2010, ഓഗസ്റ്റ് 22, ഞായറാഴ്‌ച

ഇത്രമേൽ വൈകി ബുദ്ധി ഉദിക്കുവാൻ പാടില്ല…

സത്യം പറഞ്ഞാല്‍ ഖേദിക്കരുത് കൂട്ടരേ.

1969 മുതല്‍ 80 വരെ അധികാരത്തിനു പുറത്തു അലഞ്ഞു നടന്ന ഒരു 13 വര്‍ഷകാലം ഉണ്ടായിരുന്നുവെന്നത്‌ ധാര്‍ഷ്ട്യം മറച്ചു വെയ്ക്കാനാവാത്തത് കൊണ്ട് സ്വയം പറയാനാവുകയില്ല.

പക്ഷെ അതാണ്‌ ചരിത്ര സത്യം.

സി പി ഐ ഇല്ലാതെ ഭരണാധികാരത്തിന്റെ ഇടനാഴികളില്‍ നിന്ന് മോചനം കിട്ടിയിട്ടില്ലെന്ന ആ ജാള്യത ചരിത്രമറിയുന്നവര്‍ക്ക് അറിയാം.
സത്യം പറഞ്ഞാല്‍ വ്യസനിക്കരുത്.
അല്ലെങ്കില്‍ തന്നെ വ്യസനം കൊണ്ട് എന്ത് ഫലം?
ചരിത്ര സത്യങ്ങളുടെ മുന്പില്‍ കരഞ്ഞത് കൊണ്ടും അലമുറയിട്ടു നിലവിളിച്ചതു കൊണ്ടും എന്ത് ഫലം? ഒരു ഫലവും കിട്ടാനില്ലെന്ന്തു കൊണ്ട് തന്നെ,ആത്യന്തികമായ ചരിത്രം അന്വേഷിക്കാതെ നിര്‍വാഹമില്ല.

അത് ബഡാ അബദ്ധത്തില്‍ നിന്ന് തുടങ്ങിയ പ്രവര്‍ത്തനമായിരുന്നു.

സി പി ഐയ്ക്ക് എന്ത് കാര്യം എന്നാ മട്ടില്‍ തുടങ്ങിയ ബഡാ അബദ്ധം.പക്ഷെ അതിനു 13 വര്ഷം അലഞ്ഞു തിരിയേണ്ടി വന്നു ആ അതിവിപ്ലവകാരികള്‍ക്ക്.

പിന്നീട് 40 കൊല്ലം കഴിഞ്ഞപ്പോള്‍ ബുദ്ധി ഉദിക്കുന്നതും ലോകം കണ്ടു.
സായുധ വിപ്ലവം വരുന്നെന്നും,ഇന്ത്യയില്‍ ആയുധധാരികള്‍ വിപ്ലവം സ്ഥാപിക്കുമെന്നും കരുതിയ ഒരു കാലത്തിന്റെ ഇച്ഛാഭംഗം.
ആ കാലത്തിന്റെ ഇച്ഛാഭ്രമത്തില്‍ നിന്ന് ഇനിയും വേര്‍പിരിയാനാകാത്ത ഒരു കൂട്ടര്‍ ഇപ്പോഴും ജീവിക്കുന്നത് കൊണ്ടാണ് 'അഹങ്കാരം' വന്നു പെട്ടുപോകുന്നത്.
എല്ലാറ്റിനെയും തകിടം മറിക്കും, ആയുധപരമായ മുന്നേറ്റം നടത്തും എന്നൊക്കെ ചിന്തിച്ചു കൂട്ടിയ കൂട്ടര്‍ക്ക് ഒന്നും ചെയ്യാനായില്ല.
ഒടുവില്‍ ആ ആശയ സിദ്ധാന്തങ്ങള്‍ മുഴുവന്‍ പണയപ്പെടുത്തി ലോകസഭ സ്പീക്കര്‍ സ്ഥാനം വാങ്ങുന്നത് വരെയെത്തി.
ആ കാലവും ആ കാലത്തിന്റെ ചരിത്രവുമൊക്കെ മറന്ന് ഇതു പാട്ടും പാടാന്‍ ഒരുക്കമായാണ് ഇപ്പോഴത്തെ ഒരുങ്ങി നില്‍പ്പ്.
'എത്ര കൌതുഹലം നോക്കിയാല്‍ മിണ്ടും ഈ ചിത്രലേഖത്തിന്റെ താളുകള്‍' എന്നാ മട്ടില്‍.

യോഗം ചേരുന്നു. നാല് സീറ്റ്‌ ഇന്ന കക്ഷിക്ക് എന്ന് നിശ്ചയിക്കുന്നു. അത് പരസ്യമായി പറയാതിരിക്കുന്നു. തീരുമാനം ആരുമാരും അറിയാതെ വിഴുങ്ങുന്നു.
പിന്നെ പിന്നെ മാധ്യമങ്ങള്‍ എഴുതുന്നത്‌ സി പി ഐ യ്ക്ക് മൂന്നു സീറ്റ്‌ എന്നാ പ്രണാമം. തിരുത്താന്‍ മനസ്സില്ല. മിണ്ടാട്ടമില്ല. സി പി ഐ യ്ക്ക് മൂന്നു സീറ്റുകള്‍ തന്നെ എന്ന് ആവര്‍ത്തിച്ചു പറയുന്നതിന് തുല്യമായ മൌനം.

പിന്നെ പിന്നെ 18 സീറ്റിലും മത്സരിക്കുമെന്ന പ്രഖ്യാപനം വന്നപ്പോള്‍ സി പി ഐ യ്ക്ക് നാല് സീറ്റ് തന്നെ എന്ന പ്രഖ്യാപനം വരുന്നു. വൈകിയുദിച്ച ബുദ്ധി എന്ന് പറയുന്നത് ഇത് തന്നെയാണ്.
ഇത്ര വൈകി ബുദ്ധി ഉദിക്കല്‍ ഒരു മുന്നണി നേതാവിനും പാടില്ലാത്തതാണ്. വൈകി ഉദിക്കുന്ന ബുദ്ധി എന്തെല്ലാം വിന വരുത്തി വ്യ്ക്കുന്നുവെന്നതാണ് പ്രശ്നം.

വാചക മേളയില്‍ കടന്നു കൂടാന്‍ തരത്തില്‍ എത്രയെത്ര വാചകങ്ങള്‍ പടച്ചു വിടുന്നു. ആ വാക്യങ്ങള്‍ക്കു കേള്‍ക്കാന്‍ രസവും വായിക്കുവാന്‍ സൌന്ദര്യവും ഉണ്ട്. എന്നാല്‍ രാഷ്ട്രീയമായ അര്‍ഥം ഇല്ല. നിരര്‍ത്ഥകവും അര്‍ത്ഥലോപം നിറഞ്ഞതുമായ വരികള്‍ എഴുതി വിടുന്നതില്‍ കാര്യമെന്തിരിക്കുന്നു. അവയൊക്കെ അര്‍ത്ഥശുന്യം എന്നല്ലാതെ എന്ത് പറയേണ്ടു....?

മുന്നണി രാഷ്ട്രീയ മര്യാദകള്‍ മറന്ന് പോകുന്നതും ഞാന്‍ ഞാന്‍ മിടുക്കന്‍ എന്ന് ഭാവിക്കുന്നതും വരുത്തി വെയ്ക്കാവുന്ന അപായങ്ങള്‍ ചെറുതൊന്നുമല്ല.

ഭയപ്പെടുത്തി കീഴ്പ്പെടുത്താന്‍ കഴിയുമെന്ന് തെറ്റിദ്ധരിക്കരുത്.
എല്ലാവരും ആ ഗണത്തില്‍ പെടുന്നവരല്ല.
ആത്മാഭിമാനം ഉള്ള കൂട്ടരും രാഷ്ട്രീയ ലോകത്ത് അവശേഷിക്കുന്നുണ്ട്.
വളരെ വലിയ സത്യം കാണാതിരിക്കാന്‍ കണ്ണുള്ളവര്‍ക്കാര്‍ക്കും കഴിയുകയില്ലല്ലോ?

പറയേണ്ടത് പറയാനും,കേള്‍ക്കേണ്ടത് കേള്‍ക്കാനും ചിലര്‍ക്കെങ്കിലും ആര്‍ജ്ജവത്വവും സഹിഷ്ണുതയും ഉണ്ടാവും. പക്ഷെ 'ഓര്‍ക്കുക വല്ലപ്പോഴും' എന്നാ രണ്ടു വാക്കുകള്‍ ഓര്‍മിക്കാന്‍ മറന്നു പോകരുതേ.

പി ഡി പി യും അത് പോലുള്ള കൂട്ടരും ജനിക്കുന്നതിനു മുന്‍പ് ഉണ്ടായ മുന്നണിക്ക്‌ ബോംബ്‌ വെയ്ക്കുമ്പോള്‍ ഇടതുപക്ഷത്തിന്റെ പ്രസക്തി മറക്കാതിരിക്കുന്നതിന് ഏത് ബ്രഹ്മി ഔഷധം ആണ് വേണ്ടത്?

പലരുടെയും സീറ്റുകള്‍ പിടിച്ചെടുത്തു. അതൊക്കെ ഉഭയകക്ഷി ചര്‍ച്ചയിലൂടെ മുഖദാവില്‍ പറഞ്ഞിട്ടാണ്. ഇപ്പോള്‍ മുഖദാവില്‍ പറയാതെ നാടകമാടി ഒരു സീറ്റ്‌ പിടിച്ചെടുക്കാന്‍ കാക്കാരിശ്ശി നാടകം അരങ്ങേറുകയാണ്. പക്ഷെ തിരകഥ ക്രിത്തുക്കളുടെ ക്ലൈമാക്സ്‌ നിര്‍ണ്ണയം ശരിയായില്ല.

കണ്ണില്‍ കണ്ടത് ഒന്ന്,ഫലത്തില്‍ വന്നത് മറ്റൊന്ന്.
കൊക്കിനു വച്ചത് മാറിനു കൊണ്ടത്‌ പോലെ.
നിന്ച്ചതോക്കെയും വീണ്ടും കാണാം.
ഇങ്ങേപ്പുറത്ത് ഒന്നാംതരം ആണ്‍കിടാങ്ങളാണ് നിലയുറപ്പിച്ചിരിക്കുന്നത്.
സത്യം കണ്ടാലും അറിഞ്ഞാലും ഇത്ര നീരസപ്പെടണോ?

==============
മാര്‍ച്ച് 16, 2009

2010, ഓഗസ്റ്റ് 19, വ്യാഴാഴ്‌ച

ഒറീസയിലെ ആരാച്ചാര്‍മാരേ,നിങ്ങള്‍ക്ക്‌ പൗവ്വത്തിലിന്റെ സ്തുതി.

വിശ്വാസികളായ കുഞ്ഞാടുകള്‍ അറിയാനായി അരുളിചെയ്യുന്നതെന്തെന്നാല്‍, ഒറീസയില്‍ നടക്കുന്നതൊന്നും കണ്ട്‌ ചകിതരും വേദനയുള്ളവരുമായി തീരേണ്ടതില്ലെന്നാണ്‌.
കര്‍ത്താവിന്റെ നേരവകാശിയായ മാര്‍ ജോസഫ്‌ പൗവ്വത്തിലിന്റെ തിരുമുഖത്തു നിന്നും ഉണ്ടായ വിളിച്ചറിയിക്കല്‍ കേട്ട്‌ എല്ലാ ക്രൈസ്തവ വിശ്വാസികളും ആമേന്‍ ആമേന്‍ എന്ന്‌പറയേണ്ടതാണ്‌.
കന്യാസ്ത്രീകളെ കൊന്നുതള്ളട്ടെ, പള്ളികള്‍ പൊളിച്ചു കൊള്ളട്ടെ, മിഷണറിമാരെ ചുട്ടുകൊന്നുകൊള്ളട്ടെ, കര്‍ത്താവിന്റെ മണവാട്ടിമാരെ മാനം കെടുത്തികൊള്ളട്ടെ, കാട്ടിലും ഒളിത്താവളങ്ങളിലുമായി അവര്‍ കഴിഞ്ഞുകൂടിക്കൊള്ളട്ടെ.
ആവലാതിവേണ്ട.
അതൊക്കെ കടുത്തക്രൂരതകളോ അക്രമങ്ങളോ ആയി കാണുന്നത്‌ പാപമാണ്‌.
പാപികള്‍ മുള്ളിലിഴയേണ്ടിവരും.

ഒറീസയില്‍ കണ്ടു കൊണ്ടിരിക്കുന്നതും മധ്യപ്രദേശിലുംആന്ധ്രയിലും ഒറീസയില്‍ തന്നെ മുമ്പു കണ്ടതുമൊക്കെ പ്രത്യക്ഷ ആക്രമണങ്ങളാണെന്ന പൗവ്വത്തില്‍ പിതാവ്‌ എല്ലാ വിശ്വാസികളെയും അറിയിച്ചുകഴിഞ്ഞു.
ചെറിയ ചെറിയ പ്രശനങ്ങളാണ്‌ പ്രത്യക്ഷ ആക്രമങ്ങളിലുള്ളത്‌.
വലിയ വലിയ പ്രശ്നങ്ങള്‍ ഒളിഞ്ഞിരിക്കുന്നത്‌ ഇവിടെ കേരളത്തില്‍ നടക്കുന്ന പരോക്ഷ ആക്രമണങ്ങളിലാണെന്ന്‌ സ്വര്‍ഗസ്ഥനായ പിതാവിനെ സാക്ഷിനിര്‍ത്തി തിരുമേനി ഉഗ്രസ്വരത്തില്‍, ദിഗന്തങ്ങള്‍ ഞെട്ടുമാറ്‌ പ്രഖ്യാപിച്ചിരിക്കുന്നു.

തകര്‍ക്കപ്പെട്ട ദേവാലയങ്ങള്‍ പുനര്‍നിര്‍മ്മിക്കാം. വിശ്വാസം തകര്‍ന്നു പോയാല്‍ പിന്നെ രക്ഷകിട്ടില്ല.
അതുകൊണ്ട്‌ ഒറീസയെക്കുറിച്ച്‌ ചിന്തിച്ചു നേരം കളയാതെ കേരളത്തെകുറിച്ച്‌ആലോചിച്ച്‌ ആലോചിച്ച്‌ തലപുകയ്ക്കണം എന്നാണ്‌ ‘അഭിവന്ദ്യ’ പിതാവിന്റെ കല്‍പന.
ഭൗതിക വാദവും നിരീശ്വരവാദവും ആണ്‌ സംഘപരിവാറിനേക്കാള്‍ അപകടകരമെന്നും വൈദിക ശ്രേഷ്ഠനറിയാം. സംഘപരിവാറുകാരോടു ക്ഷമിപ്പിന്‍. പക്ഷേ ഭൗതികവാദികളോട്‌ ക്ഷമിപ്പാതിരിക്കിന്‍.
ഇത്‌ മറന്നുകൂടാത്ത വചനമാണ്‌

തകര്‍ന്നുപോയ ദേവാലയങ്ങള്‍ പൗവ്വത്തില്‍ പുനര്‍നിര്‍മ്മിക്കും.
മാനംപോയ കന്യാസ്ത്രീകളുടെ മാനം വീണ്ടെടുക്കാനാവും.
ജീവന്‍പോയ ക്രൈസതവരായ പാവങ്ങളെ പൗവ്വത്തില്‍ പുനരുജ്ജീവിപ്പിക്കുമോ?
ചുട്ടുകൊല്ലപ്പെട്ട മിഷണറി ഗ്രഹാം സ്റ്റെയിന്‍സിനെയും കുഞ്ഞുങ്ങളെയും ഉയിര്‍ത്തെഴുന്നേല്‍പിക്കുമോ?
ഈവിധം അനാവശ്യ ചോദ്യങ്ങള്‍ കര്‍ത്താവില്‍ ഭയമുള്ള ആരുംചോദിച്ചേക്കരുത്‌.
കാരണം സര്‍വശക്തനായ കര്‍ത്താവ്‌ ക്ഷമൈക്കുകയില്ല.

ആര്‍ എസ്‌ എന്‍സുകാര്‍ നല്ലങ്കുട്ടികള്‍. കോണ്‍ഗ്രസുകാര്‍അവരെപ്പോലെ നല്ല കുട്ടികള്‍.
പക്ഷേ കന്യാസ്ത്രീകളെയും ക്രൈസ്തവ വിശ്വാസികളെയും സംരക്ഷിക്കാന്‍ നിലകൊള്ളുന്ന കമ്മ്യൂണിസ്റ്റുകാര്‍ പരമമായ പാപം ചെയ്യുന്നവര്‍.
ഒറീസയിലെ കുരുതികള്‍ക്കും വേട്ടയാടലുകള്‍ക്കും പീഡനങ്ങള്‍ക്കും അറുതിവരുത്താന്‍ ചെറുവിരലനക്കാതെ കയ്യുംകെട്ടി നോക്കിയിരുന്ന്‌ രസിച്ചുമദിക്കുന്ന കേന്ദ്രഭരണത്തിന്‌ നേതുത്വം നല്‍കുന്ന കോണ്‍ഗ്രസുകാരെ വിശ്വാസികളായ കസ്തവര്‍ കണ്ടാല്‍ കെട്ടിപ്പിടിച്ചുമ്മ കൊടുക്കണം.
കാരണം കേരളത്തിലും അവര്‍ ക്രൈസ്തവരെ നലതോതില്‍ സഹായിച്ചിട്ടുണ്ട്‌.
ഒളവണ്ണയില്‍ കന്യാസ്ത്രീകളെ ആക്രമിക്കുമ്പോള്‍ കേരളദേശം വാണരുളിയിരുന്നത്‌ അക്കൂട്ടരാണല്ലോ.

ആലപ്പുഴയിലെ മാര്‍സ്ലീബാ സണ്‍ഡേ സ്കൂളിലെ കുട്ടികളോടും അവരുടെ മാതാപിതാക്കളോടുമായി പൗവ്വത്തില്‍ ഞ്ഞായറാഴ്ച നാളില്‍ പൗരുഷത്തോടെ വിളിച്ചറിയിച്ച കാര്യങ്ങള്‍ കേട്ട്‌ കര്‍ദ്ദിനാള്‍ വര്‍ക്കി വിതയത്തില്‍ ശനിയാഴ്ചനാളില്‍ ഇങ്ങനെയല്ലല്ലൊ പറഞ്ഞത്‌ എന്ന്‌ ശങ്കപ്പെടുന്നവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്ക്‌ തെറ്റുപറ്റിയിരിക്കുന്നു.
കര്‍ദ്ദിനാള്‍ പറയുന്നതൊന്നുമല്ലശരി. ആര്‍ച്ച്‌ ബിഷപ്പ്‌ പറയുന്നതാണ്‌.
വിതയത്തില്‍ വിതക്കുന്നതിലല്ല പൗവ്വത്തില്‍ പറയുന്നതിലാണ്‌ കര്‍ത്താവിന്റെ ഇംഗിതം കുടികൊള്ളുന്നത്‌.

ആന്ധ്രയിലും ഒറീസയിലുമൊക്കെ ക്രൈസ്തവ വിശ്വാസികള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കാതെ കേന്ദ്ര സര്‍ക്കാര്‍ നിസംഗത പുലര്‍ത്തിയെന്നും സഭയുടെ മേലധികാരികള്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും കേന്ദ്രം അനങ്ങില്ലന്നും കത്തോലിക്ക സഭ ദു:ഖമുണ്ടെന്നുമൊക്കെ വിതയത്തില്‍ പറഞ്ഞെന്നിരിക്കും.
കാര്യങ്ങളുടെ കാതല്‍ അതിലൊന്നിലുമല്ല.
കേരളത്തിലാണ്‌ ക്രൈസ്തവര്‍കണ്ട്‌ ദു:ഖിക്കേണ്ട കാതലും അറിഞ്ഞ്‌ ചെറുക്കേണ്ട കുറ്റവും ഉള്ളതെന്ന്‌ വിതയത്തിലിന്റെ വിനീത ബുദ്ധിയില്‍ തോന്നുന്നിലെന്‍ന്നു കരുതിയാല്‍ മതി

ഇല്ലാത്ത ഒന്നിനോടാണ്‌ യുദ്ധം ചെയ്യേണ്ടത്‌.
സംഭവിച്ചിട്ടില്ലാത്തതും സംഭവിക്കാനിടയില്ലാത്തതുമായ കാര്യങ്ങള്‍ക്കെതിരെയാണ്‌ ജാഗ്രത വേണ്ടത്‌.
നിരീശ്വരവാദം അടിച്ചേല്‍പിക്കാനോ വിശ്വാസങ്ങളെ തകര്‍ക്കാനോ ആരുംശ്രമിക്കാത്ത കേരളത്തില്‍അങ്ങനെയുണ്ടെന്ന്‌ സങ്കല്‍പിച്ചു യുദ്ധം ചെയ്യുകയാണ്‌ കുഞ്ഞാടുകള്‍ ചെയ്യേണ്ടത്‌.
എത്ര വട്ടം പറഞ്ഞാലാണ ഇപ്പോള്‍ കുഞ്ഞാടുകളുടെ കുഞ്ഞുമനസ്സുകളെ മനസലാക്കിക്കാന്‍ കഴിയുന്നത്‌.
എത്രവട്ടം പള്ളി മണിയടിച്ചു.
എത്ര തതവണ ഇടയ ലേഖനം വായിച്ചു കേള്‍പ്പിച്ചു.
എത്ര തവണ രണ്ടാം വിമോചന സമരം പൗവ്വത്തില്‍ ആഹ്വാനം ചെയ്‌തു.
ഒരുകുഞ്ഞാടെങ്കിലും അനുസരിക്കുന്നുണ്ടോ.

ഇല്ല.

പണ്ടൊന്നും ഇങ്ങനെയായിരുന്നില്ല.
എതെങ്കിലും ഒരു ഇടവകയില്‍ ഒരു ഇടയലേഖനം വായിച്ചറിയിച്ചാല്‍ മതി വിശ്വാസികളാകെ ഇറങ്ങിതിരിക്കും.
അവര്‍ നല്ല കുഞ്ഞാടുകളായിരുന്നൂ.
ഇപ്പോഴുള്ളവര്‍ വഴിതെറ്റുന്നത്‌ കമ്മ്യൂണിസ്റ്റുകാരും ഭൗതികവാദികളുമൊക്കെയുള്ളതുകൊണ്ടാണ്‌.
ആയതിനാല്‍ കുഞ്ഞാടുകളേ, ഒറീസയല്ല കേരളമാണ്‍ പ്രശനമെന്ന തെര്യപ്പെട്ടുകൊള്ളിന്‍.

വിതയത്തില്‍ പറയുന്നതുപോലെ കേന്ദ്രം ഇനി കൈകെട്ടി നോക്കി ഇരിക്കാനൊന്നുംപോകുന്നില്ല.
കേരളത്തില്‍നിന്ന്‌ കോണ്‍ഗ്രസിന്റെ പ്രതിനിധി സംഘം ഡല്‍ഹിക്ക്‌ പറക്കുന്നുണ്ട്‌.
ഉമ്മന്‍ ചാണ്ടിയും തെന്നലയും കാര്‍ത്തികേയനും കെ വി തോമസുമൊക്കെ സംഘത്തിലുണ്ട്‌.
അവര്‍ സോണിയയെകാണും, മന്‍മോഹനെകാണും, ശിവരാജ്‌പാട്ടീലിനെകാണും.
അതോടുകൂടി എല്ലാം നേരെയാവും.
കര്‍ത്താവ്‌ വിചാരിച്ചാലും കഴിയാത്തത്‌ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമൊക്കെ വിചാരിച്ചാല്‍ കഴിയും.
അതുകൊണ്ട്‌ ഒറീസയെ മറക്കൂ.

ഇവര്‍ ചെയ്യുന്ന പാപങ്ങള്‍ എന്തെന്ന്‌ ഇവരറിയുന്നില്ല, കര്‍ത്താവ്‌ ഇവരോടു പൊറുക്കേണമേ എന്നൊന്നും ഒറീസയെ മറക്കാതിരിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആരെയും കിട്ടില്ലെ ന്നോര്‍ത്തുകൊള്ളണം.

പൗവ്വത്തിലിന്റെ പ്രസ്താവനകേട്ട്‌ പ്രവീണ്‍ തൊഗാഡിയയും വിനയ്‌ കത്യാറും അശോക്‌ സിംഗാളും എല്‍ കെ അദ്വാനിയും നരേന്ദ്രമോഡിയും രോമാഞ്ചമണിയട്ടെ.

പാവം പാവം കന്യാസ്ത്രീകളും വൈദികരും നല്ലവരില്‍ നല്ലവരായ വിശ്വാശസികളും വേദനിക്കട്ടെ.

================
സെപ്റ്റംബര്‍ 1, 2008

സക്കറിയയുടെ ഒളിവു ജീവിതത്തിലെ സുഖം

കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി നിരോധിക്കപ്പെട്ടിരുന്ന കാലത്തെ ഒളിവുജീവിതത്തെക്കുറിച്ച് സക്കരിയയെപോലെ അറിയുന്ന ഒരാളും ഭുമി മലയാളത്തില്‍ മുന്‍പോ പിന്‍പോ ജീവിച്ചിട്ടില്ല.

കഴുമരങ്ങളും കാരാഗ്രഹങ്ങളും തോക്കിന്‍ കുഴലുകളും കംമുനിസ്ടുകാരെ തേടിയലഞ്ഞു നടന്ന കാലത്തെ ഒളിവു ജീവിതം സക്കറിയ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ചെഗുവേര പോലും അത്രമേല്‍ അറിഞ്ഞിട്ടില്ല.

അത് കൊണ്ടാണ് കമ്മ്യൂണിസ്റ്റ്‌ നേതാക്കള്‍ ഒളിവു ജീവിത കാലത്തെ സുഖവാസത്തിനിടയില്‍ ആസ്വാദ്യകരമായ ജീവിതം നയിച്ചുവെന്നു സക്കറിയ തീര്‍പ്പ് കല്‍പ്പിച്ചത്. ആസ്വാദ്യകരമായ ജീവിതം എന്ന് പറഞ്ഞാല്‍ ലൈംഗിക സുഖം നിറഞ്ഞു തുളുമ്പിയ ഉല്‍ഫുല്ലവും ഉന്മേഷദായകവുമായ ജീവിതമെന്നാണ് സക്കറിയ കല്‍പ്പിക്കുന്ന സാരം.

രാജ്മോഹന്‍ ഉണ്ണിത്താന്‍ സഹോദരീ തുല്യയായ മഹിളാമണിയുമായി രാത്രിയില്‍ ഒറ്റയ്ക്ക് സംസാരിച്ചിരിക്കുവാന്‍, മഞ്ചേരിയിലെ ആരോരുമില്ലാത്ത വീട്ടില്‍ പോയപ്പോള്‍ കണ്ടുപിടിക്കപ്പെട്ട പശ്ചാത്തലത്തിലാണ്, സക്കറിയ തന്റെ "ഒളിവിലെ ഓര്‍മ്മകള്‍" പുറത്തെടുത്തത്.
രാജ്മോഹന്‍ ചെയ്തത് ശരികളില്‍ മികച്ച ശരിയാണെന്നും, വീണ്ടും വീണ്ടും ഒളിത്താവളങ്ങളില്‍ 'സഹോദരി'മാരുമായി ആരോരുമറിയാതെ വസിക്കണമെന്നും, ആരെങ്കിലും പിടികൂടിയാല്‍ വിക്ടറി ചിഹ്നം ഉയര്‍ത്തി അഭിമാനിക്കണം എന്നുമുള്ള കാര്യത്തില്‍ സക്കറിയക്കു സംശയമില്ല.

ആ സംശയരാഹിത്യം ലേഖനമെഴുത്തിലെയ്ക്ക് സക്കറിയയെ നയിച്ചു.

ലേഖനമെഴുതിയത് കൊണ്ട് സക്കറിയയ്ക്ക്‌ തൃപ്തി വന്നില്ല.
നാടായ നാടൊക്കെ പ്രസംഗിക്കണമെന്ന് അഭിനിവേശം ഉണ്ടായി.
വടക്കേ അറ്റത്തു നിന്ന് തന്നെ പ്രസംഗപര്യടനം തുടങ്ങി.
പ്രസംഗപര്യടനം തെക്കേയറ്റം വരെ ദീര്ഘിപ്പിക്കണമെന്നായിരുന്നു ആലോചന.

പക്ഷെ വടക്കേ അറ്റത്തു വെച്ച് തന്നെ വിഘ്നങ്ങള്‍ ഉയര്‍ന്നു പൊങ്ങി. തടഞ്ഞുവെയ്ക്കലും ചോദ്യം ചെയ്യലും. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാവാതെ വന്നപ്പോള്‍ കാറില്‍ കയറി തടി രക്ഷപ്പെടുത്തി. നാട് മാറിയപ്പോഴും ഭയം മാറിയില്ല. അത് കൊണ്ട് തീവണ്ടിയിലെ സമശീതോഷ്ണ മുറിയില്‍ കയറിയിരുന്ന ശേഷം മാത്രം നെടുവീര്‍പ്പ് വിട്ടു.
നെടുവീര്‍പ്പ് പോയപ്പോള്‍ ചാനലുകാരെയൊക്കെ വിളിച്ചറിയിച്ചു.
ലൈംഗിക സ്വാതന്ത്ര്യത്തിനായി ശബ്ദിച്ചതിന്റെ പേരില്‍, സഹോദരീ തുല്യയായ ഒരുവളുമോത്ത് രഹസ്യമായി പാര്‍ത്തതിന്റെ ന്യായം ഉയര്‍ത്തിയതിന്റെ പേരില്‍ ഒരു കൂട്ടം കശ്മലന്മാര്‍ ആക്രമിച്ചു എന്ന ചൂടുവാര്‍ത്ത, തണുപ്പേറിയ തീവണ്ടിമുറിയില്‍ ഇരുന്ന് മാലോകരെ അറിയിച്ചു.
അഭിപ്രായ സ്വാതന്ത്ര്യവും സര്‍ഗ്ഗാത്മ അവകാശവും ഉന്നയിക്കപ്പെടനമെന്ക്കില്‍ സമശീതോഷ്ണ കാലാവസ്ഥ തന്നെ വേണം.

എല്ലാം പണയപ്പെടുത്താന്‍ സന്നദ്ധമാവുകയും, സര്‍വ്വവും നഷ്ടപ്പെടുന്നതില്‍ മനസുരുകി വേദനിക്കുകയും ചെയ്യുന്ന തോമ്മിയെയും, എല്ലാം കീഴ്പ്പെടുത്തുന്നതില്‍ ആനന്ദിക്കുന്ന പട്ടെലരെയും അവതരിപ്പിച്ച സക്കറിയയ്ക്ക്‌ ഇത്തരം വേഷങ്ങള്‍ എടുത്തണിയാനും വൈക്ലബ്യം ഇല്ല.

വെബ്സൈറ്റുകളില്‍ അശ്ലീല കഥയെഴുതി പണം സമ്പാദിക്കുന്ന ഒരാള്‍ക്ക്‌ ഉണ്നിത്താനോടൊപ്പം നില്‍ക്കാതെ തരമില്ല തന്നെ.

സക്കരിയയാലും നാവിനു ലൈസന്‍സ് വേണമെന്ന കാര്യം മാത്രം മറന്നുപോയി.

ബംഗലുരുരിലേക്കുള്ള യാത്രാമധ്യേ വിശ്രമിക്കുവാന്‍ എഴുകോണില്‍ നിന്നെത്തിയ, കണ്ണെഴുതിയ സുന്ദരിയുമായി മഞ്ചേരിയിലെ ആള്‍ പാര്‍പ്പില്ലാത്ത വീട്ടിലെത്തിയ ഉണ്ണിത്താനെ തടഞ്ഞു വെയ്ക്കുകയും, പോലീസിനെ കൊണ്ട് പിടിപ്പിക്കുകയും ചെയ്ത അന്യായത്തില്‍ സക്കരിയക്കുള്ള കൊപതാപങ്ങള്‍ മനസിലാക്കാവുന്നതെ ഉള്ളു.
എഴുകോണില്‍ ഉള്ള ഒരു വനിതയെ മഞ്ചേരിയില്‍ എത്തിക്കുമ്പോള്‍ സഹോദരിയായി കാണാനും, ആരോരുമില്ലാത്ത വീട്ടില്‍ കൊണ്ട് ചെന്നെത്തിച്ചു സഹോദര നിര്‍വിശേഷ സ്നേഹം പങ്കിടാനും അവകാശമില്ലെന്നു വന്നാല്‍ സാംസ്ക്കാരിക നായകരില്‍ മുമ്പനായ സക്കറിയക്കു പ്രതികരിക്കാനും പ്രതിഷേധിക്കുവാനും കഴിയാതിരിക്കുമോ?
കൊല്ലം മുതല്‍ ബംഗളുരു വരെ നീളുന്ന യാത്രയില്‍ എളുപ്പവഴിയായ മഞ്ചേരിയില്‍ എത്തുമ്പോള്‍ സഹോദര നിര്‍വിശേഷ സ്നേഹം അണപൊട്ടി ഒഴുകിയ ഉണ്ണിത്താന്, സ്വച്ഛന്ദമായ അന്തരീഷത്തില്‍ സഹോദര സ്നേഹം പങ്കു വയ്ക്കാന്‍ തോന്നിയതിനെ ആലോസരപ്പെടുത്തിയതിലാണ്, സക്കറിയക്കു വിഷമം.

പക്ഷെ സക്കറിയ പ്രസംഗിച്ചതിന് ശേഷം കൈയ്യേറ്റം ചെയ്തത് തെറ്റ്. ആശയ പ്രകടനത്തെ പേശി ബലം കൊണ്ട് നേരിടുക എന്നത് അക്ഷന്തവ്യമായ അപരാധവും കടുത്ത തെറ്റ് നിറഞ്ഞ പ്രവൃത്തിയും ആണ്.

പക്ഷെ,ഉണ്ണിത്താന്‍ ചെയ്തത് സത്കര്‍മ്മവും പിടി കൂടിയവരുടെത് ദുഷ്കര്‍മവും എന്ന് വ്യാഖ്യാനിക്കുന്നതില്‍ തരക്കേടുണ്ട്‌.
വാദങ്ങളെ ബലപ്പെടുത്താന്‍ കംമുനിസ്ടുകാര്‍ ഒളിവു ജീവിതത്തിന്റെ സുഖം അനുഭവിച്ചു ലൈംഗിക അരാജകത്വത്തിന്റെ തിരശ്ശീല ഉയര്‍ത്തി എന്ന് പറയുന്നത് അങ്ങേയറ്റത്തെ അപരാധമാണ്.

അങ്ങാടിയിലെ മത്സരത്തില്‍ ജയിക്കാന്‍ അമ്മയെ പുലഭ്യം പറയരുത്.

ഒളിവുജീവിതം സുഖകരമോ?

അങ്ങനെയാണ് സക്കറിയ പറയുന്നത്.

സക്കറിയയുടെ ഒളിവുജീവിതം സുഖകരമാണെന്ന കാര്യത്തില്‍ ആര്‍ക്കും ശങ്കയുണ്ടാകാന്‍ തരമില്ല. ഫ്ലാറ്റ് മുറികളിലും ഹോട്ടല്‍ ശാലകളിലും സക്കറിയ നടത്തിയ തന്നോട് തെന്നെയുള്ള ഒളിവുജീവിതത്തിന്റെ സൌഖ്യം സക്കറിയക്കു മാത്രമേ അറിയാവു.

ദയവായി, ഒന്നു ശ്രദ്ധിക്കു, സക്കറിയ ഏമ്മാനെ,

ആ ഒളിവുജീവിതമല്ല കംമുനിസ്ട്ടുകാരുടെ ഒളിവുജീവിതം.

അങ്ങ് സുഖഭരിതമായ അവസ്ഥയില്‍ ആസ്വദിച്ച ഒളിവുജീവിതം വേറെ; കംമുനിസ്ട്ടുകാരുടെ ഒലിവു ജീവിതം വേറെ.

മരണം മുന്നില്‍ വന്നു വാ പിളര്‍ത്തി നില്‍ക്കുമ്പോഴും സമത്വ സുന്ദര ലോകം സ്വപ്നം കണ്ട്, അടിമകളെപ്പോലെ ജീവിക്കുന്ന മാനവരുടെ മോചനം ലക്ഷ്യമാക്കി പൊരുതാന്‍ ഇറങ്ങിയവര്‍ ഒളിവില്‍ പോയതും, ദൈന്യജീവിതം നയിച്ചതും, പട്ടിണി കിടന്നതും, സുഖതാല്പര്യങ്ങള്‍ മുന്‍ നിര്‍ത്തിയായിരുന്നില്ല.
നാടിന്റെയും ജനങ്ങളുടെയും താല്പര്യങ്ങളാണ് അവര്‍ ലക്‌ഷ്യം വച്ചത്.

അവര്‍ സ്വയം ഏറ്റുവാങ്ങിയ വൈഷമ്യങ്ങളുടെയും ഒളിവുജീവിതതിന്റെയും സഹനത്തിന്റെയും പിന്നിലുണ്ടായിരുന്ന വിവേകവും വികാരവും ഉണ്ണിത്താന്റെ മഞ്ചേരിയിലെ ഒളിവു താമസത്തിന്റെതായിരുന്നില്ല.

ആരുമാരും കാണാത്ത ഒളിവുജീവിതത്തിലെ നൈമിഷിക സുഖമായിരുന്നില്ല അവര്‍ അനുഭവിച്ചത്.
കടുത്ത ത്യാഗത്തിന്റെ വേദനയും ആ വേദനയില്‍ നിന്നുണരുന്ന മാനസികോല്ലാസവുമാണ് അവര്‍ അറിഞ്ഞത്.

സക്കറിയ കര്‍ട്ടനു പിന്നിലെ ഒളിവിനെയും, അത് പകര്‍ന്ന കുളിരിനെയും ഓര്‍ത്ത്, കമ്മ്യുനിസ്ടുകാരുടെ ഒളിവു ജീവിതത്തെ താരതമ്യം ചെയ്തു കളഞ്ഞു.

സക്കറിയയുടെ കുളിരല്ല കമ്മ്യുനിസ്ടുകാരുടെ ഒളിവു ജീവിതത്തിന്റെത്.

ലൈംഗിക സുഖത്തിനാണെങ്കില്‍ അന്നത്തെ കംമ്യുനിസ്റ്റുകാര്‍ കമ്മ്യുനിസ്ട്ടുകാരാവേണ്ടതില്ല. ഒളിവില്‍ പോകേണ്ടതില്ല. സമ്പന്ന കുടുംബത്തില്‍ പിറന്ന് എല്ലാം ഉപേക്ഷിച്ച് കംമുനിസ്ട്ടുകാരായ അവര്‍ക്ക് ജന്മിമാരായി ജീവിച്ചാല്‍ മതിയായിരുന്നു. അങ്ങനെയല്ലാത്തവര്‍ ജന്മിമാരുടെ ഉപാസകരായി നില കൊണ്ടാല്‍ മതി. തെളിവില്‍ തന്നെ ലൈംഗിക അരാജകത്വം അരങ്ങേറ്റാമായിരുന്നു.

പക്ഷെ അവര്‍ ഉള്ളതെല്ലാം ഉപേക്ഷിച്ചു. ത്യാഗത്തെയും സഹനത്തെയും വരിച്ചു. ഒളിവിലും ജയിലിലും കഴിഞ്ഞു. സക്കറിയയെ പോലെ ചിക്കന്‍ ചാപ്സും, മട്ടന്‍ സ്റ്റുവും കഴിച്ചു വിലസുന്നവര്‍ക്ക്, കംമ്യുനിസ്ട്ടുകാരുടെ ഒളിവുജീവിതം, ഉണ്ണിത്താന്റെ മഞ്ചേരിയിലെ രാത്രികാല ഒളിവു ജീവിതമായി തോന്നാം.

ഉണ്ണിത്താന് വേണ്ടി ഫീസില്ലാ വക്കീലായി വാദിച്ചോ. പക്ഷെ കംമ്യുനിസ്ട്ടുകാര്‍ ഒളിവുജീവിതം സ്വീകരിച്ചത് ഉണ്ണിത്താന്‍ നടത്തുന്ന പണിയ്ക്കാനെന്നു തട്ടിമുളിച്ചു
കളയരുത്.

"ഒരിടത്ത്" എന്നാ കഥ സക്കറിയ എഴുതിയിട്ടുണ്ട്. ഭാവിയില്‍ ഒരിടത്ത് സക്കരിയയെപ്പോലെ ഒരു വേരില്ലാതാളിയും നിദ്രാകേളികളുടെ വക്താവുമായ ഒരാള്‍ ജീവിച്ചിരുന്നുവെന്ന് കുട്ടികള്‍ കഥ പറഞ്ഞു തുടങ്ങാതിരുന്നാല്‍ മതിയായിരുന്നു.


-----------------
25-02-2010

2010, ഓഗസ്റ്റ് 10, ചൊവ്വാഴ്ച

മന്‍മോഹന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍

" വിട്യേത്തമോരോന്നു കാട്ടി ഫലിക്കാഞ്ഞു,
വട്ടിയും കൊട്ടയും ചട്ടികലങ്ങളും,
കേട്ടിച്ചുമന്നങ്ങു കാട്ടില്‍ നടക്കുന്നു."
എന്ന് പറഞ്ഞത് പോലെയായി കാര്യങ്ങള്‍.
കാട്ടിലല്ല നടപ്പെന്നു മാത്രം.
ന്യുയോര്‍ക്കില്‍,.... വാഷിങ്ങ്ടണില്‍,......വീണ്ടും ന്യുയോര്‍ക്കില്‍,...
കെട്ടിച്ചുമന്നു നടന്നു. കാത്തു കാത്തു കിടന്നു.
തെല്ലും അലിവുണ്ടായില്ല ലോക രാജാവിന്.

വെറുതെ മുഷിഞ്ഞു കാത്തിരിക്കേണ്ട, ഡല്‍ഹിയിലേക്കു പൊയ്ക്കൊള്ളു എന്ന് തലപ്പാവുകാരനെ നോക്കി കണ്ണ് കാട്ടി. പിന്നാലെ തന്റെ വിദേശകാര്യ സെക്രട്ടറി പൊടുന്നനെ ഡല്‍ഹിയില്‍ എത്തുമെന്നും ഒപ്പ് വയ്ക്കാനുള്ള കരാര്‍ കൊണ്ട് തരുമെന്നും പറഞ്ഞു സമാധാനിപ്പിച്ചു.

"കണ്ണില്ലാത്തൊരു പോണ്ണന്‍, കാഴ്ചകള്‍ കാണാന്‍ഇച്ച്ചിക്കുന്നത് പോലെ" മന്‍മോഹന്‍ അമേരിക്കയില്‍ വെറുതെ കറങ്ങി നടക്കുകയോന്നുമായിരുന്നില്ല.
കൂട്ടത്തില്‍ കൊണ്ട് പോയ പത്രക്കാരെയൊക്കെ വഴിവക്കില്‍ താമസിപ്പിച്ചിട്ട്, ഒറ്റയ്ക്ക് ബുഷിന്റെ താവളത്തില്‍ ചെന്ന് വിനീത വിധേയനായി കുമ്പിട്ടു.എങ്ങനെയെങ്കിലും കരാര്‍ ഒന്ന് തരപ്പെടുത്തി തരണം എന്ന് യാചിച്ചു.

പത്രക്കാരെ കൊണ്ട് പോകാത്തത് അവരോട് വിരോധമൊന്നും ഉണ്ടായിട്ടല്ല.
എന്തും ഏതും അവര്‍ പകര്‍ത്തിക്കളയും എന്നത് കൊണ്ടാണ്.
അല്ലെങ്കില്‍ തന്നെ കുമ്പിട്ടു നില്‍ക്കുന്നതും, യാചനാ ഭാവത്തില്‍ ഇരിക്കുന്നതുമായ ധാരാളം ചിത്രങ്ങള്‍ അവര്‍ മാലോകരെ കാണിച്ചു കൊടുത്തിട്ടുണ്ട്. വീണ്ടും അത് വേണ്ടാ എന്നത് കൊണ്ട് മാത്രമാണ് അവരെ പാതി വഴിയില്‍ ഇറക്കി വിട്ടത്.

ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് വിമാനം കയറുമ്പോള്‍ സ്വന്തം കക്ഷിക്കാര്‍ ആഹ്ലാദത്താല്‍ കുതിച്ചു ചാടുകയും, അഭിമാനത്താല്‍ വിജിംഭ്രതരാവുകയും ചെയ്തതാണ്.
ആശാന്‍ "ദുരവസ്ഥയില്‍" പാടിയത് പോലെ
"ഉദ്യാന പാലകരെ ഭാവാന്മാരുന്നര്‍-
‍ന്നുദ്യമിപ്പിന്‍ പുഷ്പകാലമായി"
എന്ന് ദേശമോട്ടാകെ പാടി നടക്കുകയായിരുന്നു ഗാന്ധിജിയുടെ കൊണ്ഗ്രെസ്സുകാര്‍.

ക്ഷമിക്കണം ...
'ആശാന്‍' എന്ന് ചോദിച്ചാല്‍ 'ഏത് കളരിയിലെ ആശാന്‍?',..
'ദുരവസ്ഥ' എന്ന് പറഞ്ഞാല്‍ 'ആ പലഹാരം ഏത് ബേക്കറിയില്‍ കിട്ടും?', എന്നൊക്കെ ചോദിക്കുന്നവരാണ്‌ കൊണ്ഗ്രെസ്സുകാര്‍ എന്ന് ആലോചിക്കാതെ എഴുതിപ്പോയതാണ്.

ഇന്ത്യയുടെ ചരിത്രത്തിലെ, അതും സഹസ്രാബ്ധങ്ങള്‍ നീണ്ട ചരിത്രത്തിലെ, ഇത് വരെ ആരും കാണാത്ത നിമിഷമാണ് വന്നു ഭവിക്കാന്‍ പോവുന്നത് എന്നായിരുന്നു ആവര്‍ത്തിച്ചു പറഞ്ഞിരുന്നത്.

അവരറിയുന്നുണ്ടോ അമേരിക്കയിലെ ജനാധിപത്യത്തിന്റെ നുലാമാലകള്‍.
ഇന്ത്യാക്കാന്നെങ്കില്‍ അങ്ങനെയൊരു പോല്ലാപ്പില്ലാത്തത് കൊണ്ട് പ്രശ്നമില്ല.
സ്വാതന്ത്ര്യവും ജനാധിപത്യവും സ്വാശ്രയത്വവും പണയപ്പെടുത്താന്‍ ആരോടും ആലോചിക്കേണ്ടതില്ല, ഒരു സഭയിലും ചര്‍ച്ച ചെയ്യേണ്ടതില്ല.

അമേരിക്ക ഇപ്പോഴും പഴഞ്ചനാണ്. സെനറ്റ് ഉപസമിതി, സെനറ്റ്, അമേരിക്കന്‍ കോണ്‍ഗ്രസ്‌ ഇങ്ങനെ പല കടമ്പകള്‍ കടക്കണം. പല ചോദ്യങ്ങള്‍ക്ക് ശരിയാംവണ്ണം ഉത്തരം നല്‍കണം.
കീഴടങ്ങി കൊടുക്കുന്നവന് ഒരു ചര്‍ച്ചയും, ആലോചനയും, വിചാരവും വേണ്ട. കീഴടങ്ങുന്നവന് എന്തിനാണ് ഇത്രയും ആലോചനയും വീണ്ടുവിചാരവും എന്നാണ് മന്മോഹനും സോണിയക്കും ഇനിയും പിടികിട്ടാതെ ബാക്കിയാകുന്നത്.

"വീട്ടിലുണ്ടെങ്കില്‍ വിരുന്നുചോറും കിട്ടു-
മൂട്ടിലുമ് കിട്ടാ ദരിദ്രനെന്നാകിലോ"
എന്നാ നല്ല പാഠം അമേരിക്കയ്ക്ക് അറിയാവുന്നത് കൊണ്ടാണ്, നാരും നീരും തിരഞ്ഞ് അവര്‍ ചര്‍ച്ച ചെയ്യുന്നതെന്ന് ഇന്ത്യാക്കാര്‍ക്ക് പിടി കിട്ടുന്നില്ല എന്നതിലാണ് പ്രശ്നം.

കുഴപ്പമില്ല.
കോണ്ടലിസ എന്നാ വനിതാ പ്രമാണി ഡല്‍ഹിയില്‍ വരുമെന്ന് ബുഷ്‌ ഏമാന്‍ അരുളി ചെയ്തിട്ടുണ്ടല്ലോ.,
അന്ന് കരാര്‍ കൊണ്ട് വരും.

അമേരിക്കന്‍ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഉണ്ടാക്കിയ ഹൈഡ് ആക്ടിന് വിധേയമായിട്ടായിരിക്കും അമേരിക്കന്‍ ആണവ കരാറെന്ന് പലയാവര്‍ത്തി അമേരിക്കന്‍ നേതാകന്മാര്‍ പരസ്യമായി പറഞ്ഞു.
ബുഷ്‌ രേഹസ്യ കത്തിലുടെ സെനട്ടര്മാരെയാകെ അറിയിച്ചു.
അപ്പോഴും പ്രണബും മന്മോഹനും തങ്ങളുടെ പല്ലവി ആവര്‍ത്തിച്ചു കൊണ്ടിരുന്നു.

ഒടുവില്‍ മന്‍മോഹന്‍ അമേരിക്കയില്‍ തമ്പടിച്ചു കാത്തുകെട്ടി കിടക്കുമ്പോള്‍ ബുഷ്‌ സെനറ്റിലും കൊന്ഗ്രെസ്സിലുമൊക്കെ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞിരുന്നു; ഹൈഡ് ആക്ടിന് വിധേയമായിട്ടായിരിക്കും കരാര്‍, അണുപരീക്ഷണം നടത്തിയാല്‍ കരാര്‍ റദ്ദാക്കും, ഇന്ത്യ അനുഭവിക്കേണ്ടി വരും എന്നിത്യാദി കാര്യങ്ങള്‍.

മന്‍മോഹന്‍ അതൊന്നും കേട്ടതേയില്ല.
എങ്ങനെ കേള്‍ക്കും?
"കര്‍മ ദോഷത്താല്‍ വരുന്ന രോഗങ്ങള്‍ക്ക്, ചെമ്മേ കഷായം കുടിച്ചാല്‍ ഫലിക്കുമോ?" എന്ന കാര്യം മന്മോഹന് അറിയാവുന്നതാണ്.

മന്‍മോഹന്‍ അമേരിക്കയില്‍ നിന്ന് വന്ന ശേഷവും ബുഷ്‌ സെനറ്റില്‍ പറഞ്ഞതൊക്കെ അറിഞ്ഞ ശേഷവും, ഇന്ത്യക്ക് അണുപരീക്ഷണം നടത്താന്‍ അവകാശം ഉണ്ടെന്നും ഹൈഡ് നിയമം കരാറിന് ബാധകം അല്ലെന്നും, ചെറിയ ശരീരത്തിനുള്ളില്‍ നിന്ന് വരുന്ന വലിയ ശബ്ദവുമായി പറഞ്ഞു നടന്ന ദിവ്യനാണ് പ്രണാബ് മുഖര്‍ജി.
കോണ്ടലിസ വരുമ്പോള്‍ ഒപ്പ് വയ്ക്കേണ്ട ആളാണ്. ആ ഗമ ഒട്ടും കുറച്ചതുമില്ല.
ചുവരുടെന്കിലെ ചിത്രം വരയ്ക്കനാവു എന്ന പഴയ പാഠം മന്മോഹനെപ്പോലെ പ്രണബിനും വലിയ നിശ്ചയാമുണ്ടായിരുന്നില്ലലോ.

ഒടുവില്‍ അത് സംഭവിച്ചു.
പ്രണബിനാല്‍ ആനയിക്കപ്പെട്ടു പത്രപ്രവര്‍ത്തകരുടെ മുന്നില്‍ എത്തിച്ചേര്‍ന്ന കോണ്ടലീസ, പ്രണബിനെ തൊട്ടടുത്തിരുത്തി ഉച്ചത്തില്‍ പറഞ്ഞു.
" ഹൈഡ് നിയമം കരാറിന് പൂരകമായി നില കൊള്ളുമെന്ന്., അണുപരീക്ഷണം നടത്താന്‍ ഇന്ത്യയ്ക്ക് അവകാശമില്ലെന്ന്".
എല്ലാം കേട്ട് പ്രണബ് തലകുലുക്കി മിടുക്കരില്‍ മിടുക്കനായി കൊണ്ടാലീസക്കടുത്ത് അഭിമാനത്തിന്റെ ചിരിയുമായി ഇരുന്നു.

"എനിക്ക് വേണ്ടി ജീവന്‍ ത്യജിക്കാന്‍ നീ തയ്യാരാണെന്നോ? എന്നാല്‍ ഞാന്‍ സത്യമായി സത്യമായി നിന്നോട് പറയുന്നു, ഇന്ന് കോഴി കൂവും മുന്‍പേ നീ എന്നെ മൂന്നു പ്രാവശ്യം തള്ളിപ്പറയും" എന്നാണ് യേശു പത്രോസിനോട് പറഞ്ഞത്. അത് പോലെയാണ് രാജ്യത്തിന്‌ വേണ്ടി ജീവന്‍ ത്യജിക്കുമെന്നു പറഞ്ഞു നടന്ന കോണ്‍ഗ്രസുകാര്‍, കോഴി കൂവുന്നതിനു മുന്നേ മുന്നൂറു വട്ടം തള്ളിക്കളഞ്ഞു കൊണ്ടിരിക്കുന്നത്.

ബുഷിന്റെ ഒപ്പിനു പോലും പവന്‍ വിലയാണ്.
ഇവിടെ ഒപ്പ് വയ്ക്കാന്‍ നിവര്ത്തിപിടിച്ച പേനയുമായി മന്മോഹനും സോണിയയും പ്രണബും, എന്തിന് എം ഐ ഷാനവാസ് പോലും റെഡിയായി നില്‍ക്കുകയാണ്.
പക്ഷെ ബുഷ്‌ ഇത് വരെ കരാറില്‍ ഒപ്പ് വെച്ചിട്ടില്ല.
ബുഷ്‌ ഒപ്പ് വച്ചാലേ കരാര്‍ കരാരാവൂ.മറ്റുള്ളവരുടെ ഒപ്പെല്ലാം ഉപ്പു അലിയുന്നത് പോലെയേ ഉള്ളു.
ബുഷ്‌ എമ്മാന്‍ ഒപ്പിട്ടു കിട്ടാന്‍ ക്ഷേത്രവളപ്പില്‍ ഉരുളലും തിങ്കളാഴ്ചവ്രതവും ശുലം കുത്തിയോടലും പൊങ്കാല പായസവും കാവടിയെടുക്കലും നേര്‍ന്നു കഴിയുകയാണ് ദേശാഭിമാനികളായ കോണ്‍ഗ്രസുകാര്‍.

കണ്ടും കൊണ്ടും അറിയാത്തവര്‍ പിന്നെ അറിയുന്നത് ഒരു വല്ലാത്ത അറിയലായിരിക്കും.

"നാട്ടിലിരിക്കുന്നൊരു നാനാ ജനത്തിന്റെയും
പാട്ടിലിരിക്കും ദ്രവ്യം പാടെ കരസ്ഥമാക്കി
വീട്ടിലിരുന്നോരോരോ ഗോഷ്ട്ടികള്‍ കാട്ടും നിന്നെ
ആട്ടിക്കളവാനുമീ നാട്ടിലാരുമില്ലല്ലോ"
എന്ന് എവിടെ നിന്നൊക്കെയോ ഉയര്‍ന്നു കേള്‍ക്കുന്നതായി തോന്നുന്നില്ലേ.


=================
(06-10-2008)