2010, ജൂലൈ 28, ബുധനാഴ്‌ച

പറയാതിനി വയ്യ, പറയാനും വയ്യ

ര.ചെ, ഉ.ചാ, കെ.കെ, കെ.മാ, എന്നിങ്ങനെ ചുരുക്കെഴുത്തുകള്‍ കൊണ്ടുതന്നെ പ്രസിദ്ധമാണ് യു.ഡി.എഫ് എന്ന ഐക്യരാഹിത്യം നിറഞ്ഞാടുന്ന ഐക്യ ജനാധിപത്യ മുന്നണിയുടെ നേതാക്കള്‍.

ര.ചെ എന്നതിനര്‍ഥം രമേശ് ചെന്നിത്തലയെന്നാണ്. ഉ.ചാ എന്നതിന്റെ വിശദീകരണം ഉമ്മന്‍ചാണ്ടിയെന്നും. കെ.കെ എന്നാല്‍ കുഞ്ഞാലിക്കുട്ടിയും കെ.മാ എന്നാല്‍ കെ.എം മാണിയുമൊക്കെയാണ്. സി.കെ ഗോവിന്ദന്‍ നായരും പനമ്പിള്ളി ഗോവിന്ദമേനോനും ബാഫഖി തങ്ങളും കെ.എം ജോര്‍ജുമൊന്നും ഇത്തരം, ലഘു എഴുത്തുകളാല്‍ പ്രസിദ്ധമായിരുന്നില്ല എന്നതു ശരിതന്നെ. അവരെയൊക്കെ മറികടക്കുന്ന ഇന്നത്തെ നേതാക്കള്‍ക്ക് ചുരുക്കെഴുത്തിലൂടെയും പ്രശസ്തരാവാമെന്ന പാഠം ര ചെ, ഉ ചാ, കെ കെ, കെ മാ എന്നിവ പകര്‍ന്നു തരുന്നുണ്ട്.

വാള്‍, കഠാരി, കൈവെട്ടുകത്തി, കൊടുവാള്‍, ആര്‍.ഡി.എക്‌സ്, ബോംബ് എന്നിവയെക്കുറിച്ച് പരാമര്‍ശിക്കുവാനും, അവ നിത്യേന കൈകാര്യം ചെയ്യുന്ന സംഘടനകളുടെ പേരു പറയുവാനും ചുരുക്കെഴുത്തിനാല്‍ പ്രശസ്തരായ നേതാക്കള്‍ക്ക് വലിയ പ്രയാസമാണ്.
'മടിയാണ് എനിക്കത് മൊഴിയാന്‍' എന്ന മട്ടിലേ പത്രസമ്മേളന വേദികളില്‍ കോണ്‍ഗ്രസിന്റെയും, ലീഗിന്റെയും, കേരള കോണ്‍ഗ്രസിന്റെയും നേതാക്കള്‍ക്ക് ഇരിക്കാനാവൂ. പത്രക്കാര്‍ ചോദിച്ച് വശംകെടുത്തിയാല്‍ തങ്ങളുടെ പേരിന്റെ ചുരുക്കെഴുത്തു പോലെ, ആര്‍ക്കുമാര്‍ക്കും ഒന്നുമൊന്നും മനസിലാക്കാന്‍ കഴിയാത്ത ഭാഷയില്‍ വല്ലതും പറഞ്ഞെന്നുവരും.

കൈവെട്ടിനിരയായ അധ്യാപകന്റെ വീട്ടില്‍ ഈ ചുരുക്കെഴുത്തു പേരുകാര്‍ സന്ദര്‍ശനം നടത്തും. സന്ദര്‍ശനം എന്നു പറഞ്ഞാല്‍, ടി വി ചാനലുകളായ ചാനലുകളൊക്കെയും, പത്രങ്ങളായ പത്രങ്ങളൊക്കെയും ഒപ്പം വേണമെന്നത് കണിശമാണ്. അവരൊക്കെയുള്ളതുകൊണ്ട് തന്നെ സന്ദര്‍ശനവേളയില്‍ ദുഃഖം ഖനീഭവിച്ച് മുഖത്ത് പ്രതിഫലിക്കും. കണ്ണുകള്‍ നിറയും. തല കുമ്പിടും. ശബ്ദം ഇടറും.

ഇങ്ങനെയൊക്കെ സംഭവിച്ചാലും അധ്യാപകന്റെ കൈവെട്ടിയ സംഘടനയുടെ പേരു പറയാന്‍ ചുരുക്കെഴുത്തുകാര്‍ക്ക് ഗദ്ഗദസ്വരത്തില്‍ പോലും സാധ്യമാവുകയില്ല. പേര് മറന്നുപോകുന്നതൊന്നും കൊണ്ടല്ല അങ്ങനെ സംഭവിച്ചുപോകുന്നത്. പറയാന്‍ മനസ്സില്ലാത്തതു കൊണ്ടുതന്നെ. കൊടുവാളിന്റെയും ആര്‍.ഡി.എക്‌സിന്റെയും ഉപാസകര്‍ ന്യൂനപക്ഷ ഭീകരവാദിയാകട്ടെ, ഭൂരിപക്ഷ വര്‍ഗീയ വാദിയാകട്ടെ ഈ ചുരുക്കെഴുത്തുകാര്‍ക്ക് പ്രിയങ്കരരാണ്. അവരുടെ പേരുകള്‍ അത്യാവേശത്തില്‍ വിളിച്ചു പറഞ്ഞാല്‍ സൗഹൃദത്തിന് ഭംഗം ഉണ്ടാകുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി.താ എന്ന പി.പി തങ്കച്ചനും കെ.മാ എന്ന കെ.എം മാണിക്കും അറിയാം.

രാഷ്ട്രീയം പഠിച്ചും കളിച്ചും, പഠിപ്പിച്ചും കളിപ്പിച്ചും ഇത്രത്തോളമെത്തിയ മാണിയോടും തങ്കച്ചനോടും ഇത്തിരിപ്പോന്ന മാധ്യമപ്രവര്‍ത്തകരുടെ കളിയൊന്നും വേണ്ട.
ആശാനെ കളി പഠിപ്പിക്കുവാന്‍ വരേണ്ടെന്ന് സാരം. കളരിയില്‍ പതിനെട്ടടവും അതിലുള്‍പ്പെടാത്ത അടവും പഠിച്ചവരോട് ഉറുമിയെന്താണെന്ന് കാട്ടിക്കൊടുക്കേണ്ടെന്നും, മണ്ണുവാരി കണ്ണിലെറിയുന്ന പണിയെന്തെന്ന് പഠിപ്പിക്കേണ്ടന്നുമാണ് ശരിയായ സാരം.

ഒരുപാടൊരുപാട് നിര്‍ബന്ധിക്കുകയും, പൂഴിക്കടകന്‍ അടവുകള്‍ മനസിലാക്കി പത്രക്കാര്‍ എഴുതുകയും പറയുകയും ചെയ്താല്‍, ഒഴിഞ്ഞുമാറ്റം എന്ന അടവു പ്രയോഗത്തിനായി മുതുകു വല്ലാതെ വളച്ച് നുഴഞ്ഞുകയറാന്‍ യത്‌നിക്കും. അങ്ങനെ വരുന്ന ഘട്ടങ്ങളില്‍ ഉ.ചായും ര.ചെയും, "പോപ്പുലര്‍ ഫ്രണ്ട്" എന്ന പേരു പറയാന്‍ തങ്ങള്‍ക്ക് തെല്ലും മടിയില്ലെന്നും അങ്കത്തട്ടില്‍ നിന്ന് ചുരിക വീശി ഉച്ചത്തില്‍ അത് വിളിച്ചുപറയുമെന്നും അവകാശപ്പെടും.
ഉ.ചായും ര.ചെയും പറഞ്ഞാല്‍ കെ.മായും പി.പി.തായും അത് ആവര്‍ത്തിക്കുകയും ചെയ്യും. കാരണം മാറ്റച്ചുരിക കൈവശമുള്ളവര്‍ മാത്രമാണ് അവര്‍.

ആയുധങ്ങള്‍, ബോംബുകള്‍, സ്‌ഫോടക വസ്തുക്കള്‍ എന്നിവ ആസ്ഥാനങ്ങളില്‍ നിന്ന് കണ്ടെടുക്കപ്പെട്ടാലും, കൈപ്പത്തിവെട്ടിലെ കുപ്രസിദ്ധ കുറ്റവാളികളെ തിരിച്ചറിഞ്ഞാലും ഉ.ചാ, ര.ചെ, കെ.മാ, കെ.കെ, പി.പി.ത, എന്നിത്യാദി ചുരുക്കെഴുത്ത് വിദ്വാന്‍മാര്‍ക്ക് അങ്കലാപ്പൊന്നുമില്ല. തങ്ങള്‍ക്ക് വോട്ടുമറിച്ചു നല്‍കുകയും, തിരശീലയ്ക്കു പിന്നില്‍ നിന്ന് തങ്ങളെ ആലിംഗനം ചെയ്യുകയും ചെയ്തവര്‍ക്ക് നീരസമൊന്നും ഉണ്ടാവരുത് എന്ന നിഷ്‌കര്‍ഷ മാത്രമാണ് ചുരുക്കെഴുത്തു നാമധാരികളെ നയിക്കുന്നത്. അതുകൊണ്ടു മാത്രം എന്‍.ഡി.എഫ്, ആര്‍.എസ്.എസ് എന്നിത്യാദി ചുരുക്കപ്പേരുകള്‍ അവരുടെ അധരങ്ങള്‍ കടന്ന് പുറത്തേക്കു വരുകയില്ല.

സംഘടനകളുടെ പേരു പറയാത്തതെന്ത്, എന്ന് പത്ര പ്രവര്‍ത്തകര്‍ പലയാവര്‍ത്തി എഴുതുകയും മറ്റു കക്ഷികളുടെ പ്രതിനിധികള്‍ ആരായുകയും ചെയ്യുമ്പോള്‍ എങ്കില്‍ ഇതാ പേരു പറഞ്ഞിരിക്കുന്നൂ, ഞങ്ങള്‍ വില്ലാളി വീരന്‍മാര്‍ എന്ന മട്ടില്‍, നാലഞ്ചു ദിനം കഴിഞ്ഞിട്ടാണെങ്കിലും, നടിക്കുന്നതിന് ഉ.ചാ, ര.ചെ മാര്‍ക്ക് മടിയില്ല.
അപ്പോള്‍ അവരുടെ വോട്ട് വേണ്ടെന്നു പറയുമോ എന്നു ചോദിച്ചാല്‍ അങ്ങനെ പറയാനുള്ള ധാര്‍ഷ്ട്യം തനിക്കില്ലെന്ന് ഉ.ചാ വിനയാന്വിതനാവും.
വോട്ടുവേണ്ടെന്നതല്ല, സഹകരണമില്ലെന്നതാണ് പ്രധാനമെന്ന് കെ.കെ അഴകൊഴമ്പന്‍ സിദ്ധാന്തം അവതരിപ്പിക്കും.
വോട്ടു വേണമോ വേണ്ടയോ എന്ന് പറയേണ്ട കാര്യമില്ല, പറഞ്ഞതില്‍ എല്ലാമുണ്ടെന്ന് ആര്‍ക്കും മനസിലാകാത്ത ഭാഷയില്‍ ര.ചെ മൊഴിയും.

പാലായില്‍ ഏതവന്‍ വോട്ടുതന്നാലും വേണ്ടെന്നു പറയില്ലെന്ന് കെ.മാ പറയും.
ഞാനും, എന്റെ മകനും, പിന്നെ എന്റെ പാലായും എന്നു കരുതി ജീവിതം കഴിക്കുന്ന കെ.മായ്ക്ക്,പാലായിലെ കാര്യം മാത്രമേ പറയാന്‍ കഴിയൂ.

വര്‍ഗീയ-ഭീകരവാദികളുടെയൊന്നും വോട്ടു തനിക്കു വേണ്ടെന്ന് ആര്യാടന്‍ മുഹമ്മദ് പറഞ്ഞല്ലോ എന്നു ചോദിച്ചാല്‍, അങ്ങനെ പറയാനുള്ള ധാര്‍ഷ്ട്യം തനിക്കില്ലെന്നും തന്റേതാണ് ഔദ്യോഗിക ഭാഷ്യമെന്നും ഉമ്മന്‍ചാണ്ടി.
അതുതന്നെയാണ് ശരിയിലും വലിയ ശരിയെന്ന്, രമേശ് ചെന്നിത്തല.
ഉ.ചാ മാരും ര.ചെമാരും, എന്‍.ഡി.എഫുകാര്‍ വീശുന്ന വാളിനേക്കാളും ചുരികയേക്കാളും മൂര്‍ച്ചയുള്ള ആയുധങ്ങള്‍ വീശി, പാവം മലയാളികളുടെ മനസിനെ മുറിക്കുന്നു.

'പറയാനും വയ്യ, പറയാതിനി വയ്യ' എന്ന നിലയില്‍ മണ്ണില്‍ കിടന്നുരുളുന്ന ര.ചെമാരെയും ഉ.ചാമാരെയും കാണുമ്പോള്‍ പാവം കാഴ്ചക്കാര്‍ ചിരിച്ച് മണ്ണുകപ്പുന്നു.

ഭയന്നു വിറങ്ങലിക്കുന്നു.

2010, ജൂലൈ 25, ഞായറാഴ്‌ച

ചാക്കോയ്ക്കും ഉള്ളു തുറക്കാം, ഉള്ളതു പറയാം

കോണ്‍ഗ്രസിനകത്ത് സത്യം എന്നു കേട്ടാല്‍ കലിതുള്ളുന്നവര്‍ക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയിട്ടു കാലം കുറച്ചേറെയായെന്ന് മാലോകര്‍ക്കൊക്കെ അറിയാം. കേന്ദ്രത്തിലായാലും കേരളത്തിലായാലും ഇക്കാര്യത്തില്‍ കോണ്‍ഗ്രസായ കോണ്‍ഗ്രസുകാര്‍ക്കൊക്കെ നിര്‍ബന്ധബുദ്ധിയുണ്ട്.
പുലരും മുമ്പേ എഴുന്നേല്‍ക്കണമെന്ന ചൊല്ലും കോണ്‍ഗ്രസുകാര്‍ അക്ഷരംപ്രതി അനുസരിക്കും. മെറ്റാന്നിനും വേണ്ടിയല്ല. ഇന്ന് എത്ര അസത്യം പറയാം, അത് ഏതൊക്കെ, ഏതേതു വിധത്തില്‍ എന്തു ചിന്തിക്കാന്‍ പുലര്‍കാലമാണ് പറ്റിയ സമയമെന്ന് കോണ്‍ഗ്രസുകാര്‍ക്ക് അനുഭവത്തിലൂടെ ബോധ്യപ്പെട്ടിട്ടുള്ളതാണ്.

പക്ഷേ പ്രകോപനനിമിഷങ്ങളില്‍ അപൂര്‍വം കോണ്‍ഗ്രസുകാര്‍ അറിയാതെ സത്യം വിളിച്ചുപറഞ്ഞുപോകും. അത് അത്യപൂര്‍വങ്ങളില്‍ അത്യപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്.
സംവത്സരങ്ങള്‍ക്കുശേഷം ഒരു കോണ്‍ഗ്രസ് നേതാവ് ഒരു സത്യം വിളിച്ചുപറഞ്ഞിരിക്കുന്നു. പി.സി ചാക്കോയാണ് ഉള്ള് തുറന്ന് ഉള്ള സത്യം വിളിച്ചോതിയത്.

കെ പി സി സി പ്രസിഡന്റായിരിക്കുന്ന രമേശ് ചെന്നിത്തല ആ കസേരയിലിരിക്കാന്‍ യോഗ്യതയുള്ളയാളല്ലെന്നതാണ് ചാക്കോയുടെ ഉഗ്രപ്രഖ്യാപനം.

കായബലത്തില്‍ മുമ്പനായ ടി എച്ച് മുസ്തഫയും കായബലത്തില്‍ പിന്നോക്കം നില്‍ക്കുന്ന കെ കെ രാമചന്ദ്രനുമെല്ലാം ചാക്കോ പറഞ്ഞത് സത്യത്തിലും സത്യമാണെന്ന് ആണയിട്ടു പറഞ്ഞു.
ചാക്കോ പറഞ്ഞു കേട്ടതില്‍ സുഖം തോന്നിയ ഉമ്മന്‍ചാണ്ടി തന്റെ മെയ്‌വഴക്കം ഒരിക്കല്‍ കൂടി തെളിയിച്ചു. ചാക്കോ പറഞ്ഞത് വിവാദമാക്കരുതെന്ന അഭ്യര്‍ഥന മാത്രമാണ് ചാണ്ടിക്കുള്ളത്. സത്യം പറയുന്നത് വിവാദമാക്കരുതെന്ന അര്‍ഥഗര്‍ഭമായ സന്ദേശമാണ് ചാണ്ടി നല്‍കിയത്.
കെ വി തോമസും മുല്ലപ്പള്ളി രാമചന്ദ്രനുമെല്ലാം ചാക്കോയെ രഹസ്യമായി ആലിംഗനം ചെയ്തുപോലും. വി എം സുധീരന്‍ തനിക്കുണ്ടായ രോമാഞ്ചം അറിയിക്കുന്നതില്‍ അമാന്തം വരുത്തിയതുമില്ലത്രേ.

പക്ഷേ രമേശ് ചെന്നിത്തലയുടെ കാലാള്‍പ്പടയും നാവ് ആയുധമാക്കി പത്രക്കാരുടെ മുന്നില്‍വന്ന് അങ്കക്കലി മുഴക്കി. ചാക്കോയ്ക്ക് സമനില തെറ്റിയിരിക്കുന്നുവെന്ന് അവര്‍ കണ്ടുപിടിച്ചു.
അത്ഭുതം വേണ്ട, കോണ്‍ഗ്രസുകാര്‍ സത്യം പറയുന്നത് സമനില തെറ്റുമ്പോള്‍ മാത്രമാണെന്നാണ് കോണ്‍ഗ്രസുകാര്‍ തന്നെ വിശ്വസിക്കുന്നത്.
ചെന്നിത്തലയെപ്പോലെ ഒരു പരമയോഗ്യന്‍ ഇതിനു മുമ്പ് ആ കസേരയില്‍ ഇരുന്നിട്ടില്ലെന്നും ഇനി ഇരിക്കുവാനായി ശേഷിക്കുന്നില്ലെന്നുമാണ് സുധാകര-വേണുഗോപാലാദികളുടെ കണ്ടുപിടിത്തം.

നാലുവര്‍ഷം സഹിച്ചു നടന്നതുകൊണ്ട് രമേശ് ചെന്നിത്തല കെ പി സി സി പ്രസിഡന്റ് കസേരയില്‍ ഇരിക്കാന്‍ യോഗ്യനാണെന്ന് അര്‍ഥമില്ലെന്ന് ചാക്കോയും മുസ്തഫയും രാമചന്ദ്രനും മൊഴിഞ്ഞു. സംഘടനാ തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുമ്പോള്‍ കെ പി സി സി പ്രസിഡന്റ് ഗീര്‍വാണം മുഴക്കി നടക്കാന്‍ പാടില്ലെന്നും അങ്ങനെ ചെയ്താല്‍ എല്ലാ കോണ്‍ഗ്രസുകാര്‍ക്കും ഗീര്‍വാണം പത്രക്കാരുടെ മുന്നില്‍ മുഴക്കാന്‍ അവകാശമുണ്ടെന്നുമാണ് ചാക്കോ ആദികളായവരുടെ പക്ഷം.

രമേശ് ചെന്നിത്തലയ്ക്ക് കെ പി സി സി പ്രസിഡന്റാവാനുള്ള യോഗ്യതയില്ലെന്നും നിത്യേന രണ്ടു കിലോ റോസ് പൗഡര്‍ മുഖത്തണിയുന്നതല്ല കെ പി സി സി അധ്യക്ഷനാവാനുള്ള മാനദണ്ഡമെന്നും പാവങ്ങളില്‍ പാവമായ, ഇടയ്ക്കിടെ തമാശപറഞ്ഞ് കേരളീയരെ ചിരിപ്പിക്കുന്ന, പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിച്ച് ശക്തി തെളിയിക്കുമെന്ന് ഏറ്റവും ഒടുവിലായി ഫലിതം പൊട്ടിച്ച കെ മുരളീധരന്‍ പറഞ്ഞപ്പോള്‍ ചാക്കോയും മുസ്തഫയും രാമചന്ദ്രനും കെ വി തോമസും മുല്ലപ്പള്ളിയും ഉമ്മന്‍ചാണ്ടിയുമൊക്കെ പത്തായപ്പുരയിലായിരുന്നു.

അതങ്ങനെതന്നെയാണ് അല്ലെങ്കിലും. വിവരവും വിവേകവുമുള്ളവര്‍ മുമ്പേനടക്കുകയും ആദ്യമേ ചൊല്ലുകയും ചെയ്യും. അതില്ലാത്തവര്‍ പിന്നാലെ വരുകയും വൈകി മൊഴിയുകയും ചെയ്യും.

ചാക്കോയുടെ അഭിപ്രായത്തോട് പ്രതികരിക്കാനില്ലെന്ന് പറഞ്ഞ്, മുഖം വീര്‍പ്പിച്ചും കണ്ണു തള്ളിച്ചും രമേശ് ചെന്നിത്തല ചാക്കോയെയും കൂട്ടാളികളെയും വിരട്ടാന്‍ നോക്കി. ചാണ്ടിയെ തറപറ്റിച്ച് മുഖ്യമന്ത്രിക്കസേരയിലെത്തണമെന്നു കിനാവുകാണുന്നവരാണ് വയലാര്‍ രവിയും ചെന്നിത്തലയുമെങ്കിലും ഇപ്പോഴത്തെ ചവിട്ടു നാടകത്തില്‍ അവര്‍ ഒറ്റക്കരളും ഒറ്റഹൃദയവുമാണ്. അതുകൊണ്ടു തന്നെ തിരഞ്ഞെടുപ്പ് നടക്കുമ്പോഴും നടന്നുകഴിഞ്ഞാലും ചെന്നിത്തലയ്ക്ക് വാ പോയ കോടാലിയായി എന്തും ഏതും പറയാമെന്ന് വയലാര്‍ രവി അനുമതി നല്‍കി.

വിരട്ടലൊന്നും വേണ്ടെന്ന് ചാക്കോ ചാനല്‍ മുറികളിലിരുന്ന് പറയുന്നത് കേട്ട് ഞെട്ടാന്‍ മാത്രമേ ചെന്നിത്തലകള്‍ക്ക് കഴിഞ്ഞുള്ളൂ. അഭിപ്രായം പറഞ്ഞാല്‍ മൂക്ക് ചെത്തിക്കളയും എന്നൊന്നും ആരും ഭയപ്പെടുത്തേണ്ടെന്നാണ് ചാക്കോ ഗര്‍ജിച്ചത്.

സംഘടനാ തിരഞ്ഞെടുപ്പ് എന്ന വമ്പന്‍ ഫലിതവും കേരളീയര്‍ ഇതിനിടയില്‍ ആസ്വദിക്കുന്നുണ്ട്.

തിരഞ്ഞെടുപ്പ് വേണ്ടിടത്ത് തിരഞ്ഞെടുപ്പ്, വേണ്ടാത്തിടത്ത് സമവായം എന്നായിരുന്നു തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത്. പിന്നെപ്പറഞ്ഞു, തിരഞ്ഞെടുപ്പൊന്നും വേണ്ടേ വേണ്ട. അതൊന്നും ഒരു ജനാധിപത്യകക്ഷിയ്ക്ക് ഭൂഷണമല്ല. അതുകൊണ്ട് സമവായം മാത്രം മതി.

സമവായം എന്നൊന്നും കേട്ട് ആരും അന്തിച്ചു പോകേണ്ട. ഗ്രൂപ്പുകള്‍ സ്ഥാനങ്ങള്‍ ശതമാനക്കണക്കിന് വീതം വെച്ചെടുക്കും എന്ന ലളിതമായ അര്‍ഥമാണ് ഉദ്ദേശിച്ചത്.

കുറച്ചുകൂടി കഴിഞ്ഞപ്പോള്‍ വയലാര്‍ രവി കൃത്യതയോടെ കാര്യം പറഞ്ഞു. തിരഞ്ഞെടുപ്പൊന്നുമില്ല. ആരൊക്കെ ഏതേതു കസേരകളിലിരിക്കുന്നുവോ അവരെല്ലാം അതാതു കസേരകളില്‍ അനങ്ങാതെ ഇരുന്നുകൊള്ളണം. അതാണ് സംഘടനയിലെ സമവായം. കസേരകളില്ലാത്തവര്‍ക്ക് ചെറിയ സ്റ്റൂളുകളോ വീതികുറഞ്ഞ ബഞ്ചുകളോ സംഘടിപ്പിച്ച് ഇരിക്കാവുന്നതാണ് എന്നുകൂടി കോണ്‍ഗ്രസുകാര്‍ തിരിച്ചറിയേണ്ടതാണ്.

സമവായം എന്നു പറഞ്ഞ് സാക്ഷാല്‍ കെ കരുണാകരനെയും ചെന്നിത്തലയാദികള്‍ പറ്റിച്ചുകളഞ്ഞു. അരമുറിയും ഒരുമുറിയും നല്‍കി കരുണാകരന്റെ വയ്യായ്മകളെ വസൂലാക്കാന്‍ പഴയ വത്സലശിഷ്യന്‍ യത്‌നിച്ചു.
ശൗര്യം പണ്ടേപോലെ ഫലിക്കുന്നില്ലെങ്കിലും ശോഷിച്ച് എല്ലും തോലുമായ ഗ്രൂപ്പ് പോലും അവകാശ തര്‍ക്കം മൂത്ത് അതീവ ഗുരുതരാവസ്ഥയിലാണെങ്കിലും കിട്ടിയ നക്കാപ്പിച്ചാ കസേരകള്‍ ഉപേക്ഷിക്കാന്‍ കരുണാകരന്‍ അണികളോട് ആഹ്വാനം ചെയ്തു.
കസേരകള്‍ കളയാന്‍ അവശേഷിക്കുന്ന കരുണാകര അനുയായികള്‍ സന്നദ്ധമായോ എന്ന് ആര്‍ക്കുമാര്‍ക്കും അറിയില്ല.

നിശ്ചയമില്ലയൊന്നിനും എന്നു പറഞ്ഞതുപോലെ കോണ്‍ഗ്രസില്‍ ഇപ്പോള്‍ എത്ര ഗ്രൂപ്പുണ്ടെന്ന് ആര്‍ക്കുമാര്‍ക്കും നിശ്ചയമില്ല.

പണ്ട് ഐയും ഏയും എന്നു കേട്ടാല്‍ മതിയായിരുന്നു. പിന്നെ തിരുത്തല്‍വാദി ഗ്രൂപ്പ് വന്നു. അവര്‍ വേഷം മാറി മൂന്നാം ഗ്രൂപ്പായി വീണ്ടും വന്നു. മൂന്നാകാമെങ്കില്‍ നാലായിക്കൂടെ എന്ന് ചോദിച്ച് നാലാം ഗ്രൂപ്പും രംഗപ്രവേശം ചെയ്തു.
ഇംഗ്ലീഷ് അക്ഷരമാലയിലും അക്കങ്ങളിലും ഇനിയും ഒട്ടേറെ ശേഷിക്കുന്നതുകൊണ്ട് ഗ്രൂപ്പ് ഒയും സിയും ബിയും ഒക്കെ ഓരോരോ സ്ഥലത്ത് പിറവിയെടുക്കുന്നു. വടക്കന്‍ ഗ്രൂപ്പും വാഴക്കന്‍ ഗ്രൂപ്പും പത്മജ ഗ്രൂപ്പും തറയില്‍ ഗ്രൂപ്പുമൊക്കെയുണ്ടത്രേ. വിശാല ഐയും വിശാലമല്ലാത്ത ഐയും ദുര്‍ബല ഐയും ഏയ്ക്കുള്ളിലെ ഏയും ഏയ്ക്കു പുറത്തെ ഏയും എല്ലാം കൊണ്ട് സമ്പുഷ്ടമാണ് കോണ്‍ഗ്രസ്.
ഗ്രൂപ്പുകള്‍ക്ക് ക്ഷാമമില്ലാത്ത ഗ്രൂപ്പ് രഹിത കോണ്‍ഗ്രസിന്റെ വസന്തകാലമാണിത്.

ചാക്കോയും മുസ്തഫയും മുല്ലപ്പള്ളിയും കെ കെ രാമചന്ദ്രനും കെ വി തോമസുമൊക്കെ കരുതിയിരിക്കണം.
കസേരയേറും ഉടുമുണ്ടഴിയ്ക്കലും കമ്പിപ്പാരകൊണ്ടുള്ള മര്‍ദനവുമൊക്കെ പ്രതീക്ഷിക്കാവുന്നതാണ്.

ഗ്രൂപ്പ് രഹിത കോണ്‍ഗ്രസിലെ അനിവാര്യ അജണ്ടകളാണ് ഇവയെല്ലാം.

സംഘടനാ തിരഞ്ഞെടുപ്പും ചില തമാശകളും

കോണ്‍ഗ്രസിന്റെ ചരിത്രമെഴുതിയ എ ഐ സി സി അധ്യക്ഷന്‍ ആരെന്ന് ഇപ്പോഴത്തെ എ ഐ സി സി അധ്യക്ഷയായ സോണിയാഗാന്ധിയോട് ചോദിച്ചാല്‍ അവര്‍ മാനത്തെ അമ്പിളി അമ്മാവനെ നോക്കി നില്‍ക്കും. ചോദ്യം വീണ്ടും ആവര്‍ത്തിക്കുന്നത് കോണ്‍ഗ്രസുകാരനാണെങ്കില്‍ കടുത്ത അച്ചടക്ക നടപടി നേരിടേണ്ടി വരും. കോണ്‍ഗ്രസില്‍ ആര്‍ക്കും ഏതു സമയവും കിട്ടുന്ന (മുരളീധരനു മാത്രം കിട്ടാത്ത) മെമ്പര്‍ഷിപ്പ് ഞൊടിയിടയ്ക്കുള്ളില്‍ അപ്രത്യക്ഷമാവും.

എ ഐ സി സി അധ്യക്ഷയായ സോണിയയോട് ഈ ചോദ്യമുയര്‍ത്തിയാല്‍ ഇതൊക്കെ യാണ് പകരം ലഭിക്കുന്നതെങ്കില്‍ രാഹുല്‍ഗാന്ധിയോ­ടോ രമേശ് ചെന്നിത്തലയോടോ ഉമ്മന്‍ചാണ്ടിയോടോ മൂക്കും മുമ്പേ പഴുത്തു പോയ യൂത്തുകാരനായ ലിജുവിനോടോ ചോദിച്ചിട്ട് ഫലമു­ണ്ടാവുകയില്ലെന്ന് ഏതു മരമണ്ടനും അറിയാം.

എ ഐ സി സി അധ്യക്ഷനായി സാക്ഷാല്‍ ഗാന്ധിജി നിയോഗിച്ച പട്ടാഭി സീതാരാമയ്യ, സുഭാഷ് ചന്ദ്രബോസിനു മു ന്നില്‍ തോറ്റു തുന്നം പാടി. പ ക്ഷേ സീതാരാമയ്യ നിസ്സാരനായിരുന്നില്ല. കോണ്‍ഗ്രസിന്റെ ചരിത്രമെഴുതാന്‍ കഴിവും പ്രാപ്തിയുമുണ്ടായിരുന്ന പ്രതിഭാധനനാണ്. അദ്ദേ­ഹത്തിന്റെ കോണ്‍ഗ്രസ് ചരിത്രം സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ കൂടി ഭാഗമായിരുന്നൂ. കോണ്‍ഗ്രസുകാരില്‍ ബഹു ഭൂരിപക്ഷം അതു വായിച്ചില്ലെന്നതും ഇന്നും വായിക്കുന്നില്ലെന്നതും പട്ടാഭി സീതാരാമയ്യയ്ക്ക് അഭിമാനത്തിന് വക നല്‍കുന്നു.

സീതാരാമയ്യ എന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് ഏത് അയ്യ എന്ന് ചോദിക്കുന്നവരാണ് കോണ്‍ഗ്രസിന്റെ മേലറ്റം മുതല്‍ ചുവടറ്റം­വരെയുള്ളവര്‍. അവര്‍ക്ക് സീതാറാംകേസരിയെ ക്കുറിച്ച് വാചാലമാവാന്‍ അറിയാം. കോണ്‍ഗ്രസിനെ കാഴ്ചബംഗ്ലാവിലെ അപൂര്‍വ വസ്­തു വാക്കാന്‍ യത്‌നിച്ച സീതാറാംകേസരിയെക്കുറിച്ച് അറിയാവുന്നവര്‍ക്ക് ബോസിനോട് തോറ്റെ ങ്കിലും പിന്നീട് കോണ്‍ഗ്രസ് അധ്യക്ഷനായ, ചരിത്രം എഴുതാന്‍ പ്രാപ്തിയുണ്ടായിരുന്ന പട്ടാഭി സീതാരാമയ്യയെക്കുറിച്ച് കേട്ടു കേള്‍വിപോലുമില്ല. അതാണ് കോണ്‍ഗ്രസിന്റെ ഉയര്‍ച്ചയും മുന്നേറ്റവും ധൈഷണികമായ വളര്‍ച്ചയും.

ധൈഷ ണികമായ വളര്‍ച്ച ഉത്തുംഗതയിലെത്തിയതു കൊണ്ടാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ തിരഞ്ഞെടുപ്പുകള്‍ക്കെതിര കലഹിക്കുന്നത്. മെഡിക്കല്‍-എന്‍ജിനീയറിംഗ് പ്രവേശനത്തിന് പോലും ടാലന്റ് വേണ്ടെന്ന് നിശ്ചയിച്ചവരാണ് കെ എസ് യു- യൂത്ത് കോണ്‍ഗ്രസ് നേതൃത്വ ആരോഹണത്തിനായി ടാലന്റ് ഹണ്ട് നടത്തണം എന്ന് ശഠിക്കുന്നതെന്ന് യൂത്തന്‍മാര്‍ പരിഹസിക്കുന്നത് തമാശയായി കാണേണ്ട അതിലും തിരിച്ചറിയപ്പെടേണ്ട വലിയകാര്യങ്ങളുണ്ട്.

കേരളത്തില്‍ ആവുന്നത്ര പുകിലുണ്ടാക്കി നോക്കി. അസംബ്ലി സീറ്റ് വേണം, ലോക്‌സഭാസീറ്റ് വേണം, കോണ്‍ഗ്രസ് നേതൃസ്ഥാനത്ത് കസേരകള്‍ വേണം എന്നിങ്ങനെ പ്രമേയങ്ങളിലൂടേയും പത്ര സമ്മേളനങ്ങളിലൂടെയും ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറ ഞ്ഞു. ‘ക്യാ ഫലം’ എന്ന് ഹിന്ദി­യില്‍ പരിഹസിച്ചു ചോദിച്ചു കൊണ്ട് മൂത്ത കോണ്‍ഗ്രസുകാര്‍ പുഞ്ചിരിച്ചു.

ആ പുഞ്ചിരി കണ്ട് സഹിക്കവയ്യാത്തതു കൊണ്ടാണ് യൂത്തുകാര്‍ ഡല്‍ഹിയ്ക്ക് പോയത്. കസേര വേണം, കസേര വേണം എന്ന് ആവര്‍ത്തി­ച്ചാവര്‍ത്തിച്ച് പറഞ്ഞ പ്പോള്‍ കടുംകൈ പ്രയോഗമാണ് ഡല്‍ഹി ആസ്ഥാനക്കാര്‍ പ്രഖ്യാപിച്ചത്. യൂത്ത് കോണ്‍ഗ്രസില്‍ തിരഞ്ഞെടുപ്പ് നട­ത്തും. അടിയന്തരമായി അത് നടപ്പാക്കി തുടങ്ങും. കൂടുതല്‍ കൂടുതല്‍ കസേര വേണമെന്ന് പറഞ്ഞു ചെന്നപ്പോള്‍ ഉള്ള കസേര പോകുന്ന പണിയാണ് ഡല്‍ഹി അടുക്കളവാസികള്‍ പുറത്തെടുത്ത ത്.

ജീവനുള്ള കാലത്തോളം കസേര വിടില്ലെന്ന് പറഞ്ഞിരിക്കുന്നവരുടെ കൂടാരമായ കോണ്‍ഗ്രസിലാവട്ടെ തിരഞ്ഞെടുപ്പുമില്ല, തിരയാനുള്ള ഭാവവുമില്ല. കസേര കൈപ്പിടിയിലൊതുക്കിയ പലരെയും കണ്ടു കിട്ടാന്‍ പോലുമില്ല. അവരെ തിരയാന്‍ പോലും മനസ് വരാത്തവരാണ് യൂത്തന്‍മാര്‍ക്കിടയില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ പോവുന്നത്.

തിരഞ്ഞെടുപ്പ് എന്ന് കേള്‍ക്കുന്നതു തന്നെ കോണ്‍ഗ്രസുകാര്‍ക്ക് അലര്‍ജി യാണ്. സ്വാത ന്ത്ര്യത്തിന് മുമ്പ് കോണ്‍ഗ്രസില്‍ തിരഞ്ഞെടുപ്പ് നടന്നിട്ടു­ണ്ടാവാം. ഗാന്ധിജിയും നെഹ്‌റുവും ബോസും സീതാരാമയ്യയുമൊക്കെ മത്സരിച്ചിരിക്കാം. അതിനും മുമ്പ് ഗോഖലെയും ബാനര്‍ജിയുമൊക്കെ മത്‌സരിച്ചിരിക്കാം.

പക്ഷേ സ്വാതന്ത്ര്യലബ്ധിക്കു ശേഷം നെഹ്‌റുവിനു ശേഷം ഇന്ദിര, ഇന്ദിരയയ്ക്കു ശേഷം രാജീവ്, രാജീവിനു ശേഷം സോണിയ എന്നതാണ് പ്രമാണം. കുടുംബത്തില്‍ നിന്നല്ലാതെ മറ്റാരും പാടില്ലെന്നത് കോണ്‍ഗ്രസ് ഭരണഘടനയിലെ അലിഖിത തത്വ സംഹിത­യാണ്.

ഇതിനിടയില്‍ കാമ രാജും ദേവരശും നരസിംഹറാവുവും സീതാറാം കേസരിയുമൊക്കെയുണ്ടായിരിക്കാം. അതൊക്കെ നാടകങ്ങ­ള്‍ക്കിടയിലെ കോമഡിരംഗങ്ങളായി കണക്കാക്കിയാല്‍ മതി.

കേരളത്തിലും കോണ്‍ഗ്രസില്‍ തിരഞ്ഞെടുപ്പ് എന്നത് അത്യപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവമാണ്. 1992 ല്‍ നടന്ന കെ പി സി സി തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കഴിഞ്ഞ പത്തൊമ്പത് വര്‍ഷത്തിനിടയില്‍ ഒരു തിര­ഞ്ഞെടുപ്പ് കേരളത്തിലെ കോണ്‍ഗ്രസിലുണ്ടായിട്ടില്ല. അതിനു മുമ്പ് തിരഞ്ഞെടുപ്പ് സമയബന്ധിതമായി നടന്നു എന്ന് ആരും തെറ്റിദ്ധരിക്കരുത്. നോമിനേഷനുകളിലൂടെ കെ പി സി സി അധ്യക്ഷന്‍മാരെ തിരഞ്ഞെടുക്കുന്ന കഠിനപ്രവൃത്തിയാണ് കോണ്‍ഗ്രസിലുണ്ടായിരുന്നുത്.

1992 ല്‍ ഇരു മെയ്യാണെങ്കിലും ഒരു കരളാണേ എന്ന മട്ടില്‍ ജീവിച്ച ആന്റണിയും വയലാര്‍ രവിയും തമ്മില്‍ മത്‌സരിച്ചു. പാവങ്ങളില്‍ പാവമായി നടിക്കുന്നതില്‍ ബിരുദാനന്തര ബിരുദം നേടിയ ആന്റണി പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും തോറ്റ് തുന്നം പാടി.

രവിയ്ക്കു ശേഷം തെന്നല, മുരളീധരന്‍, പി പി തങ്കച്ചന്‍, രമേശ്‌ചെന്നിത്തല എന്നിവരൊക്കെ കെ പി സി സി അധ്യക്ഷരായി. പക്ഷേ തിര­ഞ്ഞെടുപ്പ് എന്നൊന്ന് അവര്‍ ആ സമയങ്ങളില്‍ സ്വപ്നത്തില്‍ പോലും കേട്ടില്ല, കണ്ടിട്ടില്ല, അറിഞ്ഞില്ല.

യൂത്തര്‍മാര്‍ നെഗളിക്കുമ്പോള്‍ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പേടിപ്പിക്കുകയാണ് മൂത്തവര്‍. യൂത്തന്‍മാര്‍ക്ക് ആകെയൊരാശ്രയം ചെറുപ്പക്കാ­രില്‍ ചെറുപ്പക്കാരനായി ഇപ്പോഴും കോണ്‍ഗ്രസില്‍ നില കൊള്ളുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ മാത്രമാണ്. യൂത്തില്‍ തിരഞ്ഞെടുപ്പ് നടത്തുകയാ­ണെങ്കില്‍ മൂത്തതിലും തിരഞ്ഞെടുപ്പ് വേണമെന്ന് മുല്ലപ്പള്ളി ശഠിക്കുന്നതു വഴി യൂത്തുകാര്‍ക്കുണ്ടാവുന്ന ഉള്‍പ്പുളകം വിവരണാതീതമാണ്.

നോമിനേഷനിലൂടെ കെ പി സി സി എക്‌സിക്യൂട്ടീവിലും ഉപാധ്യക്ഷ പദവിയിലുമൊക്കെ വന്ന മുല്ലപ്പള്ളി കേന്ദ്ര മന്ത്രിയായതു കൊണ്ട് മുന്‍പിന്‍ നോക്കാതെ ഇപ്പോള്‍ അഭിപ്രായപ്രകടനം നടത്താം. പക്ഷേ ചെന്നിത്തലയ്ക്കും വാഴയ്ക്കനും തറയിലും മറ്റ് ആദിയായ സ്ഥലനാമ­കാരികള്‍ക്കൊന്നും മുല്ലപ്പള്ളിയുടെ അഭി പ്രായം മധുരിച്ചിറക്കാനാവില്ല. കാരണം അവര്‍ക്ക് കേന്ദ്ര മന്ത്രി പദവിയൊന്നുമില്ല.

യൂത്ത് കോണ്‍ഗ്രസുകാര്‍ ബുദ്ധിയില്ലാത്തവരാണെന്ന് ആരുമാരും പറയില്ല. കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് ഒരു പദവി മാത്രം നിര്‍ബന്ധ­മാക്കണമെന്ന യൂത്തുകാരുടെ ഡിമാന്റില്‍ ബുദ്ധി തുളുമ്പി നില്‍ക്കുന്നുണ്ട്. ‘കേരളത്തിലെ’ എന്ന് അവര്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്.
ഡല്‍ഹി­യില്‍ സോണിയയ്ക്ക് മൂന്നു പദവി കൈവശമിരിക്കുന്നുവെന്ന് കേരളത്തിലെ യൂത്ത് കോണ്‍ഗ്രസുകാര്‍ക്കറിയാം. ബുദ്ധിയില്ലാതെയല്ലാ യൂത്ത് കോണ്‍ഗ്രസുകാരുടെ കളി. മുല്ലപ്പള്ളിയുടെ കളിയും ബുദ്ധിപൂര്‍വം തന്നെ. അവരുടെ കളികളെയാകെ തകിടംമറിക്കുവാന്‍ രംഗപ്ര­വേശം ചെയ്തിരിക്കുന്നവരുടെ കളികളും ബുദ്ധിപൂര്‍വം തന്നെ. മൊത്തത്തില്‍ ബുദ്ധിയുടെ അതിപ്രസരം.

ചരിത്രമെഴുതുമ്പോള്‍ പട്ടാഭി സീതാ രാമയ്യയ്ക്ക് ബുദ്ധിയുടെ ഈ അതിപ്രസരം മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ല.

പാവം പട്ടാഭി!

മുമ്പേ ഗമിക്കുന്ന ഗോവിനു പിന്നാലെ ഗമിക്കുന്ന ബഹുഗോക്കള്‍

പശു പോകുന്ന വഴിയേ കുട്ടി പോകില്ലെന്ന പ്രമാണം, അത്യന്താധുനിക കാലത്ത് രാഷ്ട്രീയത്തില്‍ നിരന്തരം കോമാളി വേഷം കെട്ടിയാടുന്നതില്‍ ആനന്ദം കണ്ടെത്തുന്ന കെ മുരളീധരന്റേതാണ്. ലക്കും ലഗാനുമില്ലാതായ ഒരാളുടെ പുലഭ്യങ്ങളായി മുരളീധരന്റെ പ്രഖ്യാപനങ്ങളെ തഴഞ്ഞുകളയുന്ന പ്രവണത ശക്തമായതുകൊണ്ട് അദ്ദേഹത്തിന്റെ ഗഹനങ്ങളായ പ്രസ്താവങ്ങളെയും ആരുമാരും പരിഗണിക്കാതെപോയി. നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലുമൊക്കെ ഒറ്റയ്ക്കു മത്സരിച്ച് എല്ലാവരെയും പാഠം പഠിപ്പിക്കുമെന്നും കാണ്‍പൂരിലും മീററ്റിലും തെലുങ്കാനയിലും തേഭാഗയിലും കയ്യൂരിലും വയലാര്‍ പുന്നപ്രയിലുമൊക്കെ മുട്ടുമടക്കാതിരുന്ന സി പി ഐയെ മൂക്കുകൊണ്ട്' 'ക്ഷ' വരപ്പിക്കുമെന്നൊക്കെയുള്ള കുടുകുടാ ചിരിപ്പിക്കുന്ന ഫലിതങ്ങള്‍ മുരളീധരന്‍ ഉയര്‍ത്തിയിരിക്കാം.

രാഷ്ട്രീയത്തിലെത്തിയില്ലായിരുന്നെങ്കില്‍ നല്ലൊരു ഫലിത സാമ്രാട്ടാവുമായിരുന്നുവെന്ന് തെളിയിക്കുവാനുള്ള വ്യഗ്രതയാണ് മുരളീധരനെക്കൊണ്ട് ഇതൊക്കെ പറയിപ്പിച്ചത്. ഇപ്പോഴും മലയാളികള്‍ ആ പ്രതിഭാ സവിശേഷത വേണ്ടത്ര പരിഗണിക്കാതിരിക്കുന്നതുകൊണ്ടാണ് വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 'കാണിച്ചു തരാം' എന്ന നെടുനെടുങ്കന്‍ തമാശ ഇടതുപക്ഷത്തോടായി മുരളീധരന്‍ തട്ടിവിടുന്നത്. ഇടതുപക്ഷത്തിനു മാത്രമല്ല 'കാണിച്ചു കൊടുക്കുക'. മുരളീധരനെ കോണ്‍ഗ്രസില്‍ വേണ്ടെന്നു വാശിപിടിക്കുന്നവര്‍ക്കും കൂടി 'കാണിച്ചുകൊടുക്കും', എങ്കിലും എങ്കിലും കോണ്‍ഗ്രസിനെ സഹായിക്കുകയും ചെയ്യും.
കാശ്മീരം മുതല്‍ കന്യാകുമാരി വരെ മുരളീധരനോടൊപ്പം അലയടിച്ചുയരുന്ന ജനത്തിരമാലകള്‍ അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് എന്തിനും ഏതിനും കാത്തുനില്‍ക്കുമ്പോള്‍ മുരളീധരന്റേത് വെറും ബഡായികളും സ്ഥലകാല വിഭ്രാന്തിപിടിപെട്ട ഒരാളിന്റെ ജല്‍പനങ്ങളുമായി ആരുമാരും കരുതുകയില്ല.
പക്ഷേ ഒരിടത്തും ഗതികിട്ടാതെ പോയ ഒരു പാവത്തിന്റെ നിലയില്ലാക്കയത്തില്‍ക്കിടന്നുള്ള വീമ്പു പറച്ചിലായി മുരളീധരന്റെ ഗീര്‍വാണങ്ങളെ പുച്ഛിക്കുന്ന ചിലരെങ്കിലുമുണ്ട്. അവരാണ് മുരളീധരന്റെ മഹദ്‌വചനങ്ങളെക്കൂടി വെറും കോമഡിയാക്കി മാറ്റിക്കൊണ്ടിരിക്കുന്നത്.

രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനെന്നൊക്കെ വാഴ്ത്തപ്പെട്ട കെ കരുണാകരന്‍ വാര്‍ധക്യകാലത്ത് പറ്റിയ അക്കിടി കാരണം പെരുവഴിയിലായശേഷം മടങ്ങിപ്പോയപ്പോള്‍, അല്‍പം ക്ഷോഭത്തോടെയാണെങ്കിലും മുരളീധരന്‍ പറഞ്ഞ മഹദ്‌വാചകം ആരുമാരാലും ശ്രദ്ധിക്കപ്പെടാതെ പോയത് തീര്‍ത്തും കഷ്ടം തന്നെ.
പശു പോകുന്ന വഴിക്ക് കുട്ടി പോകില്ലെന്നായിരുന്നു കരുണാകരന്‍ ഉപേക്ഷിച്ച എന്‍ സി പിക്കാരുടെ മുന്നില്‍ പുത്രന്‍ മുരളീധരന്റെ ഉഗ്ര പ്രഖ്യാപനം. 'മുമ്പേ ഗമിക്കുന്ന ഗോവ് തന്റെ പിമ്പേ ഗമിക്കും ബഹുഗോക്കളെല്ലാം' എന്ന നമ്പ്യാരുടെ കവി വചനത്തില്‍ പോലും എന്‍ സി പി ക്കാര്‍ക്ക് വിശ്വാസമില്ലാതാക്കാന്‍ മുരളീധരന്റെ പ്രഖ്യാപനം കാരണമായി.

അച്ഛനും സ്വന്തം രാഷ്ട്രീയ കാരണവരുമായ കരുണാകരനെ സ്ത്രീലിംഗത്തോട് (പശു) ഉപമിച്ചതില്‍ കോണ്‍ഗ്രസുകാര്‍ക്ക് മാത്രമല്ല മുരളിയോടൊപ്പം നിന്ന എല്ലും തോലുംമാത്രമുണ്ടായിരുന്ന എന്‍ സി പിയിലെ അരോഗദൃഢഗാത്രന്മാര്‍ക്കുപോലും പരിഭവമുണ്ടായിരുന്നുവത്രേ. സ്ത്രീലിംഗമാകട്ടെ പുല്ലിംഗമാകട്ടെ, മുരളി തന്നെ തന്റെ പ്രവചനം ശരിയല്ലെന്നു തെളിയിച്ചുകൊണ്ട് പശുപോയ വഴിയേ കുട്ടിയും പോയി. പക്ഷേ പശുവിനെ കയറ്റിയ തൊഴുത്തില്‍ പലയാവര്‍ത്തി കയറിച്ചെല്ലാന്‍ മൂക്കുകയര്‍ പൊട്ടിച്ച് ചെന്നെങ്കിലും കുട്ടിയെ ചാട്ടവാര്‍കൊണ്ടടിച്ച് ഓടിച്ചുകൊണ്ടിരിക്കുന്നു. ചാട്ടവാറടിയേറ്റ് പുളഞ്ഞ 'കുട്ടി' പശുവിനെ കയറ്റിയ തൊഴുത്തില്‍ കയറാന്‍ നെഹ്‌റു, ഇന്ദിര, രാജീവ് അനുസ്മരണങ്ങളും പഞ്ചായത്ത് തിരഞ്ഞെടുപ്പ് പരിശീലനക്കളരിയും സംഘടിപ്പിച്ച് മുക്കറയിട്ടുകൊണ്ടിരുന്നു. രണ്ടു കൈയിലെ വിരലില്‍ എണ്ണിതീര്‍ക്കാന്‍ മാത്രം അവശേഷിക്കുന്ന അനുചരന്മാരോട് മുരളീധരനെന്ന കുട്ടിയെ തൊഴുത്തില്‍ കയറ്റില്ലെന്ന് പറയുന്ന ഗോപാലന്‍മാര്‍ക്ക് എല്ലാക്കാലത്തേയ്ക്കുമായി കോണ്‍ഗ്രസിനെ പതിച്ചുകൊടുത്തിട്ടില്ലെന്ന പ്രതീക്ഷ 'പാവം പാവം കുട്ടി' പകര്‍ന്നു നല്‍കുകയും ചെയ്യുന്നുണ്ട്.

പശുവിനോടൊപ്പം കുട്ടി പോവില്ലെന്ന മുരളീധരന്റെ പ്രഖ്യാപനം പാഴായതോടെ 'മുമ്പേ ഗമിക്കുന്ന ഗോവു തന്റെ പിമ്പേ ഗമിക്കും ബഹു ഗോക്കളെല്ലാം' എന്ന നമ്പ്യാരുടെ പ്രഖ്യാപനത്തിന് സ്ഥിരത ലഭിച്ചു.
കോണ്‍ഗ്രസുകാര്‍ ഗ്രൂപ്പ് തിരിഞ്ഞ് അടിക്കുകയും കസേരയേറ് നടത്തുകയും വസ്ത്രാക്ഷേപം നടത്തുകയും പൊലീസ് സ്റ്റേഷനുകളില്‍ വധശ്രമക്കേസുകളുമായി അലയുകയും സംഘടനാ തിരഞ്ഞെടുപ്പിന്റെ പേരില്‍ കോടതി വ്യവഹാരത്തില്‍ ഏര്‍പ്പെടുകയും ചെയ്യുമ്പോള്‍ 'പശുക്കുട്ടികളായ' യൂത്ത് കോണ്‍ഗ്രസുകാര്‍ക്കും കെ എസ് യു ക്കാര്‍ക്കും ആ വഴി സഞ്ചരിക്കാതിരിക്കാനാവില്ല. അവര്‍ അങ്ങനെ ചെയ്താല്‍ മുരളീധരന്റെ ഗതികേട് അവര്‍ക്കും വന്നുപെടും. അതുകൊണ്ടുമാത്രമാണ് യൂത്ത് കോണ്‍ഗ്രസുകാരും കെ എസ് യുക്കാരും തമ്മില്‍ തമ്മില്‍ തല്ലി കോണ്‍ഗ്രസിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതും. രാജ്യസ്‌നേഹം പ്രകടിപ്പിക്കുന്നതും.
മുരളി പറഞ്ഞതല്ല ശരി നമ്പ്യാര്‍ പാടിയതാണ് ശരിയെന്നു തെളിയിക്കാന്‍ വേണ്ടിമാത്രമാണ് കാസര്‍കോട് കെ എസ് യുക്കാര്‍ കെ പി സി സി ജനറല്‍ സെക്രട്ടറി ബെന്നിബഹനാന്റെ മഹദ്പ്രഭാഷണം നടക്കുമ്പോള്‍ ഖദര്‍ വലിച്ചുകീറിയതും കെ എസ് യു പതാക നിലത്തിട്ട് ചവിട്ടുയുഴിഞ്ഞതും. മറ്റൊരു തരത്തിലും ആരുമാരും തെറ്റിദ്ധരിക്കരുത്.

രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കും എന്തിന് ഏ കെ ആന്റണിക്കും സോണിയാഗാന്ധിക്കുപോലും പാരമ്പര്യം കാത്തുസൂക്ഷിക്കുവാനായി നടന്ന ഈ ത്യാഗഭരിത പ്രവര്‍ത്തനത്തില്‍ ആവേശമുണ്ട്.
അപ്പോള്‍ മലയാളികളാകെ കോരിത്തരിക്കുക തന്നെ വേണം. അല്ലെങ്കില്‍ അത് ഒരു തരത്തിലുള്ള രാജ്യദ്രോഹമായിത്തീരും.

ആയതിനാല്‍ ഏവരും ആനന്ദിപ്പിന്‍, ആവേശ ഭരിതരാകുവിന്‍.

''ഒഴിവാക്കിയെങ്കില്‍ നന്നായിരുന്നു, പക്ഷേ ഒഴിവാക്കാത്തത് വളരെ നന്നായി''

അമ്മയെത്തല്ലിയാലും രണ്ടുണ്ട് പക്ഷം.
പക്ഷേ രണ്ടുപക്ഷം ഒരേസമയം ഒരാളില്‍ നിന്നല്ല അക്കാര്യത്തില്‍ പോലും ഉണ്ടാവുന്നത്.
ഇതാ ഇവിടെ ജനങ്ങളുടെ പ്രയാസങ്ങളെയും വൈഷമ്യങ്ങളെയും നൊമ്പരങ്ങളെയും കുറിച്ചോര്‍ത്ത് സദാസമയം ഉത്ക്കണ്ഠപ്പെടുന്ന ഉമ്മന്‍ചാണ്ടി 'രണ്ടുണ്ട് പക്ഷം' എന്ന ശൈലി ഒരാളില്‍ തന്നെ ഒരേസമയം എങ്ങനെ സമന്വയിപ്പിക്കാം എന്നു തെളിയിച്ചു തരുന്നു.
ഉറങ്ങാതെയും എന്തിന് മുടിപോലും ചീകാന്‍ സമയം പാഴാക്കാതെയും ജനങ്ങളെ കുറിച്ച് ആവലാതിപ്പെടുന്ന ഉമ്മന്‍ചാണ്ടിക്ക് പെട്രോള്‍-ഡീസല്‍-മണ്ണെണ്ണ-പാചകവാതക വില വര്‍ധനവ് ഒഴിവാക്കാമായിരുന്നുവെന്ന അഭിപ്രായമാണ്.
ഇങ്ങനെയൊരു അഭിപ്രായം അധരങ്ങള്‍ ഭേദിച്ച് പുറത്തുവരുന്നത് ജനങ്ങളെ കുറിച്ചോര്‍ക്കുന്നതുകൊണ്ടാണ്.
എന്നാല്‍ എണ്ണമുതലാളിമാരെ കുറിച്ചോര്‍ക്കുമ്പോള്‍ ഒഴിവാക്കാമായിരുന്നത് ഒഴിവാക്കാതിരുന്നത് നന്നായി എന്ന അഭിപ്രായവും ശക്തമായി ഉമ്മന്റെ ഉള്ളിന്റെ ഉള്ളില്‍ കിടന്ന് പിടയുന്നുണ്ട്.
പാവങ്ങളില്‍ പാവങ്ങളും സാധുക്കളില്‍ സാധുക്കളുമായ എണ്ണകമ്പനി മുതലാളിമാര്‍, അംബാനിമാര്‍ കഷ്ടപ്പെടുകയും കണ്ണീര്‍വാര്‍ക്കുകയും ചെയ്യുമ്പോള്‍ ജനങ്ങള്‍ കുറച്ച് ത്യാഗം സഹിക്കുകയും മുണ്ടുമുറുക്കി ഉടുക്കുകയും പട്ടിണികിടക്കുകയും ഒക്കെ ചെയ്യേണ്ടിവരുമെന്ന് മന്‍മോഹന്‍സിംഗ്, പ്രണബ് മുഖര്‍ജി, ചിദംബരം, ആന്റണി, മുരളി ദേവ്‌റ പ്രഭൃതികള്‍ക്ക് മാത്രമല്ല അറിവുള്ളത്. ഉമ്മന്‍ചാണ്ടി, എം എം ഹസ്സന്‍, എം ഐ ഷാനവാസ് മുതല്‍ കെ എസ് യു പ്രസിഡന്റ് വരെയുള്ളവര്‍ക്ക് പകല്‍പോലെ അറിയാവുന്ന പരമപ്രധാനമായ സത്യമാണത്.
കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍ ലിറ്ററിന് മൂന്നര രൂപയല്ലേ ഉയര്‍ത്തിയുള്ളൂ, പാചക വാതകത്തിന് കേവലം 35 രൂപയും മണ്ണെണ്ണയ്ക്ക് രണ്ടുരൂപയുമല്ലേ കൂട്ടിയുള്ളൂ എന്ന് കൈയടിച്ച് ആനന്ദിക്കുവാനും തുള്ളിച്ചാടുവാനും ജനങ്ങള്‍ സന്നദ്ധമാവേണ്ട കാലമൊക്കെ കഴിഞ്ഞിരിക്കുന്നു.
ഇനിയും അതിനൊക്കെ തയ്യാറായില്ലെങ്കില്‍ പഴഞ്ചന്‍ കാലത്തിന്റെ തടവുകാരെന്ന് ഇന്ത്യന്‍ ജനതയെ വിവരമുള്ളവര്‍ വിലയിരുത്തിക്കളയും എന്ന ആശങ്ക കോണ്‍ഗ്രസുകാരെ വല്ലാതെ മഥിക്കുന്നുണ്ട്

വളരുന്ന ഇന്ത്യ, കുതിക്കുന്ന ഇന്ത്യ, സമ്പദ്‌സമൃദ്ധ ഇന്ത്യ. ഒക്കെ സാധിതപ്രായമാകണമെങ്കില്‍ ലോകത്തിലെ തന്നെ മുന്‍നിരക്കാരായ ഇന്ത്യന്‍ കോടീശ്വരന്മാര്‍ സംതൃപ്തരും ആഹ്ലാദ ചിത്തരുമായിരിക്കണം. അവരുടെ മനസ്സിന് ഉത്സാഹമേറിയാലേ കൂടുതല്‍ കൂടുതല്‍ പണം വാരാനുള്ള ത്വര അവരില്‍ ശക്തിപ്പെടുകയുള്ളൂ.
അതിനായി ജനത ലിറ്റര്‍ ഒന്നിന് മൂന്നര രൂപ അധികം കൊടുക്കുകയും മുതലാളിമാര്‍ക്ക് ഉള്‍വിളി ഉണ്ടാവുമ്പോഴെല്ലാം പെട്രോളിന്റെ വില ഉയര്‍ത്താന്‍ അവര്‍ക്ക് അവകാശം നല്‍കുകയും വേണം.
അത്തരമൊരു രാജ്യസ്‌നേഹപരമായ കൃത്യമാണ് കോണ്‍ഗ്രസ് നിര്‍വഹിച്ചിരിക്കുന്നത്.

ആറുകൊല്ലത്തിനിടയില്‍ എട്ടുതവണയും ഒരു കൊല്ലത്തിനിടയില്‍ മൂന്നുതവണയും ഇന്ധനവില ഉയര്‍ത്തിയത് ഇക്കാരണം ഒന്നുകൊണ്ടു മാത്രമാണ്. അഞ്ചുകൊല്ലം കൊണ്ട് പെട്രോളിന് 20 രൂപയും ഡീസലിന് 15 രൂപയും പാചകവാതകത്തിന് 90 രൂപയും ഉയര്‍ത്തി നല്‍കിയതിലൂടെ ഇന്ത്യയ്ക്കുണ്ടായ തിളക്കം ചെറുതൊന്നുമല്ലെന്ന് ജനങ്ങള്‍ അറിഞ്ഞിരിക്കണമെന്ന് 'ആം ആദ്മീ' എന്ന മുദ്രാവാക്യമുയര്‍ത്തി പാവങ്ങളെ ഉദ്ധരിക്കാന്‍ പാടുപെടുന്ന കോണ്‍ഗ്രസിന് നിര്‍ബന്ധമുണ്ട്.

കേന്ദ്രസര്‍ക്കാര്‍ മൂന്നരരൂപ ഉയര്‍ത്തിയതുകൊണ്ട് മുതലാളിമാര്‍ക്ക് സന്തോഷവും ജനങ്ങള്‍ക്ക് ചാരിതാര്‍ഥ്യവും വര്‍ധിച്ചുവെന്ന് ഉമ്മന്‍ചാണ്ടിക്ക് ഉറപ്പാണ്. ഇനി അഥവാ കേരളത്തിലെ അപൂര്‍വം മനുഷ്യര്‍ക്ക് അസ്‌കിത അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതിന് പരിഹാരമുണ്ട്. സംസ്ഥാന ഖജനാവിലേയ്ക്ക് വരുന്ന, ക്ഷേമ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ വിനിേയാഗിക്കുന്ന പെട്രോളിന്റെ നികുതി ഉപേക്ഷിച്ചാല്‍ മതി.
ഉമ്മന്‍ചാണ്ടിയുടെ ഈ പെരുത്ത ബുദ്ധിയില്‍ പിറവികൊണ്ട ആശയം അംഗീകരിച്ചാല്‍ പെട്രോളിന്റെ വിലയില്‍ ചില്ലറ പൈസ കുറഞ്ഞുകിട്ടുകയും പാവങ്ങള്‍ക്കായുള്ള ക്ഷേമ പദ്ധതികള്‍ നടത്തി കഷ്ടപ്പെടാതിരിക്കുകയും ചെയ്യാം.

കര്‍ഷക തൊഴിലാളിക്കും വിധവകള്‍ക്കും വൃദ്ധര്‍ക്കും അഗതികള്‍ക്കും ക്ഷേമപെന്‍ഷന്‍ കൊടുത്ത് വഷളാക്കാതിരിക്കുകയാണ് വേണ്ടത്. അവര്‍ കഞ്ഞികുടിച്ചു കിടന്നതുകൊണ്ട് രാജ്യത്തിന് പ്രത്യേകിച്ച് നേട്ടമൊന്നുമില്ലെന്ന് കോണ്‍ഗ്രസിന് അറിയാവുന്നതുപോലെ മറ്റാര്‍ക്കറിയാം.
പക്ഷേ മുതലാളിമാര്‍ക്ക് ചില്ലിക്കാശ് കുറഞ്ഞാല്‍ അത് രാജ്യത്തിന്റെ യശ്ശസ്സിനെ ബാധിക്കുമെന്നുള്ളതും കോണ്‍ഗ്രസിന് അറിയാവുന്നതുപോലെ ഈ പ്രപഞ്ചത്തില്‍ മറ്റാര്‍ക്കുമറിയില്ല.

അല്ലെങ്കിലും ഇടയ്ക്കിടെ ഇത്തരം ഉപഹാരങ്ങള്‍ നല്‍കി ജനങ്ങളെ ഓര്‍മ്മയുടെ വെള്ളിവെളിച്ചത്തിലേയ്ക്ക് നയിക്കാന്‍ കോണ്‍ഗ്രസിന് ഉത്തരവാദിത്വമുണ്ടെന്നുള്ള കാര്യത്തില്‍ ആരും തര്‍ക്കമുന്നയിക്കില്ല.
വോട്ട് ചെയ്ത് അധികാരത്തിലേറ്റിയവരോട് നിങ്ങള്‍ വിജയിപ്പിച്ചവര്‍ ഇവിടെത്തന്നെയുണ്ട് മറ്റൊരിടത്തും പോയിട്ടില്ലെന്ന് ഓര്‍മ്മിപ്പിച്ചില്ലെങ്കില്‍ അവര്‍ കുറ്റപ്പെടുത്തും. വിശപ്പകറ്റാനുള്ള ഭക്ഷ്യവസ്തുക്കളുടെ വില ഉയരാനുള്ള നടപടികള്‍ സ്വീകരിച്ചും എണ്ണവില ഉയര്‍ത്തിയുമൊക്കെ സദാ ജാഗ്രതയോടെ പ്രവര്‍ത്തിച്ചാലേ തങ്ങള്‍ കര്‍മ്മ നിരതരാണെന്ന് ജനങ്ങള്‍ തിരിച്ചറിയുകയുള്ളൂ. മറവിരോഗത്തില്‍ നിന്ന് ജനതയെ രക്ഷിച്ചുനിര്‍ത്താനുള്ള പെടാപ്പാടാണിതൊക്കെയെന്ന് എല്ലാവരും മനസ്സിലാക്കേണ്ടതാണ്.

'പ്രവര്‍ത്തന വേഗം' അളന്നു തിട്ടപ്പെടുത്തൂ,ബാറ്റണ്‍ കയ്യില്‍ സുരക്ഷിതമാക്കൂ.

മല­യാള ഭാഷ­യില്‍ 'പ്രവര്‍ത്ത­ന­വേഗം' എന്ന വാക്കോ പ്ര­യോ­­ഗമോ ചിര­പ­രി­ചി­ത­മ­ല്ല. മു­ന്‍നിര ഭാഷാ­പ­ണ്ഡി­ത­ന്മാര്‍­ക്കു­പോലും ഇത്ര­മേല്‍ അര്‍ഥ­കാ­ന്തി­യുള്ള പ്രയോഗം അധി­കം നട­ത്താന്‍ കഴി­ഞ്ഞ­തായി ഭാ­ഷാ ചരി­ത്ര­ത്തില്‍ അധികം കാ­ണു­ന്നി­ല്ല. പക്ഷേ മല­യാള ഭാ­ഷാ പിതാ­വായ തുഞ്ചത്ത് രാ­മാ­നു­ജ­നെ­ഴു­ത്ത­ച്ഛ­നെയും കേ­രള വ്യാസന്‍ കുഞ്ഞി­ക്കു­ട്ടന്‍ തമ്പു­രാ­നെയും കേരള പാ­ണി­നി ഏ ആര്‍ രാജ­രാ­ജ­വര്‍മ്മ­യെ­യും മല­യാളം പരി­ശീ­ലി­പ്പി­ക്കു­വാന്‍ മാത്രം അറിവും ക­ഴിവും ഉള്ള യൂത്ത് കോണ്‍ഗ്ര­സു­കാ­ര്‍ക്കും കെ പി സി സി നേ­താ­ക്കള്‍ക്കും 'പ്രവര്‍ത്തന വേ­ഗം' എന്ന പ്രയോഗം പ­ണ്ടേയ്ക്കു പണ്ടേ പരി­ചി­ത­മാ­ണ്.

പ്രവര്‍ത്ത­ന­വേഗം കുറ­ഞ്ഞ­വരും നഷ്ട­പ്പെ­ട്ട­വരും കൂട്ട­യോട്ടം പോലെ നട­ക്കുന്ന റിലേ മത്സ­ര­ത്തില്‍ ബാറ്റണ്‍ കൈമാ­റാന്‍ കഷ്ട­പ്പെ­ടു­ന്ന­വരും യൂത്ത് കോണ്‍ഗ്ര­സു­കാ­ര്‍ക്കും കെ എസ് യു ക്കാര്‍ക്കും കഷ്ട­പ്പെ­ട്ടി­ട്ടാ­ണെ­ങ്കിലും അമാന്തം ഒട്ടു­മി­ല്ലാതെ ബാറ്റ­ണ്‍ കൈമാ­റുക തന്നെ വേണ­മെ­ന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രസി­ഡന്റി­ന്റെയും എന്‍ എസ് യു പ്രസി­ഡന്റി­ന്റെയും കല്ലേ പിളര്‍ക്കുന്ന കല്‍പ­ന.

ബാറ്റണ്‍ കൈമാ­റാന്‍ വൈമ­ന­സ്യ­മു­ള്ള­വര്‍ ഏറ്റ­വു­മാദ്യം പഞ്ചാ­യ­ത്ത്-­മു­നി­സി­പ്പല്‍-കോര്‍പ്പ­റേ­ഷന്‍ തിര­ഞ്ഞെ­ടു­പ്പില്‍ അനു­ഭ­വി­ക്കേ­ണ്ട­വിധം അനു­ഭ­വി­ക്കും. യുവ­ത്വ­ത്തി­ന്റെ സംവ­രണം ശരി­യായ അനു­പാ­ത­ത്തില്‍ മൂത്ത കോണ്‍ഗ്ര­സു­കാര്‍ നട­പ്പില്‍ വരു­ത്തി­യി­ല്ലെ­ങ്കില്‍ യൂത്ത് കോണ്‍ഗ്ര­സു­കാര്‍ വിമത സ്ഥാനാര്‍ഥി­ക­ളായി രംഗ­പ്ര­വേശം ചെയ്യും. ബാറ്റണ്‍ കൈമാ­റാന്‍ പോലും ശേഷി­യി­ല്ലാത്ത മൂത്ത­വര്‍ വെള്ളം കുറ­ച്ചേറെ കുടി­ക്കേ­ണ്ടി­വ­രും, കട്ടായം.
പറ­ഞ്ഞത് യൂത്ത് കോണ്‍ഗ്രസ് പ്രസി­ഡന്റാ­യ­തു­കൊണ്ട് ആര്‍ക്കും തമാ­ശ­യായി തോന്നേ­ണ്ട. സ്വന്തം കാര്യ­ത്തി­നു­വേ­ണ്ടി­യുള്ള അഭ്യാസ പ്രക­ട­ന­മെന്ന് തെറ്റി­ദ്ധ­രി­ക്കു­കയും വേണ്ട. പറ­ഞ്ഞത് മാറ്റി­പ്പ­റ­യാന്‍ ലിജു­വിന് ലഘു­നേരം മതി­യെ­ന്നാ­യി­രിക്കും എല്ലാ­വരും കരു­തു­ക.

പക്ഷേ ഇക്കാ­ര്യ­ത്തില്‍ കടു­ക­ട്ടി­യായി നില­കൊ­ള്ളും.

കാരണം ഇത് സീറ്റിന്റെ കാര്യ­മാ­ണ്.

ജീവി­ത­പ്ര­ശ്‌ന­മാ­ണ്.

മുപ്പ­ത്തി­യഞ്ചു വയ­സ്സു­കഴിഞ്ഞാല്‍ യൂത്ത് കോണ്‍ഗ്ര­സു­കാ­രായ യൂത്തു­കാ­രൊക്കെ വീട്ടില്‍ ചൊറിയും കുത്തി ഇരി­ക്കേ­ണ്ടി­വ­രു­ക­യാ­ണ്. ഈ പരി­താ­പ­ക­രവും രാജ്യ­ത്തി­നു­തന്നെ ഹാനി­ക­ര­വു­മായ അവ­സ്ഥയ്ക്ക് മാറ്റ­മു­ണ്ടാ­യാലേ രാഷ്ട്ര­മു­ന്നേറ്റം സാധ്യ­മാ­വു­ക­യു­ള്ളൂ. തങ്ങള്‍ക്കു­വേണ്ടിയല്ല രാജ്യ­ത്തി­നു­വേണ്ടി മാത്ര­മാണ് യൂത്ത്­-­എന്‍ എസ് യു-കെ എസ് യു നേതാ­ക്കള്‍ ഇത്തരം കാര്യ­ങ്ങള്‍ പറ­യു­ന്ന­ത്.

എക്‌സ്പ­യറി ഡേറ്റ് കഴിഞ്ഞ കോണ്‍ഗ്രസ് നേതാ­ക്കളെ കൊണ്ടുള്ള വിഘ്‌ന­ങ്ങളും ശല്യ­ങ്ങ­ളും­കൊണ്ട് പൊറു­തി­മു­ട്ടിയതുകൊണ്ടുമാ­ത്ര­മാണ് ഹൈബി ഈഡന്‍ പൊട്ടി­ത്തെ­റി­ച്ച­ത്.
എം പി സീറ്റാ­ണേല്‍ അതും വേണം, എം എല്‍ എ സീറ്റാ­ണേ­ല്‍ അതും വേണം, സീറ്റായ സീറ്റൊ­ക്കെയും വേണം എന്നു ശഠി­ക്കു­കയും കണ­മ്പ്, ചെമ്മീന്‍, തിരുത എന്നി­ത്യാദി മത്സ്യ­ങ്ങളും ചമ്മ­ന്തി­പ്പൊ­ടിയും എത്തി­ക്കേ­ണ്ട­വര്‍ക്ക് എത്തിച്ച് ഉദ്ദി­ഷ്ട­കാര്യം സാധി­ക്കു­കയും ചെയ്യുന്ന കെ വി തോമ­സു­മാ­രുടെ ശല്യം സഹി­ക്ക­വ­യ്യാ­തെ­യാണ് ഹൈബി എന്ന യുവ­രക്തം തിളച്ചു മറി­ഞ്ഞ­ത്.
ഇരു­പ­ത്തഞ്ചാ­മത്തെ വയ­സ്സില്‍ (അ­താണ് പ്രായ­പ­രിധി. അല്ലെ­ങ്കില്‍ അതിനും മുമ്പേ ആയേ­നെ) എം എല്‍ എ യും എം പിയും ആയ­വര്‍ എക്‌സ്പ­യറി ഡേറ്റ് കഴി­ഞ്ഞിട്ടും, കണ്ണ­ട­യാ­റാ­യിട്ടും അതാതു കസേ­ര­ക­ളില്‍ തന്നെ ഇരി­ക്കുന്നുവെന്ന­തില്‍ ലിജു­വിനെ പോലെ ഹൈബിക്കും കുണ്ഠി­ത­മു­ണ്ട്.
ഏ കെ ആന്റ­ണി, ഉമ്മന്‍ചാ­ണ്ടി, വയ­ലാര്‍ രവി, ആര്യാ­ടന്‍ മുഹ­മ്മ­ദ്, രമേശ് ചെന്നി­ത്ത­ല, ജി കാര്‍ത്തി­കേ­യന്‍, തിരു­വ­ഞ്ചൂര്‍ രാധാ­കൃ­ഷ്ണന്‍, കെ സി ജോസ­ഫ് എന്നി­ത്യാ­ദി­യായ ഗജ­കസേ­ക­രി­ക­ളാകെ കല്ലേ പിളര്‍ക്കുന്ന കല്‍പ­ന­കേട്ട് ഞെട്ടി­ത്ത­രി­ച്ചി­രി­ക്കു­ക­യാ­ണ്. പഞ്ചാ­യത്ത് തിര­ഞ്ഞെ­ടു­പ്പില്‍ വിമ­തരെ അണി­നി­ര­ത്തു­മെന്ന് പ്രഖ്യാ­പിച്ച ഉഗ്ര­പ്ര­താ­പ­ശാ­ലി­യായ ലിജുവും എക്‌സ്പ­യറി ഡേറ്റില്‍ തീര്‍ത്തും നിശ്ച­യ­മുള്ള ഹൈബിയും ഇട­ഞ്ഞാല്‍ പണി പാളി­യ­തു­ത­ന്നെ.
ഇരു­പ­ത്തി­യ­ഞ്ചില്‍ ആവാ­നാ­യി­ല്ലെ­ങ്കിലും മുപ്പ­ത്തി­യ­ഞ്ചി­ലെ­ങ്കിലും ആയേ തീരൂ എന്ന് ദൃ­ഢ­നി­ശ്ച­യ­മെ­ടു­ത്തി­രി­ക്കു­ന്ന­വര്‍ക്ക് സീറ്റ് നല്‍കേണ്ടി വ­ന്നാ­ല്‍ ചാണ്ടി മുതല്‍ ജോസ­ഫ് വരെ­യു­ള്ള­വര്‍ എന്തു­ചെ­യ്യും?
ആന്റണി മുതല്‍ പി ജെ കുര്യന്‍ വരെ­യുള്ളവര്‍ എന്തു ചെയ്യും?
ഉമ്മന്‍ചാണ്ടി വേഗ­ക്കു­റവ് മന­സ്സി­ലാക്കി ബാറ്റണ്‍ കൈമാ­റി­യെ­ങ്കില്‍ ലിജു പ്രതി­പക്ഷ നേതാവും മുഖ്യ­മ­ന്ത്രി­യു­മാ­യേ­നെ!
ആന്റണി വേഗ­ക്കു­റവ് മന­സ്സി­ലാക്കി ബാറ്റണ്‍ കൈമാ­റി­യെ­ങ്കില്‍ ഹൈബി പ്രതി­രോധ മന്ത്രി­യാ­യേ­നെ!
രമേശും തലേ­ക്കു­ന്നിലും കാ­ര്‍ത്തി­കേ­യനും ആര്യാ­ടനും പ്രവര്‍ത്തന വേഗ­ക്കു­റ­വി­ന­നു­സ­രിച്ച് ബാറ്റണ്‍ കൈമാ­റി­യി­രു­ന്നെ­ങ്കില്‍ പ്രവര്‍ത്തന വേഗ­ക്കൂ­ടു­ത­ലുള്ള രാജ്‌മോ­ഹനും പറ­മ്പിലെ ഷാഫിയും വയ­ലിലെ മാത്യുവും തെങ്ങിന്‍ കൊ­മ്പത്തെ സുരേഷും മാവി­ന്‍കൂ­ട്ടിലെ അനിലും പ്ലാ­ച്ചു­വ­ട്ടിലെ സന്തോ­ഷു­മൊക്കെ എ­ന്തൊ­ക്കെ­യായി മാറു­മാ­യി­രു­ന്നി­­ല്ല!
എന്തിന് അജയ് തറ­യില്‍ പോലും ഇന്ന­ത്തേ­തി­ലും വലിയ കസേര സ്വന്ത­മാ­ക്കു­മാ­യി­രു­ന്നി­ല്ലേ! ജോസ­ഫ് വാഴ­യ്ക്കന്‍ ചാനല്‍മു­റി­ക­ള്‍ നിര­ങ്ങാതെ തന്റെ മുറി നി­ര­ങ്ങാന്‍ ചാനല്‍ പ്രഭു­ക്കളെ നി­ര്‍ബ­ന്ധി­ത­മാ­ക്കു­മാ­യി­രു­ന്നി­ല്ലേ!

പറ­യാതെ വയ്യ, അതു­കൊ­ണ്ടാണ് അജയ് തറ­യില്‍ തറ­യി­ലല്ല നില്‍ക്കു­ന്ന­തെന്ന മട്ടില്‍ ഉച്ചൈ­സ്തരം ചിലത് ഘോഷി­ച്ച­ത്.
ഓടാന്‍ കഴി­യാ­താ­യ­വ­രില്‍ നിന്ന് ബാറ്റണ്‍ പിടി­ച്ചു­വാങ്ങി ഓടാ­നാ­വു­ന്ന­വര്‍ക്ക് കൊടു­ക്കാന്‍ താന്‍ മുന്നി­ലോ­ടു­മെന്ന് തറ­യില്‍ പ്രഖ്യാ­പി­ച്ച­ത് ഒരു തറപ്രഖ്യാ­പ­ന­മായി കണ്ടേ­യ്ക്ക­രു­ത്. ചോക്ലേറ്റും ഹോര്‍ലിക്‌സും കഴിച്ച് നേതാ­ക്കള്‍ക്ക് വാതില്‍ തുറന്നു കൊടുത്ത് മാത്രം ശീല­മുള്ളവര്‍ വര­ദാനം പോ­ലെ ആര്‍ജ്ജി­ച്ചെ­ടുത്ത സ്ഥാന­ങ്ങള്‍ക്കും ഈ ഉഗ്ര­പ്ര­സ്താ­വന ബാധ­ക­മാ­യി­രി­ക്കു­മെന്നും തറ­യില്‍ തറ­യായി തന്നെ കല്‍പി­ച്ചി­ട്ടു­മു­ണ്ട്.

ആ വരി­കള്‍ മാത്രം യൂത്ത് കോണ്‍ഗ്ര­സു­കാരെ ആശ്ച­ര്യ­പ്പെ­ടു­ത്തി. ചോക്ലേറ്റ് തിന്ന് തിന്ന് മടു­ത്തിട്ടും ഹോര്‍ലിക്‌സ് കുടിച്ച് കുടിച്ച് മത്ത് പിടി­ച്ചിട്ടും ഡോറായ ഡോറൊക്കെ തുറ­ന്നു കൊടുത്ത് കൈവെള്ള തഴ­മ്പി­ച്ചിട്ടും അട­ച്ചിട്ട വാതി­ലിനു മുന്നില്‍ കാവല്‍ നിന്ന് ക്ഷീണി­ച്ചിട്ടും പെട്ടി­യായ പെട്ടി­യൊക്കെ എടു­ത്തിട്ടും ചെയ്യ­രു­താ­ത്ത­തൊക്കെ ചെയ്തിട്ടും ഇക്കാ­ലത്ത് തങ്ങള്‍ക്കു­മാത്രം എം എല്‍ എ, എം പി സീറ്റ് കിട്ടാ­ത്ത­തെ­ന്തു­കൊണ്ട് എന്ന ആശ്ചര്യം അവരെ തളര്‍ത്തി.
തറ­യില്‍ സ്വകാ­ര്യ­മായി മറു­പടി കൊടു­ത്തു­വ­ത്രേ.
ഡോര്‍ തുറന്നും പെട്ടി തൂക്കിയും കയ­റി­പ്പ­റ്റിയവര്‍ മാറാ­തി­രു­ന്നാല്‍ എന്തു­ചെയ്യും കുഞ്ഞു­ങ്ങളേ?


നെഹ്‌റു ആന­ന്ദ­ഭ­വന്‍ സര്‍ക്കാ­രിനു കൈമാ­റി­യെന്ന വിവ­ര­മൊക്കെ അജയ് തറ­യി­ലി­ന­റിയാം ചരി­ത്ര­ബോ­ധ­മുള്ള കോണ്‍ഗ്ര­സു­കാ­രന്‍!
പക്ഷേ ഇന്ന് കുടി­ലില്‍ നിന്നു വന്ന­വര്‍ ഭാര്യയ്ക്ക് സാന്‍ട്രോ­കാറും മകന് സ്‌കോര്‍പിയോ കാറും വാങ്ങി നല്‍കു­ന്നു­വെ­ന്ന­തി­നാ­ലാണ് തറ­യി­ലിന് അരി­ശം.

അതു­കേട്ട് കെ എസ് യു! യൂ­ത്ത് കോണ്‍ഗ്ര­സ് മല്ലന്‍മാര്‍ ഊ­റി­യൂറി ചിരി­ച്ചു. എം എല്‍ എ യും എം പിയും ആയിട്ടും ഇ­വര്‍ ഈ നില­വാ­ര­ത്തി­ലാ­യ­തേ­യുള്ളോ എന്ന ചിന്ത­യാണ് ചിരി­ക്കാ­ധാ­രം. യൂത്ത­ന്മാര്‍ മക­ന് സ്‌കോര്‍പ്പി­യോയും മരു­മ­കള്‍ക്ക് ഇന്നോ­വോയും ചെറു­മ­ക്കള്‍ക്ക് ഫീസ്റ്റയും പെട്ടി­യെ­ടു­പ്പു­കാര്‍ക്ക് ബെന്‍സും വാങ്ങി­ക്കൊ­ടു­ക്കു­ക­യാ­ണ്.
യൂത്തന്‍മാര്‍ക്ക് മക്കളും മരു­മ­ക്കളും ചെറു­മ­ക്ക­ളു­മെന്ന് അത്ഭു­ത­പ്പെ­ടു­ന്നുവോ? ഇതാണ് ഇന്നത്തെ യൂത്ത് കോണ്‍ഗ്ര­സ് - കെ എസ് യു മായാ­ജാ­ലം.
ടാലന്റ് ഹണ്ട് നട­ത്തു­ന്നത് വെറു­തെ­യല്ല.
എല്ലാ­രം­ഗ­ത്തു­മുള്ള ടാലന്റ് പരി­ഗ­ണിച്ചേ നേതൃ­സ്ഥാ­നത്ത് അവ­രോ­ധി­ക്കു­ക­യു­ള്ളൂ.

ആന്റ­ണി, ഉമ്മന്‍ചാ­ണ്ടി, ചെന്നി­ത്ത­ല, ആര്യാ­ടന്‍ ആദി­യായ കോണ്‍ഗ്ര­സു­കാര്‍ പ്രവര്‍ത്ത­ന­വേഗം തിട്ട­പ്പെ­ടുത്തി സുര­ക്ഷിത സര്‍ട്ടി­ഫി­ക്കറ്റ് വാങ്ങാനും ബാറ്റണ്‍ കയ്യില്‍ തന്നെ സൂക്ഷി­ക്കാ­നുമായി തത്ര­പ്പാ­ടോടെ നെട്ടോ­ട്ട­മോ­ടു­ക­യാണ്.
യൂത്ത­ന്മാരേക്കാള്‍ പ്രവര്‍ത്ത­ന­വേഗം തങ്ങള്‍ക്കാ­ണെന്ന് അവര്‍ സ്ഥാപി­ക്കുക തന്നെ ചെ­യ്യും.

2010, ജൂലൈ 24, ശനിയാഴ്‌ച

വിശ്വാസത്തിന്റെ ബഹുതലങ്ങള്‍.

രമേശ് ചെന്നിത്തലയില്‍ ആര്‍ക്കു വിശ്വാസമില്ലെന്നുപറഞ്ഞാലും ചെന്നിത്തല അത് വിശ്വസിക്കും. പക്ഷേ കരുണാകരന് വിശ്വാസമില്ലെന്ന് പറഞ്ഞാല്‍, ആ പ്രചരണം സ്വന്തം ഹൃദയത്തില്‍ നിന്നാണ് ഉയര്‍ന്നുവരുന്നതെങ്കില്‍ പോലും രമേശ് ചെന്നിത്തല തരിമ്പും വിശ്വസിക്കില്ല. കരുണാകരന്‍ തന്നെക്കുറിച്ച് എന്തും പറഞ്ഞേയ്ക്കും. പക്ഷേ വിശ്വസിക്കാന്‍ കൊള്ളാത്തവനാണെന്ന് അനന്തകാലം വരെ പറയുകയില്ല.

രമേശ് ചെന്നിത്തലയില്‍ തരിമ്പും വിശ്വാസമില്ലെന്ന് കരുണാകരന്‍ പീതാംബരകുറുപ്പ് വഴി ഹൈക്കമാന്‍ഡിന് സന്ദേശമയച്ചെന്ന് മനോരമ എഴുതിയാല്‍പോലും താന്‍ അത് വിശ്വസിക്കുന്നില്ലെന്നാണ് പത്രദ്വാരാ അദ്ദേഹം നടത്തിയ പ്രഖ്യാപനം വ്യക്തമാക്കുന്നത്. കരുണാകരന്റെ സന്ദേശം 'കുറുപ്പ് സന്ദേശം' എന്ന് ഖ്യാതിനേടിയേക്കാം.
പക്ഷേ അതിന്റെ അന്തസ്സത്തയായി പത്ര ദൃശ്യമാധ്യമങ്ങള്‍ പ്രചരിപ്പിച്ചത് കല്ലുവെച്ച നുണയാണെന്ന് മറ്റാരും പറഞ്ഞില്ലെങ്കിലും രമേശ് പറഞ്ഞുകൊണ്ടേയിരിക്കും.
കാരണം പണ്ടേയ്ക്കു പണ്ടേ കരുണാകരന് സ്വന്തം കണ്ണുകളേക്കാള്‍, നാസികയേക്കാള്‍, മനസ്സിനേക്കാള്‍, കൈകാലുകളേക്കാള്‍ വിശ്വാസമാണ് രമേശിനെ. ഒരിക്കല്‍പോലും സംശയത്തിന്റെ കണികപോലും കരുണാകരനെ ആവേശിച്ചിട്ടില്ല.

കരുണാകരന്‍ പ്രാതല്‍ കഴിക്കുമ്പോള്‍ അതേ ഇലയില്‍ നിന്ന് ഇഡ്ഢലി പകുത്തെടുത്ത് കഴിച്ച, കരുണാകരനായി ക്ലിഫ് ഹൗസില്‍ നീന്തല്‍ക്കുളം പണിയാന്‍ ഊണും ഉറക്കവും ഒഴിച്ച് മേല്‍നോട്ടം വഹിച്ച, മുരളീധരനെ കെ പി സി സി ജനറല്‍ സെക്രട്ടറിയാക്കണമെന്ന് വാശിപിടിച്ച, കരുണാകര പാദങ്ങളിലെ തഴമ്പുകള്‍ കരുണാകരനേക്കാള്‍ തിട്ടമുള്ള രമേശ് ചെന്നിത്തലയെ കരുണാകരന്‍ അവിശ്വസിക്കുമോ?
ഭൂമി കീഴ്‌മേല്‍ മറിഞ്ഞെന്നിരിക്കും, സൂര്യന്‍ കിഴക്കുദിക്കാതിരിക്കുകയും പടിഞ്ഞാറ് അസ്തമിക്കാതിരിക്കുകയും ചെയ്‌തെന്നിരിക്കും, ചന്ദ്രതാരങ്ങള്‍ കാണാമറയത്ത് എക്കാലത്തേയ്ക്കുമായി മറഞ്ഞെന്നിരിക്കും. പക്ഷേ കരുണാകരന്‍ രമേശില്‍ വിശ്വാസമില്ലെന്നു പറയില്ല.

കരുണാകരന്റെ കഷ്ടകാലത്ത്, അമേരിക്കയില്‍ ചികിത്സയ്ക്കുപോയ വയ്യായ്മയുടെ കാലത്ത് തിരുത്തല്‍ വാദം വളര്‍ത്തി കരുണാകരനെ സംരക്ഷിക്കുവാന്‍ പാടുപെട്ട, കരുണാകരനെയും മുരളീധരനെയും ഒരു വഴിക്കാക്കിയ, ആനമെലിഞ്ഞാല്‍ തൊഴുത്തിലും കെട്ടാമെന്ന് തെളിയിച്ചു കൊടുത്ത, കരുണാകരനില്‍ നിന്ന് പഠിച്ച അടവുകള്‍ കരുണാകരനെതിരെ തന്നെ പയറ്റി നല്ല ശിഷ്യന്‍ എന്ന് പേരെടുത്ത് കരുണാകരന് കീര്‍ത്തി സമ്മാനിച്ച വത്സല ശിഷ്യനില്‍ അവിശ്വസാസമുണ്ടെന്ന് കരുണാകരന്‍ എങ്ങനെ പറയും?

അസംഭവ്യം തന്നെ.

മാണിയുടെ ഒളിഞ്ഞു കുത്തലും ആപ്പുകയറിയ കുരങ്ങന്‍മാരു

കെ എം മാണി ആരെയും പള്ളിക്കൂടത്തില്‍ പഠിപ്പിച്ചിട്ടില്ല.
എന്നിട്ടും പല നിയമസഭാ സാമാജികന്മാരും രാഷ്ട്രീയ പ്രവര്‍ത്തകരും മാണിസാര്‍, മാണിസാര്‍ എന്ന് മന്ത്രിച്ചുകൊണ്ടേയിരിക്കും.
അനുഭവ പരിചയമുള്ളതുകൊണ്ടോ പ്രായത്തില്‍ മുതിര്‍ന്നതുകൊണ്ടോ അല്ല ഈ സാര്‍ വിളി. അങ്ങനെയെങ്കില്‍ മാണിസാര്‍ എന്നു വിളിച്ച് സംതൃപ്തി നേടുന്നവര്‍ കരുണാകരന്‍ സാര്‍, ആന്റണി സാര്‍, ഉമ്മന്‍ചാണ്ടി സാര്‍, ജോസഫ് സാര്‍ എന്നൊക്കെ വിളിക്കേണ്ടതാണ്. പക്ഷേ സഭയ്ക്കകത്തും സഭയ്ക്കു പുറത്തും അവരെല്ലാം ശ്രീ കെ കരുണാകരന്‍മാരും ശ്രീ ഏ കെ ആന്റണിമാരും ശ്രീ ഉമ്മന്‍ചാണ്ടിമാരുമാണ്.
മാണി മാത്രം മാണിസാറും.
കോണ്‍ഗ്രസുകാര്‍ക്കും മാണി മാണിസാറാണ്. അവര്‍ വിളിക്കുന്നതു കേട്ടാവാം മറുപക്ഷത്തുള്ള ചിലര്‍ക്കും മാണി മാണി സാറാണ്. ഇവരെയാരെയും കമാന്നൊരക്ഷരം മാണി പഠിപ്പിച്ചിട്ടില്ലതാനും.

സാറെന്നു വിളിച്ചു നടന്നവര്‍ ഇപ്പോള്‍ തെരുവിലിറങ്ങി 'ആരാടാ ഈ കെ എം മാണി? മാണിയ്‌ക്കെന്താ കാര്യം യു ഡി എഫില്‍?' എന്ന് ചോദിച്ച് പാലായിലും തൊടുപുഴയിലും ഈരാറ്റുപേട്ടയിലും കോതമംഗലത്തും കട്ടപ്പനയിലും അലറി വിളിക്കുന്നു. ചാനല്‍ മുറികളിലിരുന്ന് പുച്ഛിക്കുന്നു. മാണിയുടെ ഫ്‌ളക്‌സ് ബോര്‍ഡുകളെ പിച്ചിച്ചീന്തുന്നു, ചവിട്ടിമെതിക്കുന്നു, പെട്രോളൊഴിച്ച് കത്തിക്കുന്നു.

മൂത്ത കോണ്‍ഗ്രസുകാര്‍ക്കും ഇളം കോണ്‍ഗ്രസുകാര്‍ക്കും സാറായ മാണിയെയാണ് ഇപ്പോള്‍ ഈ വിധം ആദരിക്കുന്നത്!

പക്ഷേ മാണിക്ക് ഒരു കുലുക്കവുമില്ല. 'മാണിസാറിനെ' സംബന്ധിച്ചിടത്തോളം ഇതെല്ലാം വികാരത്തിന്റെയും വിചാരത്തിന്റെയും പ്രശ്‌നമാണ്. വികാരത്തിന് അടിമപ്പെട്ടുപോയവര്‍ അറിയാതെ ചെയ്യുന്ന അപരാധങ്ങളാണിവ! സാറാണെങ്കിലും അവരെയാരെയും വികാരവും വിചാരവും തമ്മിലുള്ള വിവചേ്ഛദ രൂപഭാവഭേദങ്ങള്‍ പഠിപ്പിച്ചുകൊടുക്കാന്‍ മാണിക്ക് കഴിയാത്തതുകൊണ്ട് പറ്റിപ്പോയതാണ്. ഒരു സാറെന്ന നിലയില്‍ തനിക്ക് പറ്റിപ്പോയ വലിയ പാളിച്ചയാണിതെന്ന് മാണിക്കറിയാവുന്നതാണ്. അതുകൊണ്ട് സാറാണെങ്കിലും ഭൂമിയോളം ക്ഷമിച്ചു.

പക്ഷേ ഈ അപമാനത്തിനിടയിലും ചെറുതല്ലാത്ത അഭിമാനം കെ എം മാണിക്കുണ്ടായി. പത്രക്കാരായ പത്രക്കാരും ചാനലുകാരായ ചാനലുകാരും വീട്ടിനു മുന്നിലും ഓഫീസിനു മുന്നിലും കാവല്‍നിന്നു, തിരക്കുകൂട്ടി. മുമ്പൊരിക്കലും തിക്കും തിരക്കും നിറഞ്ഞ ഇങ്ങനെയൊരു അനുഭവമുണ്ടായിട്ടില്ല. രാഷ്ട്രീയ നയതന്ത്രജ്ഞന്‍, കുശാഗ്രബുദ്ധിയ്ക്കുടമ എന്നൊക്കെ തമാശയ്ക്കുവേണ്ടി മുമ്പ് പ്രിയപ്പെട്ട ചില പത്രക്കാര്‍ എഴുതിയിട്ടുണ്ടെന്നല്ലാതെ ഇപ്പോള്‍ പത്രക്കാരും ചാനലുകാരും കാട്ടിയ സ്‌നേഹവും പരിഗണനയും മുമ്പൊരിക്കലും കിട്ടിയിരുന്നില്ലെന്നതോര്‍മിച്ച് മാണി മതിലുകള്‍ ഭേദിയ്ക്കുന്ന രോമാഞ്ചത്തെ കയ്യെത്തിപിടിച്ചു.

രാഷ്ട്രീയത്തിലെ അതിബുദ്ധിമാന്‍, അണിയറ ശില്‍പികളിലെ അഗ്രഗാമി എന്നിങ്ങനെയൊക്കെയുള്ള വിശേഷണങ്ങള്‍ കേവലം പരിഹാസ പ്രയോഗങ്ങളാണെന്ന് ഏറ്റവും നന്നായി അറിയാവുന്നത് മാണി സാറെന്ന വെറും മാണിക്കാണ്. 1965 ല്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ പറ്റാത്ത എം എല്‍ എയായ കാലം മുതല്‍ ഇന്നേവരെ ഒരു രാഷ്ട്രീയ പരിണാമത്തിനും നേതൃത്വം നല്‍കാന്‍ കെ എം മാണിക്ക് കഴിഞ്ഞിട്ടില്ല. എവിടെയാണോ കസേര അവിടെയാണ് താനും എന്നല്ലാതെ മറ്റൊരു നിലപാട് സ്വീകരിക്കാന്‍ ഈ 'സാര്‍' മുതിര്‍ന്നിട്ടുമില്ല.
പക്ഷേ കല്ലുവച്ച നുണ പറയുന്നതില്‍ തന്നെപ്പോലെ ഒരു വിരുതന്‍ മറ്റൊരാളില്ലെന്ന് സ്ഥാപിക്കുവാന്‍ വല്ലാതെ പാടുപെടുകയാണ് കെ എം മാണി. മാണി-ജോസഫ് ലയനം എന്ന അസംബന്ധ നാടകത്തെ തുടര്‍ന്ന് ടി വി ചാനലുകളിലും പത്രങ്ങളിലും മാര്‍ക്കറ്റ് വാല്യൂ ലഭിച്ച മാണി തട്ടിമൂളിക്കുന്ന 'ചരിത്രകഥകള്‍' കേട്ട് രാഷ്ട്രീയ ചരിത്രത്തെക്കുറിച്ച് അജ്ഞരാണെങ്കിലും അതുല്യ പണ്ഡിതരാണെന്ന് നടിക്കുന്ന മാധ്യമസിംഹങ്ങള്‍ നിശബ്ദരും നിശ്ചലരുമായി നിന്നു പോവുകയാണ്

പക്ഷേ അവര്‍ക്കുവേണ്ടി മാണി രംഗപ്രവേശം ചെയ്യുകയും അരി എത്ര എന്ന ചോദ്യത്തിന് പയര്‍ അഞ്ഞാഴി എന്ന് മറുപടി പറയുകയും ചെയ്തു.

78 ല്‍ മുഖ്യമന്ത്രിയായിരുന്ന സി പി ഐ നേതാവ് പി കെ വാസുദേവന്‍ നായര്‍, തൊട്ടയല്‍വാസിയായ മാണിയോടുപോലും പറയാതെ മുഖ്യമന്ത്രിപദം രാജിവെച്ചുകളഞ്ഞു, 67 ലെ സപ്തകക്ഷി മുന്നണി മന്ത്രിസഭയുടെ കാലത്ത് പരസ്പരം ആരോപണം ഉന്നയിച്ച് മന്ത്രിസഭ പൊളിക്കുകയും പുതിയ മുന്നണി രൂപീകരിക്കുകയും ചെയ്തുകളഞ്ഞു.
അതില്‍ രാഷ്ട്രീയ സദാചാരം കാണാത്തവര്‍ക്ക്, എല്‍ ഡി എഫ് മന്ത്രിസഭാ യോഗങ്ങളില്‍ പങ്കെടുക്കുകയും എന്തിനും ഏതിനും തലകുനിക്കുകയും ചെയ്ത ജോസഫ് മുന്നണി വിടുന്നതിനെ കുറ്റം പറയാന്‍ എന്തവകാശം എന്നാണ് മാണിയുടെ ചോദ്യം?
മാണിയെ സാറെന്ന് വിളിക്കുന്നവര്‍ അവഹേളിതരാകുന്നത് മാണിയുടെ ഇത്തരം പ്രസ്താവനകള്‍ കൊണ്ടാണ്.

ചാനല്‍ പ്രഭുക്കളുടെ മുഖാമുഖത്തിനും നേരെ ചൊവ്വേയ്ക്കും ക്വസ്റ്റ്യന്‍ അവറിലുമെല്ലാം മാണി മുഖ്യതാരങ്ങളായി. അതില്‍ ചിലരുടെയെങ്കിലും മുന്നില്‍ മാണി വേറൊരു പെരും നുണകൂടി പറഞ്ഞു. 67 ലെ സപ്തകക്ഷി മന്ത്രിസഭയില്‍ പരസ്പരാരോപണ വിധേയരാവരെയാകെ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് 80 ലെ ഇടതുമന്ത്രിസഭ രൂപീകരിച്ചതെന്ന കടുത്ത അസത്യമായിരുന്നു അത്.

ആരോടും പറയാതെ പി കെ വി രാജിവെച്ചു എന്ന മാണിയുടെ നുണ രാഷ്ട്രീയ ചരിത്രമറിയുന്നവരുടെ മുന്നില്‍, അകാരണമായി വാഴ്ത്തപ്പെടുന്ന മാണിയെ കേവലം ഒരു ജോക്കറാക്കി.
കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ഭട്ടിന്‍ഡാ കോണ്‍ഗ്രസ് ഇടതുകക്ഷികളുടെ ഐക്യമുന്നണി ദേശീയാടിസ്ഥാനത്തില്‍ കെട്ടിപ്പടുക്കണമെന്ന തീരുമാനം കൈക്കൊണ്ടതിനെ തുടര്‍ന്നാണ് പി കെ വി മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചത്. പാര്‍ട്ടികോണ്‍ഗ്രസിന്റെ തീരുമാനം ഏതൊരു കമ്മ്യൂണിസ്റ്റുകാരനും ബാധകമാണ്. പാര്‍ട്ടി തീരുമാനം നടപ്പാക്കുന്നതിന് സ്ഥാനമാനങ്ങളൊന്നും തടസമാവില്ലെന്ന് പാലായിലെ ഇട്ടാവട്ടത്ത് അഭ്യാസപ്രകടനം നടത്തുന്ന മാണിയ്ക്കറിയുകയില്ല. പാര്‍ട്ടി തീരുമാനം പത്രങ്ങളായ പത്രങ്ങളിലൊക്കെ അച്ചടിച്ചുവരുകയും അറിയിക്കേണ്ടവരെയൊക്കെ അറിയിച്ചിട്ടുമായിരുന്നു പി കെ വിയുടെ രാജിയെന്ന് പത്രവായനക്കാരായവര്‍ക്കുപോലും അറിയില്ല.
80 ലെ ഇടതുമന്ത്രിസഭയുടെ ഭാഗമായിരുന്ന മാണി, ആന്റണിയുടെയും ആര്യാടന്റെയും ഉമ്മന്‍ചാണ്ടിയുടെയും കൂടെ മറുകണ്ടം ചാടിയത് പത്രസമ്മേളനങ്ങളിലും അഭിമുഖങ്ങളിലും മാണി മനപ്പൂര്‍വം മറക്കുകയും ചെയ്തു. അതു ചോദ്യമായി ഉതിര്‍ക്കുവാന്‍ മാധ്യമ പ്രഭുക്കള്‍ തയ്യാറായില്ല. രാഷ്ട്രീയ ചരിത്രത്തിലെ അവരുടെ അജ്ഞതയാണോ മാണി സാറെന്ന് വിളിക്കുമ്പോഴുള്ള ജാള്യതയാണോ അതിനു കാരണമെന്ന് പ്രേക്ഷകര്‍ക്ക് പിടികിട്ടിയില്ലെന്ന് പറഞ്ഞാല്‍ അവര്‍ക്കാര്‍ക്കും ക്ഷോഭം വരരുത്.
67 ലെ ആരോപണവിധേയരായ മന്ത്രിമാരെയൊക്കെയും ഉള്‍ക്കൊള്ളിച്ചാണ് 80 ലെ ഇടതുമന്ത്രിസഭ രൂപീകരിച്ചതെന്ന മാണിയുടെ പ്രസ്താവന ചരിത്രവസ്തുതകളെ പുറംകാല്‍ കൊണ്ട് ചവിട്ടിയരയ്ക്കുന്ന തായിരുന്നു.
67 ലെ മന്ത്രിസഭയില്‍ ആദ്യം ആരോപണവിധേയനായത് ബി വെല്ലിംഗ്ടണാണ്. അതിനെക്കുറിച്ച് മറുപടി പറയുന്നവേളയില്‍ അന്നത്തെ മുഖ്യമന്ത്രി സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉടമകളും ജീവന്‍ ത്യജിക്കേണ്ടിവരുമെന്ന ഘട്ടത്തില്‍ കമ്മ്യൂണിസ്റ്റുകാരാവുകയും ചെയ്ത എം എന്‍ ഗോവിന്ദന്‍ നായരുടെയും ടി വി തോമസിന്റെയും പേരില്‍ അകാരണമായി അന്വേഷണം പ്രഖ്യാപിച്ചു. മാണിയടക്കമുള്ളവര്‍ ആക്ഷേപമുന്നയിച്ചിരുന്ന ഇ കെ ഇമ്പിച്ചിബാവയുടെയും എം കെ കൃഷ്ണന്റെയും ഗൗരിയമ്മയുടെയും പേരില്‍ അന്വേഷണം വേണമെന്ന് നിയമസഭയില്‍ പ്രമേയം വന്നു. മന്ത്രിസഭ തകര്‍ന്നു.
അന്വേഷണത്തിനൊടുവില്‍ എം എന്നും ടി വിയും അഗ്നിപരിശുദ്ധിയോടെ തിരിച്ചുവന്നു. അച്യുതമേനോന്‍ മന്ത്രിസഭയില്‍ അംഗങ്ങളുമായി.

പക്ഷേ എം എന്നും ടി വിയും 80 ലെ മന്ത്രിസഭയില്‍ അംഗമായിരുന്നില്ല. എന്നിട്ടും മാണി കള്ളം പറയുന്നു.

ടി വി 80 ലെ മന്ത്രിസഭയ്ക്കും മുമ്പേ നമ്മെ വിട്ടുപിരിഞ്ഞു.
80 ല്‍ എം എന്‍ ലോക്‌സഭയില്‍ അംഗമായിരുന്നു.
ഇമ്പിച്ചിബാവയും എം കെ കൃഷ്ണനും മന്ത്രിസഭയില്‍ അംഗങ്ങളുമായിരുന്നില്ല. എന്നിട്ടും മാണി കള്ളം പറഞ്ഞപ്പോള്‍ മാധ്യമപ്രഭുക്കള്‍ കേട്ടിരുന്നു.

മാണി പറയുന്നതൊന്നും എല്‍ ഡി എഫിനോടല്ലെന്ന് എല്ലാവര്‍ക്കും അറിയാം.
80 ലെ ഇടതുമുന്നണിയില്‍ കക്ഷിയായശേഷം ഒരക്ഷരം മിണ്ടാതെ ഇറങ്ങിപ്പോയ ആന്റണിയെയും ഉമ്മന്‍ചാണ്ടിയെയും കുറിച്ചാണ്. എല്‍ ഡി എഫില്‍നിന്ന് ഇറങ്ങി യു ഡി എഫ് നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസുമായി അവര്‍ ലയിച്ചതിനെകുറിച്ചാണ്.
അത് ചാണ്ടിയെ ഓര്‍മിപ്പിക്കുവാന്‍ 67 ലെയും 78 ലെയും കഥകളില്‍ അസത്യം ചേര്‍ത്ത് വിളമ്പുന്നുവെന്നേയുള്ളൂ.

മാണി ഒരു സാറാകുമെങ്കില്‍ അത് കല്ലുവെച്ച നുണ സൃഷ്ടിക്കുന്നതിലാണ്.

മകനെ എം പിയാക്കാന്‍ കോട്ടയം പാര്‍ലമെന്റ് സീറ്റ് കിട്ടണമെന്നു തോന്നിയപ്പോള്‍ ഐക്യ കേരള കോണ്‍ഗ്രസ് എന്ന ആശയം പൊക്കിക്കൊണ്ടുവന്ന് പിള്ളയെയും ജേക്കബ്ബിനെയും ജോര്‍ജിനെയും തനിക്കൊപ്പം ഒന്നിച്ചിരുത്തി കോണ്‍ഗ്രസിനെ വിരട്ടാനും കാര്യസാധ്യം നേടാനും മാണിക്കു കഴിഞ്ഞു.

ഇപ്പോള്‍ ജേക്കബ്ബും പിള്ളയും പാഴ്‌വസ്തുക്കളാണ്.
ജേക്കബ്ബിനെയും പിള്ളയെയും കാട്ടി ചാണ്ടിയെയും കൂട്ടരെയും ഇനി വിരട്ടാനാവില്ല.
വിരട്ടാന്‍ ജോസഫിനെ പിടികൂടി.
പരകായ പ്രവേശനത്തിന് കാത്തുനിന്നവരുടെ ബന്ദിയായി മാറിപ്പോയ ജോസഫിനെ മാണിയുടെ കൂടി ബന്ദിയാക്കാമെന്ന് അത്തരക്കാര്‍ക്ക് മനസ്സിലായി. ജോസഫ് മണ്ണില്‍ മലര്‍ന്നടിച്ചുവീണു.
പത്രസമ്മേളനത്തിലെ ഇരുപ്പും നില്‍പ്പും കണ്ടാല്‍, മന്ത്രിക്കല്‍ കേട്ടാല്‍ അറിയാം ജോസഫ് എത്രമേല്‍ ബന്ദിയാണെന്ന്!

പാവം പാവം ജോസഫ്!

പക്ഷേ കേരള കോണ്‍ഗ്രസുകാരെയോര്‍ത്ത് കേരളക്കരയാകെ ആനന്ദതുന്ദിലിതരാകേണ്ടതാണ്.

ആയിരത്തിലധികം പേര്‍വരുന്ന സംസ്ഥാന കമ്മിറ്റിവരും!. അതിനടുത്തോളം വരുന്ന സ്റ്റിയറിംഗ് കമ്മിറ്റിയും അഞ്ഞൂറോളം വരുന്ന ഭാരവാഹികളുമുണ്ടാവും.! ജനറല്‍ സെക്രട്ടറിമാരുടെ എണ്ണം നിശ്ചയപ്പെടുത്തുവാന്‍ ഉഗ്ര ഗണിതശാസ്ത്രജ്ഞന്‍മാര്‍ക്കുപോലും കഴിയില്ല.
ഒരു ചെയര്‍മാന്‍, ഒരു വര്‍ക്കിംഗ് ചെയര്‍മാന്‍, ഒരു വൈസ് ചെയര്‍മാന്‍, ഒരു ഡപ്യൂട്ടി ചെയര്‍മാന്‍ എന്നിത്യാദികളില്‍ തുടങ്ങി ഓര്‍ഗനൈസര്‍മാരും ജനറല്‍ സെക്രട്ടറിമാരും സെക്രട്ടറിമാരും ട്രഷറര്‍മാരും സ്റ്റിയറിംഗ് കമ്മിറ്റിക്കാരും ഉള്‍പ്പെടെയുള്ള ആയിരക്കണക്കിനു പേരുടെ സംസ്ഥാന കമ്മിറ്റിയുണ്ടെങ്കില്‍ കേരളം രക്ഷപ്രാപിക്കുമെന്ന് ഉറപ്പാണ്!
അതില്‍ തന്നെ ചെയര്‍മാനും പാര്‍ട്ടി ലീഡറും ഞാന്‍ തന്നെയായിരിക്കുമെന്ന് പത്രക്കാരുടെ മുന്നില്‍ സ്വയം പ്രഖ്യാപിക്കുന്ന മാണിയുടെ നേതൃത്വം കൂടെയാവുമ്പോള്‍ കേരളം രക്ഷപ്പെടുമെന്നുള്ള കാര്യത്തില്‍ സംശയം അശേഷം വേണ്ട.

മൂക്കില്‍ കയറ്റും, മുട്ടിലിഴയിക്കും, ലയനം ഞങ്ങളോട് ചര്‍ച്ച ചെയ്തില്ലെങ്കില്‍ എന്ന് പുരപ്പുറത്തുകയറി പറഞ്ഞുകൊണ്ടിരുന്ന കോണ്‍ഗ്രസുകാര്‍ 17 ന് മാണിയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു.
അതുകൊണ്ട് 15 ന് തന്നെ മാണി ലയിച്ച കേരള കോണ്‍ഗ്രസിന്റെ ഭാരവാഹിപ്പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസിനെ നാണിപ്പിച്ചു.

പഞ്ചതന്ത്രത്തിലെ ആപ്പുകയറിയ കുരങ്ങന്റെ നിലയിലായിരിക്കുന്നു ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും അവസ്ഥ....

അര്‍ജുനന്‍ അസ്തപ്രജ്ഞനായാല്‍......

''ഭാരതമാകിന പോരതിലേറ്റം
ധീരതപൂണ്ട മഹീപതിമാരെ
തേരതിലേറിയെതിര്‍ത്തു ജയിച്ചൊരു
വീരന്‍ വിജയന്‍ ഞാനറിയേണം'' എന്നൊക്കെ പൗരാണിക കാലത്തെ അര്‍ജ്ജുനന്‍ വീമ്പ് പറഞ്ഞിട്ടുണ്ട്.

പക്ഷേ വര്‍ത്തമാനകാലത്തെ അര്‍ജ്ജുനന്‍ ഒന്നുമേ മിണ്ടാതെ മൗനത്തിന്റെ വാല്‍മീകത്തില്‍ നിസ്സഹായനും നിരാശ്രയനും നിരാലംബനുമായി കഴിഞ്ഞുകൂടുകയാണ്.
ഹാ! കഷ്ടം എന്നല്ലാതെ എന്തുപറയേണ്ടൂ!

താന്‍ പറഞ്ഞതു പാലിക്കാനായില്ലെങ്കില്‍ കയ്യിലിരിക്കുന്ന ഗാണ്ഡീവത്തോടെ തീയില്‍ച്ചാടി മരിക്കുമെന്ന് പൂര്‍വ ജനങ്ങളുടെയും ഗുരുജനങ്ങളുടെയും ശ്രീകൃഷ്ണന്റേയും പാദങ്ങളെയും ഗാണ്ഡീവചാപത്തെയും മുന്‍നിര്‍ത്തി പാണ്ഡുപുത്രന്‍ അഥവാ ഇന്ദ്രപുത്രനായ അര്‍ജുനന്‍ ശപഥം ചെയ്തിട്ടുമുണ്ടെന്ന് സന്താനഗോപാലത്തില്‍ കാണാം.. പക്ഷേ ഇപ്പോഴത്തെ അര്‍ജുനന് ഒരു ആത്മഹത്യാ ഭീഷണിപോലും മുഴക്കാന്‍ അശേഷം ധൈര്യമില്ല. ഇത്രമേല്‍ കടുത്ത ചതിയും ക്രൂരതയും തന്നോടുകാട്ടിയ കോണ്‍ഗ്രസ് പാര്‍ട്ടി ആത്മഹത്യാ ഭീഷണി മുഴക്കിയാല്‍ ക്ഷണനേരത്തിനുള്ളില്‍ കയ്യടിച്ചു പാസ്സാക്കുമെന്ന് വര്‍ത്തമാനകാല അര്‍ജുനന് നിശ്ചയമുണ്ട്.

ഇരുപത്തിയാറുകൊല്ലം മുമ്പ് ആയിരക്കണക്കിന് മനുഷ്യരെ തത്സമയം കാലപുരിയ്ക്കയക്കുകയും കാല്‍ലക്ഷത്തോളം പേരെ ഘട്ടംഘട്ടമായി അന്ത്യശ്വാസം വലിപ്പിക്കുകയും ചെയ്ത ദുരന്തത്തിന്റെ മുഖ്യകാരണക്കാരനായ അമേരിക്കന്‍ സായ്പ് ഭോപ്പാലില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ഡല്‍ഹിക്കു പറന്നതും ഡല്‍ഹിയില്‍ നിന്ന് ആരോരുമറിയാതെ അമേരിക്കയിലേയ്ക്ക് ഊളിയിട്ടതുമാണ് ഇരുപത്തി ആറുവര്‍ഷങ്ങള്‍ക്കുശേഷം ആധുനിക അര്‍ജുനന്റെ ഗാണ്ഡീവത്തെ ഖണ്ഡിച്ചിരിക്കുന്നത്.
ആവനാഴിയില്‍ അമ്പുകളുണ്ടെങ്കിലും എയ്തു മുറിവേല്‍പ്പിക്കുവാന്‍ വില്ലില്ലെങ്കില്‍ എന്തുചെയ്യും?

പട്ടിണിയും ദാരിദ്ര്യവും നിരക്ഷരതയുമില്ലാത്ത ഒരു ഇന്ത്യ കോണ്‍ഗ്രസ് കെട്ടിപ്പടുക്കുമെന്ന് സ്വാതന്ത്ര്യം കിട്ടിയ കാലത്ത് അന്നത്തെ നേതാക്കന്മാര്‍ പറഞ്ഞിട്ടുണ്ടാകാം. അതുകേട്ട് കോരിത്തരിച്ച് കോണ്‍ഗ്രസിന്റെ പിന്നാലെ അലഞ്ഞുനടന്നവരെല്ലാം പഞ്ചപാവങ്ങളാണ്. തമാശകള്‍ ആസ്വദിക്കുവാന്‍ പോലും ശേഷിയില്ലാത്തവര്‍.

ആറുപതിറ്റാണ്ടിനടുപ്പിച്ച് ഭരിച്ചിട്ടും പട്ടിണിക്കും ദാരിദ്ര്യത്തിനും നിരക്ഷരതയ്ക്കും കുറവില്ലെന്നു മാത്രമല്ല, കൂടുന്നതേയുള്ളൂ.
പരിഹാരം പറഞ്ഞു തന്നത് ഇന്ന് കോണ്‍ഗ്രസിന്റെ കണ്‍കണ്ട ദൈവമെന്ന് കോണ്‍ഗ്രസുകാര്‍ക്കൊക്കെ അഭിമാനത്തോടെ പറയാന്‍ കഴിയുന്ന അമേരിക്കയും അവരുടെ സാമ്പത്തിക ഏജന്‍സികളുമാണ്.
പട്ടിണിക്കാരെയും ദരിദ്രനാരായണന്‍മാരെയും ആത്മഹത്യയ്ക്ക് നിര്‍ബന്ധിതമാക്കുക എന്നതാണ് പോംവഴി. ആത്മഹത്യ, ചെയ്യുന്ന ആളിന്റെ മാത്രം കുറ്റമാണ്. അതുകൊണ്ട് ആ രക്തത്തില്‍ പങ്കില്ലാതെ കഴിയുകയും ചെയ്യാം. രണ്ടുലക്ഷം കര്‍ഷകര്‍ ആത്മഹത്യ ചെയ്താല്‍ അത്രയും പട്ടിണിക്കാര്‍ കുറയും. ആദിവാസികളും കര്‍ഷക തൊഴിലാളികളും ഫാക്ടറി തൊഴിലാളികളും സാധാരണ ജീവനക്കാരും ആത്മഹത്യ ചെയ്താല്‍ അത്ര ബാധ്യത രാജ്യത്തിന് കുറയും. ഇത്രയും അനായാസകരമായ വഴി ചൂണ്ടിക്കാണിച്ചുതന്ന അമേരിക്കയോട് മന്‍മോഹന്‍ ചക്രവര്‍ത്തിക്കും സോണിയാരാജമാതയ്ക്കും കോണ്‍ഗ്രസ് അരമനകള്‍ക്കും അന്തപ്പുരങ്ങള്‍ക്കും തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്.
ഇതിനുമുമ്പേ നടന്ന് ഇന്ത്യയെ സഹായിച്ച മഹാനുഭാവനാണ് അമേരിക്കക്കാരനായ വാറന്‍ ആന്‍ഡേഴ്‌സണ്‍. യൂണിയന്‍ കാര്‍ബൈഡ് കമ്പനിയിലെ വിഷവാതക ചോര്‍ച്ചയിലൂടെ കാല്‍ലക്ഷത്തിന്റെ കഥ കഴിച്ചുതന്നു. കാല്‍ലക്ഷം പട്ടിണിക്കാരുടെ വിലയില്ലാത്ത ജീവന്‍ ഇല്ലാതാക്കിതന്ന അമേരിക്കന്‍ സായ്പ്പിനോട് കോണ്‍ഗ്രസിന് ചില പ്രത്യേക കടപ്പാടുകളൊക്കെയുണ്ട്. അതൊന്നും പറഞ്ഞാല്‍ ഇന്ത്യയിലെ പാപ്പരായ ജനങ്ങള്‍ക്ക് മനസ്സിലാകില്ല.

'കൂത്തിന്റെ വിധമെല്ലാം കുഴിയാനയ്ക്കറിയുമോ?' എന്നൊരു ചോദ്യം പ്രസക്തമാകുന്നത് അതുകൊണ്ടാണ്. തങ്ങളുടെ കൂത്തിന്റെ വ്യവസ്ഥകളും ചിട്ടവട്ടങ്ങളുമൊന്നും ഇന്ത്യന്‍ ജനതയെന്ന കുഴിയാനകള്‍ക്ക് തെല്ലും പിടികിട്ടുകയില്ല.
അതുകൊണ്ട് ഉത്തരവാദിത്വത്തില്‍ നിന്ന് കോണ്‍ഗ്രസിന് മാറിനില്‍ക്കാനാവുമോ?

മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന അര്‍ജുന്‍ സിംഗിന് ഇന്ദ്രപ്രസ്ഥത്തില്‍ നിന്ന് പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കല്‍പന വന്നു.
'വിമാനം സജ്ജമാക്കുവിന്‍, ഇന്ത്യയെ അതിരറ്റ് സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്ത, വിശാലമനസ്‌ക്കനായ ആന്‍ഡേഴ്‌സനെ ഡല്‍ഹിയിലെത്തിപ്പിന്‍'.

രാജീവ് ഗാന്ധി കളിവള്ളം ഉണ്ടാക്കിക്കളിക്കുകയും വിമാനം പറത്തി രസിക്കുകയും ചെയ്യുന്ന കാലത്ത് നേതാവായിരുന്നുവെന്നതുകൊണ്ടൊന്നും കാര്യമില്ല. കല്‍പന ഉണ്ടായാല്‍ 'അടിയന്‍' എന്നു പറഞ്ഞു നില്‍ക്കുകയേ നിര്‍വാഹമുള്ളൂ. വിമാനം സജ്ജമായി. സന്തോഷാതിരേകത്താല്‍ വീര്‍പ്പുമുട്ടി നിന്ന ചക്രവര്‍ത്തിമാരുടെ നടുവില്‍ ആന്‍ഡേഴ്‌സണ്‍ ഡല്‍ഹിയില്‍ വന്നിറങ്ങി. അത്യാദരവോടെ രാജാങ്കണങ്ങളില്‍ നിന്ന് കൊട്ടാര അകത്തളങ്ങളിലേയ്ക്ക് ആന്‍ഡേഴ്‌സണ്‍ വരവേല്‍ക്കപ്പെട്ടു. അദ്ദേഹത്തിന് അത്താഴവിരുന്നുകളൊരുക്കുവാന്‍ മത്സരബുദ്ധി പ്രകടമാക്കി ആന്‍ഡേഴ്‌സണോടുള്ള കടപ്പാട് തെളിയിച്ചു. വയറും മനസ്സും നിറഞ്ഞ് ഏമ്പക്കം വിട്ടുനിന്ന ആന്‍ഡേഴ്‌സണെ, ഭോപ്പാലില്‍ പരശ്ശതങ്ങള്‍ മരണത്തോട് മല്ലടിക്കുമ്പോള്‍ അമേരിക്കയിലേയ്ക്ക് വീരോചിതമായി യാത്രയയച്ചു.

ഇരുപത്തിയാറുകൊല്ലം കൊഴിഞ്ഞുവീണു. ഭോപ്പാല്‍ മജിസ്‌ട്രേറ്റു കോടതി ഭോപ്പാല്‍ ദുരന്തത്തിലെ കുറ്റവാളികള്‍ക്ക് ശിക്ഷ വിധിച്ചു. ഇമ്മിണി വലിയ രണ്ടുകൊല്ലം തടവ്. വിധി പ്രഖ്യാപിച്ച് നിമിഷനേരത്തിനുള്ളില്‍ പ്രതികള്‍ക്ക് ജാമ്യവും കിട്ടി. കോടതിക്ക് മുന്നില്‍ പാവം 'കുഴിയാന'കള്‍ അലമുറയിട്ടു കരയുമ്പോള്‍ കൊമ്പനാനകളെ പോലെ പ്രതികള്‍ ഇറങ്ങിവന്ന് ആഡംബരകാറുകളില്‍ കയറി പഞ്ചനക്ഷത്ര വസതികളിലേയ്ക്കു പോയി. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ "അതിവേഗത" (വെറും 26 കൊല്ലം) യും അന്വേഷണ സംവിധാനങ്ങളുടെ പ്രാഗത്ഭ്യവും മനസ്സിലാക്കി ഭാരതീയരാകെ കോരിത്തരിച്ചു. ആ കോരിത്തരിപ്പ് ഇപ്പോഴും വിട്ടു പിരിഞ്ഞിട്ടില്ലാത്തതിനാല്‍ പലരും നില്‍ക്കാനും ഇരിക്കാനും കിടക്കാനും വയ്യാത്ത നിലയിലാണ്.

മജിസ്‌ട്രേറ്റ് കോടതിയില്‍ പോലും ശിക്ഷ വിധിക്കുന്നെങ്കില്‍ രണ്ടുകൊല്ലത്തിലധികം പാടില്ലെന്ന് സി ബി ഐയ്ക്കും കോണ്‍ഗ്രസിനും കണിശമായ നിര്‍ബന്ധമുണ്ടായിരുന്നു. തൊട്ടടുത്ത കോടതിയില്‍ ചെന്നാല്‍ നിരുപാധികം വിട്ടയയ്ക്കണം. ആന്‍ഡേഴ്‌സണെന്ന പേരുപോലും വിധി പ്രസ്താവത്തില്‍ വരാനും പാടില്ല. വന്നുപോയാല്‍ അത് ഇന്ത്യയ്ക്ക് മാനക്കേടാണ്.
കുഴിയാനകളായ കാല്‍ലക്ഷം ഇന്ത്യക്കാരുടെ ജീവന് ഇതിലും വലിയ വില മറ്റൊരിടത്തും കിട്ടുകയില്ലെന്ന് കോണ്‍ഗ്രസിനറിയാം. സി ബി ഐയെ കാല്‍മുട്ടില്‍വെച്ച് വളച്ചൊടിച്ച് ചൊല്‍പ്പടിക്കു നിര്‍ത്തുവാന്‍ കോണ്‍ഗ്രസ് ഏമാന്‍മാര്‍ കിണഞ്ഞു പരിശ്രമിച്ചെന്നും മുന്‍കാല സി ബി ഐ മേധാവി തന്നെ പറഞ്ഞുപോയി.

ഇന്ത്യയില്‍ നിന്ന് വീരോചിതയാത്രയയപ്പു നല്‍കി അയച്ച ആന്‍ഡേഴ്‌സനെ ഭൂമിയിലെ ഓരോ അണുവിലും സി ബി ഐ തപ്പി. പക്ഷേ കണ്ടുകിട്ടിയതേയില്ല. കാണ്‍മാനില്ലെന്ന് കോടതിയെ സദയം അറിയിച്ചു. പക്ഷേ ആന്‍ഡേഴ്‌സണ്‍ വസിക്കുന്ന ആഡംബര വസതിയുടെ സചിത്ര പടവും അദ്ദേഹത്തിന്റെ നിശ്ചല ചിത്രവും വസതി വളപ്പിലെ ഉദ്യാനത്തില്‍ ആന്‍ഡേഴ്‌സണ്‍ ഉലാത്തുന്നതിന്റെ ചലിക്കുന്ന ചിത്രങ്ങളുമൊക്കെ മാലോകരാകെ കണ്ടിരിക്കും. അദ്ദേഹത്തിന്റെ മേല്‍വിലാസവും നാട്ടാര്‍ക്കറിയാമായിരിക്കും. പക്ഷേ ഹ്രസ്വദൃഷ്ടിയുടെയും വെള്ളെഴുത്തിന്റെയും കണ്ണാടി മാറിമാറി വച്ചിട്ടും സി ബി ഐയും കോണ്‍ഗ്രസ് സര്‍ക്കാരുകളും ആന്‍ഡേഴ്‌സണെ കണ്ടതേയില്ല.

ആന്‍ഡേഴ്‌സണ്‍ നല്‍കിയ നക്കാപിച്ച കാശ് കൈ നീട്ടി വാങ്ങിച്ച കേന്ദ്രസര്‍ക്കാര്‍ പ്രഭൃതികള്‍ കോടതിവിധി വന്നപ്പോഴും ആനന്ദ തുന്ദിലിതരായി. പക്ഷേ രഹസ്യങ്ങള്‍ ഒന്നൊന്നായി പുറത്തുവന്നു. രക്ഷിച്ചതും അത്താഴവിരുന്നു കൊടുത്തതും ആരോരുമറിയാതെ നാടുകടത്തിയതും സി ബി ഐയെ വളച്ചൊടിച്ചതും പണം പറ്റിയതുമൊക്കെ ഒന്നൊന്നായി രംഗത്തു വന്നപ്പോള്‍ കോണ്‍ഗ്രസുകാരില്‍ മര്‍മ്മരം ഉയര്‍ന്നു. എല്ലാം ആ അര്‍ജുനനാണ്. മറ്റാരും ഒന്നും അറിഞ്ഞില്ല. ഭോപ്പാലില്‍ നിന്ന് ഡല്‍ഹിക്ക് കടത്തിയത് അര്‍ജുനനെങ്കില്‍ ഡല്‍ഹിയില്‍ നിന്ന് അമേരിക്കയ്ക്ക് കടത്തിയതാരെന്ന ചോദ്യത്തിനു നേരെ കോണ്‍ഗ്രസുകാര്‍ നിരന്നുനിന്ന് കൊഞ്ഞനം കുത്തുന്നു.

ഗാണ്ഡീവമൊടിഞ്ഞ്, ശിരസ്സ് താണിരിക്കുന്ന അര്‍ജുനെ മുന്‍നിര്‍ത്തി പാഴ് അസ്ത്രങ്ങള്‍ എയ്തു രമിക്കുന്നു കോണ്‍ഗ്രസ്. ശിഖണ്ഡിയെ മുന്‍നിര്‍ത്തി അര്‍ജുനന്‍ യുദ്ധം ചെയ്തത് പഴയകഥ. ഇപ്പോള്‍ അര്‍ജുനനെ മുന്നില്‍ നിര്‍ത്തി മുതുകത്ത് അമ്പെയ്തു തറയ്ക്കുകയാണ് ശിഖണ്ഡിമാരും ശകുനിമാരും. കാലം തലമേല്‍ മറിഞ്ഞാല്‍ ഇങ്ങനെയൊക്കെയാവുമെന്ന് പാവം അര്‍ജുനന്റെ ആത്മഗതം. കൈയില്‍ പുണ്ണ് കാണാന്‍ കണ്ണാടി കൂടി വേണമോ എന്ന് അര്‍ജുന്‍ കോണ്‍ഗ്രസുകാരോട് ചോദിക്കാതെ ചോദിക്കുന്നു.

''ഈറ്റപാമ്പു കടിപ്പാനായ് ചീറ്റി വന്നടുക്കുമ്പോള്‍, ഏറ്റുനിന്നു നല്ല വാക്കു പറഞ്ഞാല്‍ പറ്റുകില്ലേതും'' എന്ന് അര്‍ജുന്‍ സിംഗിന് അറിയാത്തതല്ല. പക്ഷേ, ഇപ്പോള്‍ നന്നേ ക്ഷീണിച്ചു പോയിരിക്കുന്നു. മകന്റെ കാര്യത്തിലും മകളുടെ കാര്യത്തിലും തോറ്റതിരിക്കട്ടെ, ഇത്തവണ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസുകാരന്‍ പോലും തിരിഞ്ഞു നോക്കാനില്ലാത്തവിധം താന്‍ തന്നെ തോറ്റുപോയിരിക്കുന്നു. പറയേണ്ടതെല്ലാം പറഞ്ഞാല്‍ കൊള്ളേണ്ടിടത്തു തന്നെ കൊള്ളും. അതുണ്ടായാല്‍ കോണ്‍ഗ്രസ് പത്മവ്യൂഹത്തില്‍ കിടന്ന് പുളയുമെന്ന് അസ്തപ്രജ്ഞനായി തീര്‍ന്നെങ്കിലും അര്‍ജുന് അറിയാം. ഒരുപാട് കുളം കണ്ട കൊക്കാണ് അര്‍ജുന്‍. പക്ഷേ സീതാറാം കേസരിക്കു വന്ന ദുര്‍വിധി ഓര്‍ക്കുമ്പോള്‍ ഒരുള്‍ഭയം. മരണവാര്‍ത്ത കേട്ടാലും തിരിഞ്ഞു നടക്കുന്ന കോണ്‍ഗ്രസുകാരെ കേസരിയുടെ മരണകാലത്ത് അര്‍ജുന്‍ കണ്ടതല്ലേ.!

പറയാതെ വയ്യ:

പ്രത്യാശയ്ക്കു വകയുണ്ട്.

രാജോചിതമായി യാത്രയയപ്പു നല്‍കിയ ആന്‍ഡേഴ്‌സണെ 26 കൊല്ലത്തിനുശേഷം മരത്തില്‍ പിടിച്ചുകെട്ടി ആ മരത്തോടുകൂടി ഇന്ത്യയില്‍ കൊണ്ടുവന്നു കളയുമെന്ന് സാക്ഷാല്‍ വീരപ്പമൊയ്‌ലി പ്രഖ്യാപിച്ചിട്ടുണ്ട്. യഥാര്‍ഥ വീരപ്പന്‍ കഴിഞ്ഞാല്‍ ഇന്ത്യയ്ക്ക് ശേഷിക്കുന്ന ഒരേയൊരു വീരപ്പനാണ് മൊയ്‌ലിയെന്നുള്ളതുകൊണ്ട് വിശ്വസിക്കാതെ തരമില്ല.

"മെമ്പര്‍ഷിപ്പ് വേണോ? മെമ്പര്‍ഷിപ്പ്,പോരുവിന്‍ എം പിയാകാം, എം എല്‍ എയാകാം"

''വീണ വേണോ? - നല്ലവീണ - അമൂല്യമാം
വീണയൊന്നുണ്ടെന്റെ കയ്യില്‍
താരാട്ടു കേള്‍ക്കാ, മുറക്കറ സംഗീത-
ധാരയില്‍ ചേര്‍ന്നു മയങ്ങാം''
എന്ന് 'വീണ വില്പനക്കാരന്‍' എന്ന മനോഹര കവിതയില്‍ കുരിപ്പൂഴ ശ്രീകുമാര്‍ പാടുന്നുണ്ട്.

പുത്തന്‍കാലത്ത് മെമ്പര്‍ഷിപ്പ് വില്പനക്കാര്‍ വന്‍കിട പത്രങ്ങളിലെ പരസ്യങ്ങളിലൂടെ വിളിച്ചു ചോദിക്കുന്നു; മെമ്പര്‍ഷിപ്പ് വേണോ? യൂത്ത് കോണ്‍ഗ്രസില്‍ മെമ്പര്‍ഷിപ്പ് വേണോ? മൂല്യമില്ലാത്തതാം മെമ്പര്‍ഷിപ്പ് ധാരാളമുണ്ട് കൈവശം. വരുവിന്‍, കൈപ്പറ്റുവിന്‍ എന്ന് ആവേശത്തള്ളിച്ചയാല്‍ ആഹ്വാനം ചെയ്യുന്നു.

മെയ് 28 വെള്ളിയാഴ്ച മലയാള മനോരമ ദിനപത്രത്തിലെ അവസാനതാളില്‍ വര്‍ണാഭമായ പരസ്യം യൂത്ത് കോണ്‍ഗ്രസ് ചിഹ്നത്തിന്റെ അകമ്പടിയോടെ അച്ചടിച്ചു വന്നു. യുവാക്കളെ മാത്രമല്ല വയോവൃദ്ധരെപോലും രോമാഞ്ചപുളകിതരാക്കാന്‍ പോന്ന വാചകങ്ങള്‍, വാഗ്ദാനങ്ങള്‍ പരസ്യത്തില്‍ തുടിച്ചുനില്‍ക്കുന്നു. ഏതൊരു വൃദ്ധതാപസനും ഈ പരസ്യം കണ്ണില്‍പെട്ടാല്‍ യുവസിംഹമായി ഞൊടിയിടയ്ക്കുള്ളില്‍ പരിണമിക്കും എന്നത് നിസ്സംശയം പറയാം.

'യുവജനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാന്‍ നിങ്ങള്‍ തയ്യാറാണോ' എന്ന ചോദ്യത്തിനു പിന്നാലെ ഇതാ നിങ്ങള്‍ക്കായി ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് ചരിത്രപരമായ ഒരവസരം ഒരുക്കുന്നു എന്ന കിടിലോല്‍ക്കിടിലം അറിയിപ്പുമുണ്ട്. എന്താണ് ചരിത്രപരമായ അവസരം എന്നല്ലേ? പലതുണ്ട്. നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് ഗുണം എന്നാണ്. പക്ഷേ യൂത്ത് കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് എടുത്താല്‍ രണ്ടും നാലുമല്ല പലതുണ്ട് ഗുണം. കേരളത്തില്‍ ഒരു പുതിയ യൂത്ത് കോണ്‍ഗ്രസിന്റെ ഉദയം ഉടന്‍ തന്നെ ദര്‍ശിക്കുവാനുള്ള സൗഭാഗ്യമാണ് ഒരു ഗുണം. ഇതുവരെ യൂത്ത് കോണ്‍ഗ്രസ് അസ്തമയത്തിലായിരുന്നു. ഉടനെ ഉദിക്കും. സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് നേതൃനിരയിലെ റോസ് പൗഡര്‍ കുട്ടന്‍മാരെ തിരഞ്ഞെടുക്കുന്നതിനായുള്ള സമ്മതിദാനാവകാശം വിനിയോഗിക്കുവാനുള്ള അപൂര്‍വവും അതുല്യവുമായ സൗഭാഗ്യം കൈവരുമെന്നതാണ് മറ്റൊരു ഗുണം. തിരഞ്ഞെടുപ്പ് എന്നു പറഞ്ഞാല്‍ സാധാരണ തിരഞ്ഞെടുപ്പൊന്നുമല്ല. ലോകം ഇന്നേവരെ ദര്‍ശിച്ചിട്ടില്ലാത്ത തിരഞ്ഞെടുപ്പിലാണ് സമ്മതിദാനാവകാശം വിനിയോഗിക്കുവാന്‍ അവസരം ലഭിക്കുക.

പരസ്യവാചകം ഇങ്ങനെ പറയുന്നു. 'ഈ പ്രക്രിയ സ്വതന്ത്രവും നീതിപൂര്‍വകവും ആയിരിക്കും'. തമാശയാണെന്നു കരുതി ആരും ചിരിച്ചുകളയരുത്. തമാശയല്ലെന്നറിയാന്‍ തൊട്ടടുത്ത വാചകം കൂടി വായിക്കൂ; ''മുന്‍ ഇലക്ഷന്‍ കമ്മിഷണര്‍മാര്‍ സാരഥ്യം വഹിക്കുന്ന ഫെയിം എന്ന സ്വതന്ത്രമായ എന്‍ ജി ഒ യുടെ ഓഡിറ്റിംഗിനും ഇത് വിധേയമാണ്.' പോരേ, ഇത്ര പോരേ? ഇങ്ങനെയൊരു തിരഞ്ഞെടുപ്പില്‍ ഇതിനുമുമ്പ് വോട്ടു ചെയ്യാന്‍ സാക്ഷാല്‍ നെഹ്‌റുവിനുപോലും കഴിഞ്ഞിട്ടില്ല.

ഇതു മാത്രമല്ല ഗുണങ്ങള്‍. സോപ്പു വാങ്ങുമ്പോള്‍ ചീപ്പൊന്ന് ഫ്രീ, പൗഡര്‍ വാങ്ങുമ്പോള്‍ കണ്ണാടിയൊന്ന് ഫ്രീ, ജീന്‍സ് വാങ്ങുമ്പോള്‍ വാച്ചൊന്ന് ഫ്രീ, ടെലിവിഷന്‍ വാങ്ങുമ്പോള്‍ ഡി വി ഡി ഒന്ന് ഫ്രീ, കണ്‍മഷി വാങ്ങുമ്പോള്‍ ചുമന്ന പൊട്ട് ഫ്രീ എന്നെല്ലാം പരസ്യം ചെയ്യുമ്പോലെ, പത്രങ്ങള്‍ വാര്‍ത്തകള്‍ക്കു പകരം ഒന്നരക്കോടിയുടെയും രണ്ടരക്കോടിയുടെയും സമ്മാനകിലുക്കം വാഗ്ദാനം ചെയ്യുംപോലെ യൂത്ത് കോണ്‍ഗ്രസ്സ് മെമ്പര്‍ഷിപ്പ് വാങ്ങുന്നവര്‍ക്കും സൗജന്യ വാഗ്ദാനമുണ്ട്.

യുവരാജാവ് രാഹുല്‍ഗാന്ധി കൈകെട്ടി നില്‍ക്കുന്ന ചിത്രത്തിന് കീഴില്‍ 'നേതൃത്വം ഏറ്റെടുക്കൂ!' എന്ന് ആശ്ചര്യചിഹ്നം നല്‍കിയിട്ടുള്ള ഉപശീര്‍ഷകത്തിന്‍ കീഴില്‍ പറയുന്നു; 'തിരഞ്ഞെടുപ്പില്‍ മത്സരിക്കൂ! നേതാവാകൂ! എന്ന്. തീര്‍ന്നില്ല സമ്മാനപ്പെരുമഴ. നിയമസഭയിലേയ്ക്കും ലോക്‌സഭയിലേയ്ക്കും സംസ്ഥാനതലത്തിലേയ്ക്കും മെമ്പര്‍ഷിപ്പ് എടുക്കുന്നവരെ തിരഞ്ഞെടുക്കുന്നതായിരിക്കും എന്ന ബംബര്‍ വാഗ്ദാനവുമുണ്ട്. പക്ഷെ ഒരു നിബന്ധനയുണ്ട്. ഒരാള്‍ മാത്രം അംഗമായാല്‍ പോര. രാഹുല്‍ജീ പറയുന്നു; 'നിങ്ങളുടെ അനുയായികളെ അംഗങ്ങളാക്കി, തിരഞ്ഞെടുപ്പില്‍ മത്സരിക്കുക.'
എന്നു പറഞ്ഞാല്‍ ഒരു മെമ്പര്‍ഷിപ്പ് വാങ്ങി കയ്യും വീശി ഒറ്റയ്ക്കു വന്നാല്‍ പോരാ. കുറേ മെമ്പര്‍ഷിപ്പ് വിറ്റ് പണവുമായി വരണം.
അങ്ങനെയുള്ളവര്‍ക്കേ ബംബര്‍ സമ്മാനം ലഭിക്കൂ.'

പുതിയ പ്രവര്‍ത്തകരേയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരേയും തങ്ങള്‍ പ്രത്യേകം സഹായിക്കുമെന്ന വാഗ്ദാനവും പരസ്യത്തിലുണ്ട്. ആനന്ദതുന്ദിലിതരാവാന്‍ ഇനിയെന്തു വേണം?

കട്ടിലില്‍ കാലും നീട്ടിയിരുന്ന മുത്തച്ഛന്മാരും മുത്തശ്ശിമാരും യൂത്ത് കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പെടുത്താലോ എന്ന ആലോചനയിലാണ്. എം എല്‍ എയാകാനും എം പിയാകാനും മോഹിച്ച്, മോഹങ്ങള്‍ മരവിച്ച് കെ പി സി സി ആസ്ഥാനത്തും എ ഐ സി സി ആസ്ഥാനത്തും ഭിക്ഷാംദേഹികളായി അലയുന്ന ചാനല്‍ നടന്മാര്‍ക്കും യൂത്ത് കോണ്‍ഗ്രസില്‍ മെമ്പര്‍ഷിപ്പെടുക്കാന്‍ കലശലായ മോഹം ഉദിപ്പിച്ചിരിക്കുന്നൂ പത്രപരസ്യം. മരവിച്ച മോഹങ്ങള്‍ക്കും മുരടിച്ച ആശകള്‍ക്കും പുതുജീവന്‍ കൈവന്നിരിക്കുന്നു.
ഹെലികോപ്ടറില്‍ പറന്നിറങ്ങിയും കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ചുറ്റിയടിച്ചും ഹോട്ടലില്‍ കയറി പൊറോട്ട കഴിച്ചും യുവരാജാവ് മെമ്പര്‍ഷിപ്പെടുക്കാന്‍ യുവജനങ്ങളോട് കേണിട്ട് ഒന്നും ഫലിച്ചില്ല. കോഴക്കേസില്‍പെട്ട് ക്രിക്കറ്റ് ക്രീസില്‍ നിന്ന് എന്നന്നേയ്ക്കുമായി ബൗള്‍ഡായ അസ്ഹറുദീനെ തുറന്ന ജീപ്പില്‍ ചുറ്റിയടിപ്പിച്ചിട്ടും കഥ താഥൈവ തന്നെ.

എന്തിനാ ഒരു പത്രപരസ്യം കൂടി കൊടുത്തേയ്ക്കാം. എം എല്‍ എയും എം പിയുമാകാനുള്ള സുവര്‍ണാവസരം നഷ്ടപ്പെടുത്തരുതെന്ന ഉശിരന്‍ അറിയിപ്പു നല്‍കാം. മെമ്പര്‍ഷിപ്പ് തേടി ആരും അലഞ്ഞുനടന്ന് ക്ഷീണിക്കുകയൊന്നും വേണ്ട.
ഇടുക്കിയില്‍ രുഗ്മിണി ചന്ദ്രനേയും തൃശൂരില്‍ റ്റി കെ ആര്‍ സുധയെയും മലപ്പുറത്ത് എസ് വിജയധരണിയെയും കാസര്‍ഗോഡ് എസ് എച്ച് എസ് മണിയെയും കണ്ണൂരില്‍ ഖൈസര്‍ അഹമ്മദിനെയും വയനാട് എസ് രാമപ്രസാദിനെയും ആലത്തൂരില്‍ ആര്‍ എച്ച് കുമാറിനെയും ചാലക്കുടിയില്‍ കെ രമേശിനെയും പൊന്നാനിയില്‍ ബി ആര്‍ നായിഡുവിനെയും മാവേലിക്കരയില്‍ ബി വി ശ്രീനിവാസിനെയും തുടങ്ങി കൊല്ലത്ത് ജഗദീഷിനെയും ആറ്റിങ്ങലില്‍ സാന്ദീപിനെയും തിരുവനന്തപുരത്ത് ഗുരുരാമനെയും വരെ ബന്ധപ്പെടാവുന്നതാണ്.

വിസ്താര ഭയംകൊണ്ട് എല്ലാ മൊത്തക്കച്ചവടക്കാരെയും പരിചയപ്പെടുത്താനാവാത്തതില്‍ ഖേദമുണ്ട്. ഇവരെയൊന്നും പരിചയമില്ലല്ലോ എന്നോര്‍ത്ത് ആരും ദുഃഖിക്കേണ്ട. എല്ലാവരുടെയും 88 ല്‍ തുടങ്ങുന്ന മൊബൈല്‍ നമ്പരുകളും പരസ്യത്തിലുണ്ട്. മൊത്തക്കച്ചവടക്കാരെ ഫോണ്‍വഴി ബന്ധപ്പെട്ട് അവരില്‍ നിന്ന് നേരിട്ടോ അവരുടെ കീഴിലുള്ള ചില്ലറ വില്‍പനക്കാരില്‍ നിന്നോ പതിനായിരമോ ലക്ഷമോ അതില്‍ കൂടുതലോ മെമ്പര്‍ഷിപ്പ് ഭാഗ്യാന്വേഷികള്‍ക്ക് സ്വീകരിക്കാവുന്നതാണ്.

ഇങ്ങനെയും യുവജന സംഘടനകള്‍ക്ക് അംഗങ്ങളെ ചേര്‍ത്ത് രാജ്യത്തിന് കരുത്തേകുന്ന വമ്പന്‍ യുവജന പ്രസ്ഥാനം കെട്ടിപ്പടുക്കാം എന്ന് കണ്ടുപിടിച്ച രാഹുല്‍ഗാന്ധിയെ ആര്‍ക്കാണ് വണങ്ങാതിരിക്കാന്‍ കഴിയുക. ഇത് മുമ്പേതന്നെ മെമ്പര്‍ഷിപ്പ് വില്‍പ്പനയില്‍ വിരുത് തെളിയിച്ച മൂത്ത കോണ്‍ഗ്രസുകാര്‍ക്കും മാതൃകയാക്കാവുന്നതാണ്. തെരുവായ തെരുവിലൊക്കെ ഗദ്ഗദ സ്വരത്തില്‍ ഒരു പാരഡി ശകലം കേള്‍ക്കുന്നുണ്ടോ? 'ആരു വാങ്ങുമിന്നാരു വാങ്ങുമീ, ആര്‍ക്കും വേണ്ടാത്ത മെമ്പര്‍ഷിപ്പ്' എന്ന്.

സമയം കളയാനില്ല.
ജൂണ്‍ അഞ്ചുവരെയേ ഈ സൗഭാഗ്യ വില്‍പനയുള്ളൂ എന്ന് ഓര്‍മ്മ വേണം.

സിക്‌സറടിക്കാന്‍ മോഹിച്ചു, പക്ഷേ റണ്ണൗട്ടായി....

'കനകം മൂലം കലഹം, കാമിനി മൂലം കലഹം' എന്നത് സിനിമാ ഗാനത്തിലെ ഈരടികള്‍ മാത്രമല്ല . പണ്ടേയ്ക്ക് പണ്ടേയുണ്ടായ സംഭവങ്ങള്‍ തെളിയിച്ച സത്യവും ഇന്നും അരങ്ങേറുന്ന അനുഭവവുമാണ്. സ്വത്തിനും പണത്തിനും കാമിനിക്കും വേണ്ടിയുള്ള കലഹം പൗരാണിക കാലത്തുപോലുമുണ്ടായിരുന്നു. അത് വര്‍ത്തമാന കാലത്തും മാറ്റമില്ലാതെ തുടരുന്നു.
കേന്ദ്ര വിദേശകാര്യസഹമന്ത്രി ശശി തരൂരിന്റെ നിഷ്ഠൂര അനുഭവങ്ങള്‍ തെളിയിക്കുന്നതും കാമിനിയുടെയും കനകത്തിന്റെയും ഫലമായുണ്ടാവുന്ന ഉഗ്ര കലഹത്തിന്റെ ആഘാത പ്രത്യാഘാതങ്ങളാണ്. ലണ്ടനിലും കാനഡയിലും ന്യൂയോര്‍ക്കിലും ജീവിതത്തിലെ നല്ലകാലം മുഴുവന്‍ ചുറ്റിക്കറങ്ങിയ ശശി തരൂരിന് അവിടങ്ങളിലെ പണി തീര്‍ന്നപ്പോഴാണ് ഇന്ത്യയോട് ആദരവും രാജ്യത്തെ സേവിക്കണമെന്നുള്ള അഭിവാഞ്ജയും പൊട്ടിമുളച്ചത്. ഖദറിനെ അപഹസിച്ച തരൂരിന്, കോണ്‍ഗ്രസ് നേതാക്കളെ സന്ദര്‍ശിക്കുമ്പോള്‍ മാത്രം ഖദര്‍ ഇഷ്ടവേഷമായി. അവര്‍ക്കും ഖദറിനോട് പുച്ഛമാണെന്ന് പാവത്തിന് അറിയാതെ പോയി. മാംസപിണ്ഡം എന്ന് താന്‍ തന്നെ വിശേഷിപ്പിച്ച വ്യക്തി ആദരണീയയും അഭിവന്ദ്യയുമായ നേതാവായി പരിണമിച്ചു. മുന്‍പിന്‍ നോട്ടമില്ലാതെ ഇന്ദിരയെയും രാജീവിനെയും അപഹസിക്കുകയും പുച്ഛത്തോടെ വിശകലനം നടത്തുകയും ചെയ്ത തരൂര്‍ അവരെ ഈശ്വരതുല്യരായി കണ്ട് നമിക്കുകയും സ്തുതിക്കുകയും വാഴ്ത്തുകയും ചെയ്തു.
ഐക്യരാഷ്ട്രസഭാ ഉദ്യോഗസ്ഥനായിരിക്കുമ്പോള്‍ ഇന്ത്യയെ കാണാതിരിക്കുകയും അറിയാതിരിക്കുകയും ചെയ്ത ഈ സാമ്രാജ്യത്വ സ്തുതിപാഠകന് അവിടത്തെ പണിതീര്‍ന്നപ്പോഴാണ് പൊടുന്നനെ കോണ്‍ഗ്രസ്സിനോടുള്ള സ്‌നേഹം വഴിഞ്ഞൊഴുകിയത്. എല്ലാം കാലത്തിന്റെ കളികള്‍ എന്നു മാത്രമേ തരൂരിന് പോലും വിശദീകരിക്കാനാവുകയുള്ളു.

നൈമിഷിക വേഗതയില്‍ ആര്‍ക്കും കോണ്‍ഗ്രസുകാരനാവാമെന്നതുകൊണ്ട് ശശി തരൂരും കോണ്‍ഗ്രസായി. കോടീശ്വരനായതുകൊണ്ട് കോണ്‍ഗ്രസുകാര്‍ അഭിമാന വിജ്യംഭണത്തോടെ അദ്ദേഹത്തെ എതിരേറ്റു. പാര്‍ലമെന്റില്‍ കോടീശ്വരന്മാരും കുബേരന്മാരും തന്നെ വേണമെന്ന നിര്‍ബന്ധബുദ്ധി കോണ്‍ഗ്രസിനുള്ളതുകൊണ്ട് അദ്ദേഹത്തിന് പാര്‍ലമെന്റ് സീറ്റും കേന്ദ്രമന്ത്രിപദവിയും കിട്ടി. ഉടുമുണ്ടഴിച്ചും കസേരയേറു നടത്തിയും സോഡാകുപ്പി പ്രയോഗം നടത്തിയും കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിന്റെ വിശിഷ്ടത തെളിയിച്ചവരെ വീണ്ടും വീണ്ടും ഈ വൈഭവം ആവര്‍ത്തിക്കുവാനായി നിയോഗിച്ചു. വെയിലുകൊണ്ടും മുദ്രാവാക്യം വിളിച്ചും പെട്ടിയെടുത്തും മുട്ടുതിരുമ്മിയും ക്ഷീണിച്ചവരെ വീണ്ടും വീണ്ടും ക്ഷീണിക്കുവാനായും ചുമതലപ്പെടുത്തി.

മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടുപോയി എന്ന ചൊല്ല് അന്വര്‍ഥമാക്കണമെന്ന് കോണ്‍ഗ്രസ്സ് പാര്‍ട്ടിയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നതുകൊണ്ട് ശശി തരൂരിനെ വിദേശകാര്യ സഹമന്ത്രിയാക്കി.
മുതുക് നോവാതെ വേലി കടന്നതുകൊണ്ട് ഇന്ത്യയില്‍ സാധാരണ ക്ലാസില്‍ വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ കന്നുകാലികളാണെന്ന് അദ്ദേഹത്തിന് അനുഭവപ്പെട്ടു. വിമാനം കണ്ടുമാത്രം പരിചയമുള്ളവര്‍ പുഴുക്കളാണെന്നും വിമാനം കണ്ടിട്ടില്ലാത്തവര്‍ കണ്ണില്‍ പെടാത്ത കൃമികളാണെന്നും വിലയിരുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ശരിയായ കോണ്‍ഗ്രസ്സുകാരനാണ് ശശി തരൂരെന്ന് ഓര്‍ത്തോര്‍ത്തും പ്രചരിപ്പിച്ചും കോണ്‍ഗ്രസ്സുകാര്‍ കോള്‍മയിര്‍ കൊണ്ടു.
പ്രണയം മരിക്കുന്നില്ലെന്ന് ആര്‍ക്കാണ് അറിയാത്തത്? ആര്‍ക്കും അറിയില്ലെങ്കിലും ശശി തരൂരിന് അറിയാം. 'ഇതിഹാസങ്ങള്‍ ജനിക്കുന്നതിന് മുമ്പ്, ഈശ്വരന്‍ ജനിക്കുന്നതിന് മുമ്പ്, പ്രകൃതിയും കാലവും ചേര്‍ന്ന് പ്രണയത്തെ, ദിവ്യപ്രണയത്തെക്കുറിച്ച് പാടിയിട്ടുണ്ടെന്ന് വയലാര്‍ എഴുതുന്നതിനും മുമ്പേ തരൂരിന് അറിയാവുന്നതാണ്. അതുകൊണ്ട് നിമിഷങ്ങള്‍ നീളുന്ന പ്രണയത്തിലും കേവല വര്‍ഷങ്ങള്‍ നീളുന്ന ദാമ്പത്യത്തിലും അദ്ദേഹം മുങ്ങിക്കുളിച്ചിട്ടുണ്ട്. വെളിപ്പെടുത്തപ്പെട്ടതും ഔദ്യോഗികവുമായ രണ്ട് വൈവാഹിക ജീവിതങ്ങള്‍ നയിച്ച് വിരസത പൂണ്ടതിനാല്‍ മൂന്നാമത്തെ വൈവാഹിക ജീവിതത്തിന്റേതായ റിലേ മത്സരത്തിന്റെ ബാറ്റണ്‍ കയ്യിലേന്തി നില്‍ക്കുമ്പോഴാണ് ചില വിരസരും പ്രണയവിരുദ്ധരും അസൂയാലുക്കളുമായ ആളുകള്‍ പ്രയാണത്തെ തടസ്സപ്പെടുത്താന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്. 'പ്രേമിയ്ക്ക, അനവതരവും പ്രേമിയ്ക്ക്' എന്ന വിക്ടര്‍ ഹ്യൂഗോവിന്റെ വരികള്‍ ഈ കുബുദ്ധികള്‍ക്കറിയില്ല.

കേരളത്തിന്റെ ഒരേയൊരു ഇല്ലായ്മ ഐ പി എല്‍ ക്രിക്കറ്റ് ടീമാണെന്ന് തിരിച്ചറിഞ്ഞ് അതിനായി പൊരുതുകയും വിജയിക്കുകയും ചെയ്തതിന്റെ പേരിലാണ് ഈ കോലാഹലം. ഗുജറാത്തിലെ വ്യവസായികളുടെ പണമിറക്കി ഒരു ടീമുണ്ടാക്കിയാല്‍ അത് എങ്ങനെ കേരള ടീം ആകുമെന്ന് ചോദിച്ച് വശംകെടുത്തരുത്. കേരള ടീമിന്റെ സ്വന്തം ഗ്രൗണ്ടായി ഗുജറാത്തിലെ അഹമ്മദാബാദിനെ ശുപാര്‍ശ ചെയ്യുന്നതെങ്ങനെ എന്നും ചോദിക്കരുത്. ശശി തരൂര്‍ ഇടപെട്ടതുകൊണ്ട് അത് കേരളത്തിന്റെ ടീമാണ്. അത്രമാത്രം കരുതിയാല്‍ മതി.
സഹസ്രകോടീശ്വരന്മാര്‍ കള്ളപ്പണത്തെ വെളുപ്പിക്കാനും കൂടുതല്‍ കോടികള്‍ കൊയ്യാനും നടത്തുന്ന ചൂതാട്ടം എങ്ങനെ നടത്തണമെന്ന് ഉപദേശിച്ചതിലൂടെ കേരളത്തിന് സൗവര്‍ണ ശോഭയുള്ള ഭാഗ്യമുദ്രയാണ് തരൂര്‍ കൊണ്ടുവന്നതെന്ന കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയ്ക്കും ചെന്നിത്തലയ്ക്കും കെ സുധാകരനും എന്തിന് പി കെ കുഞ്ഞാലിക്കുട്ടിയ്ക്കുപോലും സംശയമില്ല.
കൊച്ചി കേന്ദ്രീകൃതമായ ഐ പി എല്‍ ടീം വരുന്നതോടെ കേരളം അപ്പാടെ വികസിച്ച് പശ്ചിമഘട്ടം കടക്കും, അറബിക്കടലിനെ അതിജീവിക്കും. കേന്ദ്ര തരേണ്ട അരിയും ഗോതമ്പും മണ്ണെണ്ണയും പഞ്ചസാരയും തന്നില്ലെങ്കിലും വീണ്ടും വീണ്ടും വെട്ടിക്കുറച്ചാലും പട്ടിണിപാവങ്ങള്‍ക്ക് കുഴപ്പമുണ്ടാവാതെ ഐ പി എല്‍ ടീം നോക്കിക്കൊള്ളും. തൊഴിയില്ലാത്തവര്‍ കേരളത്തില്‍ ഇല്ലാതാകും. കേരളത്തോടുള്ള സ്‌നേഹം ഒന്നുകൊണ്ടുമാത്രം തരൂര്‍ മുന്നിട്ടിറങ്ങിയതാണ്. പക്ഷേ അതില്‍ പണമൊന്നും മുടക്കാതെ തരൂരിന്റെ പ്രതിശ്രുത വധുവായി കരുതപ്പെടുന്ന ഒരാളിന് 18 ശതമാനം സ്വതന്ത്ര ഓഹരികളുണ്ടായിപ്പോയി! പണം മുടക്കാതെയും 1550 കോടി ചെലവഴിച്ച ടീമില്‍ ഓഹരിയുണ്ടാക്കാമെന്ന് ബുദ്ധിയുള്ളവര്‍ക്കല്ലേ മനസ്സിലാക്കാന്‍ പറ്റൂ. ടീം ഒപ്പിച്ചെടുക്കാന്‍ പ്രതിശ്രുത വധു നന്നായി വിയര്‍പ്പൊഴുക്കി. ആ വിയര്‍പ്പിന്റെ കൂലിയാണ് പണം മുടക്കാതെയുള്ള 18 ശതമാനം ഓഹരി. പറഞ്ഞാല്‍ വിശ്വസിക്കണമെങ്കില്‍ വിയര്‍പ്പൊഴുക്കിയതിന്റെ ക്ഷീണമെത്രയേറെയെന്ന് മനസ്സിലാക്കണം.

ചാനലുകാരെയും പത്രക്കാരെയും കൊണ്ടും നിവൃത്തിയില്ലാതായി. അവര്‍ തോളിലേറ്റി നടക്കുകയും ഉപഹാരങ്ങള്‍ പറ്റുകയും പുകഴ്ത്തുകയും ചെയ്യും. തരം കിട്ടുമ്പോള്‍ തറയിലിട്ട് ചവിട്ടിമെതിക്കുകയും ചെയ്യും. 18 ശതമാനം ഓഹരി കിട്ടിയ 'കഠിനാധ്വാനി'യായ വനിതയുമായി തരൂര്‍ മുട്ടിയിരുമ്മുന്നതും മുഖം ചേര്‍ത്തുവെയ്ക്കുന്നതും പ്രണയ വിവശനാകുന്നതും സുന്ദരി തോളില്‍ പിടിക്കുന്നതും വ്രീളാവിവശയായി പിച്ചുന്നതുമൊക്കെയായുള്ള ചലന-നിശ്ചല ചിത്രങ്ങള്‍ കാട്ടി അവര്‍ ആഘോഷിച്ചുകളഞ്ഞു.

വമ്പന്‍ സിക്‌സറടിക്കുകയായിരുന്നൂ മോഹം. പക്ഷേ റണ്ണൗട്ടായിപ്പോയി.
സംശയം തീര്‍ക്കേണ്ട മൂന്നാം അമ്പയര്‍മാര്‍ക്ക് കാഴ്ചശക്തി നന്നേ കുറവാണെന്നതു മാത്രമായിരുന്നു പ്രതീക്ഷ. പക്ഷെ അവരുടെ കണ്ണുകള്‍ക്ക് പോലും കാഴ്ച നല്‍കാന്‍ പോന്നതായിരുന്നു തരൂരിന്റെ കളി.

ശരിയ്‌ക്കൊന്ന് 'ക്രിക്കറ്റ്' കളിക്കാന്‍ പോലും സമ്മതിക്കുന്നില്ലെങ്കില്‍ തരൂര്‍ എന്തു ചെയ്യും?.

‘രാജി വെച്ചു കളയും ഞാന്‍’

കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം നിസ്സാരനല്ലെന്ന് അറിയാത്തവരായി അധികമാരും ഉണ്ടാവാന്‍ തരമില്ല. വിദേശത്തെ ഉന്നത സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ മിടുമിടുക്കനാണ് അദ്ദേഹം. കീര്‍ത്തിമുദ്രകള്‍ ഒന്നല്ല ഒട്ടനവധിയാണ് ചിദംബരത്തിന്. ചെട്ടിയാര്‍ രാജപരമ്പരകളിലെ മുദ്രപതിപ്പിച്ച കിരീടം അദ്ദേഹം ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. സമ്പന്നരില്‍ സമ്പന്നനായതുകൊണ്ട് പാവപ്പെട്ടവരെയും ദരിദ്രരെയും കണ്ടാല്‍ അറപ്പും അവരെക്കുറിച്ച് കേള്‍ക്കുന്നത് അലര്‍ജിയുമാണ് അദ്ദേഹത്തിന്. വിശക്കുന്നവന്റെ സ്വപ്നം ആഹാരമാണെന്ന മുഴുത്ത സത്യം അതുകൊണ്ടുതന്നെ അദ്ദേഹത്തിന് അറിഞ്ഞുകൂട. വിശക്കുന്നവന്‍ കൂടുതല്‍ കൂടുതല്‍ വിശക്കണമെന്നും ധനാഢ്യര്‍ കൂടുതല്‍ കൂടുതല്‍ ധനാഢ്യരാകണമെന്നും നിര്‍ബന്ധമുള്ളയാളാണ് ചിദംബരം. പലഘട്ടങ്ങളിലായി, പല മന്ത്രിസഭകളില്‍ വാണിജ്യ-ധനകാര്യ മന്ത്രി കസേരകള്‍ ലഭ്യമായപ്പോഴൊക്കെ വിശക്കുന്നവനെ കൂടുതല്‍ വിശക്കുവാനും ദരിദ്രനെ കൂടുതല്‍ ദരിദ്രനാക്കാനുമുള്ള ‘ജനോപകാരപ്രദമായ’ നടപടികള്‍ ഈ കുബേരന്‍ സ്വീകരിച്ചിട്ടുമുണ്ട്.


ഏതെങ്കിലും ഒരു പാര്‍ട്ടിയില്‍ തന്നെ നിലകൊള്ളണമെന്ന ശാഠ്യമൊന്നും ചിദംബരത്തിനുള്ളതായി അദ്ദേഹത്തിന്റെ ശത്രുക്കള്‍ പോലും ആരോപിക്കുകയില്ല. കോണ്‍ഗ്രസായത് കോണ്‍ഗ്രസ് ഒരു നല്ല കക്ഷിയാണെന്ന് തെറ്റിദ്ധരിച്ചിട്ടൊന്നുമല്ല. കോണ്‍ഗ്രസായാല്‍ അധികം ആയാസപ്പെടാതെ തന്നെ പാര്‍ലമെന്റിലെത്താം, മന്ത്രിയാവാം എന്നൊക്കെ തിരിച്ചറിഞ്ഞതുകൊണ്ടാണ്. പണക്കാരോടും രാജ പരമ്പരകളോടും നിസ്സീമമായ സ്‌നേഹം സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ കോണ്‍ഗ്രസിനുണ്ടെന്ന് ചിദംബരത്തിനറിയാമായിരുന്നു. ഖദര്‍ ധരിക്കണമെന്നും അതൊരു അടയാളമായി കൊണ്ടു നടക്കണമെന്നുമുള്ള ലളിതമായ കാര്യം മാത്രമേ കോണ്‍ഗ്രസാകാന്‍ വേണ്ടതുള്ളൂ എന്നതും ശിവഗംഗക്കാരനായ ചിദംബരത്തിനറിയാം. പക്ഷേ എപ്പോഴും കോണ്‍ഗ്രസായി നിന്നു കൊള്ളാമെന്നൊന്നും ആര്‍ക്കും വാക്കു കൊടുത്തിട്ടില്ലാത്തതുകൊണ്ട് ഇടയ്ക്ക് കോണ്‍ഗ്രസ് വിടുകയും ചെയ്യാമെന്ന് ചിദംബരത്തിന് നിശ്ചയമുണ്ട്.

കോണ്‍ഗ്രസിലെ ട്രബിള്‍ ഷൂട്ടറായിരുന്ന ജി കെ മൂപ്പനാര്‍ കോണ്‍ഗ്രസിന് ട്രബിള്‍ സൃഷ്ടിച്ചുകൊണ്ട് തമിഴ്മാനിലാ കോണ്‍ഗ്രസുണ്ടാക്കിയപ്പോള്‍ ചിദംബരവും ഒപ്പം കൂടി. കോണ്‍ഗ്രസില്‍ എവിടെയൊക്കെ പ്രശ്‌നമുണ്ടായാലും അതു പരിഹരിക്കാന്‍ ഓടി നടന്ന പ്രശ്നപരിഹാരി തന്നെ പ്രശ്‌നക്കാരനാവുമ്പോള്‍ കൂട്ടത്തില്‍ നില്‍ക്കേണ്ട കടമ തനിക്കുമുണ്ടെന്ന് ചിദംബരത്തിന് ഉള്‍വിളി ഉണ്ടായി. പക്ഷേ മൂപ്പനാര്‍ പ്രശ്‌നങ്ങളൊക്കെ പരിഹരിച്ച് കോണ്‍ഗ്രസിലേയ്ക്ക് മടങ്ങിയപ്പോള്‍ കൂടെപ്പോകാന്‍ ചിദംബരത്തെ കിട്ടിയില്ല. ആരും അറിയാത്തതും ഇന്ന് ചിദംബരത്തിനുപോലും ഓര്‍മ്മയില്ലാത്തതും ആരും കൂടെയില്ലാത്തതുമായ ഒരു പേരുമിട്ട് ഒരു കക്ഷിക്ക് ഒറ്റയ്ക്ക് നേതൃത്വം നല്‍കാനുള്ള വീരസാഹസികതയ്ക്ക് ചിദംബരം മുതിര്‍ന്നു കളഞ്ഞു.


എങ്ങനെയായാലും മന്ത്രിയായിരിക്കണമെന്ന വാശി ഉള്ളതുകൊണ്ട് ദേവഗൗഡ, ഐ കെ ഗുജ്‌റാള്‍ മന്ത്രിസഭകളിലും നുഴഞ്ഞുകയറി. 2004 ലെ തിരഞ്ഞെടുപ്പില്‍ ചിദംബരം മത്സരിച്ചത് കോണ്‍ഗ്രസ് ടിക്കറ്റിലല്ല. പക്ഷേ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ആദ്യ യു പി എ മന്ത്രിസഭ വന്നപ്പോള്‍ അദ്ദേഹം കോണ്‍ഗ്രസ് പട്ടികയില്‍ മന്ത്രിയായി. മന്ത്രി പദവിയില്‍ മുന്തിയ ഇനമായ ധനകാര്യം തന്നെ സ്വന്തമായി. പക്ഷേ ഒരിക്കല്‍ ഉപേക്ഷിച്ച കോണ്‍ഗ്രസ് അംഗത്വം അദ്ദേഹം തിരിച്ചു വാങ്ങിയിരുന്നില്ല. കോണ്‍ഗ്രസ് മെമ്പര്‍ ഷിപ്പില്ലാതെ കോണ്‍ഗ്രസ് മന്ത്രിയായതു സഹിക്കാം. പക്ഷേ മെമ്പര്‍ഷിപ്പില്ലാതെ, സ്വന്തമായുണ്ടാക്കിയ ആരുമാരുമറിയാത്ത പാര്‍ട്ടിയെ ഉപേക്ഷിക്കാതെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലും ഈ മന്നന്‍ പതിവായി പങ്കെടുത്തു. ചിദംബരത്തിന്റെ മഹത്വം പിടികിട്ടാന്‍ ഈ ഒറ്റ സംഭവം മാത്രം മതി.

ഒരു മെമ്പര്‍ഷിപ്പില്‍ എന്തിരിക്കുന്നു? എന്ന് സോണിയാഗാന്ധിയെയും മന്‍മോഹന്‍ സിംഗിനെയും കൊണ്ട് പറയാതെ പറയിപ്പിക്കുവാന്‍ ചിദംബരത്തിന് സാധിച്ചു. 2009 ആയപ്പോള്‍ അദ്ദേഹം കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായി കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചു. അദ്ദേഹത്തിന്റെ ആരോരുമില്ലാത്ത കക്ഷിയെ അദ്ദേഹം എന്തു ചെയ്തുവെന്ന് ആരുമാരും ചോദിച്ചില്ല. ജനങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ ലയന സമ്മേളനം എന്ന പ്രഹസന നാടകം ഒഴിവാക്കി അദ്ദേഹം സഹായിച്ചു. ആരോരുമറിയാതെ, അദ്ദേഹം പോലും അറിയാതെ അദ്ദേഹം കോണ്‍ഗ്രസില്‍ ലയിച്ചു ചേര്‍ന്നു.

മണ്ണില്‍ നഗ്നപാദനായി നടക്കുന്ന മനുഷ്യരെ കാണാന്‍ കഴിവില്ലാത്ത ചിദംബരത്തെ പോലുള്ളവര്‍ നേതൃത്വം നല്‍കുന്നതുകൊണ്ട് തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് ഒരു മൈനര്‍ പാര്‍ട്ട്ണറാണ്. കരുണാനിധിയുടെയും ജയലളിതയുടെയും ദയാവായ്പ്പിനായി തരാതരം പോലെ തലകുനിക്കുകയും മുട്ടിലിഴയുകയും ചെയ്യുന്ന ഒരു ചിന്ന പാര്‍ട്ടി.


പാര്‍ട്ടി തമിഴ്‌നാട്ടില്‍ ചെറുതായതുകൊണ്ട് ചിദംബരത്തിന് നഷ്ടമൊന്നുമില്ല. വമ്പന്‍ സ്ഥാനങ്ങള്‍ ചിദംബരത്തിന് സ്വന്തമാകുമ്പോള്‍ പാര്‍ട്ടി വലുതാകണമെന്ന് കാംക്ഷിക്കുന്നതെന്തിന്? ധനമന്ത്രി പദവിയില്‍ സ്വച്ഛന്ദ വിഹാരം നടത്തുമ്പോഴാണ് ആഭ്യന്തര മന്ത്രി പദവി സ്വന്തമായത്. ബോംബ് സ്‌ഫോടന പരമ്പരകളും ഭീകരാക്രമണങ്ങളും ആവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വേഷം മാറി ടെലിവിഷന്‍ ക്യാമറകള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ട് സൗന്ദര്യബോധം പ്രകടമാക്കിയ അഴകിയ രാവണനായ ആഭ്യന്തരമന്ത്രിയെ സഹിക്കവയ്യാതായപ്പോഴാണ് ശിവരാജ് പാട്ടീലിനെ കോണ്‍ഗ്രസ് ഒഴിവാക്കിയത്. പകരം മറ്റൊരു ‘അഴകുള്ള രാവണ’നെ പ്രതിഷ്ഠിച്ചു.


ആഭ്യന്തര മന്ത്രിയായ ശേഷം ‘അമ്പട ഞാനേ’ എന്ന മട്ടിലും ഭാവത്തിലുമായിരുന്നു ചിദംബരം. സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തി കോണ്‍ഗ്രസിതര സര്‍ക്കാരുകളെ പുലഭ്യം പറഞ്ഞ് ‘ഞാനൊരു മഹാകേമന്‍, എന്നെ കണ്ടു പഠിപ്പിന്‍’ എന്നു പറയാതെ പറഞ്ഞ് ഞെളിഞ്ഞു നടക്കുകയായിരുന്നു ഈ വില്ലാളി വീരന്‍. അദ്ദേഹം ആഭ്യന്തര മന്ത്രിയായ ശേഷവും സ്‌ഫോടനങ്ങള്‍ക്കും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും മാവോയിസ്റ്റ് അതിക്രമങ്ങള്‍ക്കും തെല്ലും ക്ഷാമമുണ്ടായില്ല. അതെല്ലാം കിരീടത്തിലെ സുവര്‍ണ മുദ്രകളായി ചിദംബരവും മന്‍മോഹന്‍ സിംഗും കൊണ്ടു നടന്നു.

ഒടുവില്‍ 76 അര്‍ധ സൈനികര്‍ കൊല്ലപ്പെട്ടപ്പോള്‍ ഹുങ്ക് നിലത്ത് വീണുടഞ്ഞു. ഇന്റലിജന്‍സ് സംവിധാനങ്ങളുടെ ദയനീയ പരാജയം ഉച്ചത്തില്‍ വിളിച്ചറിയിക്കപ്പെട്ടു.

മൂന്ന് ദിവസം തലപുകഞ്ഞാലോചിച്ചു.

നാലാം നാള്‍ രാവിലെ പോംവഴി ബുദ്ധിരാക്ഷസന് തെളിഞ്ഞുകിട്ടി.

വീഴ്ചയുടെ സര്‍വ്വ ഉത്തരവാദിത്വവും താന്‍ ഏറ്റെടുക്കുന്നതായി പരസ്യ പ്രഖ്യാപനം നടത്തി. പ്രധാനമന്ത്രിക്കും സോണിയാഗാന്ധിക്കും രാജിക്കത്ത് നല്‍കിയതായി രഹസ്യ പ്രഖ്യാപനവും നടത്തി. ചാനലുകാര്‍ ആഘോഷിച്ചു.

പക്ഷേ ആഘോഷത്തിന് നിമിഷങ്ങളുടെ ആയുസ്സേയുണ്ടായുള്ളു. പ്രധാനമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷയും രാജിക്കത്ത് നിര്‍ദ്ദയം കീറിക്കളഞ്ഞത്രേ, രാജി നല്‍കിയത് ആരും കണ്ടില്ല. കീറിയെറിഞ്ഞതും ആരും കണ്ടില്ല. എല്ലാം കണ്ടതും അറിഞ്ഞതും ചിദംബരം മാത്രം. അറിയിച്ചതും അദ്ദേഹം തന്നെ.

”ആറ്റിലേയ്ക്കച്യുതാ, ചാടല്ലേ, ചാടല്ലേ കാട്ടിലെ പൊയ്കയല്‍ പോയി നീന്താം” എന്ന് മന്‍മോഹന്‍ ചിദംബരത്തിന്റെ ചെവിയില്‍ മന്ത്രിച്ചുപോലും.

മാലോകരെ കുടുകുടാ ചിരിപ്പിക്കുന്ന ഓരോരോ രാജി തമാശകള്‍.

വിശക്കുന്നവരെയും പട്ടിണിക്കാരെയും ചിരിപ്പിക്കുന്നതിലും ചിദംബരത്തിന്റെയും കോണ്‍ഗ്രസിന്റെയും സംഭാവനകള്‍ പെരുത്തത് തന്നെ.

അഴിമതി എന്തെന്നറിയാത്ത മറ്റൊരു കൂട്ടര്‍...

അഴിമതി എന്ന് കേട്ടാല്‍ ഞെട്ടിത്തെറിച്ചു പോവുന്നവരാണ് കേരളത്തിലെ കോണ്‍ഗ്രസുകാര്‍.

രാത്രിയിലെ നിദ്രാവേളയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭ്യമാകുന്നത്. അരിയും ഗോതമ്പും കടലയും മറിച്ചുവിറ്റു, കേന്ദ്രം നല്‍കിയ അരി ഏറ്റെടുത്തില്ല എന്നിത്യാദി കനത്ത വിശേഷങ്ങള്‍ സ്വപ്നാടനത്തിനിടയില്‍ ലഭിക്കുന്നതു കാരണം വസ്തുതകളോ രേഖകളോ ഒന്നും കൈവശമുണ്ടാവുകയില്ല. ആയതിനാല്‍ ഇങ്ങനെ വിവരം കിട്ടിയിരിക്കുന്നുവെന്ന് പ്രഖ്യാപിക്കുകയും വാദിക്കുവാന്‍ വേണ്ടി വാദിക്കുകയും ഒടുവില്‍ ദയനീയമായി തോല്‍ക്കുകയും ചെയ്യുകയെന്നത് പ്രതിപക്ഷത്തിന്റെ ഒഴിവാക്കാനാവാത്ത ദൗത്യമാണെന്ന് ഉമ്മന്‍ചാണ്ടിക്കറിയാം.

എന്തെന്നും ഏതെന്നും ആര്‍ക്കും നിശ്ചയമില്ലെന്നു പറഞ്ഞതുപോലെ ആരെന്നും എന്തെന്നും ഏതെന്നും നിശ്ചയമില്ലാതെ വെറുതെ ഒരു വെടിപൊട്ടിച്ച് അതിന്റെ പുകപടലങ്ങളില്‍ ശ്വാസംമുട്ടി വീര്‍പ്പുമുട്ടുക എന്നതാണ് തന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന്റെ പ്രധാന കടമയെന്ന് സാക്ഷാല്‍ ഉമ്മന്‍ കരുതിപ്പോയതിനെ ആരും കുറ്റം പറയരുത്. അങ്ങനെ ചെയ്താലേ പാമോയിലിലും ജീരകത്തിലും ഉള്ളിയിലും തങ്ങള്‍ നടത്തിയ വമ്പന്‍ ക്രമക്കേടുകള്‍ ജനങ്ങളെ ഓര്‍മിപ്പിക്കുവാനാവൂ.
സി ബി ഐ അന്വേഷണം നേരിടുന്ന തങ്ങളുടെ കാലത്തെ രണ്ടു ഭക്ഷ്യ മന്ത്രിമാരെയും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനെയും ഓര്‍മയുടെ വീഥികളിലേയ്ക്ക് കൊണ്ടുവരാനാവൂ. അരി മുതല്‍ ജീരകം വരെ, സവാള മുതല്‍ ചെറിയ ഉള്ളിവരെ, ഉഴുന്നു മുതല്‍ പയര്‍വരെ, മഞ്ഞള്‍ മുതല്‍ കടുക് വരെ വാങ്ങിയതില്‍ കീശവീര്‍പ്പിച്ച തങ്ങളുടെ കാലത്തെ മഹാരഥന്‍മാരെക്കുറിച്ച് ഓര്‍മ പുതുക്കാനാവുകയുള്ളൂ. കൊപ്രാ കുംഭകോണത്തിലെ വീരസാഹസികതയെ ഓര്‍ത്തെടുക്കാനാവുകയുളളൂ.

എറണാകുളത്ത് നിന്ന് ഡല്‍ഹിയിലേക്ക് വിവിധ ഇനം മത്സ്യങ്ങളുടെ പലവിധ സംസ്‌കരിച്ച രൂപങ്ങള്‍ എത്തിക്കുക എന്ന ഏക ജോലിമാത്രം നിര്‍വ്വഹിക്കുവാനുള്ള ഒരു കേന്ദ്ര സഹമന്ത്രിയ്ക്ക്, ബാക്കികിട്ടുന്ന സമയം കേരളത്തെ പ്രതിപക്ഷത്തെ കുറിച്ച് ചിന്തിക്കുവാനുള്ളതാണ്.
നുണപറഞ്ഞ് നുണ പറഞ്ഞ് നുണ കൂമ്പാരം നിര്‍മിക്കുന്നതില്‍ ചാണ്ടിക്കും മാണിക്കും അഹമ്മദലിക്കും കാര്‍ത്തികേയനും തിരുവഞ്ചൂരിനും തന്നോളം കഴിവില്ലെന്ന് ബോധ്യപ്പെട്ടതിനാല്‍ മാലോകര്‍ പൊട്ടി പൊട്ടിച്ചിരിക്കുന്ന നുണ ഫലിതങ്ങളില്‍ തന്റെ പ്രാഗത്ഭ്യം തെളിയിക്കുകയാണ് നമ്പര്‍ ടെന്‍ ജനപഥിലെ മീന്‍ വിതരണ മന്ത്രി. ജനാധിപത്യത്തിന് ഇങ്ങനെയും ചില കൊമേഡിയന്‍മാരെ സൃഷ്ടിക്കുവാനാവും എന്നു കരുതി ആശ്വസിക്കുവാനേ തരമുള്ളൂ

പെണ്ണിനെ പേടിച്ചൊരു കൂട്ടര്‍.....

പണ്ടേയ്ക്കു പണ്ടേ സ്ത്രീയെ പേടിയുള്ളവരാണ് ഭാരതത്തിലെ പുരുഷ കേസരിമാര്‍.
സ്ത്രീയുടെ കൗശലത്തിനു മുന്നില്‍ വീണുപോയവരും പെടാപാട് പെട്ടവരും പുതുകാലത്തു മാത്രമല്ല, പൗരാണിക കാലത്തും ഉണ്ടായിരുന്നു. ഉഗ്ര പ്രതാപിയായ വിശ്വാമിത്ര മഹര്‍ഷിപോലും മേനകയുടെ അംഗലാവണ്യത്തിനും നൃത്തച്ചുവടുകള്‍ക്കും മുന്നില്‍ മനമിടറിപ്പോയ അനുഭവമുണ്ട്.

കല്യാണസൗഗന്ധികം മോഹിച്ച് ഭീമനെ പാടുപെടുത്തുകയും മുടിയഴിച്ചിട്ട് കൗരവനാശം വേണമെന്ന് ശഠിക്കുകയും ചെയ്ത ദ്രൗപദിയും ഭീഷ്മരെ വകവരുത്താന്‍ തപസുചെയ്ത് ശിഖണ്ഡിയായി വന്ന അംബയുമൊക്കെ പറഞ്ഞുതരുന്നത് ‘പെണ്ണൊരുമ്പെട്ടാ’ല്‍ എന്നതിന്റെ വിശാല തലങ്ങള്‍ തന്നെ.
‘അവളെ പേടിച്ചാരും ഈ വഴി നടപ്പീല’ എന്ന ശീലിലൂടെ മലയാളിയും ‘പെണ്ണൊരുമ്പെ’ട്ടാലിന്റെ കഥ ഓര്‍മപ്പെടുത്തുന്നുണ്ട്.

സ്ത്രീ, സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ലെന്നും കൗമാരത്തില്‍ പിതാവും യൗവ്വനത്തില്‍ ഭര്‍ത്താവും വര്‍ധക്യത്തില്‍ പുത്രഗണങ്ങളും സ്ത്രീയെ കണ്ണിലെണ്ണയൊഴിച്ച് കാത്തുകൊള്ളണമെന്നും മനുമുനി ഉപദേശിച്ചത് ഇതൊക്കെകൊണ്ടാവാം. അദ്വാനിയുടെയും സുഷമയുടെയും അരുണ്‍ ജയ്റ്റ്‌ലിയുടെയും പാര്‍ട്ടിക്കാരാണ്, മനുമുനിയുടെ ഉപാസകരും പ്രചാരകരും.
പക്ഷേ വോട്ടിനുവേണ്ടി രാമനെ വന്ദിക്കുകയും വോട്ടിനുവേണ്ടി തന്നെ രാമനെ കയ്യൊഴിയുകയും ചെയ്യുന്ന അവര്‍ മനുമുനിയുടെ കാര്യത്തില്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത് അനൗചിത്യമാണ്. അതുകൊണ്ടു മാത്രം തങ്ങള്‍ ഫ്രീസറില്‍ വച്ചിരുന്ന വനിതാ സംവരണ ബില്ലിനെ പിന്തുണയ്ക്കാന്‍ അവര്‍ മുന്നോട്ടുവന്നു.

മനുവിന്റെ സ്മൃതികളില്‍ സ്മൃതിയാകെ അര്‍പ്പിച്ചുകഴിയുന്ന ഒരു വലിയ കൂട്ടത്തിന് പരാതിയും പരിഭവവും ഉണ്ട്. പൊട്ടിത്തെറിയുടെ വക്കില്‍ അവര്‍ വഴുതാതെ പിടിച്ചുതൂങ്ങാന്‍ പാടുപെടുന്നതുകണ്ട് യാദവ നേതാക്കള്‍ക്ക് ചിരിക്കണമോ കരയണമോ എന്നറിയാന്‍ വയ്യ.

കോണ്‍ഗ്രസിലും സ്ത്രീ വിദ്വേഷികള്‍ കുറവല്ല.
പരമോന്നത പദവിയില്‍ സ്ത്രീയെ വാഴിക്കുവാനും ഹൈക്കമാന്റിന്റെ ശബ്ദമായി സ്ത്രീയുടെ ശബ്ദം ശ്രവിക്കുവാനും കോണ്‍ഗ്രസുകാര്‍ക്ക് അതിരറ്റ സന്തോഷം തന്നെ. പക്ഷേ മൂന്നിലൊന്ന് ഇരിപ്പിടം സ്ത്രീകള്‍ക്ക് നല്‍കുന്നത് കുറച്ചു കടന്ന കയ്യായിപ്പോയെന്ന് കരുതുന്നവര്‍ അതിനുള്ളില്‍ വിരളമല്ല. അതുകൊണ്ടാണ് മുള്ളുകൊള്ളാതെ വേലി കടക്കാന്‍ കുമ്പിട്ടിട്ടും കുമ്പിട്ടിട്ടും ശങ്കതീരാതെ വേലിക്കിപ്പുറം നിന്ന് കോണ്‍ഗ്രസ് ദയനീയമായി ചിരിക്കുന്നത്.

വേലിക്കപ്പുറമെത്തണമെന്ന കഠിനമായ ആശ കോണ്‍ഗ്രസിനില്ലെന്നത് വനിതകളായ വനിതകള്‍ക്കൊക്കെ അറിയാവുന്ന പരമരഹസ്യമാണ്.

പക്ഷേ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ യാദവ സിംഹങ്ങള്‍ക്ക് വേലിക്കപ്പുറമെത്തണമെന്നതില്‍ തര്‍ക്കമില്ല. പക്ഷേ സ്ത്രീകളിലെ ദളിതര്‍, മുസ്‌ലീങ്ങള്‍, യാദവര്‍, കുര്‍മികള്‍ എന്നിത്യാദി എണ്ണിതീര്‍ക്കാനാവാത്ത മതജാതികള്‍ക്കും ഉപജാതികള്‍ക്കും എത്രകിട്ടും എന്ന് തിട്ടപ്പെടുത്തിയതിനുശേഷം മാത്രമേ നടുവളച്ച് വേലികടക്കാന്‍ അവര്‍ സമ്മതിക്കുകയുള്ളൂ.
ലാലുപ്രസാദ് യാദവ്, മുലായം സിംഗ് യാദവ്, ശരദ് യാദവ് എന്നീ ത്രിമൂര്‍ത്തികളായ യാദവര്‍ക്ക് ഇക്കാര്യത്തില്‍ പാമ്പന്‍ പാലം പോലെ ഉറച്ച നിലപാടുണ്ട്. സ്ത്രീകള്‍ക്കായി മാറ്റിവെയ്ക്കുന്ന മൂന്നിലൊന്നു സീറ്റില്‍, സംവരണ സീറ്റുകളായിരുന്നവയില്‍ സംവരണ വിഭാഗത്തില്‍ നിന്നുതന്നെയുള്ള മഹിളാരത്‌നങ്ങള്‍ വരുമല്ലോയെന്ന കാര്യമൊന്നും ഗൗനിക്കാന്‍ യാദവ പ്രഭുക്കള്‍ സന്നദ്ധമല്ല തന്നെ.

പുരുഷ സിംഹങ്ങള്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ മുസ്‌ലീമിനിത്ര സീറ്റ് എന്ന് സംവരണം ചെയ്തിട്ടുണ്ടോ എന്ന ചോദ്യം തീര്‍ത്തും അപ്രസക്തമാണെന്ന് ലാലുവിനും മുലായത്തിനും ശരത്തിനും അറിയാവുന്നതാണ്. അനാവശ്യ ചോദ്യങ്ങളൊന്നും വേണ്ട. മതജാതി സംവരണത്തിനായല്ല എതിര്‍പ്പിന്റെ സ്വരം. വനിതാ സംവരണത്തിനെതിരെയാണ് ശബ്ദിക്കുന്നതെന്ന് മാലോകര്‍ക്ക് അറിയില്ലെങ്കില്‍ അവര്‍ നാണിക്കണം.

പുരുഷസിംഹങ്ങളുടെ മൂന്നിലൊന്ന് സീറ്റ് നഷ്ടപ്പെട്ടാല്‍ തങ്ങള്‍ എന്തു ചെയ്യണം?. കാലിവളര്‍ത്തി നടക്കണമോ? ചാരുകസേരയില്‍ വിഷാദരായി തളര്‍ന്നുകിടക്കണമോ?. ആസ്തിത്വവും പ്രതാപവും വെടിഞ്ഞ് വീടിന്റെ ഉള്ളറകളില്‍ നിരാലംബരായി കഴിയണമോ?. അത്, സാധ്യമല്ല. അതിനാണ് മുണ്ട് മാടിക്കുത്തുന്നത്, തൊണ്ട പൊട്ടുമാറുച്ചത്തില്‍ മുദ്രാവാക്യം മുഴക്കുന്നത്, രാജ്യസഭാ അധ്യക്ഷന്റെ സന്നിധിയില്‍ ചാടിക്കയറുന്നത്. ബില്ല് വലിച്ചുകീറി മുഖത്തെറിയുന്നത്, വാച്ച് ആന്റ് വാര്‍ഡ് പിടിച്ചു പുറത്താക്കാന്‍ വരുമ്പോള്‍ നടത്തളത്തില്‍ മസ്സില്‍ പിടിച്ച് കിടക്കുന്നത്. ജീവിത പ്രശ്‌നമാണിതെന്ന് മനസ്സിലാക്കുവാന്‍ വാച്ച് ആന്റ് വാര്‍ഡന്മാര്‍ക്ക് പോലും കഴിയുന്നില്ലെങ്കില്‍ എന്തു ചെയ്യും?


തമ്മിലടിച്ചു പിരിയുക എന്നത് യാദവകുലത്തിന്റെ ജാതകവശാലുള്ള വിധിയാണ്. ലാലുവും മുലായവും ശരതും ഒരു പാര്‍ട്ടിയില്‍, ഒരു കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ചിരുന്നവരാണ്. ജാതകവശാലുള്ള പ്രവചനം യാഥാര്‍ഥ്യമാക്കണമെന്നതു കൊണ്ടുമാത്രം തമ്മിലടിച്ച് പിരിഞ്ഞ് മൂന്ന് പാര്‍ട്ടിയിലായവരാണ്. പക്ഷേ പെണ്ണിന്റെ കാര്യം വന്നാല്‍ ജാതകം മറക്കും. ഒന്നിച്ചു കൈകോര്‍ത്തുനില്‍ക്കും.

മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറേണ്ടിവന്നാല്‍ പ്രിയതമയെ മുഖ്യമന്ത്രിയാക്കാമെന്ന് യാദവ പ്രമാണമുള്ളതുകൊണ്ടുമാത്രമാണ് ലാലുയാദവ് അതു ചെയ്തത്. മരുമകളെ എം പിയോ എം എല്‍ എയോ ആക്കണമെന്നത് യാദവ നേതാവിന്റെ കടമയായി പറഞ്ഞിരിക്കുന്നതു കൊണ്ടുമാത്രമാണ് മുലായം മകന്റെ ഭാര്യയെ മത്സരിപ്പിക്കുന്നത്. അങ്ങനെയല്ലായിരുന്നെങ്കില്‍ അതൊന്നും ചെയ്യുമായിരുന്നില്ല.

പണ്ടേയ്ക്കു പണ്ടേ യാദവകുലത്തിന് സ്ത്രീകള്‍ ഒരു പ്രശ്‌നം തന്നെയാണ്. ഗാന്ധാരി കണ്ണുനീരിന്റെ കടുത്ത ചൂടോടെ കൃഷ്ണനോട് പറഞ്ഞ വാക്കുകള്‍ മറന്നുപോയിട്ടില്ല. നീയും നിന്റെ കുലവും മുടിയട്ടെ എന്നാണത്. അടിച്ചടിച്ച് പിരിയുന്ന ചരിത്രമഹിമ അന്നു മുതലേ ഉണ്ടായിരുന്നതുകൊണ്ട് ഇപ്പോഴത്തെ കൃത്യങ്ങളെ ആരും കുറ്റം പറയില്ല.

കഴിഞ്ഞ അഞ്ചു കൊല്ലത്തിനിടയില്‍ വനിതാബില്ല് പാസ്സാക്കാത്തതെന്താണെന്ന് ഒരു കോണ്‍ഗ്രസ് മഹിളാ മണിയും ചോദിക്കുന്നില്ല. അന്ന് ബില്ല് കൊണ്ടുവന്നെങ്കില്‍ ഭരണം പരണത്താവുമായിരുന്നു. കാരണം യാദവന്മാരുടെ പിന്തുണയോടെയാണ് അന്ന് അധികാരത്തില്‍ രമിച്ചത്. ഉത്തരത്തിലിരുന്നത് എടുത്തില്ലെങ്കിലും തരക്കേടില്ല കക്ഷത്തിരിക്കുന്നത് പോവരുത് എന്നതാണ് സോണിയാ കോണ്‍ഗ്രസിന്റെ ആത്യന്തിക പ്രണാമം.

വനിതാ സംവരണ ബില്ലിനോട് പാര്‍ലമെന്റിലുള്ള വനിതാ സിംഹിണികള്‍ക്കും അത്ര മമതയൊന്നുമില്ല. തങ്ങളെപ്പോലുള്ള വനിതാ രത്‌നങ്ങള്‍ ഉള്ളപ്പോള്‍ വനിതാ കല്ലുകളെന്തിന് എന്നതാണ് അവരുടെ ഭാവം. മായാവതിയും മമതാ ബാനര്‍ജിയും മറ്റു പല മഹിളാ രത്‌നങ്ങളും ഈ നിലപാടുകാരാണ്.