2010, സെപ്റ്റംബർ 18, ശനിയാഴ്‌ച

ഹോം ഹ്രീം നീരാളി നമഹ:

നമുക്കിപ്പോള്‍ ഒരു പുതിയ തിരുമാലിപ്പണിക്കുകൂടി വഴി തുറന്നിരിക്കുന്നു.
ധാരാളം പണം സമ്പാദിക്കാവുന്ന വഴിയാണ്.
ഒരു തരം മന്ത്രവാദമാണ് സംഗതി.
പക്ഷേ, പൂണൂലിട്ട ആരും മത്സരിക്കാന്‍ വരില്ല എന്ന മെച്ചമുണ്ട്. കാരണം, മീന്‍ തൊട്ടു കൂട്ടണം!

വടക്കേ ഇന്ത്യയിലേയ്ക്ക് ഒരു യാത്ര ചെയ്യണമെന്നിരിക്കട്ടെ.
വണ്ടി ഓടുമോ, കൊങ്കണില്‍ മണ്ണിടിയുമോ, തീവ്രവാദികളോ നക്‌സലൈറ്റുകളോ ആപത്തുണ്ടാക്കുമോ, വണ്ടിയില്‍ ആഹാരം കിട്ടുമോ, കിട്ടിയാലുമത് ഭക്ഷ്യവിഷബാധ ഉണ്ടാക്കുമോ എന്നിങ്ങനെ നൂറായിരം ചോദ്യങ്ങള്‍ ഉദിക്കുന്നു.

വിമാനമാണെങ്കില്‍ റണ്‍വേ കഴിഞ്ഞാണോ ഇറങ്ങുക. പെട്ടി കയറ്റുന്ന അറയില്‍ തീയുണ്ടാകുമോ എന്നിങ്ങനെയും.

കല്യാണത്തീയതി നിശ്ചയിച്ച് താലി കെട്ടാന്‍ ഗള്‍ഫില്‍നിന്നു വന്ന ചെറുപ്പക്കാരന്‍ മുംബൈയിറങ്ങി കൊങ്കണില്‍ യാത്ര ചെയ്ത് വഴിയില്‍ വീട്ടിലേയ്ക്കു വിളിക്കുകയും തൊട്ടടുത്ത നിമിഷം മുതല്‍ അപ്രത്യക്ഷനാവുകയും ചെയ്ത സംഭവവും ഉണ്ട്.

അതിനാല്‍ നമ്മുടെ യാത്രയുടെ സുരക്ഷയെപ്പറ്റി ഒരു ഉറപ്പ് കിട്ടാന്‍ എന്തു ചെയ്യും?
മഷിനോട്ടക്കാരെയോ വെറ്റിലജ്യോത്സ്യക്കാരെയോ സമീപിക്കുകയായിരുന്നു അടുത്ത കാലം വരെ പതിവ്. ജ്യോതിഷികളെ സ്ഥിരമായി കാണുന്നവരുമുണ്ട്.
ആപന്നിവാരണയന്ത്രം വാങ്ങി അരയില്‍ കെട്ടുകയും പതിവാണല്ലോ.
എന്നിട്ടും ഈ വക പ്രവചനങ്ങളും ഉറപ്പുകളുമൊക്കെ പലപ്പോഴും പിഴയ്ക്കുന്നു.

ഒട്ടും പിഴയ്ക്കാത്തതാണ് തെളിഞ്ഞതായി പറയപ്പെടുന്ന ഒരു പ്രവചനമുറ നമുക്കിപ്പോള്‍ കണ്ടുകിട്ടിയിട്ടുണ്ട്.
സാക്ഷാല്‍ നീരാളിയെ വെച്ചുള്ള കളി!
ലോകകപ്പിന്റെ ഫലം വരെ കിറുകൃത്യം പ്രവചിച്ച നീരാളിസിദ്ധന്റെ അനേകായിരം ചാര്‍ച്ചക്കാര്‍ ഇപ്പോഴും കടലില്‍ ബാക്കിയല്ലേ?

ഒരു നീരാളിയെ വാങ്ങി കൂട്ടിലെ വെള്ളത്തില്‍ വളര്‍ത്തി അതിന് ആഹാരം കൊടുക്കാന്‍ രണ്ട് തീറ്റപ്പെട്ടിയും ഒരുക്കിയാല്‍ പണി തീര്‍ന്നു.
ഒന്ന് രക്ഷപ്പെട്ടി, മറ്റേത് അപായപ്പെട്ടി എന്നു സങ്കല്‍പ്പിക്കുക.
ഏതില്‍നിന്ന് നീരാളിദിവ്യന്‍ ആദ്യം ഭക്ഷിക്കുന്നുവോ അത് സംഭവിക്കും.

ഷെയര്‍മാര്‍ക്കറ്റിലെ അനിശ്ചിതത്വത്തില്‍ മുങ്ങിപ്പൊങ്ങി വിഷമിക്കുന്നവര്‍ക്ക് ഇതിലേറെ വലിയ ഒരു പിടിവള്ളി ഉണ്ടാകാനില്ല.
ഏത് ഷെയറിന്റെയും വിലയില്‍ ഏറ്റമോ ഇറക്കമോ വരുന്ന കാര്യം നീരാളിത്തമ്പുരാന്‍ പ്രവചിച്ചു തരും.

മീന്‍ പിടിക്കാന്‍ പോകുന്നവര്‍ ഇപ്പോള്‍ ചെമ്മീനോ നെയ്മീനോ ഒന്നുമല്ല പ്രധാനമായും അന്വേഷിക്കുന്നത്, നീരാളിയെ ആണത്രേ.
ജീവനോടെ കരയില്‍ കൊണ്ടുവന്നു കൊടുത്താല്‍ ലക്ഷങ്ങള്‍ കിട്ടുംപോലും!
വലിപ്പം കൂടുന്തോറും വിലയും കൂടും.

ഒരു കുഴപ്പമേ ഉള്ളൂ.

പിണങ്ങിയാല്‍ നീരാളി കറുത്ത മഷി വെള്ളത്തിലേയ്ക്ക് വിസര്‍ജിച്ച് ആകെ കലക്കി ചുറ്റുമുള്ള ഒന്നും കാണാതെയാക്കും.

അതിനാല്‍ പിണക്കാതെ വേണം ജ്യോത്സ്യം.

ജ്യോത്സ്യം അഥവാ പിഴച്ചാലും തല്ലു കിട്ടുക നീരാളിക്കാവുമെന്ന മെച്ചവുമുണ്ട്.

ഹോം ഹ്രീം നീരാളി നമഹ:...

===========================

2010-08-17

നെഹ്രു കുട്ടികളെ വഴിതെറ്റിക്കുമ്പോള്‍ കെ എസ്‌ യു ക്കാര്‍ അടങ്ങിയിരിക്കുമോ?

അറിവിലും വായനയിലും വല്യ കൊണ്ഗ്രെസ്സുകാരെയും,കുഞ്ഞു കെ എസ് യുക്കാരെയും വെല്ലാന്‍ കഴിയുന്ന ഒരു കുട്ടരുമില്ല.
മലയാളത്തില്‍ മാത്രമല്ല, സര്‍വ്വ ഇന്ത്യന്‍ഭാഷകളിലും ആരുമാരുമേ ഇന്നേവരെ ഉണ്ടായിട്ടില്ല.
മഹാഭാരതം മുതല്‍ മനോരമവാരിക വരെ വായിച്ചും,ഗ്രഹിച്ചും,ആനന്ദം കൊള്ളുന്നവര്‍ ആണവര്‍.
ഋഗ്വേദം മുതല്‍ പൂമ്പാറ്റ വരെ, ബ്രഹാതാരന്യകോപനിശത്തു മുതല്‍ നിങ്ങള്ക്ക് ഇഷ്ട്ടപ്പെട്ട ചലച്ചിത്ര ഗാനങ്ങള്‍ വരെ, ഖുറാന്‍ മുതല്‍ വീക്ഷണം പത്രത്തിന്റെ പ്രാദേശികപേജു വരെ, ബൈബിള്‍ മുതല്‍ ഇടയലേഖനം വരെ, രാമായണം മുതല്‍ ഒന്നാംക്ലാസ്സ് പാഠപുസ്തകം വരെ കൊണ്ഗ്രെസ്സുകാരുടെ കണ്ണെത്തും.
വ്യാസന്‍ മുതല്‍ ചെന്നിത്തല വരെയും, വാല്മീകി മുതല്‍ ഹസ്സന്‍ വരെയും, നെഹ്‌റു മുതല്‍ ബന്നി ബഹനാന്‍ വരെയും അവര്‍ വായിച്ചറിഞ്ഞിട്ടുണ്ട്.

ഈ വിധം മഹാസാഗരം പോലെ നിറഞ്ഞു തുളുമ്പുന്ന അറിവിന്റെ ഭാരം കൊണ്ട്, നടക്കാനും,ഇരിക്കാനും, കിടക്കാനും, പെടാപാട് പെടുന്നവര്‍ക്കാണ്, ഏഴാം ക്ലാസ്സിലെ പാഠപുസ്തകം വായിക്കുവാനും,അറിയുവാനും പ്രയാസം.

വായിച്ചു....... അറിഞ്ഞു.......

സെക്രെട്ടെരിയെട്ടിന്റെ മതില്‍ ചാടിക്കടന്നു, പള്ളിക്കുടത്തില്‍ ഇരച്ചു കയറി, പാവം സ്കൂള്‍ കുട്ടികളെ ആശുപത്രിയിലാക്കി, അധ്യാപികമാരെ ഓടിച്ചു തള്ളിയിട്ടു, പോലീസുകാരുടെ മുഖം അടിച്ചു പരത്തി....

തികച്ചും ഗാന്ധിയന്‍ വഴികളിലൂടെയുള്ള ഉദാത്തമായ സമരം.

ഗാന്ധിയെപ്പോലെ തന്നെ സഹിഷ്ണുതയും,ത്യാഗസന്നദ്ധതയുമുള്ളത് കൊണ്ട് സഹിച്ചും,ത്യജിച്ചും,സമരമനുഷ്ടിച്ചു.

ധീരതയും, നിര്‍ഭയത്വവും, ജന്മസിദ്ധമായത് കൊണ്ട് പോലീസുകാരെയും, അധ്യാപകരെയും, കുട്ടികളെയും തല്ലിയതിന് ശേഷം ഖദര്‍മുണ്ടുയര്‍ത്തിപ്പിടിച്ചു ഓടി രക്ഷപ്പെടും.

കുട്ടിനു ഇമ്മിണി വല്യനേതാകന്മാര്‍ ധാരാളമുണ്ട്.

കെ.എസ്യു.ക്കാരെ തല്ലിച്ചതച്ചെന്നു കരഞ്ഞു നിലവിളിച്ചു,പത്രസമ്മേളനം നടത്തുവാനും, ചാനല്‍ ചര്‍ച്ചകള്‍ നയിക്കുവാനും, ഉച്ചക്ക് ഒരു മണി വരെ ഉപവാസമിരിക്കുവാനും,കെ.കരുണാകരന്‍ മുതല്‍ ജോസഫ്‌ വാഴയ്ക്കന്‍ വരെയുണ്ട്.

തീര്‍ന്നില്ല കുട്ടുകാര്‍,...പുരോഹിതരും,സാമുദായിക സംഘടനകളുമുണ്ട്‌.

പിന്നെ മുന്‍പില്‍ നോക്കേണ്ട കാര്യമെന്തിരിക്കുന്നു?


"തനിക്കു വേണ്ടി ഇഷ്ട്ടപ്പെടുന്നതെല്ലാം, സഹോദരന് വേണ്ടിയും ഇഷ്ട്ടപ്പെടുക. തനിക്കു വേണ്ടി ഇഷ്ട്ടപ്പെടാത്തതെല്ലാം സഹോദരന് വേണ്ടിയും ഇഷ്ട്ടപ്പെടാതിരിക്കുക." എന്ന നബിവചനം, ഏഴാം ക്ലാസ്സിലെത്തിയ കുട്ടികളെ പഠിപ്പിക്കുന്നത്‌ മതനിഷേധം ആണെന്ന് കോണ്‍ഗ്രെസ്സുകാരെപ്പോലെ തന്നെ മുസ്ലിം ലീഗുകാര്‍ക്കും, ഇതര മുസ്ലിംസംഘടനകള്‍ക്കും അറിവുള്ളതാണ്.

"മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പ്രയൂമാരനമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നുവോ, അത് പോലെ അവരോടും പെരുമാറുക". എന്നാ ബൈബിള്‍ വാക്യം പുസ്തകത്തില്‍ ഉള്‍ചേര്‍ത്തത് വലിയ പാതകമാണെന്ന് ഉമ്മന്‍ ചാണ്ടിക്കും,കെ എം മാണിക്കും, പി പി തങ്കച്ചനും മനസ്സിലാവാതിരിക്കാന്‍ മാത്രം ബുദ്ധിക്കുറവു ഒന്നുമില്ല.

ഈ ഒരൊറ്റ വാക്യത്തിലുടെ വ്രണപ്പെട്ടു പോകുന്ന മതവികാരത്തെ കുറിച്ചറിയാന്‍ വൈദികര്‍ക്കു അഞ്ചു നിമിഷം പോലും വേണ്ടതില്ല.

"നിനക്ക് അഹിതമായത് എന്തോ, അത് അന്യനും അഹിതം ആണെന്ന് ധരിക്കണം. ഇതാണ് ധര്‍മ്മത്തിന്റെ സാരം" എന്ന മഹാഭാരതത്തിലെ വാക്യം മത വികാരങ്ങളെ പിടിച്ചുലയ്ക്കുന്നതാണെന്ന് കരുണാകരനും, ചെന്നിത്തലക്കും, ബാലകൃഷ്ണ പിള്ളക്കും, ആര്‍ എസ് എസ് ക്കാര്‍ക്കും അറിവുള്ളതാണ്.

ഇത്ര കഠിനവും ക്രൂരവുമായ നിലയില്‍ മത വികാരങ്ങളെ അടിച്ചമര്‍ത്താന്‍, ഏഴാംക്ലാസ്സിലെ പാഠപുസ്തകത്തെ ഉപയോഗിച്ചാല്‍ തിളയ്ക്കാതിരിക്കാന്‍ കോണ്‍ഗ്രസുകാരുടെ രക്തം പച്ചവെള്ളം ഒന്നുമല്ല.
ലീഗുകാരുടെ ബുദ്ധി തണുത്തുറഞ്ഞു പോയിട്ടൊന്നുമില്ല.
കേരള കൊണ്ഗ്രെസ്സുകാരുടെ മനസ്സ് റബ്ബര്‍ പോലെ ചുരുങ്ങിപ്പോയിട്ടുമില്ല....

കൊടിയെടുത്തു,...
പിന്നെ വടിയെടുത്തു,...
മൂര്‍ച്ചയേറിയ കരിങ്കല്‍ ചീളുകള്‍ എടുത്തു.

കേരളം ഇന്നേ വരെ കണ്ട ഏറ്റവും ബീഭത്സമായ നരനായാട്ട് ആണിതെന്ന കാര്യത്തില്‍ ഐക്യരാഹിത്യമുന്നണിക്ക്‌ തര്‍ക്കമില്ല.

തങ്ങളുടെ ഭരണകാലത്ത് എന്തായിരുന്നു വിശേഷം!...

സമരത്തിന്‌ വരുന്നവര്‍ക്ക് ലഡുവും, ജിലെബിയുമായാണ് ആന്റണിയുടെയും, ഉമ്മന്‍ ചാണ്ടിയുടെയും, പോലിസ് കാത്തു നിന്നത്.
വിദ്യാഭ്യാസ വ്യാപാരത്തിനെതിരെ ശബ്ദിച്ച വിദ്യാര്‍ഥികള്‍ക്ക് ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ തലോടലാണ് നല്‍കിയിരുന്നത്.
മുദ്രാവാക്യം വിളിക്കുന്നവര്‍ക്ക് കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഗ്രനേഡ് സമ്മാനിച്ചതൊന്നും ഓര്‍മ്മിക്കരുത്. വൈദ്യുത ലാത്തി കൊണ്ട് ഗുഹ്യഭാഗത്ത്‌ പ്രയോഗം നടത്തി മര്‍ദിച്ചത് മറന്നേക്കണം.
ബുട്ടുകളും, തോക്കിന്റെ, പാത്തികളും കൊണ്ട് മര്മ്മഭാഗങ്ങളില്‍ പ്രയോഗം നടത്തിയത് സ്നേഹം മൂത്തിട്ടാനെന്നു മനസ്സിലാക്കണം.

വൈദ്യുതി നിരക്കിന്റെ അസാധാരണമായ വര്ധനവിനെതിരെയും, കുട്ടികള്‍ പഠിക്കാന്‍ നിര്‍വാഹമില്ലാതെ ആത്മഹത്യ ചെയ്യാന്‍ തുടങ്ങിയപ്പോഴും, കൊടിപിടിച്ച പെണ്‍കുട്ടികളെ തെരുവില്‍ ചവിട്ടിയരച്ചത് മനുഷ്യത്വത്തില്‍ അടിയുറച്ചു വിശ്വസിച്ചത് കൊണ്ടാണ്.

"എല്ലാ മതങ്ങളും മനുഷ്യ നന്മയെ ലക്‌ഷ്യം ആക്കുന്നു. സഹിഷ്ണുതയോടെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു. വിവിധ മതവിഭാഗങ്ങളില്‍ പെടുന്ന ജനങ്ങള്‍ ഒന്നിച്ചു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അനവധി സന്ദര്‍ഭങ്ങള്‍ നമുക്ക് കാണാനാകും". എന്നൊക്കെ പാഠപുസ്തകത്തില്‍ എഴുതി വെയ്ക്കുന്നത് മതങ്ങള്‍ക്ക് നേരെയുള്ള വെല്ലുവിളി ആണെന്ന് ഉമ്മന്‍ ചാണ്ടിയും, കുഞ്ഞാലികുട്ടിയും പറഞ്ഞു തന്നാല്‍ തെറ്റുണ്ടാകില്ലെന്നു കെ.എസ്.യുക്കാര്‍ക്കറിയാം.

നെഹ്‌റു പറഞ്ഞ കാര്യങ്ങള്‍ പാഠപുസ്തകത്തില്‍ ഉള്‍ചേര്‍ത്ത പോലെ ഒരു മഹാപാതകം മറ്റൊന്നിനി ചെയ്യാനില്ല.

"എന്റെ മരണശേഷം എനിക്കായി മതപരമായ യാതൊരു കര്‍മ്മങ്ങളും നടത്തണമെന്ന് എനിക്കാഗ്രഹമില്ലെന്നു ഉള്ളഴിഞ്ഞു പ്രഖ്യാപിക്കാന്‍ ഞാന്‍ അഭിലഷിക്കുന്നു" എന്നൊക്കെ നെഹ്‌റു പറഞ്ഞത് പഠിപ്പിച്ചു കുട്ടികളെ വഴി തെറ്റിക്കാന്‍ നോക്കിയാല്‍, വടിയെടുത്തു തല്ലാതിരിക്കാനും, ഖദര്‍ മുണ്ട് മാടിക്കെട്ടി പുലഭ്യം പറയാതിരിക്കാനും കഴിയില്ല.
നെഹ്രുവും, ഗാന്ധിജിയുമൊക്കെ പറഞ്ഞ കാര്യങ്ങള്‍ തലമുറകളെ വഴി തെറ്റിക്കുമെന്ന കാര്യത്തില്‍ ബുദ്ധിയും, പാണ്ഡിത്യവും ഉത്തരോത്തരം വളര്‍ന്നു കൊണ്ടിരിക്കുന്ന കൊണ്ഗ്രെസ്സുകാര്‍ക്ക് അശേഷം സംശയം ഇല്ല.

"അടങ്ങുകില്ലിനി, ഒതുങ്ങുകില്ലിനി"
എന്ന് ചെന്നിത്തല മാത്രമല്ല പറയുന്നത്.,
ചോര ചിന്തിയും പോരുതണമെന്നു ഇടയലേഖനത്തിലൂടെ പള്ളിവളപ്പില്‍ നിന്ന് ദൈവവാക്യം ഉയര്‍ന്നിട്ടുണ്ട്. മുട്ടുമടക്കില്ലെന്ന് പുത്തന്‍ പ്രവാചകരും അറിയിച്ചിട്ടുണ്ട്.

ഇടയലേഖനങ്ങള്‍ക്കും, ശാസനകള്‍ക്കും, ഉദ്ഘോഷനങ്ങള്‍ക്കും കുറച്ചു കാലമായി ഒട്ടും തന്നെ വില കല്‍പ്പിക്കുന്നില്ല കുഞ്ഞാടുകള്‍.
അതങ്ങനെയായാലും,ഇടയലേഖനമിറക്കി കുഞ്ഞാടുകളെ ഉല്‍ബുദ്ധരാക്കാതിരിക്കാന്‍ കഴിയില്ല.

പാഠപുസ്തകങ്ങളോടും, മറ്റ് ഗ്രന്ഥങ്ങളോടും പണ്ടേക്കുപണ്ടേ പ്രിയമേറിയത് കൊണ്ട് പാഠപുസ്തകം കീറിയേറിയലും, ചവിട്ടി മെതിക്കലും തുടര്‍ന്നും നടക്കും.
ഏഴാം ക്ലാസ്സിലെ സാമുഹ്യശാസ്ത്ര പാഠപുസ്തകം മാത്രമല്ല, എല്ലാ ക്ലാസ്സുകളിലെയും,എല്ലാ പാഠപുസ്തകങ്ങളും പിന്‍വലിച്ചു., "വീക്ഷണം", "ചന്ദ്രിക" എന്നിത്യാദി പത്രങ്ങളും, ഉമ്മന്‍ ചാണ്ടിയുടെയും,കരുണാകരന്റെയും, ആര്യാടന്റെയും,ചെന്നിത്തലയുടെയും, കുഞ്ഞാലികുട്ടിയുടെയും, ബാലകൃഷ്ണപിള്ളയുടെയും മഹദ് വചനങ്ങളും, പ്രവര്‍ത്തിമാഹാത്മ്യവും പഠിക്കുകയും ചെയ്യുന്ന കാലത്ത് മാത്രമേ, ശരിയായ വിദ്യാഭ്യാസ സമ്പ്രദായം രൂപപ്പെട്ടു വരുകയുള്ളു.

അതിനാല്‍ വ്യാസനും, വാല്മീകിയും,നബിയും, ക്രിസ്തുവും,ഗാന്ധിജിയും, നെഹ്രുവും ഒക്കെ പാഠപുസ്തകങ്ങളില്‍ നിന്ന് ഇറങ്ങി പോയാലേ കെ.എസ്.യുവിലെ ഇളമുറക്കാര്‍ക്കും, കൊണ്ഗ്രെസ്സിലെ മൂത്തമുറക്കാര്‍ക്കും ഇനി ഉറങ്ങാന്‍ കഴിയുകയുള്ളൂ.

============================
ജൂണ്‍ 24, 2008

2010, സെപ്റ്റംബർ 16, വ്യാഴാഴ്‌ച

ചെന്നിത്തലയുടെ ചെന്നിയിലും തലയിലുമുദിച്ച “മനസ്സാക്ഷി വിചാരണ"

"ഊര്ജ്ജസ്വലന് രാഘവന്റെ
യോന്നാമത്തെ പരാക്രമം
കണ്ടത്ഭുതപ്പെട്ടു തമ്പി
ലക്ഷ്മണന് മുനിവര്യനും."

എന്നൊക്കെ ബാലരാമായണത്തില് ആശാന് എഴുതിയിട്ടുണ്ടെന്ന് വായനാ ശീലമുള്ള, കോണ്ഗ്രെസ്സുകാരല്ലാത്ത പലരും പറഞ്ഞു രമേശ് ചെന്നിത്തല കേട്ടിട്ടുണ്ട്.
പക്ഷെ ഉര്ജ്ജസ്വലന്മാരുടെ പരാക്രമപരമ്പരകളും, ഒളിയുദ്ധങ്ങളും കണ്ടും കേട്ടും ഈ വിധം അത്ഭുതപരതന്ത്രനായി പോകുമെന്ന് സ്വപ്നേപി കരുതിയിരുന്നില്ല.

ലക്ഷ്മണന് ജേഷ്ഠന്ആയ ഒരേയൊരു രാഘവന്റെ പരാക്രമം കണ്ടാണ് അതിശയം കുറി നിന്നത്. പല രാഘവന്മാരുടെയും ഒന്നാമത്തെയും, രണ്ടാമത്തെയും, എന്തിനു പതിനെട്ടാമത്തെയും പരാക്രമം കണ്ടു അന്ധാളിച്ചു നില്പ്പാണ് ചെന്നിത്തല.

താടകയെന്ന രാക്ഷസി സുന്ദരിക്ക് നേരെയുള്ള രാമന്റെ പരാക്രമം കണ്ടാണ് ലക്ഷ്മണനും മുനിവര്യനായ വിശ്വാമിത്രനും അത്ഭുതപ്പെട്ടതെങ്കില്, തന്റെ ഹൃദയത്തിലേക്കുള്ള പരാക്രമങ്ങള് കണ്ടാണ് ചെന്നിത്തല അത്ഭുതത്താല് പരതന്ത്രനായതും തളര്ന്നു വീണു പോയതും.

പരാക്രമങ്ങളില് പരമസ്ഥാനം നേടിയ പുര്വ്വചരിത്രമൊക്കെ ചെന്നിത്തലക്കുന്ടെങ്കിലും ഈ പുതിയ പരാക്രമത്തില് നിലം പതിച്ചു പോയി.

ഒരപ്പം നുറായി പകുത്തെടുത്തു കൊടുക്കാന് ആരോ പറഞ്ഞെന്ന് ചെന്നിത്തലയും കേട്ടിട്ടുണ്ട്.

"നാഴിയുരി പാല് കൊണ്ട് നാടാകെ കല്യാണം" എന്ന പാട്ട് ഖദര് അണിയുന്നതിനും, മുഖത്ത് പൌഡര് അടുക്കടുക്കായി പൂശുന്നതിനുമിടയില് ആകാശവാണിയില് നിന്ന് കേട്ടിട്ടുണ്ട്.

പക്ഷെ ഒരു രാജ്യസഭ സീറ്റ്, നുറ് പോയിട്ട്, രണ്ടായിട്ട് പോലും പകുക്കാന് പറ്റുകയില്ലെന്ന് ആര്ക്കാണറിയാത്തത്?

ഇല കഴുകിയും, ഒരേയിലയില്‍ നിന്ന് ഇഡ്ഡലി ഭക്ഷിച്ചും, അടുക്കളയില്‍ കയറിയിറങ്ങിയും, ചെറുപ്രായത്തില്‍ തന്നെ നിയമസഭ കണ്ടിട്ടുണ്ട്.
അപ്പോഴാണ്‌ പെട്ടെന്നൊരു പൂതി വന്നു കുടിയത്‌.
മന്ത്രിസഭയും ഒന്ന് കാണണം.
കാലു തിരുമ്മിയും, മുട്ടിലിഴഞ്ഞും,പ്രായം കുറഞ്ഞ ഗ്രാമവികസന മന്ത്രിയായി. നാടാകെ നടന്നു മണ്‍വെട്ടിയെടുത്തു കാട് വെട്ടുന്ന പരിപാടി ഉദ്ഘാടനം ചെയ്യുന്ന ഒരു നിമിഷത്തെ യജ്ഞത്തിന് ക്യാമറക്കു മുന്നില്‍ അഭിനയിച്ചു.

പിന്നെ ലോക്സഭ കാണണം എന്നായി പൂതി.
കോട്ടയത്ത്‌ നിന്നും ലോക്സഭ കണ്ടു.
പിന്നെ പിന്നെ കോട്ടയംകാര്‍ തോല്‍പ്പിച്ചപ്പോള്‍ മാവേലിക്കരയില്‍ നിന്ന് ലോക്സഭയിലേക്കു പോയി.
അവരും ശരിയായ വിധത്തില്‍ പഠിച്ചപ്പോള്‍ ഇനി ലോകസഭ കാണേണ്ടതില്ലെന്നു നിശ്ചയിച്ചു കളഞ്ഞു. ഇനിമേല്‍ ഏതു കരയില്‍ നിന്നാലും ലോക്സഭയിലേക്കു പഹയന്മാര്‍ അയയ്ക്കില്ലെന്ന് വന്നപ്പോള്‍ രാജ്യസഭയല്ലാതെ മറ്റൊരു ശരണം ഇല്ലെന്ന സ്ഥിതി സംജാതമായി.

രാജ്യസഭയും ഒന്ന് കണ്ടിരിക്കണമല്ലോ...
അങ്ങാടിമരുന്നാണോ പച്ചമരുന്നാണോ അവിടെ വാണിഭം ചെയ്യുന്നതെന്ന്, ചെന്നിയില്‍ തലയിരിക്കുന്നയാള്‍ അറിഞ്ഞില്ലെങ്കില്‍ പിന്നെ മറ്റാരാണ്‌ അറിയുന്നത്.
അതിനു വേണ്ടി മാത്രമാണ് മോഹിച്ചത്, രാജ്യസഭ ഒന്ന് കാണണമെന്ന്.

പണ്ടൊരാള്‍ ലോക്സഭയിലേക്കു ആളുകള്‍ പറഞ്ഞയച്ചിട്ട്, രാജ്യസഭയിലേക്ക് പോയത് പോലെ വഴിമാറി കേറാന്‍ ഒന്നുമല്ല പാട്പെട്ടത്.
കൊണ്ഗ്രെസ്സ് പാര്‍ട്ടിക്ക് ഒരേ ഒരു സീറ്റ്‌ കിട്ടും.
അത് കേരളത്തിലെ പ്രസിഡണ്ട്‌നു അല്ലാതെ മറ്റാര്‍ക്ക് എന്ന് ചിന്തിച്ചു പോയി.

അത് മാത്രമല്ല കാര്യം....

ധ്രിതരാഷ്ട്രര്‍ പാണ്ഡവരോട് അരക്ക് കൊട്ടാരത്തില്‍ ചെന്ന് താമസിക്കുവാന്‍ ഉപദേശിച്ച വേളയില്‍, പറഞ്ഞ വാക്കുകളും അറിയാതെ ഓര്‍മിച്ചു പോയി.

" അവിടത്തില്‍ ചിലര്‍ ചെന്ന് വസിച്ചേ,
ഭവനത്തിനൊരു ഭുതി ഭവിപ്പൂ!"
എന്ന വാക്കുകള്‍. ,

"രാജ്യസഭയ്ക്ക് ഒരു വിധത്തില്‍ ഭൂതി ഭവിപ്പു!", എന്ന വാക്കുകള്‍
എന്നാണ് കേട്ടു പോയത്.

രാജ്യസഭക്ക് ഒരു വിധത്തില്‍ ഭൂതി ഭവിപ്പിക്കണം തന്റെ കടന്നു ചെല്ലലിലൂടെ എന്നാ കലശമായ മോഹം അറിയാതെ പിടി കൂടിപ്പോയി.

എന്തൊരു കഷ്ടമാണിത്?
സന്താപങ്ങള്‍ ഈ വിധം വന്നു കൂടുമെന്ന് ആരുമാരും കണ്ടില്ല.

"എന്തെന്നേതു മറിഞ്ഞില്ലിത് ബത,
ചിന്തിച്ചാല്‍ ബഹു കഠിനം കഠിനം!"
എന്നതു പോലെയായി പിന്നീടുള്ള കാര്യങ്ങള്‍.

എല്ലാവര്ക്കും അസുഖങ്ങള്‍ വന്നു പെടും.
പക്ഷെ ഇങ്ങനെയുമുണ്ടോ ഒരു രോഗബാധ?

"രാജ്യസഭാ മോഹം" എന്നാ മാരക രോഗം താന്‍ ആദ്യക്ഷനായ പാര്‍ട്ടിയില്‍ അതികഠിനമാം വിധത്തില്‍ പടര്‍ന്നു പിടിച്ചിരിക്കുന്നുവെന്ന് ദുസ്വപ്നത്തില്‍ പോലും അറിഞ്ഞിരുന്നില്ല.

"വ്യാധികള്‍ ജീവികള്‍ക്ക്
വരുന്നു പലമട്ടായെല്ലാര്‍ക്കും മഹാമതെ!
ഇല്ലാരുമുടലെടുത്തവരിലെന്നെങ്കിലും
വല്ല രോഗവും വരാതുള്ളവരറിഞ്ഞാലും"
..................
എന്ന് ബുദ്ധ ചരിത്രത്തില്‍ പറഞ്ഞിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്.

അത് പല രൂപത്തിലായിരിക്കാം. ഉടലെടുത്തവരാരും ഏതെങ്കിലും രോഗം വരാത്തവരായിരിക്കില്ലെന്നു അറിഞ്ഞു കൊള്ളണമേന്നാണ് മേല്‍ പറഞ്ഞതിന്റെ അര്‍ത്ഥമെന്നു ചെന്നിത്തല അന്വേഷിച്ചു മനസ്സിലാക്കിയിട്ടുണ്ട്.

പക്ഷെ 'രാജ്യസഭാ മോഹം' ശ്രീ ബുദ്ധനോ, ഉത്തരാധുനിക ബുദ്ധന്മാരോ പ്രവചിച്ചിട്ടുള്ള ഒന്നല്ല.

എത്രയെത്ര പേരാണ് സ്വന്തം മോഹം അമിട്ടുവച്ച് തകര്‍ക്കാന്‍ അവരവരുടെ മോഹങ്ങളുമായി രംഗപ്രവേശനം ചെയ്തത്.

പണ്ട് കാലൊക്കെ തിരുമ്മിയത്‌ ശരി തന്നെ. മകനെ മുകളിലിരുത്താന്‍ ശ്രമിച്ചപ്പോള്‍ തന്നെ കാരണവര്‍ക്ക്‌ സന്ദേശം കൊടുത്തതാണ്, തിരുത്തല്‍ സിദ്ധാന്തത്തിലൂടെ.
പക്ഷെ പാഠം പഠിച്ചിട്ടില്ല.
പ്രായമേറെയായെങ്കിലും കാര്യങ്ങള്‍ മനസ്സിലാക്കുവാനുള്ള പ്രായം കാരണവര്‍ക്ക്‌ എത്തിയിട്ടില്ല.
ഡല്‍ഹിയില്‍ ചെന്ന് മകളുമായി തമ്പടിച്ചിരിക്കുകയാണ്. കരുണാകര്‍ജിക്ക് വേണം രാജ്യസഭാസീറ്റ്‌ എന്ന് പറയാന്‍ കുറെ അനുചരന്മാരേയും കൊണ്ടുപോയിട്ടുണ്ട്.

ത്യാഗിയും, നിഷ്കാമ കര്‍മ്മിയുമായ ഒരാള്‍ പൊടുന്നനെ വന്നു പറയുന്നു,ആലപ്പുഴ ലോകസഭ സീറ്റില്‍ വയലാര്‍ രവിക്ക് കണ്ണുണ്ടെങ്കില്‍ താനില്ലെന്ന്.
കേട്ടപ്പോള്‍ വല്ലാത്തൊരു കോരിത്തരിപ്പ് അനുഭവപ്പെട്ടു.
തൊട്ടു പിന്നാലെ ഹൈകമാണ്ടിലേക്ക് ഹൈ വോള്‍ട്ടേജില്‍ ഫാക്സ് അയക്കുകയാണ്.
രാജ്യസഭയോട് പ്രേമം മൂത്തിരിക്കുകയാനെന്ന ഫാക്സ്കള്‍ .

പേരില്‍ സുധീരം എന്നുണ്ട്.
പ്രവൃത്തിയില്‍ ധീരത തെല്ലുമില്ലാത്തത് കൊണ്ട് കുതന്ത്ര പരിപാടികളാണ് കക്ഷിക്ക് പണ്ടേക്കു പണ്ടേ കയ്യിലുള്ളത്.
ഇനി മത്സരിക്കില്ലെന്ന് പരസ്യമായി പറയും; ഹൈകമാണ്ട് നിര്‍ബന്ധിച്ചെന്നും കേണുവീണുവെന്നും പിന്നീട് പറയും.

പിന്നെ പിന്നെ വൈസ് പ്രസിഡന്റ്‌മാരും ജനറല്‍ സെക്രെട്ടരിമാരുമായി ഇരിക്കുന്നവരൊക്കെ രോഗത്തിനടിമപ്പെട്ട്, രാജ്യസഭ എന്ന് പലയാവര്‍ത്തിയുച്ചരിച്ചു
ചുറ്റിലും ഇരിക്കുന്നു.

വിലാപം അറിയാതെ വന്നു ഭവിച്ചു.
പെട്ടെന്ന് ചിന്താവിഷാദമുണ്ടായി.
ഏറെ നേരം ആലോചിച്ചു.

അതിനിടയിലാണ് യൂത്തന്മാരുടെ പ്രമേയം വരുന്നത്.,
"മരിച്ചാലും മാറില്ലേ" എന്ന ചോദ്യവുമായി, "ഞങ്ങള്‍ക്കും വേണം സീറ്റ്‌" എന്ന പ്രഖ്യാപനവുമായി.

തോറ്റു പോയി.
മനസാക്ഷി ചെന്നിയിലും തലയിലും കയറി ഇരുന്നു പറഞ്ഞു.
'പിന്മാറികൊള്ളു , പിന്മാറികൊള്ളു' എന്ന്.

യൂത്തന്മാരുടെ വേദിയില്‍ ചെന്ന് നിന്ന് പറഞ്ഞു,
"അര്‍ഹത എനിക്കാനെങ്കിലും പിന്മാറുന്നുവെന്ന്".
എല്ലാ ചെറുപ്പക്കാര്‍ക്കും സീറ്റ്‌ തരപ്പെടുത്തി തരാമെന്നു പറഞ്ഞപ്പോള്‍ എന്തൊരു കയ്യടിയായിരുന്നു.
എല്ലാവരും ചെന്നിത്തലയെപ്പോലെ നിഷ്കാമ കര്‍മ്മികള്‍.

"നേരു പറഞ്ഞാലതു നേരം പോക്കെന്നിരിക്കു-
മാരും നമുക്കൊരുപകാരം ചെയ്കയുമില്ലാ-"
..............................................എന്നത് പോലെ ഈ പരിക്ഷകളൊന്നും ഒരു ഉപകാരവും ചെയ്യുകയില്ലെന്ന വ്യസനത്തോടെ പാവം ചെന്നിത്തല കഴിഞ്ഞു കൂടുന്നു.

ശുഭാശംസകള്‍.

ഇനിയും രാജ്യസഭ വരാതിരിക്കില്ല.
======================================

ഫെബ്രുവരി 4, 2009

2010, സെപ്റ്റംബർ 4, ശനിയാഴ്‌ച

വെളിയം പറഞ്ഞതും ചാനലുകള്‍ പ്രചരിപ്പിച്ചതും

ഇതാണ് പുതിയകാലത്തെ മാധ്യമപ്രവര്‍ത്തനം.
മാധ്യമസംസ്‌കാരത്തെകുറിച്ച് തിരിച്ചറിവുള്ളവരെയാകെ അന്ധാളിപ്പിക്കുന്ന വിധത്തിലാണ് ഇക്കഴിഞ്ഞ ദിവസം ചില മാധ്യമങ്ങള്‍ വെളിയം ഭാര്‍ഗവന്റെ വാക്കുകളെ തങ്ങള്‍ക്ക് ആവശ്യമായ വിധത്തിലും ആഗ്രഹിച്ച നിലയിലും അവതരിപ്പിച്ചത്.

1939 ല്‍ പിണറായിയിലെ പാറപ്പുറത്തുവെച്ച് രൂപീകരിക്കപ്പെട്ട ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരള ഘടകം ചരിത്രത്തിന്റെ ഭാഗമാണ്. കയ്യൂരിലെയും പുന്നപ്ര-വയലാറിലെയും അന്തിക്കാട്ടെയും ശൂരനാട്ടെയും ഒഞ്ചിയത്തെയും കാവുമ്പായിയിലെയും ഐതിഹാസിക സമരങ്ങളും രക്തസാക്ഷിത്വങ്ങളും ചെറുത്തുനില്‍പ്പുകളും രക്തരൂക്ഷിത സമരങ്ങളും ചരിത്രത്തിന്റെ അനിഷേധ്യ അധ്യായങ്ങളാണ്. ഈ ചരിത്രത്തിന്റെ പിന്തുടര്‍ച്ച അവകാശപ്പെടാന്‍ അര്‍ഹതയുള്ള ജീവിച്ചിരിക്കുന്ന വ്യക്തിത്വങ്ങളുടെ ഉടമയാണ് കെ ആര്‍ ഗൗരിയമ്മയും വെളിയവും.

ഏതാണ്ട് രണ്ടു പതിറ്റാണ്ടിനുമുന്‍പ്, സ്വന്തം പാര്‍ട്ടിയിലെ സംഘടനാ നടപടികളുടെ പേരില്‍ പുറത്തായ ഗൗരിയമ്മ രാഷ്ട്രീയ വിദ്വേഷം തീര്‍ക്കുന്നതിനായി സ്വന്തമായി പാര്‍ട്ടി രൂപീകരിച്ച് യു ഡി എഫില്‍ ചേക്കേറുകയായിരുന്നു. ഒന്നര പതിറ്റാണ്ടുകാലത്തിനു ശേഷം യു ഡി എഫില്‍ അനുഭവിക്കേണ്ടിവന്ന പീഡനങ്ങളുടെ പശ്ചാത്തലത്തില്‍ ഗൗരിയമ്മ പൊട്ടിത്തെറിക്കുന്ന സാഹചര്യം സംജാതമായി. ഒളിവു ജീവിതത്തിന്റെയും കമ്മ്യൂണിസ്റ്റുകാര്‍ക്കു നേരെയുള്ള പീഡനങ്ങളുടെയും കാലത്ത് ഒപ്പം ഉണ്ടായിരുന്ന ഒരു നേതാവ്, റിബലുകളെ നിര്‍ത്തി തന്നെയും തന്റെ പാര്‍ട്ടി പ്രതിനിധികളെയും കോണ്‍ഗ്രസും ഐക്യജനാധിപത്യ മുന്നണിയും തോല്‍പിച്ചുവെന്നും വേറൊരു വഴി നോക്കേണ്ടിവരുമെന്നും പ്രതികരിച്ചപ്പോഴാണ് വെളിയത്തിന്റെ പ്രതികരണം ഉണ്ടായത്. ആ പ്രതികരണം തന്നെ പത്ര പ്രതിനിധികളെ വിളിച്ചുവരുത്തി വെളിയം ഭാര്‍ഗവന്‍ നടത്തിയതായിരുന്നില്ല. ദൃശ്യമാധ്യമ പ്രതിനിധികള്‍ അദ്ദേഹത്തെ സമീപിച്ച് അഭിപ്രായം ആരാഞ്ഞപ്പോഴാണ് അദ്ദേഹം അഭിപ്രായ പ്രകടനം നടത്തിയത്.

ഗൗരിയമ്മയെ ഇടതുമുന്നണിയിലേയ്ക്ക് സ്വീകരിക്കുമോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അവര്‍ അങ്ങനെ ഒരു ആഗ്രഹം പ്രകടിപ്പിക്കട്ടെ, അപ്പോള്‍ ആലോചിക്കാമെന്ന് വെളിയം മറുപടി നല്‍കി. സി പി ഐയിലേയ്ക്കുള്ള മടക്കത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സി പി ഐ അവരുടെ കുടുംബമാണെന്നും ഏത് നിമിഷവും കുടുംബത്തിലേയ്ക്ക് മടങ്ങിവരാമെന്നും വെളിയം പറഞ്ഞു. ഇതിനെ എന്തിനാണ് വിവാദമാക്കുന്നത്? യു ഡി എഫ് പോലെ ഒരു മുന്നണിയ്ക്കകത്ത് വീര്‍പ്പുമുട്ടുന്ന ഗൗരിയമ്മയോട് മാതൃ പ്രസ്ഥാനത്തിന്റെ വാതിലുകള്‍ തുറന്നുകിടക്കുന്നു എന്ന സന്ദേശം നല്‍കുന്നത് അവരോടുള്ള ബഹുമാനം കൊണ്ടും ഇന്നവര്‍ക്കുണ്ടായിരിക്കുന്ന അവസ്ഥയിലെ സഹതാപംകൊണ്ടും കൂടിയാണ്. അവര്‍ വരുന്നെങ്കില്‍തന്നെ അവര്‍ക്കൊപ്പമുള്ളവരെയാകെ സ്വീകരിക്കും എന്ന് കരുതേണ്ടെന്നും ദൃശ്യമാധ്യമങ്ങളോട് വെളിയം ഭാര്‍ഗവന്‍ വ്യക്തതയോടെ പറഞ്ഞിരുന്നു. അവരെ അങ്ങോട്ടുപോയി ക്ഷണിക്കണമെന്നല്ല വെളിയം പറഞ്ഞത്. സി പി ഐ ഓഫീസിലേയ്ക്ക് ഏതു നിമിഷവും വരാമെന്നാണ്.

പാര്‍ട്ടിയിലേയ്ക്ക് വരണമെന്ന് അവര്‍ ആഗ്രഹം പ്രകടിപ്പിച്ചാല്‍ പാര്‍ട്ടി ചര്‍ച്ചചെയ്യും എന്നു മാത്രമേ വെളിയം പറഞ്ഞിട്ടുള്ളൂ. ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്കും ആഗ്രഹം പ്രകടിപ്പിച്ചാല്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നാണ് വെളിയം ആവര്‍ത്തിച്ചത്. ഗൗരിയമ്മ ഒരു പോരാളിയാണെന്നും ഭരണ പരിചയമുള്ളയാളാണെന്നും വെളിയം തന്നെ സമീപിച്ച മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞതുപോലും ചര്‍ച്ചാ വിഷയമായി. യു ഡി എഫിനാല്‍ അവഹേളിക്കപ്പെടുന്ന ഗൗരിയമ്മയുടെ ഇപ്പോഴത്തെ സ്ഥിതിവിശേഷം തിരിച്ചറിഞ്ഞാണ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുത്തരമായി വെളിയം ഇങ്ങനെ പ്രതികരിച്ചത്.

ഗൗരിയമ്മ സി പി ഐ യില്‍ ചേരുമെന്നോ ഗൗരിയമ്മയുടെ ജെ എസ് എസ്, എല്‍ ഡി എഫില്‍ ചേരുന്നതുകൊണ്ട് എല്‍ ഡി എഫിന് എന്തെങ്കിലും മെച്ചമുണ്ടാകുമെന്നോ കരുതിയല്ല വെളിയം പ്രതികരിച്ചത്. യു ഡി എഫ് ഗൗരിയമ്മയെപോലെ ഒരു നേതാവിനെ നിരന്തരം അവഹേളിക്കുന്ന സന്ദര്‍ഭമാണിത്. ഗൗരിയമ്മ ഇനിയും മത്സരിക്കുന്നുവെങ്കില്‍ ആംബുലന്‍സ് കൂടി കൊണ്ടുവരേണ്ടി വരുമെന്ന് ഒരു യു ഡി എഫ് നേതാവ് പരസ്യമായി പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇത്തരമൊരു അപഹാസ്യമായ നിലയില്‍ ഗൗരിയമ്മ പെട്ടുപോയ സാഹചര്യത്തിലാണ് പത്രപ്രവര്‍ത്തകരുടെ ചോദ്യത്തോട് വെളിയം പ്രതികരിച്ചത്. കോണ്‍ഗ്രസിന്റെയോ യു ഡി എഫിന്റെയോ ഒരു നേതാവും ഗൗരിയമ്മയ്ക്കു വേണ്ടി രംഗത്തു വരുന്നതിനോ, ആംബുലന്‍സ് വേണ്ടിവരുമെന്ന യു ഡി എഫ് നേതാവിന്റെ പ്രസ്താവനയ്‌ക്കെതിരായി പ്രതികരിക്കുന്നതിനോ പ്രത്യക്ഷപ്പെട്ടില്ല. ഗൗരിയമ്മയുടെ നിസ്സഹായാവസ്ഥയുടെ സന്ദര്‍ഭത്തിലാണ് പത്രവര്‍ത്തകര്‍ വെളിയത്തോട് ചോദ്യം ഉന്നയിച്ചത്. ഗൗരിയമ്മയ്ക്ക് ഏതു സമയത്തും സി പി ഐയിലേയ്ക്ക് വരാമെന്നും സി പി ഐ ഓഫീസ് അവര്‍ക്ക് നന്നായി അറിയാമെന്നും വെളിയം പറഞ്ഞു.
സി പി എമ്മില്‍ നിന്ന് ഗൗരിയമ്മ പുറത്താക്കപ്പെട്ടപ്പോള്‍ പി കെ വിയെയും വെളിയത്തെയും കാണണമെന്ന് ദൂതന്‍ വഴി ഗൗരിയമ്മ അറിയിച്ച കാര്യവും പാര്‍ട്ടി ഓഫീസിലേയ്ക്കുള്ള വഴി അവര്‍ക്കറിയാമല്ലോ എന്ന് ഇരുവരും മറുപടി പറഞ്ഞതും വെളിയം അനുസ്മരിച്ചിട്ടുണ്ട്. ഗൗരിയമ്മയെ സ്വീകരിക്കുവാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മോഹിച്ചുനില്‍ക്കുകയായിരുന്നെങ്കില്‍ അന്നുതന്നെ അവരെ സന്ദര്‍ശിക്കാമായിരുന്നതല്ലേ?
ചാനലുകാര്‍ കേള്‍ക്കുന്നത് മുഴുവന്‍ ശ്രദ്ധയോടെ ഗ്രഹിക്കുകയും പറഞ്ഞതുതന്നെ പ്രേക്ഷകര്‍ക്ക് പകര്‍ന്നുകൊടുക്കുകയും വേണം. അതാണ് മാധ്യമ ധര്‍മ്മം.


പറയുന്ന വാക്കുകള്‍ ആ അര്‍ഥത്തില്‍ പരിഗണിക്കുവാനും മനസ്സിലാക്കുവാനും എല്ലാവര്‍ക്കും കഴിയണം. വെളിയത്തെ രാഷ്ട്രീയം പഠിപ്പിക്കുവാന്‍ പുത്തന്‍ രാഷ്ട്രീയക്കാര്‍ മുതിരുന്നത് സാഹസമാണ്. അവര്‍ രാഷ്ട്രീയ ചരിത്രത്തിലേയ്ക്ക് ഒന്നു തിരിഞ്ഞു നോക്കുവാനുള്ള സന്മനസ്സെങ്കിലും കാണിക്കണം. ഗൗരിയമ്മ വന്നതു കൊണ്ട് സി പി ഐയ്ക്ക് ഒരു നേട്ടവുമില്ല, എല്‍ ഡി എഫിനുമില്ല. അത് വെളിയത്തിന് നിശ്ചയമുള്ളതുപോലെ, അനുഭവ സമ്പന്നതകൊണ്ട് അറിയുന്ന നേതാക്കള്‍ അപൂര്‍വ്വമാണുതാനും. ആ വലിയ സത്യം തിരിച്ചറിയാന്‍ മാധ്യമചര്‍ച്ചാപ്രഭുക്കള്‍ തയ്യാറാവണം.

അടുക്കള ബുദ്ധിജീവികളുടെ വിജയഗാഥ്കള്‍......

ഇന്ത്യ കണ്ട മഹാത്യാഗി ആരാണെന്ന് ചോദിച്ചാല്‍ കൊണ്ഗ്രെസ്സുകാര്‍ക്ക് രണ്ടുവട്ടം ആലോചിക്കേണ്ട കാര്യമില്ല.നിമിഷം വൈകാതെ അവര്‍ ഉത്തരം നല്‍കും.

കൊട്ടാരവും ചെങ്കോലും അന്തപ്പുരവും വിട്ടിറങ്ങി അലഞ്ഞ ഗൌതമ ബുദ്ധന്‍ എന്നോ, സ്വാതന്ത്ര്യ ദാഹത്തിന്റെ രണഭേരി മുഴക്കിയ താന്തിയതോപ്പിയെന്നോ, അര്‍ദ്ധനഗ്ന വേഷം ധരിച്ചു മുട്ടന്‍ വടിയും പിടിച്ചു ഗ്രാമങ്ങളില്‍ അലഞ്ഞ മോഹന്‍ദാസ്‌ കരംചന്ദ്‌ ഗാന്ധിഎന്നോ ഒന്നും പറയാത്തതില്‍ ആരും അസ്വസ്തര്‍ ആകാന്‍ പാടില്ല.

ഇവരെയും ഇവരെപ്പോലെ പരശതം മഹാത്യാഗികളുടെ ത്യാഗത്തെ അതിജീവിക്കുന്ന ത്യാഗം അനുഷ്ട്ടിച്ച ആളുണ്ടെന്നു യുത്ത് കൊണ്ഗ്രെസ്സുകാര്‍ക്ക് അറിയാം.

രാഹുല്‍ ഗാന്ധി.

രാജമാതാവ് വെച്ച് നീട്ടിയ രാജസിംഹാസനം പുല്ലു വിലയോടെ തിരസ്ക്കരിച്ച രാഹുല്‍ ഗാന്ധിയല്ലാതെ മഹാത്യാഗത്തിന്റെ ഹിമാലയം കയറിയ മറ്റേതു വീരസിംഹമുണ്ടിവിടെയെന്നു അഭിമാന വിജ്രംഭിതരായി കൊണ്ഗ്രെസ്സുകാരും യുത്ത് കോണ്‍ഗ്രസുകാരും അലറി ചോദിക്കും.

കേന്ദ്ര മന്ത്രിസഭയില്‍ ചുമ്മാതൊരു നിമിഷത്തില്‍ അഴിപ്പും, പണിയും നടത്തിയപ്പോള്‍ സോണിയഗാന്ധി മോഹിച്ചത് മകന്‍ രാഹുല്‍ ഗാന്ധിയെ മന്ത്രി പദത്തില്‍ ഇരുത്തി സാഫല്യംഅടയണം എന്നായിരുന്നു.
പക്ഷെ മകന്‍ അമ്മയുടെ ഇംഗിതങ്ങള്‍ക്കൊന്നും വഴങ്ങിക്കൊടുക്കുന്ന ആളല്ല.

മന്ത്രിമന്ദിരവും പരിവാരങ്ങളും പ്രൌഡിയും ഒന്നും കണ്ടു മനം മയങ്ങി വീഴുന്നവനല്ല ഈ മഹാ ത്യാഗിയും,പരിത്യാഗിയുമായ പുരുഷന്‍.

അമ്മയുടെ ഇംഗിതം തെല്ലൊരു വേള ആലോചിക്കാതെ മകന്‍ തള്ളികളഞ്ഞു.

മകന് യുത്ത് കൊണ്ഗ്രെസ്സിനെയും, കെ.എസ്‌.യുവിനെയും ശക്തിപ്പെടുത്തണം.നല്ല മസില്‍മാന്മാരായി യുത്തുകാരെയും, വിദ്യാര്‍ഥി യുണിയന്‍കാരെയും പരിവര്‍ത്തനം ചെയ്യേണം.
ആ കരുത്തേറിയ യന്ജ്ജത്തില്‍ മനസ്സും,ശരീരവും,പൂര്‍ണ്ണമായി അര്‍പ്പിച്ചിരിക്കുമ്പോള്‍ മന്ത്രിയാകാനോന്നും മനസ്സിനെയും, ശരീരത്തെയും,കിട്ടുകയില്ല.

അത് കൊണ്ട് അമ്മ ചൊല്ലിയത് കേള്‍ക്കാന്‍ രാഹുലന്‍ നിന്ന് കൊടുത്തില്ല.

അമ്മ തന്നെ അത് പത്രക്കാരോട് വ്യസനത്തോടെ വിളമ്പി.

"ഹോ! എന്റെ മകന്‍ എന്തൊരു മഹാത്യാഗിയാണ്" എന്ന ഭാവം അമ്മയുടെ വദനത്തില്‍ വിളയാടി നിന്നു.

മകനും പറഞ്ഞു "എനിക്ക് നേരമില്ല. അത് കൊണ്ട് മന്ത്രിയാവാന്‍ ക്ഷണിച്ചപ്പോള്‍ ഞാന്‍ പുറം തിരിഞ്ഞു നിന്നു. എനിക്ക് പല വിധ തിരക്കുമുണ്ട്. ഈ തിരക്കുകള്‍ക്കിടയില്‍,മന്ത്രിയായിരിക്കാന്‍ താന്‍ അമാനുഷനോന്നുമല്ലെന്നു വിനയം പ്രകടിപ്പിക്കാനും മറന്നില്ല.

കോണ്‍ഗ്രസ്‌ ഭാരവാഹിയും,മന്ത്രിയും ഒരുമിച്ചായിരിക്കാന്‍ താന്‍ അമാനുഷനല്ലെന്നു രാഹുലന്റെ നിഷ്കളങ്കമാനസത്തില്‍ നിന്നു പൊട്ടിപുറപ്പെട്ടപ്പോള്‍, അമാനുഷന്മാര്‍ കോണ്‍ഗ്രെസ്സിലുന്ടെന്ന പരിഹാസം കൂടിയുണ്ടായിരുന്നുവെന്നു ദോഷൈകദൃക്കുകള്‍ക്ക് തോന്നും.കോണ്‍ഗ്രസ്‌ നേത്രുനിരയിലും പ്രവര്‍ത്തക സമിതിയിലും പ്രവര്ത്തിക്കുന്നതിനോടൊപ്പം മന്ത്രിമാരായിരിക്കുന്ന പ്രണാബ് മുഖര്‍ജിയോടും പുന്ന്യാളരില്‍ പുന്ന്യാളനായ എ.കെ. അന്റോണിയോടുമോക്കെയുള്ള പുച്ച്ചം. ബംഗാളിന്റെ പി സി സി അധ്യക്ഷനായ ദാസ്‌ മുന്‍ഷിയാണ് കേന്ദ്രത്തിലെ ഒരു ക്യാബിനെറ്റ് മന്ത്രി.

അവരൊക്കെ അമാനുഷര്‍ എന്നാ പരിഹാസം പാവം രാഹുലന്റെതായികൊള്ളണമെന്നില്ല. പ്രസംഗം എഴുതി കൊടുത്ത കിച്ചന്‍ ഭുജികളുടെതാകും. കിച്ചന്‍ ബുജികള്‍ക്കും വേണമല്ലോ സ്വന്തം അഭിപ്രായ പ്രകടനങ്ങള്‍ സാധ്യമാകാനുള്ള അവസരങ്ങള്‍.എഴുതി കൊടുത്തത് അപ്പടി കാണാപ്പാഠം പഠിച്ചു പറയുന്ന ബുദ്ധിമാന്മാരും,ത്യാഗ സമ്പന്നരുമാകുമ്പോള്‍ അവര്‍ക്ക് അവരുടെ വഴി തുറന്നു കിട്ടും.

ഇതാദ്യമായോന്നുമല്ല രാഹുലന്റെ സ്ഥാനത്യാഗം.
എത്രയെത്ര നിരസിച്ചു എന്ന് ചോദിച്ചാല്‍ മതി.
കോണ്‍ഗ്രസിന്റെ മുഖ്യനേതാവാകാന്‍ എത്ര വട്ടം അണികള്‍ മുദ്രാവാക്യം വിളിച്ചു.പ്രകടനം നടത്തി.എ ഐ സി സി സമ്മേളനത്തില്‍ ഉറഞ്ഞു തുള്ളി, ആക്രോശിച്ചു. ഫലമുണ്ടായില്ല. വഴങ്ങി കൊടുത്തില്ല.

ഏറ്റവും ഒടുവില്‍ സമ്മേളനത്തില്‍ സംഘം സംഘമായി കോണ്‍ഗ്രസിനോട് കുറുള്ളവര്‍ ടി വി ക്യാമറകള്‍ക്ക് മുന്നില്‍ നിന്നു വേദിയിലേക്ക് വിളിക്കണമെന്ന് പറഞ്ഞപ്പോള്‍, ബഹളം ശമിപ്പിക്കാനും, സമ്മേളനത്തിന്റെ നല്ല നടത്തിപ്പിനുമായി മാത്രം വേദിയില്‍ കയറി, കീശയില്‍ എഴുതി തയ്യാറാക്കി, കാത്തു വെച്ചിരുന്ന പ്രസംഗം വായിച്ചു.

അപ്പോഴും സ്ഥാനം ഏറ്റെടുത്തില്ല. പിന്നെ അമ്മ ഒരുപാട് നിര്‍ബന്ധിച്ചപ്പോള്‍ വളരെ വൈകി ജനറല്‍ സെക്രെട്ടറി ആയി.പ്രവര്‍ത്തക സമിതി അംഗമായി. അത് യു പി നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ഒരു പരുവത്തിലെത്തിച്ച പ്രകടന ഗാംഭീര്യത്തിനു അമ്മ നല്‍കിയ അംഗീകാരം കൂടിയായിരുന്നു.

അമ്മക്കുമുണ്ട് ഈ പാരമ്പര്യം.
പലവട്ടം വിളിച്ചതാണ്. ചെന്നില്ല.
ഒടുവില്‍ ആരും വിളിക്കാത്ത നിമിഷത്തില്‍ അപ്രതീഷിതമായി സീതാറാം കേസരിയെ മറിച്ചിട്ട് സ്ഥാനം കൈയിലെടുത്തു.

'രാഹുലിനെ വിളിക്ക്, ഇന്ത്യയെ രക്ഷിക്കു" എന്ന് കരുണാകര്‍ജി അടക്കം പലരും പറഞ്ഞിട്ടുണ്ട്.
നിന്നു കൊടുത്തിട്ടില്ല.
അമേഠിയില്‍ മത്സരിച്ചതും,എം പി ആയതും സ്ഥാനമോഹമൊന്നും ഉണ്ടായിട്ടല്ല.അന്ന് പ്രത്യേകിച്ചൊന്നും ശക്തിപ്പെടുത്താന്‍ ഇല്ലാതിരുന്നത് കൊണ്ടും,തന്നെ തന്നെയാണ് ശക്തിപ്പെടുത്തെണ്ട്തെന്ന് തിരിച്ചറിഞ്ഞിരുന്നത് കൊണ്ടുമാണ്.

നിരന്തരമായി കഴിവ് തെളിയിച്ചു കൊണ്ടിരിക്കുകയാണ് രാഹുലന്‍ എന്നാ കാര്യത്തില്‍ ആര്‍ക്കും ത്ര്ക്കമുണ്ടാവാന്‍ തരമില്ല. ടാലെന്റ്റ് ടെസ്റ്റ്‌ നടത്തിയതിനു ശേഷം എത്ര പ്രതിഭാശാലികളെ പോലെയാണ് കേരളത്തില്‍ തന്നെ യുത്ത് കോണ്‍ഗ്രസ്‌ പെരുമാറുന്നത്.

പത്തനംതിട്ടയില്‍ കണ്ടത് പ്രതിഭവിലാസങ്ങളുടെ ആമുഖമെഴുത്താണ്.

ആരോഗ്യ പരിരക്ഷക്ക് വേണ്ടി നടന്ന സമ്മേളനത്തില്‍, നുരില്‍ നൂര് മാര്‍ക്ക് നല്‍കുവാന്‍ കഴിയും വിധത്തിലുള്ള പെര്‍ഫോര്‍മന്‍സ് ആണ് യുത്ത് കോണ്‍ഗ്രസുകാര്‍ പ്രകടിപ്പിച്ചത്.
കസേരയേര്‍, സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമവും,അധിക്ഷേപവും,ആക്രോശവും,വാടാ പോടാ വിളികള്‍, മുണ്ട് മാടിക്കെട്ടിയുള്ള വെല്ലുവിളികള്‍,സ്ത്രീകള്‍ പ്രാണ രക്ഷാര്‍ത്ഥം ഓടുമ്പോഴുള്ള ആനന്ദാതിരെക പ്രകടനം, എന്നിങ്ങനെ അവര്‍ പ്രതിഭയുടെ മാറ്റ് തെളിയിച്ചു.
രാഹുലന്റെ പദ്ധതികള്‍ വിജയം പ്രാപിക്കുന്നു എന്നതിന് ഇതിലേറെ തെളിവ് മറ്റെന്തു വേണം?

അടുക്കളയില്‍ കലാപമല്ല ഇപ്പോള്‍ നടക്കുന്നത്. രാഹുലിന്റെ ഇമേജ് രൂപീകരണം ആണ്. ഒളിമ്പിക് ദീപശിഖയേന്തി ഓടാനുള്ള ക്ഷണം രുപപ്പെടുത്തിയതും അടുക്കള ബുജികള്‍ തന്നെ.
ഇല്ല, ചുരല്‍ അടി കിട്ടിയാലും താന്‍ ഓടില്ലെന്നു പറഞ്ഞതായി പ്രഖ്യാപിച്ചതും അതേ കിച്ചന്‍ ജീനിയസുകള്‍ തന്നെ.

അവര്‍ രാപകല്‍ പണിയെടുക്കുന്നുണ്ട്. സ്വസ്തിയും,സമാധാനവും,ധിഷണാശേഷിയും അടുക്കളക്കുള്ളില്‍ നാള്‍ക്കു നാള്‍ പ്രസരിക്കട്ടെ. രാഹുലന്‍ മഹാത്യാഗിമാരിലെ മഹാത്യാഗിയായി അടുക്കളയില്‍ നിന്ന്‌ വളര്‍ന്നു വളര്‍ന്നു വലുതാകട്ടെ.

===============
ഏപ്രില്‍ 21, 2008