2010, ഒക്‌ടോബർ 23, ശനിയാഴ്‌ച

കൈപ്പത്തിക്കും താമരയ്ക്കും വിട; ആപ്പിളിനും മാങ്ങയ്ക്കും സ്തുതി

കളിക്കളത്തിലിറങ്ങുന്നതിനു മുമ്പുതന്നെ തോറ്റു തുന്നംപാടി പവലിയനില്‍ താടിക്ക് കൈയും കൊടുത്തിരിക്കുകയാണ് ഐക്യജനാധിപത്യ മുന്നണി.

ഐക്യം അത്രമേല്‍ ശക്തമായതുകൊണ്ടുണ്ടായ ആഹ്‌ളാദകരമായ അവസ്ഥയാണിത്. സ്ഥാനാര്‍ഥികളാല്‍ സമൃദ്ധവും സമ്പന്നവുമാണ് ഐക്യ ജനാധിപത്യ മുന്നണി.
ഓരോ വാര്‍ഡിലും രണ്ടില്‍ കുറയാത്ത സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ മാത്രം സമൃദ്ധം.
രണ്ടു മുതല്‍ എത്രവരെ വേണമെങ്കിലും സ്ഥാനാര്‍ഥികളുടെ എണ്ണം ഉയരാവുന്നതാണ്.
അത് എത്രവരെയെന്ന് കോണ്‍ഗ്രസിനോ ഐക്യജനാധിപത്യ മുന്നണിയിലെ മറ്റ് ഐക്യ മോഹികള്‍ക്കോ പോലും ഇതുവരെ തിട്ടപ്പെടുത്താനായിട്ടില്ല.


ധീരയും മുന്‍കോപക്കാരിയുമായ ഗൗരിയമ്മ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ കല്‍പന പുറപ്പെടുവിച്ചിരുന്നതാണ്.
തന്റെ കക്ഷിയായ ജെ എസ് എസിനുള്ള സീറ്റുകളില്‍ റിബലുകളെ നിര്‍ത്തുന്ന കലാപരിപാടി ഉപേക്ഷിച്ചില്ലെങ്കില്‍ കളി വഷളാകുമെന്ന്.

പക്ഷേ ഗൗരിയമ്മയെ വിരട്ടാനാണ് ഐക്യം ഊട്ടിയുറപ്പിക്കുന്നതില്‍ അമരക്കാരായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കച്ചകെട്ടിയിറങ്ങിയത്.
അതുകൊണ്ടവസാനിച്ചെങ്കില്‍ സമാധാനമായേനേ. പക്ഷേ ജെ എസ് എസിന്റെ സീറ്റുകളില്‍ തീപ്പന്തം മുതല്‍ തെങ്ങുവരെയുള്ള അടയാളങ്ങളില്‍ കെ പി സി സി മുതല്‍ ബൂത്ത് കമ്മിറ്റി വരെയുള്ള ഖദര്‍ധാരികള്‍ രംഗപ്രവേശം ചെയ്തു.

അതിനു കോണ്‍ഗ്രസ് നേതാക്കളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.
കാരണം കൈപ്പത്തിയ്‌ക്കെതിരെ കോണ്‍ഗ്രസുകാര്‍ തന്നെ ശംഖും ആദിയായ മറ്റടയാളങ്ങളും സ്വീകരിച്ച് ശംഖധ്വനി മുഴക്കുമ്പോള്‍ അവര്‍ക്കെന്ത് ചെയ്യാനാവും?

എല്ലാം ഐക്യത്തിന്റെ മഹോന്നതങ്ങളായ ഉദാഹരണങ്ങള്‍.

ഉമ്മന്‍ചാണ്ടി പക്ഷക്കാരനെതിരെ ചെന്നിത്തല പക്ഷം നില്‍ക്കും. മറിച്ചും അങ്ങനെ തന്നെ. കരുണാകര പക്ഷമാണെങ്കില്‍ ചാണ്ടി-ചെന്നിത്തല പക്ഷം ഒന്നിച്ചെതിര്‍ക്കും വയലാര്‍ രവി പക്ഷത്തെയും കൂടെ ചേര്‍ക്കും.

അധിക്ഷേപിക്കരുതെന്നും കുടികിടപ്പുകാരനായി കാണരുതെന്നും പാവം ടി എം ജേക്കബ് പത്രക്കാരൂടെ മുന്നില്‍ വിതുമ്പുന്നു.

മാന്യതയില്ലാത്ത പണി മാത്രമാണ് കോണ്‍ഗ്രസിന് വശമായിട്ടുള്ളതെന്ന് എം വി രാഘവന്‍.

രണ്ടില കൈപ്പിടിയിലുയര്‍ത്തി മാണിക്ക് കീഴടങ്ങിയ ജോസഫിന്റെ കുഞ്ഞാടുകളില്‍ ഭൂരിപക്ഷത്തിനും രണ്ടില പോയിട്ട് ഒരിലപോലും മാണി നല്‍കിയില്ല.
കയ്ച്ചിട്ടിറക്കാനും വയ്യ തുപ്പാനും വയ്യ എന്ന മട്ടില്‍ കഴിയുകയാണ് പാവങ്ങള്‍.

സോഷ്യലിസ്റ്റ് ജനതാദളായി പരകായ പ്രവേശം നടത്തിയ വീരശൂരപരാക്രമികളുടെ പാര്‍ട്ടിക്കും ആശിച്ചതൊന്നും കിട്ടിയില്ല.

നാലാളുള്ളിടത്തൊക്കെ കോണ്‍ഗ്രസിനെതിരെ മത്സരിക്കുവാനുള്ള വീരശൂരത്വം പ്രകടിപ്പിച്ചിട്ടുണ്ട്.
ഇടുക്കിയും കോട്ടയവും ആരുടെ കോട്ടയാണെന്ന് തീര്‍ച്ചപ്പെടുത്താന്‍ മാണി കോണ്‍ഗ്രസും കോണ്‍ഗ്രസും പരസ്പരം കൊമ്പുകോര്‍ക്കുന്നു.

ഐക്യത്തിന് ഇനി മറ്റെന്തുവേണം ഉദാഹരണങ്ങളായി.

ഐക്യത്തിന്റെ മറ്റു ചില വകഭേദങ്ങളുമുണ്ട്.

ബി ജെ പിയും എസ് ഡി പി ഐയും യു ഡി എഫുമായുള്ള ഐക്യമാണ് ശരിയായ ഐക്യം.
പലയിടങ്ങളിലും ഒരുമയുണ്ടെങ്കില്‍ ഒലക്കമേലും കിടക്കാമെന്ന് കോണ്‍ഗ്രസും ലീഗും കേരള കോണ്‍ഗ്രസും സി എം പിയും ജെ എസ് എസും ബി ജെ പിയും എസ് ഡി പി ഐയും പി ഡി പിയും തെളിയിച്ചുകൊണ്ടിരിക്കുന്നു.

കൈപ്പത്തിയും ഏണിയും താമരയും രണ്ടിലയുമൊന്നും പലയിടങ്ങളിലും കണ്ടുകിട്ടാനില്ല. മാങ്ങ, ഉദയസൂര്യന്‍, ആപ്പിള്‍ എന്നിവയ്ക്കാണ് അവിടങ്ങളിലെല്ലാം വന്‍ ഡിമാന്‍ഡ്.

കൈപ്പത്തിക്ക് വിട. താമരയ്ക്ക് വിട.
അല്ലെങ്കിലും കൈപ്പത്തിയെ കൈപ്പറ്റി എന്നു പറഞ്ഞ് ആക്ഷേപിക്കുന്നവരുണ്ട്.
താമര തണ്ടൊടിഞ്ഞു എന്നു പറഞ്ഞ് കളിയാക്കുന്നവരുണ്ട്.

മാങ്ങയും ആപ്പിളുമൊക്കെയായാല്‍ അങ്ങനെ ആക്ഷേപിക്കുവാന്‍ ആര്‍ക്കും പറ്റില്ലല്ലോ.

മാങ്ങയും ആപ്പിളും ഉദയസൂര്യനും ശംഖും തീപ്പന്തവുമായി ഐക്യമഹാഗാഥകള്‍ രചിക്കുന്നവരെ മാലോകരാകെ കാണുന്നു.
പക്ഷേ ചെന്നിത്തലമാരും ഉമ്മന്‍ചാണ്ടിമാരും കുഞ്ഞാലിക്കുട്ടിമാരും മാണിമാരും ഇതുവരെ കണ്ടട്ടില്ല.

മോഡറേഷന്‍ മാര്‍ക്ക് കിട്ടി കോണ്‍ഗ്രസില്‍ തിരിച്ചുവരുമെന്ന മുരളീധരന്റെ ഫലിതം കേട്ട് തലയറഞ്ഞ് ചിരിക്കുന്ന തിരക്കിലായതുകൊണ്ടാണ് കാണാതെ പോയത്,........

കാഴ്ചയില്ലാത്തതുകൊണ്ടല്ല.

മുഖ്യമന്ത്രിപദമോഹികളും ഗൗരിയമ്മ പറഞ്ഞ പാതിസത്യവും

പണത്തിനുമേല്‍ പരുന്തും പറക്കില്ലെന്ന് പണ്ടേയ്ക്ക് പണ്ടുള്ളവര്‍ പറഞ്ഞിട്ടുണ്ട്.

കേരളഭൂമിയില്‍ ജീവിച്ചിരിക്കുന്ന പഴമക്കാരില്‍ പ്രധാനിയായ ഗൗരിയമ്മ പറയുന്നു; ഒരു സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഒരു കോടി രൂപയും മറ്റു പലവിധ സ്ഥാനമാനങ്ങളും വാഗ്ദാനം ചെയ്യപ്പെട്ടിരുന്നുവെന്ന്.
പണത്തിന്റെ കനവും ബലവും എത്രമേല്‍ വലുതാണെന്ന് ഗൗരിയമ്മയുടെ വാക്കുകളും തെളിയിക്കുന്നു.
ഒരു കോടി കണ്ടാല്‍ മതിമറക്കുകയോ മയങ്ങിവീഴുകയോ ചെയ്യുന്ന പാര്‍ട്ടിയല്ല രാജന്‍ബാബുവും കെ കെ ഷാജുവുമൊക്കെയുള്ള ജനാധിപത്യ സംരക്ഷണമുന്നണി എന്ന വലിയ രാഷ്ട്രീയ കക്ഷി.

അവര്‍ വഴങ്ങിയില്ലെങ്കിലും ആന്റണി സര്‍ക്കാര്‍ വീണു.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി.
ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയാക്കാതിരിക്കാന്‍ രൂപ വാഗ്ദാനം ചെയ്തവര്‍ മാത്രം പരാജിതരായി. പണവും പോയി. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയുമായി.
കാത്തുസൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം കാക്കകൊത്തി പോയി എന്ന നിലയിലായിരുന്നു അറയ്ക്കപറമ്പില്‍ കുര്യന്‍ ആന്റണിയെങ്കില്‍ അതിനേക്കാള്‍ പരിതാപകരമായ നിലയിലായിരുന്നു ഗൗരിയമ്മ പറയുന്ന പണ വാഗ്ദാനക്കാരുടെ അവസ്ഥ.
മോഹിച്ച കസേര കിട്ടിയതുമില്ല, കയ്യിലുണ്ടായിരുന്ന പണം നഷ്ടപ്പെടുകയും ചെയ്തു.


മുഖ്യമന്ത്രിയാകാന്‍ നിത്യേന പ്രാര്‍ഥന നടത്തുന്നവരുടെ എണ്ണം യു ഡി എഫില്‍ തെല്ലും കുറവല്ല.
ഉമ്മന്‍ചാണ്ടി എന്ന കുഞ്ഞൂഞ്ഞ് അല്‍പകാലത്തേയ്‌ക്കെങ്കിലും അത് സാധിച്ചെടുത്തു. മോഹിച്ച് മോഹിച്ച് വശംകെട്ട പഴയ ലെഫ്റ്റനന്റ് ഗവര്‍ണര്‍ വക്കം പുരുഷോത്തമന്‍ ഇപ്പോള്‍ മോഹഭംഗത്തിന്റെ നടുക്കടലിലാണ്.
മുഖ്യമന്ത്രിയാകാന്‍ മോഹിച്ച് കളികളായ കളികളൊക്കെ പുറത്തെടുത്ത് കളത്തിന് പുറത്തായ പാവം പാവം കെ മുരളീധരനുണ്ട്.
എന്നെങ്കിലും മുഖ്യമന്ത്രിയാവുമെന്ന് കരുതി അനുദിനം പോരടിക്കുന്ന രമേശ് ചെന്നിത്തലയുണ്ട്.
മുഖ്യമന്ത്രിപദം മോഹിച്ച് മോഹിച്ച് നിരാശാഗര്‍ത്തത്തില്‍പെട്ട്, ഒടുവില്‍ കേന്ദ്രമന്ത്രിപദവി തരപ്പെടുത്തിയ (വലിയ പണിയൊന്നുമില്ലാത്ത പ്രവാസി വകുപ്പ്) വയലാര്‍ രവിയുണ്ട്.

പിന്നെ നിലക്കണ്ണാടി നോക്കിപോലും താനാരാണ് എന്നു മനസിലാക്കാത്ത തറയിലും മാനത്തിലുമൊക്കെയുള്ള പാര്‍ട്ടിയില്‍ ആരാണ് ഗൗരിയമ്മയ്ക്ക് ഒരു കോടി വാഗ്ദാനം ചെയ്തത്?
ആ വല്യമ്മ ഒന്നു പറഞ്ഞുതന്ന് കേരളത്തിന്റെ കൗതുകത്തിന് പരിഹാരമുണ്ടാക്കേണ്ടതാണ്.

മുഖ്യമന്ത്രിസ്ഥാനം പരമപ്രധാനമായി കണ്ട് പെടാപാടുപെടുന്ന ഘടകകക്ഷി നേതാവ് കെ എം മാണിക്ക് പണ വാഗ്ദാനത്തില്‍ പങ്കുണ്ടോയെന്നും കേരള പൗരന്മാര്‍ സംശയിച്ചുപോകുന്നത് സ്വാഭാവികമാണ്.

ചതിയും വഞ്ചനയും നടത്തുന്നവര്‍ക്ക് എന്നെങ്കിലും ഒരുനാള്‍ അത് അനുഭവിക്കേണ്ടിവരും. 1995 ല്‍ കെ കരുണാകരനെ മുഖ്യമന്ത്രിപദത്തില്‍ നിന്ന് ഇറക്കിവിടാന്‍ വഴിവിട്ട കളികളൊക്കെ കളിച്ച ആളാണ് ഏ കെ ആന്റണി.
പഞ്ചസാര കുംഭകോണത്തില്‍പെട്ട് കേന്ദ്രമന്ത്രിസ്ഥാനം പോയപ്പോള്‍, കേരളമുഖ്യമന്ത്രി കസേര തരപ്പെടുത്താന്‍ ഗ്രൂപ്പ് ലഹള പൊട്ടിപ്പുറപ്പെടുവിക്കുന്നതിന് ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടില്‍ പ്രവര്‍ത്തിച്ച ബുദ്ധിമാനാണ് ആന്റണി.

അതേ ആന്റണിയെ ഒരു പ്രസ്താവനയുടെ പേരില്‍ കസേരയില്‍ നിന്ന് ഇറക്കിവിടാന്‍ ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും അധികം ആയാസപ്പെടേണ്ടിവന്നില്ല.
ഓണാഘോഷങ്ങള്‍ തിമിര്‍ത്താടുന്ന നാളുകളിലൊന്നില്‍ വിമാനത്തില്‍വെച്ച് സോണിയാ മാഡം ആന്റണിയോടു പറഞ്ഞു, 'രാജി വച്ചേയ്ക്കു' എന്ന്.
പാവം മറുപടിയൊന്നും പറയാനാവാത്തതുകൊണ്ട് വിമാനത്താവളത്തില്‍വെച്ച് വിതുമ്പല്‍ പ്രകടമാക്കുന്നവിധം രാജി പ്രഖ്യാപനം നടത്തി.
പക്ഷേ സ്വതസിദ്ധമായ വൈഭവം കൊണ്ട് ആന്റണി രക്ഷപ്പെട്ടു.

സ്വയരക്ഷയ്ക്കുപോലും ത്രാണിയില്ലാത്ത ആന്റണി രാജ്യരക്ഷ കൈകാര്യം ചെയ്യുന്ന ഭരണസാരഥിയായി കുറച്ചു വൈകിയാണെങ്കിലും എത്തിച്ചേര്‍ന്നു.


കേരളത്തിന്റെ വലിയമ്മ സ്വന്തം പാര്‍ട്ടിക്ക് സീറ്റ് നിഷേധിക്കപ്പെടുമ്പോഴും സ്വന്തം സ്ഥാനാര്‍ഥികള്‍ക്കെതിരെ റിബലുകള്‍ രംഗപ്രവേശം നടത്തുമ്പോഴും അല്ല ഇത്തരം അരുതായ്മകള്‍ വെളിപ്പെടുത്തേണ്ടത്.

രാഷ്ട്രീയത്തിലെ അപചയത്തെക്കുറിച്ച് അപ്പപ്പോള്‍ വിളിച്ചുപറയാന്‍ ബാധ്യസ്ഥയാണ് ഒളിവിലും ജയിലിലും കഴിഞ്ഞ ഈ വനിതാ പോരാളി.

പക്ഷേ കോണ്‍ഗ്രസ് പ്രഭുക്കളാല്‍ അവഹേളിതയാകുമ്പോള്‍ ഗൗരിയമ്മ പാതി സത്യം പറയുന്നു. പൂര്‍ണസത്യം പറയാന്‍ ഗൗരിയമ്മ മടികാട്ടുമ്പോള്‍ നാണം കെട്ടുപോകുന്നത് അവര്‍ തന്നെയാണ്.

ഇനിയെങ്കിലും പറയണം ഗൗരിയമ്മേ, കര്‍ണാടകയില്‍ ഇപ്പോള്‍ കാണുന്ന രാഷ്ട്രീയം കേരളത്തില്‍ പരീക്ഷിക്കുവാന്‍ മുമ്പേ യത്‌നിച്ചവര്‍ ആരെന്ന്?

അതിനുള്ള ധൈര്യം പോലും വാര്‍ധക്യകാലത്ത് നഷ്ടപ്പെട്ടുവോ എന്ന് തിരുത്തല്‍ പ്രസ്താവനകള്‍ കേരളത്തെ കൊണ്ട് ചോദിപ്പിക്കുന്നു.

ഗതി കെട്ടാല്‍ പുലി പുല്ലും തിന്നും എന്ന ചൊല്ല് അന്വര്‍ഥമാകാതിരിക്കട്ടെ.

2010, ഒക്‌ടോബർ 17, ഞായറാഴ്‌ച

മുഖം മുണ്ടിനാല്‍ മൂടിയ കോണ്‍ഗ്രസ്,ആഹ്ലാദത്തില്‍ ആറാടിയ ലോട്ടറി അഭിഭാഷകന്‍

''വീണിതല്ലോ കിടക്കുന്നൂ ധരണിയില്‍,

ക്ഷോണിതവുമണിഞ്ഞയ്യോ ശിവ! ശിവ!''

എന്ന് വിലാപസ്വരത്തില്‍ പാടിയത് നാം വായിച്ചറിഞ്ഞിട്ടുണ്ട്.

ക്ഷോണിതമണിയാതെ വീണുകിടക്കുന്ന, നാണക്കേടുകൊണ്ട് മുഖം മണ്ണില്‍ പൂഴ്ത്തിവെച്ചിരിക്കുന്ന കോണ്‍ഗ്രസ് നേതാക്കളെയാണ് ഇപ്പോള്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്.
പുറമേ രക്തം കാണാനില്ലെങ്കിലും ഉമ്മന്‍ചാണ്ടി, രമേശ്‌ചെന്നിത്തല മുതല്‍ വി ഡി സതീശന്‍ വരെയുള്ള കെ പി സി സി നേതാക്കളുടെയും ബൂത്ത്തല യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെയും ഹൃദയത്തില്‍ നിന്നും മനസ്സില്‍ നിന്നും വിഷാദത്തിന്റെയും നൈരാശ്യത്തിന്റെയും കറുത്ത രക്തം ഒഴുകികൊണ്ടിരിക്കുകയാണ്.

മലര്‍ന്നടിച്ചു വീണാലും മലര്‍ന്നുകിടന്നു തുപ്പാന്‍ പുതുകാലത്തെ കോണ്‍ഗ്രസ് നേതാക്കള്‍ സമര്‍ഥരാണ്. ആ സാമര്‍ഥ്യം സംശയരഹിതമായി തെളിയിച്ചുകൊണ്ടിരിക്കുകയാണ് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും അദ്ദേഹത്തിന്റെ അനുചരന്‍മാരായ പി ടി തോമസും വി ഡി സതീശനും ഉള്‍പ്പെടെയുള്ളവര്‍.
സീനിയര്‍ നേതാവ് എന്നവകാശപ്പെടുന്ന ആര്യാടന്‍ മുഹമ്മദും ഈ ഫലിത നാടകത്തിലെ ഒരു പ്രധാന കഥാപാത്രമായി എന്നതാണ് മലയാളികളെ അമ്പരപ്പിക്കുന്നത്. പ്രഗത്ഭന്‍മാര്‍ ചിലപ്പോള്‍ ബഫൂണ്‍ വേഷങ്ങളായും അവതരിക്കാറുണ്ടെന്ന് പഴയകാലം പറഞ്ഞുതന്നിട്ടുണ്ടെന്നുള്ളതാണ് ആശ്വാസം.

അഭിഷേക് മനുസിംഗ്‌വി പേരുകേട്ടയാളാണ്.
നാടുവാണരുളുന്ന കോണ്‍ഗ്രസിന്റെ ഔദ്യോഗികമായ നാവാണ്. സോണിയാഗാന്ധിക്ക് പറയാനുളളത് മാലോകരും, അല്ല ലോകംതന്നെയും അറിയുന്നത് അഭിഷേക് സിംഗ്‌വിയുടെയും ജനാര്‍ദ്ദനന്‍ ദ്വിവേദിയുടേയും മനീഷ് തിവാരിയുടേയും നാവിലൂടെയാണ്.
പേരു പറഞ്ഞ മൂവരില്‍ മുമ്പനാണ് അഭിഷേക്.
ഹൈക്കമാന്‍ഡിനും സോണിയയ്ക്കും പറയാനുള്ളത് അണുവിട വ്യത്യാസമില്ലാതെ, ഇന്ദ്രപ്രസ്ഥത്തിലെ പത്രപ്രവര്‍ത്തകരെ വിളിച്ചുകൂട്ടി മനസ്സിലാക്കിക്കുന്നതില്‍ പ്രധാനിയാണ് അദ്ദേഹം.

അഭിഷേക് പത്രക്കാരോട് പറയുന്നത് കേട്ട് അതേപടി ആവര്‍ത്തിക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയുമാണ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ ചെയ്യേണ്ടത്.

പക്ഷേ അഭിഷേക് കെ പി സി സി അധ്യക്ഷ കസേരയില്‍ അഭിഷിക്തനായിരിക്കുന്ന രമേശ് ചെന്നിത്തലയെയും പ്രതിപക്ഷ നേതാവ് സ്ഥാനം അലങ്കരിക്കുന്ന ഉമ്മന്‍ചാണ്ടിയെയും കുരുക്കഴിയാത്ത കെണിയില്‍പ്പെടുത്തിക്കളഞ്ഞു.

''വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടെന്നപോലെ, മേളമേറ്റും പ്രഭുക്കന്‍മാരെന്ന ഭാവം ചിലര്‍ക്കുണ്ട്'' എന്ന് നന്നായറിയാവുന്ന അഭിഷേക് സിംഗ്‌വി ചെന്നിത്തലയെയും ചാണ്ടിയെയും വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടല്ല എന്നോര്‍മ്മിപ്പിച്ചുകൊണ്ട് ഒരു ചെയ്ത്തു നടത്തി.

ലോട്ടറി മാഫിയയ്ക്കും ഒറ്റ ലോട്ടറിയ്ക്കും പേപ്പര്‍ ലോട്ടറിയ്ക്കും വേണ്ടി എന്നും നിലകൊണ്ടത് ചെന്നിത്തലയുടേയും ചാണ്ടിയുടേയും കോണ്‍ഗ്രസാണ്.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് വേളയില്‍, ആയുധരഹിതരായി നിലകൊള്ളുന്ന യു ഡി എഫിന് മുനയില്ലാത്തതാണെങ്കിലും ഒരു അമ്പ് വേണമായിരുന്നൂ.
അതിന് ലോട്ടറിയില്‍ ചാരി ഒരു ആക്ഷേപം ഉന്നയിച്ചു.
എറിഞ്ഞത് തിരിച്ചു മാറില്‍ പതിക്കുന്ന അവസ്ഥയിലായി പുളയുകയാണ് പാവം കോണ്‍ഗ്രസും പാവം പാവം ചാണ്ടിയും ചെന്നിത്തലയും സതീശനും.

വ്യാജ ലോട്ടറി മാഫിയയെ നിയന്ത്രിക്കുവാനും നിരോധിക്കുവാനും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലാത്ത വിധം കേന്ദ്ര ലോട്ടറി നിയമം ഭേദഗതി ചെയ്തതും, പുതിയ ചട്ടങ്ങള്‍ ആവിഷ്‌ക്കരിച്ചതും പലയാവര്‍ത്തി ധനമന്ത്രിയും എല്‍ ഡി എഫ് നേതാക്കളും ചൂണ്ടിക്കാട്ടി.

'കേള്‍ക്കുന്നില്ലല്ലോ, ഞങ്ങള്‍ ഒന്നും കേള്‍ക്കുന്നില്ലല്ലോ' എന്ന മട്ടിലായിരുന്നൂ കോണ്‍ഗ്രസ്-യു ഡി എഫ് േനതൃത്വങ്ങള്‍.
കേട്ടാലറിയാത്തവര്‍ കൊണ്ടാലറിയും എന്നു പറഞ്ഞതുപോലെ ഇപ്പോള്‍ അവര്‍ എല്ലാം അറിയുന്നു.
കയ്യില്‍ പുണ്ണുകാണാന്‍ കണ്ണാടി വേണ്ടെന്ന പ്രമാണം ഓര്‍മ്മിച്ച് അവരാകെ കൈപ്പത്തികള്‍ നിവര്‍ത്തിവെച്ച് പുണ്ണുകണ്ട് വ്യസനിക്കുന്നു.

ഭൂട്ടാന്‍, സിക്കിം ലോട്ടറികള്‍ക്കെതിരായും വ്യാജ ലോട്ടറി മാഫിയയ്‌ക്കെതിരായും മാറുവിരിച്ചു നിന്ന് പൊരുതുന്നവര്‍ തങ്ങള്‍ മാത്രമാണെന്ന് ജനങ്ങളെ വിശ്വസിപ്പിക്കുവാനായിരുന്നൂ ചെന്നിത്തലയാദികളുടെ അഭ്യാസ പ്രകടനങ്ങള്‍.

ലോട്ടറി മാഫിയയ്ക്കുവേണ്ടി മുന്‍ധനമന്ത്രിയും ഇപ്പോഴത്തെ ആഭ്യന്തരമന്ത്രിയുമായ പി ചിദംബരം കോടതിയില്‍ വന്ന് വാതോരാതെ വാദിച്ചത് ചെന്നിത്തലമാരും ചാണ്ടിമാരും മറന്നു.
ചിദംബരത്തിന് മന്ത്രിക്കസേര കിട്ടിയപ്പോള്‍ അദ്ദേഹത്തിന്റെ പ്രിയതമ നളിനി ചിദംബരം കറുത്ത കോട്ടണിഞ്ഞ് കോടതിയിലെത്തിയതും മറന്നു.
മണികുമാര്‍ സുബ്ബ എന്ന ലോട്ടറി മാഫിയാ രാജാവ് കോണ്‍ഗ്രസ് നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്നതും മറന്നു.
മറവി ഒരനുഗ്രഹമാണെന്ന് ഉമ്മന്‍ചാണ്ടിയ്ക്കും ചെന്നിത്തലയ്ക്കും മറ്റു കോണ്‍ഗ്രസ് നടന്‍മാര്‍ക്കും വ്യക്തമായി അറിയാം.

പക്ഷേ സിംഗ്‌വി പറ്റിച്ചുകളഞ്ഞു.

ലോട്ടറി മാഫിയയ്ക്കു വേണ്ടി അഭിഷേക് സിംഗ്‌വി കേരള ഹൈക്കോടതിയിലെത്തി.

അന്യ സംസ്ഥാന ലോട്ടറി മാഫിയകള്‍ക്കെതിരായി അതിശക്തമായ നിലപാടെടുക്കുന്ന കേരള സര്‍ക്കാരിനെതിരെ അദ്ദേഹം പോരാടി.
മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സിനു വേണ്ടി സിംഗ്‌വി തുപ്പല്‍ തൊടാതെ വാദിച്ചു. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇതിനൊന്നും അധികാരമില്ലെന്നു സ്ഥാപിച്ചു.
ലോട്ടറി മാഫിയയ്ക്ക് അനുകൂലമായ വിധി സമ്മാനിച്ചു കൊടുക്കുകയും ചെയ്തു.

സംസ്ഥാന സര്‍ക്കാരിനാണ് അധികാരം എന്നു പറഞ്ഞു നടക്കുകയും സംവാദത്തില്‍ ഏര്‍പ്പെടുകയും ചെയ്തവരുടെ മാറില്‍ തളയ്ക്കുന്ന അമ്പാണ് സിംഗ്‌വി എയ്തുവിട്ടത്.

'അമ്പേല്‍ക്കാത്തവരാരുമില്ല' എന്ന മട്ടില്‍ കോണ്‍ഗ്രസ് കൂടാരം പുളയുന്നത് കാണുമ്പോള്‍ അവരാടിയ നാടകത്തെയോര്‍ത്ത് ജനം ചിരിച്ചു മലര്‍ക്കുന്നു.

ലോട്ടറി മാഫിയയ്ക്കായി സിംഗ്‌വി വാദിക്കാന്‍ വന്നത് ചെന്നിത്തലയും, പി.ടി. തോമസും വന്ന അതേ വിമാനത്തില്‍.
ഡല്‍ഹിയിലെ വി.ഐ.പി മുറിയിലിരുന്നു എന്തിനു വരുന്നുവെന്ന് ആരാഞ്ഞറിയുകയും, വിവരം അറിഞ്ഞപ്പോള്‍ ചെന്നിത്തല ആനന്ദിക്കുകയും ചെയ്തുപോല്‍.

വിവാദമായപ്പോള്‍ കൊച്ചിയിലേയ്ക്കുള്ള വരവില്‍ സിംഗ്‌വിയെ കണ്ടതേയുളളൂ, ഒന്നും കേട്ടില്ലെന്ന് ചെന്നിത്തല.

വിമാനത്താവളത്തില്‍ വെച്ച് എല്ലാം ചോദിച്ചറിഞ്ഞെന്നും മേഘയ്ക്കും സാന്‍ഡിയാഗോയ്ക്കും വേണ്ടി വാദിക്കരുതെന്നും ആവശ്യപ്പെട്ടതായി പി ടി തോമസ്. വിവരങ്ങളാകെ ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും അപ്പോള്‍ തന്നെ അറിയിച്ചുവെന്നും തോമസ്.

പക്ഷേ സിംഗ്‌വി വാദിച്ചു, ലോട്ടറി മാഫിയയ്ക്ക് വിജയം സമ്മാനിച്ചു.

എന്നിട്ട് വിജയസ്മിതത്തോടെ മടങ്ങി.

എന്നിട്ടും കേരളത്തിലെ കോണ്‍ഗ്രസ് കൂത്ത് നടത്തുന്നു.

സിനിമകളിലെ ഫലിതങ്ങളേക്കാള്‍ വന്‍ഫലിതങ്ങള്‍ സാമൂഹ്യ-രാഷ്ട്രീയ രംഗത്ത് സൃഷ്ടിക്കുവാനാവും എന്നു തെളിയിക്കുന്നതിന് പ്രത്യേക പുരസ്‌കാരം ഏര്‍പ്പെടുത്തേണ്ടതാണ്.

ഭൂട്ടാന്‍ സര്‍ക്കാരിന്റെ വക്കീലാണ് താനെന്ന് സിംഗ്‌വി അവകാശപ്പെട്ടു.

പക്ഷേ ഹോട്ടല്‍ മുറിയിലെ വാസത്തിനും സമൃദ്ധമായ ഭക്ഷണത്തിനും എന്തിന് കുടിവെള്ളത്തിനു പോലും പൈസ നല്‍കിയത് സാന്‍ഡിയോഗോ മാര്‍ട്ടിന്‍.

അതു വെളിച്ചത്തായപ്പോള്‍ അഭിഷേക് സിംഗ്‌വിക്കെതിരെ നടപടി വേണമെന്ന് കേരളത്തിലെ കോണ്‍ഗ്രസ്, ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടുപോലും.

പ്ലീസ്, ചെന്നിത്തല, ഇങ്ങനെ തമാശ പറഞ്ഞു ചിരിപ്പിക്കുരുത്.

''വേഷങ്ങള്‍ കണ്ടു രസിക്കും ചില ജനം
ഘോഷങ്ങള്‍ കണ്ടു രസിക്കും ചില ജനം''

എന്ന് കുഞ്ചന്‍ നമ്പ്യാര്‍ പാടിയത് ഓര്‍മ്മിച്ച് സമാധാനിക്കാം.

=================================
(2010-10-04)