2010, നവംബർ 22, തിങ്കളാഴ്‌ച

അര്‍ദ്ധരാത്രിയിലും കൊച്ചുവെളുപ്പാന്കാലത്തും കുളിരണിയുമ്പോല്…

അങ്ങ് ദൂരെ ദൂരെ ടോയാക്കോയിലാണ് കഥ നടക്കുന്നത്.

വീര സാഹസിക കഥയൊന്നുമല്ല.

കുമ്പിട്ടും, ഓച്ചാനിച്ചും നിന്ന് നിര്‍വൃതിയടയുന്ന ഒരാളുടെയും,അതുകണ്ട് പുച്ഛത്തോടെ ചിരിക്കുന്ന മറ്റൊരാളുടെയും അറുബോറന്‍ കഥ.

കൊച്ചു വെളുപ്പാന്‍ കാലത്ത് 200 കിലോമീറ്റര്‍ കാര്‍ യാത്ര ചെയ്തെത്തിയാണ് കുമ്പിട്ടു നിന്നത്.,എല്ലാം മൂളിക്കേട്ടത്., തല കുലുക്കി സമ്മതിച്ചത്.
സ്വന്തം രാജ്യത്തെ ലോകത്തിന്റെ ശത്രുവായ ഒരാളുടെ കാല്‍ക്കല്‍ വെച്ച് ആ പാദങ്ങളില്‍ നോക്കി കൊതിയോടെയും അഭിമാനത്തോടെയും നിന്നത്.
കൊച്ചു വെളുപ്പാന്‍ കാലത്തു മന്‍മോഹന്റെ തലയിലോ ചെവിയിലോ തണുപ്പടിച്ച് കേറുകയൊന്നുമില്ല. തലയിലെ കെട്ട് കാതുകള്‍ കൂടി പൊതിയുന്നതായിരുന്നല്ലോ.
നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് ഗുണം എന്ന് പറഞ്ഞത് പോലെ തലയില്‍ കെട്ടുണ്ടായാല്‍ ഇങ്ങനെയും ഗുണമുണ്ട്.

ആ ഇരുപ്പൊന്നു കണ്ടാല്‍ ഏതു കൊണ്ഗ്രെസ്സുകാരനാണ് രോമാഞ്ചമുണ്ടാകാതിരിക്കുക? ആസനം കസേരയില്‍ ശരിക്കൊന്ന്‍ ഉറപ്പിച്ചത് പോലുമില്ല ഇരിക്കുന്നത് തോന്നിക്കുന്നതു പോലെ ബുഷിന്റെ മുന്പില്‍ ഇരുന്നു. എന്നാല്‍ ഇരുന്നതാണെന്ന് ബുഷിന്‌ പോയിട്ട് ബുഷിന്റെ വീട്ടിലെ നായകുട്ടിക്ക് പോലും തോന്നുകയുമില്ല.

ഈ ഇരുപ്പു കണ്ട് സോണിയഗാന്ധി മുതല്‍ കല്ലറ സരസമ്മ വരെ ആവേശത്താല്‍ പൊറുതിമുട്ടി. എ.കെ.ആന്റണി മുതല്‍ പി.ടി.തോമസ്‌ വരെ, വീരപ്പ മോയ് ലി മുതല്‍ ബൂത്ത്‌ പ്രസിഡന്റ്‌ കഠാര കുട്ടപ്പന്‍ വരെ, കെ.കരുണാകരന്‍ മുതല്‍ കരുണാലയം കരുണന്‍ വരെ, രമേശ്‌ ചെന്നിത്തല മുതല്‍ സുരേഷ് താഴേത്തല വരെ രോമഹര്‍ഷ പുളകിതരായി. തലയുയര്‍ത്തി പിടിച്ച് നടന്ന പ്രധാനമന്ത്രിയുണ്ടായിരുന്ന കാലമൊക്കെ എന്തൊരു ബോറാണെന്ന് ഇപ്പോള്‍ മുന്‍കാല പ്രാബല്യമുള്ള വേദനയോടെ അവര്‍ തിരിച്ചറിഞ്ഞു.

നെഹ്‌റു തൊപ്പിയുടെ കാലമൊക്കെ കൊഴിഞ്ഞു പോകാനുള്ളതാണ്.
മന്‍മോഹനെ പുകഴ്ത്തി വാനോളം ഉയര്‍ത്തിയത്‌ പോലെ, ഏതെങ്കിലും അമേരിക്കന്‍ പ്രസിഡന്റ്‌ നെഹ്‌റുവിനെ പുകഴ്ത്തിയിട്ടുണ്ടോ?

ഇനി പറയൂ;
നെഹ്‌റുവാണോ മിടുക്കന്‍, മന്മോഹനാണോ മിടുക്കന്‍?

ഉത്തരം പിടികിട്ടുന്നില്ലെങ്കില്‍ എം.ഐ.ഷാനവാസ് എന്ന അതുല്യ ബുദ്ധിശാലിയും, ജനങ്ങളുടെ സ്പന്ദനം തൊട്ടറിയാന്‍ അപാരസിദ്ധി വിശേഷമുള്ളയാളും ജനങ്ങള്‍ പലപ്രാവശ്യം അംഗീകാരം നല്കിയിട്ടുമുള്ള ചെറിയ മനുഷ്യനെ ബന്ധപ്പെടാവുന്നതാണ്.

ആണവകരാര്‍ ബുഷ്‌ വെച്ച് നീട്ടിത്തരുന്ന സ്വര്‍ണത്താലം ആണെന്ന് എല്ലാ കൊണ്ഗ്രെസ്സുകാര്‍ക്കും അറിയാവുന്നതാണ്.
ബുദ്ധിയുള്ള ആരെങ്കിലും സ്വര്‍ണത്താലം പുറംകാല്‍ കൊണ്ട് തട്ടിക്കളയുമോ?

ബുഷിന്‌ അമേരികയോടുള്ളതിനേക്കാള്‍ സ്നേഹം ഇന്ത്യയോടാനെന്ന കാര്യത്തിലും, ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തി ചോദിച്ചാലും കൊണ്ഗ്രെസ്സുകാര്‍ക്ക് ശങ്ക ഉണ്ടാവുകയില്ല. മൂത്രശങ്ക ഉണ്ടാവുന്നത് പോലെ ഒരു ശങ്ക പോലും അമേരിക്കയുടെയും ബുഷിന്റെയും കാര്യത്തിലില്ല.

കരാര്‍ വെളിപ്പെടുത്തണം എന്നൊക്കെ ഇടതുപക്ഷക്കാര്‍ പറയും.
അവര്‍ പറഞ്ഞാല്‍ കാട്ടിക്കൊടുക്കാവുന്നതല്ല കരാര്‍.
അത് മന്ത്രിസഭയില്‍ ഉള്ളവര്‍ക്കേ കാണാനാവൂ എന്ന് ഇടതന്മാര്‍ക്ക് അറിയില്ലേ?
അമേരിക്കന്‍ സെനറ്റ് അനുകൂലമല്ലേ? പിന്നെന്തിനു ഉത്ക്കണ്o ?

എല്ലാമെല്ലാമല്ലേ, എന്റെ ചേലൊത്ത ബുഷല്ലേ എന്ന് പാടി നടന്നാല്‍ എന്തൊരു സന്തോഷമാണ്!

തമാശ പറയുന്ന കാര്യത്തില്‍ മന്‍മോഹന്‍ വിരുതനാണ്.
അത് കൊണ്ടാണ് രാജ്യം ഉറങ്ങുമ്പോള്‍, പാര്‍ലമെന്റിന്റെ കവാടങ്ങള്‍ അടഞ്ഞു കിടക്കുമ്പോള്‍ അര്‍ദ്ധ രാത്രിയില്‍ രാജ്യാന്തര ആണവോര്‍ജ്ജ ഏജന്‍സിയെ സമീപിച്ചത്.
വെളുപ്പിന് ബുഷ്‌ പറഞ്ഞയച്ചതാണ്. ഇന്ത്യയില്‍ കാലു കുത്തിയാല്‍ ഉടന്‍ കൈമാറണമെന്ന്! വന്നിറങ്ങി, അടുത്ത വെളുപ്പിന് കൈമാറി. അനുസരണയുടെ കാര്യത്തില്‍ ഒരു നല്ല കുട്ടിയാണ് താനെന്നോര്‍ത്തു ബുഷിനും, അത് തിരിച്ചറിഞ്ഞ് തനിക്കും ആനന്ദമുണ്ടായി.

അര്‍ദ്ധരാത്രിയില്‍ ആരോരും അറിയാതെ എന്തിനു കൈമാറി എന്നൊക്കെ ചിലര്‍ ചോദിക്കും. അവര്‍ക്കുള്ള ഉത്തരം മോയ് ലിയുടെ മെയ് വഴക്കത്തില്‍ നിന്ന് കിട്ടിയിട്ടുണ്ട്.
അര്‍ദ്ധരാത്രിയിലാണ് പല അത്ഭുതങ്ങളും വന്നു പിറക്കുന്നത്‌.
സ്വാതന്ത്ര്യം കിട്ടിയത് എപ്പോഴാണ്?
അര്‍ദ്ധരാത്രിയില്‍!
അപ്പോള്‍ സ്വാതന്ത്ര്യം വേണ്ടെന്നു വയ്ക്കേണ്ടത് എപ്പോള്‍?
അര്‍ദ്ധരാത്രി പോലെ നല്ലൊരു സമയം മറ്റേതുണ്ട്!

കരാര്‍ ഒക്കെ നന്നായി പഠിച്ചു കഴിഞ്ഞു.
പഠിക്കുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും കൊണ്ഗ്രെസ്സുകാര്‍ ചെയ്യില്ല.

പാഠപുസ്തകത്തിന്റെ കാര്യം തന്നെ നോക്കിക്കോളൂ.
അടിച്ചു, തകര്‍ത്തു, എറിഞ്ഞു, ഉടച്ചു, പട്ടിണി കിടന്നു.
പിന്നീടാണ് പഠിക്കണമെന്ന് തോന്നിയത്.
അത് കൊണ്ട് അദ്വാനിയുടെയും,ജോഷിയുടെയും, താക്കറെയുടെയും കല്‍പ്പന പ്രകാരം ചരിത്രത്തെയും, പാഠപുസ്തകങ്ങളെയും താറുമാറാക്കിയ നാരായണന്‍ ഡോക്റ്ററുടെ നേതൃത്വത്തില്‍ കമ്മിറ്റി നിയോഗിച്ചത്.

അവര്‍ പഠിക്കും. കൊണ്ഗ്രെസ്സുകാര്‍ ഉറങ്ങും.

അര്‍ദ്ധരാത്രിയില്‍ ബുഷിന്റെ ചാക്കില്‍ കയറുന്നതിനൊപ്പം, കുറ്റാകൂരിരുട്ടത്തു ചാക്കുകളുമായി നടക്കുകയാണ്.
എണ്ണം തികയ്ക്കണം.
പണത്തിനു പണം. പദവിക്ക് പദവി.
ചാക്കില്‍ ഒന്ന് കയറിയാല്‍ മതി.

22 )0-തീയതി വരെയുള്ള രാത്രികളില്‍ ഈ പ്രക്രിയ തുടര്‍ന്ന് കൊണ്ടിരിക്കും.

ചാക്കിട്ടു പിടിത്തത്തിലും കാലുവാരലിലും ഉള്ള ഒരു സൂത്രവാക്യവും കൊണ്ഗ്രെസ്സുകാരെ പഠിപ്പിച്ചു തരാന്‍ ആരും വരേണ്ട.

സൂര്യന്‍ ഉദിക്കാതിരുന്നെങ്കില്‍, രാത്രി നീണ്ടു പോയെങ്കില്‍, ചാക്കുകളില്‍ ആളുകള്‍ കയറിയെങ്കില്‍ എന്നിത്യാദി പ്രാര്‍ഥനകള്‍ ആണ് ഇപ്പോള്‍ ബുഷിനോടുള്ളത്.

ബുഷ്‌ കനിയാതിരിക്കില്ല. ..

==============

പിന്കുറിപ്പ്:-
പൊന്നിന്‍ കുടത്തിനെന്തിനാ പൊട്ട്?
കാട്ടാറിനെന്തിനാണ് പാദസരം?
കണ്മണി ക്കെന്തിനാണ് ആഭരണം?

അതുപോലെ മുസ്‌ലിം ലീഗിനെന്തിനാണ് ധാര്‍മികത?

ലോകത്തെവിടെയും ഉള്ള മുസ്ലീങ്ങളെ ബുഷ്‌ കൊന്നു തള്ളട്ടെ!

ബാബറി പൊളിക്കാന്‍ കൂട്ട് നിന്ന കൊണ്ഗ്രെസ്സുകാരന്‍ സസുഖം വാഴട്ടെ.

പക്ഷെ ലീഗുകാര്‍ അര മന്ത്രികസേരക്ക് വേണ്ടി കൈ പൊക്കും.

അതിനൊപ്പം ആണവ കരാറിനെ മലപ്പുറത്തും മഞ്ചേരിയിലും കോഴിക്കോട്ട്ങ്ങാടിയിലും നിന്ന് എതിര്‍ത്തു കൊണ്ടേയിരിക്കും.

സബാഷ്....

പഹയനെന്താ പുത്തി!

============================

ജൂലൈ 16, 2008

2010, നവംബർ 9, ചൊവ്വാഴ്ച

പെണ്‍വാണിഭമഹിമയും ചെയര്‍മാന്‍പദവിയും ഒത്തുചേരുന്ന കല

''ഹാ! പാപമോമല്‍ മലരേ, ബത! നിന്റെ മേലും
ക്ഷേപിച്ചിതേ കരുണയറ്റ കരം കൃതാന്തന്‍!
വ്യാപാരമേ ഹനനമാം വനവേടനുണ്ടോ
വ്യാപന്നമായ് കഴുകനെന്ന്, കപോതമെന്നും?''

ആശാന്റെ വീണപൂവിലെ ഈ വരികള്‍ പെണ്‍വാണിഭങ്ങള്‍ തിമിര്‍ത്താടിയ, വാണിഭക്കാരുടെ ഉത്സവകാലത്ത് ഇരകളെ നോക്കിയും ആലോചിച്ചും ആരെല്ലാം ഉരുവിട്ടു. മലരിനെയോര്‍ത്ത് ആശാന്‍ പാടി. ഞെരിഞ്ഞമര്‍ന്ന 'മലരുകളെ' നോക്കി മനുഷ്യസ്‌നേഹികള്‍ ആവര്‍ത്തിച്ചുച്ചരിച്ചു.

അഹിംസയില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്നുവെന്ന് നാഴികയ്ക്ക് നാല്‍പതുവട്ടം ഉരുവിടുന്ന രാഷ്ട്രീയ കക്ഷിയാണ് വൈദേശികനായ എ.ഒ.ഹ്യൂം സ്ഥാപിച്ച, വിദേശത്ത് ജനിച്ച് ഇന്ത്യക്കാരിയായി മാറിയ സോണിയാഗാന്ധി നയിക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്.

പക്ഷേ മുനിസിപ്പല്‍ ചെയര്‍മാന്‍ പദവിയിലേയ്ക്ക് പരിഗണിക്കുമ്പോള്‍ പെണ്‍വാണിഭ വീരന്‍ പട്ടികയിലുണ്ടെങ്കില്‍ അദ്ദേഹത്തിന് മുന്തിയ പരിഗണന നല്‍കി അംഗീകരിക്കുമെന്നത് കോണ്‍ഗ്രസിന്റെ ഭരണഘടനയിലെ അലിഖിത വകുപ്പാണ്.
ഭരണഘടനയെ ധിക്കരിക്കുവാന്‍ കോണ്‍ഗ്രസായ കോണ്‍ഗ്രസുകാരൊന്നും തുനിയാറില്ല. നാലണ മെമ്പര്‍ഷിപ്പ് എടുക്കുന്ന കാലം മുതല്‍ അച്ചടക്കം എല്ലാ കോണ്‍ഗ്രസുകാര്‍ക്കും ഒപ്പം കൂടും.

അതുകൊണ്ട് മാത്രമാണ് ഭരണഘടനാ തത്വങ്ങള്‍ ഉയര്‍ത്തിപിടിച്ചുകൊണ്ട്, വിതുര പെണ്‍വാണിഭ കേസില്‍ വിചാരണ നേരിടുന്ന എം ഡി ജേക്കബിനെ ആലുവ മുനിസിപ്പല്‍ ചെയര്‍മാനായി ഐകകണ്‌ഠ്യേന നിശ്ചയിച്ചത്.

പക്ഷേ മഹിളാ കോണ്‍ഗ്രസുകാര്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നടപടിക്രമങ്ങള്‍ വേണ്ടത്ര പിടികിട്ടിയിട്ടില്ല. അതുകൊണ്ട് മാത്രം മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും കുറച്ച് അനുയായികളും പ്രതിഷേധവുമായി രംഗത്തുവന്നു.

പെണ്‍വാണിഭ കേസിലെ പ്രതിയെ മുനിസിപ്പല്‍ ചെയര്‍മാനാക്കുന്നത് കോണ്‍ഗ്രസിന് മോശമാണെന്ന് മഹിളാ ജനറല്‍ സെക്രട്ടറിപോലും പറയുന്നില്ല. മഹതി പറഞ്ഞത് ജനങ്ങള്‍ക്ക് നേരേയുള്ള വെല്ലുവിളിയാണെന്നാണ്.

കോണ്‍ഗ്രസിന് ഇത് അഭിമാനിക്കാവുന്ന ഭൂഷണമാണെന്ന് കോണ്‍ഗ്രസുകാരാകെ പറയുമെന്നതുകൊണ്ടാണോ ആവോ, ജനങ്ങള്‍ക്കു നേരെയുള്ള വെല്ലുവിളിയാണെന്ന് ഉച്ചൈസ്തരം പ്രഖ്യാപിച്ചത്.
ആര്‍ക്കറിയാം.

പെണ്‍വാണിഭത്തില്‍ പ്രതികളായിപെട്ടുപോയവരുടെ പിന്നിലാണ് അണികളും അനുയായികളും ഭൂരിപക്ഷം എന്നുള്ളതുകൊണ്ട് മഹിളാ ജനറല്‍ സെക്രട്ടറിയെക്കുറിച്ച് അവര്‍ കാതോടുകാതോരം മന്ത്രിക്കുവാന്‍ തുടങ്ങി.

പാര്‍ലമെന്റ് മുതല്‍ പഞ്ചായത്തുവരെ തിരഞ്ഞെടുപ്പ് വരുമ്പോള്‍ ആകാശംമുട്ടെയുള്ള മോഹങ്ങളുമായി അവതരിക്കുന്ന സ്ഥാനദാഹിയുടെ കൊതിക്കെറുവ് മാത്രമാണത്രെ അവരുടെ പ്രതികരണം.

പക്ഷേ ഇത്തരം ദുഷ്പ്രചരണങ്ങളൊന്നും മഹിളാ ജനറല്‍ സെക്രട്ടറിയെ തരിമ്പും തളര്‍ത്തുന്നില്ല. പെണ്‍വാണിഭ പ്രതിയെ ചെയര്‍മാനാക്കുന്നതിനെതിരെ നേതൃത്വത്തെ സമീപിക്കുമെന്നാണ് മഹതിയുടെ ഭീഷണി.

അതുകേട്ട് എറണാകുളത്തെ കോണ്‍ഗ്രസുകാര്‍ മാത്രമല്ല കേരളത്തിലെ കോണ്‍ഗ്രസുകാരാകെ ചിരിച്ചു ചിരിച്ചു തളരുകയാണ്.

രാത്രിയിലെ ഇരുട്ടില്‍, മറ്റൊരു വ്യക്തിയുടെ, മഞ്ചേരിയുടെ വസതിയില്‍വെച്ച് നാട്ടുകാര്‍ വളഞ്ഞുപിടികൂടുകയും പൊലീസ് സ്റ്റേഷനിലാവുകയും കോടതിയില്‍ കയറുകയും ചെയ്ത എ ഐ സി സി അംഗം രാജ്‌മോഹന്‍ ഉണ്ണിത്താനെ മാലോകരാകെ ടെലിവിഷനിലൂടെ കണ്ടിരുന്നു.
മാനം രക്ഷിക്കാന്‍ ഉണ്ണിത്താനെ കെ പി സി സി സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണ സമിതിയെ നിയോഗിച്ചു.

കൊല്ലത്തു നിന്ന് ബംഗലൂരുവിലേയ്ക്കു പോകാന്‍ പുതിയ എളുപ്പവഴി കണ്ടെത്തി, മഞ്ചേരിയിലെത്തിയ ഉണ്ണിത്താനാണ് വലയിലായത്. പക്ഷേ ഉണ്ണിത്താന്‍ ചാനല്‍മുറികളില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് പലതും തുറന്നുപറയാനുണ്ടെന്നു പറഞ്ഞു. വേണ്ടിവന്നാല്‍ എല്ലാമെല്ലാം പറയുമെന്ന് ഭീഷണിപ്പെടുത്തി.

ഉണ്ണിത്താന്റെ സസ്‌പെന്‍ഷന്‍ പോയ വഴിയേതെന്ന് ആരുമാരും അറിഞ്ഞില്ല. വന്നപോലെ പോയത് പോയതുപോലെ വന്നു.
ഉണ്ണിത്താന്‍ കെ പി സി സിയിലും എ ഐ സി സിയിലും അംഗംതന്നെ.

ആ നേതൃത്വത്തോടാണ് മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പരാതി പറയാന്‍ വെമ്പിനില്‍ക്കുന്നത്.
കോമഡി ആദ്യവസാനം നിറഞ്ഞുനില്‍ക്കുന്ന നാടകം കണ്ട് മലയാളി പ്രേക്ഷകര്‍ ആനന്ദിക്കുന്നു.

സൂര്യനെല്ലി കേസില്‍പെടുകയും ഇരയായ പെണ്‍കുട്ടി തിരിച്ചറിയുകയും ചെയ്ത 'ഗാന്ധിയനെ' വീണ്ടും എം പിയാക്കാമെങ്കില്‍, ആലുവാ പോലെ അലുവാ വലുപ്പമുള്ള മുനിസിപ്പാലിറ്റിയുടെ ചെയര്‍മാന്‍ പദത്തില്‍ വിതുര വാണിഭത്തില്‍ വിചാരണ നേരിടുന്ന ആള്‍ക്ക് ആസനമുറപ്പിച്ചുകൂടേ എന്ന ജേക്കബ് അനുയായികളുടെ ചോദ്യം ന്യായമല്ലേ എന്ന് കോണ്‍ഗ്രസുകാര്‍ ആരായുന്നു.

ചോദ്യം ചോദിക്കുന്നത് കോണ്‍ഗ്രസുകാര്‍, ചോദ്യ മുനയൊടിക്കുന്നത് കോണ്‍ഗ്രസുകാര്‍.
ഉത്തരം പറയാനും കോണ്‍ഗ്രസുകാര്‍ക്കേ കഴിയൂ.

പക്ഷേ ഉത്തരം കിട്ടാതെ അലയുകയാണ് സാധുക്കളായ ചില മഹിളാ കോണ്‍ഗ്രസുകാര്‍.

അവരുടെ കണ്ണുനീരിനും ഗദ്ഗദത്തിനും ശമനമുണ്ടാക്കാന്‍ ഉമ്മന്‍ചാണ്ടിയ്ക്കും രമേശ്‌ചെന്നിത്തലയ്ക്കും കനിവുണ്ടാകണമെന്ന് അനന്തതയിലേയ്ക്ക് നോക്കി നിലവിളിക്കാം.

പിള്ളയ്ക്കു വേണ്ടിയോരു താതനും ഭള്ളു പറഞ്ഞു നടക്കുന്ന മറ്റൊരു പിള്ളയും

പുത്രന്മാരായി പിറക്കുന്നത്‌ മുജ്ജന്മ ശത്രുക്കളാണെന്ന പ്രചാരണത്തിന് നിന്ന് കൊടുക്കാന്‍ ഒരു പിതാവും സന്നദ്ധമാവുകയില്ല.
അച്ഛന്റെ മുഖത്ത് നോക്കി പുലഭ്യം പറഞ്ഞാലും അപഹസിച്ചാലും ഒരു താതനും മകനെ എന്നെന്നേയ്ക്കുമായി തള്ളികളയാന്‍ ആവില്ല. മാനികളായ താതന്മാര്‍, ശത്രുതാഭാവവുമായി നില്‍ക്കുന്ന മക്കള്‍ ആണെങ്കിലും, അവര്‍ക്ക് ആപത്ഘട്ടം വന്നാല്‍ സഹായഹസ്തവുമായി ഓടിച്ചെല്ലും.

പുത്രവാത്സല്യത്തിന്റെ കാര്യത്തില്‍ പെരുമ കേട്ട കെ.കരുണാകരന് പുന്നാരമോന്‍ മുരളീധരന്‍ കരയിലുമല്ല വെള്ളത്തിലുമല്ല എന്ന മട്ടില്‍ കൈകാലിട്ടടിക്കുമ്പോള്‍, ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്നാ മട്ടില്‍ ഇരിക്കുവാനോ നില്‍ക്കുവാനോ സാധ്യമല്ല എന്ന് ആര്‍ക്കാണ് അറിയാത്തത്.

എന്തൊന്തൊക്കെ മുരളി പറഞ്ഞില്ല. രണ്ടുംകെട്ട പണി കാണിക്കുന്നവര്‍ എന്ന് വരെ വിശേഷിപ്പിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ സോണിയാഗാന്ധിയെ മദാമ്മ എന്ന് വിളിച്ചവര്‍ ഇപ്പോള്‍ തന്റെയോപ്പമില്ലെന്നു പറഞ്ഞ് വയ്യായ്കയുടെ കാലത്തും കുത്തിനോവിച്ചു. വീട്ടില്‍ കയറാതെ നടന്നു. അങ്ങോട്ട്‌ ചെന്നാല്‍ വാതിലടച്ച്‌ മുറിക്കകത്തിരുന്നു വേദനിപ്പിച്ചു.

എങ്കിലും മകന്‍ മകന്‍ തന്നെയാണ്.
അച്ഛന് അച്ഛന്റെതായ ചില കര്‍മ്മങ്ങള്‍ ഉണ്ട്.
ആ കര്‍മ്മ നിര്‍വഹണം ആണ് പത്രസമ്മേളനത്തില്‍ കൂടെ ഒളിയും മറയുമില്ലാതെ കണ്ണടച്ച് കാട്ടി ചില കാര്യങ്ങള്‍ പറഞ്ഞതിലൂടെ അരങ്ങേറിയത്.

മുരളീധരനെയും, കൂട്ടരെയും മുന്നണിയില്‍ എടുക്കണം. ഇപ്പോഴത്തെ പ്രതിപക്ഷം അങ്ങേയറ്റം ദുര്‍ബലമാണ്. പ്രതിപക്ഷത്തിന്റെ പണി എന്താണെന്ന് ഇപ്പോഴത്തെ നേതാക്കള്‍ക്കറിയില്ല. തന്റെ സ്വന്തം മകന്‍ ജനകൂട്ടത്തെ ആകര്‍ഷിക്കുവാന്‍ കഴിവും,കരുത്തും, സൌന്ദര്യവും ഉള്ള ജനപ്രിയനാണ്. സ്വന്തം മകനായത്‌ കൊണ്ട് വെറുതെ പറയുന്നതൊന്നുമല്ല. ഇപ്പോള്‍ തന്നെ മുരളി ചെന്ന് ചേര്‍ന്നതിനു ശേഷം എന്‍.സി.പി യ്ക്ക് പിന്നില്‍ അണിനിരന്നിരിക്കുന്ന ദശലക്ഷക്കണക്കിന്‌ ജനങ്ങളുടെ കൂട്ടത്തെ നോക്കിയാല്‍ പോരെ കാര്യം പിടികിട്ടാന്‍. മുരളിയുടെ ആഗമനത്തിനു ശേഷം,പിന്നാലെ ജനസാഗരം തിരയടിച്ചുയര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് കണ്ണുള്ളവര്‍ക്കറിയാം.

സത്യം പറഞ്ഞ് പോയാല്‍ ഹാല്‍ഇളകുന്നവര്‍ ആണ് പണ്ടേയ്ക്ക് പണ്ടേ കൊണ്ഗ്രെസ്സിലുള്ളത്.

അമ്മായി ആനപ്പുറത്തിരുന്നുവെന്ന് പറഞ്ഞ് മരുമകള്‍ക്ക് തഴമ്ബ്‌ ഉണ്ടാവുകയില്ലെന്ന എല്ലാവര്ക്കും അറിയുന്ന സത്യം സോണിയാ ഗാന്ധിയെയും നാട്ടാരെയും ഓര്‍മ്മിപ്പിച്ചതിന് എന്തൊരു പുകിലായിരുന്നു ഇവിടെ.
രക്ഷ കിട്ടാന്‍ സോണിയാഗാന്ധിയില്ലായിരുന്നുവെങ്കില്‍ കൊണ്ഗ്രെസ്സിനെയും, ഇന്ത്യയെയും കടലെടുക്കുമായിരുന്നുവെന്നു പറയേണ്ടിയും,മുട്ടില്‍ ഇഴഞ്ഞു മാപ്പിരന്നു സമസ്താപരാധങ്ങളും പൊറുക്കണമേയെന്നു കേഴേണ്ടിയും വന്നു.

ഇപ്പോഴിതാ പ്രതിപക്ഷത്തിന് അവരുടെ പണി അറിയില്ലെന്നും, മകന്‍ മിടുമിടുക്കന്‍ ആണെന്നുമുള്ള സത്യം പറഞ്ഞപ്പോള്‍ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു കോലാഹലം.
വെറുതെയല്ല കൊണ്ഗ്രെസ്സ് നന്നാവാത്തത്.
എല്ലാ ദിവസവും നിയമസഭയില്‍ ഓരോരോ കാര്യം പറഞ്ഞ് ഇറങ്ങിപ്പോവല്‍ അല്ല പ്രതിപക്ഷത്തിന്റെ ജോലി എന്ന് ഓര്‍മ്മിപ്പിക്കുന്നത് തെറ്റാണോ?
ഉമ്മന്‍ ചാണ്ടി തന്റെ പാര്‍ട്ടിയില്‍ പെട്ട ആള്‍ അല്ലായിരുന്നുവെങ്കില്‍, പ്രതിപക്ഷ നേതാവിനെ കുറിച്ച് പറയേണ്ട വിധത്തില്‍ താന്‍ പറയുമായിരുന്നു എന്ന് പറഞ്ഞത് പാതകമെന്നോ?

ദിവസവും രണ്ടു വട്ടമെങ്കിലും ഇറങ്ങിപ്പോവുകയും നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയും ചെയ്താലേ ഉശിരുള്ള പ്രതിപക്ഷം ആവൂ എന്ന് അന്വേഷണ ഗവേഷണങ്ങള്‍ക്ക്‌ ശേഷം കണ്ടെത്തിയ ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും ക്ഷമ കെടുന്നത്‌ മനസ്സിലാക്കുവാന്‍ കഴിയുന്നുണ്ട്.

ഇറങ്ങിപ്പോക്ക് ഒരു നിത്യ വിനോദവും നൂതന കലാപരിപാടിയുമായി ഉത്തരോത്തരം വളര്‍ത്താന്‍ തന്നെയാണ് അവരുടെ തീരുമാനം. ആരോഗ്യട്രിഡഗാത്രരായ തങ്ങളെ "ദുര്‍ബലം" എന്ന് പറഞ്ഞതാണ് അവരെ ഈരേ ചൊടിപ്പിച്ചത്. ഈ തടിയും പേശിബലവും പോരെങ്കില്‍ എം.എല്‍.എ മാര്‍ക്കായി പ്രത്യേകം സജ്ജമാക്കിയിരിക്കുന്ന ജിംനേഷ്യത്തില്‍ നിത്യേന ചെന്ന് പേശികളുടെ ശക്തി വര്‍ദ്ധിക്കുവാനും ഒരുക്കമാണ്.
അത് മനസ്സിലാക്കാതെ കരുണാകരന്‍ പത്ര സമ്മേളനം വിളിച്ചു തോന്നിയത് പറയുന്നതെന്തിനാണ്‌?

ഇനി മകനെ കൂടെ മുന്നണിയില്‍ എടുത്താലേ ദൌര്‍ബല്യം മാറുകയുള്ളൂ എന്നാണെങ്കില്‍ ആ വെള്ളം ഈ അടുപ്പില്‍ ചുടാവുകയില്ലെന്നു കാരണവര്‍ അറിഞ്ഞിരിക്കേണ്ടതാണ്. ഇപ്പോള്‍ പാര്‍ട്ടിക്കും,മുന്നണിക്കും അകത്തുള്ളവരെ കൊണ്ട് തന്നെ തോറ്റിരിക്കുകയാണ്.
കുറച്ചു പേരെ കൂടി പുറത്തിരുത്തിയാലെ തങ്ങളുടെ വഴി എളുപ്പം ആവുകയുള്ളൂവെന്ന് കരുതിയിരിക്കുമ്പോള്‍ വേലിയില്‍ ഇരുന്ന പാമ്പിനെയെടുത്ത് വേണ്ടാത്തിടത്തു വയ്ക്കാന്‍ ബുദ്ധിയുള്ള ആരെങ്കിലും മുതിരുമോ?
പിന്നെ വീട്ടുകാരെയാകെ അവഹേളിച്ചും,നിന്ദിച്ചും വീട്ടില്‍ നിന്നിറങ്ങിപ്പോകുമ്പോള്‍ ആലോചിക്കണമായിരുന്നു.,വീട്ടിലുണ്ടെങ്കില്‍ വിരുന്നു ചോറും കിട്ടുമെന്ന കാര്യം!

ഇപ്പോള്‍ കൂട്ടത്തിലാരുമില്ലാതെ അലയുമ്പോള്‍ പഴയ വീട്ടില്‍ നിന്ന് വിരുന്നു ചോറ് തരണമെന്ന് പറയുന്നത് നാണം കേട്ട പരിപാടിയാണ്. "കൊറ്റിനില്ലാത്തവന്‍ കോപ്പു മോഹിക്കുമോ?
വറ്റിനില്ലാത്തവന്‍ പാല്‍ കുടിച്ചീടുമോ?"
എന്ന് ചോദിച്ചത് മുരളീധരനോക്കെ അറിഞ്ഞിരിക്കാന്‍ വേണ്ടിയാണ്.

കരുണാകരന്‍ പറഞ്ഞത് കൊണ്ട് കാര്യങ്ങള്‍ തീര്‍ന്നെങ്കില്‍ ക്ഷമിക്കാമായിരുന്നു.
കാണുമ്പോള്‍ പുഞ്ചിരിക്കുകയും,ഹസ്തദാനം നടത്തുകയും,ആലിംഗനം ചെയ്യുകയും,ചെയ്യുന്ന ചില കൂട്ടരും തരംഒത്തു വന്നപ്പോള്‍ പിന്നില്‍ നിന്ന് കുത്തുകയാണ്.

നിയമസഭയില്‍ എത്താന്‍ കഴിയാതെ പുറത്തു അലഞ്ഞു തിരിയുന്ന കുഞ്ഞാലിക്കുട്ടിയാണ് ,കരുണാകരന്‍ പറഞ്ഞത് സത്യം, പരമസത്യം, പ്രതിപക്ഷം ദുര്‍ബലം തന്നെ എന്ന് അലമുറയിട്ടു വിളിച്ചത്.
ജനങ്ങള്‍ തോല്‍പ്പിച്ചതിനു മറ്റുള്ളവര്‍ എന്ത് പിഴച്ചു?
പെണ്ണ് കേസില്‍ പെട്ട് തലയില്‍ കരിന്തുണി വീണപ്പോള്‍ സഹായിക്കാനും, കുഞ്ഞാലിക്കുട്ടി ചെയ്തത് ശരികളില്‍ വലിയ ശരി യാണെന്നും പറയാന്‍ ഈ ദുര്‍ബലരെ ഉണ്ടായിരുന്നുള്ളൂ എന്ന് ഓര്‍ക്കേണ്ടതായിരുന്നു.

അതിനു "നന്ദി" എന്നുള്ളത് അജണ്ടയില്‍ ഇല്ലാത്തവരോടു പറഞ്ഞിട്ടെന്തു കാര്യം?

മുരളി കൂടി വന്നാല്‍ അതിയായ ആനന്ദം വിളയാടുമെന്നു പറഞ്ഞു പാര പണിയാന്‍ കെ.എം.മാണി തിരുവനന്തപുരത്ത് വന്നു പത്രസമ്മേളനം വിളിച്ചു കളഞ്ഞു.
മതികെട്ടാനിലും,വാഗമണ്ണിലുമൊക്കെ അരുതായ്കകള്‍ ചെയ്തപ്പോള്‍ ഒപ്പം നിന്നതിനു ഇങ്ങനെയാണോ പ്രത്യുപകാരം ചെയ്യേണ്ടത്?


വാതിലടഞ്ഞു,ആരുടെ മുന്നിലും അത് തുറന്നു കൊടുക്കുകയില്ലായെന്നൊക്കെ പറഞ്ഞ്, നിത്യേന മുരളീധരനെ നോക്കി കൊഞ്ഞനം കുത്തുന്നത് കണ്ടു നില്‍ക്കാനൊന്നും മുരളിയെ കിട്ടില്ല.
ഒരു സുന്ദര കുട്ടപ്പന്റെയും സഹായം തനിക്കും,എന്‍.സി.പി ക്കും വേണ്ടെന്ന് വച്ച് കാച്ചിയിട്ടുണ്ട്. ഒന്നരകിലോ പൌഡര്‍ ദിവസവും മുഖത്തണിയുന്ന ചെന്നിത്തലയെ, സുന്ദര കുട്ടപ്പന്‍ എന്ന് അംഗീകരിച്ചതില്‍ കൊണ്ഗ്രെസ്സുകാര്‍ക്കും പെരുത്ത സന്തോഷം.

ഐക്യം വിളയാടി നില്‍ക്കുകയാണ് ഐക്യജനാധിപത്യ മുന്നണിയിലെന്ന് മാനവരാശിയെയാകെ അറിയിക്കുകയാണ് ലക്‌ഷ്യം.

മുന്നണിയില്‍ തന്നെയുള്ള ഒരു മഹാന്‍ നാടായ നാടൊക്കെ നടന്നു ഭള്ളു പറഞ്ഞും,ജാതി പറഞ്ഞും രസിക്കുകയാണ്.

കേരളം ഭ്രാന്താലയമാണ്‌ എന്ന് വിവേകാനന്ദന്‍ പറഞ്ഞത് ജാതിഭ്രാന്ത് മൂത്തവരെ കണ്ടു തളര്ന്നപ്പോഴാണ്.
ഇപ്പോഴും അത്തരം ഭ്രാന്തന്മാര്‍ കേരളത്തില്‍ ജീവിച്ചിരിപ്പുണ്ടെന്ന് സ്ഥാപിക്കാന്‍ ബാലകൃഷ്ണ പിള്ള കൂടെയുള്ളത് കൊണ്ട് ഐക്യ ജനാധിപത്യ മുന്നണിക്ക്‌ കഴിയുന്നു എന്ന അഭിമാനം മാത്രമാണ് ബാക്കി.

"ഈറ്റപ്പുലികളും സിംഹഗജങ്ങളും ചേറ്റില്‍ കിടക്കുന്ന പന്നിത്തടിയനും"
എന്നൊക്കെ കവി പാടിയിട്ടുണ്ട്.
ഈറ്റപ്പുലികളും സിംഹ,ഗജങ്ങളും ഇപ്പോള്‍ കൂട്ടത്തിലില്ല.
പക്ഷെ ചേറ്റില്‍ കിടക്കുന്ന പന്നിത്തടിയന്മാര്‍ ഉണ്ടെന്നത് ആശ്വാസകരം തന്നെ.

വാ തുറന്നാല്‍ നല്ലത് പറയില്ലെന്ന ദ്രിഡനിശ്ചയം ഇങ്ങനെ കൂടെക്കൊണ്ടു നടക്കാന്‍ കഴിയുന്നത്‌ ചെറിയ കാര്യമല്ല. സജ്ജനാചാരം പിടിപെടാതുള്ളോരു ദുര്‍ജ്ജ്ജനങ്ങളെ കുടെക്കൂട്ടി നടക്കുന്നത് മഹത്തായ കാര്യമാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കം പറയാനാവുകയില്ല.

ദുര്ജ്ജനങ്ങളെയും ചെണ്ടയെയും എത്രകണ്ട് മര്‍ദിക്കുമോ അത്രകണ്ട് നന്നാവുമെന്ന് കരുതുന്ന കൂട്ടര്‍ക്ക് വായില്‍ തോന്നിയത് കോതയ്ക്ക് പാട്ടെന്ന മട്ടില്‍ പറഞ്ഞ് നടക്കുന്ന പിള്ളയെയും നന്നാക്കിയെടുക്കണമെന്നു തോന്നിപ്പോയാല്‍ കാര്യം കുഴയുമെന്നുള്ളത് മാത്രമാണ് ഏകപ്രശ്നം.
========================================================================
ജനുവരി 5, 2009

2010, നവംബർ 6, ശനിയാഴ്‌ച

മുഖ്യമന്ത്രിയാരെന്ന് തൊട്ടുകാണിക്കാം,അവരവരുടെ സ്വന്തം കൈയില്‍ തൊട്ടാണെന്നു മാത്രം!

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം ആരാണ് മുഖ്യമന്ത്രിയെന്ന് ആരായാന്‍ സമയമായിട്ടില്ലെന്ന് ഏതു കുഞ്ഞുകുട്ടികള്‍ക്കും അറിയാം.

പക്ഷേ കോണ്‍ഗ്രസുകാര്‍ തിരഞ്ഞെടുപ്പിന് ആറുമാസത്തോളം ശേഷിക്കുമ്പോള്‍ തന്നെ കുപ്പായം തുന്നി, മുഖത്ത് പൗഡര്‍ പൂശി ഉത്സാഹഭരിതരായി ടി വി ക്യാമറകള്‍ക്കു മുന്നില്‍ മുഖ്യമന്ത്രി വേഷം അഭിനയിക്കുന്നതു കണ്ട് വീണ്ടുവിചാരമുളളവരാകെ ചിരിക്കുകയാണ്.
ഇങ്ങനെ കുപ്പായം തുന്നിയ എത്രയെത്ര പേരുടെ കുപ്പായങ്ങള്‍ നെടുകെ കീറിപ്പോയിട്ടുണ്ടെന്നുള്ള പഴയതും അധികം പഴയതല്ലാത്തതുമായ കഥകള്‍ മറന്നുപോയല്ലോ ഇക്കൂട്ടര്‍ എന്ന സഹതാപവും അലയടിച്ചു തുടങ്ങിയിട്ടുണ്ട്.

ഉമ്മന്‍ചാണ്ടിയാണ് അടുത്ത മുഖ്യമന്ത്രിയെന്ന് ആരു പറഞ്ഞുവെന്ന് വയലാര്‍രവി ഉമ്മന്‍ചാണ്ടിയുടെ ഉറ്റ അനുയായികളെ ചാരത്തിരുത്തി ഗര്‍ജ്ജനത്തോടെ ചോദിച്ചു.

താന്‍ അങ്ങനെ പറഞ്ഞിട്ടേയില്ലെന്ന് ഉടന്‍ രമേശ് ചെന്നിത്തലയുടെ പ്രതിവചനമുണ്ടായി. വയലാര്‍ജീ പറഞ്ഞതാണ് 'ശരിയിലും വലിയ ശരി' എന്നു കൂടി ചെന്നിത്തല പറഞ്ഞു.

ഈ കൂത്ത് കണ്ട് ആസ്വദിച്ച് അങ്ങു ഡല്‍ഹിയിലിരുന്ന് പമ്മി പമ്മി ചിരിയ്ക്കുന്നൂ എ കെ ആന്റണി.

ഉമ്മന്‍ചാണ്ടി പ്രതികരണമില്ലാതെ സ്വന്തം മുറിയ്ക്കുള്ളില്‍ യോഗാസനം അനുഷ്ഠിക്കുന്നു.

ഇപ്പോള്‍ നടന്നത് നിയമസഭയിലേയ്ക്കുള്ള തിരഞ്ഞെടുപ്പല്ലെന്ന് അറിയാത്തത് കോണ്‍ഗ്രസുകാര്‍ മാത്രമാണ്. കോര്‍പ്പറേഷന്‍ മേയര്‍മാരെയും മുനിസിപ്പല്‍ ചെയര്‍മാന്‍മാരെയും ജില്ലാ-ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരെയും തിരഞ്ഞെടുക്കുവാനുള്ളതായിരുന്നൂവെന്നത് മറന്നുപോയി.
മറവി രോഗത്തിനുള്ള ആയുര്‍വേദ-അലോപ്പതി ഔഷധങ്ങള്‍ക്ക് മരുന്നു വിപണിയില്‍ ക്ഷാമമില്ലെങ്കിലും അവ വാങ്ങിക്കഴിക്കുവാനുള്ള സമയം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ലഭിക്കാത്തതാണ് കാരണം എന്ന് ഒരു കൂട്ടര്‍.
ആ മരുന്നുകള്‍ വെറുതേ പ്രചരണം നടത്തുകയും ഓര്‍മ്മശക്തി വീണ്ടെടുക്കുന്നതില്‍ പരാജയവുമാണെന്ന് മറ്റൊരു കൂട്ടര്‍.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ചില ജില്ലകളില്‍ നാമമാത്രമായ മുന്‍കൈ ഉണ്ടായപ്പോള്‍ തന്നെ മുഖ്യമന്ത്രിയാരെന്ന ചര്‍ച്ച തുടങ്ങിയത് വരാനിരിക്കുന്ന ഉഗ്രന്‍ സംഘട്ടനങ്ങളുടെ വിസ്‌ഫോടന രംഗങ്ങളുള്‍പ്പെടുന്ന തിരക്കഥാ രചനയുടെ പ്രാരംഭ ഘട്ടമായെന്ന് മലയാളികളെ അറിയിക്കുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ നിയമസഭയിലേയ്ക്ക് ജയിച്ചതാവുകയില്ല.

1990 ലെ ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് മഹാഭൂരിപക്ഷം ലഭിച്ചു. നാലു മാസത്തിനു ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിനായിരുന്നൂ വിജയം.

നിയമസഭയിലേയ്ക്കും പാര്‍ലമെന്റിലേയ്ക്കും ഒരുമിച്ചു തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ പാര്‍ലമെന്റിലേയ്ക്ക് ഒരു മുന്നണിയെയും നിയമസഭയിലേയ്ക്കു മറ്റൊരു മുന്നണിയെയും തിരഞ്ഞെടുത്ത ചരിത്രമുണ്ട്.
ഇന്ത്യയാകെ അലയടിച്ച കോണ്‍ഗ്രസ് വിരുദ്ധ തരംഗകാലത്തും കോണ്‍ഗ്രസ് അനുകൂല തരംഗ കാലത്തും വ്യത്യസ്തമായി ചിന്തിച്ച പാരമ്പര്യമാണ് കേരളത്തിന്റേത്.
ഈ ചരിത്ര പാഠങ്ങള്‍ ഒന്നും അറിയാത്തതുകൊണ്ടല്ല, ഓര്‍മ്മശക്തി വീണ്ടെടുക്കുവാനുള്ള ഔഷധങ്ങള്‍ ഫലിക്കാത്തതുകൊണ്ടോ, അത്തരം ഔഷധങ്ങള്‍ ഉപയോഗിക്കാത്തതുകൊണ്ടോ മാത്രം സംഭവിക്കുന്നതാണ്.

പഞ്ചായത്ത് പ്രസിഡന്റിനെ തീരുമാനിക്കേണ്ട സമയത്ത് മുഖ്യമന്ത്രിയാരായിരിക്കും എന്നു ചര്‍ച്ച ചെയ്യുന്നത് അതുകൊണ്ടു മാത്രമാണ്.

വയലാര്‍ രവി സിംഹ രൂപമെടുത്ത് ഗര്‍ജ്ജിക്കുന്നതിനെ ആര്‍ക്ക് കുറ്റം പറയാനാവും. കേരളത്തിന്റെ മുഖ്യമന്ത്രിക്കസേര അദ്ദേഹത്തിന്റെ ചിരകാല സ്വപ്നമാണ്.
പക്ഷേ അത് അനുദിനം കിട്ടാക്കനിയായി അകലങ്ങളിലേയ്ക്ക് അകന്നകന്നു പോവുന്നു.
കരുണാകരനും മുമ്പ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ വന്നു.
എന്നിട്ടെന്ത് കാര്യം?
കരുണാകരന്‍ നാലുതവണ മുഖ്യമന്ത്രിയായി.
ആന്റണിയെ കെ എസ് യുക്കാരനാക്കിയതു തന്നെ വയലാര്‍ജീയാണ്.
പക്ഷേ ആന്റണി നല്ല പ്രായത്തില്‍ മുഖ്യമന്ത്രിയായി.
വയലാര്‍ജീയ്ക്ക് കാഴ്ചക്കാരനായി നില്‍ക്കുവാനേ കഴിഞ്ഞുള്ളൂ.

1982 ല്‍ കരുണാകരന്‍ വീണ്ടും മുഖ്യമന്ത്രിയായപ്പോള്‍ ആഭ്യന്തരമന്ത്രി പദം കിട്ടി. കിട്ടിയതെങ്കില്‍ കിട്ടിയത് എന്ന് സമാധാനിച്ചപ്പോഴാണ് കരുണാകരന്‍ ആഭ്യന്തരമന്ത്രി പദവി തട്ടിപ്പറിച്ചത്. വേണമെങ്കില്‍ കൃഷി വകുപ്പ് എടുത്തുകൊള്ളാന്‍ ഉപദേശിച്ചത്.
ഇന്നത്തെപ്പോലെ അന്ന് അഭിമാനം നഷ്ടപ്പെടാതിരുന്ന കാലമായതുകൊണ്ട് കൃഷിയും വേണ്ട കാര്യവും വേണ്ട എന്നു പറഞ്ഞ് ഇറങ്ങിപ്പോന്നു.


പിന്നെ കടുത്ത പ്രയാസങ്ങളുടെ കാലമായിരുന്നൂ.
ആന്റണിമാരും ഉമ്മന്‍ചാണ്ടിമാരും പോലും തിരിഞ്ഞുനോക്കിയില്ല.
ചെന്നിത്തല അന്ന് വെറും കൊച്ചനായിരുന്നതുകൊണ്ട് പരിഭവം തോന്നിയില്ല. പിന്നെയൊന്ന് തിരിച്ചുവരാന്‍ കരുണാകരന്‍ തന്നെ വേണ്ടിവന്നു.
കെ പി സി സി തിരഞ്ഞെടുപ്പില്‍ എകെ ആന്റണിയെ തോല്‍പ്പിക്കുവാന്‍ സ്ഥാനാര്‍ഥിയാവണെന്ന് പറഞ്ഞപ്പോള്‍ തന്നെ ഏറ്റു.
കോണ്‍ഗ്രസുകാരനായി താനൊരുത്തന്‍ ഇവിടെ ജീവിച്ചിരിക്കുന്നുവെന്ന് മാലോകരെ അറിയിക്കേണ്ടതാണെന്ന് വയലാര്‍രവിയ്ക്കും തോന്നി.

കസേരയടികള്‍ക്കും സോഡാകുപ്പി കൊണ്ടുള്ള കൂത്തു പ്രയോഗത്തിനും ഉടുതുണിയഴിക്കലിനും ശേഷം ആന്റണിയെ മലര്‍ത്തിയടിച്ചു. കരുണാകരനുള്ള പാരിതോഷികമായി കരുണാകരപുത്രന്‍ മുരളീധരനെ ഒന്നാം ജനറല്‍ സെക്രട്ടറിയായി വാഴിച്ചു.

പക്ഷേ ആശകള്‍ ഫലം കണ്ടില്ല.
രാജ്യസഭാ സീറ്റ് വന്നപ്പോള്‍ തഴയാനുള്ള ശ്രമമുണ്ടായി. പഴയ ആവേശം ചെറിയൊരു തോതില്‍ ശേഷിച്ചിരുന്നതുകൊണ്ട് പ്രതികരിച്ചു.

പിന്നീട് സന്ദര്‍ഭം ഒത്തുവന്നപ്പോള്‍ കരുണാകരന് കനത്ത പണി സമ്മാനിച്ചു, കരുണാകരനേക്കാള്‍ വലിയ കളിക്കാരനാണെന്ന് കാണിച്ചുകൊടുത്തു.

പ്രവര്‍ത്തക സമിതിയിലേയ്ക്ക് കരുണാകരന്റെ നാമനിര്‍ദ്ദേശക പത്രിക ഒപ്പിട്ടുവാങ്ങിയതിനു ശേഷം സമയപരിധി അവസാനിച്ച് കഴിഞ്ഞ് പത്തു മിനിട്ട് എപ്പോഴുമാവുമെന്ന് നോക്കി കൊല്‍ക്കത്താ തെരുവിലൂടെ കാര്‍ പലവഴി തിരിച്ചുവിട്ടു. കരുണാകരന്‍ പ്രവര്‍ത്തക സമിതിയില്‍ നിന്ന് പുറത്ത്.

വയലാര്‍രവി 'മധുരമായ പ്രതികാരം' എന്ന പ്രയോഗത്തിന്റെ സാരാംശം ശരിക്കും ഗ്രഹിച്ചത് അന്നാണ്.

കരുണാകരന്‍ കോടതി വിധിയെ തുടര്‍ന്ന് മാറിയപ്പോള്‍ മുഖ്യമന്ത്രി കസേരയില്‍ ആന്റണി.
തിരുത്തല്‍വാദത്തെ തുടര്‍ന്ന് ഒഴിയാന്‍ നരസിംഹ റാവു കിംഗ് മേക്കറോട് കല്‍പ്പിച്ചപ്പോഴും ആന്റണി, പാവം വയലാര്‍രവി ജീവിച്ചിരിക്കുന്നുവെന്ന് ആരുമാരും ഓര്‍ത്തില്ല.

ആന്റണിയെ അട്ടിമറി പണിയിലൂടെ താഴെയിറക്കിയപ്പോള്‍ ഉമ്മന്‍ചാണ്ടി.
എത്രയോ ജൂനിയറാണ് തന്നേക്കാള്‍ ഉമ്മന്‍ചാണ്ടി.
എന്നിട്ടും മുഖ്യമന്ത്രി പദവി കിട്ടി.
'കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തിപ്പോയി' എന്നതായിരുന്നൂ സ്ഥിതി.

കേന്ദ്രത്തില്‍ മന്ത്രിസ്ഥാനമൊക്കെ കിട്ടിയിരിക്കാം.
ആരുമാരും പരിഗണിക്കാത്ത പ്രവാസി വകുപ്പില്‍ കിടന്ന് താനിവിടെ ഉണ്ടേ എന്ന് അലമുറയിേടണ്ട സ്ഥിതിവിശേഷമാണ് തനിക്കുള്ളതെന്ന് മറ്റാര്‍ക്കറിയാം.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ നിന്ന് മത്സരിക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടത് അതുകൊണ്ടാണ്. അതിനും അവസരം തന്നില്ല. പകരം എം എല്‍ എയെ രാജിവെയ്പ്പിച്ച് മത്സരിപ്പിച്ചു, ജയിപ്പിച്ചു.

ഇപ്പോള്‍ അടുത്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന് പറഞ്ഞാല്‍ സഹിക്കുവാനാകുമോ?

അതുകൊണ്ടു മാത്രമാണ് പാവം വയലാര്‍ രവി പ്രതികരിച്ചുപോയത്.

വയലാര്‍ജീ പറയുന്നത് കേള്‍ക്കുവാന്‍ കാത്തിരിക്കുകയായിരുന്നൂ ചെന്നിത്തല.

മുഖ്യമന്ത്രി കസേര ചെന്നിത്തലയെയും വല്ലാതെ മോഹിപ്പിക്കുന്നുണ്ട്.

ചാനലുകാരായ ചാനലുകാരൊക്കെ ചോദിച്ചു; യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ ആരാണ് അടുത്ത മുഖ്യമന്ത്രി?

മാറ്റിയും മറിച്ചും ചോദിച്ചിട്ടും ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് മാത്രമേ പറഞ്ഞുള്ളൂ.

പിന്നെ ഹൈക്കമാന്‍ഡുകാര്‍ക്ക് മനസ്സിലാകാന്‍ വേണ്ടി ഇത്രകൂടി പറഞ്ഞു; നഷ്ടപ്പെട്ടുപോയ കോണ്‍ഗ്രസിന്റെ വസന്തകാലം വീണ്ടെടുക്കുവാനാണ് തന്നെ നിയോഗിച്ചത്. താന്‍ ആ വസന്തകാലം വീണ്ടെടുത്തു. പുഷ്പങ്ങളാലും കായ്കനികളാലും സമൃദ്ധമാണ് ഇപ്പോഴത്തെ കോണ്‍ഗ്രസ്.

പ്രതിഫലമായി മുഖ്യമന്ത്രി കസേര വേണമെന്ന് ചെന്നിത്തല പറയാതെ പറയുകയായിരുന്നൂ.

ഒരു ചാനലില്‍ നിന്ന് ഇങ്ങനെയൊരു ചോദ്യമുയര്‍ന്നു. 'അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് മന്ത്രിസഭയിലെ രണ്ടാമനായി കുറച്ചു കഴിഞ്ഞ് ഒന്നാമനാകാനാണല്ലോ പദ്ധതി' എന്നു കേട്ടപ്പോഴും അച്ചടക്കമുള്ള രമേശന്‍ പറഞ്ഞു; എല്ലാം ഹൈക്കമാന്റ് തീരുമാനിക്കും; എല്ലാം ഭഗവാന്റെ കൈയ്യില്‍ എന്നു പറയുന്ന ഭക്തിയോടെ.


പട്ടം താണുപിള്ളയെമാറ്റി ആര്‍ ശങ്കര്‍ ആയതും കരുണാകരനെ മാറ്റി ആന്റണി ആയതും ആന്റണിയെ ഒഴിവാക്കി കരുണാകരനായതും കരുണാകരനെ അട്ടിമറിച്ച് ആന്റണിയായതും ആന്റണിയെ മാറ്റി ഉമ്മന്‍ചാണ്ടിയായതുമൊക്കെ ഓര്‍മ്മിക്കുവാനുള്ള ശക്തി ചെന്നിത്തലയ്ക്കുണ്ട്.

പക്ഷേ വയലാര്‍രവി കയര്‍ക്കുമ്പോള്‍ ചെന്നിത്തലയ്ക്ക് ഒപ്പം നില്‍ക്കാതിരിക്കാനാവില്ല. കാരണം ഉമ്മന്‍ചാണ്ടിയെ കളത്തിനു പുറത്താക്കലാണ് ആദ്യത്തെ ആവശ്യം. പിന്നെ വയലാര്‍ജീ അല്ലെങ്കില്‍ ഞാന്‍ജീ.

അതുകൊണ്ടാണ് മുഖ്യമന്ത്രിയാരെന്ന് സ്വന്തം കൈയ്യില്‍ തൊട്ടുകാണിക്കാമെന്ന നിലപാട് വയലാര്‍രവിയ്‌ക്കൊപ്പം രമേശും കൈക്കൊണ്ടത്.

'ആടിക്കളിയ്‌ക്കെടാ കുഞ്ഞിരാമാ' എന്ന മട്ടില്‍ പാവം പാവം ആന്റണി ഡല്‍ഹിയിലിരുന്ന് ചിരിക്കുന്നത് കാണുന്നുണ്ടോ, കേള്‍ക്കുന്നുണ്ടോ?

വ്യാസന്റെ ഭാരതകഥ മന്‍മോഹന്‍ തിരുത്തുമ്പോള്‍

ഓണക്കാലമാണിത്.

ഓണം മലയാളികളുടെത് മാത്രമെന്നാര് പറഞ്ഞു?

മന്‍മോഹന്‍ സിങ്ങിനും, ബുഷിനും, പ്രണാബ് മുകര്‍ജിക്കും, കോണ്ടലീസ രൈസിനുമൊക്കെ ഇത് ഓണക്കാലമാണ്. "ഓണം വന്നോണം വന്നോണം വന്നേ" എന്ന് മന്‍മോഹന്‍ സിങ്ങും, എ.കെ.ആന്റണിയും, പ്രണാബ് മുഖര്‍ജിയും, സോണിയ ഗാന്ധിയും ആലപിക്കുന്നതിനോപ്പം ബുഷും, റൈസും, മുടോള്‍ഫും, നിക്കോളാസ് ബേണ്‍സും ഏറ്റുപാടുകയും ചെയ്യുന്നു. ആഘോഷങ്ങളുടെയും തിമിര്‍പ്പിന്റെയും, കളിപരമ്പരകളുടെയും ഉത്സവ ലഹരിയില്‍ മതിമറന്നു ആടുകയാണ് എല്ലാ കുട്ടരും.

അകലങ്ങളിലിരുന്നാണ് എല്ലാ കുട്ടരും "ഓണം വന്നോണം വന്നോണം വന്നേ" എന്ന് പാടുന്നതെങ്കില്‍, മാവേലിമന്നന്റെ നാട്ടില്‍ പിറന്ന ആധുനിക വാമനനായ എ.കെ.ആന്റണി നേരിട്ട് തന്നെ അമേരിക്കയില്‍ എത്തി കഴിഞ്ഞു. കീഴടക്കാന്‍ അല്ല, വെറുതെഒന്ന് കീഴടങ്ങി കൊടുക്കാന്‍. ബുഷിനെ കാണാന്‍മാത്രം ആന്റണി വളര്‍ന്നിട്ടില്ലാത്തത് കൊണ്ട്, പ്രതിരോധ സെക്രെട്ടരിയെയും വിദേശകാര്യ സെക്രട്ടറിയെയും മുഖം കാണിച്ചു മടങ്ങി വരാവുന്നതാണ്. അവര്‍ വഴി ബുഷിനെയും ആന്റണി ഓണാശംസകള്‍ അറിയിക്കും.അത് സെക്രട്ടറിമാരുടെ നാവില്‍ നിന്നറിഞ്ഞു ബുഷ്‌ കോള്‍മയിര്‍ കൊണ്ട് തളര്‍ന്നും,തകര്‍ന്നും അവശനായി വൈറ്റ് ഹൌസില്‍ കിടന്നു പോവും. അമിതമായി പായസം കുടിച്ചു മത്തു പിടിച്ചത് പോലെ, ആന്റണിയുടെ പ്രശംസ അറിഞ്ഞു ബുഷ്‌ അവശനായി പോകുമെന്ന കാര്യത്തില്‍ കൊണ്ഗ്രെസ്സുകാരന്റെ വേഷമണിഞ്ഞ ഒരാള്‍ക്ക്‌ പോലും സംശയം ഇല്ല.

ബുഷിന്‌ ഇത് സന്തോഷ കാലമാണ്.അമേരിക്കന്‍ കൊണ്ഗ്രെസ്സിനെ അഭിമുഖികരിക്കുമ്പോള്‍ ബുഷ്‌ അത് വിളിച്ചറിയിക്കുവാന്‍ മടിച്ചതുമില്ല. ഇന്ത്യ-യു.എസ് ആണവകരാര്‍ അമേരിക്കന്‍ കൊണ്ഗ്രെസ്സിന്റെ മുമ്പാകെ സമര്‍പ്പിക്കുന്നതില്‍ തനിക്കു അതിയായ സന്തോഷവും, അഭിമാനവും ഉണ്ടെന്നു ബുഷ്‌ വെട്ടിത്തുറന്ന് പറഞ്ഞത് വെറുതെയോന്നുമല്ല. 1954 ലെ ആണവോര്‍ജ നിയമത്തിലെ 123 വകുപ്പ് പ്രകാരമുള്ള ഇന്ത്യ-യു.എസ് ആണവകരാര്‍ അമേരിക്കയ്ക്കും, ഇന്ത്യക്കും ഗുണം പകര്‍ന്നു നല്‍കുമെന്നാണ് ബുഷ്‌ പ്രഖ്യാപിച്ചത്.

ഇന്ത്യ ആണവ സാങ്കേതിക വിദ്യയില്‍ അമേരിക്കയെക്കാള്‍ വലിയ രാഷ്ട്രമായത് കൊണ്ടല്ല ബുഷിന്‌ സന്തോഷം ഏറുന്നത്. ഇന്ത്യ അവരുടെ മുമ്പില്‍ ആണവ ശക്തിയുടെ കാര്യത്തില്‍ കേവലം അശുവാണ്‌. അറുപതു വയസ്സുകാരന്റെ മുമ്പില്‍ നില്‍ക്കുന്ന ആര് വയസ്സുകാരനെപ്പോലെ. പക്ഷെ ഈ ആര് വയസ്സുകാരന്‍ പിന്നീടെന്നെങ്കിലും ഒരു അറുപതു വയസ്സുകാരനായി വളര്‍ന്നു വലുതാവരുത്. "അച്ഛനെപ്പോലെ, അമ്മയെപ്പോലെ ഞാനും വളരും,വലുതാകും" എന്ന് ഈ ആറുവയസ്സുകാരന്‍ പാടാന്‍ പോലും പാടില്ല. ആറു വയസ്സുകാരന്‍ 40 വര്‍ഷക്കാലത്തേക്ക് വെറും ആറു വയസ്സുകാരന്‍ തന്നെയായിരിക്കണം. അതിനാണ് കരാര്‍.
എന്നെങ്കിലുമൊരു നാള്‍ തനിക്കു ഭീഷണിയായി തീരാന്‍ സാധ്യതയുള്ളവനെ വെറും മന്ധബുദ്ധിയാക്കി തടങ്കലില്‍ വയ്ക്കുമ്പോള്‍ ഉണ്ടാകുന്ന ഹരം തെല്ലൊന്നുമല്ല. അത് കൊണ്ടാണ് ബുഷ്‌ അഭിമാനത്തോടെയും,ആഹ്ലാദത്തോടെയും അമേരിക്കന്‍ കൊണ്ഗ്രെസ്സിനെ അഭിമുഖീകരിച്ചത്. ആണവായുധ നിരായുധീകരണ കരാറില്‍ ഒപ്പ് വയ്ക്കാതെ വിലസി നടന്ന ഇന്ത്യയെ കൈകാലുകളില്‍ വിലങ്ങണിയിച്ചു ഇനിയൊരിക്കലും ആണവ പരീക്ഷണത്തിന്‌ മുതിരില്ലെന്ന് പറയിച്ച് കുളിപ്പിച്ച് കിടത്തുമ്പോള്‍ ഉണ്ടാകുന്ന വിജയം ബുഷിനെ സംബന്ധിച്ച് ചെറുതൊന്നുമല്ല.

ബുഷ്‌ സ്വന്തം ജനതയോട് പറഞ്ഞത് വായിച്ചാലേ മന്മോഹന്റെയും, സോണിയയുടെയും, ആന്റണിയുടെയും, പ്രനാബിന്റെയും "മഹത്വം" പിടി കിട്ടുകയുള്ളൂ.

ബുഷ്‌ പറഞ്ഞതിങ്ങനെ:
"ആണവോര്‍ജ്ജം സംബന്ധിച്ചുള്ള വിലക്കപ്പെട്ട വിവരങ്ങള്‍ കൈമാറാന്‍ കരാറില്‍ വ്യവസ്ഥയില്ല. നിര്‍ണായകമായ ആണവ സാങ്കേതിക വിദ്യ, ഘനജല ഉത്പാദനത്തിനുള്ള ഉപകരണങ്ങള്‍, നിര്‍ണായകമായ ആണവ സംവിധാനങ്ങള്‍, അത്തരം യന്ത്രസമുച്ചയങ്ങളുടെ നിര്‍ണ്ണായക ഭാഗങ്ങള്‍ എന്നിവ കൈമാറാന്‍ കരാറില്‍ വ്യവസ്ഥയില്ല.."

മന്മോഹനും കുട്ടരും വീമ്പിളക്കിയ ഒരു സാങ്കേതിക വിദ്യയും ലഭിക്കുക ഇല്ലെന്നു സാരം. ഇന്ത്യയെയും ഇന്ത്യന്‍ പാര്‍ലമെന്റിനെയും ഒരു വിലയുമില്ലാത്ത ഇനങ്ങളായി കണ്ട് ബുഷിന്റെ മുമ്പില്‍ കാലു നീട്ടി, മുഖം കുമ്പിട്ട്‌, കൈകൂപ്പി നിന്ന് ഇരന്നു വാങ്ങിയ കരാറിനെക്കുറിച്ച് ബുഷ്‌ പറഞ്ഞ ഈ വരികള്‍ കൂടി വായിച്ചാലേ നമുക്ക് ഓണക്കാലത്തിന്റെ ഭംഗിയും,ആഹ്ലാദവും യഥാര്‍ത്ഥത്തില്‍ സ്വായത്തമാവുക യുള്ളൂ.

"തടസ്സമില്ലാതെ ആണവഇന്ധനം നല്‍കുന്നതിനാവശ്യമായ ചില രാഷ്ട്രീയ നിലപാടുകളെ കുറിച്ച് കരാറിലെ 5 (6 ) ഉപവകുപ്പ് പരാമര്‍ശിക്കുന്നുന്ടെങ്കിലും, അത് നിയമപരമായ ഒരു ബാദ്യത ആക്കിമാറ്റാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ല. മറ്റേതു യു.എസ്. കരാര്‍ പോലെയും ഇത് ഒരു ചട്ടക്കുട് മാത്രമായതിനാല്‍ ആണത്."

ബുഷ്‌ ഒരുക്കിയ ചട്ടകൂടില്‍ അപാര ചര്മ്മശേഷിയോടെയും, തരിമ്പും രാജ്യ സ്നേഹമില്ലാതെയും വാസമുറപ്പിച്ചവരെ കുറിച്ച് പറഞ്ഞു സ്വന്തം ജനതയ്ക്ക് മുന്നില്‍ ബുഷ്‌ കോരിത്തരിക്കുകയാണ്.

ബുഷിന്റെ കോരിത്തരിപ്പ് കണ്ട്, കോരിത്തരിപ്പിന്റെ വിധം മനസ്സിലാക്കാനും, ഓണാശംസ നേരാനുമായി ആദര്‍ശപര്യായമായ ആന്റണി അമേരിക്കയിലുള്ളത്‌ കൊണ്ട് എല്ലാവര്ക്കും പെരുത്ത്‌ സന്തോഷം.

മഹാഭാരതം ഋഷി വര്യനായ വേദവ്യാസന്‍ എഴുതി.
അനുക്രമണികാ പര്‍വ്വം, പര്‍വ്വ സംഗ്രഹം, പൌശ്യം, പൌലോമം, ആസ്തികം, അംശാവതരണം, സംഭവപര്‍വ്വം, ജന്മ ഗ്രഹ പര്‍വ്വം, ബകവധ പര്‍വ്വം, സ്വയംവര പര്‍വ്വം, സുഭദ്രാഹരണ പര്‍വ്വം, ഹരണഹാരിക പര്‍വ്വം, ഉദ്യോഗ പര്‍വ്വം, ദ്രോണ പര്‍വ്വം, ആരണ്യ പര്‍വ്വം, ഭീഷ്മ പര്‍വ്വം, മൌസല പര്‍വ്വം, ഇങ്ങനെ പലവിധ അധ്യായങ്ങളായി വ്യാസന്‍ ഭാരതകഥ പറഞ്ഞു വച്ചിട്ടുണ്ട്.

മഹാഭാരതം കേള്‍ക്കുന്നവന് മറ്റ് ഒരു കാവ്യവും രുചിക്കുകയില്ലെന്നാണ് പറയാറ്. എന്നാലിതാ മന്മോഹനും, ആന്റണിയും, മറ്റ് കൊണ്ഗ്രെസ്സ് കൂട്ടാളികളും ചേര്‍ന്ന് അടിമത്വ പര്‍വ്വം രചിച്ചിരിക്കുന്നു.

ഭാരതകഥ നീണ്ടു നീണ്ടു പോവുകയാണ്.
വ്യാസനില്‍ നിന്ന് ഭാരത കഥ കൈവിട്ടു പോവുകയും, ബുഷ്‌ പുതിയ ഭാരത കഥ രചിക്കുകയും ചെയ്യുന്നു.

"കേഴുക പ്രിയനാടേ" എന്നല്ലാതെ മറ്റെന്തു പറയാന്‍ കഴിയും!

=======================

സെപ്റ്റംബര്‍ 16, 2008.