പുത്രി പത്മജയ്ക്ക് പത്ത് ലക്ഷം നല്‍കിയെന്നാണ് അബ്കാരി ജോസ് ഇല്ലിക്കലിന്റെ വെളിപ്പെടുത്തല്‍. ഇതിന്റെ സാരം കോണ്‍ഗ്രസ് നേതൃത്വവും അന്നത്തെ ഭരണകൂടവും കടുത്ത അഴിമതിയില്‍ പങ്കാളിയായിരുന്നുവെന്നാണ്.

സ്വന്തം പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുവാന്‍, പ്രതിപക്ഷ നേതാവും കെ പി സി സി പ്രസിഡന്റും സുധാകരന്റെ പ്രസ്താവനയെ എതിര്‍ത്തപ്പോഴും അദ്ദേഹം മുതിര്‍ന്നു. എന്നാല്‍ പ്രസ്താവനയില്‍ നിന്ന് വ്യതിചലിക്കുവാനും തരാതരം പോലെ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉതിര്‍ക്കുവാനും സുധാകരന്‍ മുതിരുമ്പോള്‍ ദല്ലാള്‍പണിക്ക് മുന്‍കയ്യെടുത്ത ഒരാളെക്കുറിച്ച് സംശയം വര്‍ധിക്കുന്നത് സ്വാഭാവികമാണ്.

സ്വന്തം വഴിവിട്ട പ്രവര്‍ത്തനങ്ങളും ജുഡീഷ്യറിയെ സ്വാധീനിക്കുവാന്‍ നടത്തിയ അപഥസഞ്ചാരങ്ങളും മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ തന്റെ പ്രസംഗം നടത്തിയത്.
സുപ്രിംകോടതി ശിക്ഷിച്ച ഒരു യു ഡി എഫ് നേതാവിനെ ന്യായീകരിക്കുവാനായി കെ സുധാകരനും കൂട്ടരും നടത്തിയ പരിശ്രമങ്ങള്‍ അവരുടെ യഥാര്‍ഥ ചെയ്തികള്‍ വിളിച്ചറിയിക്കുന്നതായി!

2011, ഫെബ്രുവരി 4, വെള്ളിയാഴ്‌ച

അഭിനന്ദനം, അഭിനന്ദനം, കുഞ്ഞായ അലിക്ക് കുഞ്ഞൂഞ്ഞിന്‍ അഭിനന്ദനം!

....

ഐസ്‌ക്രീം കണ്ടാല്‍ കുഞ്ഞുങ്ങള്‍ക്ക് അഥവാ കുട്ടികള്‍ക്ക് കൊതിയൂറും. മുതിര്‍ന്നവര്‍ക്ക് മാധുര്യം തോന്നും. പക്ഷേ ഐസ്‌ക്രീം എന്നു കേട്ടാല്‍ ഉറക്കം നഷ്ടപ്പെടുന്നവരും ചുട്ടുപൊള്ളുന്നവരുമുണ്ടെന്ന് കുറച്ചുകാലമേ ആയിട്ടുള്ളൂ കേരളക്കരക്കാര്‍ക്ക് മനസ്സിലായിട്ട്. ഇപ്പോള്‍ ആ അപൂര്‍വങ്ങളില്‍ അപൂര്‍വമായ, അവിശ്വസനീയമായ പൊള്ളുന്ന സത്യം കേരളം വീണ്ടും അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഐസ്‌ക്രീമിന് കാഞ്ഞിരക്കുവിനേക്കാള്‍ കയ്‌പ്പോ എന്ന് ലീഗുകാരും കോണ്‍ഗ്രസുകാരും കടന്നല്‍കുത്തിയ മുഖഭാവത്തോടെ ചോദിക്കാതെ ചോദിക്കുന്നു.

പേരില്‍ ആദ്യം കുഞ്ഞും ഒടുവില്‍ കുട്ടിയുമുള്ളതിനാല്‍ കുഞ്ഞാലിക്കുട്ടിക്ക് ഐസ്‌ക്രീമിനോട് തീര്‍ത്താല്‍ തീരാത്ത ഭ്രമമമുണ്ടായിപ്പോയി. കുഞ്ഞുങ്ങള്‍ക്കാണല്ലോ ഐസ്‌ക്രീമില്‍ ഏറെ കമ്പം. പേരില്‍ എന്തിരിക്കുന്നുവെന്ന് ചോദിക്കുന്നതൊക്കെ വെറുതേയാണ്. പേരിലാണ് എല്ലാമിരിക്കുന്നതെന്ന് ചെറുമക്കളെ താലോലിക്കാന്‍ അവസരം കൈവന്ന പ്രായത്തിലും കുഞ്ഞാലിക്കുട്ടി തെളിയിക്കുന്നു.

മലയാളികള്‍ ഉദ്വേഗത്തോടെ കഥകള്‍ കേള്‍ക്കുകയും ആകാംക്ഷയോടെ കാഴ്ചകള്‍ കാണുകയും ചെയ്തുകൊണ്ടിരിക്കുന്നു. കേട്ട കഥകളല്ല, കേള്‍ക്കാനിരിക്കുന്ന കഥകളിലാണ് കാതലിരിക്കുന്നതെന്ന് പറഞ്ഞുകേള്‍ക്കുന്നു. കാണാനിരിക്കുന്ന കാഴ്ചകളിലാണ് കമ്പമേറുകയെന്നും പറയുന്നു. കാതലേറിയ കഥകള്‍ കേള്‍ക്കാനും കമ്പമേറിയ കാഴ്ചകള്‍ക്കായും പാവം പ്രജ കാത്തിരക്കുന്നു.


ഒരുമയുണ്ടെങ്കില്‍ ഒലക്കമേലും കിടക്കാം എന്ന ചൊല്ല് പ്രാബല്യത്തിലുണ്ടായിരുന്ന കാലത്ത് കുഞ്ഞാലിക്കുട്ടിയ്ക്കും ഭാര്യാ സഹോദരീ ഭര്‍ത്താവ് റൗഫിനും ശയിക്കാന്‍ ഒലക്കയുടെ പകുതി മതിയായിരുന്നു. പക്ഷേ ആ ചൊല്ലിന് ഇപ്പോള്‍ വേണ്ടത്ര ഗരിമയില്ലാതായതുകൊണ്ട് ഒരുമയില്ലാതാവുകയും ഒലക്കമേലെന്നല്ല വീതിയേറിയ കട്ടിലില്‍ പോലും കിടക്കാനാവാതാവുകയും വന്നു.


ഇരുമെയ്യാണെങ്കിലും ഒറ്റക്കരളായി ജീവിച്ച് വികൃതികളും പരാക്രമങ്ങളും അട്ടിമറികളും സംയുക്തസംരഭമായി നടപ്പില്‍വരുത്തുകയും ചെയ്ത സമ്മോഹനകാലം കൈവിട്ടുപോയി. എനിക്കുള്ളതെല്ലാം നിനക്കുള്ളതെന്നും നിനക്കുള്ളതെല്ലാം എനിക്കുള്ളതെന്നും ഒരുമിച്ച് പാടി നടന്ന ബിനാമി വസന്തവും കൊഴിഞ്ഞുപോയി. അപ്പോഴാണ് ഐസ്‌ക്രീം വീണ്ടും പൊള്ളാന്‍ തുടങ്ങിയത്. ആ പൊള്ളുന്ന കാലത്ത് വധഭീഷണി കേട്ട് കുട്ടിയും കുഞ്ഞുമായ അലി ഞെട്ടിത്തരിച്ചു. വ്യാജ സി ഡി അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്ന് കേട്ട് പരിഭ്രാന്തനായി.

പറ്റിപ്പോയതൊക്കെയും ചെയ്തുപോയതില്‍ ചിലതം ഉള്ളിന്റെ ഉള്ളില്‍ നിന്ന് പുറത്തേയ്ക്കുവന്നു. അധികാരത്തിലിരുന്ന കാലത്ത്, അധികാരത്തിന്റെ സിരാകേന്ദ്രങ്ങളില്‍ പതിവുതാമസക്കാരനായി കഴിഞ്ഞുകൂടിയ ഭാര്യാസഹോദരീ ഭര്‍ത്താവിനുവേണ്ടി വഴിവിട്ട പലതും ചെയ്തുപോയി. ഇനി കൊന്നാലും ചെയ്യില്ല. ചെയ്തുപോയതിന്റെ കുറ്റബോധം കാരണം ഏറെനാളായി ഊണുമില്ല, ഉറക്കവുമില്ല. ജലപാനം തെല്ലുമില്ല. കാരണം ജനങ്ങളോടും നാടിനോടും അത്രമാത്രം പ്രതിജ്ഞാബദ്ധതയുണ്ട് കുഞ്ഞാണെങ്കിലും കുട്ടിയാണെങ്കിലും അലിക്ക്. ഭാര്യാസഹോദരീ ഭര്‍ത്താവിന് റബ്ബര്‍ ഫാക്ടറി തീവെച്ചതിലും പാകിസ്ഥാനില്‍ നിന്ന് കള്ളനോട്ട് കടത്തിയതിലുമൊക്കെ പങ്കുണ്ടെന്ന് വ്യാജ സി ഡി ഒരുങ്ങുകയും മംഗലാപുരത്തുനിന്ന് ക്വട്ടേഷന്‍ സംഘം ഫോണില്‍ പലയാവര്‍ത്തി വിളിക്കുകയും ചെയ്തപ്പോഴാണ് കുഞ്ഞാലിക്കുട്ടിക്ക് അറിയാന്‍ കഴിഞ്ഞത്.

തെറ്റുപറഞ്ഞിട്ടുകാര്യമില്ല. കാരണം ആള്‍ വെറുമൊരു കുട്ടിയാണല്ലോ.

പക്ഷേ ഭാര്യാസഹോരദീ ഭര്‍ത്താവ് ഒരു കുട്ടിയല്ലാത്തതുകൊണ്ട് വൈകുന്നേരം ഒരു പിടി കഥകള്‍ പറഞ്ഞു. ഐസ്‌ക്രീം കേസ് അട്ടിമറിച്ചകഥ, ഇരകള്‍ക്കും സാക്ഷികള്‍ക്കും കോടികള്‍ കൈമാറിയകഥ, ജഡ്ജിമാരെ വശീകരിച്ച കഥ, വ്യാജരേഖയുണ്ടാക്കിയകഥ. കഥ തുടരും എന്നുകൂടി റൗഫ് ഭീഷണിപ്പെടുത്തി. കഥ തുടരുമെന്ന് കേട്ടപ്പോള്‍ കുട്ടിക്ക് ഉള്‍വിളിയുണ്ടായി. ഭാര്യാസഹോദരീ ഭര്‍ത്താവ് ഒരു ഭീകരജീവിയാണ്.

ആ ഭീകരസത്വത്തെ ഇനിയും കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവെന്ന് വിശേഷിപ്പിച്ച് നിഷ്‌കളങ്കനായ കുട്ടിയെ വേദനിപ്പിക്കരുതെന്ന് അദ്ദേഹം കേണുകരഞ്ഞു.

'ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ഒരായിരം പേര്‍ വരും, കരയുമ്പോള്‍ കൂടെ കരയാന്‍ നിന്‍ നിഴല്‍ മാത്രം വരും' എന്ന സിനിമാ ഗാനശകലം പോലെയായിരുന്നു കുട്ടിയുടെ അനുഭവം. ഐസ്‌ക്രീം മധുരത്തിന്റെ കാലത്ത് കൂടെനിന്ന് ചിരിക്കുവാനും കൈകൊട്ടി പാടാനും ആയിരം പേരൊന്നുമല്ല, എത്രയോ ആയിരങ്ങളുണ്ടായിരുന്നു. കരയാന്‍ തുടങ്ങിയപ്പോള്‍ കൂടെ കരയാന്‍ നിഴലിനെപോലും കണ്ടുകിട്ടാതെ കരഞ്ഞപ്പോഴാണ് നല്ലവരില്‍ നല്ലവനായ കുഞ്ഞൂഞ്ഞ് താങ്ങായും തണലായും സ്വന്തം നിഴല്‍ തന്നെയായും രംഗത്തുവന്നത്.

മുന്നണി നേതാവായാല്‍ ഇങ്ങനെ വേണം. കൂടെകിടക്കുന്നവനേ രാപ്പനി അറിയൂ എന്നു പറയുന്നത് എത്ര ശരിയാണ്. മോചനയാത്രയുടെ ക്ഷീണകാലമാണ്, പനി വിടാതെ പിന്തുടരുന്നുമുണ്ട്. എന്നിട്ടും ഉമ്മന്‍ചാണ്ടി പാവം പാവം കുട്ടിയുടെ രാപ്പനി അറിഞ്ഞു. പത്രക്കാരെ വിളിച്ചുവരുത്തി മുഖത്തുനോക്കി ആര്‍ജവത്തോടെ പറഞ്ഞു! 'കുഞ്ഞാലിക്കുട്ടി അഭിനന്ദനം അര്‍ഹിക്കുന്നു'. വൈകിയാണെങ്കിലും കുറ്റസമ്മതം നടത്തിയതിന് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍. കുഞ്ഞാലിക്കുട്ടി സന്തോഷംകൊണ്ട് വിതുമ്പിപ്പോയി.

അച്ഛനെയും അമ്മയെയും കൊന്ന മകന്‍ കോടതിമുറിയില്‍ വിചാരണ ചെയ്യപ്പെടുമ്പോള്‍ ജഡ്ജിയോട് കുറ്റം ഏറ്റുപറഞ്ഞു. പക്ഷേ ഒന്നുകൂടി പ്രതി പറഞ്ഞത്രേ; ഞാന്‍ അച്ഛനും അമ്മയുമില്ലാത്ത അനാഥനാണ്. അതുകൊണ്ട് തന്നെ മോചിപ്പിക്കണം. കുഞ്ഞാലിക്കുട്ടിയും തെറ്റ് ഏറ്റുപറഞ്ഞിരിക്കുന്നു. കൂടെ കരയാന്‍ ആരുമില്ലാത്ത നിലയില്‍ അനാഥനുമായിരിക്കുന്നു. സ്വന്തം പാര്‍ട്ടി നേതാവുതന്നെ സ്വന്തം ചാനലിലൂടെ വെളിപ്പെടുത്തലുകള്‍ നടത്തുന്നു. അതിനാല്‍ കുറ്റവിമുക്തനാക്കാവുന്നതാണ്, അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍ അര്‍പ്പിക്കാവുന്നതാണ്.
എല്ലാം വെറുമൊരു മായ എന്നു പറഞ്ഞതുപോലെ എല്ലാം വെറും ഗൂഢാലോചനയാണ് ചെന്നിത്തലയ്ക്ക്.

കേരളത്തെ മോചിപ്പിക്കുവാനാണ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും മാണിയും ആദിയായവരും റോഡിലിറങ്ങിയത്. ഇപ്പോള്‍ മോചിപ്പിക്കുവാനിറങ്ങിയവര്‍ ജനങ്ങള്‍ക്ക് മുന്നില്‍ തടവറയിലാണ്. കേരളത്തിന്റെ മോചനം പിന്നെ; ഇനി അവരവരുടെ മോചനം എന്ന അവരുടെ എക്കാലത്തെയും മുദ്രാവാക്യം ചാണ്ടിമാരും കുഞ്ഞാലിമാരും ഗദ്ഗദസ്വരത്തില്‍ മുഴക്കുന്നത് കേരളം കേള്‍ക്കുന്നുണ്ട്.

2011, ജനുവരി 16, ഞായറാഴ്‌ച

മഹാലേലം വിളികളുടെ 'സുവര്‍ണകാലം'!

ഒരു തരം, രണ്ടുതരം, മൂന്നുതരം - ലേലംവിളി തകൃതിയായി മുന്നേറുകയാണ്. ടെലിവിഷന്‍ ചാനലുകളില്‍ ലേലം വിളിയുടെ തത്സമയ സംപ്രേഷണവും ഇടവേളകളില്ലാതെ അരങ്ങേറുന്നു. വാര്‍ത്താ ചാനലുകാര്‍ക്ക് ലേലം വിളിയില്‍പരം പ്രധാനമായ മറ്റൊരു വാര്‍ത്തയുമില്ലെന്നത് നിസ്സംശയം അറിയാവുന്നതുകൊണ്ട് ഇടതടവില്ലാതെ വാര്‍ത്ത ലൈവായി പ്രേക്ഷകരില്‍ എത്തിക്കുകയും സമയാസമയം വിശകലനങ്ങള്‍ പൊടിപൊടിക്കുകയും ചെയ്തു.

തേങ്ങായുടെയോ കൊപ്രാപിണ്ണാക്കിന്റെയോ കന്നുകാലികളുടെയോ ലേലംവിളിയല്ല. താരങ്ങളുടെ ലേലം വിളിയാണ്. ക്രിക്കറ്റ് നക്ഷത്രങ്ങള്‍ സമശീതോഷ്ണ മുറിയിലെ ലേലംവിളി ലൈവായി കണ്ട് നെഞ്ചിടിപ്പ് ഇരട്ടിപ്പിച്ചു. മദ്യരാജാക്കന്മാരും എണ്ണ മുതാലളിമാരും താരസുന്ദരികളും സിമന്റ്് കുത്തകകളുമൊക്കെ മത്സരിച്ച് ലേലം വിളിയില്‍ മുഴുകി. വിജയ് മല്ല്യമാരും ശ്രീമതി മുകേഷ് അംബാനിയും പ്രീതി സിന്റയും ശില്‍പാഷെട്ടിയുമൊക്കെ ഓരോ ക്രിക്കറ്റ് താരത്തിനുമുള്ള മതിപ്പുവില തരാതരംപോലെ ഉയര്‍ത്തി.

ലേലം വിളിയ്ക്ക് ചുക്കാന്‍ പിടിച്ച പ്രത്യേകം ക്ഷണിക്കപ്പെട്ട സായ്പ്, ഗൗതം ഗംഭീര്‍ ഒരുതരം രണ്ടുതരം മൂന്നുതരം എന്നുദ്‌ഘോഷിച്ച് ലേലം ഉറപ്പിക്കുമ്പോള്‍ അടുത്ത ആളിന്റെ വില നിശ്ചയിക്കാന്‍ മുതലാളിമാരും അനുചരന്മാരും വട്ട മേശയ്ക്ക് ചുറ്റുമിരുന്ന് ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടു.

നന്ദിയില്ലാത്ത മുതലാളിമാര്‍ എന്ന് ചില നക്ഷത്രങ്ങള്‍ പരിതപിക്കുകയും ശപിക്കുകയും ചെയ്യുന്നു. കടുവകളും സിംഹങ്ങളും പുലികളുമായിരുന്നവരാണ് അവര്‍. ബംഗാള്‍ കടുവ, വെസ്റ്റിന്ത്യന്‍ പുലി, കരീബിയന്‍ ചെന്നായ എന്നൊക്കെയായിരുന്നു ഓമനപ്പേരുകള്‍. പക്ഷേ മുതലാളിമാര്‍ക്കും താരസുന്ദരിമാര്‍ക്കും ഇപ്പോള്‍ അവരൊക്കെ പല്ലുകൊഴിഞ്ഞ കടുവകളും സടകൊഴിഞ്ഞ സിംഹങ്ങളുമാണ്.

കോടികള്‍ വരുന്നതും ഒഴുകുന്നതും പോകുന്നതും ഞൊടിയിട നേരം കൊണ്ടാണ്. ചിലരുടെ മതിപ്പുവില കുത്തനെ ഉയര്‍ന്നു. മറ്റു ചിലരുടേത് കുത്തനെ ഇടിഞ്ഞു. വാണിഭശാലയിലെ ലേലവിഭവങ്ങളായി നിന്നുകൊടുത്ത താരങ്ങളില്‍ വിലകൂടിയവര്‍ അഭിമാനപുളകിതരായി. വില ഇടിഞ്ഞവര്‍ തല താഴ്ത്തി. ഒരു വിലയുമില്ലെന്ന് മുതലാളിമാര്‍ നിശ്ചയിച്ചവര്‍ നാണക്കേടുകൊണ്ട് മുഖംപൊത്തി.

ഇതെല്ലാം കണ്ടുംകേട്ടും ഇന്ത്യന്‍ രക്ഷകര്‍തൃസമൂഹം ഒരു പൊതുതീരുമാനത്തിലേക്ക് ചടുലമായി നീങ്ങിക്കൊണ്ടിരിക്കുകയാണ്. പിള്ളാരെ എഴുത്തിനിരുത്തിയും പള്ളിക്കൂടത്തില്‍ ചേര്‍ത്തും നേരം പാഴാക്കാതെ രണ്ടുബാറ്റും നാലുപന്തും വാങ്ങി നല്‍കി പന്തടിച്ചു പായിക്കാന്‍ ശേഷിയുള്ളവരാക്കി പിച്ചവച്ചുനടക്കാന്‍ തുടങ്ങുമ്പോഴേ മാറ്റിയെടുക്കണമെന്നതാണ്.

ഉന്നതവിദ്യാഭ്യാസം നേടിയാലും നാലണയുടെ വിലയില്ലാത്ത നാട്ടിലാണ് കണ്ണും പൂട്ടി പന്ത് വീശിയടിക്കുന്നവര്‍ക്ക് പത്തും പതിനൊന്നും കോടി രൂപയുടെ വില.

ഇന്ത്യ ദരിദ്രമാണെന്നു പറയാന്‍ ഇനി ഏതെങ്കിലും ഒരാള്‍ക്ക് ചങ്കൂറ്റമുണ്ടാകുമോ?
ഉണ്ടാകുന്നെങ്കില്‍ അത് വല്ലാത്തൊരു ചങ്കൂറ്റമായിപ്പോകും.
രണ്ടുദിവസത്തെ ലേലംവിളികൊണ്ട് എത്ര കോടികളാണ് ഒഴുകി നിമിര്‍ത്തത്. പക്ഷേ ക്രിക്കറ്റ് രംഗത്തെ ലേലംവിളി മാടമ്പിമാര്‍ വിനയാന്വിതരാണ്. കാരണം തങ്ങള്‍ ഒഴുക്കുന്ന കോടികള്‍ എത്ര നിസ്സാരമാണ് എന്ന വിനീതഭാവം അവരുടെയെല്ലാം മുഖത്ത് തുടിച്ചു നില്‍ക്കുന്നു.

1,76,000 കോടി ഒറ്റയടിക്ക് അടിച്ചെടുത്ത എ രാജയെപ്പോലെ ഒരു രാജാവാകാന്‍ കഴിഞ്ഞില്ലല്ലോ എന്ന കുണ്ഠിതമാണ് വിനയത്തിലേക്ക് നയിക്കുന്നത്. കണക്കെടുത്ത് തീര്‍ന്നിട്ടില്ലാത്ത കോമണ്‍വെല്‍ത്ത് കുംഭകോണത്തെ കുറിച്ചാലോചിക്കുമ്പോള്‍ കുണ്ഠിതമിരട്ടിക്കുകയും വിനയം ഏറുകയും ചെയ്യുന്നു.

1,76,000 കോടി പോയതൊന്നും ഒരു വലിയ പാതകമൊന്നുമല്ലെന്ന് കപില്‍ സിബല്‍മാരും മന്‍മോഹന്‍ സിംഗുമാരും കരുണാനിധിമാരും മൊഴിയുമ്പോള്‍ അതുമൊരു ലേലം വിളിയിലെ, വിളിയില്ലാത്ത ലൈവ് ടെലികാസ്റ്റിംഗില്ലാത്ത കച്ചവടമായിരുന്നല്ലോ എന്നത് ക്രിക്കറ്റ് താരങ്ങളും അവരുടെ ഉടമകളും ആലോചിച്ചു വിഷമിക്കുന്നു.

ഒരു നേരത്തെ അന്നത്തിന് വകയില്ലാത്തവര്‍ ദശലക്ഷങ്ങള്‍, 80 കോടിയോളം വരുന്ന മനുഷ്യരുടെ പ്രതിദിന വരുമാനം 20 രൂപയില്‍ താഴെ. പക്ഷേ അവരൊന്നും യഥാര്‍ഥ ഇന്ത്യയുടെ അടയാളമല്ലെന്ന് നമ്മുടെ ഭരണാധികാരികള്‍ക്കും മുതലാളിമാര്‍ക്കും അറിയാം.
പ്രതിശ്രുത വധുവിന് ഐ പി എല്‍ വാണിഭത്തില്‍ കോടാനുകോടി വിയര്‍പ്പോഹരി വാങ്ങിനല്‍കിയ മന്ത്രി ആലങ്കാരിക പ്രയോഗം നടത്തിയതുപോലെ 'കന്നുകാലികള്‍' പോലുമല്ലാത്തവരാണ്. യഥാര്‍ഥ ഇന്ത്യ ലേലംവിളികളില്‍ ഏര്‍പ്പെടുന്ന രാജമാരും കല്‍മാഡിമാരും മല്യമാരും ടാറ്റമാരും അംബാനിമാരുമാണെന്ന് പറയാനേ അവരുടെ നാവുയരു.

പാവം പാവം ഇന്ത്യക്കാര്‍ ഇതെല്ലാം കണ്ടും കേട്ടുമിരിക്കുന്നു.

2011, ജനുവരി 4, ചൊവ്വാഴ്ച

എ ഐ സി സി സമ്മേളനത്തിലെ ഫലിതവും യൂത്ത് കോണ്‍ഗ്രസിലെ തിരഞ്ഞെടുപ്പ് മഹാമഹവും!

ജനാധിപത്യം എന്നത് സമസ്ത കോണ്‍ഗ്രസുകാരനും ജീവനേക്കാള്‍ പ്രധാനമായി കരുതുന്ന ഒന്നാണ്.
അതുകൊണ്ടാണ് പി സി സി അധ്യക്ഷന്‍മാരെ ദേശീയ പ്രസിഡന്റ് നാമനിര്‍ദേശം ചെയ്ത് ജനാധിപത്യത്തിന്റെ പുഷ്‌കലകാലം കോണ്‍ഗ്രസിനുള്ളില്‍ ആവര്‍ത്തിച്ച് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ദേശീയ പ്രസിഡന്റിനാല്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട പി സി സി പ്രസിഡന്റുമാര്‍ ഡി സി സി പ്രസിഡന്റുമാരെയും അതേ മാതൃകയില്‍ നിയമിക്കണം. ഡി സി സി പ്രസിഡന്റുമാരും മാതൃക പിന്തുടരണം. ഇല്ലെങ്കില്‍ അച്ചടക്ക ലംഘനമാവും. കാരണം അച്ചടക്കത്തിനും പേരുകേട്ട രാഷ്ട്രീയ കക്ഷിയാണ് കോണ്‍ഗ്രസെന്ന് എല്ലാ ഭാരതീയര്‍ക്കും അറിയാവുന്നതാണ്. സോഡാകുപ്പിയേറും കസേരകൊണ്ടടിയും ഉടുമുണ്ടഴിക്കലും പരസ്യവിഴുപ്പലക്കലും വഴി അച്ചടക്കത്തിന്റെ നവമാതൃകകള്‍ സൃഷ്ടിച്ച കക്ഷിയാണ് കോണ്‍ഗ്രസ് എന്ന് ഏവര്‍ക്കും ബോധ്യമുണ്ട്.

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ പദവിയിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ ഒരേയൊരാളിനു വേണ്ടി മാത്രം ഓരോ പി സി സിയും ഒന്നിലേറെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചുകൊണ്ട്, പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ തീര്‍ത്തും ജനാധിപത്യവല്‍ക്കരിക്കും. പട്ടാഭി സീതാരാമയ്യയും സുഭാഷ് ചന്ദ്രബോസും തമ്മില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് നടന്ന മത്സരമൊക്കെ ഒരേയൊരു പേരെഴുതി പത്രിക സമര്‍പ്പിക്കുന്ന കോണ്‍ഗ്രസിലെ ഇന്നത്തെ മഹാമല്ലന്‍മാര്‍ക്ക് പിടിയുണ്ടാവുകയില്ല. ഏത് പട്ടാഭി, ഏത് സുഭാഷ് എന്നൊക്കെ അവര്‍ ചോദിച്ചു കളയും. കോണ്‍ഗ്രസ് ചരിത്രമെഴുതിയ പട്ടാഭി എന്നാരെങ്കിലും പറഞ്ഞാല്‍ 'അതെവിടെ കിട്ടും?' എന്ന് തിരിഞ്ഞുനിന്ന് ചോദിക്കും.

ഇത്തരത്തിലുള്ള അധികം ചോദ്യങ്ങള്‍ ഉണ്ടാവാതിരിക്കാനാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ദേശീയ സമ്മേളനമൊക്കെ ഒന്നര ദിവസം കൊണ്ട് അവസാനിപ്പിക്കുന്നത്. ഉദ്ഘാടന പ്രസംഗവും രാഷ്ട്രീയ-സാമ്പത്തിക-സംഘടനാ പ്രമേയങ്ങളും ചര്‍ച്ചകളുമൊക്കെ നിമിഷനേരം കൊണ്ടു കഴിയും. എല്ലാവര്‍ക്കും ഒരേ രാഗത്തില്‍ സൃഷ്ടിക്കപ്പെട്ട സ്തുതിഗീതമല്ലാതെ മറ്റൊന്നും പാടാനാവാത്തത് കോണ്‍ഗ്രസുകാര്‍ അത്രമേല്‍ ഐക്യമുള്ളവരും ഒരുപോലെ ചിന്തിക്കുന്നവരും ആയതുകൊണ്ടാണ്.

അതിവേഗതയില്‍ അവസാനിച്ച സമ്പൂര്‍ണ പ്ലീനറി സമ്മേളനത്തില്‍ കുറച്ച് സമയം തമ്മില്‍ തല്ലും ഉന്തും തള്ളും മൂലം നഷ്ടപ്പെട്ടെങ്കിലും കുണ്ഠിതമില്ല. കാരണം ആഗോള പ്രശ്‌നങ്ങള്‍ മുതല്‍ ഗ്രാമതല വിഷയങ്ങള്‍ വരെ ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്തിയാണ് പിരിഞ്ഞത്. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സോണിയാഗാന്ധിയുടെ ഒറ്റ പ്രസംഗം കൊണ്ടു സാധിച്ചു. അതുകൊണ്ട് സവാളയും തക്കാളിയും വെളുത്തുള്ളിയും കണ്ടാല്‍ ഭാരതീയര്‍ ഓടിരക്ഷപ്പെടുന്ന നിലവന്നു.

അഴിമതി എന്നു കേട്ടാല്‍ അറയ്ക്കുന്ന, അപ്പോള്‍ തന്നെ ആട്ടുന്ന കക്ഷിയാണ് കോണ്‍ഗ്രസ്. അതുകൊണ്ടു മാത്രം ഒരു ലക്ഷത്തി എഴുപത്തിയാറായിരം കോടി രൂപയുടെ ടെലികോം അഴിമതി അറിഞ്ഞില്ലെന്നു നടിച്ചു. പഴയ ടെലികോം കുംഭകോണത്തിന്റെ ഭാഗമായി, തലയണയ്ക്കടിയില്‍ നിന്ന് കോടിക്കണക്കിന് രൂപ കണ്ടെടുക്കപ്പെട്ട് ജയിലിലടയ്ക്കപ്പെട്ട സുഖ്‌റാം കോണ്‍ഗ്രസ് നേതാവാണെന്ന വസ്തുത ഓര്‍ക്കാതെ പോയി. കോമണ്‍വെല്‍ത്ത് ഗെയിംസ് കുംഭകോണവും ആദര്‍ശ് ഫ്‌ളാറ്റ് അഴിമതിയും ബഡാ പ്രശ്‌നങ്ങളല്ലാതായി. സോണിയ പറഞ്ഞതുപോലെ അഴിമതിക്കാര്‍ക്കെതിരെ അപ്പപ്പോള്‍ കോണ്‍ഗ്രസ് നടപടിയെടുത്ത് ഞെട്ടിച്ചുകളഞ്ഞു.

പക്ഷേ രാജയുടെ ടെലികോം കുംഭകോണം അറിഞ്ഞിട്ടും അറിഞ്ഞില്ലെന്നു നടിച്ച മന്‍മോഹന്‍സിംഗ് വേദിയില്‍ മുന്‍നിരയിലും ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണത്തില്‍ പെട്ട കേന്ദ്രമന്ത്രിമാരായ വിലാസ് റാവു ദേശ്മുഖും സുശീല്‍ കുമാര്‍ ഷിന്‍ഡയും വേദിയുടെ പിന്‍നിരയിലും അശോക് ചവാന്‍ സദസ്സിലും കോണ്‍വെല്‍ത്ത് ഗെയിംസില്‍ കുറ്റം ചാര്‍ത്തപ്പെട്ട ഷീലാദീഷിത് വേദിയിലും സുരേഷ് കല്‍മാഡി സദസ്സിലും ഇരിക്കുമ്പോഴായിരുന്നൂ സോണിയയുടെ അഴിമതി വിരുദ്ധ പ്രസംഗം എന്നതുകൊണ്ട് തന്നെ അത് അക്ഷരാര്‍ഥത്തില്‍ അന്വര്‍ഥമായി എന്ന് കോണ്‍ഗ്രസുകാര്‍ അഭിമാനിച്ചു.

തെറ്റ് പറയരുതല്ലോ, കോണ്‍ഗ്രസുകാര്‍ക്ക് എന്തും ഏതും അഭിമാനത്തിനു വക നല്‍കുന്നതാണ്. അതുകൊണ്ട് മാത്രമാണ് ബിഹാര്‍ നിയമസഭാ സീറ്റുകള്‍ മുകുള്‍വാസ്‌നിക്ക് എന്ന ചുമതലക്കാരന്‍ വിറ്റഴിച്ചു എന്ന് പറഞ്ഞ് ബിഹാറിലെ കോണ്‍ഗ്രസുകാര്‍ തല്ലുണ്ടാക്കുകയും സമ്മേളനം നിര്‍ത്തിവെയ്പ്പിക്കുകയും ചെയ്ത കാര്യം പോലും അതിരറ്റ അഭിമാനമാണ് സമ്മാനിച്ചതെന്ന് ഖദര്‍ധാരികള്‍ വ്യക്തമാക്കുന്നത്.

അടിമുതല്‍ മുടിവരെ ജനാധിപത്യം ഈ വിധം പൂത്തുനില്‍ക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിലെ യൂത്ത് കോണ്‍ഗ്രസില്‍ 'യുവരാജാവ്' രാഹുല്‍ഗാന്ധിയുടെ നിര്‍ദേശപ്രകാരം സംഘടനാ തിരഞ്ഞെടുപ്പ് നടത്തിയത്. അംഗത്വ വിതരണ ഘട്ടത്തില്‍ തന്നെ അതു നിരീക്ഷിക്കാന്‍ ഖജനാവിലെ പണം ചെലവഴിച്ച് രാഹുലന്‍ കേരളത്തില്‍ വരുകയും ടാലന്റ് ഹണ്ട് നടത്തുകയും ചെയ്തു. കേരളത്തിലുള്ളവരാകെ ടാലന്റുള്ളവരായതുകൊണ്ട് കേരളത്തിലുള്ള യുവാക്കളുടെ ഇരട്ടിയിലധികം പേര്‍ യൂത്ത് കോണ്‍ഗ്രസ് അംഗങ്ങളായി. എയും ഐയും വിശാല ഐയും മൂന്ന്, നാല്, അഞ്ച്, ആറ്... എന്നിങ്ങനെ നീളുന്ന ഗ്രൂപ്പുകളുമായി കേരള ജനസംഖ്യയുടെ മൂന്നില്‍ രണ്ടുപേരെ യൂത്ത് കോണ്‍ഗ്രസ് അംഗങ്ങളാക്കി.

യുവാക്കള്‍ക്കുവേണ്ടി ശബ്ദിച്ചും സമരം ചെയ്തും തളര്‍ന്നുപോയ, പാര്‍ട്ടി ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും തമ്പടിച്ച് വിശ്രമിക്കുന്ന യൂത്ത് കോണ്‍ഗ്രസുകാരോട് കേരളത്തിലെ യുവാക്കള്‍ക്കും വൃദ്ധര്‍ക്കും ആഭിമുഖ്യം ഉണ്ടാവുന്നതിലും അംഗത്വമെടുക്കുന്നതിലും അദ്ഭുതമില്ല തന്നെ.

പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളില്‍ പത്രിക നല്‍കിയവര്‍ കേരളക്കരയാകെ കാലുപിടിച്ചു നടന്നു. വോട്ടര്‍മാരെ കണ്ടു കാലുപിടിച്ചു. വാഗ്ദാനങ്ങളില്‍ തെല്ലും കുറവുവരുത്തിയില്ല. അത്യാവശ്യം നല്‍കേണ്ടതൊക്കെ നല്‍കി. ഒടുവില്‍ തിരഞ്ഞെടുപ്പ് മഹാമഹം അരങ്ങേറുന്നതിനു തൊട്ടു മുമ്പ് ഐക്യം പൂത്തുലഞ്ഞു നില്‍ക്കുന്ന കോണ്‍ഗ്രസിലെ ബഹുവിധ ഗ്രൂപ്പുകാര്‍ തങ്ങളുടെ കൈവശമാണ് ഏറ്റവും അധികം വോട്ടെന്ന് പത്രദ്വാര്വാ മാലോകരെ അറിയിച്ചു.
ഇത്തരം മഹോത്സവങ്ങള്‍ നടത്താന്‍ ഇപ്പോള്‍ കമ്പനികളുള്ളതുകൊണ്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് സ്ഥാനാര്‍ഥികളുടെ ബോര്‍ഡ് വെയ്ക്കുന്നതിനോ പോസ്റ്റര്‍ ഒട്ടിക്കുന്നതിനോ ആയാസപ്പെടേണ്ടിവന്നില്ല. കോടിക്കണക്കിനു രൂപ നല്‍കി ഈവന്റ് മാനേജ്‌മെന്റുകളെ ഏര്‍പ്പിച്ചു. ഗാന്ധിയന്‍ ശൈലിയുള്ള പ്രവര്‍ത്തനം. തിരഞ്ഞെടുപ്പ് മഹാമഹം സംഘടിപ്പിച്ചതും ഇത്തരത്തില്‍ ഒരു കമ്പനിതന്നെ.

സ്ഥാനാര്‍ഥികള്‍ക്ക് അനുവദിച്ചു നല്‍കിയ ചിഹ്നങ്ങളുടെ പട്ടിക കാണുമ്പോഴാണ് കോണ്‍ഗ്രസിന്റെ മഹത്വം കൂടുതല്‍ മനസ്സിലാകുക. കത്തുന്ന ടോര്‍ച്ച് ലൈറ്റ്, ടൂത്ത് ബ്രഷ്, വടി, ബലൂണ്‍, പമ്പരം എന്നിത്യാദിയായിരുന്നൂ അടയാളങ്ങള്‍. വടി ഉള്‍പ്പെടുത്തിയതിന് പ്രത്യേക കാരണമുണ്ട്. അവശ്യം വരുന്ന സന്ദര്‍ഭത്തില്‍, വിശേഷിച്ചും തിരഞ്ഞെടുപ്പാകയാല്‍ ഒഴിവാക്കാനാവാത്ത ഒന്നാണ് വടി. സോഡാക്കുപ്പി, പിച്ചാത്തി, കോടാലി, വെട്ടുകത്തി എന്നിവ കൂടി ഉള്‍പ്പടുത്തേണ്ടതായിരുന്നൂ.

പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ പ്രസംഗിച്ചപ്പോള്‍ കത്തുന്ന ടോര്‍ച്ച് ലൈറ്റിന്റെ പ്രതിനിധി അനുയായികളുടെ കരഘോഷത്തിന്റെ പിന്‍ബലത്തോടെ പറഞ്ഞുവത്രേ; ഇപ്പോള്‍ ഇരുട്ടാണ്. പക്ഷേ വെളിച്ചം പകരാന്‍ എന്റെ കൈയില്‍ കത്തുന്ന ടോര്‍ച്ച് ലൈറ്റുണ്ട്. ബ്രഷ് ചിഹ്നമായി കിട്ടിയ സ്ഥാനാര്‍ഥി പറഞ്ഞത് മാലിന്യങ്ങളാകെ തുടച്ചുനീക്കാന്‍ ബ്രഷ് വേണം. ഇപ്പോള്‍ തന്റെ കൈയില്‍ ചെറിയ ബ്രഷുണ്ട്. പക്ഷേ ഇതു പോരാ. മാലിന്യങ്ങള്‍ തുടച്ചുമാറ്റാന്‍ എനിക്ക് വലിയൊരു ബ്രഷ് വേണം.

അനുയായികളില്‍ കൂടുതല്‍ പേര്‍ ബ്രഷിന് വോട്ടു ചെയ്തു. കാരണം മറ്റൊന്നുമല്ല, അഴിമതിയുടെ ചളിക്കുണ്ടില്‍ കഴുത്തറ്റം മുങ്ങി നില്‍ക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ തുടച്ചു വൃത്തിയാക്കാന്‍ വലിയ ബ്രഷ് വേണമെന്ന തിരിച്ചറിവ് അവര്‍ക്കുണ്ടായി. വെളിച്ചമില്ലെങ്കിലും കുഴപ്പമില്ല, സ്വന്തം നേതാക്കളുടെ മേല്‍പുരണ്ട അഴിമതിക്കറ തുടച്ചു വൃത്തിയാക്കി സുമുഖരാക്കുകയാണ് അടിയന്തര കടമയെന്ന് അവര്‍ക്ക് ബോധ്യമുണ്ട്.

ആ ഉദ്യമത്തില്‍ അവര്‍ വിജയിക്കട്ടെ.

മന്‍മോഹന്റെ ബഹുവിധ ബുദ്ധി പ്രയോഗങ്ങള്‍!

ശുഭ്രവസ്ത്രധാരി, പാതിവിടര്‍ന്ന ചിരി, പതിഞ്ഞ സ്വരം, ഭൂമിക്കു നോവുമെന്ന് കരുതി മന്ദം മന്ദം നടക്കുന്ന ആള്‍, എന്തിനും ഏതിനും നിസ്സംഗതയെന്ന മട്ട്, വിധേയത്വം എന്ന ഒരിക്കലും വിട്ടുമാറാത്ത നടപ്പുദീനം, ഓരോ ദിവസവും ഓരോ വര്‍ണത്തില്‍ പ്രത്യക്ഷപ്പെടുന്ന തലപ്പാവ്, കൃത്രിമത്വം നിറഞ്ഞ വിനയവും കൈകൂപ്പലും. ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെക്കുറിച്ചുള്ള ഈ ലളിത വിവരണം ആ ചിത്രം മനസ്സില്‍ തെളിയിക്കും.

ആള്‍ വിനയാന്വിതരിലും വിനയാന്വിതനാണ്. വിധേയരിലും വിധേയനാണ്. നെഹ്‌റു മുതല്‍ വാജ്‌പേയി വരെയുള്ള പ്രധാനമന്ത്രിമാരില്‍ ഒരാള്‍ക്കും ഇത്രമേല്‍ വിനയാന്വിതനും വിധേയനുമാവാന്‍ കഴിഞ്ഞിട്ടില്ലെന്നതിലാണ് മന്‍മോഹന്‍സിംഗ് ഊറ്റംകൊള്ളുന്നത്. അമേരിക്കയ്ക്ക് മുന്നില്‍ തുടങ്ങി രാഹുല്‍ഗാന്ധിയ്ക്ക് മുന്നില്‍ വരെ കുമ്പിട്ടുനില്‍ക്കാന്‍, മന്‍മോഹന്‍സിംഗിനു മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ഫലാഗമത്തിനാല്‍ മരങ്ങള്‍ താഴുന്നതും ഘനമേറിയ മേഘം മഴയായി വര്‍ഷിക്കുന്നതും കരുത്തും സമ്പത്തുമേറുമ്പോള്‍ വിനയാന്വിതമാകുന്ന പ്രകൃതിയുടെ തെളിവുകളാണെന്ന് കാളിദാസന്‍ ഓര്‍മ്മപ്പെടുത്തിയിരുന്നു. 'താഴ്മതാന്‍ അഭ്യുന്നതി' എന്ന് വലിയവര്‍ പറഞ്ഞുതരുകയും ചെയ്തിരുന്നു.

പ്രധാനമന്ത്രി പദം നിനച്ചിരിക്കാതെ സ്വന്തമായപ്പോള്‍, അത് താലത്തില്‍ വെച്ച് സമ്മാനിച്ച സോണിയാഗാന്ധിയോടും അവരുടെ പരിചാരകരോടും താഴ്മയായി നില്‍ക്കേണ്ടതുണ്ടെന്ന് പ്രായോഗിക ജീവിത പാഠങ്ങള്‍ ഗ്രഹിച്ചിട്ടുള്ള മന്‍മോഹന് മനസ്സിലായിരുന്നു. സോണിയാഗാന്ധിയുടെ പ്രീതി കലശലായ നിലയില്‍ സമ്പാദിക്കണമെങ്കില്‍ യുവരാജാവായി ഞെളിഞ്ഞു നടക്കുന്ന രാഹുല്‍ഗാന്ധിയെ ഇഷ്ടമല്ലെങ്കിലും വണങ്ങണമെന്ന് മന്‍മോഹന് മനസ്സിലായിരുന്നൂ.

കോണ്‍ഗ്രസില്‍ കാലണ മെമ്പര്‍ഷിപ്പ് പോലുമില്ലാതിരുന്ന കാലത്ത്, 1991 ല്‍ രാജ്യത്തിന്റെ ധനകാര്യ മന്ത്രിയായി മന്‍മോഹനെ വാഴിച്ചത് പി വി നരസിംഹറാവുവാണ്. റാവുവിനെ കോണ്‍ഗ്രസിന് വേണ്ടാതായപ്പോള്‍ മന്‍മോഹനും വേണ്ടാതായി. ഉണ്ട ചോറിന് നന്ദി വേണം എന്ന പഴമക്കാരുടെ ഉപദേശം മന്‍മോഹന്‍ അക്ഷരാര്‍ഥത്തില്‍ അനുസരിക്കുകയായിരുന്നൂ. 91 വരെ കോണ്‍ഗ്രസുമായി കടലും കടലാടിയും തമ്മിലുള്ള ബന്ധം മാത്രമുണ്ടായിരുന്ന മന്‍മോഹന് റാവുവിനെ മറന്നതുകൊണ്ട് പ്രധാനമന്ത്രിക്കസേര തന്നെകിട്ടി. ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ എന്നതൊക്കെ ആലോചനാമൃതമായ പ്രയോഗം മാത്രമാണെന്ന് മന്‍മോഹന്‍ സിംഗിനും അറിയാം. മന്‍മോഹന്‍സിംഗിന് കോണ്‍ഗ്രസ് അംഗത്വം കിട്ടിയത് എന്നെന്ന് മന്‍മോഹനോ ദേശീയ അധ്യക്ഷ സോണിയയ്‌ക്കോ നിശ്ചയമില്ല. പക്ഷേ മന്‍മോഹന്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രിയാണ്. കോണ്‍ഗ്രസ് പ്രധാനമന്ത്രിയായി രണ്ടാംവട്ടം വാഴാനും മെമ്പര്‍ഷിപ്പ് വേണമെന്ന് കോണ്‍ഗ്രസ് ഭരണഘടനയില്‍ പറഞ്ഞിട്ടില്ലെന്ന് മന്‍മോഹന്‍സിംഗിന് അറിയാം.

പ്രധാനമന്ത്രിയാവാന്‍ സോണിയയും രാഹുല്‍ഗാന്ധിയും കനിയണം. പക്ഷേ പ്രധാനമന്ത്രിയായി തുടരാന്‍ അവരുടെ കാരുണ്യം മാത്രം പോര. മുത്തുവേല്‍ കരുണാനിധിയുടെയും മമതാബാനര്‍ജിയുടെയും ദയാവായ്പു വേണം. കരുണാനിധിയുടെ ദയ കിട്ടണമെങ്കില്‍ പ്രിയപുത്രി കനിമൊഴിയുടെയും പുത്രന്‍മാരായ അളഗിരിയുടെയും സ്റ്റാലിന്റെയും മരുമക്കളുടെയും ദാക്ഷിണ്യം വേണം. കലിതുള്ളി അലറുന്ന, മുഖ്യമന്ത്രിക്കസേര കിനാവുകണ്ട് ഞെട്ടിയുണരുകയും അലറുകയും ചെയ്യുന്ന മമതാ ബാനര്‍ജിയുടെ കൃപയ്ക്കുവേണ്ടി കേഴുകയും വേണം.

ഈ വലിയ തിരിച്ചറിവ് മന്‍മോഹന്‍സിംഗിനുള്ളതുകൊണ്ടാണ് റയില്‍വേ മന്ത്രാലയം നാഥനില്ലാ കളരിയായിട്ടും പ്രധാനമന്ത്രിയായ തലപ്പാവുകാരന്‍ മിണ്ടാതിരിക്കുന്നത്. റയില്‍വേയില്‍ മമത പറയുന്നതാണ് ആദ്യത്തെയും അവസാനത്തെയും വാക്കെന്ന് മൗനം കൊണ്ട് പ്രഖ്യാപിക്കുന്നത്. ജ്ഞാനേശ്വരി തീവണ്ടി അട്ടിമറി മാവോയിസ്റ്റുകളുടേതല്ലെന്ന് മമത പറയുമ്പോള്‍, ശരിതന്നെ എന്ന മട്ടില്‍ കണ്ണുംപൂട്ടി വായുമടച്ചിരിക്കുന്നത് ഐ എം എഫില്‍ വാ പൂട്ടിയിരുന്ന ഉദ്യോഗസ്ഥനായിരുന്ന അനുഭവ പരിചയംകൊണ്ടാണ്.

കരുണാനിധിയെ പണ്ടേയ്ക്കു പണ്ടേ ഭയമാണ്. അതുകൊണ്ടാണ് രണ്ടാമത് പ്രധാനമന്ത്രിയായപ്പോള്‍ കരുണാനിധിയുടെ വത്സല ശിഷ്യനായ എ രാജയെ മന്ത്രിയാക്കാനാവില്ലെന്ന് പറഞ്ഞു പിന്‍മാറിയത്. കരുണയുടെ നിധി കരുണ തെല്ലുമില്ലാതെ കണ്ണുരുട്ടിയപ്പോള്‍ രാജയെ ടെലികോം വകുപ്പുതന്നെ നല്‍കി കുടിയിരുത്തി. എങ്ങനെയും പ്രധാനമന്ത്രിക്കസേര നിലനിര്‍ത്തണം. കാരണം നിനച്ചിരിക്കാതെ കിട്ടിയ വലിയ പദവി കാക്കകൊത്തിപ്പോകാന്‍ അനുവദിക്കുകയില്ലെന്നതു തന്നെ.
രാജ്യത്തെ മാത്രമല്ല, ലോകത്തെ തന്നെ ഞെട്ടിപ്പിച്ച 1,76,000 കോടി രൂപയുടെ ടെലികോം കുംഭകോണം പുറത്തുവന്നപ്പോഴും കണ്ണടച്ചതും കയ്യ് കൂട്ടികെട്ടിയതും അതുകൊണ്ടു തന്നെയാണ്. എന്തു സംഭവിച്ചാലും എന്റെ കസേര പോകരുത് എന്നായിരുന്നൂ മുദ്രാവാക്യം. തന്റെ എല്ലാ ഇടപാടുകളും പ്രധാമന്ത്രിക്ക് അറിയാമായിരുന്നുവെന്നും അതാതു സമയം അറിയിച്ചിരുന്നുവെന്നും മന്ത്രി രാജ പറഞ്ഞപ്പോള്‍, മിണ്ടാവ്രതം അനുഷ്ഠിച്ചതും വെറുതെയല്ല.

ഈ മിണ്ടാവ്രതം ഐ എം എഫിന്റെ ശമ്പളക്കാരനായിരിക്കുന്ന കാലത്തേ അഭ്യസിച്ചിരുന്നതുകൊണ്ട് ഇപ്പോള്‍ പ്രത്യേക പരിശീലനമൊന്നും വേണ്ടി വന്നില്ല.

സംയുക്ത പാര്‍ലമെന്ററി സമിതി എന്നുകേട്ടാല്‍ ഈ മന്‍മോഹന്‍സിംഹത്തിന് അരിശം വരും. പക്ഷേ പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്കു മുന്നില്‍ ഹാജരാകാന്‍ ഈ 'സിംഹം' ഒരുക്കമാണ്. കാരണം പി എ സിക്ക് പ്രധാനമന്ത്രിയെ വിളിച്ചുവരുത്താനോ തെളിവെടുക്കാനോ അവകാശമില്ലെന്ന് കാര്യവിവരമുള്ളവര്‍ അദ്ദേഹത്തിന് പറഞ്ഞുകൊടുത്തിരിക്കുന്നു. പി എ സിക്ക് മുന്നില്‍ ഹാജരാകാന്‍ തയ്യാറായ ഒരാള്‍, പാര്‍ലമെന്റ് എത്ര ദിവസം സ്തംഭിച്ചാലും ജെ പി സി പാടില്ലെന്ന് ശഠിക്കുന്നത് എന്തുകൊണ്ട് എന്ന ന്യായമായ ചോദ്യത്തിന് ഉത്തരം പറയാന്‍ കഴിയാതെ അലയുമ്പോള്‍ ചുണ്ണാമ്പുതൊട്ട കള്ളനെ മാലോകര്‍ കാണുന്നു.

ചുണ്ണാമ്പു തൊട്ട ആ ദേഹം പക്ഷേ കുലുങ്ങില്ല. കാരണം അമേരിക്കയോടുള്ള ദാസ്യഭാവത്തില്‍ പ്രശംസ നേടിയ വ്യക്തിയാണ് ആ മഹനീയ ദേഹം. അമേരിക്ക പറയുന്നതാണ് അക്ഷരം പ്രതി ശരി എന്ന് അടിയുറച്ച് വിശ്വസിക്കുന്ന അധികാരി ഇന്ത്യയുടെ ആത്മാവും സംസ്‌കാരവും കണ്ടറിഞ്ഞ പ്രധാനമന്ത്രിമാരെ അറിയാത്ത, ഇന്ത്യയെ അറിയാത്ത ഒരാള്‍ ലോകം കണ്ട ഏറ്റവും വലിയ കുംഭകോണത്തിന്റെ വിഴുപ്പുഭാണ്ഡത്തിന്റെ ഒരു വലിയ പങ്ക് ചുമലിലേറ്റി നില്‍ക്കുന്നു.

ശുഭ്രവസ്ത്ര ധാരിയാകാം, പാതിവിടര്‍ന്ന ചിരി സമ്മാനിക്കാം, പതിഞ്ഞ സ്വരത്തില്‍ സംസാരിക്കാം, പതിയെ പതിയെ നടക്കാം. പക്ഷേ അഴിമതിയുടെ അഴികള്‍ ഇത്തരം നിഷ്‌കളങ്ക വേഷങ്ങള്‍ക്കു മുന്നിലും ഉയര്‍ന്നു നില്‍ക്കുന്നതുകണ്ട് ആളുകള്‍ ചിരിക്കും. ബുദ്ധി പ്രയോഗങ്ങളാല്‍ പാവം മനുഷ്യരെ വരുതിക്കു വരുത്താനാവുകയില്ല. തലക്കെട്ട് അമേരിക്കന്‍ വിധേയത്വത്തിന്റേതു മാത്രമല്ലെന്ന് മന്‍മോഹന്റെ തല പറഞ്ഞു തരുന്നു. ആശ്ചര്യം, അദ്ഭുതം, അതിശയം ഇതൊന്നും ആര്‍ക്കും ഉണ്ടാവുന്നില്ല.